Begin typing your search above and press return to search.
proflie-avatar
Login

ആദർശ തീക്ഷ്ണമായ കമ്യൂണിസ്റ്റ് കാലം

ആദർശ തീക്ഷ്ണമായ കമ്യൂണിസ്റ്റ് കാലം
cancel

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്​ 75 വയസ്സ്​ തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്​സ്​ രേഖകൾ കണ്ടെടുക്കുകയാണ്​ ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമര രേഖകളും അദ്ദേഹം പഠന വിധേയമാക്കുന്നു.തടവിലായ സഖാക്കളുടെ ജീവൻ രക്ഷിക്കാൻ, സ്വയം ബലിയാകുന്നതിനുപോലും മടിക്കാഞ്ഞ കമ്യൂണിസ്റ്റുകളുണ്ടായിരുന്നു കേരളത്തിൽ. മുക്കാൽ നൂറ്റാണ്ട് മുമ്പാണത്. പഴയ തിരു-കൊച്ചി സംസ്ഥാനത്ത് എറണാകുളം പട്ടണത്തിനടുത്തുള്ള ഇടപ്പള്ളി ഗ്രാമത്തിലെ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽനിന്ന് രണ്ട് സഖാക്കളെ ജീവനോടെ രക്ഷിച്ചു പുറത്തെത്തിക്കണം. പൊലീസിന്റെ കൈയിൽപെടുന്ന കമ്യൂണിസ്റ്റുകൾ ജീവനോടെ...

Your Subscription Supports Independent Journalism

View Plans
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്​ 75 വയസ്സ്​ തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്​സ്​ രേഖകൾ കണ്ടെടുക്കുകയാണ്​ ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമര രേഖകളും അദ്ദേഹം പഠന വിധേയമാക്കുന്നു.

തടവിലായ സഖാക്കളുടെ ജീവൻ രക്ഷിക്കാൻ, സ്വയം ബലിയാകുന്നതിനുപോലും മടിക്കാഞ്ഞ കമ്യൂണിസ്റ്റുകളുണ്ടായിരുന്നു കേരളത്തിൽ. മുക്കാൽ നൂറ്റാണ്ട് മുമ്പാണത്. പഴയ തിരു-കൊച്ചി സംസ്ഥാനത്ത് എറണാകുളം പട്ടണത്തിനടുത്തുള്ള ഇടപ്പള്ളി ഗ്രാമത്തിലെ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽനിന്ന് രണ്ട് സഖാക്കളെ ജീവനോടെ രക്ഷിച്ചു പുറത്തെത്തിക്കണം. പൊലീസിന്റെ കൈയിൽപെടുന്ന കമ്യൂണിസ്റ്റുകൾ ജീവനോടെ പുറത്തുവരുന്നത് ഉറപ്പില്ലാത്ത കാര്യമാണന്ന്. 1950 ഫെബ്രു. 28 പുലരുംമുമ്പ് രാത്രി 2.15ന് സമാനതയില്ലാത്ത, ആദർശതീക്ഷ്ണമായ കരളുറപ്പോടെ ഒരുകൂട്ടം യുവ കമ്യൂണിസ്റ്റുകൾ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു.

അതിന്റെ അറിയപ്പെടാത്ത കോടതിരേഖകൾ ആദ്യമായി വെളിച്ചം കാണുകയാണ് ഇവിടെ. ആ കുറ്റവാളികൾ പക്ഷേ, പിന്നീട് ജനപ്രിയരായ കമ്യൂണിസ്റ്റ് നേതാക്കളായി ഉയർന്നു. കമ്യൂണിസ്റ്റ് പാർട്ടിയെ വലിയ ബഹുജന പ്രസ്ഥാനമായി വളരാൻ സഹായിച്ച കലാപങ്ങളിൽ വലിയ പ്രാധാന്യമുണ്ട് ആ കൃത്യത്തിന്.

ആ കേസിന്റെ വിശദാംശങ്ങൾ കാര്യമായി പുറത്തുവന്നിട്ടില്ല ഇതുവരെ. അതുകൊണ്ട്, കണ്ടെടുത്ത ആർക്കൈവ്സ് രേഖകളും മറ്റും അതുപോലെതന്നെ വിവരിക്കുകയാണ് ഇവിടെ. നിയമവിദ്യാർഥികളുടെയും മറ്റും പാഠഭാഗമായി കണക്കാക്കുന്ന ക്രിമിനൽ കേസാണിത്. എറണാകുളം റീജനൽ ആർക്കൈവ്സിൽ Printed Recordsൽ J-3 നമ്പറായി സൂക്ഷിച്ചിട്ടുള്ള ‘Judgement of Edappally Case’ലെ അഞ്ചിക്കൈമൾ സെഷൻസ് കോടതി വിചാരണയും കത്തിടപാടുകളും കേരള ഹൈകോടതി ലൈബ്രറിയിലുള്ള INDIAN REPORTS 1953ലെ Travancore Cochin Seriesലുള്ള തിരു-കൊച്ചി ഹൈകോടതിയുടെ 15.6.1953ലെ അപ്പീൽ വിധി, ‘K.C. Mathew and Others vs The State of Travancore Cochin on 15 December 1955’ എന്ന സുപ്രീംകോടതി അപ്പീൽ വിധി (http://indiankanoorn.org/doc/1566447) ഇത്രയുമാണ് ഇവിടെ പകർത്തുന്ന കോടതി രേഖകൾ.

4 പതിറ്റാണ്ട് മുമ്പ് 1982-83ൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ കേസിലെ ഒരു പ്രതിയായ പയ്യപ്പിള്ളി ബാലൻ ‘ആലുവാപ്പുഴ പിന്നെയും ഒഴുകി’ എന്ന തലക്കെട്ടിൽ ലേഖനപരമ്പരയായി എഴുതുകയും, അതേ തലക്കെട്ടിൽ ചിന്ത പബ്ലിഷേഴ്സ് 1985 ജനുവരിയിൽ പുസ്തകമാക്കുകയും ചെയ്ത ഉജ്ജ്വല കൃതിയെ സംഭവ വിവരണത്തിന് ഇവിടെ ആശ്രയിക്കുന്നുണ്ട്. സുപ്രീംകോടതി വിധി മാത്രമേ ഗ്രന്ഥകാരൻ കണ്ടതായി സൂചിപ്പിക്കുന്നുള്ളൂ (പേ. 224). മറ്റു രണ്ടു കോടതിവിധികളും കണ്ടെടുത്ത് ജീവിതകാലത്തുതന്നെ എന്റെ പ്രിയ സഖാവിനെ പയ്യപ്പിള്ളിയെ, കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ശേഷിക്കുന്നു. മറ്റൊരു പ്രതിയായ എം.എം. ലോറൻസിന്റെ ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥ (ഡി.സി ബുക്സ്, 2023 നവംബർ), വേറൊരു പ്രതിയായ എൻ.കെ. മാധവന്റെ മകൻ എൻ.എം. പിയേഴ്സൺ എഴുതിയ ‘ഇടപ്പള്ളി’ (Insight Publica, May 2022) ഈ പുസ്തകങ്ങളെയും ആശ്രയിക്കുന്നു:

‘‘സ. എൻ.കെ. മാധവനെ മോചിപ്പിക്കാൻ വേണ്ടിയായിരുന്നു ഇടപ്പള്ളി സ്റ്റേഷൻ ആ​​ക്രമിക്കപ്പെട്ടത്. ആരാണീ എൻ.കെ. മാധവൻ? ഇന്നത്തെ ആലുവ-കളമശ്ശേരി-ഏലൂർ വ്യവസായ മേഖലയിലും കുന്നത്തുനാട്-പറവൂർ-ആലുവ താലൂക്കുകളിലും കമ്യൂണിസ്റ്റ്-വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ ആദ്യശിൽപികളിൽ പ്രമുഖൻ. മികവുറ്റ സംഘാടകൻ. തീപ്പൊരി പ്രക്ഷോഭകാരി. ഞങ്ങളെല്ലാം അക്കാലത്ത് അൽപം അതിശയോക്തികലർത്തി പറയുമായിരുന്നു: ‘‘സ. എൻ.കെ. ചെല്ലുന്നിടത്ത് പച്ചവെള്ളത്തിന് തീപിടിപ്പിക്കും.

മൺതരികളെ തുള്ളി വിറപ്പിക്കും.’’ ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളികളുടെ സംഭാവനയാണ് ഈ വിപ്ലവകാരി... അങ്ങനത്തെ ആരാധ്യനും പ്രാപ്തനുമായ സഖാവിനെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലാക്കൊല ചെയ്ത് ലോക്കപ്പിൽ ഇട്ടിരിക്കുന്നത്! അദ്ദേഹത്തെ മോചിപ്പിക്കണം. അവിടെ (കാടിപ്പറമ്പിൽ, ഫെബ്രു. 27ന്) കൂടിയ എല്ലാ സഖാക്കളുടെയും ഉള്ളിൽ തട്ടിയ ആഗ്രഹമായിരുന്നു അത്...

‘​‘നെഹ്റു ഗവൺ​െമന്റ് ജനാധിപത്യ വിപ്ലവത്തിന്റെ ഒരൊറ്റ കടമപോലും നിറവേറ്റാൻ തയാറായില്ലെന്നതോ പോകട്ടെ, ജനകീയാവശ്യങ്ങളെയും ജനകീയസമരങ്ങളെയും അടിച്ചമർത്തുന്ന ദിശയിലേക്ക് നീങ്ങുകയുംചെയ്തു... (1950) മാർച്ച് 9ന് ആസൂത്രണം ചെയ്തിരിക്കുന്ന റെയിൽവേ പണിമുടക്കത്തെ ഈ പശ്ചാത്തലത്തിൽ വീക്ഷിക്കണം...

‘‘ഫെബ്രുവരി 26ന് രാത്രി 10 മണിക്ക് വട്ടേക്കുന്നത്തുവെച്ച് (കമ്യൂ. പാർട്ടി) ആലുവ ലോക്കൽ കമ്മിറ്റി യോഗം ചേർന്നു. അജണ്ടയിലെ പ്രധാന ഇനം മാർച്ച് 9ന്റെ പണിമുടക്കംതന്നെ. യോഗം കഴിഞ്ഞപ്പോൾ എല്ലാവരും അവിടെനിന്നിറങ്ങി. സമയം 4.30 ആയി. ഒളിവിലുള്ളവർ അവരുടെ ഷെൽട്ടറുകളിലേക്കും മറ്റുള്ളവർ മറ്റ് കേന്ദ്രങ്ങളിലേക്കും പിരിഞ്ഞുപോയി. സ. എൻ.കെ. മാധവന് ഏതെങ്കിലും ഷെൽട്ടറിൽ എത്താൻ കഴിഞ്ഞില്ല. നേരം നന്നേ പുലർന്നു. അദ്ദേഹവും കൂടെയുണ്ടായിരുന്ന വറുതുട്ടിയും ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് ഏതാണ്ട് അര മൈൽ കിഴക്കുവശം വട്ടേക്കുന്നത് റെയിൽപാതക്കരികിൽ ഒരു കശുമാവു തോട്ടത്തിൽ ചുറ്റിക്കറങ്ങി.

വിശപ്പും ദാഹവും ഉറക്കക്ഷീണവുംകൊണ്ട് അവർ തളർന്നു. തൊട്ടടുത്ത് റെയിൽപാതയിൽ ഗാങ് കൂലിക്കാരായ സഖാക്കൾ പണിയെടുക്കുന്ന ശബ്ദം കേട്ട് അവർ റെയിൽപാതയിലേക്ക് വന്നു. പണിമുടക്കിനെക്കുറിച്ചും അന്നുരാത്രി കൂടാനിരിക്കുന്ന യോഗത്തെപ്പറ്റിയും അവരോട് സംസാരിക്കാമെന്നായിരുന്നു എൻ.കെ കരുതിയത്. എന്നാൽ, യൂനിയൻ വിരോധിയായ മേസ്തിരി കൂടെയുള്ളതിനാലും അകലെനിന്ന് ​ട്രോളിയിൽ എൻജിനീയർ വരുന്നതുകൊണ്ടും അപ്പോൾ അവരോട് സംസാരിക്കാൻ കഴിഞ്ഞില്ല. ഉച്ചക്ക് ഇടവേളയിൽ പണിനിറുത്തി തൊഴിലാളി സഖാക്കൾ വൃക്ഷത്തണലിൽ വിശ്രമിക്കുമ്പോൾ സംസാരിക്കാമെന്നു​​െവച്ചു.

‘‘ഭക്ഷണം കഴിക്കാനായി എൻ.കെ. മാധവൻ വറുതുട്ടിയോടുകൂടി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള കൃഷ്ണന്റെ ഹോട്ടലിലേക്കു നടന്നു. ഉൗണുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ശ്രീ ചിത്തിരാ മിൽസിൽ നേരത്തേ തൊഴിലാളിയായിരുന്ന ഒരു സുഹൃത്തിനെ കണ്ടു. കുശലപ്രശ്നത്തിനുശേഷം പിരിയാൻനേരത്ത് വറുതുട്ടി അയാളോട് അൽപം പണം ആവശ്യപ്പെട്ടു. തന്റെ കൈവശം പണമില്ലെന്നും എങ്ങനെയെങ്കിലും പണവുമായി വരാമെന്നും പറഞ്ഞ് സുഹൃത്ത് പോയി. പണവുമായി വരുന്ന സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന സഖാക്കളെ അഞ്ച് പൊലീസുകാർ വന്ന്‍ വളഞ്ഞു.

രൂപ കൊടുക്കാമെന്ന് പറഞ്ഞ സുഹൃത്ത് തന്നെ പൊലീസിൽ ഒറ്റുകൊടുത്തതാണെന്നും, അതല്ല, ഒരു കളവുകേസ് പ്രതിയെ അന്വേഷിച്ച് പുറപ്പെട്ട ആലുവ സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ നേരത്തേ സഖാക്കളെ കണ്ട്, അയാൾതന്നെ ഇടപ്പള്ളി സ്റ്റേഷനിൽ പോയി കൂടുതൽ പൊലീസിനെ കൂട്ടിക്കൊണ്ടുവന്നതാണെന്നും സംശയിക്കപ്പെടുന്നുണ്ട് (സെഷൻസ് കോടതിവിധി കാണുക). പൊലീസ് സംഘം തങ്ങളെ വളഞ്ഞുപിടിക്കാൻ ശ്രമിക്കുന്നതിൽ ​ലവലേശവും പരിഭ്രാന്തരാകാതെ സ. എൻ.കെ. മാധവൻ തികഞ്ഞ മനസ്സാന്നിധ്യത്തോടെ വറുതുട്ടിയോട് ഓടിരക്ഷ​പ്പെടാൻ നിർദേശിക്കുകയും പൊലീസിനെ വെട്ടിച്ച് അദ്ദേഹം എതിർവശത്തേക്ക് ഓടുകയും ചെയ്തു. പക്ഷേ, വറുതുട്ടി നിമിഷങ്ങൾക്കകം പൊലീസിന് കീഴടങ്ങി.

റെയിൽപാതയിലൂടെ ശരം കണക്കെ പാഞ്ഞ സ. എൻ.കെയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. അവർ പുതിയ ഒരു ഉപായം പ്രയോഗിച്ചു. കല്ലുകൾ പെറുക്കി തുരുതുരെ എൻ.കെയുടെ നേ​െര എറിഞ്ഞു. ഓട്ടത്തിനിടയിൽ ഏറുകൊള്ളുകയാൽ അദ്ദേഹം വീണു. പിന്നെ, തന്നെ കീഴടക്കാൻ എത്തിയ പൊലീസുകാരുമായി മൽപിടുത്തമായിരുന്നു. എൻ.കെ. മാധവൻ എന്ന വിപ്ലവകാരി പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന ആളാണ്.

 

ഇടപ്പള്ളി പൊലീസ്​ സ്​റ്റേഷൻ കെട്ടിടം

പൊലീസുകാരുമായി പിടിക്കുകയും വലിക്കുകയും ചെയ്യുന്നതിനിടയിൽ അവരെ കടിക്കുകയും മാന്തുകയുംചെയ്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വളരെ നേരത്തെ മൽപിടിത്തത്തിനുശേഷമാണ് തടിമാടന്മാരായ മൂന്ന് പൊലിസുകാർക്ക് സഖാവിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞത്. കൈകളിൽ വിലങ്ങുകൾ​െവച്ച് ഒരു മൈൽ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് അവരെ നടത്തിക്കൊണ്ടുപോയി. തങ്ങളുമായി മൽപിടിത്തം നടത്തിയതിന് പൊലിസുകാർ സ്റ്റേഷനിൽവെച്ച് എൻ.കെയോട് പകരംവീട്ടി, അവരുടെ കൈകൾ കഴക്കുന്നതുവരെ അവർ അദ്ദേഹത്തെ തല്ലി. ബാക്കി തല്ല് രാത്രിയിലേക്ക് മാറ്റിവെച്ചു...

‘‘1950 ഫെബ്രുവരി 27ന് സന്ധ്യകഴിഞ്ഞപ്പോൾ (ഇടപ്പള്ളി) പോണേക്കരയിലെ നാട്ടുവഴിയുടെ പടിഞ്ഞാറെ അരികിൽ ഉള്ള വിശാലമായ കാടിപറമ്പത്ത് പുരയിടത്തിൽ ഒരു ഡസനിലേറെ കമ്യൂണിസ്റ്റ് (സ്റ്റു)കാർ സമ്മേളിച്ചു. നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ എറണാകുളത്തുനിന്ന് എത്തിച്ചേർന്നവരും പോണേക്കരയിൽ തന്നെ തങ്ങിയിരുന്നവരുമാണ് അവർ. ‘‘നമ്മൾ പൊലീസ് സ്റ്റേഷനിൽ പോയി സ. എൻ.കെയെ മോചിപ്പിക്കണം.’’ സ. കെ.സി. മാത്യുവാണ് നിർദേശംവച്ചത്. ബിരുദധാരിയും ബുദ്ധിജീവിയുമാണ് കെ.സി. മാത്യു. ഞങ്ങൾക്കിടയിലെ വലിയ സൈദ്ധാന്തികനും ജില്ലാ പാർട്ടിക്കാകെ പ്രിയങ്കരനും ഞങ്ങൾക്കാരാധ്യനും ആയതിനാൽ ആർക്കും എതിരഭിപ്രായമില്ല. അഥവാ ആരും എതിരഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല.

ആർക്കെങ്കിലും എന്തെങ്കിലും വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നുവെങ്കിൽ –പ്രത്യേകിച്ച് എതിരഭിപ്രായം അത് ആരുംതന്നെ പ്രകടിപ്പിക്കുമായിരുന്നില്ല. എന്തെന്നാൽ ഏറ്റവും സാഹസികതകൾ നിറഞ്ഞ ധീരകൃത്യങ്ങൾ ചെയ്യുന്നതിലായിരുന്നു ഓരോരുത്തർക്കും –പ്രത്യേകിച്ച് യുവാക്കൾക്ക്– താൽപര്യം. ധീരനായ ഒരു ബോൾഷെവിക്കിന്റെ ലക്ഷണമാണത്.

വെടിയുണ്ടകൾ നിറച്ച ‘303 റൈഫിൾ’ ഏന്തി ജാഗ്രതയോടെ പാറാവുനിൽക്കുന്ന ഒരു പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുചെല്ലുന്നത് പ്രായോഗികതകൊണ്ടും യുക്തിബോധംകൊണ്ടും വിശകലനം ചെയ്ത്, ബുദ്ധിപൂർവമായിരിക്കില്ലെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ അയാൾ ഭീരുവായി ചിത്രീകരിക്കപ്പെടാനാണ് സാധ്യത. അങ്ങനെയായിരുന്നു പാർട്ടിയുടെ ആകെ ചിന്താഗതി തന്നെ.

‘‘മാത്യുവിന്റെ അഭിപ്രായം അവിടെ കൂടിയിരുന്നവർ ഏകകണ്ഠമായി അംഗീകരിച്ചു. അടുത്തതായി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യാനുള്ള കോപ്പുകൂട്ടലായി. നാട്ടുമ്പുറത്തെ പൊലീസ് സ്റ്റേഷൻ, രാത്രിസമയം നാലോ അഞ്ചോ പൊലീസുകാർ ഉണ്ടായേക്കും. ചില പിപ്പിടികൾ കാണിച്ച് അവരെക്കൊണ്ട് ലോക്കപ്പ് തുറപ്പിച്ച് എൻ.കെയെ പിടിച്ചുകൊണ്ടുവരാൻ കഴിയും. എന്നാൽ, കൈയും വീശി സ്റ്റേഷനിലേക്ക് ചെല്ലുകയോ? പേരിന് എന്തെങ്കിലും ആയുധങ്ങൾ വേണ്ടയോ! രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. എന്ത് ആയുധം എവിടെനിന്ന് സമ്പാദിക്കും?

നിഃസ(സ്സ)ഹായതാബോധം സഖാക്കളെ അലട്ടിയില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഒരാൾ എവിടെനിന്നോ ലേശം കരിമരുന്നു കൊണ്ടുവന്നു. അതുകൊണ്ടു ഒരു പടക്കം -ഛേയ് പടക്കമോ? ഒരു കൈബോംബ് ഉണ്ടാക്കി, വിശാലമായ കാടിപറമ്പത്ത് പുരയിടത്തിന്റെ അയൽവീടുകളിൽനിന്നും ഒന്നു രണ്ടു വാക്കത്തി ഇരവുവാങ്ങി.

വാസ്തവത്തിൽ വാക്കത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുവാൻ വേണ്ടിയല്ല, വടികൾ വെട്ടിയെടുക്കാനായിട്ടാണ് കൊണ്ടുവന്നത്. വേലിപ്പത്തലുകളിൽനിന്നും മുളംകൂട്ടിൽനിന്നും ആറേഴു വടികൾ ശേഖരിച്ചു. വാക്കത്തികളും കൈവശം ഇരിക്കട്ടെ... സമയം അർധരാത്രി കഴിഞ്ഞു... ഒരു ഡസനിലേറെ വരുന്ന കമ്യൂണിസ്റ്റ് യുവാക്കൾ ആറേഴു കാട്ടുകമ്പുകളും രണ്ട് വാക്കത്തികളും ഒരു പടക്കവുമായി ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു...

‘‘ഓരോ സഖാവും പ്രതീക്ഷിച്ചു, തനിക്ക് തിരിച്ചുവരാൻ കഴിയുകയില്ലെന്ന്. എന്നാൽ, ആരും പതറിയില്ല. പാർട്ടിക്കുവേണ്ടി, നാടിനുവേണ്ടി ആത്മത്യാഗം ചെയ്യാൻ സന്ദർഭം ലഭിക്കുന്നതിലുപരി അഭികാമ്യമായ ഒരു പദവി ഉള്ളതായി സഖാക്കൾ അറിഞ്ഞിരുന്നില്ല...

‘‘ആത്മഹത്യാ സ്ക്വാഡ് ഉദ്ദേശം രണ്ടേകാൽ മണിക്ക് ഇടപ്പള്ളി പൊലീസ് സ്റ്റേഷനു മുമ്പിൽ എത്തി. ‘‘അറ്റാക്ക്!’’ (ആക്രമിക്കുക) അതൊരു ഇടിമുഴക്കമായിരുന്നു. കമ്യൂണിസ്റ്റ് സംഘത്തിലെ പടനായകന്റെ കൽപന...

‘‘കമ്യൂണിസ്റ്റുകാരായ പ്രതികളെ (എൻ.കെ. മാധവനും കെ.എ. വറുതുട്ടിയും) ഇടപ്പള്ളി ലോക്കപ്പിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് പൊലീസുകാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഹെഡ് കോൺസ്റ്റബിൾ കൃഷ്ണപിള്ളയുടെ നിർബന്ധംമൂലമാണ് അന്നുതന്നെ പ്രതികളെ ആലുവയിലേക്ക് കൊണ്ടുപോകാതിരുന്നത്. അതുകൊണ്ട് ആലുവയിൽനിന്നും വന്ന കോൺസ്റ്റബിൾമാർ ഉൾപ്പെടെ ധാരാളം പൊലീസുകാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു... കമ്യൂണിസ്റ്റുകാർ സ്റ്റേഷനിലേക്ക് ഓടിക്കയറുന്നത് കണ്ടിട്ട് സെൻട്രി മാത്യു തോക്ക് ചൂണ്ടി വെടിവെക്കുകയല്ല ചെയ്തത്. (അയാൾ) ഒരു ചൂരൽ വടിയെടുത്തു.

അതുകൊണ്ട് ഉറങ്ങിക്കിടക്കയായിരുന്ന ഡ്യൂട്ടിയിൽ അല്ലാതിരുന്ന പൊലീസുകാരെ ഉണർത്താൻ ശ്രമിച്ചു. ഉണർന്നിരുന്നവർ ഓടാൻ തുടങ്ങിയിരുന്നു. മാത്യു അടുത്ത നിമിഷം തോക്കുചൂണ്ടിക്കൊണ്ട് മുന്നോട്ട് കുതിച്ചു, അപ്പോഴേക്കും സഖാക്കൾ വരാന്തയിലേക്ക് കയറുന്ന പടവുകളിൽ കയറിക്കഴിഞ്ഞിരുന്നു -വെടിവെക്കാൻ സാധ്യമല്ലാത്തത്ര സമീപത്തിൽ. തികഞ്ഞ മനഃസാന്നിധ്യത്തോടെ കോൺസ്റ്റബിൾ മാത്യു ഏറ്റവും മുന്നിലായിരുന്ന കെ.സി. മാത്യുവിന്റെ നെഞ്ചിന് നേരെ ബയണറ്റ് ആഞ്ഞുകുത്തി.

എന്നാൽ, മിന്നൽപിണറിനെ വെല്ലുന്ന വേഗതയിൽ കെ.യു. ദാസ് മുന്നോട്ടു കുതിച്ചുവന്ന് ബയണറ്റിൽ ചാടിപ്പിടിച്ചു. കരുത്തനായ കോൺസ്റ്റബിൾ മാത്യു പിന്നോട്ട് മെല്ലെ വലിഞ്ഞു. വീണ്ടും മുന്നോട്ട് ആഞ്ഞുകുത്തി. ദാസ് ബയണറ്റിൽനിന്നും പിടിവിട്ടിരുന്നില്ല. ദാസിന്റെ കൈ മുറിഞ്ഞു. മറ്റൊരു സഖാവിന്റെ നെഞ്ചിൽ ബയണറ്റിന്റെ മുനകൊണ്ട് പോറലുണ്ടായി.

‘‘പൊലീസിന്റെ നേരെ പിപ്പിടി കാണിച്ച് ലോക്കപ്പിൽനിന്നും സഖാവിനെ ഇറക്കിക്കൊണ്ടുപോകാൻ വന്നവർ ജീവനോടെ മടങ്ങുകയില്ലെന്ന തിട്ടമായപ്പോൾ അടവുമാറ്റി. കൂടിയാലോചിച്ചിട്ടല്ല, സ്വ(ാ)ഭാവികമായി, താനേ അത് സംഭവിച്ചു. കോൺസ്റ്റബിൾ മാത്യുവിന്റെ മേൽ വടികൾ തുരുതുരാ പതിച്ചു. ആ ധീരൻ പൊരുതിവീണു.

‘‘ഇതിനിടയിൽ, സ്റ്റേഷൻ ചാർജ് വഹിക്കയായിരുന്ന കോൺസ്റ്റബിൾ വേലായുധൻ ഇൻസ്​പെക്ടറുടെ മുറിയിലേക്ക് പാഞ്ഞു കയറിപ്പോയി. കൂ​ടെ സഖാക്കളും. വേലായുധൻ ഒരാ(രു) കൈകൊണ്ട് ടെലിഫോൺ റിസീവർ എടുക്കുകയും മറുകൈകൊണ്ട് കതക് അടയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. കതക് തള്ളിത്തുറന്ന് അകത്ത് കയറിയവർ ആദ്യം വേലായുധനെ ഉപദ്രവിച്ചതേയില്ല എന്നത് ശ്രദ്ധേയമാണ്. ആദ്യം ടെലിഫോൺ ബന്ധം ഛേദിച്ചുകളഞ്ഞതേയുള്ളൂ. ക്രുദ്ധനായ വേലായുധൻ ട്രൗസറിന്റെ പോക്കറ്റിൽനിന്നും മനോഹരമായ ഒരു കഠാരി എടുത്തുകൊണ്ട് സഖാക്കളുടെ മേൽ ചാടിവീണു... വേലായുധനെയും വീഴ്ത്തുകയല്ലാതെ ഗത്യന്തരമില്ലാതായി...

‘‘ലോക്കപ്പ് മുറിയുടെ ഓടാമ്പലും പൂട്ടും ഘടിപ്പിച്ചിട്ടുള്ള ഇരുമ്പ് തകിടിൽ രണ്ടുപേർ വാക്കത്തികൊണ്ട് വെട്ടി, അവരുടെ കൈകൾ കുഴയുന്നതുവരെ... തകിട് ഇളകിയില്ല. പിന്നീട് രണ്ടുപേർ തോക്കിന്റെ പാത്തികൊണ്ട് താഴിൻമേൽ ഇടിക്കാൻ തുടങ്ങി, ഗോദ്റേജ് കമ്പനിയുടെ പിത്തളകൊണ്ടുള്ള ആ മുഴുത്ത താഴിന് യാതൊരു കേടും സംഭവിച്ചില്ല.

‘‘സ്റ്റേഷനിലെത്തിയിട്ട് സമയം പത്ത് മിനിട്ടിലേറെയായി... ‘‘റിട്ടേൺ’’ (മടങ്ങുക) നായകൻ കൽപിച്ചു... ഇറങ്ങുന്നതിനു മുമ്പായി സ്റ്റേഷനിലുണ്ടായിരുന്ന തോക്കുകളും ആയുധങ്ങളും ഓരോരുത്തരും കൈവശപ്പെടുത്തിയിരുന്നു.’’

മേൽ ചേർത്ത മുഴുവൻ വിവരണങ്ങളും പയ്യപ്പിള്ളിയുടെ പ്രസ്തുത പുസ്തകത്തിൽനിന്നുള്ളവയാണ്. പേ. 96, 98, 102-103, 93-95, 106-115.

സ്റ്റേഷൻ ആക്രമണ കേസിലെ ഒരു പ്രതിയായ എം.എം. ലോറൻസിന് അന്ന് 21 വയസ്സാണ്. 1948​െല കൽക്കത്ത തീസിസിനെ തുടർന്ന് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം ടൗൺ കമ്മിറ്റി സെക്രട്ടറിയാണ്: ‘‘സംഭവത്തിന്റെ തലേന്ന് വൈകുന്നേരം ഏതാണ്ട് അഞ്ചു മണിക്ക് പാർട്ടിയുടെ ചുമതലക്കാരനും മുതിർന്ന നേതാവുമായിരുന്ന കെ.സി. മാത്യു എന്നെ വിളിച്ച് ഏതാനും സഖാക്കളുമായി ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ ഒരാൾ കാത്തുനിൽപ്പുണ്ടാകും, അയാളുടെ കൂടെ പറയുന്ന സ്ഥലത്ത് എത്തണമെന്നായിരുന്നു നിർദേശം.

ഞാൻ ഉടനെ സഖാക്കളുമായി ബന്ധപ്പെട്ട് അവരോട് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഏഴെട്ട് സഖാക്കൾ അവിടെയെത്തി. ഞങ്ങൾ ഇടപ്പള്ളിക്ക് പോകാൻ ട്രെയിൻ കാത്തുനിന്നു.... ട്രെയിൻ വന്നപ്പോൾ കയറി ഇടപ്പള്ളിയിൽ ഇറങ്ങി... (റെയിൽവേ) പണിമുടക്ക് കാര്യങ്ങൾ ചർച്ചചെയ്യാൻ വേണ്ടിയാണ് കെ.സി. മാത്യു ഞങ്ങളെ വരുത്തുന്നതെന്നാണ് ഞാൻ ഊഹിച്ചത്. വഴികാട്ടിയ സഖാവിനൊപ്പം ഞങ്ങൾ പോണേക്കരയിലെ കാട്ടി(ടി)പ്പറമ്പ് പുരയിടത്തിലെ യോഗസ്ഥലത്താണ് (എത്തിയത്). അവിടെ വെളിച്ചമില്ല. അത് രഹസ്യയോഗമാണെന്ന് ചെന്നപ്പോഴറിഞ്ഞു.

റെയിൽവേ പണിമുടക്കിന്റെ കാര്യങ്ങൾക്കു പകരം, എൻ.കെ. മാധവനെയും വറുതൂട്ടിയെയും പൊലീസ് ഓടിച്ചിട്ട് പിടികൂടി ലോക്കപ്പിലിട്ട് അതി ക്രൂരമായി മർദിച്ച വിവരമാണ് അവിടെ കേട്ടത്. ലോക്കപ്പിലായവരുടെ ജീവൻ അപകടത്തിലാണെന്ന് കെ.സി. മാത്യു വിശദീകരിച്ചു.... സഖാവ് തുടർന്നു: ‘‘സ്റ്റേഷൻ ആക്രമിച്ച് അവരെ രക്ഷിക്കണം...’’ ആ ശ്രമം പരാജയപ്പെട്ട് എൻ.കെ. മാധവനെയും വറുതൂട്ടിയെയും ലോക്കപ്പിൽതന്നെ ഉപേക്ഷിച്ച് പോരുമ്പോൾ ഞങ്ങൾക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.... പിന്നീട് ഞങ്ങൾ ചെന്നത് പനമ്പുകാട്ട് ആശാരി കൃഷ്ണന്റെ വീട്ടിലാണ്... അവിടെയിരുന്ന് കാർബൺ പേപ്പർവെച്ച് ഞാനൊരു പ്രസ്താവന തയാറാക്കി.

പാർട്ടിയുടെ കൽക്കത്ത തീസിസിന്റെ ആവേശം ഉൾക്കൊണ്ട ഒരു തീപ്പൊരി പ്രസ്താവന. വിപ്ലവത്തിനു സമയമായെന്നും രാജ്യത്തെ സ്ഥിതി വ്യക്തമാക്കുന്നത് അതാണെന്നും വെളിവാക്കുന്ന പ്രസ്താവന. അതിന്റെ നിരവധി കോപ്പികളെടുത്തു. രാത്രി എറണാകുളത്തെത്തി. വെച്ചൂർ കടവു മുതൽ (ഇന്നത്തെ ഫോർഷോർ റോഡ്) തൊട്ടടുത്ത വീടുകളിൽ ആരും കാണാതെ ആ പ്രസ്താവന കൊണ്ടിട്ടു... നിരപരാധികളെയും പാർട്ടി അനുഭാവികളെയും കണ്ണിൽക്കണ്ടവരെയെല്ലാം ഒറ്റുകാരുടെ പിന്തുണയോടെ പിടികൂടി അതി ക്രൂരമായി മർദിക്കുന്ന വിവരം വേദനയോടെയാണ് അറിഞ്ഞത്...

‘‘അങ്ങനെ തോമസിനെ (കെ.സി. മാത്യു) ഇളയപ്പൻ മാത്യു കണ്ടില്ല എന്ന് പറഞ്ഞതിനാൽ ഞാൻ തിരിച്ച് (എറണാകുളം) ആശുപത്രി റോഡ് വഴി നടന്നു. അപ്പോൾ ഒരു തലേക്കെട്ടുകാരൻ നടന്നുവരുന്നു. പാർട്ടിയുടെ കൊറിയർമാരിലൊരാളായ ദാമോദരനായിരുന്നു അത് (രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് ഈ കൊറിയർമാർ മുഖാന്തരമാണ്). ഒരു കാര്യം പറയാനുണ്ട് എന്ന് ദാമോദരൻ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞുനോക്കി.

ഉടനെ രണ്ടു മഫ്ടി പൊലീസുകാർ എന്നെ പിടികൂടി... എന്നെ നേരെ കൊണ്ടുപോയത് ഷൺമുഖം റോഡിലെ റിസർവ് ക്യാമ്പിലേക്കാണ്... കുറച്ചു കഴിഞ്ഞപ്പോൾ കെ.സി. മാത്യുവിനെയും പൊലീസുകാർ കൊണ്ടുവന്നു. താമസിയാതെ റേഡിയോ തമ്പുരാൻ എന്നു വിളിക്കുന്ന രാമവർമ തമ്പുരാനെയും കൊണ്ടുവന്നു. ഇതോടെ കൊറിയർ ദാമോദരന്റെ ഒറ്റുമൂലമാണ് ഞങ്ങൾ മൂവരും കെണിയിൽപെട്ടതെന്ന് വ്യക്തമായി.

‘‘പൊലീസുകാർ ചുറ്റും കൂടിനിന്ന് ചവിട്ടിയും ഇടിച്ചും ഞങ്ങളെ ഏതാണ്ട് മൃതപ്രായരാക്കി.... ക്യാമ്പിൽനിന്ന് പൊലീസ് അകമ്പടിയോടെ എന്നെയും കെ.സി. മാത്യുവിനെയും രാമവർമയെയും നടുവിൽ നിർത്തി കാ​ളയെ കെട്ടുന്ന കയർകൊണ്ട് കെട്ടി ഷൺമുഖം റോഡ് വഴി ബ്രോഡ് വേ ഭാഗത്തേക്ക് കൊണ്ടുപോയി. റോഡിൽ ഇറങ്ങിയ ഉടൻ പൊലീസുകാർ മാറിമാറി തുടർച്ചയായി ഞങ്ങളുടെ മുതുകത്ത് ഇടിക്കുകയും ശരീരത്തിൽ ചവിട്ടുകയുംചെയ്തു.

റോഡിൽ നൂറുകണക്കിന് ജനങ്ങളുടെ ഇടയിൽ അവരുടെ മുന്നിലിട്ട് തുടർച്ചയായി ഞങ്ങളെ നിഷ്ഠുരമായി മർദിച്ചു... (സബ്) ജയിലിൽ ചെന്നവഴി നഗ്നരാക്കിത്തന്നെ ഞങ്ങളെ മൂന്ന് സെല്ലുകളിലായി അടച്ചു. പിന്നീട് തുടർച്ചയായ ക്രൂര മർദനം... ഇതിനിടയിലാണ് ചിലരുടെ കൈയിലെ നഖങ്ങൾക്കിടയിൽ മൊട്ടുസൂചികൾ പൊലീസ് അടിച്ചുകയറ്റിയത്...

‘‘ഇന്നും എന്നെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ് പൊലീസ് പിന്നീട് എന്നോട് ചെയ്തത്. ഒളിവുസമയത്ത് എനിക്ക് സഹായം ചെയ്ത ഫിലോമിനയെ (വറുതൂട്ടിയുടെ ഇളയമ്മ) അരുതാത്തത് ചെയ്യാൻ പ്രേരിപ്പിച്ചു... അമ്മയുടെ ഉടുതുണി ഉരിയാൻ മകനോട് കൽപിച്ചു. 18 വയസ്സുള്ള ആ മകൻ രണ്ടു ദിവസമായി ദിഗംബരനാണ്. അമ്മയുടെ തുണിയുരിയാൻ മകന്റെ കൈ ചലിച്ചില്ല. ആ കടമ ഹെഡ് കോൺസ്റ്റബിൾ ചെറിയാൻ നിർവഹിച്ചു. ബ്ലൗസും അയാൾ വലിച്ചുകീറി. അമ്മയെ പൂർണ നഗ്നയാക്കി നിർത്തി മകനോട് ഇണചേരാൻ ആജ്ഞാപിച്ചു. അത് വിസമ്മതിച്ചപ്പോൾ അവരെ ഇണ​ചേർക്കാൻ തന്നെ പൊലീസ് തീരുമാനിച്ചു.

അമ്മയുടെയും മകന്റെയും പുറത്ത് തോക്കിന്റെ പാത്തികൊണ്ടിടിച്ച് അവരെ അടുപ്പിച്ചു. മകന്റെ ലിംഗം ഉയർത്താനുള്ള പാഴ്ശ്രമം നടന്നു. തുടർന്ന് ഒരു പൊലീസുകാരൻ തോക്കിന്റെ പാത്തികൊണ്ട് ഫിലോമിനയുടെ നെഞ്ചിൽ ഇടിച്ചു. ഫിലോമിന മലർന്നുവീണു. മകനെ തോക്കിന്റെ പാത്തികൊണ്ടിടിച്ച് അമ്മയുടെ മീതെ വീഴ്ത്താനുള്ള ശ്രമമായിരുന്നു പിന്നീട്. കനത്ത ഒരു ഇടിയിൽ അമ്മയുടെ മീതെ മകൻ കമിഴ്ന്നുവീണു. പൊലീസുകാർ ആർത്തു ചിരിച്ചു, ആക്രോശിച്ചു, ‘നോക്കെടാ കമ്യൂണിസ്റ്റിന് അമ്മ പെങ്ങമ്മാരില്ല.’... ജയിൽ നഷ്ടമായി (ലോക്കപ്പ് മർദനത്തിൽ)...

‘‘ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ.ഇ. ഡയസിനെ സ്​പെഷൽ കോടതിയായും ശാസ്തമംഗലം ഗോവിന്ദപ്പിള്ളയെ സ്​പെഷൽ പ്രോസിക്യൂട്ടറായും നിയമിച്ച് സർക്കാർ ഉത്തരവായി. ആലുവ പാലസിലെ ഒരു കെട്ടിടം സ്​പെഷൽ കോടതിയായും മാറി. എറണാകുളത്തെ ക്രിമിനൽ അഭിഭാഷകൻ ഭാസ്കര മേനോൻ, കുമാരി പി. ജാനകിയമ്മ, അമ്പാടി നാരായണ മേനോൻ (വി. വിശ്വനാഥ മേനോന്റെ അച്ഛൻ), ആലുവയിലെ പി. രാമകൃഷ്ണൻ നായർ എന്നിവർ പ്രതിഭാഗത്തിനുവേണ്ടി ഹാജരായി... പ്രാരംഭവാദം കഴിഞ്ഞ് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് മജിസ്ട്രേറ്റ് ഡയസ് ചോദിച്ചു.

ഞങ്ങൾ ഇല്ല എന്നു മറുപടി നൽകി... കേസ് നടക്കുമ്പോൾ ഞങ്ങളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. പ്രത്യേക കോടതി മജിസ്​ട്രേറ്റ് എല്ലാവർക്കും കുറ്റപത്രം നൽകി സെഷൻസിലേക്ക് കേസ് വിട്ടു. ആദ്യത്തെ വനിതാ ജഡ്ജി അന്നാ ചാണ്ടിയാണ് സെഷൻസ് കോടതിയിൽ കേസ് കേട്ടത്. ജില്ലാ കോടതിയിൽ കൊലക്കുറ്റം തെളിഞ്ഞില്ല. ലോക്കപ്പിൽ കിടന്ന രണ്ടു സഖാക്കളെ മോചിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ പ്രതികൾക്കുണ്ടായിരുന്നുള്ളൂവെന്നതിനാൽ കൊലക്കുറ്റം ആരോപിക്കരുതെന്നായിരുന്നു പ്രധാന വാദമുഖം. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ വിട്ടുവീഴ്ച ചെയ്തു. സെഷൻസ് ജഡ്ജി പ്രതികളെ എല്ലാവരെയും സെക്ഷൻ 302, 149 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളിൽനിന്ന് മോചിതരാക്കി മറ്റ് ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിച്ചു...

 

കെ.സി. മാത്യു, എം.എം. ലോറൻസ്​, വി. വിശ്വനാഥ മേനോൻ, പയ്യപ്പള്ളി ബാലൻ, എൻ.എം. പിയേഴ്​സൺ,വി.ആർ. കൃഷ്​ണയ്യർ

അപ്പീലിൽ പ്രതികളെ കുറ്റവിമുക്തരാക്കിയത് തെറ്റാണെന്ന് ഹൈകോടതി വിധിച്ചു. എന്നിട്ട് എല്ലാവരെയും നാടുകടത്താനും (?) വിധിച്ചു. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറും അപ്പീൽ നൽകി. ഞങ്ങളുടെ അപ്പീൽ തള്ളി. സർക്കാറിന്റേത് അംഗീകരിച്ചു. എല്ലാവർക്കും ജീവപര്യന്തം കഠിനതടവ് നൽകി ഹൈകോടതി ഉത്തരവായി. സുപ്രീംകോടതിയിൽ അപ്പീൽ പോയി... ഹൈകോടതി വിധി സുപ്രീംകോടതി ശരി​വെച്ചു (1995ൽ). ’57ൽ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജയിൽ മന്ത്രി വി.ആർ. കൃഷ്ണയ്യർ ഞങ്ങളെ മോചിപ്പിക്കാൻ ഉത്തരവിട്ടു’’ (ലോറൻസ്, പേ. 81, 82, 84, 86-87, 89, 90, 91, 92, 93, 96, 97, 101, 111).

​മേൽ കണ്ട രണ്ട് പ്രതികളുടെ അനുഭവ വിവരണ ഗ്രന്ഥങ്ങളിൽനിന്ന്, തുടർന്ന് കമ്യൂണിസ്റ്റുകൾക്ക് നേരെ ഭരണകൂടം നടത്തിയ ഭീകര മർദനങ്ങളുടെ വളരെ ചെറിയ സൂചനകൾ മാത്രമേ ഞാൻ പകർത്തിയുള്ളൂ. ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം ആ പുസ്തകങ്ങളിലെ, കേട്ടാൽ ചോരയുറഞ്ഞുപോകുന്ന പ്രാകൃത മർദനങ്ങൾ പകർത്തുക എന്നതല്ലാ​ത്തതുകൊണ്ടാണത്. പൊലീസ് സ്റ്റേഷനാക്രമണത്തിന്റെ ഒരു സ്വരൂപവും മർദനങ്ങളുടെ ചില സൂചനകളും മാത്രമേ ആ പുസ്തകങ്ങളിൽനിന്ന് എടുത്തുചേർത്തിട്ടുള്ളൂ.

ഇനി കാണേണ്ടത് എൻ.എം. പിയേഴ്സന്റെ ‘ഇടപ്പള്ളി’ എന്ന പുസ്തകമാണ്: –‘രണ്ട് പൊലീസുകാരുടെ ജീവരക്തം തളംകെട്ടിയ ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽനിന്ന് അധികാര സ്വരൂപം ബൂട്ടണിഞ്ഞിറങ്ങിയത് അനേകായിരം മനുഷ്യരുടെ നെഞ്ചിൻകൂടുകൾക്ക് മുകളിലേക്കായിരുന്നു. പൊലീസ് ബൂട്ടിനും ലാത്തിക്കും വിശ്രമമില്ലായിരുന്നു. മനുഷ്യരുടെ തല തല്ലിപ്പൊളിച്ചും നെഞ്ചിടിച്ച് തകർത്തും അത് മുന്നോട്ടുനീങ്ങി.

നിരവധിപേർ ചോര തുപ്പി. കമ്യൂണിസ്റ്റുകാർ മാത്രമല്ല കമ്യൂണിസ്റ്റുകാരെ കണ്ടവരും തല്ലുവാങ്ങി. നിരവധി സ്ത്രീകളുടെ വസ്ത്രങ്ങൾ പറിച്ചുകീറി. അവർ അപമാനിക്കപ്പെട്ടു. സഖാക്കളെക്കൊണ്ട് സഹ​പ്രവർത്തകരുടെ രക്തവും മൂത്രവും നക്കിച്ചു. കെ.യു. ദാസ് എന്ന ധീരസഖാവിന്റെ ശരീരം ബ്ലേഡിന് വരഞ്ഞ് മുളക് അരച്ച് തേച്ച് കെട്ടിത്തൂക്കി പുകയിട്ടു. മർദനത്തിന്റെ ക്ലൈമാക്സിൽ തല്ലിക്കൊന്ന് കൊലവിളിച്ച് പുറ​മ്പോക്കിൽ കുഴിച്ചുമൂടി. ഒരു ടെറർ ചിത്രത്തെ നിഷ്പ്രഭമാക്കുന്ന പൊലീസ് ഭീകരത നാടെങ്ങും നിറഞ്ഞു. ഇടപ്പള്ളിയുടെ നിറം ചുവപ്പായത് അങ്ങനെയാണ്...

‘‘ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ സായുധ വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ചത് (2ാം പാർട്ടി കോൺഗ്രസിലെ) കൽക്കത്ത തീസിസായിരുന്നു. അതി​ന്റെ ആവേശത്തിലാണ് റെയിൽവേ പണിമുടക്കിന് തീവ്രസ്വഭാവമുണ്ടാവുന്നത്. റെയിൽവേ പണിമുടക്കിന് ആഹ്വാനം ചെയ്യേണ്ടത് റെയിൽവേ തൊഴിലാളി യൂനിയൻ നേതൃത്വമാണ്. എന്നാൽ 1950 മാർച്ചിലെ അഖിലേന്ത്യാ റെയിൽവേ പണിമുടക്ക് പാർട്ടി ജനറൽ സെക്രട്ടറി ബി.ടി. രണദിവെ നേരിട്ട് ആഹ്വാനം ചെയ്യുകയായിരുന്നു. ഗ്രാമങ്ങൾതോറും പാർട്ടിയുടെയും അനുഭാവികളുടെയും യോഗങ്ങൾ നടന്നു. സായുധസമരങ്ങൾക്കുള്ള ആഹ്വാനം യോഗങ്ങളിൽ മുഴങ്ങി. പാർട്ടി മെംബർമാർ സായുധ കലാപത്തിന് സജ്ജമായിക്കഴിഞ്ഞിരിക്കുന്നു...

‘‘പൊലീസ് സ്റ്റേഷൻ ആക്രമണം ശത്രുസംഹാരത്തിനുള്ള മാർഗമായി രാഷ്ട്രീയ ശത്രുക്കൾ കണ്ടു. ഭരണവർഗവും അവരുടെ രാഷ്ട്രീയ പിണിയാളുകളും കമ്യൂണിസ്റ്റ് വേട്ടക്ക് നേതൃത്വം നൽകി. കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ കെണിയിലാക്കേണ്ടവരുടെ പേരുകളെഴുതുന്ന തിരക്കിലായി...

‘‘എല്ലാ പ്രതികളെയും കണ്ടെത്തിയതിനെ തുടർന്ന് കുറ്റപത്ര സമർപ്പണവും കേസിന്റെ വിചാരണയും ആരംഭിക്കാമെന്നായി. അതിനുവേണ്ടിയുള്ള മജിസ്ട്രേറ്റിന്റെ പ്രിലിമിനറി ട്രയൽ ആലുവ കൊട്ടാരത്തിൽ വെച്ചായിരുന്നു... (പ്രതികളുടെ തിരിച്ചറിയൽ) പരേഡിൽ വിജയിക്കണമെന്നത് പൊലീസിന്റെ ആവശ്യമായിരുന്നു. അത് പൊളിക്കാനാണ് പ്രതികൾ ശ്രമിച്ചത്... ഷർട്ടിടാത്ത പ്രതികളെയാണ് സാക്ഷികൾ കണ്ടിരുന്നത്. ഇത് മനസ്സിലാക്കി പ്രതികൾ ആൾമാറാട്ടം നടത്തി...

‘‘ഐഡന്റിഫിക്കേഷൻ പരേഡിൽ സാക്ഷികൾക്ക് കൃത്യമായി പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് (ആലുവയിലെ) സ്​പെഷൽ കോടതിയിൽനിന്ന് കേസ് (1952ൽ അന്ന ചാണ്ടിയുടെ അഞ്ചിക്കൈമൾ (എറണാകുളം) സെഷൻസ് കോർട്ടിലേക്ക് കൈമാറി. ഇതിനൊപ്പം തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു... അങ്ങനെയാണ് കൽക്കത്ത തീസിസ് പാർട്ടി പിൻവലിച്ച കാര്യം ജയിലിലെ സഖാക്കൾ അറിയുന്നത്...

‘‘വിശ്വനാഥ മേനോന്റെ അച്ഛൻ അമ്പാടി നാരായണ മേനോൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചു. കമ്യൂണിസ്റ്റുകാരനായ മകനുവേണ്ടി കേസ് വാദിക്കാൻ നടപടിക്രമങ്ങൾ ആരംഭിച്ചു. കേസ് ഡിഫന്റ് ചെയ്യാൻ അഡ്വ. ജി. ഭാസ്കരമേനോനെ ചുമതലപ്പെടുത്തി. വിജയകുമാരനുവേണ്ടി സഹോദരി അഡ്വ. ജാനകിയമ്മ കെ.ടി. തോമസിനെ നിയോഗിച്ചു. മറ്റുള്ള പ്രതികൾക്കുവേണ്ടി അഡ്വ. കെ.ജി. കുഞ്ഞുകൃഷ്ണപിള്ള, ജി. ബാലഗംഗാധര മേനോൻ, എം. ഭാസ്കര മേനോൻ, ടി.സി.എൻ. മേനോൻ തുടങ്ങിയ പ്രമുഖ വക്കീലന്മാർ ഹാജരായി... 1952 ഫെബ്രുവരി 26ന് കർശനമായ പൊലീസ് കാവലിൽ ആരംഭിച്ച വിചാരണ പൂർത്തിയാക്കി മാർച്ച് 8ന് വിധി പ്രസ്താവിച്ചു...

‘‘1957 ഏപ്രിൽ 11ന് പൂജപ്പുര സെൻട്രൽ ജയിലിൽ (ഏപ്രിൽ 6ന് അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ)... ആഭ്യന്തര വകുപ്പ് മന്ത്രി വി.ആർ. കൃഷ്ണയ്യർ... എത്തി... എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാൻ തീരുമാനമെടുത്ത കാര്യം പറഞ്ഞു... ഏപ്രിൽ 12ന് ഇടപ്പള്ളി കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പത്ത് (?) പ്രതികളും ജയിൽമോചിതരായി...

(തുടരും)

News Summary - Edappally police station attack