ചുവന്നു തുടുത്ത കമ്യൂണിസ്റ്റ് കാലം

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതി രേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച. ‘‘ഇടപ്പള്ളി സംഭവത്തിനു പിന്നിൽ എല്ലു നുറുങ്ങിയ നൂറുകണക്കിന് മനുഷ്യരുടെ ദീനരോദനമുണ്ട്. അമ്മമാരുടെ വിലാപങ്ങൾ വിണ്ടുകീറിയ ഭൂമിയിൽ അമർന്നുപോയി. ഒറ്റിക്കൊടുക്കലിന്റെയും രക്തസാക്ഷിത്വത്തിന്റെയും വൈരുധ്യം അതിലലിഞ്ഞുചേർന്നിട്ടുണ്ട്. ത്യാഗസുരഭിലമായ ഒരു വിപ്ലവകാലം അതിന്റെ സാക്ഷ്യപത്രമാണ്...‘‘[സെഷൻസ് കോടതി] 21 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടയച്ചു......
Your Subscription Supports Independent Journalism
View Plansഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതി രേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച.
‘‘ഇടപ്പള്ളി സംഭവത്തിനു പിന്നിൽ എല്ലു നുറുങ്ങിയ നൂറുകണക്കിന് മനുഷ്യരുടെ ദീനരോദനമുണ്ട്. അമ്മമാരുടെ വിലാപങ്ങൾ വിണ്ടുകീറിയ ഭൂമിയിൽ അമർന്നുപോയി. ഒറ്റിക്കൊടുക്കലിന്റെയും രക്തസാക്ഷിത്വത്തിന്റെയും വൈരുധ്യം അതിലലിഞ്ഞുചേർന്നിട്ടുണ്ട്. ത്യാഗസുരഭിലമായ ഒരു വിപ്ലവകാലം അതിന്റെ സാക്ഷ്യപത്രമാണ്...
‘‘[സെഷൻസ് കോടതി] 21 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടയച്ചു... 10 പ്രതികളെ വിവിധ കാലഘട്ടങ്ങളിലേക്ക് കഠിനതടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചു... വെറുതെവിട്ട പ്രതികൾ താഴെ പറയുന്നവരാണ്. കെ.എ. രാജൻ, മാക്കോണത്ത് ഉണ്ണി, വി.സി. ചാഞ്ചൻ, വി.കെ. സുഗുണൻ, വി.പി. സുരേന്ദ്രൻ, കെ.എ. രാമൻ, എൻ.കെ. ശ്രീധരൻ, എസ്. ശിവശങ്കരപിള്ള, ടി.ടി. മാധവൻ, എം.എം. ലോറൻസ്, വി. വിശ്വനാഥമേനോൻ, പി. വിജയകുമാർ, കുഞ്ഞുമോൻ, കെ.എ. കൃഷ്ണൻ, പി.കെ. രവീന്ദ്രൻ, ശൗരിമുത്തു, ഡോ. കെ.എം. അയ്യപ്പൻ, കെ.എം. കണ്ണൻ, വി.എ. വറുതുട്ടി, എൻ.കെ. മാധവൻ, കെ.എം. ബാവ.
ഒന്നും രണ്ടും പ്രതികളായ കെ.സി. മാത്യുവിനെയും കെ.എ. എബ്രഹാമിനെയും [കൂടാതെ കെ.ആർ. കൃഷ്ണൻകുട്ടിയെയും] 12 വർഷം വീതം കഠിനതടവിനും 200 ക. വീതം പിഴയടക്കുന്നതിനും പിഴയടക്കാഞ്ഞാൽ 6 മാസം വീതം കൂടുതൽ കഠിനതടവിനും 100 ക പിഴയും പിഴ കൊടുക്കാഞ്ഞാൽ 3 മാസം കൂടുതൽ കഠിനതടവിനും [?] 21ഉം 22ഉം പ്രതികളായ കുഞ്ഞൻ കുമാരനെയും അച്യുതൻ കുമാരനെയും 4 വർഷം വീതം കഠിനതടവിനും [,] 5 മുതൽ 8 വരെ പ്രതികളായ ബാലകൃഷ്ണപിള്ള (പയ്യപ്പിള്ളി ബാലൻ), ഒ. രാഘവൻ, എം.എ. അരവിന്ദാക്ഷൻ, കെ.എ. കൃഷ്ണൻ എന്നിവരെയും 18ാം പ്രതിയായ കെ.ബി. ജോർജിനെയും 2 വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു...
‘‘സ്റ്റേഷൻ ആക്രമിച്ചവർ: -1. കെ.സി. മാത്യു, 2. കെ.യു. ദാസ്, 3. എം.എം. ലോറൻസ്, 4. വി. വിശ്വനാഥമേനോൻ, 5. കെ.എ. എബ്രഹാം, 6. മഞ്ഞുമ്മൽ കൃഷ്ണൻകുട്ടി, 7. ഒ. രാഘവൻ, 8. എം.എ. അരവിന്ദാക്ഷൻ, 9. വി.സി. ചാഞ്ചൻ, 10. വി.പി. സുരേന്ദ്രൻ, 11. വി.കെ. സുഗുണൻ, 12. കുഞ്ഞൻബാവ എന്ന കുഞ്ഞുമോൻ, 13. ടി.ടി. മാധവൻ, 14. എസ്. ശിവശങ്കരപ്പിള്ള, 15. സി.എൻ. കൃഷ്ണൻ (തേവര), 16. കുഞ്ഞപ്പൻ, 17. കൃഷ്ണപിള്ള (കുഞ്ഞപ്പൻ, കൃഷ്ണപിള്ള എന്നിവരെ അറസ്റ്റ് ചെയ്യാനോ, കേസിൽ ഉൾപ്പെടുത്താനോ പോലീസിന് കഴിഞ്ഞില്ല...)
‘‘പോലിസ് പ്രതിയാക്കിയവർ: 1. കെ.സി. മാത്യു, 2. കെ.യു. ദാസ്, 3. കെ.എ. രാജൻ, 4. കെ.എം. എബ്രഹാം, 5. കെ.ആർ. കൃഷ്ണൻകുട്ടി (മഞ്ഞുമ്മൽ), 6. പയ്യപ്പിള്ളി ബാലൻ, 7. ഒ. രാഘവൻ, 8. എം.എ. അരവിന്ദാക്ഷൻ, 9. കെ.എ. കൃഷ്ണൻ, 10. എം. ഉണ്ണി, 11. വി.സി. ചാഞ്ചൻ, 12. കെ.എം. ബാവ, 13. വി.പി. സുരേന്ദ്രൻ, 14. വി.കെ. സുഗുണൻ, 15. എൻ.കെ. ശ്രീധരൻ, 16. എ.വി. ജോസഫ്, 17. വി. ശൗരിമുത്തു, 18. കെ.ബി. ജോർജ്, 19. എ.കെ. കുമാരൻ, 20. എൻ.കെ. കുമാരൻ, 21. കെ.എം. കണ്ണൻ, 22. ഡോക്ടർ കെ.എം. അയ്യപ്പൻ, 23. പി.കെ. രവീന്ദ്രൻ, 24. കുഞ്ഞൻ ബാവ കുഞ്ഞുമോൻ, 25. ടി.ടി. മാധവൻ, 26. എസ്. ശിവശങ്കരപിള്ള, 27. കെ.എ. രാമൻ, 28. സി.എൻ. കൃഷ്ണൻ, 29. വി. വിശ്വനാഥമേനോൻ, 30. എം.എം. ലോറൻസ്, 31. പി. വിജയകുമാർ, 32. എൻ.കെ. മാധവൻ, 33. കെ.എ. വറുതൂട്ടി.’’ [പിയേഴ്സൺ, പേ. 27, 113, 148, 79, 185, 188, 190, 196, 191, 200, 228-29].
1952 ഫെബ്രു. 26 തൊട്ട് മാർച്ച് 8 വരെ [?] അഞ്ചിക്കൈമൾ (എറണാകുളം) സെഷൻസ് കോടതിയിൽ നടന്ന വിചാരണ: ജഡ്ജി അന്ന ചാണ്ടി.

[Judgement of Edappally Case, Printed Records, J-3, Regional Archives Ernakulam.
നാട് ഇളക്കിമറിച്ച ഒരു രാഷ്ട്രീയ കുറ്റകൃത്യ വിചാരണയുടെ ഉള്ളുകള്ളികൾ, അതേ നാടിന് മുന്നിൽ ആദ്യമായി തുറന്നുവെക്കുകയാണ്. ആദ്യത്തെ 6 പേജുകൾ നഷ്ടപ്പെട്ട ഈ അച്ചടിരേഖയുെട അവസാന പേജ് 30 ആണ്; ഇംഗ്ലീഷിൽനിന്ന് സ്വന്തം തർജമ]:-
അറസ്റ്റിന്റെ നിയമസാധുത ഈ കേസ് തീരുമാനിക്കുന്നതിൽ പ്രസക്തമല്ല. 1 തൊട്ട് 6 വരെ പ്രതികളുടെ വക്കീൽ കെ.ജി. കുഞ്ഞുകൃഷ്ണപിള്ള പറയുന്നത്, അറസ്റ്റിന്റെ നിയമസാധുതയും തടവിലിടലും രണ്ട് കാര്യങ്ങളാണെന്നാണ്. തടവ് നിയമാനുസൃതമല്ലെന്നു വന്നാൽ പ്രതികൾക്ക് തങ്ങളുടെ സഖാക്കളെ ശക്തിപ്രകടനത്തിലൂടെ മോചിപ്പിക്കാൻ അവകാശമുണ്ടെന്നും PW2 (പ്രോസിക്യൂഷൻ വിറ്റ്നെസ് -2) തോക്ക് ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് ശക്തിപ്രകടനം നടത്തിയതെന്ന് തെളിയിച്ചാൽ, അവർക്കെതിരായ കൊല, ദാരുണമായി പരിക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങളിൽനിന്ന് അവർ മുക്തരാണെന്നുമാണ്. അറസ്റ്റിലൂടെ, നിയമത്തിനും ഭരണഘടനയുടെ ആർട്ടിക്ൾ 21നും വിരുദ്ധമായി വ്യക്തിസ്വാതന്ത്ര്യം കവർന്നെടുത്തതു മൂലം, അവരുടെ അപരാധിത്വത്തിന് തെളിവുണ്ടോ ഇല്ലയോ എന്നത് നോക്കാതെ അവർക്ക് (പ്രതികൾ 30, 31) വിടുതൽ കിട്ടാൻ അവകാശമുണ്ട്.
ഈ വാദങ്ങളുടെ സാധുത അംഗീകരിക്കാൻ എനിക്ക് കഴിവില്ല. അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് സ്റ്റേഷനിലായിരിക്കുന്ന ഒരാളുടെ സുഹൃത്തുക്കൾ, ആ അറസ്റ്റ് കൃത്യമായി സാധുവല്ലെങ്കിൽ പോലും, സ്റ്റേഷനിലേക്ക് മാരകായുധങ്ങളും തീവെട്ടികളും പടക്കങ്ങളുമായി മാർച്ച് ചെയ്ത് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ന്യായീകരിക്കുന്നതിനുള്ള ഒരു നിയമവകുപ്പും എനിക്കറിയില്ല. നേരെ മറിച്ചുള്ളതിന് കൃത്യമായ നിയമവകുപ്പുണ്ടുതാനും. ഐ.പി.സി സെക്ഷൻ 99 പറയുന്നത്, ഒരു സർക്കാർ ജീവനക്കാരൻ ഉത്തമവിശ്വാസത്തോടെ, തന്റെ ഓഫിസിന്റെ സുരക്ഷയിൽനിന്നുകൊണ്ട് ചെയ്യുന്ന പ്രവൃത്തിക്കെതിരായി അത് മരണമോ ഗുരുതര പരിക്കോ ഉണ്ടാക്കുന്നില്ലെങ്കിൽ ആ പ്രവൃത്തി കണിശമായും നിയമാനുസൃതമല്ലെങ്കിലും, തങ്ങളുടെ പരാതിക്ക് സർക്കാർ അധികാരികളിൽനിന്ന് പരിഹാരം തേടാൻ സമയമുണ്ടെങ്കിൽ, സ്വകാര്യ പ്രതിരോധത്തിന് അവകാശമില്ല അവർക്ക്.

നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട ഒരാളുടെ സഖാക്കൾ, സർക്കാർ അധികാരികളിൽനിന്ന് പരിഹാരം തേടാൻ സമയമില്ലെങ്കിൽ, സ്ഥലത്തുെവച്ചുതന്നെ അയാളെ ന്യായമായി രക്ഷിക്കാൻ ശ്രമിച്ചേക്കാമെന്ന് വാദിക്കുന്നത് വളരെ അന്യായമായിരിക്കില്ല. പക്ഷേ, ആ അവകാശം ഏത് സമയത്തും സ്ഥലത്തും ബാധകമാണെന്ന് പറയാനാവില്ല. പ്രശ്നം കുറച്ചുകൂടി നീട്ടിയാൽ, ഈ അവകാശം, അറസ്റ്റിലായ ആൾ ഒരു കോടതിയിലായിരിക്കുമ്പോൾപോലും ബാധകമാണെന്ന്, കോടതി എന്നത് പോലീസ് സ്റ്റേഷനെക്കാൾ ഒരുപടി മുകളിലായതിനാൽ, വാദിച്ചേക്കാം. തീർച്ചയായും അത്തരം അവകാശം അപകടകരവും നിയമവ്യവസ്ഥയെ തകർക്കാൻ മാത്രം ഉപകരിക്കുന്നതുമാണ്. ചുരുക്കത്തിൽ, ദുരുദ്ദേശ്യത്തോടെയുള്ള ഒരു നിയമ വക്രോക്തിയല്ലാതെ മറ്റൊന്നുമില്ല ഈ വാദത്തിൽ എന്നാണ് എനിക്ക് തോന്നുന്നത്.
30, 31 പ്രതികളെ ക്രൈം നമ്പർ 14 of 1950 പ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കിയത് നിയമവിരുദ്ധമാണെങ്കിൽ, ആ ഒറ്റ കാരണം കൊണ്ടുതന്നെ അവർക്ക് എല്ലാ കുറ്റാരോപണങ്ങളിൽനിന്നും, ക്രൈം നമ്പർ 15 പ്രകാരമുള്ളവയിൽനിന്നുപോലും, വിടുതൽ കിട്ടാൻ അവകാശമുണ്ടെന്നാണ് പണ്ഡിതനായ പ്രതിഭാഗം വക്കീൽ ഉന്നയിക്കുന്ന രണ്ടാമത്തെ വാദം. ഈ വാദത്തെയും അംഗീകരിക്കാൻ എനിക്കാവില്ല.
ആദ്യ അറസ്റ്റും തടങ്കലും നിയമവിരുദ്ധമാണെന്ന് വന്നാലും, ഉചിതമായ നടപടികളിലൂടെ പ്രതിവിധി കാണാൻ മാത്രമേ അവർക്ക് അവകാശമുള്ളൂ. എന്നാൽ, 30, 31 പ്രതികൾക്കെതിരായ കുറ്റാരോപണങ്ങളെ തുണക്കുന്ന ഒരു തെളിവുമില്ലാത്തതിനാൽ അവർക്ക് വിടുതലിന് അർഹതയുള്ളതുകൊണ്ട് ഈ പ്രശ്നംതന്നെ കേസിന് പുറത്താണ്.
പോയന്റ് No. 6: പ്രതികൾ സ്വയം ഒരു നിയമവിരുദ്ധ കൂട്ടായ്മയുണ്ടാക്കിയോ?
ഡ്യൂട്ടിയിലുള്ള പോലീസുകാരെ കൊല്ലുകയും പോലീസ് സ്റ്റേഷനിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും റെക്കോഡുകളും ബലാൽക്കാരമായി തട്ടിയെടുക്കുകയും 30, 31 പ്രതികളെ നിയമാനുസൃത കസ്റ്റഡിയിൽനിന്ന് ബലം പ്രയോഗിച്ചു മോചിപ്പിക്കുകയും ചെയ്യുക എന്ന പൊതുലക്ഷ്യത്തോടെ സ്വയം ഒരു നിയമവിരുദ്ധ കൂട്ടായ്മയുണ്ടാക്കിയെന്നതാണ് പ്രതികൾക്കെതിരായ കുറ്റാരോപണം.
എന്നാൽ, അവസാന വാദത്തിൽ പണ്ഡിത പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞുെവച്ചത്, ഈ കേസിലെ തെളിവും സാഹചര്യങ്ങളും സ്ഥാപിച്ചിരിക്കുന്നത്, കസ്റ്റഡിയിലുള്ളവരെ രക്ഷിക്കുക മാത്രമായിരുന്നു പൊതുലക്ഷ്യമെന്നാണ്. സ്റ്റേഷനിലെ പോലീസുകാരെ ബലപ്രയോഗ പ്രകടനത്തിലൂടെയോ, നിയമവിരുദ്ധമായി വിലക്കിനിർത്തിയോ ആ പൊതുലക്ഷ്യം നേടാൻ കഴിയുന്നിടത്തോളം ശ്രമിക്കുമായിരുന്നു എന്നുവരെ അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും, കൊലയും ഗുരുതരമായി പരിക്കേൽപിക്കലുംപോലുള്ള അക്രമങ്ങൾ കൂട്ടായ്മയിലെ ചിലർ ചെയ്തത് പൊതുലക്ഷ്യം നേടാനായിരുന്നു.
ഈ കേസിന്റെ സാഹചര്യങ്ങളും തെളിവിന്റെ സ്വഭാവവും െവച്ചുനോക്കുമ്പോൾ ആ വീക്ഷണം യുക്തിരഹിതമല്ല. കൂട്ടായ്മയിലെ ചിലരുടെ കൈയിൽ മാരകായുധങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്. സാധാരണ സ്റ്റേഷനിൽ രാത്രി രണ്ടോ മൂന്നോ കോൺസ്റ്റബിൾമാർ മാത്രമേ ഉണ്ടാകൂവെന്നും താരതമ്യേന വലിയ ഒരു കൂട്ടം പേർക്ക് ഒരു പരിക്കുമില്ലാെത, ഒരു ശക്തിപ്രകടനത്തിലൂടെയോ, പോലീസുകാരെ തൽക്കാലം വിലക്കിനിർത്തിയോ തങ്ങളുടെ സഖാക്കളെ രക്ഷിച്ചുകൊണ്ടുപോകാനാവുമെന്ന് പ്രതികൾ ഉറപ്പായി കരുതിയിരിക്കും.
30, 31 പ്രതികളെ PW-1, 5, 34 ഇവരും മരിച്ച വേലായുധനും ചേർന്ന് 27.2.1950ന് ഉച്ചയോടടുത്ത് ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽെവച്ച് അറസ്റ്റ് ചെയ്യുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതിന് തെളിവുണ്ട്. PW1 തുടർന്ന് ബോധിപ്പിക്കുന്നത്, അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതികൾ ഓടിയെന്നും, ഓരോരുത്തരെയും രണ്ടുപേർ വീതം ചേർന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നുവെന്നുമാണ്.
റെയിൽവേ സ്റ്റേഷൻപോലുള്ള ഒരു പൊതുസ്ഥലത്തുെവച്ച് നടത്തിയ ആ അറസ്റ്റിന് വ്യാപകമായ പ്രചാരണം കിട്ടിയിരിക്കുമെന്നതിനാൽ, പ്രതികളിൽ ചിലരും അത് അറിഞ്ഞിരിക്കുമെന്നത് തികച്ചും സ്വാഭാവികമാണ്. എറണാകുളത്തുണ്ടായിരുന്ന നമ്പർ 10 മുതൽ 12 വരെ പ്രതികളും, 16ാം പ്രതിയും, 23 മുതൽ 29 വരെ പ്രതികൾക്കും വിവരം കിട്ടിയെന്നും, അവർ ഒന്നിച്ച് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 8.15ന്റെ ട്രെയിനിൽ കയറി ഇടപ്പള്ളിക്ക് തിരിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. PW 45, 47, 48 ഇവരുടെ മൊഴികൾ വഴി ഇത് തെളിയിക്കാനാണ് ശ്രമിക്കുന്നത്. ആദ്യമേ പറയാം, ഈ സാക്ഷികളിൽ ഒരാളുടെയും തെളിവ് അംഗീകരിക്കാനാവില്ല. സത്യത്തിൽ, സാക്ഷികളുടെ വിശ്വാസ്യതയില്ലായ്മ മൂലം ഈ കേസ് സവിശേഷമാണ്.
ഇടപ്പള്ളി സ്വദേശിയും അവിടത്തെ താമസക്കാരനുമായ PW-45, കൊച്ചി ഹാർബർ ടെർമിനസിൽ ഒരു റെയിൽേവ ഗ്യാങ്മാനാണ്. ടെർമിനസിൽനിന്ന് 6.15ന് വിടുന്ന ട്രെയിനിലാണ് അയാൾ വീട്ടിലേക്ക് പോകാറ്. പക്ഷേ, ഈ പ്രത്യേക ദിവസം താൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങിയെന്നും (മറ്റൊരാളെ വാങ്ങാൻ ചുമതലപ്പെടുത്തിയിരുന്ന തന്റെ ഭക്ഷ്യ റേഷൻ കൈപ്പറ്റാൻ), പ്രതികൾ സഞ്ചരിച്ചിരുന്ന 8.15ന്റെ ട്രെയിനിൽ ഇടപ്പള്ളിക്ക് തിരിച്ചെന്നുമാണ് അയാൾ പറയുന്നത്.

Ex.XLVII, XLVIII DW2 ഈ തെളിവുകൾ െവച്ച് എതിർവിസ്താരം നടത്തിയപ്പോൾ സാക്ഷിതന്നെ നൽകിയ മൊഴിപ്രകാരം, റേഷൻ 22നു തന്നെ വാങ്ങിയിരുന്നു എന്നു പറഞ്ഞിട്ടുള്ളതിനാൽ, അയാൾക്ക് എറണാകുളത്ത് യാത്ര മുറിച്ച് 8.15ന് വീണ്ടും യാത്ര തുടരേണ്ട സാഹചര്യമില്ലായിരുന്നു. 1950 മാർച്ച് 2ന് പോലീസ് ഇൻസ്പെക്ടർ അയാളെ വിസ്തരിച്ചിരുന്നു. ടി.പി.സി സെക്ഷൻ 162 പ്രകാരം എക്സ്ട്രഡിഷൻ നടപടിയിൽ അയാൾ നൽകിയ തെളിവിന്റെ കുറിപ്പുകളും (Ex. XLVI), സത്യംചെയ്ത പ്രസ്താവനകളും അനുസരിച്ച്, പ്രതികൾ ഇടപ്പള്ളി സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നത് താൻ കണ്ടു എന്നതാണ് അയാളുടെ കേസ്.
എന്നാൽ, കോടതി മുമ്പാകെ അയാൾ ഒരു പടികൂടി കടന്ന്, പ്രതികൾ എറണാകുളം മുതൽ ഇടപ്പള്ളി വരെ തന്റെ കമ്പാർട്െമന്റിലാണ് യാത്ര ചെയ്തത് എന്നതുകൊണ്ട്, അവരെ ശ്രദ്ധിക്കാനായെന്നും പിന്നീട് തിരിച്ചറിയാനായെന്നും ബോധിപ്പിച്ചു. ഈ അവകാശവാദം, പുതിയ വഴിത്തിരിവിനുള്ള ആവശ്യകത വിശദീകരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. അയാളെ എതിർ വിസ്താരം ചെയ്തതിൽനിന്ന് മനസ്സിലായത്, തനിക്ക് തിരിച്ചറിയാനാകുമെന്ന് അയാൾ പറഞ്ഞ പ്രതികളിൽ അധികം പേരെയും അയാൾക്ക് പരിചയമില്ലായിരുന്നു. മറ്റെല്ലാ സാക്ഷികളോടും മാറ്റമില്ലാതെ ചെയ്തതുപോലെ, വിചാരണ കോടതിയിൽ പ്രതികളെ തിരിച്ചറിയാൻ അയാളോട് ആവശ്യപ്പെട്ടില്ല; പ്രോസിക്യൂഷന് അതിൽ അത്ര വിശ്വാസമില്ലാത്തതുകൊണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഞാൻ അയാളെ വിശ്വസിക്കുന്നില്ല.
PW 47 എന്ന സാക്ഷി, റെയിൽവേ സ്റ്റേഷനടുത്തുള്ള ബസ് സ്റ്റാൻഡിലെ, 22 വയസ്സുള്ള ഒരു കൂൾഡ്രിങ്ക്സ് വിൽപനക്കാരനും PW 48 അവിടത്തെ, 23 വയസ്സുള്ള ഒരു പോർട്ടറുമാണ്. അവരെ പോലീസ് ഇൻസ്പെക്ടർ അതേദിവസം ചോദ്യംചെയ്തു; ആ സംയുക്ത കുറിപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ തെളിവാണ് Ex. XLV. ഈ കുറിപ്പുകളിൽ പല പ്രതികളുടെയും സർനെയിം, മേൽവിലാസം, മറ്റ് വിശദവിവരങ്ങൾ ഇവയുണ്ട്. എന്നാൽ, ഇരുവരും (PW 47, 48) പറയുന്നത് തങ്ങൾക്ക് അതേക്കുറിച്ചറിയില്ലെന്നും, തങ്ങളല്ല ആ വിവരങ്ങൾ പോലീസ് ഇൻസ്പെക്ടർക്ക് നൽകിയതെന്നുമാണ്.
ഇക്കാര്യം ചോദിച്ചപ്പോൾ ഇൻസ്പെക്ടർ പറയുന്നത്, ആ വിവരങ്ങൾ താൻ കൂട്ടിച്ചേർത്തത്, ഒരു പ്രതിയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയതിൽനിന്നാണെന്നാണ്. പോലീസ് ഉദ്യോഗസ്ഥന്റെ തുറന്ന മനഃ സ്ഥിതിയെ അഭിനന്ദിക്കുമ്പോൾതന്നെ, ഇത് കേസ് ഡയറിയിൽ തെളിവുകൾ രേഖപ്പെടുത്തുന്നതിന്റെ ഒരു പുതിയ രീതിയാണെന്ന് പരാമർശിക്കാൻ ഞാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.പ്രതിഭാഗം ഇൻസ്പെക്ടറോട് ആരോപിച്ചത് (ഈ ചെറുപ്പക്കാരെ ഒരിക്കലും ചോദ്യംചെയ്തിട്ടില്ല എന്നത്) മുഴുവൻ ന്യായീകരിക്കപ്പെടുന്നു.