ആശ സമരത്തിലെ അതിജീവന പാഠങ്ങൾ


സെക്രേട്ടറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന സമരം നാലാഴ്ചയിലേക്ക് നീങ്ങുന്നു. എന്താണ് സമരത്തിന്‍റെ ആവശ്യം? സമരത്തിനെതിരെ ഉയരുന്ന എതിർപ്പുകൾ എന്തെല്ലാമാണ്? സമരം ന്യായമാണോ? –വിശകലനം.കൂലിക്കും വേലക്കുംവേണ്ടി സമരംചെയ്തു രക്തസാക്ഷിത്വം വരിച്ചവരുടെ പിന്മുറക്കാർ അധികാരം കൈയാളുന്ന ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ കുറച്ചു പെണ്ണുങ്ങൾ സമരം ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് ആഴ്ച പിന്നിടുന്നു. സമരങ്ങൾക്ക് മുഖം കൊടുക്കാതെ അവഗണിക്കുന്നതാണ് ഭരണാധികാരികളുടെ പതിവെങ്കിലും ഇവിടെ സർക്കാറിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയും ട്രേഡ് യൂനിയനും സമരം തകർക്കാൻ പ്രത്യക്ഷത്തിൽ തന്നെ...
Your Subscription Supports Independent Journalism
View Plansസെക്രേട്ടറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന സമരം നാലാഴ്ചയിലേക്ക് നീങ്ങുന്നു. എന്താണ് സമരത്തിന്‍റെ ആവശ്യം? സമരത്തിനെതിരെ ഉയരുന്ന എതിർപ്പുകൾ എന്തെല്ലാമാണ്? സമരം ന്യായമാണോ? –വിശകലനം.
കൂലിക്കും വേലക്കുംവേണ്ടി സമരംചെയ്തു രക്തസാക്ഷിത്വം വരിച്ചവരുടെ പിന്മുറക്കാർ അധികാരം കൈയാളുന്ന ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ കുറച്ചു പെണ്ണുങ്ങൾ സമരം ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് ആഴ്ച പിന്നിടുന്നു. സമരങ്ങൾക്ക് മുഖം കൊടുക്കാതെ അവഗണിക്കുന്നതാണ് ഭരണാധികാരികളുടെ പതിവെങ്കിലും ഇവിടെ സർക്കാറിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയും ട്രേഡ് യൂനിയനും സമരം തകർക്കാൻ പ്രത്യക്ഷത്തിൽ തന്നെ ഇറങ്ങിയിരിക്കുന്നു എന്നതാണ് പ്രത്യേകത.
പറഞ്ഞുവരുന്നത് 7000 രൂപ എന്ന തുച്ഛം ഓണറേറിയം 21,000 രൂപയാക്കി ഉയർത്തണമെന്നതടക്കം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രേട്ടറിയറ്റ് നടയിൽ വെയിലും മഴയും ഭീഷണികളുടെ പേമാരിയുമേറ്റ് സമരംചെയ്യുന്ന ആശ പ്രവർത്തകരെ കുറിച്ചാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ (കെ.എ.എച്ച്.ഡബ്ല്യു.എ) നേതൃത്വത്തിലാണ് രാപ്പകൽ സമരം പുരോഗമിക്കുന്നത്.
‘അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘ആശ’. പേരിൽ പരിഷ്കാരവും പ്രത്യാശയുമെല്ലാം പ്രതിഫലിക്കുന്നുണ്ടെങ്കിലും നേർവിപരീതമാണ് തൊഴിൽ-ജീവിത സാഹചര്യങ്ങൾ. ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമത്തിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശമാർ.
ഇടതുപക്ഷംകൂടി പുറത്തുനിന്ന് പിന്തുണച്ച ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്താണ് ‘ആശ’ പദ്ധതി യാഥാർഥ്യമാകുന്നത്. ആരോഗ്യ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഇടയിലെ മധ്യവർത്തികളാണ് ഇവർ. പൊതുജനത്തിന് അടിസ്ഥാന ആരോഗ്യ വിദ്യാഭ്യാസവും സേവനങ്ങളും നൽകുകയും പൊതുജനാരോഗ്യ സൗകര്യം ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുകയാണ് ജോലി.
പകൽ മുഴുവൻ ജോലിയുണ്ടെങ്കിലും ആശാവർക്കർമാർക്ക് തൊഴിലാളികളുടെ പദവിയില്ല, വേതനമില്ല. പകരം നൽകുന്നത് ഓണറേറിയം എന്ന പേരിൽ തുച്ഛം തുക. രാജ്യത്താകെ പത്തു ലക്ഷം ആശ പ്രവർത്തകരാണുള്ളത്. കേരളത്തിൽ 26,000 വും. 1000 പേർക്ക് ഒരു ആശ പ്രവർത്തക എന്ന നിലയിലാണ് അനുപാതം. ഈ 1000 പേരുടെ ആരോഗ്യസംബന്ധിയായ സർവ കാര്യങ്ങളും ആശ പ്രവർത്തകരുടെ ചുമതലയാണ്. ഇപ്പോൾ വാർഡ് ഒന്നിന് ഒരാൾ എന്ന നിലയിലാണ് ജോലി. തുച്ഛമായ വേതനമാണെങ്കിലും ഉത്തരവാദിത്തവും ജോലികളും ഭാരിച്ചതാണ്.
കോവിഡിലും നിപയിലുമടക്കം സമൂഹം ഒന്നാകെ വിറങ്ങലിച്ചുനിന്ന നാളുകളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം ‘മുന്നണി പോരാളികൾ’ എന്ന ഓമനപ്പേരിൽ ഇവരെയാണ് സർക്കാർ പ്രതിരോധത്തിനായി നിയോഗിച്ചത്. ജീവനും കൈയിൽ പിടിച്ചാണ് ആശാ പ്രവർത്തകർ രോഗികൾക്കായി മരുന്നും വെള്ളവുമായി വീടു വീടാന്തരം കയറിയിറങ്ങിയത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ഒറ്റപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചു. സമൂഹമൊന്നാകെ വീടുകളിലൊതുങ്ങിയ നാളുകളിലും തെരുവിലായിരുന്നു. എന്നാൽ, മഹാമാരിയിൽനിന്ന് സാമൂഹികജീവിതം സാധാരണ നിലയിലായി നാളുകൾ പിന്നിടുമ്പോഴും അർഹമായ ആനുകൂല്യങ്ങൾക്ക് ആശാ പ്രവർത്തകർ തെരുവിലാണ്.
പ്രകടനപത്രികയിൽ പറഞ്ഞതാണ്, പക്ഷേ...
‘‘അംഗൻവാടി, ആശ വർക്കർ, റിസോഴ്‌സ് അധ്യാപകർ, പാചക തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീ പ്രൈമറി അധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ, സ്‌കൂൾ സോഷ്യൽ കൗൺസലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേഴ്‌സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും. മിനിമം കൂലി 700 രൂപയാക്കും...’’
ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ 45ാം ഖണ്ഡത്തിൽ പറയുന്നതാണിത്. നിലവിൽ ആശ വർക്കർമാർക്ക് പ്രതിദിനം കിട്ടുന്നത് 232 രൂപയാണ്. പകൽ മുഴുവൻ പണിയെടുക്കുന്നതിന് ഏറ്റവും കുറഞ്ഞത് 700 രൂപയെങ്കിലും നൽകണം എന്നാവശ്യപ്പെട്ടാണ് സമരത്തിനിറങ്ങിയത്. സർക്കാർ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ആവശ്യമാണ് ഇവർ ഉന്നയിക്കുന്നതും.
മാനുഷിക പരിഗണന അനുസരിച്ച് അംഗീകരിക്കാവുന്ന ആവശ്യങ്ങൾ മാത്രമേ ഉന്നയിച്ചിട്ടുള്ളൂ. സംസ്ഥാനത്ത് മിനിമം വേതനം സർക്കാർ 700 രൂപ കണക്കാക്കുമ്പോഴാണ് അതിന്‍റെ നാലയലത്ത് പോലും എത്താനാവാതെ ജീവിതം കൂട്ടിമുട്ടിക്കാൻ ആശമാർ പെടാപ്പാടു പെടുന്നത്. 232 രൂപയിൽ യാത്രാചെലവും ഭക്ഷണചെലവും മാറ്റിയാൽ പിന്നെ 100 രൂപ പോലും കുടുംബത്തിനായി നീക്കിവെക്കാൻ ഇല്ലാത്ത സ്ഥിതിയാണ്. ദിനം പത്തും പന്ത്രണ്ടും മണിക്കൂർ പണിയെടുക്കുന്നവരുടെ സ്ഥിതിയാണിത്.
ആശമാരിൽ ഭൂരിഭാഗവും സ്വന്തം വരുമാനംകൊണ്ടു മാത്രം കുടുംബം പോറ്റുന്നവരാണ്. നിലവിലെ വേതനം കുറവാണ് എന്ന് ഇടതുമുന്നണിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രകടനപത്രികയിൽ ഉൾപ്പെട്ടത് എന്നത് വ്യക്തവും. എന്നിട്ടും എന്തുകൊണ്ട് അതിജീവന സമരത്തോട് സർക്കാർ മുഖം തിരിക്കുന്നുവെന്നത് അവ്യക്തവും. അർഹമായ അവകാശങ്ങൾ ചോദിച്ചു സമരത്തിന് എത്തിയവരോട് സാങ്കേതിക ന്യായങ്ങൾ നിരത്തി സർക്കാർ മുഖം തിരിക്കുന്നതായിരുന്നു ആദ്യ ദിനങ്ങളിൽ കണ്ടത്.
ആശ പദ്ധതി കേന്ദ്ര സ്കീമാണെന്നും കേന്ദ്രസർക്കാറാണ് ഓണറേറിയം വർധിപ്പിക്കേണ്ടത് എന്നുമാണ് ആരോഗ്യമന്ത്രിയുടെയടക്കം നിലപാട്. കേന്ദ്രമാണ് ഓണറേറിയം വർധിപ്പിക്കേണ്ടതെങ്കിൽ പിന്നെ ഇടതു മുന്നണിയുടെ പ്രകടനപത്രികയിൽ 700 രൂപയാക്കുമെന്ന് എഴുതിവെച്ചത് എന്തിനെന്നതിന് വിശദീകരണമില്ല. ആശമാരെ തൊഴിലാളികളായി പോലും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രം ആക്ടിവിസ്റ്റുകളായാണ് പരിഗണിക്കുന്നത് എന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. അതുകൊണ്ട് തന്നെ സെക്രേട്ടറിയറ്റിന് മുന്നിലല്ല, ഡൽഹിയിലാണ് സമരംചെയ്യേണ്ടതെന്നാണ് സർക്കാർ നിലപാട്.
ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്രസർക്കാറാണ് എന്ന് സ്ഥാപിക്കുന്നതിനായുള്ള വാദത്തിനിടെ അറിയാതെയെങ്കിലും ‘‘ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സെക്രേട്ടറിയറ്റിനു മുന്നിൽ സി.ഐ.ടി.യു സമരംചെയ്താണ് വേതനം 500 രൂപയാക്കിയതെ’’ന്നും പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ വേതനവർധനക്കായി സെക്രേട്ടറിയറ്റിന് മുന്നിൽ സി.ഐ.ടി.യുവിന് സമരംചെയ്യാമെങ്കിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ ഡൽഹിയിൽ സമരംചെയ്യണമെന്ന് പറയുന്നതിന്‍റെ യുക്തി എന്താണെന്നാണ് സമരക്കാരുടെ ചോദ്യം. ഫലത്തിൽ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരമില്ലാതെ ആശമാരുടെ ആവശ്യങ്ങൾക്കു മുന്നിൽ വാതിൽ കൊട്ടിയടച്ച് പാർട്ടിയും സർക്കാറും ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന കാഴ്ചകളാണ് തലസ്ഥാനത്തുനിന്ന് കാണുന്നത്.

സെക്രേട്ടറിയറ്റിനു മുന്നിൽ ആശ വർക്കർമാരുടെ സമരത്തിൽനിന്ന് ചില ദൃശ്യങ്ങൾ
എളമരം കരീം നിയമസഭയിൽ പറഞ്ഞത്
എളമരം കരീം: സർ, എൻ.ആർ.എച്ച്.എമ്മിന് കീഴിലുള്ള 29,000ത്തോളം വരുന്ന ആശ വർക്കേഴ്സ് പ്രതിമാസ ഓണറേറിയം 10,000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരമാരംഭിച്ചിരിക്കുകയാണ്. ഈ പ്രശ്നത്തിൽ അടിയന്തരമായ തീരുമാനമുണ്ടാക്കണം. വളരെ പാവപ്പെട്ട ഇവർ വളരെ സാഹസികമായാണ് ജോലിചെയ്യുന്നത്. പക്ഷേ, പുറത്തുപറയാൻപോലും നാണക്കേടുണ്ടാക്കുന്ന തുച്ഛമായ തുകയാണ് ഓണറേറിയമായി ഇപ്പോൾ അവർക്ക് നൽകിവരുന്നത്. ആശ വർക്കേഴ്സിന്‍റെ ന്യായമായ ഈ ആവശ്യം അംഗീകരിച്ച് സമരം ഒത്തുതീർപ്പിലെത്തിക്കണമെന്ന് ബഹുമാനപ്പെട്ട മന്ത്രിയോട് അഭ്യർഥിക്കുന്നു.
നീളമളക്കാനാകില്ല, ഈ നിശ്വാസങ്ങൾക്ക്
ഒന്നാം ക്ലാസുകാരനായ മകന്‍റെ ജന്മദിനമായിരുന്നു ഫെബ്രുവരി 28ന്. ‘‘തനിക്ക് എന്തു സമ്മാനം വാങ്ങിത്തരു’’മെന്ന് മകൻ ചോദിച്ചപ്പോൾ ഉത്തരമില്ലാതെ കണ്ണുനിറഞ്ഞ് മുഖം മറയ്ക്കാൻ പാടുപെടുകയായിരുന്നു ഈ ആശ പ്രവർത്തക. വണ്ടിക്കൂലിക്ക് കടംവാങ്ങിയിറങ്ങുന്ന തനിക്ക് ജന്മദിന സമ്മാനത്തെക്കുറിച്ച് എന്ത് ഉറപ്പുകൊടുക്കാൻ. സമരത്തിനിറങ്ങുമ്പോൾ മൂന്നുമാസത്തെ ഓണറേറിയം കുടിശ്ശികയാണ്. അത് മിക്കപ്പോഴും അങ്ങനെതന്നെയാണ്. കുടിശ്ശിക കിട്ടാൻ രണ്ടും മൂന്നും മാസം കൂടുമ്പോൾ സമരം ചെയ്യേണ്ട ഗതികേടാണെന്നും ഇവർ പറയുന്നു.
പി.എസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിക്കുന്നതിന്‍റെ തലേന്ന് രാത്രി ഒമ്പതിനാണ് ആശ വർക്കർമാരുടെ രണ്ടു മാസത്തെ കുടിശ്ശിക അനുവദിച്ചത്. ചെയ്ത ജോലിക്ക് കൂലി ചോദിച്ചുള്ള സമരം കൺമുന്നിൽ തുടരുന്നതിനിടെ പി.എസ്.സി അംഗങ്ങൾക്കുള്ള വേതനം ലക്ഷങ്ങൾ വർധിപ്പിക്കുന്നത് അനൗചിത്യമായി തോന്നിയതുകൊണ്ടാകാം തിടുക്കപ്പെട്ട നടപടി. 2008ൽ പദ്ധതി തുടങ്ങുമ്പോൾ 300 രൂപയാണ് ആശ വർക്കർമാരുടെ വേതനം. പിന്നീട് നിരന്തര സമരങ്ങൾക്കൊടുവിൽ അഞ്ഞൂറും 1500ഉം 7000 രൂപയുമായി. സർക്കാർ മാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കുമ്പോഴാണ് ഈ 7000 രൂപ കിട്ടുക.
യോഗങ്ങളും റിപ്പോർട്ടുകളും ഗൃഹസന്ദർശനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമടക്കം ഉൾപ്പെടുന്നതാണ് ഈ 10 മാനദണ്ഡങ്ങൾ. ഏതെങ്കിലും ഒന്ന് വിട്ടുപോയാൽ 7000ൽനിന്ന് അത് കുറവുചെയ്യും. 7000 ഓണറേറിയവും പുറമെ ഇൻസന്‍റിവും ഉൾപ്പെടെ 13,000 വരെ ആശ പ്രവർത്തകർക്ക് കിട്ടുമെന്നാണ് സർക്കാറിന്‍റെ അവകാശവാദം. എന്നാൽ ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് ആശമാർ കണക്ക് നിരത്തി അടിവരയിടുന്നത്.
‘‘കൊതുകിനെ തുരത്താൻ വീടുകൾതോറും കയറിയിറങ്ങുന്നവരാണ് ഞങ്ങൾ, ഇപ്പോൾ കൊതുകിന് രക്തം കൊടുക്കാൻ നിരത്തിൽ കിടക്കുകയാണ്. ഈ സർക്കാറിന്റെ മനസ്സ് കല്ലാണോ... ഇവർക്ക് മനസ്സ് എന്നതൊന്നുമില്ലേ. 13,000 രൂപ കിട്ടുമെന്ന് ആരോഗ്യമന്ത്രി പറയുന്നു. പക്ഷേ ആർക്കാണ് ഇത് കിട്ടുന്നത്. പറയുന്നതിന് ഉളുപ്പ് വേണ്ടേ.’’ സമരപ്പന്തലിലെ ഒരമ്മ രോഷംകൊണ്ട് പൊട്ടിത്തെറിച്ചത് ഇങ്ങനെ.
തുച്ഛ കൂലി, ഭാരിച്ച ജോലി
പഞ്ചായത്തുകളുടെയും ആരോഗ്യവകുപ്പിന്റെയും ആരോഗ്യസംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും വിന്യസിക്കുന്നത് ആശമാരെയാണ്. ഗർഭിണികളുടെ ആരോഗ്യം, കുഞ്ഞിന്‍റെ പ്രതിരോധ കുത്തിവെപ്പുകൾ, കിടപ്പിലായ രോഗികളുടെ ക്ഷേമം, രോഗികളുടെ ആരോഗ്യ സേവനങ്ങൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ഉത്തരവാദിത്തങ്ങളുമായി പകൽ മുഴുവൻ വിയർത്തൊലിച്ച് ഓടുകയാണ് ആശമാർ. ജോലിസമയത്തിന് നിശ്ചിത മണിക്കൂർ കണക്കാക്കിയിട്ടുണ്ടെങ്കിലും എപ്പോഴും ഫീൽഡിൽ ഉണ്ടാകണമെന്നാണ് വ്യവസ്ഥ.
24 മണിക്കൂറും ആശ വർക്കർമാർ പ്രവർത്തനസജ്ജരായിരിക്കണം. പ്രത്യേകിച്ച് ഗർഭിണികൾക്കായുള്ള സേവനങ്ങൾക്കും മറ്റ് അടിയന്തര ആരോഗ്യ സേവനങ്ങളിലും. അതായത് വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകണം. ആരോഗ്യ കേന്ദ്രങ്ങളുടെ അവലോകന യോഗങ്ങൾ, ബോധവത്കരണ ക്യാമ്പുകൾ, പ്രതിരോധ യജ്ഞങ്ങൾ, വാക്സിനേഷനുകൾ തുടങ്ങി ജോലികളുടെ ബാഹുല്യം എണ്ണിത്തീർക്കാനാവില്ല.
ഇതിനു പുറമെ വാർഡിന്‍റെ സമ്പൂർണ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന വാർഡ് ആരോഗ്യ റിപ്പോർട്ട് തയാറാക്കൽ, ഉപകേന്ദ്രത്തിലെ അവലോകന യോഗം, പഞ്ചായത്ത് തലത്തിൽ അവലോകന യോഗം, ആർദ്രം മിഷന്റെ ഡ്യൂട്ടി, പ്രതിരോധ കുത്തിവെപ്പുകൾ, പാലിയേറ്റിവ് കെയർ സംഘത്തിന്‍റെ കൂടെയുള്ള ഗൃഹസന്ദർശനം, സ്ത്രീകൾക്ക് അംഗൻവാടിയിൽ ബോധവത്കരണ ക്ലാസ് തുടങ്ങി മറ്റു ജോലികളും നിരവധി.
മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക, പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക, ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക എന്നിങ്ങനെ 43 വ്യത്യസ്ത ചുമതലകൾ ഒരു ആശ വർക്കറിന്റേതായിട്ടുണ്ട്. നിവേദനങ്ങളും പ്രകടനങ്ങളുമടക്കം അസംഖ്യം സമരരൂപങ്ങൾ കൈക്കൊണ്ടിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് നടയിൽ ഫെബ്രുവരി 10ന് രാപ്പകൽ സമരം ആരംഭിച്ചത്.
ആയിരങ്ങൾ പങ്കെടുത്ത കുടുംബസംഗമവും മഹാസംഗമവും പിന്നീട് നിയമസഭാ മാർച്ചുമടക്കം നടത്തി. സെക്രേട്ടറിയറ്റിനു മുന്നിലുള്ള സമരകേന്ദ്രത്തിൽ പിന്തുണയുമായി സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ളവർ ഒഴുകിയെത്തുകയാണ്. സാംസ്കാരിക നായകരടക്കം സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നു.

സമരം പൊളിക്കാൻ പതിനെട്ടടവും
സമരത്തെ എങ്ങനെയെല്ലാം തകർക്കാനാകുമോ അതെല്ലാം പയറ്റുകയാണ് സി.പി.എമ്മും സർക്കാറും. സി.ഐ.ടി.യു സംഘടനയെക്കൊണ്ട് ബദൽസമരം നടത്തിച്ചും ആക്ഷേപിച്ചും വ്യക്തിപരമായി അധിക്ഷേപിച്ചുമെല്ലാം സമരത്തിന് എതിരെ ഊരിപ്പിടിച്ച വാളുമായി ഭരണകക്ഷി എഴുന്നേറ്റു നിൽക്കുകയാണ്. ‘‘കേരളത്തിലെ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനു മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിനു പിന്നിലെന്നും ആ പാർട്ടിയുടെ നേതാവ് മിനി സാംക്രമികരോഗം പരത്തുന്ന കീടമാണെ’’ന്നുമായിരുന്നു ഒരു സി.ഐ.ടി.യു നേതാവിന്‍റെ പരാമർശം.
സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരംചെയ്യുന്നവര്‍ക്ക് ഹരമായെന്നുമാണ് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ആരോപിച്ചത്. സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നായിരുന്നു ആശമാരുടെ സമരപ്പന്തലിനരികെ ഏജീസ് ഓഫിസിലേക്ക് സി.ഐ.ടി.യു നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എസ്. സുജാതയുടെ ആരോപണം. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നായിരുന്നു മറ്റൊരു നേതാവിന്‍റെ ഭീഷണി. പ്രക്ഷോഭം പൊതുസമൂഹത്തിൽ ചലനം സൃഷ്ടിച്ചതോടെയാണ് അധികാരികൾക്ക് വിറളി പിടിച്ചതും സമരത്തിനെതിരെ വാളെടുത്തതും.
ആശ വർക്കർമാർ തങ്ങളുടെ ജോലിയിലേക്ക് തിരിച്ചെത്തണമെന്നും അല്ലാത്തപക്ഷം മറ്റ് ആശമാരെ ഇവിടങ്ങളിൽ നിയോഗിക്കുമെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 25ന് എൻ.എച്ച്.എം മിഷൻ ഡയറക്ടർ ഇറക്കിയ ഭീഷണി സർക്കുലറാണ് ഇതിലൊന്ന്. സമരം പുരോഗമിക്കുന്നതിനിടെ എൻ.എച്ച്.എമ്മിന്റെ നേതൃത്വത്തിൽ പുതിയ ഹെൽത്ത് വളന്റിയർമാരെ കണ്ടെത്താനാണ് അടുത്ത നീക്കം. ആദ്യഘട്ടത്തിൽ 1500 ഹെൽത്ത് വളന്റിയേഴ്സിന് പരിശീലനം നൽകുമെന്ന് കാട്ടി എൻ.എച്ച്.എം ഡയറക്ടർ സർക്കുലർ ഇറക്കി. 50 പേരുള്ള 30 ബാച്ചുകൾക്ക് പരിശീലനം നൽകാനാണ് തീരുമാനം.
ഇതിനായി 11 ലക്ഷം രൂപയും എൻ.എച്ച്.എം അനുവദിച്ചിട്ടുണ്ട്. ഈ ഭീഷണി സർക്കുലറുകൾക്കും സമരവീര്യം കെടുത്താനായില്ലെന്നാണ് സെക്രേട്ടറിയറ്റിന് മുന്നിലെ സാഹചര്യങ്ങൾ അടിവരയിടുന്നത്. പൊലീസിനെ ഉപേയാഗിച്ചാണ് അടുത്ത നീക്കം. സമരത്തിൽ പിന്തുണയർപ്പിച്ച് എത്തിയവർക്കെല്ലാം നോട്ടീസ് നൽകി. മാത്രമല്ല, ആശ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു. അതും പുലർച്ചെ മൂന്നിന്. ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണര്‍ത്തി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നുവെന്ന് ആശ വര്‍ക്കര്‍മാർ ചോദിച്ചെങ്കിലും പൊലീസ് പിന്മാറിയില്ല, ഒടുവിൽ അഴിച്ചുമാറ്റേണ്ടിവന്നു.
സമരം തെറ്റിദ്ധാരണമൂലമെന്ന് ആരോഗ്യ മന്ത്രി
ആശ വർക്കർമാരുടെ സമരത്തിൽ സർക്കാറിന് കടുംപിടിത്തമില്ലെന്നും എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടാണ് അവർ സമരത്തിനിറങ്ങിയിരിക്കുന്നതെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നിലപാട്. ആശ സ്കീം കേന്ദ്രസർക്കാർ പദ്ധതിയാണ്. എന്നാൽ വേതനം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് ചിലർ ആശമാരെ ധരിപ്പിച്ചിരിക്കുകയാണ്. സമരത്തിന്‍റെ കാര്യത്തിൽ സർക്കാറിനു കടുംപിടിത്തമില്ല. അവരോട് അനുഭാവപൂർണമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ ആനുകൂല്യം നൽകണമെന്ന് തന്നെയാണ് സർക്കാർ നിലപാട്.
പക്ഷേ, ഇതിന് സംസ്ഥാന സർക്കാറിനെക്കൊണ്ടു മാത്രം കഴിയില്ല. കേന്ദ്ര സർക്കാറാണ് ഫണ്ട് അനുവദിക്കേണ്ടത്. എന്നാൽ, ആശ പ്രവർത്തകരെ തൊഴിലാളികളായിപോലും കേന്ദ്രം പരിഗണിക്കുന്നില്ല. അവരെ ആക്ടിവിസ്റ്റുകളായാണ് കേന്ദ്ര പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആശമാരുടെ വേതന കാര്യത്തിൽ ഉചിതമായ തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. ഇക്കാര്യം കേന്ദ്ര സർക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2023- 24 സാമ്പത്തിക വർഷം ഇൻെസന്റിവ് ഇനത്തിൽ കേന്ദ്ര സർക്കാർ നൽകേണ്ട 100 കോടി കുടിശ്ശികയാണെന്ന് മന്ത്രി വീണ ജോർജ് പറയുന്നു.
26,125 ആശ പ്രവർത്തകരാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി വീണ ജോർജ്. ഇതിൽ ഏഴു ശതമാനത്തിൽ താഴെയാണ് സമരം ചെയ്യുന്നവർ. മുൻ ദിവസം 2000 പേരായിരുന്ന സമരക്കാർ കഴിഞ്ഞദിവസം 1800 ആയി ചുരുങ്ങി. കാസർകോട്ട് 52 സമരം ചെയ്തിരുന്നവരിൽ വ്യാഴാഴ്ച ഒരാൾപോലും എത്തിയിട്ടില്ല.
നിലവിലെ ഓണറേറിയമായ 7000 രൂപ 21,000 രൂപയാക്കി വർധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പിരിഞ്ഞുപോകുമ്പോൾ 5 ലക്ഷം രൂപ നൽകണമെന്നതാണ് മറ്റൊന്ന്. മറ്റ് പല സംസ്ഥാനങ്ങളിലും വളരെ കുറഞ്ഞ നിരക്കാണ്. കർണാടകയിൽ 5000വും ബിഹാറിൽ 1000വും പഞ്ചാബിൽ 2500ഉം അരുണാചൽപ്രദേശിൽ 1000വുമാണ് ഓണറേറിയമെന്നും ആരോഗ്യമന്ത്രി പറയുന്നു.