Begin typing your search above and press return to search.
proflie-avatar
Login

ഇല്ല സാർ, ചെല്ലാനം ഇപ്പോഴും കടലാക്രമണത്തിലാണ്​; സമരത്തിലാണ്​

ഇല്ല സാർ, ചെല്ലാനം ഇപ്പോഴും കടലാക്രമണത്തിലാണ്​;  സമരത്തിലാണ്​
cancel

ചെല്ലാനത്തെ കടലാക്രമണം എന്നെന്നേക്കുമായി പരിഹരിച്ചിരിക്കുന്നുവെന്നും അത്​ പിണറായി സർക്കാറിന്റെ പ്രതിബദ്ധതയുടെ അളവുകോലാണെന്നുമാണ്​ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്​. അതല്ല വാസ്​തവം. ചെല്ലാനത്ത്​ വീടുകൾ കടലാക്രമണത്തിനു കീഴിലാണ്​. ജനം വീണ്ടും സമരരംഗത്താണ്​. ചെല്ലാനം ജനതയുടെ പോരാട്ടങ്ങൾക്കൊപ്പം നിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ലേഖകൻ അവിടത്തെ യാഥാർഥ്യങ്ങൾ എഴുതുന്നു.ചെല്ലാനം-കൊച്ചി തീരത്ത് ദുരിതം വിതച്ചുകൊണ്ട് മറ്റൊരു വർഷകാലം കൂടി വന്നെത്തിയിരിക്കുന്നു. ഇത്തവണ ചെല്ലാനം-കൊച്ചി തീരത്ത് കടൽകയറ്റം എന്ന് പറയുമ്പോൾ പ്രദേശവാസികൾ അല്ലാത്തവർ...

Your Subscription Supports Independent Journalism

View Plans
ചെല്ലാനത്തെ കടലാക്രമണം എന്നെന്നേക്കുമായി പരിഹരിച്ചിരിക്കുന്നുവെന്നും അത്​ പിണറായി സർക്കാറിന്റെ പ്രതിബദ്ധതയുടെ അളവുകോലാണെന്നുമാണ്​ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്​. അതല്ല വാസ്​തവം. ചെല്ലാനത്ത്​ വീടുകൾ കടലാക്രമണത്തിനു കീഴിലാണ്​. ജനം വീണ്ടും സമരരംഗത്താണ്​. ചെല്ലാനം ജനതയുടെ പോരാട്ടങ്ങൾക്കൊപ്പം നിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ലേഖകൻ അവിടത്തെ യാഥാർഥ്യങ്ങൾ എഴുതുന്നു.

ചെല്ലാനം-കൊച്ചി തീരത്ത് ദുരിതം വിതച്ചുകൊണ്ട് മറ്റൊരു വർഷകാലം കൂടി വന്നെത്തിയിരിക്കുന്നു. ഇത്തവണ ചെല്ലാനം-കൊച്ചി തീരത്ത് കടൽകയറ്റം എന്ന് പറയുമ്പോൾ പ്രദേശവാസികൾ അല്ലാത്തവർ ആശ്ചര്യപ്പെടുമെന്നു തീർച്ച. കാരണം, ചെല്ലാനത്തെ കടൽകയറ്റം പരിഹരിക്കാൻ 344.20 കോടി രൂപ ചെലവാക്കി നിർമിച്ച ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തിയുടെയും അതിനു മുകളിലൂടെയുള്ള നടപ്പാതയുടെയും പെരുമയും അത് നടപ്പാക്കിയ പിണറായി സർക്കാറിന്റെ പ്രതിബദ്ധതയും ആർജവവും (?) സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ ചെല്ലാനം മാതൃകയുടെ അശാസ്ത്രീയതയും ഭാഗികതയും സംബന്ധിച്ച് തദ്ദേശീയ ജനത ഉയർത്തിയ വിമർശനങ്ങൾ ഈ പ്രചാരണ സൂനാമിയിൽ മുങ്ങിപ്പോയിരുന്നു. പരിഹരിക്കപ്പെട്ട പ്രശ്നത്തിൽ വീണ്ടും സർക്കാറിനെ വിമർശിക്കുന്നവരെ സർക്കാറിന്റെ സൈബർ പ്രചാരകർ തെറിവിളികളിൽ അഭിഷേകം ചെയ്തു. അങ്ങനെ ചെല്ലാനം തീരത്തെ കടൽകയറ്റം പരിഹരിക്കപ്പെട്ടു എന്ന പ്രചാരണ കോലാഹലങ്ങൾക്കിടയിലാണ് ഇപ്പോൾ വീണ്ടും കടൽകയറ്റം ഉണ്ടായിരിക്കുന്നത്.

ചെല്ലാനത്തു നിർമിച്ച നടപ്പാതയും കടൽഭിത്തിയും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു പ്രചരിപ്പിച്ചിരുന്നു. പക്ഷേ, റിപ്പോർട്ടിങ്ങിൽ സർക്കാറിന്റെ പ്രതിബദ്ധതയെ, വാഗ്ദാനപാലനത്തെ സംബന്ധിച്ച് മൗനം പാലിച്ചതിൽ വിമർശനം ഉയർന്നു. വ്യവസായമന്ത്രി തന്നെ മുന്നിൽനിന്ന് പട നയിച്ചപ്പോൾ സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ ആവേശം വാനോളമുയർന്നു. ചെല്ലാനത്തെ കടൽഭിത്തി സ്വയംഭൂവായി ഉണ്ടായതല്ലെന്നു സാക്ഷ്യം പറയാൻ സൈബർലോകത്തെ താരങ്ങൾ നേരിട്ടെത്തി. അങ്ങനെ മുഖ്യധാരാ വ്യവഹാരത്തിൽ തീരസംരക്ഷണത്തെ കുറിച്ച് ചെല്ലാനത്തെ ജനങ്ങൾ ഉന്നയിച്ച കാതലായ പ്രശ്നങ്ങൾ കുഴിച്ചുമൂടപ്പെട്ടു.

പക്ഷേ, തദ്ദേശീയ ജനങ്ങൾ സർക്കാറിന് മുന്നറിയിപ്പ് നൽകിയതുപോലെതന്നെ സംഭവിച്ചു. ഈ മഴക്കാലത്തും ചെല്ലാനം-കൊച്ചി തീരത്ത് കടൽ കയറി. കടൽഭിത്തി കെട്ടി സംരക്ഷിച്ച ഇടങ്ങളിൽ അല്ല എന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. ശാശ്വതവും സമഗ്രവുമായ തീരസംരക്ഷണ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരംചെയ്യുന്ന ചെല്ലാനം-കൊച്ചി ജനകീയവേദി പ്രവചനാത്മകമായി പ്രഖ്യാപിച്ചതാണ് ഈ കടൽകയറ്റം. 2023 മേയ് ഏഴിനു കണ്ണമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജനകീയ കൺവെൻഷനിൽ പാസാക്കിയ പ്രമേയം തദ്ദേശീയരായ ജനങ്ങളെ കേൾക്കുകയും അവരെ വിശ്വാസത്തിൽ എടുക്കുകയും അവരുടെ കൂടി പങ്കാളിത്തത്തിലും മുൻകൈയിലും തീരസംരക്ഷണ നടപടികൾ നടപ്പാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. പുത്തൻതോടിനു വടക്കു മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തിയും പുലിമുട്ടുകളും നിർമിക്കണമെന്ന് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ കടൽ കയറുന്നത് ഇതേ പുത്തൻതോടിനു വടക്കുള്ള പ്രദേശങ്ങളിലാണ് എന്നത് തദ്ദേശീയ ജനതയുടെ ആവശ്യം എത്രമാത്രം ന്യായവും സത്യവുമായിരുന്നു എന്നതാണ് ചൂണ്ടിക്കാണിക്കുന്നത്.

ചെല്ലാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക്  ശ്രദ്ധക്ഷണിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1218 -2021 ജൂ​ലൈ) നടത്തിയ ഇടപെടൽ

ചെല്ലാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1218 -2021 ജൂ​ലൈ) നടത്തിയ ഇടപെടൽ

ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റത്തിന് പ്രധാന കാരണം കൊച്ചിൻ പോർട്ടാണ്. കൊച്ചിൻ പോർട്ട് നടത്തുന്ന ഡ്രെഡ്ജിങ് ഈ പ്രദേശത്ത് തീരക്കടലിലെ നീരൊഴുക്കിന്റെ ദിശ തന്നെ മാറ്റിയിരിക്കുകയാണ്. ഈ ദിശാമാറ്റത്തിന്റെ പ്രഭാവത്തിൽ തീരത്തെ മണ്ണ് സ്ഥിരമായി നഷ്ടപ്പെടുന്നു എന്നതാണ് ചെല്ലാനം-കൊച്ചി തീരത്തെ യഥാർഥ പ്രശ്നം. തീരശോഷണംമൂലം തീരക്കടലിൽ ആഴം കൂടുന്നു. ആഴം കൂടുന്നതിന് ആനുപാതികമായി തിരമാലകളുടെ ഉയരവും കൂടും. കൂടുതൽ ശക്തമായ കടൽകയറ്റത്തിന് ഇത് കാരണമാകുന്നു. നിലവിൽ സർക്കാർ നടപ്പാക്കുന്ന ഭാഗികമായ പദ്ധതി ഈ പ്രശ്നം തൽക്കാലം നീട്ടിവെക്കുന്നു എന്നതല്ലാതെ പരിഹരിക്കുന്നില്ല. തീരത്തുടനീളം പുലിമുട്ടുകൾ സ്ഥാപിച്ചും കടൽഭിത്തി നിർമിച്ചും അതോടൊപ്പംതന്നെ കൃത്രിമമായി തീരം ഉണ്ടാക്കിയും മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. നിർമാണങ്ങൾക്കു കല്ലിനു പകരം ജിയോസിന്തറ്റിക് ട്യൂബുകൾ ഉപയോഗിക്കാവുന്നതാണ്.

പക്ഷേ, സർക്കാർ ഇത്തരം സാധ്യതകൾ ആരായുന്നതിനും നടപ്പാക്കുന്നതിനും പകരം ഭാഗികമായ പരിഹാര നിർദേശങ്ങളുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. താൽക്കാലികമായ ഒരാശ്വാസം ഉണ്ടാക്കാം എന്നതല്ലാതെ അതൊരു യഥാർഥ പരിഹാരമാകുന്നില്ല. പാർലമെന്ററി ജനാധിപത്യം അതിന്റെ ഉള്ളടക്കത്തിൽതന്നെ പാരിസ്ഥിതിക പ്രശ്നങ്ങൾപോലുള്ള ദീർഘകാല നടപടികൾ ആവശ്യമായ വിഷയങ്ങൾ പരിഹരിക്കുന്നതിൽ പരാജയമാണെന്ന് പ്രമുഖ മാർക്സിസ്റ്റ് പരിസ്ഥിതിവാദ ചിന്തകനായ ബെല്ലമി ഫോസ്റ്റർ അഭിപ്രായപ്പെടുന്നതിനെ ശരിവെക്കുന്നതാണ് ചെല്ലാനം-കൊച്ചി തീരസംരക്ഷണത്തിലെ എൽ.ഡി.എഫ് സർക്കാർ നയം. ഒരു പത്തു വർഷത്തേക്ക് ഈ പ്രശ്നം നീട്ടിവെക്കാമെങ്കിൽ അതിൽ അവർ തൃപ്തരാണ്. പത്തുവർഷത്തേക്കുള്ള ഒരു വോട്ട് ബാങ്ക് നിക്ഷേപമാണ് ഈ ഭാഗിക പരിഹാരം. അതിനപ്പുറം ചിന്തിക്കാൻ ഇടതുപക്ഷം എന്നും കമ്യൂണിസ്റ്റ് എന്നും അവകാശപ്പെടുന്നവർക്ക് കഴിയുന്നില്ല.

എന്തുതന്നെയായാലും ചെല്ലാനം-കൊച്ചി തീരം ഇന്ന് ഒരു ദുരന്തമുനമ്പിലാണ്. ഒട്ടനവധി അപകട സാഹചര്യങ്ങൾ അവിടെ നിലനിൽക്കുന്നുണ്ട്. കടുത്ത തീരശോഷണമാണ് ഒന്നാമത്തെ പ്രശ്നം. അതിനു കാരണമായ കൊച്ചിൻ പോർട്ട് അതിന്റെ കപ്പൽചാൽ വീണ്ടും ആഴംകൂട്ടാൻ പോകുന്നതായും അതിനു 300 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായും മാധ്യമങ്ങളിൽനിന്നും നാം അറിയുന്നു. കപ്പൽചാൽ ആഴം കൂട്ടുക എന്നാൽ തീരശോഷണം രൂക്ഷമാക്കുക എന്നതാണ് ചെല്ലാനം-കൊച്ചി തീരത്തെ സംബന്ധിച്ച അർഥം. തീരശോഷണം തീവ്രമാകുക എന്നാൽ കടൽകയറ്റം രൂക്ഷമാകുക എന്നും.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇന്ന് ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന യാഥാർഥ്യമായി സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അറബിക്കടലിലെ താപനില ഉയരുന്നതായും അത് ഈ മേഖലയെ മുമ്പില്ലാത്തവിധം കൊടുങ്കാറ്റുകളുടെ ഒരു കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നതായും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. തീരശോഷണംമൂലം കടൽകയറ്റ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ചെല്ലാനം-കൊച്ചി തീരത്തെ ദുരന്തഭീതിയെ ഇത് ഒന്നുകൂടി തീവ്രമാക്കുന്നു.

ചെല്ലാനത്തെ അവസ്​ഥകളെക്കുറിച്ച്​ 2020 ആഗസ്​റ്റ്​ 10ന്​ (ലക്കം: 1171) ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം

ചെല്ലാനത്തെ അവസ്​ഥകളെക്കുറിച്ച്​ 2020 ആഗസ്​റ്റ്​ 10ന്​ (ലക്കം: 1171) ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം

കിഴക്ക് വേമ്പനാട്ടു കായലിനും പടിഞ്ഞാറ് അറബിക്കടലിനും ഇടക്ക് നീണ്ടുകിടക്കുന്ന ഏതാണ്ട് 18 കി.മീ. പ്രദേശമാണ് ചെല്ലാനം-കൊച്ചി തീരം. പലയിടത്തും കടലും കായലും തമ്മിൽ 100 മീറ്ററിൽ താഴെയാണ്. ചുരുങ്ങിയ സ്ഥലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണിത്. ഇതെല്ലാം ഈ തീരത്ത് ഉണ്ടാകാവുന്ന ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്ന ഘടകങ്ങളാണ്.

ഇപ്രകാരം ഒരവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ മുന്നിലേക്കാണ് സർക്കാർ കൈയടിക്കു വേണ്ടിയുള്ള വിലകുറഞ്ഞ രാഷ്ട്രീയവുമായി കടന്നുവരുന്നത്. ചെല്ലാനം-കൊച്ചി തീരത്തെ സംരക്ഷിക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഈ കാപട്യം പൊതുവിൽ തീരദേശത്തോടുള്ള സമീപനത്തിന്റെ ഒരു പരിച്ഛേദംതന്നെയാണ്. 540 കി.മീ. തീരമുള്ള നമ്മുടെ സംസ്ഥാനത്തെ ഭൂരിഭാഗം തീരവും കടൽകയറ്റ ഭീഷണി നേരിടുന്നതാണെന്നു സർക്കാർതന്നെ പറയുന്നു. പക്ഷേ, ഇത്ര കാലമായിട്ടും അധികാരത്തിലിരുന്ന ഒരു സർക്കാറിനും കേരള തീരത്തിന്റെ സമഗ്രമായ സംരക്ഷണം അജണ്ടയിൽ ഉണ്ടായിട്ടില്ല. പരിസ്ഥിതി സൗഹാർദ വികസനം എന്നെല്ലാം അവകാശവാദം ഉന്നയിക്കുമ്പോഴും തീര പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് സമഗ്രമായ ഒരു നയം ആവിഷ്‌കരിക്കാൻ സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. ചെല്ലാനത്തുതന്നെ കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായി കൊച്ചിൻ പോർട്ട് കപ്പൽചാൽ ദിവസംതോറും ​െഡ്രഡ്ജ് ചെയ്യുന്നു. ഇത് തീര പരിസ്ഥിതിയിൽ മണലൊഴുക്കിൽ എന്തു മാറ്റമാണ് ഉണ്ടാക്കിയത് എന്ന് പഠിക്കണമെന്ന ചിന്തപോലും ഇന്നു വരെ സർക്കാറിന് ഉണ്ടായിട്ടില്ല.

ഇപ്പോൾ എൽ.ഡി.എഫ് സർക്കാറിന്റെ ഒരു അഭിമാന പദ്ധതിയായി നടപ്പാക്കാൻ ശ്രമിക്കുന്ന ഒന്നാണ് തീരദേശ ഹൈവേ നിർമാണം. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് എസ്. ശർമ അധ്യക്ഷനായ നിയമസഭാ സമിതി ജനങ്ങളെ വിളിച്ചുകൂട്ടി അവരുടെ ആശങ്കകളും പ്രശ്‍നങ്ങളും ചർച്ചചെയ്തതിനുശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് നിർദേശിച്ച ഒരു പദ്ധതിയാണിത്. തീരദേശ ഹൈവേ നിർമിക്കുന്നതുകൊണ്ട് മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ അടഞ്ഞുപോകാൻ സാധ്യതയുണ്ടെന്നും വലിയ തോതിൽ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നത് അവരുടെ പരമ്പരാഗത ജീവിതംതന്നെ ഇല്ലാതാക്കും എന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത്ര ഗൗരവമായ ഒരു പ്രശ്‌നം കേരളത്തിൽ ഒരിടത്തും ജനങ്ങളെ വിളിച്ചുകൂട്ടി ചർച്ചചെയ്യാൻ സർക്കാർ തയാറായിട്ടില്ല. പകരംചെയ്തത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ധനവകുപ്പ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഈ ഹൈവേയുടെ നിശ്ചിതദൂരം ഇടവിട്ട് പരിസ്ഥിതി സൗഹാർദ വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഉണ്ടാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതിലൂടെ തീരദേശത്തെ ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന തൊഴിൽസാധ്യത ടൂറിസം വികസനം തുടങ്ങിയവ ഉയർത്തിക്കാട്ടി തീരദേശ ഹൈവേ പദ്ധതിക്ക് അംഗീകാരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. പരിസ്ഥിതി സൗഹാർദം എന്ന പേരിട്ടുകൊണ്ട് നിയമസഭാ സമിതി ഉന്നയിച്ച പ്രശ്നങ്ങൾ അവഗണിക്കുകയാണ് ചെയ്തത്.

സർക്കാറുകൾ പിന്തുടരുന്ന ഈ സമീപനം ഇന്ന് കേരളത്തിന്റെ തീരത്തെ ഒന്നടങ്കം ഒരു സ്ഥിരം ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ തീരത്തുനിന്നും കടലിൽനിന്നും അന്യരാക്കപ്പെടുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബ്ലൂ ഇക്കോണമിയും സാഗർമാലയും തീരത്തെ നവ ഉദാരവാദ സമ്പദ് വ്യവസ്ഥക്ക് അനുകൂലമായി സാമ്പത്തികമായി പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഒരുവശത്ത് തീരസംരക്ഷണം പറയുന്ന കേന്ദ്ര-കേരള സർക്കാറുകൾ തീരത്ത് നടത്തുന്ന അശാസ്ത്രീയമായ വികസന-നിർമാണ പ്രവർത്തനങ്ങൾ തീരത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന തീരജനതയാകട്ടെ പാരിസ്ഥിതിക അഭയാർഥികളായി മാറുന്ന സാഹചര്യത്തിലേക്ക് തള്ളിനീക്കപ്പെടുന്നു. പുനർഗേഹംപോലുള്ള പുനരധിവാസ പദ്ധതികൾ ഈ അഭയാർഥിത്വത്തിലേക്കുള്ള പരിവർത്തനത്തിന്റെ മുന്നൊരുക്കമാണ്. എന്നാൽ, വർഗരാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠങ്ങൾ മറന്നുപോയവർ ഈ മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളും പുനരധിവാസത്തിന്റെ പേരിലുള്ള ഗെറ്റോവത്കരണവും ക്രിമിനലൈസേഷനുമാണ് അവർക്കു നിർദേശിക്കാനുള്ള പ്രതിവിധി.


ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റം തടയാൻ സമഗ്രമായ ഒരു തീരസംരക്ഷണ പദ്ധതി നടപ്പാക്കാൻ ഇനിയും വൈകിയിട്ടില്ല. വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ മാറ്റി​െവച്ചുകൊണ്ട് തദ്ദേശീയ ജനതയുടെ അഭിപ്രായങ്ങൾക്കു വില കൊടുത്തും അവർക്കുകൂടി പങ്കാളിത്തവും മുൻകൈയുമുള്ളവിധം തീരസംരക്ഷണ പദ്ധതി ആവിഷ്‍കരിച്ചു നടപ്പാക്കിയാൽ ലോകത്തിനുതന്നെ അത് മാതൃകയാകും. അല്ലാത്തപക്ഷം ചെല്ലാനം-കൊച്ചി തീരം കേരളത്തിന്റെ തോരാത്ത കണ്ണുനീരായിത്തന്നെ തുടരും.

News Summary - Chellanam Coastal Erosion issue