2021ലെ സാഹിത്യ നൊേബൽ നേടിയ അബ്ദുറസാഖ് ഗുർനയുടെ എഴുത്തും ജീവിതവും
2021ലെ സാഹിത്യ നൊേബൽ സമ്മാനം നേടിയ താൻസനിയൻ എഴുത്തുകാരൻ അബ്ദുറസാഖ് ഗുർനയെക്കുറിച്ചുംഅദ്ദേഹത്തിെൻറ Desertion എന്ന നോവൽ വായിച്ചതിെൻറ അനുഭവവും എഴുതുന്നു.
ഓരോ വർഷവും ഒക്ടോബർ മാസം ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ ആകാംക്ഷ സാഹിത്യ നൊേബൽ പുരസ്കാരം ആർക്ക് ലഭിക്കുമെന്നതിനെക്കുറിച്ചാണ്. മറ്റുള്ള പുരസ്കാരങ്ങളെപോലെ മുൻകൂട്ടിയുള്ള നീണ്ട പട്ടികയോ പിന്നീട് പ്രഖ്യാപനങ്ങൾക്ക് മുമ്പ് തയാറാക്കുന്ന ഹ്രസ്വ പട്ടികയോ നൊേബലിനുണ്ടാകാറില്ല. സ്വീഡിഷ് അക്കാദമിയുെട തീരുമാനം അത്രയധികം സുരക്ഷാകവചങ്ങൾക്കുള്ളിലാണ് സംഭവിക്കുന്നതെന്നു സാരം. പക്ഷേ, അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വരുന്ന അഭ്യൂഹങ്ങളും അവയെക്കുറിച്ചുള്ള വാതുവെപ്പുകളും വാർത്തകളിൽ പ്രാധാന്യത്തോടെ നിറഞ്ഞുനിൽക്കുന്നതായി കാണാം. സാധ്യതാപട്ടികയിലേക്ക് ഓരോ ദിവസവും നിരവധി എഴുത്തുകാരുടെ കടന്നുവരവും ചർച്ചകൾക്കും സാക്ഷ്യംവഹിക്കുകയും ചെയ്തു.
പക്ഷേ, ഒക്ടോബർ ഏഴിന് സ്വീഡിഷ് അക്കാദമിയുടെ പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ പ്രവചനങ്ങൾ ഏതാണ്ട് എല്ലാം തന്നെ തെറ്റി. സമ്മാനം ലഭിച്ചത് ആഫ്രിക്കൻ വൻകരയിലെ താൻസനിയൻ എഴുത്തുകാരനായ അബ്ദുറസാഖ് ഗുർനക്കാണ് (Abdul Razak Gurnah). അത് എല്ലാ അനുമാനങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരുദ്ധമായ ഒരു വസ്തുതയായി മാറി.
1948ൽ താൻസനിയയിലെ സാൻസിബാർ ദ്വീപിലാണ് ഗുർനയുടെ ജനനം. മാതൃഭാഷ സ്വാഹിലിയാണെങ്കിലും കോളനിവാഴ്ചയുടെ ഓർമകളുടെ പ്രതീകമായ ഇംഗ്ലീഷ് ഭാഷയിലാണ് അദ്ദേഹം സാഹിത്യ രചന നടത്തുന്നത്
നൊേബൽ പുരസ്കാരം നേടിയതോടെ അദ്ദേഹത്തിെൻറ പത്തോളം നോവലുകളടക്കമുള്ള സാഹിത്യ രചനകൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു. 1948ൽ താൻസനിയയിലെ സാൻസിബാർ ദ്വീപിലാണ് ഗുർനയുടെ ജനനം. മാതൃഭാഷ സ്വാഹിലിയാണെങ്കിലും കോളനിവാഴ്ചയുടെ ഓർമകളുടെ പ്രതീകമായ ഇംഗ്ലീഷ് ഭാഷയിലാണ് അദ്ദേഹം സാഹിത്യ രചന നടത്തുന്നത്. 1964ൽ സ്വന്തം ഭൂമികയിലെ ആഭ്യന്തര കലാപങ്ങളെ തുടർന്ന് പതിനെട്ടാമത്തെ വയസ്സിൽ അഭയാർഥിയായി ഇംഗ്ലണ്ടിലേക്കു വന്നു. പിന്നീട്, 1984ലാണ് പിതാവിെൻറ മരണസമയത്ത് സ്വന്തം ഭൂമികയിലേക്കു തിരിച്ചുവരാൻ സാധിച്ചത്.
ഇതിനുമുമ്പ് 2007ലാണ് ആഫ്രിക്കയിൽനിന്നുള്ള ഡോറിസ് ലെസ്സിങ്ങിന് നൊേബൽ സമ്മാനം ലഭിച്ചത്. അതിനുമുമ്പ് നൈജീരിയയിലെ പ്രതിഭാശാലിയായ എഴുത്തുകാരൻ വോൾ സോയിങ്കക്ക് 1986ൽ നൊേബൽ സമ്മാനം ലഭിച്ചത് ഈ പുരസ്കാരത്തിെൻറ ദീപ്തമായ ചരിത്രമാണ്. സാഹിത്യത്തിലെ ഓൾറൗണ്ടർതന്നെയായിരുന്നു അദ്ദേഹം. 1988ൽ ഈജിപ്തിലെ നജിബ് മഹ്ഫൂസിനും 1991ൽ നദീൻ ഗോർഡിമർക്കും 2003ൽ ജെ.എം. കോട്സിക്കും നൊേബൽ സമ്മാനം ലഭിച്ചതിെൻറ ചരിത്രവും നമുക്കു മുന്നിലുണ്ട്.
ഇത്തവണ തെക്കെ ആഫ്രിക്കൻ എഴുത്തുകാരൻ നൂറുദ്ദീൻ ഫറാ (Nuruddin Farah)ക്ക് മികച്ച സാധ്യതകളുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. പുലരിക്കു വടക്ക് (North of Dawn) എന്ന അദ്ദേഹത്തിെൻറ നോവൽ അടുത്തകാലത്താണ് വായിച്ചത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമുള്ള നിരവധി പ്രതിഭാശാലികളായ എഴുത്തുകാരുടെ പേരുകൾ ആസ്വാദകർക്കിടയിലുള്ള ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു.
ഇവരിൽ പ്രധാനികൾ നോർവീജിയൻ മഹാപ്രതിഭയായ യോൺ ഫോസ്സെ, ലാറ്റിനമേരിക്കയിലെ ഹൊറാസിയോ കാസ്റ്റലോനസ് േമായ, ജിയൊ കോങ്ങ റെഡ്ഡി, ഹുപാൽ ഗബ്രിയൽ വാസ്കസ്, പോർചുഗീസ് എഴുത്തുകാരൻ ലാൻഡ് അറ്റ് ദി എൻഡ് ഓഫ് ദ വേൾഡ് എന്ന മാസ്റ്റർ പീസ് രചിച്ച അേൻറാണിയുടെ ലോബൊ അൻട്യൂൺസ് തുടങ്ങിയവരാണ്. അധിനിവേശത്തിനെതിരെ സാഹിത്യരചന നടത്തിയ എഴുത്തുകാരനാണ് വെള്ളക്കാരനായ അൻട്യൂൺസ്.
സ്വീഡിഷ് അക്കാദമിയുടെ അഭിപ്രായത്തിൽ മികച്ച എഴുത്തുകാരനായ അബ്ദുറസാഖ് ഗുർനി അഭിനന്ദനമർഹിക്കുന്നു. അദ്ദേഹത്തിെൻറ മികച്ച രണ്ടു നോവലുകളായി പരിഗണിക്കുന്നത് കൊളോണിയൽ കിഴക്കൻ ആഫ്രിക്ക പ്രമേയമായി വരുന്ന സ്വർഗ (Paradise)വും പിന്നീട് പ്രസിദ്ധീകരിച്ച പരിത്യാഗ (Desertion) വുമാണ്. ഇതിൽ പരിത്യാഗം എന്ന നോവൽ നേരത്തേ വായിക്കാനുള്ള ഭാഗ്യം ഈ ലേഖകനുണ്ടായി.
സ്വർഗം എന്ന നോവൽ ബുക്കർ സമ്മാനത്തിെൻറ ഹ്രസ്വപട്ടികയിൽ ഇടം കണ്ടെത്തിയെങ്കിലും പുരസ്കാരം ലഭിക്കാതെ പോയി. പരിത്യാഗം രചിച്ചത് 2005ലാണ്. ''നിങ്ങൾക്ക് തിരിച്ചറിയാവുന്നതുപോലെ യഥാർഥത്തിൽ ഇത് എന്നെക്കുറിച്ചുള്ള ഒരു പ്രമേയമല്ല. അതേസമയം, ഇത് നമ്മുടെയൊക്കെ സാൻസിബാറിലെ യാതന അനുഭവിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ്. അവരിൽ ഫാരിദയും അമീനും നമ്മുടെ മാതാപിതാക്കളായവരുടെയും ജമീലയുടെയും കഥയാണ്. എല്ലാം കണ്ടും സഹിച്ചും നിശ്ശബ്ദതയുടെ ഭാരംപേറി നിൽക്കുന്ന ഒരു ജനതയുടെ പ്രതിനിധികളാണിവർ. നമ്മുടെയൊക്കെ സമകാലിക ജീവിതസമസ്യകളുടെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെ പ്രവാഹംതന്നെയിതിലുണ്ട്'', നോവലിെൻറ തുടക്കത്തിൽതന്നെ എഴുതിയിരുന്നു.
ഈ നോവലിലെ ആഖ്യാതാവായി വരുന്നത് റഷീദാണ്. അതോടൊപ്പം അയാളുടെ സഹോദരനായ അമീനും നോവലിലെ പത്ത് അധ്യായങ്ങളിലുമായി നിറഞ്ഞുനിൽക്കുന്നു. അധ്യാപകരായ ദമ്പതികളുടെ ഏറ്റവും ഇളയ പുത്രനാണ് റഷീദ്. അമീനിനെക്കാൾ രണ്ട് വയസ്സ് കുറവ് അയാൾക്കുണ്ട്. അധിനിവേശത്തിനെതിരെ (ഇംഗ്ലണ്ടിെൻറ) സമരങ്ങൾ അരങ്ങേറിയ 1950 കാലത്താണ് കുട്ടികൾ വളർന്നുവന്നതെന്നുള്ളതും ശ്രദ്ധേയമാണ്. റഷീദിന് നോവലിൽ രണ്ട് കഥകളാണ് അനാവരണം ചെയ്യാനുള്ളത്. അതിലൊന്ന് കൊളോണിയൽ കെനിയയിലെ അതിർത്തിയിലെ ഒരു ചെറുഗ്രാമത്തിലാണ് നടക്കുന്നത്. അവിടെ ഒരു പ്രഭാതത്തിൽ 1899ൽ ഒരു ഇംഗ്ലീഷുകാരൻ മരുഭൂമിയിൽ ഇടറുന്ന പാദങ്ങളുമായി പുറത്തേക്കുവരുകയും അവിടത്തെ മുസ്ലിം ദേവാലയത്തിനു പുറത്തുനിന്നിരുന്ന പ്രാദേശിക കടയുടമക്കു മുന്നിൽ തളർന്നു വീഴുകയും ചെയ്തു. ഹസ്സനാലി അയാളെ താങ്ങി ഭവനത്തിൽ കൊണ്ടുപോവുന്നു. വളരെയധികം പ്രതിഷേധങ്ങൾ തരണം ചെയ്ത് തിരിച്ച് അയാളെ ജീവിതത്തിലേക്കു കൊണ്ടുവരുന്നു. ഹസ്സനാലി ചകിതനും അന്ധവിശ്വാസത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനുമായിരുന്നു. ഇതിനിടയിലാണ് ഒരു ഇംഗ്ലീഷ് ഡിസ്ട്രിക്ട് ഓഫിസറായ ഫ്രെഡറിക്ക് ടേർണർ അവിടേക്കു കടന്നുവരുന്നത്.
അധിനിവേശത്തിെൻറ അനന്തരഫലങ്ങളുടെ ഭീകരമായ കാഴ്ചകൾ ഗുർനയുടെ രചനകളിലാകെ നിറഞ്ഞുനിൽക്കുന്നതായി കാണാം
ഹസ്സനാലിയെ ഒരു മോഷ്ടാവായി ചിത്രീകരിച്ച് അയാൾ അധിക്ഷേപിക്കുന്നുണ്ട്. മാർട്ടിൻ പിയേഴ്സ് എന്ന യാത്രികനായ ഇംഗ്ലീഷുകാരെൻറ ജീവിതമാണ് ഹസ്സനാലി രക്ഷിെച്ചടുത്തത് എന്നത് മറന്നുകൊണ്ടാണ് അയാൾക്ക് അധിക്ഷേപങ്ങൾ കേൾക്കേണ്ടതായി വന്നത്. കുറ്റാരോപിതനായ ഹസ്സനാലിയോട് അയാൾക്ക് സഹതാപം തോന്നി. അയാളുടെ സഹോദരി റെഹാനയോട് സ്നേഹം തോന്നുകയും ചെയ്തു. ഇവർക്കിടയിലെ ബന്ധം വല്ലാത്ത അപവാദങ്ങൾക്ക് കാരണമായും ഭവിക്കുന്നു. പിന്നീടവർ പിേയർസിനൊപ്പം ജീവിക്കാൻ ഇടംതേടി പോകുന്ന കഥയുമിതിലുണ്ട്. റെഹാനക്ക് അവരുടെ ഭൂമിക വിട്ടുപോകേണ്ടതായും വരുന്നു. കൊളോണിയൽ സാഹചര്യങ്ങളിൽ വളരേണ്ടിവരുന്ന കുട്ടികളുടെ ജീവിതസമസ്യകളുടെ ലേബ്രിൻത് വളരെ ഭംഗിയായി ഇതിൽ അനാവരണം ചെയ്തിട്ടുണ്ട്. റെഹാനയുടെയും പിയേർസിെൻറയും മകളുടെ പുത്രിയായ ജമീലയും നോവലിലെ പ്രാധാന്യമർഹിക്കുന്ന ഒരു കഥാപാത്രമാണ്. സ്വാതന്ത്ര്യത്തിനും വിപ്ലവത്തിനുംശേഷം ഇതിലെ കഥാപാത്രങ്ങളുടെ ജീവിതത്തിനുതന്നെ വല്ലാത്ത മാറ്റം സംഭവിക്കുന്നു. ഇംഗ്ലണ്ടിൽ പഠിക്കുന്ന റഷീദിന് സ്വന്തം ഭൂമികയിലെ സാമൂഹിക രാഷ്ട്രീയരംഗത്തുണ്ടായ സംഘർഷഭരിതമായ അന്തരീക്ഷം നഷ്ടപ്പെടുകയാണ്. വീണ്ടുമയാൾക്ക് സ്വന്തം കുടുംബത്തിെൻറ ദുരന്തപൂർണമായ ചിത്രവും ഇല്ലാതാകുന്നു. അധികാരിവർഗത്തിെൻറ ഭീകരതക്കുള്ളിൽ യാതന അനുഭവിക്കുന്ന ജനതയുടെ അതിദാരുണമായ ചിത്രം നോവൽ പങ്കുവെക്കുന്നു. വർഷങ്ങൾക്കുശേഷം റഷീദിന് അമീനിെൻറ നോട്ടുപുസ്തകത്തിൽ കുടുംബത്തിെൻറ കഥ വരച്ചിടാൻ കഴിയുന്നുണ്ട്. ഓർമകളുടെ ഒരു മഹാപ്രവാഹമാണിതിെൻറ സാധ്യതകൾക്ക് പ്രചോദനമായി ഭവിച്ചത്. പിയേർസിെൻറ പിൻതലമുറക്കാരുടെ ജീവിതയാഥാർഥ്യങ്ങൾക്ക് കൂടുതൽ മിഴിവേകാൻ ഇതുവഴി സാധിച്ചു. ഒരു പരിധിവരെ എഴുത്തുകാരനായ ഗുർനയുടെ ജീവിതം തന്നെ ഇതിനുള്ളിൽ തുന്നിച്ചേർത്തിരിക്കുന്നത് ഒരു ഒഴിയാബാധപോലെ വായനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും.
അധിനിവേശത്തിെൻറ അനന്തരഫലങ്ങളുടെ ഭീകരമായ കാഴ്ചകൾ ഗുർനയുടെ രചനകളിലാകെ നിറഞ്ഞുനിൽക്കുന്നതായി കാണാം. അതോടൊപ്പം എഴുത്തുകാരനായ ഗുർന അഭിമുഖീകരിക്കുന്ന പ്രവാസജീവിതത്തിെൻറ ഉത്കണ്ഠകളും അതോടൊപ്പം സംഭവിക്കുന്ന ഒരു ജനതയുടെ പലായനങ്ങളും ഐഡൻറിറ്റി പ്രശ്നങ്ങളും നിരവധി ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളായി ലോക മാനവികതയെ അസ്വസ്ഥമാക്കുന്നതിെൻറ ചരിത്രവും നമുക്കു മുന്നിലുണ്ട്.
2001ൽ പുറത്തുവന്ന സമുദ്രത്തിനരികിൽ (By the Sea), സ്വർഗം (Paradise), അവസാനത്തെ സമ്മാനം (The last gift- 2011), നിശ്ശബ്ദതയെ ആരാധിച്ചുകൊണ്ട് (Admiring Silence- 1996), വിടവാങ്ങലിെൻറ ഓർമ (Memory of Departure- 1987), പരുക്കൻ ഹൃദയം (Gravel Heart- 2017), ജീവിതങ്ങൾക്കുശേഷം (After Lives -2018) തുടങ്ങിയ രചനകൾ ഇനിയും വായിക്കാനുണ്ട്. അനുഭവിച്ച വായനയിലൂടെ തിരിച്ചറിഞ്ഞ ഗുർന എന്ന എഴുത്തുകാരൻ മറ്റ് പല സമകാലിക ആഫ്രിക്കൻ എഴുത്തുകാരുടെ സർഗാത്മകതക്കൊപ്പം വളർന്നുവന്നിട്ടുണ്ടോ എന്ന സംശയവും ബാക്കിയാവുന്നു.
ഈ ലേഖകെൻറ കൈയിലുള്ള അതിബൃഹത്തായ ദ റെയ്നർ ആന്തോളജി ഓഫ് ആഫ്രിക്കൻ ലിറ്ററേച്ചറിൽ (The Reinner Anthology of African Literature) ഏതാണ്ട് നൂറിലധികം ആഫ്രിക്കൻ എഴുത്തുകാരുടെ രചനകൾ എഡിറ്ററായ അന്തോണിയ സി കാലു (Anthonia C Kalu) ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗുർനയുടെ ഒരു രചനപോലും അതിൽ കാണാൻ കഴിഞ്ഞില്ല. ദുഃഖകരമായ യാഥാർഥ്യമാണിത്. നൊേബൽ കമ്മിറ്റി ഇനിയും പരിഗണിക്കാത്ത ഗൂഗി വാ തിയോംഗോ (Naugi wa thiongo)യുടെ നാമം ഒരു ശാപംപോലെ അക്കാദമിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹത്തിെൻറ രക്തത്തിെൻറ ദലങ്ങൾ (Petals of Blood) എന്ന നോവൽ ആഫ്രിക്കൻ സാഹിത്യത്തിലെ മഹാവിസ്മയമാണ്.
ചെക്/ഫ്രഞ്ച് മഹാസാഹിത്യകാരൻ 92 വയസ്സുള്ള മിലാൻ കുന്ദേര (Milan Kundera)യുടെ കാര്യം അക്കാദമിയുടെ അവഗണനാ ചരിത്രത്തിലെ േവദനിപ്പിക്കുന്ന ഓർമയാണ്. മലയാളി ഇന്നും കുന്ദേരയെ ഏതു രീതിയിലാണ് കാണുന്നതെന്നുള്ളത് നാമോരോരുത്തരും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. അവഗണനക്കും അതിരുകളില്ലേ. മരണശേഷം ആദരവുകൊണ്ടിവർ അദ്ദേഹത്തെ പൊതിയട്ടെ. വേദനയോടെ മാത്രമേ ഏതൊരാസ്വാദകനും ഇമ്മാതിരി അവഗണനയെ ഉൾക്കൊള്ളാൻ കഴിയൂ. യുദ്ധത്തിെൻറയും കോളനിവാഴ്ചയുടെയും ഭീകരമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന ഗുർനയുടെ രചനകൾക്ക് പരിമിതികളുണ്ടെങ്കിലും വായനക്കാരെ ചിന്തിപ്പിക്കാതിരിക്കില്ല. പുതിയ മികച്ച രചനകളുമായിട്ട് അദ്ദേഹം ലോകസാഹിത്യത്തിലുണ്ടാവട്ടെ എന്നു പ്രത്യാശിക്കാം.
l