എ.ഐ എന്ന നിർമിതബുദ്ധിയുടെ വിജയങ്ങൾ; പരാജയങ്ങളും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) ഇന്ന് എല്ലാ മേഖലയിലേക്കും കടന്നുവന്ന് വലിയ മാറ്റങ്ങൾ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചാറ്റ്ജിപിടിയും രംഗത്തുവന്നു. എന്താണ് നിർമിതബുദ്ധി? എന്താണ് പുതിയ പ്രവണതകൾ? ഇത് എങ്ങനെ ലോകത്തെ മാറ്റിമറിക്കും? - വിശകലനം.നിങൾ ഗൂഗിൾ പേ ഉപയോഗിച്ച് പണം കൈമാറിയിട്ടുണ്ടോ? സംശയകരമായ പണം മാറ്റത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടുണ്ടോ? പേ പാൽ (Pay Pal) ഉപയോഗിച്ചിട്ടുണ്ടോ? അലെക്സാ എന്ന യന്ത്രത്തോട് ചോദ്യങ്ങൾ...
Your Subscription Supports Independent Journalism
View Plansആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) ഇന്ന് എല്ലാ മേഖലയിലേക്കും കടന്നുവന്ന് വലിയ മാറ്റങ്ങൾ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചാറ്റ്ജിപിടിയും രംഗത്തുവന്നു. എന്താണ് നിർമിതബുദ്ധി? എന്താണ് പുതിയ പ്രവണതകൾ? ഇത് എങ്ങനെ ലോകത്തെ മാറ്റിമറിക്കും? - വിശകലനം.
നിങൾ ഗൂഗിൾ പേ ഉപയോഗിച്ച് പണം കൈമാറിയിട്ടുണ്ടോ? സംശയകരമായ പണം മാറ്റത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടുണ്ടോ? പേ പാൽ (Pay Pal) ഉപയോഗിച്ചിട്ടുണ്ടോ? അലെക്സാ എന്ന യന്ത്രത്തോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കിട്ടിയിട്ടുണ്ടോ? ഉെണ്ടങ്കിൽ നിങ്ങൾ നിർമിതബുദ്ധിയുടെ (Artificial Intelligence- AI) ഉപഭോക്താവാണ്. നിങ്ങൾ മോഹൻലാലിന്റെ ‘മരയ്ക്കാർ’ സിനിമയിലെ, ‘ബാഹുബലി’യിലെ വിഎഫ്എക്സ് കണ്ട് ൈകയടിച്ചിട്ടുണ്ടോ? ഫേസ്ബുക്ക്, ഗൂഗ്ൾ, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് ഒക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എ.ഐ അല്ലെങ്കിൽ നിർമിതബുദ്ധിയുടെ ഉപകാരങ്ങൾ ആസ്വദിച്ച് ആനന്ദിച്ചവരാണ്. നിങ്ങളുടെ ഇ-മെയിൽ ലിസ്റ്റിൽ ‘സ്പാം’ സൂചിപ്പിച്ച് അവയെ ഇല്ലാതാക്കാൻ നിങ്ങൾക്ക് പറ്റുന്നത്, നെറ്റ്ഫ്ലിക്സ് തുറക്കുമ്പോഴേ നിങ്ങൾക്കു വേണ്ട മലയാളം സിനിമകളുടെ ലിസ്റ്റ് വരുന്നുണ്ടെങ്കിൽ നിങ്ങൾ എ.ഐയുടെ സ്വാധീനത്തിൽ ആയവരാണ്. ഇനി ഒരു തിരിച്ചുപോക്കില്ലാത്ത വിധത്തിൽ എ.ഐ നമ്മളെ പിടിച്ചടക്കിക്കഴിഞ്ഞു. എ.ഐ പ്രോഗ്രാമുകൾ ചിത്രങ്ങൾ വരക്കുന്നു, നികുതി അടക്കുന്നു, കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുന്നു, ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നു. അവയില്ലാതെ ഇനി ഒരുദിവസം മുന്നോട്ടു പോകില്ല.
ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ജീവിതപരിസരമാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ആവിഷ്കാരപരത മനുഷ്യസഹജമാണ്. മൂന്നുലക്ഷം കൊല്ലങ്ങൾക്കു മുമ്പേ നമ്മൾ തുടങ്ങിയതാണിത്; മാറ്റങ്ങൾ സൃഷ്ടിക്കുക എന്നത്. കലയും നൃത്തവും ഘോഷണപത്രങ്ങളും നീതിസംഹിതകളും കെട്ടിടങ്ങളും അണക്കെട്ടുകളും ബഹിരാകാശപേടകങ്ങളും ജനാധിപത്യ വ്യവസ്ഥകളും എല്ലാം നൂതനമായി സമൂഹത്തിൽ വ്യാപരിക്കപ്പെടുന്നവിധത്തിൽ നമ്മൾ കാലത്തെ, ഭൂമിയെ മാറ്റിയെടുത്തു. ഇന്ന് നമ്മളെ ഭരിക്കാനോ മനുഷ്യപരിമിതികളെ ഭേദിക്കാനോ സാമർഥ്യമിയലുന്ന ബുദ്ധിസ്വരൂപം നമ്മൾതന്നെ ആവിഷ്കരിച്ചിരിക്കുകയാണ്. പ്രവചനാതീതമായ ഭാവി എല്ലാ വാതിലുകളും തുറന്ന് നമ്മെ നയിക്കാൻ തയാറായിരിക്കുന്നു. എ.ഐ നമ്മോടൊപ്പം എന്നും വസിക്കാൻ പോകുകയാണ്. ആഗോള സമ്പദ് വ്യവസ്ഥ 2030 ആകുമ്പോഴേക്ക് 15 ട്രില്യൺ ഡോളറോളം മെച്ചത്തിലാകുമത്രെ, എ.ഐയുടെ സ്വാധീനം മൂലം. കാർ അസംബ്ലിങ്ങും നിർമിതിയും, വീടിന്റെ വിലയോ മരുന്നിന്റെ വിലയോ നിശ്ചയിക്കൽ, നമ്മുടെ അഭിരുചി കണ്ടറിഞ്ഞ് സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുത്തുക, കാർ ഡ്രൈവർ ഇല്ലാതെ ഓടിക്കുക, ഇതുപോലത്തെ കാര്യങ്ങൾ നേരത്തേതന്നെ നിർമിതബുദ്ധിയുടെ ഉപകരണങ്ങൾ (tools) കൈകാര്യം ചെയ്തിരുന്നു. പക്ഷേ, ഇവ പഠിച്ചെടുത്ത കാര്യങ്ങൾ അതേപടി പിന്തുടരുന്നവയാണ്. പിന്നീടാണ് ഉൽപാദകപരമായ നിർമിതബുദ്ധി (generative എ.ഐ) നിലവിൽവന്നത്. പുതിയ ഉള്ളടക്കങ്ങൾ അതതു സമയത്ത് പ്രദാനംചെയ്യുന്ന വ്യവസ്ഥയാണിത്. ‘ചാറ്റ് ജിപിടി’ (ChatGPT) ഉദാഹരണം. അന്യോന്യം സമ്പർക്കം പുലർത്തുന്ന, നമ്മുടെ പെരുമാറ്റങ്ങൾക്ക് അനുസരിച്ച് മാറിമറിയുന്ന, അത്യന്തം ജൈവപരമെന്ന് തോന്നിപ്പിക്കുന്നതാണ് ഇതിന്റെ ഘടന. യന്ത്രമോ മനുഷ്യനോ എന്ന് തിരിച്ചറിയാൻ പ്രയാസമാകുന്ന തരത്തിലാണ് ഇത്തരം നിർമിതബുദ്ധി പ്രയോഗങ്ങൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഒരു ചോദ്യത്തിന് ഉത്തരം പറയുമ്പോൾ അത് മനുഷ്യനാണോ യന്ത്രമാണോ എന്ന് തിരിച്ചറിയാൻ സാധിച്ചെങ്കിൽ കമ്പ്യൂട്ടർ മനുഷ്യചിന്തക്കൊപ്പം എത്തുന്നില്ലെന്ന് തെളിയിക്കുന്ന ‘ട്യൂറിങ് പരീക്ഷണം’ (Turing test) അസംഗതമാകാനുള്ള സാധ്യത തെളിഞ്ഞുവരുകയാണ് എന്നതാണ് പുതുമ.
അമാനുഷികം
ട്യൂറിങ്ങിന്റെ പണ്ടത്തെ ധാർമികപരമായ ചോദ്യം മനുഷ്യരെപ്പോലെ പെരുമാറുന്നുണ്ടോ കമ്പ്യൂട്ടർ എന്നായിരുന്നെങ്കിൽ മനുഷ്യനു പറ്റാത്തതാണ് നിർമിത ബുദ്ധി സാധിച്ചെടുക്കുന്നത് എന്നതാണ് സംഗതം. മനുഷ്യൻ പഠിപ്പിച്ചെടുത്ത്, പരിശീലിപ്പിച്ച വിദ്യകൾ സമർഥമായി നടപ്പാക്കുന്ന ഉത്തമ ശിഷ്യൻ മാത്രമല്ലേ നിർമിതബുദ്ധി എന്ന ചോദ്യം സാർഥകമാണെങ്കിലും മനുഷ്യാതീതമായ പ്രായോഗിക ചെയ്തികളിലേക്ക് സ്ഥാനാന്തരണത്തിനു പ്രാപ്തിനേടിയതാണ് നിർമിതബുദ്ധിയുടെ അമാനുഷികതക്ക് ഉദാഹരണമാകുന്നത്. ഒരു സർജറിക്കുമുമ്പ് ഒരു ഡോക്ടർക്ക് ആ സർജറിയെക്കുറിച്ച് ഇന്നുവരെയുള്ള എല്ലാ അറിവുകളും ഒറ്റയടിക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കുക എന്നത് ഈയിടെ വരെ കൽപിതകഥകളിൽ മാത്രം കാണപ്പെടാൻ സാധ്യതയുള്ളതു മാത്രമായിരുന്നു.
ശാസ്ത്രത്തിന്റെ രീതികളെ ‘ഷോർട്ട് സർക്യൂട്ട്’ ചെയ്യുന്ന വേലകളാണ് എ.ഐയുടെ കൈവശമുള്ളത്. പ്രോട്ടീനുകളുടെ ത്രിമാനരൂപവും ഘടനയും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ അത്യാവശ്യമാണ്. ഓരോ പ്രോട്ടീനിന്റെ ഘടനയും വെവ്വേറേ പഠിച്ചെടുക്കുകയായിരുന്നു പതിവ്. പല അമിനോ ആസിഡുകളും കണ്ണിചേർത്ത് മാലയാക്കി പലതരത്തിൽ മടക്കിയെടുത്താണ് പ്രോട്ടീനുകൾ ത്രിമാനസ്വരൂപം കൈവരിക്കുന്നത്. 2022 ആദ്യകാലത്ത് ലണ്ടൻ ആസ്ഥാനമാക്കിയുള്ള ‘ഡീപ് മൈൻഡ്’ (Deep Mind) എന്ന എ.ഐ കമ്പനി 220 മില്യൺ പ്രോട്ടീനുകളുടെ ത്രിമാനഘടനയാണ് പ്രവചിച്ചത്. ഡി.എൻ.എ ഡേറ്റാബേസിൽ ലഭ്യമായ അറിവുകൾ ആധാരമാക്കിയാണ് ഇത് സാധിച്ചെടുത്തത്. അധികം താമസിയാതെ ‘മെറ്റ’ (Meta- ഫേസ്ബുക്ക് കമ്പനിയുടെ പുതിയ പേര്) 600 മില്യൺ പ്രോട്ടീനുകളുടെ –ബാക്ടീരിയ, വൈറസ് പോലുള്ള അണുജീവികളിൽ കാണുന്നവ– ത്രിമാനഘടനയാണ് വെളിവാക്കി വിജയം നേടിയത്. നിർമിതബുദ്ധിയിലെ ‘ഭാഷാമാതൃക’ (Language model) അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം സാധ്യമായത്. പല പ്രോട്ടീനുകളുടെയും അമിനോ ആസിഡ് തരങ്ങളെക്കുറിച്ചും അവയെ കണ്ണിചേർത്ത് മടക്കിയെടുത്തിട്ടുള്ളത് എങ്ങനെയാണെന്നും എ.ഐ കമ്പ്യൂട്ടറുകളെ പഠിപ്പിച്ചെടുക്കുകയും പുതിയ പ്രോട്ടീനുകളുടെ ഘടന അവ വെളിവാക്കുകയുമായിരുന്നു ട്രിക്ക്. എല്ലാ അമിനോ ആസിഡുകളെക്കുറിച്ചും അറിവില്ലെങ്കിൽ ഈ ‘ഭാഷാ മാതൃക’ തന്റെ മിടുക്കുകൊണ്ട് വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിച്ചെടുക്കുകയും ചെയ്തു. പിന്നീട് ത്രിമാനസ്വരൂപം നിർമിച്ചെടുക്കാൻ ‘ആൽഫാഫോൾഡ്’ (AlphaFold) എന്ന പ്രോഗ്രാം തയാറാക്കി. മെറ്റ ആകട്ടെ വളരെ പെട്ടെന്ന് ത്രിമാനസ്വരൂപം ഗണിച്ചെടുക്കുന്ന ‘ഇഎസ്എംഫോൾഡ്’ (ESMFold) എന്ന പ്രോഗ്രാമും. ഈ പ്രോട്ടീനുകളാകട്ടെ, ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പല അണുജീവികളുടേതാണെന്നുള്ളതാണ് ശ്രദ്ധേയം. മണ്ണിലെ, കടൽവെള്ളത്തിലെ, മനുഷ്യന്റെ കുടലിലെ എന്നുവേണ്ട ഭൂമിയിലെ പല അണുജീവികളുടെയും പ്രോട്ടീൻ സ്വരൂപങ്ങൾ വിദിതമായിരിക്കുകയാണ് . ശാസ്ത്രചരിത്രവുമായി തട്ടിച്ചു നോക്കുമ്പോൾ നൊടിനേരംകൊണ്ട് എന്ന് സമർഥിക്കാവുന്നത് തന്നെ.
രണ്ടു കാര്യങ്ങളാണ് ഇവിടെ അമാനുഷികം എന്ന് വിശേഷിക്കപ്പെടേണ്ടത്. ഒന്ന് ഈ പ്രോഗ്രാമുകൾ നമുക്കു തരുന്ന നൂതന അറിവുകളുടെ അളവും തോതും. പല വർഷങ്ങൾ, പല ശാസ്ത്രജ്ഞർ ഒന്നിച്ചു പണിയെടുത്താലേ സാധാരണരീതിയിൽ ഇത് സാധ്യമാവൂ. രണ്ട്, ഈ ഗവേഷണങ്ങളുടെ വേഗത. ഒരു പ്രോട്ടീനിന്റെ സ്വരൂപം നിർണയിക്കാൻ ഒരു മിനിറ്റേ എടുക്കുകയുള്ളൂ എന്ന് ആൽഫാഫോൾഡ് വിദഗ്ധർ അവകാശപ്പെടുന്നു. ജീവശാസ്ത്രത്തിലെ വൻ അറിവുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. പല പുതിയ വൈറസുകളുടെയും വിവരങ്ങൾ ഡീപ് മൈൻഡ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വേഗതയും വ്യാപ്തിയും എല്ലാ മേഖലകളിലും വ്യാപകമായിട്ടുണ്ട്. മനുഷ്യസ്വഭാവ പരിമിതികളെ ഭേദിക്കുന്നതാണിത്. സിനിമാനിർമാണം ഉദാഹരണം. നേരത്തേ പഠിച്ചെടുത്ത കാര്യങ്ങൾ പരിശോധിച്ച് അത് അടിസ്ഥാനമാക്കി പുതിയ ആവിഷ്കാരങ്ങൾ നിർമിച്ചെടുക്കാൻ പ്രാപ്തിയുള്ള ‘മെഷീൻ ലേണിങ്’ പ്രോഗ്രാമുകൾ നൂതനങ്ങളായ സ്ക്രിപ്റ്റും കഥാസാരങ്ങളും ഉപയുക്തമാക്കുന്നത് ഹോളിവുഡിൽ നിലവിൽ വന്നിട്ടുണ്ട്. പല അൽഗോരിതമുകൾ (algorithms) ഉൾക്കൊള്ളിച്ച് സാധ്യതകൾ വിശ്ലേഷണം ചെയ്തതാണിത് എന്നതുകൊണ്ട് പുതിയ കഥാസാരവും കഥ പറഞ്ഞെടുക്കാനുള്ള വൈവിധ്യരീതികളും ലഭ്യമാക്കുകയാണ്. സമയം ലാഭിക്കുന്നതിനോടൊപ്പം പണച്ചെലവും കുറയുകയാണ്. അഭിനേതാക്കളെ തിരഞ്ഞെടുക്കാനും കാസ്റ്റിങ് ഡയറക്ടർമാർ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു രംഗത്തിന് ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ രൂപകൽപന ചെയ്യാനും നിർമിതബുദ്ധിയെ ആശ്രയിക്കാം. ഈയിടെ പ്രസിദ്ധമായത് ഒരു മാന്ത്രികലായനിക്കുപ്പി അതിചാതുര്യത്തോടെ എ.ഐ രൂപകൽപന ചെയ്തതാണ്.
ആവിഷ്കാരപരത എത്രത്തോളം?
സ്വപ്നത്തിൽ കാണുന്ന രൂപങ്ങൾപോലും ചിത്രങ്ങളായി വരച്ചുതരുന്ന പ്രോഗ്രാമുകളുണ്ട്. സംഗീതം രചിക്കുന്ന സോഫ്റ്റ് വെയറുകളുമുണ്ട്. പക്ഷേ, ഇവയെല്ലാം പണ്ട് പഠിച്ചത് പാടുന്ന രീതിയിലുള്ളവയാണ്. പുതിയ, തനതായ ആവിഷ്കാരങ്ങളായി സ്വീകരിക്കപ്പെടാവുന്നവയല്ല. അനേകം അൽഗോരിതങ്ങൾ ചികഞ്ഞ് സ്വരുക്കൂട്ടി നിർമിച്ചെടുക്കുന്നവതന്നെ. ചതുരംഗക്കളിയിൽ ലോകത്തെ പ്രഗല്ഭരെ തോൽപിക്കുന്ന കമ്പ്യൂട്ടറുകളുണ്ട്, സ്വന്തമായി സോഫ്റ്റ് വെയറുകൾ ചമക്കുന്നവയും. പക്ഷേ, ഇവയൊന്നും ലോകത്തെക്കുറിച്ച് ഒരു അറിവും ഉള്ളമട്ടിലല്ല പെരുമാറുന്നത്, അത് പഠിപ്പിച്ചെടുക്കുക എളുപ്പവുമല്ല. എന്നാൽ, അതിൽനിന്ന് മാറ്റങ്ങൾ വന്നുതുടങ്ങുന്നതായി സൂചനകളുണ്ട്. മേൽ പരാമർശിച്ച ഡീപ് മൈൻഡിലെ വിദഗ്ധർ ഒരു നിർമിതബുദ്ധി സൃഷ്ടിച്ചിട്ടുണ്ട്, പ്രകൃതിധർമപ്രകാരമുള്ള ലോകത്തിൽ (physical world) വസ്തുക്കൾ പദാർഥശാസ്ത്രത്തിന്റെ (physics) നിയമങ്ങൾ അനുശീലിക്കുന്നതായിരിക്കുമെന്ന് മനസ്സിലാക്കിയെടുത്തിരിക്കുന്ന സോഫ്റ്റ് വെയർ. ‘പ്ലേറ്റോ’ (PLATO –Physics Learning through Auto-encoding and Tracking Objects) എന്ന് പേരിട്ടിരിക്കുന്ന ഈ എ.ഐ, വസ്തുക്കളുടെ ചലനങ്ങളും ഇടം തേടലുകളും നിലയുറപ്പിക്കലുകളുമൊക്കെ അനുകരിക്കപ്പെടുന്ന വിഡിയോകൾ (simulated videos) വഴിയാണ് പരിശീലിപ്പിക്കപ്പെട്ടത്. വസ്തുക്കൾ വെറുതെ അപ്രത്യക്ഷമാകുന്നവ അല്ലെന്നും അവയുടെ ഭൗതികഗുണങ്ങൾ സ്ഥിരമാണെന്നുമൊക്കെ പഠിപ്പിച്ചെടുത്തു ‘പ്ലേറ്റോ’യെ. തെറ്റുകൾ വരുത്തിയാൽ കണ്ടുപിടിക്കാനുള്ള കഴിവ് പ്ലേറ്റോക്ക് ഉണ്ടത്രെ.
വാചകങ്ങളോ വിവരണങ്ങളോ കൽപനാചിത്രങ്ങളായി മാറ്റാൻ കഴിവുണ്ട് ‘ഡാൽ-ഇ’ (Dall-E) എന്ന എ.ഐ സോഫ്റ്റ് വെയറിന്. ഉൽപാദക നിർമിതബുദ്ധി (generative എ.ഐ) സർഗാത്മകതയുടെ പൂട്ട് തുറക്കുമെന്നാണ് പ്രത്യാശ. മനുഷ്യ മസ്തിഷ്കത്തെപ്പോലെ ന്യൂറൽ വലയങ്ങൾ (neural network) സൃഷ്ടിച്ചെടുത്തിട്ടുണ്ട് പുതിയ സോഫ്റ്റ് വെയർ മാതൃകകൾ. പഴയരീതിയിൽ കൃത്യമായ സൂചനകൾ പിന്തുടരുകയായിരുന്നെങ്കിൽ ഈ തലച്ചോർ – ന്യൂറോൺ മാതൃക ആകെയുള്ള വിവരങ്ങളിൽ ചില പാറ്റേണുകൾ കണ്ടുപിടിക്കുകയും അവ പഠിച്ചെടുക്കുകയും അതനുസരിച്ച് പെരുമാറാൻ പ്രാപ്തമാകുകയുമാണ്. ഓപൺ എ.ഐ കമ്പനിയുടെ 2020ലെ സോഫ്റ്റ് വെയറിന് (പിന്നീട് ഇതാണ് ‘ചാറ്റ്ജിപിടി -ChatGPT- ആയി പുതുക്കിയെടുത്തത്) പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പരിശീലനത്തിനുപയോഗിച്ച ഡേറ്റയിലെ തെറ്റുകൾമൂലം സ്ത്രീവിരുദ്ധതയും വംശവെറിയും പെട്ടെന്ന് പ്രത്യക്ഷമാക്കിയിരുന്നു.
ചാറ്റ്ജിപിടിയും സാധ്യതകളും
മനുഷ്യനും കമ്പ്യൂട്ടറും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടുന്നവിധം ചിട്ടപ്പെടുത്തിയ സോഫ്റ്റ് വെയറാണ് ചാറ്റ്ബോട്ടുകൾ (Chatbots). കാലിഫോർണിയയിലെ ഓപൺ എ.ഐ എന്ന കമ്പനിയുടെ ചാറ്റ് ബോട്ടായ ചാറ്റ്ജിപിടി മനുഷ്യസഹജമായ രീതിയിൽ സംഭാഷണം നടത്തുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും കവിതയെഴുതുകയും എന്നുവേണ്ട പരീക്ഷ എഴുതി പാസാകുകയും ഒക്കെ ചെയ്യുന്ന, ആവിഷ്കാരപരമായ ആധുനിക ആപ് ആണ്. Dall-Eയും ഇവരുടേതാണ്. കഴിഞ്ഞ നവംബറിലാണ് (2022) ഇത് പൊതുജനസമക്ഷം പ്രത്യക്ഷപ്പെടുത്തിയത്. വേഗത്തിൽ കമ്പനിയുടെ മൂല്യം 30 ബില്യൺ ഡോളറായി ഉയർത്തപ്പെട്ടു. ഡീപ് ലേണിങ് എന്ന വിദ്യയാണ് ആധാരം, കൃത്രിമ ന്യൂറൽ വലയങ്ങൾ ഉപയോഗിച്ചിട്ടുണ്ട്, സ്വാഭാവിക ഭാഷാരീതി ക്രിയകൾ (natural language processing) അടിസ്ഥാനമാക്കിയിട്ടുണ്ട്. ഒരു മാസംകൊണ്ട് 100 മില്യൺ ഉപഭോക്താക്കളെയാണ് ചാറ്റ്ജിപിടി സമാഹരിച്ചത്. ഇൻസ്റ്റഗ്രാമിനോ ടിക് ടോക്കിനോ കിട്ടാത്ത പൊതുസമ്മതി. അമേരിക്കൻ മെഡിക്കൽ ലൈസൻസിങ് പരീക്ഷയും പ്രശസ്ത മാനേജ്മെന്റ് പഠനസ്ഥാപനമായ വാർടൻ ബിസിനസ് സ്കൂളിലെ എം.ബി.എ പരീക്ഷയും ചാറ്റ്ജിപിടി പാസായി. ലേഖനങ്ങൾ വിദഗ്ധമായി എഴുതിത്തരും എന്നതുകൊണ്ട് പല യൂനിവേഴ്സിറ്റികളും വിദ്യാലയങ്ങളും ഇത് വിലക്കിയിട്ടുണ്ട്. ‘‘വസന്തത്തെക്കുറിച്ച് ഒരു കവിതയെഴുതൂ’’ എന്ന് നിർദേശിച്ചാൽ അതിമനോഹരമായ കവിതയുമായി വരും ചാറ്റ്ജിപിടി. ചോദ്യം ആവർത്തിച്ചാൽ ആദ്യത്തേതുമായി ബന്ധമില്ലാത്ത മറ്റൊരു കവിതയുമായി വരും. ‘‘മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന ഒരു പുതിയ സിനിമക്ക് കഥാസാരം തരിക’’ എന്ന് നിർേദശിച്ചാൽ ഒരു മിനിറ്റിനകം അതുമായെത്തും. ആയിരമായിരം വിവരശേഖരങ്ങൾ ഒറ്റയടിക്ക് പരിശോധിച്ച് അതെല്ലാം ഉൾക്കൊള്ളിക്കാനുള്ള അപാര കഴിവാണ് ഇതിൽ ബന്ധിച്ചിരിക്കുന്നതെന്ന് സാരം. വ്യവസായ സംരംഭങ്ങൾക്ക് വൻ അനുഗ്രഹമാണ് ഇത്തരം ആവിഷ്കാരങ്ങൾ. നിർമാണവേലകൾക്കും ഉൽപന്നത്തിന്റെ സ്വരൂപവും മേന്മയും നിശ്ചയിക്കാനും വിപണിയുടെ തന്ത്രങ്ങൾ ആവിഷ്കരിക്കാനുമൊക്കെ ഇത്തരം കോഡുകൾ ഉപയുക്തമാണ്. നമ്മുടെ ദൈനംദിന ജോലികളിൽ, ലോകവുമായി ബന്ധപ്പെടുന്നതും അതിൽ വ്യാപൃതമാകുന്നതിലുമൊക്കെ മാറ്റങ്ങൾ സംഭവിക്കാൻ പര്യാപ്തമാവുകയാണ് ഇത്തരം നിർമിതബുദ്ധി വ്യാപാരങ്ങൾ. സർഗാത്മകതയുടെ രീതിചര്യകൾ മാറപ്പെടാം, ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ആവിഷ്കാരാടിസ്ഥാനങ്ങൾ വ്യതിചലിക്കാം, വിദ്യാഭ്യാസം എന്നതിന്റെ കർമവിധികൾ തകിടം മറിയാം, മനുഷ്യകുലം ഭാവനാതീതമായ അത്ഭുതകർമങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാം.
നമ്മളെപ്പോലെ ചിന്തിക്കുമോ?
അമാനുഷികത ആവോളം പ്രദർശിപ്പിച്ചു കഴിഞ്ഞു, ആവിഷ്കാരങ്ങൾ ചാറ്റ്ജിപിടിയും മറ്റും ഏറ്റെടുത്തു. ചതുരംഗം കളിയിൽ തോൽപിക്കാനാവില്ല മക്കളേ എന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു കമ്പ്യൂട്ടറുകൾ. പക്ഷേ, ഒരു സൂപ്പർശക്തി ഇനിയും കിട്ടിയിട്ടില്ല നിർമിതബുദ്ധിക്ക്: മനസ്സ് വായിച്ചെടുക്കുക എന്നത്.
നമുക്ക് മറ്റൊരാളുടെ ചിന്ത എന്താണെന്നും പൊതു അവസ്ഥകളിൽ എങ്ങനെ പെരുമാറുമെന്നും ഏകദേശ ധാരണയുണ്ട്. വളരെ ചെറുപ്പത്തിൽതന്നെ ഇത് മനസ്സിലാക്കിയെടുക്കും നമ്മുടെ മസ്തിഷ്കം. മനുഷ്യ പെരുമാറ്റങ്ങളും ചിന്താപദ്ധതികളും ഇത് അടിസ്ഥാനമാക്കിയാണ് രൂപപ്പെടാറ്. നമ്മുടെ പെരുമാറ്റത്തിന്റെ അനന്തരഫലം മറ്റുള്ളവരിൽനിന്ന് ഏതുരീതിയിൽ പ്രതീക്ഷിക്കാമെന്നും നമുക്കറിയാം. ‘മനസ്സിന്റെ പരികൽപന’ (Theory of mind) എന്നറിയപ്പെടുന്നു ഇത്. നിർമിതബുദ്ധികൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്രദമാകണമെങ്കിൽ നമ്മോട് യോജിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിനു താനേ ഓടുന്ന കാറാണെങ്കിൽ അതിനു മുന്നിലേക്ക് ഒരു പന്ത് ഉരുണ്ടുവരുന്നതു കണ്ടാൽ അതിനു പിറകെ ഒരു കുട്ടിയും വന്നേക്കാം എന്ന തോന്നൽ എ.ഐക്ക് ഉണ്ടാവേണ്ടതാണ്. എന്നുവെച്ചാൽ സഹജാവബോധം നിർമിതബുദ്ധിയുടെ അവശ്യ ഭാഗമായിരിക്കണം എന്നുതന്നെ.
ചതുരംഗത്തിൽ ഗ്രാൻഡ്മാസ്റ്ററെ സൃഷ്ടിക്കാൻ നിർമിതബുദ്ധിക്ക് എളുപ്പമുണ്ട്. പക്ഷേ, മനുഷ്യപെരുമാറ്റത്തിലെ അനിശ്ചിതത്വം പഠിപ്പിച്ചെടുക്കാൻ എളുപ്പമല്ല. വഴങ്ങാവുന്ന, വ്യതിചലനാത്മകമാകുന്ന ചിന്തകൾ അതിന് ആവശ്യമാണ്. ഇതിനു സാധിക്കുന്ന നിർമിതബുദ്ധി പ്രയോഗങ്ങൾ സാധ്യമാകുന്നതിന്റെ സൂചനകൾ നമുക്കുണ്ട് ഇപ്പോൾ. മനുഷ്യരോടൊപ്പം ചില മത്സരക്കളികളിലും ഒളിച്ചുകളിയിലും ഏർപ്പെടുകയൊക്കെ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകൾ ചെയ്തുതുടങ്ങിയിട്ടുണ്ട് എന്നതിനാൽ സമൂഹസ്നേഹികളായ യന്ത്രങ്ങൾ അസാധ്യമല്ലെന്ന് തെളിയുന്നുണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിച്ചുതുടങ്ങുക എന്നത് കമ്പ്യൂട്ടർ മനസ്സിലാക്കുന്ന വേള അതിവിദൂരമല്ല.
പക്ഷേ, മനുഷ്യപെരുമാറ്റത്തിന്റെ നിയമങ്ങൾ സങ്കീർണമാണ്, നമുക്കറിയാം. ഏറ്റവും ലളിതമായ സമൂഹപെരുമാറ്റ ശേഷിപോലും യന്ത്രങ്ങളുടെ ഭാവത്തിലേക്ക് വിവർത്തനം ചെയ്യാൻ എളുപ്പമല്ല. നമ്മുടെ പെരുമാറ്റങ്ങളിലെ കണക്കുകൂട്ടലുകൾ അല്ല ചില സൂത്രവാക്യങ്ങളിലൂടെ യുക്തി നിബന്ധിച്ച കമ്പ്യൂട്ടർ പ്രയോഗരീതികളിൽ. അനിശ്ചിതത്വം എന്നത് കമ്പ്യൂട്ടറിനു മറികടക്കാൻ പറ്റുന്ന കടമ്പയല്ല. ഒരു ലക്ഷ്യം ആദ്യം ഉറപ്പിച്ചിട്ട് അതിലെത്താൻ നേരത്തേയുള്ള അറിവുകൾ പരിശോധിച്ച് പല പരീക്ഷണ/പിശകുകളിലൂടെ (trial and error) കടന്ന് ഓരോ പടിയിലും പാഠങ്ങൾ പഠിച്ച് മുന്നേറാൻ ചില നിർമിതബുദ്ധികൾ പരിശീലിക്കപ്പെടുന്നുണ്ട്. ഗൂഗിളിന്റെ ‘ഡീപ് മൈൻഡ്’ കൃത്രിമ ന്യൂറൽ വലയങ്ങൾ സൃഷ്ടിച്ച് മനുഷ്യമസ്തിഷ്കത്തിന്റെ അനുകരണപ്രയോഗങ്ങളെ ആധാരമാക്കുന്നു. തിയറി ഓഫ് മൈൻഡ്-നെറ്റ് (Theory of Mind-net (ToM-net)) എന്ന പേരിൽ അറിയപ്പെടുന്ന ഈ എ.ഐക്ക് ധാരാളം വിവരങ്ങൾ തുടക്കത്തിൽതന്നെ നൽകുന്നു, പടിപടിയായി പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുന്നു, സാങ്കൽപികമായ മറ്റൊരാളുടെ ആലോചനകളെക്കുറിച്ച് അറിവുനേടുന്നു. ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിലെ ഡോ. ലിപ്സണും കൂട്ടരും കമ്പ്യൂട്ടറിൽ ഒരു ത്രിമാന ഇടത്ത് ഒരു ഇരയെയും വേട്ടക്കാരനെയും പ്രതിഷ്ഠിച്ച് ഒളിച്ചുകളിയുടെ തത്സമ അനുകരണം സൃഷ്ടിച്ചെടുത്തു. മറ്റൊരാളുടെ മനസ്സിൽ എന്താണെന്ന് അറിയുന്ന രീതിയിൽ ഇരയുടെ കാഴ്ച വേട്ടക്കാരന്റെ കണ്ണിലൂടെ മാത്രം എന്ന സംവിധാനത്തിലാണ് ഈ ഒളിച്ചുകളി പ്രായോഗികമാക്കിയത്. ഇര അങ്ങനെ രക്ഷപ്പെടാൻ ഇടയായി. ഇതേ തത്ത്വം ഉപയോഗിച്ച് 2021ൽ ലിപ്സണും കൂട്ടരും ഒരു റോബോട്ട് ചെയ്തുകൂട്ടുന്ന പല പ്രവൃത്തികളുടെ ആയിരക്കണക്കിനു ചിത്രങ്ങൾ ഒരു നിർമിതബുദ്ധിക്ക് പരിചയമാക്കുകയും പിന്നീട് അത് ഈ റോബോട്ടിന്റെ മാനസികപദ്ധതി എന്താണെന്ന് കൃത്യമായി ഊഹിച്ചെടുക്കുകയും ചെയ്തു.
ഈയിടെ മനസ്സു പിടിച്ചെടുക്കുന്ന മറ്റൊരു തന്ത്രവുമായി ‘മെറ്റ’ എത്തിയിട്ടുണ്ട്. സിസറോ (Cicero) എന്ന എ.ഐ ‘ഡിപ്ലോമസി’ എന്ന ബോർഡ് ഗെയിം കളിക്കാൻ പ്രാപ്തമാണ്. ഏഴുപേർ യൂറോപ് പിടിച്ചടക്കാൻ മത്സരിക്കുന്നതാണ് പ്രമേയം. കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പരസ്പരം മനസ്സ് അറിയേണ്ടിയിരിക്കുന്നു. ഈ ഏഴു പേരിൽ ഓരോരുത്തരുടെയും ലക്ഷ്യവും വിശ്വാസങ്ങളും ഉദ്ദേശ്യങ്ങളും പരസ്പരം പഠിച്ചെടുത്ത് അവർ പെരുമാറുന്നതായി നിരീക്ഷിക്കപ്പെട്ടു. സമൂഹത്തിൽ പ്രായോഗികജ്ഞാനവുമായി പെരുമാറുന്നതിനു തുല്യമാണിത്. പക്ഷേ, പരിമിതിയുണ്ട് ഈ പഠനത്തിന്: ‘ഡിപ്ലോമസി’ എന്ന ഈ ബോർഡ്ഗെയിമിൽ ഒതുങ്ങുകയാണ് ഇവരുടെ അറിവും പെരുമാറ്റവും.
ഉപകാരപ്രദമായ റോബോട്ടുകൾ നിർമിക്കാനല്ല ‘തിയറി ഓഫ് മൈൻഡ്’ പ്രാവർത്തികമാകുന്ന നിർമിതബുദ്ധികൾ ആവിഷ്കരിക്കുന്നത്. ഇത് ഒരു ചവിട്ടുപടിയാണ്, നിർമിതബുദ്ധിയും റോബോടിക്സുമൊന്നിച്ച് വികാരങ്ങളുള്ള യന്ത്രങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലെത്താൻ എന്ന് കമ്പ്യൂട്ടർ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ടെക് കമ്പനി രാക്ഷസർ യുദ്ധത്തിനു തയാർ!
നിർമിതബുദ്ധിയും സോഷ്യൽ മീഡിയയിൽ അവയുടെ ഉപയോഗപ്രയോഗങ്ങളും എല്ലാം വിപണിയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചത് ഇതിൽ കാശിറക്കിയിട്ടുള്ള ടെക് കമ്പനികളെ ഭ്രാന്തചിത്തരും ഉന്മാദാവേശികളും ആക്കിയിട്ടുണ്ട്. ഇവരെല്ലാം ബില്യൺ കണക്കിനു ഡോളർ നിർമിതബുദ്ധിയിൽ അടവെച്ചു വിരിയിക്കാൻ നിക്ഷേപിച്ചിട്ടുണ്ട്. സിലിക്കൺ വാലിയിൽ യുദ്ധക്കളങ്ങൾ സജ്ജമാവുകയാണ്. ചാറ്റ്ജിപിടിയുടെ ആകസ്മികവിജയം പലരെയും പരിഭ്രാന്തരും ആക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റും ആൽഫബെറ്റിന്റെ (Alphabet) സ്വന്തമായ ഗൂഗിളും അവരുടെ കോർപറേറ്റ് യുദ്ധതന്ത്രങ്ങൾ സാമ്പത്തികവ്യവസ്ഥയുടെ മൂലഭൂത തത്ത്വത്തിന്റെ (infrastructure) പ്രധാന അടരായി നിജപ്പെട്ടേക്കാവുന്ന നിർമിതബുദ്ധി പ്രകരണങ്ങളെ പിടിച്ചടക്കാൻ വെമ്പുകയാണ്. മൈക്രോസോഫ്റ്റ് ആകട്ടെ, ചാറ്റ്ജിപിടിയും ഡാൽ-ഇയും ആവിഷ്കരിച്ച ഓപൺ എ.ഐ എന്ന കമ്പനിയിൽ 10 ബില്യൺ ഡോളർ നിക്ഷേപിച്ചു കഴിഞ്ഞു. അവരുടെ സെർച് എൻജിനായ ‘ബിങ്ങി’ലും (Bing) ‘ഓഫിസ്’ സോഫ്റ്റ് വെയറിലും ഉൽപാദക നിർമിതബുദ്ധി (generative AI) സന്നിവേശിപ്പിക്കാനും നിശ്ചയിച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയുടെ പെട്ടെന്നുള്ള കടന്നുകയറ്റം കാരണം ഗൂഗിൾ വിഭ്രാന്തിയിലായി. അവരുടെ സ്വന്തം ചാറ്റ്ബോട്ടായ ‘ബാർഡ്’ (Bard) പെട്ടെന്ന് വിപണിയിൽ ഇറക്കാനും തത്രപ്പെട്ടു. മൈക്രോസോഫ്റ്റ് തലവൻ സത്യ നദല്ല “ഞങ്ങൾ ഇതാ മുന്നേറുന്നു’’ എന്ന യുദ്ധപ്രഖ്യാപന സമാനമായ വെല്ലുവിളിയുമായെത്തി, ഈ ഫെബ്രുവരിയിൽതന്നെ. വാൾസ്ട്രീറ്റിലാവട്ടെ ഏതൊക്കെ കമ്പനികൾ ‘നിർമിതബുദ്ധി’ ഭാവി പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ അവരുടെ സ്റ്റോക് നിലവാരമുയർത്തി.
പല നിർമിതബുദ്ധി ഉപകരണങ്ങൾ – ചാറ്റ്ജിപിടിയും ബാർഡും ഡാൽ-ഇയും ഒക്കെ – ശരിക്കും മൂത്തുപഴുക്കാത്തവയാണ്, മത്സരം കാരണം വിപണിയിൽ ഇറക്കിയവ ആണ്. പലതും സുരക്ഷിതവുമല്ല. ചാറ്റ്ജിപിടിയിലെ വിഡ്ഢിത്തവും തെറ്റുകളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് 2016ൽ ഇറക്കിയ ചാറ്റ്ബോട്ടായ ‘റ്റേ’ (Tay) ആകപ്പാടെ വംശവെറിയും ഫെമിനിസത്തെ ആക്രമിക്കുന്ന ആക്രോശങ്ങളും വന്ന് നിറഞ്ഞതിനാൽ ഉടൻ പിൻവലിക്കേണ്ടിവന്നു. ലണ്ടനിലെ സ്റ്റെബിലിറ്റി എ.ഐ (Stability AI) എന്ന കമ്പനി സ്റ്റേബ്ൾ ഡിഫ്യൂഷൻ (Stable Diffusion) എന്ന ടൂൾ പുറത്തിറക്കി. വാചകങ്ങളെയോ ആഖ്യാനങ്ങളെയോ സ്വപ്നതുല്യമായ ചിത്രങ്ങളാക്കുന്ന നിർമിതബുദ്ധിയായിരുന്നു ഇത്. പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടു, വ്യാജപകർപ്പുകൾ നിർമിക്കപ്പെട്ടു, ചിലവ വിൽക്കപ്പെട്ടു, കമ്പ്യൂട്ടറിനെ പഠിപ്പിച്ചെടുക്കാൻ ഉപയോഗിച്ച ചിത്രങ്ങൾ ബ്ലാക്മെയിൽ ചെയ്യാൻ ഉപയുക്തമായി. അങ്ങനെ കെടുതികൾ കുന്നുകൂടി. വൻ കമ്പനികൾ പലതും പ്രശ്നഭരിതമോ വിലക്ഷണമോ ആയതിനാൽ പെട്ടിയിലടച്ചിരുന്ന സോഫ്റ്റ് വെയറുകൾ മത്സരം മൂർച്ഛിച്ചതിനെത്തുടർന്ന് നിർബാധം പൊതുജനമധ്യത്തിലേക്ക് ഇറക്കിവിട്ടു.
2015 മുതലുള്ള ചരിത്രം ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ‘ടൈം മാഗസിൻ’ ഇപ്രകാരം സംക്ഷിപ്തമാക്കിയിട്ടുണ്ട്:
2015 മാർച്ച്: സ്റ്റാൻഫോർഡ്-ബെർക്കിലി സർവകലാശാല ഗവേഷകർ ആഖ്യാനങ്ങൾ (text) കൽപനാചിത്രങ്ങൾ (images) ആക്കി മാറ്റാനുള്ള സാധ്യത തെളിയിക്കുന്ന ‘ഡിഫ്യൂഷൻ അൽഗോരിതം’ ആദ്യമായി വിവരിച്ചു.
2016 മാർച്ച്: മൈക്രോസോഫ്റ്റ് ‘Tay chatbot’ ചാറ്റ് റൂം തുറന്നു, 24 മണിക്കൂറുകൾക്കകം വംശവെറിയുടെ കേദാരമായിത്തീർന്നതിനാൽ ഉടൻ പിൻവലിച്ചു. “ഹോളോകോസ്റ്റ് നടന്നിട്ടേ ഇല്ല’’ എന്ന് വാദിച്ചവരായിരുന്നു ഒരുപാട് പേരും.
2017 ജൂൺ: ഗൂഗിൾ ഗവേഷകർ ആദ്യമായി ചാറ്റ്ബോട്ടുകൾക്ക് അത്യൂർജം പകരുന്ന ‘ട്രാൻസ്ഫോർമർ അൽഗോരിതം’ പ്രസിദ്ധീകരിച്ചു .
2019 ജനുവരി: മൈക്രോസോഫ്റ്റ് ഒരു ബില്യൺ ഡോളർ റെഡി ക്യാഷായും കമ്പ്യൂട്ടർ ശക്തിയായും ഓപൺ എ.ഐ എന്ന കമ്പനിയിൽ നിക്ഷേപിക്കുന്നു.
2019 ഫെബ്രുവരി: ഓപൺ എ.ഐ കമ്പനി GPT-2 എന്ന ഭാഷാനിർമിതി ഉപകരണം പ്രഖ്യാപിക്കുന്നു, പക്ഷേ ‘വിദ്വേഷപരമായ പ്രകരണങ്ങളോടുള്ള ഉത്കണ്ഠകളാൽ’ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിക്കേണ്ട എന്ന് തീരുമാനിക്കുന്നു.
2020 ജൂൺ: ഓപൺ എ.ഐ കമ്പനി അതിശക്തിയാർന്ന GPT-3 എന്ന ചാറ്റ്ബോട്ട് പ്രകാശിപ്പിക്കുന്നു, പക്ഷേ ഒരു നിശ്ചിത എണ്ണം ഉപഭോക്താക്കൾക്കു മാത്രം.
2021 മേയ്: ഗൂഗിൾ സ്വന്തം ചാറ്റ്ബോട്ടായ LaMDA പ്രഖ്യാപിക്കുന്നു, പക്ഷേ പൊതുജനസമക്ഷം അവതരിപ്പിക്കുന്നില്ല.
2022 ഏപ്രിൽ: ഓപൺ എ.ഐ കമ്പനി Dall –E 2 എന്ന, ആഖ്യാനങ്ങളെ ചിത്രങ്ങളാക്കുന്ന ടൂൾ പ്രകാശിപ്പിക്കുന്നതായി വെളിപ്പെടുത്തുന്നു, പക്ഷേ വിപുലമായി ലഭ്യമാക്കപ്പെടുന്നില്ല.
2022 ആഗസ്റ്റ്: പുതിയ സ്റ്റാർട്ടപ് കമ്പനിയായ Stability AI ‘Stable Diffusion’ എന്ന, ആഖ്യാനപാഠങ്ങൾ (text) പരികൽപനാ ചിത്രങ്ങളാക്കുന്ന നിർമിതബുദ്ധി ടൂൾ പൊതുജനസമക്ഷം അവതരിപ്പിക്കുന്നു.
2022 സെപ്റ്റംബർ: ഓപൺ എ.ഐ പൊതുജനോപയോഗത്തിന് Dall-E 2 സമർപ്പിക്കുന്നു.
2022 നവംബർ: ഓപൺ എ.ഐ ലോകവാസികൾക്കെല്ലാം ചാറ്റ്ജിപിടി സമർപ്പിക്കുന്നു.
2022 നവംബർ: ‘മെറ്റ’ (Meta, മുൻ Facebook) സ്വന്തം ചാറ്റ്ബോട്ടായ ‘ഗാലക്ടിക്ക’ പ്രസിദ്ധീകരിക്കുന്നു, പക്ഷേ തെറ്റായ ഉത്തരങ്ങൾ വമ്പിച്ച ആരോപണങ്ങൾക്ക് വഴിവെക്കുന്നു, ഉടൻ ഗാലക്ടിക്കയെ കൊന്നുകളയുന്നു.
2023 ജനുവരി: മൈക്രോസോഫ്റ്റ് ഓപൺ എ.ഐക്ക് 10 ബില്യൺ ഡോളർ സമ്മാനിക്കുന്നു.
2023 ഫെബ്രുവരി: മൈക്രോസോഫ്റ്റ് അവരുടെ ‘ബിങ്’ എന്ന സെർച് എൻജിൻ ചാറ്റ്ജിപിടിയുമായി ചേർക്കുന്നതിനുള്ള പ്രാരംഭവിശകലനങ്ങൾക്ക് തുടക്കമിട്ടു.
Deep Fake മുതൽ ലോക ഏകാധിപത്യം വരെ – നിർമിതബുദ്ധി എന്ന ഇരുതല മൂർച്ച വാൾ
ലോകചര്യകൾ മിക്കതും കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സാധ്യമാക്കുന്ന ഈ വേളയിൽ മനുഷ്യജനതക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അനുഗ്രഹമാണ് ലഭിക്കുന്നത്. എത്രയെളുപ്പം അസാധ്യമെന്ന് കരുതിയതൊക്കെ സാധ്യമാകുന്നു, ജൈവലോകത്തിന്റെയും ഭൗതികലോകത്തിന്റെയും ശക്തിയും വേഗവും എന്തെല്ലാം സൗഭാഗ്യം സാധിക്കാമെന്ന് ആശ്ചര്യപ്പെടേണ്ട കാലംതന്നെ. പക്ഷേ, ഇങ്ങനെ സർവനിയന്താവായ ഒരു അധീശശക്തിക്ക് വശംവദരായതിന്റെ മറ്റ് വശങ്ങൾ കാണാതിരുന്നുകൂടാ.
കമ്പ്യൂട്ടർ പണി അറിയാവുന്ന പലർക്കും അനുഗ്രഹമെന്ന് നമ്മൾ കരുതുന്ന പലതും ആറ്റംബോംബാക്കാനും കഴിവുണ്ടെന്ന് ഓർക്കാൻ വിഷമമില്ല. PET, MRI പോലത്തെ സ്കാനിങ് വിദ്യകളിലെ കൽപനാചിത്രങ്ങൾ (images) ഇന്ന് നിർമിതബുദ്ധിയുടെ ഉപകരണങ്ങളാണ് എളുപ്പം പഠിച്ചെടുത്ത് രോഗസൂചനകൾ നൽകുന്നത്. ഇതേ പ്രയോഗവിധികൾ ഉപയോഗിച്ച് യഥാർഥമായ ചിത്രങ്ങളെ വ്യാജമാക്കാനും എളുപ്പമാണ്. അത്തരം ചിത്രങ്ങളും വിഡിയോകളും ഇന്ന് ധാരാളം നിർമിച്ചെടുക്കപ്പെടുന്നുണ്ട്. ഡീപ്ഫെയ്ക്സ് (Deepfakes) എന്നറിയപ്പെടുന്നവ. നിർമിതബുദ്ധിയുടെ എല്ലാ സാമർഥ്യങ്ങളും ഉപയോഗിച്ചിട്ടുള്ളതിനാൽ യഥാർഥമെന്നേ തോന്നൂ. ബ്ലാക്മെയിൽ ചെയ്യാനും പീഡനത്തിനും വൻ ഉപദ്രവത്തിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഇത്തരം ഡീപ് ഫെയ്ക് ചിത്രങ്ങളും വിഡിയോകളും ഉപയോഗിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ ഈ ലോകത്തെ ബന്ധിപ്പിച്ച് ഒന്നാക്കുമെന്ന് സ്വപ്നം കണ്ടിടത്ത് വിഷലിപ്തമായ വിച്ഛേദക്കത്തികളാണ് ആഴ്ന്നിറങ്ങിയത്.
സുരക്ഷയെക്കാൾ ലാഭം മേൽക്കൈ നേടുമ്പോൾ അസ്തിത്വപരമായ അപകടസാധ്യതകളാണ് തെളിയുന്നത്. മനുഷ്യനെക്കാൾ മെച്ചമായും വേഗത്തിലും ഗാഢമായും ചിന്തിക്കാനും പഠിച്ചെടുക്കാനും കഴിവുള്ള നിർമിതബുദ്ധിയെ നമ്മൾ വണങ്ങുന്നതോടൊപ്പം പേടിക്കേണ്ടതുമല്ലേ? താനേ പരിഷ്കരിക്കപ്പെടാനും സ്വയം നവീകരിക്കപ്പെടാനും പുതിയ രൂപസംവിധാനങ്ങൾ നേടാനും അധികാരപ്രാപ്തി കൈവരിക്കാനും കഴിവുള്ള നിർമിതബുദ്ധിക്ക് ഒരു ഏകാധിപതിയുടെ ഛായ ഇല്ലേ? മനുഷ്യന്റെ മാർഗനിർദേശങ്ങളോ ഇടപെടലുകളോ ആവശ്യമില്ലാത്ത നിർമിതബുദ്ധി ആരെ, എന്തിനു വകവെക്കണം? അത് മനുഷ്യകുലത്തെതന്നെ ഇല്ലാതാക്കില്ലേ? അല്ലെങ്കിൽ ഒരു കുത്സിത ഏകാധിപതിക്ക് ഇത് സാധിക്കില്ലേ? നമ്മളെ ചകിതരാക്കുന്ന ചോദ്യങ്ങളാണ്. ‘ടൈം മാഗസിനി’ലെ ഈയിടത്തെ ലേഖനത്തിൽ ലോകത്തുള്ള കാർബൺ മുഴുവൻ സംഭരിക്കാൻ നിർദേശം കിട്ടിയ നിർമിതബുദ്ധി സർവജീവജാലങ്ങളെയും നശിപ്പിച്ച് കാർബൺ ഊറ്റിയെടുക്കുന്ന ഭീകരദൃശ്യം കാഴ്ചവെക്കുന്നുണ്ട്. 1968 ലെ ‘2001: A Space Odyssey’ എന്ന സ്റ്റാൻലി കുബ്രിക് സിനിമയുടെ അവസാനം മനുഷ്യനെ ധിക്കരിച്ച് പരമാധികാരം കൈയാളുന്ന, വികാരരഹിതമായി സംസാരിക്കുന്ന കമ്പ്യൂട്ടറിനെ ദൃശ്യപ്പെടുത്തുന്നുണ്ട്. ഇന്നും അത് സംഗതമാണെന്നുള്ളത് ഭീതിദമാണ്. ലോകത്തെ മുഴുവൻ ഗ്രസിച്ച, മില്യൺ കണക്കിനു മനുഷ്യർ മരിച്ചുവീണ കോവിഡ് മഹാമാരിക്കു ശേഷവും യുദ്ധം എന്ന പഴഞ്ചൻ ചിന്താഗതിയുടെ ക്രൗര്യവുമായി നിലകൊള്ളുന്ന വ്ലാദിമിർ പുടിനെപ്പോലുള്ളവർക്ക് നടുവിലാണ് നമ്മൾ എന്ന സത്യം ഞെട്ടിക്കുന്നതു തന്നെയാണ്. ഇങ്ങനെ ഒരാളോ ഒരുകൂട്ടം ആൾക്കാരോ ചില പ്രത്യേക സോഫ്റ്റ് വെയറുകൾ നിർമിച്ചാൽ അതുമതി ലോകനാശത്തിന്.
♦