കാപികോ നൽകുന്ന സൂചനകൾ, പാഠങ്ങൾ
കേരളത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റിയും വരുമാനത്തെപ്പറ്റിയും വാചാടോപങ്ങൾ നടത്തുേമ്പാൾതന്നെ പ്രധാനമാണ് കായലും നദികളും മലകളുമെല്ലാമടങ്ങുന്ന പരിസ്ഥിതിയും ജീവിതവും സംരക്ഷിക്കപ്പെടൽ. അതിൽ ഉൗന്നിയേ വിനോദസഞ്ചാര വികസനം സാധ്യമാകാവൂ. ഇത്തരത്തിലുള്ള നീക്കത്തിന് ആലപ്പുഴയിലെ കാപികോയുടെ അവസ്ഥകൾ നിർണായക സൂചനകളും പാഠങ്ങളും നൽകുന്നുണ്ടെന്ന് ലേഖകൻ വാദിക്കുന്നു.
ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തിൽ കാപികോ കമ്പനി നിയമവിരുദ്ധമായി പണിതുയർത്തിയ 54 വില്ലകളുടെ പൊളിച്ചുനീക്കൽ കഴിഞ്ഞ 15ന് ആരംഭിച്ചിരിക്കുകയാണ്. പൊളിച്ചുനീക്കുന്നതിന് രണ്ടു ദിവസം മുമ്പ് ദ്വീപ് സന്ദർശിച്ച ജില്ല കലക്ടർ ദ്വീപിലെ 2.93 ഹെക്ടർ സംസ്ഥാന സർക്കാറിന്റെ പൊതുസ്വത്തായി പ്രഖ്യാപിക്കുകയും കൈയേറിയ സ്ഥലത്ത് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ബാക്കിയുള്ള സ്ഥലത്ത് പണിതുയർത്തിയ കെട്ടിടസമുച്ചയങ്ങളാണ് പൊളിച്ചുനീക്കുന്നത്. ഇതിൽ 53 കെട്ടിടങ്ങളും ഒറ്റനിലയിൽ പണിതുയർത്തിയ കോട്ടേജുകളാണ്. ഈ കോട്ടേജുകളിലെ ഓട്, മരത്തിന്റെ ജനലുകൾ, ചില്ലുവാതിലുകൾ എന്നിവ ആദ്യം പൊളിച്ചുനീക്കി മഹസർ തയാറാക്കും. ബാക്കിയുള്ള കെട്ടിടാവശിഷ്ടങ്ങൾ പൊളിച്ച് തങ്ങളുടെതന്നെ മറ്റു സ്ഥലത്തേക്ക് മാറ്റിയശേഷമേ ആദ്യം പൊളിച്ച സാധനങ്ങൾ വിട്ടുകൊടുക്കൂ. 2020 ജനുവരി 11ന് നടത്തിയ മരടിലെ കെട്ടിടസമുച്ചയങ്ങളുടെ ഇടിച്ചുനിരത്തൽ സൃഷ്ടിച്ച പ്രത്യാഘാതം ഇത് സൃഷ്ടിക്കില്ല എന്നുറപ്പാക്കിയിട്ടുണ്ട്. കോടതിക്കകത്തും പുറത്തുമായി കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) നടത്തിയ കാമ്പയിനുകളുടെ ഒരു യുക്തിസഹമായ പരിണതിയാണ് ഇവിടെ നടന്നിരിക്കുന്നത്.
നിർണായക വിജയം
ആലപ്പുഴ ജില്ലയിലെ വടക്ക് പാണാവള്ളി പഞ്ചായത്തിലെ വിസ്തൃതമായ വേമ്പനാട്ട് കായലിന്റെ ഒത്തനടുവിൽ നല്ല നീരൊഴുക്കുള്ള സ്ഥലത്ത് ഏഴ് തുരുത്തുകളുണ്ട്. ഇതിൽ ഉൾപ്പെടുന്ന നെടിയതുരുത്തിൽ അനധികൃതമായി കാപികോ റിസോർട്ട് പണിതുയർത്തിയ 54 കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ സുപ്രീംകോടതി 2020 ജനുവരി 9ന് ഉത്തരവിട്ടിരിക്കുകയാണ്. ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന പണമിടപാടു സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കാപികോ. മുത്തൂറ്റ് എം. ജോർജ് മാനേജിങ് ഡയറക്ടറും, മിനി മുത്തൂറ്റ് ഉടമസ്ഥൻ റോയ് മാത്യു, രത്ന ഈശ്വരൻ എന്നിവർ ഡയറക്ടർമാരായുമുള്ള സ്ഥാപനമാണ് കാപികോ. കാപികോയുടെ സെവൻ സ്റ്റാർ റിസോർട്ടിലെ കെട്ടിടസമുച്ചയങ്ങളും വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറെ കൈവഴിയിൽ എരമല്ലൂരിനടുത്ത് വെറ്റിലതുരുത്തിൽ ഗ്രീൻ ലഗൂൺ റിസോർട്ട് പണികഴിപ്പിച്ച കെട്ടിടസമുച്ചയങ്ങളും പൊളിച്ചുകളയാൻ 2013 ജൂലൈ 25ന് കേരള ഹൈകോടതിയിലെ ജ. എം. കെ. ജോസഫും കെ. ഹരിലാലുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. 2013 ഒക്ടോബർ 25നകം ഇവ പൊളിച്ചുമാറ്റാനായിരുന്നു ഹൈകോടതിയുടെ ഉത്തരവ്.
ഉത്തരവിനെതിരെ വാമിക ഐലൻഡ് വെറ്റിലതുരുത്ത്, ഉടമസ്ഥർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിധി നടപ്പാക്കാൻ 2013 ആഗസ്റ്റ് 2ന് ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണനും എ.കെ. സിക്രിയും ഉത്തരവിട്ടു. അതിന്റെയടിസ്ഥാനത്തിൽ ഗ്രീൻ ലഗൂൺ അവരുടെ ചില കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചുവേണം പൊളിക്കാൻ എന്ന നിർദേശത്തെ തുടർന്ന് ബാക്കിയുള്ളത് പൊളിച്ചില്ല. കാപിേകായാകട്ടെ ഉത്തരവ് നടപ്പാക്കാതെ, രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിലെ പഴുതുകൾ മുതലെടുത്തും നിയമത്തെതന്നെ അട്ടിമറിക്കാനാണ് അവർ ശ്രമിച്ചത്. സ്പെഷൽ ലീവ് പെറ്റീഷനിലൂടെ പൊളിക്കൽ നടപടിക്ക് താൽക്കാലിക സ്റ്റേ വാങ്ങി. ഈ സ്റ്റേ മാറ്റിയാണ് മൂന്നംഗ ബെഞ്ച് 2020 ജനുവരി 9ന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കുമ്പോൾ ഒരു സെന്റ് വീതം വിസ്തൃതിയുള്ള 53 ചെറിയ വില്ലകളും തുരുത്തിന്റെ ഒത്തനടുവിൽ പണികഴിപ്പിട്ടുള്ള 8017 സ്ക്വയർ മീറ്ററിലുള്ള മെയിൻ ബ്ലോക്കും പൊളിച്ചുമാറ്റപ്പെടും. ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരടിലെ കെട്ടിടസമുച്ചയങ്ങൾ പൊളിച്ചുമാറ്റപ്പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ്, മറ്റൊരു ബെഞ്ചിൽനിന്നും ഇത്തരമൊരു ഉത്തരവുണ്ടായതെന്നത് ശ്രദ്ധേയമാണ്. ''ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലാണ് വേമ്പനാട്ട് കായൽ. ഇതിന്റെ സാമൂഹിക – സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്ത് കായലിനെ ഒരു അതീവലോല പരിസ്ഥിതി മേഖലയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരേ കായലിൽപെട്ട ഒരു തുരുത്തിൽ മാത്രം നിയമവാഴ്ച ബാധകമാക്കുകയും കാപികോക്ക് അത് ബാധകമല്ല എന്ന നിലപാടും അംഗീകരിക്കാനാവില്ല'' എന്ന സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വേമ്പനാട്ടു കായലിന്റെ ഭാഗമാണ് മരട് കെട്ടിടങ്ങളുമെന്നതും ഇതുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്.
നെടിയതുരുത്ത് കാപികോ ഐലൻഡ് എന്ന പേരിൽ 625/07 എന്ന ആധാരപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്നത് 2007ലാണ്. 9.5 ആർ വിസ്തൃതിയുണ്ടായിരുന്ന ആൾപ്പാർപ്പില്ലാത്ത ഒരു തുരുത്തായിരുന്നു ഇത്. പൊക്കാളി കൃഷിയും ചെമ്മീൻവാറ്റും നടത്തിയിരുന്ന ഈ പ്രദേശത്ത് സ്ഥലം തുലോം വിരളമായിരുന്നു. വേമ്പനാട് കായലിലെ കക്ക ഡ്രഡ്ജർ ഉപയോഗിച്ചു ഖനനം ചെയ്യുന്നതിനെതിരെ 2005ൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത വിജയകരമായ പ്രക്ഷോഭം കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തപ്പെട്ട കൺവെൻഷൻ ആൾപ്പാർപ്പില്ലാത്ത ഈ തുരുത്തിലായിരുന്നു. ഉച്ചസമയത്തുള്ള കാറ്റിലും കോളിലും ഉലഞ്ഞ് കൊതുമ്പുവള്ളങ്ങളിൽ കയറി പേടിച്ചരണ്ട മുഖത്തോടെ കൊച്ചിൻ യൂനിവേഴ്സിറ്റിയിലെയും, മത്സ്യഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞർ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയത് മത്സ്യത്തൊഴിലാളികൾക്ക് വലിയ ആവേശം പകർന്ന ഒരു കാഴ്ചയായിരുന്നു.
നിയമലംഘനങ്ങളുടെ തുടർച്ച
പലരുടെയും കൈവശത്തിലായിരുന്ന ഈ തുരുത്ത് എറണാകുളത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ഈശ്വരൻ ആൻഡ് കമ്പനി നിസ്സാര വിലക്ക് കൈവശപ്പെടുത്തി 2007ൽ കാപികോക്ക് കൈമാറുകയായിരുന്നു. ഇവിടെ ഒരു സപ്തനക്ഷത്ര റിസോർട്ട് പണികഴിപ്പിച്ച്, പ്രക്ഷോഭങ്ങളും കേസുകളും ഒഴിയുന്ന മുറക്ക്, ബനിയൻ ട്രീ എന്ന ഗൾഫ് കേന്ദ്രീകരിച്ച ഹോട്ടൽ ശൃംഖലക്ക് കൈമാറാനാണ് ശ്രമിച്ചത്.
നെടിയതുരുത്തിൽ 11 സർവേ നമ്പറുകളിലായി 9.5 ഏക്കർ സ്ഥലമാണുള്ളത്. എന്നാൽ, രജിസ്േട്രഷനിൽ അത് 11.5 ഏക്കറായാണ് കാണിച്ചിരിക്കുന്നത്. അനധികൃത ഭൂമിയുടെ അടക്കം പോക്കുവരവ് നടത്തി കരം അടക്കാൻ വില്ലേജ്–റവന്യൂ അധികാരികളും കൂട്ടുനിന്നു. ഈ സ്ഥലത്ത് 60 കെട്ടിടസമുച്ചയങ്ങളുള്ള റിസോർട്ടിനുവേണ്ടി 2007 ഒക്ടോബർ 5ന് കമ്പനി പാണാവള്ളി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. റിസോർട്ടുകളെല്ലാം തീരപരിപാലന നിയമം ലംഘിച്ചുള്ളതായതിനാൽ അനുവാദം നൽകാൻ പഞ്ചായത്ത് സെക്രട്ടറി വിസമ്മതിച്ചു. വൈകീട്ട് ഏഴുമണി വരെ അയാളെ മുറിക്കകത്തിട്ടു പൂട്ടിയാണ് അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കമുള്ളവർ ഭീഷണിപ്പെടുത്തി അംഗീകാരം വാങ്ങിച്ചെടുത്തത്. അപേക്ഷിച്ച് അഞ്ചു ദിവസത്തിനുള്ളിൽ അനുവാദം ലഭിച്ച റിസോർട്ട് സംഘം തുടർന്നങ്ങോട്ട് നിയമലംഘനങ്ങളുടെ ഒരു പെരുമഴ തന്നെയാണ് നടത്തിയത്.
രജിസ്േട്രഷൻ കഴിഞ്ഞയുടനെ കമ്പനി ചെയ്തത് കായൽ നികത്തൽ നടപടിയായിരുന്നു. ആയിരക്കണക്കിന് ലോഡ് മണലും ഗ്രാവലും ലോറിയിൽ കൊണ്ടുവന്ന് കായൽ നിറച്ചു. ഇതിനുവേണ്ടി ജങ്കാറുകൾ അടുപ്പിക്കാനായി ദ്വീപിൽ ഒരു ജെട്ടി നിർമിച്ചു. ഇതിന് ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങിയില്ല. ആദ്യം ദ്വീപിനകത്തെ നെൽവയലുകൾ മുഴുവൻ മണ്ണിട്ടുമൂടി. നെൽവയൽ–നീർത്തട സംരക്ഷണ നിയമവും ഭൂവിനിയോഗ നിയമവും ഇവിടെ നോക്കുകുത്തിയായി. പിന്നീട് തുരുത്തിനു ചുറ്റും മണ്ണിട്ടു നികത്തി. ഈ പരശുരാമ പ്രവർത്തനത്തിലൂടെ 9.5 ഏക്കറുണ്ടായിരുന്ന തുരുത്ത് 20 ഏക്കറിന് മുകളിലായി വളർന്നു. ഈ വികസനത്തിന്റെ ഫലമായി തുരുത്തിനടുത്ത് നല്ല ആഴമുള്ള ഭാഗത്ത് സ്ഥിതിചെയ്തിരുന്ന പതിമൂന്നു ഊന്നിവലകളുടെ കുറ്റികളും പിഴുതുമാറ്റി. രാജവാഴ്ചയുടെ കാലത്തുതന്നെ പട്ട കിട്ടുകയും തുടർച്ചയായി കരം അടക്കുകയും ചെയ്ത ഊന്നിക്കുറ്റികളായിരുന്നു അവ. ഇതിനുപുറമെ ദേശീയ ജലപാത –3യുടെ ദിശതന്നെ ഉന്നതരെ സ്വാധീനിച്ച് മാറ്റിയെടുത്തു. കായൽ നികത്തിയശേഷം തുരുത്തിനു വെളിയിലായി ഒരു റീടെയ്നിങ് വാൾ പണിതു. ''സർക്കാറിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങാതെ പൊതുജലാശയം നികത്താനോ രൂപഭേദം വരുത്താനോ പാടുള്ളതല്ല'' എന്ന 'ഉൾനാടൻ ഫിഷറി നിയമം' പരസ്യമായി ലംഘിക്കുന്നതിന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. വിസ്തൃതമായ കായലിന്റെ നടുവിലുള്ള ഈ തുരുത്തിനു ചുറ്റും ശക്തമായ നീരൊഴുക്കുണ്ട്. ആഗോളതാപനത്തിന്റെയും കായൽ ചുരുങ്ങിയതിന്റെയും പലമായി വേലിയേറ്റത്തിനും വേലിയിറക്കിനും ശക്തികൂടുകയുമാണ്. ഇത് തുരുത്തിനെ ബാധിക്കാതിരിക്കാനായി അനുവാദം വാങ്ങാതെതന്നെ കായലിലേക്ക് അഞ്ച് പുലിമുട്ടുകളും കമ്പനി നിർമിച്ചു.
ഒരു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തുള്ള മെയിൻ ലാൻഡിൽനിന്നും കായലിനടിയിലൂടെ വൈദ്യുതി കേബിൾ വലിക്കാൻ ശ്രമിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾ അതിനെ തടയാൻ ശ്രമിച്ചു. അവരെ േട്രഡ് യൂനിയൻ പ്രവർത്തകരെയും പൊലീസിനെയും ഉപയോഗിച്ച് കമ്പനി കൈകാര്യം ചെയ്തു. ''മുത്തൂറ്റിനോട് എതിരിടാൻ നീയൊക്കെ വളർന്നോടാ'' എന്ന് ആേക്രാശിച്ചായിരുന്നു തൊഴിലാളികൾ മത്സ്യത്തൊഴിലാളികളെ കായികമായി ഉപരോധിച്ചത്. പൊലീസെത്തി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സന്ധ്യവരെ സ്റ്റേഷനിൽ നിർത്തി. ''ഇനി ആ ഭാഗത്തേക്ക് പോകരുത്'' എന്ന് 'സ്നേഹപൂർവം' ഉപദേശിച്ച് അവരെ വിട്ടയച്ചു. ആ വർഷം മധ്യവേനലവധിക്ക് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഈ കേബിൾകുഴിയിൽ വീണു മുങ്ങി മരണമടഞ്ഞു.
തുരുത്തിന്റെ വടക്ക് മുക്കാൽ കിലോമീറ്റർ മാറിയാണ് പെരുമ്പളം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ജനനിബിഡമായ ഈ പഞ്ചായത്തിലേക്ക് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ടാങ്ക് പണിതിട്ടുണ്ട്. ഇതിൽനിന്നും കുഴലിലൂടെ കായലിനടിയിലൂടെ കുടിവെള്ളം ദ്വീപിലേക്ക് കൊണ്ടുപോകാനുള്ള കാപികോയുടെ ശ്രമം ചില മത്സ്യത്തൊഴിലാളികൾ തടഞ്ഞു. വടിവാൾ സംഘം വന്ന് അവരെ ആട്ടിയോടിക്കുകയായിരുന്നു.
2007 ജൂൺ 6ന് പുറത്തിറങ്ങിയ കേരള കെട്ടിടനിർമാണ ചട്ടം (ബിൽഡിങ് റൂൾ) പ്രകാരം, 1991ൽ പുറത്തിറങ്ങിയ തീരദേശ പരിപാലന വിജ്ഞാപനത്തിനു വിധേയമായി മാത്രമേ തുരുത്തുകളിലെ നിർമാണത്തിന് അനുമതി നൽകാവൂ. തീരം വിട്ട് 50 മീറ്റർ അകലെയായും കെട്ടിടങ്ങൾ തമ്മിൽ 20 മീറ്റർ വിട്ടും, പരമാവധി 9 മീറ്റർ പൊക്കമുള്ളതും രണ്ടുനിലയിൽ അധികരിക്കാത്തതുമായ കെട്ടിടങ്ങൾക്കു മാത്രമേ സൈറ്റ് പ്ലാൻ അംഗീകരിച്ച് അനുമതി നൽകാവൂ എന്നതാണ് കെട്ടിടനിർമാണ ചട്ടം അനുശാസിക്കുന്നത്. 6000 സ്ക്വയർ മീറ്ററിനു മേലുള്ള സൈറ്റ്പ്ലാനിന് സംസ്ഥാന ചീഫ് ടൗൺ പ്ലാനറുടെ മുൻകൂർ അനുമതിയും വാങ്ങണം. തുരുത്തിലെ 54 നിർമിതികളുടെ വിസ്തൃതി 13,351 സ്ക്വയർ മീറ്റർ വരും. ഈ വ്യവസ്ഥകൾ ലംഘിച്ച് പണിത വില്ലകൾക്ക് അസി. എൻജിനീയർ അനുമതി നൽകിയതും വിവാദമായിട്ടുണ്ട്.
തീരദേശ പരിപാലന വിജ്ഞാപന ലംഘനമാണ് ഏറ്റവും പ്രധാനമായത്. 1991ലാണ് വിജ്ഞാപനം ആദ്യം പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട തീര മാപ്പിങ്ങും പ്ലാനും 1996ൽ തന്നെ പൂർത്തിയാവുകയും സംസ്ഥാന തീരപരിപാലന അതോറിറ്റി രൂപവത്കരിക്കുകയും ചെയ്തതാണ്. അന്നത്തെ നിയമപ്രകാരം മൂന്നാം മേഖലയിൽ (CRZ-III))പെടുന്ന സ്ഥലമാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. യഥാർഥത്തിൽ കായൽനിലങ്ങളും പൊക്കാളിനിലങ്ങളും ഒന്നാം മേഖലയിൽ ((CRZ-I)) പെടുന്നവയാണ്. ഇതുപ്രകാരം ഈ മേഖലയിൽ ഒരു നിർമാണവും അനുവദനീയമല്ല. കേരള ഹൈകോടതി വിധിയിൽ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നാം സോണിലാണെന്ന റിസോർട്ടുടമകളുടെ വാദം അംഗീകരിച്ചാൽതന്നെ കായലിൽനിന്നും 100 മീറ്റർ അകലെയായി വേണം നിർമാണം നടത്താൻ. എന്നാൽ, അവിടെ പണിത 54 വില്ലകൾക്കും കായലിൽനിന്നും 10-15 മീറ്റർ അകലം മാത്രമാണുള്ളത്. 2019ൽ തീരപരിപാലന നിയമം കൂടുതൽ ഉദാരമാക്കിയിട്ടുണ്ട്. തുരുത്തുകളിൽ നിർമിതിയുടെ അകലം 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്. അതുപ്രകാരംപോലും കമ്പനി നടത്തിയിരിക്കുന്നത് നഗ്നമായ നിയമലംഘനമാണ്.
തീരപരിപാലന നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ ശിക്ഷണനടപടിയുണ്ടാകുമെന്ന് കാണിച്ച് 1998 ജൂൺ 17നു കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകൾ ചൂണ്ടിക്കാട്ടി കേരളത്തിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപേക്ഷിച്ച് അഞ്ചു ദിവസത്തിനകം കമ്പനിക്ക് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്. ഞങ്ങളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇക്കാര്യം പരിശോധിക്കാനായി പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറെ അങ്ങോട്ടയച്ചു. കായലിന്റെ നടുവിലുള്ള ഒരു ദ്വീപ് ആയതിനാലും വാഹനസൗകര്യമില്ലാത്തതിനാലും അവിടെ പോയി പരിശോധിക്കാനായില്ല എന്നദ്ദേഹം റിപ്പോർട്ട് ചെയ്തു. എങ്കിലും പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചട്ടലംഘനമാണെന്നും കമ്പനി നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനമാണെന്നും ഓഡിറ്റ് സൂപ്പർവൈസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഇതുവരെയായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
റിസോർട്ടിന്റെ നിർമാണത്തിന് ഇതുവരെ 470 കോടി രൂപ ചെലവായെന്ന് കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്രയും ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതും പൊതുജനാഭിപ്രായം കേൾക്കേണ്ടതുമാണെന്ന് ചട്ടം അനുശാസിക്കുന്നുണ്ട്. ഇതും കമ്പനി പാലിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളി ഐക്യവേദിയടക്കമുള്ള സംഘടനകളുടെയും വ്യക്തികളുടെയും നിരവധി പരാതികൾക്കൊടുവിൽ കായൽകൈയേറ്റം തടയാൻ ജില്ല കലക്ടർ നിർദേശം നൽകി. എന്നാൽ, അന്വേഷണത്തിനെത്തിയ ആർ.ഡി.ഒയെയും സംഘത്തിനെയും കാപികോയുടെ ജീവനക്കാർ തടഞ്ഞുവെച്ച് പറഞ്ഞയച്ചു. കൈയേറ്റം ബോധ്യപ്പെട്ടെങ്കിലും അതിനനുസരിച്ച് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒയും തയാറായില്ല. തുടർന്നും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രണ്ട് താലൂക്ക് സർവേയർമാർ കമ്പനിയുടെ ബോട്ടിലെത്തി ടോട്ടൽ സർവേ എന്ന പ്രഹസനം നടത്തി. വസ്തുവിന്റെ യഥാർഥ വിസ്തൃതി എന്ത് എന്നതിനെക്കുറിച്ചോ എത്ര സ്ഥലം കൈയേറി എന്നതിനെക്കുറിച്ചോ അവർക്കും വ്യക്തതയുണ്ടായില്ല. റിസോർട്ടിന്റെ നടുവിലുള്ള വിസ്തൃതമായ രണ്ട് വെള്ളക്കെട്ടുകൾ, സ്വിമ്മിങ് പൂൾ – പുറംപോക്കായി കണക്കാക്കി ഒഴിവാക്കിയാണ് അളന്നത്. ഫലത്തിൽ അത് കാപികോയുടെ ഉടമസ്ഥതയിലായി. പരമാവധി ഒഴിവാക്കലും നടത്തിയിട്ടും 240 സെന്റ് സ്ഥലം കൈയേറിയതായി 2012ൽ അവർ കലക്ടർക്ക് റിപ്പോർട്ട് നൽകി. പുലിമുട്ടുകൾ നിർമിക്കാൻ ഇറിഗേഷൻ വകുപ്പിന്റെ അനുമതിയില്ല എന്നും കലക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിക്ക് നൽകിയ പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ''വ്യവസ്ഥകൾ പാലിക്കാതെയാണ് കാപികോ കമ്പനി ജലപ്രവാഹത്തെ തടസ്സപ്പെടുത്തിയ''തെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തീരപരിപാലന നിയമം ലംഘിച്ചാണ് കമ്പനി റിസോർട്ട് പണിതതെന്നും അതോറിറ്റി കണ്ടെത്തി. എന്നാൽ, അനധികൃത നിർമാണം നിർത്തിവെക്കാൻ ഒരു സ്ഥാപനവും അവരോട് നിർദേശിക്കുകയുണ്ടായില്ല എന്നത് വിചിത്രമാണ്. നെടിയതുരുത്ത് മുത്തൂറ്റിന്റെ സ്വന്തം സാമ്രാജ്യമാണെന്നും അവിടെ അവരുടെ നിയമങ്ങളേ നടക്കൂ എന്നുമുള്ള ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടായിരുന്നിരിക്കണം.
ഊന്നിക്കുറ്റികൾ പറിച്ചുമാറ്റപ്പെട്ടതിൽ സഹികെട്ട് കെ.ആർ. രതീഷും സൈലനും കുടുംബവും ഒടുവിൽ നിയമത്തിന്റെ വഴി തേടി. ചേർത്തല മുനിസിപ്പൽ കോടതി, സബ് കോടതി, ഹൈകോടതി എന്നീ കോടതികളിലേക്ക് ഈ വ്യവഹാരങ്ങൾ നീണ്ടു. പറിച്ചുകളഞ്ഞ 13 ഊന്നിക്കുറ്റികൾക്ക് പകരമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നീങ്ങിയ ഈ കേസുകൾക്ക് ഇന്നത്തെ ഒരു തലത്തിലെത്താൻ കഴിഞ്ഞത് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും കക്ഷി ചേർന്നതോടെയാണ്. തുടർച്ചയായ കാമ്പയിൻ സംഘടന നടത്തി. പാണാവള്ളിയിലും പെരുമ്പളത്തുമായി മൂന്നു കൺവെൻഷനുകൾ നടത്തപ്പെട്ടു. സംസ്ഥാനത്തെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും ഈ കൺവെൻഷനുകളിൽ പങ്കെടുത്തു. എന്നാൽ, പ്രാദേശിക േട്രഡ് യൂനിയൻ പ്രവർത്തകരും സമുദായ സംഘടനകളും ഈ കൺവെൻഷനുകൾ ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്തു.
ഹൈകോടതിയിൽ കേസിന്റെ വാദം പതിവിൽനിന്നും വ്യത്യസ്തമായാണ് നടന്നത്. ജസ്റ്റിസ് എം.കെ. ജോസഫും കെ. ഹരിലാലും അടങ്ങുന്ന ബെഞ്ച് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഭൗമപഠനകേന്ദ്രത്തിന്റെ (സെസ്) പ്രിൻസിപ്പൽ സയന്റിസ്റ്റായിരുന്ന ഡോ. കെ.വി. തോമസിനെ തുടർച്ചയായി 12 ദിവസം വിസ്തരിച്ചു. വിശദമായ പഠനത്തിനും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ 2013 ജൂലൈ 25ന് ഈ കെട്ടിടസമുച്ചയങ്ങളും വാമിക തുരുത്തിലെ കെട്ടിടങ്ങളും മൂന്നുമാസത്തിനകം പൊളിച്ചുകളയാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു. വിധിക്കെതിരെ വാമിക ഐലൻഡ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2013 ആഗസ്റ്റ് 2ന് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്റെ ബെഞ്ച് ഹൈകോടതി വിധി ശരിവെക്കുകയാണുണ്ടായത്. എന്നാൽ, തങ്ങളെ കേട്ടില്ല എന്നു വാദിച്ച് കാപികോ കമ്പനി ഒരു ഇടക്കാല കോടതി സ്റ്റേ വാങ്ങിയെങ്കിലും 6 വർഷത്തിനുശേഷം ഈ ജനുവരി 10ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഹൈകോടതി വിധി ശരിവെച്ചിരിക്കുകയാണ്. മരടിലെ കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിൽനിന്നല്ല ഈ വിധിയുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
വേമ്പനാട് –പ്രസക്തിയും പ്രാധാന്യവും
ഇന്ന് ലോകത്തുള്ള കായലുകളിൽ ഏറ്റവും ഉൽപാദനക്ഷമതയുള്ള കായലുകളിൽ ഒന്നാണ് വേമ്പനാട്ടു കായൽ. പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ ഈ ഓരുജലാശയം കോട്ടപ്പുറം മുതൽ പുന്നമട വരെ നൂറിലധികം കിലോമീറ്ററിലായി നീണ്ടുകിടക്കുന്നു. 102 ഇനം മത്സ്യങ്ങൾ കടലിലും കായലിലും പുഴകളിലുമായി ബന്ധപ്പെട്ട് ഈ കായലിൽ അധിവസിക്കുന്നു. മത്സ്യങ്ങൾക്ക് ജീവിക്കാനും വളരാനുമാവശ്യമായ ഒരു നഴ്സറികൂടിയാണ് ഈ കായൽ. കായലിലെ 19 ഇനം കണ്ടലുകളാണ് ഈ അവസ്ഥ പ്രദാനംചെയ്യുന്നത്. ഇവിടെയുള്ള 189 ഇനം പക്ഷികളിൽ 50 ഇനവും ദേശാടന പക്ഷികളാണ്. ദേശാടന പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1972ൽ ഇറാനിലെ റംസാറിൽ വിളിച്ചുചേർത്ത സമ്മേളനത്തെത്തുടർന്ന് രൂപവത്കൃതമായ 'റാംസർ സങ്കേത'ത്തിന്റെ ഭാഗമായി 1978ൽ വേമ്പനാടും അംഗീകരിക്കപ്പെട്ടു.
വേമ്പനാട്ടിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച് എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 1,47,442 ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഉപജീവനം നടത്തുന്നുണ്ട്. കേരളത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ 65 വരുമിത്. വേമ്പനാട്ടുകായലിലെ വികസനപ്രവർത്തനങ്ങൾ മത്സ്യസമ്പത്തിനെ ഗണ്യമായി ബാധിച്ചിരിക്കുന്നു. വേലിയേറ്റത്തിൽ കടലിൽനിന്നും കയറിവരുന്ന മത്സ്യ ഇനങ്ങളുടെ പ്രജനനത്തെയും തീറ്റപ്പാടങ്ങളെയുമാണ് ഈ വികസനപ്രവർത്തനങ്ങളും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. 1975ൽ ഇവിടത്തെ പ്രതിവർഷ മത്സ്യ ഉൽപാദനം 16,000 ടൺ ആയിരുന്നത് 2001ൽ 485 ടൺ മാത്രമായി ചുരുങ്ങി. ലോകത്തെ ഒരു വിശിഷ്ടവസ്തുവായിരുന്ന കുട്ടനാടൻ ആറ്റുകൊഞ്ചിന്റെ ഉൽപാദനമാകട്ടെ ഇക്കാലത്തിനിടയിൽ 429 ടണ്ണിൽനിന്നും കേവലം 27 ടണ്ണായി കുറഞ്ഞു. കക്കയുടെ വാർഷിക ഉൽപാദനമാകട്ടെ 28,600 ടണ്ണിൽനിന്നും നാലിലൊന്നായി കുറഞ്ഞു. തണ്ണീർമുക്കം ബണ്ടിനു തെക്കുവശമുള്ള തകർച്ച അമ്പരപ്പിക്കുംവിധമാണ്. മത്സ്യ ഉൽപാദനത്തിന്റെ 7 ശതമാനവും ചെമ്മീനിന്റെ 2 ശതമാനവും മാത്രമാണ് അവിടെനിന്നും ലഭിക്കുന്നത്. കായലിന്റെ വടക്കുഭാഗത്തെ അപേക്ഷിച്ച് പത്തിലൊന്ന് മാത്രമാണ് തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്തെ ഉൽപാദനക്ഷമത. സ്ഥലം നികത്തലും മലിനീകരണവും വേമ്പനാടിന്റെ മത്സ്യസമ്പത്തിന്റെ ഉൽപാദനക്ഷമതയെ പൊതുവിൽ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിന് തെക്ക് സ്ഥിതി അതീവ ഗുരുതരമാണുതാനും.
വേമ്പനാടും കുട്ടനാടും
പശ്ചിമഘട്ടത്തിൽനിന്നും ഉദ്ഭവിച്ച് വേമ്പനാട്ടിലെത്തുന്ന നദികളുടെ പതനസ്ഥാനത്ത് രൂപപ്പെട്ട ഡൽറ്റാ പ്രദേശമാണ് കുട്ടനാട്. ഇങ്ങനെ പ്രകൃത്യാ സൃഷ്ടിക്കപ്പെട്ട ആദിമ കുട്ടനാടിനു പുറമേ പിന്നീട് നികത്തിയെടുത്ത സ്ഥലംകൂടി ചേർന്നതാണ് പുതു കുട്ടനാട്. അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികളിലൂടെ ഒഴുകിയെത്തുന്ന ജലമാണ് കുട്ടനാടിന്റെ താളം നിർണയിക്കുന്നത്. ഇടവപ്പാതിക്ക് ഒഴുകിയെത്തുന്ന 300 ദശലക്ഷം ഘനമീറ്റർ ജലം പാടങ്ങളിലേക്കും അഴികളിലേക്കും പൊഴികളിലേക്കും പരന്നൊഴുകാൻ അനുവദിക്കണം. അല്ലെങ്കിൽ ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളം കയറുന്ന പ്രതിഭാസമാണ് രണ്ടുമൂന്നു വർഷങ്ങളായി നാം അനുഭവിക്കുന്നത്.
കൊച്ചി അഴിമുഖത്തിലൂടെ കയറുന്ന ഓരു (ഉപ്പു)വെള്ളം തടഞ്ഞ് കൃഷി വർധിപ്പിക്കാനാണ് 1974ൽ തണ്ണീർമുക്കം ബണ്ട് കമീഷൻ ചെയ്തത്. എന്നാൽ, നെൽകൃഷി വിസ്തീർണം വർധിച്ചില്ലെന്നു മാത്രമല്ല ബണ്ടിനു തെക്ക് കക്ക, മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്തു. ബണ്ടിനകത്ത് പ്രതിവർഷം 20,000 ടൺ രാസവളങ്ങളും 500 ടൺ കീടനാശിനികളും ഉപയോഗിക്കുന്നതുമൂലമുള്ള പുതിയ പ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്. ഒരു വർഷമെങ്കിലും ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടണമെന്നും, ബണ്ടിനകത്തുള്ള കർഷകർക്ക് നഷ്ടപരിഹാരം നൽകി കാർഷിക കലണ്ടർ ക്രമീകരിക്കണമെന്നുമുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.
കായലിന്റെ ധർമത്തിനുള്ള മുൻഗണനാക്രമവും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. മുൻകാലങ്ങളിൽ മത്സ്യബന്ധനത്തിനുണ്ടായിരുന്ന പ്രാമുഖ്യം കഴിഞ്ഞ ശതകത്തിൽ കൃഷിക്കായി മാറി. ഇപ്പോൾ അത് ടൂറിസം വികസനത്തിനാണ്. 5000 പേർ പണിയെടുക്കുന്ന 2000ത്തോളം ഹൗസ്ബോട്ടുകളിലൂടെ പ്രതിവർഷം ലഭിക്കുന്ന 250-300 കോടി രൂപയിലാണ് ഇപ്പോൾ സർക്കാറിന്റെ കണ്ണ്. കായലിനു താങ്ങാവുന്നതിനെക്കാൾ എത്രയോ മടങ്ങുവരുമിത്.
നെടിയതുരുത്ത്, വെറ്റിലതുരുത്ത് വിധികൾ
ചേർത്തല താലൂക്കിലെ രണ്ട് വേമ്പനാടൻ കായൽ തുരുത്തുകളാണ് വെറ്റില തുരുത്തും (വാമിക ഐലൻഡ്) നെടിയ തുരുത്തും (ബനിയൻ ട്രീ). ഇവയുടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള നിർമിതികൾക്കെതിരെ കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയടക്കം നൽകിയ ഏഴ് ഹരജികളിലാണ് 2013 ജൂലൈ 25ന് കേരള ഹൈകോടതിയിൽനിന്നും വിധിയുണ്ടായത്. വിധിക്കെതിരെ വാമിക ഐലൻഡ് 2013ൽതന്നെ സുപ്രീം കോടതിയെ സമീപിച്ചു. അഡ്വ. ആർ.എഫ്. നരിമാനാണ് അവർക്കുവേണ്ടി ഹാജരായത്. വിചിത്രമായൊരു സംഗതി ഇതേ നരിമാനാണ് 2020ൽ പൊളിച്ചുകളയാനുത്തരവിട്ടത് എന്നതാണ്.
രണ്ടു കമ്പനികളും തീരദേശ പരിപാലന വിജ്ഞാപന ചട്ടം ലംഘിച്ചതായി കോടതി കണ്ടെത്തി. ഈ നിയമലംഘനങ്ങൾ ക്രമീകരിക്കാൻ (റെഗുലറൈസ് ചെയ്യാൻ) നിയമത്തിൽ വ്യവസ്ഥയില്ല. കെട്ടിടനിർമാണ ചട്ടങ്ങളിൽ വീഴ്ചവരുത്തിയാൽ ഫൈൻ ഈടാക്കി ക്രമീകരിക്കാൻ വ്യവസ്ഥയുണ്ട്. ഇതാണ് കാപികോക്ക് തിരിച്ചടിയായത്.
അതീവ ലോല തീരദേശമായാണ് 2011ലെ തീരദേശ നിയമം വേമ്പനാടിനെ നിർവചിച്ചിരിക്കുന്നത്. അസാധാരണമാംവിധം അനന്തമായ ഒരു ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണത്. ദേശീയ കായൽ സംരക്ഷണ പരിപാടിയിലും (എൻ.എൽ.സി.പി) ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവർഷം മുമ്പ് ഞങ്ങൾ വിളിച്ചുചേർത്ത ഒരു ദ്വിദിന ശിൽപശാലയിൽവെച്ച് ഈ രാംസർ സങ്കേതത്തെ സംരക്ഷിക്കാനായി വേമ്പനാട് പരിസ്ഥിതി പരിപാലന അതോറിറ്റി (വേദ) രൂപവത്കരിക്കാനായി ശിപാർശ ചെയ്യപ്പെട്ടു. ശിപാർശ സർക്കാർ അംഗീകരിച്ചുവെങ്കിലും അതിന്റെ പ്രവർത്തനം പാതിവഴിയിലാണ്.
രാഷ്ട്രീയ-മത ഇടപെടൽ
2013ലെ സുപ്രീംകോടതി വിധി പുറത്തുവന്ന ശേഷമുണ്ടായ സംഭവവികാസങ്ങൾ ഞെട്ടിക്കുന്നതാണ്. വിധി നടപ്പാക്കപ്പെട്ടാൽ കേരളത്തിന്റെ ടൂറിസവത്കരണ പദ്ധതികൾക്ക് അത് വലിയ തിരിച്ചടിയാകും എന്നുപറഞ്ഞ് അന്നത്തെ അരൂർ എം.എൽ.എ എ.എം. ആരിഫിന്റെ നേതൃത്വത്തിൽ 10 മത മേലധ്യക്ഷന്മാരും, എസ്. ശർമ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയ മുൻ ഫിഷറി മന്ത്രിമാരും സുരേഷ് കുറുപ്പ്, തിലോത്തമൻ, അൻവർ സാദത്ത് തുടങ്ങിയ പത്തോളം എം.എൽ.എമാരും ഒപ്പിട്ട ഒരു ഹരജി മുഖ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ടു. ഇവർക്കൊക്കെയുള്ള മുഖമടച്ച ഒരു അടിയാണ് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.
കേരളതീരത്തെ മുഴുവൻ CRZ -II ആക്കി മാറ്റും എന്നു പ്രഖ്യാപിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുകൂടിയുള്ള ഒരു മറുപടിയാണിത്. കേരളീയ ഗ്രാമങ്ങളെ നഗരപരിധി(CRZ-II)യിൽ കൊണ്ടുവരുന്ന നടപടിയാണിത്. ഇതുപ്രകാരം മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനനിർമാണങ്ങൾക്കു മാത്രമല്ല, ടൂറിസം, റിയൽ എസ്റ്റേറ്റ്, ബിൽഡിങ് മാഫിയകൾക്കും തീരത്തെവിടെയും വീടുകളും നിർമിതികളും വെക്കാനാകും. ഫലത്തിൽ തീരത്തെയും തീരജനതയെയും സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ടുവന്ന നിയമത്തെതന്നെ അട്ടിമറിക്കുന്ന നടപടികളാണ് കേരളത്തിലിപ്പോൾ അരങ്ങേറുന്നതും.
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)