Begin typing your search above and press return to search.
proflie-avatar
Login

ഫലസ്​തീൻ!

ഫലസ്​തീൻ!
cancel

ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇൗ വെടിനിർത്തലിലേക്ക്​ ഇസ്രായേലിനെയും അമേരിക്കയെയും എത്തിച്ചത്​ എന്താണ്​? എന്താണ്​ യുദ്ധം നൽകിയ പാഠം? ഫലസ്​തീൻ പുതിയ ചരി​ത്രം രചിക്കുകയായിരുന്നോ? –മാർക്​സിസ്റ്റ്​ ചിന്തകനും എഴുത്തുകാരനുമായ ലേഖക​ന്റെ നിരീക്ഷണങ്ങൾ. ഗസ്സയെ സംബന്ധിച്ചിടത്തോളം 15 മാസം നീണ്ടുനിന്ന വംശഹത്യ തൽക്കാലം അവസാനിച്ചു. വെസ്റ്റ് ബാങ്കിൽ അത് തുടരുകയാണ്. ഗസ്സയിലെ 80 ശതമാനം കെട്ടിടങ്ങളും സയണിസ്റ്റ് ബോംബാക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ഈ ചെറിയ ഭൂപ്രദേശം 15 മാസമായി തുടർച്ചയായി ബോംബാക്രമണം നേരിടുകയായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനി ബ്രിട്ടനെതിരെ നടത്തിയ...

Your Subscription Supports Independent Journalism

View Plans
ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇൗ വെടിനിർത്തലിലേക്ക്​ ഇസ്രായേലിനെയും അമേരിക്കയെയും എത്തിച്ചത്​ എന്താണ്​? എന്താണ്​ യുദ്ധം നൽകിയ പാഠം? ഫലസ്​തീൻ പുതിയ ചരി​ത്രം രചിക്കുകയായിരുന്നോ? –മാർക്​സിസ്റ്റ്​ ചിന്തകനും എഴുത്തുകാരനുമായ ലേഖക​ന്റെ നിരീക്ഷണങ്ങൾ.

ഗസ്സയെ സംബന്ധിച്ചിടത്തോളം 15 മാസം നീണ്ടുനിന്ന വംശഹത്യ തൽക്കാലം അവസാനിച്ചു. വെസ്റ്റ് ബാങ്കിൽ അത് തുടരുകയാണ്. ഗസ്സയിലെ 80 ശതമാനം കെട്ടിടങ്ങളും സയണിസ്റ്റ് ബോംബാക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ഈ ചെറിയ ഭൂപ്രദേശം 15 മാസമായി തുടർച്ചയായി ബോംബാക്രമണം നേരിടുകയായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനി ബ്രിട്ടനെതിരെ നടത്തിയ ബോംബാക്രമണത്തേക്കാളും, ബ്രിട്ടനും അമേരിക്കയും ജർമനിയിൽ നടത്തിയതിനേക്കാളും കൂടുതലായിരുന്നു അതിന്റെ വിനാശശക്തി. അതിന്ന് ഒരു ശ്മശാനഭൂമിപോലെയായിരിക്കുന്നു. 90 ശതമാനം വീടുകളും നശിപ്പിക്കപ്പെട്ടു. 47,000 പേർ മരിച്ചതായി ഔദ്യോഗികമായി കണക്കാക്കപ്പെടുന്നു.

ആ സംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, യുദ്ധം അവസാനിച്ചതിനുശേഷം, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽനിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുകയാണ്. ഒരു ദിവസംകൊണ്ട്, റഫയിൽ മാത്രം ഏകദേശം 100 മൃതദേഹങ്ങൾ കണ്ടെത്തി. മുഴുവൻ ഗസ്സയിലും ഇത് തീർച്ചയായും ഇതിലും വളരെ കൂടുതലായിരിക്കും. കഴിഞ്ഞ വർഷം മധ്യത്തിൽതന്നെ, പ്രശസ്ത മെഡിക്കൽ പ്രസിദ്ധീകരണമായ ‘ലാൻസെറ്റ്’ കുറഞ്ഞത് 70,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കിയിരുന്നു. ഇപ്പോൾ ഇത് 80,000ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ആയിരിക്കാം.

ഹമാസിനെ നശിപ്പിക്കാനുള്ള സൈനിക നടപടിയുടെ ഭാഗമാണ് ബോംബാക്രമണം എന്ന് സയണിസ്റ്റുകൾ അവകാശപ്പെട്ടിരുന്നെങ്കിലും, കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. അത് സൈനിക നടപടിയായിരുന്നില്ല, മറിച്ച് നരഹത്യയായിരുന്നെന്ന് വ്യക്തമാണ്. വംശഹത്യ. ലോകമെമ്പാടും അങ്ങനെയാണ് അത് കരുതുന്നത്. ഗസ്സയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും അവരുടെ വീടുകളിൽനിന്ന് ബലമായി കുടിയിറക്കപ്പെട്ടു. ഇതായിരുന്നു ഗസ്സയിലെ ഫലസ്തീനികൾ 15 മാസക്കാലം അനുഭവിക്കേണ്ടിവന്ന ഭയാനകമായ ആക്രമണം.

പക്ഷേ, ആദ്യത്തെ മൂന്ന് ഇസ്രായേലി തടവുകാരെ മോചിപ്പിച്ച വേളയിൽ നമ്മൾ എന്താണ് കണ്ടത്? അവരെ റെഡ് ക്രോസിന് കൈമാറിയപ്പോൾ? വടക്കൻ ഗസ്സയിൽ സയണിസ്റ്റുകൾ പൂർണമായും നശിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ഹമാസ് പോരാളികളുടെ സാന്നിധ്യത്തിലാണ് ഇത് നടത്തിയത്. ഒന്നോ രണ്ടോ അല്ല, നൂറുകണക്കിന് ഹമാസ് പോരാളികൾ ആയുധങ്ങളുമായി അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആളുകൾ അവരെ ആഘോഷത്തോടെ സ്വീകരിച്ചത് കണ്ടു.

ആ തടവുകാർ ആരോഗ്യവതികളായിരുന്നു. മോചിതരായ ഉടൻതന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് സയണിസ്റ്റുകൾ പറഞ്ഞിരുന്നു. എന്നാൽ, അവർ അവിടെ എത്തിയപ്പോൾ, അത് അടിയന്തരമായി ചെയ്യേണ്ട കാര്യമല്ലെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചു. അവർ പൂർണ ആരോഗ്യമുള്ളവരായിരുന്നതിനാൽ അവർക്ക് അവരുടെ കുടുംബത്തോടൊപ്പം കഴിയാൻ അവസരം നൽകി. അതിനുശേഷം മാത്രമാണ് പതിവ് പരിശോധനകൾക്കായി അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അന്നുതന്നെ സയണിസ്റ്റുകളുടെ തടവറകളിൽനിന്ന് 90 ഫലസ്തീനികളെ മോചിപ്പിച്ചു. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ. പക്ഷേ ഭയാനകമായ അവസ്ഥയിലാണ് അവർ തിരിച്ചെത്തിയത്. പൂർണ ആരോഗ്യത്തോടെ കൊണ്ടുപോയവർ ദുർബലരും മെലിഞ്ഞവരും നരച്ച മുടിയുള്ളവരുമായി തിരിച്ചെത്തിയത് നമ്മൾ കണ്ടു. തടവിൽ ​െവച്ച് അവരെ വളരെയധികം പീഡിപ്പിച്ചിരുന്നു. അവസാന ദിവസംപോലും, അവരെ മോചിപ്പിച്ച ദിവസംപോലും, സയണിസ്റ്റ് കാവൽക്കാർ വളരെ ക്രൂരമായ രീതിയിലാണ് അവരോട് പെരുമാറിയത്.

 

മനുഷ്യത്വരഹിതമായ ഭീകരപ്രവർത്തനമായി ഫലസ്തീനികളുടെ സായുധ പ്രതിരോധത്തെ സാമ്രാജ്യത്വ മാധ്യമങ്ങൾ ആക്രമിക്കുന്നു. സയണിസ്റ്റ് രാഷ്ട്രത്തെ ഒരു ജനാധിപത്യ രാഷ്ട്രമായി ചിത്രീകരിക്കുന്നു. എന്നിരുന്നാലും, തടവിലാക്കിയവരോട് ഇരുകൂട്ടരും പെരുമാറിയ രീതിയിൽനിന്ന് ഈ ശക്തികളുടെ യഥാർഥ സ്വഭാവം നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

ഒക്ടോബർ 7ന് ശേഷം ഗസ്സക്കെതിരെ സയണിസ്റ്റുകൾ ഒരു സമഗ്രയുദ്ധം ആരംഭിച്ചപ്പോൾ, രണ്ട് പ്രധാന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഒന്ന്, ഹമാസിനെയും ഫലസ്തീനിലെ എല്ലാ സായുധ സംഘടനകളെയും പൂർണമായും തുടച്ചുനീക്കുക. രണ്ടാമത്, ഒക്ടോബർ 7ലെ ആക്രമണത്തിനുശേഷം ബന്ദികളാക്കപ്പെട്ടവരെ രക്ഷിക്കുക. ഈ രണ്ട് ലക്ഷ്യങ്ങളിലും അവർ പൂർണമായും പരാജയപ്പെട്ടു. ഇന്ന്, ഇസ്രായേലിലെ മാധ്യമങ്ങളിൽ ഇത് ഒരു വലിയ ചർച്ചാവിഷയമാണ്. ഇസ്രായേൽ ആദ്യമായി ഒരു യുദ്ധത്തിൽ പരാജയപ്പെട്ടുവെന്ന് അവർ പരസ്യമായി സമ്മതിക്കുന്നു. മുൻ സയണിസ്റ്റ് സായുധസേനാ കമാൻഡർമാരും പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും അതാണ് പറയുന്നത്. നിഷേധിക്കാനാവാത്ത വസ്തുതയാണ് അത്. കാരണം ആ രണ്ട് ലക്ഷ്യങ്ങളും നേടാനായിട്ടില്ല. അവ നേടിയെടുക്കാതെ വെടിനിർത്തലിന് സമ്മതിക്കാൻ അവർ നിർബന്ധിതരായി.

ബൈഡൻ അവകാശപ്പെട്ടതുപോലെ, കഴിഞ്ഞ വർഷം മേയിൽ നിർദേശിച്ചതിന് സമാനമാണ് ഈ വെടിനിർത്തൽ. സയണിസ്റ്റുകൾക്ക് അന്ന് അസ്വീകാര്യമായ ഒരു കാര്യം ഇപ്പോൾ എങ്ങനെ, എന്തുകൊണ്ട് സ്വീകാര്യമായി? ട്രംപിന്റെ നിർബന്ധംമൂലമാണ് അത് സംഭവിച്ചതെന്ന് പലരും പറയുന്നു. നിർബന്ധം ഉണ്ടായിരുന്നു. പക്ഷേ, അതായിരുന്നില്ല പ്രധാന ഘടകം. യുദ്ധലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടതാണ് പ്രധാന കാരണം. അത് ഉടനെയൊന്നും നേടാനാവില്ലെന്നും അവർക്ക് ബോധ്യമായി. വെടിനിർത്തൽ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇസ്രായേലിലെ നിരവധി പ്രധാന പത്രങ്ങൾ ഇത് സൂചിപ്പിക്കുന്ന വളരെ പ്രസക്തമായ ഒരു കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

വടക്കൻ ഗസ്സയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട പോരാളികൾക്ക് പകരക്കാരെ കണ്ടെത്തുന്നതിൽ ഹമാസ് വിജയിച്ചുവെന്ന് അവ റിപ്പോർട്ട് ചെയ്തു. യഹ്‌യ സിനവാറിന്റെ സഹോദരനാണ് പോരാളികളെ നയിക്കുന്നതെന്നും ആക്രമണങ്ങൾ തുടരുകയാണെന്നും അവ വ്യക്തമാക്കി. പിന്നീട്, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒരു വാർത്തസമ്മേളനത്തിൽ ഇത് പരസ്യമായി സമ്മതിച്ചു. വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ ഒരു ദീർഘകാല ഒളിപ്പോർ യുദ്ധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ചില കണക്കുകൾ നോക്കൂ. ജനുവരിയിൽതന്നെ, അതായത് വെടിനിർത്തൽ നിലവിൽ വന്ന 15ാം തീയതി വരെ, കമാൻഡർമാർ ഉൾപ്പെടെ ഏകദേശം 30 സയണിസ്റ്റ് സൈനികരെ ഫലസ്തീൻ ഗറിലകൾ തുടച്ചുനീക്കി. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി ടാങ്കുകളും സൈനിക വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. ഇതെല്ലാം 15 ദിവസത്തിനുള്ളിൽ. സയണിസ്റ്റുകൾ പൂർണ ഉപരോധം ഏർപ്പെടുത്തിയ വടക്കൻ ഗസ്സയിലായിരുന്നു ഇത്. ഹമാസ് പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അവരുടെ തുരങ്കങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും അവർ അവകാശപ്പെട്ടിരുന്ന പ്രദേശത്ത്. ഫലസ്തീൻ പ്രതിരോധത്തിന്റെ കനത്ത പ്രഹരങ്ങളുടെ സ്വഭാവം ഇത് സൂചിപ്പിക്കുന്നു. സയണിസ്റ്റുകൾ വെടിനിർത്തൽ നിർദേശം ഇപ്പോൾ അംഗീകരിച്ചതിന്റെ കാരണവും അതിൽനിന്ന് വ്യക്തമാകും. എന്നാൽ, എന്തുകൊണ്ടാണ് കഴിഞ്ഞ മേയ് മാസത്തിൽ ഇത് സംഭവിക്കാതെ പോയത്?

ഹമാസിന്റെ നേതാവായ ഇസ്മായിൽ ഹനിയ്യയെയും ഹിസ്ബുല്ലയുടെ നേതാവായ ഹസൻ നസ്റുല്ലയെയും വധിക്കാനാകുമെന്ന് സയണിസ്റ്റുകൾക്ക് സൂചനകൾ ലഭിച്ചിരിക്കാം. ഉന്നത നേതാക്കളെ ഇല്ലാതാക്കുന്നതിൽ വിജയിച്ചാൽ ചെറുത്തുനിൽപ് തകരുമെന്നും യുദ്ധം ജയിക്കാൻ കഴിയുമെന്നുമുള്ള കണക്കുകൂട്ടലോടെ വെടിനിർത്തൽ വൈകിപ്പിക്കാൻ അവർ തങ്ങളെ പിന്തുണക്കുന്ന സാമ്രാജ്യത്വ ശക്തികളെ ബോധ്യപ്പെടുത്തിയിരിക്കാം. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കളെ കൊല്ലുന്നതിൽ അവർ വിജയിച്ചു. ലബനാനിൽ വെടിനിർത്തൽ നടപ്പാക്കാനുമായി. അങ്ങനെ അവരുടെ വടക്കൻ അതിർത്തിയിൽ അയവ് വരുത്തി. എന്നാൽ, ഇതൊക്കെയാണെങ്കിലും ഫലസ്തീനിലെ സായുധ പ്രതിരോധം അവസാനിച്ചില്ല.

 

ഗസ്സയിലെ ഒരു കാഴ്​ച

ജനങ്ങളുമായി അവിഭാജ്യമായ ബന്ധമുള്ള ഒരു ശക്തിയെ, മാവോ സെ തുങ് പഠിപ്പിച്ചതുപോലെ വെള്ളത്തിൽ മത്സ്യംപോലെയുള്ള ഒരു ശക്തിയെ, നശിപ്പിക്കാൻ കഴിയില്ല. ഫലസ്തീൻ പ്രതിരോധത്തിന്റെ ഇപ്പോഴത്തെ അനുഭവം ഈ ചരിത്രപാഠത്തെ വീണ്ടും സ്ഥിരീകരിക്കുന്നു. ഹമാസിനെ നശിപ്പിക്കാൻ കഴിയില്ല, അത് ഒരു ആശയമാണ് എന്ന്് സയണിസ്റ്റ് സൈന്യത്തിന്റെ വക്താവ് തന്നെ മുമ്പ് സമ്മതിച്ചതാണ്. 2024 മേയ് മാസത്തിലെ വെടിനിർത്തൽ ചർച്ചകൾക്കിടെയാണ് ഇതു പറഞ്ഞത്. അത് സത്യമായി തുടരുന്നു. സായുധ പോരാളികളുടെ മാത്രമല്ല, ഫലസ്തീൻ ജനതയുടെ മനോവീര്യം, സാധാരണ ഫലസ്തീനികളുടെ മനോവീര്യം, ഇന്നും ശക്തമാണ്. അവർക്ക് അനുഭവിക്കേണ്ടിവന്ന നരകതുല്യമായ ആക്രമണങ്ങൾക്കിടയിലും അവർ എക്കാലത്തെയുംപോലെ ദൃഢനിശ്ചയമുള്ളവരാണ്. സയണിസ്റ്റുകൾക്ക് അത് തകർക്കാൻ കഴിഞ്ഞിട്ടില്ല. അതിനെ സ്പർശിക്കാൻപോലും കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളിൽനിന്ന് ഇത് നമ്മൾ കാണുന്നു.

തങ്ങൾ വളർത്തിയ ചെടികൾക്ക് നനക്കാൻ ബോംബിട്ട് നശിപ്പിച്ച വീടുകളിലേക്ക് പോകുന്നവർ. ഒന്നോർത്ത് നോക്കൂ. ചുറ്റും ബോംബാക്രമണം നടക്കുകയാണ്. ഏത് നിമിഷവും നിങ്ങൾ ചിന്നിച്ചിതറാം. അല്ലെങ്കിൽ എവിടെയെങ്കിലും ഒളിച്ചിരിക്കുന്ന ഒരു സയണിസ്റ്റ് സ്‌നൈപ്പർ നിങ്ങളെ വീഴ്ത്താം. പക്ഷേ ചെടികളെ നനച്ചേ പറ്റൂ! തകർന്ന ടെറസ് ഒരു സ്ലൈഡായി ഉപയോഗിക്കുന്ന കുട്ടികളെ നാം കണ്ടു. കുട്ടികൾ അവരുടെ ഊഴത്തിനായി ക്യൂവിൽ നിൽക്കുകയാണ്. അത് അപകടകരമല്ലേ എന്ന് ചോദ്യത്തിന് ‘‘ഞങ്ങളുടെ കളിസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടു. അപ്പോൾ പിന്നെ ഇതല്ലേ പറ്റൂ’’ എന്നായിരുന്നു അവരുടെ മറുപടി.

അതാണ് അവരുടെ മനോഭാവം. സാഹചര്യം എത്ര മോശമാണെങ്കിലും, നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ അതിനെ മാറ്റുക. നിങ്ങളുടെ സന്തോഷം കവർന്നെടുക്കാൻ അവരെ അനുവദിക്കരുത്. അതിനെ നേരിടുകയും കൈകാര്യംചെയ്യുകയും വേണം. കുട്ടികളുടെപോലും ഈ മാനസികാവസ്ഥ, ഈ മനോവീര്യം, ഇതാണ് ഫലസ്തീൻ പോരാളികൾക്ക് ശക്തിനൽകിയത്. ഇതാണ് സായുധ പ്രതിരോധത്തിൽ അവരെ ദൃഢനിശ്ചയമുള്ളവരുമാക്കിയത്. അവരുടെ ആശയശാസ്ത്രപരമായ ബോധ്യങ്ങളുടെയും തയാറെടുപ്പുകളുടെയും ആസൂത്രണത്തിന്റെയും വളരെ പ്രധാനപ്പെട്ട പങ്ക് അവഗണിക്കുകയല്ല. അതില്ലായിരുന്നെങ്കിൽ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എന്തിനാണ് ട്രംപ് ഇപ്പോൾ തിടുക്കം കാണിക്കുന്നത്? യുദ്ധം ഉടനടി നിർത്തണമെന്ന് പ്രഖ്യാപിച്ചതിന്റെ കാര്യമെന്തായിരുന്നു? ഫലസ്തീനെക്കാൾ, ഈ പ്രശ്നത്തെ ഒരു ആഗോള വീക്ഷണകോണിൽനിന്ന് നോക്കിക്കണ്ടു എന്നാണ് എനിക്ക് തോന്നുന്നത്. ട്രംപിനെ സംബന്ധിച്ചിടത്തോളം, അമേരിക്കൻ ഭരണവർഗത്തെ സംബന്ധിച്ചിടത്തോളം, ചൈനയാണ് പ്രധാന പ്രശ്നം. ചൈനീസ് സാമ്രാജ്യത്വത്തിന്റെ വളർച്ച, ഒരു വൻശക്തിയായുള്ള അതിന്റെ പരിവർത്തനം, അതിന്റെ സൈനിക ശക്തി, അതിന്റെ സാങ്കേതിക പുരോഗതി, ഇതെല്ലാം ഒരു വലിയ ഭീഷണിയാണ്.

ഇതിനെ എങ്ങനെ നേരിടാം, എങ്ങനെ പരാജയപ്പെടുത്താം, യു.എസ് മേധാവിത്വം എങ്ങനെ ഉറപ്പാക്കാം, ഇതാണ് അമേരിക്കൻ ഭരണവർഗത്തിന്റെ മുന്നിലുള്ള വിഷയം. ബൈഡനും ഈ വെല്ലുവിളിയെ അഭിമുഖീകരിച്ചെങ്കിലും അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഇതിലുള്ള പൂർണ ശ്രദ്ധയാണ് ട്രംപിന്റെ വ്യതിരിക്ത സ്വഭാവം. അതുകൊണ്ടാണ് അമേരിക്കൻ ഭരണവർഗം ട്രംപിനെ വളരെയധികം പിന്തുണച്ചത്.

 

അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇ​​സ്രായേൽ പ്രസിഡന്റ് നെതന്യാഹുവും

ഫലസ്തീൻ പ്രശ്നത്തെ സംബന്ധിച്ചിടത്തോളം, ചൈന ചിലതെല്ലാം നേടിയിട്ടുണ്ട്, നയതന്ത്രത്തിലൂടെ. നിലവിൽ മറ്റ് തരത്തിലുള്ള ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല. ഒരുവശത്ത്, സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് അത് മധ്യസ്ഥത വഹിച്ചു. അവരുടെ ശത്രുത അവസാനിച്ചു. സൈനിക കാര്യങ്ങളിൽപോലും അവർ സഹകരിക്കാൻ തുടങ്ങിയിരിക്കുന്നു. പശ്ചിമേഷ്യയിലെ യു.എസ് നീക്കങ്ങളുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്ന് ഇറാനെ ഒറ്റപ്പെടുത്തുക എന്നതാണ്. ആ മേഖലയിൽ സൗദി രാജാധിപത്യത്തിന്റെ പങ്ക് വർധിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ ഈ പുതിയ സംഭവവികാസം ഈ പദ്ധതിയിൽ ഒരു വിള്ളലുണ്ടാക്കിയിട്ടുണ്ട്. അത് എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ട അവസ്ഥയില്ല. എന്നാൽ, ഇടർച്ച വ്യക്തമാണ്.

മറുവശത്ത്, ഫലസ്തീനിലെ എല്ലാ പോരാട്ട സംഘടനകളുടെയും പ്രതിനിധികൾ ബെയ്ജിങ്ങിലേക്ക് പോയി ഗസ്സയിലെ, ഫലസ്തീനിലെ, ഭാവി സർക്കാരിനെക്കുറിച്ച് ഒരു കരാറിലെത്തി. ഒരു ദേശീയ ഐക്യ സർക്കാർ രൂപവത്കരിക്കണം. എല്ലാവരും അതിൽ പങ്കെടുക്കണം. ഇതാണ് അവർ തീരുമാനിച്ചത്. ഇത് ബെയ്ജിങ് പ്രഖ്യാപനം എന്നറിയപ്പെടുന്നു. ഇത് ചൈനയുടെ ഇടപെടലിലൂടെയാണ് നടന്നത്. അങ്ങനെ ചൈന പശ്ചിമേഷ്യയിലേക്ക് കടക്കുകയാണ്. ട്രംപ് ഭരണകൂടത്തിന് ഇത് ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ടാണ് വെടിനിർത്തൽ നടപ്പാക്കാൻ തിടുക്കംകൂട്ടിയത്. ഫലസ്തീൻ പ്രശ്നത്തെ ഒതുക്കി മാറ്റിയാൽ സൗദി-ഇസ്രായേൽ ബന്ധം സാധാരണനിലയിലാകാനും ചൈനീസ് മുന്നേറ്റം തടയാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.

യു.എസ് സാമ്രാജ്യത്വത്തിന്റെ കാവൽനായയായി സയണിസ്റ്റ് രാഷ്ട്രത്തെ വളർത്തുകയും നിലനിർത്തുകയുംചെയ്യുന്ന പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന് തീർച്ചയായും ഇതിനർഥമില്ല. അങ്ങനെയൊന്നും ഉണ്ടാവില്ല. അതിന്റെ ഏറ്റവും വലിയ തെളിവ് വെസ്റ്റ് ബാങ്കിൽ കാണാം. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമങ്ങളെ സയണിസ്റ്റ് കൈയേറ്റക്കാർ ആക്രമിക്കുകയാണ്. അവരുടെ സ്വത്തുക്കളും ഭൂമിയും ബലമായി പിടിച്ചെടുക്കുകയാണ്. ഈ പ്രവൃത്തികളിൽ ഏർപ്പെട്ട സയണിസ്റ്റ് കൈയേറ്റക്കാർക്കെതിരെ ബൈഡൻ ഭരണം ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കം ചെയ്തുകൊണ്ട് ട്രംപ് അവർക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നു.

 

അസദിന്റെ പതനത്തിനുശേഷം സയണിസ്റ്റുകൾ സിറിയൻ പ്രദേശം പിടിച്ചെടുത്തതിനെ ട്രംപ് പിന്തുണക്കാൻ സാധ്യതയുണ്ട്. സൈനിക ഇടപെടലിലൂടെ അവർ കുറെ ഭൂപ്രദേശം പിടിച്ചെടുത്തിട്ടുണ്ട്. ഗോലാൻ കുന്നുകളിലെ അവരുടെ കൈയടക്കലിന് അംഗീകാരം ട്രംപിന്റെ മുൻ ഭരണകാലത്ത് നൽകിയതാണ്. വെസ്റ്റ് ബാങ്കിലെ സയണിസ്റ്റ് വ്യാപനവും മിക്കവാറും അംഗീകരിക്കപ്പെടും. കടുത്ത സയണിസ്റ്റുകളെ പ്രീണിപ്പിക്കാനും വെടിനിർത്തലിനോടുള്ള അവരുടെ എതിർപ്പ് ശമിപ്പിക്കാനും ഇങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകിയിരിക്കാം.

എന്തായിരുന്നു ഈ യുദ്ധത്തിന്റെ ശ്രദ്ധേയമായ സവിശേഷതകൾ? നേരത്തേ പറഞ്ഞതുപോലെ, ജനങ്ങളുമായി അഭേദ്യ ബന്ധമുള്ള ഒരു സായുധശക്തിയെ ഇല്ലാതാക്കാൻ കഴിയില്ല. അതിന്റെ പോരാട്ടം ഇല്ലാതാക്കാൻ കഴിയില്ല. ന്യായമായ ഒരു ലക്ഷ്യത്തിനായുള്ള ഏതൊരു പോരാട്ടവും ഒടുവിൽ വിജയത്തിലേക്ക് നയിക്കും. ഈ യുദ്ധം വീണ്ടും ഇതിന് തെളിവാണ്.

രണ്ടാമതായി, ഏറ്റവും മുന്തിയ സാങ്കേതിക പരിജ്ഞാനത്തെ പോലും സാധാരണ ആയുധങ്ങൾ ഉപയോഗിച്ച്, സാധാരണക്കാരെ ആശ്രയിച്ച് പരാജയപ്പെടുത്താൻ കഴിയും. മൂന്നാമതായി, മിസൈൽ സാങ്കേതികവിദ്യപോലുള്ള ആധുനിക സാങ്കേതികവിദ്യകളെ ഒരു ചെറിയ ശക്തിക്കുപോലും കൈകാര്യംചെയ്യാനും വിന്യസിക്കാനും കഴിയും. ഫലസ്തീനികൾ മാത്രമല്ല, ചെങ്കടലിൽ യമനികളും ഇത് തെളിയിച്ചു. കോടിക്കണക്കിന് ഡോളർ ചെലവാക്കി നിർമിച്ച അമേരിക്കയുടെ വിമാനവാഹിനി കപ്പലുകൾക്ക് സാദാ ഡ്രോണുകളുടെയും മിസൈലുകളുടെയും മുന്നിൽ പിൻവാങ്ങേണ്ടിവന്നു.

സയണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം, അവർ ഇതിനകം തന്നെ രാഷ്ട്രീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ലോകത്ത് അവർ ഒറ്റപ്പെട്ടു. ഇപ്പോൾ സൈനിക പരാജയവും സംഭവിച്ചിരിക്കുന്നു. സാമ്പത്തികമായി, കാര്യങ്ങൾ മോശമായ അവസ്ഥയിലാണ്. ലബനാനിൽ വെടിനിർത്തൽ നടപ്പാക്കിയെങ്കിലും, സയണിസ്റ്റ് അധിനിവേശക്കാർ വടക്കോട്ട് മടങ്ങാൻ തയാറല്ല. കടുത്ത രാഷ്ട്രീയ ധ്രുവീകരണം അതിവേഗം വളരുകയാണ്.

പശ്ചിമേഷ്യയിലെ അജയ്യശക്തിയുടെ പ്രതിച്ഛായ, അതിന്റെ സൈനിക സാങ്കേതികവിദ്യയുടെ ശേഷിയെക്കുറിച്ചുള്ള അവകാശവാദങ്ങൾ –ഇതെല്ലാം തുറന്നുകാട്ടപ്പെട്ടു. ആത്മാഭിമാനം ഇടിഞ്ഞു. ഡ്യൂട്ടിയിൽ ചേരാൻ വിസമ്മതിക്കുന്ന റിസർവിസ്റ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ചുരുക്കത്തിൽ, രാഷ്ട്രീയമായും സൈനികമായും, എല്ലാ അർഥത്തിലും, സയണിസ്റ്റുകൾ തിരിച്ചടി നേരിട്ടു.

 

വെടിനിർത്തൽ ​​പ്രാബല്യത്തിൽ വന്നതിന്​ പിന്നാലെ ഹമാസ്​ മൂന്ന്​ ഇസ്രായേൽ ബന്ദികളെ കൈമാറുന്നു

ഫലസ്തീന്റെ ഭാവി എങ്ങനെയാകും? അധികം താമസമില്ലാതെ, അടുത്ത വർഷത്തോടെ എന്നല്ല പക്ഷേ, അധികം താമസമില്ലാതെ, ഒരു ചെറിയ പ്രദേശത്തേക്ക് മാത്രമായി പരിമിതപ്പെട്ടിട്ടാണെങ്കിലും, സയണിസ്റ്റ് രാഷ്ട്രത്തിൽനിന്ന് സ്വതന്ത്രമായ ഒരു ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കപ്പെടും. സാമ്രാജ്യത്വത്തിന്റെ പിടിയിൽനിന്ന് മോചിതമായ ഒരു രാഷ്ട്രമായിരിക്കില്ല അത്. പുനർനിർമാണത്തിന്റെ പേരിൽ, ബഹുരാഷ്ട്ര കമ്പനികൾ ഇതിനകംതന്നെ അവിടെ ഇടപെടാൻ ഒരുങ്ങുകയാണ്. ഇത് ഒരു വലിയ ബിസിനസായി മാറാൻ പോകുന്നു. അവശിഷ്ടങ്ങൾ നീക്കംചെയ്ത് പുതുതായി നിർമിക്കുക എന്നത് നല്ല ലാഭം നൽകുന്ന ഇടപാടാണ്. ദേശീയ ഐക്യ സർക്കാർ അതിന്റെ ഭാഗമാകും. ഇത് ഫലസ്തീൻ വിമോചന പോരാട്ടത്തിൽ പുതിയ സാഹചര്യം സൃഷ്ടിക്കും. അത് പുതി​െയാരു രാഷ്ട്രീയ അവബോധത്തിലേക്കും ധ്രുവീകരണത്തിലേക്കും ഒടുവിൽ ദേശീയ വിപ്ലവത്തിലേക്കും നയിക്കുമെന്ന് ഉറപ്പാണ്.

ഇന്ന് ഫലസ്തീൻ അതോറിറ്റിയുടെ (പി.എ) പേരിൽ പ്രവർത്തിക്കുന്ന പഴയ പി.എൽ.ഒയുടെ ചില അവശിഷ്ടങ്ങൾ സയണിസ്റ്റ് രാഷ്ട്രത്തിന്റെ ചട്ടുകമാണ്. അടുത്തിടെ അവർ തങ്ങളുടെ അടിമത്തവും വഞ്ചനാപരവുമായ സ്വഭാവം വീണ്ടും പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിനിൽ സയണിസ്റ്റുകൾ ആസൂത്രിതമായി ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ്, പി.എയുടെ സുരക്ഷാസേന 48 ദിവസം അവിടം ഉപരോധിച്ചു. മൂന്ന് പ്രതിരോധ പോരാളികളെ കൊന്നു. 41 പേർക്ക് പരിക്കേറ്റു. 247 പേരെ അറസ്റ്റ് ചെയ്തു. 20 വെടിക്കോപ്പ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് ആയുധങ്ങൾ കണ്ടുകെട്ടി. സയണിസ്റ്റ് സേനക്ക് ഇങ്ങനെ വഴിയൊരുക്കിയ ശേഷമാണ് അവർ പിൻവാങ്ങിയത്. അതിനാൽ, അവർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. ഭാവിയിൽ ദേശീയ ഐക്യത്തിന്റെ ഒരു സർക്കാറിൽ അവർക്ക് കാര്യമായ പങ്കുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അവർ പൂർണമായും ഒറ്റപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, പൂർണമായും പുറത്താക്കപ്പെട്ടുവെന്ന് പറയാനാവില്ല. കാരണം, അറബ് രാജ്യങ്ങൾ ഇപ്പോഴും അതിനെ പിന്തുണക്കുന്നു. എന്തായാലും, വിശ്വാസ്യതയിലുണ്ടായ കനത്ത ഇടിവ് കണക്കിലെടുക്കുമ്പോൾ, പുതിയ സർക്കാറിൽ സ്ഥാനം ലഭിച്ചാലും, അത് ചെറുതായിരിക്കും.

ലബനാനിലും ഗസ്സയിലും യു.എസ് സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തിലാണ് വെടിനിർത്തൽ നടപ്പാക്കിയത്. ലബനാനിൽ യു.എസ് അനുകൂല രാഷ്ട്രീയ ശക്തികൾ മുൻതൂക്കം നേടുന്നപോലെയുണ്ട്. സിറിയയിൽ അസദ് ഭരണത്തെ അട്ടിമറിച്ചതുമായി ബന്ധിപ്പിച്ച് ​േനാക്കുമ്പോൾ പശ്ചിമേഷ്യയിൽ യു.എസ് സാമ്രാജ്യത്വത്തിന് മുൻകൈ ലഭിച്ചതായി കാണാം. എന്നിരുന്നാലും, ആ മേഖലയിലെ അടിച്ചമർത്തപ്പെട്ട ജനതകൾക്കും രാഷ്ട്രങ്ങൾക്കും യു.എസ് സാമ്രാജ്യത്വത്തോടും സഖ്യകക്ഷികളോടുമുള്ള കടുത്ത വിരോധം ഇപ്പോഴും ശക്തമായി തുടരുന്നു. ചൈന, റഷ്യ തുടങ്ങിയ എതിരാളികളായ സാമ്രാജ്യത്വശക്തികൾ ഇത് ഉപയോഗിക്കാൻ ശ്രമിക്കും. അങ്ങനെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പശ്ചിമേഷ്യ പ്രക്ഷുബ്ധകേന്ദ്രമായി തുടരും.

News Summary - Cease fire in Gaza