കളിക്കളങ്ങളും രാഷ്ട്രീയവും: കളിക്കളത്തിൽ രാജ്യത്തെ വിലക്കാം; താരങ്ങളെയോ?
''പ്രിയപ്പെട്ടവരേ, നിങ്ങൾ എന്നെ കേൾക്കുന്നെങ്കിൽ കരുത്തോടെയിരിക്കുക. യുെക്രയ്നുവേണ്ടി പോരാടുക'' -പോർമുഖത്തുനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് ഫ്രാൻസിലെത്തി ലയോൻ ഓപൺ ടെന്നിസിൽ റണ്ണർഅപ്പായ യുെക്രയ്ൻ താരം ഡയാന യാസ്െട്രംസ്ക തനിക്കു ലഭിച്ച സമ്മാനത്തുക യുെക്രയ്നെ സഹായിക്കുന്ന ഫൗണ്ടേഷനു സംഭാവന നൽകിക്കൊണ്ടു പറഞ്ഞു. യുെക്രയ്ൻ ദേശീയപതാക പുതച്ചുകൊണ്ട് ഡയാന റഷ്യൻ ആക്രമണത്തിനെതിരെ സംസാരിച്ചപ്പോൾ കേട്ട എത്രയോപേരിൽ ദേശസ്നേഹം ഉണർന്നിരിക്കണം.ഡയാന ഫൈനലിൽ തോറ്റത് ചൈനയുടെ ഷാങ് ഷൂയിയോട്. പെട്ടെന്ന് ഓർമയിലെത്തുക മറ്റൊരു ഷൂയിയെയാണ്. ചൈനയുടെതന്നെ പെങ് ഷൂയിയെ. ഭരണരംഗത്തെ ഒരു...
Your Subscription Supports Independent Journalism
View Plans''പ്രിയപ്പെട്ടവരേ, നിങ്ങൾ എന്നെ കേൾക്കുന്നെങ്കിൽ കരുത്തോടെയിരിക്കുക. യുെക്രയ്നുവേണ്ടി പോരാടുക'' -പോർമുഖത്തുനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് ഫ്രാൻസിലെത്തി ലയോൻ ഓപൺ ടെന്നിസിൽ റണ്ണർഅപ്പായ യുെക്രയ്ൻ താരം ഡയാന യാസ്െട്രംസ്ക തനിക്കു ലഭിച്ച സമ്മാനത്തുക യുെക്രയ്നെ സഹായിക്കുന്ന ഫൗണ്ടേഷനു സംഭാവന നൽകിക്കൊണ്ടു പറഞ്ഞു. യുെക്രയ്ൻ ദേശീയപതാക പുതച്ചുകൊണ്ട് ഡയാന റഷ്യൻ ആക്രമണത്തിനെതിരെ സംസാരിച്ചപ്പോൾ കേട്ട എത്രയോപേരിൽ ദേശസ്നേഹം ഉണർന്നിരിക്കണം.
ഡയാന ഫൈനലിൽ തോറ്റത് ചൈനയുടെ ഷാങ് ഷൂയിയോട്. പെട്ടെന്ന് ഓർമയിലെത്തുക മറ്റൊരു ഷൂയിയെയാണ്. ചൈനയുടെതന്നെ പെങ് ഷൂയിയെ. ഭരണരംഗത്തെ ഒരു ഉന്നതനെതിരെ പ്രതികരിച്ച പെങ് ഷൂയിയെക്കുറിച്ച് ഏറെനാൾ വിവരമൊന്നുമില്ലായിരുന്നു. വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ നേരത്തേ പറഞ്ഞതെല്ലാം വിഴുങ്ങി. അവൾ എവിടെയെന്ന് ടെന്നിസ് ലോകം ഒന്നടങ്കം ചോദിച്ചപ്പോൾ പോസ്റ്റ് പിൻവലിച്ച് (അതോ നീക്കം ചെയ്തതോ?) ഉൾവലിഞ്ഞിരുന്നു.
വീണ്ടും മറ്റൊരു ടെന്നിസ് കളിക്കാരിയിലേക്ക് വരാം. ബെലറൂസിന്റെ വിക്ടോറിയ അസരങ്കെ എന്ന മുൻ ലോക ഒന്നാം നമ്പർ താരം യുദ്ധത്തിൽ മനംനോവുന്നെന്നാണു പറഞ്ഞത്. യുെക്രയ്നെതിരെ റഷ്യക്കൊപ്പം യുദ്ധംചെയ്യുന്ന ബെലറൂസിൽനിന്നുള്ള ഈ സൂപ്പർ താരം യുെക്രയ്നെതിരെ നടക്കുന്ന അധിനിവേശത്തിലും യുദ്ധത്തിലും താൻ തകർന്നുപോയെന്നു തുറന്നു പറഞ്ഞു. യുെക്രയ്നും ബെലറൂസും എത്ര സൗഹൃദത്തിൽ കഴിഞ്ഞുപോന്ന രാജ്യങ്ങളായിരുന്നെന്ന് അവർ ഓർക്കുന്നു.
ഇതിനിടെ റഷ്യയുടെയും ബെലറൂസിന്റെയും താരങ്ങൾക്കെതിരെ താൻ മത്സരിക്കില്ലെന്ന് യുെക്രയ്ന്റെ ഒന്നാം നമ്പർ ടെന്നിസ് താരം എലിന സ്വിറ്റോലിനയും പ്രഖ്യാപിച്ചു. എന്നാൽ, റഷ്യൻ താരങ്ങളെ അവർ കുറ്റപ്പെടുത്തിയില്ല. കാരണമുണ്ട്. ''യുദ്ധമല്ല; ഐക്യവും സമാധാനവുമാണ് വേണ്ടത്'' -റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്‍വ ദെവ് പറഞ്ഞിരുന്നു. റഷ്യയുടെ ആേന്ദ്ര റൂബ്ലെവ് ആകട്ടെ ദുൈബ ടെന്നിസ് ചാമ്പ്യൻഷിപ് വേളയിൽ 'നോ വാർ പ്ലീസ്' എന്ന് എഴുതിയാണ് ടി.വിയിൽ മുഖംകാട്ടിയത്.
യുെക്രയ്ൻ ടെന്നിസ് താരം സെർജി സ്റ്റാക്കോവ്സ്കി പട്ടാളത്തിൽ ചേരാൻ തീരുമാനിച്ചത് ഇതിനിടെയാണ്. ഇറ്റാലിയൻ 'സീരി എ' യിൽ ഗോൾ അടിച്ചിട്ട് ആഘോഷിക്കാതെ, സഹതാരം യുെക്രയ്ന്റെ റൂസ്ലാൻ മാലിനോവ്സ്കിയോടുള്ള സൗഹൃദം ഉയർത്തിക്കാട്ടി റഷ്യൻ താരം അലക്സി മീറാൻ ചുക് ശ്രദ്ധേയനായി.
സ്പോർട്സ് ഇന്ന് അമച്വർ തലത്തിൽനിന്നു പൂർണമായും മാറി. ബോക്സിങ് പോലെ അപൂർവം കായിക ഇനങ്ങളിൽ മാത്രമാണ് അമച്വർ എന്ന വാക്കുപോലും ഉപയോഗിക്കുന്നത്. പക്ഷേ, പ്രഫഷനലിസത്തിൽ രാഷ്ട്രീയവും ഭരണകൂടവുമെല്ലാം ഇടപെടുന്നു. ദേശീയ ടീമിനു മാത്രമല്ല, ഓരോ കായികതാരത്തിനും നിയന്ത്രണങ്ങളുണ്ട്. അഥവാ അവർ പലതരം ചട്ടക്കൂടുകൾക്കുള്ളിലാണ്. കാരണം, ഒട്ടുമിക്ക കായിക സംഘടനകളുടെയും സാമ്പത്തിക ആശ്രയം സർക്കാർ ആണ്.
''സ്പോർട്സ് വിഘടനത്തിനല്ല; ഐക്യത്തിനുവേണ്ടിയുള്ളതാണ്'' -ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് താരം ശീഷൻ അലി ഈയിടെ പറഞ്ഞു. പക്ഷേ, അദ്ദേഹം കൂട്ടിച്ചേർത്തു: ''സർക്കാർ ഒരു തീരുമാനമെടുത്താൽ വ്യക്തികൾക്ക് അത് അനുസരിക്കാതിരിക്കാൻ കഴിയില്ല.'' സ്പോർട്സ് സ്വതന്ത്രമല്ലെന്ന് ചുരുക്കം. ദേശീയതയും രാജ്യസ്നേഹവുമാണ് ടീം സ്പിരിറ്റിന്റെ അടിസ്ഥാനം. ഒരു സംശയവും വേണ്ട, എന്നാൽ ചില ഭരണകൂടങ്ങൾ, ചില ഭരണകർത്താക്കൾ ലോകത്തെയും പൊതുസമൂഹത്തെയും മറന്ന് അധിനിവേശത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ കായികലോകത്തിനു നഷ്ടമാകുന്നത് സ്പോർട്സ്മാൻ സ്പിരിറ്റാണ്. ഒരു രാജ്യത്തെ വിലക്കാം. എന്നാൽ, കളിക്കാരെ വിലക്കണോ എന്ന ചോദ്യം ഉയരുന്നു. കായികലോകം ചർച്ചചെയ്യേണ്ട വിഷയമാണ്.
വിംബ്ൾഡണിലെ വിലക്കിൽ പ്രതിഷേധം
റഷ്യയുടെയും ബെലറൂസിന്റെയും കളിക്കാരെ വിലക്കിയ വിംബ്ൾഡൺ അധികൃതരുടെ നടപടിക്കെതിരെ പുരുഷ-വനിത ടെന്നിസ് സംഘടനകളായ എ.ടി.പിയും ഡബ്ല്യു.ടി.എയും രംഗത്തുവന്നത് ഇത്തരത്തിൽ വേണം കാണാൻ.വിംബ്ൾഡണിൽ കളിക്കാൻ യോഗ്യത നേടുന്നത് രാജ്യത്തിന്റെ പേരിലല്ല കളിക്കാരുടെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ് ഇവരുടെ വാദം. അതുകൊണ്ടുതന്നെ ഇത്തവണ വിംബ്ൾഡണിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പോയന്റ് ലഭിക്കില്ല എന്ന് എ.ടി.പിയും ഡബ്ല്യു.ടി.എയും വ്യക്തമാക്കിക്കഴിഞ്ഞു. ഐ.ടി.എഫ് നേരത്തേ തന്നെ ജൂനിയർ, വീൽചെയർ ഇനങ്ങളിൽ പോയന്റുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. സ്പോർട്സിലെ മൂല്യങ്ങൾ ഉയർത്താനാണ് ഈ നടപടിയെന്നും വിശദീകരിക്കപ്പെട്ടു.
നാലു ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ തലയെടുപ്പ് വിംബ്ൾഡണിനു തന്നെ. പക്ഷേ, റഷ്യക്കെതിരെ ഏറ്റവും ശക്തമായ നിലപാടുള്ള ബ്രിട്ടീഷ് സർക്കാറിന്റെ സമ്മർദം വിംബ്ൾഡൺ അധികൃതരുടെ തീരുമാനത്തിനു പിന്നിലുണ്ട് എന്നു നിശ്ചയം. വലിയ സമ്മാനത്തുകയുണ്ടെങ്കിലും, പോയന്റ് ഇല്ലാതെ പോയാൽ ടെന്നിസിന്റെ മക്കയായ വിംബ്ൾഡൺ ഇത്തവണ കേവലം പ്രദർശനമത്സരങ്ങളുടേതാകും, ടെന്നിസിൽ 52 ആഴ്ച കണക്കാക്കി പോയന്റ് നിശ്ചയിക്കുമ്പോൾ വിംബ്ൾഡണിൽ പോയന്റ് കിട്ടാതെവരുകയും തലേവർഷം ഇതേ ആഴ്ചയിലെ പോയന്റ് നഷ്ടമാകുകയും ചെയ്യും. ഇത് പ്രഫഷനൽ താരങ്ങളെ കാര്യമായി ബാധിക്കും.
ഒളിമ്പിക് ചട്ടം ലംഘിച്ചു
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു നൽകിയ 'ഒളിമ്പിക് ഓർഡർ' ബഹുമതി രാജ്യാന്തര ഒളിമ്പിക് സമിതി പിൻവലിച്ചു. ജൂഡോ അഭ്യാസികൂടിയായ പുടിനെ ഓണററി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജ്യാന്തര ജൂഡോ ഫെഡറേഷൻ നീക്കി. ഇതിനുപുറമെ ബെയ്ജിങ്ങിലെ ശീതകാല ഒളിമ്പിക്സിൽനിന്ന് റഷ്യ, ബെലറൂസ് താരങ്ങളെ വിലക്കിയിരുന്നു.
റഷ്യ, ബെലറൂസ് താരങ്ങളെ വിലക്കിയും അവിടങ്ങളിലെ മത്സരങ്ങൾ റദ്ദാക്കിയുമാണ് രാജ്യാന്തര ഒളിമ്പിക് സമിതി പ്രതികരിച്ചത്. റഷ്യ ഒളിമ്പിക് ചട്ടം ലംഘിച്ചെന്നാണ് ഐ.ഒ.സിയുടെ കണ്ടെത്തൽ.
ഉത്തേജകത്തിന്റെ പേരിൽ റഷ്യ നേരത്തേതന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. റഷ്യ നേരിടുന്ന രണ്ടു വർഷ വിലക്ക് ഈ ഡിസംബർ 16ന് അവസാനിക്കും. പക്ഷേ, ഇക്കാര്യത്തിൽ റഷ്യയെയാണു വിലക്കിയത്. താരങ്ങളെയല്ല. ഒളിമ്പിക്സിൽ ഉൾപ്പെടെ റഷ്യൻ താരങ്ങൾ ഐ.ഒ.സിയുടെ പതാകക്കു കീഴിൽ മത്സരിച്ചു.
ഒന്നാം ലോകയുദ്ധം മൂലം 1916ലും രണ്ടാം ലോകയുദ്ധം കാരണം 1940ലും 44ലും ഒളിമ്പിക്സ് മുടങ്ങി എന്നതു ചരിത്രം. പക്ഷേ, പുരാതന ഒളിമ്പിക്സിന്റെ കഥയിതല്ല. സമാധാനത്തിന്റെ സന്ദേശവുമായി ഒളിമ്പിക് ദിനങ്ങൾ ആഗതമാകുന്നതോടെ യുദ്ധങ്ങൾ അവസാനിപ്പിച്ചിരുന്നു. സമാധാനത്തിന്റെ പ്രതീകമായി ഒലിവ് വൃക്ഷശിഖരങ്ങളാൽ നിർമിക്കപ്പെട്ട കിരീടങ്ങൾ ധരിച്ചായിരുന്നു ഒളിമ്പിക് സന്ദേശമെത്തിക്കാൻ നിയോഗിക്കപ്പെട്ടവരുടെ യാത്ര. ''യുദ്ധങ്ങൾ നിർത്തണം, വിദ്വേഷങ്ങൾ മറക്കണം, ഒളിമ്പിക്സ് സമാഗതമായി'' എന്നായിരുന്നു സന്ദേശം. ഒളിമ്പിക്സ് ഉദ്ഘാടനത്തിനുമുമ്പ് തുടങ്ങുന്ന സമാധാനകാലം മേള അവസാനിച്ച് ഏതാനും നാൾകൂടി തുടരുന്നതായിരുന്നു പതിവ്.
രാഷ്ട്രീയം ഒളിമ്പിക്സിൽ പുതുമയല്ല
മോൺട്രിയോളിൽ 1976ൽ നടന്ന ഒളിമ്പിക്സിന്റെ തുടക്കംതന്നെ വിവാദങ്ങളോടെയായിരുന്നു. 'റിപ്പബ്ലിക് ഓഫ് ചൈന' എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കാഞ്ഞതിൽ പ്രതിഷേധിച്ച് തായ് വാൻ സംഘം സ്വദേശത്തേക്കു മടങ്ങി. ഉദ്ഘാടനത്തിനു മണിക്കൂറുകൾ മാത്രം അവശേഷിക്കെ 27 ആഫ്രിക്കൻ രാജ്യങ്ങൾ മേള ബഹിഷ്കരിച്ചു. വർണവിവേചനനയം പിന്തുടർന്നുപോന്ന ദക്ഷിണാഫ്രിക്കയിലേക്ക് റഗ്ബി ടീമിനെ അയച്ച ന്യൂസിലൻഡിനെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിഷ്കരണമാണ് 1980ൽ മോസ്കോയിൽ കണ്ടത്. 1980 ഫെബ്രുവരി 20നുമുമ്പ് റഷ്യൻ സേനയെ അഫ്ഗാനിസ്താനിൽനിന്നു പിൻവലിച്ചില്ലെങ്കിൽ മേള ബഹിഷ്കരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ചേരിയിൽ ഇതര രാജ്യങ്ങളും ചേർന്നപ്പോൾ അന്ന് ഐ.ഒ.സി അംഗങ്ങളായിരുന്ന 142 രാജ്യങ്ങളിൽ പങ്കെടുത്തത് 81 രാജ്യങ്ങൾ മാത്രം. അമേരിക്കയൊഴികെ ബഹിഷ്കരിച്ച രാജ്യങ്ങളിൽ പലതും വ്യക്തിപരമായി മത്സരിക്കാൻ താരങ്ങൾക്ക് അനുമതി നൽകിയെന്നത് ശ്രദ്ധേയമാണ്.
പ്രതീക്ഷിച്ചതുപോലെ 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സ് റഷ്യൻ ചേരി ബഹിഷ്കരിച്ചു. പക്ഷേ, 140 രാജ്യങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തു.
ചരിത്രത്തിലേക്കും ദൈർഘ്യമേറിയ ദീപശിഖ റാലി 2008ലെ ബെയ്ജിങ് ഒളിമ്പിക്സിനു മുന്നോടിയായി ചൈന സംഘടിപ്പിച്ചു. പക്ഷേ, പാരിസിൽ ദീപശിഖ അണക്കേണ്ടിവന്നു. തിബത്തിൽ ചൈന നടത്തുന്ന മനുഷ്യാവകാശ നിഷേധങ്ങൾക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയർന്നിരുന്നു. പാരിസിൽ അതു നിയന്ത്രണം വിട്ടു. ദീപശിഖ അണക്കുകയല്ലാതെ മാർഗമില്ലായിരുന്നു. നേരത്തേ ലണ്ടനിൽ ദീപം അണയാതെ രക്ഷപ്പെട്ടത് കഷ്ടിച്ചായിരുന്നു.
ഫുട്ബാളിൽ റഷ്യക്ക് വൻ തിരിച്ചടി
റഷ്യൻ ദേശീയ ഫുട്ബാൾ താരങ്ങൾക്കും ക്ലബുകൾക്കും ഫിഫയും യുവേഫയും വിലക്കു കൽപിച്ചു. 2018ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യക്ക് ഈ വർഷത്തെ ഖത്തർ ലോകകപ്പിലേക്കുള്ള വഴിയടഞ്ഞു. റഷ്യക്കെതിരെ ലോകകപ്പ് ഫുട്ബാൾ പ്ലേഓഫ് കളിക്കാൻ മോസ്കോയിലേക്കില്ലെന്ന് പോളണ്ട് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. സ്വീഡനും ചെക്ക് റിപ്പബ്ലിക്കും പ്ലേഓഫ് മത്സരങ്ങൾ റഷ്യയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ പാരിസിലേക്കാണു മാറ്റിയത്. റഷ്യൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗാസ്േപ്രാം കമ്പനിക്കു യുവേഫയുമായി പ്രതിവർഷം 50 ദശലക്ഷം ഡോളറിന്റെ കരാർ ഉണ്ടായിരുന്നു. ഇതു റദ്ദാക്കപ്പെട്ടു. ദീർഘകാല കരാർ ആയിരുന്നു ഇത്.
ബാഡ്മിന്റൺ, നീന്തൽ, വോളിബാൾ, ചെസ്, അത്ലറ്റിക്സ് സംഘടനകളും യുെക്രയ്ൻ ആക്രമണത്തിനെതിരെ പ്രതികരിച്ചു. ആഗസ്റ്റിൽ തുടങ്ങാനിരുന്ന ലോക വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വത്തിൽനിന്ന് റഷ്യയെ ഒഴിവാക്കി. റഷ്യ, ബെലറൂസ് ബാഡ്മിന്റൺ, നീന്തൽ താരങ്ങൾക്കും അത്ലറ്റുകൾക്കും വിലക്കു വന്നു. ജൂലൈ 26 മുതൽ ആഗസ്റ്റ് എട്ടുവരെ മോസ്കോയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചെസ് ഒളിമ്പ്യാഡ് ചെന്നൈയിലേക്കു മാറ്റി.
രാജ്യതാൽപര്യത്തിനു വേണം മുൻഗണന
റഷ്യക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ ഉൾപ്പെടെ ഉറച്ച നിലപാടെടുക്കാൻ വിസമ്മതിച്ചപ്പോഴും ബെലറൂസുമായി നിശ്ചയിക്കപ്പെട്ടിരുന്ന സൗഹൃദ ഫുട്ബാൾ മത്സരത്തിൽനിന്ന് ഇന്ത്യ പിന്മാറി എന്നത് ഓർക്കേണ്ടതുണ്ട്.
ഇന്ത്യയും പാകിസ്താനും പരസ്പരമുള്ള കായികമത്സര പര്യടനങ്ങൾ ഒഴിവാക്കിയപ്പോഴും രാജ്യാന്തര കായികമേളകളിൽ നേർക്കുനേർ വരാറുണ്ട്. ഇത് രാജ്യാന്തര കായിക നിയമങ്ങളോടുള്ള ആദരവാണ്. ഇല്ലെങ്കിൽ വിലക്കുവരും എന്നതും സത്യം. ഏറ്റവും ഒടുവിൽ ജകാർത്തയിൽ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ-പാകിസ്താൻ മത്സരം സമനിലയിൽ കലാശിച്ചു. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരകൾ മുടങ്ങി. ഹോക്കി ടെസ്റ്റ് പരമ്പരകളും നടക്കുന്നില്ല. ഐ.പി.എല്ലിൽ പാക് ക്രിക്കറ്റ് താരങ്ങളുമില്ല; പക്ഷേ, ലോകകപ്പ് ഹോക്കി വീണ്ടും ഇന്ത്യയിൽ എത്തുമ്പോഴും ക്രിക്കറ്റ് ലോകകപ്പുകൾ ഏതെങ്കിലും ഇന്ത്യയിൽ വന്നാലും പാകിസ്താൻ ടീം അതിഥികളായിത്തന്നെയുണ്ടാകും.
രാജ്യതാൽപര്യത്തിനാണ് മുൻഗണനയെന്നു പറഞ്ഞല്ലോ. ഇന്ത്യക്കും കായികമത്സരങ്ങൾ ബഹിഷ്കരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. 1974ൽ ഇന്ത്യ ഡേവിസ് കപ്പ് ടെന്നിസിന്റെ ഫൈനലിൽ കടന്നെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാൻ വിസമ്മതിച്ചു. 1987ൽ വീണ്ടും ഫൈനലിൽ കടന്ന ഇന്ത്യ തൊട്ടടുത്ത വർഷം ലോക ഗ്രൂപ്പ് റെലിഗേഷൻ പ്ലേഓഫിൽ ഇസ്രായേലിനു വാക്കോവർ നൽകി. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം ഏറെക്കാലം കായികരംഗത്ത് ചർച്ചചെയ്യപ്പെട്ട വിഷയമാണ്.
ദക്ഷിണാഫ്രിക്കയുടെ വർണവിവേചനത്തിലാകട്ടെ വെള്ളക്കാർ എന്നും ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു. എങ്കിലും ഏറെക്കാലം ദക്ഷിണാഫ്രിക്കക്ക് രാജ്യാന്തര കായികമത്സരങ്ങളിൽനിന്നു മാറിനിൽക്കേണ്ടിവന്നു. വർണവിവേചനം അവസാനിച്ച്, മടങ്ങിവന്നപ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ആദ്യ പര്യടനത്തിന് എത്തിയത് ഇന്ത്യയിലായിരുന്നു എന്നതും ചരിത്രം.
സ്പോർട്സ് കൗൺസിൽ രാഷ്ട്രീയം
രാജ്യതാൽപര്യംപോലെയാണോ രാഷ്ട്രീയ താൽപര്യം? കേരളത്തിലേക്കു വന്നാൽ സ്പോർട്സിൽ രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്തവിധം പിടിമുറുക്കിയിരിക്കുകയാണ്. കേരള സ്പോർട്സ് കൗൺസിലിലും കേരള ഒളിമ്പിക് അസോസിയേഷനിലുമൊക്കെ ഇതു പ്രകടമാണ്. കായികതാരങ്ങൾക്കും പരിശീലകർക്കും സംഘാടകർക്കും വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാണും. പക്ഷേ, ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ യോഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പങ്കെടുക്കാമോ? കായിക കേരളം ചർച്ചചെയ്യേണ്ട കാര്യമാണ്.
തൃക്കാക്കരയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ വേദിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. നവോത്ഥാന മതിൽ കെട്ടാൻ കായികതാരങ്ങൾ പോയതിനെ ആരും വിമർശിക്കുമെന്നു തോന്നുന്നില്ല. അത് അവരുടെ വിശ്വാസം. പക്ഷേ, ഇത് ശരിയായില്ല. മാറിമാറിവരുന്ന ഭരണകർത്താക്കൾ അവരുടെ രാഷ്ട്രീയ താൽപര്യം നോക്കി കൗൺസിൽ പ്രസിഡന്റുമാരെ നിയമിച്ചുതുടങ്ങിയിട്ട് കാലമേറെയായി.
കഴിഞ്ഞ ഏതാനും സർക്കാറുകളാണ് കായികതാരങ്ങളെ കൗൺസിൽ പ്രസിഡന്റുമാരാക്കിയത്. ഇത് പക്ഷേ, കായികതാരങ്ങൾ എന്ന നിലയിൽ അല്ല, രാഷ്ട്രീയ ചായ് വ് നോക്കിയാണ്. രാഷ്ട്രീയമെന്തായാലും കായികതാരങ്ങൾ കായികരംഗം നിയന്ത്രിക്കുന്നതിനെ സ്വാഗതം ചെയ്യാം. പക്ഷേ, ഇവരുടെ ഭരണപരമായ കഴിവുകൾ പലപ്പോഴും ചോദ്യംചെയ്യപ്പെടാറുണ്ട്. എന്നോടു ചോദിച്ചാൽ ഞാൻ പറയും. ''ഈ സ്പോർട്സ് താരങ്ങളേക്കാൾ എത്രയോ മെച്ചമായിരുന്നു രാഷ്ട്രീയ നേതാക്കളായ കെ. പങ്കജാക്ഷനും എ.സി. ജോസുമൊക്കെ കേരള സ്പോർട്സ് കൗൺസിൽ ഭരണരംഗത്ത്.''
ഇന്ത്യൻ വാട്ടർപോളോ താരമായിരുന്ന ബി. ബാലചന്ദ്രൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നപ്പോൾ മുഖ്യമന്ത്രി ഇ.കെ. നായനാർ പറഞ്ഞത് ഓർക്കുന്നു: ''എടോ, ഓൻ വെറും രാഷ്ട്രീയക്കാരനല്ല, വെള്ളത്തിൽ പന്ത് കളിക്കാനൊക്കെ അറിയാം.'' മുഴുവൻ സമയ സി.പി.എം പ്രവർത്തകൻ ആയിരുന്നിട്ടും ബാലചന്ദ്രൻ സ്പോർട്സിൽ രാഷ്ട്രീയം കലരാതെ ശ്രദ്ധിച്ചിരുന്നു.
l