കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം: 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.
കേരളത്തിൽ 25 വർഷം പൂർത്തീകരിച്ച കുടുംബശ്രീ, അതിന്റെ സംഘാടനംകൊണ്ടും സ്ത്രീ ശാക്തീകരണംകൊണ്ടും സവിശേഷമായ സ്ഥാനം നേടിയിട്ടുണ്ട്. സ്ത്രീകളിലെ സമ്പാദ്യശീലം വളർത്തി അവരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ച് ഉയർത്താൻ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ അവബോധം സ്ത്രീകളിൽ വളർത്തുന്നതിനും കുടുംബശ്രീ കാരണമായിട്ടുണ്ട്. കുടുംബശ്രീയുടെ ഇത്തരം പോസിറ്റിവുകളാണ് അക്കാദമിക് തലത്തിലുള്ളവരും അതിനെ പ്രമോട്ട് ചെയ്യുന്ന രാഷ്ട്രീയക്കാരും ഉയർത്തിപ്പിടിച്ച് ലേഖനങ്ങളും ഫീച്ചറുകളും തയാറാക്കിക്കൊണ്ടിരിക്കുന്നത്.
അതിന്റെ ഈ ഗുണവശങ്ങളെല്ലാം അംഗീകരിക്കുന്നതോടൊപ്പം ഇതിന്റെ ഒരു മറുവശം നാം കാണാതെ പോകരുത്. യഥാർഥത്തിൽ കുടുംബശ്രീ വഴി സ്ത്രീകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നേട്ടങ്ങൾക്ക് അപ്പുറം വലിയൊരു ചൂഷണവും ചതിയും ഒളിഞ്ഞിരിക്കുന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇവർ ആഴ്ചതോറും ശേഖരിക്കുന്ന ത്രിഫ്റ്റ് (സമ്പാദ്യം) ഓരോ അയൽക്കൂട്ടങ്ങളുടെ പേരിലും ബാങ്കിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ഈ ത്രിഫ്റ്റിൽനിന്ന് ഇവർ പരസ്പരം വായ്പ കൊടുക്കുന്നവരും ഉണ്ട്. ഇവർ ബാങ്കിൽ അടക്കുന്ന ത്രിഫ്റ്റിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിലെ രണ്ടിൽ കൂടുതൽ അംഗങ്ങൾക്ക് കുടുംബശ്രീയുടെ സി.ഡി.എസിന്റെ ശിപാർശപ്രകാരം ബാങ്ക് ലിങ്ക്ഡ് വായ്പകൾ അനുവദിക്കാറുണ്ട്. 3 ലക്ഷം വരെ 4 ശതമാനം പലിശ മാത്രം ഇവർ നൽകിയാൽ മതി. ബാക്കി ബാങ്കിന്റെ പലിശ കുടുംബശ്രീ ജില്ല മിഷൻ സബ്സിഡിയായി ബാങ്കിന് നൽകും. അടവിൽ വീഴ്ച വരുത്തിയാൽ ഈ സബ്സിഡി ലഭിക്കില്ല. അപ്പോൾ മുഴുവൻ പലിശയും വായ്പ എടുത്തവർ അടക്കേണ്ടിവരും.
സബ്സിഡി വായ്പക്ക് പുറമെ 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ അഞ്ചോ അതിൽ കൂടുതൽ അംഗങ്ങൾക്കോ അവരുടെ ത്രിഫ്റ്റ് ജാമ്യമാക്കിക്കൊണ്ട് കുടുംബശ്രീ സി.ഡി.എസിന്റെ ശിപാർശയിൽ ബാങ്കുകൾ വായ്പകൾ കൊടുത്ത് വരുന്നുണ്ട്. ഇതിന്റെ പലിശ നിശ്ചയിക്കുന്നത് ബാങ്കുകളാണ്. ചില ബാങ്കുകൾ കഴുത്തറുപ്പൻ പലിശയാണ് ഈടാക്കുന്നത്. അടവുകളിൽ വീഴ്ച വന്നാൽ ഇരട്ടി പലിശ കൊടുക്കേണ്ടിവരുന്ന ഗതികേടുമുണ്ട്. ഈ വായ്പകളൊന്നും ഉൽപാദന മേഖലയിലൊന്നുമല്ല ഉപയോഗിക്കുന്നത്. അവരവരുടെ അപ്പപ്പോൾ ഉണ്ടാകുന്ന ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. നിത്യക്കൂലിചെയ്ത് ഉപജീവനം നടത്തുന്ന കുടുംബങ്ങൾക്ക് യഥാസമയം വായ്പകൾ തിരിച്ചടക്കാൻ പറ്റാതാകുമ്പോൾ പലിശയും മുതലും ഇരട്ടിക്കുന്നു. അവസാനം എല്ലാ പലിശ വായ്പകൾക്കും സംഭവിക്കുന്നതുപോലെ വീട് വിറ്റോ, മറ്റൊരു വായ്പ തരപ്പെടുത്തിയോ അടക്കുകയാണ് ചെയ്യുക. ചിലർ ആത്മഹത്യയിൽ അഭയം തേടാറുമുണ്ട്.
കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബിനികളാണ് ഈ പലിശക്കെണിയിൽ കുടുങ്ങിക്കിടക്കുന്നത്. ബാങ്കുകൾക്ക് ഇത്തരം വായ്പകൾ നൽകുന്നതിന് വളരെ താൽപര്യമാണ്. സി.ഡി.എസുകൾ ജാമ്യംപോലെ ഉള്ളതുകൊണ്ട് ഇവർക്കു സംഖ്യ ഈടാക്കാൻ എളുപ്പത്തിൽ കഴിയും. നല്ല പലിശയും ഈടാക്കാം. കുടുംബശ്രീയുടെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ ഈ കൊടും ചൂഷണം ആരും പറയാറില്ല.
കോവിഡ് കാലത്ത് ബാങ്കുകളിൽനിന്നെടുത്ത വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസത്തേക്കാണ് അത് ചെയ്തത്. എന്നാൽ, സർക്കാറും ബാങ്കുകളും ഇവരെ ചതിക്കുകയായിരുന്നു. ഈ മൂന്നുമാസത്തെ പലിശയും കൂട്ടുപലിശയും ഇവരിൽനിന്ന് പിന്നീട് ഈടാക്കി ഇവരെ വഞ്ചിക്കുകയായിരുന്നു. സർക്കാറിന്റെയോ ബാങ്കുകളുടെയോ ഒരു അനീതിയും ചോദ്യം ചെയ്യാൻ പാവം ഈ കുടുംബശ്രീ അംഗങ്ങൾ മുന്നോട്ടുവരാറില്ല. ഭീഷണിയോ ഭാവിയിലെ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്ന ഭീതിയോ ഇവരെ മൗനികളാക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക.
വെള്ളപ്പൊക്ക സമയത്ത് (2018ൽ) നാശനഷ്ടം സംഭവിച്ച കുടുംബശ്രീ അംഗങ്ങൾക്ക് ഒരുലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് RKLS (Resurgent Kerala Loan Scheme) പദ്ധതിപ്രകാരം വായ്പ എടുത്തവർ അക്ഷരാർഥത്തിൽ കബളിക്കപ്പെട്ടിരിക്കുകയാണ്. ഒരുലക്ഷം രൂപ എടുത്തവർ മൂന്നു വർഷംകൊണ്ട് ഒന്നര ലക്ഷത്തോളം രൂപ ഇതിനകം അടച്ച് കഴിഞ്ഞിട്ടും വായ്പകൾ അവസാനിച്ചിട്ടില്ല. പലിശ 13 ശതമാനം പിന്നിട്ടിട്ടുണ്ട്. മാസത്തിൽ അടവ് സമയം തെറ്റിയാൽ 1500 രൂപ ഫൈനാണ് ഇവർ ഈടാക്കുന്നത്. കേട്ടുകേൾവി പോലുമില്ലാത്ത ചൂഷണം. ശരിയായി അടച്ചുതീർത്താൽ കുറച്ച് സംഖ്യ സബ്സിഡിയായി ത്രിഫ്റ്റിൽ കയറുമെന്നാണ് ഇവരെ വിശ്വസിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ ഈ പലിശക്കെണി ആരും പുറത്തുകൊണ്ടുവരുന്നില്ല. എല്ലാവരും വാഴ്ത്തുപാട്ട് പാടി ആഘോഷിക്കുകയാണ്.
ഹരിത കർമസേന എന്ന ദുരിതസേന
കുടുംബശ്രീയെക്കുറിച്ച് പറയുമ്പോൾ കേരളത്തിന്റെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്ന സേനയാണ് ഹരിത കർമസേന എന്ന് പലരും വാചാലരാകാറുണ്ട്. ഓരോ വീടും കയറി ഇറങ്ങി ഇവർ മാലിന്യം ശേഖരിക്കുകയും അവ ഒരു കേന്ദ്രത്തിൽ എത്തിച്ച് ഈ മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക് വേർതിരിച്ചെടുത്ത് തൂക്കി നൽകുകയാണ് ഇവർ ചെയ്യുന്ന പണി. ഒരു മാസത്തിൽ ആറു മുതൽ എട്ടുദിവസം വരെയാണ് മാലിന്യശേഖരം നടത്തുക. ഒരു വീട്ടിൽനിന്ന് ഒരു ചാക്കിന് 50 രൂപയാണ് വാങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. പല വീടുകളിൽനിന്നും ഈ തുക ലഭിക്കാറില്ല. ചിലർ എന്തെങ്കിലും കൊടുത്ത് ഇവരെ ഒഴിവാക്കും.
കഠിനാധ്വാനം നടത്തി മാലിന്യസംസ്കരണം നടത്തുന്ന ഈ ഹരിതസേനാംഗങ്ങൾക്ക് ഒരാൾക്ക് ഒരുദിവസം 300 രൂപ പോലും ഒക്കുന്നില്ലത്രെ! വീട്ടുജോലിക്കു പോയാൽപോലും 750-800 രൂപ ലഭിക്കും. കാര്യമായ ഒരു അധ്വാനവുമില്ലാത്ത തൊഴിലുറപ്പിന് പോലും ഇതിനേക്കാൾ കൂലിയുണ്ട്. അടിമകളെപ്പോലെ പണി എടുപ്പിച്ച് മതിയായ വേതനം ലഭിക്കാതെ കഷ്ടപ്പെടുന്ന ഈ ദുരിതസേനാംഗങ്ങളെ ആരും മനസ്സിലാക്കുന്നില്ല. മീഡിയയും സർക്കാറും അക്കാദമിക് ജീവികളും ഇവർ ചെയ്യുന്ന സേവനങ്ങളുടെ മഹത്ത്വം വാഴ്ത്തിപ്പാടുകയാണ്. ഇനി സർക്കാറിൽനിന്ന് കിട്ടുന്ന എന്തെങ്കിലും ആനുകൂല്യങ്ങൾ നഷ്ടപ്പെടുമല്ലോ എന്ന ഭയംകൊണ്ട് എല്ലാ ദുരിതങ്ങളും നിശ്ശബ്ദമായി സഹിച്ച് മുന്നോട്ടുപോകുകയാണ്. പച്ച യൂനിഫോമിട്ട് അവർ ഒന്നിച്ച് നീങ്ങുമ്പോൾ എല്ലാവരും അഭിമാനത്തോടെ നോക്കിനിൽക്കും. ഫോട്ടോയും വിഡിയോയും എടുത്ത് പ്രചരിപ്പിക്കും. പക്ഷേ, അവർ അനുഭവിക്കുന്ന വേദന കാണാൻ ആരുമില്ല.
സംരംഭങ്ങൾ തുടങ്ങി കുത്തുപാള എടുത്തവർ
തൊഴിൽസംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത നേടിയവരുടെ വിജയഗാഥകൾ ധാരാളം നാം കേൾക്കുന്നു. സ്ത്രീ ശാക്തീകരണം നടന്നതിന്റെ കണക്കുംവെച്ച് ലേഖനങ്ങൾ അച്ചടിച്ച് വരുന്നു. എന്നാൽ, വായ്പ എടുത്തും തദ്ദേശസ്ഥാപനങ്ങൾ പദ്ധതിവെച്ചും തുടങ്ങിയ അനേകം തൊഴിൽ സംരംഭങ്ങൾ പരാജയപ്പെട്ടത്, കുത്തുപാള എടുത്തത് ആരും പുറത്തുകൊണ്ടുവരുന്നില്ല. പല സ്ഥാപനങ്ങളും നിത്യകൂലിപോലും എടുക്കാൻ പറ്റാതെ മുന്നോട്ടുപോകുകയാണ്. ബാങ്കിൽനിന്ന് വായ്പ എടുത്തവർ യഥാസമയം മുതലും പലിശയും അടക്കാൻ പറ്റാതെ ബാങ്കുകൾ ജപ്തിചെയ്ത് താഴിട്ട് പൂട്ടിയ നിരവധി സ്ഥാപനങ്ങൾ നമുക്ക് കാണാൻ കഴിയും. കോവിഡ് കാലത്ത് 20 രൂപക്ക് ഊണ് കൊടുത്തതിന്റെ സബ്സിഡിപോലും കിട്ടാതെ വലയുകയാണ് പലരും. കുടുംബശ്രീ ഹോട്ടലുകളായാലും കാന്റീനായാലും കുടുംബശ്രീ ബസ് ആയാലും കമ്പ്യൂട്ടർ സെന്റർ ആയാലും ലാഭകരമായി നടത്താൻ പറ്റാതെ പൂട്ടിപ്പോയ നിരവധി സ്ഥാപനങ്ങളുണ്ട്. അവയുടെ കണക്കൊന്നും പുറത്തുവരില്ല. നടത്തുന്നവരുടെ മിടുക്കും പ്രാപ്തിയുംകൊണ്ട് ഏതെങ്കിലും സ്ഥാപനങ്ങൾ വിജയിച്ചാൽ അതായിരിക്കും ഹൈലൈറ്റ് ചെയ്യുക. അവരെ സംബന്ധിച്ച ഫീച്ചറുകൾ, അഭിമുഖങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടും. അതുപോലെ കുടുംബശ്രീ അംഗങ്ങൾ വീടുകളിലുണ്ടാക്കിയ പല ഉൽപന്നങ്ങൾക്കും വിപണി ലഭിക്കാതെ നഷ്ടത്തിലായ പലരെയും നമുക്കു കാണാം. എപ്പോഴെങ്കിലും നടത്തുന്ന വിപണനമേളകളിൽ വിൽപന നടത്തിയാൽ ഇവർ എങ്ങനെ ജീവിക്കും? വൻകിട കമ്പനികളുടെ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വില കുറച്ച് മാർക്കറ്റിൽ ലഭിക്കുമ്പോൾ ഉൽപാദന ചെലവ് കൂടിയ വീടുകളിലുണ്ടാക്കുന്ന പ്രഫഷനലിസം ഇല്ലാത്ത പാവം ഈ കുടുംബശ്രീ അംഗങ്ങളുടെ ഉൽപന്നങ്ങൾ ആര് വാങ്ങാൻ? പത്ത് ശതമാനം വിജയിക്കുന്നുണ്ടാകാം. ഭൂരിഭാഗവും നഷ്ടത്തിലാണ് ഓടുന്നത്. പക്ഷേ, നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നത് ഈ 10 ശതമാനത്തെക്കുറിച്ചാണ്.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്ന ഒന്നായി സമീപകാലത്ത് മാറിയ അനുഭവങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. ഭരിക്കുന്ന സംഘടനകളുടെ പരിപാടികൾ വിജയിപ്പിക്കേണ്ട ഉപകരണങ്ങളായി ഇവർ മാറിയിരിക്കുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യാത്രകളിലും പൊതുപരിപാടികളിലും 75 ശതമാനത്തിൽ കൂടുതൽ വനിതകളാവുന്നത്. പോയിട്ടിെല്ലങ്കിൽ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്ന ഭീഷണിയുള്ളതുകൊണ്ട് മനസ്സില്ലാമനസ്സോടെയാണ് പലരും ഈ വേദികൾ നിറക്കുന്നത്.
കുടുംബശ്രീയുടെ നല്ലവശങ്ങൾ നാം ചർച്ചചെയ്യുന്നതോടൊപ്പം ഈ ചൂഷണങ്ങളും നാം കാണാതിരിക്കുന്നത് യാഥാർഥ്യത്തിനു നേരെ കണ്ണടക്കുന്നതിന് തുല്യമാണ്.
പലിശരഹിത അയൽക്കൂട്ടങ്ങളുടെ പ്രസക്തി
പലിശയുടെ ചൂഷണത്തിൽനിന്ന് കുടുംബങ്ങളെ രക്ഷിക്കുന്നതിന് പലിശരഹിത അയൽക്കൂട്ട സംവിധാനത്തിന് പ്രസക്തി വർധിക്കുകയാണ്. ഇപ്പോൾ കേരളത്തിൽ 250ൽപരം പ്രദേശങ്ങളിൽ ‘ഇൻഫാക്കി’ന്റെ (INFACC SUSTAINABLE DEVELOPMENT SOCIETY) കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടങ്ങൾ പലിശയുടെ കെണിയിൽപെട്ടുഴലുന്ന കുടുംബിനികൾക്ക് അൽപമെങ്കിലും ആശ്വാസമാണ്. കുടുംബശ്രീയുടെ അതേ സ്ട്രക്ചർ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ പരസ്പരം സഹായിക്കുകയാണ്. ഉള്ളവരിൽനിന്ന് ഇല്ലാത്തവരിലേക്ക് ഒഴുക്കുന്ന കാരുണ്യത്തിന്റെ പ്രവാഹമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. ഇവർ പരസ്പരം സഹായിച്ചത് കോടിക്കണക്കിന് രൂപയാണ്. ഇപ്പോൾ ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ഈ സംവിധാനത്തിൽ ലക്ഷത്തിൽപരം അംഗങ്ങളുണ്ട്. കേരളത്തിലെ കുടുംബശ്രീയും ഈ രൂപത്തിലുള്ള പ്രവർത്തനഘടനയിലേക്ക് മാറിയാൽ കുടുംബിനികൾക്ക് ആശ്വാസമാകുന്ന ഒരു പ്രവർത്തനമായി അത് മാറും. പലിശയുടെ കെണിയിൽനിന്ന് രക്ഷപ്പെടുത്താനും സാധിക്കും.
റിട്ട. ഗവ. അഡീഷനൽ സെക്രട്ടറിയാണ് ലേഖകൻ