ശിരസ്സ് ഛേദിക്കപ്പെട്ട സംവരണം
ഭരണഘടനയെതന്നെ അട്ടിമറിച്ച് മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള സർക്കാർ തീരുമാനത്തിന് സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി അംഗീകാരം നൽകിയിരിക്കുന്നു. എന്താണ് ഇതുവഴി സംഭവിക്കുക? സംവരണംതന്നെ അട്ടിമറിക്കപ്പെടുമോ?
ഇന്ത്യൻ ഭരണഘടനയുടെ 103ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി 2022 നവംബർ ഏഴിലെ വിധിയിലൂടെ ശരിവെച്ചിരിക്കുന്നു. ഭരണഘടനാ ബെഞ്ചിലെ അഞ്ചു ന്യായാധിപരും സാമ്പത്തികസംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരല്ലെന്നു വിധിച്ചതോടെ സംവരണം പ്രാതിനിധ്യത്തിനുവേണ്ടിയുള്ളതാണെന്ന സങ്കൽപംതന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യ ഇന്ത്യയിലെ സാമൂഹികനീതിയുടെ അടിസ്ഥാനശിലയാണ് സംവരണമെന്നിരിക്കെ നിലവിലെ സംവരണരീതിക്കെതിരെ ഭരണഘടനാ ബെഞ്ചിലെ...
Your Subscription Supports Independent Journalism
View Plansഇന്ത്യൻ ഭരണഘടനയുടെ 103ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി 2022 നവംബർ ഏഴിലെ വിധിയിലൂടെ ശരിവെച്ചിരിക്കുന്നു. ഭരണഘടനാ ബെഞ്ചിലെ അഞ്ചു ന്യായാധിപരും സാമ്പത്തികസംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരല്ലെന്നു വിധിച്ചതോടെ സംവരണം പ്രാതിനിധ്യത്തിനുവേണ്ടിയുള്ളതാണെന്ന സങ്കൽപംതന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ജനാധിപത്യ ഇന്ത്യയിലെ സാമൂഹികനീതിയുടെ അടിസ്ഥാനശിലയാണ് സംവരണമെന്നിരിക്കെ നിലവിലെ സംവരണരീതിക്കെതിരെ ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ നിലപാടെടുത്തിരിക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്നുണ്ട്. സംവരണത്തിന്റെ നീതിതത്ത്വത്തിന് വധശിക്ഷ വിധിച്ചിരിക്കുകയാണ് എന്നു പറയേണ്ടിവരുന്നതും അതുകൊണ്ടാണ്.
3-2 ന്റെ നേരിയ ഭൂരിപക്ഷത്തിൽ ഭരണഘടനാ ബെഞ്ച് 103ാം ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. സവർണസംവരണം ശരിവെച്ച വിധികൾക്കൊപ്പം വിയോജനവിധിയെയും മാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ട്. എന്നാൽ, സുപ്രീംകോടതി വിധിയിലൂടെ ഇന്ത്യയിലെ 82 ശതമാനം വരുന്ന അടിസ്ഥാനജനത 5-0ത്തിന് തോൽക്കുകയാണുണ്ടായത് എന്ന യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ തീരൂ. ഈ യാഥാർഥ്യത്തിലൂന്നിവേണം ഇനി സംവരണപ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ചതിയുടെ ആഴവും പ്രഹരത്തിന്റെ ആഘാതവും എത്രത്തോളമാണെന്നു ബോധ്യമാകൂ.
2019 ജനുവരി 8നാണ് ലോക്സഭയിൽ 124ാം ഭരണഘടനാഭേദഗതി ബില്ല് മൃഗീയ (3-323) ഭൂരിപക്ഷത്തിൽ പാസായത്. 9ന് രാജ്യസഭയിലും ബില്ലെത്തി. ജനുവരി 12ന് 103ാം ഭരണഘടനാ ഭേദഗതി രാഷ്ട്രപതി ഒപ്പുവെച്ചു നിയമമാക്കുകയും ചെയ്തു. നിലവിലുള്ള സംവരണം നിർത്തലാക്കുക തങ്ങളുടെ ലക്ഷ്യമില്ലെന്നാണ് ഭരണ-പ്രതിപക്ഷഭേദമന്യേ എല്ലാവരും അക്കാലത്ത് അവകാശപ്പെട്ടിരുന്നത്. ഇതുതന്നെയാണ് 2021ൽ കേരളത്തിൽ സവർണ സംവരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചത്. നിലവിലുള്ള സംവരണത്തിന് ഒരു കുറവും സംഭവിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന പഴമൊഴിയെ വികലമായി അനുകരിച്ചുകൊണ്ട് പിന്നാക്കക്കാരുടെ പങ്ക് പിന്നാക്കക്കാർക്കും ദരിദ്രരുടെ പങ്ക് സവർണദരിദ്രർക്കും നൽകുമെന്നാണ് ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും നിലപാടെടുത്തത്. ഈ നിലപാടിനുള്ളിൽ പ്രവർത്തിക്കുന്ന അനീതിയെ അഭിസംബോധന ചെയ്യാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറായതുമില്ല. ഇതിനിടയിൽ സവർണസംവരണം ചോദ്യംചെയ്തുകൊണ്ട് ഫയൽ ചെയ്യപ്പെട്ട ഹരജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കു വിട്ടു.
സാമ്പത്തികം അടിസ്ഥാനമാക്കി സംവരണമുൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് വിരുദ്ധമാണോ? എയ്ഡഡ്-അൺഎയ്ഡഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വകുപ്പുകൾ സംവരണത്തിനായി സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുമോ? ഒ.ബി.സി, എസ്.സി, എസ്.ടി തുടങ്ങിയവരെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്ന 103ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് വിരുദ്ധമാണോ? എന്നീ മൂന്നു വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വന്നത്. ആശ്ചര്യമെന്നു പറയട്ടെ, സാമ്പത്തികസംവരണം ശരിവെച്ച രണ്ടു വിധിന്യായങ്ങൾ നിലവിലെ സംവരണരീതിയിലേക്ക് ചർച്ചയെ നീട്ടിയിരിക്കുന്നു. 'ജാതിസംവരണം' (ജാതിസംവരണം എന്നാക്ഷേപിക്കപ്പെടുന്ന) ഈ നിലയിൽ തുടരേണ്ടതില്ല എന്നാണവർ അഭിപ്രായപ്പെട്ടത്. ഇനിയെന്താകും നിലവിലെ സംവരണരീതിയുടെ ഭാവി?
കോടതി നിശ്ചയിച്ച പരിഗണനാവിഷയങ്ങളിൽനിന്നുതന്നെ ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4), 16 (4) പ്രകാരമുള്ള സംവരണത്തിന്റെ സാധുത പരിശോധിക്കലും ഭാവി നിശ്ചയിക്കലും ഈ കേസിന്റെ പരിധിയിലേയില്ല എന്നതു വ്യക്തമാണ്.
പ്രസ്തുത അനുച്ഛേദങ്ങളെ കക്ഷികളാരും പ്രശ്നവത്കരിച്ചിട്ടുമില്ല. എന്നിട്ടും ബേലാ എം. ത്രിവേദിയുടെ വിധിന്യായത്തിലെ 28ാം ഖണ്ഡികയിൽ ''സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിട്ട ഈ കാലത്ത്, സമൂഹത്തിന്റെ വിശാലതാൽപര്യം പരിഗണിച്ച് സംവരണസമ്പ്രദായമാകെ പുനഃപരിശോധിക്കേണ്ടതുണ്ട്'' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ജസ്റ്റിസ്
ജെ.ബി. പർദീവാലയാകട്ടെ ഡോ. ബി.ആർ.അംബേദ്കറെ സന്ദർഭത്തിൽനിന്നടർത്തിമാറ്റി, തെറ്റായി വ്യാഖ്യാനിച്ചാണ് നിലവിലെ സംവരണത്തിനെതിരെ പരാമർശം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിധിന്യായത്തിൽ 190ാം ഖണ്ഡികയിൽ
''ബാബാസാഹേബ് അംബേദ്കറുടെ ആശയമെന്നത് സാമൂഹിക ഐക്യം കൊണ്ടുവരുന്നതിനുവേണ്ടി പത്തു വർഷത്തേക്കുമാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു, എന്നിരുന്നാലുമത് ഏഴു പതിറ്റാണ്ടായി തുടരുകയാണ്. സംവരണമെന്നത് ഒരു നിക്ഷിപ്ത താൽപര്യമായി അനന്തമായ കാലത്തേക്ക് തുടരാൻ പാടുള്ളതല്ല'' എന്നു പറഞ്ഞിരിക്കുന്നു. അതേസമയം, തൊട്ടടുത്ത ഖണ്ഡികയിൽ 103ാം ഭരണഘടനാ ഭേദഗതിയെ വിധിന്യായം ശരിവെക്കുകയും ചെയ്യുന്നു.
ഇന്ത്യയൊട്ടാകെ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി നിലനിന്നുവരുന്ന സംവരണം എസ്.സി/എസ്.ടി സംവരണമാണ്. എസ്.സി/എസ്.ടി വിഭാഗത്തിനോ മറ്റു പിന്നാക്ക വിഭാഗത്തിനോ (ഒ.ബി.സി) സ്വകാര്യമേഖലയിലോ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലോ ഇക്കാലംവരെ സംവരണമില്ല. അതേസമയം, ഈ കേസ് പരിഗണിച്ച ബെഞ്ച് ഒന്നാകെ സാമ്പത്തിക പിന്നാക്കാവസ്ഥ എന്ന പേരിൽ സവർണർക്ക് എയ്ഡഡ് മേഖലയിലടക്കം സംവരണം ശരിവെക്കുകയും അതേസമയം, അവരിലെ രണ്ടുപേർ ദലിത്-പിന്നാക്ക സംവരണം പുനഃപരിശോധിക്കണമെന്നു നിലപാടെടുക്കുകയും ചെയ്യുന്നു. ഇതിലെ ലോജിക്കൽ ഫാലസിയല്ല, സാമൂഹിക നീതി ലംഘനമാണ് ജനം ഇനി ചർച്ചചെയ്യേണ്ടത്.
ഹിന്ദുത്വത്തിന്റെ ഭരണചക്രത്തിലൂടെ സാമൂഹികനീതിയെന്ന ആശയം ഒരു അർധവൃത്തം സഞ്ചരിച്ചപ്പോഴേക്കും സംവരണത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾതന്നെ കീഴ്മേൽ മറിക്കപ്പെട്ടിരിക്കുന്നു. 2019നു മുമ്പ് മതിയായ പ്രാതിനിധ്യത്തിനുവേണ്ടി നൽകപ്പെടുന്ന സംവരണം എന്ന ആശയത്തിനായിരുന്നു സാമൂഹികാംഗീകാരമുണ്ടായിരുന്നത്. എന്നാൽ, നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയോടെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മറവിൽ സവർണർക്കു പ്രത്യേക പ്രാതിനിധ്യം നൽകുന്ന രീതി നിലവിൽ വന്നു. കൗതുകകരമെന്നു പറയട്ടെ, സമ്പത്തിന്റെ അടിസ്ഥാനത്തിലേർപ്പെടുത്തിയ സംവരണത്തിനുള്ളിലെ നീതിരാഹിത്യം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതോടുകൂടി കഴിഞ്ഞ 75 വർഷമായി നിലനിൽക്കുന്ന സംവരണം ജാതിവ്യവസ്ഥയെ ശാശ്വതീകരിക്കുന്ന ആശയമാകുകയും ഭരണഘടനാവിരുദ്ധമായിരുന്ന സാമ്പത്തികസംവരണം ഭരണഘടനാപരമായി സമ്മിതിയുള്ള ആശയമാകുകയും ചെയ്തു. നിലവിലെ സംവരണത്തിന് ഒരു മാറ്റവും സംഭവിക്കില്ലെന്ന് നിരന്തരം ജനങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്ന/തെറ്റിദ്ധരിപ്പിച്ച നേതാക്കളാരും മേൽസൂചിപ്പിച്ച വിധിന്യായങ്ങളെക്കുറിച്ച് ആദ്യദിനങ്ങളിലൊന്നും പ്രതികരിക്കാൻ തയാറായിരുന്നില്ല. ഈ മൗനം അശ്രദ്ധകൊണ്ടോ അറിവില്ലായ്മകൊണ്ടോ സംഭവിക്കുന്ന ഒന്നല്ല, ആഗ്രഹവും കൽപനയും ഒന്നാകുമ്പോൾ സംഭവിക്കുന്ന നിശ്ശബ്ദത മാത്രമാണത്. ഇപ്പോൾ തമിഴ്നാട് സർക്കാറിന്റെയും ഡി.എം.കെയുടെയും ശക്തമായ ഇടപെടലിന്റെ ഫലമായി ചില ചർച്ചകൾ മുഖ്യധാരയിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
വധശിക്ഷ സംവരണത്തിനു മാത്രമോ?
സവർണ സംവരണക്കേസിലെ വിധിയിലൂടെ ഭരണഘടനതന്നെ ഒരു സവർണ രേഖയായി മാറ്റിയെഴുതപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. കേസിൽ ഹരജിക്കാർക്കു വേണ്ടി ഹാജരായ പ്രമുഖ അക്കാദമിഷ്യനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. മോഹൻഗോപാൽ വാദത്തിന്റെ ആദ്യദിവസം 103ാം ഭരണഘടനാഭേദഗതിയെ വിശേഷിപ്പിച്ചത് 'ഫ്രോഡ് ഓൺ ദി കോൺസ്റ്റിറ്റ്യൂഷൻ' എന്നാണ്. ഈ വിശേഷണം വലിയതോതിൽ ചർച്ചചെയ്യപ്പെടുകയുണ്ടായി. ദൗർഭാഗ്യവശാൽ കേസ് പരിഗണിച്ച ബെഞ്ചിന് നിയമനിർമാണത്തിലെ അതിക്രമം മനസ്സിലാക്കാൻ സാധിച്ചില്ല. സാമ്പത്തികസംവരണം എന്ന ആശയത്തെ അവർ ഏകകണ്ഠമായി ശരിവെച്ചു. ഈ വിധിയിലൂടെ ജനാധിപത്യ ഇന്ത്യ ലോകത്തിനു നൽകുന്ന സന്ദേശം എത്രമാത്രം പ്രതിലോമകരവും മനുഷ്യത്വവിരുദ്ധവുമാണെന്ന് എല്ലാ പൗരരും ചിന്തിക്കേണ്ടതുണ്ട്. അതോടൊപ്പം ഭൂതകാലാനുഭവങ്ങളിൽനിന്നും പാഠമുൾക്കൊള്ളാത്ത ഒന്നുകൂടിയാണ് സുപ്രീംകോടതി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിധിയെന്നുകൂടി പറയേണ്ടതുണ്ട്. ഇ.ഡബ്ല്യു.എസ് ഒരു പ്രത്യേക കമ്പാർട്മെന്റ് ആണെന്ന് യൂനിയൻ ഗവൺമെന്റ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഈ കമ്പാർട്മെന്റ് വാദം എത്രമാത്രം വിഷലിപ്തവും അപകടകരവുമാണെന്ന് ഡോ. മോഹൻഗോപാൽ അദ്ദേഹത്തിന്റെ റിബട്ടൽ ആർഗ്യുമെന്റിൽ വ്യക്തമാക്കുകയുണ്ടായി. അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റിൽ നിലവിലുണ്ടായിരുന്ന നിയമത്തെ (Separate Car Act) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തന്റെ വാദത്തെ അദ്ദേഹം സമർഥിച്ചത്. 1890ൽ ലൂസിയാന നിയമനിർമാണ സഭ പാസാക്കിയ നിയമാണ് Separate Car Act എന്നറിയപ്പെടുന്നത്. ഇതുപ്രകാരം ട്രെയിനിൽ വെളുത്ത വർഗക്കാർക്കും കറുത്തവർഗക്കാർക്കും പ്രത്യേകം കമ്പാർട്മെന്റുകൾ ഏർപ്പെടുത്തി. രണ്ടുതരം കമ്പാർട്മെന്റുകളും സൗകര്യങ്ങളുടെ കാര്യത്തിൽ തുല്യമായിരുന്നുവെങ്കിലും കറുത്തവർക്ക് വെളുത്ത വർഗക്കാരുടെ കമ്പാർട്മെന്റിലോ വെളുത്തവർക്ക് കറുത്ത വർഗക്കാരുടെ കമ്പാർട്മെന്റിലോ കയറാനാവില്ല, മാറിക്കയറി യാത്ര ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമായിട്ടാണ് പരിഗണിച്ചിരുന്നത്. 1892 ജൂൺ 7ന് ഹോമർ എ. പ്ലെസി (Homer A. Plessy) എന്ന മിശ്രവംശജൻ വെളുത്തവർക്കുള്ള കമ്പാർട്മെന്റിൽ ബോധപൂർവം ടിക്കറ്റെടുത്ത് കയറുകയും താൻ നിയമപരമായി കറുത്തവർഗക്കാരനാണെന്ന് ടിക്കറ്റ് പരിശോധകനെ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് അദ്ദേഹം അറസ്റ്റിലാവുകയും ജോൺ ഹോവാർഡ് ഫെർഗൂസിന്റെ കോടതി മുമ്പാകെ ഹാജരാക്കപ്പെടുകയുമുണ്ടായി. പ്ലെസി കുറ്റക്കാരനാണെന്നായിരുന്നു കോടതിവിധി. പ്ലെസി വേഴ്സസ് ഫെർഗൂസൺ എന്ന പേരിലറിയപ്പെട്ട (Homer A. Plessy v. John H. Ferguson) ഈ കേസ് പിന്നീട് അമേരിക്കൻ സുപ്രീംകോടതിയുടെ മുന്നിലെത്തി. 1896 മേയിൽ സുപ്രീംകോടതി ലൂസിയാനയിലെ പ്രത്യേക കമ്പാർട്മെന്റ് നിയമം ശരിവെച്ചു. ഈ നിയമം കറുത്തവരോടുള്ള വംശീയവിവേചനമാണെന്ന അഭിഭാഷകരുടെ വാദം അന്ന് സുപ്രീംകോടതി തള്ളി. അമേരിക്കൻ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും മോശം വിധികളിലൊന്നായി ഇന്നീ വിധികണക്കാക്കപ്പെടുന്നു. ഈ വിധിയിലൂടെയാണ് കുപ്രസിദ്ധമായ 'പ്രത്യേകം എങ്കിലും തുല്യം' (Separate but equal) എന്ന കുപ്രസിദ്ധ നിയമതത്ത്വം ഉടലെടുത്തത്. കോടതിവിധിയുടെ പ്രത്യാഘാതം അതിഭീകരമായിരുന്നു. ലൂസിയാനയിലെ പ്രത്യേക കമ്പാർട്മെന്റ് നിയമം സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചു. വെള്ളക്കാെരയും കറുത്തവരെയും വേർതിരിക്കുന്ന പല നിയമങ്ങളും ചട്ടങ്ങളും ഇതിനോടനുബന്ധമായി ഉണ്ടായിവന്നു. വെളുത്തവർക്കും കറുത്തവർക്കും വെവ്വേറെ ഹോട്ടലുകളും സ്കൂളുകളും കുടിവെള്ളടാപ്പുകളും വിദ്യാലയങ്ങളും കലാലയങ്ങളുമെല്ലാമുണ്ടായി. ഇതെല്ലാം നിയമവിധേയവുമായി. അതേസമയം 'പ്രത്യേകം എങ്കിലും തുല്യം' എന്ന സങ്കൽപം പ്രയോഗത്തിലൊരിക്കലും തുല്യമായിരുന്നില്ലെന്നതാണ് വസ്തുത. വെള്ളക്കാർക്കായുള്ള വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും കിട്ടുന്ന പരിഗണന കറുത്തവർക്ക് ലഭിക്കില്ലെന്നു തീർച്ച. അങ്ങനെ വംശീയവിവേചനത്തിന്റെ ആധുനിക നിയമരൂപമായി അമേരിക്കയിലെ പ്രത്യേക കമ്പാർട്മെന്റ് നയം മാറി. പിന്നീട് അറുപതു വർഷത്തിനുശേഷം അമേരിക്കൻ സുപ്രീംകോടതി ഈ വിധി തിരുത്തി. അമേരിക്കൻ നീതിന്യായവ്യവസ്ഥ അനുഭവത്തിന്റെ വെളിച്ചത്തിൽ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമെന്നു കണ്ട് ഉപേക്ഷിച്ച പ്രത്യേക കമ്പാർട്മെന്റ് വാദം നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി കേസിൽ ഇന്ത്യൻ യൂനിയന്റെ ഭാഗത്തുനിന്നും ഉയരുകയാണുണ്ടായത്. ലൂസിയാനയിലെ 'വേറിട്ടത് എങ്കിലും തുല്യം'എന്ന നയം തന്നെയാണ് ഇ.ഡബ്ല്യു.എസ് ഒരു പ്രത്യേക കമ്പാർട്മെന്റാണ് എന്ന വാദത്തിലൂടെ ഇന്ത്യൻ യൂനിയൻ ഗവൺമെന്റ് മുന്നോട്ടുവെക്കുന്നതെന്ന് ഡോ. മോഹൻ ഗോപാൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദാരിദ്ര്യത്തിന്റെ പേരിൽ സവർണരായി ജനിച്ചവരെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് രൂപവത്കരിക്കപ്പെടുന്ന EWS കമ്പാർട്മെന്റിലേക്ക് അവർണവിഭാഗങ്ങൾക്ക് പ്രവേശനമനുവദിച്ചിട്ടില്ല. ഇത് തികഞ്ഞ വംശീയവിവേചനവും ചാതുർവർണ്യവ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കുമാണ്. കമ്പാർട്മെന്റ് വാദം അംഗീകരിക്കപ്പെടുന്നതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന തിരിച്ചറിവാണ് രണ്ടു ജഡ്ജിമാരെ വിയോജന വിധിയിലേക്ക് നയിച്ചതെന്നു വേണം കരുതാൻ. എങ്കിലും ഇ.ഡബ്ല്യു.എസിലേക്ക് ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കു പ്രവേശനമില്ലെന്ന ഭരണകൂടവാദം 3 -2 ഭൂരിപക്ഷത്തിൽ വിജയിക്കുന്ന കാഴ്ചയാണ് സുപ്രീംകോടതിയിൽ കണ്ടത്. ഈ ന്യൂനപക്ഷവിധികൊണ്ട് നിലവിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് പ്രയോജനമൊന്നുമില്ലെങ്കിലും ചരിത്രപരമായ ആ തെറ്റിൽ തങ്ങൾക്ക് പങ്കില്ലായിരുന്നുവെന്ന് ഈ ന്യായാധിപർക്ക് ഭാവിയിലവകാശപ്പെടാൻ അതുപകരിച്ചേക്കും.
ഡോ. ജി. മോഹൻഗോപാൽ ചൂണ്ടിക്കാണിച്ചതുപോലെ ഈ വിധിയുടെ തുടർച്ചയായി സവർണവിഭാഗങ്ങൾക്ക് അനേകം പദ്ധതികൾ ഭരണകൂടം പ്രഖ്യാപിക്കും, ഇതിന്റെ പിൻബലത്തിൽ നിരവധിയായ നിയമനിർമാണങ്ങളും ഇന്ത്യയിൽ നടപ്പിൽ വരും. ചാതുർവർണ്യത്തിലധിഷ്ഠിതമായ ഹിന്ദുസ്റ്റേറ്റിനെ രൂപപ്പെടുത്താൻ ഹിന്ദുത്വത്തിന് ലഭിച്ച മാന്ത്രികവടിയാണ് സവർണസംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി. നൂറ്റിമൂന്നാം ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചതോടെ സുവർണരേഖയായി ഇന്ത്യൻ ജനത ഇന്നോളം പരിഗണിച്ചിരുന്ന ഭരണഘടന ഒരു സവർണരേഖയായി മാറിയിരിക്കുകയാണ്. ഈ ഭേദഗതിയെ കേവലം ദരിദ്രർക്ക് ജോലി നൽകുന്ന പദ്ധതിയായി ചുരുക്കി കാണിക്കുന്നത് സവർണതന്ത്രം മാത്രമാണ്. ഈ വിധിയിൽ ആഹ്ലാദിക്കുന്ന മുഴുവൻ മനുഷ്യരെയും വംശീയവാദത്തെ പിന്തുണച്ചവരായി ചരിത്രം രേഖപ്പെടുത്തുമെന്നു തീർച്ച.
ഇന്ത്യൻ ജാതിസമ്പ്രദായത്തെക്കുറിച്ച് ലോകം ചർച്ചചെയ്യുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ബ്രാഹ്മണാദി സവർണസമൂഹങ്ങൾക്ക് കടൽ കടന്നുള്ള യാത്രക്ക് ജാതിവ്യവസ്ഥ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വ്യവസ്ഥ വ്യാപകമായി ലംഘിക്കപ്പെട്ടു തുടങ്ങിയിട്ട് കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലമേ ആകുന്നുള്ളൂ. അതിനുശേഷം വിദേശനാടുകളിലേക്കു കുടിയേറിയ സവർണജാതിക്കാർ അവർ ചെെന്നത്തുന്ന നാടുകളിൽ ജാതി ആചരിക്കുന്ന രീതി തുടരുകയും അതതിടങ്ങളിൽ ഇത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മതപരവും വംശീയവും ലിംഗപരവും ഭാഷാപരവുമായ വിവേചനങ്ങൾ ഇല്ലാതാക്കാൻ ശക്തമായ നിയമങ്ങളും ചട്ടങ്ങളുമുള്ള രാജ്യങ്ങൾക്ക് ഇന്ത്യക്കാരുടെ വരവോടെ ജാതിയെക്കൂടി തങ്ങളുടെ വിവേചന വിരുദ്ധനയത്തിന്റെ ഭാഗമാക്കേണ്ട സ്ഥിതിയാണിന്ന്. ആപ്പിൾ കമ്പനിയുടെ പെരുമാറ്റച്ചട്ട ഭേദഗതി അന്താരാഷ്ട്രതലത്തിൽ വാർത്തയായിരുന്നുവെന്ന് ഇവിടെ ഓർക്കാം. 2022 ആഗസ്റ്റിൽ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച Caste in California: Tech giants confront ancient Indian hierarchy എന്ന ലേഖനത്തിൽ ഇന്ത്യൻ ജാതിവ്യവസ്ഥ അമേരിക്കയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഇതേ സമയത്തുതന്നെയാണ് ജാതിവിവേചനത്തിന് ആക്കംകൂട്ടുന്ന നിയമനിർമാണവും അതിനെ ശരിവെക്കുന്ന കോടതി നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സവർണ സംവരണ വിധിയെ എ.ഡി.എം ജബൽപൂർ കേസിലെ കുപ്രസിദ്ധമായ വിധിയോടാണ് ഡോ. മോഹൻഗോപാൽ ഉപമിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മിസ (മെയ്ന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്) പ്രകാരം പൗരൻമാർ വ്യാപകമായി കരുതൽ തടവിലാക്കപ്പെട്ടിരുന്നു. 1975 ജൂൺ 27ന് തടവിലാക്കപ്പെടുന്നവരും അറസ്റ്റ് ചെയ്യപ്പെടുന്നവരും അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടും ഇവർക്കായി ഹേബിയസ് കോർപസ് ഹരജികൾ ഫയൽ ചെയ്യുന്നതു വിലക്കിക്കൊണ്ടും രാഷ്ട്രപതി ഉത്തരവിറക്കി. ഇതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് എ.ഡി.എം ജബൽപൂർ Vs ശിവകാന്ത് ശുക്ല കേസായി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെത്തിയത്. ജഡ്ജിമാരിൽ നാലുപേരും നിയമത്തെ വ്യക്തിസ്വാതന്ത്ര്യത്തിനു മുകളിൽ പ്രതിഷ്ഠിച്ചപ്പോൾ ജസ്റ്റിസ് എച്ച്.ആർ. ഖന്ന മാത്രം വിയോജിച്ചു. ഈ വിധിയെ തുടർന്ന് ഖന്നക്ക് അർഹതപ്പെട്ട ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടമായതും പി.എൻ. ഭഗവതി ചീഫ് ജസ്റ്റിസായതും ചരിത്രമാണ്. ദശാബ്ദങ്ങൾക്കു ശേഷം ജസ്റ്റിസ് പി.എൻ. ഭഗവതി പരസ്യമായി തെറ്റു സമ്മതിച്ചു. ജബൽപൂർ കേസിൽ വിധി പറഞ്ഞ അഞ്ചുപേരിൽ ഒരാളായിരുന്നു ജസ്റ്റിസ് െവെ.വി. ചന്ദ്രചൂഡ്. അദ്ദേഹമുൾപ്പെടെയുള്ള ജഡ്ജിമാരുടെ ഭൂരിപക്ഷ വിധി പിന്നീട് 2017ൽ (റിട്ട.) ജസ്റ്റിസ് പുട്ടുസ്വാമി Vs യൂനിയൻ ഓഫ് ഇന്ത്യ കേസ് വിധിയിലൂടെ അദ്ദേഹത്തിന്റെ മകൻ ജസ്റ്റിസ് വി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട ഒമ്പതംഗ ബെഞ്ച് തിരുത്തി. ഇന്ന് ജസ്റ്റിസ് വി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തിയിരിക്കുന്നു. വിരമിക്കുന്നതിന്റെ തലേന്ന് ചീഫ് ജസ്റ്റിസ് യു. ലളിത് അധ്യക്ഷനായിരുന്ന ബെഞ്ച് പുറപ്പെടുവിച്ച വിധിയെ സംബന്ധിച്ച റിവ്യൂ ഹരജികൾ പരിഗണിക്കേണ്ടതും അദ്ദേഹമാണ്. എ.ഡി.എം ജബൽപൂരിലെ വിവാദവിധിയുടെ കളങ്കത്തിൽനിന്നും ഇന്ത്യൻ ജുഡീഷ്യറി മോചിപ്പിക്കപ്പെട്ടതുപോലെ ഇ.ഡബ്ല്യു.എസ് കേസിലും സംഭവിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യൻ ജനാധിപത്യവും നീതിന്യായ സംവിധാനവും ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടിവരുമെന്നു തീർച്ച.
2017ൽ ജസ്റ്റിസ് പുട്ടുസ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമാണെന്നു സുപ്രീംകോടതി വിധിച്ചു. സ്വകാര്യത മൗലികാവകാശമാണെങ്കിൽ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ നേരിട്ടു പരാമർശിക്കപ്പെടുന്ന മതിയായ പ്രാതിനിധ്യത്തിനു വേണ്ടിയുള്ള സംവരണവും മൗലികാവകാശമാകേണ്ടതാണ്. ദേവദാസൻ Vs യൂനിയൻ ഓഫ് ഇന്ത്യ കേസിൽ ജസ്റ്റിസ് സുബറാവു സംവരണം മൗലികാവകാശമാണെന്ന നിലപാടെടുത്തിട്ടുണ്ട്. ഇതിൽനിന്നും വ്യത്യസ്തമായി ഒന്നിലധികം കോടതി വിധികൾ അടുത്തകാലത്തായി ഉണ്ടായിയെന്നത് ആശങ്കയോടെ കാണേണ്ടതാണ്. മുകേഷ് കുമാർ Vs സ്റ്റേറ്റ് ഓഫ് ഉത്തരാഖണ്ഡ് കേസിൽ സ്ഥാനക്കയറ്റത്തിനുള്ള സംവരണം മൗലികാവകാശമല്ലെന്ന് കോടതി വിധിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ചേർന്നു നൽകിയ മെഡിക്കൽ സീറ്റ് േക്വാട്ട സംബന്ധിച്ച കേസിൽ ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ ബെഞ്ചും സംവരണം മൗലികാവകാശമല്ലെന്നു വിധി പറഞ്ഞു. ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ ഭാഗത്തു പരാമർശിക്കപ്പെടുന്ന നീതിതത്ത്വം പതിയെപ്പതിയെ അങ്ങനെയല്ലെന്നതരത്തിൽ കോടതിവിധികൾ വന്നുകൊണ്ടേയിരുന്നു. ഒടുവിൽ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി കേസിലെത്തുമ്പോൾ രണ്ടു ജഡ്ജിമാരുടെ വീക്ഷണത്തിലെങ്കിലും നിർത്തലാക്കപ്പെടേണ്ട കാര്യമായി സംവരണം മാറ്റപ്പെടുന്നു. സംവരണത്തിന് ലഭിച്ച വധശിക്ഷ ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ലെന്നു ചുരുക്കം. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളിലൊന്നിനെ ഇങ്ങനെ കൈയൊഴിയാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് കഴിയുന്നതെങ്ങനെയെന്നും ഈ നില തുടർന്നാൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങളും സത്തയും നഷ്ടപ്പെട്ട് കേവലമൊരു പുസ്തകമായി മാത്രം ശേഷിക്കില്ലേയെന്നും ജനാധിപത്യ വിശ്വാസികളായ ഇന്ത്യൻ ജനത ചിന്തിക്കേണ്ടതുണ്ട്.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഏതെങ്കിലുമൊന്ന് അതിന്റെ പൂർണ ശക്തിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോയെന്നും ഇവിടെ ആലോചിക്കേണ്ടതുണ്ട്. വിജയ് മണ്ഡൽ ചൗധരി Vs യൂനിയൻ ഓഫ് ഇന്ത്യ കേസിൽ ജസ്റ്റിസ് ഖാൻവിൽക്കറിന്റെ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്ഥിരപ്പെടുന്നപക്ഷം ഏതൊരു വ്യക്തിയുടെയും മൗലികാവകാശങ്ങളും സ്വത്തും കാരണംപോലും ബോധ്യപ്പെടുത്താതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഭരണകൂടത്തിന് മരവിപ്പിക്കാൻ അവസരം ലഭിക്കും. ഹിജാബ് കേസ്, സി.എ.എ, എൻ.ആർ.സി വിഷയങ്ങൾ, കശ്മീരിന്റെ പദവി സംബന്ധിച്ച 370ാം വകുപ്പ് റദ്ദാക്കിയ കേസ് തുടങ്ങിയ വിഷയങ്ങളിൽ വരാനിരിക്കുന്ന വിധികളും ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ച് അതി നിർണായകമാണ്. ഭരണഘടനയുടെ ഭാവി സുപ്രീംകോടതിയുടെ കൈകളിലാണെന്നു സാരം. കോടതിക്കകത്തും പുറത്തും ശക്തമായ വാദമുഖങ്ങളുയർത്തി ഭരണഘടനയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുക എന്നതാണ് ഇപ്പോൾ നിയമജ്ഞരുടെയും ജനാധിപത്യ വിശ്വാസികളുടെയും കടമ.
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി കേസിൽ ഹരജിക്കാർക്കായി ഹാജരായ മീനാക്ഷി അറോറ അവതരിപ്പിച്ച രൂപകം ശ്രദ്ധേയമാണ്. ഒരു കപ്പലുണ്ട് എന്ന് സങ്കൽപിക്കുക. ഒരുദിവസം ആ കപ്പലിന്റെ പ്രത്യേക ഭാഗം മാത്രം മാറ്റി പുതിയത് ഘടിപ്പിക്കുന്നു. ഒരുദിവസം ഒരു ഭാഗം മാറ്റുന്നതുകൊണ്ട് അത് പുതിയ കപ്പലാവുന്നില്ല, ആ പ്രവൃത്തി നിങ്ങൾ എല്ലാ ദിവസവും തുടരുകയും പ്രധാന യന്ത്രഭാഗങ്ങളടക്കമെല്ലാം മാറ്റുകയും ചെയ്താൽ പഴയ കപ്പലിന്റെ ഘടനതന്നെ മാറിപ്പോകും. അതുപോലെ അടിസ്ഥാനഘടനയെ മാറ്റുന്നതരത്തിലുള്ള ഭേദഗതികൾ അനുവദിക്കപ്പെട്ടാൽ മേൽപറഞ്ഞ കപ്പലിന്റെ അവസ്ഥയാകും ഭരണഘടനക്കും വന്നുചേരുക. സാമൂഹികനീതിയെയും പ്രാതിനിധ്യത്തെയും സംബന്ധിച്ച പഴയ ഭാഗങ്ങളെല്ലാം ഉപേക്ഷിച്ച് സവർണദാരിദ്ര്യത്തെ സാമൂഹികനീതിയായി വ്യാഖ്യാനിക്കുന്ന പുതിയ യന്ത്രഭാഗങ്ങൾ ഘടിപ്പിച്ച് പഴയ കപ്പലെന്ന വ്യാജേന യാത്ര തുടരാനാണ് ഇപ്പോൾ വഴിയൊരുങ്ങിയിരിക്കുന്നത്.
നീതിക്കെന്താണു മറുവഴി?
റിവ്യൂ ഹരജികളിലൂടെ സുപ്രീംകോടതി വിധി തിരുത്തപ്പെടുകയെന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. എങ്കിലും, അതിനുള്ള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ട്. ഒരു ചർച്ചയും കൂടാതെ മൃഗീയ ഭൂരിപക്ഷത്തോടെ പാർലമെന്റ് പാസാക്കിയ ഈ ഭേദഗതി പാർലമെന്റിനെക്കൊണ്ടുതന്നെ റദ്ദാക്കാനുള്ള രാഷ്ട്രീയശേഷി നിലവിൽ ഇന്ത്യയിലെ 82 ശതമാനം വരുന്ന ദലിത്-പിന്നാക്ക ജനവിഭാഗത്തിനില്ല. മണ്ഡൽ കമീഷൻ ശിപാർശകൾ പ്രാബല്യത്തിൽ വന്നതിനുശേഷം സവർണവിഭാഗം നടത്തിയ മൂന്നു പതിറ്റാണ്ടുകാലത്തെ ആസൂത്രിത പ്രവർത്തനങ്ങൾക്കൊടുവിലാണ് ഇത്തരമൊരു നിയമനിർമാണമുണ്ടായത്. ജനാധിപത്യ ഇന്ത്യയെ എക്കാലവും നിയന്ത്രിച്ച ബ്രാഹ്മിൺ - ബനിയ, ക്ഷത്രിയ - കായസ്ഥ അച്ചുതണ്ടിനുപോലും ഇത്തരമൊരു നിയമനിർമാണത്തിന് മൂന്നു പതിറ്റാണ്ടു കാത്തിരിക്കേണ്ടി വന്നെങ്കിൽ, അതിനെ മറികടക്കാൻ രാഷ്ട്രീയമായി തുലോം ദുർബലരായ ദലിത്-പിന്നാക്ക ജനതക്ക് എത്ര നൂറ്റാണ്ടിന്റെ പ്രവർത്തനം വേണ്ടിവരുമെന്നു ചിന്തിക്കാവുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ നീതിപീഠത്തിന്റെ ദയാപൂർണമായ മനംമാറ്റത്തിനോ പാർലമെന്റിന്റെ ഭൂരിപക്ഷകാലത്തിനോ മാത്രം കാത്തിരിക്കാതെ സാധ്യമായ രാഷ്ട്രീയപരിഹാരം നേടാൻ പിന്നാക്കവിഭാഗങ്ങൾ മുന്നിട്ടിറങ്ങണം. അതിനായുള്ള ചില പ്രായോഗിക സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നതാണ് വസ്തുത.
സവിശേഷ സാഹചര്യത്തിലല്ലാതെ സംവരണം അമ്പതു ശതമാനം കവിയരുതെന്ന് ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ, 103ാം ഭരണഘടനാ ഭേദഗതിതന്നെ അമ്പതു ശതമാനത്തിനു പുറമെയാണെന്നതാണ് വസ്തുത. അത് സുപ്രീംകോടതി ശരിവെച്ചതോടെ ഫലത്തിൽ സംവരണം അമ്പതു ശതമാനം കവിയരുതെന്ന വിധി കാലഹരണപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മേൽപറഞ്ഞ 50 ശതമാനം പരിധിയുടെ ഇരകളായത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളാണ്. അവർക്ക് ജനസംഖ്യാനുപാതികമായതിന്റെ പകുതിപോലും സംവരണം ഇതുമൂലം ലഭിക്കാത്ത സാഹചര്യമായിരുന്നു. EWS സംവരണത്തിനായി 50 ശതമാനം പരിധി ലംഘിക്കാമെങ്കിൽ മറ്റേതൊരു സംവരണത്തിനുമതാകാം എന്നത് കേവലനീതി മാത്രമാണ്. ഇന്ദിര സാഹ്നി വിധി നിലനിൽക്കെത്തന്നെ രാജ്യത്ത് 50 ശതമാനത്തിലധികം സംവരണം നിലനിന്ന ചരിത്രവുമുണ്ട്. The Tamil Nadu Backward Classes, Scheduled Castes, and Scheduled Tribes Act 1994 (Act No 45 of 1994) എന്ന പേരിൽ തമിഴ്നാട് നിയമസഭ പാസാക്കിയ നിയമം എഴുപത്തിയാറാം ഭരണഘടനാ ഭേദഗതി നിയമം 1994 വഴി ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുകയും 1994 മുതൽ 69 ശതമാനം സംവരണം തമിഴ്നാട്ടിൽ നടപ്പാക്കിവരുകയും ചെയ്യുന്നുണ്ട്. നിലവിൽ പിന്നാക്ക വിഭാഗം (ബി.സി) (30 ശതമാനം), അതീവ പിന്നാക്കസമുദായങ്ങൾ (എം.ബി.സി) (20 ശതമാനം), പട്ടികജാതി (എസ്.സി) (18 ശതമാനം), പട്ടികവർഗം (എസ്.ടി) (1 ശതമാനം) എന്നിങ്ങനെ 69 ശതമാനം സംവരണമാണ് തമിഴ്നാട്ടിൽ നിലനിൽക്കുന്നത്. അതേസമയം, അവിടെ 10 ശതമാനം സവർണസംവരണം നടപ്പാക്കിയിട്ടുമില്ല. ബാക്കി 31 ശതമാനം സീറ്റുകൾ ഏവർക്കും മത്സരിക്കാവുന്ന പൊതുവിഭാഗത്തിലാണ്.
സവർണസംവരണം ശരിവെച്ചുള്ള സുപ്രീംകോടതി വിധി വന്നശേഷം ഝാർഖണ്ഡ് സംസ്ഥാനവും ഇതേ രീതിയിലുള്ള നിയമനിർമാണം നടത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം നിയമസഭ പാസാക്കിയ The Jharkhand Reservation (Amendment) Bill on filling vacant posts and services, 2022 ബില്ല് പ്രകാരം പട്ടികജാതിക്കാർക്ക് 12 ശതമാനം, പട്ടികവിഭാഗത്തിന് 28 ശതമാനം, മറ്റു പിന്നാക്ക വിഭാഗത്തിന് 27 ശതമാനം, സവർണ വിഭാഗങ്ങൾക്ക് 10 ശതമാനം എന്നിങ്ങനെ 77 ശതമാനം സംവരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ തമിഴ്നാട് മാതൃകയിൽ 69 ശതമാനം സംവരണം പിന്നാക്ക-ദലിത് വിഭാഗത്തിന് നൽകാൻ കേരളം തയാറാകണം.
അടിസ്ഥാന ജനതയുടെ മൗലികാവകാശമായ സംവരണത്തെ ഇത്രമാത്രം പ്രതിസന്ധിയിലാക്കിയത് കേരളത്തിൽനിന്നുള്ള ചില രാഷ്ട്രീയനീക്കങ്ങളാണെന്നു നാം കാണാതിരുന്നുകൂടാ. 1957ലെ ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിലാണ് സാമ്പത്തിക സംവരണം എന്ന ആശയം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2017 നവംബറിൽ കേരളത്തിലെ ദേവസ്വം ബോർഡുകളിൽ 10 ശതമാനം സവർണ സംവരണം ഏർപ്പെടുത്തിയ നടപടിയാണ് സവർണ സംവരണ നയം വേഗത്തിൽ നടപ്പാക്കാൻ യൂനിയൻ ഗവൺമെന്റിനു പ്രചോദനവും ബലവും നൽകിയെന്നത് നിസ്തർക്കമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ സർവിസ് നിയമനങ്ങളിൽ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കത്തിന് സംവരണമേർപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാൻ ബി.ജെ.പി തയാറുണ്ടോ എന്നും അതു നിർദേശിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നും വെല്ലുവിളിച്ചിരുന്നു.
2019ൽ ബി.ജെ.പി സർക്കാർ ഭരണഘടന ഭേദഗതി ചെയ്യുകയും കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെ ഏതാണ്ടെല്ലാ രാഷ്ട്രീയകക്ഷികളും അതിനെ പിന്തുണക്കുകയും ചെയ്തുവെന്നത് ചരിത്രം. സവർണതാൽപര്യം സംരക്ഷിക്കാനുള്ള ഈ രാഷ്ട്രീയനാടകത്തിൽ നീതി നിഷേധിക്കപ്പെട്ടതും നഷ്ടമുണ്ടായതും അവർണ ജനതക്കാണ്. നഷ്ടത്തിന്റെ ഭീകരത എത്രത്തോളമാണെന്ന് നിയമം നടപ്പാക്കിയതിനു ശേഷമുള്ള ഒാരോ പി.എസ്.സി റാങ്ക് പട്ടികകളും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള റാങ്ക് പട്ടികകളും സാക്ഷ്യം പറയും. അതുകൊണ്ടുതന്നെ എത്രയും വേഗം തമിഴ്നാട് മോഡൽ സംവരണനിയമം നിർമിച്ച് ദലിത്-പിന്നാക്ക ജനതക്ക് സാമൂഹികനീതി ഉറപ്പുവരുത്താൻ കേരളസർക്കാറിനും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കും ബാധ്യതയുണ്ട്. ഇങ്ങനെയൊരു നിയമനിർമാണത്തിന് തങ്ങൾ എതിരാണെങ്കിൽ കേന്ദ്രം ഭരിക്കുന്ന കക്ഷി അക്കാര്യം വ്യക്തമാക്കട്ടെ.