ടോളിഗഞ്ചിൽ താമസിക്കുമ്പോൾ അംഫാൻ കൊടുങ്കാറ്റ് വീശിയതിന്റെ അനുഭവം ഇ. സന്തോഷ് കുമാര്‍ എഴുതുന്നു
ഇതൊരു അത്യപൂർവമായ ഒരു അനുഭവ ഒാർമയാണ്. ടോളിഗഞ്ചിൽ താമസിക്കുേമ്പാൾ അംഫാന്‍ കൊടുങ്കാറ്റ് വീശിയതിന്റെ അനുഭവം. കൊടുങ്കാറ്റ് വായനയുടെ ഏടുകളിൽനിന്ന് തന്നിലേക്കും വീശിയടിച്ചുവെന്ന് കഥാകൃത്തും നോവലിസ്റ്റുമായ ലേഖകൻ എഴുതുന്നു.
കൊടുങ്കാറ്റില്‍നിന്നും പുറത്തുവരുമ്പോള്‍ നിങ്ങള്‍ അതിനു മുമ്പുണ്ടായിരുന്ന ആളേ ആയിരിക്കുകയില്ല -ഹാരുകി മുറാകാമി (കാഫ്ക ഓണ്‍ ദ ഷോര്‍)ഒരു നൂറ്റാണ്ടിനിടയിൽതന്നെ ഏറ്റവും ശക്തമായ, അംഫാന്‍ എന്നു പേരുള്ള ഒരു കൊടുങ്കാറ്റ് 2020 മേയ് 20ാം തീയതി കൊല്‍ക്കത്തയില്‍ വീശുകയുണ്ടായി. 185 കി.മീ. വരെയായിരുന്നു അതിന്റെ വേഗത. കാലാവസ്ഥാവ്യതിയാനംകൊണ്ടാവാം, കിഴക്കന്‍ തീരങ്ങളില്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാവുന്നത് ഇപ്പോള്‍ അത്ര അപരിചിതമല്ലാതായിരിക്കുന്നു....
Your Subscription Supports Independent Journalism
View Plansകൊടുങ്കാറ്റില്‍നിന്നും പുറത്തുവരുമ്പോള്‍ നിങ്ങള്‍ അതിനു മുമ്പുണ്ടായിരുന്ന ആളേ ആയിരിക്കുകയില്ല -ഹാരുകി മുറാകാമി (കാഫ്ക ഓണ്‍ ദ ഷോര്‍)
ഒരു നൂറ്റാണ്ടിനിടയിൽതന്നെ ഏറ്റവും ശക്തമായ, അംഫാന്‍ എന്നു പേരുള്ള ഒരു കൊടുങ്കാറ്റ് 2020 മേയ് 20ാം തീയതി കൊല്‍ക്കത്തയില്‍ വീശുകയുണ്ടായി. 185 കി.മീ. വരെയായിരുന്നു അതിന്റെ വേഗത. കാലാവസ്ഥാവ്യതിയാനംകൊണ്ടാവാം, കിഴക്കന്‍ തീരങ്ങളില്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാവുന്നത് ഇപ്പോള്‍ അത്ര അപരിചിതമല്ലാതായിരിക്കുന്നു. അത്തരമൊരു കൊടുങ്കാറ്റിനെക്കുറിച്ചുള്ള ഓർമയാണിത്.
ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും ഉരുവംകൊള്ളുന്ന കൊടുങ്കാറ്റുകള്‍ ആദ്യം സുന്ദര്‍ബന്‍സിലാണ് എത്തുക. സുന്ദരവനങ്ങളിലെ കണ്ടല്‍മരങ്ങള്‍ അവയുടെ ക്രോധം ശമിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കും. അങ്ങനെ ആവുന്നത്രയും മയപ്പെട്ട കാറ്റുകളാണ് പിന്നീട് ബംഗാളിന്റെ ഇതരഭാഗങ്ങളിലേക്കു വീശുന്നത്. കോപാകുലരായ കാറ്റുകളെ സാന്ത്വനിപ്പിക്കാന്‍ പണിപ്പെടുന്നതിനിടയില്‍ സുന്ദര്ബന്സിലെ ആവാസവ്യവസ്ഥക്കു സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വിവരണാതീതമാണ്. വീടുകള്‍ തകരുന്നു, മരങ്ങള്‍ കടപുഴകുന്നു, നദികളില്‍നിന്നുള്ള ഉപ്പുവെള്ളത്തെ തടയാനായി കെട്ടിയ മണ്‍തിട്ടകള്‍ തകര്‍ന്ന് വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ പതിമൂന്നോളം കൊടുങ്കാറ്റുകളാണ് സുന്ദര്‍ബന്‍സിനെ തകര്‍ത്തു തരിപ്പണമാക്കിയത്. കുറേ പേര് മരിച്ചുപോയി. അതിന്റെ എത്രയോ ഇരട്ടി മനുഷ്യരെ കാണാതായി. ആലിയ, ഹുദ്ഹുദ്, ബുള്‍ബുള്‍ എന്നിങ്ങനെ ഭീതി വിതച്ച എത്രയെത്ര പേരുകള്‍! ഓരോ കൊടുങ്കാറ്റിനു ശേഷവും കൃഷി നശിച്ച്, തൊഴില്‍ നഷ്ടപ്പെട്ട് ചെറുപ്പക്കാര്‍ സ്വന്തം ഗ്രാമങ്ങളില്‍നിന്നും പലായനം ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴില്തേടിയെത്തുന്നവരില് ഏറിയപങ്കും ഇങ്ങനെയുള്ള കാലാവസ്ഥാ അഭയാർഥികളാണ് (Climate refugees). ഗ്രാമങ്ങളില്‍ പിന്നെ അവശേഷിക്കുന്നത് ഏറിയപങ്കും വയസ്സുചെന്ന മനുഷ്യരാണ്. ജനുവരി അവസാനം സുന്ദര്ബന്സിലെ ഗ്രാമങ്ങളില്‍ പോയപ്പോള്‍ അത്തരം കുറെ മനുഷ്യരെ പരിചയപ്പെട്ടു. ഇനിയും പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കുമെന്നറിഞ്ഞിട്ടും അവര്‍ വീണ്ടും ജീവിതം കരുപ്പിടിക്കാന്‍ ശ്രമിക്കുന്നതു കണ്ടു. മണ്ണുകൊണ്ടു പുതുക്കിപ്പണിത വീടുകള്‍, പുല്ലോ ആസ്ബസ്റ്റോസോ മേഞ്ഞ മേല്‍ക്കൂരകള്‍. കൊടുങ്കാറ്റുകളിലൂടെ കടന്നുപോന്ന മനുഷ്യര്‍ കണ്ടല്മരങ്ങളെപ്പോലെയാണ്. കാറ്റുകള്‍ക്ക് അവയെ ഉലയ്ക്കാനായേക്കും, കടപുഴക്കാനാവില്ല.
ഞാന്‍ അപ്പോള്‍ ടോളിഗഞ്ച് എന്ന പ്രദേശത്തു താമസിക്കുകയാണ്. ആറുനിലയുള്ള ഒരു കെട്ടിടത്തില്‍, നാലാമത്തെ നിലയിലാണ് ഫ്ലാറ്റ്. ഉച്ചതിരിഞ്ഞു മൂന്നുമണിയോടെ അംഫാന്കാറ്റ് കരയിലേക്കു വന്നെത്തുമെന്നും പിന്നീടുള്ള മണിക്കൂറുകളില്‍ ബംഗാളിന്റെ തീരപ്രദേശങ്ങളില്‍ ആഞ്ഞുവീശിയതിനു ശേഷം ഭാഷ തെറ്റാതെ ബംഗ്ലാദേശിലേക്കു പോകുമെന്നുമൊക്കെ നേരത്തേത്തന്നെ മുന്നറിയിപ്പു കിട്ടിയിരുന്നു. അങ്ങനെയൊക്കെ സംഭവിക്കുകയുംചെയ്തു. സുന്ദര്ബന്പ്രദേശത്തുനിന്നും മുപ്പതുലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നഗരത്തിലും ആ ദിവസം ആള്‍പ്പെരുമാറ്റം കുറവായിരുന്നു. കോവിഡ് കാലമായതുകൊണ്ട് ആളുകള്‍ ഓഫിസ് ജോലികളില്‍ കുറേയൊക്കെ വീടുകളിലേക്കു മാറ്റിയിരുന്നല്ലോ. കാറ്റിനെക്കുറിച്ചു വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആ സമയമാവുമ്പോഴേക്കും ഗതാഗതം നിര്‍ത്തിവെക്കണമെന്നും പുറത്തിറങ്ങരുതെന്നുമൊക്കെയുള്ള നിർദേശം സ്വീകരിച്ച് ഞങ്ങളും താമസസ്ഥലത്തിനു പുറത്തിറങ്ങാതെയിരുന്നു. ചെറുപ്പത്തില്‍ സൂര്യഗ്രഹണ കാലത്തു പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ അടച്ചിരുന്ന അനുഭവം ഓർമിച്ചു. ഗ്രഹണം കാണാന്‍ കണ്ണാടികളും ചാണകവെള്ളവുമൊക്കെയാണ് അന്ന് ഉപയോഗിച്ചിരുന്നതെന്ന് ഓര്‍ക്കുന്നു. പക്ഷേ, കാറ്റിനെ കാണുന്നതെങ്ങനെ?
കാലത്തു മുതല്‍ മഴയുണ്ടായിരുന്നു. കുറച്ചു നേരത്തേക്കു വന്നു മുഖംകാണിച്ചു തിരിച്ചുപോവുന്ന പതിവു ബംഗാളിമഴയല്ല, വിടാതെ പിടിക്കുന്ന നമ്മുടെ നാട്ടുകാരന്മഴ പോലെയുള്ള ഒന്ന്. മൂന്നുമണിയോടെ കാറ്റിന്റെ സഞ്ചാരം സൂചിപ്പിച്ചുകൊണ്ട് വലിയൊരു മൂളക്കം കേട്ടു. വയസ്സുചെന്ന ആരോ ആധിയില്‍ പ്രാണശ്വാസം വലിക്കുകയാണെന്നു തോന്നി. ആ മുഴക്കം കൊടുങ്കാറ്റു വിട്ടുപോകുന്ന സമയംവരെ നിലച്ചതേയില്ല. മറ്റെല്ലാ ശബ്ദങ്ങളും അതിന്റെ പശ്ചാത്തലത്തിലായിരുന്നു പിന്നീട്. സമുദ്രത്തില്‍നിന്നും ചുഴലി പുറപ്പെടുന്നതിന്റെ ഒച്ചയാണെന്ന് ആരോ പറഞ്ഞു. വാതിലുകളും ജനലുകളുമെല്ലാം വിറക്കുന്നതുപോലെ തോന്നി. 'കാറ്റു കാണാനായി' പുറത്തെ ഇടനാഴിയിലേക്കു പോയി. അതും പോരെന്നു തോന്നിയപ്പോള്‍ ആ കാഴ്ചകളെ മൊബൈല്‍ ഫോണില്‍ പകര്‍ത്താമെന്നു വ്യാമോഹിച്ച് കുറച്ചുകൂടി നീങ്ങി താഴത്തെ നിലകളിലേക്കു പോകുന്ന കോണിപ്പടികള്ക്കടുത്തേക്കു പോയി. നാലാം നിലയിലായിരുന്നു ഞങ്ങള്‍. താഴെ ഉലയുന്ന വൃക്ഷത്തലപ്പുകളിലും കെട്ടിടങ്ങള്‍ക്കുമേല്‍ വലിച്ചുകെട്ടിയ ടാര്പോളിനുകളിലും കൊടിതോരണങ്ങളിലുമൊക്കെ ഭൂതത്തെപ്പോലെ ആവേശിച്ച് കാറ്റ് അതിന്റെ വരവറിയിച്ചു. ഭൂമി വിറകൊള്ളുകയും ചരാചരങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ പിടിച്ചുനിൽക്കാന് കഴിയാതെ ആടിയുലയുകയും ചെയ്തുകൊണ്ടിരുന്നു. പരിസരങ്ങള്‍ മുഴുവനായും സംഭീതമായൊരു നൃത്തത്തില്‍ പങ്കെടുക്കുന്നതുപോലെ തോന്നി. ആകെയുണ്ടായിരുന്ന തുണ്ടുഭൂമികളില്നിന്നും പിടിവിടാതിരിക്കാന്‍ പൊരുതുകയായിരുന്നു വൃക്ഷങ്ങള്‍. പക്ഷേ, മിക്കവക്കും പിടിച്ചുനിൽക്കാനായില്ല. ചിലതെല്ലാം നടുവെ പിളര്ന്നുപോയി, ചിലവ നുറുങ്ങി സ്വയം ചെറുതായി. ഇനിയും ചിലവ ഭൂമിയില്‍ അവക്കുണ്ടായിരുന്ന വേരുകളടക്കം പുഴകി നിലംപറ്റിക്കിടന്നു. പോയ പൂജക്കാലത്തുനിന്നും ബാക്കിനിന്ന മുളന്തൂണുകളും ടെലിഫോണ്‍ പോളുകളും അവയെ പരസ്പരം കൂട്ടിക്കെട്ടിയിരുന്ന കമ്പികളുമെല്ലാം മരങ്ങള്‍ക്കു മുകളിലേക്കു വീണു. പഴയ വീടുകളുടെ മേല്ക്കൂരകളില്നിന്നും കാറ്റ് അടര്‍ത്തിയെടുത്ത തകിടും ഓടുകളും ചുറ്റിലും പറന്നു കളിച്ചു. ഭൂമിയിലപ്പോള്‍ എല്ലാം കൈവിട്ടുപോയ ഒരു മന്ത്രജാലക്കാരന്റെ നിസ്സഹായമായ പ്രദര്‍ശനം അരങ്ങേറുകയാണെന്നു തോന്നിച്ചു.
ഇടനാഴിയില്‍ നില്ക്കുന്നതു വളരെ അപകടകരമായിരുന്നു. അതു ചെയ്യാന്‍ പാടില്ലെന്ന് പിന്നീടാണ് തിരിച്ചറിവുണ്ടായത്. ഏതുനിമിഷവും കാറ്റിന്റെ ശക്തികൂടാം. പുറത്തുനിൽക്കുന്നവരെയൊക്കെ കരടുകള്‍ അടിച്ചുകുടഞ്ഞു കളയുന്നതുപോലെ കാറ്റ് പുറത്തേക്കെറിഞ്ഞുവെന്നു വരാം. ആടിയുലയുന്ന ഒരു മരത്തിന്റെ ഫോട്ടോയെടുക്കാനായി ശ്രമിക്കവേ, സൂചനയെന്നോണം ആരോ പിടിച്ചുവലിക്കുന്നതായി തോന്നി. അടുത്ത നിമിഷം മൊബൈല്‍ഫോണ്‍ കൈയില്‍നിന്നും വീണു. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ കാറ്റ് ജെല്ലിക്കെട്ടിലെ കൂറ്റന്കാളയെപ്പോലെ വന്നിടിച്ച് നിലത്തേക്കു വീഴ്ത്തിക്കളഞ്ഞു. ഇനിയും പുറത്തുനിൽക്കുന്നതു സുരക്ഷിതമല്ലെന്നു തോന്നി.
അതിനെക്കാള്‍ വലിയൊരു വിഡ്ഢിത്തം പിന്നീടു ചെയ്തു. കാറ്റിനോടൊപ്പം ശക്തമായ മഴയുമുണ്ടായിരുന്നു. കാറ്റ് മഴയെ നാനാദിശകളിലേക്കും പ്രസരിപ്പിച്ചു, സ്വയം നനയുകയും നനക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരൽപം ഇളകിനിന്നിരുന്നതുകൊണ്ട് അടക്കാന്‍ വിട്ടുപോയ ജനൽപാളിയിലൂടെ താമസിക്കുന്ന മുറിയിലേക്കും വെള്ളം കയറിവരുന്നതു കണ്ടു. ആ പാളി അടക്കണമെന്നു തീരുമാനിച്ചു. പക്ഷേ, അതു വലിച്ചടക്കാന്‍ നോക്കുമ്പോള്‍ കാറ്റുവന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു. അറിവില്ലായ്മകൊണ്ടുള്ള സാഹസികത കാരണം പിന്തിരിയാതെ വീണ്ടും ഒരിക്കല്‍ക്കൂടി ശ്രമിച്ചു. ഇത്തവണ ജാലകത്തിന്റെ താഴത്തു പിടികിട്ടി. കാറ്റിനെതിരെ ബലം പിടിച്ച് അവസാനം അതു കൊളുത്തിലേക്കു വലിച്ചിടാന്‍ കഴിഞ്ഞു. പക്ഷേ, അപ്പോള്‍ കോപാക്രാന്തനായ കാറ്റ് ജനൽപാളിയെത്തന്നെ സ്വയം അടര്‍ത്തിയെടുത്തു താഴേക്കു കൊണ്ടുപോയി. വേണമെങ്കില്‍ കാറ്റിന് മനുഷ്യനെക്കൂടി എടുത്തുകൊണ്ടുപോകാമായിരുന്നു എന്നോര്‍ത്തപ്പോഴുണ്ടായ ഭീതി ഇപ്പോഴും മാറുന്നില്ല.
അതിനുശേഷം മഴയത്രയും മുറിയിലേക്കുകൂടി പെയ്യാന്‍ തുടങ്ങി. കട്ടിലും പെട്ടികളും സാധനങ്ങളുമെല്ലാം മാറ്റുകയല്ലാതെ വേറെ വഴിയില്ലെന്നായി. ഇടക്കിടെ കറന്റു പോയിരുന്നു. പക്ഷേ, വൈകാതെ തിരിച്ചുവന്നു. ആ പ്രദേശങ്ങളില്‍ മുഴുവന്‍ ഭൂമിക്കടിയിലൂടെ കേബിള്‍ വലിച്ചിരുന്നതുകൊണ്ട് രക്ഷയായി. വൈദ്യുതി മുകളിലൂടെ വലിച്ചുകൊണ്ടുപോയ ഭാഗങ്ങളിലെല്ലാം കറന്റു വരാന്‍ ദിവസങ്ങളെടുത്തു. വന്നതുതന്നെ താൽക്കാലികമായ ചില ക്രമീകരണങ്ങളിലൂടെയായിരുന്നു. പാളി അടര്‍ന്നുപോയ ജനലിന്റെ വിടവിലൂടെ നോക്കുമ്പോള്‍ ഇരുട്ടില്‍ ആണ്ടുകിടക്കുന്ന നഗരം കാണാം. മഴ തോരാതെ പെയ്യുന്നുണ്ട്. കാറ്റിന്റെ തോറ്റം തീര്‍ന്നിട്ടില്ല. നിലക്കാത്ത ആ മുഴക്കം ഇപ്പോഴുമുണ്ട്. വന്മരങ്ങള് വീണുപോയതിന്റെ ശൂന്യതയിലേക്ക് കൂടുതല്‍ ഇരുട്ടുകയറി വന്നിരിക്കുന്നു. ഏഴുമണിയോടെ കാറ്റൊന്നു മാറിനിന്നു, പക്ഷേ അരമണിക്കൂറിനുശേഷം വീണ്ടും തിരികെ വന്നു.
എപ്പോഴാണ് കാറ്റുവിട്ടുപോയത് എന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. രാത്രി വൈകിയിട്ടെപ്പോഴോ ആയിരിക്കണം. ഞങ്ങളുടെ അപ്പാര്‍ട്മെന്റിലെ പല മുറികളിലും ചുവരുകള്‍ വിണ്ടുകീറിയിരിക്കുന്നതു കണ്ടു. അതെങ്ങനെ സംഭവിച്ചു എന്നു മനസ്സിലായില്ല. നഗരങ്ങളില്‍ ആളുകള്‍ താരതമ്യേന സുരക്ഷിതരായിരുന്നു. മറ്റിടങ്ങളില്‍ അങ്ങനെയായിരുന്നില്ല. ദൂരെ, നഗരപ്രാന്തത്തിലെവിടെയോ ഒരു ചെറിയ വീടിന്റെ തകരമേല്ക്കൂര അടര്ന്നുപോകുന്നതു ടെലിവിഷനില്‍ കാണിക്കുന്നുണ്ടായിരുന്നു. ആദ്യം അതിന്റെ ആണികള്‍ കിരുകിരെ ശബ്ദത്തില്‍ അടര്‍ന്നുവരുന്നതും അതിനുശേഷം പനയോലകളും അപൂർവം ചില ഓടുകളും കാറ്റില്‍ പറന്നുകളിക്കുന്നതും കാണാമായിരുന്നു. വൈകാതെ ഒരു വലിയ കമ്പളമെന്നതുപോലെ ആ തകരവിതാനം ആകാശത്തേക്കുയര്‍ന്നു. മുളകളും മണ്കട്ടകളുംകൊണ്ടു നിർമിച്ച നിരാലംബമായ ചുവരുകള്ക്കുമേല് ചാഞ്ഞും ചരിഞ്ഞും മഴ വീശിയടിക്കുമ്പോള്‍ ദൃശ്യങ്ങള്‍ നിലച്ചു. ഇനി വൈകാതെ ആ ചുവരുകള്‍ നിലം പൊത്തും എന്നുള്ളത് കാണാതെത്തന്നെ ഉറപ്പിക്കാമായിരുന്നു.
പിറ്റേന്നു കാലത്ത്, പരിസരങ്ങളില്‍ എന്തു സംഭവിച്ചു എന്നു നോക്കാനായി പുറത്തിറങ്ങി. ടോളിഗഞ്ച് അഗ്രഗാമി ഫുട്ബാള്‍ ക്ലബിനു നേരെ എതിര്‍വശത്തുള്ള റോഡിലും ചെറിയ മൈതാനവും മരങ്ങള്‍ വീണുകിടന്ന് ഒരു വനംപോലെയായിട്ടുണ്ട്. ഇലകള്‍ മൂടിനിൽക്കുന്നതിനാല്‍ അകലങ്ങളിലേക്കു കാണാന്‍ കഴിയുന്നില്ല. റോഡുകള്‍ക്കു കുറുകെ നിരനിരയായി വീണുകിടക്കുന്ന മരങ്ങള്‍ മാറ്റാതെ ഗതാഗതം സാധ്യമല്ല. അവക്കടിയില് തകര്‍ന്നുപോയ വാഹനങ്ങളുമുണ്ട്. വീണുകിടക്കുന്ന മരങ്ങള്‍ക്കരികിലൂടെ, അല്ലെങ്കില്‍ അവക്കു മുകളിലൂടെ കയറിയിറങ്ങി കുറെ ദൂരം പിന്നെയും പോയി. നേതാജി സുഭാഷ്ചന്ദ്രബോസ് റോഡില്‍ മുഴുവന്‍ മരങ്ങളാണ്. ട്രാഫിക് ജങ്ഷനുകളില്‍ തകര്‍ന്നുവീണു കിടക്കുന്ന പൊലീസ് ബൂത്തുകള്‍, നിലംപതിച്ച സിഗ്നലുകള്‍. വലിയ ആലുകള്‍ പലതും വീണുകിടക്കുന്നത് അവക്കു ചുറ്റും കെട്ടിയ തറകളെത്തന്നെ തലകീഴ് മറിച്ചുകൊണ്ടാണ്.
വലിയവന്റെയും ചെറിയവന്റെയും അന്യാപദേശകഥയിലെന്നപോലെ വീണുകിടക്കുന്നതില്‍ അധികവും വൃക്ഷഭീമന്മാരായിരുന്നു. ചെറിയ ചെടികളും മരങ്ങളും താരതമ്യേന പിടിച്ചുനിന്നു എന്നുവേണം പറയാന്‍. പ്രശസ്തമായ ബൊട്ടാണിക്കല്‍ ഗാര്ഡനിലേതടക്കം ഏതാണ്ടു പതിനായിരത്തോളം മരങ്ങള്‍ വീണുപോയി എന്നതാണ് കണക്ക്. ഒമ്പതുമണിക്കൂര്‍ വീശിയടിച്ച കാറ്റിന്റെ നഷ്ടം നികത്താന്‍ ഒമ്പതുവര്‍ഷം കൊണ്ടുപോലും സാധിക്കില്ലെന്ന് ഒരു റിപ്പോര്‍ട്ടില്‍ കണ്ടു. അതിനിടയില്‍ ആവര്‍ത്തിക്കാവുന്ന പ്രകൃതിദുരന്തങ്ങള്‍ വേറെ.
വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സാരമായ തകരാറുകള്‍ പറ്റിയിരുന്നു. പലതിന്റെയും ജനൽപാളികള് അടര്‍ന്നുവീണു, ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് വിള്ളലുകളുണ്ടായി. പഴയ ചില എടുപ്പുകളെങ്കിലും നിലംപൊത്തി. എന്നാല്‍, ക്ഷതമേല്‍ക്കാതെ പിടിച്ചുനിന്ന '42' (forty two) എന്ന പേരുള്ള കെട്ടിടം പ്രത്യേകം പ്രസ്താവ്യമര്ഹിക്കുന്നു. നഗരത്തിലെ ഏറ്റവും ഉയരംകൂടിയ വിലാസമാണത്. പാര്‍ക്ക് സ്ട്രീറ്റിന്റെ എതിര്‍വശത്തായി, ഞങ്ങളുടെ ഓഫിസിന്റെ തൊട്ടുപിറകിലായിട്ടാണ് താരതമ്യേന പുതിയതായ ആ കെട്ടിടം. 42 ചൗരങ്ഗി എന്ന വിലാസത്തില്‍നിന്നാണ് 42ന് ആ പേര് ലഭിച്ചിട്ടുള്ളത്, അല്ലാതെ നിലകളുടെ എണ്ണംകൊണ്ടല്ല (അറുപതില്പരം നിലകളുണ്ട് ആ കെട്ടിടത്തിന്). കൊടുങ്കാറ്റു വീശുകയാണെങ്കില്‍ അത്രയും ഉയരമുള്ള ഒരു കെട്ടിടം ആടിയുലയാനുള്ള സാധ്യതകള്‍ വളരെയേറെയുണ്ടല്ലോ. അതിനു പരിഹാരമായി ഏറ്റവും മുകളിലെ നിലയില്‍ നിർമിച്ചിട്ടുള്ള രണ്ടു ടാങ്കുകളില്‍ 120 ടണ്‍ വെള്ളം നിറക്കുകയാണ് അവര്‍ ചെയ്തത്. ഏതുവശത്തേക്കു ചെരിഞ്ഞാലും എതിര്‍ഭാഗത്തേക്ക് വെള്ളം ഒഴുകിച്ചെന്ന് കെട്ടിടത്തിന്റെ സമനില പാലിക്കുന്നവിധത്തിലാണ് അതിന്റെ നിർമിതി. അത്തരമൊരു എൻജിനീയറിങ്ങിന്റെ പരീക്ഷണവിജയം കൂടി അംഫാന്‍ സമ്മാനിച്ചു.
ഈയൊരു അനുഭവം ആദ്യമായിട്ടായിരുന്നു. അതുവരേക്കും കൊടുങ്കാറ്റ് വായനയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേയിലെ ആ ദിവസം അത് ഏടുകള്വിട്ടു പുറത്തേക്കു വീശിയടിച്ചു.