'അക്കാദമിക് വരേണ്യതയും കവിതാ നിരൂപണവും'; ഒ.കെ. സന്തോഷിന്റെ ലേഖനത്തോട് അനീഷ് പാറമ്പുഴ പ്രതികരിക്കുന്നു
സമകാലിക ദലിത് ഭാവുകത്വത്തെക്കുറിച്ച് ആഴ്ചപ്പതിപ്പിൽ (ലക്കം: 1262) ഒ.കെ. സന്തോഷ് എഴുതിയ ദലിത് ഭൂതകാലവും വരേണ്യ ഫെറ്റിഷിസവും എന്ന ലേഖനത്തിന് ഒരു പ്രതികരണം. ''കവിതയെഴുതാൻ നിശ്ചിത മാതൃകകള്‍ കൽപിക്കുന്നത് അക്കാദമിക് വരേണ്യതയല്ലാതെ മറ്റെന്താണ്?'' എന്ന് കവികൂടിയായ ലേഖകൻ ചോദിക്കുന്നു.ദലിത് വൈജ്ഞാനികതയെ ദലിത് പുതുകവിത പിന്നോട്ടടിക്കുന്നുവെന്ന ഒ.കെ....
Your Subscription Supports Independent Journalism
View Plansസമകാലിക ദലിത് ഭാവുകത്വത്തെക്കുറിച്ച് ആഴ്ചപ്പതിപ്പിൽ (ലക്കം: 1262) ഒ.കെ. സന്തോഷ് എഴുതിയ ദലിത് ഭൂതകാലവും വരേണ്യ ഫെറ്റിഷിസവും എന്ന ലേഖനത്തിന് ഒരു പ്രതികരണം. ''കവിതയെഴുതാൻ നിശ്ചിത മാതൃകകള്‍ കൽപിക്കുന്നത് അക്കാദമിക് വരേണ്യതയല്ലാതെ മറ്റെന്താണ്?'' എന്ന് കവികൂടിയായ ലേഖകൻ ചോദിക്കുന്നു.
ദലിത് വൈജ്ഞാനികതയെ ദലിത് പുതുകവിത പിന്നോട്ടടിക്കുന്നുവെന്ന ഒ.കെ. സന്തോഷിന്റെ ലേഖനം കവിതയുടെ മുന്നോട്ടുള്ള പോക്കിനു ഗുണകരമാകും എന്നു പ്രതീക്ഷയുള്ളവര് ഉണ്ടാകാം. അത്തരം പ്രതീക്ഷകളോടെയല്ല ഈ ലേഖകന്‍ ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആഗ്രഹിക്കുന്നത്. സാഹചര്യം എന്തുതന്നെ ആയാലും ദലിത് വൈജ്ഞാനികതയെ പൊതുസമൂഹം തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടല്ലോ.
വൈജ്ഞാനികപ്രവര്ത്തനങ്ങള് ആരോപണ പ്രത്യാരോപണ സ്വഭാവത്തില്‍ പക്ഷപാതപരമാകുമ്പോള് കാലം ആവശ്യപ്പെടുന്ന വിശകലനാത്മകത ചിലപ്പോള്‍ കൈമോശം വരാം. ചരിത്രത്തിന്റെ സൂക്ഷ്മവും ആന്തരികവുമായ വൈരുധ്യങ്ങളെ മുഴുവൻ അടർത്തിമാറ്റി തങ്ങൾക്ക് അനുകൂലമാംവണ്ണം ആഖ്യാനങ്ങളെ രേഖീയമായി പുനരവതരിപ്പിക്കുക എന്നതു ചരിത്രത്തിന്റെ ഭാഗമായ അധീശത്വത്തിനു സമാന്തരമായി കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. ചരിത്രത്തെ ഇങ്ങനെ രേഖീയമായി മാത്രം കാണുമ്പോൾ ഉണ്ടാകുന്ന അപകടം ചരിത്രം ഒരിക്കലും അങ്ങനെ മാത്രം നിൽക്കുന്നില്ല എന്ന സത്യം അവഗണിക്കപ്പെടുന്നു എന്നുള്ളതാണ്. ഹെഗലിന്റെയും പിന്നീടു വന്ന കാൾമാർക്സിന്റെയും ഒരു ധാരണയും പദ്ധതിയും ആയിരുന്നു മുന്നോട്ടു മാത്രം നോക്കുക, മുന്നിലേക്കു മാത്രം പോവുക എന്നുള്ളത്. ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തിൽ വേദകാലത്തിലെ സംഭവങ്ങൾപോലും ആനുകാലിക വിഷയങ്ങള്‍ ആവുകയും അതു രാജ്യത്തെ ദലിത് പിന്നാക്ക ന്യൂനപക്ഷ മനുഷ്യരുടെ ജീവിതത്തെ മുഴുവന്‍ പ്രശ്നവത്കരിച്ചുകൊണ്ടിരിക്കുകയുമാണ്. ഗോവധംപോലെയുള്ള പ്രശ്നങ്ങള്‍ ഇന്ത്യയിലെ ദലിതരുടെയും മുസ്ലിംകളുടെയും ജീവിതം അപഹരിക്കുന്നതും അവര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും പുതിയ കാലത്താണ്. ഇതിനെ പുതിയ കാലം എന്ന് എന്തിനു വിളിക്കുന്നുവെന്ന ചോദ്യം നമുക്കു ചോദിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ മൂര്‍ത്ത സാഹചര്യങ്ങളില്‍നിന്ന് ഒഴിവായി ഒരു പുതുമ നടിക്കുന്നതില്‍ വിശേഷിച്ചൊരർഥമുണ്ടെന്നു തോന്നുന്നില്ല. അപ്പോൾ രേഖീയമായി മാത്രം നമ്മൾ മുന്നോട്ടു പോകണം എന്നു പറയുന്നത് ബാബാസാഹിബ് അംബേദ്കറിന്റെ പിന്തുടർച്ച അവകാശപ്പെടുന്ന വൈജ്ഞാനിക മേഖല എന്ന നിലയിൽ ദലിത് വൈജ്ഞാനികമേഖലക്ക് ഒരിക്കലും സാധ്യമായ കാര്യമല്ല. ലോകത്തിലെങ്ങുംതന്നെ സാഹിത്യത്തെ, കലകളെ അവയുടെ ചരിത്രത്തിലെ ഓർമകളിൽനിന്നും ചരിത്രത്തിന്റെ പിന്തുടർച്ചകളിൽനിന്നും അടർത്തിമാറ്റി വെട്ടിമാറ്റി നിങ്ങൾക്കു പൊട്ടിക്കിളിർപ്പിക്കാൻ കഴിയില്ല. സന്തോഷ് ലേഖനത്തില്‍ സൂചിപ്പിച്ച ഫെറ്റിഷിസം എന്ന വാക്ക് ഒരു കമ്മോഡിറ്റിയെ പറ്റി പറയാൻ കാൾ മാർക്സ് ആണ് ആദ്യം ഉപയോഗിക്കുന്നത്. പക്ഷേ ഇവിടെ സന്തോഷ് ഫെറ്റിഷിസം എന്ന വാക്ക് ഉപയോഗിക്കുന്നത് ഏറ്റവും മോശമായ രീതിയിലാണ്. ഉദാത്തം എന്ന് ഒരു കാര്യത്തെ നിർവചിച്ചതിനുശേഷം തന്നെ വ്യാജമായി സ്തുതിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലേഖകന്‍.
സന്തോഷിന്റെ ഒരു പ്രധാനവാദം ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് ചേക്കേറിയതാകണം ദലിതരുടെ പുതുകവിതകള്‍ എന്നാണ്. നഗരങ്ങളിൽ ജീവിക്കുമ്പോൾ ദലിതരുടെ എഴുത്തുകൾ വ്യതിരിക്തമാകുന്നത് അവരുടെ ജാതി അനുഭവങ്ങൾകൊണ്ടു തന്നെയാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായി ഇരിക്കുന്ന ആൾക്കുപോലും ജാതിയിൽനിന്നും ജാതി ആക്ഷേപങ്ങളിൽനിന്നും മാറിനിൽക്കാൻ കഴിയാതിരിക്കുന്നത് അദ്ദേഹം ആധുനികനല്ലാത്തതുകൊണ്ടോ നഗരത്തിൽ ജീവിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നതുകൊണ്ടോ അല്ല. അതിനാൽതന്നെ ഗ്രാമ, നഗര വിപരീതം സൃഷ്ടിച്ചുകൊണ്ട് ഈ വിഷയത്തെ സമീപിക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല. ഇവിടെ ജാതി എന്ന റിയാലിറ്റിയുടെ വേരുകൾ കിടക്കുന്നതു നമ്മുടെ ഭൂതകാലത്തിൽതന്നെയാണ്. ആ ഭൂതകാലത്തിന് ഇന്ത്യയിൽ ലോകത്തിൽ മറ്റെങ്ങും മാതൃക കാണിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു ആധുനികകാലവും ഉണ്ട്. അല്ലെങ്കിൽ സമകാലിക ഇന്ത്യയിൽ ഭൂതകാലത്തിന്റെ ഭീകരമായ തനിയാവർത്തനം സംഭവിക്കുന്നുണ്ട്.
സന്തോഷ് കവിതയില്‍നിന്ന് ഉദാഹരണമാക്കിപ്പറഞ്ഞ മൂന്നു കവികളുടെ കവിതകളിലെല്ലാംതന്നെ അതതു കാലഘട്ടത്തിൽ ദലിത് ജീവിതത്തെ ഭരിച്ചുകൊണ്ടിരുന്നതും ഭരിച്ചുകൊണ്ടിരിക്കുന്നതുമായ ഭൂതകാലഭാവുകത്വം അടയാളപ്പെടുന്നുണ്ട്. ദലിത് ജീവിതപരിസരങ്ങളും വ്യക്തിപരതയുമൊക്കെ ഈ കവിതകളില്‍ കൃത്യമായി സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും സംഭവിക്കുന്നുണ്ട്. 1996, 97 കാലഘട്ടത്തിലാണ് എസ്. ജോസഫ് കവിയായി അറിയപ്പെട്ടുതുടങ്ങുന്നത്. അദ്ദേഹം ജീൻസും ടി ഷർട്ടും ഇട്ട് കോളജിൽ പോകുമ്പോൾ എഴുപതുകളിലെയും എൺപതുകളിലെയും ദലിതരുടെ ജീവിതാനുഭവങ്ങളെ കുറിച്ചാണ് കവിത എഴുതിയത്. തന്റെ സ്വന്തം സമുദായം കാട്ടിൽപോയി ഈറ്റവെട്ടി കൊണ്ടുവന്നു കൊട്ടയും മുറവും വട്ടിയും നിർമിക്കുന്നതിനെക്കുറിച്ച് അത് ഏറ്റുമാനൂർ ഉത്സവത്തിലും ചന്തയിലേക്കും കൊടുത്തിട്ട് അവിടുന്ന് വീട്ടുസാധനങ്ങൾ ആ കൊട്ടയിലാക്കി തിരിച്ചുകൊണ്ടുവരുന്നത് ജോസഫ് എഴുതിയിട്ടുണ്ട്. ജോസഫിന്റെ ഏറ്റവും ശ്രദ്ധേയമായ ആദ്യകാല കവിതകളിൽ ഒന്ന് 'മലയാളഭാഷയ്ക്ക് ഒരു കത്ത്' എന്ന കവിതയാണ്. അതിൽ കാറിൽ യാത്ര ചെയ്യുന്ന ഒരു പെൺകുട്ടി ആയിട്ട് മലയാളകവിതയെ ജോസഫ് സങ്കൽപിക്കുമ്പോൾ സ്വയമൊരു ആക്രി പെറുക്കൽകാരൻ ആയിട്ടാണ് ജോസഫ് തന്നെ പ്ലയ്സ് ചെയ്യുന്നത്. സത്യത്തില്‍ 98ൽ ഇത്തരമൊരു കവിതയെഴുതുന്നത് സന്തോഷ് ഇപ്പോൾ പറയുന്ന ബ്രാഹ്മണിക്കൽ ഫെറ്റിഷിസം അല്ലാതെ മറ്റെന്താണ്.
അതുപോലെ സമീപകാലത്ത് കവിതക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.ആർ. രേണുകുമാറിന്റെ കവിതകളിൽ മലയാളത്തിൽ മറ്റൊരു കവിയുടെയും കവിതകളിൽ കാണാത്തതരത്തിലുള്ള ഭൂതകാല അനുഭവങ്ങളാണ് കാണാനാകുന്നത്. സന്തോഷിന്റെ ഭാഷയിൽ പറയുന്ന പുതിയ രൂപമോ ഭാവമോ ആ കവിതകൾക്കൊന്നുംതന്നെ ഇല്ലെങ്കിലും തന്റെ വാദം സ്ഥാപിക്കാന്‍ ഈ കവികള്‍ സൃഷ്ടിച്ചുെവച്ച അനുഭവലോകങ്ങളെ മറച്ചുപിടിച്ച് കവികളെ കാവ്യബാഹ്യമായി പ്രകീര്‍ത്തിക്കുന്നു. രേണുകുമാറിന്റെ 'ഫോട്ടോ' എന്നൊരു കവിത സന്തോഷ് പറയുന്നതനുസരിച്ച് ''ദലിതർക്ക് യാതൊരുവിധത്തിലും ആവശ്യമില്ലാത്ത'' അപകർഷതയുടെ ഉയർന്ന ഉദാഹരണമാണ്. ഇതൊക്കെ സംഭവിക്കുന്നത് 2000ലാണ്.
കലേഷ് എഴുതുമ്പോഴും സ്വന്തം ജന്മസ്ഥലമായ കുന്നന്താനവും അവിടത്തെ ഓർമകളും കവിതയില്‍ നിറയുന്നുണ്ട്. എറണാകുളം നഗരത്തിലെ നഗരജീവിതത്തെക്കുറിച്ച് എഴുതുമ്പോഴും നഗരജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ ചേരികളിൽ താമസിക്കുന്ന ദലിതരായ പിന്നാക്കക്കാർ കൂലിപ്പണിക്കാരെയും വീട്ടുജോലിക്കാരെയും കാണാം. സന്തോഷ് അതു സൂചിപ്പിക്കുന്നുണ്ടെങ്കിലും ഗ്രാമ, നഗരങ്ങളെ അപരങ്ങളാക്കി അതിന്റെ രാഷ്ട്രീയസത്തയെ വിട്ടുകളയുന്നു.
നിങ്ങൾ ഏതു മെട്രോ നഗരത്തിൽ താമസിക്കുമ്പോഴും നിങ്ങൾക്കു ദലിത് ജീവിത അനുഭവങ്ങളിൽനിന്നും പരിസരങ്ങളിൽനിന്നും ഒളിച്ചോടാൻ കഴിയില്ല എന്നുതന്നെയാണ് ഈ കവിതകൾ നമ്മോടു പറയുന്നത്. ദലിത് ചിന്തകനായ കെ.കെ. കൊച്ച് തന്റെ ഒരു പുസ്തകത്തിൽ രണ്ടായിരത്തിൽ, ജോസഫിന്റെയും എം.ബി. മനോജിന്റെയും രേണുകുമാറിന്റെയും കവിതകൾ ആലസ്യത്തിെന്റ കവിതകളാണ് എന്ന ഒരു വിമർശനം നടത്തുന്നുണ്ട്.
എസ്. ജോസഫിന്റെ കവിതകൾ സവർണ ബ്രാഹ്മണിക്കൽ ഭാവുകത്വത്തെ വെല്ലുവിളിക്കുന്ന സ്വഭാവത്തില്‍ എഴുതപ്പെട്ടവയല്ല. സവർണ ഭാവുകത്വമായ ക്രമം, ലയ, പൊരുത്തത്തിൽനിന്നും വിടുതല്‍ പ്രാപിച്ച ഒരു കവിതപോലും തന്റെ വാദം സ്ഥാപിക്കാന്‍ സന്തോഷ് ഉദാഹരണത്തിൽ എഴുതുന്നില്ല. ബിനു എം. പള്ളിപ്പാടിനെക്കുറിച്ചോ വിജിലയെക്കുറിച്ചോ ഒരു വരിപോലും ഇല്ല. ബിനു എം. പള്ളിപ്പാടിന്റെ സ്കൂൾ, പാലറ്റ്, വസന്തത്തിന്റെ ഇടിമുഴക്കം തുടങ്ങിയ കവിതകളൊക്കെ സാമ്പ്രദായിക കവിതാ മാതൃകകളെതന്നെ മാറ്റിമറിക്കുന്നതാണ്. ദലിത് പുരുഷന്റെ കവിത മാത്രമല്ല ദലിത് കവിത എന്നു വിജില ബോധ്യപ്പെടുത്തുന്നു. 2022ൽ ഒരു ലേഖനം എഴുതുമ്പോൾ മലയാളത്തിൽ ദലിത്കവിത മൂന്നാലു പുരുഷന്മാർ ചേർന്ന് ഉണ്ടാക്കിയതാണെന്ന അറു പിന്തിരിപ്പൻ ന്യായവാദം എങ്ങനെയാണ് സന്തോഷിനു മുന്നോട്ടുവെക്കാൻ കഴിയുന്നത്? മുമ്പ് സൂചിപ്പിച്ച ക്രമം ലയ പൊരുത്തത്തെ തന്നെ നിഷേധിക്കുന്നുമുണ്ട്. സന്തോഷ് എഡിറ്റ് ചെയ്ത കാതൽ എന്ന കവിതാസമാഹാരത്തില്‍ അന്ന് എം.ജി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്ന സജിൻ പി.ജെയുടെ 'കേറ്ററിംഗ്' എന്ന കവിത ഇത്തരം നിഷേധങ്ങൾക്ക് ഒരു ഉദാഹരണം ആണ്.
ജോസഫിന്റെ കവിതകളുടെ പ്രത്യേകത മുഴുവൻ അദ്ദേഹത്തിന്റെ കവിതയുടെ ഭംഗിയാണ്. ആ ഭംഗി നഷ്ടപ്പെടാതെ ഇരിക്കാനുള്ള ഏക കാരണമെന്നു പറയുന്നത് അദ്ദേഹം നിലവിലുള്ളതിനെ തുറന്നു ചോദ്യം ചെയ്തിട്ടില്ല എന്നുതന്നെയാണ്. അവസാനിപ്പിക്കുമ്പോൾ സന്തോഷ്, എസ്. ജോസഫിന്റെ അവസാനം പ്രസിദ്ധീകരിച്ച സംസ്കൃതവൃത്തത്തിൽ എഴുതിയ മഹാരാജാസ് എന്ന കവിത എന്തോ ഒരു വലിയ പരീക്ഷണമായിട്ടാണ് അവതരിപ്പിക്കുന്നത്. 2022ൽ ഏതെങ്കിലുമൊരു ദലിത് കവിക്കു സംസ്കൃതവൃത്തത്തിൽ കവിത എഴുതേണ്ട കാര്യമില്ല.
ഏതോ പ്രാകൃതയുഗത്തിലെന്നപോലെ ദലിതര്‍ ജീവിക്കുന്നുണ്ടെന്ന യാഥാർഥ്യം ഏതെങ്കിലുമൊക്കെ കവിതകളില്‍ വരുന്നതു നൊസ്റ്റാൾജിയയായി ഒരു ദലിത് പഠിതാവിനു തോന്നുന്നത് കവിതയുടെ കുറവോ സ്വയം എടുത്തണിയുന്ന അക്കാദമിക് വരേണ്യതയുടെ കുഴപ്പമോ എന്നു ചരിത്രം തീരുമാനിക്കട്ടെ.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സന്തോഷ് ഒ.കെയുടെ പൊയ്കയിൽ കുമാരഗുരു നവോത്ഥാന ചരിത്രപാഠങ്ങൾ എന്ന പുസ്തകത്തിൽ സന്തോഷ് എഴുതിയിരിക്കുന്നത് ആണ് ഇനി കൊടുക്കുന്നത്.
''മേട്ടിലും മലങ്കാട്ടിലും പല
ആറ്റിലും തോട്ടിലും എല്ലാം
ഇഷ്ടംപോലെ അടിച്ചുകൊന്നു
വലിച്ചെറിഞ്ഞു കളഞ്ഞു
ദുഷ്ട ജന്തുക്കൾ പറിച്ചു തിന്നവ
വലിച്ചു ദേശം എല്ലാം നിറച്ചു
അസ്ഥികൾ പല ദിക്കിലും
തലയോട്ടിയും വേറെ
ഒട്ടനേകരെ പൊട്ടക്കിണറ്റിൽ
ഇട്ടു മൂടിയതും നികത്തി.''
ഒരു വ്യക്തിയുടെ ഭാവി ജീവിതം /വീക്ഷണം നിർമിക്കുന്നതിന് ചെറുപ്പകാലത്തെ അനുഭവങ്ങൾ വഹിക്കുന്ന പങ്കു നിർണായകമാണ്. ചെറുപ്പകാലത്തു നേരിടേണ്ടിവന്ന കടുത്ത ദാരിദ്ര്യവും അപമാനവും ആണ് അഡോൾഫ് ഹിറ്റ്ലറെ ഫാഷിസ്റ്റ് ആയി രൂപപ്പെടുത്തിയതെന്നു വിൽഹം റയലിനെ പോലെയുള്ളവർ മനശ്ശാസ്ത്രപരമായി വിശകലനം ചെയ്തിട്ടുണ്ട്. എന്നാൽ, മഹത്തായ ജീവിതലക്ഷ്യങ്ങൾക്കുവേണ്ടി ജനിച്ചവർ പ്രതിസന്ധികളെ ഗുണപരമായി പരിവർത്തിപ്പിക്കാൻ ശ്രമിക്കുന്നു, സ്വന്തം ദാരിദ്ര്യവും അടിമത്തവും വിശാലമായ അർഥത്തിൽ വിമോചനത്തിനും മാനവസാഹോദര്യം അതിനുവേണ്ടി വിനിയോഗിക്കുന്നു. ചെറുപ്പകാലത്തെ തന്റെ അനുഭവങ്ങളെ ഒരു ജനസമൂഹത്തിന്റെ അറിവുകളുമായി സംയോജിപ്പിച്ച് അവരെ എല്ലാവിധ ആധിപത്യത്തിൽനിന്നും സ്വതന്ത്രമാക്കാൻ ആണ് കുമാരൻ ശ്രമിച്ചത്.
ഓർമ ദലിതരെ സംബന്ധിച്ച് ഒരു മോശമായ കാര്യമല്ല എന്നാണ് ഈ ഗ്രന്ഥത്തിൽ സന്തോഷ് പറയുന്നത്. അതു കവിതയിൽ എത്തുമ്പോൾമാത്രം എങ്ങനെയാണ് ഒരു തെറ്റായ കാര്യമായി കൽപിക്കപ്പെടുന്നത്. കവിതയെഴുതാൻ നിശ്ചിത മാതൃകകള്‍ കൽപിക്കുന്നത് അക്കാദമിക് വരേണ്യതയല്ലാതെ മറ്റെന്താണ്?