വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും അഴിച്ചിട്ട നിശ്ശബ്ദ വിപ്ലവം

ഡോ. ഐ. രാജന്റെ വീട്ടിലെ ഒരു കൂടിച്ചേരൽ: ഡോ. ഗീത, സുചിത്ര, ഡോ. ജഗദീഷ്, രാജൻ, പ്രതാപൻ, ഡോ. ബിനായക് സെൻ, മോഹനൻ, ഡോ. കൃഷ്ണകുമാർ, ഡോ. കുര്യാക്കോസ്, ഡോ. രാജം വേണുഗോപാൽ, സി.യു. ത്രേസ്യ എന്നിവർ
2025 ജനുവരി 25ന് വിടപറഞ്ഞ, ജനകീയ ഡോക്ടർ കൃഷ്ണകുമാറിനെ അനുസ്മരിക്കുകയാണ് സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ. ഡോ. കൃഷ്ണകുമാർ സമൂഹത്തിന് നൽകിയ സംഭാവന എന്താണ്?
‘‘കൃഷ്ണകുമാർ ഒരു വേഷമല്ല, വേഷങ്ങളേ നമുക്ക് പകരം െവക്കാനാവൂ, കൃഷ്ണകുമാറിന് പകരക്കാരുണ്ടാകില്ല, അത് നോക്കിയാലും കിട്ടില്ല’’ –കോഴിക്കോട് മാവൂർ റോഡിലെ സ്മൃതിപഥത്തിൽ അവസാനയാത്ര പറയാനെത്തിയ ആർട്ടിസ്റ്റ് മോഹനൻ വേദനയോടെ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ ‘ഇംഹാൻസി’ൽ (ഇൻസ്റ്റിറ്റൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) നിന്ന് വിരമിച്ചിട്ടും പകരംവെക്കാൻ മറ്റൊരാളെ കിട്ടാത്തതിനാൽ തിരിച്ചുവിളിച്ച് ഇരുത്തിയ ഡയറക്ടറുടെ കസേരതന്നെ പൊടുന്നനെയുള്ള വിടവാങ്ങലിനും നിമിത്തമായോ എന്ന ആശങ്ക പങ്കുെവക്കുകയായിരുന്നു ഞങ്ങൾ സുഹൃത്തുക്കൾ. ചെറുതായിരുന്നില്ല ഡോ. കൃഷ്ണകുമാർ എടുത്തുപൊന്തിച്ചു നടന്നിരുന്ന ഭാരം.
കേരളത്തിന്റെ പൊതുജനാരോഗ്യരംഗത്ത് ആ മനുഷ്യന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യതയും ചെറുതായിരിക്കില്ല. പകരംവെക്കാനാവാത്ത ഒരു കൂട്ടാണ് ഡോ. കൃഷ്ണകുമാർ എന്ന നിശ്ശബ്ദ വിപ്ലവം. വംശനാശം വന്ന ഒരു മാതൃകയാണത്: ഗാന്ധിജിയും കാൾ മാർക്സും ഒന്നിക്കുന്ന, ഐവാൻ ഇല്ലിച്ചിനും പൗലോ ഫ്രെയറിനും ഒരേ ലക്ഷ്യമുള്ള കൂട്ട്.
ഇംഹാൻസിൽ കൃഷ്ണകുമാറിന് പകരം മറ്റൊരു ഡയറക്ടറെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിന് സർക്കാറിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ല. നാം മാറിത്തീർന്നത് പണവും അധികാരവും ജൈത്രയാത്ര നടത്തുന്ന അത്തരമൊരു കമ്പോള കാലാവസ്ഥയിലേക്കാണ്. മറ്റൊരാളെ കണ്ടെത്തുന്നതുവരെയോ മറ്റൊരാളെ പരിശീലിപ്പിച്ചെടുക്കുന്നതുവരെയോ വീണ്ടും ചുമതലയേൽക്കാൻ വിരമിച്ചതിനുശേഷം കൃഷ്ണകുമാറിനെ നിർബന്ധിച്ച് തിരിച്ചുകൊണ്ടുവരേണ്ടിവന്നത് അങ്ങനെയാണ്. കേരളത്തിലെ ആതുരശുശ്രൂഷാരംഗത്ത് ഇതുപോലൊരു ചരിത്രം മറ്റൊന്നുണ്ടാകാനിടയില്ല. അതിനി ഡോ. പി. കൃഷ്ണകുമാറിന്റെ പേരിൽ കുറിച്ചിടപ്പെട്ട ചരിത്രമായിരിക്കും.
വിരമിച്ചാലും സർക്കാർ സർവിസിൽതന്നെ കടിച്ചുതൂങ്ങാൻ പലവിധ കരാർ അഭ്യാസങ്ങൾ തരപ്പെടുത്തുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥ പ്രഭുത്വങ്ങളുടെ നീണ്ടനിരയാണ് നമുക്ക് മുന്നിലുള്ളത്. സ്വന്തം ശമ്പളം അശരണരായ രോഗികൾക്ക് വേണ്ടി ചെലവിടുന്ന, ഒരിക്കലും പ്രൈവറ്റ് പ്രാക്ടിസ് നടത്താത്ത, ഭൂമിയിൽ അനുവദിക്കപ്പെട്ട സമയം മുഴുവനായും സമൂഹത്തിനായി സമർപ്പിച്ചു ജീവിച്ച എത്ര സ്ഥാപന മേധാവിമാർ നമ്മുടെ സമകാലിക കേരളത്തിലുെണ്ടന്ന് ചികഞ്ഞുനോക്കിയാൽ മതി നാം എത്രമാത്രം വലിയ ശൂന്യതയാണ് പടുത്തുയർത്തിയത് എന്നറിയാൻ. പലവിധത്തിലുള്ള ആർത്തികൾ നിറഞ്ഞ നമ്മുടെ സംസ്കാരത്തിന്റെ കമ്പോളത്തിൽ ജനങ്ങളുടെ താൽപര്യങ്ങളെ പ്രതിരോധിക്കുന്നതിൽ ഒരു ജനതയെന്ന നിലയിലുള്ള നമ്മുടെ പരാജയം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത് നമ്മുടെ ആരോഗ്യരംഗത്തെ നിസ്സഹായരായ മനുഷ്യരെയാണ്. അവിടെയാണ് ഡോ. കൃഷ്ണകുമാർ വഴിവെട്ടി നടന്നത്.
ഡോക്ടർമാരുടെ വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ഒരധികാരചിഹ്നമാണ്. മനുഷ്യശരീരത്തിനു മുകളിൽ, മനസ്സിനു മുകളിൽ, മനുഷ്യജീവിതങ്ങൾക്ക് മുകളിൽ പരമാധികാരമുള്ള ഒരധികാരവർഗത്തിന്റെ കുലചിഹ്നം. രോഗികളെയും അല്ലാത്തവരെയും അത് വേർതിരിക്കുന്നു. ഉള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കുന്നു. നമ്മുടെ രോഗങ്ങളുടെയെല്ലാം ദിവ്യരഹസ്യം കാത്തുസൂക്ഷിക്കുന്ന ഡോക്ടർമാർക്ക് രോഗികളായ ഒരു ജനതക്കു മേലുള്ള പരമമായ അധികാരത്തെ ഈ കുലചിഹ്നം കാലങ്ങളായി അരക്കിട്ടുറപ്പിച്ചുനിർത്തിയിരിക്കുന്നു. രോഗികൾ/ രോഗത്തെ രോഗിയുടെ കുറ്റമായി കാണുന്ന സമൂഹം ആ മാന്ത്രികാധികാരത്തിനു മുന്നിൽ ഒന്നുമല്ല, കേവല മനുഷ്യർപോലുമല്ല, വെറും അവയവങ്ങൾ മാത്രം.
വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ അങ്ങനെയല്ലാത്ത ഡോക്ടർമാർമാരും നമ്മുടെ സമൂഹത്തിലുണ്ടല്ലോ എന്നത് മറന്നല്ല ഇത്രയും എഴുതിയത്. ഉണ്ട്. എന്നാൽ, അതല്ല ഡോക്ടർ-രോഗി ബന്ധത്തിന്റെ മുഖ്യധാര. അതല്ല, നമ്മുടെ ചികിത്സാരംഗത്തെ ആധിപത്യത്തിലുള്ള സംസ്കാരം. പണവും അധികാരവും എല്ലാറ്റിനും മാധ്യസ്ഥ്യം വഹിക്കുന്ന ഒരു സമൂഹത്തിൽ ഡോക്ടർമാരുടെ വെള്ളക്കോട്ടിനും സ്റ്റെതസ്കോപ്പിനും ഒരു സവിശേഷ അധികാരംതന്നെയാണ്. അവിടെയാണ് ആ അധികാര ചിഹ്നങ്ങൾ അഴിച്ചിട്ട് കൃഷ്ണകുമാർ നടത്തിയ വിപ്ലവം. അതൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല, കൃഷ്ണകുമാർ സ്വയംഭൂവുമല്ല. ആത്മാർപ്പണത്തിന്റെ നീണ്ട പതിറ്റാണ്ടുകൾ അതിന് പിറകിലുണ്ട്. ആ ആയുസ്സിന്റെ അവസാന ദിവസം വരെ നീണ്ട അധ്വാനമാണത്. ആ ചരിത്രം കാണപ്പെടാതെ പോകരുത്. തോറ്റുപോകുന്ന എത്രയോ യുദ്ധങ്ങൾക്കിടയിൽ ചെറുത്തുനിൽപിന്റെയും പ്രതിരോധത്തിന്റെയും ഈ വിജയം തോൽക്കുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരോർമയാണ്. പിടിവള്ളിയാണ്.
അനീതിക്കെതിരായ കലാപം
1981 മാർച്ച് 23നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ അഴിമതിക്കാരനായ ഒരു ഡോക്ടർ തെരുവിൽ ജനകീയ വിചാരണ ചെയ്യപ്പെട്ടത്. അടിയന്തരാവസ്ഥയുടെ നീണ്ട മരവിപ്പ് വെടിഞ്ഞ് അന്നത്തെ ജനകീയ സാംസ്കാരിക വേദി ആരോഗ്യരംഗത്തെ അനീതികൾക്കും അന്യായങ്ങൾക്കുമെതിരെ നടത്തിയ പ്രതീകാത്മകയുദ്ധമായിരുന്നു അത്. ‘‘നഗരത്തിൽ ഒരു അനീതി ഉണ്ടായാൽ അവിടെ ഒരു കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യ മയങ്ങുംമുമ്പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്’’ എന്ന ബ്രെഹ്തിന്റെ കവിത കോഴിക്കോട്ടെ ചുമരുകളിൽ പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്.
എ. വാസുവും എ. സോമനും എ. സേതുമാധവവനും ശംഭുവും കെ.ടി. കുഞ്ഞിക്കണ്ണനും കൊച്ചു സോമനും രമേശനും വേണു പൂവാട്ടുപറമ്പുമൊക്കെ കോഴിക്കോട്ടെ തെരുവുകളിൽനിന്ന് നീതിബോധത്തെക്കുറിച്ച് സംസാരിച്ച കാലമാണ് മെഡിക്കൽ കോളജിലെ ഡോക്ടറുടെ ജനകീയ വിചാരണ സൃഷ്ടിച്ചത്. അതിൽ അറസ്റ്റ് ചെയ്യപ്പെട്ടത് ഡോ. സി.പി. ശ്രീധരനും ഡോ. അബ്ദുൽ അസീസുമായിരുന്നുവെങ്കിലും കേരളത്തിലെ മെഡിക്കൽ വിദ്യാർഥികളിൽ അത് സൃഷ്ടിച്ച ആഴത്തിലുള്ള മൂല്യബോധം പിൽക്കാലത്ത് അഗാധമായ പല പരിവർത്തനങ്ങൾക്കും ചുവടുവെക്കാനുള്ള ഊർജസ്രോതസ്സായിരുന്നു. ആ കനൽച്ചൂടിലേക്കാണ് 1982ൽ കൃഷ്ണകുമാർ ഒരു മെഡിക്കൽ വിദ്യാർഥിയായി അണിചേരുന്നത്. അത് പിന്നെ ഒരിക്കലും കെട്ടടങ്ങിയതേയില്ല. കോഴിക്കോട്ടെ തെരുവിൽനിന്നും പകർന്നുകിട്ടിയ ആ നീതിബോധമാണ് ഡോ. കൃഷ്ണകുമാറിനെ സൃഷ്ടിച്ചത്.
‘‘പകരംവെക്കാൻ പറ്റുന്ന ഒരു വേഷമല്ല ഡോ. കൃഷ്ണകുമാർ’’ എന്ന് നിരീക്ഷിച്ച ആർട്ടിസ്റ്റ് മോഹനൻ അക്കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ഓഫിസിലെ ജീവനക്കാരനായിരുന്നു. അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ തടവുകാരൻകൂടിയായ മോഹനൻ ആ ഇരുണ്ടകാലത്തെ തന്റെ വരകളിൽ രേഖപ്പെടുത്തിയ ചിത്രകാരനാണ്. മെഡിക്കൽ കോളജിലെ പല തലമുറകൾ മുഖം നോക്കിയ ഒരു കണ്ണാടിയായിരുന്നു ആ ചിത്രങ്ങളും ചിത്രകാരനും. കൃഷ്ണകുമാറും മോഹനനെ കണ്ടാണ് വൈദ്യപഠനം നടത്തിയത്.
എഴുപതുകളുടെ അന്ത്യത്തിലും എൺപതുകളുടെ തുടക്കത്തിലും കേരളത്തിൽ മുഴങ്ങിയിരുന്ന മുദ്രാവാക്യമായിരുന്നു ‘‘അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണ്’’ എന്നത്. ന്യായം ചോദിക്കേണ്ടതുണ്ട് എന്ന കരുതപ്പെട്ട കാലം. അത് സൃഷ്ടിച്ച ഊർജമാണ് കേരളത്തിൽ ഡോ. പി. കൃഷ്ണകുമാറിനെപ്പോലൊരു ഡോക്ടറെ സാധ്യമാക്കിയത്. അതൊരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. അടിയന്തരാവസ്ഥക്കുശേഷമുള്ള കാമ്പസിന്റെ ഉണർച്ചയായിരുന്നു അത്.
ദീദി, പ്രേംചന്ദ് എന്നിവർ ഡോ. കൃഷ്ണകുമാറിനും ഡോ. ഗീത ഗോവിന്ദരാജിനുമൊപ്പം. കോവിഡിനു ശേഷമുള്ള ആദ്യ കുടുംബസന്ദർശനം
ഈ സമരചരിത്രത്തിൽ മെഡികോ ഫ്രൻഡ്സ് സർക്കിൾ എന്ന സംഘടനക്ക് നിർണായകമായ ഒരു പങ്കുണ്ട്. മെഡികോ ഫ്രൻഡ്സ് സർക്കിൾ പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഡോക്ടർമാർ മാത്രമുള്ള ഒരു സംഘടനയല്ല, രാജ്യത്തിന്റെ പൊതുജനാരോഗ്യ രംഗത്തെക്കുറിച്ച് ആശങ്കകളും വിമർശനങ്ങളുമുള്ള ഡോക്ടർമാരും നഴ്സുമാരും ശാസ്ത്രജ്ഞരും ആരോഗ്യ രംഗത്തെ സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന ഒരു ബൃഹത് കൂട്ടായ്മയാണ്. 1974 മുതൽക്കാണ് അത് രാജ്യത്ത് പ്രവർത്തനം തുടങ്ങുന്നത്. അടിയന്തരാവസ്ഥയുടെ പീഡനങ്ങൾ ഏറ്റുവാങ്ങിയ സോഷ്യൽ ആക്ടിവിസ്റ്റുകളായ വേണു പൂവാട്ടുപറമ്പും ശംഭുവുമാണ് മെഡികോ ഫ്രൻഡ്സ് സർക്കിളിൽ (എം.എഫ്.സി) അതിൽ ആദ്യമെത്തിയ ഡോക്ടർമാരല്ലാത്ത സുഹൃത്തുക്കൾ. എൺപതുകളുടെ തുടക്കത്തിലെ ജനകീയ സാംസ്കാരിക വേദിക്കാലത്ത് എം.എഫ്.സി കേരളത്തിലെ ജനകീയ ആരോഗ്യരംഗത്തെ പൊളിച്ചെഴുതിയ ഒട്ടേറെ ചിന്തകൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്.
മെഡിക്കൽ കോളജിലെ ആദ്യ ജനകീയ വിചാരണക്ക് ആസ്പദമായ പഠനറിപ്പോർട്ട് സാംസ്കാരിക വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എ. സേതുമാധവന്റെ ചുമതലയിൽ രൂപംകൊണ്ടപ്പോൾ അന്ന് മെഡിക്കൽ വിദ്യാർഥികളായിരുന്ന എം.എഫ്.സിയിലെ മെഡിക്കൽ വിദ്യാർഥികൾ ഡോക്ടർ-രോഗി അധികാരബന്ധത്തിലെ അന്യായങ്ങളെയും അടിമ-ഉടമ സമ്പ്രദായത്തെയും മരുന്നെഴുത്തിലെ കച്ചവടക്കണ്ണുകളെയും പൊളിച്ചെഴുതിയ നിർണായകമായ അറിവുകളാണ് അതിൽ പകർന്നുനൽകിയത്. ബ്രഹ്മപുത്രന്റെ സാന്നിധ്യം അതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
1981ലെ ജനകീയ വിചാരണക്കുശേഷം ജനകീയ സാംസ്കാരിക വേദി അധികകാലം ജീവിച്ചിരുന്നിട്ടില്ല. കഷ്ടിച്ച് ഒരു വർഷത്തിനുള്ളിൽതന്നെ അതിന്റെയും ഉന്മൂലനം സംഭവിച്ചു. 1982ൽ സി.പി.ഐ.എം.എൽ പാർട്ടി പരിപാടിയുടെ ഭാഗമായി വയനാട്ടിൽ നടപ്പാക്കിയ മഠത്തിൽ മത്തായി എന്ന ജന്മിയുടെ ഉന്മൂലനത്തെ തുടർന്നുള്ള പ്രത്യയശാസ്ത്ര യുദ്ധങ്ങളുടെ ഇരുട്ടിലാണത് സംഭവിച്ചത്. എന്നാൽ, ജനകീയ വിചാരണ പൊതുസമൂഹത്തിൽ സൃഷ്ടിച്ച മൂല്യബോധത്തിന്റെ ചൂട് കെട്ടടങ്ങിയിരുന്നില്ല.
മഴ നിന്നിട്ടും മരങ്ങൾ പെയ്തുകൊണ്ടേയിരുന്നു. ആ പെയ്ത്തിലാണ് കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് ആദ്യമായി സ്വകാര്യ മെഡിക്കൽ കോളജിന്റെ കടന്നുകയറ്റത്തിന് എതിരായ സമരം, കുതിരവട്ടം ചിത്തരോഗാശുപത്രിയിലെ രോഗികളുടെ മനുഷ്യത്വരഹിതമായ ജീവിത സാഹചര്യങ്ങൾക്ക് എതിരെ നടന്ന പ്രക്ഷോഭം, കുതിരവട്ടത്ത് മനോരോഗികൾക്ക് അന്യായമായി ഷോക് ട്രീറ്റ്മെന്റ് നൽകുന്നതിന് എതിരായ പ്രക്ഷോഭം, ചിത്തരോഗമില്ലാത്തവരെ ഭ്രാന്തരെന്ന് മുദ്രകുത്തി സെല്ലിൽ അടക്കുന്നതിന് എതിരായ മുറവിളി, സ്വകാര്യ മരുന്നു കമ്പനികൾ ഡോക്ടർമാരുടെ സംഘടനയുടെ സമ്മേളനം സ്പോൺസർ ചെയ്യുന്നതിന് എതിരെയുള്ള പ്രചാരണ പ്രവർത്തനം, മാവൂർ ഗ്വാളിയർ റയോൺസിലെ വിഷപ്പുകക്കും ചാലിയാറിലെ വിഷമൊഴുക്കിനും എതിരായ പ്രക്ഷോഭം, ചാലിയാറിന്റെ കരയിൽ അർബുദരോഗികൾ പെരുകുന്നതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം എന്നിങ്ങനെ എൺപതുകളെ വേറിട്ട പോരാട്ടങ്ങളുടെ ദശകമാക്കി മാറ്റിയത്.
ഡോ. ശാന്തകുമാർ ആയിരുന്നു എൺപതുകളുടെ തുടക്കത്തിൽ കോഴിക്കോടിന്റെ എന്നു മാത്രമല്ല മലയാളിയുടെ മനോരോഗ വിജ്ഞാനീയത്തിന്റെതന്നെ ഒരു ‘സർവാധിപതി’. കുതിരവട്ടം ചിത്തരോഗാശുപത്രിയുടെ മേധാവിയും അദ്ദേഹമായിരുന്നു. മനസ്സിന്റെയും മനോരോഗത്തിന്റെയും അവസാന വാക്കായി കരുതപ്പെട്ട ശാന്തകുമാറിന്റെ പുസ്തകങ്ങൾ പുസ്തകശാലകളിൽ നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു അത്. മലയാളിബോധത്തെ മുച്ചൂടും സ്വാധീനിച്ചിരുന്ന ആ അറിവിന്റെ കോട്ടയിൽ ഏറ്റവും നിർണായകമായ വിള്ളലുണ്ടാക്കിയത് അക്കാലത്ത് മനോരോഗമില്ലാത്ത ഒരു വ്യക്തിയെ ഭ്രാന്തനായി മുദ്രകുത്തി കുതിരവട്ടം ചിത്തരോഗാശുപത്രിയിൽ അടച്ച സംഭവത്തെ തുടർന്ന് രാധാകൃഷ്ണൻ മാതൃഭൂമി വാരാന്തപ്പതിൽ രണ്ടു ആഴ്ചകളിലായി എഴുതിയ ‘ചങ്ങലക്ക് ഭ്രാന്തുപിടിക്കുമ്പോൾ’ എന്ന ലേഖനത്തിലൂടെയാണ്.
മനോരോഗത്തെക്കുറിച്ചുള്ള പൊതുധാരണകൾ പൊളിച്ചെഴുതിയ മലയാളത്തിലെ ആദ്യപഠനവും ഇടപെടലുമാണ് അത്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ സായാഹ്നവിഭാഗം ഉണ്ടായിരുന്ന കാലംകൂടിയായിരുന്നു അത്. അവിടെ മനശ്ശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു രാധാകൃഷ്ണൻ അന്ന്. മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല അപ്പോൾ കെ.സി. നാരായണൻ ആയിരുന്നു. 1983 ഒക്ടോബർ 30ന് ‘ചങ്ങലക്ക് ഭ്രാന്തുപിടിക്കുമ്പോൾ’ അച്ചടിച്ചുവന്നു. അതു കൊളുത്തിയ വെളിച്ചം ദൂരവ്യാപക ഫലങ്ങളുളവാക്കുന്നതായിരുന്നു. ആ സന്ദേശം കൃഷ്ണകുമാർ ജീവിതംകൊണ്ട് ഏറ്റെടുത്തിരുന്നു.
കോഴിക്കോട്ടപ്പോൾ രണ്ടാം ഗേറ്റിനടുത്ത് യാക്കൂബും ജോയ് മാത്യുവുംകൂടി ബോധി ബുക്സ് നടത്തുന്നുണ്ട്. ഒപ്പമുള്ള ബോധി ലെൻഡിങ് ലൈബ്രറി ഒരു സൗഹൃദക്കൂട്ടായ്മയുടെ സൃഷ്ടിയും പൊതു ഇടവുമായിരുന്നു. മാ –മന്ദാകിനി നാരായണൻ, എ. സേതുമാധവൻ, രാധാകൃഷ്ണൻ എന്നിവരുടെ പുസ്തകശേഖരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ബോധി ലെൻഡിങ് ലൈബ്രറി പ്രവർത്തിച്ചുപോന്നിരുന്നത്. ബ്രിട്ടനിൽ ആന്റി സൈക്യാട്രിയുടെ ഉപജ്ഞാതാവായിരുന്ന ആർ.ഡി. ലെയിങ്ങിന്റെ പുസ്തകങ്ങൾ ബോധി ബുക്സിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിരുന്ന പുസ്തകങ്ങളായിരുന്നു.
ബ്രഹ്മപുത്രനും കൃഷ്ണകുമാറും സുരേഷും ഐ. രാജനും കുര്യാക്കോസും ഒക്കെയടങ്ങുന്ന മെഡിക്കൽ കോളജിലെ പല തലമുറകളിൽപെട്ട സുഹൃത്തുക്കളെല്ലാം ബോധി ബുക്സിന്റെയും സഹയാത്രികരായിരുന്നു. ‘‘വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ അതൊരു ആയുധമാണ്’’ എന്ന ബ്രെഹ്തിന്റെ ചിന്ത ഒരു കനലായി ജ്വലിച്ചിരുന്നു. മരുന്നിന്റെ പരിമിതികൾ അറിയിച്ച ഐവാൻ ഇല്ലിച്ചിന്റെ ‘ലിമിറ്റ്സ് ടു മെഡിസിൻ’, പാഠശാലകളുടെ അധികാരം തുറന്നുകാട്ടിയ ഇല്ലിച്ചിന്റെതന്നെ ‘ഡീ സ്കൂളിങ് സൊസൈറ്റി’, ക്ലാസ് മുറികളിലെ അധികാരവ്യവസ്ഥയെ പൊളിച്ചെഴുതിയ പൗലോ ഫ്രെയറിന്റെ ‘പെഡഗോഗി ഓഫ് ദ ഒപ്രസ്ഡ്’, ചിത്തഭ്രമത്തിന്റെ ഭാഷ വായിക്കാൻ പഠിപ്പിച്ച ആർ.ഡി. ലെയിങ്ങിന്റെ ‘ഡിവൈഡഡ് സെൽഫ്’ എന്നീ പുസ്തകങ്ങൾ വായനയുടെ യൗവനത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
1984-85-86 വർഷങ്ങളിൽ കുതിരവട്ടം ചിത്തരോഗാശുപത്രി യിലെ ദുരവസ്ഥക്ക് എതിരായി നടന്ന നിരന്തര പോരാട്ടങ്ങൾ മനോരോഗ ചികിത്സയുടെ പേരിൽ ഒരു നൂറ്റാണ്ടിലേറെയായി നടന്നുവന്നിരുന്ന ഭീകരതകൾ തുറന്നുകാട്ടി. ഇതിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നേതൃത്വപരമായ പങ്കുവഹിച്ചു. കോഴിക്കോട്ടെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർക്കൊപ്പം അവർ ഇഴചേർന്നു പ്രവർത്തിച്ചതുകൊണ്ടു മാത്രമാണ് കുതിരവട്ടം ചിത്തരോഗാശുപത്രിയിലേക്ക് ഒടുവിൽ വെളിച്ചമെത്തിയത്.
വർഷങ്ങൾക്കുമുമ്പ് സർക്കാർ നിയോഗിച്ച കൃഷ്ണമൂർത്തി കമീഷന്റെ നിർദേശങ്ങൾ നടപ്പാക്കാൻ ചിത്തരോഗാശുപത്രി പ്രേക്ഷാഭകാലത്ത് ഹെൽത്ത് സെക്രട്ടറിയായിരുന്ന കൃഷ്ണമൂർത്തിതന്നെ എത്തിയതും കവയിത്രി സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന കുതിരവട്ടം മാർച്ച് നഗരത്തെ ഇളക്കിമറിച്ചതുമെല്ലാം എൺപതുകളുടെ സമരതീക്ഷ്ണമായ ഓർമകളാണ്. ജനങ്ങളുടെ ഹൃദയം സ്പർശിക്കാൻ അട്ടഹാസങ്ങളോ ആക്രോശങ്ങളോ വേണ്ടതില്ലെന്നും നിശ്ശബ്ദ പ്രാർഥനയോടടുത്തുനിൽക്കുന്ന, മെല്ലെ പറഞ്ഞാലും മതി എന്ന രീതിയായിരുന്നു ഈ സമരങ്ങളിലൊക്കെ കൃഷ്ണകുമാർ അവലംബിച്ചത്. അതൊരു ജീവിതവ്രതം തന്നെയായിരുന്നു.
1984ലാണ് കേരളത്തിൽ ആദ്യമായി സ്വകാര്യ മെഡിക്കൽ കോളജ് വരുന്നതിന് എതിരായ സമരരംഗത്തേക്ക് കോഴിക്കോട്ടെ മെഡിക്കൽ വിദ്യാർഥികൾ മുന്നിട്ടിറങ്ങുന്നത്. അങ്കമാലി ലിറ്റിൽ ഫ്ലവർ കോളജിൽ മെഡിക്കൽ സ്വകാര്യ പി.ജി കോഴ്സ് തുടങ്ങുന്നതിന് എതിരെയായിരുന്നു ആ സമരം. കൃഷ്ണകുമാറിലെ ആക്ടിവിസ്റ്റ് പൊതുരംഗത്തേക്ക് ഇറങ്ങുന്നത് ആ സമരം മുതൽക്കാണ്. മാസങ്ങൾ നീണ്ട ആ സമരത്തിന്റെ ഓർമ ഇന്നും ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ (1986) എന്ന സിനിമയിൽ കാണാം. ഡോ. ഐ. രാജനാണ് ‘ജോൺ’ സിനിമയിൽ സംസാരിക്കുന്ന കഥാപാത്രം.
ഇംഹാൻസിൽ നടന്ന മെഡികോ ഫ്രൻഡ് സർക്കിൾ മിഡ് ആന്വൽ കോൺഫറസിൽനിന്ന് –ഡോ. ഗീത, ഡോ. ബ്രഹ്മപുത്രൻ, വേണു പൂവാട്ടുപറമ്പ്, കൃഷ്ണകുമാർ, ഡോ. ടി. ജയകൃഷ്ണൻ, ഡോ. കുരിയാക്കോസ്, ഡോ. ജഗദീഷ്, ഡോ. കൃഷ്ണകുമാർ, ഡോ. ഫിറോസ്, സി.യു. േത്രസ്യ തുടങ്ങിയവർ
കേരളത്തിലെ ഏറ്റവും മികച്ച കാമ്പസ് ഫിലിം സൊസൈറ്റിയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് ഫിലിം സൊസൈറ്റി. അടിയന്തരാവസ്ഥ പിന്നിട്ട വേളയിൽതന്നെ അത് ഉണർന്നു. ജോൺ എബ്രഹാമിന്റെ ‘കോഴിക്കോടൻ താവളങ്ങളി’ൽ ഒന്നായിരുന്നു കോളജ് ഹോസ്റ്റൽ. അത് ജോണിന്റെ മരണം വരെ നീണ്ടു. ലോക സിനിമകൾ മാത്രമായില്ല, കവിയരങ്ങുകൾകൊണ്ടും കാമ്പസ് നാടകങ്ങൾകൊണ്ടും അത് കോഴിക്കോടിന്റെ സാംസ്കാരിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഒന്നായി മാറി. എ. അയ്യപ്പനും ഗുഹനുമൊക്കെ അതെന്നും അഭയമായിരുന്നു. ഒരു തലമുറയിൽനിന്നും മറ്റൊരു തലമുറയിലേക്ക് ആ രാഷ്ട്രീയം കെടാതെ കാത്തുസൂക്ഷിച്ചു പോരുന്നതിൽ എല്ലാ മെഡികോസ് ബാച്ചുകളും പങ്കാളികളായി. ഏറ്റവും മികച്ച കോളജ് മാഗസിൻ ഇറക്കുന്നിലും ഓരോ ബാച്ചും സർഗാത്മകമായി മത്സരിച്ചു.
ഈ വളക്കൂറുള്ള മണ്ണിൽനിന്നാണ് 1993ൽ മെഡിക്കൽ കോളജിലെ അനസ്തേഷ്യാ വിഭാഗത്തോട് ചേർന്നുള്ള ഒരു ഒറ്റമുറിയിൽ സാന്ത്വന പരിചരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനും രൂപമെടുക്കുന്നത്. ഡോ. എം.ആർ. രാജഗോപാലും ഡോ. കെ. സുരേഷ് കുമാറും കാമ്പസിനുള്ളിൽനിന്നും ഉയർന്നുവന്നപ്പോൾ അശോക് കുമാറും പൂവാട്ടുപറമ്പ് വേണുവും വേണുവിന്റെ ജീവിതപങ്കാളി മീനയും മീനയുടെ സുഹൃത്ത് ലിസിയും ഒക്കെ ആ പ്രസ്ഥാനത്തിന്റെ ആദ്യ വളന്റിയർമാരായി രംഗത്തുവരുന്നത് എൺപതുകൾ സൃഷ്ടിച്ച സാമൂഹിക വിപ്ലവത്തിന്റെ അനന്തരഫലമായാണ്. തിരിഞ്ഞു നോക്കുമ്പോൾ ഒരു സർക്കാർ സംവിധാനമായ മെഡിക്കൽ കോളജിനകത്ത് ഒരു സർക്കാർ ഇതര സംവിധാനത്തിന് വിത്തിട്ട് വളരാനുള്ള ഒരു ‘നിയമവിരുദ്ധ’ പ്രവർത്തനമായിരുന്നു അത്. അതിന്റെ മുന്നിൽ അനസ്തേഷ്യ വിഭാഗം മേധാവിയായി ഡോ. എം.ആർ. രാജഗോപാൽ ഉണ്ടായിരുന്നതുകൊണ്ടാണ് അത് സാധ്യമായത് എന്നുമാത്രം. ഈ യാത്രയിൽ ഡോ. കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്നു.
പാലിയേറ്റിവ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ തുടക്ക കാലത്തുതന്നെ അർബുദബാധിതരുടെ മാനസിക പ്രശ്നങ്ങളും മരണത്തെ അതിജീവിച്ചവർ നേരിടുന്ന മാനസിക വെല്ലുവിളികളും സാന്ത്വന പ്രസ്ഥാനത്തിനകത്തും വളന്റിയർമാർക്കിടയിലും ചർച്ചയായിരുന്നു. ‘സാന്ത്വനം’ എന്ന വാക്കിന്റെ ആഴവും പരപ്പും ‘ഹോം കെയറി’ന് പോകുന്ന ഓരോ സാന്ത്വന പ്രവർത്തകനും ഒരു വലിയ വെല്ലുവിളിയായിരുന്നു. സാന്ത്വന പരിചരണത്തിന്റെ മേഖലകൾ വികസിക്കുകയായിരുന്നു. എല്ലാവിധ കിടപ്പുരോഗികളും അതിന്റെ പരിധിയിലേക്ക് വന്നു. വേദനസംഹാരികൾക്ക് പരിഹരിക്കാനാകാത്ത മനസ്സിന്റെ വേദനകളും സ്വാഭാവികമായും സാന്ത്വന പരിചരണ പ്രവർത്തകർക്ക് നേരിടേണ്ടി വന്നു. സൈക്കോ-ഓങ്കോളജി രംഗത്ത് വിദഗ്ധനായ ഡോ. മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് ഈ രംഗത്ത് മലബാറിൽ ജനങ്ങൾക്കിടയിൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. പാലിയേറ്റിവിന്റെ ഒരു ടീം മനോജിനൊപ്പം അണിനിരക്കുകയാണ് ചെയ്തത്.
ആർ.സി.സിയും ഇംഹാൻസും
തിരുവനന്തപുരത്ത് റീജനൽ കാൻസർ സെന്ററും കോഴിക്കോട്ട് ഇംഹാൻസും സ്ഥാപിക്കാനുള്ള തീരുമാനം എൺപതുകളുടെ തുടക്കത്തിൽ സർക്കാർ ഒരുമിച്ചെടുത്ത തീരുമാനമാണ്. എന്നാൽ, ആർ.സി.സി രാജ്യത്തിന് അഭിമാനമായ ഒരു മഹാസ്ഥാപനമായി വളർന്നപ്പോഴും ഇംഹാൻസ് കോഴിക്കോട്ട് ആരുമറിയാതെ അനാഥാവസ്ഥയിൽ കിടക്കുകയായിരുന്നു. ബാംഗ്ലൂരിലെ നിംഹാൻസ് പോലൊരു മാനസികാരോഗ്യ ചികിത്സാ ഗവേഷണ സ്ഥാപനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം പതിറ്റാണ്ടുകളോളം ആരും ഓർത്തില്ല. ആ ഇരുട്ടിൽനിന്നും അതിനെ ഉണർത്തിയത് കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും ഡി.എം.ഇയുമായിരുന്ന ഡോ. പി.വി. രാമചന്ദ്രനാണ്. അദ്ദേഹമാണ് പീഡിയാട്രിക്സിൽനിന്നും ചൈൽഡ് സൈക്യാട്രിയിലേക്ക് ചുവടുമാറ്റിയ ഡോ. പി. കൃഷ്ണകുമാറിനെ അനാഥമായിക്കിടന്ന ഇംഹാൻസിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നത്.
കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ പീഡിയാട്രിക്സ് വിഭാഗം പ്രഫസറായി ജോലിചെയ്ത കൃഷ്ണകുമാർ 2006ലാണ് കോഴിക്കോട് ഇംഹാൻസ് ഡയറക്ടർ ആയി നിയമിതനാകുന്നത്. 1983ൽതന്നെ പത്തേക്കർ സ്ഥലം ഇംഹാൻസിന് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും അതൊന്നും നടപ്പായിരുന്നില്ല. കുതിരവട്ടം ചിത്തരോഗാശുപത്രിയിലെ ഒരു ഒറ്റമുറിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു കൃഷ്ണകുമാർ നിയമിതനാകുംവരെ ഇംഹാൻസ്. പിന്നീടാണ് ഇംഹാൻസിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്താൻ പ്രൊപ്പോസൽ തയാറാക്കി സംസ്ഥാന സർക്കാർ മുഖേന കേന്ദ്രസർക്കാറിലേക്ക് അയക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ പ്രപ്പോസൽ അംഗീകരിച്ചാണ് കേന്ദ്ര സർക്കാർ 2008 ൽ 30 കോടി രൂപ അനുവദിച്ചത്. 2009ൽ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ഇടപെടലാണ് മൂന്നേക്കർ മെഡിക്കൽ കോളജിൽ അനുവദിച്ചു കിട്ടുന്നത്. തുടർന്നാണ് 80,000 ചതുരശ്ര അടിയുള്ള പുതിയ കെട്ടിടവും ആധുനിക സൗകര്യങ്ങളും ഒരുങ്ങിയത്. ഒരുവേള തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്ന് കരുതിയിരുന്ന ഇംഹാൻസിനെ കോഴിക്കോട്ട് തന്നെ പിടിച്ചുനിർത്തുന്നതിൽ എം.കെ. രാഘവൻ എം.പിയും എ. പ്രദീപ് കുമാർ എം.എൽ.എയും വലിയ പങ്കാണ് വഹിച്ചത്.
2006ൽ കൃഷ്ണകുമാർ തുടങ്ങിയ കുട്ടികളുടെ ഒ.പി ചൈൽഡ് ഡെവലപ്മെന്റ് സർവിസ് (സി.ഡി.എസ്) എന്നാണ് അറിയപ്പെട്ടത്. ഇംഹാൻസ് ഡയറക്ടറായി നിയമിതനായതിനുശേഷം ഈ സി.ഡി.എസിനെ ഇംഹാൻസിന്റെ ഭാഗമാക്കി. 2006 മുതൽ 2024 വരെ ഈ പ്രത്യേക ഒ.പിയിലൂടെ 82,000ത്തിലധികം കുട്ടികൾക്കാണ് ചികിത്സ നൽകിയത്. നിലവിൽ ഒരു വർഷം ഇംഹാൻസ് സി.ഡി.എസിൽ ചികിത്സതേടി എത്തുന്ന ഇരുപതിനായിരത്തിലധികം രോഗികളിൽ 6000ത്തോളം പേർ പുതിയ രോഗികളാണ്.
എം.ഫിൽ കോഴ്സുകളും ഹയർ ഡിപ്ലോമ കോഴ്സുകളും ഇംഹാൻസിൽ തുടങ്ങുന്നത് ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ്. കേരള ഹെൽത്ത് യൂനിവേഴ്സിറ്റിയുടെ പിഎച്ച്.ഡി സെന്ററാണ് ഇപ്പോൾ ഇംഹാൻസ്. എന്നാൽ, മതിയായ സ്ഥിരം നിയമനങ്ങൾ ഇല്ല എന്നതാണ് ഇംഹാൻസിനെ ഇപ്പോൾ ശ്വാസംമുട്ടിക്കുന്നത്. പത്തും പതിനഞ്ചും വർഷങ്ങളായി താൽക്കാലിക ജീവനക്കാരായി തുടരുന്നവർക്ക് സ്ഥിരം നിയമനം നൽകി ഇംഹാൻസിനെ നേർവഴിക്ക് നടത്താനുള്ള ശ്രമങ്ങളിലായിരുന്നു അവസാനം.
മലബാറിൽ കുതിരവട്ടം ചിത്തരോഗാശുപത്രിയിലെ ചികിത്സാ സംവിധാനമല്ലാതെ താഴേത്തട്ടിൽ മറ്റ് സൗകര്യങ്ങളില്ലാത്ത ഒന്നായിരുന്നു മനോരോഗ ചികിത്സ. ജനകീയ പിന്തുണയോടെ നടപ്പാക്കിയ കമ്യൂണിറ്റി മെന്റൽ ഹെൽത്ത് പദ്ധതി വഴി വീടുകളിൽ ചെന്ന് ചികിത്സ നൽകുന്ന ജനകീയ ചികിത്സാ പദ്ധതി ഡോ. പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത് സാന്ത്വന പരിചരണത്തിന്റെ വിജയ തുടർച്ചക്ക് പുതിയ മാനം നൽകുകയായിരുന്നു. 2017ൽ ഈ പദ്ധതി സർക്കാർ ഏറ്റെടുത്തു.
ചികിത്സക്ക് കണ്ണൂർ വരെ പോകേണ്ടിവന്നിരുന്ന കണ്ണൂരിലെ മട്ടന്നൂരിനടുത്തുള്ള കോടോളിപ്പുറം എന്ന വിദൂര ഗ്രാമത്തിലെ ജീവിതമാണ് കൃഷ്ണകുമാറിനെ ഡോക്ടറാകാൻ പ്രേരിപ്പിച്ചത്. ‘‘അത് അവന്റെ ആഗ്രഹമായിരുന്നില്ല തീരുമാനമായിരുന്നു’’ എന്ന് കൃഷ്ണകുമാറിന്റെ ദേവഗിരി കോളജിലെ അധ്യാപകനായ പ്രഫ. ശ്രീധരൻ സ്മൃതിപഥത്തിൽ ചേർന്ന അനുശോചന യോഗത്തിൽ സദസ്സിനെ ഓർമപ്പെടുത്തിയിരുന്നു.
80,000ത്തിലധികം കുട്ടികളുടെ മാനസിക പ്രശ്നങ്ങളുടെ ചികിത്സക്ക് നൽകിയതിലെ സംഭാവന മാത്രം കണക്കിലെടുത്താൽ ഡോ. കൃഷ്ണകുമാറിന് നൊേബൽ സമ്മാനം നൽകേണ്ടതാണെന്നാണ് സ്മൃതിപഥത്തിലെ അനുസ്മരണ യോഗത്തിൽ ദീർഘകാലം ഇംഹാൻസിന് നേതൃത്വം കൊടുത്ത, ഇപ്പോൾ കോട്ടക്കൽ ഗവൺമെന്റ് ആയുർവേദ ആശുപത്രി സി.ഒ.ഇയുമായ നീലകണ്ഠന്റെ അഭിപ്രായം. എന്നാൽ, കേന്ദ്ര സർക്കാർ നൽകുന്ന പത്മ പുരസ്കാരങ്ങളോ സംസ്ഥാന സർക്കാർ നൽകുന്ന കേരള ശ്രീ പുരസ്കാരങ്ങളോ നൽകി കൃഷ്ണകുമാറിന്റെ സേവനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരു അംഗീകാരവും ഇന്നുവരെ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരുവിധ സർക്കാർ ബഹുമതികളുമില്ലാതെ തന്നെയാണ് കോഴിക്കോട് സ്മൃതിപഥത്തിൽ അന്ത്യസംസ്കാര കർമങ്ങൾ നടന്നത്.
കണ്ണൂർ മട്ടന്നൂർ കൊടോളിപ്പുറത്ത് പരേതരായ വി. ഗോവിന്ദൻ നമ്പീശന്റെയും പി. ദേവിയുടെയും മകനാണ് കൃഷ്ണകുമാർ. കോഴിക്കോട് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ ഡോ. ഗീത ഗോവിന്ദരാജ് ആണ് ഭാര്യ. ഏകമകൻ അക്ഷയ് അമേരിക്കയിലെ കാലിഫോർണിയയിൽ ഐ.ടി. എൻജിനീയറാണ്. റിട്ട. പോളിടെക്നിക് അധ്യാപകൻ പി. രമേഷ് കുമാർ, ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ പി. നന്ദകുമാർ, കണ്ണൂർ പീസ് മൂവ്മെന്റ് ചെയർമാൻ പി. സതീഷ് കുമാർ, പി. ദിനേഷ് കുമാർ എന്നിവർ സഹോദരങ്ങളാണ്.
മായാത്ത പുഞ്ചിരി
സൗഹൃദങ്ങളിൽ മായാത്ത പുഞ്ചിരിയായിരുന്നു കൃഷ്ണകുമാർ. പതുക്കെ സംസാരിക്കുന്ന, ആരോടും ഒച്ചയെടുക്കാത്ത, സൗമ്യത ഒരിക്കലും കൈവിടാത്ത കൃഷ്ണകുമാർ എന്ന മെഡിക്കൽ വിദ്യാർഥി ഈ സമര തീച്ചൂളയിലുടനീളം ഒരു നിശ്ശബ്ദ വസന്തമായി നടന്നു. ആരുടെയും പിന്നിലല്ലാതെ, ആരുടെയും മുന്നിലല്ലാതെ, താനാണ് നയിക്കുന്നത് എന്ന് എവിടെയും ഒരിക്കലും ആരെയും തോന്നിപ്പിക്കാതെ എല്ലാവർക്കും ഒപ്പം നിന്നു. ധൃതി വെക്കാതെ നടന്നു, ഒരു കസേരയും വെട്ടിപ്പിടിക്കാതെ. അങ്ങനെയും മനുഷ്യർക്ക് മനുഷ്യരെ ചലിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
ഡോ. കൃഷ്ണകുമാർ
നാല് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദ കാലത്തുടനീളം ഒരിക്കൽപോലും ഒന്ന് മുഖം കറുപ്പിച്ചിട്ട് കണ്ടിട്ടേയില്ല. എന്നും പ്രകാശം പരത്തി സൗഹൃദങ്ങൾക്ക് താങ്ങും തണലുമായി നിന്നു. എന്റെ മാധ്യമജീവിതകാലത്തെ എത്രയോ ഏറ്റുമുട്ടലുകളിൽ തളർന്നുപോകാതെ പിടിച്ചുനിൽക്കാൻ പിടിവള്ളികൾ ചൂണ്ടിക്കാണിച്ചുതന്നിട്ടുണ്ട്. സഹോദരിമാരില്ലാത്തതിനാൽ കൃഷ്ണകുമാറിന്റെയും ഗീതയുടെയും വിവാഹത്തിന് സഹോദരിക്കുള്ള കോടിയുടുപ്പ് നൽകിയത് ദീദിക്കായിരുന്നു.
അർബുദത്തിനെതിരായ അതിജീവനപ്പോരാട്ട കാലത്ത് ഒരു സഹോദരനായി അവൾക്കൊപ്പം നിന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി അവളുടെ ഓരോ ബാച്ച് വിദ്യാർഥികളിലും അപഭ്രംശങ്ങൾ കാണുമ്പോൾ ആദ്യം തേടുന്ന സാന്ത്വനം കൃഷ്ണകുമാറിൽനിന്നാണ്. കുട്ടിക്കുറ്റവാളികളുടെ പുനരധിവാസ പ്രസ്ഥാനത്തിലും പലതരം ഫെമിനിസങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളിലും നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് ഡബ്ല്യു.സി.സിയുടെ നാൾവഴിയിൽ അതിജീവിതമാർക്ക് മാനസിക പിന്തുണയേകിയും കൃഷ്ണകുമാർ ഒപ്പമുണ്ടായിരുന്നു.
2025 ജനുവരി 25 ശനിയാഴ്ച പുലർച്ചക്ക് അസ്വസ്ഥമായ നെഞ്ചിൻകൂടുമായി മരണത്തിലേക്ക് പടിയിറങ്ങി വന്നപ്പോൾ പൊലിഞ്ഞുപോയത് തൊഴിലൊന്നവസാനിച്ചിട്ട് വേണം ജീവിക്കാൻ എന്നൊരു മോഹമായിരുന്നു. അതിന് തെല്ലും സമയം കിട്ടിയില്ല. ആ നഷ്ടം നികത്താനാവാത്തതാണ്; വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും അഴിച്ചിട്ട നിശ്ശബ്ദവിപ്ലവം അതിവിടെ ബാക്കിെവച്ചിട്ടുണ്ടെങ്കിലും.