ഇവിടെയുണ്ട്, കേരളം മറന്ന ആ മിഡ്ഫീൽഡർ
'80കളിൽ കെ.എസ്.ആർ.ടി.സി ടീമിന്റെയും കേരളത്തിന്റെയും മധ്യനിരയിലെ ആവേശമായിരുന്നു സി.കെ. ജയചന്ദ്രൻ. സജീവ ഫുട്ബാളിൽനിന്ന് വിടപറഞ്ഞിട്ട് മൂന്നു പതിറ്റാണ്ടായെങ്കിലും കളിയാരവമാണ് അദ്ദേഹത്തിന്റെ മനസ്സുനിറയെ. മൈതാനങ്ങളെ ഇളക്കിമറിച്ചവരെ തേടി ആരുമെത്താത്തതിൽ സങ്കടമോ പരിഭവമോ ഇല്ല....
Your Subscription Supports Independent Journalism
View Plans'80കളിൽ കെ.എസ്.ആർ.ടി.സി ടീമിന്റെയും കേരളത്തിന്റെയും മധ്യനിരയിലെ ആവേശമായിരുന്നു സി.കെ. ജയചന്ദ്രൻ. സജീവ ഫുട്ബാളിൽനിന്ന് വിടപറഞ്ഞിട്ട് മൂന്നു പതിറ്റാണ്ടായെങ്കിലും കളിയാരവമാണ് അദ്ദേഹത്തിന്റെ മനസ്സുനിറയെ. മൈതാനങ്ങളെ ഇളക്കിമറിച്ചവരെ തേടി ആരുമെത്താത്തതിൽ സങ്കടമോ പരിഭവമോ ഇല്ല. ആവേശമോ ആരവമോ ഇല്ലാതെ പുതുതലമുറക്കുവേണ്ടി നിശ്ശബ്ദമായി ഇപ്പോഴും അദ്ദേഹം ബൂട്ടുകെട്ടിക്കൊണ്ടിരിക്കുന്നു.
പച്ചപ്പുൽമൈതാനങ്ങളിൽ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ കളിയാവേശം മാത്രമായിരിക്കും മനസ്സിൽ. കളിച്ചാൽ മാത്രം ജയിക്കുന്ന ഫുട്ബാൾ. കാണികളുടെ ഇരമ്പലുകൾക്കിടയിൽ ഉരുണ്ടുവരുന്ന പന്ത് മാത്രമായിരിക്കും ലക്ഷ്യം. മനസ്സിനൊപ്പം കാലുകൾക്കും വേഗം കൂടും. ഓരോ കളിയിലും ഓരോ ആവേശമായിരിക്കും. ഒരു പന്തിന് പിന്നാലെ ഓടുന്ന ഭ്രാന്തൻമാരാണ് ഫുട്ബാൾ താരങ്ങളെന്ന് അടക്കം പറയുമ്പോഴും രഹസ്യമായി ആരാധിക്കുന്ന ഒരു താരമെങ്കിലും അവരുടെ മനസ്സിലുണ്ടാകും. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബാളിനെ നെഞ്ചേറ്റിയ തലമുറകൾ മാറിമാറിവന്നെങ്കിലും ആവേശത്തിന് മാത്രം ഒരു കുറവുമുണ്ടായില്ല. കേരളത്തിലെ എവർഗ്രീൻ താരങ്ങൾക്കൊപ്പം കളിക്കളത്തിലിറങ്ങിയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചും പുതുതലമുറക്ക് കാൽപന്തുകളിയുടെ പാഠങ്ങൾ പകർന്നുനൽകിയും ഒരാളുണ്ട് ഇവിടെ. കോഴിക്കോട്ടുകാരൻ സി.കെ. ജയചന്ദ്രൻ. '80കളിൽ കെ.എസ്.ആർ.ടി.സി ടീമിന്റെയും കേരളത്തിന്റെയും മധ്യനിരയിലെ ആവേശമായിരുന്നു ജയചന്ദ്രൻ. സജീവ ഫുട്ബാളിൽനിന്ന് വിടപറഞ്ഞിട്ട് മൂന്നു പതിറ്റാണ്ടായെങ്കിലും കളിയാരവമാണ് അദ്ദേഹത്തിന്റെ മനസ്സുനിറയെ. മൈതാനങ്ങളെ ഇളക്കിമറിച്ചവരെ തേടി ആരുമെത്താത്തതിൽ സങ്കടമോ പരിഭവമോ ഇല്ല. ആവേശമോ ആരവമോ ഇല്ലാതെ പുതുതലമുറക്കുവേണ്ടി നിശ്ശബ്ദമായി ഇപ്പോഴും അദ്ദേഹം ബൂട്ടുകെട്ടിക്കൊണ്ടിരിക്കുന്നു. സി.കെ. ജയചന്ദ്രൻ എന്ന മിഡ്ഫീൽഡറുടെ കളിയും ജീവിതവും.
ഇല്ലാത്ത ഗോളിൽ തോറ്റ കേരളം
വർഷം 1986. കൊൽക്കത്തയിൽ നടക്കുന്ന സന്തോഷ് ട്രോഫി സെമിഫൈനൽ മത്സരം. കേരളത്തോട് ഏറ്റുമുട്ടുന്നത് കരുത്തരായ ബംഗാൾ ടീം. അന്ന് കേരളം അത്രയും മികച്ച ടീം ആയിരുന്നു. പാപ്പച്ചൻ, തോമസ് സെബാസ്റ്റ്യൻ, ഗണേശൻ, രാജീവ്, വി.പി. സത്യൻ, സി.കെ. ജയചന്ദ്രൻ, തോബിയാസ്, ബെന്നി, കുരികേശ് മാത്യു, ഷറഫലി, അഷ്റഫ്, ഹർഷൻ, ചാക്കോ തുടങ്ങിയവരടങ്ങുന്ന മികച്ച നിര. ബംഗാൾ ശക്തമായ ടീമായിരുന്നു അന്നും. ടീമിലുള്ളവരെല്ലാം അന്താരാഷ്ട്ര താരങ്ങളും. മിഡ് ഫീൽഡ് കളിക്കുന്നത് മൂന്ന് ഇന്ത്യൻ ക്യാപ്റ്റൻമാർ -സുദീപ് ചാറ്റർജി, പ്രശാന്താ ബാനർജി, ബികാഷ് പാൻജി എന്നിവർ. അവരോട് എതിരിടാൻ കേരള മിഡ് ഫീൽഡിൽ വി.പി. സത്യൻ, സി.കെ. ജയചന്ദ്രൻ, തോബിയാസ് എന്നിവർ. അന്ന് നല്ല പേടിയോടെ സി.കെ. ജയചന്ദ്രൻ വി.പി. സത്യനോട് ചോദിച്ചു, ''എങ്ങനെ ഇവരോട് കളിക്കും, പേടിയാകുന്നു'' എന്ന്. സത്യൻ നല്ല ധൈര്യമുള്ള കളിക്കാരനായിരുന്നു. ''ധൈര്യത്തോടെ നേരിടാം, നമുക്കവരെ അടിച്ചിടാൻ കഴിയും'' എന്നു പറഞ്ഞാണ് സത്യൻ അന്ന് ജയചന്ദ്രന് ആത്മവിശ്വാസം നൽകി കൂടെനിന്നത്. സുദീപ് ചാറ്റർജിയെ സത്യൻ നന്നായി മാർക്ക് ചെയ്തിരുന്നു. വളരെ മികച്ച കളിതന്നെ അന്ന് കേരളം പുറത്തെടുത്തു. മധ്യനിര കരുത്തോടെ മുന്നേറി. കേരളം ഒരു ഗോളിന് മുന്നിൽ. എത്ര ശ്രമിച്ചിട്ടും അവർക്ക് തിരിച്ച് ഗോളടിക്കാൻ കഴിയാത്ത വിധത്തിൽ ബംഗാൾ ടീമിനെ കേരളം നിയന്ത്രിച്ചുനിർത്തി. കാണികൾ ഒടുവിൽ ചട്ടിയും കുപ്പികളും മറ്റും ഗ്രൗണ്ടിലേക്ക് എറിയാൻ തുടങ്ങി. അതിനിടയിലാണ് ബംഗാളിന്റെ ഒരു ബാൾ കേരളത്തിന്റെ പോസ്റ്റിലേക്ക് വന്നത്. ബെന്നി അത് വളരെ നന്നായി ഹെഡ് ചെയ്ത് ക്ലിയർ ചെയ്തു. പക്ഷേ അടുത്ത നിമിഷംതന്നെ കേരള ടീമിനെ ഞെട്ടിച്ചുകൊണ്ട് റഫറി അത് ഗോൾ ആണെന്ന് വിധിയെഴുതി. ഒരിക്കലും ഗോളല്ലാത്ത ഒരു ഗോൾ.
കേരള താരങ്ങൾ എല്ലാവരും ഉടൻതന്നെ റഫറിയെ വളഞ്ഞു. കാണികൾ വീണ്ടും പ്രശ്നമുണ്ടാക്കിക്കൊണ്ട് ഗ്രൗണ്ടിലേക്ക് കുപ്പികൾ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. അരമണിക്കൂറോളം കളി നിർത്തിവെക്കേണ്ടിവന്നു. പക്ഷേ അത് ഗോളായിത്തന്നെ റഫറി വിധിച്ചു. പിന്നീട് നടന്ന ടൈബ്രേക്കറിൽ കേരളം ബംഗാളിനോട് പരാജയപ്പെട്ടു. ഇല്ലാത്ത ഗോളിൽ തോറ്റ സന്തോഷ് ട്രോഫി. അന്ന് ആ ഗോൾ സേവ് ചെയ്യുന്ന ഫോട്ടോകൾ പല പത്രങ്ങളിലും ഒന്നാം പേജിൽ അച്ചടിച്ചുവരുകയും ചെയ്തു. ടി.വിയിൽ സംപ്രേഷണം ചെയ്തിരുന്ന മത്സരംകൂടിയായിരുന്നു അത്. എല്ലാവർക്കും അറിയാമായിരുന്നു അത് ഗോളല്ല എന്ന്. അന്ന് ആ ഗോൾ അനുവദിച്ചില്ലായിരുന്നെങ്കിൽ സന്തോഷ് ട്രോഫി '86ൽ കേരളത്തിന്റെ കൈകളിലെത്തിയേനെ. ഫൈനലിൽ റെയിൽവേസ് ആയിരുന്നു. കേരളമായിരുന്നു അന്ന് റെയിൽവേസിനെക്കാൾ ശക്തമായ ടീം. കരിയറിലെ ഏറ്റവും മികച്ച കളിയെക്കുറിച്ച് സി.കെ. ജയചന്ദ്രൻ പറയുമ്പോൾ നഷ്ടബോധത്തേക്കാൾ അന്ന് ബംഗാൾ ടീമിനെ മുന്നേറാൻ അനുവദിക്കാതെ വരിഞ്ഞുമുറുക്കിയ ആ മിഡ് ഫീൽഡറിന്റെ മനക്കരുത്തായിരുന്നു മുഖത്ത്. സന്തോഷ് ട്രോഫിയിൽ അദ്ദേഹം ഓർക്കുന്ന ഏറ്റവും മികച്ച മത്സരവും അതുതന്നെ.
1985ലാണ് ആദ്യമായി ജയചന്ദ്രൻ കേരള സന്തോഷ് ട്രോഫി ടീമിലെത്തുന്നത്. പിന്നീട് തുടർച്ചയായി നാലുതവണ സന്തോഷ് ട്രോഫി കളിച്ചു. മധ്യപ്രദേശ്, കൊൽക്കത്ത, കൊല്ലം, ഗുവാഹതി എന്നിവിടങ്ങളിലായിരുന്നു ടൂർണമെന്റ്. രണ്ടുതവണ ഫൈനലിലെത്തി. രണ്ട് ഫൈനലിലും സഡൻ ഡെത്തിൽ പരാജയപ്പെട്ടു. എന്നാൽ, ആ തോൽവിക്കുള്ള മറുപടിയായി 1987ൽ നാഷനൽ ഗെയിംസിൽ കേരളം ചാമ്പ്യന്മാരായപ്പോൾ ജയചന്ദ്രനും അതിന്റെ ഭാഗമായി. അങ്ങനെയാണ് സർവിസിൽ ജയചന്ദ്രന് പ്രമോഷൻ കിട്ടുന്നത്. അന്നത്തെ നായനാർ സർക്കാറിന്റെ കാലത്തായിരുന്നു അത്. ജോലിയില്ലാത്തവർക്കെല്ലാം ജോലിയും ജോലിക്കാർക്ക് പ്രമോഷനും നൽകിയാണ് സർക്കാർ അവരെ അംഗീകരിച്ചത്. പല പ്രമുഖ ക്ലബുകളിലേക്കും ആ സമയത്ത് ജയചന്ദ്രന് ക്ഷണം കിട്ടിയിരുന്നു, എന്നാൽ അതെല്ലാം സ്നേഹത്തോടെ നിരസിക്കുകയും ചെയ്തു.
റെയിൽവേ ഗ്രൗണ്ടിലെ കാൽപന്തു കളി
അച്ഛൻ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിരുന്ന കാലം. റെയിൽവേ ഗ്രൗണ്ടിൽ എപ്പോഴും സീനിയർ കളിക്കാരെത്തി കളിക്കുന്നത് കാണുന്നതായിരുന്നു സി.കെ. ജയചന്ദ്രന് ഇഷ്ടം. ഒളിമ്പ്യൻ റഹ്മാൻ അടക്കമുള്ളവർ അവിടെ കളിക്കാനെത്തും. ചേട്ടൻമാർ രണ്ടുപേർ നന്നായി ഫുട്ബാൾ കളിക്കുന്നവരായിരുന്നു. രണ്ടുപേരും ജില്ലാതലംവരെ കളിച്ചവരാണ്. അതെല്ലാമാണ് ജയചന്ദ്രന് ചെറുപ്പത്തിൽ ഫുട്ബാൾ കമ്പം മനസ്സിൽ കയറാനുണ്ടായ കാരണവും. അച്ഛനും അമ്മയും വടകരക്കാരാണ്. കോഴിക്കോട് റെയിൽവേ കോളനിയിലായിരുന്നു താമസം. കളി ആദ്യം കണ്ടുതുടങ്ങി, പിന്നീട് ഗ്രൗണ്ടിലേക്കും. കോഴിക്കോട് തന്നെയായിരുന്നു പഠനം. സാമൂറിൻസിൽ പഠിക്കുമ്പോൾ സ്കൂൾ ഫുട്ബാൾ ടീമിൽ കളിച്ചു. അഞ്ചാം ക്ലാസ് മുതൽ 10 വരെ അത് തുടർന്നു. പിന്നീട് പ്രീഡിഗ്രി ചെയ്യാൻ ഗുരുവായൂരപ്പൻ കോളജിലേക്ക്. 1975ൽ കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷൻ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലോങ്ടേം ഫുട്ബാൾ കോച്ചിങ് ക്യാമ്പ് തുടങ്ങാൻ പോവുകയാണെന്ന വിവരം കേട്ടപ്പോൾതന്നെ തീരുമാനിച്ചതാണ് ജയചന്ദ്രൻ അത് തനിക്കുകൂടിയുള്ളതാണ് എന്ന്. അന്ന് 12 വയസ്സ്. അങ്ങനെ ക്യാമ്പിലെത്തി. ജയചന്ദ്രന്റെ ജീവിതത്തിലെ ആദ്യ ഫുട്ബാൾ ക്യാമ്പ്. ഒളിമ്പ്യൻ ഷൺമുഖം, മേവ്ലാൽ തുടങ്ങിയവരൊക്കെയായിരുന്നു അന്ന് പരിശീലകർ.
15 വയസ്സാകുമ്പോഴാണ് സബ്ജൂനിയർ സ്റ്റേറ്റ് സെലക്ഷൻ തൃശൂരിൽ നടക്കുന്നുവെന്ന വിവരം അറിയുന്നത്. അങ്ങനെ കോഴിക്കോട് ക്യാമ്പിലുണ്ടായിരുന്ന കുട്ടികൾ എല്ലാവരും ഒന്നിച്ച് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാനിറങ്ങി, ജയചന്ദ്രനും.
അങ്ങനെ ആദ്യമായി സബ്ജൂനിയർ സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി, കേരള സബ് ജൂനിയർ സ്റ്റേറ്റ് ഫുട്ബാൾ ടീം അണ്ടർ 15. ഗുവാഹതിയിലായിരുന്നു മത്സരം. പക്ഷേ ക്വാർട്ടർ ഫൈനൽ കടക്കാനായില്ല. എന്നാൽ, തന്റെ ആദ്യ സ്റ്റേറ്റ് ലെവൽ ഗോൾ ആ ടൂർണമെന്റിൽ ജയചന്ദ്രൻ സ്വന്തമാക്കി, ആന്ധ്രക്കെതിരെ പെനാൽറ്റിയിലൂടെ. ആ ടൂർണമെന്റിൽ കളിച്ച 25 കളിക്കാർക്ക് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സ്കോളർഷിപ്പ് ഏർപ്പെടുത്തിയപ്പോൾ അതിൽ സി.കെ. ജയചന്ദ്രനും ഉൾപ്പെട്ടു, ദേശീയതലത്തിലെ ആദ്യ അംഗീകാരം 1979ൽ. അതിനുശേഷമാണ് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടുന്നത്. ബംഗളൂരുവിൽ ഒരു മാസത്തെ ക്യാമ്പിനുശേഷം ജയചന്ദ്രൻ അടങ്ങിയ ഇന്ത്യൻ ഫുട്ബാൾ ടീം സിംഗപ്പൂരിൽ ടൂർണമെന്റിൽ പങ്കെടുത്തു. ഇന്ത്യൻ ടീമിൽ അംഗമായ ജയചന്ദ്രന് ഒരിക്കലും മറക്കാനാവാത്ത സ്വീകരണമായിരുന്നു തിരികെ നാട്ടിലെത്തിയപ്പോൾ കിട്ടിയത്.
ആ വർഷംതന്നെ കോഴിക്കോടിനുവേണ്ടി ജൂനിയർ ജില്ലതല മത്സരത്തിലും കളിച്ചു, അണ്ടർ 19 ടീമിൽ. ആ ടൂർണമെന്റിൽ കോഴിക്കോട് ചാമ്പ്യൻമാരാവുകയും ചെയ്തു. പിന്നീട് ജൂനിയർ സ്റ്റേറ്റ് ക്യാമ്പിലേക്ക്.
'വൈകിപ്പോയ' ഇന്ത്യൻ ടീം
അധികം വൈകാതെതന്നെ ജൂനിയർ ഇന്ത്യൻ ക്യാമ്പിലേക്കും ജയചന്ദ്രന് വിളി വന്നു. ജയചന്ദ്രനെക്കൂടാതെ കേരളത്തിൽനിന്ന് അഞ്ചുപേർ. പക്ഷേ ക്യാമ്പിന്റെ കാര്യം അവർ കേരളതാരങ്ങളെ അറിയിക്കാൻ ഒരുപാട് വൈകി. അവർ എത്തിയപ്പോഴേക്ക് ക്യാമ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. ബംഗളൂരുവിലായിരുന്നു അത്. നന്ദി എന്ന ബംഗാളുകാരനായിരുന്നു പരിശീലകൻ. ക്യാമ്പ് ഫൈനലായി എന്നായിരുന്നു അവരുടെ മറുപടി. അന്ന് വെറും ഒരു ചടങ്ങ് എന്ന പേരിൽ മാത്രം കേരള താരങ്ങളെ കളിപ്പിച്ചു. പിറ്റേന്നുതന്നെ തിരിച്ചുവിടുകയും ചെയ്തു. പിന്നീട് 1981ൽ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പിലേക്ക് വീണ്ടും സെലക്ഷൻ. ആ ടൂർണമെന്റിൽ കേരളം സെമിഫൈനൽവരെ എത്തുകയും ചെയ്തു.
കരിയർ മാറ്റിയ കെ.എസ്.ആർ.ടി.സി
1983ലാണ് കെ.എസ്.ആർ.ടി.സിയിൽ ക്ലറിക്കൽ പോസ്റ്റിൽ സി.കെ. ജയചന്ദ്രന് നിയമനം കിട്ടുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഫുട്ബാൾ ടീം ശക്തമായിരുന്ന കാലമായിരുന്നു അത്. 1984 മുതൽ ഇന്റർ ഡിപ്പാർട്മെന്റ് മത്സരങ്ങളിൽ തുടർച്ചയായി അഞ്ചുതവണ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം ചാമ്പ്യൻന്മാരായി. ഇന്നത്തെ കേരള പ്രീമിയർ ലീഗ് പണ്ട് കേരള കൗമുദി ട്രോഫി ആയിരുന്ന കാലം. ഓൾ കേരള ലീഗ് മത്സരങ്ങളായിരുന്നു അന്ന്. ഓരോ ജില്ലയിലും ചാമ്പ്യന്മാരായ ടീമുകൾ തമ്മിൽ കളിക്കും. തിരുവനന്തപുരത്തുനിന്ന് മാത്രം നാല് ടീമുണ്ടാവും. ടൈറ്റാനിയം, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കേരള പൊലീസ്. സത്യൻ, പാപ്പച്ചൻ, ഷറഫലി, കുരികേശ് മാത്യു എന്നിവരൊക്കെ അടങ്ങിയതാണ് പൊലീസ് ടീം. 1984, 85, 86 വർഷങ്ങളിൽ തുടർച്ചയായി മൂന്നു വർഷം ഈ ടൂർണമെന്റിൽ സി.കെ. ജയചന്ദ്രൻ അടങ്ങിയ കെ.എസ്.ആർ.ടി.സി ചാമ്പ്യന്മാരായി. മത്സരവിജയങ്ങളിലെല്ലാം ജയചന്ദ്രന്റെ നിർണായക പ്രകടനങ്ങളും. അന്ന് കേരള കൗമുദി ട്രോഫിയിലെ ചാമ്പ്യന്മാർക്കു മാത്രമേ ഫെഡറേഷൻ കപ്പ് കളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ മൂന്ന് ഫെഡറേഷൻ കപ്പിലും ജയചന്ദ്രൻ കളിച്ചു. ഡ്യുറന്റ് കപ്പിലും അദ്ദേഹം തന്റെ ഫുട്ബാൾ മികവ് പുറത്തെടുത്തു.
നാഗ്ജിയിലെ വിജയം
നാഗ്ജി ഫുട്ബാളിനുവേണ്ടി എട്ട് ടീമുകളെ തെരഞ്ഞെടുത്തിരുന്നു 1986ൽ. മൂന്ന് ടീം കൊൽക്കത്തയിൽനിന്ന് -ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്പോർട്ടിങ്, മോഹൻ ബഗാൻ. ശക്തമായ ഇന്ത്യൻ ടീമിനെ രൂപപ്പെടുത്തുക എന്ന് മുന്നിൽകണ്ട് ഇന്ത്യൻ പതാകയുടെ നിറങ്ങളുടെ പേരിൽ 3 ടീമുകൾ വേറെയും -സാഫ്രോൺ, വൈറ്റ്, ഗ്രീൻ. ഓരോ സോൺ ആക്കി തിരിച്ച് വലിയ പരിശീലകരെ ഉൾപ്പെടുത്തി ക്യാമ്പ് നടത്തിയായിരുന്നു ഈ മൂന്ന് ടീമുകളുടെ തയാറെടുപ്പ്. അതിൽ സൗത്ത് ഇന്ത്യയുടേത് ടീം ഗ്രീൻ ആയിരുന്നു, ടീമിൽ വി.പി. സത്യൻ, ഷറഫലി, ബെന്നി തുടങ്ങിയ പ്രമുഖ കളിക്കാരും. കേരള ഇലവനും ജെ.സി.ടിയുമായിരുന്നു മറ്റ് രണ്ട് ടീമുകൾ.
ആ കേരള ഇലവനിൽ ജയചന്ദ്രനും പാപ്പച്ചനും. കേരള ടീമിലെ പല പ്രമുഖ കളിക്കാരും അന്ന് ഇന്ത്യ ഗ്രീൻസിലും. നിർണായകമായ ആദ്യ മത്സരം കോഴിക്കോട്ടുവെച്ച് ഇന്ത്യ വൈറ്റ്സുമായി. അതിൽ 2 ഗോളിന് കേരളം ജയിച്ചു, ആ രണ്ട് ഗോളും അടിച്ചത് ജയചന്ദ്രനും. സത്യനും ഷറഫലിയുമടങ്ങിയ അടങ്ങിയ ഗ്രീൻ ടീം നേരത്തേ പുറത്തായി. ആ ടൂർണമെന്റിൽ കേരള ഇലവൻ ഫൈനലിലെത്തി. ഈസ്റ്റ് ബംഗാളിനോട് പക്ഷേ ഒരു ഗോളിന് പരാജയപ്പെട്ടു. സാഫ് ഗെയിംസിനായുള്ള സീനിയർ ഇന്ത്യൻ ക്യാമ്പിലും ഒരുതവണ ജയചന്ദ്രന് അവസരം കിട്ടി.
ഫുട്ബാൾ താൽപര്യം കുറയുന്നു
ഫുട്ബാളിൽ കുതിച്ചുകയാറാനും മികച്ച പ്രകടനം കാഴ്ചവെക്കാനും ഇന്നത്തെ സാധ്യതയുടെ പകുതിപോലും പണ്ടില്ലായിരുന്നു. പക്ഷേ അന്ന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു, ഫുട്ബാളിനോടുള്ള ആത്മാർഥതയും താൽപര്യവും. കളിക്കാരെല്ലാം അത്ര ഇഷ്ടത്തോടെയാണ് ബൂട്ടണിഞ്ഞിരുന്നത്. പക്ഷേ ഇന്ന് കുട്ടികളേക്കാൾ താൽപര്യം രക്ഷിതാക്കൾക്കാണെന്നാണ് ജയചന്ദ്രന്റെ പക്ഷം. ''അവർ നിർബന്ധിച്ചിട്ടാണ് പലരും ഫുട്ബാളിൽ എത്തുന്നത്. ഫുട്ബാൾ കാണാൻ അന്ന് വൻ ജനക്കൂട്ടംതന്നെ എത്തിയിരുന്നു. ഒരുപാട് കാലത്തിനുശേഷം ഈ സന്തോഷ് ട്രോഫിക്കാണ് വലിയൊരു ജനക്കൂട്ടത്തെ കണ്ടത്, അതും മലപ്പുറമായതുകൊണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും ഫുട്ബാൾ കളിക്കുന്നവരും വളർന്നുവരുന്നവരും അൽപം പിറകോട്ടുപോയോ എന്ന് സംശയമുണ്ട്. റാങ്കിങ്ങിലെല്ലാം വളരെ പിറകിൽ പോയി. 97 റാങ്കിൽ വരെ എത്തിയ സമയമുണ്ടായിരുന്നു പണ്ട്'' -ജയചന്ദ്രൻ പറയുന്നു.
'83 മുതൽ '93 വരെ 10 വർഷമാണ് ദേശീയതലത്തിൽ ജയചന്ദ്രൻ ഫുട്ബാളിൽ സജീവമായിരുന്നത്. ആ വർഷങ്ങൾക്കിടെതന്നെ മികച്ച ഫുട്ബാളർ എന്ന ഖ്യാതി സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ''പിന്നെയും കളിക്കാമായിരുന്നു. പക്ഷേ ഞങ്ങളുടെ ഡിപ്പാർട്മെന്റ് പിന്നീട് സ്പോർട്സിനോട് അത്ര അടുപ്പം കാണിച്ചില്ല. അതായിരുന്നു പിൻവലിയാനുണ്ടായ കാരണം. ഗസറ്റഡ് റാങ്കിലുള്ള, കെ.എസ്.ആർ.ടിസിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിട്ടാണ് റിട്ടയർ ചെയ്തത്. 35 വയസ്സുവരെയൊക്കെ ആളുകൾ കളിക്കാറുണ്ട്. പക്ഷേ 30 വയസ്സ് ആയപ്പോഴേക്കുതന്നെ ഞാൻ പിൻവാങ്ങി. പിന്നീട് ട്രാൻസ്ഫർ ആയി കോഴിക്കോടെത്തി. കോഴിക്കോടെത്തിയ ശേഷം ചെറുതായൊന്ന് പിൻവലിഞ്ഞു, മനഃപൂർവമായിരുന്നില്ലെങ്കിൽകൂടി. പിന്നീട് പരിശീലനരംഗത്തേക്ക് കടന്നു. ഡി.എഫ്.എയുടെ 'വിഷൻ ഇന്ത്യ കോച്ചിങ്' ആയിരുന്നു ആദ്യം. സർക്കാറും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന പരിശീലനക്യാമ്പാണ് അത്. എല്ലാ ജില്ലയിലും ഉണ്ടായിരുന്നു. കോഴിക്കോട് ഞങ്ങൾ നാലഞ്ച് പരിശീലകരുണ്ടായിരുന്നു. നാലഞ്ചു വർഷം അതിൽ തുടർന്നു, 1994 മുതൽ. അതിനിടെ പരിശീലനത്തിനുള്ള ലൈസൻസും സ്വന്തമാക്കി. പിന്നീടാണ് സെപ്റ്റിന്റെ ക്യാമ്പിലേക്ക് എത്തുന്നത്. ആറുവർഷത്തോളം സെപ്റ്റിൽ പരിശീലകനായിട്ടുണ്ടായിരുന്നു. ലേഡീസ് വിങ്ങിന്റെ പരിശീലന ചുമതലയായിരുന്നു. പരിശീലിപ്പിച്ച കുട്ടികൾ പലതവണ ടൂർണമെന്റുകളിൽ ട്രോഫി നേടിയിട്ടുണ്ട്. പലർക്കും സ്റ്റേറ്റ് ക്യാമ്പിലേക്ക് സെലക്ഷനും കിട്ടി. കൊറോണ കൂടിനിന്ന സമയത്ത് ഒരു വലിയ ഇടവേളയുണ്ടായിരുന്നു. അതിനുശേഷം കെ.എഫ്.ടി.സിയുടെ പരിശീലനങ്ങളിൽ ഭാഗമായി. സ്കൂളുകൾ ആവശ്യെപ്പടുമ്പോൾ അവിടെയെത്തി പരിശീലനം നൽകും, അതാണ് എന്റെ രീതി, അവസരം ചോദിച്ച് എവിടെയും പോകാറില്ല'' -ജയചന്ദ്രൻ പറയുന്നു.
ജയചന്ദ്രൻ എന്ന ഫുട്ബാൾ കോച്ചിനെക്കുറിച്ച് പറയാൻ ശിഷ്യഗണങ്ങൾക്കും ഒരുപാടുണ്ട്. കൃത്യമായ പാഠങ്ങളിലൂടെ ഫുട്ബാളിന്റെ തന്ത്രങ്ങൾ പഠിപ്പിക്കുന്ന സി.കെ. ജയചന്ദ്രൻ സാർ തന്റെ കരിയർ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ ഏറെ സഹായിച്ചുവെന്ന് മൂന്നുതവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്ത ദിയ പറയുന്നു. ഒമ്പതാം വയസ്സിലാണ് ദിയ സെപ്റ്റിൽ ഫുട്ബാൾ പരിശീലനം തുടങ്ങുന്നത്. ഇന്ന് കോഴിക്കോട് സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായിരിക്കുമ്പോഴും പരിശീലനം കൃത്യമായി തുടരുകയും ചെയ്യുന്നു. ദിയയെപ്പോലെ സെപ്റ്റിലെ ജയചന്ദ്രന്റെ കോച്ചിങ്ങിനെക്കുറിച്ച് പറയുമ്പോൾ ശിഷ്യർക്ക് വാക്കുകൾ തികയുന്നില്ല.
വേണ്ടത് കഠിനാധ്വാനം
വളർന്നുവരുന്ന പുതിയ തലമുറയോട് സി.കെ. ജയചന്ദ്രന് പലതും പറഞ്ഞുവെക്കാനുണ്ട്. ''ഒരു മികച്ച ഫുട്ബാളറെ ഒരിക്കലും റെക്കമന്റേഷനിലൂടെ വാർത്തെടുക്കാൻ കഴിയില്ല. സ്ഥിരമായി നല്ല രീതിയിൽ കളി കൊണ്ടുപോവണമെങ്കിലും അംഗീകാരങ്ങളും ജന സ്വീകാര്യതയും കിട്ടണമെങ്കിലും നന്നായി കളിക്കുക തന്നെ വേണം. ഏതൊരാൾക്കും മികച്ച രീതിയിൽ കളിക്കാൻ കഴിവുണ്ടെങ്കിൽ എന്നെങ്കിലുമൊരിക്കൽ അവരുടെ പ്രതിഭ നാട് തിരിച്ചറിയും എന്നാണ് എന്റെ കൺസപ്റ്റ്. പണ്ട് കളിക്കാർ കാണിച്ചിരുന്ന അധ്വാനമൊന്നും ഫുട്ബാളിനുവേണ്ടി പുതു തലമുറ എടുക്കുന്നില്ല എന്നതാണ് കാര്യം. അതുണ്ടായാൽ നല്ലൊരു ഫുട്ബാൾ ടീംതന്നെ നമുക്കുണ്ടാക്കാൻ കഴിയും.
ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ ഞാൻ പോയിരുന്നു. കേരളം മികച്ച കളിയാണ് കാഴ്ചവെച്ചത്. പക്ഷേ ഫൈനലിൽ വളരെ മോശമായിട്ടായിരുന്നു കേരളത്തിന്റെ പ്രകടനം എന്നതാണ് യാഥാർഥ്യം. ഫൈനലിൽ കളിച്ചത് മുഴുവൻ ബംഗാളായിരുന്നു. അവർ ജയിച്ചേക്കാവുന്ന കളിയായിരുന്നു അത്. രണ്ട് ടീമിന്റെയും ഡിഫൻസ് മോശമായിരുന്നു. രണ്ടുമൂന്ന് ചാൻസുകൾ കേരളം പാഴാക്കിക്കളയുകയും ചെയ്തു. ടൈബ്രേക്കറിൽ എന്തും സംഭവിക്കാം. ബംഗാളിന് പറ്റിയ ആ തെറ്റാണ് ശരിക്കും കേരളത്തെ വിജയിപ്പിച്ചത്. കാണികളുടെ പിന്തുണ കേരളത്തെ വളരെയധികം സഹായിച്ചിട്ടുമുണ്ട്'' -അദ്ദേഹം പറയുന്നു.
അവഗണനകൾ
ഇന്ത്യൻ ക്യാമ്പിൽ പലപ്പോഴും ചില അവഗണനകൾ നേരിട്ടിരുന്നുവെന്ന് ജയചന്ദ്രൻ ഒട്ടും പരിഭവമില്ലാതെ പറയുന്നു. പൊലീസ് പ്ലേയേഴ്സിനെയായിരുന്നു ഇന്ത്യൻ ടീമിലേക്ക് കൂടുതലായി പരിഗണിച്ചിരുന്നത്. ക്യാമ്പിലേക്ക് അവസരം നൽകിയാൽ മികച്ച കളിക്കാരെ പരിശീലകർക്ക് അറിയാൻ സാധിക്കുമല്ലോ. അതിന് ആദ്യം ക്യാമ്പിലേക്ക് അവസരം തരികയല്ലേ വേണ്ടത്, അത് കിട്ടിയില്ല പലപ്പോഴും. അവഗണനകൾ എല്ലാകാലത്തും എല്ലായിടങ്ങളിലുമുണ്ട്. ചിലർക്ക് അത് അതിജീവിച്ച് മുന്നേറാൻ സാധിക്കും, പക്ഷേ ചിലർ വഴിയിൽ വീണുപോകും. വാണവരുടെയും വീണവരുടെയും കൂടിയാണ് ഫുട്ബാൾ.