Begin typing your search above and press return to search.
proflie-avatar
Login

അ(ന)ർഥം

അ(ന)ർഥം
cancel

മുഖ്യധാര സമ്പദ്ശാസ്ത്രം ഇന്ന് ഒടിഞ്ഞ ഉപകരണങ്ങളും ഒാട്ടവീണ പഴഞ്ചാക്കുകളും നിറഞ്ഞ കളപ്പുരയാണ്. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ അതിസങ്കീർണമാണ് –യന്ത്രാധിഷ്​ഠിത ഉൽപാദനത്തോത്​ പെരുകുമ്പോഴും തൊഴിലിന് ഡിമാൻഡ് കുറയാതെ നോക്കുവതെങ്ങനെ?ലോകരാഷ്​ട്രങ്ങൾക്കിടയിൽ ഇന്ന്​ ഒരൊത്തുപൊരുത്തമുണ്ടെങ്കിൽ ഒരൊറ്റ ബിന്ദുവിലാണത്​ -സാമ്പത്തിക പ്രതിസന്ധി. മാന്ദ്യം, തളർച്ച, വളർച്ചക്കുറവ്​... മേനിപ്പര്യായം പലതു പറയും. പച്ചനേര്​ ഒന്നേയൊന്ന്​: വലിയ സമ്പദ്​ഘടനകൾ കൈകാര്യം ചെയ്യുന്നതിൽ അർഥശാസ്​ത്രം പരാജയം. അല്ലെങ്കിൽതന്നെ, ഇക്കണോമിക്​സ്​ എങ്ങനെ ‘ശാസ്​ത്ര’മാകും? തത്ത്വവും യാഥാർഥ്യവും...

Your Subscription Supports Independent Journalism

View Plans
മുഖ്യധാര സമ്പദ്ശാസ്ത്രം ഇന്ന് ഒടിഞ്ഞ ഉപകരണങ്ങളും ഒാട്ടവീണ പഴഞ്ചാക്കുകളും നിറഞ്ഞ കളപ്പുരയാണ്. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ അതിസങ്കീർണമാണ് –യന്ത്രാധിഷ്​ഠിത ഉൽപാദനത്തോത്​ പെരുകുമ്പോഴും തൊഴിലിന് ഡിമാൻഡ് കുറയാതെ നോക്കുവതെങ്ങനെ?

ലോകരാഷ്​ട്രങ്ങൾക്കിടയിൽ ഇന്ന്​ ഒരൊത്തുപൊരുത്തമുണ്ടെങ്കിൽ ഒരൊറ്റ ബിന്ദുവിലാണത്​ -സാമ്പത്തിക പ്രതിസന്ധി. മാന്ദ്യം, തളർച്ച, വളർച്ചക്കുറവ്​... മേനിപ്പര്യായം പലതു പറയും. പച്ചനേര്​ ഒന്നേയൊന്ന്​: വലിയ സമ്പദ്​ഘടനകൾ കൈകാര്യം ചെയ്യുന്നതിൽ അർഥശാസ്​ത്രം പരാജയം.

അല്ലെങ്കിൽതന്നെ, ഇക്കണോമിക്​സ്​ എങ്ങനെ ‘ശാസ്​ത്ര’മാകും? തത്ത്വവും യാഥാർഥ്യവും വസ്​തുനിഷ്​ഠമായി ​െപാരുത്തപ്പെടുന്നിട​ത്തല്ലേ ശാസ്​ത്രീയത? അതുകൊണ്ട്​, സാമ്പത്തികശാസ്​ത്രം എന്ന പരിഭാഷയേ പതിര്​. കൂടിയാൽ, സാമ്പത്തിക പഠനം എന്നാവാം. അത്രക്കും അമ്പരപ്പിക്കുന്ന അനർഥങ്ങളുടെ കൂടാരമാണ്​ ഇന്നീ ‘ശാസ്​ത്രം’.

ഉദാഹരണത്തിന്​, സർക്കാറിന്റെ പണി വിലസ്ഥിരത ഉറപ്പുവരുത്തലാണെന്ന് സാമ്പത്തികശാസ്ത്രം വിദ്യാർഥികളെ പഠിപ്പിക്കുന്നു. മിക്കവാറും അതുമാത്രമാണ് പണിയെന്ന്​ പ്രചരിപ്പിക്കുന്ന സാമ്പത്തിക സിദ്ധാന്തം നാടുവാഴുന്നു. പേടിപ്പിക്കുന്നത് ഒരേ ഭൂതത്തെ ചൂണ്ടി –ഇൻ​േഫ്ലഷൻ അഥവാ നാണ്യപ്പെരുപ്പം. കൽപിക്കുന്ന പോംവഴിയും ഒരേ ഛായ: സർക്കാറും റിസർവ് ബാങ്കും സംഘടിത ശ്രമത്താൽ ഭൂതത്തെ അകറ്റിനിർത്തുക, അപ്പോൾ കമ്പോളം സകലതും സന്തുലിതമാക്കി കാത്തോളും, വ്യക്തതയുള്ള വിലസൂചന മുതലാക്കി നിക്ഷേപകർ സമ്പദ് വളർച്ച ഉറപ്പാക്കിക്കോളും. ഈ തിരക്കഥ പ്രാബല്യത്തിലാവുന്നത് 1980കൾ മുതൽക്കാണ്. 1990കളോടെ സർക്കാറിന്റെ ചെലവിടലിന്മേലായി രാഷ്ട്രീയ സംവാദമത്രയും. സർക്കാർ ചെലവ് നന്നേ കുറക്കണം –ഒരു പ്രപഞ്ച നിയമംപോലെ സംഗതി സമ്മതിക്കുന്നവരായി സകലരും. അതിന്റെ ആചാരവെടി ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഓർക്കണം, 2008ലെ ആഗോള നടുക്കത്തിനുശേഷം പടിഞ്ഞാറൻ കേന്ദ്രബാങ്കുകൾ ശ്രമിച്ചത്​ നോട്ടടിച്ചിറക്കി ഇൻ​േഫ്ലഷനുണ്ടാക്കാനാണ്. അതുവഴി സമ്പന്നരെ കൂടുതൽ സമ്പന്നരാക്കി ദേശീയ സമ്പദ് സൃഷ്​ടി നടത്തിക്കാൻ. സൂത്രം പൂർണ പരാജയം. എന്നിട്ടും അർഥശാസ്ത്രത്തിന്റെ ഇൗ ആചാരവെടി ആധികാരിക മന്ത്രമായി ഇന്നും തുടരുന്നു പാഠപുസ്തകത്തിൽ, മാധ്യമങ്ങളിൽ, സൈദ്ധാന്തിക വേദികളിൽ. സമൂഹങ്ങളിലെ ധനപ്രതിസന്ധി തീർക്കുന്നതിലോ സമ്പദ് വളർച്ചക്ക് കാമ്പുള്ള പോംവഴി പകരുന്നതിലോ കാലാവസ്ഥാ പ്രതിസന്ധിക്ക് മുന്നിൽ വികസന സങ്കൽപം പരിഷ്‍കരിക്കുന്നതിലോ ഒന്നും വിദഗ്ധരല്ല സാമ്പത്തിക ശാസ്ത്രജ്ഞർ. എന്നാലും അവർ പ്രവചനങ്ങൾ തുടരുന്നു –സ്ഥിതിവിവരക്കണക്കും ഊഹ നിഗമനങ്ങളും നിരത്തി. വന്നുവന്ന് സാമ്പത്തിക ശാസ്ത്രംകൊണ്ടുള്ള പ്രയോജനം ഒന്നുമാത്രമാവുന്നു– ജ്യോതിഷത്തിന് മാന്യത പകരൽ. ഇവിടെയാണ് ധനവിദുഷിയല്ലാത്ത ബ്രിട്ടീഷ് രാജ്ഞിയുടെ 2008ലെ സംശയം മനുഷ്യരാശിയുടെ പൊതു ചോദ്യമാവുന്നത്; ഇത്ര വലിയ പ്രതിസന്ധി ​പ്രവചിക്കാൻ ഒരൊറ്റ സാമ്പത്തിക വിദ്വാനും കഴിയാതെപോയതെന്തേ?

ഇന്ന് സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നത് സംവാദങ്ങളുടെ പ്രമേയങ്ങളാലല്ല, പരിപ്രേക്ഷ്യങ്ങളുടെ മാറ്റുരയ്​ക്കലുമല്ല. ഭൗതികശാസ്ത്രം മാതിരിയാണ് –സാമ്പത്തിക ശാസ്ത്രം ഭൗതിക ശാസ്ത്രംപോലെ ശാസ്ത്രീയമായിക്കഴിഞ്ഞെന്ന മട്ടിൽ ഏകമാനത്തിൽ, ഏകതാനത്തിൽ. സമാന്തര ചിന്താധാരകൾ ഇല്ലെന്നല്ല– മാർക്സിസ്റ്റ്, ഫെമിനിസ്റ്റ്, ഉത്തര കെയ്നീഷ്യൻ, ഓസ്ട്രിയൻ ഇത്യാദിയുണ്ട്​. അവയുടെ വക്താക്കൾ പക്ഷേ, മുഖ്യധാരക്ക്​ പുറത്താവുകയാണ് മിക്കയിടത്തും; അപ്രായോഗികമായ കിറുക്ക് എന്ന ചാപ്പയോടെ.

തമാശയതല്ല –നവ ക്ലാസിക്കൽ സാമ്പത്തികതയുടെ മുഖ്യധാര ആധാരമാക്കുന്ന ചില മനഃശാസ്ത്ര സങ്കൽപങ്ങളു​ണ്ട്, മനുഷ്യ പ്രകൃതത്തെപ്പറ്റി. സാക്ഷാൽ മനഃശാസ്ത്രംതന്നെ വലിച്ചെറിഞ്ഞ പഴംചാക്ക്​. എന്നിട്ടും അവ സാമ്പത്തിക ശാസ്ത്രത്തിലും അതുവഴി ഇതര സാമൂഹിക ശാസ്ത്രങ്ങളിലും ശക്തമായ സ്വാധീനം തുടരുന്നു. മനുഷ്യലോകത്തെക്കുറിച്ച സാമൂഹിക-സാമ്പത്തിക ധാരണ ഇവ്വിധം അബദ്ധ പഞ്ചാംഗമായി. ഈ പരിപ്രേക്ഷ്യത്തിൽ നടക്കുന്ന സാമ്പത്തിക ചർച്ചകളും നാട്ടിലെ സാമ്പത്തിക യാഥാർഥ്യവും തമ്മിലെ വിടവാണ് വിടവ്.

സർക്കാർ ചെലവിനമാണ് സാമ്പത്തിക വിദഗ്ധരുടെ കൺകണ്ട കരട്. സാമൂഹികക്ഷേമവും പൊതുസംവിധാനങ്ങൾ പോറ്റാനുള്ള ചെലവും ഈ കരടിൽപെടുന്നു. സർക്കാറിനെത്തന്നെ പരമാവധി മെലിയിച്ച് തൊഴുത്തിൽകെട്ടുകയാണ് ലക്ഷ്യം. ആഗോള മാന്ദ്യശേഷം തോറ്റോടിയ ബ്രിട്ടീഷ് ഭരണാധികാരികളിൽപെട്ട തെരേസ മേയറുടെ ഒരു വാമൊഴിയാണ് ഇക്കൂട്ടർക്കിന്ന് പ്രിയങ്കരമായ ഉദ്ധരണി – ‘‘പണം കായ്ക്കുന്ന മാന്ത്രിക മരമില്ല.’’ ഒന്നാംതരം അബദ്ധമല്ലേ ഇത്? കാരണം, അങ്ങനൊരു മരമുണ്ട്. പേര്: ബാങ്ക്. ആധുനിക ലോകത്ത് പണം എന്നാൽ വായ്പയാണ്.

ബാങ്കുകൾ നിക്ഷേപം എന്ന ഓമന​​േപ്പരിൽ നാട്ടാരിൽനിന്നു വായ്പ സ്വീകരിക്കുന്നു. അതിന് പലിശ ​കൊടുക്കുന്നു. ഇൗ നിക്ഷേപമെടുത്ത് ആവശ്യക്കാർക്ക് കൂടുതൽ പലിശക്ക് വായ്പ കൊടുത്ത് പണമുണ്ടാക്കുന്നു. പണ സൃഷ്ടിയുടെ ഈ നേര് തിരിച്ചറിയാത്തവരാണ് ഭൂരിപക്ഷവും. സാമ്പത്തിക ശാസ്ത്രജ്​ഞർക്ക് ഈ അജ്​ഞത അരുതാത്തതാണ്. പക്ഷേ, അവർ തലപുകയ്ക്കുന്നതത്രയും വായ്പാപ്രക്രിയക്കുമേൽ ^കരുതൽ ശേഖരത്തിൽനിന്ന് ഫണ്ടെടുക്കണോ, നോട്ടടിച്ചിറക്കണോ? മുമ്പു സൂചിപ്പിച്ച ‘പുറമ്പോക്കു ചിന്തക്കാർ’ മാത്രമാണ് വായ്പയെ ധനസൃഷ്ടിയുടെ സ്രോത്രസ്സായി കാണുന്നത്.

പണത്തിന്റെ പ്രകൃതമെന്താണ്? വിനിമയം തരമാക്കാൻ ഉപയോഗിക്കുന്ന മൂല്യവത്തായ ഭൗതിക വസ്തുവാണോ പണം? അതോ പ്രാഥമികമായി വായ്പയും അനുബന്ധ ധാരണാപത്രവും വഴിക്കുള്ള സാമൂഹിക ക്രമീകരണമോ? സത്യത്തിൽ രണ്ടിന്റെയും മിശ്രിതമാണത്. മധ്യകാലഘട്ടംവരെ നിത്യവിനിമയം ഏതാണ്ട്​ പൂർണമായും വായ്പക്കു മേലായിരുന്നു. പണത്തെ ഒരരമൂർത്തതയായി കണ്ടു. 16, 17 നൂറ്റാണ്ടുകളിൽ പടിഞ്ഞാറൻ ദേശങ്ങൾ കപ്പലോട്ടി കോളനികളുണ്ടാക്കി. അമേരിക്കാ വൻകരയിൽനിന്ന് സ്വർണവും വെള്ളിയും കൊള്ള ​ചെയ്ത് വമ്പൻ ശേഖരമുണ്ടാക്കി. അവിടം മുതലാണ് പണസങ്കൽപം മാറിയത്. ഈ ലോഹങ്ങളായി പണം. അതു​െവച്ചുണ്ടാക്കിയ സൈദ്ധാന്തിക പരിഷ്‍കാരമാണ് ക്വാണ്ടിറ്റി തിയറി ഒാഫ് മണി (QTM).

കൊള്ളമുതൽ കൂടുതൽ പോയത്​ പടിഞ്ഞാറോട്ടല്ല, കിഴക്കാട്ടാണ്. പട്ടും കുരുമുളകും കാലിക്കോയും പോലുള്ള സായ്‍വിന്റെ മോഹവസ്തുക്കൾക്കായി ഇന്ത്യ, ചീന ദേശങ്ങളിലേക്ക്. യൂറോപ് ഇൻഫ്ലേഷനിൽ മുങ്ങിയെന്ന് വിദ്വാൻഗണം പ്രഖ്യാപിച്ചു –QTM പ്രയോഗിച്ച് വിലയിരുത്തിയാൽ അതങ്ങനെയേ വരൂ. വായ്പ, പൂഴ്​ത്തിവെ​പ്പ്, ഊഹക്കച്ചോടം എന്നിവ കണക്കിലെടുത്താൽ പണപ്പെരുപ്പമുണ്ടാക്കിയത് ഏതു ഘടകമാണെന്ന് കൃത്യമായി നിർണയിക്കാനാവില്ല. മണി സപ്ലൈയോ വില കേറ്റിയത്, മറിച്ചോ? പ്രത്യക്ഷത്തിലേ പിശകുള്ള സിദ്ധാന്തമാണിത്​. ഉദാഹരണമായി, ഒരു രാജ്യത്തെ സ്വർണത്തിന്റെ അളവ് ഇരട്ടിയാക്കുക. അവിടത്തെ ധാന്യവിലയിൽ അതിന് കാര്യമൊന്നുമില്ല. സ്വർണശേഖരമല്ല, ചെലവിടലാണ് പ്രസക്തം. കഥയങ്ങനെയെങ്കിലും സാമ്പത്തിക ചർച്ചകളിൽ QTM പക്ഷക്കാർക്കാണ് സ്ഥിരം ജയം.

ചരിത്രത്തിൽനിന്നൊരു പ്രശസ്ത സംഭവം പറയാം –18ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലൊരു സംവാദം –ധനസെക്രട്ടറി വില്യം ലോൺഡെയും നാണയക്കമ്മട്ട ചുമതലയുള്ള ഐസക് ന്യൂട്ടനും പ്രമുഖചിന്തകൻ ജോൺ ലോക്കും കോർത്തു. നാണ്യചുരുക്കം ഒഴിവാക്കാൻ വെള്ളിനാണയത്തിന്റെ മൂല്യം കുറക്കണമെന്ന് ന്യൂട്ടൻ. ലോക്ക് എതിർത്തു: ‘‘സ്വത്തുമൂല്യം ഉറപ്പാക്കുന്ന ചുമതലയിലേക്ക് സർക്കാർ ഒതുങ്ങണം, നാണയക്കാര്യത്തിൽ ഇടപെട്ടാൽ നിക്ഷേപകർ ആശങ്കയിലാവും. വാദത്തിൽ ജയം ലോക്കിന്. നാട്ടിൽ സംഭവിച്ചത് ന്യൂട്ടൻ പറഞ്ഞത്. ഡിഫ്ലേഷൻ വന്ന് ലക്ഷങ്ങളുടെ പണി പോയി. പട്ടിണിയും ഗതിമുട്ടും. സർക്കാർ ഉടനെ നയം മയപ്പെടുത്തി.

എന്നാൽ, സാമ്പത്തിക ശാസ്ത്ര ലോകത്ത് ലോക്കിന്റെ വാദംതന്നെ വേദവാക്യം. അന്നും ഇന്നും –ഹ്രസ്വകാല ആഘാതങ്ങൾ ദീർഘകാല നേട്ടം തരുമെന്ന്, കമ്പോളത്തിന് സ്വയം തിരുത്താൻ ശേഷിയുണ്ടെന്ന്. ഇത്തരം സിദ്ധാന്തങ്ങൾക്കൊരു പ്രശ്നമുണ്ട്. തെറ്റെന്ന് തെളിയിക്കാൻ ലളിതമാർഗങ്ങളില്ല. ഒടുവിൽ കമ്പോളം തിരുത്തിക്കോളും എന്ന വായ്​ത്താരി പരിശോധിച്ച് ഉറപ്പിക്കണമെങ്കിൽ ഏതാണീ ഒടുവ്, എന്താണീ കമ്പോളശരി എന്നിവക്ക് പൊതുനിർവചനം വേണം. എന്നാൽ, അങ്ങനെയൊന്നില്ല. എത്രകാലമെടുത്താലും കമ്പോളം സന്തുലനം വീണ്ടെടുക്കും എന്ന ഉരുട്ടിപ്പിരട്ടാണ്​ സ്ഥിരന്യായം. ‘ഒടുവിൽ സത്യം ജയിക്കും’ എന്നുപറയുമ്പോലെ ഒരിക്കലും തെളിയിക്കാനാവാത്ത പൊയ്​ത്താരി.

സ്വയം നിയന്ത്രിക്കുന്ന ദേശീയ കമ്പോളങ്ങൾതന്നെ യഥാർഥത്തിൽ, ത​ന്ത്രപരമായ സാമൂഹിക നിർമിതിയുടെ ഫലമാണെന്ന് 80 കൊല്ലം മുമ്പേ തെളിയിച്ചിരുന്നു, കാൾ പൊളാനി. വലുപ്പമുള്ള സർക്കാറിനോടുള്ള വിപ്രതിപത്തി ബോധപൂർവം ആസൂത്രണം ചെയ്തുള്ള സർക്കാർ നയങ്ങൾ ഇതിന്റെ ഭാഗമാണ്.

അതുതന്നെ ചെറുസർക്കാർ എന്ന നയത്തിന് കടകവിരുദ്ധം. അപവാദമായി വന്നത് കെയ്നീഷ്യൻ മാതൃക –കഴിഞ്ഞ നൂറ്റാണ്ട് മധ്യത്തിൽ. അന്ന് മുതലാളിത്തലോകത്ത് വിഭവ പുനർവിഭജനം വൻതോതിൽ അനുവദിക്കപ്പെട്ടു. മനുഷ്യചരിത്രത്തിൽതന്നെ പൊതു ഭൗതികസമൃദ്ധി ഏറ്റവുമധികം സംഭവിച്ച കാലയളവ്. കെയ്നീസ് സമർഥിച്ചതൊക്കെ മുതലാളിത്തം അതിവേഗം യന്ത്രവികാസമുണ്ടാക്കും, അധ്വാനത്തെ യന്ത്രം കാലഹരണപ്പെടുത്തും എന്നാണ്. അഥവാ സാമൂഹിക ശാസ്ത്രജ്ഞരുടെ കർമലക്ഷ്യം ആന്തരികമായി അസ്ഥിരമാകുമെന്ന്. കെയ്നീസിന്റെ മറുപക്ഷക്കാർ നേർവിപരീതം ചൊല്ലി –ലക്ഷ്യവസ്തു അചഞ്ചലമെന്ന്.

ഇവിടെ ശരിയായ ചേതമെന്തെന്ന് കളരിക്ക് പുറത്തുള്ളവർക്ക് വേഗം പിടികിട്ടില്ല. കാരണം, ഈ സംവാദം മൈക്രോ-മാക്രോ സമ്പദ്ഘടനകൾ തമ്മിലെ തർക്കമായാണ് ഗണിക്കപ്പെട്ടത്. കെയ്നീഷ്യന്മാർ വാദിച്ചത്​ ഒറ്റയൊറ്റ കുടുംബത്തിന്റെ/ കമ്പനിയുടെ പ്രകൃതവും പെരുമാറ്റരീതിയും പഠിക്കാൻ മൈക്രോഘടനയാണ് യുക്തമെന്ന്​, തങ്ങളുടെ നേട്ടം പരമാവധിയാക്കാൻ അവർ ശ്രമിച്ചുകൊള്ളുമെന്ന്​. ഹായേക്കിനെപ്പോലുള്ള പ്രതിയോഗികൾ മറിച്ചും വാദിച്ചു –ദേശീയ സമ്പദ്ഘടന അതിനുള്ളിലെ ഘടകങ്ങളുടെ ആകത്തുകയല്ലെന്ന്​.

സാമ്പത്തിക മാതൃകകൾ നിർമിക്കുന്നതിൽ തെറ്റില്ല. അവ അനുഭവൈകമായി പരീക്ഷിച്ചുറപ്പിക്കണം. ‘സാമ്പത്തികശാസ്ത്രജ്ഞർ’ അത് ചെയ്യുന്നില്ല. പകരം, സിദ്ധാന്തങ്ങളെ ഗണിതവാക്യ ചെപ്പിലടക്കുന്നു. ‘എല്ലാവരും സ്വന്തം പ്രയോജനം പരമാവധിയാക്കാൻ ശ്രമിക്കും’ എന്നിങ്ങനെ വഴുക്കൻ പ്രസ്താവങ്ങൾ പ്രചരിപ്പിക്കുന്നു. ഫലം: യഥാർഥ ലോകത്ത് സാമ്പത്തികത്തകർച്ചകൾ ആവർത്തിക്കുന്നു. കമ്പോളത്തിന് പിശകില്ല എന്ന ആപ്തവാക്യമെടുക്കൂ. ചിരിപ്പിക്കുന്ന വൈരുധ്യമുണ്ടതിൽ. ഊഹത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതിൽ കാര്യമില്ല– അതാണല്ലോ തത്ത്വങ്ങളിലൊന്ന്. കാരണം, ഓഹരികൾ സദാ ശരിവില പേറുന്നവയാണ്, അവയുടെ ചലനം പ്രവചനീയമല്ല. അതേസമയം നിക്ഷേപകർ ലാഭമുണ്ടാക്കാൻ ശ്രമിച്ചില്ലെങ്കിൽ കമ്പോളം കാര്യക്ഷമതയുള്ളതാവില്ലല്ലോ. എന്നുവെച്ചാൽ, ‘സ്വയം തിരുത്താൻ ശേഷി’യുള്ളതാവില്ല ക​േമ്പാളം. മാത്രമല്ല, ഓഹരികൾക്ക് സദാ ശരിവിലയാണെങ്കിൽ എങ്ങനെയാണ് പിന്നെ വിലക്കുമിളകൾ ഉണ്ടാവുന്നത്?

 

ഐസക് ന്യൂട്ടൻ,ജോൺ ലോക്ക്

മുഖ്യധാര സമ്പദ്ശാസ്ത്രം ഇന്ന് ഒടിഞ്ഞ ഉപകരണങ്ങളും ഒാട്ടവീണ പഴഞ്ചാക്കുകളും നിറഞ്ഞ കളപ്പുരയാണ്. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ അതിസങ്കീർണമാണ് –യന്ത്രാധിഷ്​ഠിത ഉൽപാദനത്തോത്​ പെരുകുമ്പോഴും തൊഴിലിന് ഡിമാൻഡ് കുറയാതെ നോക്കുവതെങ്ങനെ? വേതനനിരക്ക് ജീവിതനിലക്ക് നിരക്കുന്നതാക്കുവതെങ്ങനെ? ഭൂമിയെ ഇനിയും നശിപ്പിക്കാത്ത വികസനപ്രവർത്തനമെങ്ങനെ? പുതിയ പ്രശ്നങ്ങൾക്കുവേണ്ടത് പുതിയ ശാസ്ത്രമാണ്. മനുഷ്യജീവിതവും പ്രകൃത പെരുമാറ്റങ്ങളും മാത്രമല്ല, പ്രകൃതി ആവശ്യപ്പെടുന്ന നവവ്യവസ്ഥകളും കണക്കിലെടുത്തുള്ള ഒന്ന്. ഒട്ടും എളുപ്പമല്ല. രാഷ്ട്രീയമായി അതിലേറെ ദുഷ്കരവും.

അതൊന്നും ഗൗനമില്ല, അനർ​ഥങ്ങളുടെ തുടർക്കഥ കുറിക്കയാണ്​ സാമ്പത്തിക വൈദ്യർ. ആ കൈകളിൽ അർ​ഥശാസ്​ത്രം ഒരു ലാടവൈദ്യം. കുറഞ്ഞപക്ഷം, അതിനെ ശാസ്​ത്രം എന്നു വിളിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടത്​ നമുക്കല്ലേ?

News Summary - Financial crisis