'ഹിന്ദുത്വവും പ്രത്യയശാസ്ത്ര അടിത്തറകളും'; വിമർശനാത്മകമായി പരിശോധിക്കുന്നു
ഹിന്ദുത്വത്തെയും അതിെൻറ പ്രത്യയശാസ്ത്ര അടിത്തറകളെയും വിമർശനാത്മകമായി പരിശോധിക്കുന്നു. ''ബഹുസ്വര സംസ്കാരത്തോടോ ഭരണഘടനാ ജനാധിപത്യത്തോടോ മതനിരപേക്ഷ ദേശീയത സങ്കൽപത്തോടോ സാമൂഹിക നീതിയോടോ തുല്യപൗരത്വ സങ്കൽപത്തോടോ ഒരുവിധ പ്രതിപത്തിയും ഒരു കാലത്തും ഹിന്ദു രാഷ്ട്രവാദ ആശയങ്ങൾക്ക് ഉണ്ടായിരുന്നില്ല'' എന്ന് ലേഖകൻ സമർഥിക്കുന്നു. ഇന്ത്യൻ സംസ്കാരത്തെയും പ്രാചീന...
Your Subscription Supports Independent Journalism
View Plansഹിന്ദുത്വത്തെയും അതിെൻറ പ്രത്യയശാസ്ത്ര അടിത്തറകളെയും വിമർശനാത്മകമായി പരിശോധിക്കുന്നു. ''ബഹുസ്വര സംസ്കാരത്തോടോ ഭരണഘടനാ ജനാധിപത്യത്തോടോ മതനിരപേക്ഷ ദേശീയത സങ്കൽപത്തോടോ സാമൂഹിക നീതിയോടോ തുല്യപൗരത്വ സങ്കൽപത്തോടോ ഒരുവിധ പ്രതിപത്തിയും ഒരു കാലത്തും ഹിന്ദു രാഷ്ട്രവാദ ആശയങ്ങൾക്ക് ഉണ്ടായിരുന്നില്ല'' എന്ന് ലേഖകൻ സമർഥിക്കുന്നു.
ഇന്ത്യൻ സംസ്കാരത്തെയും പ്രാചീന ഇന്ത്യ ചരിത്രത്തെയും ഒരു വരേണ്യ ഹിന്ദു ഭൂതകാലമായി കാണുന്ന സമീപനം ഉണ്ടായി വന്നത് ബ്രട്ടീഷ് ഭരണകാലത്താണ്. ഇന്ത്യയുടെ ചരിത്രഭൂതകാലത്തിലെ സുവർണകാലഘട്ടമെന്നത് ഹിന്ദുഭരണ കാലമായ പ്രാചീന ഇന്ത്യയിലായിരുന്നെന്ന ആശയം ഒരു ചരിത്ര എഴുത്തു സംസ്കാരമായി വികസിപ്പിച്ചത് കൊളോണിയൽ ഉദ്യോഗസ്ഥ പണ്ഡിതരായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയൽ ഭരണാവശ്യങ്ങളെ മുൻനിർത്തി ഇന്ത്യയെ കണ്ടെത്തി പഠിച്ച് മനസ്സിലാക്കാനുള്ള സംഘടിത ശ്രമങ്ങളുണ്ടായി വന്നു. കൊളോണിയൽ അധിനിവേശം ഇന്ത്യയിൽ ഭരണവ്യവസ്ഥയായി രൂപപ്പെട്ടു വന്നപ്പോൾ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ജനസമൂഹങ്ങളെയും ഭാഷാ സാംസ്കാരിക പ്രദേശങ്ങളെയും മതജീവിതത്തെയും ജാതിബന്ധങ്ങളെയും ഭൂവുടമസ്ഥതയെയും നിയമ സംവിധാനത്തെയും സാമൂഹിക ജീവിത രൂപങ്ങളെയും കൊളോണിയൽ ഭരണവ്യവസ്ഥയിലേക്ക് ഉദ്ഗ്രഥിക്കുന്നതിനുമുള്ള ശ്രമങ്ങളുണ്ടായി വന്നു. ഇന്ത്യയെപ്പറ്റിയും ഇന്ത്യൻ വിജ്ഞാനത്തെപ്പറ്റിയും പഠിക്കേണ്ടത് കൊളോണിയൽ ഭരണ ആവശ്യമായി മാറി. ഇന്ത്യയെപ്പറ്റിയുള്ള കൊളോണിയൽ ജ്ഞാന നിർമിതി ഒരു ഭരണവിജ്ഞാന രൂപമായിട്ടാണ് വികസിച്ചുവന്നത്. വ്യവസ്ഥാപരവും ചിട്ടയായതുമായ ഇന്ത്യാപഠന രീതികളും അതിനുള്ള സ്ഥാപനങ്ങളും മറ്റും പൗരസ്ത്യ പഠനങ്ങളുടെയും (orientalism) ഇന്ത്യാ പഠനങ്ങളുടെയും (indology) ഭാഗമായി ഉണ്ടായിവന്നു. വിവിധ സർവേകളും ജനവംശപഠനങ്ങളും (ethnograpy) ഭരണ റിപ്പോർട്ടുകളും സെൻസസ് വർഗീകരണ കണക്കെടുപ്പുകളും സ്ഥാപനവത്കരിച്ച് കൊളോണിയൽ ഭരണകൂടത്തിെൻറ ഭരണസംസ്കാരത്തിെൻറ ഭാഗമായി മാറി. പ്രാചീന ഇന്ത്യാ ചരിത്രത്തെ ഹിന്ദു ചരിത്ര ഭൂതകാലവും സംസ്കാരവുമായി സ്ഥാനപ്പെടുത്തുന്നതായിരുന്നു ഈ പഠനങ്ങളിൽ പൊതുവെ പിന്തുടർന്നിരുന്നത്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെയും ജാതിസ്വത്വങ്ങളെയും ഗോത്രസമൂഹങ്ങളെയും ഹിന്ദു എന്ന മതവിഭാഗമായി വർഗീകരിക്കുന്ന രീതികൾ ഇതിെൻറ ഭാഗമായി ഉണ്ടായി വന്നു. പുരാണിക് ഹിന്ദു എന്ന ത്രൈവർണിക സങ്കൽപത്തിൽനിന്നും ആധുനിക ഹിന്ദുമതമെന്ന മതസ്വത്വത്തെ നിർമിക്കുന്നതിനാവശ്യമായ ജനവംശ പഠനങ്ങളും മത സ്വത്വത്തെ അടിസ്ഥാനപ്പെടുത്തുന്ന സെൻസസ് കണക്കെടുപ്പുകളും കൊളോണിയൽ ഭരണവിജ്ഞാനത്തിെൻറ നിർമിതിയുടെ ഭാഗമായി വളർന്നു വന്നതാണ്. ഈ കൊളോണിയല്‍ ചരിത്ര സാംസ്കാരിക പഠനങ്ങളെയും സംസ്കാര വിശകലനത്തെയും കൊളോണിയൽ വിജ്ഞാന നിർമിതിയെയും ഹിന്ദു ഇന്ത്യയുടെ ഹിന്ദു ചരിത്ര ഭൂതകാലവും സാംസ്കാരിക വിഭവവും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള സാംസ്കാരിക സത്തയും സാംസ്കാരിക ദേശീയത വാദവുമായി മാറ്റിയെടുത്തുകൊണ്ടാണ് ഹിന്ദുത്വപ്രത്യയശാസ്ത്രം ബ്രിട്ടീഷ് ഭരണകാലത്ത് വളർന്നുവന്നത്.
ചരിത്രത്തെയും സംസ്കാരത്തെയും ജനജീവിത വിന്യാസ രീതികളെയും മതജീവിത വൈവിധ്യങ്ങളെയും സാമൂഹിക സ്ഥാപന രൂപങ്ങളെയും വരേണ്യ ദേശീയതയുടെ സാംസ്കാരിക മുൻ വിധിയിൽ വരേണ്യവും ഏകമാനവുമുള്ള ഹിന്ദു മതസ്വത്വത്തെ അടിത്തറയാക്കുന്ന രീതിയായിട്ടാണ് ഹിന്ദു രാഷ്ട്രവാദ ആശയം കൊളോണിയൽ ജ്ഞാന സംസ്കാരത്തെ ഉപജീവിച്ച് വളർന്നുവന്നത്. മറാത്ത പേഷ്വ ബ്രാഹ്മണ പണ്ഡിതരുടെയും അവരുടെ ഹിന്ദു രാജ്യ പദ്ധതിയുമായിട്ടാണ് ഹിന്ദുത്വ ആശയങ്ങൾ കൊളോണിയൽ രാഷ്ട്രീയത്തിെൻറ അനുബന്ധമായി വികസിച്ചുവന്നത്. ജാതിവരേണ്യതയെ സനാതന സാംസ്കാരിക ജീവിതരീതിയായി സാമൂഹികമായും സാംസ്കാരികമായും കാണുകയും വരേണ്യജാതി ഹിന്ദു ജീവിതത്തെ ഹിന്ദുസംസ്കാരവുമായി കാണുന്നതായിരുന്നു ഈ രാഷ്ട്രീയത്തിെൻറ സ്വഭാവം. ജാതി ഹിന്ദുക്കളുടെ സംസ്കാരത്തെ ഹിന്ദുമതസ്വത്വമായി സാധൂകരിക്കുന്ന രാഷ്ട്രീയ നിലപാട് സങ്കുചിത ദേശീയത വാദമായി വളർന്നുവന്നു. ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യദശകങ്ങളിൽ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും സാമൂഹിക നീതി ആശയങ്ങളും ജാതി ബ്രാഹ്മണ്യത്തിനെതിരെ ഉയർത്തിയ വെല്ലുവിളികളെ പ്രതിരോധിക്കാൻ സങ്കുചിതമായി ഭൂരിപക്ഷ മതവാദവും ഭൂരിപക്ഷ മത രാഷ്ട്രത്തെ നിർമിക്കുന്ന ഹിന്ദുത്വവാദവുമായി ഇത് വികസിപ്പിച്ചു വന്നു. കൊളോണിയൽ ചരിത്രശാസ്ത്രം നിർമിച്ച ഹിന്ദു ചരിത്ര നിർമിതികളായിരുന്നു ഇതിെൻറ അടിത്തറ. വലതുപക്ഷ ഹിന്ദുത്വ സാംസ്കാരികവാദം ഇന്ന് ഇന്ത്യൻ സംസ്കാരത്തെപ്പറ്റി പ്രചരിപ്പിക്കുന്ന ആശയങ്ങൾ കൊളോണിയൽ ചരിത്രശാസ്ത്രം ഇന്ത്യയെ ഭരിക്കുന്നതിനായി നിർമിച്ചെടുത്ത സങ്കൽപങ്ങളാണ്. ബ്രാഹ്മണ്യ ആശയവാദവും സാംസ്കാരിക ദേശീയതയുമായി സ്വാതന്ത്ര്യ പ്രസ്ഥാനത്തിെൻറ കാലത്തുതന്നെ ഏക സാംസ്കാരിക സ്വത്വത്തിൽ ഊന്നുന്ന മത സ്വത്വ കാഴ്ചപ്പാട് രാഷ്ട്രീയ രൂപം കൈവരിച്ചു. ഇത് മതേതര ജനാധിപത്യ മൂല്യങ്ങൾക്കെതിരായി ദേശീയ പ്രസ്ഥാനത്തിെൻറയുള്ളിൽ ബ്രാഹ്മണ്യ രാഷ്ട്രീയ സംസ്കാരമായി വികസിക്കുകയും ചെയ്തിരുന്നു. ത്രൈവർണിക ജാതി ഹിന്ദു വിഭാഗങ്ങളുടെ ബ്രാഹ്മണ്യ സംസ്കാരവും ജാതിഭേദങ്ങളെ സാധൂകരിക്കുന്ന ധർമശാസ്ത്രങ്ങളിലെ നിയമ പദ്ധതിയെ ആദർശവത്കരിക്കുന്ന സാംസ്കാരിക ചരിത്രവാദമായിരുന്നു ഇതിെൻറ ഒരു സ്വഭാവം. ജാതിപുരുഷാധിപത്യത്തെ വരേണ്യഹിന്ദുക്കളുടെ ആദര്‍ശ ജീവിത കാഴ്ചപ്പാടായി നിലനിർത്തുന്ന സാംസ്കാരികവാദം ബ്രാഹ്മണ്യപുരുഷാധിപത്യത്തിെൻറ ആണധികാര രാഷ്ട്രീയ നിലപാടായിട്ടാണ് ഹിംസാത്മക ആവിഷ്കാരങ്ങളിലൂടെ രാഷ്ട്രീയ രൂപം കൈവരിച്ചത്. ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും ആണധികാര പദ്ധതിയായി ഹിംസാവത്കരിക്കുന്നതായിരുന്നു ഹിന്ദുത്വത്തിെൻറ സാംസ്കാരികവാദങ്ങൾ. വരേണ്യജാതി ഹിന്ദു വലതുപക്ഷ ബോധവും സങ്കുചിത സാംസ്കാരിക ദേശീയതയുമായി ജാതി ഹിന്ദുക്കളുടെ ആണധികാര ഹിന്ദു രാഷ്ട്ര വാദമായാണ് ഇത് വികസിച്ചുവന്നത്.
ഹിന്ദുമതവും കൊളോണിയൽ വിജ്ഞാനവും
ആധുനിക ഇന്ത്യൻ ചരിത്രവിജ്ഞാനം സ്വാതന്ത്ര്യപൂർവ ഘട്ടങ്ങളിലാണ് രൂപപ്പെട്ടു വന്നത്. യൂറോപ്യൻ ആധുനികതയുടെ ഭാഗമായി ഉണ്ടായി വന്ന പാശ്ചാത്യ ചരിത്രരചന കാഴ്ചപ്പാടുകളാണ് ഇതിെൻറ അടിത്തറ. ബ്രിട്ടീഷ് കൊളോണിയൽ താൽപര്യങ്ങളെ മുൻനിർത്തിയുള്ള പൗരസ്ത്യ വാദ സമീപനങ്ങളായി ഇതു വികസിക്കുകയും (British Orientalism) കൊളോണിയൽ ജ്ഞാന പദ്ധതിയെ ഉപജീവിച്ച് ഇന്ത്യാ പഠനങ്ങളായി (indology) വളർന്നുവരുകയും ചെയ്തു. ഇന്ത്യയുടെ ഭൗതിക സംസ്കൃതിയും സാംസ്കാരിക പ്രത്യേകതകളും സാമൂഹിക വ്യവസ്ഥയും ദാർശനിക പാരമ്പര്യവും മതജീവിതവും പാശ്ചാത്യ അധിനിവേശ ഭരണയുക്തിയിൽ കണ്ടെടുക്കുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവ്യവസ്ഥക്രമത്തിലേക്ക് ഉദ്ഗ്രഥിക്കപ്പെടുന്നതും ഈ കൊളോണിയൽ വിജ്ഞാന നിർമിതിയുടെ ഭാഗമായിട്ടായിരുന്നു. ഇന്ത്യൻ പാരമ്പര്യത്തിലുള്ള വരേണ്യ വൈജ്ഞാനിക രൂപങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും ബ്രാഹ്മണ പാരമ്പര്യങ്ങളെയും വൈദികമതവും തത്ത്വചിന്തയും ബ്രിട്ടീഷ് അറിവധികാര ക്രമത്തിലേക്ക് ബന്ധിപ്പിച്ചുകൊണ്ടാണ് പൗരസ്ത്യവാദ ഇന്ത്യാ പഠനങ്ങൾ ഇന്ത്യയെ കണ്ടെടുത്ത് അവതരിപ്പിച്ചത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്ത്യാപഠന പദ്ധതിയിൽ പാരമ്പര്യവിജ്ഞാനമായി പ്രാധാന്യം കിട്ടിയത് തൈവർണികരുടെയും ജാതി ഹിന്ദുക്കളുടെയും ചരിത്ര ഭൂതകാലത്തിനും സാംസ്കാരിക വരേണ്യതയിൽ നിലനിന്ന പാരമ്പര്യങ്ങൾക്കുമായിരുന്നു. ഇതിനെ ഇന്ത്യൻ സംസ്കാരമായി പാഠവത്കരിക്കുകയായിരുന്നു ഇന്ത്യയെപ്പറ്റിയുള്ള കൊളോണിയൽ വിജ്ഞാനം ചെയ്തത്
വിപുലമായ കൊളോണിയൽ വിവരശേഖരണ പ്രക്രിയ ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകതകളെയും ജനവിന്യാസ രീതികളെയും വിഭവ രൂപങ്ങളെയും വിഭവസമാഹരണ രീതികളെയും രാഷ്ട്രീയ സമ്പദ്വ്യവസ്ഥക്രമങ്ങളെയും അന്വേഷിച്ച് കണ്ടെത്തി ക്രമപ്പെടുത്തി വർഗീകരിച്ച് കൊളോണിയൽ വിജ്ഞാനമാക്കുന്ന രീതിയായാണ് വികസിച്ചത്. ഭരണ നടപടിക്രമങ്ങളുടെ ഭാഗമായി നടപ്പാക്കിയ വിവിധ തരത്തിലുള്ള വിവര ശേഖരണ പ്രക്രിയയായി കൊളോണിയൽ ഭരണത്തിെൻറ ദൈനംദിന വ്യവസ്ഥയും ഭരണക്രമവുമായി ഈ പ്രക്രിയ വളർന്നു വന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥ പണ്ഡിതരും മിഷണറിമാരും പാശ്ചാത്യ അന്വേഷകരും വിദേശ സഞ്ചാരികളും പിന്തുടർന്ന ഇന്ത്യയുടെ ചരിത്ര ഭൂതകാലത്തെപ്പറ്റിയുള്ള പലതരത്തിലുള്ള കാഴ്ചപ്പാടുകൾ യൂറോപ്യന്മാർ പൊതുവെ പുലർത്തിയ സാംസ്കാരിക മുൻവിധികളും യൂറോപ്യൻമാരുടെ വംശീയ കാഴ്ചപ്പാടുകളാലും സ്വാധീനിക്കപ്പെട്ടതായിരുന്നു. പാശ്ചാത്യ ഉപയുക്തത വാദസങ്കൽപങ്ങൾക്കും കൊളോണിയൽ ചൂഷണക്രമത്തിനും അനുസൃതമായി നിർമിക്കപ്പെട്ടതായിരുന്നു കൊളോണിയൽ ജ്ഞാന നിർമിതിയും എഴുത്തു സംസ്കാരവും. ഇന്ത്യൻ സമൂഹത്തെ പരിഷ്കരിക്കുകയും പാശ്ചാത്യ സാംസ്കാരിക കാഴ്ചപ്പാടിൽ ഇന്ത്യൻ സമൂഹത്തെയും ജനതയെയും നാഗരികരാക്കുകയും (civilise) ചെയ്യുക എന്ന കൊളോണിയൽ അവകാശവാദത്തിലായിരുന്നു ബ്രിട്ടീഷ് ഭരണവ്യവസ്ഥയും ഇന്ത്യയെപ്പറ്റിയുള്ള കൊളോണിയൽ ജ്ഞാന നിർമിതിയും ഉണ്ടായിവന്നതും ന്യായീകരിക്കപ്പെട്ടതും. കൊളോണിയൽ ആധിപത്യത്തിെൻറ ഭാഗമായ ദൈനംദിന ഭരണനടപടികളുടെ തുടർച്ചക്കും അതിെൻറ സാധൂകരണത്തിനും വേണ്ടി ഇന്ത്യൻ സംസ്കാരത്തെയും ചരിത്ര ഭൂതകാലത്തെയും കണ്ടെടുത്ത് അവതരിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യയെപ്പറ്റിയുള്ള സവിശേഷമായ വിജ്ഞാന നിർമിതി കൊളോണിയൽ ഭരണത്തിെൻറ ഭാഗമായി സ്ഥാപന രൂപം കൈവരിച്ചത്. ഇതിെൻറ ഭാഗമായിട്ടായിരുന്നു ചരിത്രം ഒരു പോസിറ്റിവിസ്റ്റ് ഉപയുക്തതാ വാദത്തിലൂന്നുന്ന ഒരു വിജ്ഞാന രൂപമെന്ന നിലയിൽ ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുന്നതും ഒരു ഭരണവ്യവസ്ഥ സാധൂകരണ വിജ്ഞാനമായി നിർമിക്കപ്പെടുന്നതും. ഇന്ത്യയുടെ തദ്ദേശീയമായ സാംസ്കാരിക സ്ഥാപനങ്ങളെയും നിയമ പാരമ്പര്യങ്ങളെയും സാമൂഹിക വ്യവസ്ഥകളെയും കൊളോണിയൽ ഭരണകൂടത്തിലേക്കും ഭരണക്രമത്തിലേക്കും ഉദ്ഗ്രഥിക്കുന്ന പദ്ധതിയുടെ വൈജ്ഞാനിക സാധൂകരണം എന്ന രീതിയിലാണ് ഇന്ത്യയെപ്പറ്റിയുള്ള കൊളോണിയൽ ചരിത്രശാസ്ത്രം ഒരു ഭരണ വിജ്ഞാനമെന്ന നിലയിൽ വികസിച്ചുവന്നത്. പാശ്ചാത്യ അധിനിവേശത്തെയും ബ്രിട്ടീഷ് ഭരണവ്യവസ്ഥയെയും പാശ്ചാത്യ സംസ്കാരത്തിെൻറയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വികാസവും നേട്ടവുമായി അവതരിപ്പിക്കപ്പെട്ടു. കൊളോണിയൽ അറിവധികാരവും ബ്രിട്ടീഷ് ഭരണവ്യവസ്ഥയും വികസിതമായ പാശ്ചാത്യ നാഗരികതയുടെ സ്ഥാപന രൂപങ്ങളുടെ ഉന്നതിയും ഉദാരമായ പാശ്ചാത്യ മൂല്യങ്ങളുമായി പ്രചരിപ്പിക്കപ്പെട്ടു. കൊളോണിയൽ ആധിപത്യവും ഭരണസംവിധാനങ്ങളും ആധുനികതയായും പാശ്ചാത്യവത്കരണവുമായി സാധൂകരണം നേടി. ഇന്ത്യയിൽ നടപ്പാക്കുന്ന ഭൗതിക സാംസ്കാരിക വികസന പദ്ധതിയായി കൊളോണിയൽ ഭരണത്തെ സാധൂകരിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഒരു ഭരണവിജ്ഞാന രൂപം കൂടിയായി കൊളോണിയൽ ചരിത്രശാസ്ത്രം മാറി.
ബ്രിട്ടീഷുകാർക്ക് ഇന്ത്യയെപ്പറ്റിയുള്ള ചരിത്രം കൊളോണിയൽ ഭരണത്തെ സാധൂകരിക്കാനും കോളനി ജനതയായ ഇന്ത്യക്കാരെ നിയന്ത്രിക്കാനുമുള്ള ഒരു ഭരണ ഉപാധി (regime of history)കൂടിയായിരുന്നു. മത സാമുദായിക സ്വത്വങ്ങളും ജനവംശങ്ങളുടെ സാമൂഹിക സ്ഥാനങ്ങളും രേഖീയമായി സ്ഥാനപ്പെടുത്തി സംസ്കാര നിലകളുടെ ഏറ്റിറക്കങ്ങളിൽ സ്ഥലകാലങ്ങളുടെ ഒരു ഭരണഭൂമികയായി ഇന്ത്യയുടെ ചരിത്ര ഭൂതകാലത്തെ കണ്ടെടുക്കുന്ന കൊളോണിയൽ ചരിത്ര വിജ്ഞാനം ഒരു വൈദേശിക ഭരണവിജ്ഞാന രൂപമായി ബ്രിട്ടീഷുകാർ സൃഷ്ടിച്ചു. മതത്തെയും സാമുദായിക രൂപങ്ങളെയും പ്രാദേശിക സ്വത്വങ്ങളെയും ഇകഴ്ത്തിയും പുകഴ്ത്തിയും ഇന്ത്യയുടെ ചരിത്ര ഭൂതകാലങ്ങളിലെ ഭരണവ്യവസ്ഥയെയും സാംസ്കാരിക സാമ്പത്തിക സ്ഥാപനങ്ങളെയും സ്ഥാനപ്പെടുത്താനുള്ള സാംസ്കാരിക മാനദണ്ഡമായി കൊളോണിയൽ ചരിത്ര വിശദീകരണ രീതികൾ മാറി. പ്രാചീന -മധ്യകാലങ്ങളിൽ ഇന്ത്യാചരിത്രത്തിൽ ഉണ്ടായ സാംസ്കാരിക രാഷ്ട്രീയ പ്രക്രിയകളെ മത സാംസ്കാരിക ചരിത്ര ഘട്ടങ്ങളായി കാലഘട്ടവിഭജനങ്ങളായി നിർമിച്ചെടുത്ത കൊളോണിയൽ ഭരണത്തിെൻറ ജ്ഞാനശാസ്ത്രം കൊളോണിയൽ ചരിത്ര വിജ്ഞാനവും അധിനിവേശ രാഷ്ട്രീയവുമായി മാറി. കൊളോണിയൽ ഭരണത്തിെൻറ രാഷ്ട്രീയ സാധൂകരണ രൂപമായി ചരിത്രം എന്ന വിജ്ഞാന രൂപത്തെ ബ്രിട്ടീഷ് കൊളോണിയലിസം ഒരു ഭരണകൂട വിജ്ഞാനമെന്ന നിലയിൽ നിലനിർത്തുകയും സാധൂകരിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്ത്യാപഠന പദ്ധതിയിൽ പാരമ്പര്യവിജ്ഞാനമായി പ്രാധാന്യം കിട്ടിയത് തൈവർണികരുടെയും ജാതി ഹിന്ദുക്കളുടെയും ചരിത്ര ഭൂതകാലത്തിനും സാംസ്കാരിക വരേണ്യതയിൽ നിലനിന്ന പാരമ്പര്യങ്ങൾക്കുമായിരുന്നു. ഇതിനെ ഇന്ത്യൻ സംസ്കാരമായി പാഠവത്കരിക്കുകയായിരുന്നു ഇന്ത്യയെപ്പറ്റിയുള്ള കൊളോണിയൽ വിജ്ഞാനം ചെയ്തത്.
ഇന്ത്യാപഠനവും കൊളോണിയൽ ചരിത്രശാസ്ത്രവും
പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ പഠിക്കുക എന്നാൽ ഇന്ത്യയിലെ സംസ്കൃതജന്യവും വരേണ്യവുമായ പാരമ്പര്യത്തെ കണ്ടെടുത്ത് തർജമപ്പെടുത്തി വിവിധ യൂറോപ്യൻ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തി യൂറോപ്യൻ ലോകത്ത് അവതരിപ്പിക്കുക എന്നതായിരുന്നു. വരേണ്യമായ വ്യത്യസ്ത എഴുത്തുപാരമ്പര്യങ്ങളും സാഹിത്യ കൃതികളും വിവിധ യൂറോപ്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. വൈദിക സാഹിത്യങ്ങളും ധർമശാസ്ത്ര വ്യവഹാരങ്ങളും നിയമ പാഠങ്ങളും ഇന്ത്യയിലെ ജാതി വരേണ്യരുടെ സാമൂഹിക ജീവിതത്തിെൻറയും സംസ്കാരത്തിെൻറയും ശാശ്വതമായ ധർമവ്യവസ്ഥയുടെ ചരിത്ര സാംസ്കാരിക ശേഷിപ്പുകളായി കണ്ടെടുത്ത് യൂറോപ്യൻ പണ്ഡിത ലോകത്ത് അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ തത്ത്വചിന്തയിലെ വേദാന്ത ചിന്തയെയും വേദ പാരമ്പര്യങ്ങളെയും അതീന്ദ്രിയമായ അറിവു രൂപങ്ങളായി ആത്മീയവും ചിരപുരാതനവും സനാതനവുമായ സാംസ്കാരിക ഈടുവെപ്പുകളായി കണ്ടെടുത്ത് അവതരിപ്പിക്കുക എന്നതായിരുന്നു പൊതുവെ യൂറോപ്യൻ ഇന്ത്യാ പഠനങ്ങളുടെ സ്വഭാവം. യൂറോപ്യൻ അധിനിവേശപൂർവ കാലഘട്ടങ്ങളിൽ ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളും സാംസ്കാരിക സാമ്പത്തിക സ്ഥാപനങ്ങളും കണ്ടെത്തി പഠിക്കുക എന്നത് യൂറോപ്പിെൻറ ഉദാരതയിൽ നടക്കുന്ന ഇന്ത്യൻ വിജ്ഞാനങ്ങളുടെ കണ്ടെടുക്കലായി ഇന്ത്യയിലെ പാരമ്പര്യവാദികളായ ത്രൈവർണിക പണ്ഡിതർ ആഘോഷിച്ചു. ഇങ്ങനെ കണ്ടെടുത്ത ഇന്ത്യൻ പൗരാണികതയെയും സാംസ്കാരിക പാരമ്പര്യങ്ങളെയും വിവിധ യൂറോപ്യൻ ഭാഷകളിൽ പാശ്ചാത്യ ലോകത്ത് പരിചയപ്പെടുത്തുക എന്നത് ഇന്ത്യയെപ്പറ്റിയുള്ള കൊളോണിയൽ വിജ്ഞാന നിർമിതിയും ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തെ സാംസ്കാരികമായി ന്യായീകരിക്കുന്ന ഒരു വിജ്ഞാന പ്രസരണവുമായി വളർന്നു വന്നു.
ഇന്ത്യയിലെ പാഠവത്കരിക്കപ്പെട്ട വരേണ്യ സാഹിത്യങ്ങളും തത്ത്വചിന്തയും മതപരവും അനുഷ്ഠാനപരവുമായ തത്ത്വങ്ങളും സമ്പ്രദായങ്ങളും നിയമ പാഠങ്ങളും ക്രോഡീകരിച്ച് തർജമപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന രീതിയായി പൗരസ്ത്യവാദത്തിെൻറ ഭാഗമായ ഇന്ത്യാ പഠന പദ്ധതി (indology) വളർന്നുവരുകയാണ് ഉണ്ടായത്. ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും ത്രൈവർണിക പണ്ഡിതരുടെ കാഴ്ചപ്പാടിൽ ഇന്ത്യൻ വിജ്ഞാനമായി പാശ്ചാത്യലോകത്ത് അവതരിപ്പിക്കുന്ന രീതിയായി ഇത് മാറി. ത്രൈവർണിക പണ്ഡിതരുടെ ഇന്ത്യയെപ്പറ്റിയുള്ള വരേണ്യ സാംസ്കാരിക മുൻവിധിയെ ഉപജീവിച്ചുകൊണ്ട്, ഇന്ത്യൻ വിജ്ഞാനത്തിെൻറ ഉറവിടമായി തദ്ദേശീയരായ ത്രൈവർണിക വരേണ്യ പണ്ഡിതരെ സ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഈ ജ്ഞാനപദ്ധതി വികസിച്ചുവന്നത്. അധിനിവേശ വിജ്ഞാനത്തെ സാധൂകരിക്കുന്നതിനായി തദ്ദേശീയരായ ഒരു വരേണ്യ മധ്യവർഗത്തെ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യയിലെ വരേണ്യ പാരമ്പര്യത്തെ കണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്ത ഇന്ത്യയെപ്പറ്റിയുള്ള കൊളോണിയൽ എഴുത്തധികാരം വികസിച്ചുവന്നത്. ഇതിനാവശ്യമായ വിവരദാതാക്കളായി (informants) ത്രൈവർണിക പണ്ഡിതരെ കണ്ടെത്തി നിലനിർത്തുന്ന രീതി വ്യവസ്ഥാപിതമായി തീർന്നു. ഇന്ത്യയിലെ ത്രൈവർണിക വരേണ്യരെ കൊളോണിയൽ ഭരണക്രമത്തിൽ മധ്യവർത്തികളാക്കുന്ന പ്രക്രിയയും പ്രാചീനവും സനാതനവുമായ ആത്മീയ പാരമ്പര്യമായി ഇന്ത്യൻ വിജ്ഞാനത്തെ പാശ്ചാത്യർ സ്ഥാനപ്പെടുത്തുന്ന പ്രക്രിയയും പരസ്പര പൂരകമായിട്ടാണ് വളർന്നുവന്നത്. യൂറോപ്യൻ ജ്ഞാനോദയത്തിനെ തുടർന്ന് ഉണ്ടായി വന്ന ചരിത്രമുതലാളിത്തത്തിെൻറ അധിനിവേശിത ഉപയുക്തത സങ്കൽപങ്ങൾക്കു അനുസൃതമായാണ് യൂറോപ്യൻ കാൽപനിക വാദവും അതിനോടൊപ്പം വളർന്നു വന്ന വെള്ളക്കാരെൻറ വംശീയ അനുഭൂതി / സൗന്ദര്യ ശാസ്ത്ര സങ്കൽപങ്ങളും യൂറോപ്യൻ മിഷണറി മാനവികതയും ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെട്ടത്. പാശ്ചാത്യ ജ്ഞാനോദയ യുക്തിയുടെയും അതിെൻറ അവകാശവാദമായ പാശ്ചാത്യ ഭൗതിക സംസ്കൃതിയുടെയും എതിർ പക്ഷത്ത് അപര സംസ്കൃതിയായി ഇന്ത്യൻ പാരമ്പര്യത്തെ ആത്മീയവും ചിരപുരാതന സംസ്കാരവുമായി ഇന്ത്യാപഠനങ്ങളിൽ കൊളോണിയൽ ജ്ഞാനശാസ്ത്രം സ്ഥാനപ്പെടുത്തി. ഇന്ത്യയിലെ സംസ്കൃത പാഠ പാരമ്പര്യങ്ങളെയും വേദ ഇതിഹാസപുരാണ പാരമ്പര്യങ്ങളെയും സംസ്കൃത സാഹിത്യ രൂപങ്ങളെയും ആത്മീയവും ചിരപുരാതനവും ഏകാലിക സാംസ്കാരിക സത്തയും വരേണ്യവും കാൽപനികവുമായ അനുഭൂതി ഭൂമികയും ബ്രാഹ്മണ്യ അറിവു പാരമ്പര്യവുമായി സ്ഥാനപ്പെടുത്തുന്ന രീതിയായിരുന്നു ആത്മീയ സത്തയായി ഇന്ത്യൻ പാരമ്പര്യങ്ങളെ സ്ഥാനപ്പെടുത്തുന്ന കൊളോണിയൽ ജ്ഞാന സംസ്കാരം. തദ്ദേശീയ ഭരണവർഗത്തിെൻറ ചിന്താ പാരമ്പര്യത്തെ യൂറോപ്യൻ സംസ്കാര ഔന്നത്യത്തിെൻറ ഉദാരതയിൽ പ്രത്യക്ഷപ്പെടുത്തി ഇന്ത്യൻ വരേണ്യ വിജ്ഞാനത്തെ പാശ്ചാത്യ വിജ്ഞാനത്തിെൻറ അനുബന്ധമാക്കാനാണ് പാശ്ചാത്യരുടെ ഇന്ത്യ പഠനങ്ങളിൽ ശ്രമങ്ങൾ ഉണ്ടായിവന്നത്.
ഹിന്ദുത്വത്തിെൻറ വംശീയ ചരിത്രശാസ്ത്രം
ഇന്ത്യക്കാരെ മതപരമായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ബ്രിട്ടീഷുകാര്‍ നിർമിച്ചെടുത്ത കൊളോണിയല്‍ ചരിത്ര വിജ്ഞാനമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ അടിത്തറ. മുസ്ലിംകളെയും ജനാധിപത്യവാദികളെയും സോഷ്യലിസ്റ്റുകളെയും ദേശവിരുദ്ധരായി സ്ഥാനപ്പെടുത്തുന്ന വംശീയ വാദമാണ് ഇതിെൻറ ചരിത്രബോധം. മധ്യകാല ഇന്ത്യയിലെ സുല്‍ത്താന്‍-മുഗള്‍ ഭരണം മുസ്ലിം ദുര്‍ഭരണവും ഹിന്ദുവിരുദ്ധവുമായിരുന്നുവെന്നു സ്ഥാപിക്കുന്ന മതവർഗീയ മുൻവിധിയിലാണ് ഹിന്ദുത്വത്തിെൻറ ചരിത്രഭാഷ്യം നിലനിൽക്കുന്നത്. പ്രാചീന ഇന്ത്യയെ പറ്റിയുള്ള ആദർശവത്കരണവും സവർണ ഹിന്ദുവിെൻറയും ബ്രാഹ്മണ്യത്തിെൻറയും സാമൂഹിക ജീവിതക്രമത്തെ മഹത്തായ സംസ്കാരമായി കാണുന്ന രീതിയാണ് മറ്റൊന്ന്. തരംതിരിവ് ജാതി അസമത്വത്തെ ന്യായീകരിക്കുന്ന ദാര്‍ശനിക പദ്ധതികളെയും സാമൂഹിക അടിച്ചമര്‍ത്തല്‍ വ്യവസ്ഥകളെയും സാമൂഹിക പുറന്തള്ളല്‍ രൂപങ്ങളെയും ആദര്‍ശ സാംസ്കാരിക സ്ഥാപനങ്ങളും ആദർശ രാജ്യവ്യവസ്ഥയും രാഷ്ട്രരൂപവുമായി പ്രചരിപ്പിക്കുന്ന രീതിയും ഹിന്ദുത്വത്തിെൻറ സാംസ്കാരിക ചരിത്ര വിശകലനത്തിെൻറ ഭാഗമാണ്. മുസ്ലിംകളെ അപരജനതകളായി പുറന്തള്ളി നിലനിർത്തുന്നതും അവരെ പൈശാചികമായി ചിത്രീകരിക്കുകയും ഇസ്ലാമിക സംസ്കാരത്തെ ഭീതിയും രാക്ഷസീയവുമാക്കുന്ന ആഖ്യാനങ്ങളും ഹിന്ദുരാഷ്ട്ര രാഷ്ട്രീയത്തിെൻറ ചരിത്ര എഴുത്തു സംസ്കാരമായി പ്രവർത്തിക്കുന്നു.
പ്രാചീന ഇന്ത്യയെ ആദർശവത്കരിച്ചും മധ്യകാല ഇന്ത്യയെ ഇസ്ലാമിക ദുർഭരണമായി സ്ഥാനപ്പെടുത്തിയുമാണ് ഇത് വംശീയ ചരിത്ര ആഖ്യാനമായി പ്രവർത്തിക്കുന്നത്. വ്യാജ ചരിത്ര ഭാഷ്യങ്ങളുടെ നിർമിതിയും മിത്തിനെയും വിശ്വാസ പ്രതീകങ്ങളെയും ചരിത്രമാക്കികൊണ്ടുമാണ് ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി സംസ്കാര രാഷ്ട്രീയവും ചരിത്ര ഹിംസയുമായി പ്രവർത്തിക്കുന്നത്. ജാതി ഹിന്ദുക്കളുടെ സുവർണ ഭൂതകാലത്തെ വര്‍ത്തമാന രാഷ്ട്രീയ വ്യവസ്ഥയില്‍ ആദർശ ഭാവനയായി പ്രക്ഷേപിക്കുകയും അതിെൻറ അപരസാന്നിധ്യമായി മുസ്ലിമിനെ സ്ഥാനപ്പെടുത്തുകയുംചെയ്യുന്ന ചരിത്രവ്യവഹാരമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ചരിത്രബോധമായി പ്രവർത്തിക്കുന്നത്. സവർണ ഹിന്ദു പാരമ്പര്യത്തിെൻറ അപരസാന്നിധ്യമായി ഇസ്ലാമിനെ സ്ഥാനപ്പെടുത്തുകയും ജാതി വരേണ്യതയെ ആദർശ സംസ്കാരവും ഹിന്ദു മതവുമായി പ്രക്ഷേപിച്ചുകൊണ്ടുമാണ് ഈ വംശീയ രാഷ്ട്രീയം നിലനിൽക്കുന്നത്. ഹിന്ദുത്വ രാഷ്ട്ര സങ്കൽപത്തെ രാമരാജ്യമായി ആദർശപ്പെടുത്തുകയും രാഷ്ട്രീയ ജനാധിപത്യത്തിന് ബദലായി സ്ഥാനനിർണയം നടത്തിക്കൊണ്ടുമാണ് രാഷ്ട്രീയം വംശീയ വൈര്യമായി പ്രചരിപ്പിക്കുന്നത്. ഈ ഹിന്ദുരാഷ്ട്ര സങ്കൽപം ജാതി ഹിന്ദുക്കളുടെ പിതൃഭൂമിയായി ഇന്ത്യയെ നിർവചിക്കുന്ന ഒരു രാഷ്ട്രീയ ഭാവനയാണ്. ജാതി ബ്രാഹ്മണ്യമാണ് അതിെൻറ പ്രത്യയശാസ്ത്ര മണ്ഡലം. വരേണ്യജാതി സംസ്കാരത്തെ മതദേശീയതയും ജാതിവരേണ്യവാദത്തെ ദേശസ്നേഹവുമായി അവതരിപ്പിക്കുന്ന രീതിയിലാണ് അതിെൻറ അപരത്വ നിർമിതിയും അപരഹിംസ രാഷ്ട്രീയവും നിലനിൽക്കുന്നത്.
ഹിന്ദുത്വ ചരിത്രത്തിെൻറ സാംസ്കാരിക ഹിംസ
ജാതി, അയിത്തം, അടിമത്തം, അസ്പൃശ്യത, സതി, ചൂഷണം എന്നിങ്ങനെയുള്ള സാമൂഹിക വിഭജനരൂപങ്ങളും അടിച്ചൊതുക്കല്‍ രൂപങ്ങളും ഇന്ത്യയിലെ സുല്‍ത്താന്‍ -മുഗള്‍ ഭരണത്തിെൻറ സൃഷ്ടി മാത്രമായി സ്ഥാനപ്പെടുത്തുന്നതാണ് ഹിന്ദുത്വത്തിെൻറ സാമൂഹിക ചരിത്രഭൂമിക. സാമൂഹിക സ്ഥാപനങ്ങളെയും വേർതിരിവു ക്രമങ്ങളെയും പറ്റിയുള്ള ഈ ചരിത്രവ്യാഖ്യാനം ജാതി അടിമത്തത്തിെൻറയും കീഴാള അയിത്ത ചരിത്ര അനുഭവമുള്ള സമൂഹങ്ങളെ മുസ്ലിം വിരുദ്ധ ചരിത്രബോധത്തിന് കീഴിലാക്കുന്നതിനാണ് പ്രചരിപ്പിക്കുന്നത്. ഇത് ഒരു രാഷ്ട്രീയ നിലപാടായി പ്രചണ്ഡ പ്രചാരണത്തിലൂടെ, മതവർഗീയ പ്രചാരണത്തിലൂടെ, നിലനിര്‍ത്തുന്ന രീതി ഹിന്ദുത്വത്തിെൻറ ചരിത്ര വ്യാഖ്യാനത്തിെൻറ രാഷ്ട്രീയ ധർമമാണ് നിർവഹിക്കുന്നത്. കൊളോണിയൽ വിരുദ്ധ മുന്നേറ്റം നടത്തിയ ഭരണാധികാരിയായ ടിപ്പു സുൽത്താനെ ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെ മത വർഗീയ കാഴ്ചപ്പാടിലൂടെ ചിത്രീകരിക്കുന്നു. ഇതിനായി ടിപ്പു വിരുദ്ധമായ ബ്രിട്ടീഷ് ചരിത്ര ആഖ്യാനങ്ങളെ വിഷലിപ്തമായി മുസ്ലിം വിരുദ്ധമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് വിരുദ്ധ ദേശീയസമരം നടത്തിയ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളെ കൊളോണിയൽ വിരുദ്ധ ദേശീയസമര രക്തസാക്ഷി പട്ടികയിൽനിന്നും ഒഴിവാക്കുന്നത് ഹിന്ദുത്വ ചരിത്ര ശാസ്ത്രത്തിെൻറ പുറന്തള്ളൽ പ്രക്രിയയുടെയും മുസ്ലിം ഹീനവത്കരണത്തിെൻറയും ഭാഗമാണ്
ടിപ്പു ആക്രമണകാരിയും ക്രൂരനായ മുസ്ലിം ഭരണാധികാരിയും ഹിന്ദുമത ധ്വംസകനുമാണെന്ന വ്യാജപ്രചാരണവും ഹിന്ദുത്വ രാഷ്ട്രീയം സമർഥമായി ഉപയോഗിക്കുന്നു. വർഗീയവത്കരണത്തിനും മുസ്ലിം വിരുദ്ധതക്കും വർഗീയ ലഹളക്കുമായി ഇന്ത്യയിൽ വ്യാപകമായി ഹിന്ദുത്വ ശക്തികൾ ഉപയോഗിച്ച കൊളോണിയൽ വിരുദ്ധ പ്രതീകമാണ് ടിപ്പു സുൽത്താൻ. ബ്രിട്ടീഷ് കൊളോണിയലിസം സൃഷ്ടിച്ച മുസ്ലിം വിരുദ്ധ പ്രതിനിധാനങ്ങളെയും ബ്രിട്ടീഷുകാര്‍ തന്നെ നിർമിച്ച ജാതി ഹിന്ദു മഹിമകളെയും മുന്‍നിര്‍ത്തി സാംസ്കാരിക രാഷ്ട്രീയമായി ഹിന്ദുത്വ ചരിത്ര ആഖ്യാനങ്ങൾ പ്രവർത്തിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധമായ മലബാര്‍ സമരങ്ങളെപറ്റിയുള്ള ബ്രിട്ടീഷുകാരുടെ ആഖ്യാനങ്ങളെയും വർഗീയ വ്യാഖ്യാനങ്ങളെയും മാത്രം ആശ്രയിച്ചുകൊണ്ടാണ് ഹിന്ദു വിരുദ്ധ മുസ്ലിം ലഹളകളായി മലബാർ സമരങ്ങളെ ഹിന്ദുത്വ വാദികൾ ചിത്രീകരിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ ദേശീയസമരം നടത്തിയ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളെ കൊളോണിയൽ വിരുദ്ധ ദേശീയസമര രക്തസാക്ഷി പട്ടികയിൽനിന്നും ഒഴിവാക്കുന്നത് ഹിന്ദുത്വ ചരിത്ര ശാസ്ത്രത്തിെൻറ പുറന്തള്ളൽ പ്രക്രിയയുടെയും മുസ്ലിം ഹീനവത്കരണത്തിെൻറയും ഭാഗമാണ്. ഹിന്ദുത്വ ചരിത്ര വിശദീകരണത്തിെൻറ ഈ നിലപാട് ബ്രിട്ടീഷ് വിരുദ്ധ സമരത്തിലും കൊളോണിയല്‍ വിരുദ്ധ ദേശീയതയിലും ഭാഗമാകാതിരുന്ന ഹിന്ദുത്വ വലതുപക്ഷ ശക്തികളുടെ കൊളോണിയൽ വിരുദ്ധ സമരങ്ങളോടുള്ള കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. കൊളോണിയല്‍ വിരുദ്ധ ദേശീയതയില്‍ ഭാഗമാകാതെ ബ്രിട്ടീഷ് കൊളോണിയലിസത്തിെൻറ മധ്യവര്‍ത്തികളും ഇടനിലക്കാരുമായിട്ടാണ് ഹിന്ദു രാഷ്ട്രവാദം കൊളോണിയൽ കാലത്ത് വളർന്നുവന്നത്. കൊളോണിയല്‍ വിരുദ്ധ ദേശീയതയുടെ മൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനത്തില്‍ മതനിരപേക്ഷ ദേശീയ ജനത എന്ന പ്രക്രിയയുടെ നിർമിതിയില്‍ പങ്കാളികളാകാതെ നിലനിന്ന വലതുപക്ഷ ജാതി ഹിന്ദു രാഷ്ട്രീയമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെയും മുസ്ലിം വിരുദ്ധമായ ബ്രിട്ടീഷ് ചരിത്ര വിശദീകരണങ്ങളെ ഉപജീവിച്ചും വളർന്നുവന്നത്. നെഹ്റുവിയൻ പാരമ്പര്യങ്ങളെയും കൊളോണിയൽ വിരുദ്ധമായ ബഹുസ്വര ദേശീയത സങ്കൽപത്തിനെ അടിസ്ഥാനപ്പെടുത്തി വളർന്നുവന്ന ദേശീയ പ്രസ്ഥാന ചരിത്രത്തെയും നിരാകരിക്കുന്നതാണ് ഹിന്ദുത്വത്തിെൻറ ചരിത്രവാദങ്ങൾ. ഹിന്ദു ഭൂരിപക്ഷ മതരാഷ്ട്രത്തിെൻറ കൽപിത ഭാവനയിൽ രാഷ്ട്രീയമായി ആധുനിക ഇന്ത്യാ ചരിത്രത്തെ തിരുത്തി എഴുതുന്ന ചരിത്രനിർമിതിയാണ് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ ചരിത്രശാസ്ത്രം ലക്ഷ്യംവെക്കുന്നത്.
കൊളോണിയൽപക്ഷത്തു നിലയുറപ്പിച്ചതും ദേശീയപ്രസ്ഥാനത്തിെൻറ കാലത്തുതന്നെ കൊളോണിയൽ വിരുദ്ധ ബഹുസ്വര ജനാധിപത്യ സങ്കൽപത്തിനും സംസ്കാര പലമകളെ ആധാരമാക്കുന്ന ബഹു ദേശീയതകൾക്കും എതിരായി ഹിന്ദുരാഷ്ട്ര വാദമായി വികസിച്ചുവന്ന ജാതിഹിന്ദു ദേശീയത സങ്കൽപമായിരുന്നു ഹിന്ദുത്വം. ഇന്ത്യ ഹിന്ദുക്കളുടെ പുണ്യഭൂമിയും പിതൃഭൂമിയുമായി കാണുന്ന ഹിന്ദുരാഷ്ട്ര നിർമിതി ത്രൈവർണിക സവർണ ജാതി ഹിന്ദുക്കളുടെ ബ്രാഹ്മണ്യ സാംസ്കാരിക ദേശീയതയായി അവതരിപ്പിച്ചുകൊണ്ടാണ് വികസിച്ചുവന്നത്. കൊളോണിയൽ ചരിത്രശാസ്ത്രം നിർമിച്ച ജാതി ഹിന്ദു ഭൂതകാല മഹിമയിലും ത്രൈവർണിക സംസ്കാര ആദർശവത്കരണത്തിലുമാണ് ഇതിെൻറ രാഷ്ട്രീയം സ്ഥാനപ്പെട്ടിരിക്കുന്നത്.
ചരിത്രത്തിൽ അയിത്തജാതി സമൂഹങ്ങളെയും കീഴാള ശൂദ്ര ബഹുജനങ്ങളെയും സെമിറ്റിക് മതസമൂഹങ്ങളെയും അപരമത വ്യവസ്ഥയായും അഴുക്ക് സമൂഹങ്ങളും അശുദ്ധ കീഴാള ശരീരങ്ങളുമായി ഹീനരും മ്ലേച്ഛരുമായി കാണുന്ന ബ്രാഹ്മണ്യ ജ്ഞാന പദ്ധതിയായിരുന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിെൻറ രാഷ്ട്രീയ അടിത്തറ. ഈ ബ്രാഹ്മണ്യ സംസ്കാരത്തെയും അതിെൻറ കൽപിതവും ഭാവനാത്മകവുമായ വരേണ്യ ചരിത്ര ഭാവനകളെയും കണ്ടെടുത്തു പാഠവത്കരിച്ചു പ്രചരിപ്പിച്ചത് പാശ്ചാത്യരും കൊളോണിയൽ ഇന്ത്യാ പഠിതാക്കളുമായിരുന്നു. മധ്യകാല ജാതിവർണ വ്യവസ്ഥയും തരംതിരിവ് അസമത്ത സാമൂഹിക വ്യവസ്ഥയും ഒരു രാഷ്ട്ര നിർമിതിയുടെ സാമൂഹിക സാംസ്കാരിക ചേരുവകളാക്കുന്നതാണ് ഹിന്ദു രാഷ്ട്ര വാദവും ഹിന്ദുത്വ സാംസ്കാരിക ദേശീയതയും. ബഹുസ്വര സംസ്കാരത്തോടോ ഭരണഘടനാ ജനാധിപത്യത്തോടോ മതനിരപേക്ഷ ദേശീയത സങ്കൽപത്തോടോ സാമൂഹികനീതിയോടോ തുല്യ പൗരത്വ സങ്കൽപത്തോടോ ഒരുവിധ പ്രതിപത്തിയും ഒരുകാലത്തും ഹിന്ദു രാഷ്ട്രവാദ ആശയങ്ങൾക്ക് ഉണ്ടായിരുന്നില്ല.
(കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസറും ചിന്തകനുമാണ് ലേഖകൻ)