കേരളത്തിന് കടത്തിൽനിന്ന് മോചനം സാധ്യമാണോ? -സാമ്പത്തികകാര്യ വിദഗ്ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ സംസാരിക്കുന്നു.
കടം വാങ്ങി വികസനം നടത്തിയില്ലെങ്കിൽ ജനം പട്ടിണികൊണ്ടും പ്രയാസംകൊണ്ടും ജീവിക്കാന് പറ്റാത്ത അവസ്ഥയിലാവും. കടം വാങ്ങി സമ്പത്തിനെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ഇതാണ് ലോകരാഷ്ട്രങ്ങള് ചെയ്യുന്നത്. കേരളവും അതാണ് ചെയ്യുന്നതെന്ന് മുൻ മന്ത്രി തോമസ് ഐസക് ആവർത്തിച്ചുപറയുന്നു. അദ്ദേഹത്തിന് പുതിയ വികസന മാതൃക വടക്കൻ യൂറോപ്പിലെ നൊർഡിക് രാജ്യങ്ങളാണ്. ആ രാജ്യങ്ങൾക്ക് സമാനമായ ക്ഷേമവും സുരക്ഷിതത്വവും ഇവിടെയും വേണമെങ്കിൽ കടംവാങ്ങി വികസനം...
Your Subscription Supports Independent Journalism
View Plansകടം വാങ്ങി വികസനം നടത്തിയില്ലെങ്കിൽ ജനം പട്ടിണികൊണ്ടും പ്രയാസംകൊണ്ടും ജീവിക്കാന് പറ്റാത്ത അവസ്ഥയിലാവും. കടം വാങ്ങി സമ്പത്തിനെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ഇതാണ് ലോകരാഷ്ട്രങ്ങള് ചെയ്യുന്നത്. കേരളവും അതാണ് ചെയ്യുന്നതെന്ന് മുൻ മന്ത്രി തോമസ് ഐസക് ആവർത്തിച്ചുപറയുന്നു. അദ്ദേഹത്തിന് പുതിയ വികസന മാതൃക വടക്കൻ യൂറോപ്പിലെ നൊർഡിക് രാജ്യങ്ങളാണ്. ആ രാജ്യങ്ങൾക്ക് സമാനമായ ക്ഷേമവും സുരക്ഷിതത്വവും ഇവിടെയും വേണമെങ്കിൽ കടംവാങ്ങി വികസനം നടത്തണമെന്നാണ് വ്യാഖ്യാനം. ആ രാജ്യങ്ങളിൽ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയാണ്.
അേതസമയംതന്നെ സിൽവർ ലൈൻ കടക്കെണിയല്ലെന്നും അതൊരു കടക്കെണിയിൽ എത്തിക്കില്ലെന്നും കെ-റെയിൽ വരുമാനദായകമാവുമെന്നും തോമസ് െഎസക് പ്രഖ്യാപിക്കുന്നു. അപ്പോൾ എന്താണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥ? കേരളം കടത്തിലാണോ? കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രരംഗത്തെപ്പറ്റി ആഴത്തിൽ പഠനം നടത്തിയ ഡോ. ജോസ് സെബാസ്റ്റ്യൻ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു.
കടം പറഞ്ഞ് ജനത്തെ വിരട്ടേണ്ടെന്നാണ് ഇടതു സാമ്പത്തിക പണ്ഡിതന്മാർ പറയുന്നത്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഉപാധിയെന്ന നിലയിലല്ലേ കടംവാങ്ങുന്നത്. അതിനെ എതിർക്കുന്നതിന്റെ കാരണമെന്താണ്?
വലിയ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് കേരളം. 2022-23ലെ ബജറ്റ് കണക്കുപ്രകാരം നമ്മുടെ കടം (മാർച്ച് വരെ) 3,71,693 കോടി രൂപയാകും. നമ്മുടെ കടം ഇനിയും കൂടുകയല്ലാതെ കുറയുകയില്ല. കടം നാലു ലക്ഷം കോടി എന്ന് നമുക്ക് കണക്കാക്കാം. കേന്ദ്രസർക്കാർ ഗാരന്റി നിന്ന് വാങ്ങിയ കിഫ്ബി അടക്കമുള്ള കടം ഇതിന് പുറമേയാണ്. പെൻഷൻ കൊടുക്കാൻ വേണ്ടി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന ഒരു കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. അത് വേറൊരു കിഫ്ബിയാണ്. ഇതടക്കമുള്ള കടങ്ങൾ കേരളത്തിന്റെ കടത്തിന്റെ ഭാഗമാണ് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 2003ലെ എഫ്.ആർ.ബി.എം (സാമ്പത്തിക ഉത്തരവാദിത്തവും ബജറ്റ് മാനേജ്മെന്റ് -Fiscal Responsibility and Budget Management) നിയമപ്രകാരം നമുക്ക് ഇത്രയും കടമെടുക്കാൻ കഴിയില്ല.
കടമെടുക്കുന്ന കാര്യത്തിൽ കേരളത്തിന് തൽക്കാലത്തേക്ക് കേന്ദ്ര സർക്കാർ ചില ഇളവ് നൽകിയതാണ്. അങ്ങനെയാണ് ജീവനക്കാർക്ക് മേയ് മാസം ശമ്പളം കൊടുക്കാനായത്. 5000 കോടി രൂപ കടമെടുത്തത്. ജൂലൈ ആകുമ്പോൾ കടക്കെണിയുടെ ചിത്രം കുറേക്കൂടി ഭയാനകമാവും. കേരളത്തിന്റെ ജി.എസ്.ടി നഷ്ടപരിഹാരം എന്നു പറയുന്നത് കിട്ടാതിരുന്നാൽ കൂടുതൽ സങ്കീർണമാകും. അത് കിട്ടാതിരിക്കാൻ കാരണങ്ങളുണ്ട്. ഒാരോ വർഷവും 14 ശതമാനം വർധന ഉണ്ടായില്ലെങ്കിൽ അതിന് നഷ്ടപരിഹാരം നൽകുമെന്നാണ് കരാർ. അതായത്, ഒരു വർഷം 100 രൂപ വരുമാനം ഉണ്ടായാൽ പിറ്റേവർഷം ജി.എസ്.ടിയിൽനിന്ന് 14 രൂപ നൽകും. അടുത്ത വർഷം അത് 114 ആകുന്നില്ല. 112 ആണെങ്കിൽ രണ്ടു രൂപ കേന്ദ്രം കൊടുക്കും. ഇവിടെയും മറ്റു സംസ്ഥാനങ്ങളിലൊക്കെ വളർച്ചനിരക്ക് 14 ശതമാനം കഴിഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ വളർച്ചനിരക്കുണ്ടായി. അവരൊക്കെ ഇക്കാര്യത്തിൽ വളർച്ചയുടെ പടവുകൾ കയറി. വ്യവസായിക ഉൽപാദനം വികസിച്ച സംസ്ഥാനങ്ങളാണ് അവ. സ്വനികുതിയിൽനിന്നുള്ള വരുമാനം അവർക്ക് കൂടുതലാണ്.
2015ൽ അനിതകുമാരിയുമായി ചേർന്നു നടത്തിയ പഠനത്തിൽ ജി.എസ്.ടി കേരളത്തിന് ഗുണംചെയ്യില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അന്നത്തെ ഞങ്ങളുടെ പ്രവചനം അതുപോലെ ശരിയായി. ഉപഭോഗത്തിന്മേലുള്ള സേവനത്തിന്റെയും നികുതിയാണിത്. സേവനങ്ങൾക്കു മേൽ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് കിട്ടി. എന്നാൽ, അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ പ്രയോജനമാവില്ല. കേരളംപോലെയുള്ള സംസ്ഥാനങ്ങളിൽ സേവനമേഖല വളരെ ചെറിയ സ്ഥാപനങ്ങളാണ്. നേരെമറിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന സേവനനികുതി പിരിക്കാൻ കഴിയും. കൺസൽട്ടൻസി, ഇൻഷുറൻസ്, പരസ്യം തുടങ്ങിയ മേഖലകളെല്ലാം അവിടെയുണ്ട്. ഉദാഹരണമായി, ഹിന്ദുസ്ഥാൻ ലീവറിന്റെ പരസ്യത്തിനുള്ള 12 ശതമാനം എന്നു പറഞ്ഞാൽ വലിയൊരു തുകയാണ് മഹാരാഷ്ട്രക്ക് കിട്ടുന്നത്. വ്യവസായവത്കൃത സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി വരുമാനം കൂടിക്കൊണ്ടിരിക്കുന്നു. ഉപഭോഗ വളർച്ചയുള്ള സംസ്ഥാനങ്ങളിൽ ജി.എസ്.ടിയിൽനിന്ന് കാര്യമായ നേട്ടം ഉണ്ടാകുന്നില്ല. മറ്റു സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം വേണ്ട എന്നു പറയുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. നഷ്ടപരിഹാരം ഇനി ഇല്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞാൽ സംസ്ഥാനം എന്തുചെയ്യും. അങ്ങനെ വന്നാൽ കേരളം കൂടുതൽ കടക്കെണിയിലേക്കു വീഴും.
ജൂലൈയിൽ പ്രതിസന്ധി രൂക്ഷമാവുമെന്നു പറയാൻ കാരണമെന്താണ്?
ജൂൺ മുതലാണ് ജി.എസ്.ടി നഷ്ടപരിഹാരത്തിന് കരാറായത്. ജി.എസ്.ടി നടപ്പാക്കിയപ്പോൾ അഞ്ചു വർഷത്തേക്കാണ് കരാർ ഉറപ്പിച്ചത്. 2017 ജൂലൈ മുതൽ 2022 ജൂൺ വരെയാണ് കേന്ദ്രസർക്കാറിൽനിന്ന് ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കുന്നത്. അത് കഴിഞ്ഞാൽ ജി.എസ്.ടിയുടെ നഷ്ടപരിഹാരം കേന്ദ്രസർക്കാർ നിർത്തലാക്കാനുള്ള സാധ്യതയുണ്ട്. ബി.ജെ.പി അടക്കം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ജി.എസ്.ടി വരുമാനം കൂടുകയുണ്ടായി. എന്നാൽ, അതു മാത്രമല്ല പ്രശ്നം. സാമ്പത്തിക പ്രതിസന്ധി കേന്ദ്രസർക്കാറിനെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞതായിരിക്കാം ജി.എസ്.ടി വകുപ്പ് പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥന്മാർ പോയി സാധനം വാങ്ങി കടകളിൽനിന്ന് ബിൽ കൊടുത്തില്ലെങ്കിൽ പിഴ ഈടാക്കുന്ന രീതികൾ തുടങ്ങിയിരിക്കുന്നു. കേന്ദ്ര സർക്കാറിൽനിന്ന് ജി.എസ്.ടി നഷ്ടപരിഹാരം കിട്ടാൻ സാധ്യതയില്ല എന്ന അനുമാനത്തിലാണ് സർക്കാറും മുന്നോട്ടുപോകുന്നത്. അങ്ങനെ വരുമ്പോൾ വലിയൊരു സാമ്പത്തിക പ്രതിസന്ധി കേരളം നേരിടും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വഷളാക്കിയത് മുൻ മന്ത്രി തോമസ് ഐസക്കാണ്.
അത് എങ്ങനെയാണ് പറയാനാവുക. കടം ക്രമേണ കൂടിവരുകയായിരുന്നില്ലേ?
ശമ്പള-പെൻഷൻ പരിഷ്കരണമാണ് എല്ലാം അവതാളത്തിലാക്കിയത്. 2021ൽ കോവിഡ് കാലത്ത് ശമ്പളപരിഷ്കരണം പറ്റില്ലെന്ന് സർക്കാറിന് പറയാമായിരുന്നു. സർക്കാർ അത് ചെയ്തില്ല. ഇതിനു മുമ്പുള്ള ശമ്പള പരിഷ്കരണ കമീഷൻ പറഞ്ഞത് 10 വർഷത്തിലൊരിക്കൽ വർധിപ്പിച്ചാൽ മതിയെന്നാണ്. പിണറായി സർക്കാർ തുടർഭരണം ഉറപ്പാക്കുക എന്ന ഒരൊറ്റ ലക്ഷ്യംവെച്ച് ശമ്പളപരിഷ്കരണം നടപ്പാക്കി. 2020- 21 ൽ ശമ്പളത്തിനും പെൻഷനുമായി ചെലവായത് 46,691.14 കോടി രൂപയാണ്. അത് 2021-22ൽ 71,235.03 കോടി രൂപയായി ഉയർന്നു. അതായത്, 24,563.89 കോടി വർധനയാണ് ശമ്പള പരിഷ്കരണത്തിലൂടെ മാത്രം ഉണ്ടായത്. തൊട്ടുതലേ വർഷത്തേക്കാൾ 52.63 ശതമാനമായിട്ടാണ് ശമ്പള-പെൻഷൻ വർധിച്ചത്. യഥാർഥത്തിൽ ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയായി തീർന്നത് ഈ പരിഷ്കരണമാണ്.
ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുത്തുകഴിഞ്ഞാൽ ഖജനാവിൽ അഞ്ചു പൈസ എടുക്കാൻ ഇല്ലാത്ത അവസ്ഥ. എത്ര നികുതി പിരിച്ചാലും നമ്മുടെ ഖജനാവ് നിരന്തരം കാലിയാണ്. കോവിഡ് കാലത്ത് രാജ്യത്തെ ഒരു സംസ്ഥാനത്തും ശമ്പളവർധന നടപ്പാക്കിയില്ല. കേരളത്തിൽ മാത്രമാണ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചുനൽകിയത്. നാലു ശതമാനം വരുന്ന ജനങ്ങൾക്ക് പ്രയോജനം കിട്ടുന്ന രീതിയിൽ ശമ്പളവർധന നടപ്പാക്കി. സാധാരണ ജനങ്ങൾക്ക് ഒന്നും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ.
ശമ്പളവും പെൻഷനും വിപണിയിലേക്ക് എത്തുന്നത് വളരെ കുറവാണ്. ഉദ്യോഗസ്ഥർ കിട്ടുന്ന ശമ്പളം മുഴുവൻ ഉപഭോഗത്തിന് ഉപയോഗിക്കില്ല. അവർ സമ്പാദ്യമാക്കി മാറ്റും. ഇത്തവണത്തെ ബജറ്റിൽ സാധാരണക്കാരുടെ പെൻഷൻ 1600ൽനിന്ന് 100 രൂപപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല. കൂട്ടാൻ കഴിയാത്ത പ്രതിസന്ധിയിലാണ് സർക്കാർ. ധനമന്ത്രി പറഞ്ഞത് കൂട്ടണമെങ്കിൽ 1000 കോടി രൂപ വേണ്ടിവരുമെന്നാണ്. അതിനു സർക്കാറിന്റെ കൈയിൽ പണമില്ല. കേരളത്തിലെ വരുമാനം മുഴുവൻ ശമ്പളം നൽകാൻ നീക്കിവെക്കുന്ന ഗതികേടിലാണ് സർക്കാർ. പലയിടത്തുനിന്നും തിരിമറി നടത്തിയാണ് ശമ്പളം നൽകുന്നത്. സുതാര്യമായല്ല കാര്യങ്ങൾ നടക്കുന്നത്.
തോമസ് ഐസക് പറയുന്നത് ഖജനാവ് എന്നത് കാലിയാക്കാൻ ഉള്ളതാണ് എന്നാണ്. അതിനാൽ കടംവാങ്ങി വീണ്ടും ഖജനാവിൽ പണമെത്തിക്കുന്നുണ്ടല്ലോ?
ഖജനാവ് എന്നത് കാലിയാക്കാനുള്ളതെന്ന അഭിപ്രായത്തോട് വിയോജിപ്പില്ല. എന്നാൽ, കടം എടുത്തിട്ടല്ല ഖജനാവിലേക്ക് പണം വരേണ്ടത്. ഖജനാവിലേക്ക് പണം വരേണ്ടത് ജനങ്ങളിൽനിന്ന് നികുതിയും മറ്റും പിരിച്ചാണ്. സർക്കാർ എന്നത് നികുതി പിരിച്ച് പ്രവർത്തിക്കേണ്ട ഒരു സ്ഥാപനമാണ്.
വായ്പകൾ നിക്ഷേപമായി തീരുമെന്നും അത് ആസ്തികൾ സൃഷ്ടിക്കുമെന്നുമാണല്ലോ ഇടതുപക്ഷ നിലപാട്?
പബ്ലിക് ഫിനാൻസിന്റെ പാരമ്പര്യമായ കാഴ്ചപ്പാട് എന്നു പറയുന്നത് കടമെടുത്ത് ആസ്തികൾ സൃഷ്ടിക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഐസക് പറയുന്നത് താത്ത്വികമായി ശരിയാണ്. രണ്ടു തരത്തിലുള്ള കടമെടുപ്പുണ്ട്. നമ്മുടെ ജി.ഡി.പിയുടെ മൂന്നര ശതമാനം കടം എടുക്കാൻ അധികാരമുണ്ട്. അത് ആസ്തിവികസനത്തിന് തികയാത്തതിനാലാണ് കിഫ്ബിയുണ്ടാക്കിയത്. കിഫ്ബി എന്നത് കടത്തിന്റെ മേലുള്ള കടമാണ്. കിഫ്ബിയെ സാധാരണ കടമായി കൂട്ടാനാവില്ല. നിലവിലുള്ള കടത്തിനു മേൽ ഏറ്റെടുക്കുന്ന കടമാണ് കിഫ്ബി.
അപ്പോൾ കിഫ്ബിക്ക് എതിരായി സി.എ.ജി നടത്തിയ വിമർശനം ശരിയാണ് എന്നാണോ പറയുന്നത്? ആ വാദം നിയമസഭ തള്ളിക്കളഞ്ഞതല്ലേ?
കിഫ്ബിക്കെതിരെ എ.ജി നടത്തിയ വിമർശനം 100 ശതമാനം ശരിയാണ്. കാരണം, കിഫ്ബി ബജറ്റിനു പുറത്താണെന്ന് പറയുമെങ്കിലും തിരിച്ചടവ് എന്നു പറയുന്നത് നമ്മുടെ മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസുമാണ്. സംസ്ഥാനത്തിന് കിട്ടുന്ന വരുമാനത്തിൽനിന്നാണ് കിഫ്ബിയുടെ കടം അടക്കുന്നത്. ആ കടവും സംസ്ഥാനത്തിന്റെ ഭാഗംതന്നെയാണ്. തിരിച്ചടവ് സംസ്ഥാനത്തിന്റെ വരുമാനത്തിൽനിന്നാണെങ്കിൽ അത് സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാണ്. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ, തോമസ് ഐസക് പറയുന്ന കാര്യം ആസ്തികൾ വരുമാനം ഉണ്ടാക്കും എന്നാണ്. കിഫ്ബി വഴി എടുത്ത വായ്പ ഉപയോഗിക്കുന്നത് സ്കൂളുകൾ, സ്റ്റേഡിയങ്ങൾ ഒക്കെ നിർമിക്കാനുള്ള ഫണ്ടായിട്ടാണ്. ഇതിൽനിന്ന് വരുമാനം ഉണ്ടാകാൻ പോകുന്നില്ല.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ വ്യവസായിക വികാസം ഉണ്ടാകുമെന്നാണ് ഇടതുപക്ഷ നിലപാട്. അതിലൂടെ ലക്ഷക്കണക്കിന് തൊഴിൽ സൃഷ്ടിക്കാൻ കഴിയും. കേരളത്തിന്റെ യുവത്വത്തിന് അതിലാണ് പ്രതീക്ഷ?
അങ്ങനെ പറയുന്നത് ശരിയല്ല. വ്യവസായ വികസനം ഉണ്ടാക്കാൻ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ മാത്രം കഴിയില്ല. ഇതിനൊപ്പം മാനസികമായ ഒരു തലംകൂടി വികസിക്കേണ്ടതുണ്ട്. മുതൽമുടക്കുന്നതിന് ആത്മവിശ്വാസം തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷം കേരളത്തിൽ ഉണ്ടാകണം. നിയമം നടപ്പാക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം അടിസ്ഥാനസൗകര്യ വികസനമാണ്. അത് കേരളത്തിൽ ഇന്നും ഇല്ല.
അടിസ്ഥാന സൗകര്യം വികസിപ്പിച്ചാൽ പുറത്തുനിന്നുള്ള മൂലധനം കേരളത്തിലേക്ക് വൻതോതിൽ ഒഴുകും എന്നാണ് ഇടതുസർക്കാർ വിശ്വസിക്കുന്നത്. അതിനുവേണ്ടിയാണ് അടിസ്ഥാന സൗകര്യ വികസനം നടക്കുന്നത്? കേരളത്തിൽ വ്യവസായ ഇടനാഴിയും ഹൈടെക് പാർക്കുകളുമാണ് വരാൻ പോകുന്നത്. ഐ.ടി മേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ?
അതൊന്നും പൂർണമായും ശരിയല്ല. പലതും സ്വപ്നങ്ങളാണ്. തമിഴ്നാട്ടിലോ ആന്ധ്രപ്രദേശിലോ വ്യവസായം നടത്തുന്ന ഒരാൾ കേരളത്തിലേക്കു വരില്ല. ഐ.ടി മേഖലയിൽ ബംഗളൂരുപോലെ വികസിപ്പിക്കാൻ കേരളത്തിലാവില്ല. റബർ നമുക്കുണ്ടായിട്ടും റബർ ഫാക്ടറികൾ നമുക്കില്ല. നാളികേരത്തെ ആശ്രയിച്ചുള്ള വ്യവസായിക സ്ഥാപനങ്ങളും കേരളത്തിലില്ല. ഐ.ടി മേഖലയിൽ ധാരാളം എൻജിനീയർമാർ നമുക്കുണ്ട്. അവരെല്ലാം ജോലിചെയ്യുന്നത് കേരളത്തിന് പുറത്താണ്. ഐ.ടി മേഖല കേരളത്തിന് അത്രയും വിശ്വസിക്കാവുന്ന ഒന്നല്ല. വിവരസാങ്കേതികവിദ്യാ രംഗത്ത് ഉണ്ടാകുന്ന മാറ്റം ഐ.ടി മേഖലയെ എപ്പോഴും പ്രതിസന്ധിയിലാക്കാം. കേരളത്തിലെപ്പോഴും വലിയ മഴ ഉണ്ടാകാം. അതേപോലെ വലിയ വരൾച്ചയും. അത്തരം കാൽക്കുലേഷൻ കിഫ്ബിയുടെ പ്രോജക്ടുകൾക്കില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വൻ വികസനം ഉണ്ടാകും. ജി.ഡി.പി വളർച്ചയുണ്ടാകും. നികുതിവരുമാനം ഉപയോഗിച്ച് കടമെല്ലാം വീട്ടാം എന്നാണ് ഐസക്കിന്റെ സ്വപ്നം. ഇതിനെല്ലാം പിന്നിൽ ഐസക്കിന്റെ മലർപ്പൊടി സ്വപ്നമാണ്.
കേരളം നേരിടാൻ പോകുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികളിൽ കേരളം അകപ്പെടാൻ പോവുകയാണ്. രണ്ടു പ്രളയം കഴിഞ്ഞു. അതിന്റെ ദുരന്തങ്ങളിൽനിന്ന് നാം പാഠംപഠിച്ചിട്ടില്ല. കൊച്ചിപോലുള്ള നഗരങ്ങൾപോലും വെള്ളത്തിനടിയിലാകുന്ന അവസ്ഥ ഇവിടെയുണ്ട്. കിഫ്ബി കടമെടുപ്പിലൂടെ ഉണ്ടാകുന്ന വികസനത്തിൽ കേരളം മാറിമറിയുമെന്ന് അദ്ദേഹത്തിന് വിശ്വസിക്കാം. സംസ്ഥാനത്തെ ചെറുപ്പക്കാരെല്ലാം വിദേശത്ത് ജോലി നേടുകയാണ്. ആ പ്രവണത ക്രമേണ കൂടിവരുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ ഇവർ മുൻകൂട്ടി കാണുന്നില്ല. കേരളം വളരെവേഗം വൃദ്ധസദനമായിക്കൊണ്ടിരിക്കുന്നു. 2025 ആകുമ്പോൾ കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനം 60നുമേൽ പ്രായമുള്ളവരായിരിക്കും. രാജ്യത്തെ കണക്കെടുത്താൽ അത് 13 ശതമാനമായിരിക്കും. കേരളത്തിലെ ചെറുപ്പക്കാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ജി.ഡി.പി തോമസ് ഐസക് പ്രതീക്ഷിക്കുന്നതുപോലെ ഉയരില്ല. തോമസ് ഐസക്കിന്റെ വാദത്തിന് ഒരു അടിസ്ഥാനവുമില്ല.
കേരളത്തിൽനിന്ന് വൻതോതിൽ വിദേശത്തേക്ക് മലയാളികളുടെ കുടിയേറ്റം ഉണ്ടാകുകയും അവർ ഇവിടേക്ക് അയക്കുന്ന പണം കടം തിരിച്ചടക്കുന്നതിന് വിനിയോഗിക്കാമെന്നും വിശ്വസിക്കുന്നത് മിഥ്യയാണ്. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ പോകുന്ന ചെറുപ്പക്കാർ കല്യാണം കഴിച്ച് അവിടത്തുകാരായി മാറുകയാണ്. അവർ കുടുംബമായി അവിടെ കഴിയാൻ ആഗ്രഹിക്കുന്നു. അപ്പോൾ അവരുടെ പണം പഴയതുപോലെ നാട്ടിലേക്ക് മടങ്ങിവരണമെന്നില്ല. ഗൾഫിൽനിന്നാണ് വലിയതോതിൽ പണം കേരളത്തിലേക്ക് ഒഴുകുന്നത്. ഇവിടെനിന്ന് പോകുന്നവർക്ക് അവിടെ പൗരത്വം കൊടുക്കുന്നില്ല. അവർ അവിടെ പല കച്ചവടങ്ങളും നടത്തി പണം കേരളത്തിൽ എത്തിക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും അതല്ല അവസ്ഥ. അവിടേക്കു പോകുന്നവർ അവിടെ കുടുംബമായി കഴിഞ്ഞാൽപിന്നെ അയക്കാൻ പണം ഉണ്ടാകില്ല. വിദേശരാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വലിയ പണമൊഴുക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച് കിഫ്ബിയിലൂടെ കടം വാങ്ങിയാൽ മുടിഞ്ഞുപോകും. നമുക്ക് കടം വാങ്ങേണ്ട ആവശ്യമില്ല. നികുതി പിരിക്കാനുള്ള അവസരം നമുക്കുണ്ടായിരുന്നു. അത് സർക്കാർ പാഴാക്കിക്കളഞ്ഞു. കടം വാങ്ങിയാണ് വികസനം നടത്തേണ്ടതെന്ന തെറ്റായ സന്ദേശം കേരളത്തിൽ പ്രചരിപ്പിക്കുന്നത് തോമസ് ഐസക്കാണ്.
നമ്മളെക്കാൾ കൂടുതൽ തുക കടം വാങ്ങിയവരാണ് പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ. അവരെ അപേക്ഷിച്ച് കേരളം കടത്തിന്റെ കാര്യത്തിൽ പിറകിലാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ.
കേരളത്തിൽ പൊതു വിഭവസമാഹരണത്തിന് മാർഗമുണ്ട്. അത് നമ്മുടെ സർക്കാർ ചെയ്യുന്നില്ല. ഇക്കാര്യം പണ്ടേ ബോധ്യപ്പെട്ട ധനകാര്യ വിദഗ്ധനാണ് തോമസ് ഐസക്. 1957-58 മുതൽ 1966-67 വരെ 10 വർഷം എടുത്താൽ ഇന്ത്യയിലെ സംസ്ഥാനങ്ങളാകെ സ്വരൂപിച്ച തനതു വരുമാനത്തിൽ 4.45 ശതമാനം ഓഹരി കേരളത്തിനുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിലെ സാമൂഹിക ജീവിതം പരമ ദരിദ്രമായിരുന്നു. കേരളീയർ അൽപംപോലും ഉപഭോഗത്തിലേക്ക് കടന്നിരുന്നില്ല. കാർഷികമേഖലയിൽ മാത്രമാണ് കാര്യമായ പണികളുണ്ടായിരുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദരിദ്രമായിരുന്ന ആ കാലഘട്ടത്തിൽ തനത് വരുമാനം കേരളത്തിൽ ഉയർന്നതായിരുന്നു. അന്ന് ഗൾഫിൽനിന്നുള്ള വരുമാനം കേരളത്തിലെത്തിത്തുടങ്ങിയിട്ടില്ല. വിദേശപണം ഒഴുകിത്തുടങ്ങിയപ്പോഴാണ് നമ്മുടെ ജനതയുടെയും ഉപഭോഗസംസ്കാരം വളരെ ഉയർന്നത്. 1972-73 ആയപ്പോൾ രാജ്യത്തെ ഉപഭോഗത്തിൽ കേരളം എട്ടാം സ്ഥാനത്തെത്തി. 1983 ആയപ്പോൾ മൂന്നാം സ്ഥാനത്തെത്തി. 1999-2000 കാലം മുതൽ കേരളീയർ രാജ്യത്ത് ഒന്നാംസ്ഥാനത്താണ്. എന്നുപറഞ്ഞാൽ നികുതി നൽകാനുള്ള ജനങ്ങളുടെ ശേഷി വൻതോതിൽ വർധിച്ചു. എന്നാൽ, 2019-2020ലെ കണക്ക് പറയുന്നത് മറ്റൊന്നാണ്. സംസ്ഥാനങ്ങളാകെ സമാഹരിച്ച പൊതുവിഭവത്തിൽ കേരളത്തിന്റെ ശതമാനം 4.34 ആയി കുറഞ്ഞിരിക്കുന്നു. 1957നേക്കാൾ കുറവാണെന്നു പറയാം. വളരെ ദരിദ്രമായിരുന്നതിനേക്കാൾ സമ്പന്നമായ കാലത്ത് കൂടുകയല്ലേ വേണ്ടത്. ഇവിടെ വിഭവങ്ങൾ ഇല്ലാത്തതല്ല. ഇവിടത്തെ മുന്നണിരാഷ്ട്രീയം വിഭവസമാഹരണത്തിന് തടസ്സമാണ്. ജനങ്ങളിൽനിന്ന് നികുതി പിരിക്കുന്നതിനു പകരം കടമെടുത്താണ് വികസനമെന്ന പുതിയൊരു കാഴ്ചപ്പാട് ഐസക് അവതരിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ കടമെടുക്കുന്നുണ്ടല്ലോ? കടം വാങ്ങി അവർ വികസിക്കുകയല്ലേ? നികുതി പിരിച്ചെടുക്കുന്ന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ മുന്നിലാണോ?
നികുതി പിരിക്കുന്ന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തേക്കാൾ വളരെ മുന്നിലാണ്. കേരളത്തിന്റെ തനത് വിഭവത്തിൽ ഏതാണ്ട് 62 ശതമാനം നാല് ഇനത്തിൽനിന്നാണ്. മധ്യവർഗത്തിനും സമ്പന്നർക്കും നികുതി ചുമത്താൻ സർക്കാർ തയാറല്ല. കാരണം, അവർ വലിയ വോട്ട് ബാങ്കാണ്. ഒരുകാലത്തും അവരെ പിണക്കാൻ സർക്കാർ തയാറാവില്ല.
കടമെടുത്ത് നടപ്പാക്കുന്ന പ്രോജക്ടുകൾ അമ്പേ പരാജയപ്പെടുന്നില്ലേ. കാർഷികമേഖലയിലടക്കം അതെല്ലാം കേരളത്തിന് തിരിച്ചടിയല്ലേ?
കടമെടുത്ത് നടപ്പാക്കുന്ന പ്രോജക്ടുകൾ കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാറിന് കഴിയുന്നില്ല. ഒരുപാട് പ്രോജക്ടുകൾ ഒന്നിച്ചു തുടങ്ങുന്നു. എല്ലാത്തിനും കൊടുക്കാനുള്ള പണം കൈയിലുണ്ടാവില്ല. തുടങ്ങിവെക്കുന്ന പലതും പാതിവഴിയിലാണ്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നില്ല. കോൺട്രാക്ടർമാർ തല്ലിക്കൂട്ട് പരിപാടികളാണ് നടപ്പാക്കുന്നത്. നിർമാണത്തിന് ഗുണനിലവാരമില്ല. വളരെ മോശം ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥതലത്തിലും വൻ അഴിമതി നടക്കുന്നു. ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള വലിയ കൂട്ടുകെട്ട് അവിടെയുണ്ട്. സർക്കാർ ഖജനാവിലെ പൈസ അവർ പങ്കിട്ടെടുക്കുന്നു. മത്സരാധിഷ്ഠിതമായ നടപടികളിലൂടെ കോൺട്രാക്ട് കൊടുത്ത് നിർമാണപ്രവർത്തനം സുതാര്യമായി ചെയ്താൽ അഴിമതി കുറയും. അതിന് സർക്കാറിനും താൽപര്യമില്ല. അഴിമതി കാരണം പാതിവഴിയിൽ ഉപേക്ഷിച്ച പ്രോജക്ടുകൾ വരെയുണ്ട്.
ഇടുക്കി പാക്കേജ്, വയനാട് പാക്കേജ്, കുട്ടനാട് പാക്കേജ് എല്ലാം പരാജയപ്പെട്ടു അല്ലേ? ഇതെല്ലാം തിരിച്ചടക്കേണ്ട പണമല്ലേ?
പാക്കേജുകൾ നടപ്പാക്കുന്നതിൽ വേണ്ടത്ര സുതാര്യത സർക്കാറിനില്ല, നടപ്പാക്കുന്നതിൽ മോണിറ്ററിങ് സംവിധാനം ഇല്ല. തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടുന്നു.
സോഷ്യൽ ഓഡിറ്റ് നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്? ഗുണഭോക്താക്കൾക്ക് എല്ലാം തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയുണ്ടാകില്ലേ?
രാഷ്ട്രീയബോധമുള്ള സമൂഹത്തിൽ സോഷ്യൽ ഓഡിറ്റ് ഉദ്യോഗസ്ഥർ എതിർക്കുന്നത് എന്തിനാണ്. സാമ്പത്തികശാസ്ത്രത്തിൽ ധനമിഥ്യ എന്ന ഒരു സംഗതിയുണ്ട്. വികസിതരാജ്യങ്ങളിൽ പ്രത്യക്ഷ നികുതിയിലൂടെയാണ് പൊതുവിഭവങ്ങൾ നല്ല ശതമാനം സമാഹരിക്കുന്നത്. അതിനാൽ ജനങ്ങളുടെ സ്വന്തം പോക്കറ്റിൽനിന്ന് പണം പോകുന്നു എന്നൊരു വിചാരം ശക്തമാണ്. അവർ നികുതിയടക്കാൻ തൽപരരാണ്. അവിടെ അഴിമതി നടത്തിയാൽ ജനങ്ങളുടെ പണമാണ് നഷ്ടപ്പെടുന്നത് എന്ന ബോധം അവർക്കുണ്ട്. പാലാരിവട്ടംപോലൊരു പരിപാടി അവിടെ എവിടെയും നടക്കില്ല. ഇവിടെ പണം പിരിക്കുന്നത് ലോട്ടറി, മദ്യം അടക്കമുള്ള പരോക്ഷനികുതിയായാണ്. മദ്യം കഴിക്കുന്ന ഒരാൾക്ക് അവർ കുടിക്കാതിരിക്കാനാണ് കൂടുതൽ നികുതി ചുമത്തുന്നതെന്ന് അറിയില്ല. നികുതി നൽകുന്നതിനെ സംബന്ധിച്ച് അവർ ബോധവാന്മാരല്ല. ജനങ്ങളെ നികുതിയുടെ കാര്യത്തിൽ ജാഗ്രതയുള്ളവരായി മാറ്റാൻ കേരളീയ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. പാലാരിവട്ടമായാലും എവിടെയെല്ലാം കെട്ടിടം പൊളിഞ്ഞാലും അത് നമ്മുടെ ഓരോരുത്തരുടെയും നികുതിപ്പണമാണെന്ന തോന്നൽ സമൂഹത്തിനില്ല. അതാണ് ധനമിഥ്യയെന്നു പറയുന്നത്. അതേസമയം, നികുതികൾ മുഴുവൻ പിരിക്കുകയാണെങ്കിൽ ജനങ്ങളുടെ ജാഗ്രത കൂടുമായിരുന്നു. ഇടതുപക്ഷ-വലതുപക്ഷ രാഷ്ട്രീയം അത് പഠിപ്പിക്കുന്നില്ല. നികുതി അടക്കാതെ എങ്ങനെ രക്ഷപ്പെടാം എന്നാണ് ജനം ചിന്തിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറിയിട്ടും ജനം നിശ്ശബ്ദരായിരിക്കുന്നതിന്റെ കാരണം ഇതാണ്. ജനരോഷം ഇവിടെ ഉയരുന്നില്ല.
അഴിമതിയുടെ ഗുണഭോക്താക്കളായി താഴേതട്ടുവരെ മാറുന്നില്ലേ?
സംസ്ഥാനത്ത് അത് ശരിയാണ്. താഴേതട്ടിൽ 1600 രൂപ പെൻഷൻ ലഭിക്കുന്നത് വലിയ കാര്യമായി കാണുന്നു. ഇത് വളരെ സങ്കീർണമാണ്. പെൻഷൻ 1600ൽനിന്ന് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ഉണ്ടായില്ല. അതേസമയം, സർക്കാർ ജീവനക്കാരുടെ ശമ്പളം ഉയർത്തിയില്ലെങ്കിൽ വൻ പ്രതിഷേധമുയരുന്ന സംസ്ഥാനമാണ് കേരളം. ജൂലൈയിൽ ജി.എസ്.ടിയുടെ നഷ്ടപരിഹാരം തരുന്നില്ലെന്ന് കേന്ദ്രം തീരുമാനിച്ചാൽ ശമ്പളവും പെൻഷനും കൊടുക്കാൻതന്നെ സർക്കാറിന്റെ കൈയിൽ പണമില്ലാതാകും. ശരാശരി 6000 കോടി രൂപ പ്രതിമാസം അതിനു വേണ്ടിവരും.
സംസ്ഥാനത്ത് സാധാരണ ജനങ്ങൾക്കും പെൻഷൻ നൽകുന്നുണ്ടല്ലോ. അതിനാൽ സമ്പന്നരെയും മധ്യവർഗത്തെയും മാത്രം സംരക്ഷിക്കുന്നുവെന്ന് പറയാനാകുമോ?
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സാധാരണക്കാർക്ക് 2500 രൂപ ക്ഷേമപെൻഷൻ നൽകുന്നുണ്ട്. കേരളത്തിൽ അത് 1600 രൂപയാണ്. രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ ഉയർന്ന ക്ഷേമപെൻഷൻ നൽകുന്നുണ്ട്. 1600 രൂപ വലിയ കാര്യമാണ് എന്നു പറയുന്നത് തട്ടിപ്പാണ്. നമ്മുടെ പൊതുസേവനങ്ങളുടെ ഗുണനിലവാരം കുറഞ്ഞുപോവുകയാണ്. സർക്കാർ ആശുപത്രിയിൽ ജീവനക്കാർ മാത്രം പോരാ. മരുന്നും ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും വേണം. നമ്മുടെ പൊതുസേവനങ്ങളുടെയും ഗുണനിലവാരം കുറഞ്ഞുവരുകയാണ്. സ്വകാര്യ ആശുപത്രികളും സ്വകാര്യ സ്കൂളുകളും ഗുണനിലവാരത്തിൽ സർക്കാർ സംവിധാനത്തെക്കാൾ വളരെ മെച്ചപ്പെട്ട നിലയിൽ വളർന്നിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ളവർ ഉയർന്ന നിലവാരമുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നു.
ദാരിദ്ര്യം കൂടുന്നതുകൊണ്ടാണ് ജനം പൊതുമേഖലയെ ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും വേഗത്തിൽ അസമത്വം വർധിക്കുന്ന സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് രാഷ്ട്രീയക്കാരും ഇടത് ബുദ്ധിജീവികളും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. പൊതുനയങ്ങളുടെ തെറ്റായ പ്രയോഗമാണ് അസമത്വം വർധിപ്പിക്കുന്നത്. നമ്മുടെ എം.എൽ.എമാർക്കും എം.പിമാർക്കും ഒക്കെ ഒരുമാസം നൽകുന്ന അലവൻസ് വളരെ കൂടുതലാണ്. വലിയ പുരോഗമനം പ്രസംഗിക്കുന്നവർ ധാർമികതയുടെ കാര്യം വരുമ്പോൾ നിശ്ശബ്ദരാണ്. രാജഭരണംപോലെയാണ് ജനാധിത്യകാലത്ത് കാര്യങ്ങൾ നടക്കുന്നത്. ഉദാഹരണമായി, ഖജനാവിലെ പണം ഉപയോഗിച്ച് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എത്രയോ വിലകൂടിയ കണ്ണട വാങ്ങി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട കാലത്ത് മുഖ്യമന്ത്രി തന്റെ ചികിത്സയുടെ ഒക്കെ കാര്യത്തിൽ ധാർമികമായൊരു നിലപാട് സ്വീകരിക്കണ്ടേ? ''എമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും'' എന്ന് കുഞ്ചൻ നമ്പ്യാർ തുള്ളൽക്കഥകളിൽ ചൊല്ലിയതുപോലെയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
ഇരട്ട പെൻഷൻ വാങ്ങുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെയും കേരളത്തിലെ രാഷ്ട്രീയക്കാർ എതിർക്കുന്നുണ്ടല്ലോ?
പെൻഷൻ ശമ്പളത്തിൽനിന്നു മാറ്റിവെച്ച തുകയല്ല. പലരും, മാറ്റിവെച്ച ശമ്പളമാണ് പെൻഷനായി നൽകുന്നതെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. അങ്ങനെ തുകയൊന്നും മാറ്റിവെച്ചിട്ടില്ല. സംസ്ഥാനത്ത് നൽകുന്നത് യഥാർഥത്തിൽ പെൻഷനല്ല, ഒരുതരം ശമ്പളമാണ്. ഉദാഹരണമായി, സർവകലാശാലകളിൽ വൈസ് ചാൻസലറായിരുന്ന ഒരാൾ റിട്ടയർ ചെയ്തതിനുശേഷം സർക്കാറിന്റെ പല സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ട്. ഇടതുപക്ഷ സാംസ്കാരിക പുരോഗമനവാദികളായ ഉന്നതന്മാരിൽ പലരും ഇത്തരം ഇരട്ടശമ്പളം വാങ്ങുന്നു. പൊതുസമൂഹത്തിൽ ധാർമികതയെക്കുറിച്ച് പ്രസംഗിക്കുന്നത് ഇവരാണ്. അവർക്ക് ഇക്കാര്യത്തിൽ ധാർമികത ഇല്ല. സമൂഹത്തിൽ നടക്കുന്ന വലിയൊരു തട്ടിപ്പാണ്. സാധാരണ ജനം ഇതിനെയൊന്നും ചോദ്യംചെയ്യുന്നില്ല.
കടമെടുത്ത് കടം വീട്ടുന്ന സ്ഥിതിയിലാണ് കേരളം. ഇത് തുടർന്നാൽ കേരളം സഞ്ചരിക്കുക എങ്ങോട്ടാണ്?
കടമെടുത്ത് ശമ്പളവും പെൻഷനും കൊടുക്കുന്ന ഈ രീതിയിൽ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. ഇനി കടമെടുത്താൽ അതിനു പല അവകാശികളും ഉണ്ടാകും. കെ.എസ്.ആർ.ടി.സി അടക്കം ഓരോ വകുപ്പിലും ഇത്തരം ആവശ്യങ്ങളുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രം കൊടുത്താൽ മതി എന്ന തീരുമാനം സർക്കാറിന് എടുക്കേണ്ടിവരും. ജി.എസ്.ടി നഷ്ടപരിഹാരം കിട്ടിയാൽ നികുതി പിരിക്കാൻ സർക്കാറിന് ഉത്സാഹം ഉണ്ടാകില്ല. നികുതി പിരിക്കുന്നതിന് പകരം കടം വാങ്ങി പ്രവർത്തിക്കുന്ന സംവിധാനമായി സർക്കാർ മാറുകയാണ്. കുറച്ചുകഴിഞ്ഞാൽ സർക്കാറിന് നികുതി പിരിക്കാൻ കഴിയില്ല. ഇന്ന് പിരിക്കേണ്ട നികുതി നാളെ കിട്ടില്ല. ഇന്ന് പിരിച്ചില്ലെങ്കിൽ അത് നാളെ നഷ്ടപ്പെട്ടുപോകും. അതേസമയം, ഇന്ന് എടുക്കുന്ന കടം പലിശയടക്കം രേഖപ്പെടുത്തിക്കഴിഞ്ഞു. അത് തിരിച്ചടച്ചേ മതിയാകൂ. നികുതി പിരിക്കാതിരിക്കുമ്പോൾ സർക്കാർ തെറ്റായൊരു സന്ദേശം ജനങ്ങൾക്ക് നൽകുന്നുണ്ട്. നികുതി കൊടുത്തില്ലെങ്കിലും സർക്കാർ കടം വാങ്ങി കാര്യങ്ങൾ ചെയ്തുകൊള്ളും എന്ന മനോഭാവം ജനങ്ങളിലുണ്ടാകും. ജനങ്ങൾ എങ്ങനെ നികുതി വെട്ടിക്കുമെന്ന് ചിന്തിക്കുകയും അത്തരമൊരു സംസ്കാരത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യും. അത് തെറ്റായൊരു സന്ദേശമാണ്. കടമെടുക്കുന്നതിന്റെ പ്രയോജനം ലഭിക്കുന്നതാകട്ടെ, ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണ്. കടത്തിന്റെ പലിശയും പിഴപ്പലിശയും അടക്കം കൊടുക്കേണ്ടത് സാധാരണ ജനങ്ങളാണ്. നാടൻഭാഷയിൽ പറഞ്ഞാൽ -അടി കിട്ടുന്നത് ചെണ്ടക്കും പണം പറ്റുന്നത് മാരാരുമാണ്. സാധാരണ ജനത്തിന് കിട്ടേണ്ട ആനുകൂല്യങ്ങളും സബ്സിഡികളും ഇല്ലാതാകുന്നു. മധ്യവർഗത്തിന്റെയും സമ്പന്നവർഗത്തിന്റെയും കൈകളിലേക്കാണ് കടമെടുക്കുന്ന പണം പോകുന്നത്. സാമ്പത്തികരംഗത്ത് കേരളം അപകടകരമായ നിലയിലേക്കാണ് സഞ്ചരിക്കുന്നത്.