ജനകീയ സമരങ്ങളിലെ ജനവും രാഷ്ട്രീയവും
''ഈ പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും തയാറാകേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയങ്ങൾ ചർച്ചചെയ്യാൻപോലും രാഷ്ട്രീയ സമൂഹവും സിവിൽ സമൂഹവും ഇല്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക'' എന്ന് സാമൂഹിക പ്രവർത്തകനും ജനകീയ സമരങ്ങളുടെ ചരിത്രകാരനുമായ ലേഖകൻ വാദിക്കുന്നു.
ആഗോളതലത്തിൽതന്നെ സിവിൽ സമൂഹത്തെ കുറിച്ച ചർച്ചകൾ ഏറെ കാലമായി സജീവമായി നടക്കുന്നുണ്ട്. തീർച്ചയായും കേരളത്തിലും ഇത് ചർച്ചാവിഷയമാണെങ്കിലും അർഹിക്കുന്ന ഗൗരവം നമ്മൾ നൽകുന്നുണ്ടോ എന്നത് സംശയമാണ്. അതിനുള്ള കാരണം വ്യക്തമാണ്. അടിമുടി ഒരു രാഷ്ട്രീയസമൂഹമാണ് നമ്മുടേത്. രാഷ്ട്രീയസമൂഹം എന്നാൽ മോശപ്പെട്ട ഒന്നല്ല. എന്നാൽ, കേരളം കൃത്യമായി പറഞ്ഞാൽ കക്ഷിരാഷ്ട്രീയ സമൂഹമായാണ് മാറിയിരിക്കുന്നത്. ഏതു വിഷയത്തിലും സ്വന്തമായാരു...
Your Subscription Supports Independent Journalism
View Plansആഗോളതലത്തിൽതന്നെ സിവിൽ സമൂഹത്തെ കുറിച്ച ചർച്ചകൾ ഏറെ കാലമായി സജീവമായി നടക്കുന്നുണ്ട്. തീർച്ചയായും കേരളത്തിലും ഇത് ചർച്ചാവിഷയമാണെങ്കിലും അർഹിക്കുന്ന ഗൗരവം നമ്മൾ നൽകുന്നുണ്ടോ എന്നത് സംശയമാണ്. അതിനുള്ള കാരണം വ്യക്തമാണ്. അടിമുടി ഒരു രാഷ്ട്രീയസമൂഹമാണ് നമ്മുടേത്. രാഷ്ട്രീയസമൂഹം എന്നാൽ മോശപ്പെട്ട ഒന്നല്ല. എന്നാൽ, കേരളം കൃത്യമായി പറഞ്ഞാൽ കക്ഷിരാഷ്ട്രീയ സമൂഹമായാണ് മാറിയിരിക്കുന്നത്. ഏതു വിഷയത്തിലും സ്വന്തമായാരു നിലപാടില്ലാതെ, കക്ഷിരാഷ്ട്രീയതാൽപര്യത്തിലും നേതാക്കൾ പറയുന്നതിനനുസരിച്ചും സംസാരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് വലിയൊരു വിഭാഗം ജനം. മാത്രമല്ല, എന്തുകൊണ്ടാണ് പ്രസ്തുത പാർട്ടികളിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നു ചോദിച്ചാൽ ബഹുഭൂരിപക്ഷത്തിന്റെയും മറുപടി വ്യക്തിപരമായ നേട്ടങ്ങളായിരിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽദായകർപോലും പാർട്ടികളാണല്ലോ. തൊഴിലും വായ്പകളും സ്ഥാനങ്ങളും മറ്റും മറ്റുമാണ് ബഹുഭൂരിഭാഗത്തെയും ഈ പാർട്ടികളിൽ പിടിച്ചുനിർത്തുന്നത്. എന്നാലും രാഷ്ട്രീയ പ്രബുദ്ധ സംസ്ഥാനമാണ് നമ്മുടേത് എന്നാണ് വെപ്പ്. ഈ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രബുദ്ധതയാണ് പ്രധാനമായും സിവിൽ സമൂഹത്തെ അനാരോഗ്യകരമായ രീതിയിൽ വിഘടിപ്പിക്കുന്നതെന്നതാണ് വസ്തുത.
അന്ധവിശ്വാസത്തിനു സമാനമായ രീതിയിലാണ് പലരും പാർട്ടികളിൽ വിശ്വസിക്കുന്നത്. മരണംവരെ പാർട്ടി മാറാത്തവരാണ് മിക്കവരും. മാറുന്നവർ കൊലചെയ്യപ്പെടുന്ന സംഭവങ്ങളും നിരവധി. കഴിഞ്ഞദിവസം ഏറെ ആഘോഷിക്കപ്പെട്ട, ഒരു പിതാവ് എഴുതിവെച്ച ഒസ്യത്ത് ഇങ്ങനെ. ''അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാർട്ടി ഓഫിസിൽനിന്നും ആരെങ്കിലും പതാകയായി വന്നാൽ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വെക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സൂക്ഷിച്ചുവെക്കണം... നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെനേരം നിൽക്കുക. അതിൽ അച്ഛനുണ്ട്. ലോകജനതയുടെ പ്രതീക്ഷകളുണ്ട്... അവ നിങ്ങളെ കാക്കും. പാർട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്... അഥവാ ഉണ്ടായാൽ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്... നിശ്ശബ്ദമായിരിക്കുക. ഒരിക്കൽ നമ്മുടെ പാർട്ടി അതിജീവിക്കും...'' ഇത്തരമൊരു പ്രദേശത്ത് ശക്തമായ ഒരു സിവിൽ സമൂഹം രൂപപ്പെടുക എളുപ്പമല്ലല്ലോ.
ഒരു സിവിൽ സമൂഹത്തിന്റെ നിലവാരം മനസ്സിലാക്കാൻ ഏറ്റവും എളുപ്പമായ മാർഗം അവിടെ നടക്കുന്ന ജനകീയ സമരങ്ങളാണ്. 'കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം' എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ഈ ലേഖകൻ നിരവധി സമരങ്ങളിലൂടെ കടന്നുപോകാനിടയായി. ജനകീയ സമരങ്ങൾ എന്നു വിശേഷിപ്പിക്കാവുന്നവയാണോ ഭൂരിഭാഗം സമരങ്ങളും എന്ന സംശയമാണ് അതോടെ ശക്തമായത്. മിക്കവാറും സമരങ്ങളിൽ ജനപങ്കാളിത്തം വളരെ കുറവാണ്. തിരുവനന്തപുരം വിളപ്പിൽശാലയിൽ നടന്നപോലെ അപൂർവം സമരങ്ങളിലാണ് വൻതോതിൽ ജനപങ്കാളിത്തം കണ്ടത്. പല സമരങ്ങളും വിജയിച്ചുവെന്നത് ശരിയാണ്. എന്നാലത് വൻതോതിലുള്ള ജനകീയ പങ്കാളിത്തംകൊണ്ടല്ല. മറ്റുപല സംസ്ഥാനങ്ങളിലും നടക്കുന്ന സമരങ്ങളിലെ ജനകീയ പങ്കാളിത്തം നമുക്ക് സ്വപ്നം മാത്രമാണ്. പലപ്പോഴും മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യവും കോടതികളുടെ ഇടപെടലുകളും പലരീതിയിലും ഭരണകൂടത്തിൽ സമ്മർദം ചെലുത്തലുമൊക്കെയാണ് പല സമരങ്ങളെയും വിജയത്തിലെത്തിക്കുന്നത്. പലപ്പോഴും ഒരു ഘട്ടം കഴിയുമ്പോൾ രാഷ്ട്രീയ സംഘടനകളും സമരങ്ങളോട് ഐക്യപ്പെടുന്ന സാഹചര്യവുമുണ്ട്. പ്ലാച്ചിമട സമരം ഉദാഹരണം. മറിച്ച് തുടക്കത്തിൽ സമരങ്ങളിൽ സഹകരിക്കുകയും എന്നാൽ, പാർട്ടികളുടെ നയത്തിന്റെയും നേതൃത്വത്തിന്റെ സമ്മർദത്തിന്റെയും ഫലമായി പിന്മാറുകയും ചെയ്യുന്ന സമരങ്ങളും നിരവധി. ഒരുദാഹരണം ടോൾവിരുദ്ധ സമരം.
ജനകീയ സമരങ്ങളെ കുറിച്ച് പറയുമ്പോൾ മിക്കവാറും പേർ ആദ്യം പരാമർശിക്കുന്ന സൈലന്റ് വാലി സമരംതന്നെ വിജയിച്ചത് എങ്ങനെയായിരുന്നു? അതിശക്തമായ ജനകീയപോരാട്ടമൊന്നുമായിരുന്നില്ല സമരത്തെ വിജയിപ്പിച്ചത്. സമൂഹമാധ്യമങ്ങളൊന്നും ഇല്ലാത്ത കാലമായിട്ടും മാധ്യമങ്ങളിലൂടെയുള്ള ശക്തമായ പ്രചാരണവും ശാസ്ത്ര സാങ്കേതിക മേഖലകളിലെയും എഴുത്തുകാരിലെയും പലരും ഇടപെട്ടതും അങ്ങനെ വിഷയം ലോകശ്രദ്ധയിൽ എത്തിയതും മറ്റുമാണ് അതിനു കാരണമായത്. അങ്ങനെയാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി പ്രശ്നത്തിലിടപെട്ടത്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും മിക്കവാറും ജനകീയസമരങ്ങളെ എതിർക്കുന്ന സി.പി.എമ്മും സി.ഐ.ടി.യുവും പോലുള്ള സംഘടനകൾ ശക്തമായി എതിർത്തിട്ടും സൈലന്റ് വാലി സമരം വിജയിച്ചതെങ്ങനെയാണ്. പിന്നീട് നടന്ന പല സമരങ്ങളും വിജയിച്ചതും ഇതുപോലെതന്നെ. സൈലന്റ് വാലി പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പിൽക്കാലത്ത് പല പരിസ്ഥിതി വിഷയങ്ങളോടുമെടുത്ത നിലപാടുകളും മറുവശത്ത് ജനകീയസമരങ്ങളെ എന്നും എതിർക്കുന്ന സി.പി.എം നിലപാടും നമ്മുടെ സിവിൽ-രാഷ്ട്രീയ സമൂഹങ്ങൾ നേരിടുന്ന ജീർണതക്ക് ഉദാഹരണങ്ങളാണ്.
ഓരോ പദ്ധതി വരുമ്പോഴും അതു പ്രതികൂലമായി ബാധിക്കുന്നവർ രംഗത്തിറങ്ങുകയും ശക്തമായ സമരം നയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പൊതുവിൽ കേരളത്തിൽ കാണുന്നത്. പലപ്പോഴും പദ്ധതികളുടെ വക്താക്കളായ പാർട്ടി നേതൃത്വങ്ങളെ ധിക്കരിച്ചും പലരും ഈ പോരാട്ടങ്ങളോട് ഐക്യപ്പെടുന്നു. ഗെയ്ൽ, സിൽവർ ലൈൻ, ദേശീയപാത പദ്ധതിക്കെതിരായ പോരാട്ടങ്ങൾ എന്നിവ സമീപകാല ഉദാഹരണങ്ങൾ. സംസ്ഥാനത്ത് എവിടെ സമരമുയർന്നു വന്നാലും ഓടിെയത്തുന്ന വ്യക്തികളും ചില ചെറിയ സംഘടനകളുടെ പ്രവർത്തകരുമാണ് മറ്റൊന്ന്. ഇവർ പ്രതിനിധാനംചെയ്യുന്നത് സിവിൽ സമൂഹത്തെതന്നെയാണ്. സമരത്തിനാസ്പദമായ മിക്ക വിഷയങ്ങളും അവരെ നേരിട്ടു ബാധിക്കുന്നതേയല്ല. പാലിയേക്കര ടോൾ പ്ലാസക്കെതിരെ നടന്ന സമരത്തിൽനിന്നു പ്രമുഖ പ്രസ്ഥാനങ്ങളെല്ലാം പിന്മാറിയിട്ടും മാസങ്ങളോളം സമരം തുടർന്നിരുന്നല്ലോ. അനിശ്ചിതകാലം നിരാഹാരമനുഷ്ഠിച്ചവരിൽ മിക്കവർക്കും ഒരു വാഹനംപോലുമില്ലായിരുന്നു. ഈ ചെറിയ വിഭാഗമാണ് എല്ലാ ജനകീയ സമരങ്ങളിലും ഓടിയെത്തുന്നത്. എന്നാൽ അവരുടെ എണ്ണം കുറഞ്ഞുവരുന്നു, ഉള്ളവരിൽതന്നെ മിക്കവരും മധ്യവയസ്സിലും വാർധക്യത്തിലും എത്തി എന്നതാണ് വസ്തുത. ദലിത്, ലിംഗനീതി പോലുള്ള വിഷയങ്ങളിൽ സൈബർ മേഖലയിൽ പുതുതലമുറയുടെ വളരെ സജീവമായ ഇടപെടലുകൾ നടക്കുന്നുണ്ട് എന്നതു ശരിയാണ്. ഏറെ വിവാദമായ, കറന്റ് ബുക്സിന്റെ പുസ്തകപ്രകാശനത്തിലെ ലിംഗവിവേചനത്തിനെതിരായ സമരം വിജയിച്ചത് ഒറ്റരാത്രിയിലെ സജീവമായ ഇടപെടലുകളിലൂടെയായിരുന്നല്ലോ. അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. പക്ഷേ, അവയും വലിയ രീതിയിലൊന്നും വികസിച്ചു എന്നു പറയാനാവില്ല. മാത്രമല്ല, ഇത്തരത്തിൽ ഇടപെടുന്നവർക്കെതിരെ വൻതോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. സ്വന്തം കുഞ്ഞിനായുള്ള അനുപമയുടെ പോരാട്ടത്തിലും മറ്റും അതു നമ്മൾ കണ്ടതാണ്. പരിസ്ഥിതി രംഗത്തു പ്രവർത്തിക്കുന്നവർക്കെതിെരയും കടുത്ത ആക്രമണമാണ് നടക്കുന്നത്. ഒപ്പം പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി പറയുന്ന ഒരു വിഭാഗവും സിവിൽ സമൂഹത്തിനകത്തുനിന്നുതന്നെ ഉയർന്നു വന്നിട്ടുള്ളതും കാണാതിരുന്നു കൂടാ.
ഏതെങ്കിലും രീതിയിൽ അധികാര പ്രക്രിയയിൽ പങ്കാളികളായവരെ രാഷ്ട്രീയസമൂഹമായും അതിനു പുറത്തുള്ളവരെ സിവിൽ സമൂഹമായുമാണല്ലോ പൊതുവിൽ കാണുന്നത്. കൂടുതൽ സൈദ്ധാന്തികമായ നിർവചനങ്ങളിലേക്കും സംവാദങ്ങളിലേക്കും ഇവിടെ കടക്കുന്നില്ല. തീർച്ചയായും ഇതു രണ്ടും വെള്ളം കയറാത്ത അറകളല്ല. സിവിൽ സമൂഹത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത രാഷ്ട്രീയ സമൂഹവും രാഷ്ട്രീയ സമൂഹത്തിന്റെ പ്രാധാന്യം തിരിച്ചറിയാത്ത സിവിൽ സമൂഹവും ജനാധിപത്യത്തിൽ ഗുണകരമാകില്ല. രാഷ്ട്രീയ സമൂഹത്തെ തെരഞ്ഞെടുക്കുന്നത് സിവിൽ സമൂഹമാണ്. അതിനാൽ തന്നെ രാഷ്ട്രീയ സമൂഹത്തിന് ആദ്യപ്രതിബദ്ധത വേണ്ടത് സിവിൽ സമൂഹത്തോടാണ്. എന്നാലതു പലപ്പോഴും ഉണ്ടാകുന്നില്ല. കാരണം എണ്ണംകൊണ്ട് രാഷ്ട്രീയസമൂഹത്തെക്കാൾ വലുതാണ് സിവിൽ സമൂഹമെങ്കിലും അത് സംഘടിതമല്ല. രണ്ടു തെരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയസമൂഹത്തിനുമേൽ സിവിൽ സമൂഹത്തിന് കാര്യമായ നിയന്ത്രണമൊന്നുമില്ല. അതിനാൽ, സിവിൽ സമൂഹം അർഹിക്കുന്ന പ്രാധാന്യം രാഷ്ട്രീയ സമൂഹം അതിനു നൽകുന്നില്ല. മറുവശത്ത് നമ്മുടെ സിവിൽ സമൂഹമാകട്ടെ പക്വതയാർജിച്ചതല്ല. രാഷ്ട്രീയസമൂഹത്തെ മുഖത്തോടുമുഖം നിന്നു ചോദ്യംചെയ്യാൻ തുടക്കം പറഞ്ഞ കാരണങ്ങളാൽ അവർക്കാവുന്നില്ല. ശരിയെന്നു വിശ്വസിക്കുന്ന വിഷയങ്ങളിൽപോലും നേതാക്കൾ പറയുന്നതുകേട്ടു വ്യത്യസ്തമായ നിലപാടെടുക്കാൻ അവരിൽ മിക്കവരും തയാറാകുന്നതിനു കാരണം മറ്റൊന്നല്ല. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഇടതുപക്ഷം തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ.
സൈലന്റ് വാലി മുതൽ ഇപ്പോൾ സജീവമായ വിഴിഞ്ഞം വരെയുള്ള ജനകീയ സമരങ്ങളോട് നിഷേധാത്മകമായ നിലപാടാണ് സംസ്ഥാനത്തെ രാഷ്ട്രീയസമൂഹം പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്. പല സമരങ്ങൾക്കുമെതിരെ ശക്തമായിത്തന്നെ അവർ രംഗത്തുവന്നിട്ടുമുണ്ട്. മുത്തങ്ങയിൽ കുടിൽകെട്ടി സമരംചെയ്ത ആദിവാസികളെ കുടിയിറക്കാൻ ആവശ്യപ്പെട്ട് സർവകക്ഷി ഹർത്താൽ, ചെങ്ങറ സമരക്കാർക്കെതിരായ ഉപരോധം എന്നിവയൊക്കെ ഉദാഹരണങ്ങൾ. ഇപ്പോഴിതാ വിഴിഞ്ഞം സമരത്തിനെതിരെയും ബദൽസമരം ആരംഭിച്ചിട്ടുണ്ട്്. സമരങ്ങൾക്കു പിറകിൽ സാമ്രാജ്യത്വവും വിദേശസഹായുമാണെന്ന് ആദ്യകാലത്തും മാവോവാദികളും മുസ്ലിം തീവ്രവാദികളുമാണെന്ന് സമീപ കാലത്തും ഉയർത്തുന്ന അധിക്ഷേപങ്ങൾ വേറെ. ആലപ്പുഴയിലെ കരിമണൽ വിരുദ്ധസമരവും കോഴിക്കോട് ആവിക്കലിലെ മാലിന്യവിരുദ്ധ സമരവും അവസാനത്തെ ഉദാഹരണങ്ങൾ. പല സമരങ്ങളെയും എതിർത്തിട്ടും ഫലമില്ലെന്നു ബോധ്യപ്പെട്ട് ഐക്യപ്പെട്ട സംഭവങ്ങളും നിരവധി. പ്ലാച്ചിമടയും ലാലൂരുമൊക്കെ ഉദാഹരണങ്ങൾ. പതിറ്റാണ്ടുകളായി നടക്കുന്ന എൻഡോസൾഫാൻ സമരത്തിൽ ഇരകൾക്ക് അനുകൂലമായ സുപ്രീംകോടതി വിധി നേടിയെടുത്തത് ഡി.വൈ.എഫ്.ഐ ആയിരുന്നു എന്നതും ഓർക്കാം. സിവിൽ സമൂഹത്തിലുയരുന്ന ആശയങ്ങളെ ആദ്യം എതിർക്കുകയും എന്നാൽ എതിർപ്പുകൊണ്ട് ഗുണമില്ലെന്നു ബോധ്യമായി തങ്ങളുടെ രാഷ്ട്രീയത്തിനു കീഴെ അവയെ ഒതുക്കി ഹൈജാക്ക് ചെയ്യുന്ന സംഭവങ്ങളും കാണാം. ആദിവാസി ഭൂസമരം, ദലിത് വിഷയങ്ങൾ, ലിംഗനീതി തുടങ്ങിയ പല വിഷയങ്ങളിൽ ഈ പ്രവണത കാണാം. ഈ മേഖലകളുടെ അസ്തിത്വത്തെ താത്ത്വികമായി അംഗീകരിച്ചില്ലെങ്കിലും സംഘടനകൾ രൂപവത്കരിച്ച് സമരം ചെയ്യുന്നതായും കാണാം. വി.എസിനെയും സുധീരനെയും പോലുള്ള പല നേതാക്കളും പല സമരങ്ങളോടും ഐക്യപ്പെട്ടത് മറക്കാനാവില്ല.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നതും മുഖ്യധാരയിലേക്കവ എത്തുന്നതും നല്ലതല്ലേ എന്നു ചോദിക്കാം. അതു ശരിയാണ്. പക്ഷേ, അത്തരമൊരു പ്രക്രിയക്കിടയിൽ സംഭവിക്കുന്ന എത്രയോ കാര്യങ്ങൾ അറിയപ്പെടാതെ പോകുന്നു. നഗരമാലിന്യം നാട്ടിൻപുറത്ത് ഡംബ് ചെയ്യുന്നതിനെതിരെ കേരളത്തിൽ നടന്ന ആദ്യസമരം തൃശൂരിലെ ലാലൂരിലായിരുന്നു. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും കോർപറേഷനും എന്നും സമരത്തിനെതിരായിരുന്നു. സി.പി.എം പ്രവർത്തകരും മാലിന്യം കൊണ്ടുതട്ടുന്ന തൊഴിലാളികളും കായികമായിപോലും സമരക്കാരെ ആക്രമിച്ചിട്ടുണ്ട്. കാര്യമായ ജനപങ്കാളിത്തമൊന്നും സമരത്തിനില്ലായിരുന്നു എങ്കിലും പലരീതിയിലുള്ള ഇടപെടലുകൾമൂലം സംസ്ഥാന വ്യാപകമായി സമരം ശ്രദ്ധേയമായി. മൂന്നു മുഖ്യമന്ത്രിമാരെങ്കിലും ഇടപെട്ടു. അവസാനം ഒരു ഘട്ടത്തിൽ ഡി.വൈ.എഫ്.ഐപോലുള്ള സംഘടനകൾ സമരത്തോട് ഐക്യപ്പെട്ടു. തുടർന്ന് നഗരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിനോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ, സമരത്തിൽ സഹകരിച്ചിരുന്ന ഏതാനും ലൈംഗിക തൊഴിലാളികളെ പ്രകടനത്തിനെത്തിയ ചില ഡി.വൈ.എഫ്.ഐ പ്രവർത്തകർ അധിക്ഷേപിക്കുകയും അവർ കണ്ണീരൊഴുക്കി തിരിച്ചുപോകുകയും ചെയ്തു. ലൈംഗികത്തൊഴിലാളികൾ സംഘടിച്ചുതുടങ്ങിയ കാലമായിരുന്നു അത്. സമരസമിതിയിൽ അവരുടെ പ്രാതിനിധ്യവുമുണ്ടായിരുന്നു. എന്നിട്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റവും മോശമായിട്ടായിരുന്നു അവരോട് സംസാരിച്ചത്. ഇപ്പോൾ ലൈംഗികത്തൊഴിലാളികളുടെയും ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെയും മറ്റും അവകാശങ്ങളെ പറ്റി രാഷ്ട്രീയസമൂഹവും ഭരണകൂടവും ഏറെ സംസാരിക്കുന്നത് നല്ലതുതന്നെ. എന്നാൽ, അതിന്റെ പിറകിൽ ഇത്തരത്തിൽ ഒരുപാട് കണ്ണീർ ഒഴുകിയിട്ടുണ്ട്.
നിരവധി ജനകീയ സമരങ്ങൾ വിജയം കണ്ടിട്ടുള്ള കേരളത്തിൽ അതിലേറെ സമരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. പലതും ഭാഗികമായി വിജയിച്ചിട്ടുമുണ്ട്. പരാജയങ്ങൾക്കുള്ള പ്രധാന കാരണം രാഷ്ട്രീയ സമൂഹത്തിന്റെ നിഷേധാത്മക നിലപാടുകൾ തന്നെയാണ്. ഏറെ കോലാഹലം സൃഷ്ടിച്ച മൂലമ്പിള്ളിയിൽ കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇപ്പോഴും തെരുവിൽതന്നെ. ആതിരപ്പിള്ളിയെ കുറിച്ച് വൈദ്യുതി മന്ത്രിമാർ ഇടക്കിടെ ആവർത്തിക്കുന്നത് കേൾക്കാം. ജനകീയ സമരങ്ങൾക്ക് മാതൃകയെന്നു പറയാവുന്ന മാവൂരും പ്ലാച്ചിമടയിലും നേടിയത് ഭാഗികവിജയങ്ങൾ മാത്രം. രണ്ടിടത്തും തൊഴിലാളികൾക്കോ നാട്ടുകാർക്കോ നഷ്ടപരിഹാരം നൽകിയില്ല. സിവിൽ സമൂഹം ശക്തിയായി ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും കോടതികളിലാണ്. മധു, നടി, കന്യാസ്ത്രീ, വാളയാർ എന്നിങ്ങനെ ആ പട്ടിക നീളുന്നു. മഅ്ദനിക്കിനിയും നീതി കിട്ടിയിട്ടില്ല. ചേകന്നൂർ മൗലവിെയ കണ്ടെത്തിയില്ല. സത്നാം സിങ്ങിനും നീതി കിട്ടിയില്ല. യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങൾ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നു. സിദ്ദിഖ് കാപ്പൻ ജയിലിൽ തുടരുന്നു. വർധിക്കുന്ന പൊലീസ് അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും അറുതി വരുത്താനാവുന്നില്ല. വികസനത്തിന്റെ അർഹതപ്പെട്ട വിഹിതം ഇനിയും ലഭിച്ചിട്ടില്ലാത്ത ആദിവാസികൾ, ദലിതർ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവരുടെയൊക്കെ പ്രശ്നങ്ങളിൽ രാഷ്ട്രീയസമൂഹത്തിനു മാത്രമല്ല, സിവിൽ സമൂഹത്തിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. മതന്യൂനപക്ഷങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ഉപഭോക്താക്കൾ, രോഗികൾ, കറുത്തവർ, ഭിന്നശേഷിക്കാർ തുടങ്ങി വൈവിധ്യമാർന്ന വിവിധ വിഭാഗങ്ങൾക്കും പൗരന്മാരെന്ന നിലയിൽ തുല്യ പരിഗണന ലഭിക്കുന്നില്ല. അതും സൂചിപ്പിക്കുന്നത് നമ്മുടെ സിവിൽ സമൂഹത്തിന്റെ ദൗർബല്യംതന്നെ.
ജനാധിപത്യ സാമൂഹിക വളർച്ചയുടെ ഉയർന്ന ഘട്ടമാണല്ലോ സിവിൽ സമൂഹം. പ്രജയിൽനിന്ന് പൗരനിലേക്കുള്ള മാറ്റത്തിലാണ് അതിന്റെ ആരംഭം. തീർച്ചയായും അടിമത്തത്തിലോ ഫ്യൂഡലിസത്തിലോ രാജഭരണത്തിലോ മതരാഷ്ട്രത്തിലോ കമ്യൂണിസത്തിലോ സാധ്യമാകുന്ന ഒന്നല്ല സിവിൽ സമൂഹം. രാഷ്ട്രീയമായി ജനാധിപത്യവും സാമ്പത്തികമായി മുതലാളിത്തവും നിലനിൽക്കുന്ന സമൂഹത്തിൽ മാത്രമേ അതു സാധ്യമാകൂ. അത്തരമൊരു സമൂഹത്തിലേ സിവിൽ സമൂഹ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കൂ (തർക്കമുണ്ടാകാം). ജനാധിപത്യസംവിധാനം കാര്യമായ പ്രതിസന്ധിയില്ലാതെ മുന്നേറിയ പലരാജ്യങ്ങളിലും സിവിൽ സമൂഹവും ഏറെ മുന്നോട്ടുപോയി. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും ജനാധിപത്യത്തിന്റെ ഗുണനിലവാരത്തിൽ പിറകിലായ ഇന്ത്യയിൽ അതത്ര എളുപ്പമായിരുന്നില്ല. ഭരണകൂടത്തെ തന്നെ കോർപറേറ്റുകൾ വിഴുങ്ങുന്ന സാഹചര്യത്തിൽ ഇനിയത് എങ്ങനെ സാധ്യമാകും എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഹിന്ദുത്വവും കോർപറേറ്റിവുകളും ഒന്നു ചേരുന്ന സാഹചര്യത്തിൽ പ്രശ്നം കുറെ രൂക്ഷമാകാനിടയുണ്ട്. വർഗസമര കാഴ്ചപ്പാടിൽ എല്ലാ സാമൂഹികചലനങ്ങളെയും ഒതുക്കുന്ന കമ്യൂണിസ്റ്റ് ആശയങ്ങൾക്കും പാർട്ടിക്കും ആധിപത്യമുള്ള കേരളത്തിലാകട്ടെ സ്വാഭാവികമായും സിവിൽ സമൂഹത്തോടും സിവിൽ സമൂഹ പ്രസ്ഥാനങ്ങളോടും നിഷേധാത്മകമായ സമീപനം ശക്തമായതിൽ അത്ഭുതമില്ല. ലോകത്തെ ഏതൊരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെയും അവസ്ഥ വ്യത്യസ്തമല്ല. ഈ അവസ്ഥയെ മറികടക്കാനുള്ള ഊർജമാകട്ടെ സിവിൽ സമൂഹത്തിനില്ലതാനും.
ജനാധിപത്യമെന്നത് ഭരണകൂടരൂപമാണെങ്കിലും അതു മാത്രമല്ല. അതിനു ഭരണകൂടേതരമായ രൂപങ്ങളുമുണ്ട്. സാമൂഹിക ജനാധിപത്യം വികസിക്കാത്ത ഒരു പ്രദേശത്ത് ജനാധിപത്യം എന്ന പദം അർഥപൂർണമാകില്ല. സാമൂഹിക ജനാധിപത്യത്തിന്റെ പ്രാധാന്യം ഏറ്റവും ശക്തമായി പറഞ്ഞത് അംബേദ്കർതന്നെയായിരുന്നു. അതിനെ തടയുന്ന പല ഘടകങ്ങളുമുണ്ടെങ്കിലും ഏറ്റവും പ്രധാനം ജാതിയാണ്. പിന്നെ പുരുഷാധിപത്യവും. സിവിൽ സമൂഹപ്രസ്ഥാനങ്ങളെയും സ്വാഭാവികമായും ഇതു തടയുന്നു. അതോടൊപ്പം സിവിൽ സമൂഹപ്രസ്ഥാനങ്ങളോട് പൊതുവിൽ നിഷേധാത്മക നിലപാടുള്ള ഇടതുപക്ഷത്തിന്റെ വൻ സ്വാധീനവുമുണ്ട്. തൊഴിലാളി വർഗം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള വിഭാഗമാണെന്നും അവരുടെ വിമോചനത്തോടെ മുഴുവൻ സമൂഹത്തിന്റെയും വിമോചനം സാധ്യമാകുമെന്നുമാണല്ലോ ഇടതുപക്ഷം വിശ്വസിക്കുന്നത്. അതിനാൽതന്നെ ആ നിർവചനത്തിൽപെടാത്തവരുടെ വിഷയങ്ങൾ അവരുടെ അജണ്ടയിലില്ല. ചിലപ്പോൾ അടവുപരമായി ഉന്നയിക്കുമെന്നുമാത്രം. പല പാരിസ്ഥിതിക സമരങ്ങളിലും പരിസ്ഥിതി മലിനീകരണത്തിനു ഉത്തരവാദികളായ സ്ഥാപനങ്ങൾക്കൊപ്പം നിന്ന്, സമരം ചെയ്യുന്ന പാവപ്പെട്ട നാട്ടുകാർക്കെതിരെ യൂനിയനുകൾ തിരിയുന്നതിനും കാരണം ഇതുതന്നെ. മാവൂരും കാതിക്കുടത്തും പ്ലാച്ചിമടയിലും പെരിയാർ തീരത്തുമൊക്കെ അത്തരം സംഭവങ്ങൾ നാം കണ്ടതാണ്. മുത്തങ്ങയിലും ചെങ്ങറയിലും മറ്റുമെടുത്ത നിലപാടുകൾക്കും പല സ്ത്രീസമരങ്ങളെയും എതിർക്കുന്നതിനുമെല്ലാം കാരണം ഇതുതന്നെ. കന്യാസ്ത്രീകളും നടിമാരും നഴ്സുമാരുംപോലും സംഘടിച്ചിട്ടും സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനകീയ സമരങ്ങളെ നയിക്കുന്നത് സ്ത്രീകളായിട്ടും മീ ടൂ പോലുള്ള മുന്നേറ്റങ്ങൾ പുരുഷാധിപത്യത്തെ വെല്ലുവിളിച്ചിട്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കകത്ത് സ്ത്രീകളുടെ അവസ്ഥ ഇപ്പോഴും രണ്ടാം പൗരർ എന്നതാണെന്നതും കൂട്ടിവായിക്കാവുന്നതാണ്. എന്നിട്ടും പല ഫെമിനിസ്റ്റുകളും അവരോട് ഐക്യപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
അടിയന്തരാവസ്ഥയിൽ നടന്ന തെരഞ്ഞെടുപ്പിൽ വടക്കെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കോൺഗ്രസിനെതിരെ വിധിയെഴുതിയപ്പോൾ കേരളം മറിച്ചുചെയ്തത് എപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ടല്ലോ. നമ്മുടെ രാഷ്ട്രീയപ്രബുദ്ധതയില്ലായ്മയുടെ ഉദാഹരണമായാണ് അത് ചൂണ്ടിക്കാണിക്കപ്പെടാറുള്ളത് (തുടർന്ന് ഈച്ചരവാര്യർ നടത്തിയ പോരാട്ടം മറന്നുകൊണ്ടല്ല ഇതു പറയുന്നത്). അതു ശരിയായിരിക്കുമ്പോഴും അതു മാത്രമല്ല ശരി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രൂപംകൊണ്ട ജനതാ പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി നടത്തിയ രാഷ്ട്രീയപോരാട്ടം മാത്രമായിരുന്നില്ല ആ തെരഞ്ഞെടുപ്പു ഫലം. സിവിൽ സമൂഹത്തിന്റെ രാഷ്ട്രീയ ജാഗ്രതകൂടിയായിരുന്നു അത്തരമൊരു ഫലത്തിലെത്തിച്ചത്. മണ്ഡൽ കമീഷൻ കാലഘട്ടത്തിലും കർഷകസമര കാലഘട്ടത്തിലും പൗരത്വഭേദഗതിക്കെതിരായ സമരഘട്ടത്തിലുമൊക്കെ കേരളം പൊതുവിൽ നിശ്ശബ്ദമായിരുന്നല്ലോ. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയപോലുള്ള വൻ പ്രക്ഷോഭങ്ങൾ കേരളത്തിലുണ്ടാകാതിരുന്നതും നമ്മുടെ രാഷ്ട്രീയത്തിന്റെ മാത്രമല്ല, സിവിൽ സമൂഹത്തിന്റെയും ദൗർബല്യത്തെയാണ് വെളിവാക്കുന്നത്.
തീർച്ചയായും ഏകീകൃതമായ സിവിൽ സമൂഹമെന്ന ഒന്ന് ഉണ്ടാകില്ല. സാമ്പത്തിക, വർഗ, ജാതി, ലിംഗ വിവേചനങ്ങളെല്ലാം സിവിൽ സമൂഹത്തിലും പ്രതിഫലിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെ ഏകാത്മകമായ സിവിൽ സമൂഹമെന്ന മട്ടിലുള്ള വിശേഷണങ്ങളും പ്രയോഗങ്ങളും ഏകപക്ഷീയമാകും. സ്വാഭാവികമായും സാമൂഹികാധികാരമുള്ളവരുടെ ആധിപത്യം അവിടെയും കാണും. അവിടെയാണ് കൃത്യമായ കീഴാളപക്ഷപാതത്തിൽനിന്നുള്ള നിലപാടുകളുടെ പ്രസക്തി. അതെല്ലാം മറച്ചുവെച്ച് എല്ലാവരെയും ഒന്നായി കാണുന്ന സമീപനത്തിന്റെ രാഷ്ട്രീയം കീഴാളവിരുദ്ധമാകുമെന്നുറപ്പ്. അതിനുദാഹരണമാണ് 'ഫാഷിസത്തിനെതിരെ മനുഷ്യരായി വരൂ' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച മനുഷ്യസംഗമം. ഫാഷിസത്തിന്റെ ഇരകൾക്ക് സ്വന്തം ഐഡന്റിറ്റിയിൽ പോരടിക്കാനുള്ള അവകാശമാണ് അതിലൂടെ നിഷേധിക്കപ്പെട്ടത്. സിവിൽ സമൂഹത്തിൽനിന്നായിരുന്നു മനുഷ്യസംഗമത്തിന്റെ ആരംഭമെങ്കിലും ഇടതുപക്ഷ സംഘടനകളുടെ ഹൈജാക്കിങ് ആയിരുന്നു അത്തരമൊരു നിലപാടിലേക്ക് എത്തിച്ചതെന്നു വ്യക്തം.
രാഷ്ട്രീയ ജനാധിപത്യത്തിന്റെ നിലവാരവും സിവിൽ സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലവാരം കുറഞ്ഞുവരുകയാണെന്നു ആഗോളതലത്തിൽ തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. ജനപ്രതിനിധി സഭകൾ പലപ്പോഴും നോക്കുകുത്തികളാകുന്നു. അവയെ മറികടന്ന് നിയമങ്ങൾ വരുന്നു. മറുവശത്ത് മതവും വർഗീയതയും വോട്ടർമാരെ സ്വാധീനിക്കുകയും രാഷ്ട്രീയേതര വിഷയങ്ങൾ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഹിറ്റ്ലർക്കുപോലും ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിലെത്താൻ കഴിയുന്ന അവസ്ഥ ഇവിടെയും സംജാതമാകുന്നു. മോദിയും അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പിലൂടെയാണല്ലോ. വ്യക്തിസ്വാതന്ത്ര്യത്തിലും ആവിഷ്കാരസ്വാതന്ത്ര്യത്തിലും മാധ്യമസ്വാതന്ത്ര്യത്തിലുമെല്ലാം ഇന്നു നമ്മുടെ സ്ഥാനം ആഗോളതലത്തിൽ വളരെ പിറകിലായിരിക്കുന്നു. കേരളത്തിൽപോലും രാഷ്ട്രീയ ജനാധിപത്യത്തിന്റെ ക്വാളിറ്റി നഷ്ടപ്പെടുന്ന അവസ്ഥയിൽ സിവിൽ സമൂഹത്തിന്റെ ക്വാളിറ്റിയും നഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ?
രാഷ്ട്രീയ ജനാധിപത്യത്തിന്റെ ക്വാളിറ്റി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും സിവിൽ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് നിലനിൽക്കുന്നത്. വിവരാവകാശനിയമം, ലോക്പാൽ, സേവനാവകാശനിയമം തുടങ്ങിയവയൊക്കെ വ്യാപകമായി ഉപയോഗിക്കണം. തിരിച്ചുവിളിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടണം. ഒപ്പം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടണമെന്ന് ആവശ്യപ്പെടണം. ഉദാഹരണമായി എല്ലാ പാർട്ടികളിലും തെരഞ്ഞെടുപ്പുകൾ നടത്തുക, സമ്മേളനങ്ങൾ സുതാര്യമാകുക, രേഖകൾ പരസ്യമാക്കുക, പാർട്ടി നേതൃത്വത്തെയും സ്ഥാനാർഥികളെയും മന്ത്രിമാരെയും തീരുമാനിക്കുമ്പോൾ ജനങ്ങളോട് അഭിപ്രായം ചോദിക്കുക തുടങ്ങിയവയൊക്കെ ആലോചിക്കാവുന്നതാണ്. കേൾക്കുമ്പോൾ തമാശയായി തോന്നുമായിരിക്കാം. എന്നാൽ, ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് സിവിൽ സമൂഹത്തിൽനിന്ന് എന്തെങ്കിലും മറച്ചുവെക്കാനുണ്ടോ എന്നതാണ് ചിന്തിക്കേണ്ടത്. തെരഞ്ഞെടുത്തയച്ചവർക്കുമേൽ അഞ്ചുവർഷത്തേക്ക് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയെ മറികടക്കാനുള്ള നീക്കങ്ങളാണ് സിവിൽ സമൂഹത്തിൽനിന്നുണ്ടാകേണ്ടത്. രാഷ്ട്രീയരംഗത്തെ അഴിമതി തടയാനുള്ള ലോക്പാലിൽ വെള്ളം ചേർത്തപ്പോൾ കാര്യമായ പ്രതിഷേധമൊന്നും ഉയരാത്ത സിവിൽ സമൂഹമാണ് നമ്മുടേത്. മറുവശത്ത് വിവരാവകാശ നിയമംപോലെ അധികാര രാഷ്ട്രീയത്തിൽ ഇടപെടാനുള്ള അവസരങ്ങൾ വളരെ കുറച്ചാണ് നാം ഉപയോഗിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാമൂഹികരംഗത്തും പ്രാഥമിക വിദ്യാഭ്യാസരംഗത്തും ജീവിതനിലവാരരംഗത്തും കേരളം താരതമ്യേന മുന്നിലാവാനുള്ള കാരണത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ നിരന്തരം കേൾക്കുന്നതാണല്ലോ. ഇരുമുന്നണികളും ഏറക്കുറെ തുല്യ കാലമാണ് ഭരിച്ചതെങ്കിലും തങ്ങളാണ് ഈ പുരോഗതികൾക്ക് കാരണമെന്നു സ്ഥാപിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. വാസ്തവമെന്താണ്? കേരളത്തിന്റെ സാമൂഹിക പുരോഗതിക്കു പ്രധാന കാരണം ഈ പ്രസ്ഥാനങ്ങൾക്കു മുമ്പേ ആരംഭിച്ച, സമൂഹത്തെ അടിത്തട്ടിൽനിന്നുള്ള നവോത്ഥാന മുന്നേറ്റങ്ങളാണ്. അവ അന്നത്തെ സിവിൽ സമൂഹ പ്രസ്ഥാനങ്ങൾതന്നെയാണ്. ആ മുന്നേറ്റങ്ങളെ മുന്നോട്ടുകൊണ്ടുപോകാതിരിക്കുകയാണ് രാഷ്ട്രീയസമൂഹം ചെയ്തത്. അതുകൊണ്ടാണല്ലോ കേരളപ്പിറവിയുടെ 66ാം വർഷത്തിൽ ജാതിക്കൊലകളെ കുറിച്ചും അന്ധവിശ്വാസ അനാചാര നിരോധനനിയമത്തെ കുറിച്ചും സ്ത്രീപീഡനങ്ങളെ കുറിച്ചും മയക്കുമരുന്നിനെ കുറിച്ചുമൊക്കെ ചർച്ചചെയ്യേണ്ടിവരുന്നത്. പ്രാഥമിക വിദ്യാഭ്യാസ പുരോഗതിക്കാകട്ടെ പ്രധാന കാരണം, മോശപ്പെട്ട പല പ്രവണതകൾക്കും തുടക്കമിട്ടെങ്കിലും മിഷനറിമാരായിരുന്നു. ജീവിതനിലവാരം മെച്ചപ്പെടാൻ പ്രധാന കാരണം ഇന്നും തുടരുന്ന പ്രവാസമാണ്. അത് ജനങ്ങൾ സ്വയം കണ്ടെത്തിയ മാർഗമായിരുന്നു. കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം വളരാതിരിക്കാൻ കാരണം പ്രവാസമാണെന്ന് സി.ആർ. പരമേശ്വരൻ നിരീക്ഷിച്ചത് ഓർമവരുന്നു. പ്രവാസത്തിനു പ്രധാന കാരണം കേരളത്തിൽ കാർഷിക-വ്യവസായ വികസനം നടക്കാത്തതായിരുന്നു. അതിനുള്ള ഒരു കാരണം ഉൽപാദനശക്തികളുടെ വികാസത്തിനും സംരംഭകത്വത്തിനും സാങ്കേതികവിദ്യകൾക്കും സഹായകരമല്ലാത്ത നിലപാടുകളായിരുന്നു. ഉൽപാദന ശക്തികളുടെ വികാസമാണ് സമൂഹത്തെ മുന്നോട്ടുനയിക്കുക എന്ന മാർക്സിസ്റ്റ് ആശയത്തിനു വിരുദ്ധമായിരുന്നു ഇടതുപക്ഷമടക്കമുള്ളവരുടെ നിലപാട്. എന്നിട്ടും എന്തൊക്കെ അവകാശവാദങ്ങളാണ് കേൾക്കുന്നത്..!
സിവിൽ സമൂഹ പ്രസ്ഥാനങ്ങളെന്നു കേട്ടാൽ മിക്കവാറും പേർ ആദ്യമോർക്കുക എൻ.ജി.ഒകളെയാണല്ലോ. തീർച്ചയായും അവ അതിന്റെ ഭാഗംതന്നെ. പക്ഷേ പലരും ചൂണ്ടിക്കാണിക്കുന്നപോലെ സിവിൽ സമൂഹ പ്രസ്ഥാനങ്ങളുടെ ഊർജം കളയുന്നതിൽ അവക്കു പങ്കുണ്ട്. ഇത്തരം പ്രസ്ഥാനങ്ങൾ നിരവധി സമരങ്ങൾ നടത്തി ഉയർത്തിക്കൊണ്ടുവരുന്ന വിഷയങ്ങളെയാണ് അവർ ഹൈജാക്ക് ചെയ്യുന്നത്. പരിസ്ഥിതി, ദലിത്, ആദിവാസി, ലിംഗനീതി, മനുഷ്യാവകാശ വിഷയങ്ങളിലെല്ലാം ഇതു കാണാം. അതാകട്ടെ സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയുണ്ട്. പലവിധത്തിലുള്ള സ്പോൺസർമാരുടെ സഹായത്തോടെ നിലനിൽക്കുന്നവയുണ്ട്. വിദേശസഹായത്തോടെ നിലനിൽക്കുന്നവയുമുണ്ട്. സിവിൽ സമൂഹത്തിലെ സമരസംഘടനകൾക്ക് ഭീഷണിയാണെന്നു കരുതി ഇവയെ തള്ളിക്കളയുന്നതിൽ അർഥമൊന്നുമില്ല. പ്രേത്യകിച്ച് ഈ മേഖലകളിലെ ഗുണഭോക്താക്കൾക്ക്. സമരം ചെയ്തുതന്നെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കണമെന്ന് അവർക്ക് നിർബന്ധമൊന്നുമില്ലല്ലോ. ട്രാൻസ് ജെൻഡർ മേഖലകളിലെ എൻ.ജി.ഒ സാന്നിധ്യം ഏറ്റവും മികച്ച സമകാലിക ഉദാഹരണം. ക്രിസ്റ്റ്യാനിറ്റിയുമായി ബന്ധപ്പെട്ട സംഘടനകൾ നടത്തിയ പോരാട്ടങ്ങൾ ഏറ്റവും കൂടുതൽ കാണുന്നത് മത്സ്യത്തൊഴിലാളി മേഖലയിലാണ്. ഇപ്പോൾ നടക്കുന്ന വിഴിഞ്ഞം സമരവും അതിന്റെ തുടർച്ചതന്നെ. അപ്പോഴും ആ സമരത്തിലുയരുന്ന ന്യായമായ ആവശ്യങ്ങളെ തമസ്കരിക്കാൻ അതു കാരണമാകുന്നില്ല. അതേസമയം, ആദിവാസി മേഖലകളിലെ എൻ.ജി.ഒ സാന്നിധ്യം ഗുണത്തെക്കാളേറെ ദോഷമാണ് സൃഷ്ടിച്ചത്. മറുവശത്ത് രാഷ്ട്രീയ സമൂഹത്തിൽനിന്നുള്ള വിച്ഛേദനം ആവശ്യമാണെന്നതിനെ സിവിൽ സാമൂഹിക സംഘടനകൾ അരാഷ്ട്രീയമാകണമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അതും ഒരിക്കലും അംഗീകരിക്കാനാവില്ല.
അതിനിടയിൽ സി.പി.എംതന്നെ വെൽഫെയർ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതും സിവിൽ സമൂഹ പ്രസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കാം. ഡി.വൈ.എഫ്.ഐ അടക്കമുള്ള വർഗ ബഹുജന സംഘടനകളിലൂടെയാണ് അതു പ്രധാനമായും ശക്തിയാർജിച്ചത്. മെഡിക്കൽ കോളജിലെ ഭക്ഷണവിതരണം മുതൽ സാന്ത്വന ചികിത്സവരെ അതിൽപെടും. 2016 മുതൽ ഈ പ്രവണത ശക്തമായത് ഇടതുപക്ഷം ഭരിക്കുമ്പോൾ സമരം ചെയ്യാൻ കഴിയാത്തതിനാൽ മാത്രമല്ല, സിവിൽ സമൂഹ പ്രസ്ഥാനങ്ങളുടെ മേഖലകളിൽ ഇടപെടുക എന്നൊരു ലക്ഷ്യവും അതിനുണ്ടായിരുന്നു. പ്രളയവും കോവിഡുമൊക്കെ വന്നതോടെ ആ ധാര സജീവമായി. ഈ ദിശയിൽ വൻതോതിലുള്ള പദ്ധതികൾക്കും നേരത്തേ സി.പി.എം നേതൃത്വം കൊടുത്തിട്ടുണ്ട്. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ എന്നിവയെല്ലാം ഉദാഹരണങ്ങൾ. എന്നാൽ, സംഭവിച്ചതെന്താണ്? ജനകീയാസൂത്രണത്തിന്റെ ഭാഗമായി പാലം, റോഡ് പോലുള്ള കുറെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. സാക്ഷരതാ പ്രസ്ഥാനത്തിലൂടെ വയോജനങ്ങൾ സാക്ഷരരായി. കുടുംബശ്രീ, സ്ത്രീകളുടെ മുൻകൈശേഷിയെ കെട്ടഴിച്ചുവിട്ടു. എന്നാലവയെല്ലാം തങ്ങളുടെ അദൃശ്യകരങ്ങളിലൂടെ നിയന്ത്രിക്കുന്നതിൽ സി.പി.എം ബദ്ധശ്രദ്ധാലുക്കളായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾ എന്തു ചെയ്യുമ്പോഴും പാർട്ടിയുടെ വളർച്ചയാണല്ലോ പ്രധാനം. ഇവിടെയും അതുതന്നെയായിരുന്നു. അതിനാൽതന്നെ സിവിൽ സമൂഹ പ്രസ്ഥാനങ്ങളെ അതു സഹായിച്ചില്ലെന്നു മാത്രമല്ല, ഫലത്തിൽ വിപരീതഫലമാണ് ചെയ്തത്.
ജനാധിപത്യ സംവിധാനത്തിന്റെ തിരുത്തൽ ശക്തിയാകുക എന്ന ആശയത്തിൽ സിവിൽ സമൂഹത്തിൽനിന്നുയർന്നുവന്ന ആശയമാണ് നിഴൽ മന്ത്രിസഭ. നിലവിലെ മന്ത്രിസഭയുടെ മാതൃകയിൽതന്നെ മന്ത്രിസഭയുണ്ടാക്കി, ഓരോ മന്ത്രിമാരും പ്രസ്തുത വകുപ്പിനെ നിഴൽപോലെ പിന്തുടരുകയും വിമർശിക്കുകയും നിർദേശങ്ങൾ മുന്നോട്ടുവെക്കുകയുമാണ് ആശയം. കേരളത്തിലും ഈ സംവിധാനം നിലനിൽക്കുന്നുണ്ടെങ്കിലും നമ്മുടെ സിവിൽ സമൂഹം ദുർബലമായതിനാലാവാം അതും ദുർബലമാണ്. പൗരമുഖ്യന്മാർ എന്ന വിഭാഗത്തിന്റെ ഉദയവും ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്. പ്രധാനമായും എഴുത്തുകാരും സാംസ്കാരിക നായകരുമാണ് ഈ ഗണത്തിൽ വരുന്നത്. അവർക്കു ബന്ധമില്ലാത്ത മേഖലയിലെ വിഷയങ്ങളെ കുറിച്ചുപോലും അഭിപ്രായം പറയാനുള്ള അവകാശം നമ്മളവർക്ക് കൊടുത്തിട്ടുണ്ട്. പല ജനകീയ പ്രശ്നങ്ങളിലും സമരങ്ങളിലും ഇവർ ഒപ്പിട്ട പ്രസ്താവനകൾ ഗുണപ്രദമാകാറുണ്ടെന്നത് ശരിയാണ്. എന്നാൽ ഇക്കൂട്ടത്തിലെ മഹാഭൂരിഭാഗവും ഇടതുപക്ഷവുമായി ഒട്ടിനിൽക്കുന്നവരും സാംസ്കാരികാധികാരത്തിൽ പങ്കാളികളായവരും ആഗ്രഹിക്കുന്നവരുമായതിനാൽ ഇടതുസർക്കാറിനെതിരെ മിക്കവരും രംഗത്തുവരാറില്ല. ഇപ്പോഴിതാ ഇവർക്കായി കേരളജ്യോതിയും പ്രഭയും ശ്രീയുമൊക്കെ രംഗത്തുവരുകയും ചെയ്തു. ഈ വിഭാഗത്തെ സർക്കാർ ഭംഗിയായി ഉപയോഗിക്കുന്നതിനും അടുത്തയിടെ കേരളം സാക്ഷിയായി. സിൽവർലൈനിനെതിരായി ജനകീയ പ്രക്ഷോഭം ശക്തമായപ്പോഴായിരുന്നു അത്. ഇവരിലൊരു വിഭാഗത്തെ പൗരമുഖ്യരെന്നു വിശേഷിപ്പിച്ച്് സിൽവർ ലൈനിനെ ന്യായീകരിക്കുന്ന യോഗങ്ങളിലേക്ക് ക്ഷണിക്കുകയായിരുന്നു സർക്കാർ ചെയ്തത്. പല ജില്ലകളിലും ഈ പരിപാടി നടന്നു. എന്നാൽ, വ്യത്യസ്ത അഭിപ്രായമുള്ളവരെ എവിടെയും ക്ഷണിച്ചില്ല. മാത്രമല്ല, വ്യത്യസ്ത അഭിപ്രായം പറയുകയും സമരത്തോട് സഹകരിക്കുകയും കവിതകൾ എഴുതുകയും ചെയ്തവരെ ഈ പൗരമുഖ്യരിൽ പലരും അധിക്ഷേപിക്കുന്നതിനും നമ്മൾ സാക്ഷിയായല്ലോ. 'ന്യൂസ് അവർ' ചർച്ചകളിൽ നിരീക്ഷകരായി വരുന്നവർ സത്യത്തിൽ സിവിൽ സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യേണ്ടത്. പക്ഷേ അപൂർവം ചിലർക്കേ ആ തലത്തിലേക്ക് ഉയരാൻ കഴിയാറുള്ളൂ. ഭൂരിഭാഗവും വലതുപക്ഷ, ഇടതുപക്ഷ, ബി.ജെ.പി നിരീക്ഷകരാണ്.
ചിന്നിച്ചിതറി കിടക്കുന്ന സിവിൽ സമൂഹ പ്രസ്ഥാനങ്ങളെ ഐക്യപ്പെടുത്താനുള്ള പല നീക്കങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. ജനകീയ സാംസ്കാരിക വേദിയുടെ തകർച്ചക്കുശേഷം നടന്ന അരിയന്നൂർ കൂടിച്ചേരൽ മുതൽ അതാരംഭിക്കുന്നു എന്നു പറയാം. അതിന്റെ തുടർച്ചയായി പശ്ചിമഘട്ട യാത്രയടക്കം പല പ്രവർത്തനങ്ങളും നടന്നു. തുടർന്നും നിരവധിതവണ ആ ദിശയിലുള്ള നീക്കങ്ങൾ നടന്നു. മേധാ പട്കറുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളുടെ ഫലമായി നാഷനൽ അലയൻസ് ഓഫ് പീപ്ൾസ് മൂവ്മെന്റ് എന്ന കൂട്ടായ്മയുടെ ഘടകം കേരളത്തിലുണ്ട്. ഭരണകൂടത്തിന്റെ നാലു തൂണുകളെയും നിരന്തര ഓഡിറ്റിങ്ങിനു വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ കെ. വേണുവിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന കൂട്ടായ്മ കുറച്ചുകാലം സജീവമായിരുന്നു. ജനകീയ സമരപ്രവർത്തകരുടെ കൂടിച്ചേരൽ എന്ന നിലയിൽ, പലരുടെയും മുൻകൈയിൽ ഇടക്കിടെ യോഗങ്ങൾ നടക്കുന്ന പ്രദേശമാണ് ഇന്നു കേരളം. പലയിടത്തും അത്തരത്തിലുള്ള കൂട്ടായ്മകൾ നിലവിലുണ്ട്. അവസാനത്തേത് രണ്ടുമാസം മുമ്പ് കോഴിക്കോട്ട് നടന്നു. എന്നാലിവയൊന്നും അധികകാലം നിലനിൽക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അങ്ങനെ നിലനിർത്താവുന്ന സാഹചര്യമോ നേതൃത്വമോ നിലവിലില്ല എന്നു വ്യക്തം. അപ്പോഴും ഈ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം. എങ്കിൽ മാത്രമേ രാഷ്ട്രീയ സമൂഹത്തിനുമേൽ തിരുത്തൽ ശക്തിയെന്ന നിലയിൽ സിവിൽ സമൂഹത്തിനു തങ്ങളുടെ സാന്നിധ്യം നിലനിർത്താനാവൂ. അപ്പോഴും സമകാലിക സാഹചര്യത്തിൽ മറക്കാനാവാത്ത ഒന്നുണ്ട്. അത് അടുത്തയിടെ സക്കറിയ പറഞ്ഞതാണ്. വരാൻ പോകുന്ന പോരാട്ടം തികച്ചും രാഷ്ട്രീയമാണ്. അദ്ദേഹം ഉദ്ദേശിച്ചത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുതന്നെ. കൃത്യമായ രാഷ്ട്രീയ പോരാട്ടം നടത്തി, സംഘ്പരിവാറിനെതിരെ വോട്ടുചെയ്യാൻ ജനങ്ങളെ േപ്രരിപ്പിക്കലാണ് ഉത്തരവാദപ്പെട്ട ഏതൊരു പൗരന്റെയും കടമ. പ്രധാനമായും ഇരുമുന്നണി രാഷ്ട്രീയംമൂലം കേരളത്തിൽ ഹിന്ദുത്വത്തിന് വോട്ടുകൾ കുറവാണെങ്കിലും സാമൂഹിക-സാംസ്കാരികതലത്തിൽ അതിന്റെ സാന്നിധ്യം ചെറുതല്ല. ശബരിമല വിവാദകാലത്ത് നാമത് കണ്ടതാണ്. അതിനാൽതന്നെ ഈ പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും തയാറാകേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയങ്ങൾ ചർച്ചചെയ്യാൻപോലും രാഷ്ട്രീയസമൂഹവും സിവിൽ സമൂഹവും ഇല്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക.