അംബേദ്കറും ജാതീയതയുടെ പുതുകാലവും
text_fieldsഇന്ത്യൻ സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളെ വിശകലനം ചെയ്യുമ്പോൾ ജാതി സ്വത്വങ്ങളെ മാറ്റിനിർത്തുക എന്നത് ബോധപൂർവമായ കാപട്യമാണ്. വിരുന്നുമേശയിൽ മേൽജാതിക്കാരനരികിലിരുന്ന 'കുറ്റ'ത്തിന് ദലിതൻ അടിച്ചുകൊല്ലപ്പെടുന്ന, കുതിരപ്പുറത്ത് സഞ്ചരിച്ച 'അഹങ്കാരത്തിന്' ദലിത് നവവരനെ ആൾക്കൂട്ടം അടിച്ചുവീഴ്ത്തുന്ന, മകൾക്ക് ദലിത് യുവാവിലുണ്ടായ കുഞ്ഞിനെ നിയമങ്ങളെല്ലാം അട്ടിമറിച്ച് അടർത്തിമാറ്റി 'അഭിമാനം' സംരക്ഷിക്കുന്ന വാർത്തകൾ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കെയാണ് രാജ്യത്തിപ്പോൾ പഴയതു പോലെ ജാതിചിന്തയില്ല എന്ന കള്ളം ആവർത്തിക്കപ്പെടുന്നത്.
ഉത്തരേന്ത്യയിൽ ഭരണകൂടത്തിെൻറ നിലനിൽപിനുള്ള മുഖ്യഘടകമാണ് ജാതി. പല കാലത്തും അത് തുറന്നുപറയാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾ സന്നദ്ധമായിരുന്നില്ല. എന്നാൽ, സവർണ ഹിന്ദുത്വം സമ്പൂർണ അധികാരം കൈവരിച്ചതോടെ നൂറ്റാണ്ടുകളായി പ്രയോഗിച്ച ജാതിവാൾക്കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യരെ മനുഷ്യരല്ലാതാക്കാൻ കഴിയുമെന്ന് ജാതിവാദികൾ കരുതുന്നു. ഈ യാഥാർഥ്യങ്ങളെ രാഷ്ട്രീയമായി വിശകലനം ചെയ്യുമ്പോൾ ബോധ്യപ്പെടുന്ന ചില കാര്യങ്ങൾ എത്രമാത്രം കാലിക പ്രസക്തമാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതു മാറിയ കാലത്ത് എങ്ങനെയാണ് ജാതി വ്യവഹാരങ്ങൾ മനുഷ്യരെ ഉന്നം വെയ്ക്കുന്നത് എന്ന അന്വേഷണത്തിെൻറ ഭാഗം കൂടിയാണ്.
ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹമാണ് കേരളീയർ എന്നാണ് വെപ്പ്. ഒരു സമൂഹത്തിെൻറ പുരോഗമനത്തെ നിർണയിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്നതിന് പലതരം വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ, ഏറ്റവും ചുരുങ്ങിയത് മനുഷ്യരുടെ സാംസ്കാരിക ബോധവും അതിനാൽ രൂപപ്പെട്ടു വരുന്ന സാമൂഹിക ജീവിതാവസ്ഥകളും വളരെ നിർണായകമാണ്. ആ അർഥത്തിൽ കേരളത്തിലെ വിദ്യാഭ്യാസ- ആരോഗ്യരംഗത്തെ മികച്ച കുതിപ്പ് മൊത്തം സാമൂഹിക വികാസത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളാണ്. ഇത് സംഭവിക്കുമ്പോഴും എന്തുകൊണ്ട് എല്ലാ മനുഷ്യർക്കും ഇതിൽ പങ്കാളിത്തം കിട്ടുന്നില്ല എന്നതാണ് ചോദ്യം. ഇനി അങ്ങനെ പങ്കാളിത്തം കിട്ടിയാലും കീഴ്ജാതി മനോഭാവത്തിെൻറ അടിസ്ഥാനത്തിൽ ഉയർന്ന ബോധ്യവും ബോധവുമുള്ള കുട്ടികൾ എങ്ങനെയാണ് ഇപ്പോഴും കേരളത്തിലെ ജ്ഞാനമണ്ഡലങ്ങളിൽനിന്ന് തിരസ്കരിക്കപ്പെടുന്നത്?
പത്തൊമ്പതാം നൂറ്റാണ്ടിെൻറ തുടക്കത്തിലാണ് ഡോ. ബി.ആർ. അംബേദ്കർ വിദ്യാലയങ്ങളിൽനിന്ന് കടുത്ത ജാതിവിവേചനം നേരിട്ടത്. ബോംബെയിലെ എൽഫിൻസ്റ്റൺ സ്കൂൾ സർക്കാർ വിദ്യാലയമായിരുന്നില്ല. ആ സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് അധ്യാപകൻ അംേബദ്കറെ വിളിച്ച് ബോർഡിൽ കണക്കു ചെയ്യാൻ പറഞ്ഞു. ഉടനെ ക്ലാസിലെ മറ്റു കുട്ടികൾ എഴുന്നേറ്റ് ബഹളം വെച്ചു. ആ ബോർഡിനു പിറകിലാണ് കുട്ടികൾ ഭക്ഷണപാത്രങ്ങൾ വെച്ചിരുന്നത്. അയിത്തജാതിക്കാരൻ അതിന് അടുത്തുനിന്നാൽപോലും കഴിക്കാനുള്ള ഭക്ഷണം അശുദ്ധമാകും എന്ന ബോധമാണ് കുട്ടികളിൽ ആ പ്രായത്തിൽ തന്നെ നിലനിന്നത്. അത്തരം അവഗണനയെ പിന്നീട് അംബേദ്കർ അതിജീവിക്കുന്നത് സ്വയം ആർജിച്ചെടുത്ത അറിവുകൊണ്ടാണ്. ആ അറിവ് പിന്നീട് അക്കാദമിക് തലങ്ങളിലൂടെ ജാതിക്ക് എതിരായ വൈജ്ഞാനിക സംവാദ മണ്ഡലങ്ങൾക്ക് ശക്തിപകരുന്നതാണ് നാം കണ്ടത്. ഇത് ആന്തരിക സമൂഹത്തിൽ രാഷ്ട്രീയമായി ജാതിക്ക് എതിരെ പൊരുതാനുള്ള ശക്തി സംഭരിച്ചതിെൻറ ഫലമാണ് പാർശ്വവത്കൃത വിഭാഗത്തിെൻറ സാമൂഹിക മൂന്നേറ്റത്തെ വലിയ രീതിയിൽ വളർത്തിയത്. ഈ വളർച്ചയെ തകർക്കുക എന്നത് സവർണ പൊതുബോധത്തിൽനിന്ന് രാഷ്ട്രീയ ആവശ്യമായി വളരുന്നതിെൻറ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ദീപ പി. മോഹനൻ.
എന്തുകൊണ്ടാണ് ദീപക്ക് തെൻറ ഗവേഷണ പഠനം തുടരാൻ കഴിയാതെപോയത്? തിരഞ്ഞെടുത്ത വിഷയത്തിൽ നല്ല അറിവും അർഹതയും ഉണ്ടായിരുന്നു. എന്നിട്ടും ദലിത് വിദ്യാർഥിനിയെ കയറ്റിയാൽ സ്ഥാപനത്തിെൻറ അച്ചടക്കം നഷ്ടമാകും എന്ന കുറ്റം ചുമത്തിയാണ് അവരെ മാറ്റിനിർത്തിയത്. തുടർന്ന്, കോടതികൾ കയറി പരാതി നൽകിയ ശേഷമാണ് അവർക്ക് പഠനത്തിന് ആവശ്യമായ വർക്ക് മെറ്റീരിയലും ഇരിപ്പിടവും നൽകണമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ ചർച്ച ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല. മറിച്ച്, കേരളീയ പൊതുമണ്ഡലങ്ങളിൽ ഇപ്പോഴും ആണ്ടിറങ്ങുന്ന ജാതി വേരിെൻറ വളർച്ചയെയാണ് കാണിക്കുന്നത്. ഇത്തരം യാഥാർഥ്യത്തിൽനിന്നു വേണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജാതി എങ്ങനെയാണ് അതിെൻറ വിവേചന സ്വഭാവത്തെ വളർത്തിക്കൊണ്ടുവരുന്നത് എന്നു മനസ്സിലാക്കാൻ. കേരളത്തിൽ ഇപ്പോഴും ജാതിക്ക് അക്കാദമിക്ക് രംഗത്ത് ഇങ്ങനെ ശക്തിപ്രാപിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഇതരദേശ സമൂഹങ്ങളിൽ ഏതു രീതിയിലായിരിക്കും അത് തുടർച്ചയും വളർച്ചയും സാധ്യമാക്കുന്നത് എന്നു എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ഇതിെൻറ അടിസ്ഥാന കാരണങ്ങളെയാണ് ഡോ. ബി.ആർ. അംബേദ്കർ സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്.
ഇന്നും ജാതിയുടെ പൊതുസ്വത്വത്തിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ, വ്യത്യസ്ത ദേശസമൂഹങ്ങളിൽ അതിെൻറ ആഘാതത്തിന് മാറ്റങ്ങളുണ്ട്. ഈ മാറ്റങ്ങൾ ഇരകൾ അനുഭവിക്കുന്ന തിരസ്കരണരീതിയിൽ ഒരു തരിമ്പുപോലും മാറ്റം ഉണ്ടാക്കിയിട്ടില്ല. മറിച്ച്, ഉത്തരേന്ത്യൻ സമൂഹത്തിൽ ജാതി ജീവിതങ്ങൾ അനുഭവിക്കുന്ന രീതിയല്ല കേരളത്തിൽ അനുഭവിക്കുന്നത്. എന്നാൽ, രണ്ടിടത്തും പരിഹാരമായി നിർദേശിക്കാനുള്ളത് അംബേദ്കർ ചിന്തകൾ തന്നെയാണ്. 1930കളിൽ തന്നെ ഒരു സംശയവുമില്ലാത്തവിധം അത് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അയിത്തജാതിക്കാർക്ക് സമൂഹത്തിലെ നാനാതരം വ്യവഹാരങ്ങളിലും ഇടപെടാൻ രാഷ്ട്രീയാധികാരം ലഭിക്കണം എന്നതായിരുന്നു അത്. എന്നാൽ, ഇന്ത്യക്ക് ബ്രീിട്ടീഷുകാർ നൽകിയ രാഷ്ട്രീയ അധികാരംകൊണ്ട് അയിത്ത ജനതക്ക് എന്തു നേട്ടമുണ്ടായി എന്ന ചോദ്യം പ്രസക്തമാകുന്നത് രാഷ്ട്രീയ അധികാരം കിട്ടിയിട്ടും ജാതിവിവേചനം തുടരുന്നതുകൊണ്ടാണ്.
2015 മാർച്ച് 28 മുതൽ 30 വരെ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശിൽപശാലയിൽ വെച്ച് അധ്യാപകനും സാമൂഹിക ശാസ്ത്രജ്ഞനുമായ സതീശ് ദേശ് പാണ്ഡെ പറഞ്ഞ പ്രസക്തമായ വാക്കുണ്ട്. അദ്ദേഹം പറഞ്ഞത് 'എനിക്ക് ജാതിയുണ്ടെന്ന് ബോധ്യപ്പെട്ടത് ഹൈദരാബാദ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ പഠന കാലത്താണ്. അതുവരെ ഞാൻ കരുതിയത് എനിക്ക് ജാതി ഇല്ലെന്നാണ്' - ഈ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നത് ജാതി എവിടെ ഒതുങ്ങി അമർന്നുകിടന്നാലും വിദ്യാഭ്യാസ രംഗത്ത് അത് സദാ ഉണർന്നിരിക്കും എന്നതാണ്. ഈ വിവേചനത്തെ ശക്തിപ്പെടുത്തുന്നത് സവർണ ഹിന്ദുത്വ ശക്തികളാണ് എന്ന പൊതുധാരണയെ തിരുത്തുന്നുണ്ട് സർവകലാശാലകൾ. അവിടെ സംഘ്പരിവാർ ശക്തികൾ മാത്രമല്ല ഈ വിവേചനത്തെ വളർത്തുന്നത്. മറിച്ച്, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ സവർണ ജാതിക്കാരും ചേർന്നാണിത് സാധ്യമാക്കുന്നത്. എന്നാൽ, ഇതിന് കാതലായ മാറ്റം സംഭവിക്കുന്നത് സവർണ ജാതിക്കാരുടെ സാമൂഹിക മൂന്നേറ്റം രാഷ്ട്രീയ ശക്തിപ്രാപിച്ചപ്പോഴാണ്. അതിെൻറ ഇടപെടൽ 2014ലെ അധികാര മാറ്റത്തോടെ സംഭവിച്ചതിെൻറ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇത് ഉണ്ടാക്കുന്ന അപകടങ്ങൾ ചെറുതല്ല. 2014 ന് മുമ്പും സർവകലാശാലകളിൽ ദലിത് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാൽ, 2016ൽ രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചത് കൃത്യമായ ഭരണകൂട ഇടപെടലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദേശവിരുദ്ധ കുറ്റാരോപണം തന്നെ. അങ്ങനെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജാതി ഏറ്റവും പുതിയ കാലത്തും സാമൂഹിക അസമത്വങ്ങളെ ബലപ്പെടുത്തുന്ന അധികാരശക്തിയായി മാറുന്നതിനെ ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുപോലും പ്രതിരോധിക്കാൻ കഴിയുന്നില്ല.ഇതിെൻറ തെളിവാണ് കേരളത്തിലെ ദുരഭിമാനകൊലപാതകങ്ങൾ. അങ്ങനെ ജാതി അതിെൻറ ജൈവപരമായ ഭൂമികയിലൂടെ ദൈനം ദിനം വളരുന്നു എന്ന സത്യത്തെ പുതുകാലം മറച്ചുപിടിക്കുകയാണ്.
വഴിനടക്കാനുള്ള അവകാശമാണ് ജാതിയെ ഇല്ലാതാക്കിയത് എന്ന സാമാന്യ ധാരണ നിലനിൽക്കെ, ഏറ്റവും പുതിയ കാലത്ത് ജാതി അതിെൻറ സാമൂഹിക അസമത്വങ്ങളെ വളർത്തുന്ന വഴിയെ ജനാധിപത്യ വഴിയിലൂടെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. അതിന് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞതുപോലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക ജനാധിപത്യവും സ്വാതന്ത്ര്യവും സമൂഹത്തിലെ പാർശ്വവത്കൃത സമൂഹത്തിന് ലഭ്യമാകണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.