ജീവിതം തിരിക്കുന്ന ഓട്ടോറിക്ഷക്കാരൻ

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. കഥകളെഴുതുന്ന ഓട്ടോറിക്ഷക്കാരെ എനിക്കു പരിചയമില്ല. അത്തരത്തിലുള്ളവരുണ്ടെങ്കിൽ അവർക്കുള്ള സാധ്യതകൾ അനന്തമാണ് എന്നു ചിന്തിച്ച് അസൂയപ്പെടാറുണ്ട് ഞാൻ. നാടുകളിലൂടെ സഞ്ചരിക്കുന്ന അവരുടെ മുന്നിൽ പ്രത്യക്ഷമാകുന്നത് വ്യത്യസ്തങ്ങളായ ജീവിതക്കാഴ്ചകളാണ്. ആ യാത്രകളിൽ അനുഭവസമ്പന്നരായ മനുഷ്യർ അയാളോട് സ്വന്തം കഥകൾ പറയുന്നു. അങ്ങനെ കേൾവിയുടെ ഉറവ വറ്റാത്ത കഥാേസ്രാതസ്സാകുന്നുണ്ട്...
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
കഥകളെഴുതുന്ന ഓട്ടോറിക്ഷക്കാരെ എനിക്കു പരിചയമില്ല. അത്തരത്തിലുള്ളവരുണ്ടെങ്കിൽ അവർക്കുള്ള സാധ്യതകൾ അനന്തമാണ് എന്നു ചിന്തിച്ച് അസൂയപ്പെടാറുണ്ട് ഞാൻ. നാടുകളിലൂടെ സഞ്ചരിക്കുന്ന അവരുടെ മുന്നിൽ പ്രത്യക്ഷമാകുന്നത് വ്യത്യസ്തങ്ങളായ ജീവിതക്കാഴ്ചകളാണ്. ആ യാത്രകളിൽ അനുഭവസമ്പന്നരായ മനുഷ്യർ അയാളോട് സ്വന്തം കഥകൾ പറയുന്നു. അങ്ങനെ കേൾവിയുടെ ഉറവ വറ്റാത്ത കഥാേസ്രാതസ്സാകുന്നുണ്ട് ഓരോ ഓട്ടോറിക്ഷക്കാരനും. ഒന്നിനൊന്ന് വിഭിന്നങ്ങളായ സംഭവങ്ങളെയും പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും വെല്ലുവിളികളെയും നേരിട്ട് ജീവിക്കുന്ന പരിചിതരല്ലാത്ത മനുഷ്യർ അൽപനേരം അയാളുടെ സഹയാത്രികരാവുന്നു.
അവരിൽ ചിലർ അയാളുമായി സൗഹൃദം കൂടുന്നു. മറ്റു ചിലർ കലഹിക്കുന്നു. വേറെ ചിലർ അകലം പാലിക്കുന്നു. എന്നാൽ, അവരിൽ കുറച്ചുപേരെങ്കിലും ലഭ്യമായ സമയത്ത് അയാളോട് ജീവിതം പറയുന്നുണ്ട്. ഇത് ഓരോ ദിവസവും ആവർത്തിക്കുന്നു, അയാളുടെ തൊഴിൽ ജീവിതത്തിന്‍റെ ഭാഗമാകുന്നു. അപ്രകാരം ഓട്ടോറിക്ഷക്കാരന്‍റെ മനസ്സ് ജീവിതകഥകളുടെ ഒരു കലവറയായിത്തീരുന്നു.
അനേകം മനുഷ്യരുടെ കഥകൾ കേട്ട ഒരു ഓട്ടോറിക്ഷക്കാരൻ എന്നെ സമീപിക്കുന്നത് തന്‍റെ കഥപറയാൻ ആശിച്ചാണ്. അസദൃശമായ ജീവിതാനുഭവങ്ങൾ ഒട്ടേറെ കേട്ടു തഴമ്പിച്ച അയാൾക്ക് സ്വന്തം കഥ ആരോടെങ്കിലും ഒന്നു പറഞ്ഞേ മതിയാവൂ എന്ന ആവേശമായിരുന്നു. അതു കേൾക്കാൻ പറ്റിയ ഒരു കേൾവിക്കാരനായി അയാൾ കണ്ടെത്തിയത് എന്നെയായിരുന്നു.
ഒടുവിൽ ഓട്ടോറിക്ഷക്കാരൻ ജീവിതം പറഞ്ഞുതുടങ്ങി. ഇടിഞ്ഞു വീഴാറായ കൊച്ചു വീടിന്‍റെ ഉമ്മറത്തെ ചളിപിടിച്ച കസേരയിൽ തൂങ്ങിയിരുന്ന്, ക്രമാതീതമായി ഉയർന്നുതാഴുന്ന നെഞ്ചിൻകൂട് തടവി, ഉച്ചത്തിൽ വലിച്ച് ശ്വാസമെടുക്കുന്ന അപ്പച്ചനിൽനിന്നായിരുന്നു തുടക്കം. നീണ്ടുപോയ കഥപറച്ചിലിനിടയിൽ പല സന്ദർഭങ്ങളിലും അയാൾ വികാരഭരിതനായി.
ചിലപ്പോഴെല്ലാം പൊട്ടിക്കരഞ്ഞു. എല്ലാറ്റിനും സാക്ഷ്യംവഹിച്ച് എഴുത്തിനുള്ള സാധ്യത തിരഞ്ഞുകൊണ്ട് നിസ്സംഗനായ കേൾവിക്കാരനായി ഞാൻ ഇരുന്നു. മറ്റു സമാന സന്ദർഭങ്ങളിൽനിന്നു വ്യത്യസ്തമായി എനിക്ക് ഒന്നും കുറിച്ചുവെക്കാൻ തോന്നിയില്ല. കാരണം, അയാൾ പറഞ്ഞ ഓരോ വാക്കും എന്‍റെ ഉള്ളിൽ നേരിട്ടെത്തി പതിയുന്നുണ്ടായിരുന്നു. അതിൽ മൂന്നു രംഗങ്ങൾ എന്‍റെ മനസ്സിന്‍റെ ദൃശ്യമണ്ഡലത്തിൽ മാഞ്ഞു
പോകാതെ ചലച്ചിത്രമെന്നോണം ഓടിക്കൊണ്ടിരുന്നു. അപ്പച്ചന്‍റെ പഴയ സൈക്കിളിൽ പ്രത്യേകമായുള്ള കൊച്ചു സീറ്റിലിരുന്ന് ഒരു പത്തുവയസ്സുകാരൻ, വലതുവശം അപ്പച്ചനും മറുവശത്ത് അപ്പച്ചന്‍റെ ഉറ്റ സ്നേഹിതൻ രവിയങ്കിളും ചേർന്ന് തള്ളിനീക്കുന്നതിന്‍റെ സുഖസവാരി ആസ്വദിക്കുന്നതും, അത് ചായക്കടയുടെ മുന്നിലെത്തിനിൽക്കുമ്പോൾ ലഭിക്കുന്ന പലഹാരങ്ങളുടെ രുചിയിൽ അവന്‍റെ മുഖം വിടരുന്നതുമായിരുന്നു ആദ്യ കാഴ്ച.
അടുത്തത്, വഴിയരികെയുള്ള മരത്തിൽ പിടിച്ചുനിന്ന് വില്ലുപോലെ വളഞ്ഞ് വലിയ ശബ്ദത്തിൽ കിട്ടാത്ത ശ്വാസം വലിച്ചെടുക്കാൻ ശ്രമിക്കുന്ന ആസ്ത്മ രോഗിയായ വൃദ്ധനും ഓട്ടോറിക്ഷക്കാരനു കൂലികൊടുക്കാൻ തികയാത്ത നോട്ടുകൾ കൈയിൽ ചുരുട്ടിപ്പിടിച്ച് വണ്ടിക്കു പിറകെ ഓടുന്ന അയാളുടെ ഭാര്യ വൃദ്ധയാത്രികയുമായിരുന്നു. മൂന്നാമത് ദൃശ്യം, ഒരു ചോദ്യചിഹ്നമായി ഏതാനും നാൾ മറവുചെയ്യപ്പെടാതെ കിടന്ന ഓട്ടോറിക്ഷക്കാരന്‍റെ അപ്പച്ചന്‍റെ ജഡമായിരുന്നു.
മാറാത്ത ആസ്ത്മ രോഗിയായ ഓട്ടോറിക്ഷക്കാരന്‍റെ അപ്പച്ചന്‍റെ നിലയ്ക്കാത്ത ചുമയും കഫത്തിരയിളക്കത്തിന്‍റെ ഭീകരമായ ശബ്ദവും ഓട്ടോറിക്ഷക്കാരൻ മാത്യുവിന്‍റെ വാക്കുകളിലൂടെ ഇപ്പോഴും എന്‍റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ‘‘ശ്വാസം കിട്ടാൻ ഏറെ പ്രയാസം അനുഭവപ്പെടുമ്പോൾ സർക്കാർ ആശുപത്രിയെ ശരണം പ്രാപിക്കുമായിരുന്നു അപ്പച്ചൻ’’, മാത്യു പറഞ്ഞു. ‘‘അങ്ങനെ ഒരിക്കൽ ആശുപത്രിയിലേക്കു പോയയാൾ മടങ്ങി വന്നില്ല. അപ്പച്ചൻ അവിടെ കിടന്ന് മരിച്ചു. കൃത്യമായ മേൽവിലാസം ഇല്ലാതിരുന്നതിനാൽ അത് ‘അജ്ഞാത ജഡ’മായി. അങ്ങനെ ഓട്ടോറിക്ഷക്കാരന്‍റെ പിതാവിന്‍റെ ജഡം അജ്ഞാത ജഡങ്ങളുടെ കൂട്ടത്തിൽ മാറ്റിയിടപ്പെട്ടു.
ഓട്ടോറിക്ഷക്കാരൻ മാത്യു തന്‍റെ ജീവിതം പറഞ്ഞത് ഞാനെഴുതി. ‘ഓട്ടോറിക്ഷക്കാരൻ’ എന്ന പേരിൽ കഥ 2016 സെപ്റ്റംബറിൽ മംഗളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് ‘അദ്ധ്വാനവേട്ട’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തി പുസ്തകമായി. ജീവിതം പറയുമ്പോൾ ഇടയിൽ വിട്ടുകളയുന്ന ചില കണ്ണികളെ ഒരു എഴുത്തുകാരന് പെട്ടെന്ന് മനസ്സിലാക്കാനാവും. മാത്യു കഥ പറയുന്നതിനിടയിലും അത്തരം ചില വിടവുകൾ ശ്രദ്ധയിൽപെട്ടത് പൂരിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ആ വിടവുകൾ നികത്താനായിട്ടാണ് മാത്യു പിന്നീടൊരിക്കൽ എന്നെ കാണാനെത്തിയത്.
‘‘സാർ ക്ഷമിക്കണം. അന്നു ഞാൻ ജീവിതം പറഞ്ഞപ്പോൾ ചില കാര്യങ്ങൾ മനപ്പൂർവം ഒഴിവാക്കിയിരുന്നു. അവ പറയുവാനുള്ള വാക്കുകൾ എനിക്കുള്ളിൽ മരിച്ചു കിടക്കുകയായിരുന്നു. അവയെക്കുറിച്ച് ആലോചിക്കാൻപോലും എന്‍റെ മനസ്സ് വിസമ്മതിച്ചിരുന്നു. എന്നാൽ, ഇപ്പോൾ എനിക്ക് ആ വൈക്ലബ്യമില്ല. അപൂർണമായി പറഞ്ഞുനിർത്തിയ ജീവിതകഥ ഒരാളോടെങ്കിലും പറഞ്ഞുതീർത്ത് മനസ്സിൽനിന്ന് പൂർണമായി ഉപേക്ഷിക്കണം, പിന്നീടൊരിക്കലും ഓർക്കാതിരിക്കാൻ.’’അയാൾ വീണ്ടും പറഞ്ഞുതുടങ്ങി.
‘‘ദാരിദ്യ്രവും രോഗവും നിറഞ്ഞുനിന്ന ആ കൊച്ചുവീട്ടിൽ പക്ഷേ എല്ലാവരും പരസ്പരം സ്നേഹിച്ചിരുന്നു...’’ മാത്യു പറഞ്ഞത്, ഒരിക്കൽ പറയുകയും ഞാനെഴുതുകയും ചെയ്ത കഥയിൽ താൻ പറയാതെ മറച്ചുവെച്ച കാര്യങ്ങളായിരുന്നു. ‘‘മാതാപിതാക്കളും നാലു ചെറിയ കുട്ടികളും പിന്നെ രവിയങ്കിളും. ഞങ്ങളെ സ്വന്തംപോലെ സ്നേഹിച്ച, സംരക്ഷിച്ച അപ്പച്ചന്‍റെ സന്തതസഹചാരിയായിരുന്ന രവിയങ്കിളിനെ ഒരു കുടുംബാംഗമായിത്തന്നെ കരുതാനേ ഞങ്ങൾക്കാവുമായിരുന്നുള്ളൂ...’’ മാത്യു പറഞ്ഞു.

‘‘കഠിനമായ ആസ്ത്മയുടെ പിടിയിൽ ഞെരുങ്ങിയിരുന്ന അപ്പച്ചൻ ജോലിചെയ്യാൻ കഴിയാതെ ദീർഘകാലം ജീവിച്ചു. ഒരു വരുമാനവുമില്ലാത്ത കുടുംബം. വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളും തീർത്തശേഷം അവശേഷിക്കുന്ന സമയം അന്യവീടുകളിൽ പണിചെയ്യാൻ പോകുന്ന അമ്മക്ക് കിട്ടുന്ന അൽപ വരുമാനംകൊണ്ട് പട്ടിണി തീരില്ലായിരുന്നു. മരുന്നിനും, കുട്ടികളുടെ പഠിപ്പിനും, മറ്റു കുടുംബച്ചെലവുകൾക്കും പണം വേറെ കണ്ടെത്തണം.
ഒരിക്കലും വേർപെടുത്താനാവാത്ത ദൃഢമായ ആത്മബന്ധമായിരുന്നു അപ്പച്ചനും രവിയങ്കിളും തമ്മിലുണ്ടായിരുന്നത്. ജാതി-മത വേർതിരിവുകൾ ഒരിക്കലും അതിനെ ബാധിച്ചിരുന്നില്ല. അവർ തമ്മിൽ കണ്ടുമുട്ടുന്ന ദിവസങ്ങളിൽ തിരികെ വീട്ടിലെത്തുന്ന അപ്പച്ചന്‍റെ പോക്കറ്റിൽ നൂറിന്‍റെ നോട്ടുകൾ കിടന്നിരുന്നത് ഞാൻ കാണാറുണ്ടായിരുന്നു.’’
സ്വന്തം മാതാവിന്‍റെ പാതിവ്രത്യത്തെ സംശയിച്ച മാത്യുവിനെയാണ് ഞാൻ പിന്നീട് കണ്ടത്. അപ്പോഴും അയാൾക്ക് അമ്മയോടുള്ള സ്നേഹത്തിൽ തെല്ലും കുറവുണ്ടായിരുന്നില്ല. അയാൾ രവിയങ്കിളിനെ കുറ്റപ്പെടുത്തിയില്ല. നിർബന്ധമോ വിധേയത്വമോ അമിത താൽപര്യമോ കൂടാതെയുള്ള സാഹചര്യത്തിന്‍റെ ഒരു അനിവാര്യതയായി മാത്രമേ അയാൾ ആ ബന്ധത്തെ കണ്ടുള്ളൂ. രവിയങ്കിൾ കോരിച്ചൊരിഞ്ഞ സ്നേഹത്തിനും കരുതലിനും മുന്നിൽ അതൊരു തെറ്റാവുകയല്ലായിരുന്നു.
‘‘രവിയങ്കിളിലൂടെയാണ് ഒരു കുടുംബം വയറുനിറയെ ഭക്ഷണം കഴിച്ചത്. മഴച്ചോർച്ചയെ ഭയക്കാതെ കിടന്നുറങ്ങിയത്. ഞങ്ങൾ കുട്ടികൾ സ്കൂൾ പാഠപുസ്തകങ്ങൾ സമ്പാദിച്ചത്. ആത്മാർഥതയുടെ, സ്വന്തം എന്ന സമീപനത്തിന്‍റെ സുഖമുണ്ടായിരുന്നു രവിയങ്കിളിന്‍റെ പ്രവൃത്തികളിലൊക്കെ.’’ മാത്യു അറിയാതെതന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. തൊണ്ട ഇടറുന്നുണ്ടായിരുന്നു.
‘‘അപ്പച്ചൻ നാസ്തികനായിരുന്നോ എന്നറിയില്ല. പള്ളിയിൽ പോയിരുന്നില്ല. സ്തോത്രങ്ങൾ ചൊല്ലുകയോ പ്രാർഥന നടത്തുകയോ ചെയ്തിരുന്നില്ല. അക്രിസ്ത്യാനിയായൊരുവനുമായി അതിരുവിട്ട സൗഹൃദബന്ധം സ്ഥാപിച്ച് അയാളെ പലപ്പോഴും വീട്ടിൽ താമസിപ്പിച്ചതും, ഹിന്ദുവിന്‍റെ ധനസഹായം വാങ്ങി കുടുംബത്തെ പോറ്റിയതും പൊറുക്കാനാവാത്ത കുറ്റങ്ങളായിരുന്നു പള്ളി അധികാരികൾക്ക്. പുരോഹിതന്മാരെ സംബന്ധിച്ചിടത്തോളം അപ്പച്ചൻ സഭക്കു പുറത്തായിരുന്നു. അമ്മച്ചിയെ അങ്കിളുമായി ബന്ധപ്പെടുത്തി നാട്ടിൽ കഥകൾ പ്രചരിച്ചത് പള്ളിക്കാർക്ക് അടിക്കാൻ കിട്ടിയ വടിയായിരുന്നു.’’
മാത്യു ശബ്ദമുയർത്തി: ‘‘കുറ്റപ്പെടുത്താനും പരിഹസിച്ചു ചിരിക്കാനും ചേട്ടന്‍റെ വിവാഹം മുടക്കാനും മുന്നിട്ടുനിന്നവർ ആരും ഞങ്ങളെ മനസ്സിലാക്കിയില്ല. ഞങ്ങളുടെ പരമദരിദ്രമായ അവസ്ഥയിൽ ഒരു ചെറുസഹായം നീട്ടാൻ തയാറായില്ല.’’
‘‘ജില്ലാ ആശുപത്രിയിൽ കിടന്നു മരിച്ച അപ്പച്ചന്‍റെ ജഡത്തിന് മൂന്ന് അവസ്ഥകളുണ്ടായി. കൃത്യമായ മേൽവിലാസം നൽകിയിട്ടില്ലായിരുന്നതിനാൽ അത് ‘‘അജ്ഞാത ജഡ’’ങ്ങളുടെ കൂട്ടത്തിൽ ചേർത്ത് മാറ്റിയിട്ടിരുന്നു. മൂന്നുദിവസം കൂട്ടുകാരനെ കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയ രവിയങ്കിൾ ഒരാളാണ് അപ്പച്ചന്‍റെ ബോഡി കണ്ടെത്തിയതും അത് ജില്ല ആശുപത്രിയിൽനിന്നും സാങ്കേതിക നടപടികൾ തീർത്ത് വിട്ടുകിട്ടുന്നതിനുവേണ്ടി പ്രവർത്തിച്ചതും. ജഡം വീട്ടിലെത്തിച്ചപ്പോൾ അത് ‘അനാഥ ജഡ’മായി. പള്ളിയെ ധിക്കരിച്ചു ജീവിച്ചവന്‍റെ മൃതശരീരം സെമിത്തേരിയിൽ അടക്കാൻ പള്ളിക്കാർ അനുവദിച്ചില്ല.
കൂദാശകൾക്കും അന്ത്യ പ്രാർഥനകൾക്കും പുരോഹിതന്മാർ തയാറുമായില്ല. നാട്ടുപ്രമാണിമാരുടെ മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ടു. അനാഥജഡം ആരാലും ഏറ്റെടുക്കപ്പെടാതെ വീടിനു മുന്നിൽ തീരുമാനം കാത്തുകിടന്നു. അമ്മയും ഞങ്ങൾ കുട്ടികളും എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ടിരുന്നു.
സമയം നീണ്ടു പോയപ്പോൾ മൃതശരീരത്തിൽനിന്നും ദുർഗന്ധം വമിച്ചു തുടങ്ങി. ആ സമയത്ത്, പുരോഗമന ചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാർ സംഘടിച്ച്, പള്ളി നിരാകരിച്ചാൽ വീട്ടുമുറ്റത്തോ ശ്മശാനത്തിലോ ജഡം സംസ്കരിക്കാൻ തീരുമാനിച്ചു. ഇടവക നേതൃത്വം അങ്കലാപ്പിലായി. ഒരു ക്രിസ്ത്യാനിയുടെ ശവശരീരം പള്ളിവിട്ട് മതാചാരപ്രകാരമല്ലാതെ മറവുചെയ്യപ്പെട്ടാൽ പള്ളിക്കത് വല്ലാത്ത ക്ഷീണമാകും. പള്ളിക്കമ്മിറ്റി ഇടപെട്ട് വികാരിയുമായി ചർച്ച നടത്തി. ഒടുവിൽ തീരുമാനമുണ്ടായി. ‘പിഴച്ചവന്‍റെ ജഡം’ തെമ്മാടിക്കുഴിയിലടക്കാം. സ്വർണക്കുരിശും വെള്ളിക്കുരിശുമൊന്നും ഉണ്ടാവില്ല. പിഴ അടക്കണം.
‘‘നാട്ടുകാരുടെയും ബന്ധുക്കളുടെയും അയൽക്കാരുടെയും മുന്നിൽ അപരാധികളായി, അപമാനിതരായി അമ്മയും ഞങ്ങൾ നാലു മക്കളും നിന്നു. പിഴയടച്ചു സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. ഒടുവിൽ അഴുകിത്തുടങ്ങിയ ശവത്തിന്‍റെ ദുർഗന്ധം അസഹ്യമായിത്തീർന്ന നേരത്ത് അജ്ഞാതനായ ഒരാൾ പിഴയടച്ചു. അത് രവിയങ്കിളല്ലാതെ മറ്റാരാവാൻ?’’
‘‘പിഴച്ച ജഡം തെമ്മാടിക്കുഴിയിലടക്കാനും പ്രാർഥന ചൊല്ലാനും നിയോഗിക്കപ്പെട്ട കൊച്ചച്ചൻ അലസമായും ധൃതിയിലും കർമമനുഷ്ഠിച്ചെന്നുവരുത്തി പിൻവാങ്ങുകയായിരുന്നു. ബന്ധുക്കൾ വന്നില്ല. അയൽക്കാർ അകലെനിന്ന് എത്തിനോക്കി. ആരുടെയും ശ്രദ്ധയിൽപെടാതെ അകന്ന് ദൂരെ മാറി എല്ലാം നിരീക്ഷിച്ചുകൊണ്ട് ഒരു നിഴൽപോലെ രവിയങ്കിൾ നിന്നിരുന്നത് ഞാൻ കണ്ടു.’’
‘‘പിന്നീട് തികച്ചും ഒറ്റപ്പെട്ടുപോയ ഞങ്ങളുടെ നാഥനില്ലാ കുടുംബം നാട്ടുകാരുടെ അവഹേളനം സഹിച്ചും വറുതിയിൽ തളർന്നും വീണുപോകേണ്ടതായിരുന്നു. അതിനിടവരുത്താതെ ഞങ്ങളെ സംരക്ഷിച്ചത് രവിയങ്കിളായിരുന്നു.’’
‘‘ചേട്ടൻ മുതിർന്നതിന്‍റെ ലക്ഷണം കാട്ടി. അമർഷവും പ്രതിഷേധവുമായിരുന്നു മുഖത്ത് എപ്പോഴും. അധികവും മൗനം പാലിച്ചു. വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. പാർട്ടി ഓഫിസിലും വായനശാലയിലുമായിരുന്നു അയാൾ മിക്കവാറും സമയങ്ങളിൽ. വർഷങ്ങൾ കടന്നുപോയപ്പോഴും രവിയങ്കിളിൽ ഒരു മാറ്റവുമുണ്ടായില്ല. വീട് പുതുക്കിപ്പണിതു തന്നത് എല്ലാ സൗകര്യങ്ങളോടെയുമായിരുന്നു.
സുഭിക്ഷമായ ഭക്ഷണം ഒരിക്കലും മുടക്കിയില്ല. എല്ലാവർക്കും നിലവാരമുള്ള വസ്ത്രങ്ങൾ. കുട്ടികൾക്ക് പഠന സൗകര്യങ്ങൾ... ഇല്ലായ്മ എന്തെന്ന് അറിയാതെയാണ് ഞങ്ങൾ അനേക വർഷങ്ങൾ കഴിഞ്ഞത്. പക്ഷേ, ഒരിക്കൽ, ഒരിക്കൽമാത്രം ഞങ്ങൾ വിശന്നു കരഞ്ഞു. അത് രവിയങ്കിൾ വാഹനാപകടത്തെ തുടർന്ന് കാലൊടിഞ്ഞ് കിടപ്പിലായ മൂന്നു മാസക്കാലത്തായിരുന്നു. രവിയങ്കിൾ ഇല്ലാത്ത ഞങ്ങളുടെ ജീവിതം ദുരിതപൂർണമായിരിക്കുമെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു.’’
‘‘ചേട്ടന്‍റെ വിവാഹം മുടങ്ങിയത് അമ്മക്കെതിരെ നാട്ടിൽ പരന്നിരുന്ന അപവാദങ്ങളെ തുടർന്നാണ്. അതോടെ ചേട്ടൻ വീട്ടിൽ തീരെ വരാതായി. അപ്പച്ചൻ മരിച്ചശേഷം പതിനഞ്ചു വർഷക്കാലമാണ് രവിയങ്കിൾ ഞങ്ങളുടെ കുടുംബത്തിന്‍റെ ഭാരം ഒന്നാകെ ഏറ്റെടുത്ത് നടത്തിയത്. ഒടുവിൽ ഒരു സങ്കടരാത്രിയുണ്ടായി. ആ രാത്രി മുഴുവൻ അമ്മ കരഞ്ഞു. രവിയങ്കിളിനു മുമ്പിൽ കൂപ്പുകൈയോടെ കേണപേക്ഷിച്ചു –‘‘എല്ലാം അവസാനിപ്പിക്കണം. ഇനിയും നാണംകെട്ടു ജീവിക്കുവാൻ വയ്യ. കാര്യങ്ങൾ മനസ്സിലാക്കാൻ പ്രായമായ മക്കളുടെ ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തരംമുട്ടിനിൽക്കുവാൻ കെൽപില്ല. ഇനി ഇങ്ങോട്ടു വരരുത്, ഒരിക്കലും.’’
എല്ലാം കണ്ടും കേട്ടും സഹിക്കാൻ ശപിക്കപ്പെട്ട ജന്മമായിരുന്നു എേന്റത്. ഒടുവിൽ അങ്കിൾ പോക്കറ്റിലുണ്ടായിരുന്ന നോട്ടുകൾ ഒന്നാകെ എടുത്ത് അമ്മയെ ഏൽപിച്ചു. വാങ്ങാൻ മടിച്ച അമ്മയുടെ കൈകളിൽ ബലമായി അത് വെച്ചുകൊടുത്തു. അമ്മ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടപോലെ, അമ്മയുടെ വാക്കുകളെ അംഗീകരിച്ച മട്ടിൽ തലയാട്ടിക്കൊണ്ട്, സങ്കടം വിങ്ങിനിന്ന മുഖത്തോടെ രവിയങ്കിൾ ഇറങ്ങി. എന്‍റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു: ‘‘പോട്ടെടാ...’’
‘‘ഇനിയൊരിക്കലും തിരിച്ചുവരാത്ത പോക്കാണതെന്ന ധ്വനി അങ്കിളിന്‍റെ ആ വാക്കുകളിൽനിന്നും ഞാൻ തിരിച്ചറിഞ്ഞു. അതോടെ എന്നിൽ സങ്കടം പൊട്ടി. കരഞ്ഞുകൊണ്ട് ഞാൻ അങ്കിളിന്‍റെ പിറകേ ഓടി. അങ്കിളിനെ ഇനി കാണാനാവില്ലെന്ന തോന്നലിന്‍റെ വിഷമത്തിൽ ഞാൻ അന്നു മുഴുവൻ വിങ്ങിപ്പൊട്ടി കരഞ്ഞു. എന്നെ സമാശ്വസിപ്പിക്കാൻ വന്ന അമ്മയും കരഞ്ഞു.’’
‘‘വൈകാതെ ഞങ്ങളുടെ വീട്ടിൽ ദാരിദ്യ്രം കടന്നുവന്നു. പട്ടിണിയും ഇല്ലായ്മയും ഗതികേടായി ഞങ്ങളെ വലച്ചു. പഠിപ്പ് നിന്നു. ചേട്ടനും ഞാനും അൽപവരുമാനം കിട്ടുന്ന പണികൾ തേടി. കഷ്ടപ്പാടുകൾക്കിടയിലായിരുന്നു ചേട്ടന്‍റെ വിവാഹം. ഒരു വർഷം കഴിഞ്ഞപ്പോൾ ചേട്ടന് കുട്ടി പിറന്നു.
തീർത്തും അവിചാരിതമായി ഒരുനാൾ പട്ടുടുപ്പുകളും പലഹാരങ്ങളും കൈനിറയെ സമ്മാനങ്ങളുമായി കുഞ്ഞിനെ കാണാൻ രവിയങ്കിൾ വന്നു. അമ്മ നടുങ്ങി. ആരാണിയാൾ എന്ന മരുമകളുടെ ചോദ്യത്തിനു മുന്നിൽ അമ്മ പതറിനിന്നു. വൈകാതെ, പരദൂഷണക്കാരായ അയൽക്കാരികളിൽനിന്നും ചേട്ടത്തി കാര്യങ്ങളിഞ്ഞു. അവർ അമ്മയെ പരിഹസിച്ചും പുച്ഛിച്ചും നാണം കെടുത്തി. വഴക്കും ബഹളവും തുടർന്ന നാളുകൾക്കൊടുവിൽ ചേട്ടത്തിയും ചേട്ടനും വീടു വിട്ടുപോയി.’’
‘‘ഇടക്കൊക്കെ ഞാൻ അമ്മയെക്കുറിച്ചു ചിന്തിക്കും. ഒന്നും നേടാനാവാതെ എല്ലാം നഷ്ടപ്പെടാൻവേണ്ടി മാത്രമായ ജീവിതമായിരുന്നല്ലോ അവരുടേത്. കരയാനും പണിയെടുക്കാനും വിധേയപ്പെടുവാനും ശുശ്രൂഷിക്കാനും, പിന്നെ കുറ്റാരോപണങ്ങളിൽപെട്ട് മനസ്സമ്മർദത്തിൽ ശ്വാസംമുട്ടി ജീവിക്കാനും വേണ്ടിയുള്ള ശപിക്കപ്പെട്ട ജന്മമായിരുന്നല്ലോ.’’

‘‘ചേട്ടനും കുടുംബവും പോയിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കേട്ടുകേൾവിയായി ഒരു വാർത്ത എത്തിയത്. രവിയങ്കിൾ മരിച്ചു. അന്നു രാത്രി അമ്മ ഉറങ്ങിയിട്ടുണ്ടാവില്ല. പിറ്റേന്ന് വെളുപ്പിന് നാലുമണിക്ക് അമ്മ എന്നെ വിളിച്ചെഴുന്നേൽപിച്ച് തയാറാവാൻ ആവശ്യപ്പെട്ടു. പല വാഹനങ്ങളിൽ യാത്ര ചെയ്തും പലരോടും ചോദിച്ചും അന്വേഷിച്ചും ഒടുവിൽ ഉച്ചയോടെ ഞങ്ങളാ വീട്ടുവളപ്പിലെത്തി. എരിഞ്ഞുതീർന്ന ചിത നിശ്ചലമായി കിടക്കുന്നുണ്ടായിരുന്നു.
അതിനു മുന്നിൽ നിശ്ചലയായി, നിർവികാരയായി അമ്മ എത്രനേരം നിന്നു എന്നെനിക്കറിയില്ല. രവിയങ്കിളാണ് ചാരമായി മുന്നിൽ കിടക്കുന്നതെന്നറിഞ്ഞപ്പോൾ എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടിക്കരഞ്ഞു. അമ്മയാവട്ടെ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ നിർന്നിമേഷം നിന്നു, എന്നെ സമാധാനിപ്പിക്കാൻപോലും ശ്രമിക്കാതെ. വീട്ടുകാർ ജനാലകളിലൂടെ നോക്കുന്നതും ചിലർ അകലെനിന്നും ശ്രദ്ധിക്കുന്നതും ഞാൻ കണ്ടു. എന്നാൽ, ആരും ഞങ്ങളുടെ അടുത്തേക്കു വന്നില്ല.’’
‘‘പിറ്റേന്ന് ഞാൻ ചേട്ടനെ കാണാൻ പോയി. കുശലങ്ങൾക്കുശേഷം ഞാൻ പറഞ്ഞു: ‘ചേട്ടാ, നമ്മുടെ രവിയങ്കിൾ മരിച്ചുപോയി..’ ചേട്ടനിൽ പ്രകടമായൊരു ഞെട്ടലുണ്ടായി. മരണവീട്ടിൽ പോയ കാര്യം ഞാൻ വിശദമായി പറഞ്ഞത് ചേട്ടൻ ശ്രദ്ധിച്ചുവെന്നു തോന്നിയില്ല. പെട്ടെന്നായിരുന്നു ചേട്ടനിൽനിന്നും ഒരു പൊട്ടിക്കരച്ചിലുണ്ടായത്. നിർത്താതെ, നീണ്ടുപോയ ആ കരച്ചിൽ എന്നെ അമ്പരപ്പിച്ചു. ഒരിക്കലും രവിയങ്കിളിനോട് അനുഭാവമോ താൽപര്യമോ ചേട്ടൻ പ്രകടിപ്പിച്ചതായി അനുഭവപ്പെട്ടിട്ടില്ല. എന്നാൽ, അമർഷം ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്.
ദുഃഖത്തിന്‍റെ വേലിേയറ്റം അടങ്ങിയപ്പോൾ ചേട്ടൻ സ്വയം എന്നോണം പറഞ്ഞു: ‘എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയാവുന്നയാളായിരുന്നു.’ ചേട്ടന്‍റെ ആ വാക്കുകൾ എന്‍റെയുള്ളിൽ മായാതെ കിടന്ന് പലവഴികളിലേക്ക് ചിന്തകളെ എത്തിച്ചു. ആ ചിന്തകളിൽ അപ്പോഴും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പലതുണ്ട്. ആരോടും ചോദിക്കാൻ കഴിയാത്ത, ആർക്കും ഉത്തരങ്ങൾ പറഞ്ഞുതരാനാവാത്ത ജീവിതസമസ്യകൾ. ആ ഭാരം മനസ്സിലിട്ട് ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ടവനാണ് സർ ഞാൻ.’’മാത്യു ശബ്ദമില്ലാതെ കരഞ്ഞു.