നാഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത് എങ്ങനെ?; അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ചെയ്തികൾ തുറന്നുകാണിക്കുന്നു
അട്ടപ്പാടിയുടെ ചരിത്രത്തെ മാറ്റിമറിക്കുന്ന ശബ്ദമായി നാഞ്ചിയമ്മ മാറിയിട്ടുണ്ട്. മുഖ്യധാരാ സമൂഹവും സിനിമയിലെ പ്രമുഖരും നാഞ്ചിയമ്മയെ ചേർത്തുപിടിക്കുമ്പോഴും അവരെല്ലാം നാഞ്ചിയമ്മക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് സംസാരിക്കുന്നില്ല. നാഞ്ചിയമ്മയും കുടുംബവും അതുപോലെ നിരവധി പേരും അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഇരകളായതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഈ ലേഖനം.
നാഞ്ചിയമ്മക്ക് ദേശീയ അവാർഡ് ലഭിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് അട്ടപ്പാടിയിലെ എം. സുകുമാരന്റെ ഫേസ്ബുക്കിലൂടെ ഒരു വിഡിയോ പുറത്തുവന്നത്. ജോസഫ് കുര്യൻ എന്നയാൾ നാഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ പ്രവേശിക്കുന്നതും നാഞ്ചിയമ്മയുടെ ബന്ധുക്കൾ അത് തടയുന്നതുമായിരുന്നു വിഡിയോ. നിയമസഭയിൽ കഴിഞ്ഞ സമ്മേളനം നടക്കുമ്പോൾ ഐ.സി. ബാലകൃഷ്ണൻ നാഞ്ചിയമ്മയുടെ...
Your Subscription Supports Independent Journalism
View Plansനാഞ്ചിയമ്മക്ക് ദേശീയ അവാർഡ് ലഭിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് അട്ടപ്പാടിയിലെ എം. സുകുമാരന്റെ ഫേസ്ബുക്കിലൂടെ ഒരു വിഡിയോ പുറത്തുവന്നത്. ജോസഫ് കുര്യൻ എന്നയാൾ നാഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ പ്രവേശിക്കുന്നതും നാഞ്ചിയമ്മയുടെ ബന്ധുക്കൾ അത് തടയുന്നതുമായിരുന്നു വിഡിയോ. നിയമസഭയിൽ കഴിഞ്ഞ സമ്മേളനം നടക്കുമ്പോൾ ഐ.സി. ബാലകൃഷ്ണൻ നാഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുത്ത വിവരം ചോദ്യമായി ഉന്നയിച്ചതും അതിന് മന്ത്രി കെ. രാജൻ നൽകിയ മറുപടിയുമാണ് അത് കണ്ടപ്പോൾ ഓർമയിലെത്തിയത്. മന്ത്രിയുടെ മറുപടിപ്രകാരം അവസാനം ഈ ഭൂമി കൈവശംവെച്ചിരിക്കുന്നവരിൽ ഒരാൾ ജോസഫ് കുര്യനാണ്. വിഡിയോയിൽ ആദിവാസി സ്ത്രീകളുമായി തർക്കിക്കുന്നത് ജോസഫ് കുര്യനാണെന്ന് മനസ്സിലായി. 'മാധ്യമം ഓൺലൈനി'ൽ ഈ വിഡിയോ അടക്കം വാർത്ത നൽകി. ജോസഫ് കുര്യൻ വിളിച്ച് 'മാധ്യമ'ത്തിലെ വാർത്ത അദ്ദേഹത്തിന് മാനഹാനിയുണ്ടാക്കുന്നതായി അറിയിച്ചു. സംഭവത്തിന്റെ സത്യം മനസ്സിലാക്കാനായി അദ്ദേഹം കുറെ രേഖകൾ അയച്ചുതന്നു. അതോടൊപ്പം ആദിവാസികൾ ശേഖരിച്ച വിവരങ്ങളും ലഭിച്ചു. ഇരുവരും നൽകിയ രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം.
നാഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുക്കലിന്റെ കഥ പരിശോധിച്ചാൽ ആദ്യം തോന്നുക അത്ഭുതമാണ്. ഭൂമി തട്ടിയെടുക്കുന്നതിനു വേണ്ടി ഒരു സംഘം ആളുകൾ നടത്തിയ കൂട്ടായ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ നാൾവഴികളാണ് ഫയലുകൾ പറയുന്നത്. അട്ടപ്പാടി അടക്കിവാണ ജന്മിയായ കന്തസാമി ബോയൻ, ആധാരം എഴുത്തുകാർ, വില്ലേജ് ഓഫിസർ, തഹസിൽദാർ, രാഷ്ട്രീയക്കാർ തുടങ്ങിയവരെല്ലാം ഈ നാടകത്തിൽ ഭംഗിയായി അഭിനയിച്ചു.
രേഖകൾ പരിശോധിച്ചാൽ ഈ നാടകത്തിലെ ആദ്യവില്ലൻ കന്തസാമി ബോയൻ എന്ന തമിഴ്നാട്ടുകാരനാണ്. 1962ൽ കന്തസാമി ബോയൻ തീറ് വാങ്ങിയെന്നാണ് രേഖ. കന്തസാമിയെക്കുറിച്ച് ഒരുപാട് കഥകൾ ആദിവാസികളുടെ ഇടയിൽ പ്രചാരത്തിലുണ്ട്. കന്തസാമിയുടെ പിതാവ് മാരി ബോയൻ തമിഴ്നാട്ടിൽനിന്നാണ് അട്ടപ്പാടിയിൽ എത്തിയത്. അഗളിയിലെ ആദിവാസികളുടെ ഓർമയിൽ കന്തസാമി 1960കളിൽ നാട് അടക്കിവാണ ജന്മിയാണ്. ആദിവാസികളെ ഉപയോഗിച്ച് പരമാവധി കൃഷിചെയ്തു ലാഭമുണ്ടാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ക്രമേണ നാട്ടിലെ ജന്മിമാരിൽ പ്രമാണിയായി. അഗളി ആശുപത്രിക്കടുത്ത് 60 ഏക്കർ ഭൂമി അദ്ദേഹത്തിന് ഉണ്ടായിരുന്നത്രെ. ആദിവാസികളിൽനിന്ന് ചില ഭൂമികൾക്ക് ആധാരം ഉണ്ടാക്കുകയും മറ്റു ചിലത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയുമാണ് കന്തസാമി ചെയ്തത്. ആദിവാസികൾക്ക് നല്ലപോലെ ആഹാരം നൽകും. കൂലി നൽകില്ല. ചെലവിനുള്ള പൈസ നൽകും. കൂലി ചോദിച്ച് വാങ്ങേണ്ടതാണെന്ന് ആദിവാസികൾക്ക് അറിയില്ലായിരുന്നു.
1970ൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ കന്തസാമിയുടെ ഏതാണ്ട് 60ലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി താലൂക്ക് ലാൻഡ് ബോർഡ് പിടിച്ചെടുത്തു. എന്നാൽ, സർക്കാർ അത് ഭൂരഹിതർക്ക് വിതരണം ചെയ്തില്ല. ഗൂളിക്കടവിൽ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി പിന്നീട് ഭൂരഹിതരായ ആദിവാസികൾ പിടിച്ചെടുത്തു. 2013ലാണ് ഗൂളിക്കടവിൽ ആ സമരം നടന്നത്. നാഞ്ചിയമ്മയും ഭർത്താവ് നഞ്ചനും ഈ സമരത്തിൽ ഉണ്ടായിരുന്നു.
അട്ടപ്പാടി ഉൾപ്പെട്ട മണ്ണാർക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ കന്തസാമിക്ക് പ്രധാന പങ്കുണ്ടായിരുന്നു. വിജയിച്ച എം.എൽ.എമാരൊക്കെ കന്തസാമിയുടെ ചങ്ങാതിമാർ. കന്തസാമിയുടെ മിച്ചഭൂമി കേസ് ഇന്നും ലാൻഡ് ബോർഡിൽ പെൻഡിങ്ങിലാണ്. പിടിച്ചെടുത്ത വളരെ കുറച്ച് സ്ഥലങ്ങളിലേ പട്ടയം നൽകിയിട്ടുള്ളൂ. പട്ടയം നൽകിയ ഭൂമിയിൽ തന്നെ ലാൻഡ് ബോർഡിൽ കേസ് നിലനിൽക്കുകയാണ്. കന്തസാമിയും അഗളിയിലെ നാഗമൂപ്പനും (നാഞ്ചിയമ്മയുടെ ഭർത്താവിന്റെ പിതാവ്) നല്ല ബന്ധത്തിലായിരുന്നു. നാഗമൂപ്പനെ എല്ലാ കാര്യത്തിനും കന്തസാമി ഉപയോഗിച്ചു. നാഗന്റെ നാലേക്കർ ഭൂമിക്ക് ആധാരമുണ്ടാക്കി കന്തസാമി സ്വന്തമാക്കിയത് ആരും അറിഞ്ഞില്ല. ഇത് നടന്നത് 1962ലാണെന്ന് പറയുന്നു. ഈ ആധാരം ആദിവാസികൾ ഇതുവരെ കണ്ടിട്ടില്ല.
അക്കാലത്ത് അഗളിയിൽ വലിയതോതിൽ കരിമ്പ് കൃഷി ഉണ്ടായിരുന്നു. കരിമ്പ് വാറ്റി ശർക്കര ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയും കന്തസാമി അട്ടപ്പാടിക്കാരെ പരിചയപ്പെടുത്തി. അതിന് കരിമ്പ് ആട്ടുന്ന ആലയും നിർമിച്ചു. കരിമ്പ് കൃഷിയിൽനിന്ന് ശർക്കര ഉണ്ടാക്കി അദ്ദേഹം ധാരാളം പണം നേടി. കന്തസാമി ആദിവാസികളോട് സ്നേഹമുള്ള ആളാണെന്ന് എപ്പോഴും അഭിനയിച്ചിരുന്നു. ആദിവാസികൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കുന്ന ജന്മിയായിരുന്നു. അതുകൊണ്ട് ആദിവാസികൾ സ്വന്തം ഭൂമിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ സ്നേഹത്തിലൂടെയാണ് അദ്ദേഹം ഭൂമിയെല്ലാം കൈക്കലാക്കിയത്. നാഞ്ചിയമ്മയുടെ ഊരിനും പറയാനുള്ളത് കുടിച്ച് മരിച്ച ആണുങ്ങളുടെ കഥയാണ്. ഊരിലിപ്പോൾ ആണുങ്ങളില്ല. പെണ്ണുങ്ങളാണ് ഭൂമി സംരക്ഷിക്കുന്നതിന് ഇറങ്ങുന്നത്. നാഞ്ചിയമ്മ ഇപ്പോഴും വിശ്വസിക്കുന്നത് ഭൂമി കൈയേറിയവരെ ദൈവം ശിക്ഷിക്കും എന്നാണ്.
കൈയേറ്റക്കാർക്ക് എതിരായി 1975ലെ നിയമം
കേരള നിയമസഭയിൽ 1970കളുടെ ആരംഭം മുതൽ അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതിനെ സംബന്ധിച്ച് പല എം.എൽ.എമാരും ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തുടനീളം ഗോത്രവർഗ കലാപം ആളിക്കത്തിയപ്പോൾ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശം നൽകി. അങ്ങനെ 1975ൽ പാസാക്കിയ നിയമപ്രകാരം 1960 മുതല് നടന്ന എല്ലാ ആദിവാസി ഭൂമി കൈമാറ്റങ്ങളും മുന്കാല പ്രാബല്യത്തോടെ റദ്ദാക്കപ്പെട്ടു. 1975ല് നിയമം പാസാക്കിയെങ്കിലും ചട്ടങ്ങള് നിലവില്വന്നത് 1986ലാണ്.
നിയമം അതേപടി നടപ്പാക്കിയിരുന്നുവെങ്കിൽ അട്ടപ്പാടിയിൽ 955 കുടുംബങ്ങൾക്ക് അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചുകിട്ടുമായിരുന്നു. നിയമപ്രകാരം1960 മുതലുള്ള ആദിവാസി ഭൂമി കൈമാറ്റം റദ്ദായി. എന്നാൽ അന്യാധീനപ്പെട്ട ഭൂമിക്ക് എവിടെ, എങ്ങനെ പരാതി നൽകണം എന്ന് അറിവില്ലാത്ത (ഇന്നും അതില്ല) ആദിവാസികൾ വീണ്ടും കുഴങ്ങി. അതിനാലാണ് ഭൂമിയേറെയും നഷ്ടപ്പെട്ടത്. വലിയൊരു വിഭാഗത്തെ പരാതി നൽകുന്നതിൽനിന്ന് മാറ്റിനിർത്താൻ കൈയേറ്റക്കാർ ഭീഷണിപ്പെടുത്തി. പരാതി നൽകിയ പല ആദിവാസികൾക്കും കൃത്യമായി മൊഴി കൊടുക്കാൻ കഴിഞ്ഞതുമില്ല.
ആദിവാസികളെ സംബന്ധിച്ചിടത്തോളം ആർ.ഡി.ഒ നടത്തുന്ന ഹിയറിങ് വലിയ കടമ്പയായിരുന്നു. പലപ്പോഴും ഭൂമി കൈയേറിയവരുടെ ഭീഷണിക്ക് വഴങ്ങി ആദിവാസി സത്യം പറയില്ല. സർക്കാർ സംവിധാനം കൈയേറ്റ പക്ഷത്തായതിനാൽ ഭൂമിയേറെയും നഷ്ടപ്പെട്ടു. ഭൂമി കൈമാറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ ആദിവാസികളുടെ കൈയിൽ രേഖകൾ ഉണ്ടായിരുന്നില്ല. കൈയേറ്റക്കാർ സമർപ്പിക്കുന്ന രേഖകൾ പലതും വ്യാജമായിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ അത് പരിശോധിച്ചില്ല.
1975ലെ ആദിവാസി ഭൂസംരക്ഷണ നിയമവും 1986ലെ ചട്ടവും പ്രകാരം ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമികൾ തിരിച്ച് ലഭിക്കുന്നതിനുവേണ്ടി ഒറ്റപ്പാലം റവന്യൂ ഡിവിഷനൽ മജിസ്ട്രേറ്റ് കൂടിയായ ആർ.ഡി.ഒക്ക് 1987ൽ നാഗമൂപ്പൻ പരാതി നൽകി. നാഗമൂപ്പൻ ഭൂമി വിറ്റിട്ടില്ലെന്നും അഗളിയിലെ കന്തസാമി ബോയൻ തട്ടിയെടുത്തത് തിരിച്ചുലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. 1995 ഒക്ടോബർ 11ന് കന്തസാമിയുടെ 1962ലെ ആധാരം 1975ലെ നിയമപ്രകാരം ആർ.ഡി.ഒ തള്ളി. ടി.
എൽ.എ കേസിൽ നാഗമൂപ്പന് ഭൂമി തിരിച്ചു നൽകിയായിരുന്നു ആർ.ഡി.ഒയുടെ ഉത്തരവ്. ആദിവാസി വിഭാഗത്തിൽപെട്ട നാഗമൂപ്പന്റെ അവകാശികളുടെ കൈവശത്തിലുള്ളതാണ് ഈ ഭൂമിയെന്ന് ആർ.ഡി.ഒ നിരീക്ഷിച്ചു.
എന്നാൽ, 1999ലെ ആദിവാസി നിയമം നാഗമൂപ്പൻ അടക്കമുള്ള ആദിവാസികൾക്ക് തിരിച്ചടിയായി. നിയമപ്രകാരം (1960നും 1986 ജനുവരി 26നും ഇടയിൽ) അഞ്ചേക്കറിൽ താഴെയാണ് ആദിവാസികൾക്ക് അന്യാധീനപ്പെട്ടതെങ്കിൽ അതിന് പകരം ഭൂമി നൽകിയാൽ മതി. അന്യാധീനപ്പെട്ടത് അഞ്ചേക്കറിൽ താഴെയാണെന്ന് മാത്രം ചൂണ്ടിക്കാട്ടി ഒറ്റപ്പാലം സബ് കലക്ടർ 2020 ഫെബ്രുവരി 28ന് കന്തസാമിയുടെ അവകാശികൾക്ക് അനുകൂലമായി വിധിച്ചു. അതിന് മുമ്പ് താലൂക്ക് ലാൻഡ് ബോർഡ് കന്തസാമി തട്ടിയെടുത്ത ഭൂമിയിൽ 3.41 ഏക്കർ മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. അത് കഴിച്ചുള്ള 1.40 ഏക്കർ ഭൂമിയാണ് കന്തസാമിയുടെ അനന്തരാവകാശികൾക്ക് കൈവശത്തിൽ നിലനിർത്താൻ നിർദേശിച്ചത്. തുടർന്ന് പാലക്കാട് കലക്ടർക്ക് നാഞ്ചിയമ്മ അടക്കമുള്ള ഭൂമിയുടെ അവകാശികൾ അപ്പീലും നൽകി.
നിയമസഭയിൽ മറച്ചുപിടിച്ച മാരിമുത്ത്
നാഞ്ചിയമ്മയുടെ കുടുംബഭൂമി അന്യാധീനപ്പെട്ട വിഷയം നിയമസഭയിലെത്തിയത് 2021 നവംബറിലാണ്. ഐ.സി. ബാലകൃഷ്ണനാണ് ചോദ്യം ഉന്നയിച്ചത്. 2021 നവംബർ ഒന്നിന് മന്ത്രി കെ. രാജൻ രേഖാമൂലം നൽകിയ മറുപടിയിൽ ഭൂമി കൈമാറ്റത്തിന്റെ നാൾവഴി വ്യക്തമാക്കുന്നു. എന്നാൽ, ഈ കഥയിലെ പ്രധാന കഥാപാത്രമായ മാരിമുത്തുവിനെ ഒഴിവാക്കിയാണ് മന്ത്രി മറുപടി നൽകിയത്. ''അഗളി വില്ലേജിൽ സർവേ നമ്പർ 1167/1,6 എന്നിവയിൽ ഉൾപ്പെട്ട നാല് ഏക്കർ ഭൂമി അന്യാധീനപ്പെട്ടുവെന്ന് കാണിച്ച് നഞ്ചന്റെ ഭാര്യ നാഞ്ചിയമ്മ, നാഗമൂപ്പന്റെ മകൻ മണിയൻ എന്നിവർ പരാതി നൽകിയിരുന്നു. അഗളി വില്ലേജ് ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 1975ലെ നിയമപ്രകാരം ഒറ്റപ്പാലം ആർ.ഡി.ഒ ഫയലിൽ സ്വീകരിച്ചു. കേസിന്റെ തുടർനടപടികൾക്കായി പരിശോധിച്ചപ്പോൾ അഗളി വില്ലേജിൽ 4.81 ഏക്കർ ഭൂമി പട്ടികവർഗക്കാരനായ നാഗനിൽനിന്ന് പട്ടികവർഗേതരനായ കന്തസാമി ബോയന് കൈമാറിയതായി കണ്ടെത്തി. അതിൽ 3.41 ഏക്കർ കന്തസാമി ബോയനിൽനിന്ന് മിച്ചഭൂമിയായി പ്രഖ്യാപിച്ച് മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡ് ഏറ്റെടുത്തു. ബാക്കി 1.40 ഏക്കർ ഭൂമി ഒറ്റപ്പാലം സബ് കോടതിയുടെ ഉത്തരവ് പ്രകാരം കല്ലുമേലിൽ കെ.വി. മാത്യുവിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്... '' നിയമസഭയിലെ ഇൗ മറുപടി അതേപടി വിശ്വസിച്ചാൽ പ്രശ്നമൊന്നും തോന്നില്ല. എന്നാൽ, മന്ത്രിക്ക് ഈ നോട്ട് തയാറാക്കിയ റവന്യൂ ഉദ്യോഗസ്ഥൻ നാടകത്തിലെ മാരിമുത്തു കഥാപാത്രത്തെ ഒഴിവാക്കിയതിന് പ്രത്യേക കാരണമുണ്ട്. മാരിമുത്തുവിനെ മന്ത്രിയുൾപ്പെടെ ആരും അറിയരുതെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർബന്ധമുണ്ട്. അക്കാര്യത്തിൽ നിയമസഭയെപ്പോലും കബളിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ വിജയിച്ചു.
മന്ത്രി കെ. രാജന്റെ മറുപടി വായിക്കുന്നവർ കന്തസാമി ബോയനിൽനിന്ന് ഭൂമി കെ.വി. മാത്യുവിലേക്ക് കൈമാറ്റം ചെയ്തുവെന്നാണ് വിചാരിക്കുക. മാരിമുത്തുവെന്ന കഥാപാത്രത്തെക്കുറിച്ച് 'മാധ്യമ'ത്തിന് വിവരം നൽകിയത് ജോസഫ് കുര്യനാണ് (ജോസഫ് കുര്യൻ നിരവധിതവണ ഫോൺ ചെയ്യുകയും വിവരങ്ങൾ വാ
ട്സ്ആപ് വഴി അയക്കുകയും ചെയ്തു). കെ.വി. മാത്യുവിൽനിന്ന് 50 സെന്റ് വാങ്ങിയത് ജോസഫ് കുര്യനാണ്. മാധ്യമം ഓൺലൈനിൽ നൽകിയ വാർത്തയിൽ തെറ്റുണ്ടെന്നും ശരിയായ വാർത്ത നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി അദ്ദേഹം അയച്ചുതന്ന ഫയലിലാണ് മാരിമുത്തുവിന്റെ പേര് ആദ്യമായി കണ്ടത്. നിയമസഭ രേഖകളിൽനിന്ന് റവന്യൂവകുപ്പ് മറച്ചുപിടിച്ച ഈ കഥാപാത്രം ആരെന്ന് തിരക്കിയപ്പോൾ കന്തസാമിയിൽനിന്ന് മാത്യുവിലേക്ക് ഭൂമി എത്തിക്കുന്നതിന് ഇടക്കണ്ണിയായി പ്രവർത്തിച്ചത് മാരിമുത്തു ആണെന്ന് ആദിവാസികൾ പറഞ്ഞു. ഇക്കാര്യം
പാലക്കാട് കലക്ടർക്ക് നൽകിയ പരാതിയിലും അവർ രേഖപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പട്ടികജാതി ഗോത്ര കമീഷന്റെ ഉത്തരവ് ലഭിച്ചത്.
ഗോത്ര കമീഷന്റെ കണ്ടെത്തൽ
2021 ആഗസ്റ്റ് 20നാണ് മാരിമുത്തു പട്ടികജാതി ഗോത്ര കമീഷനിൽ അപേക്ഷ നൽകിയത്. തന്റെ മാതാവ് രാമി ആദിവാസി ഇരുള വിഭാഗത്തിൽപെട്ട ആളാണെന്നും കന്തസാമി ബോയന്റെ ഭാര്യയാണെന്നും മാരിമുത്തു അപേക്ഷയിൽ രേഖപ്പെടുത്തി. മാതാവിന്റെ അച്ഛൻ നഞ്ചപ്പ ഗൗഡർ ഹിന്ദു ബഡുഗർ സമുദായത്തിൽപെട്ട ആളാണ്. അമ്മക്ക് വേറെ മൂന്ന് സഹോദരങ്ങളുമുണ്ട്. മുത്തച്ഛൻ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന അഗളി വില്ലേജിൽ 1103/1, 1103/2 സർവേയിൽപെട്ട 17 ഏക്കർ ഭൂമി തന്റെ അമ്മയായ രാമിക്ക് അവകാശപ്പെട്ടതാണ്. അമ്മയുടെ മരണശേഷം ആ സ്വത്തുക്കൾ അച്ഛൻ കന്തസാമി കൈവശം വെക്കുകയായിരുന്നു. തമിഴ്നാട്ടിലെ സ്കൂളിൽ തന്റെ അച്ഛൻ കന്തസാമി ബോയൻ എന്ന പേര് മാറ്റി നഞ്ചൻ മാരിമുത്തു എന്ന് പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ചേർത്തു. ഈ രണ്ടുപേരും ഒന്നാണെന്നും അച്ഛന്റെ സ്വത്തിന് തനിക്കും അവകാശമുണ്ടെന്ന് ഗോത്ര കമീഷൻ തീർപ്പ് കൽപിക്കണമെന്നായിരുന്നു മാരിമുത്തുവിന്റെ അപേക്ഷയിലെ ആവശ്യം.
മാരിമുത്തുവിന് ഏതാണ്ട് 60 വയസ്സുവരെ (2021 വരെ) അച്ഛന്റെ പേര് നഞ്ചൻ എന്നായതിൽ കുഴപ്പമില്ലായിരുന്നു. പിന്നീട് അച്ഛന് രണ്ടുപേര് ഉണ്ടായിരുന്നുവെന്ന് മാരിമുത്തുവിന് തോന്നി. പേര് തിരുത്താൻ എളുപ്പമാർഗം എന്ന നിലയിലാണ് അദ്ദേഹം പട്ടികജാതി-ഗോത്ര കമീഷനെ സമീപിച്ചത്. 1981ൽ സ്കൂളിൽനിന്ന് നൽകിയ വിടുതൽ (ട്രാൻസ്ഫർ) സർട്ടിഫിക്കറ്റിൽ എൻ. മാരിമുത്തു എന്നാണ് പേര്. എൻ എന്നാൽ നഞ്ചൻ. സർട്ടിഫിക്കറ്റ് പ്രകാരം 1965ലാണ് മാരിമുത്തു ജനിച്ചത്. കോന്നൂർ ട്രൈബൽ ഹൈസ്കൂളിലെ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചത്. നഞ്ചൻ എന്ന് സ്കൂൾ രേഖകളിലുള്ള ആൾതന്നെയാണ് അഗളിയിലെ ജന്മിയായ കന്തസാമിയെന്ന് മാരിമുത്തു രേഖപ്പെടുത്തി. മാരിമുത്തു കമീഷന് നൽകിയ വിലാസത്തിൽ കന്തസാമി മകൻ നക്കുപതി എന്നാണ്.
2021 ഡിസംബർ എട്ടിന് കമീഷനിലെ രജിസ്ട്രാർ അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് മാരിമുത്തുവിനെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കത്തെഴുതി. ആ കത്ത് പലതവണ എഴുതേണ്ടി വന്നു. 2022 മാർച്ച് 11ന് കമീഷൻ പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിൽ അദാലത്ത് നടത്തി. കമീഷൻ വിശദമായ അന്വേഷണം നടത്തി. നഞ്ചനും കന്തസാമിയും ബോയനും ഒരാളാണെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നുമില്ലെന്നും കമീഷൻ അന്വേഷണത്തിൽ കണ്ടെത്തി. പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ മാരിമുത്തു അട്ടപ്പാടി താലൂക്ക് പരിധിയിൽ താമസിക്കുന്ന ആളല്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പേര് ഇബ്രാഹിം എന്നാണെന്ന് കമീഷന് അഗളി തഹസിൽദാർ റിപ്പോർട്ട് നൽകി. നാഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത് കന്തസാമി ബോയന്റെ മകന്റെ വേഷം കെട്ടി ഭൂമി വിൽപന നടത്തിയ ആളാണ് മാരിമുത്തുവെന്ന് അറിയാതെയാണ് കമീഷൻ ഈ കേസിൽ ഉത്തരവിട്ടത്.
കെ.വി. മാത്യുവിന്റെ സാങ്കൽപിക ഭൂമി
മാരിമുത്തുവിന് നികുതി രസീത് നൽകിയിട്ടില്ലെന്ന് അഗളി വില്ലേജ് ഓഫിസർ ഉഷാകുമാരി 2020 ജൂൺ 24ന് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ നൽകിയ മൊഴിയാണ് ഭൂമി കൈമാറ്റ ചരിത്രത്തിലെ വഴിത്തിരിവായത്. അതുവരെ കന്തസാമി ബോയന്റെ കൈയിൽനിന്ന് കെ.വി. മാത്യുവിലേക്ക് ഭൂമി എത്തിയത് എങ്ങനെയെന്ന് റവന്യൂവകുപ്പ് പരിശോധിച്ചിരുന്നില്ല. അല്ലെങ്കിൽ അത് മറച്ചുപിടിക്കേണ്ടത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ താൽപര്യമായിരുന്നു. ആ താൽപര്യം നിയമസഭയിൽ മന്ത്രി കെ. രാജന് നൽകിയ മറുപടിയിലും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പാലക്കാട് കലക്ടർ നൽകിയ റിപ്പോർട്ടിലും കാണാം. റവന്യൂ ഉദ്യോഗസ്ഥർ മാരിമുത്തുവിനെ ഭൂമി കൈമാറ്റ ചിത്രത്തിൽനിന്ന് മാറ്റിനിർത്തിയാണ് എല്ലാ ഫയലും തയാറാക്കിയത്. എന്നാൽ, കെ.വി. മാത്യു പ്രമാണരേഖ തയാറാക്കിയപ്പോൾ അതിൽ മാരിമുത്തു പ്രധാനിയായി.
മന്ത്രി വിട്ടുപോയ ഈ ചരിത്രം കൂടി വായിക്കണം... ''മണ്ണാർക്കാട് മൂപ്പിൽ സ്ഥാനംവക ജന്മവും അവിടെനിന്നും നക്കുപതി കന്തസാമി ബോയൻ വാക്കാൽ പാട്ടത്തിന് വാങ്ങി കൈവശം വെച്ചിരുന്നതും... കന്തസാമിയുടെ മരണശേഷം ഏക അവകാശിയും മകനുമായ മാരിമുത്തുവിന് അവകാശം സിദ്ധിച്ചതുമായ വസ്തു... മാരിമുത്തുവിൽനിന്ന് രണ്ട് ലക്ഷം രൂപക്ക് കെ.വി. മാത്യു തീറ് വാങ്ങാൻ തീരുമാനിച്ചു. അതിൽ1,60,000 കൊടുക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കരാർ എഴുതി മാരിമുത്തുവുമായി ഒപ്പുവെച്ചത് 2009 ഏപ്രിൽ 12നാണ്. എന്നാൽ മാരിമുത്തു കെ.വി. മാത്യുവിനെ ചതിച്ചു. കരാർ പ്രകാരം തീറാധാരം നടത്തിക്കൊടുക്കാൻ മാരിമുത്തു വീഴ്ചവരുത്തി ( ഈ കഥ അവർ തമ്മിൽ നടത്തിയ ഒത്തുതീർപ്പാണോ എന്നറിയില്ല). അതോടെ മാരിമുത്തുവിനെ പ്രതിയാക്കി കെ.വി. മാത്യു തീറാധാരം എഴുതിക്കിട്ടാൻ ഒറ്റപ്പാലം സബ് കോടതിയിൽ (ഒ.എസ് 21) ഹരജി നൽകുന്നു.
ഈ കേസിൽ ഭൂമിയുടെ അവകാശികളായ നാഗമൂപ്പനോ നാഞ്ചിയമ്മയുടെ കുടുംബത്തിനോ ബന്ധമില്ല. കാരണം അവർ ഇങ്ങനെയൊരു വ്യവഹാരം കോടതിയിൽ നടക്കുന്നതായി അറിഞ്ഞിട്ടില്ല. മാരിമുത്തു ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെന്ന വിവരം അവർക്കറിയില്ല. മാത്യുവിന്റെ ഈ ഭൂമി കച്ചവടത്തിൽ നാഞ്ചിയമ്മയുടെ കുടുംബം വാദിയോ പ്രതിയോ അല്ല. നാഗമൂപ്പനിൽനിന്ന് കന്തസാമി ഭൂമി തട്ടിയെടുത്ത സംഭവവും ചിത്രത്തിലില്ല. കെ.വി. മാത്യുവിന്റെ ദുഷ്ടബുദ്ധിയായിരിക്കാം ഇവിടെ പ്രവർത്തിച്ചത്. അതിന് അദ്ദേഹം ആവിഷ്കരിച്ച പദ്ധതിയായിരിക്കാം വിജയം കണ്ടത്. വില്ലേജ് ഓഫിസർ ഭൂമി കാണുകയോ അളന്ന് തിട്ടപ്പെടുത്തുകയോ ചെയ്തില്ല. കോടതിയെ ഭംഗിയായി കബളിപ്പിക്കാൻ ഈ കേസിൽ കെ.വി. മാത്യുവിന് കഴിഞ്ഞു.
കേസിൽ 2010 ഫെബ്രുവരിയിൽ കോടതി വിധി പ്രസ്താവിച്ചു. 2011 മാർച്ച് 25ന് ബാക്കി തുക കെട്ടിവെച്ച് തീറാധാരം തയാറാക്കുന്നതിന് വിധിയുണ്ടായെന്നാണ് പ്രമാണത്തിൽ രേഖപ്പെടുത്തിയത് (പേജ് -05 എ. ശങ്കരൻ നായർ ബി.എ, എൽഎൽ.എം ആണ് ഒപ്പിട്ടിരിക്കുന്നത്). ബാക്കി തുകയായ 40,000 രൂപ കൂടി മാരിമുത്തുവിന് കൊടുത്തു. ക്രയവിക്രയ സ്വാതന്ത്ര്യം അടക്കം കെ.വി. മാത്യുവിന് നൽകിയാണ് പ്രമാണം ചമച്ചത്. മാരിമുത്തുവിന് ഈ ഭൂമിയിൽ ഒരു അവകാശവും ഉണ്ടായിരിക്കില്ലെന്നും കുറിച്ചു. ഈ രേഖയിൽ സാക്ഷിയായി ഒപ്പ് ചാർത്തിയതിൽ ഒരാൾ നിരപ്പത്ത് ജോസഫ് കുര്യനാണ്. മറ്റൊരാൾ സി.പി. ജോസാണ്.
പെട്രോൾ പമ്പിന് അനുമതിയുമായി ജോസഫ് കുര്യൻ
നാഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പാലക്കാട് ജില്ല മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ചുവെന്ന വിവരം ജോസഫ് കുര്യൻ നേരിട്ടാണ് 'മാധ്യമ'ത്തെ അറിയിച്ചത്. ഭൂമി അന്യാധീനപ്പെട്ടുവെന്ന് കാണിച്ച് നാഗൻ (നാഞ്ചിയമ്മയുടെ ഭർത്താവിന്റെ അച്ഛൻ) നൽകിയ പരാതി ഒറ്റപ്പാലം സബ് കലക്ടർ തള്ളിയെന്നും ജോസഫ് കുര്യൻ പറഞ്ഞു. 1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമപ്രകാരം 1986 ജനുവരി 24നു ശേഷം കൈമാറ്റം ചെയ്ത രണ്ട് ഹെക്ടറിൽ കുറവുള്ള ഭൂമി കൈവശം നിലനിർത്താമെന്ന വ്യവസ്ഥ ചൂണ്ടിക്കാണിച്ച് അഗളി വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അങ്ങനെ അനുകൂല ഉത്തരവ് ലഭിച്ചുവെന്നാണ് ജോസഫ് കുര്യന്റെ വാദം.
സബ് കലക്ടറുടെ ഉത്തരവിൽ മിച്ചഭൂമിയായി ഏറ്റെടുത്തത് (3.41 ഏക്കർ) കഴിച്ചുള്ള ഈ ഭൂമി (1.40) കൈമാറി വാങ്ങിയവരിൽനിന്ന് ഭൂനികുതി സ്വീകരിക്കുന്നതിനും കൈവശ സർട്ടിഫിക്കറ്റ് നൽകുന്നതിനും അനുമതി ലഭിച്ചു. അതുപ്രകാരമാണ് ഈ ഭൂമിയിൽ പെട്രോളിയം ഉൽപന്നങ്ങൾ സംഭരിച്ചുവെക്കുന്നതിനും വിപണനം ചെയ്യുന്നതിനും സംഭരണ ടാങ്കുകൾ സ്ഥാപിക്കുന്നതിനും അപേക്ഷ നൽകിയത്. അതിന് നിരാക്ഷേപ പത്രം അനുവദിക്കണമെന്ന് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) മാനേജർ ആവശ്യപ്പെട്ടു. മണ്ണാർക്കാട് തഹസിൽദാർ, ജില്ല പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഓഫിസർ, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെല്ലാം ഈ ഭൂമിയിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തടസ്സമില്ലെന്ന് റിപ്പോർട്ട് നൽകി.
അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അനുകൂലമായി റിപ്പോർട്ട് നൽകി. ഈ സ്ഥലത്ത് കൂടി കടന്നുപോകുന്ന 33 കെ.വി വൈദ്യുതി ലൈൻ ഒഴിവാക്കണമെന്ന് തഹസിൽദാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ സ്ഥലത്ത് നിലവിലുള്ള കേസ് ഒറ്റപ്പാലം സബ് കലക്ടർ ജോസഫിന് അനുകൂലമായി ഉത്തരവിന്റെ പകർപ്പും തഹസിൽദാർ സമർപ്പിച്ചു. ഭൂമി സംബന്ധിച്ച കേസിൽ അപ്പീൽ നിലനിൽക്കുന്നുണ്ടെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ റിപ്പോർട്ടു ചെയ്തു. നാഗനിൽനിന്ന് ഭൂമി വാങ്ങിയത് കന്തസാമി ബോയൻ ആണ്. പിന്നീട് കെ.വി. മാത്യു വാങ്ങി. അവസാനമാണ് ഈ ഭൂമി ജോസഫ് കുര്യൻ തീറ് വാങ്ങിയത്. ഈ സ്ഥലത്തിനെതിരെ ഫയൽചെയ്ത അപ്പീൽ സ്ഥല ഉടമക്കോ ഡീലർക്കോ അതുമൂലം കമ്പനിക്കോ എതിരാകുന്നപക്ഷം പൂർണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കുമെന്ന് ജോസഫ് കുര്യൻ 2022 ഫെബ്രുവരി 17ന് സത്യവാങ്മൂലം നൽകി.
സംസ്ഥാന മലിനീകരണ ബോർഡും അനുമതിപത്രം നൽകി. വിവിധ വകുപ്പുകളുടെ നിരാക്ഷേപ പത്രം ഹാജരാക്കിയതിനാൽ ടി.എൽ.എ ഹരജിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും എന്ന വ്യവസ്ഥയോടെയാണ് പാലക്കാട് ജില്ല മജിസ്ട്രേറ്റ് അനുമതി നൽകിയത്. എന്നാൽ, ഭൂമി തന്റെ കൈവശമാണെന്നും നാഞ്ചിയമ്മ ഭൂമിക്കുമേൽ അവകാശം ഉന്നയിച്ചിട്ടില്ലെന്നും ജോസഫ് കുര്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. നാഞ്ചിയമ്മയുടെ ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, സബ് കലക്ടറുടെ ഉത്തരവിനെതിരെ നാഗന്റെ അവകാശികൾ പാലക്കാട് കലക്ടർക്ക് സമർപ്പിച്ച അപ്പീൽ ഹരജിമേൽ നടപടികൾ തുടരുകയാണെന്നാണ് നിയമസഭയിൽ മന്ത്രി കെ. രാജൻ അറിയിച്ചത്. നിയമസഭയിൽനിന്ന് ഇക്കാര്യവും മറച്ചുവെച്ചു.
റവന്യൂ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് ആര്?
നാഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ നിയമസഭാ മറുപടി വ്യക്തമാക്കുന്നത്. ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച ജോസഫ് കുര്യന് ഈ ഭൂമിയിൽ പെട്രോൾ പമ്പ് നടത്തുന്നതിന് അനുകൂലമായി മണ്ണാർക്കാട് തഹസിൽദാർ, പാലക്കാട് ജില്ല പൊലീസ് മേധാവി, റീജനൽ ഓഫിസർ, പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ സർവിസസ്, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ റിപ്പോർട്ട് നൽകിയെന്ന കാര്യം നിയമസഭയെ അറിയിച്ചില്ല.
ഭൂമി സംബന്ധിച്ച ടി.എൽ.എ കേസിൽ ഒറ്റപ്പാലം സബ് കലക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവ് പ്രകാരം 1.40 ഏക്കർ ഭൂമി ലഭിച്ചത് കന്തസാമി ബോയന്റെ അവകാശികൾക്കാണ്. എന്നാൽ, രേഖകൾപ്രകാരം ഇതേ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് ജോസഫ് കുര്യന് ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് റീജനൽ ഓഫിസർ 2019 ഡിസംബർ 15ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സബ് കലക്ടറുടെ ഉത്തരവിന് ഏകദേശം രണ്ടരമാസം മുമ്പാണിത്. ജില്ല പൊലീസ് മേധാവി 2020 ഫെബ്രുവരി രണ്ടിനാണ് റിപ്പോർട്ട് നൽകിയത്; സബ് കലക്ടറുടെ ഉത്തരവിന് ഏതാണ്ട് 26 ദിവസം മുമ്പ്.
സബ് കലക്ടർ ഉത്തരവ് നൽകി 12ാം ദിവസം മണ്ണാർക്കാട് തഹസിൽദാർ (2020 മാർച്ച് 12ന്) പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. ഒറ്റപ്പാലം സബ് കലക്ടർ ജോസഫിന് അനുകൂലമായി ഉത്തരവായതിന്റെ പകർപ്പ് സഹിതം റിപ്പോർട്ട് നൽകിയെന്നാണ് രേഖ. അഗളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം സെക്രട്ടറി 2021 ഒക്ടോബർ ഒന്നിന് റിപ്പോർട്ട് നൽകിയപ്പോൾ ടി.
എൽ.എ കേസിൽ അപ്പീലുള്ള സ്ഥലമാണെന്ന് രേഖപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം സർക്കാർ നിർദേശം അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരാക്ഷേപ പത്രം അനുവദിക്കാൻ ആദ്യം തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽനിന്ന് 2021 ആഗസ്റ്റ് അഞ്ചിന് ഉത്തരവ് സമ്പാദിച്ചു. തുടർന്ന് 2021 ഒക്ടോബർ ഏഴിന് കത്ത് നൽകി. 2021 നവംബർ 10ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2026 നവംബർ ഒമ്പതുവരെയുള്ള അനുമതി പത്രമാണ് നൽകിയത്. ഇത്രയും അനുമതി പത്രങ്ങളുടെ, റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് അഡീഷനൽ ജില്ല മജിസ്ട്രേറ്റിൽനിന്ന് 2022 ജൂലൈ ഏഴിന് ജോസഫ് കുര്യൻ ഉത്തരവ് നേടിയത്. പെട്രോൾ പമ്പിന് നിലമൊരുക്കാൻ തയാറെടുക്കുമ്പോഴാണ് ജൂലൈ 22ന് നാഞ്ചിയമ്മക്ക് ദേശീയ അവാർഡ് ലഭിച്ചത്. ടി.എൽ.എ കേസിലെ അപ്പീൽ നിലനിൽക്കവേ എങ്ങനെയാണ് എല്ലാ ഓഫിസുകളിൽനിന്നും അനുമതിപത്രം ലഭിച്ചതെന്നത് ആശ്ചര്യകരമാണ്. നിയമസഭയിൽനിന്ന് ഇതെല്ലാം മറച്ചുപിടിക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.
അവാർഡ് കിട്ടി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഭൂമിയിലെ കാടു വെട്ടിത്തെളിക്കാൻ ജോസഫ് കുര്യൻ എത്തി. ഊരിലെ സ്ത്രീകൾ എതിർക്കാൻ എത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ജോസഫ് കുര്യൻ അട്ടപ്പാടിയിൽ പലയിടത്തും ഭൂമി കൈയേറ്റം നടത്തിയെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർക്കും റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനും പരാതി അയച്ചു. അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി വൻ തട്ടിപ്പ് നടത്തിയതിനെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം. സുകുമാരനാണ് പരാതി നൽകിയത്.
കാറ്റാടി കമ്പനി നല്ലശിങ്കയിൽ വൻതോതിൽ ആദിവാസി ഭൂമി കൈയേറിയപ്പോഴും സർക്കാറിന് പരാതി നൽകിയത് സുകുമാരനാണ്. പരാതിയിൽ മുൻ ചീഫ് സെക്രട്ടറിയാണ് അന്വേഷണം നടത്തിയത്. 'അഹാർഡ്സി'ലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവ് കുപ്പത്തൊട്ടിയിലായി. അന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അട്ടപ്പാടിയിൽനിന്ന് പങ്കെടുത്തത് സുകുമാരനായിരുന്നു. ആദിവാസികൾക്കൊപ്പം നിൽക്കുന്ന സുകുമാരനെയാണ് നാഞ്ചിയമ്മ ഭൂമി കേസ് ഏൽപിച്ചത്. കാരണം, ജോസഫ് കുര്യൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നാഞ്ചിയമ്മയുടെ ബന്ധുക്കളോടൊപ്പം സുകുമാരനെ എതിർകക്ഷിയായി ചേർത്തിരുന്നു. അട്ടപ്പാടിയിൽ എൺപതിലധികം വ്യാജ ആധാരങ്ങളിലൂടെ ആദിവാസി ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അഗളി വില്ലേജിലെ നെല്ലിപതി സ്വദേശി നിരപ്പത്ത് ജോസഫ് കുര്യൻ 20 ഏക്കർ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതിന്റെ തെളിവുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഗളി മുൻ വില്ലേജ് ഓഫിസർക്കും അട്ടപ്പാടി തഹസിൽദാർക്കും നേരിട്ട് അറിവുണ്ടായിട്ടും ഭൂമി തട്ടിപ്പിനെതിരെ ഇരുവരും നടപടി സ്വീകരിച്ചിട്ടില്ല. ഫലത്തിൽ റവന്യൂ ഉദ്യോഗസ്ഥർ ഭൂമി കൈയേറ്റക്കാരെ സഹായിക്കുകയാണ്. നാഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ ടി.എൽ.എ കേസ് നിലവിലുണ്ടായിരുന്നിട്ടും കെ.വി. മാത്യുവും ജോസഫ് കുര്യനും രേഖകളുണ്ടാക്കി. അഗളി വില്ലേജിൽ നായക്കൻ പാടിയിൽ ജി.പി. ശെൽവരാജിൽനിന്നും രജിസ്ട്രേഷൻ വഴി 20 ഏക്കറോളം ഭൂമിയും ജോസഫ് കുര്യൻ സ്വന്തമാക്കി. അട്ടപ്പാടിയിലെ മറ്റ് വില്ലേജുകളിലും സമാനരീതിയിൽ വ്യാജരേഖയുണ്ടാക്കി ഭൂമി ജോസഫ് കുര്യൻ സ്വന്തമാക്കിയെന്നാണ് ആരോപണം.
ശെൽവരാജിന് ലാൻഡ് ബോർഡ് അനുവദിച്ചത് വ്യക്തിയെന്ന നിലയിൽ ഏഴര ഏക്കർ ഭൂമിയാണ്. അയാൾക്ക് 13 ഏക്കർ ഭൂമിയുണ്ടെന്നാണ് ലാൻഡ് ബോർഡിൽ നൽകിയ രേഖ. ബാക്കിയുള്ള അഞ്ചര ഏക്കർ മിച്ചഭൂമിയായി റവന്യൂ വകുപ്പ് ഏറ്റെടുത്ത് അഞ്ച് ആദിവാസികൾക്ക് വിതരണം ചെയ്തതാണ്. ആ ഭൂമിക്ക് നികുതി അടച്ചുകിട്ടാനാണ് ഹൈകോടതിയിൽ ജോസഫ് കുര്യൻ പരാതി നൽകിയത്. വില്ലേജ് ഓഫിസർമാരെയും തഹസിൽദാറെയും സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുകളും രേഖകളും തയാറാക്കിയാണ് കുര്യൻ ഹൈകോടതിയെ സമീപിക്കുന്നത്. അങ്ങനെ കോടതിയിൽ നൽകിയ രണ്ട് കേസുകളും പരാതിയിൽ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. കോടതിയിൽനിന്ന് അനുകൂല ഉത്തരവുമായി പൊലീസിനെ സമീപിക്കും. പൊലീസ് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാവും. അതുവഴി ഏക്കർകണക്കിന് ഭൂമിയിൽ കൈയേറ്റം നടത്തി മറിച്ചുവിറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. അട്ടപ്പാടിയിൽ 80ലധികം ആധാരങ്ങളിലായി ഒരാളുടെ പേരിൽ ക്രയവിക്രയം നടന്നുവെന്നാണ് അറിവ്.
ഭൂമി കൈമാറ്റത്തെ തടഞ്ഞ് ആർ.ഡി.ഒ
1995 ഒക്ടോബർ 11ന് ആർ.ഡി.ഒയുടെ ഉത്തരവിലൂടെ നാഗമൂപ്പന് ഭൂമി തിരിച്ചുകിട്ടിയിരുന്നു. തുടർന്ന് നാഞ്ചിയമ്മയുടെ കുടുംബം ഭൂമിയിൽ കാവൽചാള നിർമിച്ച് കൃഷി ചെയ്തു. എന്നാൽ, 2007 ജൂലൈ 19ന് ഈ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് അഗളി വില്ലേജ് ഓഫിസർ നാഗമൂപ്പന്റെ മകൻ നഞ്ചന് കത്ത് നൽകി.
കാരണം, മിച്ചഭൂമിയായി താലൂക്ക് ലാൻഡ് ബോർഡ് കന്തസാമിയിൽനിന്ന് ഏറ്റെടുത്ത ഭൂമിയാണത്. ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് കുടിൽകെട്ടി കൃഷിപ്പണികൾ ചെയ്യുന്നുവെന്നു കാണിച്ച് നഞ്ചനും കുടുംബവും കുടിയൊഴിയണമെന്ന് നോട്ടിസ് നൽകി. നാഞ്ചിയമ്മയുടെ കുടുംബം ഒഴിഞ്ഞുപോയില്ല. ഈ നോട്ടീസ് വ്യക്തമാക്കുന്നത് ഭൂമി നാഞ്ചിയമ്മയുടെ കുടുംബത്തിന്റെ കൈവശത്തിലെന്നാണ്. അതാണ് അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കം.
നാഞ്ചിയമ്മയുടെ കുടുംബഭൂമി കൈമാറ്റം ചെയ്യുന്നതിനെ ഒറ്റപ്പാലം ആർ.ഡി.ഒ 2014ൽ തടഞ്ഞിരുന്നു. നാഗന്റെ നാലേക്കർ ഭൂമിയിൽ അനധികൃത കൈമാറ്റവും നിർമാണവും നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ ഉത്തരവിറക്കിയത്. 1999ലെ പട്ടികവർഗ ഭൂമി (കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും) നിയമപ്രകാരമാണ് കേസ് എടുത്തത്. ആ കേസ് തീർപ്പാകുന്നതുവരെ ഈ ഭൂമിയിൽ നിർമാണം അനുവദിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഭൂമി കൈമാറാൻ വഴിയൊരുക്കുന്ന രീതിയിൽ നികുതി സ്വീകരിക്കുകയോ കൈവശം അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അഗളി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസർക്കും ഉത്തരവിന്റെ പകർപ്പ് അയച്ചു. ഈ ഉത്തരവ് നിലനിൽക്കവേയാണ് 2017ൽ കെ.വി. മാത്യുവിന് ഭൂമി വിൽപന നടത്തിയത്. അതിന് രജിസ്ട്രേഷൻ ഓഫിസിൽ ഹാജരാക്കാൻ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസർ നൽകി. തുടർന്നാണ് ജോസഫ് കുര്യന് 50 സെന്റ് വിൽപന നടത്തിയത്.
അഗളി വില്ലേജ് ഓഫിസർ 2017 ഡിസംബറിൽ സബ് രജിസ്ട്രാർക്ക് ഭൂമി രജിസ്ട്രേഷന് കൈവശരേഖ നൽകുന്നത് സംബന്ധിച്ച് നൽകിയ കത്ത് അതിനേക്കാൾ രസകരമാണ്. വില്ലേജ് രേഖകൾ പ്രകാരം സ്ഥലപരിശോധന നടത്തി. അഗളി എസ്.ആർ.ഒയിലെ പട്ടയഭാഗപത്രം ജന്മംതീറാധാര പ്രകാരം 1.40 ഏക്കർ ഭൂമി കല്ലുവേലിൽ കെ.വി. മാത്യുവിന് ലഭിച്ചു. ഭൂമി മാത്യു കൈവശം വെച്ച് കരമൊടുക്കി വരുന്നതാണ്. വില്ലേജ് രേഖകൾ പരിശോധിച്ചതിൽ ഈ വസ്തു ആദിവാസി ഭൂമി, വനഭൂമി, മിച്ചഭൂമി, സർക്കാർ പുറമ്പോക്ക് എന്നിവയിൽ ഉൾപ്പെട്ടതല്ലെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് എഴുതി. ആർ.ഡി.ഒയുടെ നിർദേശം ലംഘിച്ചാണ് ടി.എൽ.എ കേസിൽ ഉൾപ്പെട്ട് സ്ഥലം ആദിവാസി ഭൂമിയല്ലെന്ന് കത്ത് നൽകിയത്.
മാരിമുത്തുവിനെ ഹാജരാക്കണമെന്ന് കലക്ടർ
നാഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുത്ത കേസിൽ മാരിമുത്തുവിനെ ഹാജരാക്കണമെന്ന് പാലക്കാട് കലക്ടറുടെ നിർദേശം. നാഞ്ചിയമ്മ അടക്കമുള്ള ഭൂമിയുടെ അവകാശികൾ നൽകിയ അപ്പീലിൽ 2022 ആഗസ്റ്റ് 10ന് കലക്ടർ ആദ്യ ഹിയറിങ് നടത്തി. കന്തസാമി ബോയനിൽനിന്ന് ഭൂമി ലഭിച്ചുവെന്ന് അവകാശപ്പെടുന്നത് മാരിമുത്തുവാണ്.
ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് കൈയേറ്റക്കാർ ചെയ്തത്. ആദിവാസികൾക്ക് നിയമത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ അതിനെ ചോദ്യംചെയ്യാൻ കഴിഞ്ഞില്ല. ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് പ്രകാരമാണ് കന്തസാമിയുടെ അവകാശികൾക്കാണ് (1999ലെ നിയമപ്രകാരം) ഭൂമി അനുവദിച്ചത്.
ടി.എൽ.എ കേസുമായി ബന്ധപ്പെട്ട ഭൂമി തട്ടിയെടുക്കാൻ ഈ കേസിലെ ഭൂമാഫിയ സംഘം മാരിമുത്തുവിനെ അവതരിപ്പിച്ചതാണോ? നിയമപ്രകാരം ഈ ഭൂമിയിൽ അവകാശമില്ലാത്ത മാരിമുത്തുവിനെ ഉപയോഗിച്ച് മാഫിയകൾ നടത്തിയത് ആൾമാറാട്ടമാണോ?
അട്ടപ്പാടിയിലെ റവന്യൂ-പട്ടികവർഗ-ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥരിലേറെേപ്പരും ഭൂമാഫിയ സംഘത്തിന്റെ നല്ല സേവകരാണ്. 2014 ജൂൺ മൂന്നിന് തർക്കഭൂമി കൈമാറ്റം സാധ്യമാകുന്ന രീതിയിൽ നികുതി സ്വീകരിക്കുകയോ കൈവശം അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സബ് കലക്ടറുടെ കാര്യാലയത്തിൽനിന്ന് അഗളി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, അതിന്റെ പകർപ്പ് ഫയൽ കാണാനില്ല. ആ ഉത്തരവിന്റെ പകർപ്പ് നശിപ്പിച്ചത് ആർക്കുവേണ്ടിയാണ്? ആദിവാസികൾ ഒരിക്കലും ഉത്തരവ് സൂക്ഷിക്കില്ലെന്ന് ഉദ്യോഗസ്ഥർ വിചാരിച്ചു. അതിന്റെ പകർപ്പ് ആദിവാസികൾ സൂക്ഷിച്ചുവെച്ചതാണ് തിരിച്ചടിയായത്. ഫയലിൽനിന്ന് അത് അപ്രത്യക്ഷമായതിനെ ലളിതമായി കാണാനാവില്ല.
നാഗമൂപ്പന് കുമരപ്പൻ, നഞ്ചൻ, മണിയൻ എന്നീ മൂന്ന് മക്കളുണ്ടായിരുന്നു. ആണുങ്ങൾ മൂന്നുപേരും മരിച്ചു. കുമരപ്പന്റെ മകൾ വസന്ത, നഞ്ചന്റെ ഭാര്യ നാഞ്ചിയമ്മ, മണിയന്റെ ഭാര്യ മരുതി എന്നിവരാണ് ഭൂമിക്കുവേണ്ടി കലക്ടറെ സമീപിച്ചത്. അഡ്വ. ദിനേശ് അവർക്കുവേണ്ടി ഹാജരായി. അട്ടപ്പാടിയിലെ എം. സുകുമാരൻ തങ്ങൾക്കുവേണ്ടി ഹാജരായി വിവരങ്ങൾ സംസാരിക്കുമെന്നും അവർ കത്ത് നൽകി.
കൈയേറ്റം തുടർക്കഥയാവുമ്പോൾ
അട്ടപ്പാടിയിലെ ആദിവാസി ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തുച്ഛമായ വിലക്ക് തട്ടിയെടുക്കുന്നതിൽ എല്ലാവരുമുണ്ട്. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ വിദ്യാധിരാജ വിദ്യാസമാജം ട്രസ്റ്റ് വട്ടിലക്കിയിൽ 55 ഏക്കർ കൈവശംവെച്ചിരിക്കുന്നു. അതിൽ ആദിവാസി ഭൂമിയുണ്ടെന്ന് വില്ലേജ് രേഖകൾ വ്യക്തമാക്കുന്നു. മരപ്പാലത്ത് ആദിവാസി ആറ് ഏക്കർ ഭൂമി കൈയേറിയത് ഒറ്റപ്പാലം സ്വദേശി രാമൻകുട്ടി വാര്യരാണ്. കൈയേറ്റം വാർത്തയായപ്പോൾ വില്ലേജ് ഓഫിസർ പറഞ്ഞത് വിവരം അറിഞ്ഞില്ലെന്നാണ്. ആദിവാസികളും കൈയേറ്റക്കാരുമായി നേരത്തേ ചർച്ച നടത്തിയത് വില്ലേജ് ഓഫിസറാണ്. രാമൻകുട്ടി വാര്യർ ഊരിൽ നേരിട്ട് ചെന്ന് ആദിവാസികളെ ഭീഷണിപ്പെടുത്തി. വില്ലേജ് ഓഫിസർ പിന്നാലെ ചെന്ന് വീണ്ടും ഭീഷണി മുഴക്കി. 1986ന് മുമ്പ് കൈമാറ്റം ചെയ്ത ആദിവാസി ഭൂമിയാണെന്ന് വില്ലേജ് ഓഫിസർ വാദിക്കുന്നു. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാലും വില്ലേജ് ഓഫിസർക്ക് 1999ലെ നിയമപ്രകാരം തീർപ്പുകൽപിക്കാൻ അധികാരമില്ല.
ഭൂമി കൈമാറ്റത്തിന്റെ നാൾവഴി
◆ 1962ൽ നാഗമൂപ്പനിൽ (നാഞ്ചിയമ്മയുടെ ഭർത്താവിന്റെ അച്ഛൻ) നിന്ന് കന്തസാമി 4.81 ഏക്കർ ഭൂമി തട്ടിയെടുത്തു.
◆ 1975ലെ നിയമം നിലവിൽ വന്നപ്പോൾ ഭൂമി തട്ടിയെടുത്തതാണെന്ന് ആർ.ഡി.ഒക്ക് 1987ൽ പരാതി നൽകി.
◆ 1995 ഒക്ടോബർ 11ന് 1962ലെ കന്തസാമിയുടെ ആധാരം ആർ.ഡി.ഒ തള്ളി.
◆ 1970 ലെ ഭൂപരിഷ്കരണ നിയമപ്രകാരം കന്തസാമിയുടെ 3.41 ഏക്കർ താലൂക്ക് ബോർഡ് 1987ൽ മിച്ചഭൂമിയായി പ്രഖ്യാപിച്ചു.
◆ 1999ലെ ആദിവാസി നിയമം നാഗമൂപ്പന് തിരിച്ചടിയായി. ഭൂമി ടി.
എൽ.എ കേസിലായി ഒറ്റപ്പാലം ആർ.ഡി.ഒ അന്യാധീനപ്പെട്ടത് അഞ്ചേക്കറിൽ താഴെയാണെന്ന് മാത്രം ചൂണ്ടിക്കാട്ടി കന്തസാമിയുടെ അവകാശികൾക്ക് അനുകൂലമായി വിധിച്ചു.
◆ താലൂക്ക് ലാൻഡ് ബോർഡിന്റെ നിർദേശപ്രകാരം അഗളി വില്ലേജ് ഓഫിസർ 2007 ജൂലൈ 10ന് നഞ്ചന് (നാഞ്ചിയമ്മയുടെ ഭർത്താവ്) മിച്ചഭൂമിയിൽനിന്ന് കുടിയൊഴിയണമെന്ന് നോട്ടിസ് നൽകി.
◆ 2014 ജൂൺ മൂന്നിന് ഈ ഭൂമി കൈമാറ്റം സാധ്യമാക്കുന്ന രീതിയിൽ നികുതി സ്വീകരിക്കരുതെന്ന് അഗളി വില്ലേജ് ഓഫിസർക്ക് ഒറ്റപ്പാലം ആർ.ഡി.ഒ നിർദേശം നൽകി.
◆ ഇതിനിടയിൽ 1.40 ഏക്കർ ഭൂമിക്ക് (ലാൻഡ് ബോർഡ് ഏറ്റെടുത്തത് ഒഴികെ) മാരിമുത്തു നികുതിരസീത് വ്യാജമായി നിർമിച്ചു.
◆ കെ.വി. മാത്യു 1.40 ഏക്കർ രണ്ട് ലക്ഷം രൂപക്ക് തീരാധാരം നൽകാൻ മാരിമുത്തുവുമായി കരാർ ഉറപ്പിച്ചു.
◆ തുടർന്ന് മാരിമുത്തു കരാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെ.വി. മാത്യു കോടതിയെ സമീപിച്ചു.
◆ കോടതിയിൽ കന്തസാമിയുടെ ഏകമകനാണ് മാരിമുത്തുവെന്ന് വാദിച്ചു. അതോടെ മാത്യുവിന് അനുകൂലമായി കോടതിവിധി ഉണ്ടായി.
◆ അഗളി വില്ലേജ് ഓഫിസർ ഉഷാകുമാരി നികുതിരസീത് നൽകി
യിട്ടില്ലെന്ന് 2020 ജൂൺ 24ന് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ മൊഴി നൽകി.
◆ കന്തസാമിയുടെ മകനാണെന്ന് സ്ഥാപിക്കാൻ മാരിമുത്തു പട്ടികജാതി -ഗോത്ര കമീഷനെ സമീപിച്ചു.
◆ പട്ടികജാതി ഗോത്ര കമീഷൻ മാരിമുത്തു മലപ്പുറം സ്വദേശി ഇബ്രാഹിം ആണെന്ന് കണ്ടെത്തി.
◆ കെ.വി. മാത്യു തയാറാക്കിയ കരാറിലെ സാക്ഷിയായ ജോസഫ് കുര്യന് 50 സെന്റ് കൈമാറി.◆ 2022 ജൂലൈ ഏഴിന് ജോസഫ് കുര്യൻ പെട്രോൾ പമ്പിനുള്ള അനുമതി വാങ്ങി.
മണ്ണിനുവേണ്ടി പോരാടും -നാഞ്ചിയമ്മ
നമ്മുടെ മണ്ണിനുവേണ്ടി പോരാടും. ഭൂമി വിട്ടുനൽകിയാൽ നമ്മുടെ പേരക്കുട്ടികൾക്ക് എവിടെ ഭൂമി? നമ്മൾ നമ്മുടെ മണ്ണിനുവേണ്ടി പോരാടും. അട്ടപ്പാടിയിൽ കുറെ ഭൂമിയൊക്കെ തട്ടിയെടുത്തിട്ടുണ്ട്. വരുന്നവരൊക്കെ ഇനി ഭൂമി തട്ടിയെടുത്താൽ നമ്മൾതന്നെ തിരിച്ചുപിടിക്കും. ചാനലിൽ നമ്മൾ പറയുന്ന കാര്യങ്ങളൊക്കെ വന്നു. ''നിന്റെ ഭൂമി നിനക്ക്'' എന്നു പറഞ്ഞാണ് ആർ.ഡി.ഒ കടലാസ് തന്നത്. അട്ടപ്പാടിയിലെ ആദിവാസികൾ ഇനി ആർക്കും ഭൂമി വിട്ടുകൊടുക്കില്ല. ഊരുകളിൽ മൊത്തം പേരക്കുട്ടികളാണ്. അവർക്ക് ഭൂമി വേണം. കൃഷിചെയ്ത് നമ്മുടെ ഭൂമിയിൽ ജീവിക്കണം.
ആൺതുണയില്ലാത്ത ഊരാണിത്. നിങ്ങൾ മാധ്യമങ്ങൾ നമ്മളോടൊപ്പം നിൽക്കണം. നിങ്ങൾ വിളിക്കുന്ന സ്ഥലത്ത് നമ്മളുണ്ടാവും. നമ്മൾ സ്ത്രീകൾ വസന്ത, പുഷ്പ, പൊന്നി, മീന എല്ലാവരും ഒന്നിച്ചാണ് ഭൂമിയിലേക്കു പോയത്. പാലക്കാട് കലക്ടറുടെ കൈയിൽ ഭൂമിയുടെ കേസുണ്ട്. നമ്മൾ മരിച്ചാലും ഭൂമി വിട്ടുകൊടുക്കില്ല. നമ്മൾ പേടിക്കൂല. നല്ല അടിപൊളി ഭൂമിയാണ്. ടൗണിൽ നാലേക്കറാണ്. വിത്തിട്ട് കൃഷി ചെയ്യാറുണ്ട്. നമ്മൾ ഇനി പാടുന്നത് ഭൂമിക്കുവേണ്ടിയുള്ള പാട്ടുകളാവും. അട്ടപ്പാടിയിൽ ആദിവാസി മക്കൾക്ക് നഷ്ടപ്പെട്ട ജീവിതത്തിന്റെ പാട്ടുകൾ.