Begin typing your search above and press return to search.
മാലാഖയും മനുഷ്യനും പിന്നെ മോദിയും
Posted On date_range 19 Aug 2021 5:12 PM IST
Updated On date_range 19 Aug 2021 5:12 PM IST
ജനാധിപത്യവും മതേതരത്വവുമടക്കം രാജ്യത്തിെൻറ എല്ലാ അടിസ്ഥാന ശിലകൾക്കും ഇളക്കം തട്ടിയ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എന്താണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതേതരത്വത്തിനും സംഭവിച്ചത്? എങ്ങനെയാണ് ഇവ ചോർന്നുപോയത്? പ്രതിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം എത്തിയത് എങ്ങനെയാണ്? -മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകെൻറ വിലയിരുത്തലും നിരീക്ഷണങ്ങളും.
എല്ലാവർക്കുമറിയാം, മനുഷ്യാവകാശങ്ങളിൽ പ്രഥമവും പരമപ്രധാനവുമായ അവകാശമാണ് സ്വാതന്ത്ര്യം. അത് മറ്റാരുടേയും ഔദാര്യമല്ലെന്നിരിക്കെത്തന്നെ പിടിച്ചുവാങ്ങേണ്ടിവരുന്ന അനുഭവമാണ് ചരിത്രത്തിലുടനീളം മനുഷ്യനുള്ളത്. പിടിച്ചുവാങ്ങേണ്ട ചുമതലയും ബാധ്യതയും സ്വാതന്ത്ര്യബോധമുള്ളവരുടെ കേവലമായ ഉത്തരവാദിത്തമാണ്. രക്തപങ്കിലമായ വഴിയിലൂടെയായാലും അഹിംസാമാർഗത്തിലൂടെയായാലും നേടിയെടുത്ത സ്വാതന്ത്ര്യം എങ്ങനെയാണ് പരിപാലിക്കുക, വികസിപ്പിക്കുക? ഈ ചോദ്യത്തിന് പ്രായോഗികമായ ഒരുത്തരമുള്ളത് ജയിംസ് മാഡിസെൻറ 'ദ ഫെഡറലിസ്റ്റി'ലാണ്: ''മനുഷ്യർ മാലാഖമാരായിരുന്നെങ്കിൽ ഒരു സർക്കാറിെൻറയും ആവശ്യമുണ്ടാകില്ലായിരുന്നു. മാലാഖമാർ മനുഷ്യരെ ഭരിക്കുന്നപക്ഷം സർക്കാറിന്മേൽ ബാഹ്യമോ ആന്തരികമോ ആയ നിയന്ത്രണങ്ങൾ ആവശ്യമില്ല. മനുഷ്യർ മനുഷ്യരെ ഭരിക്കുന്ന സർക്കാറുണ്ടാക്കുേമ്പാൾ ആദ്യം, ഭരിക്കപ്പെടുന്നവരെ നിയന്ത്രിക്കാൻ സർക്കാറിനെ പ്രാപ്തമാക്കണം. പിന്നെ, സ്വയം നിയന്ത്രിക്കാൻ അതിനെ ബാധ്യസ്ഥമാക്കണം.''
അംബേദ്കറും കൂട്ടുകാരും 'ഫെഡറലിസ്റ്റ്' വായിച്ചോ എന്നറിയില്ല. ഏതായാലും അവർ തയാറാക്കിയ ഇന്ത്യൻ ഭരണഘടന മാഡിസെൻറ ഫോർമുല പല പ്രകാരേണ വികസിപ്പിച്ചതായി കാണാം- തെരഞ്ഞെടുപ്പുകൾ, അധികാരത്തിലെ ചുമതലാ വിഭജനങ്ങൾ, ഭരണത്തിലെ തടയും സന്തുലനവും, ഭരിക്കുന്നവരുടെ ധനകാര്യ ഉത്തരവാദിത്തം, അതിന്മേലുള്ള കണക്കെടുപ്പിന് സ്വയംഭരണ സ്ഥാപനങ്ങൾ, നിരപേക്ഷമായ നീതിന്യായ കോടതി, അതിലെ ന്യായാധിപരെ പൂട്ടാൻ ഇംപീച്ച്മെൻറ്, ടി മൂക്കുകയർ തോന്ന്യാസമാകാതിരിക്കാൻ വേണ്ട വ്യവസ്ഥാ കാർക്കശ്യം എന്നുവേണ്ട സർക്കാറിന് ഭരിക്കാനും സ്വയം നിയന്ത്രിക്കാനുമുള്ള വകുപ്പും മുറയുമൊക്കെ പാകപ്പെടുത്തി വെച്ചിട്ടുണ്ട്. പൗരാവലിയും പൊതുസ്ഥാപനങ്ങളും സർക്കാറിനെ നേരിട്ടങ്ങു നിയന്ത്രിക്കുകയല്ല, സ്വയം നിയന്ത്രിക്കാൻ നിർബന്ധിതമാക്കുകയാണിവിടെ. അങ്ങനെ, സ്വയം നിയന്ത്രണത്തിനാണ് ഭരണഘടന കൂടുതൽ ഊന്നൽ നൽകിയിട്ടുള്ളത്. അക്കാര്യം ഗ്രന്ഥത്തിെൻറ അടിസ്ഥാനപ്രമാണങ്ങളിൽനിന്ന് വ്യക്തമാണ് -ജനത സ്വയം ഭരിക്കുന്നു എന്ന സങ്കൽപത്തിൽ പൗരസ്വാതന്ത്ര്യങ്ങളും പൗരോൽക്കർഷവുമാണ് പരമപ്രധാനമാകുന്നത്. ഈ രണ്ടു ഘടകങ്ങളെയും ദുർബലപ്പെടുത്തുകയാണ് കഴിഞ്ഞ 70 കൊല്ലത്തിൽ മിക്കപ്പോഴും ഇപ്പറയുന്ന 'ജനതയുടെ ഭരണകൂടം' ശ്രമിച്ചതെന്ന് പറഞ്ഞാൽ അതിശയോക്തിപരമെന്ന് തോന്നാം. ഒരുവശത്തുകൂടി പൗരവികസനത്തിനെന്ന് പറഞ്ഞ് പദ്ധതികളിറക്കുക, മറുവശത്തുകൂടി പൗരസ്വാതന്ത്ര്യം മറുന്യായം പറഞ്ഞ് ധ്വംസിക്കുക. ചെറിയൊരുദാഹരണം ഓർമിപ്പിക്കാം: ക്ഷേമരാഷ്ട്ര സങ്കൽപം പറഞ്ഞ് സുദീർഘമായി ഭരിച്ച അഹിംസാവാദികളായ കോൺഗ്രസ് തന്നെയാണ് MISA, TADA, POTA, UAPA തുടങ്ങിയ മാരണ കരിനിയമങ്ങളത്രയും രാഷ്ട്രത്തിന്മേൽ പതിച്ചത് -അടിയന്തരാവസ്ഥ എന്ന സമ്പൂർണ ഭീകരപ്രവർത്തനം വേറെ. ചുരുക്കിയാൽ അർധരാത്രിയിലെ സ്വാതന്ത്ര്യപ്പിറവിക്ക് ശേഷമുള്ള ഇക്കാലമത്രയും ഭരണകൂടവും പൗരാവലിയും തമ്മിൽ സ്വാതന്ത്ര്യം എന്ന അപ്പക്കഷണത്തിൻമേൽ നടത്തിയ വടംവലിയാണ് ഇന്ത്യൻ യാഥാർഥ്യം.
ഭരണഘടന മുന്നോട്ടുവെച്ച മോഹനലക്ഷ്യങ്ങളെ രാഷ്ട്രീയ സ്വാതന്ത്ര്യം ശിരസാവഹിക്കുേമ്പാൾതന്നെ അവയുടെ കാതലായ പരിമിതികളെയും തിരിച്ചറിയേണ്ടതുണ്ട്. ഉദാഹരണമായി വ്യവസ്ഥാപിതമായ ചെക്ക് ആൻഡ് ബാലൻസ് എത്രയുണ്ടായിട്ടും 'സ്വതന്ത്ര' ഇന്ത്യയിൽ അഴിമതിക്ക് വല്ല ദൗർലഭ്യവുമുണ്ടോ? വർഷംതോറും ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാഷ്ട്രങ്ങളാണ് ചൈനയും സൗദിയും.
ഒന്ന് കമ്യൂണിസ്റ്റ്, മറ്റേത് മതരാഷ്ട്രം. പറഞ്ഞുവന്നാൽ രണ്ടു വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ. താന്താങ്ങളുടെ നീതിസങ്കൽപം വെച്ചാണ് ഈ വധശിക്ഷാ കൽപന. രസമെെന്തന്നാൽ, ടി ശിക്ഷക്ക് കാരണമായ കുറ്റകൃത്യത്തിന് യാതൊരു കുറവുമില്ല. അപ്പോൾ, വധശിക്ഷ എന്ന വിരട്ടുതന്ത്രംകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. ഇതുമാതിരിയാണ് ഇന്ത്യയിലെ അഴിമതി. ഭരണഘടന കൽപിച്ച ചെക്കും ബാലൻസും പീനൽകോഡുമൊന്നും ഏശുന്നില്ല.
പരമോന്നത നീതിപീഠത്തെയെടുക്കുക. എന്തായിരുന്നു അയോധ്യാവിധി? ഒരു തുണ്ടു ഭൂമിക്കു മേൽ മൂന്നു തർക്കകക്ഷികൾ. രണ്ടെണ്ണത്തിന് തർക്കഭൂമിയിൽ കാര്യമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി അവയെ ഒഴിവാക്കുന്നു. സ്വാഭാവികമായും അപ്പോൾ മൂന്നാം കക്ഷിക്ക് അനുകൂലമാവണമല്ലോ വിധി? അങ്ങനെയുണ്ടായില്ലെന്ന് മാത്രമല്ല, ഈ സിവിൽകേസിൽ കക്ഷിയേയല്ലാത്ത രാജ്യത്തെ ഹിന്ദു വിശ്വാസികളുടെ പൊതുവികാരം മാനിച്ച് മൂന്നാംകക്ഷിയിൽനിന്ന് ഭൂമി എടുത്ത് ഈ പുറംകക്ഷിക്ക് കൊടുക്കുന്നു. ഇതിലെവിടെയാണ് ഭരണഘടനാനുസൃതമായ നീതിബോധം? പോട്ടെ, എവിടെയാണ് കേവലമായ നീതിന്യായ വിചിന്തനം? ഭരണം കൈയാളുന്ന രാഷ്ട്രീയ നേതൃത്വത്തിെൻറ മെജോറിറ്റേറിയനിസത്തിന് നിർലജ്ജം വഴങ്ങുന്നത് പരമോന്നത ന്യായാസനമാണെന്നോർക്കണം.
പണ്ട്, അടിയന്തരാവസ്ഥയുടെ ഭീകരത പറഞ്ഞ് പൗരാവലി കുറെ കണ്ണീർ പൊഴിച്ചു. 1977ൽ ഇന്ദിരയെ പുറങ്കാലിനടിച്ചതിൽ സ്വയം അഭിനന്ദിച്ച് ജനാധിപത്യത്തിെൻറ 'ശക്തി' പ്രഖ്യാപിച്ചു. വെറും മൂന്നു കൊല്ലത്തിനകം അതേ ഇന്ദിരയെ തിരികെ കയറ്റി. ചരിത്രം നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. അതിെൻറ പാഠങ്ങൾ പഠിക്കാത്തതിന് ശിക്ഷിക്കുക മാത്രം ചെയ്യുന്നു. അതാണ് 35 കൊല്ലത്തിനിപ്പുറം മോദി ഭരണത്തിലൂടെ ഇന്ത്യ അനുഭവിക്കുന്നത്. വാഴ്ത്തപ്പെടുന്ന ഭരണഘടന ഈ ദുരവസ്ഥയിൽ എത്രകണ്ട് ഉപയുക്തമാണ്? അതാണ് മൗലികമായ ചോദ്യം.
സ്വാതന്ത്ര്യം ഒരു പ്രത്യാശയാണ്, പ്രത്യാശക്കുമേലുള്ള നിരന്തര കർമം. സ്വാതന്ത്ര്യമുണ്ടെന്ന് ചുമ്മാതങ്ങ് കരുതുന്നവർ അത് നഷ്ടപ്പെടുത്തുന്ന കുറ്റകരമായ അലംഭാവത്തിൽ മയങ്ങിവശാവുകയാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവർ അറിഞ്ഞുകൊണ്ടിരിക്കുന്നു, അതിലടങ്ങിയിരിക്കുന്ന അപായങ്ങൾ. അലംഭാവികളാണ് ഭൂരിപക്ഷവും. പോരാട്ടക്കാർ ന്യൂനപക്ഷവും. കാരണം ലളിതം -സ്വാതന്ത്ര്യം എന്തെന്ന വകതിരിവ് ഭൂരിപക്ഷത്തിനുമില്ല. ഉണ്ടായിരുന്നെങ്കിൽ ആ വകതിരിവുതന്നെ പ്രവൃത്തിയായി മാറും. അലംഭാവത്തിെൻറ പ്രശ്നമേയില്ല. ഏതു സ്വാതന്ത്ര്യവും വരുന്നത് ഒരു മൂക്കുകയറുമായാണ് -ഉത്തരവാദിത്തം. സ്വാതന്ത്ര്യം നിലനിർത്താൻ വേണ്ട പ്രാഥമികോപാധിയും മറ്റൊന്നല്ല. ഇന്ത്യൻ റിപ്പബ്ലിക്കിെൻറ ഉടമകളായ പബ്ലിക് എങ്ങനെയാണ് ആ ഉപാധി കൈകാര്യംചെയ്യുന്നത്? അഞ്ചുകൊല്ലത്തിെൻറ ഇടവേളയിൽ വരുന്ന വോട്ട്. അതിട്ടുകഴിഞ്ഞാൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്മേലുള്ള പൗരധർമം അവസാനിച്ചു എന്നാണ് പൊതുമനോനില. അടുത്ത അഞ്ചു കൊല്ലത്തേക്ക് പൗരൻ സ്വന്തം ഉത്തരവാദിത്തം ഔട്സോഴ്സ് ചെയ്യുകയാണ്. പിണറായി വിജയന്മാരും വി.ഡി. സതീശന്മാരും പരസ്പരം പോരടിച്ച് നമ്മുടെ കാര്യം നടത്തിക്കോളും എന്നാണ് വെപ്പ്, വിശ്വാസം. മാധ്യമങ്ങൾ ഇടനിലക്കാരായിനിന്ന് കളിയൊക്കെ കാട്ടിത്തരും. എല്ലാം കണ്ടും കേട്ടും ആസ്വദിച്ചോ പരിഭവിച്ചോ അടുത്ത വോട്ടുനാൾ വരെ കഴിഞ്ഞുകൂടലാണ് പൗരധർമം. അനുകൂലിച്ച് കൈയടിക്കയോ എതിർത്ത് ഭള്ളു പറയുകയോ ചെയ്യും. ഈ രണ്ടു വിരേചനക്രിയകളിലൂടെ പൗരമനസ്സ് കൈകഴുകുന്നു. ഇതാണ് ഭൂരിപക്ഷത്തിെൻറയും ജനാധിപത്യ പ്രവർത്തനം.
ഉടമ്പടിയുടെ പരിണാമഗതി
ഇന്ത്യയിൽ ജനാധിപത്യത്തിെൻറ ഉദ്ഘാടനം ഒരു ഉടമ്പടിയുടെ ഫലമായിരുന്നു. ശേഷിയും ശക്തിയുമുള്ള വരേണ്യരും മധ്യവർഗവും അവർക്കിടയിൽനിന്നുള്ള ബുദ്ധിജീവികളും ഒരുവശത്ത്. വൈവിധ്യനിലകളിൽ പ്രശ്നഭരിതമായ ജീവിതമുന്തുന്ന സാധാരണ ജനാവലി മറുവശത്തും. പാടേ വ്യത്യസ്തങ്ങളായ ഈ രണ്ട് ലോകങ്ങളും തമ്മിലുള്ളതായിരുന്നു ആ ഉടമ്പടി. ആദ്യ കൂട്ടർ രാഷ്ട്രഭാവിയെപറ്റി ഒരു വാഗ്ദാനം വെച്ചു. അതിെൻറ ആലങ്കാരിക രൂപമായിരുന്നു സ്വാതന്ത്ര്യത്തലേന്ന് ജവഹർലാൽ ചെയ്ത പ്രസിദ്ധമായ പ്രസംഗം -'tryst with destiny.' അതിൽ ടിയാൻ നമ്മോടു പറഞ്ഞു: ''Now time comes when we shall redeem our pledge.'' പ്രതിജ്ഞ പുതുക്കലിെൻറ മുഹൂർത്തം കഴിഞ്ഞയുടൻ മേൽപറഞ്ഞ ആദ്യകൂട്ടർ അധികാരക്കസേരയിൽ ഉപവിഷ്ടരായി. തലേന്നുവരെ വിദേശഭരണത്തിനെതിരായ പോരാട്ടത്തിൽ ജനതക്കൊപ്പം നിന്നവർ. വരേണ്യ, പ്രമാണി വിഭാഗങ്ങളുടെ സാമൂഹികോൽപത്തി എല്ലാവർക്കുമറിവുള്ളതാണ്: ഉന്നതജാതികളിൽനിന്നുള്ള മധ്യവർഗങ്ങളും മേെമ്പാടിയായി ചില കീഴാള ജാതികളിൽനിന്നും ന്യൂനപക്ഷങ്ങളിൽനിന്നുമുള്ള ചില്ലറയും. അധികാരമേറ്റ പ്രമാണി വിഭാഗവും ഭരിക്കപ്പെടുന്ന ജനാവലിയും എന്ന പൊതുഭൂമികക്ക് പുറത്തായി രണ്ടു വിഭിന്ന സ്വരങ്ങൾകൂടിയുണ്ടായിരുന്നു. വിപ്ലവാഭിമുഖ്യമുള്ള ഇടതുപക്ഷമാണ് ഒന്ന്. അന്ന് അവർ ഒരു ജനകീയ മുന്നേറ്റത്തിെൻറ തലപ്പത്തായിരുന്നു. മറ്റേത്, ഭൂതകാല മാഹാത്മ്യ കൽപനയിൽ അഭിരമിച്ച് പഴയ സാമൂഹിക ക്രമം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഹിന്ദു വലതുപക്ഷം. അന്ന് അവർ ചെറുസാന്നിധ്യം മാത്രം.
ഉടമ്പടി കേവലമായ വിശ്വാസധാരണ മാത്രമായിരുന്നില്ല -അങ്ങനെയാണെന്ന് പിന്നീട് സമർഥിക്കപ്പെട്ടെങ്കിലും. അതിനു പിന്നിലൊരു ചരിത്രമുണ്ട്, രണ്ടു ഭാഗങ്ങളുള്ള ചരിത്രം. ഒന്ന്, ആധുനികമായ പൊതുസ്ഥാപനങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളൊരു രാഷ്ട്രീയ വ്യവസ്ഥിതി ഉരുത്തിരിക്കാൻ പോന്ന ഭരണഘടനാ നിർമിതിയുടെ ചരിത്രം. രണ്ട്, സാമൂഹിക പരിതോവസ്ഥയുടെ ചരിത്രം. ലോകചരിത്രത്തിലെ ഏറ്റവും ദീർഘിച്ച സ്വാതന്ത്ര്യ സമരങ്ങളിലൊന്നാണ് ഇന്ത്യയിൽ നടന്നത്. സമൂഹത്തിലെ പ്രമാണി വിഭാഗങ്ങൾക്കായിരുന്നു നേതൃത്വം. അത്തരക്കാരുടെ കാഴ്ചപ്പാടും മുൻഗണനാ കൽപനകളുമാണ് സമരത്തിന്മേൽ പരിധികൾ അടിച്ചേൽപിച്ചത്. ജനതക്കുള്ളിലെ റാഡിക്കൽ ത്വരകളുണ്ടാക്കിയ നിരന്തര സമ്മർദങ്ങളാണ് മറ്റൊരു സവിശേഷഘടകം. ഈ ത്വരയുടെ ഏറ്റവും പ്രകടമായ മുഖം കർഷകരുടെ ഫ്യൂഡൽ വിരുദ്ധ ചലനങ്ങളാണ്. മറ്റൊന്ന്, അയിത്തവും ചവിട്ടിത്താഴ്ത്തലും അതിജീവിക്കാൻ ദലിതർ നടത്തിവന്ന നീക്കങ്ങൾ. ഇന്ത്യയിലെ സാമൂഹിക വ്യക്തിത്വത്തെ വക്രീകരിച്ചുകളഞ്ഞ സ്ഥിതിഗതികൾ മാറ്റുക എന്നതായിരുന്നു ഈ രണ്ടു ത്വരകളുടെയും ചേതോവികാരം. ദേശീയ പ്രസ്ഥാനത്തിന് മുമ്പുണ്ടായിരുന്ന കാർഷിക പ്രശ്നങ്ങളോടും കലാപങ്ങളോടും ബന്ധപ്പെട്ടാണ് അവയുടെ ഉയിര്. ഈ രണ്ടു പ്രശ്നമേഖലകളിലും അടിച്ചമർത്തലും ചവിട്ടിത്താഴ്ത്തലും നിഷ്കരുണം നിർവഹിച്ചുപോന്നത് മേൽപറഞ്ഞ പ്രമാണിവർഗമാണെന്ന് പറയേണ്ടതില്ലല്ലോ. പബ്ന, ഡക്കാൻ കലാപങ്ങളിൽനിന്ന് പിന്നോട്ട് ഫക്കീർ-സന്ന്യാസി പ്രക്ഷോഭം വരെ ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഉയർന്ന പ്രക്ഷുബ്ധ പ്രതിഷേധങ്ങൾ -ചൂഷണത്തിനും വിവേചനത്തിനുമെതിരായ ഈ ശാക്തിക ചലനങ്ങളാണ് ദേശീയ പ്രസ്ഥാനത്തിനുള്ളിലെ സോഷ്യലിസ്റ്റ് പ്രവണതയുടെ രൂപമെടുപ്പിന് കാരണമായത്. അവ സ്വാതന്ത്ര്യ സമരത്തിെൻറ മുഖ്യധാരയായില്ല, പ്രതിധാരയായി നിലനിന്നു. കോളനി വിരുദ്ധ വ്യവഹാരത്തിൽ ഇതൊരു നിരന്തര സംവാദമുയർത്തി. ഇന്നും ഇവിടത്തെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ കാമ്പുള്ള വിയോജന സ്വരങ്ങൾ ഈ പൈതൃകത്തിെൻറ ധാരയാണ്. വരേണ്യ വിഭാഗങ്ങളുടെ പ്രാമാണിക സ്വരം എന്നും വെല്ലുവിളിക്കപ്പെട്ടിരുന്നു എന്നർഥം. അതുകൊണ്ട് കോൺഗ്രസുകാർ പറയുേമ്പാലെ ദേശീയപ്രസ്ഥാനം അവരുടെ മാത്രം ആത്മകഥയല്ല. മുഖ്യധാരക്ക് അകത്തും പുറത്തുമുള്ള ഇതര സ്വരങ്ങളെ കൂടി ചേർത്തുവെച്ചാലേ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാന ചരിത്രം പൂർണമാവൂ, സത്യമാവൂ.
ഇപ്പറഞ്ഞ ഇതരസ്വരങ്ങൾ പ്രമാണി വർഗങ്ങളെ നിർബന്ധിതരാക്കി, സാധാരണ മനുഷ്യരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുംകൂടി കേൾക്കാൻ. ഈ അനിവാര്യത നേതൃത്വത്തിലെ ചില കൂട്ടരെ പ്രചോദിപ്പിക്കുക തന്നെ ചെയ്തു. വ്യത്യസ്ത ജീവിതാവസ്ഥകളിൽ അകന്നകന്നിരിക്കുന്ന ഈ രണ്ടു ലോകങ്ങൾ തമ്മിലുള്ള സംവാദമാണ് പുതിയ രാഷ്ട്രീയാശയങ്ങളിലേക്കുള്ള അന്വേഷണം തുടങ്ങിയിട്ടത്. ഉടമ്പടിക്ക് അങ്ങനെ കാതലുണ്ടായി. ഈ സംവാദത്തിെൻറ യുക്തിസഹമായ പരിണതിയായിരുന്നു റിപ്പബ്ലിക്കൻ ഭരണഘടന. അതിെൻറ സ്പന്ദിക്കുന്ന തെളിവാണ് ഭരണഘടനയുടെ പീഠികയിലും നിർദേശകതത്ത്വങ്ങളിലുമുള്ള മിക്ക നിലപാടുകളും.
അതേസമയം, ഉടമ്പടിയുടെ ഈ സാധുതതന്നെയാണതിെൻറ പരിമിതി. പ്രമാണി വർഗങ്ങളുടെ വർഗസമീപനത്തിനും താൽപര്യങ്ങൾക്കും ജനതയുടെ റാഡിക്കൽ ത്വരകളോട് സന്ധിചെയ്യേണ്ടിവന്നു. പട്ടിണി, നിരക്ഷരത, സാംസ്കാരിക വിവേചനം, പാർപ്പിടമില്ലായ്മ, അനാരോഗ്യം ഇത്യാദിക്ക് സത്വരാശ്വാസം വാഗ്ദാനം ചെയ്യപ്പെട്ടു. സ്ഥായിയായ പരിഹാരം പിന്നാലെ കണ്ടുകൊള്ളാമെന്നും. അതാണ് ജവഹർലാൽ ''പ്രതിജ്ഞ പുതുക്കാനുള്ള സമയം വന്നിരിക്കുന്നു'' എന്നു പറഞ്ഞത്. ഇപ്പറഞ്ഞ ജനവിഭാഗങ്ങളിലാണ് മൗലികാവകാശങ്ങൾ വാഗ്ദത്തം ചെയ്തുകൊണ്ട് 'വിശ്വാസം' പുനഃസ്ഥാപിച്ചത്. ഈ വാഗ്ദാനമാണ് ഭരിക്കാനുള്ള അവകാശത്തിന് അന്നത്തെ ഭരണവർഗത്തിന് സാധുത പകർന്നത്. സമാഗമ സങ്കേതത്തിനുമേൽ (tryst with destiny) ജനം സ്വന്തം സ്വാതന്ത്ര്യവും അവകാശങ്ങളും നിക്ഷേപിച്ചു, അഥവാ ഔട്ട്സോഴ്സ് ചെയ്തു.
സ്വാതന്ത്ര്യാനന്തരം പക്ഷേ, ഇപ്പറഞ്ഞ സംവാദത്തെ വർഗപരവും വർഗീയവുമായ സമ്മർദങ്ങൾ കീഴ്പ്പെടുത്തി. സ്വന്തം സാമ്പത്തിക ശേഷിക്ക് ഒട്ടുമേ അനുപാതമില്ലാത്തവിധം വരേണ്യ വിഭാഗങ്ങൾ ആധിപത്യം നേടി. രാഷ്ട്രീയ നേതൃത്വം ഇക്കൂട്ടരെയാണ് രാഷ്ട്രത്തിെൻറ ഭാവിയായി കണ്ടത്. ഭൂവുടമകളോട് സന്ധി ചെയ്താണ് വരേണ്യർ സമൂഹത്തിലെ പ്രബലരായത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും യാഥാസ്ഥിതികമായ പ്രവണതയുടെ സംഭരണി പരമ്പരാഗത വൻകിട ഭൂവുടമകളാണ്. ഈ അടിസ്ഥാന സ്വത്തുടമസ്ഥരും സാധാരണ ജനങ്ങളെ വഴറ്റാനും തളക്കാനുമുള്ള ശേഷി അവർക്കു നൽകി. ഈ യാഥാസ്ഥിതിക ശക്തന്മാർ രാഷ്ട്രീയ നേതൃത്വത്തെ നിസ്സാരമായി തങ്ങളുടെ ആശ്രിതരാക്കി: ടി ആശ്രിതത്വത്തിൽ നിന്നുകൊണ്ടാണ് പാശ്ചാത്യ മാതൃകയിലുള്ള ആധുനികവത്കരണം പരിമിതമായ തോതിൽ രാഷ്ട്രീയ നേതൃത്വം ആരംഭിക്കുന്നത്. വിമോചനാത്മകമായ പരിവർത്തനമൊക്കെ പരണത്തായി. ഈ തട്ടിക്കൂട്ടു പരിപാടിക്ക് ഒരു ലേബലുമൊട്ടിച്ചു: രാഷ്ട്ര നിർമാണം. ചുരുക്കത്തിൽ പടിഞ്ഞാറൻ മുതലാളിത്ത മാതൃകയാണ് ദരിദ്ര ഇന്ത്യ ആധാരമാക്കിയത്. ആയതിെൻറ സൂചന ജവഹർലാലിെൻറ മേൽപറഞ്ഞ പ്രസംഗത്തിൽ തന്നെയുണ്ട്. പ്രതിജ്ഞ പുതുക്കാൻ നേരമായെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ ടിയാൻ പറഞ്ഞു: ''not wholly or in full measure, but very substantially.'' പ്രതിജ്ഞ പൂർണമായി പുതുക്കപ്പെടില്ലെന്ന വാഗ്ദാനം! ഏഴു പതിറ്റാണ്ടിപ്പുറവും അതൊരു യാഥാർഥ്യമായി തുടരുന്നു. കൊട്ടിഗ്ഘോഷിച്ച ഉടമ്പടിയുടെ വാഗ്ദാനം പാലിക്കപ്പെടുന്ന പ്രശ്നമില്ലെന്ന് ആദിനായകൻ തന്നെ വിളംബരം ചെയ്ത സ്ഥിതിക്ക് ആരെ പഴിക്കാൻ?
ഇവിടെയാണ് സ്വാതന്ത്ര്യത്തിന് ജനാധിപത്യവുമായുള്ള ബന്ധം പ്രശ്നഭരിതമാകുന്നത്. ദാരിദ്ര്യമായാലും ജാതീയതയായാലും ലിംഗവിവേചനമായാലും പൗരനെ വൈകല്യപ്പെടുത്തുന്ന അസമത്വങ്ങൾ കുറയുന്നില്ല. അതുകൊണ്ടുതന്നെ കൊല്ലമിത്രയായിട്ടും ഇന്ത്യൻ ജനാധിപത്യത്തിനുള്ളിലെ പോരാട്ടങ്ങൾ പ്രാഥമികമായി തുല്യതക്കുവേണ്ടിയുള്ള നിത്യാഭ്യാസമായി ഇന്നും തുടരുന്നു. അഥവാ, ജനാധിപത്യ രാഷ്ട്രീയം ഇവിടെ അതിെൻറ ഏറ്റവും താഴത്തെ പടിയിൽതന്നെ ഉഴലുന്നു. ഇന്നോളമുള്ള ഇന്ത്യൻ സർക്കാറുകൾക്ക് പൗരാവലിയുടെ ജീവിത പ്രശ്നങ്ങളൊന്നും ഗൗരവമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല -തൊഴിൽ, ഭക്ഷ്യം, ആരോഗ്യം, ഇത്യാദി. അക്കാര്യത്തിൽ നെഹ്റൂവിയൻ സാമ്പത്തിക നയവും 1991ന് ശേഷം നടന്നുവരുന്ന നവ ഉദാരീകരണ നയവും ഒരുപോലെ പരാജയങ്ങളാണെന്ന് ഈ രണ്ടു നയങ്ങളുടെയും വക്താക്കൾ ഒഴികെ കണ്ണും കാതും തുറന്നുവെച്ചിട്ടുള്ള ആർക്കുമറിയാം. ആധുനികമായ ഒരു സമ്പദ്ഘടനയുണ്ടാക്കാൻ ഇന്ത്യ ഭരിച്ച ആർക്കും കഴിഞ്ഞിട്ടില്ല. വികസന മുദ്രാവാക്യങ്ങൾ സകലവും ഉച്ചൈസ്തരം ഘോഷിക്കും. എന്നാൽ, ഇന്ത്യൻ പൗരാവലിയുടെ വികസനാനുഭവത്തിന് ഒരു മുഖമുദ്രയുണ്ടെങ്കിൽ അത് ഇതേവരെയുള്ള വികസന മാതൃകകൾക്ക് അടിസ്ഥാന ജീവിത പ്രശ്നങ്ങൾ ഫലപ്രദമായി നേരിടുന്നതിലുള്ള പ്രകടമായ കഴിവുകേടാണ്. എന്നിട്ടും ജനതക്ക് ജനാധിപത്യത്തോടുള്ള പ്രതിപത്തി നഷ്ടെപ്പട്ടിട്ടില്ല: അത് സമൂഹത്തിലെ പ്രശ്നങ്ങൾ ഇവിടത്തെ ജനാധിപത്യ സംവിധാനം കാതലായി പരിഹരിച്ചതുകൊണ്ടല്ലെന്നതാണ് ഐറണി. പിന്നെയോ?
ത്രിശങ്കു ജനായത്തം
ഉത്തരം കിടക്കുന്നത് ഭരണനയങ്ങളിലോ 'വികസന' മാതൃകകളിലോ അല്ല. രസകരമായ മറ്റൊരു വഴിക്കാണ്-ഇന്ത്യൻ ജനാധിപത്യത്തിെൻറ ഭരണത്തിന് സ്വീകരിച്ച മുതലാളിത്ത ബന്ധങ്ങളുടെ വികാസ പശ്ചാത്തലത്തിൽ നമ്മുടെ സാമൂഹിക ഘടനക്ക് സംഭവിച്ച പരിണതിയിലാണ്. പാരമ്പര്യാധിഷ്ഠിത സമൂഹങ്ങൾ പൗരനുമേൽ കടുത്ത അനുവർത്തന നിഷ്ഠ ചുമത്തും. പ്രേരണയോ യുക്തിന്യായമോ അല്ല ശക്തിപ്രയോഗമാണ് അതിെൻറ ഉപാധി. ഇന്ത്യയിൽ ഇതിനുപുറമെ ഒന്നുകൂടിയുണ്ട് -ജാതിവ്യവസ്ഥ. ആത്മീയസംഹിതകളുടെ പിൻബലത്തോടെയുള്ള കടുത്ത കീഴ്മേൽ ശ്രേണീയതയാണ് അതിനുള്ളത്. ഈ പാരമ്പര്യ വ്യവസ്ഥിതിയുടെ അധികാരക്കരുത്ത് പുതിയ റിപ്പബ്ലിക്കിൽ ഇളകിത്തുടങ്ങി. അത്തരമൊരു മാറ്റം മുതലാളിത്ത വികാസ പ്രക്രിയയിൽ സ്വാഭാവികമാണ്. ഈ ഇളക്കം തട്ടൽ അധഃസ്ഥിതരാക്കപ്പെട്ടവർക്കും തുല്യത കാംക്ഷിക്കുന്നവർക്കും പ്രത്യാശ പകർന്നു. തുല്യത കൊണ്ടുവരേണ്ടതാണ് ആധുനികത. അത് വ്യക്തികൾക്ക് വലിയതോതിൽ സ്വയംനിർണയാവകാശം പകരും. വ്യക്തിയെ അയാളുടെ ചുറ്റുപാടുകളിൽനിന്നും ജീവിതത്തെ പരതന്ത്രമാക്കുന്ന വ്യവസ്ഥകളിൽനിന്നും മോചിപ്പിക്കുന്നതാണത്. ദുർബലമായിട്ടാണെങ്കിലും ആധുനികത ഇവിടെ ചലനാത്മകമാവുകയും ആ മാറ്റത്തിെൻറ പശ്ചാത്തലത്തിൽ ജനാധിപത്യ രാഷ്ട്രീയം പ്രവർത്തിക്കുകയും ചെയ്യുേമ്പാൾ പരമ്പരാഗത സാമൂഹിക ഘടനകളുടെ ദാർഢ്യം കുറച്ചെടുക്കപ്പെടുന്നു. സാമൂഹിക ഘടനകളുടെ പിടി കുറേശ്ശ അയച്ചെടുക്കാൻ കഴിയുന്നു. അങ്ങനെ തുല്യതക്കും അവകാശങ്ങൾക്കുമായുള്ള പോരാട്ട ശ്രമങ്ങൾക്ക് ഓരോ സമുദായത്തിലും വിഭാഗത്തിലും ഇടം ലഭ്യമാവുന്നു. സ്വാഭാവികമായും അതിെൻറ പൊതു കാൻവാസായ ജനാധിപത്യത്തിന് ജനപിന്തുണ കിട്ടുന്നു. ഇവിടെ അതിവായന നടത്തി നാം വഴിതെറ്റിക്കൂടാ. വ്യത്യസ്ത വിഭാഗങ്ങളിലെ സാധാരണ ജനങ്ങൾ ഇതേവരെ നേടിയെടുത്തത് തുേലാം തുച്ഛം മാത്രം. അതിനുപോലും അവരെ പ്രാപ്തരാക്കിയത് സാമൂഹിക ഘടനകളിൽ വിള്ളലിട്ട മേപ്പടി മാറ്റങ്ങളാണെന്ന് തിരിച്ചറിയുകയും വേണം.
ഇന്ത്യൻ ജനാധിപത്യത്തിെൻറ പരിണതിയിൽ പ്രധാനപ്പെട്ട ഒരു ഘടകത്തെ കൂടി ഇതോടു ചേർത്തു കാണേണ്ടതുണ്ട്. ജനാധിപത്യ പ്രക്രിയ പ്രവർത്തനക്ഷമമാകുന്നത് അതിനു വേണ്ടിയുള്ള സ്ഥാപനങ്ങൾമുഖേനയാണല്ലോ. ഈ സ്ഥാപനങ്ങൾ ദുഷിക്കുകയും ദുർബലപ്പെടുകയും ചെയ്യുന്നതാണ് കഴിഞ്ഞ 70 കൊല്ലത്തിൽ കണ്ടത്. അതിപ്പോ രാഷ്ട്രീയ കക്ഷികളാവട്ടെ, പ്രാതിനിധ്യമാകട്ടെ, നേതൃത്വമാവട്ടെ. ജനാധിപത്യം അതിെൻറ ഉപാധി സ്ഥാപനങ്ങളിൽനിന്ന് ഒട്ടൊക്കെ വേറിട്ടാണിവിടെ പുലരുന്നതെന്ന അത്ഭുതംകൂടി ഇന്ത്യൻ അനുഭവം നൽകുന്നു. ഈ വേറിടലിെൻറ വഴിയിൽ ജനാധിപത്യ പ്രക്രിയ ഒരു സ്വയംഭരണ ശേഷി നേടിയിരിക്കുന്നു എന്നർഥം. ജനങ്ങൾക്ക് ചെറുത്തുനിൽപിനുള്ള ഭൂമിക പകരുന്നതാണ് ജനാധിപത്യ പ്രക്രിയ. ആ ഇടം ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യാം. ഇന്ത്യയിൽ സംഘടിത രാഷ്ട്രീയം ആർജിച്ചിരിക്കുന്ന രൂപവും ഭാവവും എവ്വിധമായാലും വിവിധ ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപുകൾ ഈ ഭൂമികയിൽ പല ചെറു പുരോഗതിയും നേട്ടങ്ങളും കൈവരിക്കുന്നുണ്ട്. ജനാധിപത്യത്തിെൻറ ശരിയായ മാതൃകയോ മുറയോ വ്യാപകമായിട്ടില്ലെങ്കിലും ജനാധിപത്യത്തോടുള്ള പ്രതിപത്തി ജനങ്ങളിൽ വളരുന്നതിെൻറ പൊരുളതാണ്. അതിെൻറ ക്രെഡിറ്റ് ഭരണഘടനയുടെ തിരുനെറ്റിയിൽ ഒട്ടിച്ചുകൊടുക്കുന്ന പ്രവണതയാണ് പൊതുവിലുള്ളത്. അതുതന്നെയാണ് പരിശോധിക്കപ്പെടേണ്ട ഗൗരവഘടകം.
അസ്ഥാനത്താകുന്ന വിശുദ്ധ പശു
1950ൽ നടപ്പാക്കിയതു തൊട്ട് കണ്ണുംപൂട്ടി ആഘോഷിക്കപ്പെടുന്ന വിശുദ്ധ പശുവാണ് ഇന്ത്യൻ ഭരണഘടന. ആർപ്പുവിളിയുടെ ഒച്ചയും തോതും മോദി ഭരണത്തിൽ കലശലായി കൂടിയിരിക്കുന്നു. ഭരണത്തിൽ രണ്ടാമൂഴം കിട്ടി ആറുമാസത്തിനകം കശ്മീരിെൻറ പ്രത്യേക പദവി മോദി സർക്കാർ റദ്ദാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നതാണ് ടി പദവി. സംഗതി റദ്ദാക്കുക മാത്രമല്ല, കശ്മീരിനെ പട്ടാളത്തടവിലാക്കി, പൗരാവകാശങ്ങൾ ഫ്രീസറിലാക്കി. ഇതിന് എതിരെ വന്ന ഹരജികൾ മാറ്റിവെച്ച് സുപ്രീംകോടതി ഈ ഭരണഘടനാ കൈയേറ്റത്തിന് ചൂട്ടുപിടിച്ചു. പരമോന്നത കോടതിയുടെ പുതിയൊരു അടവുനയമാണിത് -അടിയന്തര പ്രാധാന്യമുള്ള രാഷ്ട്രീയമായ ആവലാതികൾ വന്നാൽ നീട്ടിവെക്കുക. കേസുകെട്ട് എടുക്കുേമ്പാഴേക്കും ആവലാതിക്ക് നിദാനമായ കൃത്യം ഭംഗിയായി നടപ്പിലായിക്കഴിഞ്ഞിരിക്കും. അങ്ങനെയാണ് ഭരണകൂടത്തിനുള്ള ഒത്താശ കോടതി ഭംഗ്യന്തരേണ നിർവഹിച്ചുകൊടുക്കുന്നത്. ഈ കാര്യനിർവഹണത്തിലെ അടുത്ത ഇനമാണ് ദല്ലാൾപ്പണി. 'അയോധ്യാവിധി'യിൽ നാമതു കണ്ടു.
കശ്മീർ വധം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ അതാ വരുന്നു, പുതിയ പൗരത്വ നിയമം. അയൽപക്കത്തെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മാറുന്ന ഹിന്ദു, ക്രിസ്ത്യൻ, സിഖ് ന്യൂനപക്ഷങ്ങൾക്ക് അതിവേഗ പൗരത്വം. പച്ചയായ മുസ്ലിം വിരുദ്ധത ഇതിലും സരളമായി പ്രകടമാക്കുക ദുഷ്കരം. ഈ ചട്ടത്തിെൻറ സയാമീസ് ഇരട്ടയായി ദേശീയ പൗരത്വ രജിസ്റ്റർ വരുന്നു. രാജ്യത്തെ ഓരോ പൗരനും തെൻറ പൗരത്വം തെളിയിക്കണം, ടി ഗ്രന്ഥത്തിൽ പേരു ചേർക്കാൻ. ചുരുക്കിയാൽ, മതപരമായ വിവേചനം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ കൂളായി കാറ്റിൽ പറത്തുന്നു (ഇതിനെതിരെ പ്രതിഷേധിച്ചവർ ആലംബമാക്കിയത് ഭരണഘടനയെത്തന്നെയാണെന്നോർക്കുക. പ്രിയാംബ്ളായിരുന്നല്ലോ മുദ്രാവാക്യ ഗീതം). ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു എന്നതല്ല ശരിയായ ചോദ്യം. ഇങ്ങനൊക്കെ ചെയ്യാവുന്ന പരുവത്തിലാണോ കൊട്ടിഗ്ഘോഷിക്കുന്ന വിശുദ്ധ ഗ്രന്ഥം എന്നതാണ്.
ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും തമ്മിലുള്ള ബന്ധം വിരോധാഭാസകരമാണ്. ഭാവികാലത്തെയും ദേശഭാവിയെയും കണക്കിലെടുത്ത് വഴക്കമുള്ളൊരു ഭരണഘടന തയാറാക്കാൻ ശിൽപികൾ മൂന്നുകൊല്ലം കഠിനതപം ചെയ്തതാണ്. ഈ വഴക്കം നിയമത്തിൽ ജനാധിപത്യപരമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കാനുതകും എന്നാണവർ കരുതിയത്. നാളിതുവരെ 127 ഭേദഗതികൾ വരുത്തി. ഒടുവിലിപ്പോൾ ഒരു മതാത്മക വലതുപക്ഷത്തിെൻറ സ്വേച്ഛാധിപത്യത്തിന് ഗ്രന്ഥം വാല്യപ്പണി ചെയ്യുന്നു. നികുതി തൊട്ട് പൗരത്വം വരെ ഗ്രന്ഥം സ്ഥാപിച്ചുവെച്ച കാതൽ പ്രമേയങ്ങളെല്ലാം മാറ്റിയെടുത്തിരിക്കുന്നു. ഭരണഘടനയും പൊതു നൈതിക വിഭാവനകളും ഭരണത്തിലെ രാഷ്ട്രീയ വ്യതിയാനങ്ങൾക്കൊത്ത് ചാഞ്ചാടില്ലെന്ന സങ്കൽപം ഇന്ത്യയിൽ വേരുപിടിച്ചതേയില്ല. എന്നുവെച്ചാൽ, ഭരണഘടന ഇവിടൊരു സ്ഥാപനവത്കൃത യാഥാർഥ്യമല്ല. ഇല്ലേന്ന് ചോദിച്ചാൽ ഉണ്ട്, ഉണ്ടോന്ന് അമർത്തിയൊന്ന് ചോദിച്ചാൽ ബബ്ബബ്ബ. ഭൂഗോളത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഭരണഘടനയാണിത്. ഒന്നര ലക്ഷം പദങ്ങൾകൊണ്ടുള്ള രാഗമാലിക. ഈ നീണ്ടകഥ പലപ്പോഴും നിരർഥകമാണ്, അതിെൻറ ആലാപന പ്രായോഗികതയിൽ. പാർലമെൻറിലെ കേവലഭൂരിപക്ഷം മാത്രം മതി, സംഗതി തിരുത്തിക്കുറിക്കാം. അങ്ങനെ ഭൂമിയിലെ ഏറ്റവും ഫലപ്രാപ്തിക്കുറവുള്ള ഭരണഘടനയായി നമ്മുടെ 'നീണ്ടകഥ'. ഇതു പറഞ്ഞാലുടൻ വക്കീൽ പ്രമാണികൾ ന്യായവാളെടുക്കും -'ബേസിക് സ്ട്രക്ചർ' മാറ്റാനൊക്കില്ലെന്ന്. മജ്ജയും ചോരയും സൗകര്യംപോലെ മാറ്റിക്കൊണ്ടിരിക്കെ എന്താണീ അടിസ്ഥാന അസ്ഥിക്കൂടത്തിെൻറ കഥാഗതി? 2019 ഡിസംബറിൽ ഒരു ഞണുക്കുനേരത്തേക്ക് മാത്രമായി പാർലമെൻറ് ചേരുന്നു. അതിൽ ചർച്ചയേ കൂടാതെ പൗരത്വബിൽ ചുട്ടെടുക്കുന്നു. വ്യക്തമായ ഭരണഘടനാ ലംഘനം, അടിസ്ഥാന അസ്ഥിക്കൂടത്തിന് തന്നെ വിരുദ്ധം. എന്നിട്ടെന്തായി? ഗ്രന്ഥം മേശപ്പുറത്തിരിക്കും, കാര്യങ്ങൾ വേറെ വഴിക്കുപോകുന്നു. സാരാംശം ഇത്രമാത്രം -മൃഗീയ ഭൂരിപക്ഷങ്ങൾക്കെതിരായ പ്രതിരോധമൊന്നുമില്ല, ഗ്രന്ഥത്തിലും പുറത്തും. തെരഞ്ഞെടുപ്പു ജയം ജനാധിപത്യത്തിെൻറ പ്രായോഗിക യാഥാർഥ്യമാണ്. പോപ്പുലിസ്റ്റ് ഘട്ടങ്ങളിൽ അതെത്ര ആപത്കരമാകാമെന്ന് നടപ്പുലീലകൾ സാക്ഷി.
'തിരുത്തിക്കുറിക്കാവുന്ന' ഭരണഘടന വിശാലാർഥത്തിൽ മേനി നടിക്കാൻ പറ്റിയ ചരക്കാണ്. ഇന്ത്യൻ അനുഭവം അവ്വിധമാണോ? ആരോഗ്യവും ചൈതന്യവുമുള്ള നിയമപരിഷ്കാരങ്ങൾ സൃഷ്ടിക്കാൻ രാഷ്ട്രത്തിനുള്ള ശേഷിയാണ് ഭരണഘടനയുടെ ഈ വഴുക്കൻ ഭാവം വഴി നശിപ്പിക്കപ്പെടുന്നത്. അതുകൊണ്ടെന്താ സുപ്രീംകോടതിക്ക് അതിഭീമമായ അധികാരം നൽകി. നോക്കൂ, സക്രിയ വിവേചനങ്ങൾക്കായി പൊരുതുന്ന സാമൂഹിക വിഭാഗങ്ങളുടെ എണ്ണം പെരുകുന്നു. തങ്ങളുടെ ആവശ്യങ്ങൾക്കുള്ള അംഗീകാരമാണ് ഓരോരുത്തരുടെയും ലക്ഷ്യം. അതാണിപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഹൃദയകേന്ദ്രം തന്നെ. സാമൂഹിക ഭൂമിക ഇവിടെ വിഭാഗീയമാണ്; നിയമനിർമാണം രാഷ്ട്രീയമായി പല കക്ഷികൾക്കും അപായകരവും. അങ്ങനെ ബേറ്റൺ കോടതിക്ക് കൈമാറപ്പെടുന്നു. നിയമനിർമാണത്തിെൻറ അധികാരം കോടതി കൈയിലെടുക്കുന്നു.
തുല്യതയും സാമൂഹികനീതിയും സ്വാതന്ത്ര്യവും മൗലിക തത്ത്വങ്ങളായി എഴുതിപ്പിടിപ്പിച്ചതിൽ ഭരണഘടന വലിയ അഭിവാഞ്ഛയാണ് പ്രകടിപ്പിച്ചത്. സമാന്തരമായി സ്വയംനിർണയാവകാശത്തിനായുള്ള തീവ്രശ്രമവും കോർത്തുവെച്ചു. പ്രയോഗത്തിൽ പക്ഷേ, കാര്യങ്ങൾ വേറെ വഴിക്കാവുന്നു. അതിെൻറ ദുരന്തമാണ് ഇന്ന് കൂടുതൽ പ്രകടമായിവരുന്നത് -മൗലിക തത്ത്വങ്ങൾ തന്നെ ചവിട്ടിമറിയപ്പെടുന്നു. വിശേഷിച്ചും മതവിവേചനത്തിെൻറയും പൗരത്വം സംബന്ധിച്ച അസമത്വത്തിെൻറയും ദിശയിലേക്ക് രാഷ്ട്രം വഴുതുന്നു. ഇതൊരു റാഡിക്കൽ തിരുത്താണ്. പക്ഷേ, അത് ജനാധിപത്യപരം തന്നെയാകുന്നു, ബാലറ്റ്പെട്ടിയിലെ സംഖ്യാബലത്തിെൻറ അക്കൗണ്ടിൽ.
ഇന്ത്യൻ ജനാധിപത്യത്തെ നേരിലറിയാൻ ഭരണഘടനയുടെ ഐതിഹ്യമാല കളഞ്ഞിട്ട് നോക്കണം. ഗാന്ധിയും കൂട്ടരും നടത്തിയ കോളനിവിരുദ്ധ ജനസംഘാടനമാണ് ഇന്ത്യൻ ജനാധിപത്യത്തിന് അസ്തിവാരമിട്ടത്. ഇത്രക്ക് വൈവിധ്യവും വിഭാഗീയതയും അസമത്വവുമുള്ള ഒരു ദേശക്കൂട്ടത്തെ ഒെരാറ്റ രാഷ്ട്രമാക്കാൻ ഏകവഴി ജനാധിപത്യമായിരുന്നു. ഭരണഘടനയുടെ ദൈർഘ്യം തന്നെ അതിനുവേണ്ടി നടത്തിയ സന്ധിചെയ്യലുകളുടെ സാക്ഷ്യമാണ്. സാമ്പത്തിക സമത്വവും തൊഴിലെടുക്കാനുള്ള അവകാശവും നിർദേശക തത്ത്വങ്ങളിൽ ഉൾപ്പെടുത്തി. ഈ നടപടിയാണ് ഭാവിയിലെ നിയമനിർമാണത്തിനുള്ള മാർഗരേഖ. അത്തരം ആശയങ്ങൾക്ക് പക്ഷേ, ഗൗരവമുള്ള പ്രതിഫലനമുണ്ടായില്ല. മാത്രമല്ല, ഗാന്ധി ഇന്ത്യക്കാരിലുണർത്തിയ പ്രതിഷേധക്കനൽ കെടുത്തുകയാണ് ഭരണഘടന ചെയ്തത്. അല്ലാത്തപക്ഷം എന്തുകൊണ്ടാണ് രാജ്യദ്രോഹവും കോടതിയലക്ഷ്യവും മറ്റും മറ്റുമായ പ്രാകൃത നിയമങ്ങൾ ഉൾപ്പെടുത്തിയത്? അത് ബോധപൂർവമായ നയത്തിെൻറ ഭാഗമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി ശിൽപികൾക്കുണ്ടായിരുന്ന തോന്നലുകളാവണം 'രാജ്യദ്രോഹം' എന്ന ബ്രിട്ടീഷ് ആയുധം നിലനിർത്താൻ പ്രേരണ. സമാധാനത്തിൽ ഊന്നിയ ഗാന്ധിയൻ സമരമുറകൾ പ്രയോഗിച്ചവർ തന്നെയാണ് ഈ വൈപരീത്യം കാട്ടിയതെന്നോർക്കണം. എല്ലാത്തിനും പോംവഴികൾ ഗ്രന്ഥത്തിലുണ്ട്, സമരങ്ങൾ അനാമത്താണ് എന്നൊരു അടങ്കൽ പ്രസ്താവവും നടത്തി, കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ സാക്ഷാൽ അംബേദ്കർ, അത്ഭുതം വേണ്ട, അധികാരം കിട്ടിയവാെറ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും കർശന േബ്രക്ക് കൽപിച്ചു, ജവഹർലാൽ ആൻറ് കോ.
ഇന്ത്യൻ ജനാധിപത്യത്തെ ഭരണഘടനയുടെ കാചത്തിലൂടെ മാത്രം നോക്കിക്കാണുന്നത് വഴിതെറ്റിക്കും. കോളനിവിരുദ്ധ ദേശീയതയുടെ ഫലമായി ഭരണകൂടവും (നിയമം അടക്കം) രാഷ്ട്രീയവും തമ്മിലുള്ള പരസ്പര സംശയമാണ് ഇന്ത്യൻ യാഥാർഥ്യം. സ്വാതന്ത്ര്യശേഷം രാഷ്ട്രീയ മാറ്റങ്ങൾക്ക് ഒപ്പിച്ചുവരാനായി നിയമത്തെ മുൻകാല പ്രാബല്യത്തോടെ മാറ്റിമറിക്കും. നിയമവും ജനാധിപത്യവും ഇവിടെ സമാന്തര സ്വത്വങ്ങളാണ്. രണ്ടും മാറ്റങ്ങളുടെയും ജാഢ്യത്തിെൻറയും വ്യത്യസ്ത അളവുകളുമായി ചലിക്കുന്നു, പരസ്പരം സ്ഥായിയായ വിരുദ്ധത സൂക്ഷിച്ചുകൊണ്ട്. അതുകൊണ്ട്, കഴിഞ്ഞ കാൽനൂറ്റാണ്ടായി ചിട്ടയോടെ സ്വരുക്കൂട്ടിവന്ന ഹിന്ദു ദേശീയത ഇന്നിപ്പോൾ കൂളായി നിയമത്തെ വിഴുങ്ങുന്നു. അത്തരമൊരു സത്വത്തെ നിയമമാക്കാനാണ് മോദി സർക്കാറിെൻറ ശ്രമം. ഈ വഴിയിലാണ് ഇന്ത്യയുടെ ജനാധിപത്യം അതിെൻറ ഭരണഘടനയെ മുക്കിത്താഴ്ത്തുന്നത്. 'ഫെഡറലിസ്റ്റി'ൽ മാലാഖയുടെയും മനുഷ്യെൻറയും കാര്യമാണ് പണ്ട് മാഡിസൻ പറഞ്ഞത്. അന്ന് മോദി ഉണ്ടായിരുന്നില്ല.