ഇനിയും അവസാനിക്കാത്ത വിചാരണകൾ
കൽപറ്റ കോടതിയിൽ ആദിവാസികൾക്കായി മുത്തങ്ങ കേസിൽ ഹാജരാകുന്നത് അഡ്വ. റഷീദാണ്. സി.കെ. ജാനുവിന്റെ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസിൽ അദ്ദേഹം ഹാജരായത്. തന്റെ കോടതി അനുഭവവും കേസ് അനന്തമായി നീളുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.മറ്റൊരു വക്കീലിനും ഉണ്ടാകാത്ത ഒരുപാട് അനുഭവങ്ങളാണ് എനിക്ക്. മുത്തങ്ങ നടക്കുമ്പോൾ ആദിവാസികളുടെ ജനാധിപത്യ അവകാശത്തെക്കുറിച്ച് അനുഭാവം തോന്നിയിരുന്നുവെങ്കിലും ഞാൻ സമരവുമായി...
Your Subscription Supports Independent Journalism
View Plansകൽപറ്റ കോടതിയിൽ ആദിവാസികൾക്കായി മുത്തങ്ങ കേസിൽ ഹാജരാകുന്നത് അഡ്വ. റഷീദാണ്. സി.കെ. ജാനുവിന്റെ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസിൽ അദ്ദേഹം ഹാജരായത്. തന്റെ കോടതി അനുഭവവും കേസ് അനന്തമായി നീളുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.
മറ്റൊരു വക്കീലിനും ഉണ്ടാകാത്ത ഒരുപാട് അനുഭവങ്ങളാണ് എനിക്ക്. മുത്തങ്ങ നടക്കുമ്പോൾ ആദിവാസികളുടെ ജനാധിപത്യ അവകാശത്തെക്കുറിച്ച് അനുഭാവം തോന്നിയിരുന്നുവെങ്കിലും ഞാൻ സമരവുമായി ബന്ധപ്പെട്ടിരുന്നില്ല. കേസിൽ ഹാജരായി ആദിവാസികളെ ജാമ്യത്തിൽ പുറത്ത് എത്തിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാമെന്നാണ് ആദ്യം ആലോചിച്ചത്. നിയമവിരുദ്ധമായി ആദിവാസികൾ ഒന്നും ചെയ്തിട്ടില്ല. ആദിവാസികളെ കുടിയൊഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് എതിർപ്പ് ശക്തമായത്. ആദിവാസികൾ അക്രമത്തിലേക്ക് പോയിരുന്നില്ല. സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യഥാർഥത്തിൽ, ആദിവാസികൾക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചായിരുന്നു സി.ബി.ഐ അന്വേഷണം നടത്തേണ്ടത്. എന്നാൽ, ആദിവാസികൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സി.ബി.ഐ അന്വേഷിച്ചത്. ശരിക്കും പൊലീസ് അതിക്രമത്തെ കുറിച്ചുള്ള അന്വേഷണത്തിൽനിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറി. മുത്തങ്ങയിൽ എന്തുനടന്നു എന്ന സത്യം ഇപ്പോഴും വെളിച്ചത്ത് വന്നിട്ടില്ല.
രണ്ടാമത്, എറണാകുളം സി.ബി.ഐ കോടതിയിലേക്ക് വിചാരണ മാറ്റി. അതോടെ വയനാട്ടിൽനിന്ന് ആദിവാസികൾ കൂട്ടത്തോടെ എറണാകുളത്തേക്ക് പോകേണ്ട അവസ്ഥയുണ്ടായി. വർഷങ്ങൾക്കുശേഷമാണ് കേസ് കൽപറ്റ കോടതിയിലേക്ക് മാറ്റിയത്. ആ സമയത്താണ് സി.കെ. ജാനു സമീപിച്ചത്. ഏഴോളം വനം കേസുകളിൽ കൽപറ്റ തന്നെയായിരുന്നു വാദം നടന്നത്. മുത്തങ്ങ സമരത്തെ സംബന്ധിച്ച് ശരിയായ വിധത്തിലുള്ള അന്വേഷണം നടന്നിട്ടില്ല. വനം കേസുകളിൽ എല്ലാംതന്നെ പ്രതികളെ വെറുതെ വിട്ടു.
പൊലീസുകാരൻ കൊല്ലപ്പെട്ടതും ചില പൊലീസുകാർക്ക് പരിക്കേറ്റതും സംബന്ധിച്ച കേസുകളാണ് പിന്നെ കോടതിയിലെത്തിയത്. അതിന്റെ വിചാരണയാണ് നടക്കുന്നത്. 10 ശതമാനത്തിലധികം പ്രതികൾ മരിച്ചു. കഴിഞ്ഞ 20 വർഷമായി ആദിവാസികൾ ഈ കേസിന് പിന്നാലെ പായുകയാണ്. കോടതി ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. പെട്ടെന്ന് വിചാരണ അവസാനിപ്പിക്കാൻ കഴിയുന്ന ഇടപെടൽ ഉണ്ടായില്ല. ജഡ്ജി വിജയകുമാറിന്റെ കാലത്ത് നല്ലരീതിയിൽ വിചാരണ നടന്നു. 80 ശതമാനത്തോളം വിചാരണ പൂർത്തിയായി. അപ്പോഴാണ് 2018ലെ പ്രളയം ആഞ്ഞടിച്ചത്. അതോടെ, ആദിവാസികൾക്ക് കേസിന് വരാൻ കഴിയാത്ത അവസ്ഥയുണ്ടായി. തൽക്കാലം വിചാരണ നിർത്തിവെച്ചു. അപ്പോൾ കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം കിട്ടി. പിന്നീട് വിചാരണ തുടങ്ങിയപ്പോൾ കേരളത്തിൽ കോവിഡ് ശക്തമായി. ഒന്നര വർഷത്തോളം കോവിഡിന്റെ കാലമായിരുന്നു. വിചാരണ നടന്നില്ല. വിചാരണ പൂർത്തിയാക്കാനും കഴിഞ്ഞില്ല. ഇപ്പോൾ വിചാരണക്ക് അനുകൂലമായ സാഹചര്യമാണ്. എത്രയും പെട്ടെന്ന് വിചാരണ പൂർത്തീകരിക്കണം. വളരെ കുറച്ച് സാക്ഷികളെയേ ഇനി വിസ്തരിക്കാനുള്ളൂ.
കോടതിയിൽ കേസിന് എത്തുന്ന അതിദരിദ്രരായ മനുഷ്യരെ കാണുമ്പോൾ സഹതാപം തോന്നും. യാത്രക്കുള്ള തുക, ഭക്ഷണത്തിനുള്ള പണം, വരുമാന നഷ്ടം എന്നിവ അവരെ ബാധിക്കുന്നു. ആറുമാസത്തിലധികം തുടരെ വിചാരണ നടത്തിയിരുന്നു. ഇത്രയും തുടർച്ചയായി നീണ്ടുപോയ വിചാരണ കേരള ചരിത്രത്തിൽ ഉണ്ടാവാനിടയില്ല. പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആറു ദിവസമാണ് വിചാരണ ചെയ്തത്.
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എല്ലാം ഹാജരായി. ഡി.ജി.പി ശങ്കർ റെഡ്ഡിയെ ഒരുദിവസം മുഴുവൻ വിസ്തരിച്ചു. ഒരുപക്ഷേ, ഡി.ജി.പി സാക്ഷിയായി മറ്റൊരു കേസിലും കോടതിയിൽ ഹാജരായിട്ടുണ്ടാവില്ല. അതുപോലെ ഐ.ജിയെയും വിസ്തരിച്ചു. പല എസ്.പിമാരെയും രണ്ടും മൂന്നും ദിവസമാണ് തുടർച്ചയായി വിസ്തരിച്ചത്. ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം കോടതിയിൽ വിചാരണക്ക് ഹാജരാകേണ്ടിവന്നു.
രണ്ടായിരത്തിലധികം ആദിവാസികൾ പങ്കെടുത്ത വലിയ സമരമായിരുന്നു മുത്തങ്ങ. എന്നാൽ, പ്രതികളാക്കപ്പെട്ടത് കുറച്ച് ആദിവാസികൾ മാത്രമാണ്. മാധ്യമങ്ങളിലെ ചിത്രങ്ങളിൽ നോക്കി കുറച്ചുപേരെ സെലക്ട് ചെയ്ത് പ്രതിയാക്കുകയായിരുന്നു പൊലീസ് ചെയ്തത്. ആദിവാസികൾക്ക് കോടതിയിൽ നല്ല വിശ്വാസമുണ്ട്. വിദൂര സ്ഥലങ്ങളിൽനിന്നുപോലും അവർ കേസിന് എത്തും. രാവിലെ 11 മണി മുതൽ വൈകീട്ട് അഞ്ചു വരെ കോടതിയിൽ നിൽക്കും. പലരോടും ഉച്ചഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും. കഴിച്ചു എന്ന് മറുപടി പറയും. അവരുടെ മുഖം കഴിച്ചില്ല എന്നതിന് തെളിവാണ്. അതിദരിദ്രരായ മനുഷ്യർക്ക് സർക്കാർ നൽകിയ ശിക്ഷയാണ് ഈ നീണ്ടുപോകുന്ന വിചാരണ. 20 വർഷമായി അവർ സഹിക്കുകയാണ്. കേരളത്തിന് അപമാനമായ മുത്തങ്ങ കേസിലെ അനന്തമായി നീളുന്ന വിചാരണ.