നിഷ്ഠുരമായ യു.എ.പി.എയുടെ ചരിത്രപശ്ചാത്തലം എന്താണ്? എങ്ങനെയാണ് ഇൗ നിയമം രാജ്യത്ത് അടിച്ചമർത്തലിന്റെ ഉപകരണമായി മാറിയത്?
നിഷ്ഠുരമായ യു.എ.പി.എയുടെ ചരിത്രപശ്ചാത്തലം എന്താണ്? എങ്ങനെയാണ് ഇൗ നിയമം രാജ്യത്ത് അടിച്ചമർത്തലിന്റെ ഉപകരണമായി മാറിയത്? വർഷങ്ങളായി യു.എ.പി.എ കേസുകൾ കൈകാര്യംചെയ്യുന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. കെ.എസ്. മധുസൂദനൻ നിയമത്തിന്റെ പ്രശ്നങ്ങൾ വിശദീകരിക്കുന്നു.
ഒാരോ പ്രത്യേക സാഹചര്യങ്ങളിലാണ് 'ടാഡ', 'പോട്ട', 'യു.എ.പി.എ' പോലുള്ള നിയമങ്ങള്‍ വരുന്നത്. ടാഡ, പോട്ട ഈ രണ്ടു നിയമങ്ങൾക്കുമുള്ള പ്രത്യേകത അതിനു യു.എ.പി.എയിൽനിന്ന് വ്യത്യസ്തമായി ഒരു കാലയളവുണ്ട് എന്നതാണ്. പഞ്ചാബിലെ കര്‍ഷക കലാപങ്ങളെ നേരിടുന്നതിനുവേണ്ടിയാണ് ടാഡ 1984 കാലഘട്ടത്തില്‍ ഉണ്ടാവുന്നത്. ആ നിയമപ്രകാരം എടുത്ത കേസുകളിൽ യു.എ.പി.എ പോലെതന്നെ 3 ശതമാനം, കൂടിയാൽ 5 ശതമാനം മാത്രമേ ശിക്ഷാനിരക്ക് ഉണ്ടായിരുന്നുള്ളൂ. അത് പാര്‍ലമെന്റില്‍ പ്രശ്നമാവുകയും ടാഡയെ പിൻവലിക്കപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. അതിനു നിയമത്തിന്റെ ഭാഷയില്‍ എക്ലിപ്സ് എന്ന് പറയും; ചന്ദ്രന്റെ ഗ്രഹണംപോലെതന്നെ. ആ നിയമത്തിന്റെ കാലഘട്ടം കഴിഞ്ഞാല്‍ വീണ്ടും പുതുക്കുന്നില്ലെങ്കില്‍ താനേ ഇല്ലാതാകും.
അതുപോലെതന്നെ 2002ൽ മുംബൈ ബോംബ് സ്ഫോടന പരമ്പര തുടങ്ങിയ പ്രശ്നങ്ങളുണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് 'പോട്ട' കടന്നുവരുന്നത്. പോട്ടയും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന വിമർശനങ്ങളുണ്ടായി. മനുഷ്യാവകാശ കമീഷന്‍പോലും സുപ്രീംകോടതിയിൽ കേസുമായി വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോട്ടക്കും കാലാവധി നീട്ടിക്കൊടുക്കാതെ ഇല്ലാതാക്കപ്പെട്ടത്. പക്ഷേ, ഇതെല്ലാം ഇല്ലാതായി എന്ന് പറയുമ്പോൾതന്നെ മറ്റൊന്ന് സംഭവിച്ചു; 'ടാഡ'യുടെ കൊമ്പും പല്ലും നഖവും എല്ലാം എടുത്ത് പോട്ടയിലേക്ക് വെച്ചു. പിന്നീട് പോട്ടയിലെ എല്ലാ ആയുധങ്ങളും അതേപടി യു.എ.പി.എയിലേക്കും കൊടുത്തു. പക്ഷേ, ടാഡയിൽനിന്നും യു.എ.പി.എയിലേക്ക് എത്തുമ്പോഴുണ്ടാകുന്ന ഒരു പ്രധാന വ്യത്യാസം മുമ്പ് പറഞ്ഞ എക്ലിപ്സ് ക്ലോസ് ഇല്ലാതായി എന്നതാണ്.
1967 വരെ നമ്മള് അറിയാതിരുന്ന നിയമമാണ് യു.എ.പി.എ. 1961ലാണ് നെഹ്റുവിന്റെ നേതൃത്വത്തില്‍ നാഷനൽ ഇന്റഗ്രേഷന്‍ കൗണ്‍സിലിന് രൂപംകൊടുക്കുന്നത്. ആ കാലത്ത് ദ്രവീഡിയന്‍ മൂവ്മെന്റുകള്‍ വല്ലാതെ വളർന്നു. പ്രത്യേകിച്ചും തമിഴ് നാട്ടില്‍. അവിടെനിന്നും 30-35 കിലോമീറ്റര്‍ അകലെയാണ് ശ്രീലങ്ക. ശ്രീലങ്കയുടെ വടക്കന്‍ ഭാഗങ്ങള്‍ മുഴുവനും തമിഴ് വംശജരാണ്. അതെല്ലാം യോജിപ്പിച്ചു കഴിഞ്ഞാല്‍ ഒരു തമിഴ് രാഷ്ട്രം ഉണ്ടാക്കാന്‍ കഴിയും. അങ്ങനെയൊരു തമിഴ് രാഷ്ട്രത്തിനുവേണ്ടിയുള്ള മുറവിളി ഉണ്ടായി. അതോടൊപ്പംതന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും വിട്ടുപോകാനുള്ള അവകാശങ്ങള്‍ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി മുറവിളികൂട്ടി. ഇതിനെയെല്ലാം എങ്ങനെയാണ് പരിഹരിക്കാന്‍ കഴിയുക എന്ന ആലോചനയിലാണ് ഇന്റഗ്രേഷന്‍ കൗണ്‍സില്‍ കൂടുന്നത്.
പ്രധാനമായും കാസ്റ്റിസം, റീജനലിസം പോലുള്ള വിഷയങ്ങളെ പരിശോധിക്കാൻ വേണ്ടിയാണ് നാഷനല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍ കൂടുന്നത്. അവര്‍ കൊടുത്ത റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ അഖണ്ഡത, പരമാധികാരംപോലുള്ള വിഷയങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായങ്ങൾ എതിരായി വരുക, ഏതെങ്കിലും സംഘങ്ങള്‍ അതിനെതിരായി രൂപവത്കരിക്കുക, അതേപോലെ ആയുധങ്ങള്‍ കൈവശം വെക്കാതെതന്നെ യോഗങ്ങള്‍ കൂടുന്ന അവസ്ഥ, ഇവക്കെല്ലാംതന്നെ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തേണ്ടതുണ്ടെന്ന നിർദേശം വെക്കുന്നത്.
ഒരു ആശയം ഉണ്ടാകണം. ആശയം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ആ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് നാം മറ്റുള്ളവരുമായി ആശയവിനിമയം ചെയ്തുകൊണ്ടാവണം. അതിനു യോഗങ്ങള്‍ ഉണ്ടാവണം. യോഗങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് അത് പ്രാവര്‍ത്തികമാക്കണം. അതിനു സംഘടന വേണം. ഇത് മൂന്നും വളരെ മൗലികമായ, വളരെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. ഇത് മൂന്നും കാതലായ ഒരു മൗലികാവകാശമായി നമുക്ക് നിലവിലുള്ള ഒന്നാണ്. 19 (1) a അനുസരിച്ച് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം -എന്ത് വിരുദ്ധാഭിപ്രായമാണെങ്കിലും അത് പറയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. നിങ്ങളുടെ അഭിപ്രായത്തോട് മധുരതരമായി വിയോജിക്കാനുള്ള അവകാശം എനിക്കുമുണ്ട്. പലപ്പോഴും പറയില്ലേ, അന്യന്റെ എതിര്‍വാക്കുകളെ മധുരമായി കാണാന്‍, സംഗീതമായി കാണാന്‍ കഴിയുന്ന ഒന്ന്. അതാണ് ജനാധിപത്യത്തിന്റെ കാമ്പ്. അതിനെ മുഴുവന്‍ കൊലചെയ്താണ് പരമാധികാരം, അഖണ്ഡതപോലുള്ള വിഷയങ്ങള്‍ ഉണ്ടെന്നു ഭരണകൂടത്തിനു തോന്നിയാല്‍, അഭിപ്രായസ്വാതന്ത്ര്യം, സംഘംചേരാനുള്ള സ്വാതന്ത്ര്യം, യോഗം ചേരാനുള്ള സ്വാതന്ത്ര്യം എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുന്ന നിയമം നിർമിക്കാൻ ഭരണഘടനയുടെ 16ാ മത്തെ ഭേദഗതി കൊണ്ടുവരുന്നത്.
1966ലെ ഭരണഘടനാ ഭേദഗതിയുടെ ഭാഗമായാണ് 1967ല്‍ നമ്മളീ കാണുന്ന യു.എ.പി.എ കൊണ്ടുവരുന്നത്. അന്നത് വളരെ നിസ്സാരമായിരുന്നു, കാര്യമായ വിഷയങ്ങളൊന്നും അക്കാലത്ത് ഉണ്ടായിട്ടില്ല. കേരളത്തില്‍ യു.എ.പി.എയെ കുറിച്ചു ഞാനൊക്കെ ആദ്യമായി കേട്ടത് മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ്. രണ്ടാമത് കടന്നുവരുന്നത് 'പീപ്ൾസ് മാർച്ച്' പത്രാധിപർ ഗോവിന്ദന്‍കുട്ടിയുടെ കേസാണ്. അതുവരെ ഇതൊന്നും ആര്‍ക്കെതിരെയും കാര്യമായി ഉപയോഗിച്ചതായിട്ടുപോലും അറിയില്ല. അതിനിടയില്‍ കുറെ ഭീകര നിയമങ്ങളുണ്ടായി. 'മിസ' (മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്), ദേശീയ സുരക്ഷ നിയമം, അല്ലെങ്കില്‍ 'എസ്മ' (എസെൻസ് സർവിസ് മെയിന്റനൻസ് ആക്ട്) എല്ലാം തന്നെ കരുതല്‍ തടങ്കല്‍ നിയമങ്ങളാണ്. പക്ഷേ, യു.എ.പി.എയിലേക്ക് വരുമ്പോള്‍, ശിക്ഷാനിയമവും കരുതൽ തടങ്കൽ നിയമവും രണ്ടുംകൂടി ചേര്‍ന്ന ഒരു നിയമമായി മാറുന്നു.
2018ൽ ഉണ്ടായ ഭീമ-കൊറേഗാവ് കേസ് എടുക്കുക. 4 വര്‍ഷത്തോളമായി അതിലുള്ള പ്രതികള്‍ എല്ലാംതന്നെ ജയിലിലാണ്. അവരെല്ലാവരുംതന്നെ വളരെ പ്രഗല്ഭരായ ആളുകളാണ്. ഒരു പരിധിവരെ ഇന്ത്യയുടെ ചിന്താമണ്ഡലത്തിലെ 'ക്രീമിലെയര്‍' എന്നൊക്കെ പറയുന്ന ആളുകൾ. സുധാ ഭരദ്വാജ്, വരവരറാവു... ആരുമായിക്കോട്ടെ, ഭരണകൂടത്തിനെതിരെയുള്ള ചെറുത്തുനിൽപുണ്ടെങ്കില്, നിലപാടുണ്ടെങ്കില്‍ 'വിശ്രമ'സ്ഥലം ജയിലാണ്, അല്ലെങ്കില്‍ കാരാഗൃഹമാണെന്ന് പറയുന്നത് വളരെ ഭീതിദമായ കാര്യമാണ്. അവരാരും ഭീമ-കൊറേഗാവില്‍ പോവുകയോ അതില്‍ എന്തെങ്കിലും അക്രമപ്രവർത്തനമുണ്ടാക്കുകയോ പങ്കാളിയാവുകയോ ചെയ്തിട്ടില്ല. വേറെ രണ്ടു സംഘ്പരിവാർ നേതാക്കന്മാരുടെ നേതൃത്വത്തിലാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അവര്‍ക്കെതിരെ എഫ്.ഐ.ആർ ഇടണമെന്ന് ഈ ഭീമ-കൊറേഗാവില്‍ പങ്കെടുത്ത സുപ്രീംകോടതിയിലെ ഒരു മുൻ ന്യായാധിപന്, മുംബൈ ഹൈകോടതിയിലെ ഒരു മുൻ ന്യായാധിപന് എന്നിവർ പറയുന്നുണ്ട്. കേസ് ഒന്നുമറിയാത്ത സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള ആളുകളിലേക്ക് എത്തപ്പെട്ടു. എന്നെങ്കിലും എപ്പോഴെങ്കിലും ഈ ഭരണകൂടത്തിനെതിരെ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത്തരം സംസാരങ്ങള്‍ ഭീമ-കൊറേഗാവ് പോലുള്ള യോഗങ്ങള്‍ നടത്തുന്നതിന് പ്രേരണ നല്കിയിട്ടുണ്ടാകാമെന്ന രൂപത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. അല്ലെങ്കില്‍, ഭീമ-കൊറേഗാവിൽ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ശരിയല്ലെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അത് അക്രമകാരികളെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് അല്ലെങ്കിൽ സഹായം ചെയ്യുകയാണ് എന്നുപറയുന്ന രൂപത്തിലേക്കാണ് കേസെടുക്കുന്നത്. പിന്നീടെന്ത് ചെയ്യുന്നു? നാളിതുവരെയുള്ള അവരുടെ ചിന്തകളെ മുഴുവന്‍ ക്രോഡീകരിച്ചിട്ടുള്ള, അവരുടെ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എല്ലാം പരിശോധിച്ച് ഭരണകൂടം ബൃഹത്തായ രേഖകള്‍ ഹാജരാക്കുന്നു. ഇതൊന്നും വായിക്കാന്‍ ജഡ്ജിക്ക് കഴിയണമെന്നില്ല. 40,000 - 50,000 പേജുള്ള ചാര്‍ജ്ഷീറ്റുകള്‍ ഇപ്പോള്‍ പെൻഡ്രൈവിലാണ് നല്‍കുന്നത്. മുഴുവൻ വായിക്കുന്നതിനു പകരം പ്രോസിക്യൂഷൻ ഇപ്പോൾ കവര്‍ കൊടുക്കുകയാണ്. വളരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് അടങ്ങിയ കവർ കൊടുക്കും. അതാണ് ഈയടുത്ത് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞത്, അത് പറ്റില്ല, പ്രതിക്ക് നൽകാത്ത ഫയല്‍ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവരേണ്ടെന്ന്.
യു.എ.പി.എ എന്ന കരുതൽ തടങ്കൽ നിയമം
എങ്ങനെയാണ് യു.എ.പി.എ ഒരു കരുതല്‍ തടങ്കല്‍ നിയമമായി മാറുന്നതെന്ന് നോക്കാം. വിചാരണ നടത്താതെ ഒരാളെ അക്രമപ്രവൃത്തിയില്നിന്ന് ഒരു കരുതലായിട്ടു മാറ്റിനിര്‍ത്താനുള്ള നിയമമാണത്. അവര്‍ മുന്‍കാലങ്ങളില്‍ ഒരുപക്ഷേ എന്തെങ്കിലുമൊക്കെ പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടാകാം. അല്ലെങ്കില്‍ അയാള്‍ ആ പ്രവൃത്തി ചെയ്യാന്‍ സാധ്യതയുണ്ടെന്ന കാതലായ തെളിവുകളുള്ള ഒരവസ്ഥ വരുന്നു. അതുകൊണ്ട് അയാള്‍ അക്രമം പ്രവര്‍ത്തിക്കട്ടെ എന്ന് കരുതിയാൽ പലപ്പോഴും രാഷ്ട്രത്തിന്റെ സുരക്ഷക്ക് എതിരാവും. അത്തരം രാഷ്ട്രസുരക്ഷക്കു വേണ്ടി അക്രമപ്രവൃത്തികള്‍ ചെയ്യുന്ന ആളുകളെ ഒരു നിശ്ചിതകാലം, ഒരു വര്‍ഷത്തില്‍ കൂടാത്ത ഒരു കാലയളവ്, അകത്തു വെക്കേണ്ടത് ആവശ്യമാണെന്നുള്ള കരുതല്‍ തടങ്കല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍, ഡിഫൻസ് ഓഫ് ഇന്ത്യ സെക്യൂരിറ്റി ആക്ട് മുതലായവയിലൂടെ ഉണ്ടാവുന്നു. 1980കളിൽ നാഷനൽ സെക്യൂരിറ്റി ആക്ടിൽ ഇത് വീണ്ടും കൊണ്ടുവന്നു. പക്ഷേ, അപ്പോഴുള്ള പ്രശ്നം ഒരു വർഷം കഴിഞ്ഞാല്‍ അവര്‍ പുറത്തു വരും. അങ്ങനെ പുറത്തുവരുത്താത്ത ഒരു വിദ്യ എന്താണ്? അവിടെയാണ് യു.എ.പി.എ എത്തുന്നത്.
പൊതുവിൽ ഏറ്റവും വലിയ കുറ്റകൃത്യം കൊലയാണ്. ഇന്ത്യന്‍ പീനല്‍ കോഡിലൊക്കെ ഒരു കൊല നടത്തി കഴിഞ്ഞാല്‍, ഒരു മൂന്നു മാസത്തിനകം കുറ്റപത്രം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജാമ്യം കിട്ടും. കുറ്റപത്രം കൊടുത്തു കഴിഞ്ഞാല്‍, അത് കൊടുത്തു കഴിഞ്ഞില്ലേ, ഇനി അയാള്‍ വിചാരണ നേരിടട്ടെ. അതിനയാളെ അകത്ത് വെക്കേണ്ട കാര്യമില്ലല്ലോ. മിക്കവാറും ജാമ്യം കിട്ടാനുള്ള സാധ്യതയുണ്ട്. അതികഠിനമായ കൊടും കുറ്റകൃത്യങ്ങളില്‍ മാത്രമാണ് സാധാരണ രീതിയില്‍ ജാമ്യം നിഷേധിക്കുന്നത്. ജാമ്യം നമ്മുടെ അവകാശമാണ് എന്ന് 80കളിലൊക്കെ കൃഷ്ണയ്യര്തന്നെ എത്രയോ ജഡ്ജ്മെന്റുകളില്‍ പറയുന്നുണ്ട്. അതിനുള്ള കാരണമെന്താണ്. ബെയില്‍ ഓര് ജയില്‍ എന്ന് പറഞ്ഞിട്ടാണ് ആ ജഡ്ജ്മെന്റ് തുടങ്ങുന്നത് തന്നെ. ഒരാള്‍ക്ക് ജാമ്യം കൊടുക്കേണ്ടത് അയാളുടെ മൗലികമായ അവകാശമാണ്. ജയിലിനു പുറത്തുനിന്നുകൊണ്ട് മാത്രമേ അയാള്‍ക്ക് നന്നായി കുറ്റാരോപണത്തെ പ്രതിരോധിക്കാൻ കഴിയൂ.
ഒരു യു.എ.പി.എ കേസില്‍ ഒരാള്‍ പ്രതിയാവുന്നതോടുകൂടി അയാളെ പിന്നീട് ഒരു വക്കീലിന് കാണണമെങ്കില്‍ അനുവാദം വാങ്ങി ജയിലിൽ ചെല്ലണം. അവിടെ അഞ്ചോ പത്തോ മിനിറ്റ്, നിശ്ചിത സമയം നൽകും. സാധാരണ നമ്മള് സെന്‍ട്രല്‍ പ്രിസണില്‍ പോയി കഴിഞ്ഞാല്‍ അവിടെ വെൽഫെയര്‍ ഓഫിസര്‍ ഉണ്ടാകും. വെൽഫെയര്‍ ഓഫിസര്‍ കസേര ഇട്ടു തരും. അവിടെയിരുന്നു ആളെ വിളിക്കുന്നു, നമ്മള് ആളുമായിട്ടു സംസാരിക്കുന്നു. ഒരു ഹിയറിങ് ഡിസ്റ്റൻസില്‍ മറ്റുള്ള ആളുകള്പോലുമുണ്ടാകില്ല. കാരണം, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ ടോക്ക് ആണവിടെ നടക്കുന്നത്. യു.എ.പി.എയിൽ അങ്ങനെയല്ല. ഞാന്‍ തുഷാർ നിർമൽ സാരഥി ജയിലിലടക്കപ്പെട്ടപ്പോൾ കാണാന്‍ പോയിരുന്നു. ഞങ്ങൾ രണ്ടു ഇരുമ്പ് വലക്കണ്ണികള്ക്കപ്പുറവും ഇപ്പുറവുമാണ് നില്‍ക്കുന്നത്. അതിനപ്പുറവും ഇപ്പുറവും ഹിയറിങ് ഡിസ്റ്റൻസിനുള്ളിൽ ജയില്‍ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നുണ്ട്. എന്തെങ്കിലും സംസാരിക്കാനോ പ്രതിയില്‍നിന്ന് എന്തെങ്കിലും ഉപദേശം കിട്ടാനോ സാധ്യതയില്ല. അവിടെ തുടങ്ങുന്നു കരുതല്‍ തടങ്കല്‍.
ഒരു മാസമൊക്കെ കഴിഞ്ഞു, അന്വേഷണം ഏതാണ്ട് നിലച്ച നിലയിൽ ജാമ്യാപേക്ഷ കൊടുക്കുന്നു. അത് കൊടുക്കുന്ന സമയത്ത് ഡിഫന്‍സ് ലോയറുടെ കൈവശം എന്ത് രേഖയാണുണ്ടാവുക, ഏറിവന്നാല്‍ ഒരു എഫ്.െഎ.ആർ ഉണ്ടാവും. FI സ്റ്റേറ്റ്മെന്റ്- പ്രഥമ വിവരമൊഴിയുണ്ടാവും. പിന്നെ ഇയാളെ റിമാൻഡ് ചെയ്ത ഒരു റിപ്പോര്‍ട്ട് ഉണ്ടാവും. ഇതിനപ്പുറം കോടതി ഫയലുകള്‍ ഒന്നും ഉണ്ടാവില്ല. 40 ദിവസം അല്ലെങ്കില്‍ 30 ദിവസം കഴിയുേമ്പാൾ അന്വേഷണോദ്യോഗസ്ഥന് 10-350 പേരെ ചോദ്യംചെയ്ത ഒരു വലിയ കെട്ട് ഫയലുമായിട്ട് കോടതി മുമ്പാകെ വരുന്നു. അതവിടെ വായിക്കാനുള്ള സൗകര്യക്കുറവുകൊണ്ട് കോടതിക്ക് ഒരു സീല്‍ഡ് കവര്‍ കൊടുക്കുന്നു, ആ കവര്‍ നോക്കി കോടതി "ആഫ്റ്റര്‍ പെറുസിങ് ദ എന്റയർ റെക്കോഡ്സ്"എന്ന് പറഞ്ഞിട്ട് വിധിയെഴുതുന്നു. നമുക്ക് ഒന്നും പറയാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് ആണ് കാര്യങ്ങള്‍ പോകുന്നത്. അത് ഒന്നാമത്തെ ഘട്ടം.
ഈയൊരവസ്ഥയില്‍ നിസ്സഹായനായ മനുഷ്യനെന്തു ചെയ്യും? അയാളുടെ കൈയിലാണെങ്കില്‍ ഒന്നുമില്ല. അയാള്‍ക്കെങ്ങനെയാണ് തന്റെ നിരപരാധിത്വം കോടതിയില്‍ ബോധിപ്പിക്കാന്‍ കഴിയുക. കാരണം, നമ്മള് നേരത്തേ പറഞ്ഞപോലെ ഒരുകെട്ട് തെളിവുകള്‍. അനേകം സാക്ഷികൾ, സാക്ഷികളുടെ മൊഴി എഴുതുക എന്ന് പറഞ്ഞാല്‍ സാക്ഷിപോലും അറിയണമെന്നില്ല. പലപ്പോഴും സംരക്ഷിത സാക്ഷികൾ (െപ്രാട്ടക്ടഡ് വിറ്റ്നസ്) എന്ന് പറയുന്ന ഒന്നുണ്ട്. എന്നു പറഞ്ഞാല്‍ അവരുടെ ഊരും പേരുമൊന്നും നമ്മള് അറിയണമെന്നില്ല. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് ഫയല്‍ കിട്ടുന്നത്. അതിനു മുമ്പുള്ള നടപടിക്രമങ്ങളിലും പൊലീസ് ഹാജരാക്കുന്ന കേസ് ഡയറി ഫയലിലും പറഞ്ഞിട്ടുള്ളതെല്ലാംതന്നെ പ്രതിക്കെതിരെയുള്ള തെളിവായി കണക്കാക്കി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണം എന്ന് പറയുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.
6 മാസം കഴിയുേമ്പാൾ കുറ്റപത്രം കൊടുക്കുന്നു. അതു കഴിഞ്ഞാല്‍ നമുക്ക് കോപ്പിയെല്ലാം കിട്ടി പരിശോധിക്കുമ്പോൾ നേരത്തേ പറഞ്ഞതുപോലെ അതിനകത്തുള്ള കുറെ ഭവിഷ്യത്തുകള്‍ കാണാനാവും. ഊരും പേരുമറിയാത്ത അജ്ഞാതരായ കുറെ ആള്‍ക്കാരെക്കൊണ്ട് ഇന്നതൊക്കെ പറഞ്ഞുവെപ്പിക്കുന്നു. സാക്ഷികളുടെ മൊഴികൾ ഒരിക്കലും ഒപ്പിടുവിക്കേണ്ട കാര്യമില്ല. പ്രഥമവിവര മൊഴി മാത്രമാണ് ഒപ്പിട്ട മൊഴി ഉണ്ടാവുന്നത്. പിന്നെ ഒപ്പിടുവിക്കാന്‍ പാടില്ല. അത് സാക്ഷിയുടെ അവകാശമാണ്. ഒപ്പിട്ടു പോയാല്‍ ആ ഒപ്പിട്ട പോലെതന്നെ അയാള്‍ കോടതിയില്‍ പറയേണ്ടിവരും. അല്ലെങ്കില്‍ പറയണം എന്ന ഒരു പ്രേരണ അയാളില്‍ ഉണ്ടാകാം. ആ ഒരു പ്രേരണയില്ലാതെ സ്വതന്ത്രമായിട്ട് സ്വതഃസിദ്ധമായിട്ട് സത്യം കോടതിയില്‍ പറയാനുള്ള അവകാശത്തിനുവേണ്ടിയാണ്, പൊലീസിന് കൊടുക്കുന്ന മൊഴി ഒപ്പിടാന്‍ പാടില്ലെന്ന് പറയുന്നത്. ഇത് വേറൊരു രൂപത്തിലാണ് പൊലീസ് ഉപയോഗിക്കുന്നത്. അവരോടു പറയാത്ത ഒരു മൊഴിതന്നെ കെട്ടിച്ചമച്ചു മൊഴി ഉണ്ടാക്കും. ആ സാക്ഷി പലപ്പോഴും വിചാരണ നടക്കുന്ന സമയത്തുപോലും കൂറുമാറിയേക്കാം. അതുവേറെ കാര്യം. കൂറുമാറുക എന്ന് പറഞ്ഞാൽ ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിൽ ചേർക്കലാണ്.
കുറ്റപത്രം കൊടുത്തുകഴിഞ്ഞാൽ നമ്മള് വിചാരണ കാത്ത് കിടക്കേണ്ട അവസ്ഥയാണ്. അന്വേഷണത്തിന്റെ രീതി വിചിത്രമാണ്. എൻ.ഐ.എ അന്വേഷണത്തെക്കുറിച്ച് തമാശരൂപത്തില്‍ പറയുന്ന ഒന്നുണ്ട്. ഒരു പ്രതിയുടെ രക്തം പുരണ്ട ഷര്‍ട്ട് കണ്ടെത്തുന്നു. ആ രക്തം പരിശോധിച്ചപ്പോള്‍ അത് ഇയാളുടെ രക്തമല്ല, മരിച്ചുപോയ ആളുടെ രക്തമാണ്. സാധാരണ ഇതില്‍ കേരള പൊലീസ് ആണെങ്കില്‍ ചെയ്യുക, അത് കോടതിയില്‍ ഹാജരാക്കും. ആ തെളിവ് മതി. മരിച്ചുപോയ ആളുടെ രക്തമാണ് അത് എന്നതുകൊണ്ട് പ്രതി അതെന്റെ കൈ മുറിഞ്ഞ രക്തമാണെന്ന് പറഞ്ഞാല്‍ ആ വാദം നിലനില്‍ക്കില്ല. എൻ.ഐ.എ ചെയ്യുന്നത് അങ്ങനെ ആയിരിക്കില്ല. ആ ഷര്‍ട്ട് എവിടെയാണ് അടിച്ചത്, അതിന്റെ ലേബല്‍ നോക്കി, ആ ഷര്‍ട്ട് ഏതു കമ്പനിയാണ്, എന്ന് നോക്കുന്നു, ആ ഷര്‍ട്ട് അടിച്ച തയ്യലുകാരനെ കണ്ടെത്തുന്നു. ആ ഷര്‍ട്ടിന്റെ മില്ലുകാരെ കണ്ടെത്തുന്നു, ആ മില്ലുകാര്‍ക്ക് കൊടുത്ത പഞ്ഞിക്കാരെ കണ്ടെത്തുന്നു, ആ പഞ്ഞിക്കാര്ക്ക് കൊടുത്ത വിത്തുകാരെ കണ്ടെത്തുന്നു. അങ്ങനെ പടിപടിയായി താഴേക്ക് അങ്ങനെ പോയ് പോയ് ഏകദേശം 10-150 സാക്ഷികളെ നിരത്തുന്ന ഒരവസ്ഥ. ഇതാണാ സിസ്റ്റത്തിന്റെ പ്രത്യേകത. അതായത്, ഈ കേസുകള്‍ വളരെ ബൃഹത്താണ് എന്ന് വരുത്തിത്തീർക്കുക. അങ്ങനെ ഈ ബൃഹത്തായ കേസുകളുടെ വിചാരണ അനന്തകാലം നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രം. ഷര്‍ട്ട് കിട്ടി, ചോര കിട്ടി, പ്രതിയുടെ ചോരയല്ല, കൊല്ലപ്പെട്ടയാളിന്റെ ചോരയാണെന്ന് കണ്ടാല്‍ അതില്‍ നില്‍ക്കണം. അതിനു പകരമാണ് ഈ പോക്ക് പോകുന്നത്. ഒരു മൊബൈല്‍ ഫോൺ ഉണ്ടെങ്കിൽ ഒരു ലക്ഷത്തിനു മുകളില്‍ കാള്ഡേറ്റയാണ് കൊണ്ടുവരുന്നത്. അതിലേതാണെന്ന് ഹൈലൈറ്റ് ചെയ്യുകയൊന്നും ചെയ്യില്ല. ഈ ഒരു ലക്ഷം കാളുകള്‍ പരിശോധിക്കണമെങ്കില്‍ നമുക്ക് എത്രദിവസം വേണം, ആ രീതിയില്‍ എന്തിനാണ് ഈ ഒരു ലക്ഷം കാളുകളുടെ ഡേറ്റ കൊണ്ടുവരുന്നത്? കുറ്റകൃത്യത്തിലെ പങ്കുമായി ബന്ധപ്പെട്ട ഒരു സാധനം മാത്രം കൊണ്ടുവന്നാല്‍ പോരെ. കോസ് ഓഫ് ആക്ഷന്‍ എന്നു പറയുന്ന ഒരു സങ്കൽപമുണ്ട്. എന്നാണ് സംഭവം നടക്കുന്നത്, ഏതു പ്രദേശത്ത് വെച്ച് സംഭവം നടന്നു, അതില്‍ പരിമിതപ്പെടുകയല്ല ചെയ്യുന്നത്. അതിനു പ്രദേശങ്ങളില്ല, കാലങ്ങളില്ല, കാലഗണനകളില്ല, അതങ്ങനെ അനന്തമായി നീണ്ടു പോവുന്ന, ഒന്നായിട്ട് മാറുന്നു.
കേരളത്തിലെ മാവോവാദികളെ മൊത്തം എടുത്തു കഴിഞ്ഞാല്‍ അവർക്ക് തണ്ടറിങ് ആയ ഒന്നു ചെയ്യാന്‍ കഴിവുണ്ടെന്ന് കരുതാന്‍ കഴിയില്ല. പക്ഷേ, അങ്ങനെയാണെന്ന് വരുത്തി കോടിക്കണക്കിന് രൂപ കണക്കുപറയാത്ത രൂപത്തിൽ സമാഹരിക്കാന്‍ കഴിയുന്നു.
ഇവിടെ എന്തുകൊണ്ടാണ് ഭരണകൂടം ഇത്തരത്തില്‍ ആളുകളോട് പെരുമാറുന്നത്? രണ്ടുമൂന്നു പ്രശ്നമുണ്ട്. ഒന്ന് വ്യക്തികളെ ഇങ്ങനെ തടവിലാക്കാം. രണ്ട്, അവിടെ നടക്കുന്ന സാമൂഹികപ്രക്ഷോഭങ്ങളെ, പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ വീണ്ടും തുടരുന്നതിനുവേണ്ടിയുള്ള പച്ചക്കൊടി കാണിക്കാം. കെ-റെയില്‍ ആണെങ്കിലും അവിടെ മുസ്ലിം തീവ്രവാദികളുണ്ട്. മാവോവാദികളുണ്ട് എന്നെല്ലാം പറയുന്ന രൂപത്തിലേക്ക് വരുന്നു. ഇപ്പോൾ പുതിയൊരു വാക്ക് വന്നിട്ടുണ്ട്. ഡെവലപ്മെന്റ് ടെററിസം – വികസന ഭീകരവാദം – എന്നുപറയുന്ന ഒന്ന്. ജനകീയ പ്രതിരോധങ്ങളെ അടിച്ചമർത്തണമെങ്കില്‍ ഇതുപോലുള്ള ചില വാഗ് രൂപങ്ങള്‍ ഭരണകൂടത്തിനുണ്ടാവേണ്ടതുണ്ട്. അതവര് പരമാവധി ഉപയോഗിക്കുന്നു.
അഖിലേന്ത്യാതലത്തിലാണ് എന്‍.ഐ.എ രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. അവരുടെ അന്വേഷണത്തിന്റെ ഒരു റിപ്പോര്‍ട്ട് അഖിലേന്ത്യാതലത്തില്‍ തന്നെയുള്ള റിപ്പോര്‍ട്ടിന്റെ ഒരു കോപ്പിയായിരിക്കും. അവര്‍ കൊടുക്കുന്ന കുറ്റപത്രങ്ങള്‍, അവര്‍ മാവോവാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്ന റിപ്പോര്‍ട്ടുകള്‍, എല്ലാംതന്നെ സമാനത ഉള്ളതായിരിക്കും. എത്രയോ വര്‍ഷങ്ങളായിട്ട് നമ്മള് ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. അയ്യായിരത്തോളം സൈനികര്‍ മരിച്ചിട്ടുണ്ട്, ഇത്ര സിവിലിയൻ മരിച്ചിട്ടുണ്ട്... ഈ കണക്കുകളെല്ലാംതന്നെ ഓള് ഇന്ത്യ തലത്തില്‍തന്നെ കൊടുത്തിട്ടുണ്ട്. പ്രോസിക്യൂഷൻ അങ്ങനെ പ്രവർത്തിക്കുന്ന തലത്തിലാണ് വളരെ ദൗര്‍ഭാഗ്യകരമായ ചുറ്റുപാടില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഹാജരാവുന്ന ഒരവസ്ഥ.
വികസനവുമായി ബന്ധപ്പെട്ട് നമ്മൾ ഇപ്പോഴും ഒരു സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് നടത്തുന്നുണ്ട്. സാമൂഹിക ആഘാതപഠനം. കെ-റെയിലിന്റെ വിഷയത്തിലും അത് നടക്കുന്നുണ്ട്. ഇപ്പോൾ ഭീകരവിരുദ്ധ നിയമങ്ങള്‍ എന്ന പേരില്‍ കെട്ടിയെഴുന്നള്ളിച്ചു വരുന്ന ഓരോ നിയമങ്ങള്‍, അതിന്റെയൊക്കെ സാമൂഹികാഘാത പഠനവും മനുഷ്യാഘാത പഠനവും നടത്തേണ്ടതുണ്ട്. മനുഷ്യന്, കുടുംബം, സാമൂഹികബന്ധങ്ങൾ, അതിന്റെ സാമ്പത്തിക ബന്ധങ്ങള്‍, ഇതിനുണ്ടാക്കുന്ന ആഘാതങ്ങള്‍ എന്താണെന്നുള്ളത് പഠനവിധേയമാക്കിയിട്ടുവേണം ഇത്തരം നിയമങ്ങള്‍ വരാന്‍. സാമൂഹികാഘാത പഠനംപോലെതന്നെയാണ് നിയമങ്ങളെ നിർമിക്കുമ്പോള്‍ മനുഷ്യാഘാത പഠനമെന്ന് പറയുന്നത്. അത്തരം പഠനത്തിന്റെ ഭാഗമായി നമ്മള് ചര്‍ച്ചചെയ്യുകയാണെങ്കില്‍ ഇത്തരത്തിലുള്ള നിയമങ്ങളുടെ ആവശ്യകത ഇല്ല എന്നുതന്നെ ബോധ്യപ്പെടും. കാരണം, ഏൽപിക്കുന്ന ആഘാതത്തെ അതുണ്ടാക്കിയെന്ന് പറയുന്ന ഗുണവുമായി താരതമ്യം ചെയ്യുമ്പോൾ, ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. ടെററിസം സർവസാധാരണമായി വ്യക്തിയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല, അതിനു ശരിക്കുമൊരു സാമൂഹികതലമുണ്ട്. അതിന്റെ ജാതീയതലമുണ്ട്. മത തലങ്ങളുണ്ട്. എപ്പോഴെങ്കിലുമൊക്കെ അടിച്ചമർത്തലുകളുണ്ടാവുന്നു എന്ന തോന്നലുകളുണ്ടാവുമ്പോൾ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നൽ വരുമ്പോൾ, തങ്ങള്‍ക്ക് വീതം വെക്കുന്നതില്‍ കുറവുവരുന്നു എന്ന തോന്നല്‍ വരുമ്പോൾ, തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടുന്നില്ല എന്ന ഒരു തോന്നലുണ്ടാകുമ്പോള്‍, തങ്ങള്‍ക്ക് നീതി വളരെ വൈകിയാണ് കിട്ടുന്നത് എന്ന തോന്നല്‍ ഉണ്ടാകുമ്പോൾ അല്ലെങ്കില്‍ തങ്ങള്‍ക്ക് നീതി കിട്ടാൻ പോകുന്നില്ല എന്ന തോന്നല്‍ ഉണ്ടാകുമ്പോൾ, തങ്ങള്‍ രണ്ടാംകിട പൗരന്മാരാണ് എന്ന തോന്നല്‍ ഉണ്ടാകുമ്പോൾ, തങ്ങളുടെ എതിര്‍പ്പ് ശരിക്കും പറഞ്ഞാല്‍ ന്യായീകരിക്കപ്പെടുന്നതാണെന്നും സര്‍ക്കാര്‍ നമ്മുടെ എതിര്‍പ്പിനെ പിന്തുണക്കേണ്ടതാണ് എന്നുമുള്ള ബോധ്യത്തിലൂടെ പ്രവര്‍ത്തിക്കുമ്പോൾ, മറുഭാഗത്തുനിന്ന് സര്‍ക്കാർ അക്രമകാരികളായ ആളുകളോട് ഒപ്പം നില്ക്കുന്നു എന്ന് മനസ്സിലാക്കപ്പെടുമ്പോൾ ചെറുത്തുനിൽപല്ലാതെ വേറെ പോംവഴിയില്ലാതെ വരുന്നു. അവിടെ നീതിയും നിയമവും കൈയിലെടുക്കുന്നുവെന്ന് പറഞ്ഞു മുറവിളികൂട്ടിയിട്ട് കാര്യമില്ല. കാരണം, നിയമം നിയമത്തിന്റേതായ വഴികളിലൂടെ പോയില്ല എന്നതാണ് വിഷയം. നിയമം നിയമത്തിന്റേതായ വഴിക്ക് പൊയിക്കൊള്ളുമെന്ന് പറഞ്ഞാലും അതിനു സ്വയം ചലിക്കാനാവില്ല. നിയമത്തിന്റെ ചലനനിയമങ്ങള്‍ പരിശോധിച്ചാല്‍ അത് ആത്യന്തികമായി ഭരണകൂടത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാൻ കഴിയും. സമാന്തര ചലനങ്ങളാണവ. എപ്പോൾ വേണ്ട, എപ്പോൾ വേണം എന്നെല്ലാം തീരുമാനിക്കുന്നത് നിയമനിർമാതാക്കളും അത് നടപ്പാക്കപ്പെടുന്ന ഭരണകൂടങ്ങളുമാണ്.
ഈ നിയമത്തെയും ഇത്രയും കാലത്തെ അതിന്റെ അനുഭവസമ്പത്തുവെച്ച് അതുണ്ടാക്കിയിരിക്കുന്ന ആഘാതം എത്രയാണെന്നും നിയമവിദഗ്ധരും നിയമം നടപ്പാക്കുന്ന ആളുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പണ്ഡിതരും ചരിത്രപണ്ഡിതരും എല്ലാം ചേര്‍ന്ന് പഠനം നടത്തി ഉടന്‍തന്നെ പുറത്തുകൊണ്ടുവരണം. അതാണ്, ഈ നിയമം പിൻവലിക്കേണ്ടതിനു വേണ്ട അടിയന്തര നടപടികള്‍.