ആനന്ദം: 'ഖസാക്കി'ലും കസാഖ്സ്താനിലും
ഗോവ ചലച്ചിത്രമേളയിൽ തന്നെ പിടിച്ചിരുത്തിയ സിനിമ ‘ഹാപ്പിനസി’നെക്കുറിച്ച് എഴുതുകയാണ് ചലച്ചിത്രപ്രവർത്തകയായ ലേഖിക. ഇൗ സിനിമ കസാഖ്സ്താനിലെ മാത്രമല്ല, നമ്മുടെ ‘ഖസാക്കിസ്താനിലെ’ ആണത്തങ്ങൾക്കും ബാധകമാണ് എന്ന് എഴുതുന്നു.
ഞാൻ ജനിക്കും മുമ്പാണ് ഒ.വി. വിജയൻ 'ഖസാക്കിന്റെ ഇതിഹാസം' എഴുതുന്നത്. അതിപ്പോൾ നൂറാം പതിപ്പ് ആഘോഷിക്കുന്ന വേളയാണ്. മലയാളത്തിൽ എഴുതപ്പെട്ട എക്കാലത്തെയും ഏറ്റവും മികച്ച നോവൽ എന്ന് ഒരുവിധപ്പെട്ട, ആണെഴുത്തുകാരെല്ലാം പറയുന്നു. അതിനു മുമ്പും പിമ്പുമായി അവർ നോവൽ സാഹിത്യത്തെതന്നെ വിഭജിച്ചിരിക്കുന്നു. ഖസാക്ക് ഞാൻ വായിക്കുന്നത് എൺപതുകളുടെ മധ്യത്തിൽ ഒരു സാഹിത്യ വിദ്യാർഥിയായിരുന്ന കാലത്താണ്. ഫെമിനിസം മലയാളത്തിൽ പിച്ചവെക്കുന്ന കാലമായിരുന്നു അത്. എന്തും പെണ്ണിന്റെ നിലപാടുതറയിൽ ഉരച്ച് മാറ്റുനോക്കിയ കാലം. എന്റെ മുന്നിൽ തെളിഞ്ഞത് ഒരു ഇതിഹാസമായിരുന്നില്ല, മറിച്ച് വേരുകളില്ലാതെ അലയുന്ന, സ്വാർഥമതിയായ ഒരു രവിയുടെ (പുരുഷന്റെ) ആനന്ദം തേടിയുള്ള സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും ഭോഗത്തിന്റെയും യാത്രകളായിരുന്നു. രവിയുടെ കണ്ണിൽ കണ്ടതുപോലെ അതിലെ സ്ത്രീപ്രജകളുടെ രതിജീവിതം എന്റെ വായനക്ക് കാണാനായിട്ടില്ല. എല്ലാം നായകന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ മാത്രം. മഴയിൽ പതിയിരുന്ന ഒരു പാമ്പിന്റെ കൊത്തലിൽ അതവസാനിക്കുന്നു. സാഹിത്യമായി നടിക്കുന്ന ആണെഴുത്തും സിനിമയുമൊക്കെ പറയാൻ ബാക്കിവെച്ചത് പെണ്ണ് എന്ത് എന്നതാണ്. അവളുടെ ആനന്ദങ്ങളെക്കുറിച്ചാകട്ടെ അത് അന്ധവുമാണ്. വാത്സ്യായനത്തെ കാമസൂത്രത്തിന്റെ മൗനങ്ങൾ ചികഞ്ഞാലും നമുക്കു മുന്നിൽ തെളിയുക സ്ത്രീ എന്തെന്നറിയാത്ത ആണാനന്ദങ്ങളുടെ ഹീനമായ ഒരു ലോകമാണ്. അത് ഖസാക്കിലായാലും കസാഖ്സ്താനിലായാലും ഒരു വ്യത്യാസവുമില്ല. രണ്ടും ആണാനന്ദങ്ങളുടെ കഥ പറയുന്നു.
53ാമത് ഐ.എഫ്.എഫ്.ഐ ഗോവയിൽനിന്നും മടങ്ങുമ്പോൾ മനസ്സിൽ തറച്ചുനിന്ന സിനിമ ഏതാണെന്ന് ചോദിച്ചാൽ എനിക്ക് ഒരുത്തരമേയുള്ളൂ : അത് 'ഹാപ്പിനസ്' എന്ന സിനിമയാണ്. മുൻ സോവിയറ്റ് രാഷ്ട്രമായ കസാഖ്സ്താനിലെ പ്രശസ്ത നടിയും ഗായികയുമായ ബയാൻ യെസന്റായേവ നിർമിച്ച് അസ്കർ ഉസ്ബയേവ് സംവിധാനംചെയ്ത 'ഹാപ്പിനസ്' കസാഖ്സ്താനിലെ മാത്രമല്ല നമ്മുടെ 'ഖസാക്കിസ്താനിലെ' ആണത്തങ്ങൾക്കും ബാധകമാണ്.
മുൻ സോവിയറ്റ് രാഷ്ട്രമായ കസാഖ്സ്താൻ എന്ന പാഠമാണ് ഇവിടെ ഏറ്റവും പ്രസക്തം. കമ്യൂണിസ്റ്റ് വിപ്ലവം മനുഷ്യബന്ധങ്ങളിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാൻ എത്ര കാലമെടുക്കും എന്നത് ഒരു പ്രഹേളികയാണ്. മുകളിൽ മാറ്റമുണ്ടാവുമ്പോൾ സ്വാഭാവികമായി മാറുന്നതല്ല അധികാരത്തിന്റെ പിരമിഡ്.
1917ലെ റഷ്യൻ വിപ്ലവത്തെ തുടർന്നുണ്ടായ നീണ്ട ആഭ്യന്തര യുദ്ധത്തിനു ശേഷം 1936ഓടെ പൂർണമായും സോവിയറ്റ് യൂനിയന്റെ ഭാഗമായി മാറിയ സോവിയറ്റ് റിപ്പബ്ലിക്കാണ് കസാഖ്സ്താൻ. സോവിയറ്റ് യൂനിയന്റെ പതനത്തെ തുടർന്ന് 1991 ആഗസ്റ്റ് 16ന് കസാഖ്സ്താൻ റഷ്യയിൽനിന്നും പൂർണമായും വിട്ട് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി എന്നാണ് ചരിത്രം. എന്നാൽ 2022ലും അവിടത്തെ സ്ത്രീജീവിതം മാറ്റമില്ലാതെ തുടരുന്നു.
ഗാർഹിക പീഡനമെന്നത് സ്വന്തം അവകാശമായി കരുതുന്നവരാണ് അവിടത്തെ ആണുങ്ങൾ. ദാമ്പത്യത്തിനകത്തെ ബലാത്സംഗങ്ങളും അതിക്രൂരമായ മർദനങ്ങളും സ്വാഭാവികം മാത്രമായി എണ്ണപ്പെടുന്നു. അതിന്റെ പേരിൽ ഇന്നുവരെയും കസാഖ്സ്താനിൽ ഒരു പുരുഷൻപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ, ജയിലിൽ കിടക്കുന്ന സ്ത്രീകളിൽ 70 ശതമാനവും ഭർത്താക്കന്മാരെ കൊന്ന് സ്വന്തം ശിക്ഷ ഏറ്റുവാങ്ങിയവരാണ്. സ്വന്തം ജീവിതം തന്നെ ജയിലിലേക്ക് ഇല്ലാതാക്കി അകപ്പെട്ടു കിടക്കുന്ന പീഡനങ്ങളിൽനിന്നും പുറത്തു കടക്കാവുന്നവരാണവർ. നരകത്തിൽനിന്നും പുറത്തുകടക്കാൻ സ്വന്തം സ്വാതന്ത്ര്യമാണ് ബലി കൊടുക്കുന്നത്. ആ ബലിയുടെ വിലയാണ് സ്വാതന്ത്ര്യം എന്ന് പറയാം. അത് ജയിലിലായാലും.
മൂലധനത്തിന്റെ കല
പണം ആരുടെ കൈയിലാണോ അവർതന്നെയാണ് സിനിമയിൽ അധികാരവും കൈയാളുന്നത്. സിനിമയുടെ പ്രത്യയശാസ്ത്രം തീരുമാനിക്കപ്പെടുന്നത് പ്രാഥമികമായും ആര് മുതൽ മുടക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ആ നിലക്ക് കോമഡി പടങ്ങൾ മാത്രം ചെയ്തുപോന്ന അസ്കർ ഉസ്ബയേവിനെക്കൊണ്ട് 'ഹാപ്പിനസ്' പോലൊരു സിനിമ നിർമിക്കാനുള്ള വിഖ്യാത കസാഖ് ഗായികയും നിർമാതാവും ടെലിവിഷൻ അവതാരകയുമായ ബയാൻ യെസന്റായേവയുടെ തീരുമാനമാണ് ഈ സിനിമയെ സാധ്യമാക്കിയത് എന്ന് പറയാം. അതിന് നിമിത്തമായത് ബയാന് സ്വന്തം ജീവിതത്തിലെ കഠിനമായ ദുരനുഭവങ്ങൾതന്നെയാണ്.
2016ലാണ് ആദ്യ ദാമ്പത്യത്തിലെ ഭർത്താവിൽനിന്നുള്ള മർദനത്തിൽ മൂക്കിന്റെ പാത്തിയും തലയോട്ടിയും തകർന്ന്, കുത്തേറ്റ അവസ്ഥയിൽ ബയാനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. രണ്ടു മക്കളുള്ള ബയാന്റെ 22 വർഷത്തെ ദാമ്പത്യത്തിന്റെ അവസാനമായിരുന്നു അത്. 'ഹാപ്പിനസി'ലെ നായികയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. മറ്റുള്ളവർക്ക് 'ആനന്ദം' വിൽക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന നായികയുടെ സ്വകാര്യജീവിതം ഭീകരമായ ദാമ്പത്യ പീഡനങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു. എന്നാൽ, പരാതി കൊടുത്തുകൂടേ, ഇറങ്ങിയോടിക്കൂടേ എന്ന ചോദ്യങ്ങൾ നമ്മുടെ നീതിന്യായ സംവിധാനങ്ങളും പൊതുസമൂഹവുമൊക്കെ ചോദിക്കാറുള്ളതാണ്. ഏറ്റവും കൂടുതൽ ആനന്ദോൽപാദന അധികാരമണ്ഡലമായ സിനിമയിൽ തൊഴിലിടത്തിൽെവച്ച് തന്നെ ബലാത്സംഗം നേരിട്ടതിന് പരാതിയുമായി പോയതിന് നമ്മുടെ നാട്ടിൽ ഒരു നടിക്ക് നേരിടേണ്ടിവന്നുകൊണ്ടിരിക്കുന്നത് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ആ പോരാട്ടത്തിനൊപ്പം നിൽക്കുന്ന ഡബ്ല്യു.സി.സി ആവശ്യപ്പെട്ട ഏറ്റവും പ്രധാന കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ നമ്മുടെ ഫിലിം ഇൻഡസ്ട്രിക്കോ അധികാര സംവിധാനത്തിനോ പിന്നിട്ട അഞ്ചു വർഷമായിട്ടും കഴിഞ്ഞിട്ടില്ല. എന്തെങ്കിലും അസാധ്യ നിയമ നിർമാണമൊന്നുമല്ല ആവശ്യപ്പെടുന്നത്. 2013ൽ സുപ്രീം കോടതി അംഗീകരിച്ച പോഷ് ആക്ട് നടപ്പാക്കണമെന്നു മാത്രമാണ് ആവശ്യം. അത് സർക്കാറിന്റെ നിയമപരമായ ബാധ്യതയുമാണ്. എന്നാലും പുരുഷാനന്ദങ്ങളുടെ വിളനിലമായ സിനിമയിൽ അത്തരമൊരു നീതിനിർവഹണത്തിന് ആരും തയാറല്ല. എല്ലാവരും അത് കൂട്ടമായി കണ്ടില്ല എന്ന് നടിക്കുന്നു. നിയമലംഘനം ആചാരമാകുന്നു. ഒരു ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന നിയമം എങ്ങനെയൊക്കെ അട്ടിമറിക്കണം എന്നതിലാണ് ഗവേഷണം നടക്കുന്നത്. പീഡകരെ രക്ഷിച്ചെടുക്കാനാണ് വിയർക്കുന്നത്.
ഇഫിഗോവയിലെ ഐനോക്സ് സ്ക്രീൻ ഒന്നിലെ നിറഞ്ഞ സദസ്സിൽ പ്രദർശനത്തിനുശേഷം നടന്ന ചോദ്യോത്തരവേളയിൽ സംസാരിച്ചവരെല്ലാം സ്ത്രീകളായിരുന്നു. വികാരാധീനരായി അവരുടെ കണ്ഠമിടറുന്നുണ്ടായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും എന്നതിനെക്കാൾ അതൊരു അനുഭവം പങ്കിടലിന്റെ മുഹൂർത്തമായിരുന്നു. കസാഖ്സ്താനും ഖസാക്കുമൊക്കെ ഒരേ കഥയുടെ തനിയാവർത്തനങ്ങൾ മാത്രം.