'ആ ദിനങ്ങൾ ഇനി വരരുത്'; അടിയന്തരാവസ്ഥക്കാലത്തെ സ്വാതന്ത്ര്യ പോരാളികൾ ഓർമകൾ പങ്കുവെക്കുന്നു
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് 47 വർഷം. അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ കൂടി കടന്നുപോകുന്ന വർത്തമാന സാഹചര്യത്തിൽ അടിയന്തരാവസ്ഥ സ്വാതന്ത്ര്യ പോരാളികളുടെ വാക്കുകൾ പ്രസക്തമാണ്. അവർ സംസാരിക്കുന്നു. കൊച്ചിയിൽ അടിയന്തരാവസ്ഥാ ദിനത്തിൽ കൂടിയ യോഗത്തിലാണ് ഈ അനുഭവങ്ങൾ ഇവർ തുറന്നുപറഞ്ഞത്.
ഒളിച്ചു താമസിച്ചത് ആബേലച്ചന്റെ മുറിയിൽതൊഴിലാളി പ്രവർത്തകൻ എന്നനിലയിൽ പ്രവർത്തിച്ചുവരുമ്പോഴാണ് അടിയന്തരാവസ്ഥയിൽ ഞാൻ അറസ്റ്റിലാകുന്നത്. തൊഴിലാളി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തീരുമാനമുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് ഞാനറിഞ്ഞത്. കുറച്ചുനാൾ മാറിനിൽക്കണമെന്നായിരുന്നു അദ്ദേഹം എനിക്ക് നൽകിയ ഉപദേശം. ഇതറിഞ്ഞ സ്നേഹിതൻ കൂടിയായ കലാഭവൻ...
Your Subscription Supports Independent Journalism
View Plansഒളിച്ചു താമസിച്ചത് ആബേലച്ചന്റെ മുറിയിൽ
തൊഴിലാളി പ്രവർത്തകൻ എന്നനിലയിൽ പ്രവർത്തിച്ചുവരുമ്പോഴാണ് അടിയന്തരാവസ്ഥയിൽ ഞാൻ അറസ്റ്റിലാകുന്നത്. തൊഴിലാളി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തീരുമാനമുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് ഞാനറിഞ്ഞത്. കുറച്ചുനാൾ മാറിനിൽക്കണമെന്നായിരുന്നു അദ്ദേഹം എനിക്ക് നൽകിയ ഉപദേശം. ഇതറിഞ്ഞ സ്നേഹിതൻ കൂടിയായ കലാഭവൻ ഡയറക്ടർ ആബേലച്ചൻ അദ്ദേഹത്തിന്റെ മുറിയിൽ താമസിക്കാൻ സൗകര്യമൊരുക്കി. എന്നാൽ, പേര് അലി അക്ബർ എന്നാണെന്ന് ആരോടും പറയരുതെന്ന നിബന്ധന അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. മുസൽമാനെ കൊണ്ടുവന്ന് താമസിപ്പിച്ചത് എന്തിനാണെന്ന ചോദ്യമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ, ഏലിയാസ് എന്ന് തൽക്കാലത്തേക്ക് പേരിടാമെന്നും പറഞ്ഞു. 13 ദിവസം അവിടെ താമസിച്ചു. പിന്നീട് ഒരു ബന്ധുവിന് സുഖമില്ലെന്നറിഞ്ഞ് എന്റെ നാടായ കൊടുങ്ങല്ലൂരിലേക്ക് പോയി. പോകുംവഴി കോട്ടപ്പുറം എത്തിയപ്പോൾ ഒരാൾ വന്നുവിളിച്ച് ''അലി അക്ബർ എന്നാണോ നിങ്ങളുടെ പേര്'' എന്ന് ചോദിച്ചു. മഫ്തിയിലെത്തിയ പൊലീസുകാരനായിരുന്നു അത്. അവിടെനിന്നും എന്നെ നേരെ ജീപ്പിൽ കയറ്റി ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് കൊണ്ടുപോയി. ആറുമാസവും 13 ദിവസവും അവിടെ അടച്ചു. നമ്പൂതിരി മുഹമ്മദ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിലെ പഴയ കമ്യൂണിസ്റ്റ് പ്രവർത്തകനായ, എന്റെ അമ്മാവനെയും അവിടെ എത്തിച്ചിരുന്നു. കൂടാതെ പഴയ പല സുഹൃത്തുക്കളെയും അവിടെ എത്തിച്ചതായി മനസ്സിലാക്കി. പിന്നീട് അവിടെനിന്നും പുറത്തിറങ്ങി.
ഈസമയം ഇന്ദിരഗാന്ധി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ (ഇപ്പോഴത്തെ നാവികസേന വിമാനത്താവളം) കരിങ്കൊടി കാണിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോൾ പൊലീസിന്റെ ചവിട്ടേൽക്കേണ്ടിവന്നിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പോകുന്ന സ്ഥിതി വരെയുണ്ടായി. ശേഷം കോട്ടക്കൽ ആര്യവൈദ്യശാലയിൽ തിരുമ്മൽ ചികിത്സ നടത്തേണ്ട സ്ഥിതിയുമുണ്ടായിട്ടുണ്ട്. ക്രൂരമായ മർദനമൊക്കെയാണ് ഉണ്ടായത്.
'നാവടക്കൂ പണിയെടുക്കൂ' എന്നായിരുന്നു അന്നത്തെ രീതിയെങ്കിൽ ഇപ്പോൾ പണി തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ തൊഴിലിലും കരാർവത്കരണം കൊണ്ടുവരുന്നു. ആഗോളീകരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം തുടങ്ങിയ നയങ്ങളെല്ലാം തുടങ്ങുന്നതുതന്നെ 91ലെ നരസിംഹറാവു സർക്കാറിന്റെ കാലഘട്ടത്തിലാണ്. ആ കാലഘട്ടത്തിന്റെ തുടർച്ചയെന്നനിലയിൽ രാജ്യത്തിന്റെ എല്ലാ മേഖലകളും സ്വകാര്യവത്കരിക്കുകയാണ്. അടിയന്തരാവസ്ഥ കാലഘട്ടത്തിലുണ്ടായിരുന്നതിനെക്കാൾ ക്രൂരമായ പ്രശ്നങ്ങളാണ് വരുന്നത്. ഇഷ്ടമുള്ള ഭക്ഷണംപോലും കഴിക്കാൻ കഴിയാത്ത നിലയിലേക്ക് കാര്യങ്ങളെത്തുമ്പോൾ പോരാടണമെങ്കിൽ കക്ഷിരാഷ്ട്രീയ, ജാതി-മത വ്യത്യാസമില്ലാതെ പണിയെടുക്കുന്നവരെല്ലാം ഒറ്റക്കെട്ടായി നിൽക്കണം.
കെ.എ. അലി അക്ബർ -(കമ്യൂണിസ്റ്റ് നേതാവ്)
ഭീകരവും ദയനീയവുമായ സംഭവങ്ങൾ
ഏഴു വർഷവും രണ്ടു മാസവും തടവിലായിരുന്നയാളാണ് ഞാൻ. ആ തടവറജീവിതത്തിലെ ഏറ്റവും ഭീകരവും ദയനീയവുമായ സംഭവം പറയാം. ഒരുദിവസം സുപ്രഭാതത്തിൽ രണ്ട് മൂന്ന് തടവുകാർ മറ്റൊരു തടവുകാരനെ താങ്ങിപ്പിടിച്ച് കൊണ്ടുവരുന്നത് കണ്ടു. സി.പി ബ്ലോക്കിലെ ആറാം നമ്പർ സെൽ- 24 മണിക്കൂറും അടച്ചിട്ടിരിക്കുന്ന സെല്ലാണത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീട് ഒരു സഖാവ് വന്നുപറഞ്ഞു. പ്രഭാകരൻ എന്ന മരപ്പണിക്കാരനായിരുന്നു അത്. അദ്ദേഹത്തിന് നടക്കാൻ കഴിയാത്തതുകൊണ്ടാണ് താങ്ങിപ്പിടിച്ച് കൊണ്ടുവന്നത്. രണ്ട് കാലിലെയും മാംസഭാഗം താഴേക്ക് വീഴുന്ന അവസ്ഥയായിരുന്നു. അസ്ഥി മാത്രമേ കാണാനാകുന്നുള്ളൂ എന്നതാണ് അവസ്ഥ. ഭീകരമായിരുന്നു അവസ്ഥ. പ്രഭാകരനെ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായി. ഒരുദിവസം ബാത്ത് റൂമിൽ പോകുമ്പോൾ അദ്ദേഹത്തെ കണ്ടു. ഇപ്പോഴുള്ളവരോട് പറഞ്ഞാൽ ഒരുപക്ഷേ, വിശ്വസിക്കാനായി എന്നുവരില്ല. അസ്ഥി പുറത്തുകാണാവുന്ന സ്ഥിതിയാണ്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അവർ (പൊലീസുകാർ) തന്നെ ഉരുട്ടുകയായിരുന്നു എന്നായിരുന്നു മറുപടി. എല്ലാ ദിവസവും ഒരു പ്രത്യേക സമയത്ത് ശരീരത്തിൽ ഉരുട്ടും. അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഉരുട്ടലിന്റെ ഫലമായി ശരീരം വീർത്ത് പഴുത്തു. ഈസമയങ്ങളിലും അവർ ഉരുട്ടൽ തുടർന്നു. പിന്നീട് ശരീരത്തിൽനിന്ന് ചലം വരാൻ തുടങ്ങി. എന്നിട്ടും ഉരുട്ടൽ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഓരോ തടവുകാരും പ്രഭാകരനുവേണ്ടി എണ്ണപ്പിരിവ് നടത്തി. ഓരോരുത്തർക്കും ലഭിക്കുന്ന എണ്ണ പ്രഭാകരന് നൽകി ഒരുമാസത്തോളം ഉഴിഞ്ഞു.
പുലർച്ച മൂന്നരയോടെ മറ്റൊരു തടവുകാരനെ താങ്ങിപ്പിടിച്ച് ജയിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ് വേറൊരു സംഭവം. അവശനായിരുന്നു അയാൾ. എന്നെ കണ്ട് അയാൾ വാസുവേട്ടാ എന്ന് ദയനീയമായി വിളിച്ചു. മർദനമേറ്റ അദ്ദേഹത്തിന് മലമൂത്രവിസർജനം നടന്നുകൊണ്ടേയിരിക്കുകയാണ്. താൻ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. മൂന്നു മണിക്കൂറുകളോളം അദ്ദേഹത്തിന് വയർ ഉഴിഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അങ്ങനെ സ്വാഭാവികമായി അയാൾ മയങ്ങി. അപ്പോഴേക്കും ചാലി എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.
ഇന്ന് രാജ്യം മറ്റൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുംവിധം ഒരുകൂട്ടർ അവരുടെ തനിനിറം തുറന്നുകാട്ടുകയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇപ്പോഴത്തെ ഭരണം. നോട്ട് നിരോധനംകൊണ്ടുണ്ടായ നഷ്ടം ഇപ്പോഴും നികന്നിട്ടില്ല. കോടികൾ നൽകി മഹാരാഷ്ട്രയിലടക്കം ഭരണം അട്ടിമറിക്കുന്നു. ഇനി വരാനിരിക്കുന്നത് അങ്ങേയറ്റം നികൃഷ്ടമായ രീതിയിൽ ജനങ്ങളെ കൈകാര്യംചെയ്യുന്ന കാലമായിരിക്കും.
എ. വാസു
'ഹൗസ് ഓഫ് ദ ഡെഡ്'
1975 ജൂൺ 24. അന്ന് പെങ്ങളുടെ വീട്ടിലായിരുന്നു ഞാൻ രാത്രിയിൽ തങ്ങിയത്. അപ്പോൾ വായിക്കാൻ കൈയിൽ കിട്ടിയത് സോവിയറ്റ് നോവലിസ്റ്റായ ദസ്തയേവ്സ്കിയുടെ 'ഹൗസ് ഓഫ് ദ ഡെഡ്' എന്ന നോവലും. അത് റഷ്യയിലെ അക്രമങ്ങൾ വിശദീകരിക്കുന്ന വികാരനിർഭരമായ പുസ്തകമായിരുന്നു. വായിച്ചുകഴിഞ്ഞ് പിറ്റേദിവസം നേരം വെളുത്തപ്പോൾ അറംപറ്റിയതുപോലെയായി നമ്മുടെ നാട്ടിലെ കാര്യങ്ങൾ. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന വാർത്തയാണ് രാവിലെ റേഡിയോയിൽ കേൾക്കുന്നത്. പെട്ടെന്ന് എനിക്ക് ആ നോവലിലെ കാര്യങ്ങളാണ് ഓർമവന്നത്.
കാര്യങ്ങൾ പന്തികേടാണെന്ന് മനസ്സിലായി. പുറത്തിറങ്ങി പാർട്ടിക്കാരുമായി ബന്ധപ്പെട്ടു. അന്ന് പ്രതിപക്ഷം ചില തീരുമാനങ്ങളെടുത്തിരുന്നു. ജൂൺ ഒമ്പതിന് ജില്ല ആസ്ഥാനങ്ങളിൽ അറസ്റ്റുവരിക്കുക എന്നതായിരുന്നു ഒരു തീരുമാനം. കോഴിക്കോട് ജില്ല ആസ്ഥാനത്ത് നേതാക്കൾ അറസ്റ്റുവരിച്ചു. ജൂൺ 10ന് താലൂക്ക് ഓഫിസുകൾ പിക്കറ്റ് ചെയ്തും നേതാക്കൾ അറസ്റ്റുവരിച്ചു. 11ന് കേരള ബന്ദ് ആചരിക്കാനായിരുന്നു തീരുമാനം. ഏത് ബന്ദ് വന്നാലും പൊലീസുകാർ മുൻകൂട്ടി എന്നെ പിടിച്ചുകൊണ്ടുപോകുന്നത് പതിവായിരുന്നു. അത് മനസ്സിലാക്കി ഞാൻ മാറിനിന്നു. എന്നാൽ, എന്നെ അന്വേഷിച്ച് ഒരുപറ്റം പൊലീസുകാർ വീട്ടിലെത്തി. മൂന്ന് വണ്ടി പൊലീസുകാർ വീടുവളഞ്ഞുവെന്നാണ് ഞാൻ അറിഞ്ഞത്. തട്ടുംപുറവും പത്തായപ്പുരയും തൊഴുത്തുമൊക്കെ അവർ അരിച്ചുപെറുക്കി. പേക്ഷ, എന്നെ അന്ന് അവർക്ക് കിട്ടിയില്ല. കോഴിക്കോട് ജില്ലയിൽ അഞ്ച് സോഷ്യലിസ്റ്റുകൾക്ക് വാറന്റുണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. സഖാവ് ശ്രീധരനെ കൊണ്ടുപോയിക്കഴിഞ്ഞു. കെ.കെ. അബു, എം.പി. വീരേന്ദ്രകുമാർ, ഞാനും അതിലുണ്ടെന്നറിഞ്ഞു. പലരും എന്നോട് കീഴടങ്ങാൻ പറഞ്ഞു. എന്നാൽ, അതിന് ഞാൻ ഒരുക്കമായിരുന്നില്ല.
ഞാൻ എവിടെയെങ്കിലും ചെന്നാൽ പിറ്റേദിവസം പൊലീസ് അവിടെയെത്തും, അവിടെയുള്ളവരെ അടിക്കാൻ തുടങ്ങും. ഇതൊരു ഗതികേടായി. ആഗസ്റ്റ് ഒമ്പതിന് സോഷ്യലിസ്റ്റ് പാർട്ടി കോഴിക്കോട് ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫിസും പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. എട്ടിന് എല്ലാ നിയോജക മണ്ഡലങ്ങളിലും ജാഥ നടത്താനും തീരുമാനിച്ചിരുന്നു. താൻ കാരണം ആളുകൾ അടിവാങ്ങേണ്ട സ്ഥിതിയിൽ കീഴടങ്ങുന്നതിന് പകരം, ജാഥ നയിച്ചിട്ട് ഒരു പുലിക്കുട്ടിയെപ്പോലെ ജയിലിൽ പോകാമെന്ന തോന്നലാണ് എനിക്കുണ്ടായത്. ഒമ്പതു പേരുടെ ജാഥ സംഘടിപ്പിക്കുക എന്നു പറഞ്ഞാൽ ഇന്ന് ഒമ്പതിനായിരം പേരെ സംഘടിപ്പിക്കുന്ന ബുദ്ധിമുട്ടായിരുന്നു. തിരുവമ്പാടി ജങ്ഷനിൽ കുരിശുപള്ളിക്ക് മുമ്പിൽ എത്തുകയെന്നതായിരുന്നു തീരുമാനം. ഒരാൾ കൊടിപിടിക്കും. അതിനൊപ്പം ചേരുക എന്നതായിരുന്നു തീരുമാനം.
അങ്ങനെ പ്രകടനം പാടില്ലെന്ന ഉത്തരവുള്ളപ്പോൾ ഞങ്ങൾ ജാഥ ആരംഭിച്ചു. ഇത് കണ്ട് ജനം അന്തംവിട്ടു. പ്രകടനം പാടില്ലാത്ത അവസ്ഥയിലാണ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പതാകയുമേന്തി പത്തുപേർ വരുന്നത്. ഇത് കണ്ട് അങ്ങാടി സ്തംഭിച്ചു. പള്ളിക്കൂടം പിള്ളേരും കച്ചവടക്കാരും നോക്കിനിൽക്കേ ജാഥ ആവേശത്തോടെ പോസ്റ്റ് ഓഫിസിലേക്ക് നീങ്ങുകയാണ്. ഇതിന് അടുത്താണ് പൊലീസ് സ്റ്റേഷൻ. നേരെ മുന്നിൽ 1800 പേർ പഠിക്കുന്ന വിദ്യാലയവുമുണ്ട്. ഇവരെല്ലാവരും ജാഥ കാണുകയാണ്.
പോസ്റ്റ് ഓഫിസ് പടിക്കലെത്തിയപ്പോൾ, കോഴിക്കോട് ഡിവൈ.എസ്.പി ലക്ഷ്മണ ഇൻസ്പെക്ഷനുവേണ്ടി എത്തിയിരിക്കുന്നു. തങ്ങളെ പിടികൂടി ലോക്കപ്പിലേക്ക് കയറ്റി. അടി ആരംഭിച്ചു. ഒരുപാട് ആളുകൾ കാണുന്നുണ്ടായിരുന്നു. സ്കൂളിലെ വിദ്യാർഥികളടക്കം കാണുന്നുണ്ടായിരുന്നു ഇതെല്ലാം. എന്റെ പെങ്ങന്മാർ ആ സ്കൂളിലെ അധ്യാപകരായിരുന്നു. അങ്ങനെ ബന്ധുക്കളടക്കം നിരവധിയാളുകൾ അവിടെയുണ്ടായിരുന്നു. അടികൊണ്ടുള്ള ഞങ്ങളുടെ കരച്ചിലും പൊലീസിന്റെ നിഷ്ഠുര മർദനവും കേട്ടുനിന്ന പെങ്ങന്മാരും അവിടെയുണ്ടായിരുന്ന വിദ്യാർഥികളുമടക്കം ആളുകൾ കൂട്ടക്കരച്ചിൽ തുടങ്ങി. തല്ലുകിട്ടിയ വേദനയെക്കാൾ അവരുടെ കരച്ചിലാണ് ഇന്നും എന്റെ മനസ്സിൽ. കുറെ അടികഴിഞ്ഞ് സ്പെഷൽ ബ്രാഞ്ച് കോൺസ്റ്റബിൾ ഇറങ്ങിവന്ന് എസ്.പിയോട് പറഞ്ഞു, നമ്മൾ അന്വേഷിക്കുന്ന എബ്രഹാം മാനുവൽ ഇക്കൂട്ടത്തിലുണ്ട്. എന്നെമാത്രം അവിടെനിന്നും വിലങ്ങുവെച്ച് മാറ്റി. ജീപ്പിൽ കയറ്റി പിന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്ക് മുദ്രാവാക്യം വിളിച്ചു. എന്നെ കൊണ്ടുപോയ ഉടനെ എല്ലാ ഹർത്താലിനും വിമുഖത കാണിക്കുന്ന തിരുവമ്പാടിയിലെ കച്ചവടക്കാർ ആരും പറയാതെ ഒന്നടങ്കം കടകൾ പൂട്ടി സ്ഥലംവിട്ടു.
അങ്ങനെ എന്നെ കോഴിക്കോട് കൺട്രോൾ റൂമിൽ എത്തിച്ചു. അപ്പോൾ ഞാൻ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. മൂന്നുമണിയായപ്പോൾ സഖാവ് ശങ്കരൻകുട്ടിയെ അവിടെ കൊണ്ടുവന്നു. അദ്ദേഹം ഒരുമാസക്കാലം ഡി.ഐ.ആർ പ്രകാരം ജയിലിലായിരുന്നു. കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പിടിച്ചുകൊണ്ടുവരുകയായിരുന്നു. പുറത്തേക്ക് ഒരു വിവരവും അറിയിക്കാൻ ഒരു മാർഗവുമില്ല. ഈസമയത്താണ് റേഷനരി മോഷ്ടിച്ചു എന്ന പേരിൽ അവിടെ എത്തിച്ചിരുന്ന ഒന്നുരണ്ടുപേരെ കാണാൻ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ടി. ഉമ്മർകോയ എത്തിയത്. ഉമ്മർകോയയുമായി എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം പത്രാധിപരായ ഒരു പത്രത്തിലെ സഹപത്രാധിപരായിരുന്നു ഞാൻ. അദ്ദേഹത്തോട് ഞാൻ വിവരങ്ങൾ പറഞ്ഞു. ചായപോലുമില്ലെന്നും വിവരം പുറത്തറിയിക്കണമെന്നും പറഞ്ഞു. അങ്ങനെ പിറ്റേദിവസം ഒരു കഷണം റൊട്ടി കിട്ടി. ആഗസ്റ്റ് ഒമ്പതിന് രാത്രി പെരുമഴയായിരുന്നു. ഞാനും ശങ്കരൻകുട്ടിയും അവിടെ ഇരിക്കുകയാണ്. 12 മണി നേരത്ത് പൊലീസെത്തി. രണ്ടുപേരുടെയും കണ്ണ് മൂടിക്കെട്ടി. പിന്നെ വണ്ടിയിൽ കയറ്റി. വണ്ടി എവിടേക്കാണ് പോകുന്നത് എന്നറിയില്ല. പിന്നെ ഒരിടത്ത് ഇറക്കി. മുണ്ടും ഷർട്ടും അഴിപ്പിച്ചു. എന്നെയും ശങ്കരൻകുട്ടിയെയും രണ്ടു മുറിയിലാക്കി. മുട്ടോളം വെള്ളമുള്ള മുറിയാണ്. ഏതാണ് സ്ഥലമെന്നുപോലും ഞങ്ങൾക്ക് മനസ്സിലായില്ല. രണ്ടുദിവസം കഴിഞ്ഞ് 11ാം തീയതി ആയപ്പോൾ ഈ കെട്ടിടത്തിലേക്ക് ഒരാൾ വന്നു. അദ്ദേഹത്തോട് ഞങ്ങൾ എന്തെങ്കിലും തിന്നാൻ വേണമെന്ന് പറഞ്ഞു. ഇത് ഏതാണ് സ്ഥലമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ പുതുതായി പണിയിച്ച പൊലീസ് സ്റ്റേഷനാണെന്നും അതിന്റെ ലോക്കപ്പിലാണ് ഞങ്ങൾ കിടക്കുന്നതെന്നും. 16 ദിവസം കഴിഞ്ഞാണ് അതിന്റെ ഉദ്ഘാടനമെന്നും പറഞ്ഞു. ഞങ്ങളോട് ഒന്നും മിണ്ടരുതെന്ന് പറഞ്ഞാണ് അദ്ദേഹത്തെ പൊലീസ് അയച്ചിരിക്കുന്നത്. എന്റെ കൈയിൽ ആകെയുണ്ടായിരുന്നത് പത്ത് പൈസ നാണയമായിരുന്നു.
പിന്നെ 16ന് രാവിലെ 10 മണിക്ക് പൊലീസുകാർ വന്നു. ലോക്കപ്പ് തുറന്ന് എന്നെയും ശങ്കരൻകുട്ടിയെയും ലോക്കപ്പിൽനിന്ന് ഇറക്കി. ഞങ്ങൾ തീരെ അവശരായിരുന്നു. പൊലീസ് വാഹനത്തിൽ കയറ്റി, എലത്തൂരിന് അടുത്തൊരു കടയിൽ നിർത്തി ചായയും കഴിക്കാനും വാങ്ങി തന്നു. അങ്ങനെ കണ്ണൂർ ജയിലിൽ എത്തിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ എട്ടാം നമ്പർ ബ്ലോക്കിൽ ഞാൻ ഡി 220 സെല്ലിലും 219ൽ ശങ്കരൻകുട്ടിയും. മറ്റ് ബ്ലോക്കുകളുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ബ്ലോക്കാണ്. ഞാൻ ചെല്ലുമ്പോൾ അവിടെ ചന്ദ്രശേഖരൻ, സോഷ്യലിസ്റ്റ് പാർട്ടിയുടെ വി.കെ. അച്യുതൻ, നക്സൽ കുന്നിക്കൽ നാരായൺ, കെ.പി. നാരായണൻ, കെ.ജി. മാരാർ എന്നിവരൊക്കെയുണ്ട്. ഭക്ഷണത്തിനുവേണ്ടി അവിടെ സമരം ചെയ്യേണ്ടിവന്നു. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് അഖിലേന്ത്യ ലീഗുകാരെ ജയിലിലേക്ക് കൊണ്ടുവന്നു. ഉമർ ബാഫഖി തങ്ങൾ, സി.കെ. ചെറിയമ്മക്കായ്, പി. അബൂബക്കർ, വി.പി. മുഹമ്മദ് ഹാജി, സി.എച്ച്. ഇബ്രാഹിം ഹാജി എന്നിങ്ങനെ അഞ്ചുപേരെയാണ് ജയിലിലേക്ക് കൊണ്ടുവന്നത്.
അങ്ങനെ ദിവസങ്ങൾ കടന്നുപോകവേ ഒരുദിവസം രാത്രി, ഇന്ന് രാത്രി ഒരുപാട് പേർ വരാനുണ്ടെന്ന് േമലുദ്യോഗസ്ഥന്മാർ പറഞ്ഞു. അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി സി.പി.എമ്മുകാരായിരിക്കുമെന്ന്. ഇമ്പിച്ചിബാവ, ദക്ഷിണാമൂർത്തി, ബാലൻ വൈദ്യർ, കെ. കണാരൻ, ഗിരീശൻ വക്കീൽ, കെ. മൂസക്കുട്ടി, കോടിയേരി ബാലകൃഷ്ണൻ, നന്ദകുമാർ, ഗോപാലൻ പറമ്പത്ത്, വി. പത്മനാഭൻ, എൻ. അബ്ദുല്ല തുടങ്ങി നിരവധിപേരെ എത്തിച്ചു. അങ്ങനെ പാതിരാ കഴിയുമ്പോൾ സഖാവ് പിണറായി വിജയനെ കൊണ്ടുവന്നു. അതൊരു ദയനീയരംഗമായിരുന്നു. ബാക്കിയുള്ളവരൊക്കെ നടന്നുവരുമ്പോൾ പിണറായി വിജയനെ എടുത്തുകൊണ്ടാണ് വന്നത്. എന്റെ അടുത്തുള്ള പായയിലാണ് അദ്ദേഹത്തിനുള്ള സീറ്റ്. നോക്കുമ്പോൾ, രണ്ട് കാലിലും വിരലുകളിലും അടികൊണ്ട് മുറിഞ്ഞ് ചോരയൊലിക്കുന്നു. ആ രംഗമൊന്നും മറക്കാനാകില്ല.
എബ്രഹാം മാനുവൽ
ബുൾഡോസർ ജനാധിപത്യം
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്നാം നാൾ, ജൂൺ 28ന് സംഘടനയുടെ ആക്ടിങ് സെക്രട്ടറിയായി എനിക്ക് ചുമതല ലഭിച്ചു. 30ന് ഇ.എം.എസിന്റെ അധ്യക്ഷതയിൽ കണ്ണൂർ ടൗൺഹാളിൽ ഒരു യോഗം നടന്നു. ആ യോഗത്തിലെടുത്ത തീരുമാനം ഏഴിന് ജില്ല ആസ്ഥാനത്തും എട്ടിന് താലൂക്ക് ആസ്ഥാനത്തും സമരം നടത്തണമെന്നതായിരുന്നു. ഏഴിന് കണ്ണൂരിൽ അന്നത്തെ പയ്യന്നൂർ എം.എൽ.എയായിരുന്ന എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ തങ്ങളടക്കം ആളുകൾ ജാഥയായി എത്തി. എ.വി. കുഞ്ഞമ്പുവിനെ വണ്ടിയിൽ കയറ്റിയിട്ട് ജാഥയിലുണ്ടായിരുന്ന ഞങ്ങളെയൊക്കെ പൊലീസ് അടിച്ചോടിച്ചു. റെയിൽവേ സ്റ്റേഷൻ ഭാഗത്തുവെച്ചും ആളുകളെ അടിച്ചോടിച്ചു. പാമ്പിനെ തല്ലിയോടിക്കുന്നതുപോലുള്ള അടിയായിരുന്നു. എന്നെ അസഭ്യം വിളിച്ച് പൊലീസുകാർ ഓടിക്കാൻ ശ്രമിച്ചു. ഒ. ഭരതന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരിലെ സമരം. ആ സമരത്തിൽ അദ്ദേഹത്തെ പൊലീസുകാർ വളഞ്ഞിട്ട് തല്ലി മൂന്നുനാല് മാസം ചികിത്സയിലായിരുന്നു. പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി ഒറ്റക്ക് സമരം നടത്താൻ തീരുമാനിച്ചു. അപ്പോഴും പൊലീസുകാരുടെ മർദനമുണ്ടായി. ശക്തമായ അടികൊണ്ടിട്ടും മൊയ്തീൻ കുട്ടിയെന്ന സഖാവ് തന്റെ കൈയിലിരുന്ന കൊടി കൈവിടാതെ ചേർത്തുപിടിച്ചു. അങ്ങനെ പ്രതിഷേധിച്ച പത്തുപേരെ പിടിച്ചുകൊണ്ടുപോയി വീണ്ടും തല്ലി. ഞാൻ അറസ്റ്റിലായി സെൻട്രൽ ജയിലിൽ കിടക്കുമ്പോഴാണ് ഭാര്യ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രസവിക്കാൻ പ്രവേശിപ്പിക്കപ്പെട്ടത്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണുള്ളത്. ഇനിയൊരു അടിയന്തരാവസ്ഥയിൽ എത്രപേർ അതിനെതിരെ പ്രതിഷേധിക്കാനുണ്ടാകുമെന്ന് അറിയില്ല. ഇന്ന് കസേര സംരക്ഷിക്കാനുള്ള രാഷ്ട്രീയമാണ് നടക്കുന്നത്. ശരിയായ ജനാധിപത്യം വിട്ട് കുറുക്കുവഴിയിലൂടെ അധികാരം നിലനിർത്താനാണ് രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം.
ഇപ്പോൾ നടക്കുന്നത് ബുൾഡോസർ ജനാധിപത്യമാണ്. സർക്കാറിനെതിരെ ആരെങ്കിലും വിമർശനമുന്നയിച്ചാൽ, പ്രത്യേകിച്ച് മുസ് ലിം ജനവിഭാഗത്തിൽപെട്ട ആളാണെങ്കിൽ അവരുടെ വീടുകൾ ബുൾഡോസർ കൊണ്ടുവന്ന് ഇടിച്ചുനിരത്തുകയാണ്. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമാണ്. നമ്മൾ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ട സമയമാണ്.
സി.കെ. ദാമോദരൻ