ഉരിയാടുന്ന ചുവരുകളും പുത്തൻ യക്ഷിക്കഥയും
ഗോവയിൽ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേള എന്താണ് സംഭാവന ചെയ്തത്? എന്താണ് കാണിച്ചത്? മേളയിലെ സിനിമകളെക്കുറിച്ച് എഴുതുന്നു.
കാർലോസ് സോറയുടെയും പസോളിനിയുടെയും ഗൊദാർദിന്റെയും ലോകോത്തരമായ സിനിമകളാണ് ഗോവയിൽ നവംബർ 20 മുതൽ 28 വരെ നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയെ ആഴമേറിയതാക്കിയത്. പട്രീഷ്യോ ഗുസ്മാൻ, അലക്സാണ്ടർ സൊകുറോവ് തുടങ്ങിയ ലോകമറിയുന്ന സംവിധായകരുടെ പുതിയ പടങ്ങളും ബോധോദയപരമായിരുന്നു. സമഗ്രസംഭാവനക്കുള്ള പുരസ്കാരവും റിട്രോയുമായി സോറയുടെ 1966ൽ എടുത്ത 'ദ ഹണ്ട്' മുതൽ 2022ൽ എടുത്ത ഡോക്യുമെന്ററിയായ 'വോൾസ് കാൻ റ്റോക്ക്' വരെ എട്ടോളം ചിത്രങ്ങൾ...
Your Subscription Supports Independent Journalism
View Plansകാർലോസ് സോറയുടെയും പസോളിനിയുടെയും ഗൊദാർദിന്റെയും ലോകോത്തരമായ സിനിമകളാണ് ഗോവയിൽ നവംബർ 20 മുതൽ 28 വരെ നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയെ ആഴമേറിയതാക്കിയത്. പട്രീഷ്യോ ഗുസ്മാൻ, അലക്സാണ്ടർ സൊകുറോവ് തുടങ്ങിയ ലോകമറിയുന്ന സംവിധായകരുടെ പുതിയ പടങ്ങളും ബോധോദയപരമായിരുന്നു. സമഗ്രസംഭാവനക്കുള്ള പുരസ്കാരവും റിട്രോയുമായി സോറയുടെ 1966ൽ എടുത്ത 'ദ ഹണ്ട്' മുതൽ 2022ൽ എടുത്ത ഡോക്യുമെന്ററിയായ 'വോൾസ് കാൻ റ്റോക്ക്' വരെ എട്ടോളം ചിത്രങ്ങൾ നിറഞ്ഞ കൊട്ടകകളിൽ കാണിച്ചു.
പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങളും ശിലാശിൽപ നിർമിതികളും നേരിട്ടു പോയി ചിത്രീകരിച്ച 'ചുമരുകൾക്ക് പറയാനാകും' എന്ന ഡോക്യൂ സിനിമ സോറയുടെ കലാജീവിതത്തിൽ മാത്രമല്ല, ലോക കലയുടെ ചരിത്രത്തിലും സംസ്കാര രാഷ്ട്രീയത്തിലുമുള്ള ശക്തമായ ഇടപെടലാണ്. പ്രാചീന കല്ലളകളിലെ ചുവർപടങ്ങളെയും കല്ലിൽ കോറിയിട്ട അടയാളങ്ങളെയും സമകാലിക ഗ്രാഫിറ്റിയും കാഴ്ചയുടെ സൂക്ഷ്മരാഷ്ട്രീയമാർന്ന കലാചാരങ്ങളുമായി സമഗ്രതയോടെ സാംസ്കാരികമായി സോറയെന്ന ചലച്ചിത്ര കലാകാരൻ ബന്ധിപ്പിക്കുന്നു. കേരളത്തിലെ ഓരോ വിദ്യാലയത്തിലും കലാശാലകളിലും പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ട ഡോക്യുമെന്ററിയാണിത്. പ്രദർശനങ്ങളെങ്കിലും നടക്കട്ടെ.
ഓപണിങ് ഫിലിമായി കാണിച്ച ഡയതർ ബർനറുടെ ഓസ്ട്രിയൻ പടം 'അൽമ ആൻഡ് ഓസ്കർ', കനേഡിയൻ സംവിധായിക മെഴ്സീഡിസ് മോർഗെന്റ 'ഫിക്സേഷൻ' തുടങ്ങിയ ചിത്രങ്ങൾ ശരാശരി നിലവാരമേ പുലർത്തിയുള്ളൂ. സ്ഥിരം വഴി വിട്ടുമാറാനും ജനായത്തപരമായ പുതുഭാവുകത്വവും ബഹുസാംസ്കാരിക മാറ്റങ്ങളുമായി ഇടപെടാനും ഈ പടങ്ങൾക്കു കഴിയുന്നില്ല. മാത്രമല്ല, യൂറോ-അമേരിക്കൻ കേന്ദ്രിതത്വത്തിൽനിന്നു വഴിമാറാനോ ഇന്ത്യയെയോ ഏഷ്യയെയോ ലോകത്തിന്റെ വൈവിധ്യസഹജമായ സംസ്കാര ബഹുസ്വരതയെയോ സംബോധന ചെയ്യാനോ കഴിയുന്ന ചിത്രങ്ങളായിരുന്നില്ല ഇവ. വിയോജിപ്പും പ്രതിരോധവും കലർന്ന ഓപസിഷനൽ ഗെയിംസ് അഥവാ വിപരീത നോട്ടം ഈ പടങ്ങൾക്കായി എന്നത് പ്രസക്തമായ ചോദ്യമാണ്. മെഴ്സീഡിസ് ബ്രൈസ് മോർഗൻ എന്ന ക്വിയർ ലറ്റിനോ സംവിധായികയുടെ ആദ്യ പടം ക്വിയർ സമുദായത്തിെന്റ പ്രാതിനിധ്യ പ്രതിനിധാന പ്രശ്നങ്ങളെയും വെല്ലുവിളികളെയും എത്രമാത്രം സിനിമ മുന്നോട്ടുവെക്കുന്നു, കാഴ്ചപ്പെടുത്തുന്നു എന്ന പ്രശ്നം നിർണായകമാണ്.
മത്സരവിഭാഗത്തിൽ ഇറാനിയൻ സംവിധായകനായ ദാരിയൂഷ് മെഹർജൂയി എടുത്ത 'എ മൈനർ' ലളിതവും ചടുലവും കലയുടെ ജീവിതമൂല്യത്തെ മഹത്തരമാക്കുന്നതുമായ രചനയായി അനുഭവപ്പെട്ടു. സംഗീതം പഠിക്കാനായുന്ന പെണ്ണ് വാണിജ്യവീരനായ അപ്പന് തലവേദനയും ചങ്കുവേദനയുമായി മാറുന്നു. പാട്ടിെന്റ അലയൊലി പണത്തിനും മീതേ പറക്കുന്നു. ലൈംഗിക പാവയെ പ്രേമിക്കുന്ന മീൻപിടിത്ത ട്രോളറിലെ പുരുഷപ്രജകളെ കടലകത്ത് വൻതോണിയിൽ അനന്യമായി കാഴ്ചപ്പെടുത്തിയ അരുണ ജയവർധനയുടെ 'ഓഷ്യൻ എയ്ഞ്ചൽ' എന്ന ശ്രീലങ്കൻ സിംഹള-തമിഴ് ചിത്രം ഏറെ ചലച്ചിത്രപരവും മാനവികവും കരുണാർദ്രവുമായ സിനിമയാണ്. ശ്രീലങ്കയുടെ വംശീയ, ന്യൂനപക്ഷ പ്രശ്നങ്ങളെയും സാമ്പത്തിക തകർച്ചയെയും ഫാഷിസത്തിന്റെ ഭീഷണികളെയുംകൂടി അന്യാപദേശം ചെയ്യുന്നു ഈ ചലച്ചിത്ര പ്രതിനിധാനം.
'ബെസ്റ്റ് ഡെബ്യൂ' എന്ന വിഭാഗത്തിൽ സ്ത്രീകളായ സംവിധായകരുടെ മികവു കാണാം. ലൊവീസ സൈറൻ എന്ന യുവ സ്വീഡിഷ് സംവിധായികയുടെ 'മായ നീലോ' (ലോറ) എന്ന ചിത്രം ശക്തമായ ദൃശ്യഭാഷയും പാത്രചിത്രണവുംകൊണ്ട് കാണികളെ ആഖ്യാനത്തിലേക്ക് ഉൾച്ചേർക്കുന്നു. ഒരു റോഡ് മൂവിയായും ഇതുകാണാം. മെക്സിക്കൻ സംവിധായിക ആൻ മേരിയുടെ 'ഐലൻഡ് ഓഫ് ലോസ്റ്റ് ഗേൾസ്' ഏറെ സാഹസികമായ ചിത്രീകരണംകൊണ്ടും കടൽജീവികളുടെ ഇടയിൽ പെട്ടുപോയ കുട്ടികളുടെ പ്രകടനംകൊണ്ടും ഏറെ ജനപ്രിയമായി മാറി. സാഹസിക ചിത്രീകരണത്തിന് സംവിധായിക ഏറെ പ്രശംസിക്കപ്പെടുന്നു.
കലൈഡോസ്കോപ് വിഭാഗത്തിൽ യുവ സ്പാനിഷ് സംവിധായികയായ കാർല സൈമൺ എടുത്ത 'അൽകറാസ്' പാരിസ്ഥിതികവും രാഷ്ട്രീയവുമായി പ്രാധാന്യമുള്ള, അടുപ്പമുണർത്തുന്ന പടമാണ്. പഴത്തോട്ടങ്ങൾ മാറ്റി സൗരപാനലുകൾ സ്ഥാപിക്കുമ്പോൾ തോട്ടപ്പണിക്കാരായ കൃഷിക്കാർ പുറത്താകുന്നു. തോട്ടപ്പണി സൗരോർജ വിളവെടുപ്പിനു വഴിമാറവേ ഉണ്ടാകുന്ന മാനുഷിക പ്രശ്നവും തോട്ടപ്പണിയുടെ നാണ്യവിള-ഒറ്റവിള പരിസ്ഥിതി പ്രശ്നവും അതിനടിയിലുള്ള മുയൽക്കൊലയുടെ കൊടിയ ക്രൂരചരിത്രവും കൂടി ചിത്രം ബഹുസ്വരമായി വെളിപ്പെടുത്തുന്നു. കുട്ടികളുടെ, കറുത്തവരുടെ നോട്ടപ്പാടുകളും കൂടി പതിയെ കടന്നുവരുന്നു കഥനാഖ്യാനത്തിൽ. ലൂക്കാസ് ഢോന്ത് എന്ന യുവ ബൽജിയൻ സംവിധായകൻ നിർമിച്ച 'കാനിൽ ഗ്രാൻഡ്' പുരസ്കാരം നേടിയ പുതുപടമായ ക്ലോസ് കുട്ടികളുടെ കൂട്ടുകെട്ടും മാനസിക വലുപ്പവും തുറന്നുകാട്ടുന്ന കലാപരമായ മികച്ച സിനിമയാണ്. ഓരോ ഫ്രെയിമും ബിംബങ്ങളും നമ്മുടെ മനസ്സു നിറക്കും. ആത്മകഥാപരമായി നമുക്കോരോരുത്തർക്കും തോന്നാവുന്ന ഗാഢമായ ചലച്ചിത്ര അനുഭവമാണിത്. ചലച്ചിത്രത്തെ സാർവലൗകികമാക്കുന്ന സ്നേഹമൈത്രികളുടെ വിപുലതലം ഇവിടെ പ്രവർത്തിക്കുന്നു. മിയാ ഹാൻസൻ ലവ് എന്ന വർത്തമാന ഫ്രഞ്ച് മാസ്റ്റർ സംവിധായികയുടെ വൺ ഫൈൻ മോണിങ് എന്ന പടവും ഹൃദ്യവും ഹൃദയാവർജകവും മാനുഷിക കുടുംബ ബന്ധങ്ങളെ യൂറോപ്യൻ സമകാലിക പരിസരത്ത് ആർദ്രമായി പ്രതിനിധാനം ചെയ്യുകയും സ്നേഹത്തെ ഊന്നുകയും ചെയ്യുന്ന മികച്ച ഫിലിം നിർമിതിയാണ്.
ദേവി ചൌ എന്ന ഫ്രഞ്ച്-കംബോഡിയൻ ചലച്ചിത്രകാരൻ കൊറിയയിൽ എടുത്ത 'റിട്ടേൺ റ്റു സേയോൾ' എന്ന ചിത്രം സംസ്കാര സ്വത്വം തേടുന്ന പുതുതലമുറ കൊറിയൻ യുവത്വത്തെ അവതരിപ്പിക്കുന്നു. യു.എസിലെ ഡാരൺ അരണോഫ്സ്കി സംവിധാനം ചെയ്ത 'ദി വെയിൽ' ഏറെ ആഘാതങ്ങളുണർത്തുന്ന ഒരു മനുഷ്യകഥയാണ്. വണ്ണമുള്ളവരെ വീട്ടുകാർപോലും അപരരാക്കുന്നു. ഉടലിനെ നാണിപ്പിക്കുന്ന അധീശ പൊതുബോധത്തെ നിശിതവിമർശനം ചെയ്യുന്ന ചലച്ചിത്ര പ്രതിനിധാനം. ശരീരവൈവിധ്യങ്ങളെയും സാധ്യതകളെയും മാനിക്കുന്ന സ്നേഹമാർന്ന, സാഹോദര്യമാർന്ന സിനിമയായി യുവനിരീക്ഷകർ ഇതിനെ കാണുന്നു.
സമകാലിക സ്വീഡിഷ് മാസ്റ്ററായ റൂബേൻ ഓസ്റ്റ്ലൻഡ് അവതരിപ്പിച്ച 'ട്രയാങ്കിൾ ഓഫ് സാഡ്നസ്' തികഞ്ഞ രാഷ്ട്രീയ ആക്ഷേപഹാസ്യവും അന്യാപദേശവുമായിരുന്നു. യുവ മോഡൽ ദമ്പതിമാരുടെ ആംഡബര കപ്പൽയാത്ര കിടിലമായിത്തീരുന്നു. 2022ൽ കാനിൽ പാം ഡി ഓർ നേടിയ ജനായത്ത രാഷ്ട്രീയബോധവും ആത്മവിമർശനവുമുള്ള കാഴ്ചയുടെ ആഘോഷമാണീ പടം. ഈ റൂബേൻ പടം കാണവേ കിം കി ഡുക്കിെന്റ 'ഹ്യൂമൻ', 'സ്പേസ്', 'റ്റൈം ആൻഡ് ഹ്യൂമൻ' (2018), 'മോബിയസ്' (2013) തുടങ്ങിയ സിനിമകൾ നമ്മുടെ ഉൾക്കണ്ണിൽ തെളിയാം.
ഏരിയൽ മെസയുടെ കോസ്റ്ററീകൻ പടമായ 'ഡൊമിങ്ഗോ ആൻഡ് ദ മിസ്റ്റ്' ലാറ്റിനമേരിക്കയുടെ വികസനമുഖം പുറന്തള്ളുന്ന വിഭാര്യനായ കിഴവെന്റ ചെറുത്തുനിൽപിനെ കരുണാർദ്രമായി സൗമ്യമായി എന്നാൽ കരുത്തോടെ കാഴ്ചപ്പെടുത്തുന്നു. ഒറ്റയാൾ പോരാട്ടങ്ങളുടെ ദൗർബല്യങ്ങളും വിരോധാഭാസങ്ങളും വരേണ്യരുടെ സാമ്പത്തിക ദൗർബല്യം എന്ന പ്രഹേളികപോലെ പ്രതിനിധാനത്തെ പ്രശ്നവത്കരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെയും മാനുഷിക ജീവൽപ്രശ്നങ്ങളെയും ചേർത്തുവെക്കാനുള്ള സാംഗത്യം സംവിധായകനും തിരയെഴുത്തുകാരനുമായ മേസോ കാണിക്കുന്നു.
മലേഷ്യൻ യുവ സംവിധായകൻ വൂ മിങ് ജിൻ എടുത്ത 'റ്റർട്ടിൽ സ്റ്റോൺ' എന്ന പടം ഭിന്നാഖ്യാനങ്ങളെ ഒരേ ചരടിൽ കോർക്കുന്ന പലതരം ക്ലൈമാക്സുകളുടെ സിനിമാ സാധ്യതയാണ്. 'റാഷമോൺ' പ്രതിഭാസത്തിനൊരു പകരമായി തോന്നാം. കടലാമകളുടെ മുട്ടവിറ്റു ജീവിക്കുന്ന യുവതിയും ഏകാന്തമായ കണ്ടൽത്തുരുത്തിലേക്കു വരുന്ന വാണിജ്യപൗരുഷ ശക്തികളും ഏറ്റുമുട്ടി നശിക്കുന്നു. പൗരത്വത്തിനായുള്ള യുവതിയുടെ അലച്ചിലാവും ഇന്ത്യയിലെ പ്രാന്തീകൃതരെ തൊടുന്നത്. ശക്തമായ ചിത്രീകരണവും കണ്ടലുകളുടെയും കടലാമകളുടെയും പശ്ചാത്തലവും ആനിമേഷൻ ഉപയോഗവും ചിത്രത്തിന് പാഠാന്തര ഗൗരവവും വൈവിധ്യവും മൈത്രീബോധവും പകരുന്നു.
ആനിമേഷനും ഗ്രാഫിക്കുകളും ഇന്ന് മുഖ്യധാരാ സിനിമയുടെ ഭാഗമായെങ്കിലും പുത്തനായ പരീക്ഷണ സിനിമാവഴക്കമായി അതു വികസിക്കുകയാണ്. ആനിമേഷൻ വിഭാഗത്തിൽ മുസോളിനിയെയും ഫാഷിസത്തെയും തഞ്ചത്തിൽ തൊടാതെ തൊട്ട മെക്സിക്കൻ സംവിധായകനായ ഗുലേർമോ ഡെൽ റ്റോറോയുടെ 'പിനോക്യോ'യും റോബിൻസൺ ക്രൂസോയുടെ കാലിക വ്യാഖ്യാനം നടത്തിയ റുമേനിയൻ സംവിധായിക അൻക ദമിയനും ഏറെ ശ്രദ്ധയാകർഷിച്ചു.
ഇറാനിയൻ സംവിധായകനായ ഹൗമൻ സെയ്ദിയുടെ 'വേൾഡ് വാർ 3' ഏറെ പ്രേക്ഷകരെ ആകർഷിച്ചു. ഹിറ്റ്ലറുടെ തിരപ്പടമെടുക്കുന്ന സെറ്റിനടുത്താണ് നായകൻ പണിയെടുക്കുന്നത്. ഹിറ്റ്ലർ വേഷം ഏറെ മികവുറ്റുനിൽക്കുന്നു. എന്നാൽ, സമകാലിക യാഥാർഥ്യവുമായും കഥാതന്തുവുമായും അതിനെ യോജിപ്പിക്കാൻ കഴിയുന്നില്ല. റഷ്യൻ ചലച്ചിത്രകാരൻ അലക്സാണ്ടർ സൊകുറോവ് സൃഷ്ടിച്ച 'ഫെയറി ടെയിൽ' (2022) എന്ന ചിത്രത്തിലാണ് ഹിറ്റ്ലർ ദാരുണമായി രംഗത്തു വരുന്നത്. നരകത്തിലാണീ നായകരെല്ലാം. ആദ്യം ജോസഫ് എന്ന സ്റ്റാലിൻ, പിന്നെ ക്രിസ്തു, പിന്നെ ചർച്ചിൽ, പിന്നെ മുസോളിനി, പിന്നെ നെപ്പോളിയൻ എന്നിങ്ങനെ എല്ലാവരും നരകയാതനയിലാണ്. ക്രിസ്തു നരകത്തെയും സ്വർഗത്തെയും അതിക്രമിക്കുന്ന നിത്യഭാഷണത്തിലുമാണ്.
അസാധ്യമായ ആനിമേഷനും ഗ്രാഫിക് ഇന്റർഫേസും രണ്ടാം ലോകയുദ്ധത്തിലെ ഒറിജിനൽ ഫുട്ടേജുകളുമെല്ലാം ഉപയോഗിച്ച് ശക്തമായ ഓഡിയോയും ഡയലോഗും സന്നിവേശിപ്പിച്ച് സൊകുറോവ് ചമച്ചിരിക്കുന്ന ഈ ചരിത്രപരമായ ചലച്ചിത്ര ചമൽക്കാരം ലോകത്തിൽനിന്ന് ബോധോദയവും ചികിത്സയും പകരുന്നതാണ്. ഇന്ത്യയിലും കേരളത്തിലും ആവർത്തിച്ചു കാണിക്കുകയും പാഠ്യപദ്ധതിയിലും പുറത്തുമെല്ലാം ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണീ ലോകോത്തര ചലച്ചിത്ര നിർമിതി.