പ്രബുദ്ധതയുടെ പ്രഭാവം
കേരളത്തിന്റെ മാധ്യമരംഗത്തും സാമൂഹിക-സാംസ്കാരിക ലോകത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് ബി.ആർ.പി. ഭാസ്കർ നടത്തിയിട്ടുള്ളത്. മനുഷ്യാവകാശരംഗത്തും ജനകീയ പോരാട്ടങ്ങളിലും അദ്ദേഹം നടത്തിയ പ്രവർത്തനവും ഉജ്ജ്വലങ്ങളാണ്.എന്നാൽ, കേരളസമൂഹം അത് വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?, ആ ഇടപെടലുകളെ എങ്ങനെയാണ് കാണേണ്ടത്? –സാമൂഹികനിരീക്ഷകനും ചിന്തകനുമായ ലേഖകൻ ബി.ആർ.പിയുടെ സാമൂഹികപങ്കിനെ വിലയിരുത്തുന്നു.നാലു പതിറ്റാണ്ടുകളായി...
Your Subscription Supports Independent Journalism
View Plansകേരളത്തിന്റെ മാധ്യമരംഗത്തും സാമൂഹിക-സാംസ്കാരിക ലോകത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് ബി.ആർ.പി. ഭാസ്കർ നടത്തിയിട്ടുള്ളത്. മനുഷ്യാവകാശരംഗത്തും ജനകീയ പോരാട്ടങ്ങളിലും അദ്ദേഹം നടത്തിയ പ്രവർത്തനവും ഉജ്ജ്വലങ്ങളാണ്.എന്നാൽ, കേരളസമൂഹം അത് വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?, ആ ഇടപെടലുകളെ എങ്ങനെയാണ് കാണേണ്ടത്? –സാമൂഹികനിരീക്ഷകനും ചിന്തകനുമായ ലേഖകൻ ബി.ആർ.പിയുടെ സാമൂഹികപങ്കിനെ വിലയിരുത്തുന്നു.
നാലു പതിറ്റാണ്ടുകളായി മനുഷ്യാവകാശത്തിന്റെ രാഷ്ട്രീയത്തെ മുൻനിർത്തി കേരളത്തിലെയും ഇന്ത്യയിലെയും സംഭവവികാസങ്ങളെ വിശകലനംചെയ്യുന്ന ബി.ആർ.പിയുടെ സൂക്ഷ്മവിശകലനങ്ങൾ കേരളത്തിന്റെ ധൈഷണിക പൊതുമണ്ഡലത്തെ പ്രോജ്ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ നവസാമൂഹികതയെയും മനുഷ്യാവകാശപരമായ സൂക്ഷ്മ രാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്നവിധമുള്ള നിർണായകമായ ഇടപെടലുകളാകുന്ന ആശയങ്ങളുടെ പുതുനിക്ഷേപങ്ങൾ കേരളത്തിന്റെ ധൈഷണികമണ്ഡലത്തിൽ നടത്തിയിട്ടും ബി.ആർ.പിയുടേതായ മൂന്ന് പുസ്തകങ്ങൾ മാത്രമാണ് ഇതുവരെ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷേ, ബി.ആർ.പിയുടെതന്നെ വിമുഖതയാകണം പുസ്തകരൂപമായി അധികം പ്രസിദ്ധീകരിക്കാത്തതിനുള്ള കാരണം. ബി.ആർ.പിയുടെ ആത്മകഥ ‘ന്യൂസ് റൂം’ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
രണ്ടു പുസ്തകങ്ങളാണ് മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്, ‘പിന്തിരിഞ്ഞോടുന്ന കേരളം’ (2002), ‘ചരിത്രം നഷ്ടപ്പെട്ടവർ’ (2016) എന്ന രണ്ടു ലേഖനസമാഹാരങ്ങൾ. ആനുകാലികങ്ങളിൽ കാലികപ്രധാനമായ വിഷയങ്ങളെ മുൻനിർത്തിയാണ് ബി.ആർ.പി അധികവും എഴുതിയിട്ടുള്ളത്. കേരളത്തിലെ കരിയറിസ്റ്റ് എഴുത്തുകാരെ/ബുദ്ധിജീവികളെ പോലെ മുട്ടിനുമുട്ടിനു സമാഹാരങ്ങൾ ഇറക്കിവിടാൻ ബി.ആർ.പി മടിച്ചിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. ആരാധകവൃന്ദങ്ങളുടെ ഇടയപരിപാലനമല്ലല്ലോ ബി.ആർ.പിയുടെ ധൈഷണികതയെ നിർണയിക്കുന്നത്. അതേപോലെ, ബി.ആർ.പിക്ക് ഒരിക്കൽപോലും തന്റെതന്നെ പുരാണലിഖിതങ്ങളിലേക്ക് റഫർചെയ്യേണ്ട ഗതികേട് വന്നിട്ടുമില്ല. വിപണിമൂല്യമനുസരിച്ചുള്ള ആശയങ്ങളെ പുതുക്കിയിറക്കേണ്ട ആവശ്യവും വന്നിട്ടില്ല. ഇത്തരത്തിലുള്ള ആത്മവിഭ്രാന്തികൾ ബി.ആർ.പിയെ തെല്ലും ബാധിക്കാത്തതിനാൽ ഏതു തലമുറയോടും സംവേദനക്ഷമമാണ് ബി.ആർ.പിയുടെ ചിന്ത.
പ്രകോപനത്തിന്റേതായ ഭാഷയല്ല ബി.ആർ.പിയുടേതെങ്കിലും സാമൂഹിക വിശകലനങ്ങളിലെ സൂക്ഷ്മത വ്യവസ്ഥാപിതത്വത്തിന്റെ ആശയ വാർപ്പുകേന്ദ്രങ്ങളെ കാര്യമായിതന്നെ അലോസരപ്പെടുത്തുന്നു എന്നതിനാൽ അവർ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തുവരാറുള്ളതുമാണ്. മാധ്യമപ്രവർത്തനമാണ് ബി.ആർ.പിയുടെ പ്രഫഷനൽ തട്ടകം. ആ നിലക്കുള്ള ‘ഏഷ്യാനെറ്റി’ലെ ദൃശ്യമാധ്യമ പ്രവർത്തനം താരതമ്യേന ഏഴു പതിറ്റാണ്ടു കാലത്തെ മാധ്യമപ്രവർത്തനത്തിൽ ഹ്രസ്വകാലമാണെങ്കിലും കേരളത്തിലെ പുതിയൊരു തലമുറക്ക് ബി.ആർ.പി ചിരപരിചിതനായത് അപ്പോൾ മുതലായിരിക്കണം. നാൽപതുകൊല്ലത്തെ പ്രവാസജീവിതത്തിനുശേഷം തൊണ്ണൂറുകളുടെ ആദ്യമാണ് കേരളത്തിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയ സമയത്തെ കേരളത്തെക്കുറിച്ച് ബി.ആർ.പി ‘അധികാരത്തിന്റെ ജാതിയും വർഗവും ലിംഗവും’ എന്ന ലേഖനത്തിൽ അനുസ്മരിക്കുന്നുണ്ട്. ‘‘നാൽപതുകൊല്ലത്തെ പ്രവാസത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തിയപ്പോൾ പ്രതീക്ഷിച്ച ആധുനിക സമൂഹത്തിൽനിന്നും വളരെ വ്യത്യസ്തമായ ആധുനികോത്തര സമൂഹത്തെയാണ് ഞാൻ കണ്ടത്.
യുവാക്കൾ ജാതിയും മതവും മാത്രമല്ല ജാതകപ്പൊരുത്തവും ഭാവി അമ്മായിയപ്പന്റെ സാമ്പത്തികസ്ഥിതിയും കണ്ടുപിടിച്ചശേഷം പ്രേമിക്കുന്നു. പ്രേമത്തിന് ആവശ്യമായ മൂപ്പെത്തുമ്പോൾ ഇരുവരും അച്ഛനമ്മമാരെ വിവരം അറിയിക്കുന്നു. അച്ഛനമ്മമാർ ആഭരണങ്ങളുടെ കണക്ക്, സ്ത്രീധനത്തുക തുടങ്ങിയ ചില്ലറക്കാര്യങ്ങൾ ചർച്ചചെയ്ത് ഉറപ്പിച്ചശേഷം കല്യാണം നടത്തിക്കൊടുക്കുന്നു.’’ ഇത്തരമൊരു കേരളത്തിലാണ് പൗരാവകാശത്തെ മുൻനിർത്തിയുള്ള ധൈഷണികമായ പൊതു ഇടപെടലുകളുമായി ബി.ആർ.പി മുന്നിട്ടിറങ്ങുന്നത്. രാഷ്ട്രീയമായി നക്സലൈറ്റ് പ്രസ്ഥാനം ചിതറിപ്പോയിരുന്നു. സോവിയറ്റ് യൂനിയൻ തകർന്നുവീഴുകയും യൂറോപ്പിലെ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വയം കൊഴിഞ്ഞുപോവുകയും ചെയ്തിരുന്നുവെങ്കിലും ദീർഘനാളുകൾക്കുശേഷം രാഷ്ട്രീയ അധികാരത്തിന്റെ രുചി കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അറിഞ്ഞിരിക്കുന്ന സമയമായിരുന്നു. നവ സാമൂഹിക പ്രസ്ഥാനങ്ങൾ ഉദയംകൊള്ളുന്ന വേളയുമായിരുന്നു അത്.
ആദിവാസി-ദലിത് അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് ബി.ആർ.പിയുടെ ശ്രദ്ധേയമായ ആദ്യ ഇടപെടലുകൾ. അധികാരത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ കാഴ്ചപ്പാടിൽനിന്നാണ് ബി.ആർ.പി ആദിവാസികളുടെ അവകാശ രാഷ്ട്രീയത്തെയും പിന്നാക്ക ജനവിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ രാഷ്ട്രീയത്തെയും വിശകലനം ചെയ്തിട്ടുള്ളത്. മണ്ഡൽ നടപ്പാക്കപ്പെട്ടതിനുശേഷം സാമൂഹികപ്രക്രിയയിൽ സംവരണതത്ത്വം തന്നെ പലഘട്ടങ്ങളിലും വെള്ളം ചേർക്കപ്പെട്ടപ്പോഴൊക്കെ സംവരണം അധികാര പുനർവിതരണത്തിന്റെ മൗലികതത്ത്വവുമായി അഭേദ്യമാകും വിധം ബന്ധപ്പെട്ടിരിക്കുന്ന വസ്തുത കേരള സമൂഹത്തിനു മുമ്പാകെ പലഘട്ടങ്ങളിലും ബി.ആർ.പി വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ചരിത്രപരമായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവരണത്തിന്റെ രാഷ്ട്രീയത്തെ പ്രതിപാദിച്ചിട്ടുള്ളത്. ബി.ആർ.പി മാത്രമല്ല കേരളത്തിൽ മറ്റു പല സാമൂഹിക ചിന്തകരും ഈ വിഷയം പ്രതിപാദിച്ചിട്ടുള്ളതാണ്. സംവേദനത്തിലെ തെളിച്ചവും വിശകലനത്തിലെ ഉൾക്കാഴ്ചയും ഒരുതരത്തിലുള്ള വിഭാഗീയതയും സ്പർശിക്കാത്ത വിശാലതയുമാണ് ബി.ആർ.പിയുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്.
അതേസമയം, പറയുന്ന കാര്യത്തിലെ ദാർഢ്യവും വിട്ടുവീഴ്ചയില്ലായ്മയും രാഷ്ട്രീയാധികാരവുമായി ഒത്തുതീർപ്പിന്റെ മാർഗം ഒരിക്കലും സ്വീകരിക്കാത്തതുമാണ് ചിന്തകൻ എന്നനിലയിലും ആക്ടിവിസ്റ്റ് എന്നനിലയിലും ക്രെഡിബിലിറ്റിക്ക് പ്രധാനമായത്. പരിസ്ഥിതി മലിനീകരണവും പ്രകൃതിവിഭവങ്ങളുടെ കൊള്ളയും പ്രകൃതിചൂഷണ മാഫിയകളും രാഷ്ട്രീയപാർട്ടികളുമായുള്ള കൊടുക്കൽ വാങ്ങലുകളുമെല്ലാം തന്നെ ബി.ആർ.പിയുടെ മൂർച്ചയുള്ള വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
സ്ത്രീ സംരക്ഷണത്തിന്റെ രക്ഷാധികാരികത്വമേറ്റെടുക്കുകയും അതേസമയം, രാഷ്ട്രീയമായി നേട്ടമില്ലാത്ത സ്ഥിതിയിൽ സാമൂഹിക യാഥാസ്ഥിതികതയെ അലോസരപ്പെടുത്താതിരിക്കാൻ സ്ത്രീകളുടെ അവകാശങ്ങളോട് ഏറ്റവും നിഷേധാത്മക സമീപനം സ്വീകരിക്കുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ കപടനാട്യങ്ങളെ തുറന്നെതിർക്കുകയും ചെയ്യാറുള്ള ബി.ആർ.പിയുടെ എഴുത്തുകൾ സാമൂഹിക വിവേചനത്തിനെതിരെയുള്ള ജനാധിപത്യമൂല്യങ്ങളെ മുൻനിർത്തിയുള്ള നവസാമൂഹികതയുടെ രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രഥയാത്ര എൺപതുകളുടെ അവസാനം ആരംഭിക്കുന്ന വേളയിൽതന്നെ നെഹ്റുവിയൻ സെക്കുലർ ആധുനികതയുടെ സവിശേഷതകളുൾക്കൊള്ളുന്ന സമീപനരീതിയിൽനിന്ന് ഹിന്ദു വലതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമർശിച്ചും എതിർത്തും പോന്നിട്ടുണ്ട്. മഅ്ദനിയുടെ അറസ്റ്റും തടവും വിചാരണ വൈകുന്നതുമായി ബന്ധപ്പെട്ടും ഏറ്റവും ഉയർന്നുകേട്ടിട്ടുള്ള ശബ്ദങ്ങളിലൊന്ന് ബി.ആർ.പിയുടേതാണ്.
നവോത്ഥാന ആധുനികതയുടെ ധൈഷണികാംശം
യുക്തിവാദപരവും ശാസ്ത്രീയവുമായ സമീപനത്തോടുള്ള തന്റെ ആഭിമുഖ്യം സുവ്യക്തമാക്കിയാണ് ബി.ആർ.പി. ഭാസ്കർ ‘ന്യൂസ് റൂം’ എന്ന ആത്മാനുഭവ കുറിപ്പ് ആരംഭിക്കുന്നത്. ശാസ്ത്രീയമായ കാഴ്ചപ്പാട്, ജാതിവിരുദ്ധമായ മാനവികതാ ദർശനം, ഏകലോക വീക്ഷണം, വികസിതമാകുന്ന സാങ്കേതികവിദ്യയും അറിവും പുരോഗമനപരമായ സമൂഹത്തിന്റെ രൂപവത്കരണത്തിന് ഉപകരിക്കുമെന്നുള്ള പ്രയോഗവീക്ഷണം, തുറന്ന മനസ്സ് – നവോത്ഥാന ആധുനികതയുടെ അടിസ്ഥാന ധാരണകളായിരുന്ന ഈ മൂല്യങ്ങൾതന്നെയാണ് ബി.ആർ.പിയെയും രൂപപ്പെടുത്തിയത്. സഹോദരൻ അയ്യപ്പന്റെ നവോത്ഥാന ആധുനികതയുടെ ലെഗസി അവകാശപ്പെടാവുന്ന വളരെ ചുരുക്കം പേരിൽ ഒരാളാണ് ബി.ആർ.പി. ഭാസ്കർ.
നവോത്ഥാന ആധുനികതയുടെ സ്പിരിറ്റ് എന്നുപറയുന്നത് വിശാലമായ മാനവികതയും തുറന്ന മനസ്സും പ്രായോഗികമായ (pragmatic) ജീവിതദർശനവുമാണ്. ഇതര വൈജ്ഞാനിക തൊഴിൽ മേഖലകളിൽ താൽപര്യം കാണിക്കാതെ ബി.ആർ.പി മാധ്യമപ്രവർത്തനംതന്നെ സ്വീകരിച്ചത് അനുഭവൈകപരമായ സാമൂഹിക വൈജ്ഞാനികതയുടെ കൂടുതൽ ജനാഭിമുഖ്യമുള്ള പ്രായോഗികമണ്ഡലം മാധ്യമപ്രവർത്തനമാണ് എന്നതുകൊണ്ടാകാം. നവോത്ഥാന ആധുനികതയുടെ പ്രയോക്താക്കളിൽ പ്രധാനികളെല്ലാം തിരഞ്ഞെടുത്ത ഒരു പ്രവർത്തനമണ്ഡലമായിരുന്നു മാധ്യമപ്രവർത്തനം അക്കാലത്ത്.
ഇന്ത്യ സ്വാതന്ത്യ്രം നേടിയതിനു തൊട്ടടുത്ത വർഷങ്ങളിൽ ഇന്ന് നമ്മൾ ദേശീയമാധ്യമം എന്ന് വിളിക്കുന്ന ‘ദ ഹിന്ദു’വിലാണ് ബി.ആർ.പി. ഭാസ്കർ മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. അതിനുമുമ്പേതന്നെ മാധ്യമപ്രവർത്തനത്തിനോടുള്ള ആഭിമുഖ്യത്തിന്റെ സൂചനയായി ബി.ആർ.പി പിതാവ് എ.കെ. ഭാസ്കർ പ്രസിദ്ധീകരിച്ചിരുന്ന ‘നവഭാരത’ത്തിൽ ഒന്നു രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കള്ളപ്പേരിലാണ് ഈ രാഷ്ട്രീയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതെന്നാണ് ബി.ആർ.പി തന്റെ അനുഭവക്കുറിപ്പുകൾ സമാഹരിച്ചിരിക്കുന്ന ‘ന്യൂസ് റൂമിൽ’ പറയുന്നത്. ഒപ്പംതന്നെ, നെഹ്റു തിരുവനന്തപുരത്തു വന്നപ്പോഴും ഇത് റിപ്പോർട്ട് ചെയ്യാൻ ബി.ആർ.പിയാണ് നിയോഗിക്കപ്പെട്ടത്. ‘ന്യൂസ് റൂമി’ന്റെ ആദ്യ രണ്ട് അധ്യായങ്ങളിൽ വിവരിക്കുന്ന സംഭവങ്ങളിൽനിന്നുതന്നെ വ്യക്തമാകുന്നത് ബി.ആർ.പിയുടെ ആശയവീക്ഷണത്തിൽ അന്തർലീനമായിരിക്കുന്ന നവോത്ഥാന ആധുനികതയാണ്.
ഈശ്വരവിശ്വാസത്തിന്റെ പേരിൽ പ്രചരിക്കപ്പെടുന്ന വിശ്വാസികളെ കബളിപ്പിക്കുന്ന വിശ്വാസ തട്ടിപ്പുകളെ തുറന്നുകാണിക്കുന്നതാണ് ഈ സംഭവങ്ങൾ. ശാസ്ത്രജ്ഞാനം മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നുള്ള ആധുനികതയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ജ്യോതിഷം തുടങ്ങിയ വ്യാജ വിജ്ഞാനത്തോടുള്ള ബി.ആർ.പിയുടെ അൽപം ഹാസ്യം കലർന്ന സമീപനം. മാധ്യമങ്ങളിൽ പ്രത്യക്ഷമാകുന്ന ജ്യോതിഷ പംക്തികളിലെ കബളിപ്പിക്കലിെനക്കുറിച്ച് ബി.ആർ.പി നീരിക്ഷിക്കുന്നുണ്ട്.
നവോത്ഥാന ആധുനികതയുടെ പ്രായോഗികദർശനത്തെ അതു പിറവികൊണ്ടതും വികസ്വരമായ ഘട്ടത്തിലും മുരടിപ്പിച്ചു പോകാതെ അത് സൃഷ്ടിച്ച സാമൂഹിക ഊർജത്തെ നവോന്മേഷത്തോടെ പുതുകാലത്തിലേക്കുകൂടി പ്രസരിപ്പിക്കാൻ സാധിച്ചു എന്നതാണ് ബി.ആർ.പിയെ മാധ്യമ പ്രവർത്തകൻ എന്ന നിലയിലും ഇന്റലക്ച്വൽ ആക്ടിവിസ്റ്റ് എന്നനിലയിലുമുള്ള പ്രത്യേക സംഭാവനയായി കാണേണ്ടത്. നവോത്ഥാന ആധുനികതയുടെ മലയാളചിന്തയുടെ സമകാലത്തിലേക്കുള്ള ഒരു പ്രധാന ലിങ്കാണ് ബി.ആർ.പി. ഭാസ്കർ. ഫ്യൂഡൽ സാമൂഹിക രൂപവത്കരണങ്ങളുടെ പുരോഗമനപരമായ ഉന്മൂലനവും അതിനാവശ്യമായ സാമൂഹിക വിചാരങ്ങളുടെ പ്രചാരവുമാണ് ആധുനിക യുഗത്തിന്റെ മുഖ്യ സവിശേഷത.
യുക്തിചിന്ത, സമത്വം, സാഹോദര്യം, ശാസ്ത്രാഭിമുഖ്യം, ബഹുജനസംവേദനത്തിനു നൽകേണ്ട പ്രാമുഖ്യം, അതുവരെയുണ്ടായിരുന്ന സാമൂഹിക വിവേചനങ്ങൾ ഉല്ലംഘിക്കുന്ന സംഘടനാ സംവിധാനങ്ങൾ, പുതിയ തൊഴിൽ കേന്ദ്രങ്ങൾ, പുത്തൻ ഒത്തുചേരലുകൾ/കൂട്ടായ്മകൾ എന്നതാണ് ആധുനികതയുടെ പരിവർത്തനഘട്ടത്തിന്റെ നിർണായക ഘടകങ്ങൾ. ചരിത്രപരമായ ഈ മുന്നേറ്റത്തെ മുന്നോട്ടു നയിക്കുന്ന പുത്തൻ സാമൂഹിക ശക്തികളുമായുള്ള ഐക്യപ്പെടൽ പുരോഗമന ബുദ്ധിജീവികൾക്ക് പ്രധാനമായിരുന്നു. ഇത് അവരുടെ അന്വേഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും ജീവശ്വാസമാകുന്നു. 57ലെ കമ്യൂണിസ്റ്റ് സർക്കാറിനെതിരെ നടന്ന ഫ്യൂഡൽശക്തികളുടെ പുനരേകീകരണത്തിൽ ബി.ആർ.പി ദർശിച്ചത്, കേരളം നവോത്ഥാന ആധുനികതയോടെ കൈവരിച്ച ഇത്തരം മുന്നേറ്റങ്ങൾ തിരിച്ചടിയേറ്റുവാങ്ങിക്കൊണ്ട് കേരളസമൂഹം പുനർ ഫ്യൂഡലീകരണത്തിനു കീഴടങ്ങി എന്നതാണ്:
‘‘1960 മുതൽ കേരളം സാമൂഹികമായി ഏതാണ്ട് നിശ്ചലം നിന്ന കാൽനൂറ്റാണ്ടുകാലത്ത് മുഖ്യ കമ്യൂണിസ്റ്റ് കക്ഷികൾ പാർലമെന്ററി രാഷ്ട്രീയം പയറ്റിത്തെളിയുകയും സ്ഥാപനവത്കരിക്കപ്പെടുകയുംചെയ്തു. പിന്നീട് സ്ഥാപനവത്കരിക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മധ്യവർഗ നേതൃത്വവും പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധരും തമ്മിലൊരു രാഷ്ട്രീയ സാമൂഹിക ഒത്തുതീർപ്പുണ്ടാക്കി. എഴുതി ഒപ്പിട്ടില്ലെങ്കിലും ഇരുകൂട്ടരും മാനിക്കുന്ന ആ ഉടമ്പടിയാണ് കേരളത്തിലെ ഇരുമുന്നണി വ്യവസ്ഥയുടെ അടിസ്ഥാനം. ആ ഒത്തുതീർപ്പ് പഴയ ജാതിവ്യവസ്ഥയുടെ ഗുണഭോക്താക്കൾക്കിടയിൽ ഉയർന്ന മധ്യവർഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒന്നാണ്.
ഈ ഒത്തുതീർപ്പുണ്ടായ സാഹചര്യം മനസ്സിലാക്കാതെ സ്ത്രീകൾ, ദലിതർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി തുല്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾക്കു പുറത്തുനിർത്തപ്പെട്ടിട്ടുള്ള വിഭാഗങ്ങൾ ദുർബലാവസ്ഥയിൽ തുടരുന്നതിന്റെ കാരണം മനസ്സിലാക്കാനാവില്ല. ആളോഹരിവിഹിതവും സ്വജാതി വിവാഹവും അനുവദിച്ചപ്പോൾ മനുഷ്യനാകാനുള്ള നമ്പൂതിരി യുവാക്കളുടെ മോഹം പൂർത്തിയായി. ഹജൂർ കച്ചേരിയിൽ തമിഴ് ബ്രാഹ്മണ ശല്യം കുറഞ്ഞപ്പോൾ നായർ യുവാക്കളുടെ മോഹവും പൂർത്തിയായി. പിന്നാക്കവിഭാഗം നേതാക്കൾ അധികാരത്തിന്റെ അപ്പക്കഷണങ്ങൾ പങ്കിടാൻ അവരോടൊപ്പം സാമൂഹികരംഗത്തുനിന്നും പിൻവാങ്ങി.
അതിന്റെ ഫലമായി എല്ലാ വിഭാഗങ്ങളിലെയും പുരോഗമനേച്ഛുക്കളെ ഒന്നിപ്പിച്ച നവോത്ഥാന കൂട്ടായ്മ തകർന്നു. ഫ്യൂഡൽ മാനസികാവസ്ഥയിൽനിന്നും മോചനം കിട്ടിയിട്ടില്ലാത്ത മധ്യവർഗം രാഷ്ട്രീയ സാമ്പത്തിക സാമൂഹിക മേഖലകളിൽ ആധിപത്യമുറപ്പിച്ചു.’’ (‘കറുത്തവർ കൈകോർക്കുമ്പോൾ’ എന്ന ലേഖനം)
നവോത്ഥാന ആധുനികത നവീകരണക്ഷമമാകുന്നത് കേരളത്തിൽ എൺപതുകളുടെ ഒടുക്കത്തോടെ ഉയർന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളിലൂടെയാണ്. മുഖ്യധാര ഇടതുപക്ഷം കൈവശാവകാശംപോലെ സംരക്ഷിച്ചുവെച്ച നവോത്ഥാനം മുരടിച്ചുപോവുകയും വെറും വായ്ത്താരികളായി രൂപാന്തരപ്പെടുകയും ചെയ്തു. നവസാമൂഹിക മുന്നേറ്റത്തിന്റെ ഉറവിടം നവോത്ഥാനത്തിന്റെ സവിശേഷതപോലെതന്നെ സാമൂഹികശ്രേണിയുടെ കീഴ്ത്തട്ടിൽനിന്നാണ്. കേരളത്തിന്റെ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ അറുപതുകൾക്കുശേഷം സംഭവിച്ച മധ്യവർഗവത്കരണം പുറന്തള്ളിയ ജനവിഭാഗങ്ങൾ സ്വയം സംഘടിച്ച് തിരിച്ചുവരുകയായിരുന്നു. സെക്രേട്ടറിയറ്റിന്റെ മുന്നിലെ ആദിവാസികളുടെ കുടിൽകെട്ടിയുള്ള സമരവും മുത്തങ്ങയും പിന്നീട് ചെങ്ങറയുമൊക്കെ ഈ മാറ്റത്തെ പ്രകടമാക്കുന്നു. വലതും ഇടതും ഒരേപോലെ എതിർത്തും ഭരണകൂട ഉപായങ്ങളിലൂടെയും മറ്റും ഈ മുന്നേറ്റത്തിനു തടയിടാൻ കിണഞ്ഞു പരിശ്രമിച്ചു എന്നതും വാസ്തവമാണ്. ഇന്റലക്ച്വൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അടിസ്ഥാന ജനവിഭാഗത്തിന്റെ മുന്നേറ്റത്തിനൊപ്പം നിൽക്കുക എന്നത് മാത്രമല്ല പുതിയൊരു സാമൂഹിക ജ്ഞാനസൃഷ്ടിക്ക് ഹേതുവാകുന്ന വിധത്തിലുള്ള സജീവമായ ഇടപെടലുകളാണ് ബി.ആർ.പി. ഭാസ്കർ നിർവഹിച്ചത്.
ജൈവികമായ ധൈഷണിക പ്രവർത്തനത്തെ പരമ്പരാഗത ബൗദ്ധിക വ്യായാമത്തിൽനിന്ന് വേർതിരിക്കുന്നത് ഇടപെടുന്ന മൂർത്തമായ ചരിത്രനിമിഷത്തിൽ ആധിപത്യം വഹിക്കുന്ന ആശയങ്ങളുടെ സംരക്ഷകരായി അധികാരത്തിന്റെ ഗുണഭോക്താക്കളായിരിക്കുകയാണോ അതോ വിമത രാഷ്ട്രീയത്തെ മുൻനിർത്തി പുതിയ സാമൂഹികതയെ വിഭാവനം ചെയ്യുകയാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. ചില ആക്ടിവിസ്റ്റുകളെപോലെ രക്ഷാകർതൃത്വ ഭാവത്തിൽ മർദിതരും ചൂഷിതരും വികസനങ്ങൾക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരും ഓരങ്ങളിലേക്ക് തള്ളപ്പെട്ടവരോടൊപ്പം നിൽക്കുന്നത് വ്യാജമായ ധൈഷണികതയാണ്. പുതുസമൂഹത്തിന്റെ ആവിർഭാവത്തിനു നിദാനമാകുന്ന സാമൂഹിക രാഷ്ട്രീയ ശക്തികളുടെ കൂടെ പങ്കാളിയാവുക എന്നതാണ് ബി.ആർ.പിയിൽ കാണുന്ന സമീപനം. ശ്രേണീരഹിതമായ പങ്കുചേരലാണിത്. ഒരുപേക്ഷ, ഉള്ളിലെ കുനിഷ്ടമായ ശ്രേണീബോധത്തിന്റെ നിവാരണം ആവശ്യമാണ് ഈ സമീപനത്തെ ഉൾക്കൊള്ളാൻ.
സ്വതന്ത്ര ധൈഷണികത
അധികാരത്തോട് സത്യം വിളിച്ചുപറയുകയെന്നതാണ് ധൈഷണിക സത്യസന്ധതയുടെ പ്രഥമപാഠം. അധികാരമെന്നത് പ്രധാനമായും രാഷ്ട്രീയ അധികാരംതന്നെ. സമുദായിക-മതശക്തികളും കോർപറേറ്റുകളും മാധ്യമസ്ഥാപനങ്ങളും ഉൾപ്പെടെ മറ്റനേക അധികാരകേന്ദ്രങ്ങളുമുണ്ട്. ഈ അധികാര കേന്ദ്രങ്ങളുടെ പ്രതിപക്ഷത്തു നിലയുറപ്പിക്കുക എന്നത് ഒരഗാധ കയത്തിലേക്ക് (abyss) പതിക്കുന്ന അവസ്ഥയായിരിക്കും ചിലപ്പോൾ സൃഷ്ടിക്കുക. പ്രതിപക്ഷ ശബ്ദം ഒരു മനുഷ്യനും കേൾക്കാൻ പോകുന്നില്ല. അതുകൊണ്ട് അനുരഞ്ജനത്തിന്റെ മധ്യപാത സ്വീകരിക്കാൻ പലരും നിർബന്ധിതമാകുന്നു. ജനാധിപത്യം ഔപചാരികതക്കപ്പുറം വികസ്വരമായ സമൂഹങ്ങളിൽ പ്രതിപക്ഷ ശബ്ദം ബഹുമാനത്തോടെയും ഗൗരവത്തോടെയും തന്നെയാണ് കേൾക്കുക.
ധൈഷണികമായി വികസിതമായ അത്തരത്തിലുള്ള സമൂഹത്തിൽ മാത്രമേ സ്വതന്ത്രബുദ്ധിജീവി എന്ന സങ്കൽപത്തിനു പ്രാധാന്യമുള്ളൂ. ഉയർന്ന നാഗരികതയുടെ മികവുമൂല്യം പുലർത്തുന്ന സമൂഹമായിരിക്കും അത്. സ്വതന്ത്ര ബുദ്ധിജീവി ഉദാരവാദ സങ്കൽപമാണെന്നും നിഷ്പക്ഷത അരാഷ്ട്രീയ തട്ടിപ്പാണെന്നും നിരീക്ഷിക്കപ്പെടുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ വളർത്തു ബുദ്ധിജീവികളും എഴുത്തുകാരുമാണ് തങ്ങളുടെ അടിമസമാനമായ നിലനിൽപിനുള്ള ന്യായീകരണം എന്ന നിലയിലുമാണ് ഈ ആശയം പ്രചരിപ്പിച്ചത്. അസമത്വ സമൂഹങ്ങളിൽ നിഷ്പക്ഷത രാഷ്ട്രീയവും ധൈഷണികവുമായ വഞ്ചനയാണ് എന്നതിൽ സംശയമില്ല. എന്നാൽ, സ്വതന്ത്രവും ജനാധിപത്യപരവുമായ നിലപാടുകൾ വ്യാജ നിഷ്പക്ഷതയല്ല. നിരാലംബരുടെ നീതിക്കായുള്ള അവകാശത്തിനൊപ്പം നിൽക്കുക എന്നതും എന്തെങ്കിലും ഭരണാധികാര വർഗത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയകക്ഷിയുടെ കൂടെനിൽക്കുക എന്നതും രണ്ടു കാര്യമാണ്. സ്വതന്ത്രമെന്നതു independent എന്നർഥത്തിലാണ് ഇവിടെ വിവക്ഷ. കേരളത്തിന്റെ വർത്തനമാന സാഹചര്യത്തിൽ ഈ independent എന്ന നിലപാട് സ്വീകരിക്കുന്ന അപൂർവം ചില എഴുത്തുകാരിൽ ഒരാളാണ് ബി.ആർ.പി. Independent എന്നാൽ ഒരു വ്യവസ്ഥയോടും dependent അല്ല എന്നതുതന്നെ.
ബുദ്ധിജീവി എന്ന പദംതന്നെ ഇത്രമാത്രം പരിഹാസദ്യോതകമായി അല്ലെങ്കിൽ തികച്ചും ആക്ഷേപപദമായി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് കേരളമല്ലാതെ മറ്റൊരു സമൂഹവുമുണ്ടാകാനിടയില്ല. ആന്റി ഇന്റലക്ച്വലിസം (ധിഷണവിരുദ്ധത) കേരളത്തിലെ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമാണ്. ഒരുപക്ഷേ, ഇതിന്റെ ഉറവിടം എന്നുപറയുന്നത് കക്ഷി രാഷ്ട്രീയത്തിന് അധീനപ്പെടാത്ത സ്വതന്ത്ര ധൈഷണികതയോടുള്ള അത്യഗാധമായ വിദ്വേഷമാണ്.
രാഷ്ട്രീയാധികാരത്തോടു വലിയ വിനീത വിധേയത്വം പുലർത്തുന്ന സമൂഹംകൂടിയാണ് കേരളം. എഴുത്തുകാരുടെ ഷഷ്ടിപൂർത്തി മുതൽ ശതാബ്ദി പിറന്നാൾ ആഘോഷത്തിന് അധ്യക്ഷത വഹിക്കാൻ വരെ ഭരണാധികാരികൾതന്നെ വേണം. എഴുത്തുകാരന്റെ രചനകളുടെ ഒന്ന് രണ്ടു പേജുകൾതന്നെ അധികാരികൾ മറിച്ചുനോക്കണമെന്നില്ല. അറിയുന്നവർ ആരെങ്കിലും എഴുതിക്കൊടുത്ത പ്രസംഗം വായിക്കുന്ന ഭരണാധികാരിയുടെ പ്രശംസ എഴുത്തുകാരനു സാർഥകമായ അനുഭവമായിത്തീരുന്നു. മറ്റു സമൂഹങ്ങളിൽ ഇങ്ങനെ തന്നെയാണോ എന്നതിൽ സംശയമുണ്ട്. ആധുനികതയുടെ പ്രഭാവം കുറച്ചെങ്കിലും അവശേഷിക്കുന്ന പാശ്ചാത്യ സമൂഹങ്ങളിൽ എന്തായാലും അങ്ങനെയല്ല. സ്വതന്ത്രബുദ്ധിജീവി എന്ന സങ്കൽപനത്തിനു പ്രാധാന്യമുണ്ട്. ബർട്രാൻഡ് റസ്സൽ മുതൽ നോം ചോംസ്കിയും ഹേബർമാസും വരെ ഈ ഗണത്തിൽപെട്ടവരാണ്. രാഷ്ട്രീയ അധികാരത്തിന്റെ ഗുണഭോക്താവായി നിൽക്കുക എന്നത് വലിയ അംഗീകാരമായി കാണുന്ന സാംസ്കാരിക പിന്നാക്കാവസ്ഥയാണ് കേരളത്തിൽ. ഒരുപക്ഷേ, ജീവിതാനന്തരം, ആകാശത്തിലേക്കുള്ള പൊലീസ് വെടിയാണെന്നു തോന്നുന്നു മലയാളത്തിലെ എഴുത്തുകാർ ഏതു അംഗീകാരത്തേക്കാളും മുകളിലുള്ള അംഗീകാരമായി മനസ്സിലാക്കുന്നത്. സ്വതന്ത്ര ബുദ്ധിജീവി എന്ന സങ്കൽപം ഇത്തരത്തിലുള്ള സമൂഹങ്ങളിൽ അസ്വീകാര്യമായിരിക്കുന്നതിൽ എന്തിന് അത്ഭുതം?
‘ഉദാരവാദം’ എന്ന ലേബൽ ചാർത്തിക്കൊണ്ടു ‘സ്വതന്ത്ര ബുദ്ധിജീവി’ എന്ന സങ്കൽപത്തെ നിഷ്പ്രഭമാക്കിയിട്ടുമുണ്ട്. ‘ജൈവബുദ്ധിജീവി’ എന്ന ഗ്രാംഷിയൻ സങ്കൽപമാണ് ‘സ്വതന്ത്ര ബുദ്ധിജീവി’ എന്നതിനെതിരെ വ്യവഹരിക്കുന്നത്. പ്രൊപഗാൻഡയുടെ ഭാഗമായി ഭരണാധികാരികൾക്കുപോലും ചേരുംവിധം ഇതിനു വ്യാഖ്യാനം നൽകുകയുമാവാം. ഒരു ഇരുപതു വർഷത്തേക്ക് ബുദ്ധി പ്രവർത്തിക്കരുത് എന്ന കർക്കശമായ ശാസനയോടെ ഫാഷിസ്റ്റ് മുസോളിനി തടവറയിലടച്ച ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ ‘ജയിൽ കുറിപ്പുകളാ’ണ് ‘ഓർഗാനിക് ഇന്റലക്ച്വൽ’ എന്ന ആശയത്തിന്റെ ഉറവിടം. ഇതാണ് ജൈവ ബുദ്ധിജീവി എന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ഗ്രാംഷി ബുദ്ധിജീവികളെ ജൈവബുദ്ധിജീവിയെന്നും പരമ്പരാഗത ബുദ്ധിജീവിയെന്നും വേർതിരിക്കുന്നു.
എേഡ്വഡ് സൈദ് ‘ബുദ്ധിജീവികളുടെ പ്രതിനിധാന’ത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. ഗ്രാംഷിയുടെ നിരീക്ഷണത്തിൽ എല്ലാ മനുഷ്യരും ബുദ്ധിജീവികളാണ്. ബൗദ്ധിക പ്രവർത്തനത്തിലേർപ്പെട്ടവരെ ഗ്രാംഷി രണ്ടായി തിരിക്കുന്നു: ഗുരുക്കന്മാർ, പുരോഹിതന്മാർ, ഭരണാധികാരികൾ തുടങ്ങി തലമുറതലമുറയായി ഒരേ കാര്യം തുടരുന്നവരാണ് പരമ്പരാഗത ബുദ്ധിജീവികൾ. വർഗസമൂഹങ്ങളിൽ കൂടുതൽ അധികാരം കരസ്ഥമാക്കാൻ നിരാലംബർ സംഘടിക്കുകയും അവരോടൊപ്പം നിന്ന് അടിച്ചമർത്തലുകൾക്കെതിരെ വിമോചനത്തിന്റെ രാഷ്ട്രീയത്തിനായുള്ള ധൈഷണിക സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഓർഗാനിക് ഇന്റലക്ച്വൽസ്. സമകാലിക സമൂഹത്തിൽ പാർട്ടി പ്രത്യയശാസ്ത്രജ്ഞരും ഭരണനിർവഹണത്തിന്റെയും അടിസ്ഥാന സൗകര്യവികസന പ്രവർത്തനത്തിന്റെയും ആശയങ്ങളുടെ പ്രചാരകരായ ആചാര്യസ്ഥാനമുള്ളവരുമൊക്കെ തന്നെ ഗ്രാംഷിയുടെ സങ്കൽപത്തിലെ പരമ്പരാഗത ബുദ്ധിജീവികളാണ്. അവർ അധികാരവ്യവസ്ഥയുടെ പ്രതിരോധകരാണ്. സാമൂഹികമായ വ്യവസ്ഥാപിതത്വങ്ങളെയും അതിന്റെ സ്ഥാപന ഘടനകളെയും മാറ്റങ്ങളിൽനിന്ന് പ്രതിരോധിച്ചുനിർത്തുക എന്നതാണ് അവരിൽ അർപ്പിതമായ ഉത്തരവാദിത്തം. പരമ്പരാഗത ബുദ്ധിജീവികൾക്ക് അനുയോജ്യമായ നാമകരണം വ്യവസ്ഥയുടെ സംരക്ഷകർ എന്നനിലയിൽ ജൈവരാഷ്ട്രീയ പ്രഫഷനലുകൾ എന്നാണ് (bio political professionals).
സമകാലിക സമൂഹത്തിൽ ‘ജൈവബുദ്ധിജീവികൾ’ നിർവഹിക്കുന്ന പ്രവർത്തനത്തെ എേഡ്വഡ് സൈദ് വിമർശിക്കുന്നുണ്ട്. ഈ വിമർശനത്തെ മുൻനിർത്തിയാണ് ‘ബയോപൊളിറ്റിക്കൽ പ്രഫഷനൽസ്’ എന്ന് ഇവിടെ വിളിച്ചിരിക്കുന്നത്. എേഡ്വഡ് സൈദിന്റെ വിമർശനം ഇപ്രകാരമാണ്: ‘‘വർത്തമാനകാലത്തിലെ പരസ്യ നിർമാതാവോ പബ്ലിക് റിലേഷൻസ് വിദഗ്ധനോ ഗ്രാംഷിയുടെ ഓർഗാനിക് ബുദ്ധിജീവി എന്ന സങ്കൽപത്തിനു യോഗ്യമായിരിക്കും. കാരണം, അയാൾ പ്രചാരണമേറ്റെടുത്തിരിക്കുന്ന സോപ്പ് നിർമാണ കമ്പനിയുടെയോ അല്ലെങ്കിൽ വിമാന കമ്പനിയുടെയോവിപണിയിലെ സ്വാധീനം വർധിപ്പിക്കാനുള്ള അയാളുടെ ഉപായങ്ങൾ ഫലപ്രദമായി തന്നെ അയാൾക്ക് നടപ്പാക്കാൻ കഴിയുന്നു.
ഒരു ജനാധിപത്യ സമൂഹത്തിൽ അത്തരത്തിലുള്ള വിദഗ്ധർക്കു സാധ്യതയുള്ള ഉപഭോക്താവിന്റെ അഭിപ്രായത്തെ ഉൽപന്നത്തിനു അനുകൂലമായി സ്വരൂപിക്കാൻ കഴിയുന്നു. ജൈവ ബുദ്ധിജീവികൾ സമൂഹത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് ഗ്രാംഷി വിശ്വസിച്ചു. മനസ്സ് മാറ്റാനും വിപണി വികസിപ്പിക്കാനും അവർ നിരന്തരം പോരാടുന്നു. അധ്യാപകരിൽനിന്നും പുരോഹിതന്മാരിൽനിന്നും വ്യത്യസ്തമായി, വർഷാവർഷം ഒരേതരത്തിലുള്ള ജോലികൾ ചെയ്യുന്നതിനു പകരം ജൈവബുദ്ധിജീവികൾ എപ്പോഴും ചലനാത്മകമായ പ്രവർത്തനത്തിലാണ്.’’ എേഡ്വഡ് സൈദിന്റെ ഈ കാഴ്ചപ്പാട് സ്വീകരിക്കുകയാണെങ്കിൽ സൈബർ സമൂഹം മുഴുക്കെ ജൈവബുദ്ധിജീവികളാണ്. ചർച്ച കാപ്സ്യൂൾ നിർമാതാക്കൾ മുതൽ ഇൻഫ്ലുവൻസേഴ്സായി സ്വയം കരുതുന്ന സോഷ്യൽ മീഡിയ സ്പെഷൽ കറസ്പോണ്ടന്റ് വരെ ജൈവബുദ്ധിജീവികളാണ്.
സമവായം രൂപപ്പെടുത്തലാണ് ഇവരിൽ അർപ്പിതമായ ഉത്തരവാദിത്തം. അനുനയവും ആൾക്കൂട്ടത്തെ ചേർത്തുകൊണ്ടുള്ള അതിക്രമവും സമവായത്തിനായി ഇവർ ഉപയുക്തമാക്കുന്നു. സ്വയം സന്നദ്ധപ്രവർത്തനം എന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും പലമട്ടിലുള്ള സാമ്പത്തിക പിന്തുണയും അവർ ആർജിക്കുന്നുണ്ട്. തികഞ്ഞ പ്രഫഷനലിസം ഈ പ്രവർത്തനങ്ങളിൽ ഇവർ പ്രകടമാക്കുന്നുവെന്നുള്ളത് യാഥാർഥ്യമാണ്. എേഡ്വഡ് സൈദ് ബൗദ്ധിക പ്രവർത്തനത്തിന്റെ ഇത്തരത്തിലുള്ള പ്രഫഷനൽവത്കരണത്തിന്റെ അപകടം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതിനു ബദലായി ‘അമച്വർഷിപ്പിനെ’യാണ് മാതൃകയായി മുന്നോട്ടുവെക്കുന്നത്. സൈദ് പറയുന്നത്: ‘പ്രഫഷനലിസംകൊണ്ട് ഞാൻ അർഥമാക്കുന്നത്, ഒമ്പതു മുതൽ അഞ്ച് വരെ മണിക്കൂറുകൾക്കിടയിൽ ഒരു ക്ലോക്കിൽ കണ്ണുവെച്ച്, ഉപജീവനത്തിനായി ചെയ്യുന്നതുപോലെ ബൗദ്ധികമായി ജോലിയിൽ വ്യാപൃതനാവുക എന്ന പ്രവർത്തനരീതിയെയാണ്.
പെരുമാറ്റമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വഞ്ചിയെ കുലുക്കാതിരിക്കുക, അംഗീകൃത മാതൃകകൾ അല്ലെങ്കിൽ പരിധികൾക്കപ്പുറത്തേക്ക് പോകാതിരിക്കുക, എല്ലാറ്റിനുമുപരിയായി വിപണനയോഗ്യമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുക എന്നതാണ്. ഇതിനു പുറമെ, ചുമ്മാ രാഷ്ട്രീയമാണെന്നും ഫാഷിസ്റ്റ് വിരുദ്ധമെന്നുള്ള ഭാവത്തിലും വിവാദരഹിതമായി സൂക്ഷിച്ചും കണ്ടും സമവായമൊപ്പിച്ചും ചിന്തയെ പ്രദർശനവസ്തുവാക്കുക എന്നതും ഇതിന്റെ ഭാഗമാണ്. ഏതു വിഷയത്തെക്കുറിച്ചും ഏതു ചിന്തകനെക്കുറിച്ചും ഏതു സമയവും ‘ചാറ്റ്ബോട്ട്’ പോലെ ആധാരങ്ങൾ (documents), ഇത്തരം കരിയർ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രഫഷനലുകൾക്ക് സാധ്യമാകുന്നു.
നേരത്തേ സൂചിപ്പിച്ചപോലെ, കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളത്തിൽ മനുഷ്യാവകാശവിഷയങ്ങളെ മുൻനിർത്തി എഴുതുന്ന കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ സക്രിയമായി ഇടപെടുന്ന ബി.ആർ.പിയുടെ അച്ചടിച്ച പുസ്തകങ്ങൾ മൂന്ന് എണ്ണം മാത്രം. നമ്മുടെ തന്ത്രശാലികളായ അർധ അക്കാദമിക് ബുദ്ധിജീവികളെ പോലെ ‘തുലനാത്മക’ രീതി പിന്തുടർന്നുകൊണ്ട് ആരെയും പിണക്കരുത് എന്ന ബോധ്യത്തോടെ ബി.ആർ.പി ഒരു വിഷയത്തിലും ഇടപെടുകയുണ്ടായിട്ടില്ല. എേഡ്വഡ് സൈദ് മുന്നോട്ടുവെക്കുന്ന ‘അമച്വർ ബുദ്ധിജീവി’ എന്ന സങ്കൽപനംവെച്ചു ബി.ആർ.പിയുടെ പ്രവർത്തനങ്ങളെ വിശദീകരിക്കാനാകും. സൈദ് പറയുന്നത് ലാഭംകൊണ്ടോ പ്രതിഫലംകൊണ്ടോ അല്ല, മറിച്ച് സ്നേഹംകൊണ്ടു മാത്രം വേർതിരിക്കുന്ന രേഖകൾക്കും തടസ്സങ്ങൾക്കും കുറുകെ ബന്ധങ്ങൾ ഉണ്ടാക്കുന്നതിലുള്ള അടങ്ങാത്ത താൽപര്യവുമാണ് അമച്വറിസത്തെ നിർണയിക്കുന്നത് എന്നാണ്.
ആശയങ്ങളും മൂല്യങ്ങളും പരിപാലിക്കുന്നതിനായി സവിശേഷ മേഖലയിൽ ഒതുങ്ങിനിൽക്കാൻ അവർ വിസമ്മതിക്കുന്നു. വാസ്തവത്തിൽ അവരുടെ തൊഴിൽപരമായ നിബന്ധനകൾ അതിവർത്തിച്ചാണ് ഇവർ ഈ സമീപനം കൈക്കൊള്ളുന്നത്. എഡ്വേഡ് സൈദ് പറയുന്നത് ഇതാണ്: ‘‘ഇന്ന് ഒരു ബുദ്ധിജീവി ഒരു അമച്വർ ആയിരിക്കണം. സമൂഹത്തെക്കുറിച്ച് ഉത്കണ്ഠയുള്ള, ചിന്തിക്കുന്ന പൗരൻ എന്ന നിലയിൽ സാങ്കേതികവും തൊഴിൽപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രത്തിൽനിന്നു തന്നെ ധാർമിക പ്രശ്നങ്ങൾ ഉയർത്താൻ അർഹതയുണ്ടെന്ന് കരുതുന്ന വ്യക്തിയാകണം.’’
പ്രഫഷനലിസത്തിന്റെ പിടിമുറുക്കം സ്വതന്ത്രവും മൗലികവുമായ ധൈഷണിക പ്രവർത്തനത്തിന് വിഘാതമാണ്. ധൈഷണികമായ അന്വേഷണങ്ങൾ സംവാദാത്മകമാണ്. പ്രഫഷനലുകൾ അപ്പപ്പോൾ കക്ഷിരാഷ്ട്രീയപരമോ അല്ലെങ്കിൽ തങ്ങൾക്ക് ഒരു പ്രേക്ഷകവൃന്ദത്തെ ഒപ്പിച്ചുതരുന്ന സംഘടനയുടെ ആവശ്യത്തിനോ വേണ്ടിയും ആരാധകസമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള ബാധ്യതയും കാരണം ധൈഷണികമായ എന്ത് അനുരഞ്ജനത്തിനും തയാറാകും. സമൂഹമാധ്യമങ്ങളുടെ കാലത്ത് ഈ പ്രേക്ഷകവൃന്ദം വാസ്തവത്തിൽ സാമ്പത്തികസ്രോതസ്സു തന്നെയായി മാറുന്നുണ്ട്. അടച്ചിടപ്പെട്ട പ്രേക്ഷകവൃന്ദത്തെ (captive audience) സംതൃപ്തിപ്പെടുത്തുക എന്ന പരമമായ ലക്ഷ്യം ചിന്തയെതന്നെ ശോഷിപ്പിക്കുന്നു. അടച്ചിടപ്പെട്ട പ്രേക്ഷകവൃന്ദം, പ്രത്യേകിച്ചും, ഇഷ്ടപ്പെടുന്നത് പ്രഭാഷണസ്വഭാവമുള്ള വ്യവഹാരങ്ങളെയാണ്.
അയ്യപ്പപ്പണിക്കർ എലിയറ്റിന്റെ ‘തരിശുഭൂമി’യുടെ വിവർത്തനത്തിനു എഴുതിയ പിൻകുറിപ്പിൽ പ്രഭാഷണവ്യവഹാരത്തെക്കുറിച്ചെഴുതിയത് അന്നത്തേക്കാൾ നവമാധ്യമത്തിന്റെ കാലത്തായിരിക്കും പ്രസക്തി. അയ്യപ്പപ്പണിക്കർ പറയുന്നു: ‘‘പ്രഭാഷണത്തിന്റെ ശൈലി ഉപയോഗിച്ചാണ് മനുഷ്യർ പലപ്പോഴും ആത്മവഞ്ചനയും പരവഞ്ചനയും നടത്താറുള്ളത്. പൊതുപ്രസംഗവേദിയോടുള്ള അവർക്കുള്ള ആഭിമുഖ്യം ഇതിനു തെളിവുതരുന്നു.’’ ജനാധിപത്യ സംവാദരീതിയോട് ആഭിമുഖ്യമുള്ളതല്ല പ്രഭാഷണ വ്യവഹാരം എന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. എഡ്വേഡ് സൈദ് നിരീക്ഷിക്കുന്നപോലെ ശരിയായ വിധത്തിൽ ബുദ്ധിജീവി സംസാരിക്കുന്നത് ഒരു ഗവൺമെന്റിന്റെയോ ഒരു വലിയ കോർപറേഷന്റെയോ (നമ്മുടെ രാഷ്ട്രീയ സമൂഹത്തിൽ പാർട്ടികളുടെയോ) നയപരമായ ലക്ഷ്യങ്ങൾക്കോ അല്ലെങ്കിൽ സമാനചിന്താഗതിക്കാരായ പ്രഫഷനലുകളുടെ ഗിൽഡിനോ വേണ്ടിയല്ല. അയാൾ ഉദ്യോഗസ്ഥനോ ശമ്പളക്കാരനോ ആയല്ല പ്രവർത്തിക്കുന്നത്. ധാർമികതയെ ഉള്ളിൽനിന്നുതന്നെ ‘സ്വിച്ച് ഓഫ്’ ചെയ്യുന്ന അനേകഘട്ടങ്ങൾ ‘ബയോ പൊളിറ്റിക്കൽ പ്രഫഷനൽ’ ബുദ്ധിജീവികൾ പ്രകടമാക്കാറുണ്ട്. അധികാരത്തിന്റെയും അതിൽനിന്നാവിർഭൂതമാകുന്ന പ്രശംസയുടെയും പ്രലോഭനങ്ങളാണ് അന്തഃകരണത്തെ ‘സ്വിച്ച് ഓഫ് ചെയ്യാൻ’ പ്രേരിപ്പിക്കുന്ന ഘടകം.
വ്യവസ്ഥാപിത്വത്തിനു പ്രതികൂലമാകുന്ന സകല സന്ദേഹങ്ങളെയും എന്നെന്നേക്കുമായി കാശിക്ക് അയക്കാനുള്ള ഉപായവിദ്യകൾ ബുദ്ധിജീവികൾ ശീലിച്ചിട്ടുണ്ട്. അക്കാദമിക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോളജ് കലാശാല അധ്യാപകരുടെ കാര്യം പറയുകയും വേണ്ട. ചിന്തതന്നെ അത്യാപത്താണെന്നാണ് അവർ മനസ്സിലാക്കിവെച്ചിരിക്കുന്നതെന്നു തോന്നുന്നു. വൈദഗ്ധ്യത്തിന്റെ വ്യാജഭാഷണങ്ങളിൽ ഇത്തരം വൈകല്യങ്ങളെ ഒളിപ്പിക്കുന്ന പ്രവണതയും സർവസാധാരണമായിരിക്കുന്നു. ബി.ആർ.പിയുടെ സാമൂഹിക രാഷ്ട്രീയ ചിന്ത ഇതിൽനിന്ന് തീർത്തും ഭിന്നമാകുന്നു എന്നത് നമുക്ക് ബി.ആർ.പിയുടെ ധൈഷണിക ഇടപെടലുകളിൽനിന്നു വ്യക്തമാകുന്നതാണ്.
(തുടരും)