ജനങ്ങൾ സമരം ചെയ്യുന്നത് എന്തുകൊണ്ട്?
സംസ്ഥാനത്ത് അങ്ങോളമിേങ്ങാളം ബദൽ രാഷ്ട്രീയത്തിന്റെ സ്വഭാവമുയർത്തി നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, ഈ സമരങ്ങൾക്കും ബദൽ രാഷ്ട്രീയത്തിനുമെതിരെ എതിർപ്പ് പല കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. സമരങ്ങൾ അട്ടിമറിക്കപ്പെടുന്നു, സമരങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ മുതൽ അതിൽ പങ്കെടുക്കുന്ന വ്യക്തികളെക്കുറിച്ചു വരെ ആക്ഷേപമുയരുന്നു. എന്താണ് ഈ സമരങ്ങൾ ഉയർത്തുന്ന രാഷ്ട്രീയവും പ്രസക്തിയും? ചിന്തകനും നിരവധി സമരങ്ങളിൽ പങ്കാളിയുമായ ലേഖകൻ വിശകലനംചെയ്യുന്നു.
ഞ്ഞുണ്ണി മാഷ് ഒരു കവിതയിൽ പറയുന്നുണ്ട്, താൻ ഇരിക്കുന്ന കിണ്ണത്തിൽനിന്നും ആർക്കും ഉണ്ണാൻ കഴിയില്ലെന്ന്. ഉണ്ണണം എങ്കിൽ നാം കിണ്ണത്തിന് പുറത്തായിരിക്കണം. നമ്മൾ ഒരു യന്ത്രത്തിന്റെ ഭാഗമായാൽ പിന്നെ അതിനെ മാറ്റാൻ നമുക്കാകില്ല. കാരണം, ഒരു പരിധിവരെ അതിന്റെ സംരക്ഷകരായി നമുക്ക് പ്രവർത്തിക്കേണ്ടിവരും. ജനകീയ ജനാധിപത്യവിപ്ലവവും അതിനുശേഷം സോഷ്യലിസവും പാർട്ടി പരിപാടിയായി പ്രഖ്യാപിച്ചുകൊണ്ട് അതിലേക്കെത്താനുള്ള ഒരു ഇടത്താവളമായി കണ്ട്...
Your Subscription Supports Independent Journalism
View Plansഞ്ഞുണ്ണി മാഷ് ഒരു കവിതയിൽ പറയുന്നുണ്ട്, താൻ ഇരിക്കുന്ന കിണ്ണത്തിൽനിന്നും ആർക്കും ഉണ്ണാൻ കഴിയില്ലെന്ന്. ഉണ്ണണം എങ്കിൽ നാം കിണ്ണത്തിന് പുറത്തായിരിക്കണം. നമ്മൾ ഒരു യന്ത്രത്തിന്റെ ഭാഗമായാൽ പിന്നെ അതിനെ മാറ്റാൻ നമുക്കാകില്ല. കാരണം, ഒരു പരിധിവരെ അതിന്റെ സംരക്ഷകരായി നമുക്ക് പ്രവർത്തിക്കേണ്ടിവരും. ജനകീയ ജനാധിപത്യവിപ്ലവവും അതിനുശേഷം സോഷ്യലിസവും പാർട്ടി പരിപാടിയായി പ്രഖ്യാപിച്ചുകൊണ്ട് അതിലേക്കെത്താനുള്ള ഒരു ഇടത്താവളമായി കണ്ട് ജനാധിപത്യത്തിൽ പ്രവർത്തിച്ചു വന്ന കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കും അവരെ തിരുത്തൽവാദികൾ എന്നാക്ഷേപിച്ചുപോയ എം.എൽ ഗ്രൂപ്പുകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലേ? ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ അധികാരമേറ്റ കാലത്തു പറഞ്ഞത് നമ്മൾ ഒരു മുതലാളിത്തവ്യവസ്ഥയിലാണ് പ്രവർത്തിക്കുന്നത്, ഇതല്ല നമ്മൾ ലക്ഷ്യമായി കാണുന്നത് എന്നൊക്കെയാണല്ലോ. അതിനുശേഷമുള്ള കാലത്തെ കമ്യൂണിസ്റ്റ് പാർട്ടി അതിനു മുമ്പുള്ളതിൽനിന്നും എത്രമാത്രം വ്യത്യാസം വന്നുവെന്ന് കേരളത്തിൽ നിന്നുമാത്രം നോക്കിയാൽ കാണാം. ഇന്ന് വ്യവസ്ഥ മാറുന്ന വിപ്ലവത്തെക്കുറിച്ചു സംസാരിക്കുന്നതേയില്ല. സ്വകാര്യസ്വത്തുടമസ്ഥത ഇല്ലാതാകുന്ന ഒരു സോഷ്യലിസത്തെ ഇന്ന് മുഖ്യധാരാ കമ്യൂണിസ്റ്റുകളൊന്നും ലക്ഷ്യമാക്കുന്നില്ല. കുടുംബംപോലും വിപ്ലവത്തിന് തടസ്സമെന്നു കരുതിയിരുന്ന പഴയ തലമുറയിൽനിന്നും കുടുംബത്തിനുവേണ്ടി എത്ര വലിയ തെറ്റു ചെയ്യുന്നതും ശരിയാണെന്നു പറയുന്നവരായി പുതിയ തലമുറയിലെ നേതാക്കൾ. ഭരണകൂടം കൊഴിഞ്ഞുപോകുന്ന കാലത്തെ കുറിച്ചാരും സ്വപ്നം കാണുന്നുമില്ല. നിരന്തരവിപ്ലവം എന്നൊക്കെ മാവോ ചൈനയിൽ പ്രഖ്യാപിച്ചത് ഇത് തടയാൻ വേണ്ടിയായിരിക്കണം. അവിടെ എന്തു നടന്നു എന്നത് മറ്റൊരു കാര്യം. കേവലം തിരുത്തൽവാദികളായി മുഖ്യധാരാ കമ്യൂണിസ്റ്റുകൾ മാറി എന്നുള്ള മാവോവാദി ആരോപണത്തെയും ഇതേ വെളിച്ചത്തിൽ കാണണം. ഇതിനെ കേവലം പാർലമെന്ററി വ്യാമോഹമെന്ന ലളിതവത്കരണത്തിലോ അഴിമതിയിലോ സുഖാസക്തിയിലോ ഒതുക്കി കേവലം ചിലരുടെ അപചയമായി മാത്രം കാണാനുള്ള ശ്രമമൊക്കെ ഇന്ന് ആരും നടത്തുന്നില്ല.
വ്യവസ്ഥയിൽ മാറ്റം കൊണ്ടുവരണം എന്ന് ഒരു കക്ഷിയും ആഗ്രഹിക്കുന്നില്ല. അഥവാ അത് സാധ്യമാകും എന്നാരും കരുതുന്നില്ല. അതുകൊണ്ടുതന്നെ കക്ഷികൾ തമ്മിൽ വലത്, ഇടത് എന്നൊക്കെയുള്ള വേർതിരിവുകളുടെ അതിരുകൾ പാശ്ചാത്യ ജനാധിപത്യത്തിന്റെ മാതൃകയിൽ മാഞ്ഞുപോയിരിക്കുന്നു. അന്നാടുകളിൽ തീവ്ര വലതുപക്ഷം കഴിഞ്ഞാൽ പിന്നെ ലേബർ എന്ന് പറയാവുന്ന ഒരു ഇടതുപക്ഷം (യു.എസിൽ ഇത് ഡെമോക്രാറ്റിക് പക്ഷമാണ്), പിന്നെ ഡെമോക്രാറ്റുകൾ എന്ന് പൊതുവെ പറയാവുന്ന അൽപം ക്രിസ്ത്യൻ മതചായ്വൊക്കെയുള്ള ഒരുപക്ഷം എന്നിങ്ങനെ രണ്ടായി തിരിയുന്നു. ഈ രണ്ട് വിഭാഗക്കാർ തമ്മിൽ പൊതുവെയുള്ള വ്യത്യാസം സമൂഹത്തിൽ നിന്നും പിരിക്കുന്ന നികുതിയുടെ അളവിലും ആ പണം ഏതൊക്കെ സാമൂഹികക്ഷേമങ്ങൾക്കു വേണ്ടി ചെലവഴിക്കണം തുടങ്ങിയ കാര്യങ്ങളിലുമാണ്. സാമൂഹികക്ഷേമത്തിനു മുൻഗണന നൽകുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കുന്നു. അടിസ്ഥാന മുതലാളിത്ത വീക്ഷണത്തിൽ ഇവർക്ക് ഒരു അഭിപ്രായവ്യത്യാസവുമില്ല. എല്ലാ സർക്കാറുകളും ഇന്ന് മൂലധന സൗഹൃദമാകാൻ മത്സരിക്കുകയാണ്. ഇടതുപക്ഷവും ഇതേ പാതയിലാണ്. ഇന്ന് ഈ സമീപനം നേരിടുന്ന വെല്ലുവിളികൾ ഏെറ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇത്തരം വെല്ലുവിളികളാണ് ആധുനിക കാലത്തെ ജനകീയ സമരങ്ങൾക്കു കാരണമാകുന്നത്.
മൂലധന സൗഹൃദം
മൂലധനമെന്നാൽ ധനമൂലധനമാണെന്ന നയം ഇന്ന് ഇടതുപക്ഷത്തിനും സ്വീകാര്യമാണ്. സ്വദേശി, വിദേശി കുത്തകകളില്നിന്നും അത് കൊണ്ടുവരാന് മുഖ്യമന്ത്രിയടക്കം എല്ലാവരും പാഞ്ഞു നടക്കുകയാണ്. ഇത് പ്രകൃതിനിയമങ്ങൾക്കെതിരാണ് എന്നത് മുമ്പ് നമ്മൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണല്ലോ വായുവും വെള്ളവുമടക്കം എല്ലാ പ്രകൃതിവിഭവങ്ങളും ധനമൂലധനനിയന്ത്രണത്തിൽ വരണം എന്ന് ഇവർ ആഗ്രഹിക്കുന്നത്. പ്രകൃതിവിഭവങ്ങൾ അനന്തമാണ് എന്നിവരെല്ലാം കരുതുന്നു. എന്നാൽ, ഇതൊന്നും അനന്തമല്ലെന്നും ധനമൂലധനത്തിനു സൃഷ്ടിക്കാൻ കഴിയാത്തവയാണിതെല്ലാം എന്നതാണ് സത്യം. ആഗോളതലത്തിൽതന്നെ പ്രകൃതിവിഭവശോഷണത്തിന്റെയും ദൂഷണത്തിന്റെയും പ്രതിസന്ധികൾ ആഴമേറിയതാകുന്നു. കാലാവസ്ഥാമാറ്റം എന്നത് നമ്മുടെ അന്തരീക്ഷം എന്ന പ്രകൃതിവിഭവത്തിൽ വന്ന തിരുത്താൻ കഴിയാത്ത ശോഷണത്തിന്റെയും ദൂഷണത്തിന്റെയും ഫലമാണ്. കാട്ടിലെ മരങ്ങളും മലയിലെ പാറകളും മണ്ണും കല്ലും പുഴകളിലെ മണലും വെള്ളവും നെൽവയലുകളും തണ്ണീർത്തടങ്ങളും തീരപ്രദേശങ്ങളും കായലും കടലും കണ്ടലും എത്ര പണം ഉണ്ടായാലാണ് പുനർനിർമിക്കാൻ കഴിയുക? മനുഷ്യന് അനന്തമായി സൃഷ്ടിക്കാൻ കഴിയുന്നത് ധനം മാത്രം. അതിനു മൂല്യം ഉണ്ടാകുന്നത് കാൾ മാർക്സ് തന്നെ പറഞ്ഞതുപോലെ, അത് കൊടുത്തു ഉൽപന്നമോ സേവനമോ വാങ്ങാൻ കഴിയുമ്പോൾ മാത്രമാണ്. അങ്ങനെ വാങ്ങുന്ന ചരക്കുകളെല്ലാം പ്രകൃതിയിൽനിന്നെടുക്കുന്നതാണ്. മനുഷ്യൻ അവ സംസ്കരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പ്രകൃതിവിഭവങ്ങൾ അനന്തമല്ല എന്ന് ഒന്നര നൂറ്റാണ്ടുകൾക്കു മുമ്പ് ഫ്രെഡറിക് ഏംഗൽസ് പറഞ്ഞതൊന്നും കമ്യൂണിസ്റ്റുകൾ എന്ന് വിളിക്കുന്നവർപോലും ഓർക്കാറുമില്ല. ഈ വീക്ഷണം അടിസ്ഥാന മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനും എതിരാണ് എന്നവർ കാണുന്നില്ല. മൂലധനം ലാഭമുണ്ടാക്കുന്നത് തൊഴിലാളിയുടെ അധ്വാനത്തില്നിന്നുള്ള മിച്ചമൂല്യം വഴിയാണെന്നാണല്ലോ മാർക്സിസ്റ്റുകൾ മനസ്സിലാക്കുന്നത്. ഇന്ന് ധനമൂലധനമിറക്കി വ്യവസായങ്ങളിൽ ലാഭമുണ്ടാക്കുന്നത് തൊഴിലാളിയുടെ അധ്വാനത്തിൽനിന്നു ലഭിക്കുന്ന മിച്ചമൂല്യം വഴിയല്ല, മറിച്ച് വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട പ്രകൃതിവിഭവങ്ങളുടെയും പൊതു ആസ്തികളുടെയും കൊള്ള വഴിയാണെന്ന് എളുപ്പം മനസ്സിലാകും.
പ്ലാച്ചിമടയിലെ കോള കമ്പനി ലാഭമുണ്ടാക്കിയത് അവിടത്തെ തൊഴിലാളികളുടെ മേന്മയോ യന്ത്രങ്ങളുടെ ശേഷിയോ കൊണ്ടല്ല, മറിച്ച് അന്നാട്ടിലെ ആദിവാസികളുടെയും കർഷകരുടെയും ജീവനും ജീവിതവുമായ വെള്ളം ഊറ്റിയെടുത്തും മണ്ണ് മലിനമാക്കിയുമായിരുന്നു. ആദിവാസികളെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കു ബിർളക്ക് കാട്ടിലെ മുളയും (പിന്നീട് അവർക്കായി നട്ടുവളർത്തിയ പാഴ്മരങ്ങളും) തീർത്തും സൗജന്യമായി ചാലിയാറിലെ ശുദ്ധജലവും അതുവഴി ജൈവ സമ്പത്തും ഒരു നിയന്ത്രണവുമില്ലാതെ പ്രദേശത്തെ വായുവും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ മാവൂരിൽ റയോൺസ് എന്ന സ്ഥാപനം ഒരിക്കലും ലാഭകരമാകില്ലായിരുന്നു. ഇതിന്റെ ഫലമായി പുഴയിൽനിന്ന് കുടിവെള്ളം കിട്ടിയിരുന്നവർക്ക് അതു കിട്ടാതായി. അവർ വെള്ളത്തിന് അധിക പണം മുടക്കേണ്ടി വന്നു. മീൻ പിടിച്ചും കക്കവാരിയും ജീവിച്ചിരുന്നവർക്ക് തൊഴിലും വരുമാനവും തീരവാസികൾക്ക് ആരോഗ്യവും നഷ്ടമായി. വാഴക്കാട് ഗ്രാമത്തിലേക്ക് എത്തിയ വിഷക്കാറ്റ് അവിടെ കാൻസർ അടക്കമുള്ള രോഗങ്ങൾ കൊണ്ടുവന്നു. മുളക്കും വെള്ളത്തിനും വായുവിനുമെല്ലാം ആദിവാസികൾക്കും തീരവാസികൾക്കും കമ്പനി മൂലമുണ്ടായ ഭീമമായ നഷ്ടം കമ്പനിയുടെ കണക്ക് പുസ്തകത്തിനു പുറത്ത് നിർത്തുന്നതുമൂലമാണ് റയോൺസ് ലാഭത്തിലാകുന്നത്. അതായത് ഇവരുടെ ലാഭമെന്നത് പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന നഷ്ടത്തിൽനിന്നാണ്. ഇങ്ങനെ കിട്ടുന്ന കൊള്ളലാഭത്തിന്റെ ഒരു പങ്ക് തൊഴിലാളിക്കും അവരെ നയിക്കുന്ന യൂനിയനുകൾക്കും അതിനെ പിന്തുണക്കുന്ന കക്ഷികൾക്കും നൽകുന്നതിനാൽ പാർട്ടികളും യൂനിയനുകളും ഇതിനെ വികസനമായി കാണുന്നു. ഇതിൽ അഴിമതിയുടെ പങ്കും ചെറുതല്ല. വലിയതോതിൽ വായുവും വെള്ളവും മണ്ണും മലിനീകരിക്കുന്ന ഒട്ടുമിക്ക വ്യവസായങ്ങൾക്കും ബാധകമാണ്. 250 രാസവ്യവസായശാലകൾ മലിനമാക്കുന്ന പെരിയാർ, കാതിക്കുടം നിറ്റാ ജലാറ്റിൻ മലിനീകരിക്കുന്ന ചാലക്കുടിപ്പുഴ, ന്യൂസ് പ്രിന്റ് കമ്പനി മലിനീകരിക്കുന്ന മൂവാറ്റുപുഴയാർ, കെ.എം.എം.എൽ മലിനീകരിക്കുന്ന ചവറ ശങ്കരമംഗലം, പ്ലാച്ചിമടയിലെ കൊക്കകോള, മറ്റു നിരവധി ചെറുതും വലുതുമായ വ്യവസായങ്ങൾ ഈ പട്ടികയിൽ വരുന്നു. എന്നാൽ, ഇത്തരം വികസനങ്ങൾ മൂലം നഷ്ടമാകുന്ന തൊഴിലുകൾ എത്രയെന്ന് ഒരിക്കലും ആരും കണക്കാക്കിയിട്ടില്ല. കൃഷി, മത്സ്യബന്ധനം, കക്ക/മണൽവാരൽ തുടങ്ങിയവയാണത്. പേക്ഷ, ഇവിടെ പുതിയ തൊഴിലുകൾ കിട്ടുന്ന വിഭാഗങ്ങൾക്കല്ല തൊഴിൽ നഷ്ടമാകുന്നത്. കിട്ടുന്നവർ താരതമ്യേന സാമൂഹികമായി ഉന്നതരും നഷ്ടമാകുന്നവർ താഴേത്തട്ടിലുള്ളവരുമാണ്.
ഇന്ന് നാടാകെ വ്യാപിച്ചിരിക്കുന്ന ഖനനവിരുദ്ധ സമരങ്ങളെയും ഈ രീതിയിൽ വിലയിരുത്താം. പ്രകൃതിയുടെ വിഭവശേഷിയും സന്തുലനവും തകർക്കുന്ന പാറ, മണ്ണ്, മണൽ ഖനനങ്ങൾമൂലം മലിനീകരണം മാത്രമല്ല, തങ്ങളുടെ ജീവനും ജീവിതവും തന്നെ അപകടത്തിലാക്കുന്ന ഖനനങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി കേരളത്തിലെങ്ങും വരുന്നു. ആലപ്പാട് എന്ന ഒരു ഗ്രാമത്തിന്റെ 90 ശതമാനവും ഇതിനകംതന്നെ കടലെടുത്ത് പോയത് അധികൃതർ കാണാതിരിക്കുന്നത് അവിടെ നടക്കുന്ന കൊള്ളമുതലിന്റെ പങ്ക് കിട്ടുന്നതിനാലാണ്. കുട്ടനാട്ടിലെ പ്രളയം തടയാൻ എന്ന പേരിൽ ആലപ്പുഴ തോട്ടപ്പിള്ളിയിൽ നടത്തുന്ന കരിമണൽ ഖനനവും കൊള്ളതന്നെയാണ്.
തങ്ങൾക്കുണ്ടാകുന്ന നാശത്തിനെതിരെ ജനങ്ങൾ ശബ്ദമുയർത്തിയാൽ അതിനെ വികസനവിരുദ്ധതയായി ഭരണകൂടവും ഇരകളല്ലാത്ത പൊതുസമൂഹവും കാണുന്നു. ഈ വിഭവക്കൊള്ളയുടെ പുറത്താണ് യൂനിയനുകളുടെയും രാഷ്ട്രീയ കക്ഷികളുടെയും നിലനിൽപെന്ന് നമുക്കു കാണാം. വരുന്ന തലമുറകൾക്കുകൂടി അവകാശപ്പെട്ട വിഭവങ്ങൾ ധനമൂലധനത്തിന്റെ അധികാരത്തിൽ കവർന്നെടുക്കുമ്പോൾ അത് സൃഷ്ടിക്കുന്ന അനീതി സ്ഥലത്തിനും കാലത്തിനും അപ്പുറമാണ്. കേവലം പണത്തിന്റെ കണക്കിൽ എടുത്താൽപോലും സമൂഹത്തിനുണ്ടാകുന്ന നഷ്ടം ഭീമമാണെന്നു കാണാം. ഒരു മല തുരന്ന് ഇല്ലാതാക്കുമ്പോൾ ആ പ്രദേശത്തുള്ള ജലലഭ്യതയും ജൈവവൈവിധ്യവും കൃഷിയും സൂക്ഷ്മ കാലാവസ്ഥയുമെല്ലാം തകരാറിലാകുന്നു.
ഇതുണ്ടാക്കുന്ന ദീർഘകാല നഷ്ടം രൂപയിൽതന്നെ കണക്കാക്കിയാൽ ഖനനത്തിൽനിന്നും ഇപ്പോൾ കിട്ടുന്ന പണം വളരെ തുച്ഛമാണ്. നെൽവയലും തണ്ണീർത്തടങ്ങളും നികത്തുമ്പോൾ സൃഷ്ടിക്കപ്പെടുന്ന റിയൽ എസ്റ്റേറ്റ് മൂല്യത്തിന്റെ പല മടങ്ങാണ് അത് പ്രകൃതിക്കു നൽകുന്ന സേവനങ്ങളുടെ മൂല്യം. വൻകിട അണക്കെട്ടുകൾ നിർമിച്ചുണ്ടാക്കുന്ന ജലവൈദ്യുതി വില കുറഞ്ഞതാണെന്ന് പറയുന്നതും ഇതേ യുക്തിവെച്ചാണ്. അണക്കെട്ട് മുക്കിക്കളയുന്നതും നശിപ്പിക്കുന്നതുമായ വനം, കുടിയൊഴിക്കുന്ന ആദിവാസി ജനതയുടെ ദുരനുഭവങ്ങൾ, അണക്കെട്ടിനു താഴെ ഏറെ ദൂരത്തേക്ക് പുഴയില്ലാതാക്കുന്നതുമൂലം മത്സ്യങ്ങൾക്കും കരയിലെ ജീവികൾക്കും സസ്യങ്ങൾക്കും മനുഷ്യർക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള് തുടങ്ങിയവയുടെ മൂല്യങ്ങൾ പരിഗണിക്കപ്പെടുന്നതേയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ അനുഭവപ്പെടുന്ന അതിവർഷ കാലത്ത് പ്രളയം നിയന്ത്രിക്കാൻ ഒരു അണക്കെട്ടിനും കഴിയാതെ വന്നത് നമ്മൾ കണ്ടതാണ്. ഏറ്റവും വലിയ അണക്കെട്ടുകൾ നിയന്ത്രിക്കുന്ന വൈദ്യുതി ബോർഡ് തന്നെ പറയുന്നു തങ്ങളുടെ അണക്കെട്ടുകൾ പ്രളയം നിയന്ത്രിക്കാൻ ശേഷിയുള്ളവയല്ലെന്ന്. എന്നിട്ടും, അവർ പറയുന്നു പ്രളയം നിയന്ത്രിക്കാൻ ഇനിയും വൻകിട അണക്കെട്ടുകൾ നിർമിക്കണമെന്ന്. ഈ സേവനങ്ങളുടെ അവകാശികൾ അനേക തലമുറകളിൽപെട്ട മനുഷ്യരും സസ്യജന്തുവിഭാഗങ്ങളുമാണെന്ന സത്യം മറച്ചുവെക്കപ്പെടുന്നത് (ഈ തലമുറയിൽപെട്ട കുറച്ചുപേരുടെ) വികസനം എന്ന വാക്കിന്റെ ബലത്തിലാണ്. ഇതിനെ ചോദ്യംചെയ്യുന്നവയാണ് ഇപ്പോൾ നടക്കുന്ന പല സമരങ്ങളും.
ഭൂമി കേരളത്തിലെ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കായി മാറിയിരിക്കുന്നു. ധനമൂലധനം നിക്ഷേപിക്കാനും പലപ്പോഴും മറച്ചുപിടിക്കാനുമുള്ള മാർഗമായി ഭൂമിവ്യാപാരം മാറി. ഇതിന്റെ ഫലമായി ഭൂമിയുടെ കമ്പോളവില എല്ലാ യുക്തികൾക്കും അപ്പുറമുള്ള 'മോഹവില'യായി മാറി. സാധാരണ മനുഷ്യന് സ്വന്തമായി ഭൂമി വാങ്ങി വീടു വെക്കുകയെന്നത് ഏതാണ്ട് അസാധ്യമായ അവസ്ഥയിലായി. ഇതിനും പുറമെ ഏതു ഭൂമിയും കമ്പോളാവശ്യത്തിനനുസരിച്ച് രൂപഭേദം വരുത്തുന്നതും തെറ്റല്ലെന്ന 'പൊതുബോധം' സൃഷ്ടിക്കപ്പെട്ടു. ഭൂമി ജീവനെ നിലനിർത്തുന്ന അടിസ്ഥാന ജൈവഘടകമാണെന്നും അതിന്റെ ജൈവരൂപത്തിലെ (വനം, പുഴ, കായൽ, കുളങ്ങൾ, കിണറുകൾ, നെൽപാടങ്ങൾ, കുന്നുകൾ, കണ്ടൽ, തീരപ്രദേശം തുടങ്ങിയ ജൈവധർമങ്ങൾ നിർവഹിക്കുന്നവയിലെ) അനിയന്ത്രിത മാറ്റങ്ങൾമൂലം പ്രകൃതിക്കും മനുഷ്യനും വരാനിരിക്കുന്ന തലമുറകൾക്കും ഉണ്ടാക്കാവുന്ന നഷ്ടങ്ങൾ നാം മുമ്പുതന്നെ കണ്ടതാണ്.
ഭൂമി ചരക്കായി മാറുമ്പോൾ ഏതുവിധേനയും അതു കൈവശപ്പെടുത്താൻ മൂലധനശക്തികൾ ശ്രമിക്കുമല്ലോ. ഭൂപരിഷ്കരണത്തിന്റെ പരിധി നിയമം മറികടന്ന് നിലനിൽക്കുന്ന എസ്റ്റേറ്റുകൾ ഏതു മാർഗത്തിലൂടെയും മറ്റാവശ്യങ്ങൾക്ക് (ടൂറിസം, ഖനനം തുടങ്ങി വിമാനത്താവളങ്ങൾ വരെ) കൈമാറ്റാൻ ശ്രമിക്കുന്നു. ആ ഭൂമികൾ എസ്റ്റേറ്റ് അല്ലാതായതോടെ മിച്ചഭൂമിയാകുന്നു. അതിന്റെ അവകാശികൾ ഭൂപരിഷ്കരണത്തിൽ പുറത്താക്കപ്പെട്ട ദലിത് ജനസമൂഹമാണെന്ന പ്രഖ്യാപനമാണ് ചെങ്ങറയിലും അരിപ്പയിലും തൊവേരി മലയിലും മറ്റും നട(ക്കു)ന്ന സമരങ്ങൾ. മറുവശത്ത് ജനങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുത്ത് വികസനത്തിന്റെ മറവിൽ മൂലധനത്തിനു കൈമാറുന്നതിനെതിരെ ശക്തമായ പ്രതിരോധങ്ങൾ ഉയർന്നു വരുന്നു. തുറമുഖങ്ങൾ, ടെർമിനലുകൾ, വിമാനത്താവളങ്ങൾ, ദേശീയപാത, വ്യവസായ പാർക്കുകൾ, റെയിൽപാത, എക്സ്പ്രസ് ഹൈവേ, പൈപ്പ് ലൈനുകൾ, സിൽവർ ലൈൻ റെയിൽപാത, പ്രത്യേക സാമ്പത്തിക മേഖലകൾ തുടങ്ങിയ പദ്ധതികളാണ് ഇതിനായി സർക്കാർ കൊണ്ടുവരുന്നത്. ഈ പദ്ധതികൾക്കെതിരെ, അവയുടെ കുടിയൊഴിക്കലുകൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ ഉയർന്നുവരുന്നുണ്ട്. പേക്ഷ, ഭൂമി നഷ്ടപ്പെടാത്ത മധ്യവർഗം ഇപ്പോഴും ഭൂമിയെ കേവലം പണത്തിന്റെ മൂല്യത്തിൽമാത്രം കാണുന്നു എന്നതാണ് പ്രശ്നം. ഭൂമിയെന്നാൽ അതിന്റെ കമ്പോളവില മാത്രമല്ല എന്ന് ശരാശരി മധ്യവർഗക്കാർക്കറിയില്ല. അതുകൊണ്ടാണ് നല്ല വില കിട്ടിയാൽ എന്തും വിൽക്കാമെന്നവർ കരുതുന്നത്. കുടിയിറക്കപ്പെടുന്നത് ഭൂമിയിൽനിന്നു മാത്രമല്ല, സ്വന്തം ആവാസവ്യവസ്ഥയിൽനിന്നും ജീവിതത്തിൽനിന്നുമാണെന്ന സത്യം പലരും തിരിച്ചറിയുന്നത് സ്വയം ഇരയാക്കപ്പെടുമ്പോൾ മാത്രമാണ്. നിയമങ്ങൾ എല്ലാം പാലിച്ചുകൊണ്ട് മൂലമ്പിള്ളിയില് ജീവിച്ചിരുന്ന മനുഷ്യരെ ബലപ്രയോഗത്തിലൂടെ കുടിയിറക്കിയതില് സന്തോഷിച്ച നേതാക്കളെല്ലാം മരടില് പരിസ്ഥിതി നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളില്നിന്നും കോടതിവിധിപ്രകാരം ഇറങ്ങേണ്ടിവന്നവര്ക്കായി ഒരുമിച്ചുനിന്ന് കരഞ്ഞത് നാം കണ്ടു. ഇവരുടെ വര്ഗവീക്ഷണത്തിനു ഇതിലേറെ നല്ല ഉദാഹരണം വേണ്ടതില്ല.
ഏറെ പ്രകീർത്തിക്കപ്പെടുന്ന നെടുമ്പാശ്ശേരി 'സിയാൽ' മാതൃക എത്ര കൊടിയ വഞ്ചനയായിരുന്നു എന്ന് ഇന്നും പലരും തിരിച്ചറിഞ്ഞിട്ടില്ല. തുച്ഛവിലയ്ക്ക് സർക്കാർ സംവിധാനം പ്രയോഗിച്ച് ജനങ്ങളില്നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോൾ സ്വകാര്യ മേഖലയുടെ കൈയിലാണ്. ആ ഭൂമി കമ്പോളവിലയ്ക്ക് മറിച്ചുവിറ്റ് സിയാൽ ലാഭമുണ്ടാക്കുന്നതാണ് ഇടതുപക്ഷത്തിനുതന്നെ മാതൃകാ വികസനമാകുന്നത്. ഇതുതന്നെ കണ്ണൂർ വിമാനത്താവളം, വല്ലാർപാടം, വിഴിഞ്ഞം ടെർമിനലുകൾ, സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, ഇപ്പോൾ നിർദേശിക്കപ്പെടുന്ന അതിവേഗ റെയിൽ, പല ബസ് സ്റ്റേഷനുകൾ, ദേശീയപാത ബി.ഒ.ടി, ഗെയിൽ വാതക പൈപ്പ് ലൈൻ തുടങ്ങിയവയെല്ലാം. നെടുമ്പാശ്ശേരിയിൽ ഈ ചതിക്കുഴി പലരും തിരിച്ചറിഞ്ഞിരുന്നില്ല. പേക്ഷ മൂലമ്പിള്ളിയില് വല്ലാർപാടത്തിനായി നടത്തിയ കുടിയിറക്കലും അതിനെതിരായ പോരാട്ടങ്ങളും പൊതുസമൂഹത്തിന്റെ നിലപാടുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സ്മാർട്ട് സിറ്റിയിൽ കുടിയിറക്കുന്നതിനുമുമ്പ് പുനരധിവാസം എന്നത് തത്ത്വത്തിലെങ്കിലും അംഗീകരിച്ചു. എന്നാൽ, മൂലമ്പിള്ളിയിൽ കുടിയിറക്കിയശേഷം ശക്തമായ സമരങ്ങൾ നടത്തിയപ്പോള് മാത്രമാണ് സർക്കാർ ഒരു പാക്കേജ് തന്നെ പ്രഖ്യാപിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അതിലെ നാലിലൊന്നുപോലും നടപ്പിലായില്ല. താരതമ്യേന സമ്പന്നരുടെ ഭൂമി ആയതിനാലും കുടിയിറക്കൽ കാര്യമായി ഇല്ല എന്നതിനാലും കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കൽ വലിയ പ്രശ്നമായില്ല. എന്നാൽ, കൊച്ചി മുതൽ കാസർകോടും വാളയാറും വരെ ഭൂമി ഏറ്റെടുത്ത ഗെയിൽ പദ്ധതിയിൽ വലിയതോതിൽ ചോര ഒഴുക്കേണ്ടിവന്നു.
ദേശീയപാത സ്വകാര്യവത്കരിച്ച് ബി.ഒ.ടി അടിസ്ഥാനത്തിൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിനൊപ്പമാണ് സർക്കാർ. അവർ മുന്നോട്ടുവെക്കുന്ന മാനദണ്ഡം പാലിക്കാനാണ് 45 മീറ്റർ എടുക്കുന്നത്. ഇതിന്റെ ഭാരം ജനങ്ങൾക്കുമേൽ വരുമെന്ന് പാലിയക്കര ടോൾബൂത്തിലെ പിരിവ് ബോധ്യപ്പെടുത്തുന്നു. ഇവിടെ എല്ലാ കക്ഷികൾക്കും ഇരട്ടത്താപ്പാണ്. പാലിയക്കരയിലെ ടോൾ കുറക്കണമെന്ന ആവശ്യം ഉയർത്തുന്നത് കാപട്യമാണ്. ദേശീയ നിരക്കിലേ എവിടെയും പിരിക്കാൻ കഴിയൂ എന്ന് നിയമം വായിക്കാൻ കഴിയുന്ന ഇവർക്കെല്ലാം അറിയാം. ടോൾ പാതകൾ വേണ്ടെന്ന് അവർ ഒരിക്കലും പറയില്ല. കാരണം, അഴിമതിപ്പണത്തിന്റെ എ.ടി.എമ്മുകളാണ് ടോൾ ബൂത്തുകൾ. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ നല്ലൊരു പങ്ക് ചെറുകിട വ്യാപാര-വ്യവസായ മേഖലകളിലുള്ളവരാണ്. ഇവർ ഇല്ലാതായാൽ കൂറ്റൻ മാളുകൾ ഹൈവേക്കരികിൽ വരും. അതും നിക്ഷേപക സൗഹൃദനയമാണല്ലോ. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ഓഹരി വിൽപന തന്നെയാണ്. എന്നാൽ, അതിനെ ശക്തമായി എതിർക്കുന്ന ഇടതുപക്ഷംതന്നെ പൊതുവഴി, പൊതുഭൂമി, സ്ഥാപനങ്ങൾ (ഹോട്ടലുകൾ, ബസ് സ്റ്റാൻഡ് മുതൽ വിമാനത്താവളം വരെ) മുതലായവ സ്വകാര്യ മൂലധന ശക്തികൾക്ക് വിൽക്കാൻ മടിക്കാത്ത അവരുടെ എതിർപ്പ് ആത്മാർഥമെന്ന് പറയാൻ കഴിയില്ല.
ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും മുല്ലപ്പെരിയാർ സമരത്തിലുമെല്ലാം ഈ ഇരട്ടത്താപ്പ് കാണാം. ഇടതു ഭരണത്തിൽ നിർദേശിക്കപ്പെട്ട് അനുമതി നൽകപ്പെട്ട ആറന്മുള വിമാനത്താവളം. ജനങ്ങൾ ഭരണം ആർക്കെന്നു നോക്കാതെ സമരം തുടങ്ങിയതാണ്. പക്ഷേ, ഭരണം മാറിയപ്പോൾ ഇടതുപക്ഷവും ബി.ജെ.പിയും സമരനായകരായി. പമ്പയുടെ തീരത്ത് വൻതോതിൽ പാടം നികത്തി വിമാനത്താവളം നിർമിച്ചാൽ ഉണ്ടാകാവുന്ന പാരിസ്ഥിതിക ദുരന്തം ജനങ്ങൾക്ക് മനസ്സിലായിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിൽ ആറന്മുളയാകെ മുങ്ങി. പാടം നികത്തി തോട് തിരിച്ചുവിട്ട് പെരിയാറിൽനിന്നു കുറച്ച് കി.മീ. മാത്രം ദൂരെ നിർമിച്ച നെടുമ്പാശ്ശേരി വിമാനത്താവളം ആഴ്ചകളോളം മുങ്ങുകയും സമീപവാസികളുടെ വീടുകളിൽ പ്രളയദുരന്തം സൃഷ്ടിക്കുകയും ചെയ്ത അനുഭവം കൂടിയാകുമ്പോൾ ചിത്രം വ്യക്തമാകുന്നു. പുതുവൈപ്പിൻ ഐ.ഒ. സിയുടെ പാചകവാതക സംഭരണികൾ സ്ഥാപിക്കാൻ നിർദേശിക്കപ്പെട്ട ഇടങ്ങളിൽ ഇതിനകംതന്നെ കടൽ കയറിക്കഴിഞ്ഞിരിക്കുന്നു.
കേരളം നേരിടുന്ന ഒരു പ്രതിസന്ധിക്കും പരിഹാരം നിർദേശിക്കാൻ കഴിയാത്ത ഭരണ -പ്രതിപക്ഷമെന്ന മുഖ്യധാര മറ്റു വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുകയും വികസനമെന്ന കപടമുദ്രാവാക്യം മുഴക്കി രക്ഷപ്പെടുകയും ചെയ്യുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണം പ്രധാന അജണ്ടയാണെന്നു പ്രസംഗിക്കുന്നു. അധികാരം കിട്ടി ആറു മാസത്തിനകം ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് മാനിഫെസ്റ്റോവിൽ എഴുതിവെക്കുകയുംചെയ്തു. പക്ഷേ, ആറര വർഷം പിന്നിട്ടിട്ടും ഒന്നും ചെയ്തില്ല. കീഴാറ്റൂരും കണ്ടങ്കാളിയിലുമെല്ലാം നെൽവയൽ സംരക്ഷിക്കാൻ സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. മിച്ചഭൂമിയാകുന്ന എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ഭൂരഹിതർക്കു നൽകുമെന്ന് പറയുകയും ഹാരിസൺ നിയമവിരുദ്ധമായി കെ.പി. യോഹന്നാന് വിറ്റ ഭൂമി സർക്കാർ വില കൊടുത്ത് വാങ്ങി സ്വകാര്യ കമ്പനിക്ക് വിമാനത്താവളം ഉണ്ടാക്കാൻ നൽകുകയും ചെയ്യുന്നു. പാറയടക്കമുള്ള പ്രകൃതിധാതുക്കളുടെ ഖനനം പൊതുമേഖലയിലാക്കാമെന്ന് വാഗ്ദാനം നൽകി അധികാരമേറ്റ് വർഷങ്ങൾ കഴിഞ്ഞിട്ടും സ്വകാര്യ ഖനനമേഖലയെ കൈയയച്ചു സഹായിക്കുന്നു. ജനവാസ മേഖലയിൽനിന്നുള്ള ദൂരപരിധി ഇരുനൂറിൽനിന്നും അമ്പത് മീറ്ററാക്കി. വനമേഖലയുടെ ബഫർസോൺ പത്തിെലാന്നായി കുറച്ചു. ഗ്രാമപഞ്ചായത്ത് സമിതി തീരുമാനം മറികടന്നുകൊണ്ട് ഖനനാനുമതി നൽകാൻ വേണ്ടി പലയിടത്തും പഞ്ചായത്ത് സെക്രട്ടറിമാരെ ചീഫ് സെക്രട്ടറി നേരിൽ വിളിച്ചുവരുത്തി വിരട്ടുകയാണ്, പലയിടത്തും ഖനനക്കാരായോ അവരുടെ പങ്കാളികളായോ സംഘടനാ നേതാക്കളായോ സമരത്തെ നേരിടാനെത്തുന്നത് ഭരണപക്ഷത്തെ ശക്തരായ നേതാക്കളും ജനപ്രതിനിധികളുമാണ്. ഇതിനെയെല്ലാം നേരിട്ടുകൊണ്ടാണ് ജനങ്ങൾ സമരംചെയ്യുന്നത്.
മാലിന്യം എന്ന വിഷയം ഒരിടത്തുപോലും ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഒരു നഗരസഭക്കും കഴിയുന്നില്ല. പത്തിലേറെ ഇടങ്ങളിൽ ജനങ്ങൾ നടത്തിയ ശക്തമായ പോരാട്ടങ്ങളുടെ ഫലമായി കേന്ദ്രീകൃത സംവിധാനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. എന്നിട്ടും, കേന്ദ്രീകൃത സംവിധാനം വൻ പരാജയമാണെന്ന് തദ്ദേശ സ്ഥാപനങ്ങളും അവ ഭരിക്കുന്ന രാഷ്ടീയ കക്ഷികളും മനസ്സിലാക്കാത്തതെന്തുകൊണ്ട്? അതിനു കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ഗുരുവായൂരിലെ ചക്കുംകണ്ടത്തും മറ്റും ദയനീയമായി പരാജയപ്പെട്ട കക്കൂസ് മാലിന്യ സംസ്കരണം കോഴിക്കോട് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആവിക്കലിൽ കൊണ്ടുവരാൻ വേണ്ടി ജനങ്ങളെ അടിച്ചമർത്തുന്നതും നമ്മൾ കാണുന്നു. അധികാരവികേന്ദ്രീകരണം അഴിമതിയിലാണ് ഏറ്റവും ഫലപ്രദമായതെന്ന് മിക്ക തദ്ദേശ സ്ഥാപന പ്രതിനിധികളെയും നിരീക്ഷിച്ചാൽ ബോധ്യമാകും. മിക്ക ജനകീയ സമരങ്ങളിലും പ്രാദേശിക സമ്മർദങ്ങൾ മൂലം ജനപ്രതിനിധികൾക്കും പ്രാദേശിക നേതാക്കൾക്കും സമരങ്ങൾക്ക് ഒപ്പം നിൽക്കേണ്ടിവരുന്നുണ്ട്. പലപ്പോഴും ഉന്നത നേതൃത്വങ്ങളെ അവർക്ക് ധിക്കരിക്കേണ്ടതായും വരുന്നു. മുഖ്യധാരയിൽ പ്രവർത്തിക്കുന്ന അപൂർവം ചില രാഷ്ട്രീയനേതാക്കൾ ഒരു പരിധിവരെ ഈ ജനകീയ സമരങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും ആ പട്ടികയിൽ മുൻനിരയിലാണ്. മൂലമ്പിള്ളി, ചെങ്ങറ, ഏലൂർ മലിനീകരണം തുടങ്ങിയ ചില വിഷയങ്ങളിൽ വി.എസിന് വ്യത്യസ്ത നിലപാടുണ്ടായിരുന്നു എന്നതൊരു രഹസ്യമല്ല. എന്നാൽ, ഒട്ടുമിക്ക പ്രാദേശിക സമരക്കാരും വി.എസിനെയോ സുധീരനെയോ സ്വാഗതം ചെയ്തിരുന്നു. മറ്റു ചില നേതാക്കളും ഭാഗികമായി പരിസ്ഥിതി വിഷയങ്ങളിൽ സമരങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്.
പ്രാദേശിക സമരങ്ങളുടെ മുദ്രാവാക്യങ്ങൾ പൊതുസമൂഹത്തിനും മിക്കപ്പോഴും ബാധകമായവയാണ്. കേരള വികസനമാതൃകയെന്ന് ഏറെക്കാലം കൊട്ടിഗ്ഘോഷിച്ചിരുന്നതിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയെന്ന ധർമംകൂടി ഈ സമരങ്ങൾ നിർവഹിക്കുന്നു എന്നത് വളരെ പ്രധാനമാണ്. സമ്പൂർണ ഭൂപരിഷ്കരണം നടന്ന സംസ്ഥാനമെന്ന അവകാശവാദമാണ് ചെങ്ങറ, അരിപ്പ, തൊവേരി മല തുടങ്ങിയ സമരങ്ങളിലൂടെ തകർന്നുവീണത് എന്നു നാം കണ്ടു. മൃതശരീരം അടുക്കളയിൽ കുഴിച്ചിടേണ്ടി വന്നപ്പോഴും അത് അവഗണിച്ച സർക്കാറുകൾക്കു മുന്നിൽ സത്യം തുറന്നുകാട്ടുകയായിരുന്നു. ജലത്തിന്റെ ജൈവരാഷ്ട്രീയം കേരളത്തെ ബോധ്യപ്പെടുത്തിയത് പ്ലാച്ചിമട സമരമാണ്. വെള്ളമെന്ന പ്രകൃതിവിഭവം ഊറ്റിയെടുത്ത് കുപ്പിയിലാക്കി വിലയിട്ടുവിൽക്കുന്നത് തെറ്റാണെന്ന് ഒരു കക്ഷിയും അവരുടെ യുവജനസംഘടനയും ഇന്നും മനസ്സിലാക്കിയിട്ടില്ല. മാലിന്യത്തിന്റെ രാഷ്ട്രീയവും അതുപോലെതന്നെ. കേരളത്തിന്റെ ആരോഗ്യമേഖല നമ്പർ വൺ ആണെന്ന അവകാശവാദങ്ങൾ ആവർത്തിക്കപ്പെടുന്ന പകർച്ചപ്പനികൾ, ആരോഗ്യമേഖലയിൽ നടക്കുന്ന കൊടിയ ചൂഷണങ്ങൾ, അതിന്റെ ഭാരിച്ച ചെലവ് തുടങ്ങി ഈയടുത്ത ദിവസം പാമ്പുകടിയേറ്റ് വയനാട്ടിലെ കുട്ടിയുടെ മരണം വരെയുള്ള അനുഭവങ്ങളിലൂടെ ചോദ്യംചെയ്യപ്പെടുന്നു. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരംചെയ്ത് രക്തസാക്ഷികളെ സൃഷ്ടിച്ച ഇടതുപക്ഷ പ്രസ്ഥാനം പരിയാരമടക്കം നിരവധി സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും സംരക്ഷകരും ഉപഭോക്താക്കളുമായി എന്നു തുറന്നുകാട്ടിയത് ജനകീയസമരങ്ങളാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്.
ജനകീയ സമരങ്ങളുടെ സംഘാടനവും നേതൃത്വവും നിലവിലുള്ള മാതൃകകളിൽനിന്നും മിക്കപ്പോഴും വ്യത്യസ്തമാണ്. കാലഹരണപ്പെട്ടവയാണ് നിലവിലെ മാതൃകകൾ എന്ന് ഇവർ വിളിച്ചുപറയുന്നു. നിലവിലുള്ള പൊതു പ്രത്യയശാസ്ത്രങ്ങൾക്കു പകരം പുതിയകാലത്തെ അറിവുകളും അനുഭവങ്ങളുമാണ് ഈ സമരങ്ങളുടെ പ്രേരണ എന്നതിനാൽ അതിനു യോജിച്ചതും വൈവിധ്യപൂർണവുമായ സമരസംഘാടനമാണ് നടക്കുന്നത്. 'ഫെൻസസ് ആൻഡ് വിൻഡോസ്' എന്ന ഗ്രന്ഥത്തിൽ നവോമി ക്ലീൻ ഇതുസംബന്ധിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
നമ്മുടെ നാട്ടിൽ രാഷ്ട്രീയ നേതൃത്വങ്ങൾക്കും പൊതുസമൂഹത്തിനുതന്നെയും ഒരു ധാരണയുണ്ട്. വലിയ രാഷ്ട്രീയ സാമുദായിക ശക്തികൾക്ക് മാത്രമേ ജനകീയ സമരങ്ങൾ നടത്തി വിജയിപ്പിക്കാൻ കഴിയൂ എന്ന്. പക്ഷേ, കഴിഞ്ഞ മൂന്നോളം പതിറ്റാണ്ടുകളായി ഈ നേതൃത്വങ്ങൾ ഭരണപ്രതിപക്ഷങ്ങൾ ചെയ്യുന്ന അനുഷ്ഠാന സമരങ്ങളൊഴിച്ച് കേരളത്തിന്റെ ദിശ നിർണയിക്കുന്ന ഒരു സമരവും ചെയ്തിട്ടില്ല. സമരങ്ങൾ വിജയിച്ചുവോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും അപ്രസക്തമാണ്. പല സമരങ്ങളും ഒറ്റയടിക്ക് ലക്ഷ്യം നേടണമെന്നില്ല. കേരളത്തിൽ നടന്ന ശക്തമായ രാഷ്ട്രീയ സമരങ്ങൾ പലതും (പുന്നപ്ര, വയലാർ, കയ്യൂർ, കരിവെള്ളൂർ തുടങ്ങിയവ) അവ നടന്ന കാലത്ത് പരാജയമായിരുന്നു എങ്കിലും അത് സൃഷ്ടിച്ച സ്വാധീനം വലിയ മാറ്റങ്ങൾക്കു പിന്നീട് വഴിവെച്ചു. കേരളത്തിൽ നടന്ന നൂറുകണക്കിന് ജനകീയ സമരങ്ങൾ നമ്മുടെ ചരിത്രത്തിൽ നിർണായകമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും അത്തരം സമരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട, എൻഡോസൾഫാൻ, നെൽവയൽ, വനം, പുഴ, കായൽ തുടങ്ങിയവയുടെ സംരക്ഷണം തുടങ്ങി നിരവധി പരിസ്ഥിതി വിഷയങ്ങൾ, ആദിവാസി ഭൂമി, ദലിത് സമൂഹത്തിനു ഭൂമിയിലുള്ള അവകാശം (ഭാഗികമായെങ്കിലും), കുടിയൊഴിക്കലുമായി ബന്ധപ്പെട്ട നയങ്ങൾ, മാലിന്യം, കാലാവസ്ഥാ മാറ്റം, സ്ത്രീപുരുഷബന്ധങ്ങൾ, ട്രാൻസ്ജെൻഡർപോലുള്ള വിഷയങ്ങൾ എന്നിങ്ങനെ പലതും മുഖ്യധാരയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഈ സമരങ്ങളുടെ നേട്ടങ്ങളാണ്. ഈ സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ വിഷയങ്ങൾ മുഖ്യധാരാ കേരളീയസമൂഹം ചർച്ചചെയ്യാൻ തന്നെ സാധ്യതയില്ല. ആ അർഥത്തിൽ മിക്ക സമരങ്ങളും വിജയം തന്നെയാണ്.