നീതിയുടെ ഇരുളടഞ്ഞ വഴികളിൽ -2
കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത അഡ്വ. റഷീദ് വധം മൂന്നര പതിറ്റാണ്ടിനുശേഷം പുനർവായിക്കുന്നു. മൂന്നര പതിറ്റാണ്ട് മുമ്പ് ബാംഗ്ലൂരിൽ എന്താണ് സംഭവിച്ചത്? ^കഴിഞ്ഞ ലക്കം തുടർച്ച.
അടുത്ത ദിവസം സ്വാതന്ത്ര്യദിനം. ശരീരം നുറുങ്ങുന്ന വേദനയിലാണ് റഷീദ്. വിവാഹവാർഷികമാണ് നാളെ. സൗദയുടെ വീട്ടിൽ ഫോണില്ല. അയൽവീട്ടിൽ വിളിച്ച് ഭാര്യ സൗദയെ തേടി. അഞ്ചു മിനിറ്റിനുശേഷം വിളിച്ചപ്പോൾ സൗദ ഫോൺ എടുത്തു. നാളെ വാർഷികത്തിന് എത്താൻ കഴിയാത്തതിലുള്ള വ്യസനമാണ് ആദ്യം പങ്കുവെച്ചത്. പൊലീസിൽനിന്നുണ്ടായ അനുഭവം കനംതൂങ്ങുന്ന ഹൃദയത്തോടെ റഷീദ്...
Your Subscription Supports Independent Journalism
View Plansഅടുത്ത ദിവസം സ്വാതന്ത്ര്യദിനം. ശരീരം നുറുങ്ങുന്ന വേദനയിലാണ് റഷീദ്. വിവാഹവാർഷികമാണ് നാളെ. സൗദയുടെ വീട്ടിൽ ഫോണില്ല. അയൽവീട്ടിൽ വിളിച്ച് ഭാര്യ സൗദയെ തേടി. അഞ്ചു മിനിറ്റിനുശേഷം വിളിച്ചപ്പോൾ സൗദ ഫോൺ എടുത്തു. നാളെ വാർഷികത്തിന് എത്താൻ കഴിയാത്തതിലുള്ള വ്യസനമാണ് ആദ്യം പങ്കുവെച്ചത്. പൊലീസിൽനിന്നുണ്ടായ അനുഭവം കനംതൂങ്ങുന്ന ഹൃദയത്തോടെ റഷീദ് ഭാര്യയോട് വിവരിച്ചു. പക്ഷേ, എത്ര വലിയ ആക്രമണമാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന കാര്യം പൂർണമായും പറഞ്ഞില്ല. വിവരമറിഞ്ഞ സൗദ തകർന്നു. എത്രയും പെട്ടെന്ന് തിരിച്ചുവരാൻ അവർ ഭർത്താവിനോട് കേണപേക്ഷിച്ചു. നിയമം തന്റെ വശത്താണെന്ന് പറഞ്ഞ് ഭാര്യയെ ആശ്വസിപ്പിക്കാൻ റഷീദ് ശ്രമിച്ചു.
ആഗസ്റ്റ് 16ന് ഞായറാഴ്ച ബാംഗ്ലൂർ നഗരം ഉണർന്നത് റഷീദിന്റെ കഥ വായിച്ചുകൊണ്ടായിരുന്നു. 'ഇന്ത്യൻ എക്സ്പ്രസി'ലും 'ഡെക്കാൻ ഹെറാൾഡി'ലും ഒന്നാം പേജിൽ തന്നെ സ്റ്റോറി അടിച്ചുവന്നു. റഷീദിന്റെ അനധികൃത അറസ്റ്റും ജാമ്യവും ഉന്നതർക്ക് അയച്ച ടെലിഗ്രാം സന്ദേശവുമൊക്കെ വാർത്തയിൽ ഇടം നേടി. ആഭ്യന്തര മന്ത്രി ജാലപ്പയുടെ സംഭവത്തിലുള്ള പങ്കാളിത്തം സ്റ്റോറികളിൽ വ്യക്തമായിരുന്നു. രാവിെല, സന്ധ്യ ലോഡ്ജിന് സമീപത്തെ വഴിയോര ചായക്കടയിലിരുന്ന് ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു റഷീദ്. പിന്നിൽനിന്ന് ആരോ കോളറിൽ പിടിച്ചതുപോലെ തോന്നി തിരിഞ്ഞുനോക്കുേമ്പാൾ പൊലീസാണ്. അസി. സബ് ഇൻസ്പെക്ടർ നായരും മറ്റു മൂന്നു പൊലീസുകാരുമുണ്ട്. പ്രതികരിക്കാൻ കഴിയുംമുേമ്പ അവർ റഷീദിനെ പിടികൂടി. ലോഡ്ജിലേക്ക് ബലംപ്രയോഗിച്ച് വലിച്ചിഴച്ചു കൊണ്ടുപോയി. ലോഡ്ജിലെത്തിച്ച് റഷീദിനെ ചെക്ഒൗട്ട് ചെയ്യാൻ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. രാവിലെ 9.30ന് ചെക്ഒൗട്ട് ചെയ്തതായി ലോഡ്ജിലെ ബുക്കിൽ രേഖപ്പെടുത്തി. പ്രതിഷേധിക്കാൻ റഷീദ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വായ പൊലീസുകാർ പൊത്തിപ്പിടിച്ചു. മുറ്റത്ത് കിടന്ന ഒാേട്ടാറിക്ഷയിലേക്ക് റഷീദിനെ അവർ വലിച്ചുകയറ്റി. രണ്ടുപൊലീസുകാർക്കിടയിൽ റഷീദിനെ ഇരുത്തി ഒാേട്ടാറിക്ഷ പാഞ്ഞുപോയി. നായരും മറ്റു പൊലീസുകാരും രാജ്ദൂത് ബൈക്കിൽ ഒാേട്ടായെ പിന്തുടർന്നു. സന്ധ്യ ലോഡ്ജിലെ റിസപ്ഷൻ ജീവനക്കാരായ ഇൗശ്വരപ്പയും സോമയ്യയുമാണ് റഷീദിനെ അവസാനമായി ജീവനോടെ കണ്ടത്. നാളെയാണ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ജാമ്യക്കാരുമായി റഷീദ് ജാമ്യവ്യവസ്ഥ പൂർത്തിയാക്കാൻ ഹാജരാകേണ്ടത്. റഷീദ് എത്തിയില്ല. റഷീദിന് മേൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കപ്പെട്ടു.
കടൈസി വരൈയാരോ?
രണ്ടു ദിവസത്തിനുശേഷം (ചൊവ്വ, ആഗസ്റ്റ് 18) തമിഴ്നാട്ടിലെ സേലത്തിനടുത്തുള്ള ഡാനിഷ്പേട്ടിനും ലോകുറിനും ഇടയിലുള്ള റെയിൽവേ ലൈനിന് സമീപം ഒരു മൃതദേഹം കിടക്കുന്നതായി പ്രദേശവാസിയായ ആട്ടിടയൻ കണ്ടെത്തി. വിവരമറിഞ്ഞ് റെയിൽവേ ഗ്യാങ്മാനായ അർജുനൻ സ്ഥലത്തെത്തി. ട്രാക്കിൽനിന്ന് 15 അടി അകലെ കുറ്റിക്കാട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം. സ്ലേറ്റ് ഗ്രേ ഷർട്ടും പാന്റ്സും ഷൂസും. ഡാനിഷ്പേട്ട് റെയിൽവേ സ്റ്റേഷനിലെ അസി. സ്റ്റേഷൻ മാസ്റ്റർ റെയിൽവേ പൊലീസിനെ അറിയിച്ചെങ്കിലും കൊലപാതകം സംശയിക്കുന്നതിനാൽ ലോക്കൽ പൊലീസിൽ അറിയിക്കാനായിരുന്നു നിർദേശം. ലോക്കൽ പൊലീസ് ഒഴിഞ്ഞുമാറി. മൃതദേഹം ട്രാക്കിന് അടുത്താണെങ്കിൽ റെയിൽവേ പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് അവർ വാദിച്ചു. തർക്കത്തിനിടയിൽ ഒന്നും സംഭവിക്കാതെ ആ ദിനം കടന്നുപോയി. കണ്ടിടത്തു തന്നെ മൃതദേഹം തുടർന്നു. അടുത്തദിവസവും പൊലീസ് വരാതിരുന്നതോടെ അസി. സ്റ്റേഷൻ മാസ്റ്റർ സേലം റെയിൽവേ പൊലീസിന് കമ്പിയടിച്ചു. വേറെ നിവൃത്തിയില്ലാതെ വന്നതോടെ ഇടപെടാൻ റെയിൽവേ പൊലീസ് നിർബന്ധിതരായി. അങ്ങനെ, സബ് ഇൻസ്പെക്ടർ ഉദയ സൂര്യകുമാർ എന്ന പുതുമുഖ ഉദ്യോഗസ്ഥൻ സേലത്തുനിന്ന് ഡാനിഷ്പേട്ടിലേക്ക് തിരിച്ചു. കുമാർ എത്തുേമ്പാഴേക്കും നേരം വൈകി. അടുത്തദിവസം രാവിലെ വിജയകുമാർ എന്നൊരു ഫോേട്ടാഗ്രാഫറുമായി കുമാർ മൃതദേഹത്തിന് അടുത്തെത്തി. മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്ന് കട്ടപിടിച്ച നിലയിലായിരുന്നു മൃതദേഹം. നഖങ്ങൾ കറുത്തിരുന്നു. ദിവസങ്ങളുടെ പഴക്കം ഒറ്റ നോട്ടത്തിൽതന്നെ വ്യക്തം. ജീർണിക്കാൻ തുടങ്ങിയ ശരീരം പോസ്റ്റ്മോർട്ടത്തിനായി ഇവിടെനിന്ന് മാറ്റുന്നത് പ്രായോഗികമല്ലെന്ന് സൂര്യകുമാർ കണക്കുകൂട്ടി. രണ്ടു കോൺസ്റ്റബ്ൾമാരെ കാവലിന് നിർത്തിയശേഷം അയാൾ മടങ്ങി. ഒന്നും നടക്കാതെ മറ്റൊരു ദിവസം കൂടി.
ഓൺസൈറ്റ് പോസ്റ്റ്മോർട്ടത്തിന് ഡോക്ടറെ ആവശ്യപ്പെട്ട് അടുത്തദിവസം (വെള്ളി, 21 ആഗസ്റ്റ്) ഡാനിഷ്പേട്ടിന് സമീപത്തെ ഓമല്ലൂർ സർക്കാർ ആശുപത്രിയിൽ സൂര്യകുമാർ അപേക്ഷ നൽകി. പിന്നാലെ ശവക്കുഴി കുഴിക്കുന്നവർ സ്ഥലത്തെത്തി ബഹളത്തോടെ പണി തുടങ്ങി. ഉച്ചയോടെയാണ് ഒാമല്ലൂർ ആശുപത്രിയിലെ സിവിൽ അസി. സർജൻ ഡോ. ശ്രീനിവാസൻ പോസ്റ്റ്മോർട്ടത്തിനായി എത്തിയത്. ഒപ്പം അസിസ്റ്റന്റുമാരും ഒരു വാർഡ്ബോയിയും ഉണ്ട്. അടുത്തേക്ക് പോകാതെ ദൂരെ നിൽക്കുകയാണ് ഡോക്ടർ. പിന്നാലെ, കൈയിൽ കരുതിയിരുന്ന മൂന്നു ബ്രാൻഡി കുപ്പികളിൽ രണ്ടെണ്ണം ഡോക്ടർ വാർഡ് ബോയിക്ക് നൽകി. പുതുക്കക്കാരനായ വാർഡ്ബോയി അടപ്പ് തുറന്ന് വിലകുറഞ്ഞ മദ്യം വായിലേക്ക് കമിഴ്ത്തി. ശേഷം കത്രികകളുമായി അയാൾ മൃതദേഹത്തെ സമീപിച്ചു. സബ്ഇൻസ്പെക്ടർ സൂര്യകുമാർ ഇൻക്വസ്റ്റ് തയാറാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ള വേഷ്ടിയിൽ മൃതദേഹം പൊതിഞ്ഞു. നേരത്തേ തന്നെ തയാറാക്കിയ കുഴിയിേലക്ക് മെല്ലെ താഴ്ത്തി. 35 വയസ്സു തോന്നിക്കുന്ന, നല്ല ആരോഗ്യമുള്ള അജ്ഞാതന്റെ മൃതദേഹമായിരുന്നു അതെന്ന് സബ് ഇൻസ്പെക്ടർ സൂര്യകുമാർ എഫ്.ഐ.ആറിൽ എഴുതി. പ്രത്യക്ഷത്തിൽ ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും കൂട്ടിച്ചേർത്തു.
ഇൗ റിപ്പോർട്ടുമായി റെയിൽവേ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയ സൂര്യകുമാറിന് നേരെ ഉന്നത ഉദ്യോഗസ്ഥൻ പൊട്ടിത്തെറിച്ചു. ''എടോ, താനൊരു വിഡ്ഢി തന്നെ. തെളിവ് ശേഖരണ നടപടിക്രമമൊന്നും തനിക്കറിയില്ലേ. മരിച്ചയാളുടെ വിരലടയാളം എവിടെ. അയാളെ ഇനി എങ്ങനെ തിരിച്ചറിയും. തന്റെ ഫോേട്ടാഗ്രാഫർ എടുത്ത ഫോട്ടോകൾകൊണ്ട് എന്തു പ്രയോജനം. പടുവിഡ്ഢീ...'' -ഇൻസ്പെക്ടർ തിളച്ചു. പോസ്റ്റ്മോർട്ടം ചെയ്തത് ഡോ. ശ്രീനിവാസൻ ആണെന്ന് അറിഞ്ഞതോടെ ഇൻസ്പെക്ടറുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ''ആ ഇഡിയറ്റ് ശ്രീനിവാസനോ? ആ കുഴിമടിയൻ മൃതദേഹത്തിൽ തൊടുകയെങ്കിലും ചെയ്തോ?'' ശബ്ദം താഴ്ത്തി ''ഇല്ല'' എന്ന് പറഞ്ഞ് പതിയെ സൂര്യകുമാർ പിന്മാറി. സൂര്യകുമാറിന്റെ ആദ്യ പോസ്റ്റിങ്ങായിരുന്നു അവിടെ.
നിരാശനായി സൂര്യകുമാർ നിൽക്കുന്നത് കണ്ട് ഹെഡ് കോൺസ്റ്റബിൾ ഇടപെട്ടു. മൃതദേഹത്തിൽനിന്ന് ലഭിച്ച വസ്തുക്കൾ പരിശോധിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. ഒരു പോക്കറ്റ് ഡയറിയും വിസിറ്റിങ് കാർഡുകളും കടലാസു കഷണങ്ങളും ഷർട്ടിന്റെയും പാന്റ്സിന്റെയും പോക്കറ്റുകളിൽനിന്ന് ലഭിച്ചിരുന്നു. ബാംഗ്ലൂരിലെ അഭിഭാഷകരായ മുത്തണ്ണയുടെയും വെങ്കിടപ്പയുടെയും കാർഡുകളായിരുന്നു അവ. സന്ധ്യ ലോഡ്ജിൽനിന്നുള്ള ആഗസ്റ്റ് 16 എന്ന് തീയതി രേഖപ്പെടുത്തിയ രസീത്. സത്യനാരായണ ലോഡ്ജിലെ അഡ്വാൻസ് രസീത്. ഒടുവിൽ ബാംഗ്ലൂരിലെ ബാലാജി ആൻഡ് കമ്പനിയിൽനിന്നുള്ള ആഗസ്റ്റ് 11ലെ കാഷ് ബിൽ. അതിൽ ഒരു പേര് രേഖപ്പെടുത്തിയിട്ടുണ്ട്: എം.എ. റഷീദ്. പോക്കറ്റ് ഡയറിയിൽ അഡ്വ. എം.എ. റഷീദ് എന്ന പേരും ഫോൺനമ്പറുകളും റബർസ്റ്റാമ്പ് ഇംപ്രഷനായി പതിച്ചിരിക്കുന്നു. കൊല്ലത്തെയും പത്തനംതിട്ടയിെലയും നമ്പറുകളാണ്. കൊല്ലത്തെ നമ്പറിലേക്ക് വിളിച്ചപ്പോൾ ഒരു കടയിലാണ്. റഷീദ് അയൽവാസിയാണെന്നും അടുത്തിടെ ബാംഗ്ലൂരിൽവെച്ച് കാണാതായെന്നും ഉടമ മറുപടി പറഞ്ഞു. സേലം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് വരാൻ റഷീദിന്റെ കുടുംബത്തോട് പറയണമെന്ന് സൂര്യകുമാർ ആവശ്യപ്പെട്ടു.
അടുത്ത ദിവസം ഡോ. ശ്രീനിവാസൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സമർപ്പിച്ചു. വലതു കൈയിലെ രണ്ടു വിരലുകൾ ഒടിഞ്ഞിരിക്കുന്നു. മൂക്കും മൂക്കിന്റെ പാലവും താടിയെല്ലും തകർന്നിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിനും മൂന്നുനാലു ദിവസം മുമ്പാകാം മരണം സംഭവിച്ചത്. മുഖത്ത് സംഭവിച്ച മാരകമായ പരിക്കുകൾ മൂലമുള്ള മരണമെന്നും അദ്ദേഹം ഉപസംഹരിച്ചു. ഇതിനൊപ്പം ചെറിയ ബില്ലുകളും രസീതുകളും പോലും സൂക്ഷ്മമായി സൂക്ഷിക്കുന്ന ഒരാളുടെ കൈവശം റെയിൽവേ ടിക്കറ്റ് ഇല്ലാതിരുന്നതിലെ സംശയവും കൂടി ഉന്നയിച്ച് സേലം എസ്.പി.സി.ബി (സി.െഎ.ഡി) അന്വേഷണത്തിന് ശിപാർശ ചെയ്ത് റിപ്പോർട്ട് നൽകി. തൊട്ടടുത്ത ദിവസം റഷീദിന്റെ അടുത്ത ബന്ധുക്കളായ എസ്.എം. ആരിഫും റഷീദ് അൻസാറും സേലത്ത് എത്തി. റെയിൽവേ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന റഷീദിന്റെ വസ്തുക്കൾ കണ്ട് അൻസാർ പൊട്ടിക്കരഞ്ഞു. റഷീദ് ധരിച്ചിരുന്ന ഷൂസ് യഥാർഥത്തിൽ അൻസാറിേന്റതായിരുന്നു. റഷീദിന് വല്ലാതെ ഇഷ്ടമായിരുന്ന ആ ഷൂസ് അൻസാർ സമ്മാനിക്കുകയായിരുന്നു.
ഹേബിയസ് കോർപസ്
ബാംഗ്ലൂരിൽ അപ്പോഴേക്കും കാര്യങ്ങൾ മറ്റൊരു വഴിക്ക് മുന്നോട്ടുപോകുകയായിരുന്നു. ആഗസ്റ്റ് 17ന് ജാമ്യക്കാരുമായി കോടതിയിൽ എത്താതിരുന്ന റഷീദിനെതിരെ മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള ഉത്തരവ് കമീഷണർ ഒാഫിസിലേക്ക് അയക്കുകയും ചെയ്തു. റഷീദിനൊപ്പം പത്രം ഓഫിസുകളിലും മറ്റും ഒപ്പം പോയ അഡ്വ. വെങ്കിടപ്പ അതേദിവസം തന്നെ മജിസ്ട്രേറ്റിന് മുന്നിൽ മറ്റൊരു അപേക്ഷ സമർപ്പിച്ചു. റഷീദിനെ കാണാനില്ലെന്നും അയാളുടെ വിവരങ്ങൾ നൽകാൻ ഹൈഗ്രൗണ്ട് സ്റ്റേഷനോട് ആവശ്യെപ്പടണമെന്നുമായിരുന്നു ഹരജി. സേലത്ത് നിന്ന് റഷീദിന്റെ മൃതദേഹം കണ്ടെത്തിയെന്ന് ബന്ധുക്കൾ അറിയിച്ചതിന് പിന്നാലെ ആഗസ്റ്റ് 24ന് അഡ്വ. മുത്തണ്ണ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയും ഫയൽചെയ്തു.
വെങ്കിടപ്പയുടെ ഹരജിയിൽ മജിസ്ട്രേറ്റ് സെർച് വാറന്റ് പുറപ്പെടുവിച്ചു. റഷീദ് ആഗസ്റ്റ് 16ന് സന്ധ്യ ലോഡ്ജിൽനിന്ന് പോയെന്നും പിന്നീട് എവിടെയെന്ന് അറിയില്ലെന്നുമുള്ള റിപ്പോർട്ട് ചിക്പേട്ട് ഇൻസ്പെക്ടർ ടി.വി. കൃഷ്ണമൂർത്തി മറുപടിയായി സമർപ്പിച്ചു. അതിനിടെ, ആഗസ്റ്റ് 16ന് ഇന്ത്യൻ എക്സ്പ്രസിൽ വന്ന റഷീദിനെ പൊലീസ് ആക്രമിച്ചുവെന്ന വാർത്തയുടെ നിജസ്ഥിതി സംബന്ധിച്ച് വെസ്റ്റ് ഡി.സി.പി നാരായണനോട് കമീഷണർ ആരാഞ്ഞിരുന്നു. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു നാരായണന്റെ മറുപടി. സേലത്ത് നിന്ന് മൃതദേഹം കിട്ടിയെന്ന വാർത്ത വന്നതോടെ ഡി.സി.പി നാരായണനോടും സബ് ഇൻസ്പെക്ടർ ഉത്തപ്പയോടും വിശദ റിപ്പോർട്ട് കമീഷണർ വീണ്ടും ആവശ്യെപ്പട്ടു. റഷീദിനെ പൊലീസ് പിടികൂടിയ സന്ധ്യ ലോഡ്ജിന്റെ കാര്യമേ പരാമർശിക്കാതെ ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഇരുവരും നൽകിയത്. എന്തോ പന്തികേടുണ്ടെന്ന് തിരിച്ചറിഞ്ഞ കമീഷണർ ചിക്പേട്ട് അസി. കമീഷണർ െഎ.വി. പേട്ടലിനെ രഹസ്യമായി സേലത്തേക്ക് അയച്ചു. അവിടെ റഷീദിന്റെ വസ്തുക്കൾ പരിശോധിച്ച പേട്ടൽ സന്ധ്യ ലോഡ്ജിലെയും സത്യപ്രകാശ് ലോഡ്ജിലെയും രസീതുകളുടെ േകാപ്പിയുമായാണ് മടങ്ങിവന്നത്. ഡി.സി.പി നാരായണനും എസ്.െഎ ഉത്തപ്പയും മനഃപൂർവം എന്തൊക്കെയോ മറയ്ക്കുകയാണെന്ന് കമീഷണർക്ക് അതോടെ വ്യക്തമായി. സത്യപ്രകാശ് ലോഡ്ജ് സ്ഥിതിചെയ്യുന്ന ശേഷാദ്രിപുരത്തെ എ.സി.പി മുഹമ്മദ് ഇഖ്ബാലിനെ വിളിച്ചുവരുത്തിയ കമീഷണർ എന്താണ് ഇൗ ലോഡ്ജിന്റെ ബന്ധം എന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഹൈഗ്രൗണ്ട് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾമാരായ എൻ. നാഗരാജും നാരായണപ്പയും റഷീദുമായി അവിടെ എത്തിയിരുന്നുവെന്ന് ഇഖ്ബാലിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. 11ാം നമ്പർ മുറിയിൽ അവർ തങ്ങുകയും ചെയ്തിരുന്നു. കർണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 'റഷീദ് മർഡർ കേസി'ന് മെല്ലെ അരങ്ങുണരുകയായിരുന്നു.
യഥാർഥത്തിൽ എന്താണ് റഷീദിന് സംഭവിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 29ന് റഷീദിന്റെ ബന്ധു അബ്ദുൽ സലീം ഇൻസ്പെക്ടർ ജനറൽ ഒാഫ് പൊലീസിന് പരാതി നൽകി. ഡി.ജി.പിക്ക് ഫോർവേഡ് ചെയ്യപ്പെട്ട പരാതിയിലെ അന്വേഷണത്തിന് പൊലീസ് സൂപ്രണ്ട് (സി.ഒ.ഡി) മഹാദേവപ്പ നിയോഗിക്കപ്പെട്ടു. മൂന്നുദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ മഹാദേവപ്പ ഹൈഗ്രൗണ്ട് സ്റ്റേഷനിലും പുറത്തുമുള്ള അജ്ഞാതരായ വ്യക്തികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്ന് റിപ്പോർട്ട് നൽകി. സെക്ഷൻ 323 (മാരകമായി പരിക്കേൽപിക്കൽ), 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കൽ) തുടങ്ങിയവ ചാർത്തിയാണ് കേസെടുക്കേണ്ടതെന്നും ശിപാർശ ചെയ്തു. കേസ് തുടർന്നും അന്വേഷിക്കാൻ മഹാദേവപ്പയെതന്നെ ഡി.ജി.പി ചുമതലപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ മൂന്നിന് ഹൈഗ്രൗണ്ട് പൊലീസുകാർക്കെതിരെ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പക്ഷേ, തൊട്ടടുത്ത ദിവസം അജ്ഞാതമായ കാരണങ്ങളാൽ മഹാദേവപ്പയുടെ മനസ്സ് മാറി. 302 വകുപ്പിട്ട് അജ്ഞാതർക്കെതിരെ കേസ് എടുത്താൽ മതിയെന്ന് അഭിപ്രായപ്പെട്ട് പുതിയൊരു റിപ്പോർട്ട് മുകളിലേക്ക് അയച്ചു. ആരോപണ വിധേയരുടെ സ്ഥാനത്തുനിന്ന് 'ഹൈഗ്രൗണ്ട് പൊലീസ്' എന്നത് മാറ്റി 'അജ്ഞാതർ' എന്നാക്കണമെന്ന് കബ്ബൺ പാർക്ക് ഇൻസ്പെക്ടറോട് നിർദേശിക്കുകയും ചെയ്തു. ഈ നിലയിൽ രേഖകൾ മാറ്റണമെന്ന് മജിസ്ട്രേറ്റിനും അേപക്ഷ നൽകി. കേസിന്റെ വഴി എങ്ങോട്ടാണെന്ന് ഇതോടെ വ്യക്തമായി.
സൂര്യകുമാറിന്റെ ഇടപെടൽ
കർണാടകയിലെ അന്വേഷണ നാടകങ്ങൾക്കൊപ്പം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടായിരുന്നു. സേലം റെയിൽവേ പൊലീസിലെ എസ്.ഐ സൂര്യകുമാർ, റഷീദ് സഞ്ചരിക്കാൻ സാധ്യതയുള്ള ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് പരിശോധിച്ചുവെങ്കിലും അങ്ങനെയൊരു പേര് കണ്ടെത്താനായില്ല. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ബാംഗ്ലൂരിലേക്ക് പോകാൻ സേലം റെയിൽവേ െപാലീസ് ഇൻസ്പെക്ടർ മയിൽസ്വാമി സൂര്യകുമാറിനോട് നിർദേശിച്ചു. ബാംഗ്ലൂരിലെത്തിയ സൂര്യകുമാർ സന്ധ്യ ലോഡ്ജിലെ റിസപ്ഷനിസ്റ്റുമാരായ ഇൗശ്വരപ്പയെയും സോമയ്യയെയും േചാദ്യം ചെയ്തു. റഷീദ് അവിടെ വെച്ചുപോയ കാർബൺ പേപ്പറുകൾ തെളിവായി സൂര്യകുമാർ പിടിച്ചെടുത്തു. പിന്നാലെ സത്യപ്രകാശ് േലാഡ്ജിലെത്തി. ഹൈഗ്രൗണ്ട് പൊലീസിന്റെ അനുമതിയില്ലാെത ഒന്നും തരാനാകില്ലെന്ന് ലോഡ്ജ് ഉടമയുടെ മകൻ വ്യക്തമാക്കി. അയാളെ സൂര്യകുമാർ ചോദ്യം ചെയ്യാൻ തുടങ്ങിയതും സ്ഥലത്തെത്തിയ ലോക്കൽ പൊലീസുകാരൻ ഉന്നതോദ്യോഗസ്ഥൻ വിളിക്കുന്നു എന്ന് പറഞ്ഞ് ലോഡ്ജ് ഉടമയുടെ മകനെ കൂട്ടിക്കൊണ്ടുപോയി. അയാളെ ചോദ്യം ചെയ്യാൻ പിന്നീട് സൂര്യകുമാറിന് കഴിഞ്ഞില്ല. അതുവരെ ലഭിച്ച തെളിവുകളും മൊഴികളും തന്റെ നിഗമനങ്ങളും വെച്ച് സൂര്യകുമാർ റിപ്പോർട്ട് ഫയൽ ചെയ്തു.
കർണാടക പൊലീസിന്റെ അന്വേഷണം വഴിപാടാകുമെന്ന് ഉറപ്പായതോടെ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂർ ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. മൂന്നുദിവസം അഭിഭാഷകർ കോടതി ബഹിഷ്കരിക്കുകയും ചെയ്തു. പത്രങ്ങളിൽ വലിയ വാർത്തകൾ വരാനും തുടങ്ങി. കേസിന്റെ രാഷ്ട്രീയമാനങ്ങൾ വാർത്തകളിൽ നിറയാൻ തുടങ്ങിയതോടെ പ്രതിപക്ഷവും ഇളകി. ഇതോടെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ സമ്മർദത്തിലായി. മുഖംരക്ഷിക്കാൻ ഉടനടി കേസ് സി.ബി.െഎക്ക് വിട്ട് ഉത്തരവായി. സി.ബി.െഎ സ്പെഷൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത്, മദ്രാസ് ഓഫിസിലെ ഡി.എസ്.പി ഡി. കൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു. കബ്ബൺ പാർക്ക് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ സകല രേഖകളും വിശദാംശങ്ങളും കൈമാറാൻ ആവശ്യപ്പെട്ട് ഡി. കൃഷ്ണൻ സെപ്റ്റംബർ അഞ്ചിന് കർണാടക ഡി.ജി.പിക്ക് കത്ത് നൽകി.
അപ്പോഴേക്കും റെയിൽവേ പൊലീസ് ശിപാർശ ചെയ്ത സി.ബി.സി.ഐ.ഡി അന്വേഷണം തമിഴ്നാട്ടിൽ തുടങ്ങിക്കഴിഞ്ഞിരുന്നു. വെല്ലൂർ ഡി.എസ്.പി സബേശനാണ് അന്വേഷണ ചുമതല. റഷീദിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. പൊലീസ് സർജൻ ഡോ. നീലാ ഗോവിന്ദരാജാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 15ന് അങ്ങനെ റഷീദിന്റെ മൃതദേഹം പുറത്തെടുത്തു. അതിസൂക്ഷ്മമായിരുന്നു ഡോ. നീലായുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മേൽത്താടി (Maxilla) തലയോട്ടിയിൽനിന്ന് വേർെപട്ടിരിക്കുന്നു. കീഴ്ത്താടിക്ക് (Mandible) കുഴപ്പമില്ല. മൂക്കും ഇടതു കൺതടവും തകർന്നിട്ടുണ്ട്. വലതു കവിളെല്ല് പൊട്ടി. തലച്ചോറിനെയും അകമൂക്കിനെയും വേർതിരിക്കുന്ന അരിപ്പപോലുള്ള ഭാഗമായ cribriform plateനും തകരാറ് സംഭവിച്ചിട്ടുണ്ട്. ഇരു നാസികകളെയും വേർതിരിക്കുന്ന Vomer എല്ലിനും പൊട്ടൽ. ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുഖത്തിന് മേലുണ്ടായ മാരകമായ ആക്രമണത്തിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് മദ്രാസ് മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ എക്സാമിനറും സ്ഥിരീകരിച്ചു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റഷീദ് ട്രെയിനിൽനിന്ന് ചാടി മരിച്ചുവെന്ന നിഗമനത്തിലാണ് ഡി.എസ്.പി കൃഷ്ണൻ എത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അങ്ങനെയാകാൻ സാധ്യതയില്ലെന്ന വ്യക്തമായ സൂചനയുണ്ടായിരുന്നെങ്കിലും ആത്മഹത്യ സിദ്ധാന്തത്തിൽ കൃഷ്ണൻ ഉറച്ചുനിന്നു. ആ നിലയിൽ കേസ് ക്ലോസ് ചെയ്യാൻ ഒരുങ്ങുകയായിരുന്നു അദ്ദേഹം. ആയിടക്കാണ് സി.ബി.ഐ മദ്രാസ് ഓഫിസിലെ സ്പെഷൽ ക്രൈംബ്രാഞ്ച് സെക്ഷനിൽ പുതിയ എസ്.പി എത്തുന്നത്. മലയാളിയായ യു.പി കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബാലാജി. ചുമതലയേറ്റശേഷം പെൻഡിങ് കേസുകളുടെ ഫയലുകൾ പരിശോധിക്കുന്നതിനിടെയാണ് റഷീദ് കേസ് എസ്.പി ബാലാജിയുടെ ശ്രദ്ധയിൽപെടുന്നത്. ഡി.എസ്.പി കൃഷ്ണനോട് ചോദിക്കുമ്പോൾ ആത്മഹത്യയെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, എസ്.പിക്ക് തൃപ്തിയായില്ല. എസ്.പിക്ക് കീഴിൽ കൃഷ്ണനെ കൂടാതെ മറ്റു രണ്ട് ഡി.എസ്.പിമാർ കൂടിയുണ്ട്. അവരിലൊരാളായ കുപ്പുസ്വാമി രഘോത്തമനെ ഒരുദിവസം എസ്.പി ബാലാജി തന്റെ കാബിനിലേക്ക് വിളിച്ചു. റഷീദ് കേസിനെ കുറിച്ച് എന്തറിയാം എന്ന് ചോദിച്ചു. ''ഒന്നുമറിയില്ല സർ, കർണാടക മുഖ്യമന്ത്രി ഹെഗ്ഡെ കേസ് സി.ബി.ഐക്ക് കൈമാറിയെന്നും ഡി.എസ്.പി കൃഷ്ണൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മാത്രം അറിയാം'' -രഘോത്തമന്റെ മറുപടി. മുമ്പ് നാലുവർഷം സി.ബി.ഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിൽ രഘോത്തമൻ ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ പൊലീസിൽ അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നല്ലബന്ധങ്ങളുണ്ടാകുമെന്ന് എസ്.പി ബാലാജി കണക്കുകൂട്ടി. റഷീദ് കേസ് ഫയൽ രഘോത്തമന് കൈമാറിയ എസ്.പി പഠിച്ചുവരാൻ നിർദേശിച്ചു. അന്വേഷണത്തിന്റെ അവസാനത്തിലേക്ക് അടുക്കുന്ന കേസിൽ നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ ശേഷിക്കുന്നുവെന്ന് അടുത്തദിവസം രഘോത്തമൻ എസ്.പിയോട് പറഞ്ഞു. എവിടെയോ പിഴച്ചിട്ടുണ്ട്. കേസ് തന്നിൽനിന്ന് മാറ്റാൻ നീക്കം നടക്കുന്നതറിഞ്ഞ് ഡി.എസ്.പി കൃഷ്ണൻ പ്രതിഷേധിച്ചു. പക്ഷേ, എസ്.പി ബാലാജിയുടെ ശിപാർശയിൽ കേസ് രഘോത്തമന് കൈമാറി ഡൽഹിയിൽനിന്ന് ഉടൻ ഉത്തരവ് വന്നു. റഷീദ് കേസിന്റെയും രഘോത്തമന്റെ കരിയറിന്റെയും തലവര മാറുകയായിരുന്നു അവിടെ.
ഉത്തരം കിേട്ടണ്ട ചോദ്യങ്ങൾ
തമിഴ്നാട് സി.ബി.സി.െഎ.ഡി നടത്തിയ രണ്ടാം പോസ്റ്റ്മോർട്ടത്തിൽനിന്നാണ് രഘോത്തമൻ തുടങ്ങിയത്. ശ്വാസംമുട്ടിയാണ് മരണമെന്ന് അസന്ദിഗ്ധമായി അതിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയ ഡോ. നീലാ ഗോവിന്ദരാജിനെ രഘോത്തമൻ ചെന്നുകണ്ട് സംസാരിച്ചു. റഷീദ് കൊല്ലപ്പെട്ടതുതന്നെയെന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. അത് വ്യക്തമായ സ്ഥിതിക്ക് അവിടെനിന്ന് പിന്നിലേക്ക് പോകണം. എവിടെവെച്ചാണ് കൊലപാതകം, ആരാണ് അത് ചെയ്തത്?
പരിശോധനകൾക്കിടെ 'സത്യപ്രകാശ് ലോഡ്ജി'ൽ രഘോത്തമന് വല്ലാത്ത കൗതുകമുണ്ടായി. എല്ലാ വ്യാജ സിദ്ധാന്തങ്ങളും ആരംഭിച്ചിരിക്കുന്നത് അവിടെനിന്നാണ്. ലോഡ്ജിലെ എൻട്രി രജിസ്റ്റർ പരിശോധിച്ച രഘോത്തമൻ അതിൽ പേരുണ്ടായിരുന്ന ഒരു രവികുമാറിനെ കണ്ടെത്താൻ ശ്രമമാരംഭിച്ചു. റഷീദിനെ ഹൈഗ്രൗണ്ട് പൊലീസുകാർ രഹസ്യമായി അവിടെ കൊണ്ടുവന്ന ആഗസ്റ്റ് 16ന് ലോഡ്ജിൽ മുറിയെടുത്തിരുന്നു, രവികുമാർ. സേലം, ഒാമല്ലൂരിലെ ഒരു വിലാസമാണ് ലോഡ്ജിൽ നൽകിയിരിക്കുന്നത്. റഷീദിന്റെ മൃതദേഹം കണ്ടെത്തിയതിന് അടുത്ത സ്ഥലമാണത്.
ഒാമല്ലൂരിലേക്ക് പോകാൻ തന്നെ രഘോത്തമൻ തീരുമാനിച്ചു. തമിഴ്നാട് സി.ബി.സി.െഎ.ഡിയിൽ കേസ് അന്വേഷിച്ച ഡി.എസ്.പി സബേശനെ ആദ്യം കണ്ടു. എന്തോ കള്ളക്കളി നടന്നിട്ടുണ്ടെന്ന് സബേശന് ഉറപ്പായിരുന്നു. ഒരു ജീപ്പും കുറച്ചു പൊലീസുകാരെയും സബേശൻ രഘോത്തമന് വിട്ടുനൽകി. ലോഡ്ജിൽ നൽകിയ വിലാസംവെച്ച് വീട് കണ്ടെത്തി. ആദി നായിഡു എന്നൊരാളുടെ വീടാണത്. ലോഡ്ജ് രജിസ്റ്ററിലെ വിലാസവും കൈയക്ഷരവും അയാളെ കാണിച്ചു. കൈയക്ഷരം തന്റെ മകന്റേതാണെന്ന് സ്ഥിരീകരിച്ച അയാൾ പക്ഷേ, പേര് രവികുമാർ എന്നല്ലെന്ന് വ്യക്തമാക്കി. സുബ്രഹ്മണ്യൻ എന്നാണ് മകന്റെ യഥാർഥ പേര്. രണ്ടു വർഷം മുമ്പ് ബാംഗ്ലൂരിലേക്ക് പോയതാണ് സുബ്രഹ്മണ്യൻ. വല്ലപ്പോഴും വീട്ടിൽ വന്നുപോകും, അത്രതന്നെ. പക്ഷേ, കഴിഞ്ഞ ഏഴുമാസമായി വന്നിട്ടില്ല, അടുത്തിടെ നടന്ന സഹോദരിയുടെ വിവാഹത്തിന് പോലും. നായിഡുവിന്റെ വീട് പരിേശാധിച്ചപ്പോൾ ഗൾഫിൽ ജോലിക്ക് പോകാനായി സുബ്രഹ്മണ്യൻ എടുത്ത പാസ്പോർട്ട് കിട്ടി. അതിൽനിന്ന് അയാളുടെ ഫോേട്ടായും. ലോക്കൽ പൊലീസിൽനിന്നും പരിസരവാസികളിൽനിന്നും സുബ്രഹ്മണ്യൻ ഒരു പിമ്പാണെന്ന് മനസ്സിലായി. ഒാമല്ലൂരിലെയും പരിസരങ്ങളിലെയും പെൺകുട്ടികളെ വേശ്യാവൃത്തിക്കായി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുകയാണ് പരിപാടി. പക്ഷേ, ഇപ്പോൾ എവിടെയാണ് കക്ഷി എന്നതിനെക്കുറിച്ച് ഒരു പിടിയുമില്ല. ഒരു കൊലപാതകത്തിൽ മകന് പങ്കുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആദി നായിഡുവിനോട് വ്യക്തമാക്കിയ രഘോത്തമൻ മകനെ കുറിച്ച് വിവരം കിട്ടിയാൽ തന്നെേയാ ഡി.എസ്.പി സബേശനെയോ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ആദി നായിഡുവിന്റെ വീട്ടിന് രഹസ്യനിരീക്ഷണം ഏർപ്പെടുത്തി രഘോത്തമൻ മടങ്ങി.
കേസുമായി ബന്ധമുള്ള എല്ലാവരെയും നേരിൽ കണ്ട് സംസാരിക്കുന്നതിന്റെ ഭാഗമായി റഷീദിനെ ആക്രമിച്ചശേഷം കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യാൻ പൊലീസ് എത്തിച്ച മെേട്രാപൊളിറ്റൻ മജിസ്ട്രേറ്റ് മഹാദേവൻ ഹെഗ്ഡെക്ക് മുന്നിലും രഘോത്തമൻ എത്തി. വെസ്റ്റ് ഡി.സി.പി കെ. നാരായണനിൽ എന്തോ പ്രശ്നമുണ്ടെന്ന് സൂചിപ്പിച്ചത് അദ്ദേഹമാണ്. ചികിത്സക്കുള്ള തന്റെ വാഗ്ദാനം നിരസിച്ച റഷീദിനെ അയാൾ ആവശ്യപ്പെട്ടതുപോലെ സ്വന്തം ജാമ്യത്തിൽ വിട്ടതിൽ തനിക്കിപ്പോൾ കുറ്റബോധമുണ്ടെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നെങ്കിൽ അയാളിപ്പോൾ ജീവിച്ചിരിക്കുകയെങ്കിലും ചെയ്യുമായിരുന്നു. മർദനമേറ്റ് തളർന്ന് അവശനായി തന്റെ മുന്നിൽ നിൽക്കുന്ന റഷീദിന്റെ മുഖം മറക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മജിസ്ട്രേറ്റുമായുള്ള കൂടിക്കാഴ്ചക്കുശേഷം രഘോത്തമന്റെ ആലോചന വേറെ വഴിക്കായി. മജിസ്ട്രേറ്റിന് മുന്നിൽ റഷീദിനെ പൊലീസ് ജീവേനാടെയാണ് ഹാജരാക്കിയത്. കൊല്ലണമെങ്കിൽ അതിനുമുമ്പുതന്നെ ആകാമായിരുന്നു. ആ സമയത്ത് സദാശിവനുവേണ്ടി പ്രവർത്തിക്കുന്നതിൽനിന്ന് റഷീദിനെ ഭയപ്പെടുത്തി പിന്തിരിപ്പിക്കണം എന്നുമാത്രമേ പൊലീസിന് ഉണ്ടായിരുന്നുള്ളൂ. കൊല്ലാൻ കരുതിയിട്ടുണ്ടാകില്ല.
ആഗസ്റ്റ് 13 രാത്രി 9.30ന് വെസ്റ്റ് ഡി.സി.പി കെ. നാരായണൻ ആഭ്യന്തര മന്ത്രി ജാലപ്പയെ കണ്ടതിന് രേഖകളുണ്ട്. രഘോത്തമന്റെ മനസ്സിൽ ചിത്രം വ്യക്തമാകാൻ തുടങ്ങി. സദാശിവന് വേണ്ടി റഷീദ് ഹാജരായ കാര്യം എസ്.െഎ ഉത്തപ്പ വെസ്റ്റ് ഡി.സി.പി കെ. നാരായണനെ അറിയിച്ചിട്ടുണ്ടാകണം. റഷീദിനെ വെച്ച് ഒളിവിലുള്ള സദാശിവനെ കണ്ടെത്താൻ ഉത്തപ്പയോട് നാരായണൻ പറഞ്ഞിരിക്കാം. അതിൽ കൂടുതലൊന്നും ആ സമയത്ത് പദ്ധതിയിൽ ഉണ്ടാകാനിടയില്ല. ആക്രമണത്തിനുശേഷം റഷീദ് മാധ്യമങ്ങളെ സമീപിച്ചതാകും എല്ലാം മാറ്റിമറിച്ചത്. അതുവഴി ജാലപ്പയുടെ പേര് വലിച്ചിഴച്ചതും. താനറിയാതെ തന്നെ ജാലപ്പയുടെ ഒന്നാം നമ്പർ ശത്രുവായി റഷീദ് മാറുകയായിരുന്നു.
ഇരുൾവഴികളിൽ വെളിച്ചം
ജാമ്യക്കാരുമായി തിങ്കളാഴ്ച റഷീദ് എത്താതിരുന്നതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും പിന്നീട് രഘോത്തമന്റെ അന്വേഷണത്തിന് വഴി കാട്ടി. റഷീദ് ബാംഗ്ലൂരിൽനിന്ന് കടന്നുകളഞ്ഞുവെന്നും അതിനാൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്നും പൊലീസ് വാദിക്കുേമ്പാൾ നേരത്തേ റഷീദിനെ സഹായിച്ച അഡ്വ. വെങ്കിടപ്പ ഇടപെട്ടു. പൊലീസ് യൂനിഫോമിലുള്ള ഒരാളുൾപ്പെടെ മൂന്നുപേർ ചേർന്ന് റഷീദിനെ സന്ധ്യ ലോഡ്ജിൽനിന്ന് ഞായറാഴ്ച രാവിലെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്നതിന് ദൃക്സാക്ഷികളുണ്ടെന്ന് അഡ്വ. വെങ്കിടപ്പ കോടതിയിൽ തുറന്നടിച്ചു. റഷീദ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടോ എന്ന് കെണ്ടത്താൻ സെർച് വാറന്റ് പുറപ്പെടുവിക്കണമെന്നും അഭ്യർഥിച്ചു. അതിനുള്ള മറുപടിയിലാണ് സന്ധ്യ ലോഡ്ജിൽനിന്ന് സ്വമേധയാ പോയശേഷം റഷീദിനെക്കുറിച്ച് വിവരമില്ലെന്ന് പൊലീസ് കള്ളം പറഞ്ഞത്.
അതിനിടെ, സ്വദേശമായ ശിവകാശിയിലേക്ക് പോയ സത്യപ്രകാശ് ലോഡ്ജ് വാച്ച്മാൻ ശ്രീനിവാസനെ സി.ബി.െഎ സംഘം അവിടെനിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായി മദ്രാസിലെ സി.ബി.ഐ ഓഫിസിലേക്ക് മാറ്റുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റകൃത്യത്തിന്റെ ഇരുൾവഴികളിൽ ക്രമേണ വെളിച്ചം വീഴാൻ ആരംഭിച്ചു. ആഗസ്റ്റ് 16 ഞായറാഴ്ച രാവിലെ ഒമ്പതു കഴിഞ്ഞ് എസ്.ഐ ഉത്തപ്പയും ഹെഡ് കോൺസ്റ്റബിൾമാരായ എൻ. നാഗരാജും നാരായണപ്പയും സത്യപ്രകാശ് ലോഡ്ജിലെത്തിയിരുന്നു. ലോഡ്ജ് മുതലാളി ഭോജ്രാജുമായി അവർ സംസാരിക്കുന്നത് ശ്രീനിവാസൻ കണ്ടു. ശരീര വ്യാപാരത്തിന്റെ കേന്ദ്രമായ ലോഡ്ജിൽ ഇടക്കിടെ ഇങ്ങനെ പൊലീസുകാർ വരാറുണ്ട്. അന്നുച്ചക്ക് ഒന്നരയോടെ ഒാമല്ലൂരുകാരൻ സുബ്രഹ്മണ്യൻ ധർമപുരിയിൽനിന്നുള്ള രണ്ടു സ്ത്രീകളുമായി ലോഡ്ജിലെത്തി. റിസപ്ഷനിസ്റ്റ് ചെന്നകേശവയോട് സ്ഥിരമായി താൻ ഉപയോഗിക്കുന്ന 11ാം നമ്പർ മുറി ആവശ്യപ്പെട്ടു. ഇടനാഴിയുടെ അങ്ങേയറ്റത്തെ മുറിയാണ് 11. ആളനക്കമില്ലാത്ത ഭാഗമാണ്. ഇൗനിലയിലെ ഏക ബാത്റൂം ആകെട്ട, ഇടനാഴിയുടെ മറുഭാഗത്താണ്. അവിടെയാണ് എപ്പോഴും ആൾത്തിരക്ക്. 11ാം നമ്പർ ബുക്കിങ് ആയിപ്പോയെന്നും 13 മതിയോ എന്നും ചെന്നകേശവ ആരാഞ്ഞു. അതൊരു തമാശപോലെ സുബ്രഹ്മണ്യന് തോന്നി. വൈകുന്നേരമായപ്പോൾ പ്രദേശത്തെ ഗുണ്ടകളും പിമ്പുമാരുമായ ബോണ്ട ശാന്ത, കാല, ബാബു, രാജു എന്നിവർ 28ാം നമ്പർ മുറിയിലെത്തി. അവർക്ക് മദ്യവും ഭക്ഷണവും ശ്രീനിവാസൻ എത്തിച്ചുകൊടുത്തു. സന്ധ്യക്ക് ആറുമണിയോടെ ഹെഡ് കോൺസ്റ്റബിൾമാരായ നാഗരാജും നാരായണപ്പയും അരോഗദൃഢഗാത്രനായ, ഉയരമുള്ള, വെളുത്ത ഒരു മനുഷ്യനെ ലോഡ്ജിലേക്ക് കൊണ്ടുവന്നു. ഒരുബ്രീഫ്കെയ്സ് കൈയിൽ പിടിച്ചിരുന്ന ആ മനുഷ്യന്റെ മുഖം ചുവന്ന് നീരുവെച്ച നിലയിലാണ്. പരിഭ്രാന്തനായാണ് അയാൾ കാണപ്പെട്ടത്. ശ്രീനിവാസനാണ് അവരെ റിസപ്ഷനിലേക്ക് അനുഗമിച്ചത്. 11ാം നമ്പർ മുറിയുടെ താക്കോൽ നാഗരാജ് ആവശ്യപ്പെട്ടു. ഉയരമുള്ള മനുഷ്യന് മുന്നിലേക്ക് റിസപ്ഷനിസ്റ്റ് ചെന്നകേശവ രജിസ്റ്റർ ബുക്ക് നീട്ടി. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു. പേരും വിലാസവും എഴുതാൻ ചെന്നകേശവയോട് തന്നെ നാഗരാജ് ആവശ്യെപ്പട്ടു; പറഞ്ഞുകൊടുക്കാൻ ഉയരമുള്ള മനുഷ്യനോടും. എം.എ. റഷീദ് എന്ന പേര് ആ മനുഷ്യൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. കേരളത്തിലെ വിലാസവും. ചെന്നകേശവ അതു രേഖപ്പെടുത്തി. രസീത് റഷീദിന് നൽകിയ ശേഷം ബ്രീഫ്കെയ്സ് 11ാം നമ്പർ മുറിയിൽ കൊണ്ടുവെക്കാൻ െചന്നകേശവ റൂം ബോയ് നഞ്ചുണ്ടയോട് നിർദേശിച്ചു. നഞ്ചുണ്ടക്കൊപ്പം പോകാതെ റിസപ്ഷന് മുന്നിൽ നിശ്ചലനായി നിൽക്കുകയാണ് റഷീദ്. നാഗരാജ് പിന്നിൽനിന്ന് റഷീദിനെ തള്ളി. റഷീദ് അനങ്ങിയില്ല. റഷീദ് അലമുറയിട്ടു കരയാൻ തുടങ്ങി. അതവഗണിച്ച് പൊലീസുകാർ റഷീദിനെ മുറിയിലേക്ക് വലിച്ചിഴച്ചു.
(തുടരും)