ഗാന്ധിജിയുടെ സനാതനധർമ പരീക്ഷണങ്ങൾ
സനാതന ധാർമിക സങ്കൽപനത്തെ തത്ത്വത്തിൽ നിഷേധിക്കാതെയും അതിന്റെ പൗരാണികമെന്നു നിനക്കപ്പെടുന്ന വേദാധിഷ്ഠിത ഉറവിടങ്ങളെ അംഗീകരിച്ചും ഹിന്ദുമതത്തിന്റെ പരിഷ്കാരത്തെയോ അല്ലെങ്കിൽ ആധുനികവത്കരണത്തെയോ ആണോ ഗാന്ധി അബോധതലത്തിലെങ്കിലും ലക്ഷ്യംവെച്ചിരുന്നത്? ആധുനികത എന്ന പ്രയോഗം ഗാന്ധിയൻ ആശയധാരയുമായി ചേർത്തുവെക്കുന്നതിലെ അനൗചിത്യം...
Your Subscription Supports Independent Journalism
View Plansസനാതന ധാർമിക സങ്കൽപനത്തെ തത്ത്വത്തിൽ നിഷേധിക്കാതെയും അതിന്റെ പൗരാണികമെന്നു നിനക്കപ്പെടുന്ന വേദാധിഷ്ഠിത ഉറവിടങ്ങളെ അംഗീകരിച്ചും ഹിന്ദുമതത്തിന്റെ പരിഷ്കാരത്തെയോ അല്ലെങ്കിൽ ആധുനികവത്കരണത്തെയോ ആണോ ഗാന്ധി അബോധതലത്തിലെങ്കിലും ലക്ഷ്യംവെച്ചിരുന്നത്? ആധുനികത എന്ന പ്രയോഗം ഗാന്ധിയൻ ആശയധാരയുമായി ചേർത്തുവെക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കി തന്നെയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. വർണാശ്രമ ധർമം കർശനമായി വൈദികമാണെന്ന ഗാന്ധിയുടെ വ്യാഖ്യാനത്തിന്റെ സാരാംശം എന്താണെന്ന് ജ്യോതിർമയ ശർമ സംഗ്രഹിക്കുന്നുണ്ട്: ‘‘വർണാശ്രമ ധർമം മനുഷ്യപ്രകൃതിയിൽ അന്തർലീനമാണ്. അത് ജന്മത്തോടു ചേർന്നതാണ്. ഒരു മനുഷ്യനും തന്റെ വർണത്തെ ഏകപക്ഷീയമായും ഇഷ്ടാനുസരണവും മാറ്റാൻ കഴിയില്ല. വർണത്തെ അവഗണിക്കുന്നത് പാരമ്പര്യത്തെ നിരാകരിക്കലാണ്. അതേസമയം, ‘‘സ്വയമേ ഇല്ലാതാകുന്ന നാലു വർണങ്ങളും ഉപജാതികളായി വിഭജിക്കുന്നതിൽ ന്യായമില്ല. വർണമാണ് വ്യക്തികളുടെ കടമകളെയും സാമൂഹികബന്ധങ്ങളെയും നിയന്ത്രിക്കുന്നത്. വർണംതന്നെയാണ് പ്രത്യേകാവകാശങ്ങൾ നൽകുന്നതും. പാരമ്പര്യവും പരിശീലനവും അനുസരിച്ച് ഓരോ വിഭാഗക്കാരും അവരുടെ വർണ ചുമതലകളിലേക്ക് സ്വയം ഒതുങ്ങിനിൽക്കുന്നിടത്തോളം, നാലു വിഭാഗങ്ങളിലെയും ഓരോ അംഗവും പരസ്പരമുള്ള ഗുണങ്ങൾ നേടുന്നതിൽനിന്ന് വർണം തടയുന്നില്ല. ആത്യന്തികമായി, എല്ലാ വർണങ്ങളും ദൈവത്തിന്റെ സൃഷ്ടിയെ സേവിക്കാനാണ്, നിലവിലുള്ള ആത്മനിയന്ത്രണത്തെ സേവിക്കാൻ.’’
ഈ പ്രസ്താവത്തിൽതന്നെ വർണാശ്രമം എന്ന ഉച്ചനീചത്വ വ്യവസ്ഥയുടെ ഘടനയെ നിർധാരണം ചെയ്തു വ്യക്തത വരുത്തുമ്പോഴും നിലപാടുകളിലെ പരസ്പരവിരുദ്ധതയെ മറികടക്കുക ഗാന്ധി ലക്ഷ്യമാക്കുന്നില്ല. വൈരുധ്യം എന്നതിനേക്കാൾ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചാഞ്ചാട്ടമാണ് (oscillation) ഗാന്ധിജി പ്രകടമാക്കുന്നത്. ഈ ചാഞ്ചാട്ടത്തിനുള്ള കാരണം ജ്യോതിർമയ ശർമയുടെ അഭിപ്രായത്തിൽ, എല്ലായ്പോഴും ഗാന്ധിയുടെ രാഷ്ട്രീയതന്ത്രങ്ങളായി വിശദീകരിക്കാനാവില്ല. വിയോജിപ്പും വിട്ടുവീഴ്ചയും ഗാന്ധി രാഷ്ട്രതന്ത്രത്തിൽ പ്രയോഗിച്ചിരുന്ന ഒരു വിദ്യയായിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ, വർണാശ്രമ ധർമത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വികാരങ്ങളെ ഉൾക്കൊള്ളാൻ ഒരേപോലെ ശ്രമിക്കുന്നത് ലിബറൽ സമീപനമോ അല്ലെങ്കിൽ പക്ഷപാതരാഹിത്യമോ അതുമല്ലെങ്കിൽ ഓരോ നിലപാടും തുല്യനിലയിൽ കാണാനുള്ള ശ്രമമോ അല്ല. മൂല്യബോധത്തിന്റെയും ധാർമികതയുടെയും ആത്യന്തികമായ സാധുതയെ നിർണയിക്കുന്നത് സ്വന്തം മനഃസാക്ഷിയുടെ സത്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലും യുക്തിയുടെ പരീക്ഷണവുമാണെന്ന് പ്രഖ്യാപിച്ച ഗാന്ധിക്ക് സനാതന നിലപാടുകൾ അസ്വീകാര്യവും വെറുപ്പുളവാക്കുന്നതുമായിരിക്കേണ്ടതാണ്. എന്നിട്ടും അങ്ങനെയല്ലാതെ പൊരുത്തക്കേടുകളോടെ രണ്ടു വശവും ഉൾക്കൊണ്ടു നിന്നു. ഒരേസമയം ഒരു പരിഷ്കർത്താവായും യാഥാസ്ഥിതിക ഹിന്ദുവായും നിലകൊള്ളുക എന്ന ഗാന്ധിയുടെ സ്വയം പ്രതിച്ഛായ ദ്വിഭിന്നതയാണ് ഈ വൈരുധ്യത്തിനു ഹേതുവാകുന്നത്.
മൂന്ന്
അയിത്താചാരത്തിനെതിരെയുള്ള ഗാന്ധിയുടെ പ്രചാരണം പ്രായോഗിക പ്രവർത്തനത്തിന്റെ രൂപമെടുത്തത് ക്ഷേത്രപ്രവേശന പ്രക്ഷോഭത്തോടെയാണ്. ഗാന്ധിയൻ സമരമാർഗമായ സത്യഗ്രഹം അവലംബിച്ചാണ് ക്ഷേത്ര പ്രവേശന സമരത്തിനുള്ള തയാറെടുപ്പുകൾ നടന്നത്. അയിത്താചാരത്തിനെതിരെ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വൈക്കം സമരം. അസ്പൃശ്യതക്കെതിരെയുള്ള സമരത്തിൽ ക്ഷേത്രപ്രവേശനത്തെ ഗാന്ധി മുഖ്യമായും കണ്ടത് എന്തുകൊണ്ടാണ്? അവകാശ സമരം എന്നനിലയിലാണോ ക്ഷേത്രപ്രവേശന സമരത്തെ ഗാന്ധി വീക്ഷിച്ചിരുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം. ഗാന്ധി താൻ വിശ്വസിക്കുന്ന സനാതന ധർമ തത്ത്വങ്ങളിൽ നാലാമതായി പ്രഖ്യാപിക്കുന്നത് വിഗ്രഹ ആരാധനയുടെ നിരാകരണമാണ്. എങ്കിലും, ഹിന്ദു വിശ്വാസക്രമത്തിൽ വിഗ്രഹാരാധന പ്രധാനമാണെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ക്ഷേത്രപ്രവേശനം അംബേദ്കർ പ്രതീകാത്മകതലത്തിൽ മാത്രമെടുത്തപ്പോൾ ഗാന്ധി ഹിന്ദു സമൂഹത്തിന്റെ വ്യാപക പരിഷ്കരണമായാണ് ഇതിനെ കണ്ടത്. ഒരേകീകരണത്തിന്റെ സവിശേഷതയും ഗാന്ധി അതിൽ ദർശിച്ചിരുന്നു എന്ന് നിസ്സംശയം പറയാം. ആര്യസമാജിന്റെ നേതൃത്വത്തിൽ ‘ശുദ്ധി പ്രസ്ഥാനം’ ഇതിനുമുമ്പേ നിലവിൽവന്നിരുന്നു. ഹിന്ദു വിഭാഗത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടവരെ ഇതര മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാതെ ഹിന്ദു ക്രമത്തിൽതന്നെ നിർത്തുക എന്നതാണ് ഒരു പ്രധാന ലക്ഷ്യം. ഇതര മതസ്ഥരായവർ ക്ഷേത്രപ്രവേശന സമരത്തിൽ പങ്കെടുക്കേണ്ട എന്ന ഗാന്ധിയുടെ സമീപനത്തിന്റെ അടിസ്ഥാനമിതാണ്. ഗാന്ധി ഹിന്ദു എന്നതിനു മതപരമായ ഒരേകീകൃത തന്മ നൽകുകയും ഇതിൽനിന്ന് ഇതരമായി നിൽക്കുന്ന മതങ്ങളെ അപരവിശ്വാസങ്ങളായി നിഷ്കർഷിക്കുകയുമാണോ ചെയ്തത്? ‘സെക്കുലർ’ സ്വഭാവത്തോടെ ഉയർന്നുവന്ന, അല്ലെങ്കിൽ ഗാന്ധിയൻ വീക്ഷണത്തിൽ സർവധർമ സമഭാവനയോടെ പ്രകടമായ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തെ ഗാന്ധി മതനിഷ്ഠമാക്കാനാണ് താൽപര്യപ്പെട്ടത്.
ഗാന്ധിയുമായി അടുപ്പമുള്ള യാഥാസ്ഥിതികരായ സവർണർ, വൈക്കം സത്യഗ്രഹം അവസാനിപ്പിച്ചാൽ പരസ്പരധാരണയിലൂടെ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനിപ്പുറത്തുള്ള പൊതുനിരത്തിലൂടെ അവർണജനതക്ക് സഞ്ചാരസ്വാതന്ത്യ്രം നൽകാമെന്ന് ഗാന്ധിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഗാന്ധി അവരെ പൂർണമായും വിശ്വസിച്ചിരുന്നില്ലെങ്കിലും സത്യഗ്രഹം താൽക്കാലികമായി നിർത്തിവെച്ച് ചർച്ചയിലൂടെ പരിഹരിക്കാൻ കെ.പി. കേശവമേനോന് നിർദേശം നൽകിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒത്തുതീർപ്പ് സമീപനം ഗാന്ധിയൻ പ്രവർത്തനരീതിയുടെ ഭാഗമാണ്. വൈക്കം സത്യഗ്രഹത്തിൽ ജോർജ് ജോസഫ് നേതൃപരമായ പങ്കുവഹിക്കുന്നതിനോട് ഗാന്ധി എതിരായിരുന്നു. ‘ഹിന്ദു’ പ്രശ്നത്തിൽ ഇതരമതസ്ഥർ ഇടപെടേണ്ടതില്ല എന്ന നിലപാടാണ് ഗാന്ധി സ്വീകരിച്ചത്. ജോർജ് ജോസഫിന് ഗാന്ധി എഴുതിയ കത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: ‘‘വൈക്കത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കളെ അവരുടെ ജോലിചെയ്യാൻ നിങ്ങൾ അനുവദിക്കണമെന്ന് ഞാൻ കരുതുന്നു. അവരാണ് സ്വയം ശുദ്ധീകരിക്കേണ്ടത്. നിങ്ങളുടെ സഹതാപവും പേനയും ഉപയോഗിച്ച് പിന്തുണ നൽകുക. ക്ഷേത്രപ്രവേശന പ്രസ്ഥാനം സംഘടിപ്പിക്കുകയും സത്യഗ്രഹം അർപ്പിക്കുകയും വേണ്ട. നാഗ്പൂരിലെ കോൺഗ്രസ് പ്രമേയം നിങ്ങൾ ഓർക്കുന്നെങ്കിൽ, തൊട്ടുകൂടായ്മയുടെ ശാപം നീക്കാൻ അത് ഹിന്ദു അംഗങ്ങളോടാണ് ആവശ്യപ്പെടുന്നത്.’’ ക്ഷേത്രപ്രവേശനം ഹിന്ദുക്കളുടെ ആഭ്യന്തര കാര്യമാണെന്നാണ് ഗാന്ധി തന്റെ ധാർമികതയുടെയും സത്യത്തിന്റെയും അടിസ്ഥാനത്തിലുള്ള യുക്തി പരിശോധന മാനദണ്ഡമനുസരിച്ച് വ്യക്തമാക്കുന്നത്. ക്ഷേത്രപ്രവേശന സമരത്തിൽ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പിന്തുണ ആവശ്യമല്ലേ എന്നാരാഞ്ഞ് ഗാന്ധിയുടെ സുഹൃത്ത് പ്രഫ. അബ്ദുർറഹീം ഗാന്ധിക്ക് എഴുതിയ കത്തിനു മറുപടിയായി ഗാന്ധി പറഞ്ഞത്: ‘‘മതപരമായ സ്വാഭാവിക വേർതിരിവുകളുടെ അതിർത്തിരേഖകൾ കൃത്യമായിത്തന്നെ വരക്കേണ്ടതുണ്ട്... എന്നെ സംബന്ധിച്ചിടത്തോളം ഇത് (ക്ഷേത്രപ്രവേശനം എന്നത്) തികച്ചും മതപരവും ധാർമികവുമായ ചോദ്യമാണ്.’’
അയിത്തത്തിനെതിരെയുള്ള സമരമായിരുന്നുവല്ലോ ക്ഷേത്രപ്രവേശനം. അവർണ ജനതയെ ഹിന്ദു വിശ്വാസസമൂഹത്തിലേക്കു കണ്ണിചേർക്കപ്പെടാൻ വേണ്ടിയുള്ളതായിരുന്നില്ല. സാമൂഹികാവകാശ സംരക്ഷണമായിരുന്നു അതിന്റെ മുഖ്യവശം. മതനവീകരണം എന്ന വശത്തിനാണ് ഗാന്ധി ഊന്നൽനൽകിയത്. അതുകൊണ്ടാണ് സത്യഗ്രഹ സമരരൂപത്തിനു പകരം പരസ്പര ധാരണയിലൂടെയുള്ള ക്ഷേത്രപ്രവേശനത്തിനു പ്രാധാന്യം നൽകിയത്. അയിത്തത്തിന് ഇരകളായവരുടെ ഒപ്പമാണ് ഗാന്ധി എന്നിരിക്കെതന്നെ ഇതരമതസ്ഥരുടെ സാന്നിധ്യം ജാതി ഹിന്ദുക്കൾക്ക് മതനവീകരണത്തെ തുരങ്കംവെക്കാനുള്ള അവസരമാകുമോ എന്ന ഗാന്ധിയുടെ ആശങ്കയാകണം നീക്കുപോക്കുകളിലൂടെ ക്ഷേത്രപ്രവേശനത്തിനുള്ള പരിഹാരം കാണാൻ ഗാന്ധിയെ പ്രേരിപ്പിച്ചത്. ഉപരിജാതിക്കാരുടെ മനഃപരിവർത്തനത്തിലൂടെ നവീകരണം സാധ്യമാക്കാമെന്നതിനായിരുന്നു ഗാന്ധി മുൻഗണന നൽകിയിരുന്നത്. അധികാര ബന്ധങ്ങളിൽ തീർത്തും നിസ്സഹായരായിരിക്കുന്നവർ അവരെ നിസ്സഹായമാക്കുന്ന ജാതിബന്ധനത്തിൽനിന്ന് മോചിതമാകേണ്ടത് ഉപരിജാതിക്കാരുടെ മനഃപരിവർത്തനത്തിലൂടെയാണ് എന്ന സമീപനത്തിലും ഗാന്ധിയുടെ പൊരുത്തക്കേട് പ്രകടമാണ്. ഒരുഭാഗത്ത് യാഥാസ്ഥിതിക ഹിന്ദുവായും സനാതന ധർമത്തിന്റെ വക്താവായും അതേസമയംതന്നെ പരിഷ്കർത്താവാകേണ്ടിവരുകയും ചെയ്യുക എന്നത് മഹാത്മാവായി അവരോധിക്കപ്പെട്ടതോടെ ഗാന്ധി അഭിമുഖീകരിച്ച ധർമസങ്കടമാണ്. പക്ഷപാതരഹിതമാണ് തന്റെ നയങ്ങൾ എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തേണ്ട ധാർമിക ഉത്തരവാദിത്തവും മറ്റേതു ദേശീയനേതാക്കളെക്കാളും ഗാന്ധിയുടെ ചുമതലയായി. ഇതിനെ മറികടക്കാനാകാത്തതിനാൽ പരീക്ഷണത്തിനു വിധേയമാക്കുക എന്നൊരു പോംവഴിയാണ് ഗാന്ധി സ്വീകരിച്ചിരുന്നത്.
നാല്
ഡി.ആർ. നാഗരാജ് ആത്മശുദ്ധീകരണവും സ്വാഭിമാനവും തമ്മിലുള്ള വേർതിരിവ് വ്യക്തമാക്കുന്ന ലേഖനത്തിൽ ആദ്യമേ സൂചിപ്പിക്കുന്ന ഒരുകാര്യം തൊട്ടുകൂടായ്മ ഗാന്ധിജിയുടെ പ്രധാന ആശങ്കകളിൽ ഒന്നായിരുന്നു എന്നാണ്. 18ഉം 19ഉം നൂറ്റാണ്ടുകളിൽ അദ്ദേഹത്തിനുമുമ്പ് അനേകം യോഗികളും പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നുവെങ്കിലും, തൊട്ടുകൂടായ്മയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണായക ചോദ്യങ്ങളിലൊന്നാക്കിയത് ബാപ്പുവാണെന്ന് ചരിത്രത്തിന്റെ സത്യസന്ധമായ വിലയിരുത്തലിൽ സമ്മതിക്കേണ്ടതാണ് എന്നാണ് ഡി.ആർ. നാഗരാജ് നിരീക്ഷിക്കുന്നത്. അയിത്തത്തിനെതിരെയുള്ള സമരം ഗാന്ധി തന്റെ മറ്റ് സത്യാന്വേഷണ പരീക്ഷകൾക്ക് സമാനമായി ആത്മനിഷ്ഠമായ അനുഭവമാക്കി. ഉപരി ജാതികളിൽ കുറ്റബോധം സൃഷ്ടിച്ച് മനഃപരിവർത്തനം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ പ്രയോഗരീതികൾ. മതനവീകരണത്തിന് മുൻഗണന നൽകിയ ഈ ആത്മനിഷ്ഠപ്രധാനമായ പ്രയോഗത്തിൽ ആത്മശുദ്ധീകരണത്തിന്റെ സാമൂഹിക അനുഭവമെന്തായിരുന്നുവെന്ന് ഡി.ആർ. നാഗരാജ് വിവരിക്കുന്നുണ്ട്. ജാതിമേധാവികളായ ഹിന്ദുക്കൾക്ക് ധാർമിക ഉത്തരവാദിത്തമേൽപിച്ചുകൊണ്ട് ആത്മശുദ്ധീകരണത്തിന്റെ പാതയാണ് അയിത്തോച്ചാടനത്തിനായുള്ള ഗാന്ധി മാർഗം. അതിന്റെ കൂടെ ‘ഹരിജനോ’ദ്ധാരണവും. ജാതി മേധാവികളായ ഹിന്ദുക്കളുടെ മനഃപരിവർത്തനത്തിനു വേണ്ടിയാണ് ‘ഹരിജനം’ എന്ന നാമകരണവും ഗാന്ധി നൽകിയത്. ഈ ആത്മശുദ്ധീകരണത്തിന്റെ പാത ഉപരിജാതി ജനവിഭാഗത്തിന് പുരോഗമനാത്മകതയുടെ പ്രഭാവലയം നൽകുകയാണുണ്ടായത്. ഈ പ്രഭാവലയത്തിൽ വിനീതരും വിസ്മിതരുമായ ‘ഹരിജനം’ ഗാന്ധിയിലേക്കും കോൺഗ്രസിലേക്കും ആകർഷിക്കപ്പെട്ടു. സ്വയം ശുദ്ധീകരണത്തിന്റെ ലക്ഷ്യം സ്വീകരിച്ച സവർണർ മഹത്ത്വാകാംക്ഷികളായി. കുറ്റബോധത്തിൽ അകപ്പെട്ട ജാതി മേധാവികളായ ഹിന്ദു ജനവിഭാഗത്തിന് അവരുടെ സ്വയം ശുദ്ധീകരണത്തിന്റെ പൂർത്തീകരണത്തിന് കീഴാള ജനതയെ ആവശ്യമായിരുന്നു. ഡി.ആർ. നാഗരാജ് വ്യക്തമായും പറയുന്നതുപോലെ, ആത്മശുദ്ധീകരണത്തിന്റെ പുണ്യപാത സ്വീകരിച്ച ജാതിമേധാവികളിൽ ഔന്നത്യം അവരോധിക്കപ്പെടുന്നതോടെ ‘ഹരിജന’വ്യക്തിത്വം ഇതിനു മുന്നിൽ കുളമാക്കപ്പെട്ടു.
ഗാന്ധിയുടെ സനാതന ധർമ പരീക്ഷണങ്ങൾ ഈവിധമുള്ള സാമൂഹിക വൈരുധ്യങ്ങളെ അഭിമുഖീകരിച്ചു. ഗാന്ധിയുടെ സനാതന ധർമ പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഭഗവദ് ഗീതയെ അനാസക്തി യോഗമായി (selfless action) വ്യാഖ്യാനിച്ചത്. ഗീത വിശുദ്ധഗ്രന്ഥം പോലെതന്നെ ദേശീയതയുടെ പ്രധാന പാഠഗ്രന്ഥവുമാണ് (Nationalist text). വിശദമായി പ്രതിപാദിക്കേണ്ട വിഷയമാണ്. പലരും നടത്തിയ അന്വേഷണങ്ങളും പഠനങ്ങളുമുണ്ട്. ഇവിടെ അതിലേക്ക് പോകുന്നില്ല. ഗാന്ധിയുടെ ആത്മശുദ്ധീകരണ വ്യവഹാരം ഇന്നും പ്രമാദമായിത്തന്നെ തുടരുന്നുണ്ട്. അതുകൊണ്ടാണ് അയിത്തം ആചരിക്കപ്പെടുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ആദ്യ പ്രതികരണം ജാതിമേധാവിത്വത്തെ അഭിസംബോധനചെയ്തുകൊണ്ട് അവരെ മാറ്റത്തിനു പ്രേരിപ്പിക്കുന്നതാകുന്നത്. ഗാന്ധിജിയുടെ സനാതന ധർമ പരീക്ഷണത്തിന്റെ അനന്തരഫലമെന്തായിരുന്നു? ആധുനിക ദേശീയതയുടെ രാഷ്ട്രീയ സമൂഹത്തിന് ഉതകുംവിധമുള്ള ഹിന്ദുമത സമൂഹത്തിന്റെ രൂപവത്കരണമായിരുന്നു അത്. എന്നാൽ, ഇത് സനാതനധർമാനുസൃതമായ മതവുമല്ല. ഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കപ്പെടാം. എന്നാൽ, അതിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദേശീയതയുടെ സന്ദർഭംതന്നെ ഇതിനു ഉദാഹരണം. ഒരുപക്ഷേ, ഇന്നും ദേശീയ മുഖ്യധാരയിൽ ഈ സമരം തുടരുകയാണ്.
ഗാന്ധി അയിത്തം എന്ന സാമൂഹിക അനാചാരത്തെ മതപരമായ പ്രശ്നമായി കണ്ട് വ്യവഹാരങ്ങളിലൂടെ രൂപപ്പെടുത്തപ്പെട്ട ഹിന്ദു മതത്തിന്റെയകത്തുനിന്നുകൊണ്ട് പരിഹരിക്കാനാണ് ശ്രമിച്ചത്. ജാതിയും അയിത്തവും സാമൂഹിക പ്രശ്നമായി കാണാതിരിക്കുന്നത് അർധ സത്യാത്മകമായ സമീപനമായി അനുമാനിക്കാം. അതേസമയം, മതപരമായ പ്രശ്നം എന്നനിലയിൽ സനാതന ധർമത്തെ പരിഷ്കരിക്കാനാണ് ഗാന്ധി മുൻകൈയെടുത്തത്. മതപരമായ ശരിയും തെറ്റുമേതെന്ന് നിശ്ചയിക്കാനുള്ള ഒരു മതാധികാര കേന്ദ്രത്തെയും ഗാന്ധി അംഗീകരിച്ചിരുന്നില്ല. മനഃസാക്ഷി മാത്രമാണ് അടിസ്ഥാനം. ആത്മനിഷ്ഠമാണ് ധാർമികതയുടെ ഉറവിടം. ഇതിനാൽ, ഗാന്ധി യാഥാസ്ഥിതികമായ പൗരോഹിത്യത്തെയും യാഥാസ്ഥിതിക പ്രയോഗങ്ങളെയും നിരാകരിച്ചിരുന്നു. സത്യത്തെയും അഹിംസയെയും ആധാരമാക്കിയാണ് ഈ തിരസ്കാരം. ഹിന്ദുവിശ്വാസത്തെ നിർവചിക്കാൻ തന്നോട് ആവശ്യപ്പെട്ടാൽ അഹിംസാത്മകമായ മാർഗങ്ങളിലൂടെയുള്ള സത്യത്തിനായുള്ള അന്വേഷണമായി അതിനെ നിർവചിക്കുമെന്ന് ഗാന്ധി പറയുന്നുണ്ട്. ഹിന്ദുമതത്തെയും ജാതിയെയും കുറിച്ചുള്ള ഗാന്ധിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കാൻ കഴിയുന്ന നിരവധി വിരുദ്ധ കാഴ്ചപ്പാടുകൾ അഥവാ പൊരുത്തക്കേടുകൾ ഗാന്ധിയുടെ രചനകളിലും അഭിമുഖങ്ങളിലും വായിക്കാം. അയിത്ത വിരുദ്ധത സനാതന ധർമത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനു ഗാന്ധി നൽകുന്ന ഉത്തരം: അയിത്തം ഇല്ലാതാക്കുന്നതോടെ വർണാശ്രമം തകർന്നാൽ (going to the dogs എന്നാണ് ഗാന്ധി ഉപയോഗിച്ച പ്രയോഗം) താനൊരിറ്റ് കണ്ണുനീർപോലും പൊഴിക്കില്ല എന്നാണ്.
ഗാന്ധി മറ്റൊരിടത്ത് ഇങ്ങനെയും പറയുന്നു: ‘‘തൊട്ടുകൂടായ്മ നീക്കാൻ ഞാൻ വൈക്കത്തു പോയെങ്കിലും വർണധർമം സംരക്ഷിക്കാൻ ഞാൻ എവിടെയും പോയിട്ടില്ല. സ്വരാജിന്റെ മൂന്ന് സ്തംഭങ്ങളായ ഖാദിയുടെ പ്രചാരണവും ഹിന്ദു-മുസ്ലിം ഐക്യവും അസ്പൃശ്യത നീക്കംചെയ്യുന്നതിനുള്ള ആഹ്വാനവും നൽകുന്ന കോൺഗ്രസ് പ്രമേയത്തിന്റെ രചയിതാവാണ് ഞാൻ. പക്ഷേ, വർണാശ്രമ ധർമം നാലാം തൂണായി ഞാനൊരിക്കലും സ്ഥാപിച്ചിട്ടില്ല. അതിനാൽ, വർണാശ്രമ ധർമത്തിൽ തെറ്റായ ഊന്നൽ നൽകുന്നതായി നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്താനാവില്ല.’’ ഗാന്ധിയുടെ സമാഹൃത കൃതികളിലെ വാല്യം മുപ്പത്തിയഞ്ചിലെ ‘വർണത്തിന്റെ നിയമം’ എന്ന അഭിമുഖത്തിൽനിന്നാണിത്. ഇതേ അഭിമുഖത്തിൽ വർണവ്യവസ്ഥയെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളുമുണ്ട്. ഗാന്ധിജിയും ഈ പൊരുത്തക്കേടുകളെ അഭിമുഖീകരിച്ചിട്ടുണ്ടാകണം. പക്ഷേ, വർണാശ്രമത്തെ മറികടക്കാതെതന്നെ സത്യം, അഹിംസ എന്നീ മാനദണ്ഡങ്ങളെ മുൻനിർത്തി ഇതിനെ നേരിടുകയായിരുന്നു ഗാന്ധിയുടെ പരീക്ഷണ സമീപനം അല്ലെങ്കിൽ തന്ത്രം. ജീവിച്ചിരുന്ന ഗാന്ധിയെ ഈ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വിമർശിക്കപ്പെട്ടിട്ടുണ്ട്. ജീവിക്കുന്ന ഗാന്ധിയോടും വിമർശനപരമായി സംവാദം സാധ്യമാണ്. എന്നാൽ, ഹിന്ദു വർഗീയവാദിയാൽ കൊലചെയ്യപ്പെട്ടതിനുശേഷം രാഷ്ട്രപിതാവായി ദേശ-രാഷ്ട്രം സ്ഥാപനവത്കരിച്ച ഗാന്ധി വിമർശനാതീതനാണ്. ഗാന്ധി വിമർശനം നിന്ദയായാണ് ഗണിക്കപ്പെടുക.
(അവസാനിച്ചു)