തെറ്റു തിരുത്തൽ

35 വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്രീയത്തിലും നിർണായക മാറ്റംവന്ന കാലമാണിത്. ഇക്കാലത്തെ കോൺഗ്രസിന്റെ പ്രവർത്തനത്തെയും മുൻകാല രാഷ്ട്രീയത്തെയും പഠനവിധേയമാക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച. ഇപ്രകാരം 1990ൽ ആരംഭിച്ച പിഴവുകൾ തിരുത്തണം എന്നാണ് രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത്. അത് സംഭവിക്കണമെങ്കിൽ കോൺഗ്രസിൽ ഒരു ആഭ്യന്തര വിപ്ലവംതന്നെയുണ്ടാകണമെന്നും രാഹുൽ ഗാന്ധി കരുതുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കു വേണ്ടത് കേവലം പ്രാതിനിധ്യമല്ല അധികാരത്തിലുള്ള പങ്കാണ്...
Your Subscription Supports Independent Journalism
View Plans35 വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്രീയത്തിലും നിർണായക മാറ്റംവന്ന കാലമാണിത്. ഇക്കാലത്തെ കോൺഗ്രസിന്റെ പ്രവർത്തനത്തെയും മുൻകാല രാഷ്ട്രീയത്തെയും പഠനവിധേയമാക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച.
ഇപ്രകാരം 1990ൽ ആരംഭിച്ച പിഴവുകൾ തിരുത്തണം എന്നാണ് രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത്. അത് സംഭവിക്കണമെങ്കിൽ കോൺഗ്രസിൽ ഒരു ആഭ്യന്തര വിപ്ലവംതന്നെയുണ്ടാകണമെന്നും രാഹുൽ ഗാന്ധി കരുതുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കു വേണ്ടത് കേവലം പ്രാതിനിധ്യമല്ല അധികാരത്തിലുള്ള പങ്കാണ് അവർക്കായി ഉറപ്പാക്കപ്പെടേണ്ടത്. സർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല കോർപറേറ്റ് മേഖലയിൽവരെ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നുകൂടി രാഹുൽ ഗാന്ധി നിർദേശിക്കുന്നു. അതായത് കോൺഗ്രസ് അതിന്റെ നിലപാട് തിരുത്തുന്നു എന്നർഥം. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളോട് കൂടുതൽ ഐക്യപ്പെടാൻ അവർ ശ്രമിക്കുന്നു എന്നു കാണാം. അതിന്റെ ആരംഭം 2024ലെ പൊതു തെരഞ്ഞെടുപ്പു കാലമായിരുന്നു.
2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും രാഹുലും പ്രധാനമായും മുന്നോട്ടുവെച്ച ആശയം ഭരണഘടനയുടെ സംരക്ഷണം എന്നതായിരുന്നു. മോദികാലത്ത് ഭരണഘടനയിലെ മതേതരത്വവും സോഷ്യലിസവും ന്യൂനപക്ഷ സംരക്ഷണവുമൊക്കെ തകർക്കപ്പെടുന്നു എന്നതായിരുന്നു കോൺഗ്രസിന്റെ മുഖ്യപ്രചാരണം. 2024ൽ നാനൂറ് സീറ്റിനുമേൽ ലഭിക്കുമെന്നായിരുന്നല്ലോ ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. ആ പ്രചാരണമാണ് യഥാർഥത്തിൽ അവർക്ക് വിനയായതും. കാരണം, നാനൂറ് സീറ്റിനു മേൽ ലഭിച്ചാൽ രാജ്യത്തെ ഭരണഘടനതന്നെ ബി.ജെ.പി മാറ്റി എഴുതും എന്ന പ്രചാരണം മറുവശത്ത് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ശക്തമായി മുന്നോട്ടുവെച്ചു. അങ്ങനെ സംഭവിച്ചാൽ പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാപരമായ പല അവകാശങ്ങളും അവർ എടുത്തുകളയുമെന്നും പ്രതിപക്ഷം പറഞ്ഞു. ആ പ്രചാരണം കുറിക്കുകൊണ്ടു.
അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹികനീതി അട്ടിമറിക്കപ്പെടുന്നു എന്ന വിഷയവും കോൺഗ്രസ് ശക്തമായിത്തന്നെ ഉന്നയിച്ചു. സാമൂഹിക നീതി എന്ന വിഷയം ഗൗരവത്തോടെ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് ജാതി സെൻസസ് നടപ്പാക്കണം എന്ന ആവശ്യം രാഹുലും കോൺഗ്രസും മുന്നോട്ടുവെച്ചത്. 1931ൽ ബ്രിട്ടീഷ് ഭരണകാലത്താണ് അവസാനമായി ഇന്ത്യയിൽ ജാതി സെൻസസ് നടന്നത്. അന്ന് 4147 ജാതികളുടെ പട്ടികയാണ് തയാറാക്കപ്പെട്ടത്. 2011ൽ മൻമോഹൻ സിങ് സർക്കാർ നടപ്പാക്കിയ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് കണ്ടെത്തിയത് രാജ്യത്ത് 46.7 ലക്ഷം ജാതി-ഉപജാതികളുണ്ട് എന്നായിരുന്നു. എന്നാൽ, എട്ടു കോടിയിലേറെ പിഴവുകൾ കണ്ടെത്തപ്പെട്ടതിനാൽ ആ സെൻസസ് ഏറക്കുറെ ഉപേക്ഷിച്ച നിലയിലാണ്.
2023ൽ ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സർവേ നടത്തുകയും സംസ്ഥാനത്ത് 63 ശതമാനം മറ്റ് പിന്നാക്ക ജാതികളാണ് എന്ന് കണ്ടെത്തുകയുംചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് 2024ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജാതി സെൻസസ് എന്ന ആവശ്യം മുന്നോട്ടുവെച്ചത്. രാജ്യത്ത് 70 ശതമാനത്തിലേറെ മറ്റ് പിന്നാക്ക ജാതികളാണെന്നും ജനസംഖ്യാനുപാതികമായി എല്ലാ മേഖലകളിലും അവരുടെ പ്രാതിനിധ്യം അപ്രകാരംതന്നെ വർധിപ്പിക്കണം എന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
2024 സെപ്റ്റംബർ 18ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസിന്റെ നിലപാട് മാറ്റത്തിന്റെ പ്രഖ്യാപനംകൂടിയായിരുന്നു. രാജ്യത്തെ 90 ശതമാനം പേരും മുഖ്യധാരക്ക് പുറത്താണ് എന്നു പറഞ്ഞാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. ‘‘അവർക്ക് അറിവും നൈപുണ്യവുമുണ്ട്. എന്നാൽ, ഉയരത്തിലേക്ക് എത്താൻ കഴിയുന്നില്ല. അതുകൊണ്ടാണ് ജാതിയടിസ്ഥാനത്തിലുള്ള സെൻസസ് നടപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്.
കോൺഗ്രസിനെ സംബന്ധിച്ച് ജാതി സെൻസസ് കേവലം ഒരു കണക്കെടുപ്പ് മാത്രമല്ല. അതായിരിക്കണം നയരൂപവത്കരണത്തിന്റെ അടിസ്ഥാനം. ജാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് രാജ്യത്തെ ആകെ സമ്പത്തിൽ എത്ര ഓഹരി പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങൾക്ക് ലഭ്യമായിട്ടുണ്ട് എന്ന കണക്കെടുപ്പുകൂടിയാകണം.”11 2024ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനവും അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്നതായിരുന്നു. സംവരണത്തിന്റെ പരിധി നിലവിലെ അമ്പതു ശതമാനത്തിൽനിന്നും ഉയർത്തുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നും കോൺഗ്രസ് വാഗ്ദാനംചെയ്തിരുന്നു.

മല്ലികാർജുൻ ഖാർഗെ
കർണാടകത്തിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി ഒരു മുദ്രാവാക്യം മുന്നോട്ടുവെച്ചു. “ജിതനീ ആബാദി ഉതനീ ഹക്ക്’’ എന്നതായിരുന്നു ആ മുദ്രാവാക്യം. അതായത് ജനസംഖ്യയിൽ ഓരോ വിഭാഗത്തിനും എത്ര ശക്തിയുണ്ടോ അതിന് ആനുപാതികമായി അധികാരത്തിൽ അവരുടെ പങ്കാളിത്തവും ഉറപ്പാക്കണം എന്നർഥം. 70 ശതമാനമാണ് രാജ്യത്ത് പിന്നാക്ക-ദലിത് വിഭാഗങ്ങളെങ്കിൽ എല്ലാ മേഖലകളിലും അവരുടെ പ്രാതിനിധ്യം 70 ശതമാനമായിരിക്കണം എന്നുകൂടി രാഹുൽ ഗാന്ധി പറഞ്ഞു. നമുക്ക് ഒരു കണക്ക് പരിശോധിക്കാം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിലവിൽ സീനിയർ ഓഫിസർമാരുടെ തസ്തികയിൽ ആകെയുള്ളത് 11,310 പേരാണ്. രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്ന ആശയപ്രകാരം ഈ തസ്തികകളിൽ 8000 പേർ പിന്നാക്ക-ദലിത് വിഭാഗങ്ങളിൽനിന്നുമുള്ളവരായിരിക്കണം –70 ശതമാനം. എന്നാൽ, വസ്തുതയാകട്ടെ 3000 പേർ മാത്രമാണ് ആ മേഖലയിൽ ഈ വിഭാഗങ്ങളിൽനിന്നുമുള്ളത് എന്നതാണ്.
കേന്ദ്ര സർക്കാറിൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി തലത്തിൽ കുറഞ്ഞത് 225 പേർ പിന്നാക്ക ദലിത് വിഭാഗങ്ങളിൽനിന്നുമായിരിക്കണം –70 ശതമാനം. നിലവിൽ 68 പേർ മാത്രമാണ് ഈ വിഭാഗങ്ങളിൽനിന്നുമുള്ളത്. അതേസമയം, രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുക്കുന്ന ഏകദേശം 16 കോടി പേരിൽ 80 ശതമാനവും പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങളിൽനിന്നാണ്. രാജ്യത്തെ ആകെയുള്ള 60,000 തോട്ടി തൊഴിലാളികളും ദലിതരോ ഗോത്രവർഗക്കാരോ ആണ്. സർക്കാറിൽ ആകെയുള്ള 44,000 ശുചീകരണ തൊഴിലാളികളിൽ 75 ശതമാനവും ദലിതരാണ്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വ്യക്തവും പ്രത്യക്ഷവുമാണ്. നമുക്കത് നേരിട്ട് കാണാം. അതിന്റെ ഡേറ്റയും ലഭ്യമാണ്. എന്നാൽ, ജാതിമൂലമുള്ള അന്തരം കൃത്യമായി വെളിവാക്കപ്പെടുന്നില്ല. അത് വേണ്ടവിധം അന്വേഷിക്കപ്പെടുന്നുമില്ല. അതുകൊണ്ടാണ് ജാതി സെൻസസ് നടത്തണം എന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. അത് പ്രസക്തവുമാണ്.

മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും
മോദികാലം
2014 മുതൽ ഇന്ത്യയിൽ ഒരിക്കൽകൂടി കമണ്ഡൽ രാഷ്ട്രീയം ശക്തിപ്പെടുന്നത് കാണാം. അത് നരേന്ദ്ര മോദിയുടെ വരവോടെയാണ്. നരേന്ദ്ര മോദി പിന്നാക്ക ഹിന്ദു സമുദായക്കാരനാണ്. ഭരണരംഗത്തും സംഘടനാരംഗത്തും പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ സൂക്ഷ്മമായ പ്രായോഗികത വെച്ചുപുലർത്തുന്ന പാർട്ടിയാണ് ബി.ജെ.പി. ആ പ്രായോഗികത പക്ഷേ, പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ എന്നത് കാണാതെ പോകരുത്. ആശയതലത്തിൽ ബി.ജെ.പി അതിന്റെ ബ്രാഹ്മണികത നിർബാധം തുടരുകയുംചെയ്യുന്നു. അതുകൊണ്ടാണ് ഒരു ആശയക്കുഴപ്പവുമില്ലാതെ സനാതന ധർമത്തെ ഉയർത്തിപ്പിടിക്കാൻ ബി.ജെ.പിക്ക് നിസ്സംശയം കഴിയുന്നത്. അതുകൊണ്ടാണ് പുതിയ പാർലമെന്റിലെ സമ്മേളന ഹാളിൽ രാജത്വത്തിന്റെ ചെങ്കോൽ സ്ഥാപിക്കാൻ അവർക്ക് കഴിയുന്നത്.
സനാതന ധർമത്തിന്റെ ഉൽപന്നമാണ് ചാതുർവർണ്യം എന്നത് സൗകര്യപൂർവം മറച്ചുവെക്കപ്പെടുന്നു. ആ ചാതുർവർണ്യമാണ് സഹസ്രാബ്ദങ്ങൾക്കു മുമ്പ് പിന്നാക്കക്കാരനെയും ദലിതനെയും അധഃസ്ഥിതനെയുമൊക്കെ സൃഷ്ടിച്ചത് എന്നതും മറച്ചുവെക്കപ്പെടുന്നു. ഓരോ പിന്നാക്കക്കാരനും ദലിതനും ഇന്ന് സനാതന ഹിന്ദുവാകാൻ മത്സരിക്കുകയാണ്. സ്വന്തം അവസ്ഥയെക്കുറിച്ച് ഒരാകുലതയുമില്ലാതെ, പട്ടിണിയോ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ പ്രശ്നമാകാതെ, സാമൂഹികമായ കീഴാളത്തം ഒരസ്വസ്ഥതയും സൃഷ്ടിക്കാതെ, രാമക്ഷേത്ര നിർമാണത്തിൽ അവർ അഭിമാനംകൊള്ളുന്നു. ആസൂത്രിതമായ ഈ വ്യാജസ്വത്വ നിർമിതിയുടെ അടിത്തറയിൻമേലാണ് ബി.ജെ.പി വലിയ രാഷ്ട്രീയവിജയം കൊയ്തുകൊണ്ടിരിക്കുന്നത്. ഇതാണ് വർത്തമാനകാല ഇന്ത്യ. ഈ വ്യാജസ്വത്വത്തിൽനിന്നും പിന്നാക്ക-ദലിത് വിഭാഗങ്ങളെ മോചിപ്പിക്കണമെങ്കിൽ സാമൂഹികമായ അവരുടെ പിന്നാക്കാവസ്ഥയെ കുറിച്ച് അവരെ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആ ശ്രമത്തിന്റെ തുടക്കമാണ് ജാതി സെൻസസ് എന്ന ആവശ്യം.
ഇത്തരത്തിൽ ഒരാവശ്യം ഉന്നയിക്കുന്നതുകൊണ്ടു മാത്രം പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ പിന്തുണ നേടുക കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമല്ല. അതിന്റെ ശരിയായ ഉദാഹരണമാണ് 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയിലുണ്ടായ ജനവിധിയുടെ സ്വഭാവം. ഉദാഹരണത്തിന് ബിഹാറിൽ ജാതി സർവേ നടപ്പാക്കിയ നിതീഷ് കുമാറും അദ്ദേഹം നേതൃത്വം കൊടുക്കുന്ന ജെ.ഡി.യു എന്ന പാർട്ടിയുമായിരുന്നു (ബി.ജെ.പിക്കൊപ്പം നിൽക്കുമ്പോൾ തന്നെ) അവിടെ പിന്നാക്ക വിഭാഗങ്ങളുടെ ചോയ്സ്. കോൺഗ്രസായിരുന്നില്ല. യഥാർഥത്തിൽ ‘ഇൻഡ്യ’ മുന്നണി എന്ന ആശയത്തിന് നേതൃത്വം നൽകിയത് നിതീഷ് കുമാറായിരുന്നല്ലോ. എന്നാൽ, ഒരു ഘട്ടത്തിൽ ആ ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാർ വീണ്ടും ബി.ജെ.പിക്കൊപ്പം ചേർന്നു. ബി.ജെ.പിക്ക് വലിയ അടിത്തറയും പിന്തുണയുമുള്ള ഉത്തർപ്രദേശിൽപോലും വലിയ വിജയം ഇൻഡ്യ മുന്നണി നേടിയപ്പോൾ നേർവിപരീതമായി ഇൻഡ്യ മുന്നണി പിറന്നു വീണ ബിഹാറിൽ ബി.ജെ.പി മുന്നണി വലിയ വിജയം നേടുന്നതാണ് നാം കണ്ടത്.
അതിന് കാരണം പിന്നാക്ക-അതി പിന്നാക്ക ജാതിവിഭാഗങ്ങൾ വലിയതോതിൽ നിതീഷ് കുമാറിനും ബി.ജെ.പിക്കുമൊപ്പം നിന്നു എന്നതു തന്നെയാണ്. അതേസമയം, ഉത്തർപ്രദേശിൽ പിന്നാക്ക-ദലിത് വിഭാഗങ്ങൾ അഖിലേഷ് യാദവിനും സമാജ് വാദി പാർട്ടിക്കുമൊപ്പമാണ് നിലയെടുത്തത്. അതുകൊണ്ടാണ് അവിടെ ഇൻഡ്യ മുന്നണി വലിയ വിജയം നേടിയത്. സമാജ് വാദി പാർട്ടിക്ക് കിട്ടിയ പിന്തുണയുടെ ഗുണഭോക്താവ് മാത്രമായിരുന്നു ഒരർഥത്തിൽ കോൺഗ്രസ്. അതായത് ഇന്നും ഇന്ത്യയിലെ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ ആദ്യത്തെ ചോയ്സ് സ്വത്വ രാഷ്ട്രീയ പാർട്ടികൾതന്നെയാണ്. അവരുമായി ഐക്യപ്പെടുമ്പോൾ മാത്രമാണ് കോൺഗ്രസിന് ആ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നത് എന്നു കാണാം.
2024ലെ പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തെ പിന്നാക്ക-ദലിത് വിഭാഗങ്ങൾ എപ്രകാരമാണ് വോട്ട് ചെയ്തത് എന്ന് പരിശോധിക്കുന്നത് ഇത്തരുണത്തിൽ ചില പുതിയ തിരിച്ചറിവുകളിലേക്കെത്താൻ നമ്മെ സഹായിക്കും. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം ഏക സ്വഭാവത്തിലല്ല (common pattern) പിന്നാക്ക-ദലിത് വിഭാഗങ്ങൾ വോട്ടു ചെയ്തത് എന്നാണ് CSDS-Lokniti യുടെ പഠനം തെളിയിക്കുന്നത്.12 രാജ്യത്തെ ദലിതരടക്കം എല്ലാ ഹിന്ദുക്കളെയും തെരഞ്ഞെടുപ്പിൽ തങ്ങൾക്കു പിന്നിൽ അണിനിരത്തുന്നതിനായി ബി.ജെ.പി ആവിഷ്കരിച്ച തന്ത്രമായിരുന്നല്ലോ വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. എന്നാൽ, രാമക്ഷേത്രം നിലകൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ആരാണ് വിജയിച്ചത്? സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി അവധേഷ് പ്രസാദായിരുന്നു അവിടെ വിജയിച്ചത്.
അവധേഷ് പ്രസാദ് ഒരു ദലിതനാണ്. അദ്ദേഹം തോൽപിച്ചതാകട്ടെ താകുർ സമുദായത്തിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥി ലല്ലു സിങ്ങിനെയായിരുന്നു. ഫൈസാബാദ് ഒരു സംവരണ മണ്ഡലമല്ല. സംവരണ മണ്ഡലത്തിലല്ലാതെ ദലിതർ വിജയിച്ചുവരുന്നത് അത്യപൂർവവുമാണ്. (ജനറൽ സീറ്റിൽ ദലിതർക്ക് ഒരു പാർട്ടിയും സീറ്റ് കൊടുക്കാറുമില്ല!) രാജ്യത്ത് പട്ടികജാതിക്കായി 84 സീറ്റുകളാണ് സംവരണംചെയ്തിരിക്കുന്നത്. അതിൽ 20 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചുവന്നു എന്നത് ആ പാർട്ടിയെ സംബന്ധിച്ച് നേട്ടംതന്നെയാണ്. അവരുടെ വോട്ട് ശതമാനത്തിലും വർധനയുണ്ടായി.

മോദിയുടെ ഒരു രാഷ്ട്രീയ നീക്കം. അമിത് ഷാ, ഗുലാം നബി ആസാദ് തുടങ്ങിയവർ സമീപം
2019ലെ പൊതു തെരഞ്ഞെടുപ്പിൽ കേവലം എട്ടു സീറ്റുകൾ മാത്രമാണ് സംവരണ മണ്ഡലങ്ങളിൽനിന്നും കോൺഗ്രസിന് നേടാനായത്. 16.7 ശതമാനം വോട്ടും. ഇതാണ് 2024ൽ കോൺഗ്രസ് 20 സീറ്റുകളായും 20.8 ശതമാനം വോട്ടുകളായും ഉയർത്തിയത്. ബി.ജെ.പിക്ക് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംവരണ മണ്ഡലങ്ങളിൽ 15 സീറ്റുകൾ നഷ്ടമാവുകയുംചെയ്തു. എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ പിന്തുണ നേടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല എന്നത് കാണാതെ പോകരുത്.
ഉത്തർപ്രദേശിൽ പിന്നാക്ക-ദലിത് വിഭാഗങ്ങൾ ഇൻഡ്യ മുന്നണിക്കൊപ്പം നിന്നപ്പോൾ ബിഹാറിൽ അവർ ബി.ജെ.പി മുന്നണിക്കൊപ്പമായിരുന്നു. മഹാരാഷ്ട്രയിൽ പിന്നാക്ക-ദലിത് വിഭാഗങ്ങൾ ഇൻഡ്യ മുന്നണിക്കൊപ്പം നിന്നപ്പോൾ മധ്യപ്രദേശിൽ അവർ ബി.െജ.പി മുന്നണിക്കൊപ്പമായിരുന്നു. രാജസ്ഥാനിൽ പിന്നാക്ക-ദലിത് വിഭാഗങ്ങൾ ഇൻഡ്യ മുന്നണിക്കൊപ്പം നിന്നപ്പോൾ ഗുജറാത്തിൽ അവർ ബി.ജെ.പി മുന്നണിക്കൊപ്പമായിരുന്നു. ഹരിയാനയിൽ പിന്നാക്ക-ദലിത് വിഭാഗങ്ങൾ ഇൻഡ്യ മുന്നണിക്കൊപ്പം നിന്നപ്പോൾ ഒഡിഷയിൽ അവർ ബി.ജെ.പി മുന്നണിക്കൊപ്പമായിരുന്നു. ഈ വോട്ടിങ് രീതി പരിശോധിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാകും.
എവിടെയൊക്കെ പിന്നാക്ക-ദലിത് വിഭാഗങ്ങൾ ഇൻഡ്യ മുന്നണിക്കൊപ്പം നിന്നിട്ടുണ്ടോ അവിടെയൊക്കെ ഇൻഡ്യ മുന്നണി വലിയ വിജയം നേടുകയും ബി.ജെ.പി തറപറ്റുകയുംചെയ്തിട്ടുണ്ട്. രണ്ടാമത്തെ കാര്യം കോൺഗ്രസിന് ഒറ്റക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ അഥവാ മറ്റ് സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമില്ലാത്ത സംസ്ഥാനങ്ങളിൽ പിന്നാക്ക-ദലിത് വിഭാഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, തെലങ്കാന, കർണാടക. അതായത് കോൺഗ്രസിനോടുള്ള അവിശ്വാസം ഇപ്പോഴും ആ വിഭാഗങ്ങൾ വെച്ചുപുലർത്തുന്നുണ്ടെങ്കിലും അതിൽ ഒട്ടൊക്കെ അയവുവന്നിട്ടുണ്ട് എന്നർഥം. ഈ തിരിച്ചറിവാണ് രാഹുൽ ഗാന്ധിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് 1990ലെ പിഴവ് പുനഃപരിശോധിക്കാൻ രാഹുൽ ഗാന്ധി തയാറെടുക്കുന്നത്.
ഇന്ന് കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ്. ഖാർഗെ കർണാടകത്തിൽനിന്നുള്ള ദലിതനാണ്. ജഗ്ജീവൻ റാമിനുശേഷം ഏതാണ്ട് അരനൂറ്റാണ്ട് പിന്നിട്ടപ്പോൾ മാത്രമാണ് കോൺഗ്രസിന് ഒരു ദലിത് അധ്യക്ഷനുണ്ടാകുന്നത്. (രണ്ടായിരത്തിൽതന്നെ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായി ദലിതനായ ബങ്കാരു ലക്ഷ്മൺ വന്നു.) ഇന്ദിര ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് നേരിടുന്ന ആക്ഷേപം അതൊരു കുടുംബ പാർട്ടിയാണ് എന്നുകൂടിയാണ്. ഇടക്കാലത്ത് നരസിംഹ റാവുവും പിന്നീട് സീതാറാം കേസരിയും ദേശീയ അധ്യക്ഷൻമാരായി വന്നതൊഴിച്ചാൽ ഇപ്പോൾ ഖാർഗെയുടെ വരവോടെ അക്കാര്യത്തിലും ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്രകാരം പ്രത്യക്ഷമായിതന്നെ ചില മാറ്റങ്ങൾ നടപ്പാക്കുന്നതിൽ കോൺഗ്രസ് ചില മുൻകൈകൾ എടുക്കുന്നു എന്നത് പ്രധാനമാണ്.
ഒപ്പം രാജ്യത്ത് ഏറക്കുറെ 70 ശതമാനത്തിനടുത്തു വരുന്ന പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി നിലപാടെടുക്കുന്നതിൽ ഇനി ഒരു വിട്ടുവീഴ്ചയുമില്ല എന്നുകൂടി രാഹുൽ ഗാന്ധി പറയുമ്പോൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ സംഭവിക്കുന്നത് സുപ്രധാനമായ ഒരു വഴിത്തിരിവാണ്. 2025 ഫെബ്രുവരി 17ന് കോൺഗ്രസ് നടത്തിയ സംഘടനാ അഴിച്ചുപണിയിലും ഈ വഴിമാറ്റം കാണാം. പുതുതായി തീരുമാനിച്ച 11 അഖിലേന്ത്യാ ഭാരവാഹികളിൽ അഞ്ച് പേർ പിന്നാക്ക സമുദായങ്ങളിൽനിന്നുള്ളവരാണ്.
ഒരാൾ ദലിതനും ഒരാൾ ഗോത്രവർഗക്കാരനുമാണ്. മുസ്‍ലിം സമുദായത്തിൽനിന്നും ഒരാൾ. മുന്നാക്ക ജാതിയിൽനിന്നും മൂന്നുപേർ മാത്രം. ഇപ്രകാരമാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ആഗസ്റ്റിൽ നടന്ന സംഘടനാ അഴിച്ചുപണിയിലും SC-ST-OBC വിഭാഗങ്ങൾക്ക് കോൺഗ്രസിൽ 60 ശതമാനം പ്രാതിനിധ്യമാണ് നൽകിയത്. സംഘടനയുടെ പ്രത്യയശാസ്ത്രം അതിന്റെ നേതൃത്വത്തിലും ഭാരവാഹിത്വത്തിലും ആദ്യം പ്രതിഫലിക്കണം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെയാണ് ആഭ്യന്തരവിപ്ലവം എന്ന് രാഹുൽ വിശേഷിപ്പിച്ചത്.
രാജ്യത്തുടനീളം ഭരണഘടനയുമായി യാത്ര ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറയുന്നത് “participation and control and not merely representation of the oppressed”13 എന്നാണ്. അതായത് പങ്കാളിത്തവും നിയന്ത്രണവുമാണ് കേവലം അടിച്ചമർത്തപ്പെട്ടവരുടെ പ്രാതിനിധ്യമല്ല കാലത്തിന്റെ ആവശ്യം എന്നർഥം. നിശ്ചയമായും ഇത് ശ്രദ്ധേയമായ ഒരു മാറ്റംതന്നെയാണ്. എന്തുകൊണ്ട്? നാം കോൺഗ്രസിനെ കണ്ടിട്ടുള്ളത് വലതുപക്ഷ പാർട്ടി എന്ന നിലക്കാണ്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സംരക്ഷിച്ചിട്ടുള്ളത് ദേശീയ ബൂർഷ്വാസിയുടെയും ഭൂസ്വാമിമാരുടെയും സാമ്പത്തിക താൽപര്യങ്ങളും സവർണ വിഭാഗങ്ങളുടെ സാമൂഹിക താൽപര്യങ്ങളുമാണ് എന്നു കാണാം. അതുകൊണ്ടാണ് നാം കോൺഗ്രസിനെ വലതുപക്ഷ പാർട്ടി എന്ന് വിളിച്ചത്. അതിന് നേർവിപരീതമായി ചൂഷിതരുടെയും അധഃസ്ഥിതരുടെയും പക്ഷത്തു നിൽക്കുന്ന പാർട്ടികളെ നാം ഇടതുപക്ഷം എന്നും വിളിച്ചു. ഇടതുപക്ഷമെന്നാൽ കമ്യൂണിസമോ സോഷ്യലിസമോ ആദർശമായി സ്വീകരിച്ചിട്ടുള്ള പാർട്ടികൾ മാത്രമല്ല.
ഏതുതരം അടിച്ചമർത്തലുകൾക്കുമെതിരെ നിലയെടുക്കുന്ന ഏത് സംഘടനയും ഇടതുപക്ഷത്താണ് അഥവാ ഇടതുപക്ഷമാണ്. ഇന്ന് കോൺഗ്രസ് അതിന്റെ ലക്ഷ്യത്തെ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുമ്പോൾ ആ പ്രസ്ഥാനം അതിന്റെ വർഗതാൽപര്യങ്ങളെയാണ് പുനർനിർവചിക്കുന്നത്. അതൊരു വലിയ തെറ്റുതിരുത്തലാണ്. കോൺഗ്രസിനെ സംബന്ധിച്ച് അത് അത്ര ലളിതമായ ഒരു പ്രക്രിയയുമല്ല. മാർച്ച് എട്ടിന് അഹ്മദാബാദിലെ ഒരു സമ്മേളനത്തിൽ വെച്ച് ഗുജറാത്തിലെ കോൺഗ്രസ് പാർട്ടി നേരിടുന്ന വലിയൊരു പ്രശ്നം രാഹുൽ ഗാന്ധി പരസ്യമായി വിളിച്ചു പറഞ്ഞു.
30 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന പാർട്ടിയാണ് ഗുജറാത്തിൽ കോൺഗ്രസ്. ഗുജറാത്തിലെ കോൺഗ്രസിൽ രണ്ട് വിഭാഗങ്ങളുണ്ട് എന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്. അതിൽ ഒരു വിഭാഗം ജനങ്ങളോടൊപ്പം നിൽക്കുന്നു. അവർ കോൺഗ്രസിന്റെ ആശയങ്ങളെ ഹൃദയത്തിലേറ്റിയിരിക്കുന്നു. മറ്റൊരു വിഭാഗമുണ്ട്. അവർ കോൺഗ്രസിന്റെ ഭാഗമായി നിന്നുകൊണ്ട് ബി.ജെ.പിയുമായി ഒത്തുകളിക്കുന്നു. അവരെ പുറത്താക്കണം. എങ്കിലേ കോൺഗ്രസ് പാർട്ടിയിൽ ഗുജറാത്തിലെ ജനങ്ങൾ വിശ്വസിക്കൂ.14 ഇപ്രകാരം ഒരു പരസ്യപ്രഖ്യാപനം നടത്താൻ രാഹുൽ ഗാന്ധിയെ നിർബന്ധിച്ചത് എന്താണ്?
രാജ്യത്ത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പറയുന്നവർ മുന്നോട്ടുവെക്കുന്ന ഒരു ‘narrative’ ഉണ്ട്. കോൺഗ്രസ് ബി.ജെ.പിയുടെ B ടീമാണ് എന്നതാണ് ആ നരേറ്റിവ്. അതിന് ഒട്ടേറെ ഉദാഹരണങ്ങളും വ്യാഖ്യാതാക്കൾക്ക് മുന്നോട്ടുവെക്കാനുണ്ട്. 2014 മുതൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാക്കളുടെ പട്ടികയിൽ ചെറുതും വലുതുമായ നൂറുകണക്കിന് നേതാക്കളാണുള്ളത്. അവരിൽ നല്ലൊരു ശതമാനവും മുൻ കേന്ദ്രമന്ത്രിമാരോ എം.പിമാരോ എം.എൽ.എമാരോ ഒക്കെയാണ്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങുമാണ് ഇന്ന് ബി.ജെ.പിയുടെ ഏറ്റവും വലിയ വിദ്വേഷ പ്രസംഗകർ! ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്നൊരു ആക്ഷേപംപോലും കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നു. ഇത് സൃഷ്ടിച്ചിട്ടുള്ള അവിശ്വാസം ചെറുതല്ല.

ജനാധിപത്യ സംരക്ഷണത്തിനായി നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സീതാറാം യെച്ചൂരി, ശരദ് പവാർ, ഡി. രാജ തുടങ്ങിയവർ
ആ പ്രവണതയെ ആദ്യം അമർച്ചചെയ്യാതെ കോൺഗ്രസിന് അതിന്റെ പിന്നാക്ക രാഷ്ട്രീയവുമായി മുന്നോട്ടുപോകാനുമാകില്ല. സംഘടനയെ പ്രത്യക്ഷമായി പുനഃസംഘടിപ്പിക്കാതെയും ആശയത്തെ വർഗപരമായി പുനർനിർവചിക്കാതെയും ലക്ഷ്യത്തെ സുതാര്യമാക്കാതെയും വിശ്വാസ്യത ആർജിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നതിന്റെ സൂചകങ്ങളായി വേണം ഈ മാറ്റങ്ങളെ എല്ലാം വിലയിരുത്തേണ്ടത്.
ഇതൊരു ചെറിയ ശുദ്ധികലശമല്ല. അതിനെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമായി ചുരുക്കി കാണുകയും വേണ്ട. സവർണ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിർബന്ധമായും ഉയർന്നുവരേണ്ട ബദൽ രാഷ്ട്രീയം അവർണരായി മുദ്രകുത്തി നൂറ്റാണ്ടുകളായി അധഃസ്ഥിതരാക്കപ്പെട്ടവരുടെ ഐക്യപ്പെടൽതന്നെയാണ്. സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും അവരെ ശാക്തീകരിക്കണം. ആ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമാണ്. കോൺഗ്രസിന്റെ പൂർവകാല ചരിത്രം കുത്തിയിളക്കി അത്തരം രാഷ്ട്രീയ ബദലുകളെ ദുർബലപ്പെടുത്തുന്നത് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന അതിതീവ്ര വലതുപക്ഷ ആശയങ്ങളുടെ ആക്രമണോത്സുകതക്ക് വീര്യം കൂട്ടുകയേയുള്ളൂ. രാഷ്ട്രീയ നിലപാടുകളിൽ എപ്പോഴും പ്രസക്തമായിരിക്കുന്നത് വർത്തമാനകാലംതന്നെയാണ്. ഇപ്പോൾ ഇവിടെ എന്ത് നിലപാട് ഒരു പ്രസ്ഥാനം സ്വീകരിക്കുന്നു എന്നതു തന്നെയാണ് പ്രധാനം.
അത് ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന മറ്റു പ്രസ്ഥാനങ്ങൾ തിരിച്ചറിയണം. മാത്രവുമല്ല ദേശീയ പാർട്ടി എന്ന നിലക്ക് കോൺഗ്രസിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തേക്കുള്ള ആശയവ്യതിയാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്യേണ്ടത്. അഥവാ കോൺഗ്രസിനെ അതിന് നിരന്തരം നിർബന്ധിക്കുകയാണ് വേണ്ടത്. അതുകൊണ്ട് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസിനെ ഇനി നാം കാണേണ്ടത് ഇടതുപക്ഷത്തുതന്നെയാണ്. കോൺഗ്രസും അവരെ ഇടതുപക്ഷത്തു തന്നെ കാണണം.
ബി.ജെ.പിയുടെ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടതോടെ വിദേശ മാധ്യമങ്ങൾ ഇപ്പോൾ കോൺഗ്രസിനെ വിശേഷിപ്പിക്കുന്നത് ‘India's centrist party’ എന്നാണ്. അതായത് മധ്യത്തിൽ നിൽക്കുന്ന പാർട്ടി എന്നർഥം. ആ ഇടം കോൺഗ്രസിന്റെ നിലനിൽപിന് ഗുണം ചെയ്യില്ല. അഥവാ ഇന്നും ബി.ജെ.പിയെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ അടിത്തറയും ശക്തിയുമുള്ള ഏക പാർട്ടി കോൺഗ്രസ് ആണെന്നിരിക്കെ അവരുടെ ഇടം ഇടതുവശത്തുതന്നെയാണ്. ആ തിരിച്ചറിവിലേക്ക് രാഹുൽ ഗാന്ധി എത്തുന്നു എന്നതാണ് പ്രധാനം. അതായത് മോദികാലം കമണ്ഡൽ 2.0 ആണെങ്കിൽ രാഹുൽകാലം മണ്ഡൽ 2.0 ആണ് എന്നർഥം.
(അവസാനിച്ചു)
സൂചിക
8. https://peoplesdemocracy.in/2019/0120_pd/ten-cent-reservationwho-will-benefit
9.https://www.indiatoday.in/magazine/special-report/story/19900930-india-today-presents-varied-opinions-on-mandal-commission-implementation-813086-1990-09-29
10.https://velivada.com/2019/11/04/i-have-no-homeland-dr-ambedkar-in-meeting-with-mr-gandhi-august-14-1931/
11. https://inc.in/congress-sandesh/national/90-people-sitting-out-of-system-shri-rahul-gandhi-s-fresh-caste-census-demand
12. https://indianexpress.com/article/political-pulse/rahul-gandhi-social-justice-aicc-reshuffle-caste-obc-faces-9838523/
13.https://www.newindianexpress.com/amp/story/nation/2025/Mar/08/rahul-gandhi-tells-gujarat-congress-to-remove-leaders-aiding-bjp-from-within
14.https://www.thehindu.com/data/the-dalit-factor-in-the-2024-lok-sabha-election-data/article68464261.ece