അമിത മത്സ്യബന്ധനവും ലോകസമൂഹവും
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കുപ്രകാരം നശീകരണ മത്സ്യബന്ധനത്തിന് പ്രതിവർഷം 22 ബില്യൺ ഡോളറാണ് ധനസഹായം നൽകുന്നത്. ലോക വ്യാപാര സംഘടന ഈ ധനസഹായങ്ങളെ ‘നെഗറ്റിവ് സബ്സിഡി’ അഥവാ ഹാംഫുൾ സബ്സിഡി എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
ലോകത്ത് മത്സ്യബന്ധന മേഖല വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. അമിത ചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 1974ൽ 10 ശതമാനമായിരുന്നത് 2021ൽ 35 ശതമാനമായി വർധിച്ചിരിക്കുകയാണ്. ഈ തോതിലുള്ള വ്യവസായിക മത്സ്യബന്ധനം തുടരുകയാണെങ്കിൽ 2048നകം ഭക്ഷ്യയോഗ്യമായ മുഴുവൻ മത്സ്യങ്ങളും ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന് ആറു രാജ്യങ്ങളിലെ 14 ഗവേഷകർ ചേർന്ന്...
Your Subscription Supports Independent Journalism
View Plansലോകത്ത് മത്സ്യബന്ധന മേഖല വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. അമിത ചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 1974ൽ 10 ശതമാനമായിരുന്നത് 2021ൽ 35 ശതമാനമായി വർധിച്ചിരിക്കുകയാണ്. ഈ തോതിലുള്ള വ്യവസായിക മത്സ്യബന്ധനം തുടരുകയാണെങ്കിൽ 2048നകം ഭക്ഷ്യയോഗ്യമായ മുഴുവൻ മത്സ്യങ്ങളും ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന് ആറു രാജ്യങ്ങളിലെ 14 ഗവേഷകർ ചേർന്ന് 'നേച്ചർ' മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. നിലനിൽക്കാനുള്ള അവസാന അവസരമെങ്കിലും നാം പ്രയോജനപ്പെടുത്തണമെന്ന് മുന്നൂറോളം ശാസ്ത്രജ്ഞർ ഒന്നിച്ച് ഒരു പ്രസ്താവനയിലൂടെ മനുഷ്യരാശിയോട് അഭ്യർഥിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാനപ്പെട്ട 15 ഫിഷിങ് ഗ്രൗണ്ടുകളിൽ പതിമൂന്നും അമിത ചൂഷണത്തിന് വിധേയമാണെന്നും കുറഞ്ഞ അളവിലെങ്കിലും മത്സ്യം അവശേഷിക്കുന്നത് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമാണെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
മത്സ്യബന്ധനംതന്നെ നഷ്ടക്കച്ചവടമായി മാറിയ സാഹചര്യത്തിൽ വികസിത രാഷ്ട്രങ്ങൾ വൻതുക സബ്സിഡി നൽകിയാണ് ഈ മേഖലയെ നിലനിർത്തുന്നത്. വികസിത രാജ്യങ്ങൾ ഈ മേഖലക്ക് നൽകുന്ന 34.5 ബില്യൺ ഡോളർ സബ്സിഡിയിൽ 7.2 ബില്യൺ (56,000 കോടി രൂപ) ഡോളറും എണ്ണ സബ്സിഡിയാണ്. മത്സ്യ കപ്പലുകളുടെ നിർമാണം, തുറമുഖങ്ങളടക്കമുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങൾ എന്നിവക്കാണ് ബാക്കി തുക. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കുപ്രകാരം നശീകരണ മത്സ്യബന്ധനത്തിന് പ്രതിവർഷം 22 ബില്യൺ ഡോളറാണ് ധനസഹായം നൽകുന്നത്. ലോക വ്യാപാര സംഘടന ഈ ധനസഹായങ്ങളെ 'നെഗറ്റിവ് സബ്സിഡി' അഥവാ ഹാംഫുൾ സബ്സിഡി എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
മത്സ്യമേഖലയിലെ തകർച്ച
കാര്യങ്ങൾ ഈ രീതിയിലാണ് പോകുന്നതെങ്കിൽ യൂറോപ്പിലെ കടലുകളിലുള്ള 136 ഇനം (സ്റ്റോക്ക്) മത്സ്യങ്ങളിൽ എട്ടു ശതമാനം മാത്രമേ 2023ൽ അവശേഷിക്കൂ എന്ന് യൂറോപ്യൻ യൂനിയനിലെ ഫിഷറി കമീഷണറായിരുന്ന മരിയ ദെമനാക്കി പറയുന്നു. യൂറോപ്യൻ വിപണിയിലെ പ്രധാന മത്സ്യങ്ങളായ പാറ്റഗോണിയൻ ടൂത്ത്ഫിഷ്, ഹാലിബട്ട്, ബ്ലൂലിങ്, അറ്റ്ലാന്റിക് സ്റ്റർജിയൺ, സേബിൾ ഫിഷ്, ബ്ലൂവിറ്റിങ് തുടങ്ങിയ മത്സ്യ ഇനങ്ങളൊക്കെ വലിയ തകർച്ചയെയാണ് നേരിടുന്നത്. പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ മെഡിറ്ററേനിയൻ, നോർത്ത് സീ, കിഴക്കൻ ചൈനക്കടൽ എന്നിവയെ 'കടലിലെ മരുഭൂമികൾ' എന്നു വിളിക്കുന്ന പതനത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കൻ തീരത്തെ 50 ശതമാനം മത്സ്യങ്ങളും ഇതിനകം വ്യവസായിക മത്സ്യബന്ധനത്തെ തുടർന്ന് അമിത ചൂഷണത്തിന് വിധേയമായിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ അമിത പ്രഹരശേഷി നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണ്.
14,000 ടൺ കേവ് ഭാരവും 140 മീറ്റർ നീളവുമുള്ള അറ്റ്ലാന്റിക് ഡോൺ, ലോകത്തെ ഏറ്റവും വലിയ മത്സ്യകപ്പലായ റഷ്യയുടെ ലഫായത് തുടങ്ങിയ കപ്പലുകളെ തങ്ങളുടെ രാജ്യാതിർത്തിയിൽ പ്രവേശിപ്പിക്കാൻ ഒരു രാജ്യവും തയാറല്ല. ബ്രിട്ടന്റെ കൊർണേലിയസ് േഡ്രാലിക്, വെറോനിക്ക തുടങ്ങിയ കപ്പലുകൾക്ക് പ്രതിദിനം 2000 ടൺ മത്സ്യം പിടിച്ച് സൂക്ഷിക്കാനുള്ള കഴിവുമുണ്ട്. യൂറോപ്പിലാസകലം ചുറ്റി സഞ്ചരിച്ച് മത്സ്യം പിടിച്ച് കപ്പലിൽവെച്ചുതന്നെ സംസ്കരിക്കുന്ന 39 ഫാക്ടറി വെസലുകളുമുണ്ട്. സ്വന്തം കടലുകൾ ശൂന്യമാകുമ്പോൾ മറ്റു രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ കടന്നുകയറി മത്സ്യബന്ധനം നടത്തുന്നതും ഇവരുടെ പതിവാണ്. ഗ്രീൻലാൻഡ് ഹാലിബട്ടിന്റെ തകർച്ചയെ തുടർന്ന് കാനഡ അവിടെ മത്സ്യബന്ധനം നിരോധിച്ചപ്പോൾ സ്പെയിന്റെഎസ്തായി എന്ന കപ്പൽ അവിടെ കടന്നുകയറി മത്സ്യബന്ധനം നടത്തുകയും കാനഡ ഗൺബോട്ടുകളെ ഉപയോഗിച്ച് അത് പിടിച്ചെടുക്കുകയുമുണ്ടായി. എൻറിക ലെക്സി സംഭവത്തിനുമുമ്പ് സാർവദേശീയതലത്തിൽതന്നെ വിവാദമാവുകയും വലിയ വ്യവഹാരങ്ങൾക്ക് വഴിതെളിക്കുകയും ചെയ്ത സംഭവമാണിത്.
മരണത്തിന്റെ ഭിത്തി
12 ജംബോജെറ്റുകൾക്ക് ഒന്നിച്ചു കയറാവുന്ന അത്രയും വിസ്തൃതിയുള്ള േട്രാൾ വലകളാണ് യൂറോപ്പിലെ ചില യാനങ്ങൾ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലെ ഗിൽനെറ്റു വലപോലുള്ള ഒരു വല ജപ്പാനിൽ ഉപയോഗിക്കുന്നുണ്ട്. ഡ്രിഫ്റ്റ് നെറ്റ് എന്നറിയപ്പെടുന്ന ഈ വലകളെ 'മരണത്തിന്റെ ഭിത്തി' എന്നാണ് വിളിക്കുന്നത്. 50-60 കിലോമീറ്റർ നീളമുള്ള ഈ വലകളിൽ ആയിരക്കണക്കിന് കടലാമകളും സസ്തനികളും ഡോൾഫിനുകളും തിമിംഗലങ്ങളും കുടുങ്ങി മരണമടയാറുണ്ട്.
*ട്യൂണയെ പിടിക്കാൻ അവർ ഉപയോഗിക്കുന്ന ലോങ് ലൈനറുകൾക്ക് 100 മുതൽ 120 കിലോമീറ്റർ വരെ ദൂരമുണ്ട്. കൊച്ചിയിൽനിന്ന് നീട്ടിയാൽ കൊല്ലംവരെ എത്തുന്ന വലകൾ! നേരത്തേ പറഞ്ഞ സസ്തനികൾക്കു പുറമെ പ്രതിവർഷം 44,000 ആൽബേട്രാസ് പക്ഷികളും (ലോകത്തെ ഏറ്റവും നീളമുള്ള ചിറകുള്ള പക്ഷിയാണ് ആൽബേട്രാസ്) ഈ വലയിൽ കുടുങ്ങി നശിക്കുന്നു.
*മത്സ്യത്തെ മാത്രമല്ല പാരിസ്ഥിതിക സന്തുലനത്തെതന്നെ അട്ടിമറിക്കുന്ന ഒന്നായി വ്യവസായ മത്സ്യബന്ധനം മാറിയിരിക്കുകയാണ്.
*80-85 ദശലക്ഷം ടൺ മത്സ്യം പ്രതിവർഷം പിടിക്കുന്നതിൽ 25-30 ദശലക്ഷം ടൺ വൻകിട യാനങ്ങൾ പുറത്തെറിഞ്ഞു കളയുന്നു. ഇവയെ 'ഡിസ്കാർഡ്സ്' എന്നാണ് വിളിക്കുക.
*വൻ മത്സ്യങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ ഫലമായി അവയുടെ ഇര മത്സ്യങ്ങളും ജെല്ലിമത്സ്യങ്ങളും രോഗവാഹികളായ ജീവികളും കടലിൽ പെറ്റുപെരുകുന്ന അവസ്ഥയും സൃഷ്ടിക്കപ്പെടുന്നുണ്ട്.
*ഈ വിപത്തുകളൊക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും വികസിത രാജ്യങ്ങളിലെ മത്സ്യ ഉപഭോഗത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.
2002ൽ ആഗോള മത്സ്യ ഉപഭോഗം 47 ദശലക്ഷം ടണ്ണായിരുന്നത് 2015-22ൽ 179 ദശലക്ഷം ടണ്ണാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അക്വാകൾച്ചറിലൂടെ മത്സ്യദാരിദ്യ്രത്തിന്റെ ഈ വിഷയം പരിഹരിക്കാനാണ് മുതലാളിത്തലോകം ശ്രമിക്കുന്നത്. ഇത് പുതിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ ഡിമാൻഡുള്ള സാൽമൺ എന്ന മത്സ്യം ഒരു കിലോഗ്രാം വളരണമെങ്കിൽ നാലു കിലോഗ്രാം ചെറുമത്സ്യം തീറ്റയായി നൽകണം. നമ്മുടെ നാട്ടിൽ ഒരു കിലോഗ്രാം ചെമ്മീൻ അക്വാകൾചറായി വളർത്തിയെടുക്കാൻ നാലു കിലോഗ്രാം ചാള നൽകുന്നതും ഇതുപോലെതന്നെയാണ്. പരിസ്ഥിതിക്കും മനുഷ്യനും മേൽ നടത്തുന്ന വിധ്വംസകമായ കടന്നുകയറ്റമാണ് വ്യവസായ മത്സ്യബന്ധനം. ''നിലവിലുള്ള കൃഷിരീതി തുടരുകയാണെങ്കിൽ ഏതാനും ശതകങ്ങൾക്കിടയിൽ കൃഷിഭൂമി മരുഭൂമിയായി മാറും'' എന്ന കാൾ മാർക്സിന്റെ നിരീക്ഷണം കൂടുതൽ യോജിക്കുന്നത് കടൽമേഖലയിലാണ്.
സെനഗാലൈസേഷൻ
ഫിഷറി പാർട്ണർഷിപ് എന്നറിയപ്പെടുന്ന കരാറുകളിലൂടെ (എഫ്.പി.എ) ആഫ്രിക്കയിലെ തീരക്കടലുകളും കൊള്ളയടിക്കുന്നത് ചൂഷണത്തിന്റെ മറ്റൊരു രൂപമാണ്. സ്പെയിനിലെ കപ്പൽ കമ്പനികൾ 2006നും 2012നുമിടയിൽ 14.2 കോടി യൂറോ സെനഗാൾ എന്ന രാജ്യത്തിന് ലൈസൻസ് ഫീസ് നൽകി അവിടെ പ്രവർത്തനമാരംഭിച്ചു. ഇതിൽ 12.8 കോടി രൂപയും സ്പാനിഷ് സർക്കാർ സബ്സിഡിയായി നൽകിയതാണ്. പ്രതിവർഷം 2.35 ലക്ഷം ടൺ വീതം മത്സ്യം സെനഗാളിന്റെ തീരത്തുനിന്ന് 36 സ്പാനിഷ് േട്രാളറുകൾ പിടിച്ചെടുത്തു. സെനഗാളിലെ പിറോഗസ് എന്ന നാടൻബോട്ടുകളുടെ മത്സ്യോൽപാദനം നേർപകുതിയായി കുറഞ്ഞു. സംസ്കരണശാലകളിലെ 60 ശതമാനം തൊഴിലാളികളെയും പിരിച്ചുവിട്ടു. ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നതുപോലെ ആക്രിവിലയ്ക്ക് നാടൻ ബോട്ടുകൾ അവിടെ തൂക്കിവിൽക്കുകയുണ്ടായി. പ്രതിഷേധങ്ങളെ തുടർന്ന് സെനഗാൾ കരാർ റദ്ദാക്കി. തൊട്ടടുത്ത രാജ്യങ്ങളായ മോറിത്താനിയ, മൊറോക്കോ, സിയറാ ലിയോൺ, കേപ് വേർഡ് തുടങ്ങിയ തീരങ്ങളിലും സംഭവിക്കുന്നതും ഇതുതന്നെയാണ്.
മത്സ്യംകൊണ്ട് സമ്പന്നമാണ് തീരസമുദ്രങ്ങളെങ്കിലും തീരവാസികൾ എല്ലായിടത്തും പട്ടിണിപ്പാവങ്ങൾതന്നെയാണ്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇന്ത്യയിൽ മേഖലയുമായി ബന്ധപ്പെട്ട് 40 ലക്ഷം പേരാണ് ഉപജീവനം തേടുന്നത്. രാജ്യത്ത് നിലവിൽ 3.25 ലക്ഷം യാനങ്ങളാണ് കടലിൽ പ്രവർത്തിക്കുന്നത്. ഇവയിലൊന്നുംതന്നെ വ്യവസായിക മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുമില്ല. ലോക ഭക്ഷ്യ-കാർഷിക സ്ഥാപനത്തിന്റെ മാനദണ്ഡപ്രകാരം ഇവയെല്ലാംതന്നെ ചെറുകിട, പരമ്പരാഗത മത്സ്യബന്ധന ഗണത്തിൽപെടുന്നവയുമാണ്. അന്താരാഷ്ട്ര കടലുകളിലും ആഴക്കടലിലും 30 ദിവസം പ്രവർത്തിക്കുന്ന തുത്തൂർ മത്സ്യത്തൊഴിലാളികളുടെ ഒരൊറ്റ ബോട്ടിനുപോലും 25 മീറ്ററിനുമേൽ നീളവുമില്ല. 90 ശതമാനം മത്സ്യത്തൊഴിലാളികളും ദാരിദ്യ്രരേഖക്കു കീഴിലുമാണ്. ഈ സമൂഹത്തിന്റെ പൊതുവായ വികാസത്തിന് സബ്സിഡികൾ അവശ്യം വേണ്ട ഘടകവുമാണ്. അതുകൊണ്ട് പിന്നാക്ക രാജ്യങ്ങൾക്കുള്ള 'സവിശേഷവും വ്യതിരിക്തവുമായ പരിഗണന' (എസ്.ഡി.ടി) ഇന്ത്യക്ക് വേണമെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. വികസിത രാജ്യങ്ങൾ മത്സ്യസബ്സിഡിയായി 3400 കോടി ഡോളർ നൽകുമ്പോൾ വിശാലമായ കടലോരവും മത്സ്യത്തൊ ഴിലാളികളുമുള്ള ഇന്ത്യയുടെ സബ്സിഡി കേവലം പത്തുകോടി ഡോളർ മാത്രമാണ്! 30,000 രൂപ പ്രതിശീർഷ വരുമാനമുള്ള പിന്നാക്കരാജ്യങ്ങളെയും ആറു ലക്ഷം രൂപ വരുമാനമുള്ള വികസിത രാജ്യങ്ങളെയും തുല്യരീതിയിൽ കണക്കിലെടുക്കുന്നത് അനീതിയാണെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പ്രസ്താവിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വ്യാപാര സംഘടനാ മേധാവിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഇതര രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഒരു സമ്മർദ ഗ്രൂപ് രൂപവത്കരിക്കുകയാണ് ഈ വിഷയത്തിൽ നാം ചെയ്യേണ്ടത്. നിർഭാഗ്യവശാൽ ജൂൺ 12 മുതൽ 17 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ ചേർന്ന 11ാം ലോക വ്യാപാര സംഘടനാ (ഡബ്ല്യൂ.ടി.ഒ) സമ്മേളനത്തിൽ രണ്ട് വർഷത്തേക്കുകൂടി ഇന്ത്യയുടെ സബ്സിഡി തുടരാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇതേ ആനുകൂല്യം മത്സ്യമേഖലയെ തകർക്കുന്ന ഇതരരാജ്യങ്ങൾക്കുകൂടി ലഭ്യമാകുന്ന ഒരു ദുരന്തത്തെയാണ് നാം നേരിടുന്നത്.
അമേരിക്കയുടെ കൗശലങ്ങൾ
പരിസ്ഥിതി സൗഹൃദത്തിന്റെ പേരിൽ ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തുന്ന നടപടികളിൽ ഇന്ന് മുന്നിട്ടുനിൽക്കുന്നത് അമേരിക്കയാണ്. കടലാമകളെ പിടിക്കുന്നുവെന്ന പേരിൽ ഇന്ത്യയിൽനിന്നുള്ള ചെമ്മീനുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. യഥാർഥത്തിൽ 10 വർഷം മുമ്പുതന്നെ കൊച്ചിയിലെ സി.ഐ.എഫ്.ടി കടലാമകളെ നിഷ്കാസനംചെയ്യുന്ന സംവിധാനം -ടെഡ്- വലകളിൽ ഘടിപ്പിച്ചതാണ്. സസ്തനികളെ പിടിക്കുന്നുവെന്നതിന്റെ പേരിലും വലകളിൽ കൃത്യമായ അളവുകൾ രേഖപ്പെടുത്തുന്നില്ല എന്ന പേരിലും അടുത്ത നിരോധനങ്ങൾക്കും അവർ കോപ്പുകൂട്ടുകയാണ്. ഈ നിയന്ത്രണങ്ങളെ മറികടക്കാൻ ഇന്ത്യാ സർക്കാർ എന്തുചെയ്യുന്നുവെന്ന് മേഖല ഉറ്റുനോക്കുകയാണ്.
സമീപകാല ദുരന്തങ്ങൾ
ലോകത്ത് അടുത്തകാലംവരെ ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചിരുന്ന രാജ്യമാണ് പെറു. ഈ ലാറ്റിനമേരിക്കൻ രാജ്യത്തിലെ പ്രധാന മത്സ്യം നത്തോലി(കൊഴുവ)യാണ്. ഈ മത്സ്യസമ്പത്ത് വാരിക്കൂട്ടാൻ വിവിധ രാജ്യങ്ങളിലെ പേഴ്സീനറുകൾ മത്സരിച്ചു. 1971ൽ 1.02 കോടി ടൺ നത്തോലി പിടിച്ച രാജ്യത്ത് 1976ൽ ഉൽപാദനം 40 ലക്ഷം ടണ്ണായി കുറഞ്ഞു. അമിത മത്സ്യബന്ധനത്തോടൊപ്പം എൽനിനോ പ്രതിഭാസവും തകർച്ചയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
-ന്യൂഫൗണ്ട്ലാൻഡിലെയും കാനഡയുടെയും തീരത്തെ കോഡ് മത്സ്യത്തിന്റെ തകർച്ചയെത്തുടർന്ന് 1991-1992ൽ കോഡ് പിടിത്തം കാനഡ നിരോധിച്ചു. 30 വർഷം കഴിഞ്ഞിട്ടും കോഡിന്റെ പുനരുൽപാദനം സാധ്യമായിട്ടില്ല.
-യൂറോപ്പിലെ േഗ്രറ്റ് ലേക്കിൽ സമൃദ്ധമായുണ്ടായിരുന്നു ബ്ലൂവാൾ ഐ എന്ന മീൻ. 1950 വരെ പ്രതിവർഷം അഞ്ചു ലക്ഷം ടണ്ണോളം ഉൽപാദനമുണ്ടായിരുന്ന ബ്ലൂവാൾ ഐ 1980ൽ അവിടെനിന്ന് അപ്രത്യക്ഷമായി.
-ഇംഗ്ലീഷ് ചാനലിന്റെ പരിസരത്തുള്ള ഒരു ഇനം നങ്ക് (സോൾ) ഇന്ന് വിനാശത്തിന്റെ വക്കിലാണ്.
-ചിലിയുടെ തീരത്തുനിന്നും പ്രതിദിനം 400 ടൺ വീതം പിടിച്ചിരുന്ന ഒരിനം വങ്കട (ജാക്മാക്കറൽ) അമിതമായ പേഴ്സീനിങ്മൂലം 1990കളിൽ തകർന്നു.
-ജർമനിയുടെ തീരത്തുള്ള ഹാഡക്ക് മത്സ്യം അമിത മത്സ്യബന്ധനംമൂലം തകർന്നു. കർശനമായ നിയന്ത്രണങ്ങളെ തുടർന്ന് സമീപകാലത്ത് അവ തിരിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. ചിലിയുടെ തീരത്തെ കാളാഞ്ചി (സീബാസ്) അമിതചൂഷണംമൂലം അപ്രത്യക്ഷമായി.
-അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്ലൂഫിൻ ട്യൂണ അടുത്തവർഷത്തോടെ പൂർണമായും അപ്രത്യക്ഷമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
-അറ്റ്ലാന്റിക്കിലെ അയല, കാലിഫോർണിയയിലെ ചാള, അലാസ്ക പൊള്ളാക്ക്, സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഹെറിങ് തുടങ്ങിയ മത്സ്യങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടയിൽ വലിയ തകർച്ച നേരിട്ട മത്സ്യങ്ങളാണ്.
'പ്രകൃതിയുടെ വൈരുധ്യാത്മകത' എന്ന പുസ്തകത്തിൽ െഫ്രഡറിക് ഏംഗൽസ് എഴുതി: ''പ്രകൃതിക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങളെയും മുറിപ്പെടുത്തലുകളെയും അവൾ നിസ്സംഗതയോടെ നോക്കിനിൽക്കുമെന്നാണോ നാം കരുതുന്നത്? ആദ്യമൊക്കെ ചെറിയ രീതിയിൽ അവൾ പ്രതികരിക്കും. പിന്നീട് കൂടുതൽ ശക്തമായി, കൂടുതൽ മാരകമായിതന്നെ തിരിച്ചടിക്കും.''