ശബരിമലയിലെ ബ്രാഹ്മണ സംവരണം തുടരണോ? -വിശകലനം
ശബരിമലയിലെ മേൽശാന്തി നിയമനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ അവിടെ നിലനിൽക്കുന്ന സവർണ സംവരണം എത്രത്തോളം ഭരണഘടനാപരമായി ശരിയാണെന്ന് പരിശോധിക്കുന്നു. ശബരിമല മേൽശാന്തി നിയമനത്തിൽ കീഴ് വഴക്കം മാത്രമാണോ സർക്കാർ പാലിക്കുന്നത്? –വിശകലനം.
ശബരിമല മേൽശാന്തി പദവിയിൽ ഇപ്പോൾ നിലനിൽക്കുന്ന ബ്രാഹ്മണസംവരണം തുടരണമോയെന്ന് കേരളസർക്കാർ തീരുമാനിക്കണം. ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള പ്രഥമ യോഗ്യത അപേക്ഷകൻ മലയാള ബ്രാഹ്മണനായിരിക്കണം എന്നതാണ്. ആരാണ് മലയാള ബ്രാഹ്മണൻ എന്ന ചോദ്യത്തിന് സർക്കാറിന് വ്യക്തമായ മറുപടിയില്ല. സവർണ സംവരണത്തിനായി സർക്കാർ പുറപ്പെടുവിച്ച ജാതിപട്ടികയിലും അങ്ങനെയൊരു വിഭാഗമില്ലെന്നുള്ളതാണ് വസ്തുത. അതേസമയം, നാഗം...
Your Subscription Supports Independent Journalism
View Plansശബരിമല മേൽശാന്തി പദവിയിൽ ഇപ്പോൾ നിലനിൽക്കുന്ന ബ്രാഹ്മണസംവരണം തുടരണമോയെന്ന് കേരളസർക്കാർ തീരുമാനിക്കണം. ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള പ്രഥമ യോഗ്യത അപേക്ഷകൻ മലയാള ബ്രാഹ്മണനായിരിക്കണം എന്നതാണ്. ആരാണ് മലയാള ബ്രാഹ്മണൻ എന്ന ചോദ്യത്തിന് സർക്കാറിന് വ്യക്തമായ മറുപടിയില്ല. സവർണ സംവരണത്തിനായി സർക്കാർ പുറപ്പെടുവിച്ച ജാതിപട്ടികയിലും അങ്ങനെയൊരു വിഭാഗമില്ലെന്നുള്ളതാണ് വസ്തുത. അതേസമയം, നാഗം അയ്യയുടെ ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ പരാമർശമനുസരിച്ച് മലയാള ബ്രാഹ്മണരെന്ന പദം കടന്നുവരുന്നത് ജാതിവിഭാഗങ്ങളെപ്പറ്റി പരാമർശിക്കുന്നയിടത്താണ്. ചുരുക്കത്തിൽ ഒരു മേൽജാതിക്കൂട്ടത്തിനു മാത്രമായി ശബരിമല മേൽശാന്തി സ്ഥാനം എെന്നന്നേക്കുമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ശബരിമലയിലെ ബ്രാഹ്മണ സംവരണം ജാതി അയിത്താചരണമാണ് എന്നാരോപിച്ചുകൊണ്ട് സമർപ്പിക്കപ്പെട്ട ഹരജികളിൽ കേരള ഹൈകോടതിയിൽ ഇപ്പോൾ വാദം നടന്നുകൊണ്ടിരിക്കുകയാണ്. സി.വി. വിഷ്ണുനാരായണൻ, സിജിത്ത് ടി.എൽ, വിജീഷ് പി.ആർ തുടങ്ങിയവരാണ് ഹരജിക്കാർ. ഹരജിക്കാർക്കായി പ്രഫസർ (ഡോ.) മോഹൻ ഗോപാൽ, അഡ്വക്കറ്റ് ബി.ജി. ഹരീന്ദ്രനാഥ്, അഡ്വക്കറ്റ് ടി.ആർ. രാജേഷ് എന്നിവർ ഹാജരായി ശക്തമായ വാദമുഖങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
അവർണരുടെ ക്ഷേത്രപ്രവേശന സമരത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കരിൽനിന്നാണ് അതിന്റെ തുടക്കം. അതിന്റെ തുടർച്ചയിൽ ശ്രീനാരായണ ഗുരു സ്വന്തം ക്ഷേത്ര പ്രതിഷ്ഠകളുമായി മുന്നോട്ടുവന്നുവെന്നതും ചരിത്രം. സർക്കാർ ക്ഷേത്രങ്ങളിൽ തങ്ങൾക്കും അവകാശം വേണമെന്ന വാദം ആദ്യമായി ഉയർത്തുന്നത് സി.വി. കുഞ്ഞിരാമനാണ്. തിരുവിതാംകൂറിൽ അവർണരുടെ ക്ഷേത്രപ്രവേശനവാദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലം പി.കെ. ബാലകൃഷ്ണൻ വിശകലനം ചെയ്യുന്നുണ്ട്. സർക്കാർ വക ക്ഷേത്രങ്ങളിൽ പ്രവേശനമനുവദിക്കാനായി പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈഴവ മെംബർമാർ സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് സി.വി നിർദേശിച്ചു. സർക്കാർ നടത്തുന്ന ഹിന്ദുക്ഷേത്രത്തിൽ ഹിന്ദുക്കൾ എന്ന് അംഗീകരിക്കപ്പെടുന്ന എല്ലാവർക്കും അവകാശമുണ്ട് എന്ന യുക്തിയെ മുൻനിർത്തിയാണ് ''ഞങ്ങൾക്കും സർക്കാർവക ക്ഷേത്രത്തിൽ ഒന്ന്...'' എന്ന അവകാശവാദത്തിലേക്ക് സി.വിയും ശ്രീനാരായണപ്രസ്ഥാനങ്ങളും എത്തിച്ചേർന്നത്. തുല്യപൗരാവകാശത്തെ സംബന്ധിച്ച ബോധ്യങ്ങളാണ് ഈ ചിന്തക്കു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്നു കാണാം. ഈ തുല്യത നൂറ്റാണ്ടിനിപ്പുറം ജനാധിപത്യ ഭരണകാലത്തും അവർണർക്കു കൈവന്നിട്ടില്ല എന്നതിന് ശബരിമല മേൽശാന്തി നിയമനം തെളിവാണ്. ഏതു രൂപത്തിലുള്ള അയിത്താചരണത്തെയും ഭരണഘടനയിലൂടെ നിരോധിച്ച രാജ്യത്ത്, ജനാധിപത്യ ഗവൺമെന്റ് സംവിധാനം അയിത്തത്തെ 'മഹനീയവും പവിത്രവുമായി' ആചരിക്കുന്നതാണ് ശബരിമല മേൽശാന്തി നിയമനത്തിലെ ബ്രാഹ്മണ സംവരണത്തിലൂടെ നാം കാണുന്നത്. അവർണസ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ പൗരോഹിത്യത്തിലും വിഭവങ്ങളിലും പ്രാതിനിധ്യവും പങ്കും ലഭിക്കാൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ശാന്തിക്കാർക്ക് അവകാശമുണ്ട്. ഈ അവകാശം അംഗീകരിച്ചു കൊടുക്കാൻ പ്രബുദ്ധ കേരളത്തിലെ ഗവൺമെന്റുകൾ മടിക്കുന്നതെന്തുകൊണ്ടാണ്? ശബരിമല മേൽശാന്തി നിയമനത്തിന് ജാതി പരിഗണന കൂടാതെ അപേക്ഷ ക്ഷണിക്കാൻ ഒരു നിയമതടസ്സവും ദേവസ്വം ബോർഡിനില്ല. എന്നുതന്നെയുമല്ല, ഇപ്പോഴത്തെ വിജ്ഞാപനവും നിയമനവും കോടതി അലക്ഷ്യവും നിയമവിരുദ്ധവും കൂടിയാണുതാനും. രണ്ടു പതിറ്റാണ്ടായി നടന്ന ശബരിമല മേൽശാന്തി നിയമനങ്ങളെല്ലാം തന്നെ എൻ. ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിലെ സുപ്രീംകോടതി വിധിക്കെതിരാണ്.
എൻ. ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസ്
ഈഴവ സമുദായത്തിൽ ജനിച്ച കെ.എസ്. രാകേഷിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിൽ ശാന്തിയായി നിയമിച്ചതിനെതിരെ മലയാള ബ്രാഹ്മണനായ, ശിവഭക്തൻ എന്നവകാശപ്പെട്ട എൻ. ആദിത്യൻ ഹരജി നൽകിയിരുന്നു. 1992ലാണ് കേസിന് ആസ്പദമായ വിജ്ഞാപനം പുറത്തിറങ്ങിയത്. 299 അപേക്ഷകൾ ദേവസ്വത്തിന് ലഭിക്കുകയും 234 പേർ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തു. അഭിമുഖത്തിൽ പങ്കെടുത്തവരിൽനിന്ന് 54 പേരെ ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക തയാറാക്കിയത്. നിയമനത്തിന് അർഹത ലഭിച്ചവരിൽ 31ാം റാങ്കുകാരനായിരുന്നു കെ.എസ്. രാകേഷ്. ഈഴവ സമുദായത്തിൽനിന്നുള്ള പറവൂർ ശ്രീധരൻ തന്ത്രിയുടെ മകനാണ് അദ്ദേഹം. രാകേഷിന് നിയമനം ലഭിച്ചത് പറവൂരിലെ നീറിക്കോട് ശിവക്ഷേത്രത്തിലാണ് (കൊങ്ങോർപ്പിള്ളി നീറിക്കോട് ശിവക്ഷേത്രം, ആലേങ്ങാട് വില്ലേജ്, എറണാംകുളം). തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള താരതമ്യേന ചെറിയ ഒരു ക്ഷേത്രമായിരുന്നു ഇത്.
ഈഴവ സമുദായത്തിൽപ്പെട്ട ഒരാൾ ശിവക്ഷേത്രത്തിൽ കടന്നു പൂജ ചെയ്യുന്നത് ഭക്തൻ എന്ന നിലക്കുള്ള തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആദിത്യൻ വാദിച്ചു. മലയാള ബ്രാഹ്മണരല്ലാത്ത ആരും അതിനു മുമ്പ് ആ ക്ഷേത്രത്തിൽ പൂജ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ശാന്തിക്കാരൻ മലയാള ബ്രാഹ്മണനായിരിക്കണമെന്നും ക്ഷേത്രം പിന്തുടരുന്ന മാമൂൽ (usage) അതാണെന്നുമായിരുന്നു ഹരജിയിൽ വിശദീകരിച്ചിരുന്നത്. ഈഴവ സമുദായത്തിൽപ്പെട്ട രാകേഷ് പൂജ ചെയ്യുന്നത് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഹരജിക്കാരൻ ആരോപിച്ചു. രാകേഷ് അബ്രാഹ്മണനായതിനാൽ അദ്ദേഹത്തെ ശാന്തിയായി നിയമിക്കുന്നതിനെതിരെ വേഴപ്പറമ്പുമനയിലെ കാരണവർ കത്തു നൽകിയിരുന്നതായും കോടതി രേഖകളിൽ കാണാം. കേസിനെ തുടർന്ന് ശാന്തിനിയമനം സ്റ്റേ ചെയ്യപ്പെട്ടു. രാകേഷിന് പകരം ശ്രീനിവാസൻ പോറ്റിയെ ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിയായി നിയമിക്കുകയും ചെയ്തു. ഹൈകോടതി സിംഗിൾ െബഞ്ച് രാകേഷിന്റെ നിയമനം സ്റ്റേ ചെയ്തതിനൊപ്പം കേസ് ഡിവിഷൻ െബഞ്ചിനു കൈമാറി. ജസ്റ്റിസുമാരായ കെ. തോമസ്, കെ. ഉഷ, കെ. ഷൺമുഖം എന്നിവരുടെ െബഞ്ചാണ് കേസ് കേട്ടത്.
രാകേഷിന്റെ നിയമനം 1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനനിയമം 24, 31 വകുപ്പുകളുടെ ലംഘനമാണ് എന്ന വാദത്തിന്റെ സാധുതയാണ് കോടതി ആദ്യം പരിശോധിച്ചത്. നിയമത്തിന്റെ 24, 31 വകുപ്പുകളിൽ പറയുന്ന usage അഥവാ കീഴ്വഴക്കം എന്ന പദത്തിന് ഒരുവിധത്തിലുമുള്ള പ്രയോഗസാധുതയും ശാന്തിനിയമനക്കാര്യത്തിലില്ലെന്ന് ഹൈകോടതി പ്രഖ്യാപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 15 (1), 16 (2) എന്നിവയുടെ വെളിച്ചത്തിലാണ് കോടതി ഈ തീർപ്പിലെത്തിയത്.
മലയാള ബ്രാഹ്മണർ മാത്രമേ പൂജ ചെയ്യാവൂ എന്ന ഹരജിക്കാരന്റെ വാദം ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകളിൽ വ്യക്തമാക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്നതും ഈ വിധിന്യായത്തിൽ പരിശോധിക്കപ്പെട്ടിരുന്നു. ജാതികളുടെ ആചാരങ്ങളെ മതാചാരമായി പരിഗണിക്കുക സാധ്യമല്ല. ഒരു മതത്തിനകത്ത് അത്യന്താപേക്ഷിതവും (essential) അവിഭാജ്യവുമായ (integral part) പ്രാക്ടിസുകൾക്കു മാത്രമേ മേൽപ്പറഞ്ഞ അനുച്ഛേദങ്ങളുടെ സംരക്ഷണം ലഭിക്കൂ എന്ന് നിരവധി കോടതി വിധികളെ ഉദ്ധരിച്ച് ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും വ്യക്തമാക്കി. മാത്രമല്ല, മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ ഒരു മതാവകാശവും ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും എൻ. ആദിത്യൻ vs തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിൽ ഹൈകോടതി പ്രഖ്യാപിച്ചിരുന്നു. ദേവസ്വം ശാന്തിനിയമനങ്ങളിൽ മലയാള ബ്രാഹ്മണർക്ക് പ്രത്യേക സംവരണമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന കാര്യം ആദിത്യൻ കേസിൽ കോടതി പ്രത്യേകം എടുത്തു പറഞ്ഞു.
ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ട വിധിയായിരുന്നു ആദിത്യൻ കേസിൽ സുപ്രീംകോടതി നടത്തിയത്. ദേശീയ മാധ്യമങ്ങളും സാമൂഹികശാസ്ത്രജ്ഞരും വിധിയെക്കുറിച്ച് എഴുതി. കേരളത്തിലെ ക്ഷേത്രശാന്തി നിയമനക്കേസുകളെക്കുറിച്ച് പഠിച്ച ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ ജിൽസ് ടരാബൗട്ട് (Gilles Tarabout ) തന്റെ 'Filing Religion: State, Hinduism, and Courts of Law' എന്ന കൃതിയിൽ ('Birth vs Merit: Kerala Temple Priests and the Courts ' എന്ന അധ്യായം) 'ഡെക്കാൺ ഹെറാൾഡ്' നൽകിയ വാർത്തയിലെ പരാമർശം ഉദ്ധരിച്ചുകൊണ്ട് വളരെ പഴയ ആചാരത്തിനേറ്റ കനത്ത പ്രഹരമായി ആദിത്യൻ കേസ് വിധിയെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത്തരം സംവാദങ്ങളൊന്നുംതന്നെ ബ്രാഹ്മണ്യത്തെയും അതുണ്ടാക്കിയ ജന്മശ്രേഷ്ഠതാ സങ്കൽപങ്ങളെയും തകർക്കാൻ പോന്നതായിരുന്നില്ല. നിയമപരവും അക്കാദമികവുമായ എല്ലാ വിമർശനങ്ങൾക്കും മുകളിൽ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ബ്രാഹ്മണ്യം ഇപ്പോഴും നിലയുറപ്പിച്ചുനിൽക്കുന്നത് എന്നതാണ് സമകാല യാഥാർഥ്യം.
കോടതിയുടെ 2002ലെ വിധിയെ തുടർന്ന് പ്രസ്തുത കോടതി വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സമിതികൾക്കു മുന്നിലും സർക്കാറിനും, പിന്നാക്ക സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. വളരെ വർഷങ്ങൾ നീണ്ട സമ്മർദങ്ങൾക്കൊടുവിൽ ആദിത്യൻ കേസ് വിധി എല്ലാ ദേവസ്വങ്ങളും ബാധകമാണെന്നു കാട്ടി സർക്കാർ തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വങ്ങൾക്ക് കത്തുനൽകി.
''പൂജാരി ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് നിയമനങ്ങളിൽ ജാതി പരിഗണന പാടില്ലെന്നത് 3/10/2012ലെ അപ്പീൽ സിവിൽ നം. 6965/96 കേസിൽ ബഹു. സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. വിധി പകർപ്പ് ഉള്ളടക്കം ചെയ്യുന്നു. ടി കേസ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിക്കുന്നതാകയാൽ മറ്റ് ദേവസ്വം ബോർഡുകൾക്ക് ബാധകമാക്കണമെന്ന് നിയമസഭ മുമ്പാകെയും അല്ലാതെയും സ്വകാര്യവ്യക്തികളും മറ്റും സർക്കാറിനോട് വളരെ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിയമോപദേശം നേടുകയും ബഹു. സുപ്രീംകോടതിവിധി എല്ലാ ദേവസ്വം ബോർഡുകൾക്കും ബാധകമാണെന്നുള്ള നിയമോപദേശം ലഭിച്ചിട്ടുള്ളതുമാണ്. ആയതിനാൽ ശാന്തി മുതലായ തസ്തികകളിലെ നിയമനം ജാതിപരിഗണന കൂടാതെ എല്ലാ ദേവസ്വം ബോർഡുകളിലും നടപ്പിലാക്കുന്നതിന് സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം കമീഷണർമാരെ അറിയിക്കുന്നു.''
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തുതന്നെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ബിൽ 2015, നിയമസഭ പാസാക്കി. പുതിയ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 62 പേരെ ശാന്തിക്കാരായി നിയമിക്കാൻ ശിപാർശ ചെയ്തു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് പിന്നാക്ക-ദലിത് വിഭാഗത്തിൽപ്പെട്ട ധാരാളം പേർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ശാന്തിക്കാരായി നിയമിതരായി. ഈ സമയത്തും ശബരിമല മേൽശാന്തി നിയമനത്തിൽ ജാതി അയിത്തം തുടരാൻതന്നെയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.
ശബരിമലക്കെന്താണ് പ്രത്യേകത?
ശബരിമല മേൽശാന്തി നിയമനത്തിൽ കീഴ്വഴക്കം തുടരുക മാത്രമാണ് ചെയ്യുന്നത് എന്ന് നിസ്സാരവത്കരിക്കാനാണ് ആദ്യഘട്ടം മുതൽക്കേ ദേവസ്വം ബോർഡ് ശ്രമിച്ചിരുന്നത്. കേസ് കോടതിയിലെത്തിയതോടെ തെറ്റുതിരുത്തുന്നതിനു പകരം കൂടുതൽ പിന്തിരിപ്പൻ വാദങ്ങളുയർത്തി ദേവസ്വം നിലപാട് കർശനമാക്കി. മലയാളബ്രാഹ്മണർ ഒരു പ്രത്യേക ക്ലാസാണെന്ന് ദേവസ്വത്തിന്റെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. മലയാളികളല്ലാത്ത ബ്രാഹ്മണരെയും വിലക്കുന്നതിനാൽ ഇത് ജാതി വിവേചനമല്ല എന്നും വിശദീകരിക്കപ്പെട്ടു. താൽക്കാലിക നിയമനമായതിനാൽ മലയാളബ്രാഹ്ണരെ മാത്രം നിയമിക്കുന്നതിൽ തെറ്റില്ലെന്നും ശബരിമലയിലെ ശാന്തി 'പുറപ്പെടാ ശാന്തി'യായതിനാലാണ് ഇപ്രകാരം ചെയ്യുന്നതെന്നും ദേവസ്വം പറയുന്നുണ്ട്. മേൽസൂചിപ്പിച്ച വാദങ്ങളെല്ലാം ദുർബലവും തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതും മാത്രമാണെന്ന് വ്യക്തമാണ്. പുറപ്പെടാ ശാന്തിയായി ജോലി ചെയ്യാൻ പിന്നാക്കക്കാരും തയാറാണെന്നിരിക്കേ പുറപ്പെടാ ശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം നിയമിക്കുന്നതെന്തിനാണ്?
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തിക്കാരെ നിയമിക്കുന്നത് കാരാണ്മ, നോൺ കാരാണ്മ എന്നിങ്ങനെ രണ്ടു രീതിയിലാണ് എന്ന് ബോർഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാരാണ്മ എന്നാൽ ഒരു പ്രത്യേക കുടുംബത്തിന് ഒരു ക്ഷേത്രത്തിൽ പാരമ്പര്യമായി നിലനിൽക്കുന്ന അവകാശമാണ്. പാരമ്പര്യ അവകാശിയായ കുടുംബത്തിലെ കാരണവർ നിർദേശിക്കുന്ന ആളെ ദേവസ്വം ശാന്തിയായി നിയമിക്കുന്നതാണ് കാരാണ്മ ശാന്തി നിയമനത്തിന്റെ രീതി. നോൺ കാരാണ്മ ശാന്തി പോസ്റ്റുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിച്ച് പരീക്ഷ/അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തുക. പുറപ്പെടാ ശാന്തിയായ ശബരിമല മേൽശാന്തിയെ കാരാണ്മ രീതിയിലല്ല, അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് തെരഞ്ഞെടുക്കുന്നത് എന്നിരിക്കെ അവിടെ ആർക്കും കാരാണ്മ അവകാശമില്ല എന്നതു വ്യക്തമാണ്. ഈ നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്റെ ചോദ്യത്തിനു മറുപടിയായി ദേവസ്വം മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദേവസ്വം നിയമനങ്ങൾക്കും ആദിത്യൻ കേസിലെ വിധി ബാധകമാണെന്നും ഈ മറുപടിയിലൂടെ തെളിയുന്നുണ്ട്. എന്നിട്ടും ഇക്കൊല്ലവും മലയാള ബ്രാഹ്മണരെ മാത്രമാണ് ശബരിമലയിലേക്ക് ദേവസ്വം പരിഗണിച്ചത്.
ശബരിമല മേൽശാന്തി നിയമനക്കേസിൽ കേരള ഹൈകോടതി കഴിഞ്ഞ ഡിസംബർ മൂന്നിന് പ്രത്യേക സിറ്റിങ് നടത്തുകയുണ്ടായി. ഹരജിക്കാരനായ സിജിത്ത് ടി.എൽ അപേക്ഷിച്ചതു പ്രകാരം കേരള ഹൈകോടതി കോടതിനടപടികൾ ചരിത്രത്തിലാദ്യമായി യൂട്യൂബ് വഴി ലൈവ് സ്ട്രീമിങ് നടത്തിയിരുന്നു. 2022 ഡിസംബർ 17 ശനിയാഴ്ച ഹൈകോടതി വീണ്ടും ഈ കേസിൽ പ്രത്യേക സിറ്റിങ് നടത്തുന്നുണ്ട്. ഒന്നാം എതിർകക്ഷിയായ കേരള സർക്കാർ കേസിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആദിത്യൻ കേസിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് നിലപാടെടുക്കണമെന്ന് സർക്കാർ രൂപവത്കരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ സെക്രട്ടറി പി. രാമഭദ്രൻ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിൽ സർക്കാർ നൽകിയ മറുപടിയിലെ നിലപാട് ഹൈകോടതിയിലും സ്വീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. അതിനു തയാറായില്ലെങ്കിൽ ശബരിമലയിലെ ബ്രാഹ്മണസംവരണം കാലാകാലത്തോളം തുടരാൻ സർക്കാർ കൂട്ടുനിന്നതായി ചരിത്രം വിലയിരുത്തും.