'എന്‍റെ യൗവനം കവര്‍ന്ന ലോക നീതിയെ ഞാന്‍ സംശയിക്കുന്നു'; പേരറിവാളൻ ഉള്ളുതുറക്കുന്നു
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ട് 31 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. 11 വർഷം മുമ്പ് ഇന്ത്യന്‍ പ്രസിഡന്റ് ദയാഹര്‍ജി തള്ളിയതോടെ, തൂക്കുകയറിന് തൊട്ടുമുന്നിൽ മരണം കാത്തിരുന്ന മറ്റൊരു പേരറിവാളനുണ്ടായിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് 2011ൽ പ്രസിദ്ധീകരിച്ചത്.
സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓരോ തവണയും ഞാന്‍ പരാജയപ്പെടുന്നു. അപ്പോഴെല്ലാം ഇംഗ്ലീഷ് തത്വചിന്തകനായ വില്യം പെന്നിന്റെ വാക്കുകളിലാണ് ഞാനെന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നത്-സത്യത്തിന്റെ ഭാഗത്തായിരിക്കുന്നതില്‍ സവിശേഷമായ അഭിമാന ബോധം എനിക്കുണ്ട്.ഞാനെങ്ങനെയാണ് സ്വയം പരിചയപ്പെടുത്തുക? നുറുകണക്കിന് വിദ്യാര്‍ഥികളില്‍ ധാര്‍മികത പടര്‍ത്തിയ പാവപ്പെട്ട സ്‌കൂള്‍ അധ്യാപകന്റെ ഏക മകനായോ? അതോ ജീവിതത്തിന്റെ രണ്ടു കണ്ണുകളാണ് ധാര്‍മികതയും മാനുഷികതയെന്നും പഠിപ്പിച്ച ഒരു അമ്മയുടെ മകനായിട്ടോ? എനിക്കറിയില്ല. ആ രീതിയില്‍ പരിചയപ്പെടുത്താനാണ് ഇഷ്ടം. പക്ഷേ, ആഗ്രഹിക്കാത്ത മറ്റൊരു രീതിയിലാണ് ഞാന്‍ പരിചയപ്പെടുത്തലിന് വിധേയനാകുന്നത്. അത് ഇതാണ്: എ.ജി. പേരറിവാളന്‍, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍. അതെ. അതാണ് എന്റെ അസ്തിത്വം. എനിക്കത് ഒഴിവാക്കാനാവില്ല.
ഇരുപതുവര്‍ഷം മുമ്പ് തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ ചുറ്റിത്തിരിഞ്ഞ ഒരാള്‍ പൊടുന്നനെ ഭീകരവാദിയും കൊലപാതകിയുമായി ചിത്രീകരിക്കപ്പെടുന്നത് വലിയ ദുരന്തമാണ്. സഹമനുഷ്യരോട് ദുരിതങ്ങളില്‍ താദാത്മ്യം പ്രാപിക്കുന്നതും, അവരുടെ കണ്ണീര് തുടക്കാന്‍ ശ്രമിക്കുന്നതും കൊലപാതകിയായി പരിഗണിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരാളുടെ കൊലപാതകത്തിലും ഞാനൊരിക്കലും പങ്കാളിയായിരുന്നില്ല; രാജീവ് ഗാന്ധിയുടെ മാത്രമല്ല ആരുടെയും. അത്തരമൊന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. തന്‍തായി പെരിയാറിന്റെ ചിന്തകളോടുള്ള സ്‌നേഹവും ബ്രാഹ്ണ്യവിരുദ്ധതയുമായിരുന്നു മര്‍ദകശക്തികള്‍ക്ക് കൊലപാതകിയായി എന്നെ ചിത്രീകരിക്കാനുള്ള ആയുധം. ഈഴം തമിഴ് പോരാട്ടത്തോടുള്ള എന്റെ അവസാനിക്കാത്ത താല്‍പര്യം രണ്ടാം സ്ഥാനത്തായിരുന്നു.
1991 മെയ് 21 നാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരമ്പത്തൂരില്‍ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടയില്‍ കൊല്ലപ്പെടുന്നത്. കേസ് അന്വേഷിക്കാനായി സ്‌പെഷല്‍ യൂണിറ്റ് (എസ്.ഐ.ടി) രൂപീകരിക്കപ്പെട്ടു. 1992 മെയില്‍ 41 തമിഴര്‍ക്കെതിരെ കുറ്റം ചുമത്തി. അതില്‍ 12 പേര്‍ മരിച്ചു. 26 പേരും ഒരു കുറ്റം ചുമത്തപ്പെടാതെ നിരവധി മാസങ്ങള്‍ ജയിലില്‍ പീഡനമേറ്റ് കഴിഞ്ഞു. ഒടുവില്‍ വധശിക്ഷ വിധിക്കപ്പെട്ടു.
പത്തൊമ്പതാം വയസില്‍ അന്വേഷണ ഏജന്‍സികള്‍ എന്നെ ഭീകരമായി പീഡിപ്പിക്കുകയൂം, മാധ്യമങ്ങള്‍ എന്നെ ബോംബ് നിര്‍മാണ സ്‌പെഷ്യലിസ്റ്റായി ചിത്രീകരിക്കുകയും ചെയ്തു. എനിക്ക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമയുണ്ടെന്നതായിരുന്നു അതിന് കാരണം. രണ്ട് സാധാരണ ഒമ്പതു വോള്‍ട്ട് ബാറ്ററി സെല്ലുകള്‍ കടയില്‍ നിന്ന് മേടിച്ചു എന്നതിന് വധശിക്ഷ നല്‍കിയാല്‍, അതിന് യുവത്വത്തിന്റെ ഇരുപതുവര്‍ഷങ്ങള്‍ കവര്‍ന്നാല്‍, ലോകത്തിന്റെ നീതിയെപ്പറ്റി സത്യമായും ഞാന്‍ സംശയിക്കുന്നു.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യവും ഞാന്‍ ചെയ്തിട്ടില്ല. നീതിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ നിരപരാധിയാണ്. ഞാനിത് പറയുന്നതും എനിക്കെതിരെയുള്ള 'തെളിവുകളിലെ' യുക്തിയില്ലായ്മ നിരത്തുന്നതും രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിക്കാനല്ല. പകരം കേസില്‍ നിഷേധിക്കപ്പെട്ട നീതിക്ക് ഊന്നല്‍ നല്‍കാനാണ്. ഞാനീ ഗുഡാലോചനയുമായി ഒരു വിധത്തിലും ബന്ധപ്പെട്ടില്ലെന്ന് വ്യക്തമാക്കാനാണ്. എനിക്കൊപ്പം വധശിക്ഷ വിധിക്കപ്പെട്ടവരും അത് അര്‍ഹിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താനാണ്.
ആദ്യം കേസില്‍ ഞാന്‍ ഉള്‍പ്പെടുന്ന രീതിയെപ്പറ്റി പറയാം.
അറസ്റ്റും പീഡനവും
രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് 1991 ജൂണ്‍ 10 ന്, എന്റെ നാടായ വെല്ലുര്‍ ജില്ലയിലെ ജൊലാര്‍പേട്ടില്‍ പൊലീസ് അന്വേഷണം നടന്നിരുന്നു. തമിഴ്-ഈഴം വിമോചനക്കാരുടെയും ദ്രാവിഡാര്‍ കഴകം അനുഭാവികളുടെയും വീടുകളിലായിരുന്നു അന്വേഷണം. ആ സമയത്ത് പൊലീസ് വീട്ടില്‍ വന്ന് മാതപിതാക്കളോട് എന്നെപ്പറ്റി ചോദിച്ചിരുന്നു. ചെന്നൈ പെരിയാര്‍ തിഡലിലെ 'വിടുതൈ'ഓഫീസില്‍ കമ്പ്യൂട്ടര്‍ സെക്ഷന്‍ ഓഫീസിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെയായിരുന്നു താമസം. പെരിയാര്‍ തിഡല്‍ അധികാരികളെ മാതാപിതാക്കള്‍ അന്വേഷണത്തെ സഹായിക്കാനായി പൊലീസിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തു.
ജൂണ്‍ 11് രാത്രി 10.30 ന് അച്ഛനുമമ്മയും എന്നെ സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍മാരായ ഗംഗാധരന്‍, രാമസ്വാമി, പേരിറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്ക് കൈമാറി. ചെന്നൈ എഗ്‌മോറിലെ പെരിയാര്‍ തിഡല്‍ ഓഫീസില്‍ വച്ചായിരുന്നു അത്. പെരിയാര്‍ തിഡലിലെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറല്‍.
എന്നെ സി.ബി.ഐ മല്ലിഗൈ ഓഫീസിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം അതായത് 1991 ജൂണ്‍ 12 ന് തിരിച്ചുവിടാമെന്ന് പറഞ്ഞിരുന്നു. എന്നെ നേരെ മുകളിലെ നിലയിലേക്കാണ് കൊണ്ടുപോയത്. അവിടെ ഡി.ഐ.ജി. രാജു, എസ്. പി. ത്യാഗരാജന്‍, എസ്.പി. സലീം അലീ തുടങ്ങിയവരുണ്ടായിരുന്നു. അവരെന്റെ വിദ്യാഭ്യാസത്തെപ്പറ്റിയും കുടുംബ പശ്ചാത്തലത്തെയും പറ്റി ചോദിച്ചു.
ഇലക്‌ടോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമ പഠിച്ചത് വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരമായി പറഞ്ഞപ്പോള്‍ ഡി.ഐ.ജി. രാജു ചോദിച്ചു, 'നീയല്ലേ ബോംബുണ്ടാക്കിയയാള്‍'? ഞാന്‍ ഞെട്ടി. ബോംബുണ്ടാക്കല്‍ എങ്ങനെ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടി. ആ സമയത്ത് ഷര്‍ട്ടിന്റെ അടിഭാഗത്തായി ചെറിയ ദ്വാരമുണ്ടായിരുന്നു. അതില്‍ നോക്കി അദ്ദേഹം പറഞ്ഞു: ''ശ്രീപെരമ്പത്തൂരിലെ ബോംബ് സ്ഫടോനത്തില്‍ സംഭവിച്ചതല്ലേടാ ഈ ദ്വാരം?'. ഞാന്‍ നിഷേധിച്ചു. 'ശരിയായ പരിചരണം' ലഭിച്ചാലേ ഇവന്‍ കാര്യങ്ങള്‍ സമ്മതിക്കൂ എന്ന് പറഞ്ഞ് എന്നെ രണ്ട് ഇന്‍സ്‌പെകടര്‍മാര്‍ക്ക് കൈമാറി.
താഴത്തെ നിലയിലേക്ക്് കൊണ്ടുവന്നു. പാന്റും ഷര്‍ട്ട് മാറ്റി 'ജട്ടി'മാത്രം ധരിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ സുന്ദര രാജനും പേര് ഓര്‍മയില്ലാത്ത രണ്ടുപരും നഗ്നശരീരത്തില്‍ കൈകൊണ്ട് ആഞ്ഞടിച്ചു. ഒരാള്‍ കാല്‍ ഷൂസുവച്ച് ഞെരിച്ചു. പെട്ടന്ന് ഇന്‍സ്‌പെകര്‍ സുന്ദര്‍രാജ് മുട്ടുവച്ച് എന്റെ വൃക്ഷണങ്ങളില്‍ ഇടിച്ചു. വലിയ വേദനയില്‍ ഞാന്‍ നിലത്തുവീണു. എനിക്ക് ബന്ധമില്ലാത്ത സംഭവവുമായി ബന്ധപ്പെട്ട, അറിയാത്ത കാര്യങ്ങള്‍ പറയാനായി പീഡനം തുടങ്ങി.
അടുത്ത ദിവസം മല്ലിഗൈ ഓഫീസിന്റെ മുകളിലത്തെ നിലയില്‍ 'പീഡന അറ' എന്നുവിളിക്കുന്നിടത്തേക്ക് കൊണ്ടുപോയി. ഇന്‍സ്‌പെകടര്‍മാരായ രമേഷ്, മാധവന്‍, ചെല്ലദുരൈ, ഡി.എസ്.പി. ശിവാജി എന്നിവര്‍ക്ക് എന്നെ കൈമാറി. മല്ലിഗൈയില്‍ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധരാണ് അവര്‍. ഭക്ഷണവും വെള്ളവും നിഷേധിച്ചു. മുത്രമൊഴിക്കാന്‍ പോലും സമ്മതിച്ചില്ല.
ഇന്‍സ്‌പെകര്‍ മാധവനും രമഷേും കൈവിടത്തി, മുട്ട്് മടക്കി ഇല്ലാത്ത കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഈ നിലയില്‍ ദീര്‍ഘനേരം നിര്‍ത്തി. കാലിന്റെ പിന്‍ഭാഗത്തെ പേശികളില്‍ സിമന്റിന് നിറച്ച പി.വി.സി.പൈപ്പ് കൊണ്ട് ആഞ്ഞടിച്ചു. ഇന്‍സ്‌പെകടര്‍ ചെല്ലദൂരൈ കൈമുട്ട് ഊക്കോടെ അടിക്കാനായി വലിച്ചുപിടിച്ചു. മാധവനും ചെല്ലദുരൈയും അസഭ്യങ്ങളും മോശമായ വാക്കുകളും ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധരാണ്.
അവിടെ ഡി.എസ്.പി. കൃഷ്ണമൂര്‍ത്തിയെന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പിഡനം തുടര്‍ന്നു. അദ്ദേഹം പീഡനത്തിന് മറ്റൊരു രീതിയാണ് സ്വീകരിച്ചത്. ഭിത്തിക്ക് പുറം തിരിഞ്ഞ്് നിലത്ത് ഇരിക്കാന്‍ പറഞ്ഞു. ഒരു പൊലീസുകാരനോട് ഒരു കാല്‍ ഭിത്തിയോടു ചേര്‍ത്ത് പിടക്കാന്‍ പറഞ്ഞു. മറ്റേക്കാല്‍ അദ്ദേഹം മുകളിലേക്ക് പിടിച്ച് 180 ഡിഗ്രിയില്‍ അകറ്റി. ആ സമയത്ത് അനുഭവിച്ച വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ പറ്റില്ല.
ഇന്‍സ്‌പെഷര്‍ ടി.എന്‍. വെങ്കിടേശ്വരനും പീഡിപ്പിച്ചു. അദ്ദേഹം വിരലുകള്‍ക്കിടയില്‍ പെന്‍സിലുകളും ചെറിയ കോലുകളും വച്ചശേഷം വരിലുകള്‍കൊണ്ട് തിരിച്ചു. നഖള്‍ക്കിടയില്‍ പിന്നുകള്‍ കുത്തിക്കേറ്റി. കാലിലെ ചെറുവിരലുകള്‍ ഷൂസുകൊണ്ട് ഞ്ഞെരിച്ചുടച്ചു.
സി.ബി.ഐ. ഓഫീസര്‍മാര്‍ സാഡിസ്റ്റ് ആഹ്‌ളാദം അനുഭവിക്കുകയായിരുന്നു. ഒരു ദിവസം മുറിയല്‍ നിന്ന് മറ്റൊരു ഇന്‍സ്‌പെകടര്‍ കാണാണമെന്ന് പറഞ്ഞതിനാല്‍ 'പീഡന അറ'യിലേക്ക് എന്നെ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ നിലത്തിരിക്കാന്‍ പറഞ്ഞു. ഉടനെ ഷൂസ്‌കൊണ്ട്് മുഖത്തിന്റെ ഇടതുവശത്ത് ആഞ്ഞ് ചവിട്ടാന്‍ തുടങ്ങി. ഇന്‍സ്‌പെകടര്‍ പറഞ്ഞു, 'യെന്‍ഡ (ചീത്തവാക്ക്) നീ നിന്റെ രാജ്യത്ത്‌നിന്ന് ഇവിടെ വന്ന് ഞങ്ങളുടെ നേതാവിനെ കൊന്നല്ലേ''. വശത്തിരുന്ന ഇന്‍സ്‌പെക്ടര്‍ മാധവന്‍ പുഞ്ചിരിച്ച് 'ഇയാള്‍ സിലോണില്‍ നിന്നല്ല, തമിഴ്‌നാട്ടില്‍ നിന്നാണ്' എന്നു പറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചയച്ചു. ഞാനിത് പറയാന്‍ കാരണം സി.ബി.ഐ ഓഫീസര്‍മാര്‍ പിടിച്ചുകൊണ്ടുവന്നിരിക്കുന്നവര്‍ ആരെന്നുപോലും അറിയാതെയാണ് പീഡനവും മര്‍ദനവും അഴിച്ചുവിട്ടത് എന്ന് സൂചിപ്പിക്കാനാണ്. ഇത്തരത്തിലായിരുന്നു ഞാനുള്‍പ്പടെയുള്ള നിരപരാധികള്‍ മര്‍ദിക്കപ്പെട്ടത്.
്എസ്.പി. ത്യാഗരാജന്റെ ഓഫീസ് മല്ലിഗൈയില്‍ താഴത്തെ നിലയിലായിരുന്നു. അദ്ദേഹം പലര്‍ച്ചെ മൂന്നിനും നാലിനും വിളിപ്പിക്കും. തുടര്‍ന്ന് അദ്ദേഹം എന്തുംചോദിക്കും. ഞാന്‍ നിര്‍ത്താതെ മറുപടി പറയണം. രാത്രി വൈകി അറിയാതെ ഉറങ്ങിയപ്പോയാല്‍ അയാള്‍ മര്‍ദിക്കും. വ്യാജ ആരോപണങ്ങള്‍ സമ്മതിക്കുന്നതുവരെ വെളളം തരണ്ടെന്നായിരുന്നു തീരുമാനം. മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ വെളളം വായില്‍ ഒന്നോ രണ്ടോ തുള്ളി ഉറ്റിക്കും. രാത്രി ഉറങ്ങാന്‍ അനുവദിക്കില്ല. ഉറക്കാതിരിക്കാന്‍ പ്രത്യേക ഗാര്‍ഡുകളെ നിയമിച്ചിരുന്നു. ഉറങ്ങാന്‍ തുടങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കുംം. ഭക്ഷണപോലൂം അവരുടെ പീഡനായുധമായിരുന്നു.
ഒപ്പം പലതരത്തിലുള്ള മര്‍ദനവും. ഇത്തരത്തിലുള്ള ശാരീരികവും മാസികവുമായ പീഡനത്തിനാണ് ഞാന്‍ വിധേയമായത്.
19ാം തീയതിവരെ അവരെന്നെ കോടതിതില്‍ ഹാജരാക്കിയില്ല. നിയമവിരുദ്ധ കസ്റ്റഡിയില്‍, കുളിക്കാനോ പല്ല് തേല്‍ക്കാനോ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു അവര്‍. ഒടുവില്‍ ശരീരത്തിലെ ദുര്‍ഗന്ധം സഹിക്കാനാവതെവന്നപ്പോള്‍ 19-ാം തീതി ഇന്‍സ്‌പെക്ടര്‍ രമേഷ് കുളിക്കാന്‍ അനുവദിച്ചു. ഈ അനുവാദത്തിനുളള മറ്റൊരു കാരണം അടുത്ത ദിവസം കോടതിയില്‍ ഹാജരക്കുമെന്നതാണ്.
ഒരു ദിവസം ഡി.ഐ. ജി ശ്രീകുമാര്‍ വന്നു പറഞ്ഞു 'ഡാ, എന്റെ നാട്ടുകാരനായ കെ.ജി.എഫ് നിന്റെ നാട്ടിലുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ എതെങ്കിലുമൊരു സ്ഥലം കാണിച്ചാല്‍ ഞാന്‍ നിന്നെ മോചിപ്പിക്കും',
ഞാന്‍ ചോദിച്ചു, 'സാര്‍ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?'
'എ.ക െ47 റൈഫിള്‍, വയര്‍ലെസ് സെറ്റ്, സ്വര്‍ണകട്ടികള്‍ എന്നിവ മണ്ണിനടിയില്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്?്''.
ഞാന്‍ പറഞ്ഞു, 'അറിയാമെങ്കില്‍ മാത്രതേ എനിക്ക് പറയാനാവു. അത് എന്റെ കൈയില്‍ ഇല്ല. ഞാനെങ്ങനെ അത് നല്‍കും'.
''ഇങ്ങനെയാണെങ്കലൂം നിന്നെയാര്‍ക്കും രക്ഷിക്കാനാവില്ല'എന്ന് പറഞ്ഞ് അദ്ദേഹം അവിടം വിട്ടു.
ഈ ഡി.ഐ.ജി ശ്രീകുമാര്‍ കൊഡൈക്കരെ ഷണ്‍മുഖം കൊലചെയ്യപ്പെട്ട സംഭവത്തില്‍ പിന്നീട് പങ്കളിയായ ആളാണ്. 24 മണിക്കുറും കൈകള്‍ വിലങ്ങണിയിച്ചിരുന്നു. പ്രാഥമിക കൃതങ്ങള്‍ ചെയ്യുമ്പോള്‍ പോലും. ഭക്ഷണം നല്‍കുമ്പാള്‍ മാത്രം ഒരുകൈയിലെ വിലങ്ങുമാറ്റം. ഉറങ്ങൂമ്പോഴും വിലങ്ങൂണ്ടാവും. പിന്നീട് മര്‍ദനത്തിനാി വിവിധ മാര്‍ഗങ്ങളും രീതികളും ഉപയോഗിച്ചു. അതെല്ലാം വളരെ ഭീകരവും പ്രാണനെടുക്കുന്നതും തീര്‍ത്തും മനുഷ്യത്വരഹിതവുമായിരുന്നു.
ജൂണ്‍ 19 നാണ് ചെങ്കല്‍പെട്ടിലെ കോടതിയില്‍, ഇപ്പോള്‍ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന റോബര്‍ട്ട് പയസിനൊപ്പം എന്നെ കൊണ്ടുപോകുന്നത്്. കോടതിയില്‍ വാ തുറക്കരുതെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. മിണ്ടാതിരുന്നാല്‍ മോചിപ്പിക്കുമെന്നും പറഞ്ഞു. അല്ലെങ്കില്‍ മല്ലിഗൈയില്‍ കൊണ്ടുപോയി പീഡനം തുടരുമെന്നും. പേടിപ്പിക്കുന്നതായിരുന്നു അവിടുത്തെ അവസ്ഥ. അങ്ങോട്ടേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ഭയപ്പെട്ടു. കോടതി ഞങ്ങളുടെ പേരു വിളിക്കുകയും മുന്നോട്ട് നില്‍ക്കാനും പറഞ്ഞു. പീന്നീട് ഡി.എസ്.പി. രഹോത്തമിനോട് എന്തോ പറഞ്ഞു. അദ്ദേഹം സാക്ഷിക്കൂട്ടില്‍ നിന്ന് എന്തൊക്കെയോ വാദങ്ങള്‍ നിരത്തി. പിന്നെയാണ് ജഡ്ജിക്കു മുമ്പിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. കോടതി ഞങ്ങളെ 1991 ജൂലൈ 19 വരെ പൊലീസ് കസറ്റ്ഡയില്‍ വിട്ടു. എന്താണ് കാര്യമെന്ന് മനസിലായില്ല. അങ്ങനെ പിന്നെയും മല്ലിഗൈയിലെ 'പീഡന അറ'യിലേക്ക് തിരിച്ചെത്തി.
ആ ഒരുമാസം പീഡനങ്ങളുടെ തുടര്‍ച്ചയായിരുന്നു. നിശ്ചിത ഇടവേളകളില്‍ ഞങ്ങള്‍ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. പുറത്ത് പരുക്കുകള്‍ കാണാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടുള്ള മര്‍ദനമായിരുന്നു നേരിട്ടത്. ശക്തമായി കാല്‍ വണ്ണയില്‍ വടികൊണ്ട് അടിക്കും പിന്നെ ചാടാനായി ആവശ്യപ്പെടും. ഇത്തരത്തിലുള്ളതായിരുന്നു ഒരു പീഡനം.
രണ്ടാമത്തെ തവണ ഹാജരാക്കിയത് ചെന്നൈ ഹൈക്കോടതി വളിപ്പിലുള്ള ടാഡ കോടതിയിലാണ്. ജസ്റ്റിക് സിദ്ദിഖിന് മുന്നിലാണ് ഹാജരാക്കിയത്. അതിന് മുമ്പേ, കോടതിയില്‍ ഒരക്ഷരം മിണ്ടാതെ നിശബ്ദമായി നില്‍ക്കണമെന്ന് ഡി.എസ്്പിമാര്‍ ആജ്ഞാപിച്ചിരുന്നു. മിണ്ടിയാല്‍ തിരിച്ചെത്തുമ്പോള്‍ പീഡനം ഉണ്ടാവുമെന്നും പറഞ്ഞു. ഓഗസ്റ്റ് 16വരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിക്ക് പുറത്ത് അച്ഛനുമമ്മയും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ അവിടെയുണ്ടായിരുന്ന എല്ലാവരെയും നോക്കാന്‍ പോലും അവസരം കിട്ടിയില്ല. മല്ലിഗൈ ഓഫീസില്‍ എത്തിയപ്പോള്‍ ഡി.എസ്.പി. രഹോത്തമന്‍ എന്നേട് ചോദിച്ചു 'ആരൊക്കെയായിരുന്നു കോടതി വളപ്പിലുണ്ടായിരുന്നത് ''?
'അച്ഛനുമമയും വന്നിരുന്നു', ഞാന്‍ പറഞ്ഞു.
'' അതെപ്പറ്റിയല്ല ചോദിച്ചത്. അവിടെ 200 -300 പേരുണ്ടായിരുന്നു. അവരരാണ്. നീ പറഞ്ഞിട്ടാണോ അവര്‍ വന്നത്?
ഞാന്‍ പറഞ്ഞു: ''അവരാരൊക്കെയാണെന്ന് അറിയില്ല. അവര ശ്രദ്ധിക്കാന്‍ പറ്റിയില്ല. ചിലപ്പോള്‍ ബന്ധുക്കളായിരുന്നിരിക്കണം''. ഞാനദ്ദേഹത്തോട് ഒരുമാസമായി പൊലീസ് കസ്റ്റഡിയിലാരിക്കുമ്പോള്‍ എങ്ങനെ അവരോട് വരാന്‍ പറയാന്‍ പറ്റുമായിരുന്നു എന്ന് ചോദിച്ചു. ഡി.എസ്.പിക്ക് ദേഷ്യംവന്ന് മുഖത്ത് ആഞ്ഞടിച്ചു. അവിടെയുണ്ടായിരുന്ന പൊലീസുകാരോടും അടിക്കാന്‍ പറഞ്ഞു. ബന്ധുക്കള്‍ കോടതിയില്‍ വന്നത് ഇഷ്ടപ്പെടാത്തതിനും പോലും മര്‍ദനം!
മൂന്നാം തവണ കോടതിയില്‍ ഹാജരാക്കിയത്് ഞങ്ങളെ പാര്‍പ്പിച്ചിരുന്ന പൂനമല്ലി പ്രത്യേക ജയിലില്‍ തന്നെയായിരുന്നു. ആ ജയില്‍ സമുച്ചയം സി.ബി.ഐ. ആളുകളെ തടവിലാക്കാനും പീഡിപ്പിക്കാനുമായി ഏറ്റെടുത്താണ്. മല്ലിഗൈയില്‍ നിന്ന് എന്നെ ഓഗസ്‌ററ് 3 ന് പുനമലൈ സബ്ജയിലിലേക്ക് കൊണ്ടുപോയി. അപ്പോള്‍ ഡി.എസ്.പി. രാമകൃഷ്ണനായിരുന്നു ചുമതല. ദിവസവും ഉദ്യോഗസ്ഥര്‍ പീഡനം അഴിച്ചുവിട്ടു.
സബ്ജയിലിലെ ഓഫീസ് ശരിക്കും പീഡന അറയായിരുന്നു. അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടു. വിവിധ ദിവസങ്ങള്‍ അടയാളപ്പെടുത്തിയ, കൈകൊണ്ടെഴുതിയ കടലാസുകളില്‍ ഒപ്പിടാന്‍ എസ്.പി. ത്യാഗരാജന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥര്‍ പീഡനം ഒഴിവാക്കി. കടലാസുകളില്‍ എഴുതിയതെന്തെന്ന് വായിക്കാന്‍ അനുവദിച്ചില്ല. ഇതില്‍ ഒപ്പിട്ടാല്‍ മോചിപ്പിക്കപ്പെടും എന്നാണ് പറഞ്ഞത്. ആ സമയത്ത് ടാഡ നിയമം എന്താണെന്ന് അറിയുമായിരുന്നില്ല. എനിക്ക് മാത്രമല്ല, തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും ടാഡ പുതിയ കാര്യമായിരുന്നു. ഈ സഹചര്യത്തില്‍ മര്‍ദനം താങ്ങാനാവാതെ ഞാന്‍ രേഖകളില്‍ അവരുടെ നിര്‍ദേശപ്രകാരം ഒപ്പിട്ടു. ജീവന്‍ രക്ഷപെടുമെന്ന പ്രതീക്ഷയില്‍. പക്ഷേ, അന്ന് ജീവന്‍ രക്ഷിക്കാന്‍ ഇട്ട ഒപ്പുകള്‍ ഇന്നെന്റെ ജീവന്‍ ആവശ്യപ്പെടുന്നു. രേഖകള്‍ ഒപ്പിട്ടശേഷം അവരെന്നെ തടവറമുറിയില്‍ വീണ്ടും അടച്ചു. ഞാന്‍ കരയാന്‍ തുടങ്ങി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകരന്‍ എന്നോട് 'എന്തിനാണ് നീ കരയുന്നത് 'എന്ന് ചോദിച്ചു. ഞാനെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ആശ്വസിപ്പിച്ചു. പൊലീസ് കസ്റ്റഡിയലുള്ളപ്പോള്‍ ഇടുന്ന ഒപ്പിന് കോടതിയില്‍ വിലയില്ല. അതിനാല്‍ രേഖയില്‍ എന്തെഴുതിയാലും അത് നിന്നെ ബാധിക്കില്ല''. ഞാന്‍ അത് വിശ്വസിച്ചു. മനുഷ്യസ്‌നേഹം ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. ആ പൊലീസുകാരന്റെ പ്രസ്താവനയില്‍ സത്യമുണ്ടായിരുന്നു. സാധാരണ നിയമപ്രക്രിയയിലെ പരിചയംവച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ടാഡയെപ്പറ്റി ഒന്നുമറിയില്ല എന്നതായിരുന്നു ദുരന്തം.
എനിക്ക ടാഡ എന്തെന്ന് അറിയുമായിരുന്നല്ല. അതില്‍ കസ്റ്റഡിയില്‍ നടത്തുന്ന കുറ്റസമ്മത മൊഴിക്കുള്ള പ്രാധാന്യവും അറിയുമായിരുന്നില്ല. കുറ്റസമ്മത പ്രസ്താവനക്കുള്ള നിയമ പ്രത്യാഘാതങ്ങളെപ്പറ്റയും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും ഞാനതില്‍ ഒപ്പിട്ടത് അങ്ങനെ നിര്‍ബന്ധിക്കപ്പെട്ടത് കൊണ്ടായിരുന്നു.
ഞാന്‍ പീഡിക്കപ്പെട്ട അതേ 'പീഡന അറ', ഓഗസ്റ്റ് 16 ന് കോടതിയായി മാറുകയും ആതേ മുറിയില്‍ ജഡ്ജി നടപടികള്‍ നടത്തുകയും ചെയ്തു. മുഴുവന്‍ സമുച്ചയവും സി.ബി.ഐ. നിയന്ത്രണത്തിലായിരുന്നു. ജഡ്ജിക്കുമുന്നില്‍ കൊണ്ടുപോകുമ്പോള്‍ ഡി.എസ്.പി. രഹോത്തമും മറ്റ് ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി.'' നീ പീഡനത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും നിന്നെ പീഡിപ്പിക്കും. പിന്നെ വെടിവച്ചുകൊല്ലും, നീ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിച്ചതാണെന്ന് പറയും'' അതായിരുന്നു ജയിലിലെ ഭീതിദമായ അവസ്ഥ, നിയമത്തിലെ അജ്ഞത വായടക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.
1991 സെപ്റ്റംബര്‍ ഒന്നിനായിരുന്നു മൂത്ത സഹോദരിയുടെ വിവാഹം. പ്രത്യേക കോടതിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ചു. ഏക സഹോരന്‍ എന്ന നിലയില്‍ എന്റെ സാന്നിധ്യം പ്രധാനമായിരുന്നു. അനുവാദം നിഷേധിക്കപ്പെട്ടു. വിവാഹം ദുഖഭരിതമായ അന്തരീക്ഷത്തില്‍ നടന്നു.
ജയിലില്‍ സാധാരണ തടവുകാരോടുള്ള സമീപനമല്ല ഉണ്ടായത്. ജയിലിലെ എന്റെ പെരുമാറ്റത്തേക്കാള്‍ കേസില്‍ മരിച്ചയാളുടെ സാമുഹ്യ പദവിയാണ് പരിഗണിക്കപ്പെട്ടത്. അതിനാല്‍ പുതിയ ചട്ടങ്ങള്‍ എനിക്കായി ചുമത്തപ്പെട്ടു. അതിന് ശേഷം ഇന്നോളം ഏകാന്തതടവിന് അടച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ആളുകളെപ്പോലും ഏകാന്തതടവിന് അടക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളപ്പോഴായിരുന്നു അത്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ഒരൊറ്റ സെല്ലിലാണ് ഞാന്‍ ഏകാന്ത തടവിന് അടക്കപ്പെട്ടിരിക്കുന്നത്.
1992 മുതല്‍ മൂന്നുവര്‍ഷം രക്തബന്ധമുള്ള ബന്ധുക്കളെ മാത്രമേ എന്നെ കാണാന്‍ അുവദിച്ചുള്ളു. മുത്തശ്ശനും മുത്തശ്ശിക്കുമെല്ലാം കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. അഭിഭാഷര്‍ക്കുപോലും കേസുമായി ബന്ധപ്പെട്ട് വന്നുകാണാന്‍ ശരിക്കും അനുവദിച്ചില്ല. കൂടിക്കാഴ്ച ഫൈബര്‍ ഗ്ലാസിന്റെ അപ്പുറവും ഇപ്പുറവുമായി നിന്നു മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ അഭിഭാഷകരോട് ഞങ്ങള്‍ക്ക് ശരിക്കും ആശയവിനിമയം നടത്താനായില്ല. അഭിഭാഷകരോട് സ്വതന്ത്രമായി സംസാരിക്കാന്‍ ഒരു തടവുകാരനും അവകാശം നിഷേധിച്ചൂകൂടാ എന്ന ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നിട്ടുപോലും അവസാനം വരെ അത് എനിക്ക് നിഷേധിക്കപ്പെട്ടു.
അന്യായവും ജനാധിപത്യവിരുദ്ധവുമായ വിചാരണ നടപടികളിലൂടെ ടാഡകോടതി ഞാനുള്‍പ്പടെ 26 പേര്‍ക്ക് വധശിക്ഷ വിധിച്ചു.
ആരോപണങ്ങളും വസ്തുതയും
കുറ്റവാളിയാണെന്ന് വിധിച്ചതിന് കാരണമായി പറഞ്ഞത് ഞാന്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ 'ബെല്‍റ്റ് ബോംബ്' കൂട്ടിയോജിപ്പിക്കാന്‍ സഹായിച്ചുവെന്നാണ്.പക്ഷേ,രാജീവ് കേസിലെ മുഖ്യ അന്വേഷണ ഓഫീസറും 2005 ല്‍ ഡി.എസ്.പിയായി വിരമിക്കുകയും ചെയ്ത കെ. രാഹോത്തം അവര്‍ക്ക് ഒരു തെളിവും എന്റെ കാര്യത്തില്‍ ഇല്ലെന്ന് സമ്മതിച്ചിരുന്നു. തന്റെ അടുത്തകാലത്തിറങ്ങിയ ' രാജീവ് വധകേസ്', എന്ന പുസ്തകത്തിലും അഭിമുഖങ്ങളിലും 'ബെല്‍റ്റ് ബോംബ് യോജിപ്പിച്ചയാളാരെന്നുള്ള വിഷമപ്രശ്‌നം' ഇതുവരെ സി.ബിഐക്ക് പരിഹരിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ ഉത്തരമില്ലാത്ത ചോദ്യം പൂരിപ്പിക്കാനായി എന്നെ ഉപയോഗപ്പെടുത്തുകയായിരുന്നോ?. സി.ബി.ഐ വാദിച്ചത് ഞാനാണ് ബോംബ് കൂട്ടിയോജിപ്പിച്ചതെന്നാണ്. കാരണം, ഞാനൊരു 9 വോള്‍ട്ട് ബാറ്ററി സെല്ല് മേടിച്ചിരുന്നുവെന്നാണ്. ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷനിലെ ഡിപ്ലോമ അത്തരം ഒരു കഥ മൊനയാന്‍ അവരെ സഹായിച്ചു. അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷേ അവര്‍ ഒരിക്കലും ബോംബില്‍ ഉപയോഗിച്ച ഒമ്പത് വാട്ട് സെല്‍ ഞാന്‍ മേടിച്ചതാണെന്ന് തെളിയിച്ചിട്ടില്ല.
സത്യത്തില്‍ ഞാനൊരിക്കലും ഒരു ഒമ്പത് വോട്ട് ബാറ്ററി മേടിച്ചിട്ടില്ല, അത്തരമൊന്ന് ആര്‍ക്കും നല്‍കുകയും ചെയ്തിട്ടില്ല. പക്ഷേ സി.ബി.ഐ. അങ്ങനെ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചു. അതിന്റെ എന്റെ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന കണ്ടെത്തിയതെന്ന്് പറഞ്ഞ് ഒരു രശീത് ഹാജരാക്കി.ഇരുപതുവര്‍ഷം മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയില്‍ ബാറ്ററികള്‍ മേടിച്ചാല്‍ അതിന് രസീത് നല്‍കുമെന്നും, ഒരു കുറ്റവാളി അത്തരം ഒരു രശീത് കൈയില്‍വച്ചുകൊണ്ടിരിക്കുമെന്നുള്ള വാദങ്ങള്‍ വായനക്കാരുടെ സാമാന്യബോധത്തിനും മനസാക്ഷിക്കും വിടുന്നു. കുറ്റസമ്മത മൊഴിയനുസരിച്ച് ഞാന്‍ മാസവേതനത്തിന് എല്‍.ടി.ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ഞാന്‍ പല എല്‍.ടി.ടി.ഇ അംഗങ്ങള്‍ക്കുവേണ്ടിയും മുതിര്‍ന്ന എല്‍.ടി.ടി.ഇ വ്യക്തിത്വമായ ശിവരശനുവേണ്ടിയും പ്രവര്‍ത്തിച്ചതായും കുറ്റസമ്മത മൊഴില്‍ സമ്മതിക്കുന്നു. പക്ഷേ ഒരിടത്തും ഞാന്‍ കൊലപാതകത്തില്‍ പങ്കെടുത്തത സമ്മതിച്ചതായി പറയുന്നില്ല.
1991 മെയ് 7 നുള്ള വയര്‍ലെസ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കാണ് ഗൂഢാലോചന അറിയാവുന്നത്. ശിവരശന്‍, ശുഭ, തനു എന്നിവര്‍ക്ക്. ഇത് ആദരണീയ ജഡ്ജിമാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്റെ പ്രസ്താവന അനുസരിച്ച് ഞാന്‍ ശിവരശന് 9 വോള്‍ട്ട് ബാറ്ററിയും കാര്‍ ബാറ്ററിയും മോട്ടോര്‍ സൈക്കിളും നല്‍കിയത് ഏപ്രില്‍ ഏഴിന് മുമ്പാണ്. അപ്പോള്‍ ഈ സാധനങ്ങള്‍ മേടിച്ചെങ്കില്‍ അതിനുപിന്നില്ലുള്ള ചേതോവികാരം എന്തെന്ന് എനിക്കറിയില്ലെന്നത് വ്യക്തമാണ്.പ്രസ്താവന പ്രകാരം സംഭവം നടക്കുന്ന മെയ് 21 ന് രാത്രി 9.30 ന് ഞാന്‍ ഭാഗ്യനാഥനൊപ്പം ഒരു സിനിമക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തെപ്പറ്റിയും ഗൂഢാലോചനയെും പറ്റി അറിയമായിരുന്നെങ്കില്‍ കുറ്റകൃത്യം നടക്കുമ്പോള്‍ എനിക്കതിനാകുമായിരുന്നോ? (പ്രസ്താവന പ്രകരം രാജീവ്ഗാന്ധി വധത്തെപ്പറ്റി അറിയുന്നത് സിനിമ കഴിഞ്ഞ് മടങ്ങുമ്പോഴാണ്). പ്രത്യേക കോടതി വധശിക്ഷ നല്‍കിയതിനെതുടര്‍ന്ന് സുപ്രീംകോടതിയില്‍ ഞാന്‍ നല്‍കിയ അപ്പീല്‍ തള്ളി വധശിക്ഷ ശരിവച്ചു. പക്ഷേ വിധിയില്‍, രാജീവ് ഗാന്ധി വധം ഭീകരവാദ നടപടിയെല്ലന്നും, കൊലപാതകിക്ക് രാജീവ് ഗാന്ധിയെയും തന്നെയും സ്വയം കൊലപ്പെടുത്തുക എന്നതില്‍ കവിഞ്ഞ് മാറ്റൊരു താല്‍പര്യവും ഇല്ലെന്നും വ്യക്തമാക്കുന്നു. ടാഡ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലെ വിചാരണ നടപടികളെ സുപ്രീംകോടതി ചോദ്യം ചെയ്യുകയും അത് അനുചിതമാണെന്ന് പറയുകയും ചെയ്തു.
പക്ഷേ, എനിക്ക് ശിക്ഷ വിധിക്കപ്പെട്ടത് ടാഡ നിയമത്തിനു കീഴില്‍ ഞാന്‍ നല്‍കിയ 'കുറ്റസമ്മത മൊാഴി'യെ അടിസ്ഥാനമാക്കിയാണ്'. ഈ കേസില്‍ ടാഡ നിയമം അനുചിതമാണ് എന്ന് സുപ്രീംകോടതി തന്നെ പറയുമ്പോള്‍ എങ്ങനെ ടാഡ നിയമത്തിന് കീഴില്‍, പൊലീസ് കസറ്റ്ഡിയില്‍ ഞാന്‍ നടത്തിയ കുറ്റസമ്മതം സുപ്രീംകോടതി സ്വീകരിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ വശിക്ഷവിധിക്കുകയും ചെയ്തു.ടാഡ നിയമം പോലെയുള്ള ഒരു കരിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അപരിമിതമായ അധികാരത്തിന് കീഴില്‍ എങ്ങനെയാണ് കുറ്റ സമ്മത മൊഴികള്‍ എടുക്കുന്നതെന്ന് ആര്‍ക്കും ആലോചിക്കാം. ഞാന്‍ കടുത്ത പീഡനത്തിനും ബലപ്രയോഗത്തിനും വിധേയനാക്കപ്പെടുകയും രക്തംകൊണ്ട് കുറ്റസമ്മതമൊഴിയില്‍ ഒപ്പുവയ്ക്കപ്പെടേണ്ടിയും വന്നു. ഒരു പൊതു നപടിയെന്ന നിലയില്‍ കോടതി കുറ്റസമ്മത പ്രസ്താവനകള്‍ക്ക് അധികം പ്രാമുഖ്യം നല്‍കാറില്ല. എക്ഷേ ഒരു മടിയുമില്ലാത്ത എന്റെ കാര്യത്തില്‍ അത് ലംഘിക്കപ്പെട്ടു.അതിനേക്കാള്‍, കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ത്യാഗരാജനെപ്പറ്റി പറയേണ്ടതുണ്ട്. കേസില്‍ അറസ്റ്റിലായ 26 വ്യക്തികളില്‍ 17 പേരുടെ കുറ്റസമ്മതമൊഴികള്‍ രേഖപ്പെടുത്തിയത് സി.ബി.ഐ. എസ്.പി. ത്യാഗരാജനാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ചില കുറ്റാരോപിതരെ രക്ഷിക്കാനായി അദ്ദേഹം വ്യാജരേഖകള്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എങ്ങനെയാണ് രാജീവ് ഗാന്ധി കേസില്‍ കുറ്റ സമ്മത മൊഴികള്‍ ലഭിച്ചതെന്ന് പറയേണ്ട കാര്യമുണ്ടോ?
1993 ല്‍ കേരളത്തിലെ കോട്ടയം എന്ന സ്ഥലത്ത് അഭയ എന്ന കന്യാസ്ത്രീ ബലാല്‍സംഗത്തിന് വിധേയമാകുകയും കൊലപ്പെടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസഥന്‍ തോമസ് വര്‍ഗീസായിരുന്നു. തോമസ് വര്‍ഗീസ് വലിയ രീതിയിലുള്ള കുഴപ്പങ്ങള്‍ക്ക് വിധേയനായി. ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന്, താന്‍ ജോലി രാജിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു പറഞ്ഞ കാരണം ത്യാഗരാജന്‍ കേസ് ആത്മഹത്യയാക്കി അവസാനിപ്പിക്കാന്‍ തന്റെ മേല്‍ വലിയതോതില്‍ സമ്മര്‍ദം ചെലുത്തുന്നൂവന്നാണ്. ത്യാഗരാജന്റെ വിശ്വാസ്യത കോടതി ചോദ്യം ചെയ്യുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറ് വര്‍ഷത്തിനുശേഷം, 2009 ല്‍ സിസ്റ്റര്‍ അഭയക്കേസ് വീണ്ടും അന്വേഷിക്കുകയും അവരുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേ ത്യാഗരാജന്‍ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി എന്റെ കാര്യത്തില്‍ എങ്ങനെ സത്യമാവും?. ഇന്ന് റദ്ദാക്കപ്പെട്ട ടാഡ നിയമത്തിന് കീഴില്‍ കേസ് അന്വേഷിച്ചതിനാല്‍ അടിസ്ഥന അവകാശങ്ങളും നിയമപരിരക്ഷയും നിഷേധിക്കപ്പെടുകയും ചെയ്തു. അങ്ങനെ എന്റെ ഭാഗത്തുള്ള സത്യം മുന്‍വിധികളാല്‍ കുഴിച്ചുമൂടപ്പെട്ടു. കേസ് ജില്ലാ കോടതിയിലാണ് വിചാരണ ചെയ്തിരുന്നതെങ്കില്‍, ഹെക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ അവസരമുണ്ടാവുമായിരുന്നു. ഈ രീതിയിലുള്ള നടപടി ഇന്ത്യയില്‍ നിരവധി കേസുകളില്‍ ശരിയായ വിധി ലഭ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് ഹൈക്കോടതിയുടെ നീതി തെറ്റായി തന്നെ നിഷേധിക്കപ്പെട്ടു. പകരം കേസ് വിചാരണചെയ്തത് അനുചിതമായ ടാഡ നിയമത്തിന് കീഴില്‍ പ്രത്യേക കോടതിയിലായിരുന്നു. ലോകത്ത് ആദ്യമായിട്ടാവും അപൂര്‍വങ്ങളില്‍ അപൂര്‍വമായ വധശിക്ഷ 26 വ്യക്തികള്‍ക്ക് കോടതി ഒരുമിച്ച് വിധിക്കുന്നത്. സുപ്രീംകോടതിക്ക് നന്ദിയുണ്ട് അതില്‍ 22 പേരുടെ വധശിക്ഷ റദ്ദാക്കിയതില്‍. 26 പേര്‍ക്ക് വധശിക്ഷ വിധിച്ചതിലൂടെ പ്രത്യേക കോടതിയുടെ ഏകപക്ഷിയമായ ചായ്‌വും, മുന്‍വിധികളും ഏതൊരാള്‍ക്കും സങ്കല്‍പിക്കാനാവും. ഒരിക്കല്‍ കൂടി നീതിപൂര്‍വകമായ വിചാരണ ലഭിച്ചാല്‍ നിരപാധിത്വം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ ക്രമിനല്‍ നിയമം പുനര്‍വിചാരണ അനുവദിക്കുന്നില്ല. ആദരണീയായ ഇന്ത്യന്‍ പ്രസിഡന്റിന്റെ ദയാഹര്‍ജിക്ക് മുന്നിലാണ് ഞാന്‍.
മുകളില്‍ പറഞ്ഞ വാദങ്ങള്‍ റിവ്യു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ സത്യം ജഡ്ജിമാര്‍ക്ക് മനസിലാകുമായിരുന്നില്ലേ എന്ന് നിങ്ങള്‍ ചോദിക്കാം. വസ്തമെന്തെന്നാല്‍ റിവ്യൂ ഹര്‍ജിയില്‍ അഭിഭാഷകന്‍ മുകളില്‍ പറഞ്ഞ വസ്തുതകളേക്കാള്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. റിവ്യൂ ഹര്‍ജിയില്‍ എന്റെ നിരപരാധിത്വവും, എനിക്കുമേലുണ്ടായ അനീതികളും അക്കമിട്ടു പറഞ്ഞിരിന്നു. എന്നാലും നീതി നിഷേധിക്കപ്പെട്ടു.ദുരന്തം ഇതാണ്- ജസ്റ്റിസ് വാധവ റിവ്യു ഹര്‍ജി പരിണിച്ച് പറഞ്ഞു ''കുറ്റവാളികള്‍ എന്നു വിധിക്കപ്പെട്ടവരുടെ റിവ്യൂ ഹര്‍ജിയില്‍ ഹാജരായ ശ്രീ. നടരാജന്‍ ഹര്‍ജിക്കാര്‍ കുറ്റവാളികളെന്ന കണ്ടെത്തിയ വസ്തുതകള്‍ ചോദ്യം ചെയ്തില്ല, വധശിക്ഷ നല്‍കിയതിനെപ്പറ്റിയുള്ള പ്രശ്‌നങ്ങളില്‍ മാത്രമാണ് പുനപരിശോധന ആവശ്യം ഒതുക്കിയത്''. അയാതത് അഭിഭാഷകര്‍ ഞങ്ങള്‍ കുറ്റക്കാരാണെന്ന് മറ്റൊരു അര്‍ഥത്തില്‍ സമ്മതിച്ചുവത്രെ! പക്ഷേ പുന:പരിശോധാന ഹര്‍ജിയിലൂടെ പോയാല്‍ നിങ്ങള്‍ക്ക് അത് തെറ്റാണെന്ന് മനസിലാവും. സുപ്രീംകോടതിയുടെ നീതിയില്‍ എനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ, എറ്റവും മോശമായ രീതിയില്‍ ഞാന്‍ നിരാശനാക്കപ്പെട്ടു. ഇത് ജുഡീഷ്യറിക്കെതിരെയുള്ള ആരോപണമായി നിങ്ങള്‍ കരുതില്ലെന്ന് പ്രതീക്ഷിക്കട്ടെ. കോടതവിധയില്‍ തെറ്റുണ്ട്. എന്നാല്‍, പൊതുവില്‍ ലോകം കോടതിയുടെ പ്രസ്താവനയേ അംഗീകിക്കുവെന്നൂം എനിക്കറിയാം. സുപ്രീം കോടതി വിധി അറിഞ്ഞപ്പോള്‍, ലെനിന്‍ പണ്ട് പറഞ്ഞ കാര്യങ്ങളാണ് വേദനയോടെ ഞാന്‍ ഓര്‍ത്തതത്. ''ലോകത്തിലെ ഏറ്റവും മോശം കേസുകളെ ജഡ്ജിമാര്‍ പിന്തുണച്ചിട്ടുണ്ട്. കേസിന്റെ രണ്ടു വശങ്ങളും ജഡ്ജിമാര്‍ കേട്ടു എന്നത് കൊണ്ട്, സത്യം പുറത്തുവരുമെന്ന് കരുതരുത്'. ഭാവിയെപ്പറ്റി ആശങ്കയുണ്ട്. ഭൂതകാലത്തില്‍ പല ഉദഹരണങ്ങളുള്ളപ്പോള്‍ പ്രത്യേകിച്ചും. മുമ്പ് കേഹാര്‍ സിംഗിനെ നിഷ്ഠൂരമായി തൂക്കിലേറ്റി. ആരും ശബ്ദമുയര്‍ത്തിയില്ല. പക്ഷേ, എന്റെ അസ്ഥ അതല്ല. അത് പറയുന്നതില്‍ സന്തോഷമുണ്ട് എനിക്കുവേണ്ടി ഉയര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ പ്രചോദിപ്പിക്കുന്നു. എന്റെ മേല്‍ ചുമത്തിയ 'കൊലപാതി' എന്ന പ്രതിഛായ സാവധാനം മാഞ്ഞുകൊണ്ടിരിക്കുകയാണ്. ജയിന്‍ കമ്മിഷന്‍ ഉത്തരവിനെ തുടര്‍ന്ന് രൂപവത്കരിച്ച ബഹുമുഖ നിരീക്ഷണ സമതി (എം.ഡി.എം.എ)യുടെ അനേവഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ നിരവധി സത്യങ്ങള്‍ വെളിച്ചത്തുവരും. പക്ഷേ, അതുവരുമ്പോള്‍ എന്റെ അവസ്ഥന്തൊവും?
മുംബൈ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എച്ച്. സുരേഷ്, എന്റെ ജന്മനാട്ടില്‍ നിന്നുള്ള നിയമസഭാംഗം എന്നിവരുടെ കത്തുകള്‍, സ്‌കൂള്‍ അധ്യാപകന്റെയും, ഗ്രാമീണ ജനങ്ങളുടെയും പിന്തുണ തകര്‍ന്ന ഹൃദയത്തിന് നേര്‍ത്ത ആശ്വാസം പകര്‍ന്നതായിരുന്നു.മനുഷ്യാവകശ പ്രവര്‍ത്തകനും സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുയും ചെയ്ത ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രാധനമന്തിക്ക് അയച്ച് കത്തും, സോണിയ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവരുടെ കത്തുകളും നീണ്ട പോരാട്ടത്തിലെ വിജയങ്ങളായിരുന്നു. വളരെ മമ്പ് സോണിയാ ഗാന്ധി പ്രസിഡന്റിന് തയാനും തന്റെ കുടുംബവും ഈ കേസില്‍ വധശിക്ഷ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് എഴുതിയിരുന്നു. അങ്ങനെ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി. ഒമ്പതുവര്‍ഷമായി മകന്റെ നീതിക്കുവേണ്ടി പോരാടുന്ന അമ്മയുടെ ത്യാഗവും വേദനയും അറിയുക. ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ സഹിച്ച ദരുതിങ്ങളുടെ പേരില്‍. ദയവായി എന്റെ ദുരിതങ്ങള്‍ നീക്കുക.
രാജീവ്ഗാന്ധിയെ സ്‌നേഹിക്കുന്നുവരോടും അതുപോലെ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരോടും എനിക്ക് ചോദിക്കാനുണ്ട്, ഒരു നിരപരാധിയായ മനുഷ്യന്‍ തൂക്കിലേറ്റപ്പെടണമെന്ന് നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? മനുഷ്യസ്‌നേഹവും, നീതിയുടെ പാത പിന്തുടരുകയും ചെയ്യുന്ന നിങ്ങളെപ്പോലുള്ള ഒരാള്‍ അതിന് സമ്മതിക്കില്ലെന്ന് ഉറപ്പുണ്ട്.ഒരു രാഷ്ട്രീയ സ്വധാീനവും പണക്കരുത്തുമില്ലാത്ത മനുഷ്യന്‍ ഉയര്‍ത്തുന്ന സത്യത്തിന്റെ ശബ്ദത്തിന് ദയവായി നിങ്ങളുടെ കാതുകള്‍ നല്‍കു. ഞാന്‍ പറയുന്ന സത്യം നിങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ തൊടുന്നുവെങ്കില്‍ മോചനത്തിനായി ശബ്ദം ഉയര്‍ത്തുക. നീതി വിജയിക്കട്ടെ.മരണത്തെ ഭയമുണ്ടെന്നതിനേക്കാള്‍, വ്യാജ ആരോപണങ്ങളുടെ പേരില്‍ കുറ്റവാളിയായി ലോകം വിട്ടുപോകാന്‍ മടിയുണ്ട്. ഒരു കൊലപാതിയുടെ മാതാപിതാക്കളായി അച്ഛനുമ്മയെയും ശേഷിപ്പിച്ച് ലോകം വിട്ടു വിട്ടുപോകാനും വിഷമമുണ്ട്.ഒരു പക്ഷേ, ഞാന്‍ തൂക്ക് മരത്തിലേക്ക് നടക്കും. എന്റെ നിരപരാധിത്വം ഉറക്കെപ്പറഞ്ഞു തന്നെ. ദുരിതങ്ങള്‍ എനിക്കൊപ്പം അവസാനിക്കപ്പെടട്ടെ. അടുത്ത ദിവസം സൂര്യനുദിക്കുമ്പോഴെങ്കിലും എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണം.