നാം എന്ത് ധരിക്കണം?; ഹിജാബ് വിഷയത്തിൽ സുപ്രീംകോടതി ഭിന്നവിധികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചില വസ്ത്രചിന്തകൾ പങ്കുവെക്കുന്നു
രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ കഥ നമ്മെ ഓർമിപ്പിക്കുന്ന ഒരു സത്യമുണ്ട്: ''വസ്ത്രം ധരിക്കുന്നതു മാത്രമല്ല, ധാരണ കൂടിയാണ്.'' രാജാവിന്റെ നഗ്നതയിലും അവിടെ ഉണ്ടായിരുന്ന മനുഷ്യധാരണകളിൽ വസ്ത്രം നിറഞ്ഞുനിന്നു. ആ ധാരണയുള്ള മനുഷ്യഭാവനകളിലാണ് വസ്ത്രം ധരിക്കപ്പെട്ടത്....
Your Subscription Supports Independent Journalism
View Plansരാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ കഥ നമ്മെ ഓർമിപ്പിക്കുന്ന ഒരു സത്യമുണ്ട്: ''വസ്ത്രം ധരിക്കുന്നതു മാത്രമല്ല, ധാരണ കൂടിയാണ്.'' രാജാവിന്റെ നഗ്നതയിലും അവിടെ ഉണ്ടായിരുന്ന മനുഷ്യധാരണകളിൽ വസ്ത്രം നിറഞ്ഞുനിന്നു. ആ ധാരണയുള്ള മനുഷ്യഭാവനകളിലാണ് വസ്ത്രം ധരിക്കപ്പെട്ടത്. രാജാവുൾപ്പെടെയുള്ള എല്ലാവരുടെയും ധാരണകളിലെ വസ്ത്രം, അവർ ദർശിച്ച നഗ്നതയെയും ഒരു ധാരണയാക്കി മാറ്റി. ഭാവനയില്ലാത്ത കുട്ടികൾക്ക് ഈ സത്യം മനസ്സിലാവണമെന്നില്ല. മനുഷ്യൻ അവന്റെ സ്വത്വബോധത്തെ ഉറപ്പിക്കുന്നത് ചിന്തയിലൂടെ ആയതിനാൽ അവിടെ രൂപപ്പെടുന്ന ശരീര-വസ്ത്ര സങ്കൽപങ്ങൾക്കും സ്വത്വബോധവുമായി ബന്ധമുണ്ട്. പലപ്പോഴും വസ്ത്രം സ്വത്വംതന്നെയായി വരുകയും ചെയ്യും. അതിജീവനത്തിന് വസ്ത്രം അനിവാര്യമല്ലാത്ത സ്ഥലങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള വസ്ത്രധാരണം ഉണ്ടാവുന്നതും ഇതുകൊണ്ടാണ്. സ്വത്വപ്രകാശനത്തിനുള്ള ഒരു പ്രധാന ഉപാധിയാണ് വസ്ത്രം. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും നിയതമായ മാനദണ്ഡങ്ങൾ പാലിച്ചും പരിഷ്കരിച്ചുമാണ് ഇത്തരം പ്രകാശനങ്ങൾ സാധ്യമായിട്ടുള്ളത്. അത്തരം മാനദണ്ഡങ്ങളുടെ വ്യവസ്ഥയിൽ, ആധിപത്യമുള്ള വ്യക്തിയുടെ വസ്ത്ര-വിവസ്ത്രത ശ്രേഷ്ഠമാവുകയും അധീനന്റേത് നികൃഷ്ടമാവുകയും ചെയ്യുന്നു. അധീശത്വവും മേല്കോയ്മയും നിർമിച്ച് നിലനിർത്തുന്ന ശ്രേണീവത്കൃത ഘടനാവ്യവസ്ഥയാണ് പലപ്പോഴും മനുഷ്യൻ സൃഷ്ടിക്കുന്ന വസ്ത്രവ്യവസ്ഥ.
വസ്ത്രധാരണക്രമങ്ങൾ എപ്പോഴും ധാരണകളുടെ മാറ്റങ്ങൾക്കു വിധേയപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, വസ്ത്രവ്യവസ്ഥക്ക് സ്ഥിരമായ ഒരു മൂല്യക്രമം പലപ്പോഴും അസാധ്യമാണ്. ഈ മൂല്യക്രമത്തിൽ പരിധികളും നിരോധനങ്ങളും സഹിഷ്ണുതയും വ്യതിചലനങ്ങളും ഭാവനകളും പൊരുത്തങ്ങളും ബഹിഷ്കരണങ്ങളും എല്ലാം ഉൾച്ചേർന്നിരിക്കുന്നതായി റോലാങ് ബാർത് നിരീക്ഷിക്കുന്നുണ്ട് (The Language of Fashion 2013). ഇങ്ങനെയുള്ള മൂല്യക്രമത്തിൽ വസ്ത്രത്തിന്റെ അസ്തിത്വത്തിനും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ചില വസ്ത്രങ്ങൾ നിരോധനങ്ങളിലൂടെ വസ്ത്രമല്ലാതെ ആകുന്നു, ചിലതു ഭാവനകളിലൂടെ ഉൾവസ്ത്രമായിത്തീരുന്നു, മറ്റുചിലത് വ്യതിചലനങ്ങളിലൂടെ പുറംവസ്ത്രവും ആയിത്തീരുന്നു. ''കണ്ടു കണ്ടാണ് കടൽ ഉണ്ടാകുന്നത്'' എന്ന കവിവാക്യംപോലെ ധരിച്ചു 'ധരിച്ചാണ്' വസ്ത്രം ഉണ്ടാകുന്നത്. ഇവിടെ ധരിക്കലും ധാരണകളും ഒരുപോലെ പ്രധാനമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ ധാരണകളെത്തന്നെയാണ് നാം ധരിക്കുന്നത്. സ്വയത്തെക്കുറിച്ചുള്ള ധാരണകളിൽ/ചിന്തകളിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ സ്വത്വപ്രതിസന്ധികൾക്ക് വഴിതെളിക്കും എന്നുള്ളതുകൊണ്ട് അവിടെ നാം കൈക്കൊള്ളുന്ന നിലപാടുകൾ പ്രധാനമായതുപോലെ, വസ്ത്രധാരണങ്ങളെക്കുറിച്ചുള്ള നിലപാടുകളും ഗൗരവമുള്ളതാണ്. സാമൂഹിക-സാംസ്കാരിക-ലിംഗ സ്വത്വപ്രതിസന്ധികൾ രൂപംകൊള്ളാതിരിക്കാൻ ആർജവമുള്ള നിലപാടുകൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.
വസ്ത്രം, പ്രത്യയശാസ്ത്രം, സമൂഹം
സംരക്ഷണം, ഔചിത്യം, അലങ്കാരം, അന്തസ്സ് എന്നിവയാണ് വസ്ത്രം ധരിക്കുന്നതിനുള്ള പ്രേരകങ്ങൾ എന്ന് മനഃശാസ്ത്രജ്ഞന്മാരും സാമൂഹിക ശാസ്ത്രജ്ഞന്മാരും നിരീക്ഷിക്കുന്നു. ഇവിടെ, ഔചിത്യവും അന്തസ്സും സാമൂഹികമായി നിർണയിക്കപ്പെടുന്ന ഘടകങ്ങളാണെന്ന് കരുതാം. സംരക്ഷണവും അലങ്കാരവും കുറേക്കൂടി വ്യക്തിപരവും ആത്മനിഷ്ഠവുമാണ്. എന്നാൽ ഈ പ്രേരകങ്ങളിൽ എല്ലാം ഒരു പരിധിവരെ വസ്ത്രം എന്നത് വ്യവസ്ഥാപിത സാമൂഹിക ക്രമങ്ങളാൽ നിർണയിക്കപ്പെടുന്നതായും കണക്കാക്കാൻ കഴിയും. വസ്ത്രം സ്വത്വബോധത്തിന്റെ പ്രകാശനമാണ് എന്ന പ്രത്യയശാസ്ത്രത്തിനു മാത്രമാണ് ഈ സാമൂഹികക്രമത്തിന് പുറത്തുനിൽക്കാൻ കെൽപുള്ളത്. അത് സമ്പൂർണമായി ആത്മനിഷ്ഠമാണ്. വ്യക്തിപരമായ എല്ലാ കാര്യങ്ങളും എപ്പോഴും സാമൂഹികക്രമങ്ങളോട് എതിർക്കുന്നവയാകണം എന്ന് നിർബന്ധമൊന്നും ഇല്ലാത്തതുപോലെ തന്നെ, വ്യക്തിപരമായ വസ്ത്രസങ്കൽപങ്ങളും സാമാന്യധാരണകളോട് നിരന്തരം കലഹിക്കണം എന്നുമില്ല. പക്ഷേ ചിലപ്പോഴെങ്കിലും ആ കലഹം ഒഴിച്ചുകൂടാൻ പാടില്ലാത്തവയാണുതാനും. വസ്ത്രം നൽകുന്ന സംരക്ഷണത്തെപ്പറ്റിയും അതിന്റെ ആവശ്യകതയെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും. വസ്ത്രം നൽകുന്ന സംരക്ഷണം ആവശ്യമില്ലാത്ത ആളുകളും സാഹചര്യങ്ങളും ഉണ്ടെന്നത് മറക്കാനാവില്ല. ഇങ്ങനെയുള്ളിടത്തു സംരക്ഷണം നൽകിയേ തീരൂ എന്ന് ഒരു സമൂഹത്തിനും വാദിക്കാനാവില്ല. അത് വ്യക്തിസ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാകും. എന്നാൽ ഇങ്ങനെയുള്ള സംരക്ഷണം ആവശ്യമുള്ളവർക്ക് അത് നിഷേധിക്കപ്പെടാനും പാടില്ല. അവർക്ക് അത് ആവശ്യമില്ലെന്നു മറ്റൊരാൾക്കോ സമൂഹത്തിനോ തീരുമാനിക്കാൻ അവകാശമില്ലെന്ന് വ്യക്തം. അലങ്കാരത്തിന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. സവിശേഷസാഹചര്യങ്ങളിലെ പ്രത്യേകവസ്ത്രം/അലങ്കാരവസ്ത്രം എന്ന സങ്കൽപം സാർവത്രികമായി പ്രകടമാകുന്നത് വിവാഹവുമായി ബന്ധപ്പെട്ടാണ്. സ്ത്രീകൾ ഏറ്റവും കൂടുതലായി വസ്തുവത്കരിക്കപ്പെടുന്ന ഒരു സാഹചര്യംകൂടിയാണ് വിവാഹാവസരങ്ങൾ. അത് ആധുനികമായ ഒന്നല്ല. രാജസ്ഥാനിലെ ഭിൽ ഗോത്രത്തിൽ വിവാഹിതരാകുന്നതുവരെ പെൺകുട്ടികൾക്ക് അരയ്ക്കു മുകളിലോട്ട് വസ്ത്രം പാടില്ല എന്നുവരെ മാമൂൽ ആയിരുന്നു. (D.D Kosambi, The Culture and Civilisation of Ancient India in Historical Outline, 1976). എന്നാൽ, വിവാഹത്തോടെ ശരീരമാകെ അലങ്കരിക്കപ്പെടും. വിവാഹവസ്ത്രങ്ങളുടെ കാര്യത്തിൽ കൃത്യമായ സാംസ്കാരികസ്വത്വവും ലിംഗപരമായ സ്വത്വവും മിക്ക സമുദായങ്ങളും പാലിക്കാറുണ്ട്. പാശ്ചാത്യരുടെയിടയിൽ പുരുഷന്മാർ ഫുൾ സ്യൂട്ടിലും സ്ത്രീകൾ ഗൗണിലുമാണ് ചടങ്ങിൽ പങ്കെടുക്കുക. അവരുടെ ഗൗൺ മധ്യകാല കേരളത്തിലെ സ്ത്രീകളുടെ ഉടുത്തുകുളിവേഷത്തെയാണ് അനുസ്മരിപ്പിക്കുന്നത്. നിലത്തുകൂടി തുണി വലിച്ചുകൊണ്ടുപോയാലും തോളും കൈകളും നഗ്നമായിരിക്കും. അടുത്തകാലത്ത് കേരളത്തിലെ വിവാഹചടങ്ങുകളിലും അപൂർവമായി ഇതിന്റെ സ്വാധീനം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ചില ക്രിസ്ത്യൻ പുരോഹിതന്മാർ ഇതിനെതിരേ പ്രതികരിച്ചിട്ടുമുണ്ട്. എങ്കിലും കേരളത്തിൽ പൊതുവെ വിവാഹവസ്ത്രത്തിന്റെ കാര്യത്തിൽ അതത് സമുദായത്തിന്റെ ആചാരമര്യാദകൾ ഇപ്പോഴും പാലിക്കപ്പെടുന്നുണ്ട്. അവിടെയൊക്കെ പുരുഷൻ അധികം കെട്ടുകാഴ്ചയാകാറില്ലെങ്കിലും സ്ത്രീകൾ കമോഡിറ്റി ആയി മാറുന്നുണ്ട്. രാജവസ്ത്രം, അധികാരചിഹ്നങ്ങൾ തുടങ്ങിയവ ഒഴിച്ചാൽ ബാക്കിയെല്ലാ അലങ്കാരബഹുത്വത്തിലും വസ്തുവത്കരണമുണ്ടെന്ന് പല സ്ത്രീകളും തിരിച്ചറിയുന്നില്ല. സംരക്ഷണത്തിന്റെ കാര്യത്തിൽ സൂചിപ്പിച്ചതുപോലെതന്നെ ഇവിടെയും വ്യക്തിസ്വാതന്ത്ര്യവും തിരഞ്ഞെടുപ്പും അംഗീകരിച്ചുകൊടുക്കേണ്ടതാണ്. എന്നാൽ, ഔചിത്യത്തിന്റെ കാര്യത്തിൽ ഇങ്ങനെ നിഷ്കർഷിക്കാനാവില്ല. വ്യത്യസ്ത സമൂഹങ്ങളിൽ ഉചിതമായവയുടെ തോതുകൾ ഏറിയും കുറഞ്ഞും ഇരിക്കും.
കേവലം വ്യക്തിപരമായ തീരുമാനങ്ങൾക്ക് അവിടെ സ്ഥാനം ഉണ്ടാകണമെന്നില്ല. മനുഷ്യൻ സാമൂഹികജീവിതം നയിക്കുന്നിടത്തോളം ഇത് വിസ്മരിക്കാനാവില്ല. അന്തസ്സ് എന്നത് പലപ്പോഴും അഭിമാനവുമായി ബന്ധപ്പെട്ട ഒരു മിഥ്യാബോധമാണെന്ന് പറയേണ്ടിവരും. സാമൂഹികനിർമിതിയായ ഒരു കാൽപനികത എന്ന് അതിനെ വിശേഷിപ്പിക്കാം. 'പ്രിവിലേജ്ഡ്' ആയ സാമൂഹികക്രമങ്ങൾ സൃഷ്ടിക്കുന്ന സവിശേഷഭാവങ്ങളാണവ. അധികാരവും സവിശേഷവസ്ത്രവും തമ്മിലുള്ള ബന്ധം ആരോപിതമാണ് എന്ന് ഇന്നത്തെ ജനങ്ങൾക്ക് തിരിച്ചറിവുണ്ട്. സാധാരണവേഷത്തിലിരുന്നാലും മുഖ്യമന്ത്രിയുടെ ജോലി നിർവഹിക്കാമെന്നതിന് കെജ്രിവാളിനെപ്പോലെയുള്ള മാതൃകകളും നമ്മുടെ മുന്നിലുണ്ട്. എന്നാൽ, പ്രാചീനകാലത്തുപോലും അധികാരത്തിന് സവിശേഷവസ്ത്രം എന്ന സങ്കൽപം ശക്തമായിരുന്നു. ഗോത്രത്തലവന്മാരുടെ അമിതാലങ്കാരം ഉദാഹരണമാണ്. അതിന്റെ തുടർച്ചയെന്നോണം രാജാക്കന്മാരുടെ വസ്ത്രവും ആവശ്യത്തിലധികം ഭാരമുള്ളതായി. മതവും അധികാരവും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പ്രതിഫലനമെന്നോണം പുരോഹിതന്മാരുടെ വസ്ത്രധാരണത്തിലും അമിതത്വം കടന്നുകൂടി. മഹാപുരോഹിതന്മാർക്ക് അധികാരം കൂടുമെന്നതിനാൽ വസ്ത്രത്തിന്റെ ബഹുത്വംതന്നെ അതിനും അടയാളമായി. എന്നാൽ, ഇതിനൊരു അപവാദമായി പറയാനുള്ളത് ഹൈന്ദവ പുരോഹിതരുടെ വസ്ത്രധാരണരീതിയാണ്. അർധനഗ്നതക്കു മാന്യത കൂടുന്ന സംസ്കാരവിശേഷം രൂപപ്പെട്ടത് ബ്രാഹ്മണികമായ ശീലങ്ങളിൽനിന്നാണ്. ഇപ്പോഴും ക്ഷേത്രദർശനത്തിൽ പുരുഷന്റെ മാറിടം അനാവൃതമായിരിക്കണമെന്ന ചട്ടം മിക്കയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. അങ്ങനെ ഒരേ കാലത്തുതന്നെ പുരുഷന് അനാവൃതമാറിടം ശ്രേഷ്ഠവും സ്ത്രീക്ക് അപമാനവും ആകുന്ന വൈരുധ്യവും ചരിത്രത്തിന്റെ ഭാഗമാകുന്നു.
ലിംഗ നിഷ്പക്ഷതയും വസ്ത്രവൈവിധ്യവും
വസ്ത്രം, പാർപ്പിടം, ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങളിൽ പാർപ്പിടത്തിനും ഭക്ഷണത്തിനും കൽപിക്കാത്ത ലിംഗവ്യത്യാസം എന്തുകൊണ്ട് വസ്ത്രത്തിനു കൽപിക്കപ്പെടുന്നു എന്ന ചോദ്യം പ്രസക്തമാണ്. ലിംഗപദവി, ലിംഗസമത്വം, ലിംഗനിഷ്പക്ഷത എന്നിവ പ്രശ്നവത്കരിക്കപ്പെടുന്ന മേഖലയാണ് വസ്ത്രം/വസ്ത്രധാരണം എന്നത്. വ്യക്തി/സ്വത്വ ബോധത്തോടും ബോധ്യങ്ങളോടും ഏറ്റവും അടുത്ത് നിൽക്കുന്നതുകൊണ്ടാകാം വസ്ത്രവും ലിംഗപദവിയും അവയുടെ ആവിഷ്കാരങ്ങളും അധികമായി ചർച്ച ചെയ്യപ്പെടുന്നത്. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം ഇവയുടെ പരിസരങ്ങളിൽതന്നെ നിലയുറപ്പിച്ചിട്ടുമുണ്ട്. ''വ്യക്തിത്വത്തിന്റെ ഔചിത്യപൂർണമായ പ്രകാശനം'' എന്ന വസ്ത്രധാരണത്തിന്റെ ഏറ്റവും ലളിതമായ ആശയത്തെ ഇത് സങ്കീർണമാക്കിത്തീർക്കുന്നു. അങ്ങനെ, ലിംഗപദവിയും വസ്ത്രവും ജാതി-മത-രാഷ്ട്രീയ-സൈദ്ധാന്തിക പോരുകൾക്ക് ഒരു ഇടംമാത്രമായി പരിണമിച്ചിരിക്കുന്നു. യഥാർഥത്തിൽ ലിംഗപദവിയെക്കുറിച്ചും സമഭാവനയെക്കുറിച്ചുമുള്ള ഗൗരവമേറിയ ചർച്ചകളാണ് ഇവിടെ ഉണ്ടാകേണ്ടത്. മാന്യമായ വസ്ത്രം ആവശ്യത്തിന് ധരിക്കുവാൻ ഇല്ലാത്ത ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോൾ വസ്ത്രത്തെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര-സൈദ്ധാന്തിക-താത്ത്വിക അവലോകനങ്ങൾക്കു നാം അധികം സമയം കളയേണ്ടതില്ല. യഥാർഥ പ്രശ്നം സ്ത്രീ-പുരുഷ സമത്വമാണ് എന്നത് മറന്നുകൂടാ. നാം ഇത് അംഗീകരിക്കാൻ തയാറാണോ എന്നതാണ് ചോദ്യം. മുമ്പ് സൂചിപ്പിച്ചപോലെ ഇത് ധാരണകളുമായി (attitude) ബന്ധപ്പെട്ട വിഷയമാണ്. ഇങ്ങനെയുള്ള ധാരണകൾ ഇന്നും അധികംപേർക്കും സ്വീകാര്യമല്ല എന്നതാണ് സത്യം. ലിംഗവ്യത്യാസമുള്ള മനുഷ്യർ തമ്മിൽ വംശപരമായി (species) വ്യത്യാസമില്ലെന്നിരിക്കെ ലിംഗസമത്വത്തെ സമർഥിക്കാൻ മറ്റു വാദങ്ങൾ ആവശ്യമില്ല. ശരീരഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടെന്നത് സമത്വത്തെ ബാധിക്കേണ്ടതില്ല. എന്നാൽ, വ്യക്തിപരമായ സ്വത്വബോധ രൂപവത്കരണത്തിൽ, മറ്റു പല സാമൂഹിക സ്ഥിതികളെപ്പോലെതന്നെ, സ്ത്രീ-പുരുഷ ശരീരഘടനക്കും അതുളവാക്കുന്ന പ്രവൃത്തികൾക്കും പങ്കുണ്ടാകാം എന്നും വ്യക്തമാണ്. മനുഷ്യന് ഏതു വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അപ്പോൾ തന്നെ, സ്വന്തം സ്വത്വബോധത്തെ ഉചിതമായി പ്രകാശിപ്പിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവും അനുവദിക്കപ്പെടണം. എല്ലാവരും ഒരു പ്രത്യേക രീതിയിൽതന്നെ 'വസ്ത്ര/വ്യക്തി സ്വാതന്ത്ര്യം' അനുഭവിക്കണം എന്ന് പറയുന്നത് ഏകാധിപത്യപരമായ അധഃപതനമാണ്; അതിന് ലിംഗസമത്വമെന്ന പേര് ചേരില്ല. ജാതി, മത, പ്രത്യയശാസ്ത്ര, സൈദ്ധാന്തിക, രാഷ്ട്രീയ ചേരികൾക്കും അതീതമാണ് വ്യക്തിസ്വത്വബോധത്തിലൂന്നിയ വ്യക്തിസ്വാതന്ത്ര്യം. വസ്ത്രധാരണം അതിന്റെ ആവിഷ്കാരമാകണം. ഇത്തരം ധാരണകളിലാണ് വസ്ത്രവൈവിധ്യം സാധ്യമാകുന്നത്. അർജുൻ അപ്പാദുരൈ നിരീക്ഷിക്കുന്നപോലെ വസ്തുക്കൾക്കും (വസ്ത്രങ്ങൾക്കും) സാമൂഹികജീവിതമുണ്ടെന്നു നാം തിരിച്ചറിയണം (The Social Life of Things 1986); അത് നാം നിരസിച്ചുകൂടാ. വസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറേണ്ടതുണ്ട്.
ശരീരം, വസ്ത്രം, അർഥം
വസ്തുക്കൾ മൂകമായി, നിശ്ചേഷ്ടം നിലകൊള്ളുന്നില്ല. അവയുടെ സാമൂഹികതയിൽ സംവേദനക്ഷമതയും ഉൾപ്പെടും. ആശയവിനിമയവും പ്രവൃത്തിയും വസ്തുക്കൾക്കും സാധ്യമാണ് എന്ന അർജുൻ അപ്പാദുരൈയുടെ അഭിപ്രായം വസ്ത്രത്തിനും ബാധകമാണ്. വസ്ത്രത്തിലൂടെയുള്ള സ്വത്വപ്രകാശനം ആശയവിനിമയം തന്നെയാണല്ലോ. അവിടെ അർഥങ്ങളും അർഥതലങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ജൈവശരീരത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ധാർമിക ശരീരമായി പരിണമിപ്പിക്കുവാൻ വസ്ത്രം ഉപയോഗിക്കപ്പെടുന്നു. അങ്ങനെ സാമൂഹികവും സാംസ്കാരികവും ധാർമികവും രാഷ്ട്രീയവുമായ സംവേദനങ്ങൾ കൃത്യമായി വസ്ത്രങ്ങളിലൂടെ സാധിക്കുന്നുണ്ട് എന്ന് നിരാദ് സി. ചൗധരിയെപ്പോലുള്ളവർ വ്യക്തമാക്കിയിട്ടുണ്ട് (Culture in the Vanity Bag 1976). എന്നാൽ, സംവേദനം ചെയ്യാൻ ഉദ്ദേശിക്കുന്നത് തന്നെയാവണം മറ്റുള്ളവർ സ്വീകരിക്കുന്നത് എന്നതിന് ഉറപ്പൊന്നുമില്ല. അവിടെ തെറ്റിദ്ധാരണകൾക്കു ധാരാളം സാധ്യതകളുണ്ട് എന്നതും കണക്കാക്കണം. അപ്പോൾ, വസ്ത്രം നിർമിച്ചെടുക്കുന്ന സാമൂഹികശരീരത്തിന്റെ അർഥം എങ്ങനെ ശരിയായി നിർണയിക്കും എന്നതും ഒരു പ്രശ്നമാണ്. ലിംഗഭേദം വ്യക്തമാക്കുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന സ്വീകാര്യമല്ലാത്ത പ്രതികരണങ്ങളോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതും ലിംഗസമത്വത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അർഥമാണ് ഇവിടെ വാദവിഷയം. ഗാന്ധിജിയുടെ അൽപവസ്ത്രത്തിന്റെ അർഥത്തെപ്പറ്റി ആർക്കും ഭിന്നാഭിപ്രായമുണ്ടാകില്ല. എന്നാൽ, മറ്റൊരു പുരുഷനിലോ ഇതര ലിംഗത്തിൽപെട്ട വ്യക്തിയിലോ കാര്യങ്ങൾ അത്ര ലളിതമായി മനസ്സിലാക്കപ്പെടുന്നില്ല എന്നത് നമ്മുടെ സമൂഹത്തിൽ ഇന്നും ഒരു പ്രശ്നംതന്നെയാണ്. ലൈംഗിക താൽപര്യത്തോടെയുള്ള പുരുഷസമീപനത്തെ നിരാകരിക്കുവാൻ അക്ക മഹാദേവിയെപ്പോലുള്ള 'ദിവ്യ' വനിതകൾ വസ്ത്രംതന്നെ ഉപേക്ഷിച്ചതായി കാണാം. ഉരിയപ്പെടുന്ന വസ്ത്രം ഇവിടെ വസ്തുവത്കരിക്കപ്പെടുന്ന പെണ്ണുടലിന്റെ പ്രതിഷേധമാണ് സംവേദനം ചെയ്യുന്നത്. സമൂഹത്തിലെ സ്ത്രീ-പുരുഷ സമത്വമില്ലായ്മയെക്കൂടിയാണ് അവർ ത്യജിച്ചത് എന്ന് എ.കെ. രാമാനുജൻ രേഖപ്പെടുത്തുന്നു (The Collected Essays of A. K. Ramanujan 1984). എന്നാൽ, ഇന്നത്തെ കേരളീയ പശ്ചാത്തലത്തിൽ ഈ സംവേദനങ്ങൾ അങ്ങനെതന്നെ സ്വീകരിക്കപ്പെടുമോ എന്നത് സംശയമാണ്. പെണ്ണുടൽ (പുരുഷന്റേതും) ഒന്ന് കണ്ടുപോയാൽ നിയന്ത്രണം നഷ്ടമാകുന്ന സമൂഹമായി കേരളം മാറിയിട്ടുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നു.
വസ്ത്രംകൊണ്ടുള്ള ആശയവിനിമയങ്ങൾക്കു പരിമിതികൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജെൻഡർ ന്യൂട്രലായ വസ്ത്രങ്ങൾ ഇങ്ങനെയുള്ള മാനസികാവസ്ഥകൾക്കും വൈകൃതങ്ങൾക്കും പരിഹാരമുണ്ടാക്കില്ല എന്നത് വ്യക്തമാണ്. പക്ഷേ, സൗകര്യമുള്ള ഏതു വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ടെന്നതിലും തർക്കമില്ല. വസ്ത്രത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ചു പറയുമ്പോൾ, സ്വത്വാവിഷ്കാര സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുത്താവുന്ന വിവിധതരം വസ്ത്രങ്ങളെപ്പറ്റി ജോൺ കാൾ ഫ്ലൂഗെൽ പരാമർശിക്കുന്നു: നിഷേധാത്മകമായത്, സഹിഷ്ണുതയുള്ളത്, നിർവികാരമായത്, കപടധാർമികതയുള്ളത്, കർത്തവ്യബോധം നിറഞ്ഞത്, സുരക്ഷിതമായത്, പിന്തുണയുള്ളത്, ഉദാത്തമായത്, സ്വയം തൃപ്തിയുള്ളത് (The Psychology of Clothes 1971). ധരിക്കുന്ന വ്യക്തിയുടെ മാനസികനിലയും ബോധ്യവും വ്യക്തമാകുംവിധം ഇവയിൽ ഏതും ധരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യർക്കുണ്ട്.
വസ്ത്രധാരണവും ലൈംഗികതയും തമ്മിലുള്ള ബന്ധം എപ്പോഴും ചർച്ചാവിഷയമാണ്. പ്രകോപനപരമായി വസ്ത്രം ധരിച്ചു എന്നത് സ്ത്രീപക്ഷത്തു മാത്രം ആരോപിക്കുന്ന വിമർശനമാണ്. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങൾ അൽപാൽപം പ്രദർശിപ്പിക്കുന്നു എന്നതാണ് വക്താവ് ഉദ്ദേശിക്കുന്നത്. അങ്ങനെ പ്രദർശിപ്പിക്കുന്നതിന്റെ ചോദനകളിൽ ലൈംഗികതാൽപര്യമില്ല എന്ന് എപ്പോഴും പറയാനാവില്ല. എക്സിബിഷനിസം ലൈംഗികവൈകൃതത്തിൽ അധിഷ്ഠിതമായ ആനന്ദവുമായി ബന്ധപ്പെട്ടതാണ്. അതിനെ രോഗമായി കണ്ട് ചികിത്സിക്കണമെന്ന സമീപനവും നമ്മുടെ സമൂഹത്തിലുണ്ട്. കുറ്റകൃത്യമായി കണക്കാക്കി കേസെടുക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്. കേസുകൾ ഏറെയും പുരുഷന്മാരുടെ ലൈംഗികാവയവ പ്രദർശനവുമായി ബന്ധപ്പെട്ടാണ് ഉണ്ടായിട്ടുള്ളത്. എങ്കിലും സ്ത്രീകളുടെ വസ്ത്രധാരണമാണ് എക്കാലത്തും സജീവമായ ചർച്ചക്ക് ഇടയാകുന്നത്. അടുത്തകാലത്ത് കോടതിപോലും അതിജീവിതയുടെ വസ്ത്രം പ്രകോപനപരമായിരുന്നു എന്ന് നിരീക്ഷിച്ചത് വിവാദമായിരുന്നു. സെലിബ്രിറ്റികളുടെ ഉയർച്ചക്ക് അടിസ്ഥാനമാകുന്നത് ഇത്തരം ശാരീരികപ്രകടനങ്ങളാണ് എന്ന ധാരണയെ ശരിവെക്കുന്ന തരത്തിലാണ് അവരുടെ വസ്ത്രങ്ങൾ രൂപകൽപന ചെയ്യപ്പെടുന്നത്. പുരുഷശരീരത്തിന് അത്തരമൊരു വിപണിമൂല്യം ഉണ്ടായിട്ടില്ലെങ്കിലും അടിവസ്ത്ര പരസ്യങ്ങളുടെ കാര്യത്തിൽ പുരുഷശരീരവും വിൽക്കപ്പെടുന്നുണ്ട്. എങ്കിലും എൺപതുകളിൽ 'കെയർഫുൾ കെയർലെസ്' ആയി പുരുഷന്മാർ ഷർട്ടിന്റെ ബട്ടനുകൾ തുറന്ന് മാറിടം പ്രദർശിപ്പിക്കുന്ന തരംഗം കേരളത്തിലുണ്ടായിരുന്നു. അക്കാലത്തെ സിനിമകളിൽ അതിന്റെ പ്രാതിനിധ്യം കാണാം. പുരുഷശരീരപ്രദർശനം ഇന്ന് മറ്റൊരു തരത്തിൽ പ്രബലമാണ്. ഈ ഘട്ടത്തിൽ ലൈംഗിക വിദ്യാഭ്യാസം, ലിംഗസമത്വം, ലിംഗ നിഷ്പക്ഷത എന്നീ ആശയങ്ങൾ ഗൗരവതരമായി ചർച്ചചെയ്യപ്പെടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. അതിൽ രാഷ്ട്രീയ-സാമുദായിക മുതലെടുപ്പുകൾ ലക്ഷ്യമാകുന്നില്ല എന്നും ഉറപ്പുവരുത്തണം.
വസ്ത്രചരിത്രവും സ്വാതന്ത്ര്യബോധവും
വസ്ത്രധാരണവുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങളെ വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശവുമായി മാത്രം കൂട്ടിയിണക്കുന്ന ആലോചനകളിൽ പരിമിതപ്പെടുത്താനാവില്ല. വസ്ത്രധാരണത്തിന്റെ ചരിത്രംകൂടി പരിഗണിച്ചാലേ പ്രസ്തുത സ്വാതന്ത്ര്യംതന്നെ നിർവചനക്ഷമമാവുകയുള്ളൂ. അല്ലാത്തപക്ഷം അത് സ്വകാര്യ ഇഷ്ടാനിഷ്ടങ്ങളുടെ പ്രഖ്യാപനം മാത്രമാകും. മുമ്പ് സൂചിപ്പിച്ച ധാരണകളുടെ ആപേക്ഷികത ചരിത്രാവലോകനത്തിലേ ബോധ്യപ്പെടുകയുള്ളൂ. ഇന്നത്തെ ഉൾവസ്ത്രം ഒരുകാലത്ത് പുറംവസ്ത്രമായിരുന്നുവെന്നും ഉൾവസ്ത്രങ്ങൾ പലതും പുറംവസ്ത്രമാക്കാൻ താൽപര്യപ്പെടുന്ന രൂപകൽപനകൾ പുതിയ കാലത്തും നടപ്പുണ്ടെന്നുമൊക്കെ അപ്പോൾ മാത്രമേ തിരിച്ചറിയപ്പെടുകയുള്ളൂ. ചരിത്രബോധം അനിവാര്യമാകുന്നത് അതുകൊണ്ടാണ്. ദേശീയതയുമായി ബന്ധപ്പെട്ടതായാലും വസ്ത്രവുമായി ബന്ധപ്പെട്ടതായാലും ഏതുതരം തീവ്രധാരണകളും മയപ്പെടുന്നത് പ്രസ്തുത അറിവിൽനിന്നാണ്. ഇന്ന് ചില പ്രസിദ്ധീകരണങ്ങളിലും വഴിയോരത്തെ ബോർഡുകളിലും പരസ്യപ്പെടുന്ന ബ്രാൻഡഡ് അടിവസ്ത്രങ്ങൾ പ്രായോഗികതലത്തിൽ രഹസ്യങ്ങളാണെങ്കിലും അവയുടെ പ്രാഗ് രൂപമായ കൗപീനം അത്ര രഹസ്യസ്വഭാവമുള്ളതായിരുന്നില്ല. എന്നുതന്നെയല്ല അന്ന് കടകളിൽ സുലഭമായിരുന്ന അവ വസ്ത്രശ്രേണീകരണത്തിൽ ഏറ്റവും താഴെയുള്ളതുമായിരുന്നില്ല. താഴ്ത്തപ്പെട്ട സമുദായത്തിൽപെട്ടവർ അരക്ക് ഒരു നൂൽ കെട്ടി അതിൽ പുല്ലുകെട്ടിത്തൂക്കി മാനം കാത്തതായി പി. ഭാസ്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട് (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, 2012). കോണകം വിശേഷപ്പെട്ട വസ്ത്രമായി പരിഗണിക്കപ്പെട്ടിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, കേരളീയതയുടെ മാനകമായി കോണകം പരിഗണിക്കപ്പെടാതെ പോകുന്നുണ്ട്. കസവിന്റെ ആധിക്യമുള്ള ജന്മിവേഷങ്ങളെ സാധാരണീകരിച്ചുള്ള പരാമർശങ്ങളാണ് അത്തരത്തിൽ അംഗീകരിക്കപ്പെടാറുള്ളത്. അങ്ങനെ നോക്കുമ്പോൾ ആഭിജാത്യനിർമിതിയുടെ ഭാഗമായിക്കൂടിയാണ് മലയാളിയുടെ വസ്ത്രസങ്കൽപം പരിണമിച്ചിട്ടുള്ളത് എന്നു കാണാം. എങ്കിലും പൊതുവെ ലിംഗ^ജാതിവ്യതിയാനം വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നിലനിർത്തിയിരുന്ന സമൂഹമായിരുന്നു കേരളത്തിലേത്. ഇതിന് അപവാദമായി സ്ത്രീകൾ മാറു മറയ്ക്കാതിരുന്ന കാലം കടന്നുവരുന്നുണ്ട്. സ്ത്രീയും പുരുഷനും കാതു കുത്തുകയും മാറു മറയ്ക്കാതിരിക്കുകയും ചെയ്ത കാലത്തെപ്പറ്റി ധാരാളം ചരിത്രരേഖകളുണ്ട്. എന്നാൽ, ഇതിനെ െജൻഡർ ന്യൂട്രൽ സംവിധാനമായി വ്യാഖ്യാനിക്കുന്നത് സത്യസന്ധമാവില്ല. സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനമായി ഇതിനെ കാണാൻ കഴിയില്ല എന്നതിന് രാജകൽപനതന്നെ തെളിവായുണ്ട്. സ്ത്രീകൾ ക്ഷേത്രത്തിൽ കയറണമെങ്കിൽ മാറിടം അനാവൃതമാക്കണമെന്ന് രാമവർമ മഹാരാജാവ് കൽപിച്ചത് ഉദാഹരണമാണ്. താഴ്ത്തപ്പെട്ട സമുദായത്തിലെ സ്ത്രീകൾ ജന്മിമാർക്കു മുന്നിൽ മേൽവസ്ത്രം എടുത്തുമാറ്റി ആദരവ് കാട്ടിയതും തന്നിഷ്ടപ്രകാരം ആയിരുന്നില്ല. അന്നൊക്കെ സ്ത്രീകൾ ആൺനോട്ടത്തിന്റെ ഇരകളായിരുന്നില്ലെന്നും സ്ത്രീകളുടെ വസ്ത്രലോപം പുരുഷവികാരത്തെ ബാധിക്കേണ്ട വിഷയമല്ലെന്നുമൊക്കെ ഇപ്പോൾ നിരീക്ഷിക്കുന്നവരുണ്ട്.
എന്നാൽ, പുരുഷാധികാരഘടനയിലുള്ള സമൂഹത്തിൽ സ്ത്രീയുടെ നഗ്നതയെ ശൈശവനൈർമല്യത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പുരുഷന്മാർ കണ്ടിരുന്നതെന്ന് വിശ്വസിക്കുക പ്രയാസമാണ്. അന്ന് മാറു മറയ്ക്കാതെയിരുന്ന സ്ത്രീകൾ ലിംഗപരമായ സ്വത്വബോധമില്ലാത്തവരായിരുന്നു എന്ന് നിരീക്ഷിക്കുന്നത് സ്ത്രീത്വത്തെ അവമതിക്കുന്നതിനു തുല്യവുമാണ്. എനിക്കു മേൽവസ്ത്രത്തിന്റെ ആവശ്യമില്ല, നിങ്ങൾക്കു പ്രശ്നമായതിനാൽ താൻ മാറു മറയ്ക്കാം എന്നു പ്രഖ്യാപിക്കുന്നവർ ഇന്നുണ്ട് എന്നത് ശരിതന്നെ. എങ്കിലും അത് സാമാന്യമായ അഭിപ്രായമല്ല. നാച്വറിസ്റ്റ് സമൂഹങ്ങൾ ലോകത്തിൽ ഇന്ന് പലയിടങ്ങളിലുണ്ടെന്നതും വാസ്തവമാണ്. എന്നാൽ, എത്ര പരിഷ്കാരങ്ങളുണ്ടായാലും വസ്ത്രമേ വേണ്ട എന്ന് മനുഷ്യസമൂഹം തീരുമാനമെടുത്തിട്ടില്ല. എല്ലാം മാറുമെങ്കിലും മാറ്റമില്ലാത്ത അവസ്ഥക്ക് നാം മാന്യതയെന്നു പേരിടുമെന്ന് അയ്യപ്പപ്പണിക്കർ 'ഗോത്രയാന'ത്തിൽ പറഞ്ഞിട്ടുണ്ട്. അത്തരമൊരു മാന്യതാവിചാരം/ഔചിത്യബോധം കേരളത്തിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നടപ്പാകാനിടയായത് സംസ്കാരസങ്കലനത്തിലൂടെയാണ്. ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുടെ സ്വാധീനം ഇക്കാര്യത്തിൽ നന്നായി പ്രകടമാണ്. മാറു മറയ്ക്കുന്നത് മ്ലേച്ഛതയാണെന്ന സമുദായവിലക്കിനെ മറികടന്ന് ഹൈന്ദവസ്ത്രീകളും ആധുനികരീതിയിൽ മാറുമറയ്ക്കാൻ തുടങ്ങിയതിനു പിന്നിൽ ഈ രണ്ടു സമുദായങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണരീതികളുടെ സ്വാധീനമുണ്ട്. ചട്ടക്കാരി, റൗക്കക്കാരി തുടങ്ങിയ പരിഹാസങ്ങൾ അവഗണിച്ചുകൊണ്ടാണ് കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണരീതികളിൽ ഏകീകരണമുണ്ടായത്. മാറുമറയ്ക്കൽ സമരംപോലെ പ്രത്യക്ഷമായ മുന്നേറ്റങ്ങൾ പോലെതന്നെ പ്രധാനപ്പെട്ടതായിരുന്നു ചില സ്ത്രീകളുടെ ഒറ്റയാൾ പ്രതിഷേധങ്ങളും. മാറുമറയ്ക്കൽ സമരമല്ലെങ്കിലും മുലയുണ്ട് എന്നതിന്റെ പേരിൽ കരമടയ്ക്കേണ്ടിവരുന്ന സാഹചര്യത്തിൽ മുലയറുത്തു പ്രതിഷേധിച്ച നങ്ങേലി അത്തരം ഒറ്റപ്പെട്ട പ്രതിഷേധങ്ങളുടെ തീവ്ര മാതൃകയാണ്.
ലിംഗസമത്വവും വസ്ത്രസംസ്കാരവും
സ്ത്രീയുടെയും പുരുഷന്റെയും ഭിന്നലിംഗത്തിലുള്ളവരുടെയും ശരീരപരമായ സ്വത്വബോധത്തിനനുരൂപമായ ആവരണമായി അവരുടെ വസ്ത്രം ആയിത്തീരുന്നുണ്ടോ എന്നത് ആരു നിർണയിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ഭരണകൂടം, മതം,സമുദായസ്ഥാപനങ്ങൾ തുടങ്ങി പലതും ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നു. ആ ഇടപെടൽ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഒക്കെയുണ്ടാവാം. എന്നാൽ എല്ലാത്തരം വ്യത്യാസങ്ങളെയും ഇല്ലാതാക്കി, പ്രത്യേകിച്ച് ലിംഗപദവി തിരിച്ചറിയാത്ത വിധത്തിൽ ഏകീകരിച്ചുകൊണ്ട് ഏതെങ്കിലും വസ്ത്രധാരണരീതി അടിച്ചേൽപിക്കുന്നത് പുരോഗമനപരമാണെന്ന് ചിലരെങ്കിലും വാദിക്കുന്നുണ്ട്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അവർ കരുതുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിൽ വസ്ത്രസ്വാതന്ത്ര്യത്തിന് പരിമിതമായ ഇടമേ തരപ്പെടുകയുള്ളൂ എന്നത് ഒരു സാമൂഹിക യാഥാർഥ്യമാണ് എങ്കിലും നടപ്പുരീതികളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യംകൂടി ഇല്ലാത്തപക്ഷം അത്തരമൊരു സമൂഹത്തെ പരിഷ്കൃതസമൂഹം എന്ന് വിളിക്കാനാവില്ല. അതേസമയം, ഏകീകൃത വസ്ത്രധാരണരീതി ആവശ്യമായി വരുന്ന ഔപചാരിക മേഖലകളിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അപ്രസക്തമാകുന്നുണ്ട്. പൊലീസ് സേനയുടെ വേഷം ഉദാഹരണമാണ്. എന്നാൽ, അവിടെയും ലിംഗഭേദപരമായ രൂപകൽപനാ വ്യതിയാനങ്ങൾ ചെറിയ തോതിലെങ്കിലും മിക്ക രാഷ്ട്രങ്ങളും പിന്തുടരുന്നുണ്ട്. ഇത് ലിംഗവിവേചനമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ സ്വത്വപരമായ ധാരണകൾ പരിഗണിക്കപ്പെടാതെ പോകുന്നു. സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം കൊണ്ടുവരുമ്പോൾ ലിംഗസമത്വവുമായി ബന്ധപ്പെട്ട ധാരണകൾ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ലിംഗപദവി നിർമിതിയാണെന്ന് തിരിച്ചറിയുമ്പോഴും ലിംഗഭേദം ജൈവികസത്യമാണെന്ന് മറന്നുപോകുമ്പോൾ സംഭവിക്കുന്ന പ്രതിസന്ധികൾ ഇന്ന് അഭിസംബോധന ചെയ്യപ്പെടുന്നില്ല. ലിംഗവിവേചനം അരുതാത്തതാണെന്ന ചിന്ത പുരോഗമനപരമാണെന്നതിൽ സംശയമില്ല. എന്നാൽ, ലിംഗവുമായി ബന്ധപ്പെട്ട സ്വത്വവിചാരം ആണിനും പെണ്ണിനുമെല്ലാം ഉണ്ടാകാവുന്നതാണ്. അത് ശരീരപരമായതിനാൽ ആണത്തത്തെയോ പെണ്ണത്തത്തെയോ ഇല്ലാതാക്കാൻ ശ്രമിക്കുന്നതുപോലെ ഒഴിവാക്കാൻ കഴിയുന്നതല്ല. വസ്ത്രം ശരീരത്തിന്റെ ആവരണമായതിനാൽ അതുകൊണ്ടുതന്നെ ലിംഗഭേദാനുരൂപമായ വ്യതിയാനങ്ങളുടെ ഉൾക്കൊള്ളലുകൾ രൂപകൽപനയിൽ സ്വാഭാവികമായിത്തീരുന്നുണ്ട്. അത് അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിപരമാണ്. ഇതരസമുദായങ്ങളുടെ വസ്ത്രധാരണ രീതികളിൽ അമിതമായി ഇടപെടുന്ന സമീപനവും നമ്മുടെയിടയിൽ സാധാരണമാണ്. കേരളചരിത്രം പരിശോധിച്ചാൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനമൊഴികെ ബാക്കിയെല്ലാം സമുദായപരമായ നവോത്ഥാനമായിരുന്നു. നായന്മാർക്കിടയിൽ മന്നത്തു പത്മനാഭനും ഈഴവർക്കിടയിൽ ശ്രീനാരായണഗുരുവും നമ്പൂതിരിമാർക്കിടയിൽ വി.ടി. ഭട്ടതിരിപ്പാടും പുലയസമുദായത്തിൽനിന്ന് അയ്യൻകാളിയും ഒക്കെ ഉയർന്നുവന്നു. അവരുടെ പ്രവർത്തനം പൊതുസമൂഹത്തെയും പ്രബുദ്ധമാക്കിയിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ വസ്ത്രധാരണത്തിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന് ആലോചിക്കേണ്ടത് ആ വിശ്വാസത്തെ പിന്തുടർന്നുപോരുന്ന സ്ത്രീകളും പുരുഷന്മാരുമാണ് എന്നതിൽ തർക്കമില്ല. സമത്വഭാവന നിലനിർത്തുന്ന രീതികളാണ് എപ്പോഴും അവലംബിക്കപ്പെടേണ്ടത്. വ്യവസ്ഥാപിത വിശ്വാസസമൂഹത്തിനു പുറത്തുനിൽക്കുന്നവർക്ക് ഒരുവിധത്തിലും വസ്ത്രധാരണത്തിനുള്ള വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുമില്ല. ഇവയെല്ലാം വ്യക്തികളുടെ തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കും എന്നതാണ് സത്യം.
ഹിജാബ്: ഭിന്നവിധിയും സങ്കീർണതകളും
ഹിജാബും പർദയുമെല്ലാം മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഏറെക്കാലമായി ചർച്ചാവിഷയമാണെങ്കിലും ഇന്ത്യയിൽ കഴിഞ്ഞയാഴ്ച ഹിജാബ് സംബന്ധിച്ചുണ്ടായ സുപ്രീംകോടതി ഭിന്നവിധി ഈ വിഷയത്തിൽ പൊതുമണ്ഡലത്തിലുള്ള ഭിന്നാഭിപ്രായങ്ങളെയും പ്രതിനിധാനംചെയ്യുന്നുണ്ട്. ഹിജാബ് കേസ് ഇപ്പോൾ കോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. കർണാടകയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടാണ് ഭിന്നവിധി ഉണ്ടായത്. മതചിഹ്നങ്ങൾ മതനിരപേക്ഷതക്ക് വിരുദ്ധമായതിനാൽ ഹിജാബ് വിലക്കിനെ ന്യായീകരിക്കാനാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത തുനിഞ്ഞതെങ്കിൽ ജസ്റ്റിസ് സുധാംശു ധൂളിയ ഹിജാബ് വിലക്കിനെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായാണ് കണക്കാക്കിയത്.
മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും ഭിന്നാഭിപ്രായങ്ങൾ നിലവിൽ പ്രചരിക്കുന്നുണ്ട്. പർദയും ഹിജാബുമൊക്കെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ആവരണങ്ങളായി കരുതുന്ന വലിയൊരു വിഭാഗമുണ്ട്. മതവുമായി ബന്ധപ്പെട്ട സാധൂകരണവും അതിനു പിന്നിൽ പ്രബലമാണ്. പ്രസ്തുത മറയ്ക്കലുകൾ സ്ത്രീയുടെ അസ്വാതന്ത്ര്യത്തിനു കാരണമാകുന്നു എന്ന വാദഗതിയും മതത്തിന് പുറത്തുള്ളവർ ഉയർത്തുന്ന മറ്റൊരു പക്ഷമാണ്. എന്നാൽ, വസ്ത്രധാരണവുമായി ബന്ധപ്പെട്ട തിരെഞ്ഞടുപ്പിന്റെ കർതൃത്വം സ്ത്രീകളിൽ നിക്ഷിപ്തമാകുന്നതാണ് അഭികാമ്യം എന്ന് കരുതാനേ പുരോഗമനവാദികൾക്കു കഴിയൂ. പർദയിൽ താൻ സുരക്ഷിതയാണ് എന്ന് ഒരു സ്ത്രീക്ക് തോന്നിയാൽ അത് വിലക്കപ്പെടേണ്ടതില്ല. ഹിജാബ് അനിവാര്യമാണെന്ന് തനിക്കു തോന്നുന്നപക്ഷം അത് മറ്റൊരാൾ വിലക്കുന്നത് എന്തിനാണ്? തുടങ്ങിയ ചോദ്യങ്ങൾകൂടി ഇത്തരം ചർച്ചകളിൽ ഉന്നയിക്കപ്പെടേണ്ടതാണ്. Lila Abu-Lughodന്റെ അഭിപ്രായത്തിൽ മുസ്ലിം വനിതയെ സ്വതന്ത്രയാക്കുവാനുള്ള ചില പ്രയത്നങ്ങൾ പലപ്പോഴും അനാവശ്യമാണ് (Do Muslim Women Need Saving? 2015). ശിരോവസ്ത്രത്തിന്റെ ഇരകളായി മാത്രമാണ് അവർ അധികവും അവതരിപ്പിക്കപ്പെടുന്നതെന്ന് Abu-Lughod കരുതുന്നു. ചില പ്രത്യേക വാർപ്പുമാതൃകകളിൽ എപ്പോഴും അവർ ചിത്രീകരിക്കപ്പെടുന്നു. കൈകാര്യംചെയ്യാൻ എളുപ്പമുള്ള സാംസ്കാരിക ബിംബമായി മാത്രം ശിരോവസ്ത്രധാരിയായ മുസ്ലിം വനിതയെ കരുതാതെ, ആ വിഷയത്തിൽ അടങ്ങിയിരിക്കുന്ന സങ്കീർണമായ രാഷ്ട്രീയ-സാംസ്കാരിക-ചരിത്ര യാഥാർഥ്യങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. കോടതിയുടെ ഭിന്നവിധി ഈ ഒരു ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ വിഷയത്തിലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ സങ്കീർണതകളെ അഭിസംബോധനചെയ്യാൻ നമ്മുടെ നീതിപീഠം ശ്രമിക്കുമ്പോൾതന്നെ, ലോകത്തിന്റെ മറ്റൊരു ഭാഗത്ത് കേവലം രാഷ്ട്രീയ മർദനോപാധികൾകൊണ്ട് സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങളും നാം കാണുന്നുണ്ട്. സ്വത്വപ്രകാശനത്തിനുള്ള ഉപാധിയായി വസ്ത്രധാരണം നിർണയിക്കപ്പെടുന്നിടത്തു വ്യക്തിയുടെ ധാരണകൾക്കുള്ള പ്രാധാന്യം ഒരു വിദ്യാസമ്പന്ന സമൂഹത്തിന് ഒരിക്കലും കുറച്ചു കാണാനാവില്ല.
മതചിഹ്നങ്ങൾ മതനിരപേക്ഷതക്ക് തടസ്സമാകുന്നു എന്ന് നിരീക്ഷിക്കുന്നത് എല്ലായ്പോയും പ്രസക്തമാകുന്ന ആശയമല്ല. വിവിധ മതക്കാരുടെ ആരാധനാലയങ്ങൾ ഒരേ പരിസരത്തിൽ സംഘർഷരഹിതമായി നിലകൊള്ളുന്നതിന്റെ ഒട്ടേറെ മാതൃകകൾ രാജ്യത്തുണ്ട്. മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണം മതവുമായി മാത്രം ബന്ധപ്പെട്ട ചിട്ടയായി കരുതാനാവില്ല. ലോകത്തിലുള്ള മുസ്ലിം സ്ത്രീകളുടെയെല്ലാം വസ്ത്രധാരണരീതി ഒരുപോലെയല്ല. ഇന്ത്യയിൽതന്നെ പ്രാദേശിക വ്യത്യാസങ്ങളുണ്ട്. കേരളത്തിൽതന്നെ ഉത്തര കേരളത്തിലും ദക്ഷിണ കേരളത്തിലും വ്യത്യാസങ്ങളുണ്ട്. വ്യക്തിതാൽപര്യം, വിശ്വാസം, സംസ്കാരം തുടങ്ങി വ്യത്യസ്ത പ്രേരണകൾ ചേർന്നതാണ് മുസ്ലിം വനിതകളുടെ വസ്ത്രധാരണരീതി. മതനിരപേക്ഷത വേഷത്തിൽ അനിവാര്യമാകുന്ന ഇടങ്ങളിൽ ചില നിബന്ധനകൾ ആകാമെങ്കിലും ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമായുള്ള മതസ്ഥാപനങ്ങളിൽ പർദയോ ഹിജാബോ ഒഴിവാക്കണമെന്ന് നിർബന്ധിക്കാനോ നിർദേശിക്കാനോ പാടില്ല. മറയ്ക്കുക എന്ന താൽപര്യമാണ് ഹിജാബിനു പിന്നിലുള്ളത്. അതിനെ ഭീകരവാദിയുടെ വേഷപ്രച്ഛന്നതയോട് തുലനംചെയ്യുന്നത് അനീതിയാണ്.
ഹിജാബ് വിഷയത്തെ സംബന്ധിച്ച സുപ്രീംകോടതിയുടെ ഭിന്നവിധി വസ്ത്രധാരണ വിഷയത്തിന്റെ സങ്കീർണത വ്യക്തമാക്കാൻ പര്യാപ്തമാണ്. വിശ്വാസം വ്യക്തിപരമാണെന്നതിൽ സംശയമില്ല. പൊതു ഇടങ്ങളിലുള്ള വിശ്വാസപ്രകടനങ്ങൾ മതനിരപേക്ഷ സാമൂഹികതയെ ബഹുമാനിച്ചുള്ളതാവണം എന്നതും ചോദ്യംചെയ്യപ്പെടാൻ സാധ്യതയില്ലാത്ത വീക്ഷണംതന്നെ. എന്നാൽ, എല്ലാ വിശ്വാസധാരകളോടും ആചാരങ്ങളോടുമുള്ള നൈതിക പ്രബുദ്ധതയിൽ അടിസ്ഥാനപ്പെട്ട ആദരവും മതനിരപേക്ഷതയുടെ ഭാഗംതന്നെയാണെന്നത് വിസ്മരിച്ചുകൂടാ. വിശ്വാസപ്രകടനങ്ങളോടുള്ള അസഹിഷ്ണുത സമൂഹത്തിൽ വളർന്നാൽ നമ്മുടെ പല സാംസ്കാരിക പ്രകാശനങ്ങളും നമുക്ക് നഷ്ടമായേക്കാം എന്ന് നാം ഓർക്കേണ്ടതുണ്ട്. അവയിൽ പലതും വസ്ത്രാലങ്കാരവുമായി ബന്ധപ്പെട്ടതാണെന്നു നാം തിരിച്ചറിയണം. വിവാഹിതരായ വ്യക്തികൾ ധരിക്കുന്ന മോതിരം, സ്ത്രീകളുടെ താലിമാല, പാദസരം, കാൽമോതിരം, വളകൾ, മൂക്കുത്തി, സിന്ദൂരം, പൊട്ട് എന്നിവയെല്ലാം പല മതങ്ങളിലും സ്വീകരിക്കപ്പെട്ടവയും പരിപാലിക്കപ്പെടുന്നവയുമാണ്. മതവിശ്വാസത്തിന് പുറത്ത് സാംസ്കാരിക അടയാളങ്ങളായി ഇവയെ സൂക്ഷിക്കുന്ന വ്യക്തികളുണ്ട്. അതുപോലെ, മതചിഹ്നങ്ങളുടെ സാംക്രമികഭാവനയിൽ ഇതര മതങ്ങളുടെ ആഭരണങ്ങളും ആചാരങ്ങളും സ്വീകരിക്കുന്നവരും ഉണ്ടെന്നത് നമുക്ക് കാണാവുന്നതാണ്. ഇവയെല്ലാം പലപ്പോഴും വ്യക്തികളുടെ തീരുമാനങ്ങളാണ്. സാംസ്കാരികമായ യോജിപ്പുകളുടെയും സാമൂഹിക സ്വത്വപ്രകാശങ്ങളുടെയും മാതൃകകളായി ഇവയെ കരുതണം. ഏകശിലാരൂപമായ സാംസ്കാരികതയിൽ ഇങ്ങനെയൊരു രീതി സാധ്യമാവില്ല. ആദരപൂർവമായ പാരസ്പരികതയുടെ ഭാവനയാണിതെന്നു നിസ്സംശയം പറയാം. മതചിഹ്നങ്ങൾ നമ്മെ ഉത്കണ്ഠാകുലരാക്കാൻ തുടങ്ങിയാൽ മുമ്പേ സൂചിപ്പിച്ചപോലെ പല സാംസ്കാരിക മൂലധനങ്ങളും നമുക്ക് നഷ്ടമായേക്കാം. കാലാകാലങ്ങളിൽ മതചിഹ്നങ്ങൾക്ക് രൂപാന്തരീകരണം സംഭവിച്ച് അവ സാംസ്കാരിക ചിഹ്നങ്ങളായി പരിണമിക്കുന്നതിന് നമ്മുടെ മുന്നിൽ ഏറെ ഉദാഹരണങ്ങളുണ്ട്. ഇത് തിരിച്ചും സംഭവിക്കുന്ന പ്രക്രിയയാണ്. സാംസ്കാരിക ചിഹ്നങ്ങൾ മതചിഹ്നങ്ങളായും പരിവർത്തിക്കപ്പെടാം. ശിരോവസ്ത്രം ധരിക്കുന്നതിന്റെ ആദ്യ പരാമർശങ്ങൾ നമുക്ക് ലഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലെ (BC) ഒരു അസീറിയൻ നിയമസംഹിതയിൽനിന്നുമാണ് (Faegheh Shirazi, 'Islamic Religion and Women's Dress Code'). അവിടെ ശിരോവസ്ത്രം അന്തസ്സിന്റെ അടയാളമായി, ഉന്നതപദവിയിലുള്ള സ്ത്രീകൾ മാത്രം ധരിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. മെസപ്പൊട്ടേമിയയിലെയും ഗ്രീസിലെയും പേർഷ്യയിലെയും ഉന്നതകുലജാതരായ സ്ത്രീകൾ ശിരോവസ്ത്രം ധരിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട് (Leila Ahmed, Women and Gender in Islam 2021). ശിരോവസ്ത്രധാരണം എന്നത് സമീപകാലത്തുണ്ടായ രീതിയോ ഏതെങ്കിലുമൊരു മതത്തിന്റേതു മാത്രമായ അടയാളമോ അല്ലെന്നു ഇത് വ്യക്തമാക്കുന്നു. കൃത്യമായ ഉദ്ദേശ്യവും ലക്ഷ്യവുമുള്ള ഒരു സാംസ്കാരികശീലം പിന്നീട് മതചിഹ്നമായി പരിണമിച്ചതാണെന്നു മനസ്സിലാക്കണം. ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെയാണ് സാംസ്കാരിക മതചിഹ്നങ്ങൾ എല്ലാ കാലത്തും വിപുലീകരിക്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെയുള്ള കൈമാറ്റ പ്രക്രിയകൾ വ്യാവഹാരികമായി നിലനിർത്തേണ്ട ആവശ്യം നമ്മെപ്പോലെ വൈവിധ്യത്തിൽ ഏകത്വം അനുഭവിക്കുന്ന ജനതയുടെ സ്വത്വപരിപാലനത്തിന് അത്യന്താപേക്ഷിതമാണ്. മതത്തെ സാംസ്കാരികമായ വ്യവഹാരമായും തിരിച്ചറിയുന്ന സമൂഹമായി നാം നിലനിൽക്കേണ്ടതുണ്ട്. ഈ പാരസ്പര്യമാണ് നമ്മുടെ സമൂഹത്തിന്റെ ബലം. ഒന്ന് മറ്റൊന്നിനു ഭീഷണിയാവാൻ നാം അനുവദിക്കരുത്.
വസ്ത്രധാരണവും സാംസ്കാരിക സ്വത്വവും
വസ്ത്രധാരണത്തിലൂടെ നിർമിച്ചെടുക്കുന്ന സാംസ്കാരികസ്വത്വവും പരിഗണന അർഹിക്കുന്നു. ''വെളുക്കുമ്പോൾ കുളിക്കുകയും വെളുത്ത മുണ്ട് ഉടുക്കുകയും ചെയ്യണ''മെന്ന 'നല്ല' ശീലം മേലാളർക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും അധ്വാനവർഗം ആ ലോകത്തിനു പുറത്താണെന്നും ഉള്ള തിരിച്ചറിവ് ഇന്ന് പ്രബലമാണ്. ഇവിടത്തെ അക്കാദമിക സമൂഹമാണ് ഇത്തരമൊരു തിരിച്ചറിവിനു പ്രചാരം നൽകിയത്. ഒരു വിഭാഗം രാഷ്ട്രീയപ്രവർത്തകരുടെ വസ്ത്രധാരണത്തിൽ മുമ്പ് സൂചിപ്പിച്ച നിർമിതിയുടെ ശീലങ്ങൾ പ്രകടമാണ്. പശയിട്ട് ബലപ്പെടുത്തിയ വെളുത്ത ഖദറിനുള്ളിലായാൽ നേതാവ് എന്ന വിഭാഗത്തിൽ താൻ ഉൾപ്പെട്ടതായി കുട്ടിരാഷ്ട്രീയക്കാർപോലും മനസ്സിലാക്കിയിരിക്കുന്നു. അവിടെയും ലിംഗപദവീതുല്യത കാണാൻ പ്രയാസമാണ്. വനിതാപ്രവർത്തകർക്ക് അത്തരമൊരു ഇസ്തിരിപൂർണത പറഞ്ഞിട്ടില്ല. എന്നാൽ, പുരുഷന്മാരുടെ കാര്യത്തിൽ യുവാവായിരിക്കുമ്പോൾതന്നെ ജനപ്രതിനിധിയായില്ലെങ്കിൽക്കൂടി 'വിയർപ്പിന്റെ അസുഖ'മുള്ളവരുടെ ഗണത്തിലേക്ക് അവർ പ്രവേശിക്കുന്നു. അതിന്റെ പ്രത്യക്ഷ അടയാളമാണ് വെളുത്തതും ഉടയാത്തതുമായ ഖദർവസ്ത്രം. ഗാന്ധിജി വിഭാവനചെയ്ത സ്വരാജ്യത്തിന്റെയും സ്വയംപര്യാപ്തതയുടെയുമൊെക്ക ആശയങ്ങൾ അവിടെ തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. ഗാന്ധിജി അങ്ങനെയുള്ള ആശയം പ്രചരിപ്പിച്ചു എന്നുള്ളത് ലോകചരിത്രത്തിൽതന്നെ ഒറ്റപ്പെട്ട സംഭവമാണ്. അതിന്റെ പ്രാധാന്യം നമ്മുടെ കവികളൊക്കെ തിരിച്ചറിഞ്ഞിരുന്നു. ''ചർക്കകൾ നൂൽക്കും പരുക്കനുടുത്തോരനുജനെ കാർക്കിച്ചു തുപ്പിയോൻ'' എന്ന് നാടൻ സായിപ്പിനെ വിമർശിച്ച് ഒ.എൻ.വി എഴുതിയത് അതുകൊണ്ടാണ്. വസ്ത്രം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാനപ്പെട്ട ഒരു ആയുധമായി എന്നത് എടുത്തുപറയേണ്ട ആശയവുമാണ്. എന്നാൽ, സമകാലിക പ്രവർത്തകരുടെയിടയിൽ അത് കേവലം പ്രകടനമായി മാറി.
വിശേഷവസ്ത്രത്തിനു മാന്യത കൂടും എന്ന ധാരണയിൽതന്നെയാണ് നമ്മുടെ സമൂഹം ഇപ്പോഴും മുന്നോട്ടുപോകുന്നത്. മധ്യപ്രദേശിലെ ആദിവാസികളുടെ പരമ്പരാഗത വേഷത്തോട് ഐക്യപ്പെട്ട് വസ്ത്രം ധരിക്കുന്ന ദയാബായിക്ക് അതിന്റെ പേരിലുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ ഉദാഹരണമാണ്. ബസിൽനിന്ന് ഇറക്കിവിട്ട സംഭവംപോലുമുണ്ടായി. ഹൗസിങ് ബോർഡ് സെക്രട്ടറി ആയിരിക്കുമ്പോഴും സാധാണക്കാരനെപ്പോലെ ഷർട്ടും മുണ്ടും ധരിച്ച് ഓഫിസിനു വെളിയിൽ നിന്ന എൻ.പി. മുഹമ്മദിനോട് (നോവലിസ്റ്റ്) ഒരു സന്ദർശകൻ പ്യൂൺ ആണെന്നു കരുതി സെക്രട്ടറിയെ കാണാൻ അവസരമൊരുക്കുന്നതിന് ഇരുപതു രൂപാ കൈമടക്കു നൽകിയതിനെപ്പറ്റി അദ്ദേഹംതന്നെ അനുസ്മരിച്ചിട്ടുണ്ട്. വസ്ത്രധാരണത്തിലെ മികവിന്റെ അടിസ്ഥാനത്തിൽ വ്യക്തിമഹത്വം നിർണയിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അത് എല്ലാക്കാലവും നിലനിൽക്കണമെന്നില്ല. അത്രമാത്രം വൈചിത്ര്യങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ള ഒരു സമൂഹമാണ് ഇന്നുള്ളത്.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട പരീക്ഷണഘട്ടംകൂടിയാണ് ഇക്കാലം. സമൂഹമാധ്യമങ്ങളാണ് ഇത്തരം പരീക്ഷണങ്ങളെ ത്വരിതഗതിയിലാക്കുന്നത്. സമൂഹത്തിന്റെ അംഗീകാരം പ്രകടനങ്ങളുടെ ലക്ഷ്യമാണ്. പാർപ്പിടം പോലെതന്നെ പ്രകടനമൂല്യം ഏറിനിൽക്കുന്ന ഒന്നാണ് വസ്ത്രവും. പ്രകടനപരത വസ്ത്രധാരണചരിത്രത്തിന്റെ ഭാഗവുമാണ്. ഇന്നു സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്ന പ്രൊഫൈൽ ചിത്രങ്ങളുൾെപ്പടെയുള്ള പോസ്റ്റുകളിൽ നിറയുന്ന പ്രകടനാംശം സാമൂഹികസ്വീകാര്യതക്കു വേണ്ടി സമർപ്പിക്കുന്ന അപേക്ഷകൾകൂടിയാണ്. മുൻകാലങ്ങളിൽ ഇത് വിശേഷാവസരങ്ങളിലെ വസ്ത്രധാരണത്തിലോ സിനിമയിലെ വേഷംകെട്ടലിലോ മാത്രമായി ചുരുങ്ങിയിരുന്നു. സിനിമയിൽനിന്നു കാമ്പസിലേക്കും കാമ്പസിൽനിന്നു സമൂഹത്തിലേക്കും അനായാസം ഈ പ്രകടനസ്വഭാവം സംക്രമിക്കുമായിരുന്നു. പട്ടിനാക്ക് കോളറും ബെൽബോട്ടം പാന്റും ഒക്കെ അങ്ങനെയാണ് പ്രചരിച്ചത്. എന്നാൽ, ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന ആശയരൂപവത്കരണങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് വസ്ത്രവുമായി ബന്ധപ്പെട്ട പരസ്യവിചാരണകൾതന്നെ അവിടെ നടക്കുന്നുണ്ട്. ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളെപ്പറ്റിയുള്ള ചർച്ചകളും ഏറെ സജീവമാകുന്നത് സമൂഹമാധ്യമങ്ങളിലാണ്. ചാനൽ ചർച്ചകളിൽ മൂന്നോ നാലോ പേരുടെ അഭിപ്രായപ്രകടനങ്ങളാണെങ്കിൽ സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിനു കമന്റുകളാണ് അതേപ്പറ്റിയുണ്ടാകുന്നത്. എന്നാൽ, അവയിൽ പലതും ലിംഗസമത്വവും ലിംഗനിഷ്പക്ഷതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെയുള്ള സംവാദങ്ങളാണ്. പിണറായി വിജയൻ സാരി ഉടുക്കട്ടെ എന്നൊക്കെയുള്ള മറുപടികൾ ഉണ്ടാകുന്നത് അതുകൊണ്ടാണ്. പുരുഷന്മാരെ സാരി ഉടുപ്പിച്ചും സ്ത്രീകളെ ഷർട്ടും മുണ്ടും ധരിപ്പിച്ചും നേടിയെടുക്കേണ്ട ഒന്നല്ല ലിംഗസമത്വമെന്ന് തിരിച്ചറിയാത്തതിന്റെ അപകടം ഇന്ന് നാം അഭിമുഖീകരിക്കുന്നുണ്ട്. ലിംഗസമത്വം നേടിയെടുക്കേണ്ടത് അധികാരവിനിയോഗത്തിലും സാമൂഹിക അവസരങ്ങളിലും ഗാർഹിക ചുറ്റുപാടുകളിലുമാണ്. ഹിജാബ് വിഷയത്തിൽ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾ സമുദായവേട്ട എന്ന് വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാൻ പാടില്ല. ലിംഗസമത്വവും മതനിരപേക്ഷതയുമൊക്കെ നടപ്പിൽ വരുത്തേണ്ട പുരോഗമനാശയങ്ങൾതന്നെയാണ്. എന്നാൽ, യഥാർഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതിരിക്കുന്നത് രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷണത്തിനു ചികിത്സിക്കുന്നതുപോലെയാണ്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഭരണകൂട ഇടപെടലിലും ഈ ആശയം പരിഗണിക്കേണ്ടതുണ്ട്.