പ്രയോജനം

ഇപ്പോൾ ഒരു ചോദ്യം തികട്ടാം: ലാവണ്യം എന്നാൽ? ഉറച്ചുപോയ ഉത്തരവും തികട്ടും: സൗന്ദര്യം. ക്ഷമിക്കണം, സൗന്ദര്യം അനിവാര്യമേയല്ല കലക്ക്. അഴകും അഴുക്കുമൊക്കെ ആപേക്ഷികങ്ങളാണ്, ലാവണ്യാത്മകതയിൽ. ഇതിലേതാണ് കലയിൽ കാണുക –ഒന്നോ രണ്ടുമോ രണ്ടിലുമേറെയോ? പ്രശ്നം അഭിരുചിയുടേതാണ്. കലയുടെ ഏറ്റവും വലിയ പ്രയോജനം അതിന്റെ പ്രയോജനമില്ലായ്മയാണ്. വിചിത്രമെന്ന് തോന്നാം, നിത്യജീവിതത്തിന്റെ തായമ്പകയിൽ പ്രയോജനപരത സദാ മേളപ്രമാണിയായി വിളങ്ങുമ്പോൾ. മനുഷ്യന്റെ...
Your Subscription Supports Independent Journalism
View Plansഇപ്പോൾ ഒരു ചോദ്യം തികട്ടാം: ലാവണ്യം എന്നാൽ? ഉറച്ചുപോയ ഉത്തരവും തികട്ടും: സൗന്ദര്യം. ക്ഷമിക്കണം, സൗന്ദര്യം അനിവാര്യമേയല്ല കലക്ക്. അഴകും അഴുക്കുമൊക്കെ ആപേക്ഷികങ്ങളാണ്, ലാവണ്യാത്മകതയിൽ. ഇതിലേതാണ് കലയിൽ കാണുക –ഒന്നോ രണ്ടുമോ രണ്ടിലുമേറെയോ? പ്രശ്നം അഭിരുചിയുടേതാണ്.
കലയുടെ ഏറ്റവും വലിയ പ്രയോജനം അതിന്റെ പ്രയോജനമില്ലായ്മയാണ്. വിചിത്രമെന്ന് തോന്നാം, നിത്യജീവിതത്തിന്റെ തായമ്പകയിൽ പ്രയോജനപരത സദാ മേളപ്രമാണിയായി വിളങ്ങുമ്പോൾ. മനുഷ്യന്റെ പ്രയോജനപ്രദമായ മഹാനേട്ടങ്ങളൊന്നും കലയുടെ സംഭാവനയല്ല –വ്യവസായ വിപ്ലവം, ആന്റി ബയോട്ടിക്, േഗാളാന്തരയാത്ര, ഇന്റർനെറ്റ്, ഡിജിറ്റൽ വിപ്ലവം, ജനറ്റിക് എൻജിനീയറിങ്... ഒരർഥത്തിൽ, ഇൗ പ്രായോഗിക നേട്ടങ്ങൾ തരമാക്കിയ സിരാ ഗുണങ്ങളുടെ ഉശിര് ചോർത്തുന്നതുമാണ് കല. എന്നിട്ടും മനുഷ്യൻ താലോലിച്ച് പുലർത്തുന്നു, ഇൗ അപ്രയോജന പ്രതിഭാസത്തെ.
സത്യത്തിൽ കലയുടെ പരമശത്രു പ്രയോജനക്കണ്ണല്ല. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കും മഹത്തായ ആദർശങ്ങൾക്കും കലയെ വിട്ടുകൊടുക്കുന്ന പ്രവണതയാണ്. അത് കലയുടെ മൗലികമായ സ്വയംഭരണാവകാശത്തെ ഹനിക്കുന്നു. വിശേഷവിദ്യക്കും വിദഗ്ധ ധിഷണക്കുമൊന്നും ഇല്ലാത്തൊരു സ്വതന്ത്രതയുണ്ട് കലക്ക്. അത്തരം വൈഭവങ്ങൾക്ക് സഹജമായ ‘ഉദ്ദിഷ്ടകാര്യ നിർവഹണ’ത്തിൽനിന്നുള്ള വിമുക്തി. നേരുള്ള ഏതു ലാവണ്യ പ്രതികരണത്തിലുമുള്ളത് ഉയിരുള്ള അനുഭൂതികളാണ്. അവക്ക് വസ്തുക്കളുടെയോ ആശയങ്ങളുടെയോ ഉപകരണ പ്രസക്തിയില്ല. അതുവഴിയുള്ള യുക്തിസഹപ്രയോജനവും. കല ഉപാധിയല്ല, സാമൂഹിക പുരോഗതിക്കോ അധോഗതിക്കോ. എന്നിട്ടുമത് മനുഷ്യന് നിറവു പകരുന്നു, നിരുപാധികം.
നേരുതന്നെ, ശൂന്യതയിൽ ഒരു കലയും പിറക്കുന്നില്ല, പൊലിക്കുന്നില്ല. രാഷ്ട്രീയ-സാമ്പത്തിക, സാമൂഹിക-സാംസ്കാരിക അടരുകൾക്കുള്ളിൽതന്നെയാണത്. എന്നിട്ടും കലയിൽ മുഴുകുമ്പോൾ എല്ലാ അടരുകളിൽനിന്നും നാം എടുത്തുയർത്തപ്പെടുന്നു. അസ്തിത്വഭാരം തൽക്കാലത്തേക്ക് ഒഴിഞ്ഞുപോവുന്നു. ആ അർഥത്തിൽ ഇതൊരു കടത്തുയാനമാണ്. വൈകാരികമോ ധൈഷണികമോ ആയ മൂല്യങ്ങളൊന്നും സംവദിക്കാൻ കലക്കാവില്ല എന്നർഥമില്ല. സംഗതി കലയെങ്കിൽ അതൊക്കെ അവിടുണ്ടാവും, ഓരോരോ അടരായി. അതൊന്നുമാവില്ല പക്ഷേ കാമ്പും നീരും. സാംസ്കാരികമായ ഉൾക്കാഴ്ചയുടെ പേരിൽ, പുരോഗമനപരമായ സാമൂഹികതയുടെ പേരിൽ, ധീരമായ രാഷ്ട്രീയത്തിന്റെ പേരിൽ സൃഷ്ടി ശ്ലാഘിക്കപ്പെടാം. അതിനെ കല എന്ന് അടയാളപ്പെടുത്തുന്നിടത്താണ് വാരിക്കുഴി. കാരണം, ഇപ്പറയുന്ന ശ്ലാഘനീയ ഘടകങ്ങളിൽ കലയുടെ ലാവണ്യഫലമല്ല പൊലിക്കുന്നത്.
കേട്ടപാതി ഉയരും ഒരെതിർവാക്ക് –ഗ്വെർനിക്ക. ശരിയാണ്, ഒരു ഗ്രാമത്തിന്മേൽ വർഷിച്ച ബോംബുമാരിയിൽ പികാസോക്കുണ്ടായ ജീവസ്തോഭമാണ് ആ കലാസൃഷ്ടിയുടെ പ്രഭവം. അത് യുദ്ധങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ആസുരതേജസ്സായി. സ്വന്തം കലാനിലപാടിനെ കവച്ചുവെക്കാൻ ഈ കലുഷിതാനുഭവത്തെ പികാസോ അനുവദിച്ചിരുന്നെങ്കിൽ 1937ലെ സൃഷ്ടി കാണാൻ 2025ൽ ആളെ കിട്ടില്ല. ക്യൂബിസത്തിന്റെ വന്യതീക്ഷ്ണമായ ലാവാഗ്നിക്ക് പകരം പൈശാചികതയുടെ നേർക്കുള്ള ആക്രോശമാണ് നിഴലിച്ചതെങ്കിൽ ജീനിയസിന്റെ മാസ്റ്റർപീസെന്ന് ആരുമേ മിണ്ടില്ല. ഗ്വെർനിക്ക മനസ്സിനെ ചലിപ്പിക്കുന്നത് ഒരൊറ്റ വസ്തുരൂപത്തിൽ പല ഭാവരൂപങ്ങൾ സമന്വയിച്ച് തുടിക്കുന്നതുകൊണ്ടാണ് –ഏകവർണാഭയുടെ അമ്പരപ്പിക്കുന്ന പടലം, ജ്വലനം നിലക്കാത്ത വരപ്പാടുകൾ, അലോസരപ്പെടുത്തുന്ന വക്രചലനങ്ങൾ, ഉള്ളുലക്കുന്ന അംശകോശങ്ങൾ, വിഭ്രാമകമായ രൂപാന്തരം. കിരാതശുദ്ധിയുള്ള ആ മായികമുദ്രകൾ ഉള്ളിൽ അനുരണനമിടുന്നു.
ഗ്വെർനിക്ക രാഷ്ട്രീയ സാഫല്യം നേടുന്നത് പ്രാഥമികമായി അത് ലാവണ്യതലത്തിൽ വിജയിക്കുന്നതുകൊണ്ടാണ്. സ്പാനിഷ് ഫാഷിസത്തിന്റെ സ്മൃതികൾ അതുണർത്തിയിരുന്നു. എന്നാൽ, വിസ്ഫോടനക്കരുത്താൽ രൂപത്തെ അപനിർമിച്ച് ചിത്രതട്ടകമാകെ വിതറുക വഴി ആ സ്മൃതിയെക്കൂടി മുക്കിക്കളഞ്ഞു. ഭീകരതയും പ്രതിഷേധവും അന്തർലീനമായിരിക്കെയും പ്രാഥമികമായി ഗ്വെർനിക്ക ദൃശ്യാനുഭവമാണ്, കലയുടെ. ജീവന് ഭീഷണമായ കരാളവൃത്തികളോട് നിഷേധ ഗർജനം മുഴക്കുമ്പോൾ അത് ജീവിതത്തെ ആഞ്ഞുപുൽകുകയാണ്. യുദ്ധവിരുദ്ധ പ്രസ്താവം എന്ന നിലക്ക് നോക്കിയാൽ അത് രാഷ്ട്രീയവസ്തു തന്നെ. ഈ രാഷ്ട്രീയത പക്ഷേ, ഒരടരു മാത്രം, ലാവണ്യാത്മകതക്ക് തുലോം താഴെ മാത്രം. അതങ്ങനെയായിടത്താണ് ഗ്വെർനിക്ക കലയാകുന്നത്, പികാസോ പികാസോയും.

മീക്കലാഞ്ചലോ,വിൻസന്റ് വാൻഗോഗ്,റെനെ മഗ്രിത്
ഇപ്പോൾ ഒരു ചോദ്യം തികട്ടാം: ലാവണ്യം എന്നാൽ? ഉറച്ചുപോയ ഉത്തരവും തികട്ടും: സൗന്ദര്യം.
ക്ഷമിക്കണം, സൗന്ദര്യം അനിവാര്യമേയല്ല കലക്ക്. അഴകും അഴുക്കുമൊക്കെ ആപേക്ഷികങ്ങളാണ്, ലാവണ്യാത്മകതയിൽ. ഇതിലേതാണ് കലയിൽ കാണുക –ഒന്നോ രണ്ടുമോ രണ്ടിലുമേറെയോ? പ്രശ്നം അഭിരുചിയുടേതാണ്.
സൗന്ദര്യശാസ്ത്രം തത്ത്വചിന്തയുടെ ശാഖിയാണ് –തർക്കശാസ്ത്രവും ധർമശാസ്ത്രവുമൊക്കെ പോലെ. ഇന്ദ്രിയ ഗ്രഹണത്തിന്റെ ശേഷികളാണതിന്റെ വിചാരിപ്പ്. കണ്ണും കാതുമൊക്കെ ഉള്ളിലേക്കയക്കുന്ന തപാൽ കൈപ്പറ്റി എന്തു ധരിക്കുന്നു, എങ്ങനെ വിലയിരുത്തുന്നു ഇത്യാദി. ഗ്രഹണരാശിയെ അടങ്കം കവരുന്നതാണ് പക്ഷേ, കല. അങ്ങനങ്ങ് പറഞ്ഞുറപ്പിച്ചാൽ വഴിപ്പിഴ എളുപ്പമായി. അങ്ങനെയൊരു വഴുക്കലുണ്ട് ഈ ചേതനാചലനത്തിന്. കണിശമായ നിർവചനങ്ങളുടെ മണിച്ചെപ്പിൽ അടക്കാൻ തുനിയുന്നത് മൗഢ്യം മാത്രമല്ല ആധിപത്യപരവുമാകും. എങ്കിൽ, ചില നിയത മാനദണ്ഡങ്ങളാൽ സമവായമായാലോ? അവിടെയും തെന്നാം, മുന്നും പിന്നും.
കഴിഞ്ഞ നൂറ്റാണ്ടോടെ, കല സവിശേഷമായ ഒന്നേയെല്ലന്നായി കഥ –എന്തും കലയാവാം ആധുനികോത്തരത അരക്കിട്ടുറപ്പിച്ച സുഖസൗകര്യപ്രദമായ ആഖ്യാനം തന്നെ. അതിന്റെ ഹൃദയവിശാലതയിൽ സകലതിനെയും ഉൾപ്പെടുത്തുമെന്നു തോന്നിക്കെത്തന്നെ ഇതൊരു സമർഥമായ ഒഴിഞ്ഞുമാറ്റം കൂടിയല്ലേ? കാരണം, വേറിട്ട പ്രവൃത്തിയല്ലെങ്കിൽ പിന്നെ കല കാണേണ്ട, കാട്ടേണ്ട, കൊള്ളേണ്ട, കൊള്ളിക്കേണ്ട. എന്തും കലയെങ്കിൽ, ഒന്നും കലയല്ല. ഇത്രക്ക് ധൂമികമാകുവതെന്തേ ഇപ്രമേയം?
ആദ്യമാദ്യം പുറംലോകത്തിന്റെ അനുകരണമായിരുന്ന കല പോകപ്പോകെ അകലോകത്തിന്റെ അനാവരണമായി. അപ്പോഴുമുണ്ട് പുറംലോകം, ഉള്ളിന്റെ മുഖപ്പായി. നൂറനൂറായ് നുറുങ്ങുന്ന മനസ്സിന്റെ മുൾപ്പിടിയിൽ ആനന്ദം തേടുന്ന വാൻഗോഗിന്റെ ദുരന്തകലയായ്, മനുഷ്യപ്രകൃതിയുടെ ശൈഥില്യത്തിൽ തപിക്കുന്ന എൻസോറിന്റെ തിളനിലകളായ്, ഉന്മാദവും പ്രണയവും മരണവുമായുള്ള മഞ്ചിന്റെ നരകലീലയായ്, അസ്തിത്വഹൃദയത്തിലെ കുടിലസമസ്യ തൊട്ടുനോക്കുന്ന ചിറികോയുടെ തീക്കളിയായ്, ആഴാന്തരങ്ങളിൽ കൂട്ടുപിണയുന്ന ‘ആ എന്തിനോ ഒന്നി’നെ തിരഞ്ഞുള്ള റോത്കോയുടെ പുറപ്പാടായ്... അങ്ങനെയങ്ങനെ. അടിവരക്ക് മീതെ സദാ ഒന്നുമാത്രം –നമ്മിലെ ഇരുൾ, അതിലെ നിഴലാട്ടങ്ങൾ.
മീക്കലാഞ്ചലോയുടെ ‘ഡേവിഡ്’ കാഴ്ചക്കാരെ ഇന്നും കീഴ്പ്പെടുത്തുന്നത് മനുഷ്യക്കരുത്തിന്റെ മഹിതഗാംഭീര്യംകൊണ്ടാണ്. ‘എന്തൊരുഗ്രൻ സൃഷ്ടിയാണ് മനുഷ്യൻ’ –ഡേവിഡ് നമ്മെക്കൊണ്ട് പറയിക്കും. നൂറ്റാണ്ടുകൾക്കുശേഷം വരുന്നൂ, ഗയകൊമെറ്റിയുടെ Man Pointing. ഡേവിഡിന്റെ വിപരീതപദം, അതേ മനുഷ്യന്റെ അകം കാണാനുള്ള ക്ഷണക്കുറി –ഒന്നു മനുഷ്യനായിരിപ്പതിന്റെ ദാരുണ ദൈന്യത്തിലേക്ക്. പരിമിതികളിൽ ഇറുകിച്ചുരുങ്ങി, തന്നെ ചൂഴുന്ന സ്ഥലകാലങ്ങളുടെ ദാക്ഷിണ്യത്തിലാണ് മനുഷ്യൻ. ഉൺമക്കും ഇൺമക്കുമിടയിൽ ചിന്നിച്ചിതറിപ്പോവുന്ന ദുരന്തശിൽപം.

പാബ്ലോ പികാസോ
കലയെക്കുറിച്ച കലയാണ് റെനെ മഗ്രിത് വരച്ചിട്ട ‘ദ ഹ്യൂമൻ കണ്ടീഷൻ’. യവനിക ഒതുക്കിയിട്ട ജാലകത്തിലൂടെ പുറത്തെ ഗ്രാമക്കീറ്. മുറിക്കുള്ളിൽ, ജാലകത്തിനരികെ ചിത്രപീഠം. അതിന്മേൽ െവച്ച കാൻവാസ് മൂലം മറയ്ക്കപ്പെടുന്ന പുറത്തെ ദൃശ്യഭാഗം അതേ കാൻവാസിൽ പകർത്തിയിരിക്കുന്നു. പുറംദൃശ്യവും കാൻവാസിലെ അതിന്റെ ദൃശ്യബാക്കിയും സമഞ്ജസം. ഈ സവിശേഷ ക്രമീകരണം ചില ചോദ്യങ്ങളുയർത്തുന്നു, മനുഷ്യനും കലയും തമ്മിലെ ബന്ധത്തിന്റെ പ്രകൃതത്തെപ്പറ്റി: യാഥാർഥ്യത്തെ എത്രടം വെളിവാക്കിത്തരും, കല? പുറംലോകം യാഥാർഥ്യത്തിന്റെ എത്ര കഴഞ്ച് കാട്ടിത്തരുന്നുണ്ട്? മനുഷ്യന്റെ അരക്ഷിതമായ വൈയക്തികതയെ എത്രകണ്ട് പര്യവേക്ഷണംചെയ്യാൻ കലക്കാവും? ചുരുക്കത്തിൽ, മനുഷ്യാവസ്ഥയിൽ സന്ദേഹത്തിന്റെയും അസ്വസ്ഥതയുടെയും ദൃശ്യസ്പർശമാണ് മഗ്രിതിന്റെ ചിത്രം –ജാലിയിലൂടെ കാണുന്ന ഗ്രാമക്കീറല്ല, കാൻവാസിലെ ചിത്രബാക്കിയുമല്ല.
കല ഇങ്ങനെയാണ്. സ്ഥലകാലങ്ങളിലൂടെ പടർന്നുകത്തും. സ്ഥാവരങ്ങളിൽ തറഞ്ഞുപോകാത്ത ജംഗമസഞ്ചാരം. ചീനത്തെ ഷാൻ-സെന്നും അറേബ്യയിലെ സൂഫിസവും ഇന്ത്യയിലെ ശാസ്ത്രീയകലകളും സഞ്ചാരത്തെ നേരത്തേതന്നെ അകത്തോട്ട് നയിച്ചിരുന്നു. അവയുടെ ആത്മാപേക്ഷകളല്ല നവീനകലയുടെ അകയാത്രയിൽ. അകം അനാവരണം ചെയ്യുക അനുഭവിക്കുന്നയാളിന്റെ നോട്ടപ്രകാരമാണ്. ഉള്ളിൽ ഈശ്വരം കാണണമെങ്കിൽ അങ്ങെന, പിശാചം കാണണമെങ്കിൽ അങ്ങനെ, രണ്ടിന്റെയും സങ്കരം കാണണമെങ്കിൽ അങ്ങനെ, അല്ല നൃശൂന്യമെങ്കിൽ അങ്ങനെ. എങ്ങനെ കാണുന്നു എന്നതിലാണ് കാഴ്ചയുടെ ഉൺമ. അതിൽ ശരിതെറ്റുകളില്ല. ഉണ്ടെന്ന് സമർഥിക്കുമ്പോൾ കലയില്ല.
കലയുടെ യാഥാർഥ്യങ്ങൾ അകംപുറങ്ങളുടെ യാഥാർഥ്യങ്ങൾ മാത്രമല്ല, ഭാവനയുടേതുമാണ്. കൽപനാ തൃഷ്ണകളും ത്രാസങ്ങളും വ്യക്തിപരമാണ്, പങ്കിടുമ്പോളറിയും അത് പലരുടേതുമാണ്. സാർവജനീനഭാവം ചമക്കുകയല്ല കല, ആ അനുഭവത്തിലേക്ക് അണിതിടുകയാണ്. ഫ്ലമിങ്കോ നൃത്തം കേരളത്തിലെ നാട്ടിൻപുറത്തുകാരന് രസാനുഭവമാകുന്നത് അങ്ങനെയാണ് –സ്പെയിൻ ഒരിക്കലും കണ്ടിട്ടില്ലാത്തവന്. കേരളത്തെ കേട്ടിട്ട് മാത്രമുള്ള സ്ലൊവാക്യൻ ചങ്ങാതിക്ക് മോഹിനിയാട്ടംപോലെ. ശാസ്ത്രീയകലയുടെ ആസ്വാദനത്തിനും വേണം ശിക്ഷണം എന്നുപറയും. പക്ഷേ, രസാനുഭവത്തിന് ഒരു കാവടിച്ചിന്ത് പോതുമെന്ന് ഈണം നുകരുന്നോനറിയാം.
പ്രണയംപോലെ കലയും ലോകത്തെ സദാ പുതുതാക്കി നിർത്തുന്നു. പ്രചോദിപ്പിച്ച് വിമോചിപ്പിക്കുന്നു. ഈ പുനർനവവും കലയുടെ ഉദ്ദേശ്യമല്ല. അത് പുനർനവംചെയ്യുന്നത് അതിന് വിശേഷിച്ച് ഒരുദ്ദേശ്യവുമില്ലാത്തതുകൊണ്ടാണ് –മനുഷ്യനെ പൂണ്ടടങ്കം വ്യാപൃതനാക്കുക എന്നതൊഴിച്ച്. അതാണ് പ്രയോജനമില്ലായ്മയുടെ പ്രയോജനമൂല്യം.