ചരിത്രത്തിൽ, വിശ്വാസത്തിൽ യേശുവും ക്രിസ്തുവും രണ്ട് വ്യക്തിത്വങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടോ? -ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു
ഞാൻ സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്താണ് മലയാള സാഹിത്യരംഗത്ത് ആധുനികത എന്ന പ്രസ്ഥാനസ്വഭാവമുള്ള തരംഗം ഉണ്ടാകുന്നത്. കവിതയിലും കഥയിലും ചലച്ചിത്രകലയിലും ചിത്രകലയിലും എല്ലാം. അത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ ചലനങ്ങളുടെ തുടർചലനമാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്. അന്നു കാക്കനാടൻ എന്ന പേര്...
Your Subscription Supports Independent Journalism
View Plansഞാൻ സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്താണ് മലയാള സാഹിത്യരംഗത്ത് ആധുനികത എന്ന പ്രസ്ഥാനസ്വഭാവമുള്ള തരംഗം ഉണ്ടാകുന്നത്. കവിതയിലും കഥയിലും ചലച്ചിത്രകലയിലും ചിത്രകലയിലും എല്ലാം. അത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ ചലനങ്ങളുടെ തുടർചലനമാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്.
അന്നു കാക്കനാടൻ എന്ന പേര് ആധുനികതയുടെ പര്യായമായിരുന്നു. ആധുനികത എന്നു പറയുമ്പോൾ മനസ്സിലുണരുന്ന എല്ലാ ഭാവങ്ങളുടെയും ആകത്തുകയായിരുന്നു ഞങ്ങൾക്ക് കാക്കനാടൻ.
അദ്ദേഹത്തിന്റെ കഥകൾ അന്നുവരെ മലയാളി പരിചയിച്ച കഥകളിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. മലയാളിയുടെ വിചാരരീതിയെയും ഭാവനാരീതിയെയും ഒക്കെ വെല്ലുവിളിക്കുന്ന, മലയാളിയുടെ മൂല്യബോധത്തെയും സദാചാരബോധത്തെയും വെല്ലുവിളിക്കുന്ന, മലയാളിയുടെ പലതരത്തിലുള്ള ആത്മവഞ്ചനകളെ തുറന്നുകാട്ടുന്ന ഒന്നായിരുന്നു കാക്കനാടന്റെ സാഹിത്യം. അദ്ദേഹത്തിന്റെ അന്നത്തെ കഥകൾ മലയാളികളുടെ ഭാവുകത്വത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ആ രചനകൾ അന്നത്തെ വലിയഎഴുത്തുകാരെ സാമാന്യത്തിലധികം പ്രകോപിപ്പിക്കുകയുണ്ടായി. അവരുടെ പ്രതിനിധിയായി പി. കേശവദേവ്, അന്ന് കാക്കനാടൻ അടക്കമുള്ള ആധുനിക കഥാകൃത്തുക്കളെ രൂക്ഷമായ ഭാഷയിൽ എതിർക്കുകയുംചെയ്തു. പുരോഗമന സാഹിത്യപ്രസ്ഥാനമടക്കം പരമ്പരാഗത സാഹിത്യധാരകളുടെ മുഴുവൻ എതിർപ്പു നേരിട്ടുകൊണ്ട്, അവയെയൊക്കെ പ്രകോപിപ്പിച്ചുകൊണ്ടാണ് കാക്കനാടൻകഥകൾ എഴുതിയത്. ആ കഥകൾ വായിക്കാൻ ആർത്തിയോടെ കാത്തിരുന്ന ഒരു തലമുറയുടെ പ്രതിനിധിയാണു ഞാൻ.
ഇപ്പോൾ കാക്കനാടൻ പുരസ്കാരം നേടിയിരിക്കുന്ന ജോസ് ടി. തോമസിന്റെ 'കുരിശും യുദ്ധവും സമാധാനവും' എന്ന കൃതിയുമായി കാക്കനാടന്റെ ജീവിതത്തിനു വളരെ അടുത്ത ബന്ധമുണ്ട്. അത് രണ്ടും ഇടകലർത്തി ഞാൻ പറയുകയാണ്. ജോസ് ടിയുടെ പുസ്തകം എന്താണ് എന്ന് ഒറ്റവാക്കിൽ പറയണമെങ്കിൽ ആ ഒറ്റവാക്ക് സ്നേഹം എന്നാണ്. അതാണാ പുസ്തകത്തിന്റെ രത്നച്ചുരുക്കം. അതിനൊരു വിശേഷണം വേണമെങ്കിൽ നിരുപാധികമായ സ്നേഹം എന്നു ചേർക്കുക. അതിനു വേറെയും വിശേഷണം വേണമെങ്കിൽ കരുണാപൂർണമായ എന്നും ആർദ്രമായ എന്നും രണ്ടു വിശേഷണംകൂടി ആവാം. കരുണാർദ്രമായ നിരുപാധിക സ്നേഹം ജീവിതശൈലിയാക്കി മാറ്റിയ ആളാണു കാക്കനാടൻ. അദ്ദേഹത്തിനു ശത്രുക്കൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മതം സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടി സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം, ജീവിതം എല്ലാം സ്നേഹത്തിന്റെ പ്രകാശനമായിരുന്നു. കാക്കനാടനെക്കുറിച്ച് സർവകലാശാലകൾ പിഎച്ച്.ഡി നൽകിയ പ്രബന്ധങ്ങൾ വായിച്ചുള്ള അറിവല്ല എനിക്കുള്ളത്. കാക്കനാടനെ നേരിട്ടു പരിചയമുണ്ടായിരുന്ന ഒരാൾ എന്ന നിലയിലാണു ഞാൻ പറയുന്നത്. യേശു ശിഷ്യന്മാരോട് പറയുന്നുണ്ട്, അങ്ങാടിയിൽ വന്ദനവും അത്താഴത്തിൽ മുഖ്യസ്ഥാനവും റബ്ബി എന്ന വിളിയും നിങ്ങൾ ആഗ്രഹിക്കരുത് എന്ന്. അക്കാദമികളിൽ മുഖ്യസ്ഥാനം, സർവകലാശാലകളിൽ വന്ദനം, ആചാര്യൻ എന്ന വിളി -മൂന്നും ആഗ്രഹിക്കാത്ത അപൂർവം എഴുത്തുകാരിൽ ഒരാളായിരുന്നു കാക്കനാടൻ. വീടിന്റെ വാതിലുകൾ തന്റെ ഹൃദയത്തിന്റെ വാതിലുകൾ പോലെ തന്നെ തുറന്നിട്ട ഒരു ജീവിതമായിരുന്നു കാക്കനാടൻ.
ഞാൻ വിദ്യാർഥിയായിരുന്ന കാലത്ത് തമിഴ്നാട്ടിൽ പല സ്ഥലത്തും അലഞ്ഞുതിരിഞ്ഞ് മധുരവഴി ചെങ്കോട്ടവഴി ഒരു പാതിരാക്ക് കൊല്ലത്ത് തേവള്ളിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. എല്ലാവരും കിടന്നുകഴിഞ്ഞു. ഇറയത്ത് തിണ്ണയിൽ കിടന്ന് ഉറങ്ങാം, രാവിലെ എഴുന്നേൽക്കാം എന്ന് ഞാൻ വിചാരിച്ചു.വാതിൽ അടച്ചിട്ടില്ലെന്നു തോന്നി. തൊട്ടുനോക്കിയപ്പോൾ വാതിൽ തുറന്നു. അപ്പോൾ അകത്തുനിന്ന് കാക്കനാടന്റെ ഭാര്യ അമ്മിണി ചേച്ചി, ''ആരാ'' എന്ന് വിളിച്ചുചോദിച്ചു. ഞാൻ പേരു പറഞ്ഞു. അമ്മിണി ചേച്ചി ചോദിച്ചു: ''നീ വല്ലതും കഴിച്ചോ?'' ഞാൻ പറഞ്ഞു: ''ഇല്ല.''
അമ്മിണിച്ചേച്ചി പറഞ്ഞു: ''മേശപ്പുറത്തു വിളമ്പിവെച്ചിട്ടുണ്ട്. കഴിച്ചിട്ടു കിടന്നോ. ഞങ്ങൾ ഇപ്പോൾ കിടന്നതേയുള്ളൂ.''
വിശന്നു തളർന്ന് കൊല്ലത്തുനിന്ന് നടന്നുവന്ന ഞാൻ ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേദിവസം ഞാൻ അമ്മിണിച്ചേച്ചിയോട് ചോദിച്ചു: ''ഞാനീ പാതിരായ്ക്ക് വിശന്നുവരുമെന്ന് അമ്മിണിച്ചേച്ചി എങ്ങനെ അറിഞ്ഞു?''
അവർ പറഞ്ഞു: ''നീയല്ലെങ്കിൽ വേറെ ആരെങ്കിലും വരുമല്ലോ. അതുകൊണ്ട് വിളമ്പിവെച്ചതാണ്.''
ഞാൻ പറഞ്ഞു: ''വാതിൽ അടച്ചിട്ടില്ലായിരുന്നു.''
അമ്മിണിച്ചേച്ചി ചിരിച്ചു: ''ഇവിടെ എല്ലാ കള്ളന്മാർക്കും അറിയാം, ഇതു ബേബിച്ചായന്റെ വീടാണെന്ന്. ഇവിടെ ഒന്നും ഇല്ലയെന്ന്. വാതിലടയ്ക്കേണ്ട കാര്യമില്ല.''
അതാണു ഞാൻ പറഞ്ഞത്, ഹൃദയത്തിന്റെ വാതിലുകൾപോലെ സ്വന്തം വീടിന്റെ വാതിലുകളും തുറന്നിട്ടു ജീവിച്ച ഒരു മനുഷ്യനായിരുന്നു കാക്കനാടൻ.
ഒരു ശത്രുവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു ശത്രുതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തെ ആരും ഒരു ശത്രുവായി കരുതിയതായി അറിയില്ല. മറ്റ് എഴുത്തുകാരെപ്പോലെ സുരക്ഷിതമായി ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്ന ഒരു മനുഷ്യൻ. ആ മനുഷ്യനാണ് ഈ സാഹിത്യം എന്ന ഒരൊറ്റ നക്ഷത്രത്തെ പിന്തുടർന്ന് നിസ്വനായി ജീവിച്ചു മരിച്ചത്. കസന്ത് സാക്കിസിന്റെ 'ഗോഡ്സ് പാപ്പർ' എന്ന കൃതിയിൽ ഫ്രാൻസിസ് അസ്സീസിയോടു ബിഷപ്പ് ഏതാണ്ടിങ്ങനെ പറയുന്നുണ്ട്: ''സമ്പൂർണമായ ദാരിദ്ര്യം ആദർശമായി പ്രചരിപ്പിക്കരുത്. എന്തെങ്കിലുമൊക്കെ വേണം മനുഷ്യനു ജീവിക്കാൻ. വലിയ സമ്പന്നനൊന്നും ആകണ്ട. പക്ഷേ കുറച്ചുവേണം. സ്വർഗരാജ്യത്തിന്റെ പേരിൽ അതും കൈവിട്ടു വരാൻ ആളുകളെ പ്രേരിപ്പിക്കരുത്.'' അപ്പോൾ ഫ്രാൻസിസ് പരിപൂർണ വിശ്വാസത്തോടെ പറഞ്ഞു: ''ഒരു പഞ്ഞിനാരെങ്കിലും സ്വന്തമായുള്ളവൻ സ്വർഗത്തിൽ പോകുകയില്ല.'' കോപാക്രാന്തനായി ബിഷപ്പ് അലറി. കടന്നുപോകാൻ പറഞ്ഞു ഫ്രാൻസിസിനോട്.
അങ്ങനെ, ഒരുപഞ്ഞിനാരുപോലും സ്വന്തമായി ഇല്ലാതെ സ്വർഗസ്ഥനായവനാണു കാക്കനാടൻ. അദ്ദേഹം മതവിശ്വാസിയായിരുന്നില്ല. പക്ഷേ യേശുവിന്റെ പ്രബോധനത്തിന്റെ ചൈതന്യം അദ്ദേഹം ഏതോ തരത്തിൽ ഉൾക്കൊണ്ടിരുന്നു. നിരുപാധികമായ സ്നേഹം, ജീവിതത്തിൽ ആചരിച്ച് ജീവിച്ചു മരിച്ച ഒരാളെ നേരിട്ടു പരിചയപ്പെടാനായത് ഭാഗ്യമായി ഞാൻ കരുതുന്നു.
ജോസ് ടി. തോമസിന്റെ 'കുരിശും യുദ്ധവും സമാധാനവും' കാക്കനാടന്റെ ജീവിതത്തിന്റെ സാരാംശമായ നിരുപാധികസ്നേഹത്തെ ഉയർത്തിപ്പിടിക്കുന്ന, ലോകത്തിന്റെ ഏകപ്രതീക്ഷയായി ആ സ്നേഹത്തെ മുന്നോട്ടുവെക്കുന്ന, ലോകം ആ സ്നേഹത്തിൽ എത്തിച്ചേരും എന്ന് പ്രത്യാശിക്കുന്ന ഒരു പുസ്തകമാണ്. ഈ പുസ്തകം വായിച്ചപ്പോൾ ആദ്യമായി എനിക്ക് ഓർമ വന്നത് ദസ്തയേവ്സ്കിയുടെ 'ഇഡിയറ്റ്' എന്ന നോവലിലെ ഒരു ഭാഗമാണ്. നോവലിന്റെ നാലാം ഭാഗത്തിലെ ഏഴാം അധ്യായത്തിൽ നായകനായ പ്രിൻസ് മൈഷ്കിൻ പറയുന്ന ചില കാര്യങ്ങൾ. യേശുവിനെപ്പോലെ വിശുദ്ധനായ ഒരു കഥാപാത്രത്തെ സൃഷ്ടിക്കണം എന്ന ആഗ്രഹത്തോടെ ദസ്തയേവ്സ്കി സൃഷ്ടിച്ചതാണ് പ്രിൻസ് മൈഷ്കിനെ.
പ്രിൻസ് പറയുന്നത് റോമൻ കത്തോലിക്കാ സഭയെക്കുറിച്ചാണ്: ''Roman Catholicism is, in my opinion, worse than Atheism itself. Yes- that is my opinion. Atheism only preaches a negation, but Romanism goes further; it preaches a disfigured, distorted Christ- it preaches Anti-Christ-I assure you, I swear it! This is my own personal conviction, and it has long distressed me. The Roman Catholic believes that the Church on earth cannot stand without universal temporal Power. He cries 'non possumus!' In my opinion, the Roman Catholic religion is not a faith at all, but simply a continuation of the Roman Empire, and everything is subordinated to this idea- beginning with faith. The Pope has seized territories and an earthly throne, and has held them with the sword. And so the thing has gone on, only that to the sword they have added lying, intrigue, deceit, fanaticism, superstition, swindling; -they have played fast and loose with the most sacred and sincere feelings of men;- they have exchanged everything- everything for money, for base earthly POWER! And is this not the teaching of Anti-Christ? How could the upshot of all this be other than Atheism? Atheism is the child of Roman Catholicism- it proceeded from these Romans themselves, though perhaps they would not believe it. It grew and fattened on hatred of its parents; it is the progeny of their lies and spiritual feebleness.''
ഇത് റോമൻ കത്തോലിസിസത്തിനു മാത്രം ബാധകമായ ഒരു വസ്തുതയല്ല. ഏതു മതസംഘടന അധികാരത്തെയും സമ്പത്തിനെയും ലക്ഷ്യമാക്കുന്നുവോ, ആ നിമിഷം മുതൽ ആ മതം മതമല്ല, അതൊരു രാഷ്ട്രീയ പാർട്ടിയാണ്. മതത്തിന്റെ ലക്ഷ്യം ഭൗതികമായ അധികാരമാവുമ്പോൾ അത് രാഷ്ട്രീയപ്രസ്ഥാനമാവുന്നു. ദസ്തയേവ്സ്കി വീണ്ടും പറയുന്നു: ''പോപ്പ് ഭൂപ്രദേശങ്ങളെ കൈയടക്കുകയും ലോകത്തിന്റെ ഭൗതിക രാഷ്ട്രീയഅധികാര സിംഹാസനം നേടുകയും വാളുകൊണ്ട് അതു നിലനിർത്തുകയും ചെയ്തു.'' അതുകൊണ്ട് കിഴക്കിന്റെ ക്രിസ്തുവാണ് യഥാർഥ ക്രിസ്തു. റോമൻ കത്തോലിസിസത്തിന്റെ ക്രിസ്തു അന്തിക്രിസ്തുവാണെന്ന് ദസ്തയേവ്സ്കി പ്രഖ്യാപിച്ചു.
ഇന്ത്യയിലടക്കം എങ്ങും മതം രാഷ്ട്രീയ അധികാരം നേടാനുള്ള മാർഗമായി ഉപയോഗിക്കപ്പെടുന്നു. അത് റോമൻ കത്തോലിക്കാ സഭക്ക് മാത്രം ബാധകമായൊരു വിമർശനമല്ല. ദസ്തയേവ്സ്കിക്ക് അറിയാമായിരുന്നത് ആ മതമാണ്, അതുകൊണ്ട് അങ്ങനെ പറഞ്ഞു. ഇത് എല്ലാ മതങ്ങൾക്കും ബാധകമായ കാര്യമാണ്. ഹിന്ദുമതത്തെ സംബന്ധിച്ചും ഇസ്ലാം മതത്തെ സംബന്ധിച്ചും ബുദ്ധമതത്തെക്കുറിച്ചുമൊക്കെ പറയാവുന്ന കാര്യം.
'മഹാനായ അശോകൻ' എന്നാണല്ലോ പറയുക. ബി.സി മൂന്നാം നൂറ്റാണ്ടിലെ അശോകനാണ് ലോകത്തിൽ ആദ്യമായിട്ട് ഒരുപക്ഷേ ഒരു മതത്തെ രാഷ്ട്രമതമാക്കി പ്രഖ്യാപിച്ചത്.
യുദ്ധാനന്തരം അശോകന് പശ്ചാത്താപമുണ്ടായി എന്നൊക്കെ പറയുന്നു. ഞാനും അതു കുട്ടിക്കാലത്തു വിശ്വസിച്ചിരുന്നു. പക്ഷേ, വേറൊരു രീതിയിൽ ചിന്തിക്കാനുള്ള മനോഭാവം ഉണ്ടായപ്പോൾ ഞാൻ ഇങ്ങനെ ആലോചിച്ചു: അശോകൻ അദ്ദേഹത്തിന്റെ യുദ്ധങ്ങളിൽ അന്തിമമായ വിജയം നേടിക്കഴിഞ്ഞപ്പോൾ പിന്നെ ആവശ്യം രണ്ടു കാര്യങ്ങളാണ്. ഒന്ന് ആ സാമ്രാജ്യം നിലനിർത്തുക, രണ്ട് അതു വളർത്തുക. അശോകൻ യുദ്ധം ജയിക്കും മുമ്പും ബുദ്ധമതം ഇന്ത്യയിലുണ്ട്. പക്ഷേ, യുദ്ധവിജയം നേടിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനു ബുദ്ധനെയും ബുദ്ധന്റെ കാരുണ്യത്തെയും ആവശ്യമായി വന്നത്. കാരണം യുദ്ധത്തിൽ നേടിയ വിജയം നിലനിർത്തണമെങ്കിൽ പിന്നെ സമാധാനമാണ് ആവശ്യം. അതിന് അനുയോജ്യമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ബുദ്ധദർശനത്തിൽ അശോകൻ കണ്ടെത്തി. അശോകൻ വേറൊരു കാര്യംകൂടി മനസ്സിലാക്കി. ഈ പ്രത്യയശാസ്ത്രംകൊണ്ടു മറ്റു ജനതകളെ ആദ്യം സാംസ്കാരികമായി കീഴടക്കിക്കഴിഞ്ഞാൽ പിന്നീട് ആ ജനതകളെ അധികം വിഭവനാശവും കൂട്ടക്കൊലകളും ഒന്നും ഇല്ലാതെ കീഴടക്കുക എളുപ്പമാണ്.
അങ്ങനെ മിഷനറി പ്രവർത്തനത്തിനു മക്കളെയടക്കം ആളുകളെ അയച്ചു. അങ്ങനെ ശ്രീലങ്കവരെയുള്ള സ്ഥലങ്ങളിൽ മിഷനറി പ്രവർത്തനം നടന്നു. സെൻട്രൽ ഏഷ്യ വരെ ബുദ്ധമതം വ്യാപിച്ചു. പിന്നീട് കോൺസ്റ്റന്റൈൻ പകർത്തിയത് ഈ രീതിയാണ്. റോമൻ കത്തോലിക്കാ സഭയുടെ ഘടനവരെ അശോകന്റെ സ്പോൺസർഷിപ്പിൽ ഉണ്ടായ ബുദ്ധമതത്തിന്റെ ഘടനയാണ്. വൈദിക ബ്രഹ്മചര്യം, കന്യാലയം, മിഷൻ ആശുപത്രി, ധർമാശുപത്രി, പള്ളിക്കൂടങ്ങൾ... അങ്ങനെ ബുദ്ധമതത്തിന്റെ പ്രചാരത്തിനുവേണ്ടി അശോകൻ നടത്തിയ കാര്യങ്ങളെല്ലാം ക്രിസ്തുമതം അനുകരിച്ചിട്ടുണ്ട്. അങ്ങനെ അശോകനാണ് ആദ്യം രാഷ്ട്രമതമായിട്ട് ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കുന്നത്.അശോകന്റെ കാലം മുതലെങ്കിലും ഇതുപോലെ മതം രാഷ്ട്രീയ അധികാരം നേടാനും നിലനിർത്താനുമുള്ള മാർഗമായി.
കൊളംബസിന്റെ പിന്തുടർച്ചയായ ഹെർണാൻ കോർട്ടസും ബൽബോവയുമൊക്കെ പതിനാറാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ ചെന്നിറങ്ങുമ്പോൾ അധിനിവേശത്തിന്റെയും കൂട്ടക്കൊലയുടെയും ഒക്കെ ന്യായീകരണമായി പറയുന്നത് ക്രിസ്തുമതത്തെയാണ്. ആ കൂട്ടക്കൊലകൾക്കു മുഴുവൻ ന്യായീകരണമായിട്ടു പ്രവർത്തിച്ചത് സഭയും സഭയുടെ ആധാരമായ ബൈബിളും ഒക്കെത്തന്നെയാണ്. ബുദ്ധമതക്കാർ ശ്രീലങ്കയിലാകട്ടെ ബർമയിലാകട്ടെ എത്രത്തോളം അക്രമാസക്തരാണ്. ഒരു അഹിംസയുമില്ല, ഒരു കരുണയുമില്ല. സഞ്ചിയിൽ ബോംബുമായി നടക്കുന്ന ബുദ്ധഭിക്ഷു ഇന്നത്തെ ബുദ്ധമതത്തിന്റെ പ്രതീകമാണ്. ഇസ്ലാം മത രാഷ്ട്രങ്ങളിലും ഇസ്ലാമിക രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മതവും രാഷ്ട്രീയവും ഭിന്നമല്ല.
ഹിന്ദുമതം യുദ്ധമല്ലാതെ തന്നെ ജാതിവ്യവസ്ഥയെന്ന ഹിംസ ആചരിക്കുന്ന മതംകൂടിയാണ്. ചൂഷണം ഹിംസയാണ്. എല്ലാ ചൂഷണവ്യവസ്ഥകളും ജനിച്ചുകഴിഞ്ഞ മനുഷ്യനെയാണ് ചൂഷണം ചെയ്യുന്നത്. ജാതിവ്യവസ്ഥ എന്ന ചൂഷണവ്യവസ്ഥ പതിനായിരം വർഷം കഴിഞ്ഞു ജനിക്കാനിരിക്കുന്ന മനുഷ്യനെക്കൂടി ചൂഷണം ചെയ്യുന്ന വ്യവസ്ഥയാണ്.
അങ്ങനെ ദസ്തയേവ്സ്കി റോമൻ കാത്തലിക്സിനെതിരെ പറഞ്ഞ വാദങ്ങൾ, അതായത് റോമൻ കാത്തലിക്സിന്റെ ലക്ഷ്യം ഭൗതികമായ അധികാരമാണ് എന്ന വസ്തുത, ജോസിന്റെ പുസ്തകം വായിച്ചപ്പോൾ ഓർക്കാൻ കാരണം, ഈ പുസ്തകം രണ്ടു സമവാക്യങ്ങൾ മുന്നോട്ടുവെക്കുന്നു എന്നതാണ്. അതിലൊന്ന് യേശു = കാരുണ്യം, ആർദ്രത, നിരുപാധികമായ സ്നേഹം. മറ്റേത്, ക്രിസ്തു= അധികാരം, സമ്പത്ത്, സ്ഥാപനം. ഈ സമവാക്യങ്ങളെ വിശദമാക്കാനാവശ്യമായ തത്ത്വശാസ്ത്രപരവും ചരിത്രപരവും ദൈവശാസ്ത്രപരവുമായ വസ്തുതകളും യുക്തിയുമാണ് അദ്ദേഹം പുസ്തകത്തിൽ ഉടനീളം അനാവരണം ചെയ്യുന്നത്. അധികാരത്തിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സമ്പത്തിൽനിന്നും ഇവയെല്ലാം സാധ്യമാക്കുന്ന മനുഷ്യന്റെ വ്യാമോഹങ്ങളിൽനിന്നും അവൻ മോചനം നേടി കാരുണ്യത്തിന്റെയും ആർദ്രതയുടെയും നിരുപാധികമായ സ്നേഹത്തിന്റെയും ഒരുമയുടെയും ഒരു ലോകത്തിലേക്ക് എത്തുമെന്നാണ് ജോസ് ടിയുടെ ശുഭാപ്തിവിശ്വാസം. ഞാനെന്തായാലും ആ ശുഭാപ്തിവിശ്വാസം ഒരിക്കലും പങ്കിടുകയില്ല. കാരണം, എനിക്കു പ്രിയപ്പെട്ട ഒരു ഉദ്ധരണിയുണ്ട്. ''ദ ഗ്രേറ്റ്നസ് ഓഫ് മാൻ ഈസ് ദാറ്റ് നോബഡി ആൻഡ് നതിങ് കാൻ സേവ് ഹിം.'' മനുഷ്യന്റെ മഹത്ത്വം അവനെ രക്ഷിക്കാൻ ആർക്കും ഒന്നിനും കഴിയില്ല എന്നതാണ്. ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അതിനു കടകവിരുദ്ധമായ ഒരു വലിയ പ്രത്യാശയിലാണ് ജോസ് ടി തന്റെ പുസ്തകം സാക്ഷാത്കരിച്ചിരിക്കുന്നത്. അതു മാത്രമല്ല, പുസ്തകത്തിന്റെ പ്രാധാന്യം. താൻ ജനിച്ചുവളർന്ന രാജ്യത്തിന്റെ, സമൂഹത്തിന്റെ പാരമ്പര്യത്തിലെ പ്രമുഖമായ ഒരു തത്ത്വചിന്താപദ്ധതിയെ യേശുവിലുള്ള വിശ്വാസവുമായി സമന്വയിക്കാനുള്ള ശ്രമം സഫലമായി ചെയ്തിരിക്കുന്നു എന്നതാണ്. അദ്വൈതദർശനത്തിന്റെ അടിസ്ഥാനയുക്തിയെ യേശുവിന്റെ ജീവിതവുമായി, അദ്ദേഹത്തിന്റെ ദർശനവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണു പ്രധാനപ്പെട്ട കാര്യം. പാശ്ചാത്യ ചിന്തകർക്കു സാധിക്കാത്ത ഒരു കാര്യം അവർ ഗ്രീക് തത്ത്വചിന്തയുടെ അടിസ്ഥാനമായ ട്രഡീഷനൽ ലോജിക്കിൽ പ്രവർത്തിക്കുന്നവരാണ്. ക്രൈസ്തവ സഭകളും ഇതേ യുക്തിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നവരാണ്. പക്ഷേ, ജോസ് ടി മുന്നോട്ടുവെക്കുന്ന യുക്തി അദ്വൈതയുക്തിയാണ്. കുറച്ചുകൂടി ലളിതമായി പറയാം. അതായത് ദൈവവും മനുഷ്യനും തമ്മിൽ, മൂന്നുതരം ബന്ധങ്ങളാണു സാധ്യമാകുന്നത്. ഒന്ന്, വേർപെടുത്താൻ കഴിയാത്ത ബന്ധം. വ്യത്യാസമില്ലാത്ത ബന്ധം, അദ്വൈതമായ ബന്ധം, രണ്ട്, ദൈവവും മനുഷ്യനും തമ്മിൽ ചില കാര്യങ്ങളിൽ ഭിന്നതയും ചില കാര്യങ്ങളിൽ അഭിന്നതയുമുള്ള ബന്ധം. മൂന്നാമതൊന്ന്, ദൈവവും മനുഷ്യനും തമ്മിൽ പൂർണമായും ഭിന്നതയുള്ള ബന്ധം. അങ്ങനെ അഭിന്നം, ഭിന്നാഭിന്നം, ഭിന്നം ഇങ്ങനെ മൂന്നുതരത്തിലുള്ള ബന്ധങ്ങൾ മാത്രമേ സാധ്യമാകൂ. അതിൽ, ദൈവവും മനുഷ്യനും ഭിന്നമാണ് എന്ന ദ്വൈതയുക്തിയാണ് സഭയുടെ ചിന്തയുടെ അടിസ്ഥാനം. ഈ ദ്വൈതയുക്തിയിൽ നിന്നാൽ ദൈവവും മനുഷ്യനും തമ്മിൽ വ്യത്യാസമുണ്ട് എന്നും അതിന്റെയിടയിൽ പൗരോഹിത്യത്തിന്റെ മധ്യസ്ഥത വേണമെന്നുമൊക്കെയുള്ള നിലപാടുണ്ടാവും. അങ്ങനെ വ്യത്യാസമില്ലെങ്കിൽ സഭയുടെ നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടും. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അഭിന്നമാണെങ്കിൽ പിന്നെ പൗരോഹിത്യാധിഷ്ഠിതമായ സഭയുടെ ആവശ്യമില്ല. ഭിന്നമായിരിക്കുക എന്നുള്ളത് സഭയെ ആവശ്യമാക്കുന്ന യുക്തിയാണ്. ആ അടിസ്ഥാനയുക്തിയാണ് ജോസ് ചോദ്യം ചെയ്യുന്നത്. യേശു സ്നേഹമമാണ്, കാരുണ്യമാണ്, യേശു ആർദ്രതയാണ്. നിങ്ങളിൽ ആർദ്രതയുണ്ടെങ്കിൽ നിങ്ങളിൽ നിരുപാധികമായ സ്നേഹമുണ്ടെങ്കിൽ, നിങ്ങളിൽ യേശുവുണ്ട്. നിങ്ങളും യേശുവും തമ്മിൽ ഭിന്നതയില്ല. ആ അദ്വൈതയുക്തിയാണു ജോസ് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാകുന്നത്. അതു രാജാധികാരം യേശുവിനു നൽകി 'ക്രിസ്തു'വിനെ നിർമിക്കുമ്പോൾ സംഭവിക്കുന്നതിൽനിന്നു വ്യത്യസ്തമാണ്. രാജാധികാരത്തോടെ ഒരു രക്ഷകൻ വരുമ്പോൾ എന്താണു സംഭവിക്കുകയെന്ന്, രാജാധികാരം ആദ്യമായി ഏർപ്പെടുത്തിയ സമയത്തുതന്നെ വ്യക്തമാണ്. പഴയ നിയമത്തിൽ രാജാവിനെ വേണം എന്ന് ജനങ്ങൾ പറഞ്ഞപ്പോൾ പ്രവാചകൻ ശാമുവേൽ മാത്രമല്ല യഹോവയും ചോദിച്ചു: വേണോ? വേണം എന്ന് ജനങ്ങൾ. യഹോവ പറഞ്ഞു: ''നിങ്ങൾ തെരഞ്ഞെടുത്ത രാജാവിന്റെ നിമിത്തം നിങ്ങൾ നിലവിളിക്കും. അന്ന് യഹോവ നിങ്ങൾക്ക് ഉത്തരം അരുളുകയില്ല'' (ശാമുവേൽ 1:8:18.). പിന്നെയും പറയുന്നുണ്ട്: ''അവൻ നിങ്ങളുടെ പുത്രിമാരെ അപ്പക്കാരികളും തൈലക്കാരികളും അലക്കുകാരികളുമാക്കി മാറ്റും.'' അടിമകളാക്കും എന്നാണു പറയുന്നത്. യേശു ഒരിക്കലും മറ്റു മനുഷ്യരെ അടിമകളാക്കാൻ വന്നതല്ല, അടിമത്തത്തിൽനിന്നു മോചിപ്പിക്കാനാണു യേശുവിന്റെ ജീവിതം. അതുകൊണ്ട് രാജാധിരാജനായി ഭൂമിയിലും സ്വർഗത്തിലും അധികാരം സ്ഥാപിച്ചു വാഴുന്ന ഒരു ക്രിസ്തുവിനെയല്ല മറിച്ച്, സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അടിയുറച്ച യേശുവിനെയാണ് ജോസ് ടി നിർവചിക്കുന്നത്. ഈ മൂന്ന് മൂല്യങ്ങൾ ഫ്രഞ്ച് വിപ്ലവത്തിന്റെ മൂല്യങ്ങളാണെന്നതു മറക്കരുത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം -ഇത് മൂന്നും യേശുവിന്റെ പ്രബോധനങ്ങളുടെ അന്തസ്സത്തയാണ്. ഫ്രഞ്ച് വിപ്ലവം രക്തരൂഷിതമായിരുന്നു എന്നതു സത്യം. കാരണം അതൊരു കൗണ്ടർ വയലൻസായിരുന്നു. റോമിന്റെ ദീർഘകാലത്തെ, ഏതാണ്ട് മധ്യകാലം മുഴുവനുള്ള, അതിഭീകരമായ ചൂഷണത്തിനും ഹിംസക്കും എതിരായിക്കൂടിയുള്ള ഒരു പ്രതിഹിംസ. വലിയ ദുരിതം സഹിച്ച ഒരു ജനതയാണ് ഫ്രഞ്ച് വിപ്ലവം നടത്തിയത്.
സമത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുംസാഹോദര്യത്തിലേക്കും മുന്നേറാനുള്ള മനുഷ്യന്റെ അബോധമായ പ്രേരണകൂടിയാണു വിപ്ലവങ്ങളുടെ മാതാവായ ഫ്രഞ്ച് വിപ്ലവത്തിലൂടെ പുറത്തുവന്നത്. ഭാര്യയുടെ കൂടെ ശയിക്കുന്നതിനുപോലും പോപ്പിന് കപ്പം കൊടുക്കേണ്ട അവസ്ഥ സഹിച്ചവരാണ് ആ യൂറോപ്പിലുള്ളത്. അവരാണ് അധികാരവും മതവും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചത്. സെക്കുലറിസത്തിന് അടിത്തറയിട്ടത്.
ഇന്നോളം ഏറ്റവും കൂടുതൽ പഠനങ്ങൾ ഉണ്ടായിട്ടുള്ളത് ക്രൈസ്തവ സഭയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും യേശുവിനെക്കുറിച്ചുമൊക്കെയാണ്. ആ പഠനങ്ങളിൽ ജോസ് ടിയുടെ പുസ്തകത്തിന് ഏറ്റവും പ്രാധാന്യം വരുന്നത് ഇന്ത്യൻ ദർശനങ്ങളുമായി സമന്വയിക്കാനുള്ള ശ്രമം നടത്തിയെന്നുള്ളതാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ണിയായി അദ്ദേഹം കാണുന്നത് ശ്രീനാരായണഗുരുവിനെയാണ്. നിരുപാധികമായ സ്നേഹം എന്ന യേശുവിന്റെ ആദർശത്തെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രബോധനത്തെയാണ് അൻപ്, അനുകമ്പ, കാരുണ്യം തുടങ്ങി ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങളോട് അദ്ദേഹം സമന്വയിക്കുന്നത്.
യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കപ്പെടുന്ന, മതംമാറ്റങ്ങൾ നടക്കുന്നകാലത്ത് അതിനെ പ്രതിരോധിക്കാൻകൂടിയാണ് ശ്രീ നാരായണഗുരു ഇവിടെ നമ്മുടെ കേരളത്തിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശിഷ്യനായ കുമാരനാശാൻ മതപരിവർത്തനരസവാദം എഴുതിയത്. അതുകൊണ്ടാണ് കുമാരനാശാന്റെ കൃതികളിലെല്ലാം ശ്രീയേശുമൂല്യമായ നിരുപാധികസ്നേഹത്തെ ഉയർത്തിപ്പിടിക്കുന്നത്.
''സ്നേഹത്തിൽനിന്നുദിക്കുന്നു ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നു, സ്നേഹംതാൻ ജീവിതം ശ്രീമൻ, സ്നേഹവ്യാഹതിതന്നെ മരണം.'' ഒരു ഉപനിഷത്തിലും സ്നേഹത്തെപ്പറ്റി അങ്ങനെ പറഞ്ഞിട്ടില്ല. അത് ബൈബിളിലേ പറഞ്ഞിട്ടുള്ളൂ. ഭാരതീയ ദർശനത്തിലേക്ക് കവിതയിലൂടെ അതു സ്വാംശീകരിക്കുകയാണ് കുമാരനാശാൻ ചെയ്തത്. ക്രിസ്തുമതപ്രചാരകർ പ്രബോധിപ്പിക്കുന്ന സ്നേഹത്തിനുവേണ്ടി നിങ്ങൾ എങ്ങോട്ടും പോകണ്ട, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യേണ്ട, അത് ഇവിടെ ഈ ഭാരതീയ ദർശനങ്ങളിൽതന്നെ ലയിച്ചിട്ടുണ്ട് എന്നാണ് കുമാരനാശാൻ വ്യക്തമാക്കുന്നത്. അങ്ങനെയാണ് അന്നു ഹിന്ദുമതത്തിനു വെല്ലുവിളി ഉയർത്തിയ ക്രിസ്ത്യാനിറ്റിയെ പ്രതിരോധിച്ചുകൊണ്ട് കുമാരനാശാൻ തന്റെ കവിതയിൽ നിരുപാധികസ്നേഹം എന്ന െക്രെസ്തവമൂല്യത്തെ സ്ഥാപിച്ചത്. കുമാരനാശാൻ സംസ്കൃതപണ്ഡിതനാണ്. സ്നേഹം എന്ന വാക്കിന്റെ ധാതു 'സ്നിഹ്' ആണ്. അതിന്റെ നേരെ വിപരീതമാണ് 'ഹിൻസ്' എന്ന ധാതു. അതിൽനിന്നുണ്ടാകുന്നതാണ് ഹിംസ. ഹിംസക്കു കടകവിരുദ്ധമാണ് അഹിംസ. അഹിംസ ഭാരതീയദർശനങ്ങളിലെ പഞ്ചമഹാമൂല്യങ്ങളിൽ ഒന്നാണ്. സത്യം, അഹിംസ, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം -ഈ അഞ്ചെണ്ണമാണ് ഭാരതീയ ദർശനങ്ങളിലെ പഞ്ചമഹാമൂല്യങ്ങൾ. ആ അഹിംസയുടെ പര്യായമാണ് സ്നേഹം. അതുകൊണ്ടാണ് സ്നേഹം എന്ന വാക്കുവഴി ആ വാക്കിന്റെ അർഥം വഴി യേശുദർശനത്തിന്റെ മർമപ്രധാനമായ സാരം കുമാരനാശാൻ സ്വാംശീകരിച്ചത്.
യേശുവിനെ അധികാരത്തിന്റെ ക്രിസ്തുവായിട്ടല്ല സ്നേഹത്തിന്റെ സാക്ഷ്യമായി, സാക്ഷാത്കാരമായി അറിയുകയും ആ അറിവിലൂടെ ചരിത്രത്തെ മനസ്സിലാക്കുകയും അങ്ങനെ മനുഷ്യരാശിയുടെ ഭാവിയെ, പുനർനിർവചിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണ് ജോസ് ടിയുടേത്. അതുകൊണ്ടാണ് ജോസ് ടി പറയുന്നത് സഭ എന്നാൽ, മുഴുവൻ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒന്നായിരിക്കുമെന്ന്. അത് ക്രിസ്ത്യാനികളെ മാത്രം ഉൾക്കൊള്ളുന്നതല്ല. സ്വർഗരാജ്യം എന്താണ് എന്നു ചോദിക്കുമ്പോൾ യേശു പറയുന്നുണ്ട്: ''അത് എല്ലാ മീനുകളെയും ഉൾക്കൊള്ളുന്ന വലക്കു സമം.'' മത്സ്യത്തൊഴിലാളികളായ ശിഷ്യന്മാർക്കു മനസ്സിലാകുന്ന ഭാഷയിൽ യേശു പറയുന്നു. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന, മനുഷ്യരെ മാത്രമല്ല പ്രകൃതിയെ ഒക്കെയും ഉൾക്കൊള്ളുന്ന, അങ്ങനെ ലിംഗഭേദമില്ലാതെ ജാതിഭേദമില്ലാതെ മതഭേദമില്ലാതെ ചരാചരഭേദമില്ലാതെ എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന വിശ്വരൂപമാണ് ജോസ് ടിക്ക് സഭ. അങ്ങനെയാണ് ഭാവിസഭയെ പ്രവചനസ്വഭാവത്തോടെ ജോസ് ടി. ദർശിക്കുന്നത്.
(2022 ജൂലൈ ഒമ്പതിന് കോട്ടയത്തു നടത്തിയ കാക്കനാടൻ അനുസ്മരണ പ്രഭാഷണത്തിൽനിന്ന്)