Begin typing your search above and press return to search.
proflie-avatar
Login

സ്​നേഹത്തിന്‍റെ കഥ (എേന്റയും)

സ്​നേഹത്തിന്‍റെ കഥ (എേന്റയും)
cancel

മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. സ്​കൂൾ വാർഷികത്തിൽ, ചെറുകഥാ മത്സരത്തിൽ വിജയിച്ചതിന്‍റെ സമ്മാനമായി ലഭിച്ച പുസ്​തകം എന്‍റെ ജീവിതത്തിൽ അമൂല്യമായ ഒന്നായി മാറുന്നുണ്ട്. അത് പ്രശസ്​ത കഥാകൃത്തും നോവലിസ്റ്റും, ലളിതാംബിക അന്തർജനത്തിന്‍റെ മകനുമായ എൻ. മോഹനന്‍റെ, നിന്‍റെ കഥ (എേന്റയും), എന്ന കഥാസമാഹാരമായിരുന്നു. എൻ. മോഹനനെ അറിയാനും വായിക്കാനും സ്​കൂൾ പ്രായത്തിൽതന്നെ അവസരം തന്നത് ആ സമ്മാന പുസ്​തകമായിരുന്നു. എൻ. മോഹനന്‍റെ...

Your Subscription Supports Independent Journalism

View Plans
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.

സ്​കൂൾ വാർഷികത്തിൽ, ചെറുകഥാ മത്സരത്തിൽ വിജയിച്ചതിന്‍റെ സമ്മാനമായി ലഭിച്ച പുസ്​തകം എന്‍റെ ജീവിതത്തിൽ അമൂല്യമായ ഒന്നായി മാറുന്നുണ്ട്. അത് പ്രശസ്​ത കഥാകൃത്തും നോവലിസ്റ്റും, ലളിതാംബിക അന്തർജനത്തിന്‍റെ മകനുമായ എൻ. മോഹനന്‍റെ, നിന്‍റെ കഥ (എേന്റയും), എന്ന കഥാസമാഹാരമായിരുന്നു. എൻ. മോഹനനെ അറിയാനും വായിക്കാനും സ്​കൂൾ പ്രായത്തിൽതന്നെ അവസരം തന്നത് ആ സമ്മാന പുസ്​തകമായിരുന്നു.

എൻ. മോഹനന്‍റെ ‘മകൻ’ എന്ന പ്രശസ്​തമായ കഥ 1995 സെപ്റ്റംബറിൽ ‘കലാകൗമുദി വാരിക’യിലാണ് പ്രസിദ്ധീകരിക്കുന്നത്. ആ ചെറിയ കഥ എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല. എന്നാൽ, ഓരോ വായനയും സവിശേഷമായ നൊമ്പരാനുഭവമാണ് നൽകിയത്. കഥയുടെ സ്​നേഹത്തലോടലിൽ വായനാമനസ്സുകൾ നോവുമോ എന്ന് സന്ദേഹിച്ചതോർക്കുന്നു. ആ മാന്ത്രിക സിദ്ധിയെക്കുറിച്ച് കെ.പി. അപ്പൻ എഴുതിയതും ഓർക്കുന്നു. അതിനെ ‘സ്​നേഹത്തിന്‍റെ കഥ’യെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. പരസ്​പരം സ്​നേഹിക്കുക മാത്രം ചെയ്യുന്ന അച്ഛനും അമ്മയും മകനും മകളും കഥാപാത്രങ്ങളായ കഥ പറയുന്നത് അമേരിക്കയിൽ ഉപരിപഠനത്തിനു പോകുന്ന മകന്‍റെ താൽക്കാലിക വേർപാടിലുണ്ടാകുന്ന മനോവിഷമത്തെക്കുറിച്ചും അവന്‍റെ ഭാവിയെ സംബന്ധിച്ച ഉത്കണ്ഠകളെപ്പറ്റിയുമാണ്. മറ്റ് പല കഥകളിലുമെന്ന പോലെ ഈ കഥയിലും കഥാകാരൻ സ്വന്തം ജീവിതാനുഭവമാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥയുടെ പശ്ചാത്തലം മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പുള്ളതാണെന്ന് കണക്കിലെടുക്കേണ്ടതുണ്ട്. സ്​നേഹിക്കുകയും സ്​നേഹിക്കപ്പെടുകയും മാത്രം ചെയ്യുന്ന കഥാപാത്രങ്ങൾ തങ്ങളുടെ സ്​നേഹവലയത്തിലേക്ക് വായനക്കാരനെ കൂടി ക്ഷണിച്ചു ചേർക്കുകയാണ് ഇവിടെ. അങ്ങനെ ഈ കഥ എന്‍റെയും നിങ്ങളുടെയും കൂടിയാവുകയാണ്.

‘മകൻ’ എന്ന കഥയുടെ വായനയിൽ ആശ്ചര്യകരമായി സംഭവിച്ചത്, കഥയുടെ തുടർച്ച എന്‍റെ മനസ്സിൽ രൂപം കൊള്ളാൻ തുടങ്ങി എന്നതാണ്. തുടർച്ചയായ ഓരോ വായനയിലും കഥ കൂടുതൽ വളർന്ന് മുന്നോട്ടുപോവുകയായിരുന്നു. അങ്ങനെ ശരിയോ തെറ്റോ എന്നറിയാതെ, ഒരു പ്രതിഭാസമ്പന്നൻ രചിച്ച ഒരു കൃതിയുടെ രണ്ടാം ഭാഗം ഞാൻ രഹസ്യമായി മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങി. അതിനിടയിൽ FACT കമ്പനിയുടെ കൊച്ചിൻ ഡിവിഷൻ അമ്പലമുകളിലെ ഗെസ്റ്റ് ഹൗസിൽ നടത്തിയ സാഹിത്യ ക്യാമ്പിൽ എൻ. മോഹനൻ പങ്കെടുക്കുന്ന വിവരമറിഞ്ഞ് ഞാനവിടെ എത്തി. ഇടവേളയിൽ ഞാനദ്ദേഹത്തെ പരിചയപ്പെട്ടു.

ഏറെ സ്​നേഹത്തോടെയും വാത്സല്യത്തോടെയും ആദ്യമായി കാണുന്ന എന്നോട് അദ്ദേഹം ഇടപഴകിയത് അത്ഭുതമുണ്ടാക്കി. കഥയിലെ സ്​നേഹമൊഴുക്കുന്ന അച്ഛനെ തന്നെ യഥാർഥ ജീവിതത്തിലും ഞാൻ കണ്ടു. അതു നൽകിയ ധൈര്യത്തിൽ ‘മകൻ’ കഥയുടെ വായനാനുഭവം അദ്ദേഹവുമായി പങ്കുവെച്ചു. കൂടുതൽ പറയാൻ വിഷയങ്ങളുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ക്യാമ്പിൽ കയറാൻ സമയവുമായിരുന്നു. അപ്പോൾ, ഇനിയൊരവസരം കിട്ടില്ല എന്ന തോന്നലിൽ ഞാൻ മടിച്ചു മടിച്ച് കഥാകൃത്തിനോട് ചോദിച്ചു: ‘‘ചേട്ടന് ഈ കഥയുടെ അടുത്ത ഭാഗം എഴുതാൻ പ്ലാനുണ്ടോ?’’

കുറച്ചുനേരം നിശ്ശബ്ദനായി നിന്നശേഷം അദ്ദേഹം ആരെന്നറിയാത്ത എന്നോട് പറഞ്ഞു: ‘‘ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല.’’ ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് കൂട്ടിച്ചേർത്തു: ‘‘എഴുതാമെങ്കിൽ എഴുതിക്കോളൂ.’’

ഒരു മന്ദസ്​മിതത്തോടെ അദ്ദേഹം, അമ്പരന്നു നിന്ന എന്‍റെ തോളിൽ തട്ടി. അപ്പോൾ ക്യാമ്പ് സംഘാടകർ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. പ്രശസ്​തനായ കഥാകൃത്തിന്‍റെ അനുവാദവും േപ്രരണയും എന്നെ ഊർജസ്വലനാക്കി. മനസ്സിൽ നിറഞ്ഞുനിന്നിരുന്ന മകൻ രണ്ടാം കഥ കടലാസിലേക്കു പകരാൻ താമസുണ്ടായില്ല. തിരുത്തിയും മിനുക്കിയും മതിവന്നില്ല. കാരണം, മുന്നിൽ ഗംഭീരമായി കൊണ്ടാടപ്പെട്ട കഥ തിളങ്ങി നിൽക്കുകയാണ്. അതിന്‍റെ തുടർച്ചയെന്ന് അവകാശപ്പെട്ടു വരുന്ന ഒന്ന്, കഥയുടെ തമ്പുരാന് ആക്ഷേപമുണ്ടാക്കുന്നതാവരുത്. ദിവസങ്ങളുടെ അടയിരിപ്പിനും ആലോചനകൾക്കും ശേഷം ഞാൻ തീരുമാനിച്ചു, കഥ ആദ്യം അദ്ദേഹം തന്നെ വായിക്കട്ടെ. അതിന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനു മാത്രമാണ്.

 

എൻ. മോഹന​ന്റെ മക്കൾ –ഹരി മോഹനൻ, സരിത മോഹനൻ (പഴയ ചിത്രം)

കഥ അദ്ദേഹത്തിന് അയച്ചുകൊടുത്തതിനു ശേഷമുള്ള ദിവസങ്ങളിലെ ഉത്കണ്ഠ വിവരണാതീതമായിരുന്നു. മോഹനേട്ടൻ കഥ വായിക്കുമോ? അമേരിക്കയിലേക്കു പോയ മകൻ അവിടെത്തന്നെയുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് താമസമാക്കുമെന്ന കഥയിലെ ധ്വനി അദ്ദേഹത്തിന് ഇഷ്ടമാവാതെ വരുമോ? തനിക്ക് നഷ്ടദുഃഖമുണ്ടാക്കുന്ന കഥാഭാഗങ്ങൾ മോഹനേട്ടന്‍റെ സഹധർമിണിയെ വേദനിപ്പിക്കുമോ? നിരവധി ആലോചനകളുടെ സമ്മർദത്തിൽ ഞാൻ ദിവസങ്ങൾ തള്ളിനീക്കി. മൊബൈൽ ഫോണൊന്നും വന്നിട്ടില്ലാത്ത കാലമാണ്.

രാത്രിയിൽ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് ശ്രമിക്കണം. വിളിക്കാൻ ഭയമായിരുന്നു. സാഹിത്യത്തിലും ഔദ്യോഗികതലത്തിലും ഉന്നതിയിലിരിക്കുന്ന ആൾ. വിളിച്ചാൽ ശല്യപ്പെടുത്തലായി തോന്നുമോ? രണ്ടാഴ്ചയിലേറെ പിടിച്ചുനിൽക്കാനായില്ല. ഒരുനാൾ എന്തും വരട്ടെ എന്ന നിശ്ചയത്തിൽ വിറച്ചുകൊണ്ട് വിളിച്ചു. കഥ വായിച്ചുവോ എന്നു ചോദിക്കാനാവാത്ത അപകർഷബോധത്തിൽ ഞാൻ നിശ്ശബ്ദനായപ്പോൾ മോഹനേട്ടൻ പറഞ്ഞു: ‘‘കഥ വായിച്ചു. എനിക്കിഷ്ടായി. ഞാനത് കലാകൗമുദിക്ക് കൊടുത്തിട്ടുണ്ട്.’’

ആ നിമിഷത്തിൽ ഞാൻ എത്രത്തോളം സന്തോഷിച്ചു എന്ന് പറഞ്ഞറിയിക്കാനാവില്ല. കഥയുടെ മേന്മയല്ല അപ്പോൾ എന്‍റെ മനസ്സിൽ വന്നത്, ‘magnanimity’ എന്ന പദമാണ്. മോഹനേട്ടന്‍റെ നല്ല മനസ്സിന്‍റെ വലുപ്പമാണ്. മഹാമനസ്​കതയാണ്. സാഹിത്യരംഗത്ത് കരുത്തുള്ള രണ്ട് കൈകൾ എന്നെ പിടിച്ച് ഉയർത്തുകയാണ്.

 

എൻ. മോഹനൻ,സരിതയും ഹരിയും (എൻ. മോഹന​ന്റെ മക്കൾ)

1997 ജൂലൈ 20ലെ ‘കലാകൗമുദി’ ആഴ്ചപ്പതിപ്പിലാണ് എന്‍റെ ‘മകൻ’ എന്ന കഥ പ്രസിദ്ധീകരിക്കുന്നത്. അന്ന് ‘കലാകൗമുദി’ ഉന്നത നിലവാരത്തിൽ വായനക്കാർക്കിടയിൽ ശ്രദ്ധേയമായ പ്രസിദ്ധീകരണമായിരുന്നു. ‘ശ്രീ എൻ. മോഹനൻ ഇതേ പേരിലെഴുതിയ കഥയുടെ തുടർച്ചയായി സങ്കൽപിച്ചുകൊണ്ട് എഴുതിയ കഥ’ എന്ന കുറിപ്പോടെയായിരുന്നു അത് പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത ആഴ്ചയിലെ ‘കലാകൗമുദി’യിലെ കത്തുകളിൽ ആദ്യത്തേത് ഇപ്രകാരമായിരുന്നു. ‘എൻ. മോഹനന്‍റെ കത്ത്.’ ഈ ലക്കം (1140) ‘കലാകൗമുദി’യിൽ ഇ.പി. ശ്രീകുമാറിന്‍റെ ‘മകൻ’ എന്ന കഥ വായിച്ചു. ഇത്ര മനോഹരമായൊരു കഥ എഴുതുവാൻ എന്‍റെ ഒരു കഥയാണ് േപ്രരകമായത് എന്ന വസ്​തുത എനിക്ക് അഭിമാനം നൽകുന്നു. എൻ. മോഹനൻ.’’

ഒരു മടിയും കൂടാതെ ഒരു തുടക്കക്കാരന് ഇത്ര അമൂല്യമായൊരു സർട്ടിഫിക്കറ്റ് നൽകിയ മോഹനേട്ടന്‍റെ മനസ്സിലെ സ്​നേഹവും വാത്സല്യവുമാണ് എനിക്കപ്പോൾ അനുഭവപ്പെട്ടത്. പിതാവിന്‍റെയും എനിക്കില്ലാത്ത ജ്യേഷ്ഠ സഹോദരന്‍റെയും മനസ്സറിഞ്ഞ അനുഗ്രഹങ്ങളാണ് എനിക്കപ്പോൾ ലഭിച്ചത്. ഒരു എഴുത്തു ജന്മം നിറക്കാൻ പര്യാപ്തമായ ഊർജവും സർഗശക്തിയുമായിരുന്നു അതിലൂടെ എന്നിലേക്കെത്തിയത്.

ജീവിതത്തിലും കഥയിലും എം.ബി.എ പഠിക്കാൻ അമേരിക്കയിലേക്കു പോകുന്ന മകന്‍റെ ഭാവിയെക്കുറിച്ച് അനേകം ആശകൾ അച്ഛനും ആശങ്കകൾ അമ്മയും മനസ്സിൽ സൂക്ഷിച്ചിരുന്നു. അമ്മയെ വെറുതെ പ്രകോപിപ്പിക്കാൻ മകൻ പലപ്പോഴും തമാശകൾ പറഞ്ഞു: ‘‘മടങ്ങിവരുമ്പോൾ ചന്തം തികഞ്ഞ ഒരു മദാമ്മക്കുട്ട്യെ ഞാൻ മരുമോളായി കൊണ്ടുത്തരാം.’’

‘‘ഇങ്ങോട്ടു കൊണ്ടുവാ. നീ അതിനേം കൊണ്ടു വരുമ്പൊ ഈ ഫാനിൽ ഞാൻ തൂങ്ങിക്കിടക്കും.’’

മകൻ പോയപ്പോൾ അമ്മക്കുണ്ടായ മനോവിഷമം പൊട്ടിക്കരച്ചിലായപ്പോൾ, അച്ഛൻ ബാത്ത്റൂമിന്‍റെ വാതിലടച്ച് പൈപ്പ് ടാപ്പുകൾ തുറന്നുവെച്ച് ഉറക്കെ കരഞ്ഞു. എൻ. മോഹനൻ കഥ

അവസാനിപ്പിക്കുന്നതങ്ങനെയാണ്.

മുൻ കഥയുടെ അതേ വഴിയിലൂടെയുള്ള തുടർച്ചയായിരുന്നു ‘മകൻ -2’. മാതൃക മാറാതെ, ഒരേ ഭൂമികയിൽനിന്നുകൊണ്ട്, അതേ അന്തരീക്ഷത്തിലൂടെയുള്ള സഞ്ചാരമായിരുന്നു ഉദ്ദേശിച്ചത്. അതിനായി നാലു വർഷത്തിനു ശേഷമുള്ള മറ്റൊരു അമേരിക്കൻ യാത്ര വിഭാവനംചെയ്യുകയായിരുന്നു. എയർപോർട്ടിലേക്കുള്ള യാത്രയിൽ കഥ തുടങ്ങി. ആദ്യയാത്രയിൽ കാറിലെ മുൻ സീറ്റിൽ അച്ഛനായിരുന്നെങ്കിൽ, പഠനം കഴിഞ്ഞെത്തിയ ശേഷം ജോലികിട്ടി പോകുമ്പോൾ മുൻ സീറ്റിൽ മകനായിരുന്നു. വിങ്ങിനിന്ന അമ്മ അച്ഛന്‍റെ മാറിൽ തലചായ്ച്ചുകൊണ്ട് പറഞ്ഞു: ‘‘നിക്ക് അവനെ വേണം. ന്‍റെ പഴയ കുട്ടനെ.’’ മകൻ ഒത്ത യുവാവായി വളർന്നിരുന്നു. അച്ഛനമ്മമാരും ഓപ്പോളും നീട്ടിയ പോക്കറ്റ് മണി വാങ്ങാൻ മടിച്ച അവൻ മടികൂടാതെ താങ്ക്സ്​ പറഞ്ഞു. സ്​നേഹപ്രകടനങ്ങൾക്കു തുനിയാതെ അവൻ ഔപചാരികതയും പക്വതയും കലർന്ന പെരുമാറ്റംകൊണ്ട് വേറിട്ടുനിന്നു.

സ്റ്റേറ്റ്സിൽനിന്നും പരീക്ഷാ റിസൽട്ട് വിളിച്ചറിയിച്ചതും പിന്നീട് ജോലി ശരിയായ വിവരം അറിയിച്ചതുമായ സ്​ത്രീശബ്ദം ഒന്നായിരുന്നുവെന്ന് അമ്മ ശ്രദ്ധിച്ചിരുന്നു. ആ സമയത്ത് പൊയ് പ്പോയ ഉത്സാഹം അവനിൽ തിരിച്ചുവന്നതും സംസാരത്തിൽ അടുപ്പം തെളിഞ്ഞതും അമ്മ തിരിച്ചറിഞ്ഞിരുന്നു. അമ്മയുടെ മുഖം വിളറി. ചെവിയിൽ വണ്ടുകൾ മൂളി. തലയിൽ കടലിരമ്പി. മകൻ അതൊന്നുമറിഞ്ഞില്ല.

മകനുള്ള ഡ്രസ്, ഫ്ലൈറ്റ് ചാർജ്, ഒരു മാസത്തെ ചെലവ് എല്ലാറ്റിനുമായി നല്ലൊരു തുക വേണ്ടിയിരുന്നു. ബാങ്ക് വായ്പക്കായി അച്ഛൻ ബന്ധുകൂടിയായ മാനേജരെ സമീപിച്ചപ്പോൾ മകൻ തലേന്നു തന്നെ ലോൺ വാങ്ങിപ്പോയിരുന്നു...

മകനെ തങ്ങൾക്ക് നഷ്ടമാകുമോ എന്ന ഉത്കണ്ഠയുടെ പാരമ്യതയിൽ വിയോഗത്തിന്‍റെ മനഃസംഘർഷവും ദുഃഖവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ‘മകൻ -2’ അവസാനിക്കുന്നത്.

സെക്യൂരിറ്റി ചെക്കിന്‍റെ കവാടത്തിലെത്തിയപ്പോൾ മകനും അച്ഛനും ഒരുപോലെ വികാരംകൊണ്ടിരുന്നു. അവർ പരസ്​പരം കൈകൾ ചേർത്തുനിന്നു.

ആ രംഗം മകൻ -2ലും ആവർത്തിക്കുന്നുണ്ടെങ്കിലും രണ്ടിൽ എന്തൊക്കെയോ ഏറ്റുപറയുന്ന സ്വരത്തിൽ മകൻ പറയുന്നു: ‘‘അച്ഛാ... ഞാൻ...’’ വിറയാർന്ന ശബ്ദത്തിന് അപ്പോൾ ഒരു കുട്ടിയുടെ വിധേയത്വമുണ്ടായിരുന്നു. പറയാത്ത ഒരുപാട് അറിയാൻ അച്ഛന് ആ വാക്കുകൾ മതിയായിരുന്നു. അയാൾ സ്​നേഹവും വാത്സല്യവും ആവാഹിച്ചെടുത്ത കൈകൾകൊണ്ട് മകന്‍റെ തോളിൽത്തട്ടി. മകൻ അച്ഛനു മുന്നിൽ തലകുനിച്ചു. അവന്‍റെ കരങ്ങൾ അറിയാതെ കൂപ്പിപ്പോയിരുന്നു. പിന്നെ എപ്പോഴോ, പിറകിൽനിന്നും യാത്രക്കാരുടെ തള്ളലിൽ അവർ വേർപെട്ടുപോയി...’’ പിന്നീട് ആദ്യ കഥയിലെ ആവർത്തനമായി അച്ഛനുമമ്മയും ഗാലറിയിലിരുന്ന് വിമാനം പോകുന്നത് കാണുകയാണ്...

മോഹനേട്ടന്‍റെ കഥയെ ഞാൻ അനുകരിക്കുകയായിരുന്നോ? ആ എഴുത്തിനെ എന്നിലേക്ക് ആവാഹിക്കാൻ ഞാൻ ശ്രമിച്ചിരുന്നു എന്നത് സത്യം. അതിനു ശേഷവും ‘മകൻ’ എന്നെ വിട്ടുപോയില്ല. അന്ന് ദൂരദർശൻ ചാനൽ മാത്രമേ പ്രവർത്തിച്ചു തുടങ്ങിയിരുന്നുള്ളൂ. അതിനായി ഒരു ടെലിഫിലിം എഴുതാൻ എന്നെ സമീപിച്ച സുധീർ എന്ന ചെറുപ്പക്കാരനോട് ഞാൻ നിർദേശിച്ചത് ‘മകൻ’ എന്ന കഥയാണ്. അങ്ങനെ, രണ്ടു കഥകളും ചേർത്ത് ഞാൻ ടെലിഫിലിം തയാറാക്കി. ആദ്യം ചെയ്തത് മോഹനേട്ടന് അയച്ചു കൊടുക്കുകയായിരുന്നു. അഭിപ്രായമറിയാൻ വിളിച്ചപ്പോൾ മോഹനേട്ടൻ പറഞ്ഞു: ‘‘എന്‍റെ ഭാര്യ അത് വായിച്ച് കരഞ്ഞു.’’ മറ്റൊന്നും പറഞ്ഞില്ലെങ്കിലും എനിക്കതു മതിയായിരുന്നു.

 

പിന്നീടൊരിക്കൽ മോഹനേട്ടന്‍റെ ശാസ്​തമംഗലത്തെ ‘പൂർണിമ’യിൽവെച്ച്, രണ്ടു കഥകളുടെയും ടെലിഫിലിമിന്‍റെയും അന്ത്യരംഗങ്ങളെപ്പറ്റി ഞങ്ങൾ ചർച്ചചെയ്തു. ‘‘വീട്ടിലെ പൂവാലിപ്പശുവിന്‍റെ മൂരിക്കുട്ടനെ വാങ്ങി അറവുകാരൻ മൊയ്തീൻ കൊണ്ടുപോയപ്പോൾ നിർത്താതെ അലറിക്കരഞ്ഞ പശുവിന്‍റെ കണ്ണീർ അച്ഛൻ തുടച്ചു. പിന്നെ പെരുമഴയെ കൂട്ടാക്കാതെ മൊയ്തീന്‍റെ വീട്ടിലേയ്ക്ക് അതിവേഗം നടന്നു’’ എന്ന് ‘മകൻ-2’ അവസാനിക്കുമ്പോൾ ടെലിഫിലിമിൽ, അച്ഛൻ അദ്ദേഹത്തിന്‍റെ വൃദ്ധയായ മാതാവിന്‍റെ മടിയിൽ തലവെച്ചു കിടന്ന് വിങ്ങിക്കരയുകയാണ്.

‘‘മീഡിയത്തിന്‍റെ സാധ്യതകൾക്കനുസരണമായി എഴുതിയ മൂന്നു ക്ലൈമാക്സുകളും ഇഫക്ടിവ് തന്നെ’’ –മോഹനേട്ടൻ പറഞ്ഞു.

ഏതാണ്ട് അതേ കാലത്താണ് ഒരു ദിവസം ഒരു വനിതാ ജേണലിസ്റ്റ് എന്നെ കാണാൻ ബാങ്കിലെത്തിയത്. തലേന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാനയം (Credit Policy) എങ്ങനെ ബാങ്കിനെ ബാധിക്കുന്നു എന്ന വിഷയത്തിൽ അഭിപ്രായമറിയുന്നതിനാണ് സരിത വർമ എന്ന ‘ഫിനാൻഷ്യൽ എക്സ്​പ്രസ്’ പ്രതിനിധി എന്നെ സമീപിക്കുന്നത്. നീണ്ട സംഭാഷണമെന്നോ മുഖാമുഖമെന്നോ പറയാവുന്ന ആ റിപ്പോർട്ട് ഇറങ്ങിയശേഷം പത്രത്തിന്‍റെ ഒരു കോപ്പിയുമായി അവർ വീണ്ടും വന്നു. അന്നാണ് അവർ തൃപ്പൂണിത്തുറയിലാണ് കുടുംബവുമായി താമസമെന്നറിഞ്ഞത്. അമ്മവീട് കമലാലയം പാലസാണെന്നുമറിഞ്ഞു. പിന്നീട് മറ്റൊരു ദിവസം സരിത വന്നതും ഔദ്യോഗികമായിത്തന്നെയായിരുന്നു.

തന്‍റെ മുൻ റിപ്പോർട്ട് മേലധികാരികൾക്ക് നന്നെ ബോധിച്ചുവെന്ന് പറഞ്ഞ സരിത ആ പ്രാവശ്യം ബാങ്കിങ് വിഷയങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. പിരിയും മുമ്പ് ഞാൻ സരിതയോട് ഔപചാരികതയുടെ ഭാഗമായി കുടുംബകാര്യങ്ങൾ ചോദിച്ചുവന്നപ്പോഴാണ്, അവർ എൻ. മോഹനന്‍റെ മകളാണ് എന്ന ആശ്ചര്യവിവരം എനിക്കു ലഭിക്കുന്നത്. തന്‍റെ അനുജനുവേണ്ടി റെയിൽവേ സ്റ്റേഷനിൽനിന്നും സ്​പെഷൽ പഴംപൊരിയും പിന്നെ മിഠായിയും ബിസ്​കറ്റും വാങ്ങിക്കൊണ്ടുവരുന്ന സ്​നേഹമയിയായ ഓപ്പോൾ..

പഠിക്കാനും ജോലി സമ്പാദനത്തിനുമെല്ലാം സമർഥയായിരുന്ന, അച്ഛന് ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ലാത്ത, മകനു കൊടുക്കുന്ന അമിത വാത്സല്യത്തിനുപോലും മാതാപിതാക്കളോട് ചേർന്നുനിൽക്കുന്ന മകൾ. കഥയിലും ടെലിഫിലിമിലും മികവോടെ എഴുതിവെച്ച ആ കഥാപാത്രം അപ്രതീക്ഷിതമായി മുന്നിലിരിക്കുന്നു! പിന്നീട് പൂർണിമയിൽവെച്ച് സരിതയെ പല പ്രാവശ്യം കണ്ടിരുന്നു. മോഹനേട്ടന്‍റെ വേർപാടിനുശേഷം എപ്പോഴോ ഞങ്ങളുടെ സമ്പർക്കം വിട്ടുപോയി.

ഇന്നത്തെ ആ കുടുംബത്തിന്‍റെ അവസ്​ഥകളറിയാൻ സരിതയേ ഉള്ളൂ എന്നതിനാൽ ഞാൻ അവരെ ഫോണിൽ ബന്ധപ്പെട്ടു. ചില കാര്യങ്ങൾ പറയാനുള്ള നിയോഗത്തെ കാത്തിരുന്നപോലെ സരിത പറഞ്ഞു:

‘‘എന്‍റെ അനുജന്, ആഗ്രഹിച്ചിരുന്നപോലെ അമേരിക്കയിൽ നല്ലൊരു ബിസിനസ് പടുത്തുയർത്താനായി. ന്യൂയോർക്കിലുള്ള, അനേകം ശാഖകളുള്ള മിഡിൽ വെയർ കമ്പനി ഗ്രൂപ്പിന്‍റെ ഡയറക്ടറാണ് അവൻ. അവിടെവെച്ച് പരിചയപ്പെട്ട, നല്ല വിദ്യാഭ്യാസവും സംസ്​കാരവുമുള്ള ഒരു പെൺകുട്ടിയെ അവൻ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുണ്ട്.’’

‘‘അറിഞ്ഞപ്പോൾ അച്ഛനുമമ്മയും വിഷമിച്ചോ?’’ ഞാൻ ചോദിച്ചു.

‘‘കാലം മാറിയില്ലേ? അത്തരം വിഷമങ്ങളൊക്കെ പോയി. വിവാഹം കഴിഞ്ഞ ഉടൻ അവൻ ഭാര്യയുമൊത്ത് വന്നു. ഇവിടെ ഗംഭീരമായ റിസപ്ഷൻ നടത്തി. പിന്നീട് അവൻ അമ്മയെ അമേരിക്കയിൽ കൊണ്ടുപോവുകയും അമ്മ അവിടെ അവരോടൊപ്പം കുറെ നാൾ താമസിക്കുകയുംചെയ്തു.’’

മകൻ വീണ്ടും എന്നെ ആശ്ചര്യപ്പെടുത്തുന്നു! തെറ്റിപ്പോയ കഥാകൽപനകൾ എഴുത്തുകാരനെ ദോഷൈകദൃക്കായി രേഖപ്പെടുത്തുന്നുണ്ടോ? മോഹനേട്ടനും സഹധർമിണിയും പൊറുക്കുമോ?

ഇടക്ക് ഞാനൊന്നു ചോദിച്ചു: ‘‘സഹോദരൻ കഥ വായിച്ചിട്ടുണ്ടോ?’’

‘‘രണ്ടു കഥകളേക്കുറിച്ചും അവൻ പറഞ്ഞിട്ടുണ്ട്.’’ സരിത പറഞ്ഞു, ‘‘സ്റ്റേറ്റ്സിലെ മലയാളി സുഹൃത്തുക്കൾ അവനുമായി ആ കഥയേക്കുറിച്ച് ചർച്ചചെയ്തിട്ടുണ്ട്.’’

സരിത തുടർന്നു: ‘‘പക്ഷേ, അവന് ഡിവോഴ്സ്​ ഒഴിവാക്കാനായില്ല. ഭാര്യയുടെ നിർബന്ധം സഹിക്കാനാവാതെ വന്നപ്പോൾ അവർ നിയമപരമായി പിരിഞ്ഞു. കുട്ടികൾ രണ്ടും അവനോടൊപ്പവും. ഭാഗ്യത്തിന് ആ സമയത്ത് മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അവർ വല്ലാതെ വിഷമിക്കുമായിരുന്നു...’’

മകന്‍റെ കഥ തുടരുകയാണ്, പുതിയ വഴികളിലൂടെ.

 

കഥയുടെ ശക്തിതരംഗങ്ങൾ വിപുലമാണ്. പ്രഹരശേഷിയുള്ളതുമാണ്. അത് തലമുറകളിലേക്ക് പകരുന്നു. ഒന്നിൽനിന്നും പുതിയ മറ്റൊന്ന് പിറക്കുന്നു. എഴുത്തിനുള്ള അനവധി സാധ്യതകൾ തുറക്കുന്നു. അതിനിടയിൽ എവിടെയോ ഒരിടത്ത് ഒരൽപം കാലം പാർക്കാൻ വിധിക്കപ്പെട്ടവനായി വന്നുപോകുന്നവൻ മാത്രമാണ് എഴുത്തുകാരൻ.

(തുടരും)

News Summary - E.P. Sreekumar story telling