കാസർകോട്ടെ കേന്ദ്ര സർവകലാശാലയെക്കുറിച്ച് ആരും മിണ്ടാത്തതെന്താണ്?; അവിടുത്തെ കാര്യങ്ങൾ സുതാര്യമാണോ?
കണ്ണൂർ അടക്കമുള്ള സർവകലാശാലകളിലെ നിയമനങ്ങളും ചട്ടങ്ങളും വിവാദമാകുേമ്പാഴും ആരും കാസർകോെട്ട കേന്ദ്ര സർവകലാശാലയെക്കുറിച്ച് പറയാറില്ല. അവിടത്തെ നിയമനങ്ങൾ എത്തരത്തിലുള്ളതാണ്?
കണ്ണൂർ സർവകലാശാലയിൽ സി.പി.എം സ്വജനപക്ഷപാതത്താൽ നടത്തിയ നിയമനം വലിയ വിവാദം ഉണർത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു മലയാളം വകുപ്പിൽ അസോസിേയറ്റ് പ്രഫസർ തസ്തികയിൽ വഴിവിട്ട് നിയമനം നൽകി, വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പിണറായിക്കൊപ്പം വൈസ് ചാൻസലറായി തുടർഭരണം ഉറപ്പിച്ചു എന്നതാണ് വിവാദത്തിന്റെ...
Your Subscription Supports Independent Journalism
View Plansകണ്ണൂർ സർവകലാശാലയിൽ സി.പി.എം സ്വജനപക്ഷപാതത്താൽ നടത്തിയ നിയമനം വലിയ വിവാദം ഉണർത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു മലയാളം വകുപ്പിൽ അസോസിേയറ്റ് പ്രഫസർ തസ്തികയിൽ വഴിവിട്ട് നിയമനം നൽകി, വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പിണറായിക്കൊപ്പം വൈസ് ചാൻസലറായി തുടർഭരണം ഉറപ്പിച്ചു എന്നതാണ് വിവാദത്തിന്റെ കാതൽ. കേരളത്തിലെ ഒരു സർവകലാശാലയിൽ നടത്തിയ ഒരു നിയമനത്തിന്റെ പേരിൽ കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവർണർ ഉയർത്തിപ്പിടിക്കുന്ന സുതാര്യത കേന്ദ്ര സർവകലാശാലയിലും ഉണ്ടാവേണ്ടതല്ലേ? കേരള കേന്ദ്ര സർവകലാശാലയിൽ നിയമനങ്ങൾ എത്രത്തോളം സുതാര്യവും അഴിമതിരഹിതവുമാണ്?
കേന്ദ്ര സർക്കാറിന്റെ അധികാരത്തിന് കീഴിലാണ് കാസർകോട് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്നത്. ആർ.എസ്.എസുകാരനാണെന്ന ഒറ്റ കാരണത്താൽ, ഏത് നൊേബൽ ജേതാവിനെയും പിന്തള്ളി ഒരു പ്രാന്തപ്രചാരകിന്റെ ശിപാർശ അംഗീകരിച്ച് നിയമിക്കാൻ കേന്ദ്ര വാഴ്സിറ്റിയുടെ ചട്ടം അവസരം നൽകുന്നുണ്ട്. വാഴ്സിറ്റി അധ്യാപക നിയമനത്തിന്റെ എൻട്രി തസ്തിക അസിസ്റ്റന്റ് പ്രഫസറാണ്. ഈ തസ്തികയിൽ കയറുന്നവരാണ് പിന്നീട് അസോ. പ്രഫസർ, പ്രഫസർ, വൈസ് ചാൻസലർ, പ്രൊ-വൈസ് ചാൻസലർ എന്നീ പദവികളിലേക്ക് കയറുന്നത്. എങ്ങനെയാണ് എൻട്രി തസ്തികയിലേക്ക് എത്തുന്നത് എന്ന് നോക്കാം. 2018ൽ ഇറങ്ങിയ യു.ജി.സി റെഗുലേഷൻസ് ആക്ട് പ്രകാരം അസി. പ്രഫസർമാരുടെ നേരിട്ടുള്ള നിയമനത്തിനുള്ള അപേക്ഷകരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് തയാറാക്കിയാൽ ഇന്റർവ്യൂ ബോർഡിനു 100 ശതമാനം വെയിറ്റേജ് നൽകാം (യു.ജി.സി റെഗുലേഷൻസ് 4.1). അതായത്, മാർക്ക് ഇഷ്ടദാനം നടത്താൻ 'കേരള'ത്തിൽ മാത്രമല്ല; കേന്ദ്രസർവകലാശാലയിലും അവസരമുണ്ട് എന്ന് ചുരുക്കം. നിയമനങ്ങളെയെല്ലാം സർവകലാശാലയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകരിക്കണം. ആ കൗൺസിൽ നിയമനങ്ങൾ സംബന്ധിച്ച ഒരു വിഷയവും പരിേശാധിക്കാതെ വിടുകയാണ് ചെയ്യുന്നത്. ഒരുതരം റബർസ്റ്റാമ്പ് ബോഡിയായി എക്സിക്യൂട്ടിവ് കൗൺസിൽ മാറിയിട്ടുണ്ട്. വേണമെങ്കിൽ, ഇപ്പോഴത്തെ വൈസ് ചാൻസലർ കേന്ദ്ര സർവകലാശാല വൈസ് ചാൻസലറാകുന്നതിനു മുമ്പ് എടുത്ത് ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിച്ച ഗ്രൂപ് ഫോട്ടോ നോക്കാം. അതിൽ ഉൾപ്പെട്ട എത്ര തെലങ്കാന സ്വദേശികൾക്ക് നിയമനം ലഭിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചാൽ കേന്ദ്ര സർവകലാശാലയിൽ എന്തു നടക്കുന്നുവെന്നതിന് ഉത്തരമായി.
പുതിയ വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. എച്ച്. വെങ്കടേശ്വർലു, തുടക്കത്തിൽ സർവകലാശാലയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. സർവകലാശാല നടപടികൾ വളരെ സുതാര്യമാണ് എന്ന നിലയിൽ കാര്യങ്ങൾ നീക്കി. കേന്ദ്ര സർവകലാശാലയിൽ കാര്യങ്ങൾ തീരുമാനിക്കുന്ന അധികാരം ആർ.എസ്.എസുകാരനായ മുൻ പി.വി.സി ഡോ. കെ. ജയപ്രസാദിൽനിന്നും പുതിയ വി.സി തന്നിലേക്ക് എത്തിച്ചു. അതിനായി ഒരു വേള ജയപ്രസാദിനെ പെരിയ കാമ്പസിൽനിന്നും തിരുവനന്തപുരം കാമ്പസിലേക്ക് സ്ഥലം മാറ്റി. എന്നാൽ, കോടതിയിൽനിന്നും സ്റ്റേ വാങ്ങി അദ്ദേഹം പെരിയ കാമ്പസിൽതന്നെ തുടരുന്നു. അതിനിടയിൽ ഇരുവരും തമ്മിൽ ധാരണയിലായി. അസാമാന്യ മെയ്വഴക്കത്തോടെയുള്ള കോംപ്രമൈസിങ്. ഈ കോംപ്രമൈസിങ്ങിന്റെ കാരണം അറിയാൻ പുതിയ വി.സി വന്ന വഴിയേ പോകണം. അദ്ദേഹത്തിന്റെ നിയമനവും വഴിവിട്ടാണ് എന്നതിന്റെ പകർപ്പ് ജയപ്രസാദിന്റെ കൈവശമാണിരിക്കുന്നത്.
സർവകലാശാലയിൽ കേന്ദ്രസർക്കാറിന്റെ, വിശിഷ്യ സംഘ്പരിവാറിന്റെ രാഷ്ട്രീയ മത താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രത്യേകം നിയോഗിക്കപ്പെട്ടയാളാണ് ഡോ. കെ. ജയപ്രസാദ്. യു.പി.എ സർക്കാറിന്റെ കാലത്താണ് അദ്ദേഹം നിയമിതനായതെങ്കിലും ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് എന്ന പദവി എൻ.ഡി.എ ഭരണകാലത്ത് അദ്ദേഹം നന്നായി ഉപയോഗിച്ചു. ഡോ. ജി. ഗോപകുമാർ വൈസ് ചാൻസലർ സ്ഥാനത്തുനിന്നും വിരമിക്കുന്ന സമയത്ത് ജയപ്രസാദായിരുന്നു പ്രൊ. വി.സി. പുതിയ വി.സിയെ നിയമിക്കുന്നതിൽ ഇടപെടാൻ ജെ.പിക്കു കൂടുതൽ അവസരം നൽകി. അദ്ദേഹത്തിന്റെ താൽപര്യവും കേരളത്തിലെ ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ താൽപര്യവും രണ്ടും രണ്ടായിതന്നെ നീങ്ങി. ഇതുകാരണം കേന്ദ്ര സർവകലാശാല കേരളയിൽ വി.സി നിയമനം ഒരു വർഷം മുടങ്ങി. മൂന്നുകോടിയോളം രൂപ വിപണിമൂല്യമുള്ള വ്യാപാരമാണ് പൊതുവെ കേന്ദ്ര സർവകലാശാല വി.സി നിയമനം. ജെ.എൻ.യു പ്രഫസർ ഗജാനൻ മോഡക് കൺവീനറായ സെർച്ച് കം സെലക്ഷൻ കമ്മിറ്റി 8.9.2019ന് ന്യൂഡൽഹിയിലെ വസന്ത് കുഞ്ചിൽ സിറ്റിങ് നടത്തിയാണ് ആദ്യത്തെ വി.സി പാനൽ തയാറാക്കിയത്. ഇതിൽ 16 പേരാണ് ഉണ്ടായിരുന്നത്. ആ 16 പേരിൽ ഒന്നാമത്തെയാൾ, പ്രഫ. (ഡോ). ടി.എസ്. ഗിരീഷ് കുമാർ മലയാളിയും എം.ജി സർവകലാശാല അധ്യാപകനുമായിരുന്നു. സർവകലാശാല അധ്യാപകൻ എന്നത് പ്രത്യേകം എടുത്തുകാണിക്കണം. കാരണം വൈസ് ചാൻസലറാകാനുള്ള പ്രധാന യോഗ്യതയാണ് 'സർവകലാശാല അധ്യാപകൻ' എന്നത്. കോളജ് അധ്യാപകനാകരുത്. ഇത് ചട്ടമാണ്. ടി.എസ്. ഗിരീഷ് കുമാർ ബി.ജെ.പി അനുഭാവിയാണെങ്കിലും യോഗ്യതയിൽ കുറവുള്ളയാളായിരുന്നില്ല. ഈ പട്ടികയിൽ ഇപ്പോഴത്തെ വൈസ് ചാൻസലർ വെങ്കിടേശ്വർ ലു ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വമേധയാ പിന്മാറിയതാവാം. കാരണം, സർവകലാശാല അധ്യാപകനായിരുന്നില്ല. ഉസ്മാനിയ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജ് അധ്യാപകൻ മാത്രമായിരുന്നു വെങ്കിടേശ്വർ ലു.
16 പേരുടെ പട്ടിക അട്ടിമറിച്ചത് കേന്ദ്ര സർവകലാശാലക്ക് അകത്തും കേന്ദ്ര മാനവശേഷി വിദ്യാഭ്യാസ വകുപ്പിനകത്തുമുണ്ടായിരുന്ന കച്ചവട ലിങ്കായിരുന്നു. അങ്ങനെ മികച്ച പാനൽ കേന്ദ്രത്തിൽവെച്ച് അട്ടിമറിഞ്ഞു. പട്ടിക ചുരുക്കാൻ നിർദേശിച്ച് കേന്ദ്രം പട്ടിക തിരിച്ചയച്ചു. ചുരുക്ക പട്ടികയിൽ സർവകലാശാലക്കകത്തെ കച്ചവടക്കാർ ടി.എസ്. ഗിരീഷ് കുമാറിന്റെ പേരുവെട്ടി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡോ. കെ. ഗിരീഷ് കുമാറിന്റെ പേര് രണ്ടാമതായിവെച്ച് പട്ടിക ചുരുക്കി കേന്ദ്രത്തിന് അയച്ചു. ഇത് വാസ്തവത്തിൽ ഒരു തറവേലയായിരുന്നു. ടി.എസ്. ഗിരീഷ് കുമാറിന്റെ പേര് എന്ന് തെറ്റിദ്ധരിക്കാൻ ഒപ്പിച്ച പണിയായിരുന്നു ഇത്. കുസാറ്റ് അധ്യാപകനെ വി.സിയായി തെറ്റിദ്ധാരണയിൽ നിയമിക്കപ്പെടാനാണ് ഇത്. ആ പട്ടികയിൽ ഇപ്പോഴത്തെ വി.സി വെങ്കടേശ്വർ ലു മൂന്നാമനായിരുന്നു. ഈ പട്ടികയിൽ കേന്ദ്രം ക്ഷുഭിതനായി. അതും തിരിച്ചയച്ചു. അഞ്ചു പേരുടെ ചുരുക്ക പട്ടിക നിർദേശിച്ചാണ് തിരിച്ചയച്ചത്. ഏറ്റവും ഒടുവിൽ അവതരിപ്പിച്ച പട്ടികയിൽ ഉസ്മാനിയ സർവകലാശാല അധ്യാപകൻ പ്രഫ. ബെട്ടു സത്യനാരായണ, ജെ.എൻ.യു പ്രഫസർ ചിന്താമണി മഹപത്ര, മംഗളൂരു സർവകലാശാലയിലെ മഞ്ചുനാഥ് പടാബി, കർണാടക വനിതാ സർവകലാശാലയിലെ മീന ചന്ദാവർക്കർ, റാണി ദുർഗാവതി സർവകലാശാല ബയോടെക്നോളജി പ്രഫസർ സർദുൽ സിങ് സന്ധു എന്നിവരാണുണ്ടായിരുന്നത്. എല്ലാവരും യോഗ്യർ. ഇതിൽ വെങ്കടേശ്വർ ലു ഉണ്ടായിരുന്നില്ല. നിരവധി പേരുകൾ തള്ളാനും പട്ടിക നിറക്കാനും മാത്രം ചേർക്കുന്നതാണ് പൊതുവിൽ. ഈ പട്ടികയും കരക്കടിഞ്ഞില്ല. ഇരു സംഘി ഗ്രൂപ്പുകളെയും തള്ളി പഴയ എ.ബി.വി.പി പ്രവർത്തകൻ എന്ന ഒറ്റപരിഗണനയിൽ കേന്ദ്രം തീർപ്പുകൽപിച്ചപ്പോൾ ഇരുവിഭാഗവും അടങ്ങി. വെങ്കിടേശ്വർ ലു വൈസ് ചാൻസലറായി. വെങ്കിടേശ്വർ ലുവിന്റെ നിയമനത്തിനെതിരെ ഉത്തരാഖണ്ഡ് സർവകലാശാലയിലെ അസി. പ്രഫസർ നവീനകുമാർ നൊട്ടിയാലാണ് വിവരാവകാശം സമ്പാദിച്ച് കളികൾ പുറത്തുവിട്ടത്.
വൈസ് ചാൻസലർ ആയി നിയമിക്കപ്പെടാനുള്ള മിനിമം യോഗ്യത 10 വർഷം പ്രഫസറായി പ്രവൃത്തിപരിചയം വേണം എന്നതാണ്. 10 വർഷം എവിടെയാണ് പരിചയം എന്നതുകൂടി പ്രധാന ഘടകമാണ്. ഇദ്ദേഹം കേവലം ഒരു അഫിലിയേറ്റഡ് കോളജിലാണ് ജോലിചെയ്തിരുന്നത്. സർവകലാശാലയിൽ പ്രവൃത്തി പരിചയമുള്ളവർ പട്ടികയിലുണ്ടായിരുന്നിട്ടും പരിഗണിച്ചില്ല.
രജിസ്ട്രാർ നിയമനം
സുപ്രധാനമായ പദവിയാണ് രജിസ്ട്രാർ പദവി. കോൺഗ്രസ് അനുഭാവിയായ എം. രാധാകൃഷ്ണൻ നായർ രജിസ്ട്രാർ പദവിയിൽനിന്നും വിരമിച്ചപ്പോൾ അവിടേക്ക് സംഘ്പരിവാർ ബന്ധമുള്ളയാളെ കൊണ്ടുവരാൻ നടത്തിയ ശ്രമമാണ് ബഹുകേമം. നിയമനവിജ്ഞാപനത്തിലൂടെ കയറിവന്നത് മികച്ച പ്രൊഫൈൽ ഉള്ളയാൾതന്നെയാണ്. സന്തോഷ് കുമാർ. സന്തോഷ് കുമാറിന്റെ നിയമനം സംഘ്പരിവാറുകാർക്ക് പിടിച്ചില്ല. ആറുമാസത്തിനകം പരീക്ഷ കൺട്രോളർ സ്ഥാനത്തുനിന്നും വിരമിക്കാൻ പോകുന്ന മുരളീധരൻ നമ്പ്യാരെയായിരുന്നു അവർക്ക് താൽപര്യം. അപ്പോൾ ആറു മാസത്തിനകം സന്തോഷ് കുമാറിനെ പുകച്ചു പുറത്തുചാടിക്കണം. അത് സാധിച്ചെടുത്തത് പുതിയ വി.സി മുഖേനയാണ്. സന്തോഷ് കുമാർ ചെയ്യുന്നത് ഒന്നും ശരിയല്ല എന്ന് വരുത്തിത്തീർത്തു. വി.സിയുമായി ചേരുന്നില്ല എന്ന ഡിപ്ലോമാറ്റിക് ആരോപണം എടുത്തിട്ടു. പുകഞ്ഞു പുകഞ്ഞ് സന്തോഷ് കുമാർ പുറത്തുപോയി.
രജിസ്ട്രാറായി നിയമിക്കപ്പെട്ടയാൾ ജോലി ഉപേക്ഷിച്ചു പോകുകയാണെങ്കിൽ വെയിറ്റിങ് ലിസ്റ്റിൽനിന്ന് ആളെ എടുക്കാൻപാടില്ല എന്നാണ് ചട്ടം. പുതിയ വിജ്ഞാപനം ഇറക്കണം. ഇക്കാര്യം സർവകലാശാല കേഡർ റിക്രൂട്ട്മെന്റിലും ഓർഡിനൻസിലും പറഞ്ഞിട്ടുണ്ട്. എന്നാൽ, സന്തോഷ് കുമാറിനെ നിയമിച്ച മെറിറ്റ് പട്ടിക ഒരിക്കലും പുറത്തുവിട്ടില്ല. മെറിറ്റ് ലിസ്റ്റ് പൂഴ്ത്തിവെച്ചു. കാരണം, ആ പട്ടികയിൽ മുരളീധരൻ നമ്പ്യാർ ഉണ്ടായിരുന്നില്ല. മെറിറ്റ് പട്ടികയിലെ രണ്ടാം റാങ്കുകാരൻ മുരളീധരൻ നമ്പ്യാർ എന്ന് വരുത്തി അദ്ദേഹത്തിനു നിയമനം നൽകി. മെറിറ്റ് പട്ടിക എക്സിക്യൂട്ടിവ് കൗൺസിലിൽ മിനുട്സിൽ നിർബന്ധമായും പ്രസിദ്ധീകരിക്കേണ്ടതാണ്. അതും ചെയ്തില്ല. അമർഖാണ്ഠക് യൂനിവേഴ്സിറ്റിയിലെ തമിഴ്നാട്ടുകാരനായ ക്രിസ്ത്യൻ സമുദായത്തിൽപെടുന്ന സിലുവൈ നാഥനാണ് രണ്ടാം റാങ്കുകാരൻ എന്നാണ് പിന്നിട് അറിയാൻ കഴിഞ്ഞത്. ഈ നിയമനത്തിലും അഴിമതിയാരോപണമുണ്ട്. പ്രിയ വർഗീസിന്റെ നിയമനം വിവാദമാക്കുമ്പോൾ അതിലും വലിയ ആരോപണമാണ് ഇതിലുള്ളത്.
മുൻ പി.വി.സി ഡോ. കെ. ജയപ്രസാദിന്റെ നിയമനമാണ് കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളിൽ ഏറ്റവും പരിഹാസ്യമായത്. 2012ലാണ് അദ്ദേഹം കേന്ദ്ര സർവകലാശാലയിൽ എത്തുന്നത്. ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റായിരുന്നു ഡോ. കെ. ജയപ്രസാദ്. കേരളത്തിലെ ബി.ജെ.പിയെ കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടറേറ്റ് എന്നാണ് അറിവ്. കൊല്ലം എസ്.എൻ കോളജിലായിരുന്ന ജയപ്രസാദിനെ അന്ന് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകനും കോൺഗ്രസ് അനുഭാവിയുമായ ഗിരീഷ് കുമാർ മുഖേനയാണ് കേന്ദ്ര സർവകലാശാലയിൽ കൊണ്ടുവരുന്നത്. അസോസിേയറ്റ് പ്രഫസറായി മൂന്നുവർഷത്തെ ഡെപ്യൂട്ടേഷനിലാണ് നിയമനം. വിജ്ഞാപനം ഇറങ്ങിയാൽ സ്ഥിര നിയമനത്തിലാകും എന്ന ഉറപ്പുമുണ്ടായിരുന്നു. ജയപ്രസാദ് വന്ന് മൂന്നുവർഷം കഴിഞ്ഞിട്ടും വിജ്ഞാപനം ഇറങ്ങിയില്ല. അദ്ദേഹത്തിനു തിരികെ പോകേണ്ട അവസ്ഥയിലായി. അദ്ദേഹം പോയില്ല. പകരം ഫിനാൻസ് ഓഫിസറുടെ ചുമതല നൽകി അവിടെ ഇരുത്തി.
ഇനിയാണ് കഥ. അടുത്ത വിജ്ഞാപനം ഇറങ്ങി. നിയമനത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുന്ന കമ്മിറ്റിയുടെ തലവനായി അന്നത്തെ വൈസ് ചാൻസലർ ജി. ഗോപകുമാർ ജയപ്രസാദിനെ നിയമിച്ചു. അതേസമയം, അദ്ദേഹം പ്രഫസർ പദവിയിലേക്കും അസോസിേയറ്റ് പ്രഫസർ പദവിയിലേക്കും ഉദ്യോഗാർഥികൂടിയായിരുന്നു. ഇതാണ് കേന്ദ്ര സർവകലാശാലയിൽ നടന്നത്. ഇതിനെ നിയമത്തിൽ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് എന്ന് പറയും. അതി ഗുരുതരമായ വിഷയംകൂടിയായിരുന്നു ഇത്. ജയപ്രസാദ് അഭിമുഖത്തിൽ ഹാജരായി. അദ്ദേഹത്തിനു ലഭിച്ച അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ് (എ.പി.ഐ) പരിശോധിക്കണം. അസോസിേയറ്റ് പ്രഫസർ സ്ഥാനത്തേക്ക് ജയപ്രസാദിനു ലഭിച്ചത് 115 മാർക്കാണ്. ചെമ്പഴന്തി എസ്.എൻ കോളജിലെ ഡോ. എസ്.ആർ. ജിതക്ക് ലഭിച്ചത് 310ഉം. ഇത് കൈവശമുള്ള രേഖകൾക്ക് കിട്ടുന്ന മാർക്കാണ്.(യു.ജി.സി അംഗീകരിച്ച പബ്ലിക്കേഷനുകളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചതുൾപ്പെടെയുള്ള നേട്ടം ജിതക്കുണ്ട്. എന്നാൽ, ജയപ്രസാദിന് അതുണ്ടായിരുന്നില്ല. കൊള്ളാവുന്ന ഒരു പ്രസിദ്ധീകരണത്തിലും ജയപ്രസാദിനു പ്രബന്ധങ്ങളില്ല. അതാണ് മാർക്ക് കുറയാൻ കാരണം. അഭിമുഖം കഴിഞ്ഞപ്പോൾ നിയമനം ജിതക്ക് നൽകേണ്ടിവരും എന്ന് ഉറപ്പായിരുന്നു. എന്നാൽ, എ.പി.ഐ സ്കോർ വിദഗ്ധമായി അട്ടിമറിക്കപ്പെട്ടു. ഗൂഢാലോചനയിലൂടെ നടന്ന കുറ്റകൃത്യമാണ് പിന്നീടുണ്ടായ എ.പി.ഐ സ്കോർ. വൈസ് ചാൻസലർതന്നെ കുറ്റകൃത്യത്തിനു കൂട്ടുനിൽക്കുന്നതിലേക്ക് എത്തി.
അഭിമുഖത്തിൽ ഹാജരായവർ ഈ വിവരം വിവരാവകാശ നിയമപ്രകാരം അറിഞ്ഞു. രണ്ടുപേർ ഹൈകോടതിയിൽ ഹരജി നൽകാനൊരുങ്ങി. ഒന്ന് എസ്.ആർ. ജിതയാണ്. മറ്റൊരാൾക്ക് 'പേരില്ല'. കോടതി കയറിയാൽ വാഴ്സിറ്റി കയറില്ല; കോടതി കയറാതിരുന്നാൽ അടുത്തുവരുന്ന പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നിയമനം തരാം എന്നാണ് ആ അധ്യാപകന് ലഭിച്ച ഓഫർ. ജിതക്ക് ഓഫർ ഇല്ല. ഏതാനും ദിവസം കഴിഞ്ഞപ്പോൾ കോടതിയിൽ പോകാത്തയാൾക്ക് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നിയമനം ലഭിച്ചു. എസ്.ആർ. ജിത കോടതിയും കയറി.
കേന്ദ്ര വാഴ്സിറ്റിയിൽ ചേരുമ്പോൾ വിടുതൽ സർട്ടിഫിക്കറ്റ് വേണ്ടത് മാതൃവകുപ്പിൽനിന്നാണ്. അതായത് ജയപ്രസാദിന്റെ കോളജിനെ നിയന്ത്രിക്കുന്ന കൊളീജിയറ്റ് വകുപ്പിൽനിന്നും ബന്ധപ്പെട്ട കോളജിന്റെ പ്രിൻസിപ്പലിൽനിന്നും. ശമ്പളം വാങ്ങുന്നത് ട്രഷറിയിൽനിന്നായതിനാൽ വിടുതൽ സർട്ടിഫിക്കറ്റും സർക്കാറിന്റെ നിയന്ത്രണത്തിൽനിന്നുതന്നെ വാങ്ങണം എന്നാണ് ചട്ടം. ജയപ്രസാദ് അത് സംഘടിപ്പിച്ചത് എസ്.എൻ കോളജ് മാനേജർ വെള്ളാപ്പള്ളി നടേശനിൽനിന്നുമാണ്. അത് ചട്ടവിരുദ്ധമാണ്. ഇത് ക്രമവത്കരിക്കാൻ ജയപ്രസാദ് ചെയ്തത് കേന്ദ്ര സർവകലാശാലയിൽ തുടർന്ന് നിയമനം ലഭിക്കുന്ന എല്ലാവരോടും മാനേജരിൽനിന്നും മതിയെന്ന നിബന്ധന ഏർപ്പെടുത്തുകയാണ്. അതോടെ, അയാളുടെ വിവരക്കേടും ബുദ്ധിമോശവും സർവകലാശാല നിയമമായി. സുവോളജിയിലെ ഡോ. സുധ, ഡോ. ആശാലക്ഷ്മി, ഡോ. ദേവി പാർവതി, ഡോ. എം.ആർ. ബിജു എന്നിവരെല്ലാം മാനേജർമാരിൽനിന്നും ടി.സി വാങ്ങിയവരാണ്. കംട്രോളർ-ഓഡിറ്റർ ജനറലിന്റെ ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് 2018ൽ ഇതു കുറ്റകരമാണ് എന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, വിടുതൽ സർട്ടിഫിക്കറ്റ് കൃത്യമായി ഹാജരാക്കാതിരുന്നാൽ ഇവരുടെ ജോലിപരിചയവും അംഗീകരിക്കാൻ പാടില്ല എന്നും ഇവരുടെ ശമ്പള വർധന തടയണമെന്നും നിയമം പറയുന്നു. ഒന്നും നടന്നില്ല.
അസോസിേയറ്റ് പ്രഫസറായി നിയമനം ലഭിക്കണമെങ്കിൽ ഒരു സ്റ്റുഡന്റിനെയെങ്കിലും പിഎച്ച്.ഡി ഗൈഡ് ചെയ്യണം. ഇക്കാര്യം ഓർഡിനൻസിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ജയപ്രസാദിനു അങ്ങനെ ഒരു വിദ്യാർഥിയെപ്പോലും ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. പ്രഫസറായി 'എമിനന്റ്' ആയ ആളെ നിയമിക്കാം, തടസ്സമില്ല. എം.ജി സർവകലാശാലയിൽ ചലച്ചിത്ര പ്രവർത്തകരെ നിയമിക്കാറുണ്ട്. യു.ആർ. അനന്തമൂർത്തി എം.ജിയിൽ വൈസ് ചാൻസലറായിരുന്ന കാലത്ത് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടനും എഴുത്തുകാരനുമായ നരേന്ദ്രപ്രസാദിനെ എമിനന്റ് എന്ന പരിഗണനയിൽ പ്രഫസറായി നിയമിച്ചിരുന്നു. ഡൽഹി യൂനിവേഴ്സിറ്റിയിൽ ബുദ്ധിജീവിയായ അച്ചിൻ മനായകിനെ നിയമിച്ചിട്ടുണ്ട്. അടിമുടി ക്രമക്കേടിലൂടെ ഒരാൾ സർവകലാശാലയിൽ വിദ്യാർഥികളെ പഠിപ്പിക്കുന്നുവെന്ന് മാത്രമല്ല, തന്റെ നിലവാരത്തിനപ്പുറം കേന്ദ്ര വാഴ്സിറ്റിയും അവിടെയുള്ള അധ്യാപകരും ഇറങ്ങിനിൽക്കണം എന്ന് ശഠിക്കുന്നത് എത്രത്തോളം ഗുണകരമാണെന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിന് അന്നത്തെ വി.സി ജി. ഗോപകുമാർ നിർലജ്ജം നിന്നുകൊടുക്കുകയായിരുന്നു.
ജയപ്രസാദിനെതിരെ ഡോ. എസ്.ആർ. ജിത പ്രധാനമന്ത്രിയുടെ ഓഫിസിനു പരാതി നൽകിയിരുന്നു. അത് ഹൈകോടതിയിലെത്തി. ഹൈകോടതി പറഞ്ഞത് അത് സർവകലാശാലയിൽ തീർപ്പാക്കി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്. വാദിയുടെ പ്രശ്നം പരിഹരിക്കാൻ പ്രതിയെ ചുമതലപ്പെടുത്തുന്ന അത്യപൂർവമായ നടപടി. പ്രതി സർവകലാശാലയാണ് എന്നതുപോലും കോടതി നോക്കിയില്ല. പ്രശ്നം തീർപ്പാക്കാൻ ഒരു മധ്യസ്ഥനെ വെച്ചു. സൗത്ത് ബിഹാറിലെ മോത്തിഹാരി സർവകലാശാലയിലെ ഡോ. ഗോപാൽ റെഡ്ഡിയും കേന്ദ്രവാഴ്സിറ്റിയിലെ പ്രഫസർ ഗോവിന്ദറാവുവും. പ്രഫസർ ഗോപാൽ റെഡ്ഡി ജയപ്രസാദിന്റെ സുഹൃത്താണ്. മാത്രമല്ല, ജയപ്രസാദിന്റെ പിഎച്ച്.ഡി വിദ്യാർഥിയുടെ വൈവക്കു ഹാജരായതും ഇയാളാണ്. അങ്ങനെയുള്ള ആത്മബന്ധമുള്ളയാളുകളെയാണ് എസ്.ആർ. ജിതയുടെ സങ്കടം പരിഹരിക്കാൻ കോടതി ചുമതലപ്പെടുത്തിയത്. ഈ സുഹൃത്തുതന്നെയാണ് ജിതയെ അഭിമുഖം നടത്തി അപമാനിച്ചു പുറത്താക്കിയത്. ഇതും കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് ആയും കരുതാം. പ്രസിദ്ധീകരണ നിലവാരത്തിൽ ജയപ്രസാദിന്റെ സ്കോർ പൂജ്യമായിരുന്നു. ഇക്കാര്യം സി.എ.ജി ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതാണ്. അയാളെ അസോസിേയറ്റ് പ്രഫസറായി നിയമിക്കപ്പെട്ട തീയതിമുതൽ മുൻകാല പ്രാബല്യത്തോടെ പ്രഫസറായും നിയമിച്ചു. 2015ൽ അസോസിേയറ്റ് പ്രഫസറായി അപേക്ഷിക്കുന്ന സമയത്ത് പ്രഫസർ തസ്തികയിലേക്കും അപേക്ഷിച്ചിരുന്നു. പേക്ഷ, അദ്ദേഹത്തെ തള്ളുക മാത്രമല്ല, വെയിറ്റിങ് ലിസ്റ്റിലും ഉൾപ്പെടുത്തിയില്ല. അങ്ങനെയുള്ളയാളെയാണ് മുൻകാല പ്രാബല്യത്തോടെ അസോസിേയറ്റ് പ്രഫസറായി ചേർന്ന (2015 നവംബർ 11) അതേ തീയതിമുതൽ പ്രഫസറായി നിയമനം നൽകിയത്. യു.ജി.സി നിയമ പ്രകാരം മൂന്നുവർഷത്തെ അനുഭവജ്ഞാനം ഉണ്ടായാൽ മാത്രമേ അസോ. പ്രഫസറാകാൻ കഴിയുകയുള്ളൂ. തുടർന്ന്, മൂന്നുവർഷത്തെ പരിചയമുണ്ടെങ്കിൽ മാത്രമേ പ്രഫസറാകാൻ പറ്റൂ. പ്രഫസർ അഭിമുഖത്തിൽ ജയപ്രസാദിനെ തള്ളിയ ഇന്റർവ്യൂ ബോർഡിനെ മുഖത്തടിക്കുന്ന തരത്തിലായിരുന്നു അഴിമതി നിയമനവും പ്രമോഷനും. 2022 മാർച്ചിലെ ഓഡിറ്റ് റിപ്പോർട്ട് ഇതു സ്ഥിരീകരിച്ചു
ആർ.എസ്.എസിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില അധ്യാപക സംഘടനയാണ് ഉവാസ് (ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ്). ഇത് കേന്ദ്ര സർവകലാശാലയിൽ ഇല്ല. കേന്ദ്ര സർവകലാശാലയിലെ ആർ.എസ്.എസ് ആഭിമുഖ്യമുള്ള സംഘടനയാണ് അസോസിയേഷൻ ഓഫ് സെൻട്രൽ യൂനിവേഴ്സിറ്റി കേരള ടീച്ചേഴ്സ്. ഇതിന്റെ രണ്ടിന്റെയും നേതാവാണ് അസി. പ്രഫസർ ഡോ. ജോഷിത് നമ്പ്യാർ. സംഘിപാതയിലേക്ക് കടന്നുവന്നതിനുള്ള പ്രത്യുപകാരമായി അദ്ദേഹത്തിനു ലഭിച്ചതാണത്രെ പ്രഫസർ നിയമനം. സർവകലാശാല ലീഗൽ സെല്ലിന്റെ ചുമതല വഹിച്ചിരുന്നത് ഡോ. സമീർ കുമാർ ആണ്. അസി. പ്രഫസറായിരുന്ന അദ്ദേഹത്തിനും കിട്ടി അങ്ങനെയൊരു പാരിതോഷികം.
'ഉവാസി'ന്റെ ഭാരവാഹികളായ 'മികച്ച പ്രകടനം കാഴ്ചവെച്ച ഡോ. പ്രതീഷിന് ജിയോളജിയിൽ നേരിട്ട് അേസാ. പ്രഫസറായി നിയമനം ലഭിച്ചത് എട്ടു വർഷത്തെ പ്രവൃത്തി പരിചയം ഇല്ലാതെയാണെന്നാണ് മറ്റൊരു ആക്ഷേപം. സി.എ.ജി ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ചട്ടലംഘനം ആരോപിക്കപ്പെട്ടതാണ് ഡോ. മാണിക്യവേലുവിന്റെയും ഡോ. അശ്വതി നായരുടെയും നിയമനം. യു.ജി.സി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു അത്. അവർക്ക് പ്രഫസർ സ്ഥാനത്തേക്ക് പ്രമോഷൻ നൽകിയത് പുതിയ വി.സി വെങ്കടേശ്വർ ലുവിന്റെ കാലത്താണ്.
കേന്ദ്ര സർവകലാശാലയിൽ ചട്ടം മറികടന്ന് എ.ബി.വി.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റിനെ അസോസിേയറ്റ് പ്രഫസറായി നിയമിച്ചത് കോടതി കയറിയ മറ്റൊരു കേസാണ്. പബ്ലിക് വർക്സ് ഡിപ്പാർട്മെന്റിൽ അസോസിേയറ്റ് പ്രഫസറായി എം. നാഗലിംഗത്തിന്റെ നിയമനത്തിനെതിരെ കേന്ദ്ര സർവകലാശാല കേരളയിലെ അസി. പ്രഫസർ ഡോ. ലക്ഷ്മി കുന്ദർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. ഇതിനു പിന്നാലെയാണ് കൂടുതൽ രാഷ്ട്രീയ നിയമനങ്ങളുടെ പട്ടിക പുറത്തുവരുന്നത്. ഗുജറാത്തിലെ ബി.ജെ.പി ഭരണമാതൃകയെ വാഴ്ത്തി ഗവേഷണം നടത്തിയ ആളെ മതിയായ യോഗ്യതയില്ലാതെ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അസോസിേയറ്റ് പ്രഫസറാക്കിയെന്നാണ് പുതിയ പരാതി. 'ഗുജറാത്ത് മോഡൽ ഓഫ് ഗവേണൻസ്' വിഷയത്തിൽ പഠനം നടത്തിയ ഡോ. ജി. ദുർഗാറാവുവിനാണ് നിയമനം നൽകിയത്. യു.ജി.സി ലിസ്റ്റുചെയ്ത പ്രസിദ്ധീകരണങ്ങളിൽ എട്ട് പ്രബന്ധം വന്നിരിക്കണമെന്ന ചട്ടം ദുർഗാറാവു രാഷ്ട്രീയ പരിഗണനയാൽ മറികടന്നു. ഇദ്ദേഹത്തിന് ഒരെണ്ണം മാത്രമേയുള്ളൂ എന്നാണ് ആക്ഷേപം. അഭിമുഖ സമയത്ത് പിഎച്ച്.ഡി അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും ആക്ഷേപമുണ്ട്. 12 വർഷമായി ഗുജറാത്ത് കേന്ദ്ര സർവകലാശാലയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അസി. പ്രഫസറായ ഡോ. സോണി കുഞ്ഞപ്പനും ഈ തസ്തികയിൽ അഭിമുഖത്തിനുണ്ടായിരുന്നു. സോണി കുഞ്ഞപ്പൻ 12 വർഷമായി ഗുജറാത്ത് കേന്ദ്ര സർവകലാശാലയിൽ അസി. പ്രഫസറാണ്. യു.ജി.സി നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളുമുണ്ടായിരുന്നു. അസോസിേയറ്റ് പ്രഫസർ നിയമനത്തിന് എട്ടു വർഷത്തെ പ്രവൃത്തിപരിചയം യു.ജി.സി സ്കെയിലിൽ വേണം. നാഗലിംഗത്തിനു മധ്യപ്രദേശ് അമർഖാണ്ഠക് ഗോത്ര സർവകലാശാല (എ.ടി.യു.എം.പി)യിൽ അഞ്ചുവർഷത്തെ പരിചയം മാത്രമാണുള്ളത്. പിന്നീട് അദ്ദേഹം കോയമ്പത്തൂർ അമൃത സർവകലാശാലയിലാണുണ്ടായത്. അവിടെ യു.ജി.സി സ്കെയിൽ ഇല്ല. പബ്ലിക്കേഷൻ യോഗ്യതയിൽ യു.ജി.സി ലിസ്റ്റ് ചെയ്ത പ്രസിദ്ധീകരണങ്ങളിൽ എട്ട് എണ്ണം വേണം. നാഗലിംഗത്തിനു ഒരെണ്ണം മാത്രമാണുണ്ടായിരുന്നത് എന്നാണ് ആരോപണം.
മുകളിൽ പറഞ്ഞതെല്ലാം കേന്ദ്ര സർവകലാശാലയിലെ മഞ്ഞുമലയുടെ ഒരുഭാഗം മാത്രമാണ്. കേരളത്തിന്റെ മണ്ണിൽ ഇത്രയും നഗ്നമായ അഴിമതി നിയമനങ്ങൾ നടക്കുമ്പോൾ കണ്ണൂർ സർവകലാശാല നിയമനങ്ങൾ ചേർത്തുവായിക്കാനേ കഴിയൂവെന്നാണ് പറയാനാവുക.