മുസ്ലിമല്ലാത്ത മുസ്ലിം ലീഗുകാർ -എ.പി. ഉണ്ണികൃഷ്ണൻ ജീവിതം പറയുന്നു
മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും ദലിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയുമായ എ.പി. ഉണ്ണികൃഷ്ണൻ ജീവിതം പറയുന്നു.1980െല ഭാഷാസമരത്തിലെ ലീഗിന്റെ നിലപാടാണ് എന്നെ ലീഗുമായി അടുപ്പിച്ചത്. സ്കൂളുകളിൽ അറബി, ഉർദു, സംസ്കൃതം ഭാഷ പഠനവുമായി ബന്ധപ്പെട്ട് നായനാർ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾക്കെതിരെ ലീഗ് വിദ്യാർഥി സംഘടന മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ (എം.എസ്.എഫ് ) നടത്തിയ ഭാഷാ സമരത്തിൽ അറബി, ഉർദു ഭാഷകൾക്കൊപ്പം...
Your Subscription Supports Independent Journalism
View Plansമലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും ദലിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയുമായ എ.പി. ഉണ്ണികൃഷ്ണൻ ജീവിതം പറയുന്നു.
1980െല ഭാഷാസമരത്തിലെ ലീഗിന്റെ നിലപാടാണ് എന്നെ ലീഗുമായി അടുപ്പിച്ചത്. സ്കൂളുകളിൽ അറബി, ഉർദു, സംസ്കൃതം ഭാഷ പഠനവുമായി ബന്ധപ്പെട്ട് നായനാർ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾക്കെതിരെ ലീഗ് വിദ്യാർഥി സംഘടന മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ (എം.എസ്.എഫ് ) നടത്തിയ ഭാഷാ സമരത്തിൽ അറബി, ഉർദു ഭാഷകൾക്കൊപ്പം ഹൈന്ദവ വേദഭാഷ എന്നറിയപ്പെടുന്ന സംസ്കൃതത്തിനുവേണ്ടിയും ലീഗ് പ്രവർത്തകർ തെരുവിലിറങ്ങിയത് എന്നെ സ്വാധീനിച്ചു. അന്നത്തെ സമരത്തിൽ മൂന്ന് ലീഗ് പ്രവർത്തകർ പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു. അറബി ഭാഷക്കൊപ്പം സംസ്കൃതംകൂടി സംരക്ഷിക്കണമെന്ന നിലപാട് മതേതര നിലപാടുള്ള പാർട്ടിക്കാണ് എടുക്കാൻ കഴിയുകയെന്നും മുസ്ലിം ലീഗ് ഒരു മതേതര പാർട്ടിയാണെന്നും അന്ന് ഞാൻ മനസ്സിലാക്കി. സമുദായ പാർട്ടി എന്നനിലയിൽ തങ്ങളുടെ സമുദായത്തിന്റെ സ്വത്വം നിലനിർത്താനുള്ള പോരാട്ടത്തിനൊപ്പം മറ്റു സമുദായങ്ങൾക്കുവേണ്ടിയും നിലകൊള്ളുക എന്നത് ഇന്ത്യപോലെ വ്യത്യസ്ത മത^ജാതി വിഭാഗങ്ങളുള്ള രാജ്യത്ത് സ്വീകരിക്കാവുന്ന വിശാല കാഴ്ചപ്പാടാണ്.
ജീവിതത്തിൽ ആദ്യമായി കാർയാത്ര നടത്തിയത് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാറിലാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കാണാൻ കാരാത്തോെട്ട കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽനിന്ന് അദ്ദേഹത്തോടൊപ്പമായിരുന്നു അവിസ്മരണീയമായ ആ യാത്ര. കുഞ്ഞാലിക്കുട്ടിയാണ് ശിഹാബ് തങ്ങൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത്. തങ്ങൾ എന്നെ മാറോടു ചേർത്തുപിടിച്ചത് ജീവിതത്തിലെ അസുലഭ മുഹൂർത്തമാണ്. എന്നെപ്പോലെ ദലിത് വിഭാഗത്തിൽപെട്ടവരെ മാറോട് ചേർത്തുപിടിക്കുമെന്നത് പുതിയ അറിവായിരുന്നു. ആ ചേർത്തുപിടിക്കൽ ഇന്നും വല്ലാത്തൊരു അനുഭൂതിയായി മനസ്സിൽ മായാതെയുണ്ട്.
ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലം മുതൽ പാണക്കാെട്ട പതിവു സന്ദർശകരിലൊരാളായിരുന്നു അമ്മ ചക്കി. ഞങ്ങൾ ആറു മക്കളിൽ മിക്കവരെയുംകൊണ്ടാണ് പാണക്കാേട്ടക്കു പോകുക. അക്കാലത്ത് ബസ് കുറവായതിനാൽ വേങ്ങര കുറ്റൂരിൽനിന്ന് നടന്നാണ് അമ്മ പാണക്കാേട്ടക്ക് പോകാറ്. കുടുംബത്തിന്റെ വിശേഷ സന്ദർഭങ്ങളിലും മറ്റാവശ്യങ്ങൾക്കും പരിഹാരം തേടിയുമെല്ലാം പാണക്കാെട്ടത്താറുണ്ടായിരുന്നു. മുസ്ലിം സമുദായവുമായി ഇഴമുറിയാത്ത ബന്ധമുള്ള കുടുംബമാണ് ഞങ്ങളുടേത്. പാണക്കാടിന് പുറമെ മമ്പുറം പള്ളി, കൊടിഞ്ഞി പള്ളി എന്നിവിടങ്ങളിലെല്ലാം കുടുംബം സന്ദർശിക്കാറുണ്ട്. പാണക്കാട് തങ്ങൾമാരുമായുള്ള ആത്മബന്ധം കാരണം മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ വേർപാട് ജീവിതത്തിലെ വലിയ വിഷമങ്ങളുടെ ഘട്ടമായിരുന്നു. ആറ്റാപ്പൂവിന്റെ (ഹൈദരലി തങ്ങൾ) മയ്യിത്ത് പാണക്കാെട്ട മുറ്റത്തുനിന്ന് എടുക്കുേമ്പാൾ ഹൃദയത്തിലുണ്ടായ വിങ്ങൽ പറഞ്ഞറിയിക്കാനാകാത്തതാണ്. എന്റെ ചെറിയ മോന്റെ ചോറൂണിന് ചോറുകൊടുത്തത് ഹൈദരലി തങ്ങളായിരുന്നു. മൂത്ത മക്കളുടെ ചോറൂണ് ചടങ്ങ് ഗുരുവായൂരും പറശ്ശിനിക്കടവിലുമാണ് നടത്തിയത്. െചറിയ മോന് ആറ്റാപ്പുവിന്റെ കൈകൊണ്ട് തന്നെ ചോറുകൊടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. സാദിഖ് മോൻ (സാദിഖലി തങ്ങൾ) അടക്കമുള്ള മറ്റു തങ്ങൾമാരുമായും വളരെ അടുത്തബന്ധമാണുള്ളത്.
പട്ടികജാതിയിലെ കണക്ക വിഭാഗക്കാരായ ഞങ്ങളടക്കമുള്ള വിവിധ സമുദായങ്ങളെ പലരും ആട്ടിവിട്ടപ്പോഴെല്ലാം രക്ഷകരായി േചർത്തുപിടിച്ചത് മുസ്ലിം സമുദായമാണ്. ചെറുപ്പത്തിൽ പെരുന്നാൾ ദിവസം അയൽവാസിയായ മൊയ്തീൻകുട്ടിക്കാക്ക നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് വരുേമ്പാൾ പെരുന്നാൾ ഭക്ഷണത്തിനായി ഞാനടക്കമുള്ളവരുടെ കൈപിടിച്ച് വീട്ടിലേക്ക് കൊണ്ടുപോകും. ചോറും ഇറച്ചിക്കറിയും ഉപ്പേരിയുമടക്കം ഒറ്റ പാത്രത്തിലാണ് എല്ലാവർക്കും വിളമ്പുക. ഒരുമിച്ചിരുന്ന് ഇൗ പാത്രത്തിൽനിന്നാണ് എല്ലാവരും കഴിക്കുക. കുഞ്ഞികൃഷ്ണന്റെയും ചക്കിയുടെയും മകനായ ഉണ്ണികൃഷ്ണന് അയിത്തമോ വിവേചനമോ ഇല്ലാത്ത മനുഷ്യ സാഹോദര്യത്തിന്റെ മഹനീയ മാതൃകയായിരുന്നു അത്.
മുസ്ലിം നവോത്ഥാന നേതാക്കളിലൊരാളും മുസ്ലിം ലീഗ് നേതാവും തിരൂരങ്ങാടി യതീംഖാന സ്ഥാപകനുമായിരുന്ന എം.കെ. ഹാജി ഇൗ മാനവ സാഹോദര്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. തിരൂരങ്ങാടി യതീംഖാന ആരംഭിച്ചപ്പോൾ മുസ്ലിം കുട്ടികൾക്ക് പുറമെ ദലിത് വിഭാഗക്കാരായ കുട്ടികളെയും അദ്ദേഹം എടുത്തുവളർത്തിയിരുന്നു. അതിലുൾപ്പെട്ടയാളാണ് പിന്നീട് മുസ്ലിം ലീഗ് നേതാവും നാലുതവണ എം.എൽ.എയും ഖാദിബോർഡ് വൈസ് ചെയർമാനും പി.എസ്.സി അംഗവുമായിരുന്ന കെ.പി. രാമൻ മാസ്റ്റർ. അദ്ദേഹമടക്കമുള്ള ദലിതരും മുസ്ലിംകളുമായ കുട്ടികളെ ഒന്നിച്ചിരുത്തി ഒരു പാത്രത്തിൽനിന്നാണ് എം.കെ ഹാജി സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിക്കൊടുത്തിരുന്നത്. എല്ലാ കുട്ടികൾക്കും പിതൃതുല്യമായ വാത്സല്യം ഒരുപോലെ ചൊരിഞ്ഞ എം.കെ ഹാജിയുടെ ഒാർമകൾ രാമൻ മാസ്റ്റർ ജീവിതകാലത്ത് പലതവണ പങ്കുവെച്ചിട്ടുണ്ട്.
ഭാഷാസമരത്തിലൂടെ എം.എസ്.എഫ് അനുഭാവിയായെങ്കിലും സംഘടന പ്രവർത്തകനായിരുന്നില്ല. യൂത്ത് ലീഗിലൂടെയാണ് മുസ്ലിം ലീഗിന്റെ സംഘടന രംഗത്തെത്തുന്നത്. കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായാണ് ആദ്യ ഭാരവാഹിത്വം. തുടർന്ന് യൂത്ത് ലീഗ് മലപ്പുറം മണ്ഡലം സെക്രട്ടറിയായി. പിന്നീട് മുസ്ലിം ലീഗിന്റെ വിവിധ ചുമതലകൾ ഏൽപിക്കപ്പെട്ടു. അതിപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗത്തിലെത്തിനിൽക്കുന്നു.
ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റായിരിക്കെയാണ് 1992ൽ ദലിത് വിഭാഗങ്ങൾക്കായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പിന്നാക്കവർഗ ലീഗ് രൂപവത്കരിക്കുന്നത്. സി. ശ്രീധരൻ പ്രസിഡന്റും എ.പി. ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറിയുമായാണ് ആദ്യ കമ്മിറ്റി. മലപ്പുറം ജില്ലയിൽ മാത്രമുള്ള സംവിധാനമായിരുന്നു ഇത്. പിന്നീട് സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2003ൽ സംഘടന ദലിത് ലീഗ് എന്ന പേരിലേക്കു മാറി. മുൻ എം.എൽ.എ യു.സി. രാമൻ പ്രസിഡന്റും ഞാൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റി നിലവിൽ വന്നു. യു.സി. രാമൻ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും ഞാൻ ലീഗ് മലപ്പുറം ജില്ല സെക്രട്ടറിമാരിൽ ഒരാളുമാണ്.
42 വർഷമായി ലീഗിൽ പ്രവർത്തിക്കുന്ന ഒരാളെന്ന ആത്മവിശ്വാസത്തോടെ പറയെട്ട, മുസ്ലിം ലീഗ് ഒരു തുറന്ന പുസ്തകമാണ്. രഹസ്യമോ മറയോ ഇല്ലാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന സുതാര്യമായ സംഘടനാ സംവിധാനം. വ്യത്യസ്ത മതവിശ്വാസികളായ ആളുകൾക്ക് അവരുടെ വിശ്വാസപരവും സാമുദായികവുമായ എല്ലാറ്റിനുമുള്ള സ്പേസ് ലീഗിലുണ്ട്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് കേരളത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗാണ്. രാഷ്ട്രീയമോ മതപരമോ മറ്റോ ആയ പരിഗണനകളില്ലാതെ എല്ലാവരിലേക്കും കാരുണ്യമെത്തിക്കുന്ന ലീഗിന് ജീവകാരുണ്യത്തിൽ വിവേചനം പാടിെല്ലന്ന നിലപാടാണുള്ളത്.
ഭാര്യയും മക്കളുമടക്കം എല്ലാവരും അംഗങ്ങളായ അടിമുടി ലീഗ് കുടുംബമാണ് എന്റേത്. മക്കൾ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും ഭാരവാഹിത്വം വഹിക്കുന്നുണ്ട്. മകൻ വാർഡ് ലീഗ് സെക്രട്ടറിയാണ്. മകൾ വേങ്ങര മലബാർ കോളജിൽ എം.എസ്.എഫ് യൂനിയന്റെ വൈസ് ചെയർേപഴ്സനായിരുന്നു.