പശു കുത്തുേമ്പാൾ, മരിച്ചുവീഴുന്നവർ
ഫെബ്രുവരി 16ന് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നാസിർ എന്നിവരെ ഹരിയാനയിൽവെച്ച് ഗോരക്ഷക ഗുണ്ടകൾ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘാത്മീക ഗ്രാമവാസികളാണ് ജുനൈദും നാസിറും. അവരുടെ വീടുകൾ സന്ദർശിച്ച ലേഖകൻ അവിടെ കണ്ട കാര്യങ്ങൾ എഴുതുന്നു.ജുനൈദിന്റെ ഇളയമകന് രണ്ടുവയസ്സേയുള്ളൂ. ഒരു മാസം മുമ്പാണ് അവൻ ആദ്യമായി ജുനൈദിനെ ‘അബ്ബാ’യെന്ന് വിളിച്ചത്. ഇനി അവന്റെ വിളികേൾക്കാൻ ജുനൈദില്ല. ഭാര്യ സാജിദക്ക്...
Your Subscription Supports Independent Journalism
View Plansഫെബ്രുവരി 16ന് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നാസിർ എന്നിവരെ ഹരിയാനയിൽവെച്ച് ഗോരക്ഷക ഗുണ്ടകൾ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘാത്മീക ഗ്രാമവാസികളാണ് ജുനൈദും നാസിറും. അവരുടെ വീടുകൾ സന്ദർശിച്ച ലേഖകൻ അവിടെ കണ്ട കാര്യങ്ങൾ എഴുതുന്നു.
ജുനൈദിന്റെ ഇളയമകന് രണ്ടുവയസ്സേയുള്ളൂ. ഒരു മാസം മുമ്പാണ് അവൻ ആദ്യമായി ജുനൈദിനെ ‘അബ്ബാ’യെന്ന് വിളിച്ചത്. ഇനി അവന്റെ വിളികേൾക്കാൻ ജുനൈദില്ല. ഭാര്യ സാജിദക്ക് അടുത്ത പെരുന്നാളിനായി സ്നേഹവാഗ്ദാനം നൽകിയിരുന്നു ജുനൈദ്. കടയിൽനിന്ന് ലഭിക്കുന്ന വരുമാനംകൊണ്ടൊരു സ്വർണക്കമ്മലായിരുന്നു അത്. പക്ഷേ, കൈയിലാകെയുണ്ടായിരുന്ന അൽപം പൊന്ന് വിറ്റ് സാജിദക്ക് ജുനൈദിന്റെ സംസ്കാരച്ചടങ്ങുകൾ നടത്തേണ്ടിവന്നു. പശുക്കടത്ത് ആരോപിച്ച് ഭർത്താവ് കൊല്ലപ്പെട്ടപ്പോൾ സാജിദ വിധവയായി, അവരുടെ ആറുമക്കൾ അനാഥരായി.
ജുനൈദിനൊപ്പം കൊല്ലപ്പെട്ട ബന്ധു നാസിറിന്റെ ഭാര്യ പർമീനയുടെയും അവസ്ഥ സമാനം. മരിച്ചുപോയ സഹോദരന്റെ രണ്ട് മക്കളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു നാസിർ. വാഹനമോടിച്ച് കിട്ടിയിരുന്ന വരുമാനംകൊണ്ടായിരുന്നു നാസിർ കുടുംബത്തിന് തണലായിരുന്നത്. എന്നാൽ, സകല ആഗ്രഹങ്ങളും നിമിഷനേരംകൊണ്ട് ചുട്ട്ചാമ്പലാക്കുകയായിരുന്നു അവർ. രണ്ടു പേരെയും തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച്, മൂത്രം കുടിപ്പിച്ചശേഷം വാഹനത്തിലിട്ട് പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു. കൊലയുടെ കാരണവും കൊല ചെയ്തവരും സുപരിചിതരാണ്. രാജ്യംഭരിക്കുന്ന സംഘ്പരിവാറിന്റെ ഭാഗമായ ബജ്റംഗ് ദളാണ് കൊലനടത്തിയത്. കാരണം പശുക്കടത്തും. രണ്ട് ജീവനുകളെ മാത്രമല്ല അവർ ചുട്ടെടുത്തത്. അവരുടെ കുടുംബത്തെ കൂടിയാണ്.
മുറിവേറ്റ് ഘാത്മീക ഗ്രാമം
ഡൽഹിയിൽനിന്നാണ് ജുനൈദിന്റെയും നാസിറിന്റെയും, രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘാത്മീക ഗ്രാമത്തിലേക്ക് ചെല്ലുന്നത്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽനിന്ന് അഞ്ചുകിലോമീറ്റർ മാറിയാണ് ഗ്രാമം. മേവ് മുസ്ലിംകളാണ് ഗ്രാമത്തിൽ ഭൂരിഭാഗവും. വികസനത്തിന്റെ നിഴൽപോലും ഇവിടെ പതിഞ്ഞിട്ടില്ല. ചില ചരിത്രസ്മാരകങ്ങൾ തകർന്ന് തരിപ്പണമായി റോഡിന്റെ ഇരുവശത്തുമുണ്ട്.
വല്ലപ്പോഴുമൊരു കാർ പോയിരുന്ന പൊട്ടിപ്പൊളിഞ്ഞ ചെറുവഴിയിലൂടെ ഇന്ന് വാഹനങ്ങളുടെ തിരക്കാണ്. എല്ലാവരും ജുനൈദിന്റെയും നാസിറിന്റെയും വീട്ടിലേക്കാണ്. വീട് സന്ദർശിക്കാനും സഹായങ്ങൾ നൽകാനുമായാണ് പലരും പോകുന്നത്. ആരൊക്കെ അടുത്തിരുന്ന് ആശ്വാസവാക്കുകൾ പറഞ്ഞാലും നെഞ്ചിലെ പൊള്ളുന്ന വേദനയകറ്റാൻ സാജിദക്കും പർവീനക്കും അവരുടെ മക്കൾക്കും സാധിക്കുമോയെന്നറിയില്ല.
ഉപ്പ നഷ്ടമായതിന്റെ വിറയലും വേദനയും മകൾ പർവാനയിൽ കാണാൻ സാധിച്ചു. തകർന്ന ഹൃദയവും കൂട്ടിപ്പിടിച്ച് തലയുയർത്താതെ പർവീന രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന് ‘നീതി’ വേണമെന്ന്. മറ്റൊന്ന് ഉപ്പ പശുക്കളെ കടത്താറില്ലെന്നും പിന്നിൽ, ബജ്റംഗ് ദൾ നേതാവ് മോനു മനേസിർ ആണെന്നും. എന്തൊെക്കയോ അവൾക്ക് പറയണമെന്നുണ്ട്. പക്ഷേ, ഉള്ളിലെ നീറ്റലതിന് സമ്മതിക്കുന്നില്ല. തൊട്ടടുത്തു നിന്ന സഹോദരൻ ഇസ്മായിൽ ഖാൻ അവളെ ചേർത്തുനിർത്തി സമാധാനിപ്പിച്ച് പറഞ്ഞു, ‘‘ജുനൈദ് ആയിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.’’ ആറുമക്കളെ കൂടാതെ മാനസിക വെല്ലുവിളി നേരിടുന്ന മറ്റൊരു സഹോദരനുമുണ്ട്. ‘‘ഇവരെയെല്ലാം നോക്കിയിരുന്നത് വീടിന് അടുത്തുള്ള കൊച്ചു കടയിൽനിന്നും ലഭിക്കുന്ന വരുമാനംകൊണ്ടായിരുന്നു. മക്കളെ സ്കൂളിൽ അയച്ചു നന്നായി പഠിപ്പിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. ഓരോ രൂപയും ആവശ്യത്തിനനുസരിച്ചാണ് ചെലവാക്കിയിരുന്നത്. ആ കടയും കുടുംബവും ഈ ഗ്രാമവും അല്ലാതെ അവന് മറ്റൊരു ജീവിതവും ഇല്ലായിരുന്നു.’’
ജീവിക്കാൻ സ്വന്തമായൊരു മാർഗമുള്ളപ്പോൾ എന്തിന് അവൻ പശുവിനെ കടത്തണമെന്ന് ഇസ്മായിൽ ചോദിച്ചു. ‘‘അതിന്റെ ആവശ്യം അവനില്ല. പശുവിനെ കടത്തിയെന്ന് പറഞ്ഞാണ് അവനെയും നാസിറിനെയും ചുട്ടുകൊന്നത്. ഇന്നേവരെ അവർ ആ പണിക്ക് പോയിട്ടില്ല. ഈ ഗ്രാമത്തിലെ ഭൂരിഭാഗം പേരും പശുവിനെ വളർത്തിയാണ് ജീവിക്കുന്നത്. അവരോട് ചോദിച്ചാൽ അറിയാൻ പറ്റുമല്ലോ, ഇരുവരും അങ്ങനെയുള്ളവർ ആണോയെന്ന്. പ്രതികൾക്ക് ഒപ്പം നിന്ന് പൊലീസും കള്ളക്കഥകൾ പറയുകയാണ്. പൊലീസും പ്രതികളും തമ്മിൽ നല്ലബന്ധമുള്ളവരാണ്. അത് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്ത് വരുന്നുണ്ട്. കൊലയുടെ ആസൂത്രകനായ മോനു മനേസിറിനെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ല. പ്രതികൾ ഒളിവിലാണെന്നാണ് അവർ പറയുന്നത്. ഇത് കള്ളമാണ്. വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. നിലവിലെ അന്വേഷണം അതാണ് തെളിയിക്കുന്നത്.’’ പൊലീസ് അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണെമന്നും ഇസ്മായിൽ പറഞ്ഞു.
ജുനൈദിന്റെ വീട്ടിൽനിന്ന് നേരെ തൊട്ടപ്പുറത്തുള്ള നാസിറിന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി. അവിടെയുമുണ്ടായിരുന്നു പ്രതീക്ഷയറ്റവർ. ആശ്വസിപ്പിക്കാൻ വരുന്നവരോട് എന്ത് പറയണമെന്ന് അറിയില്ലെന്ന് നാസിറിന്റെ സഹോദരൻ ഹാമിദ് പറഞ്ഞു. ‘‘പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നുണ്ട്. എന്നാൽ, ആകെ ഒരു പ്രതിയെ മാത്രമാണ് ഇത്രയും നാളായിട്ട് പിടികൂടാൻ സാധിച്ചത്.’’ പ്രതികളെ പിടികൂടാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത് വലിയ സംശയത്തിന് ഇടയാക്കുന്നുണ്ട്. എല്ലാ പ്രതികളെയും എത്രയും വേഗം പിടിക്കണമെന്നും ഹാമിദ് പറഞ്ഞു. പ്രതികളെ പിടിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്, ആദ്യ രണ്ട് ദിവസം കൊല്ലപ്പെട്ടവരുടെ ഖബറിന് അരികിലായിരുന്നു. ഇപ്പോൾ ഗ്രാമത്തിലെ ഈദ്ഗാഹിലാണ് സമരം. നിരവധിപേരാണ് ഈദ്ഗാഹിലെ സമരപ്പന്തലിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തുന്നത്.
ആ രാത്രി നടന്നത്
ജുനൈദിന്റെ സഹോദരൻ ജാഫറിന്റെ മകളുടെ വിവാഹാലോചനക്കായി നാസിറിനെയും കൂട്ടി ജുനൈദ് കഴിഞ്ഞ 15നാണ് ഹരിയാനയിൽ പോയത്. ബന്ധുവായ ഹസീന്റെ വെളുത്ത ബൊലേറോയിലായിരുന്നു യാത്ര. രാവിലെ വീട്ടിൽനിന്നും പോയ ഇരുവരും രാത്രിയായിട്ടും തിരികെയെത്തിയില്ല. ജുനൈദിന്റെ ഫോണിലേക്ക് ഭാര്യ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആരും ഫോൺ എടുത്തില്ല. ഭയം നിറഞ്ഞ ആ രാത്രി സാജിദ ഉറങ്ങാതെ കാത്തിരുന്നു. നേരം വെളുത്തിട്ടും ഇരുവരും ഗ്രാമത്തിലെത്തിയില്ല. തുടർന്ന്, ബന്ധുക്കളെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗ്രാമം ഒന്നാകെ രണ്ട് യുവാക്കൾക്കായി അന്വേഷണം തുടങ്ങി. പലരെയും വിളിച്ചു. ഒരു വിവരവും ലഭിച്ചില്ല.
രാവിലെ ഒമ്പതു മണിയോടെ ഗ്രാമവാസികൾ അടുത്തുള്ള പിരാകു ഗ്രാമത്തിലെത്തി, അവിടത്തെ ചായക്കടയിൽനിന്നൊരു വിവരം ലഭിച്ചു. കഴിഞ്ഞ രാത്രി രണ്ടുപേരെ ആക്രമിച്ച് കാറിൽ കൊണ്ടുപോകുന്നത് താൻ കണ്ടതായി ഒരാൾ പറഞ്ഞു. ഇതോടെ പൊലീസുമായി ബന്ധപ്പെട്ടു. ഉച്ചയോടെ കുടുംബത്തിന്റെ കാത്തിരിപ്പും നാട്ടുകാരുടെ തിരച്ചിലുകളുമെല്ലാം വിഫലമായി ഇരുവരും കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചു. ഭിവാനിയിലെ ലൊഹാരുവിൽനിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് പൊലീസിന് കിട്ടിയത്. തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. എന്നാൽ, കൊലപാതകത്തിന് മുമ്പ് ഇരുവരെയും ക്രൂരമായി മർദിച്ച് ഹരിയാനയിലെ ജിർക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായും പൊലീസ് ഇവരെ രക്ഷിച്ചില്ലെന്നും പിടിയിലായ പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകി. ഇതോടെ, പൊലീസിനെതിരെയും പ്രതിഷേധം ഉയർന്നു. ജിർക്കി പൊലീസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊലക്ക് പിന്നിൽ ബജ്റംഗ്ദൾ, പ്രതിക്കൂട്ടിൽ പൊലീസും
സംഘ്പരിവാർ സംഘടനയായ ബജ്റംഗ് ദളിന്റെ ഹരിയാനയിലെ നേതാവും പശുസംരക്ഷണ ടാസ്ക് ഫോഴ്സിന്റെ ചുമതലയുള്ള മോനു മനേസിറിന്റെ നേതൃത്വത്തിലെ സംഘമാണ് തട്ടിക്കൊണ്ടുപോയതിനും കൊലക്കും പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം നിരന്തരമായി ആരോപിക്കുന്നു. രാഷ്ട്രീയ-പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി മോനുവിന് വലിയ ബന്ധങ്ങളുണ്ട്. കൊലപ്പെടുത്തുന്നതിനുമുമ്പ് ഗോരക്ഷകർ ജുനൈദിനെയും നാസിറിനെയും 20 മണിക്കൂർ വാഹനത്തിൽ കൊണ്ടുനടന്നതായാണ് റിപ്പോർട്ട്. രണ്ട് സംഘങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിൽനിന്ന് യുവാക്കളെ തട്ടിക്കൊണ്ടുവന്നതും മർദിച്ചതും ഒരു സംഘമാണ്. ഇവർതന്നെയാണ് ജുനൈദിനെയും നാസിറിനെയും ഹരിയാന പൊലീസിലെത്തിച്ചതും. പശുക്കടത്തിന്റെ പേരിൽ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഗോരക്ഷകരുടെ ആവശ്യം. എന്നാൽ, മർദനമേറ്റ യുവാക്കളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാവാതെ സ്റ്റേഷനിൽനിന്നും പോകാൻ ആവശ്യപ്പെട്ടു.
മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ, പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന്, പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴിനൽകിയത്. ജീവൻ രക്ഷിക്കാതിരുന്നത് കൂടാതെ മറ്റു നിരവധി ആരോപണങ്ങൾകൂടി പൊലീസിനെതിരെ ഉയർന്നിട്ടുണ്ട്. മുഖ്യപ്രതിയായ, എഫ്.ഐ.ആറിൽ പേരുണ്ടായിരുന്ന മോനു മനേസിറിനെ പൊലീസ് ഒരാഴ്ച കഴിഞ്ഞു പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കി. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ പൊലീസ് മോനുവിനെ ഒഴിവാക്കി. നിലവിലെ അന്വേഷണത്തിൽ മോനുവിന് കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഒഴിവാക്കൽ. മറ്റൊരു നേതാവായ ലോകേഷ് സിംഗ്ലയുടെ പേരും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എട്ടു പേരുടെ ഫോട്ടോകൾ പൊലീസ് പുറത്തുവിട്ടു. ഇവരിൽ രണ്ടുപേർ നുഹിൽനിന്നുള്ളവരും ആറുപേർ ഹരിയാനയിലെ മറ്റ് ജില്ലകളിൽനിന്നുള്ളവരുമാണ്. റിമാൻഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനിൽ സ്വദേശി, ശ്രീകാന്ത്, കാലു, കിഷോർ, അനിൽ സ്വദേശിയായ ഭിവാനി, ശശികാന്ത്, വികാസ്, മോനു സ്വദേശി പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാൻ പൊലീസ് എ.ഡി.ജി.പി ക്രൈം ദിനേശ് എം.എൻ വിശദമാക്കി.
തീരാത്ത പകയും കൊലയും
പശുവിന്റെ പേരിൽ പെഹ് ലു ഖാനും അക്ബർ ഖാനും അതിദാരുണമായി കൊല്ലപ്പെട്ട രാജസ്ഥാനിൽതന്നെയാണ് രണ്ട് മുസ്ലിം ചെറുപ്പക്കാർ വീണ്ടും കൊല്ലപ്പെട്ടത്. രാജസ്ഥാനിൽ കാര്യമായൊരു മാറ്റവും വന്നിട്ടില്ലെന്നു തന്നെയാണ് പുതിയ കൊലപാതകം തെളിയിക്കുന്നത്. ആള്ക്കൂട്ട കൊലപാതകത്തെ അതിരൂക്ഷ ഭാഷയിൽ സുപ്രീംകോടതിയടക്കം അപലപിച്ച് രംഗത്ത് എത്തുമ്പോഴും മനുഷ്യജീവനുകളെ നടുറോഡിൽ പച്ചക്കു കത്തിക്കുകയാണ്.
രാജ്യത്തെ ഹിന്ദുത്വശക്തികൾക്ക് പശു മുസ്ലിം-ദലിത് സമൂഹങ്ങളെ കൊല്ലാനുള്ള രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. 2010 മുതൽ 2017 വരെ പശുവിന്റെ പേരിൽ കൊലചെയ്യപ്പെട്ടവരിൽ 85 ശതമാനം ആളുകൾ മുസ്ലിംകളും ദലിത് വിഭാഗക്കാരുമാണെന്ന് ‘ഇന്ത്യ സ്പെൻഡ്’ എന്ന മാധ്യമ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങളിൽ 97 ശതമാനവും നടന്നത് മോദിസർക്കാർ അധികാരത്തിലേറിയ 2014നു ശേഷമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യകാലങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇത് ഇന്ത്യയിൽ സർവസാധാരണമായി നടക്കുന്ന സംഭവമായി മാറുകയാണ്. കൊല നടത്തിയ ഗോരക്ഷക ഗുണ്ടകൾക്കുവേണ്ടി ഇന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. അവർക്കായി ഗ്രാമങ്ങളിൽ മഹാപഞ്ചായത്തുകൾ നടക്കുന്നു. ബജ്റംഗ് ദളും വിശ്വഹിന്ദു പരിഷത്തും ആവശ്യമായ സഹായം നൽകുന്നു. സർക്കാറും പൊലീസും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. സമാനമായ അതിക്രൂര കൊലപാതകങ്ങളും അതിക്രമങ്ങളും മാസത്തിൽ ഒന്നെന്ന മട്ടിൽ നടമാടുമ്പോൾ വാഹനാപകടവും പോക്കറ്റടിയുംപോലെ അതൊരു സാധാരണ കുറ്റവാർത്ത മാത്രമായിരിക്കുന്നു.
പശുമാംസം വീട്ടിൽ സൂക്ഷിച്ചിരുന്നു എന്നാരോപിച്ചാണ് ദാദ്രിയിലെ വീട്ടിൽ ഇരച്ചുകയറി അഖ്ലാഖ് എന്ന സാധുമനുഷ്യനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിൽ സിഷാൻ ഹൈദർ നഖ് വി എന്ന അമ്പതുകാരനെ പശുമാംസം കൈവശംവെച്ചു എന്നാരോപിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് സബ് ഇൻസ്പെക്ടർമാരടക്കം 12 പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഹൈകോടതിക്ക് വരെ ഇടപെടേണ്ടിവന്നു. ഇന്നും അദ്ദേഹത്തിന്റെ ഭാര്യ നിയമയുദ്ധത്തിലാണ്. ന്യൂനപക്ഷങ്ങളും ദലിതുകളുമടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ ആക്രമിക്കാനുള്ള ഒരു കാരണമായാണ് അക്രമികള് പശുവിനെ ഉപയോഗിക്കുന്നത്. കേന്ദ്രമന്ത്രിമാര് വരെ അക്രമങ്ങളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഹരിയാനയിലെയും രാജസ്ഥാനിലെയും ഗോരക്ഷക ആക്രമണം വർധിച്ചുവരുമ്പോൾ മേവാത്തിലെ മുസ്ലിം സമൂഹം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹരിയാനയും രാജസ്ഥാനും വെറുപ്പിന്റെ നാടായിരുന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദ്വേഷ പ്രസംഗങ്ങളും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും സർവസാധാരണമായിരുന്നു. വിദ്വേഷം തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് യോജിച്ചതിനാൽ ബി.ജെ.പി നിരന്തരം പുറത്തെടുക്കുകയാണ്.
2010നും 2017നും ഇടയിൽ ഇന്ത്യയിൽ പശുവിന്റെ പേരിൽ 63 ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 124 പേർക്ക് പരിക്കേറ്റു. 2017 മുതൽ 2021 വരെ 15 പേർ മരിക്കുകയും 21 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ട് പറയുന്നു.
വാരിസിനെയും കൊന്നു?
കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഇതേ പ്രദേശത്ത് 22കാരനായ വാരിസ് എന്ന മുസ്ലിം യുവാവ് മരിച്ചിരുന്നു. മോനു മനേസിറിന്റെ നേതൃത്വത്തിലുള്ള ബജ്റംഗ് ദൾ പ്രവർത്തകരാണ് വാരിസിനെ തല്ലിക്കൊന്നതെന്ന് വാരിസിന്റെ കുടുംബം പറയുന്നു. പശുക്കടത്ത്, കശാപ്പ് എന്നിവയിൽ പങ്കാളികളെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. ജനുവരി 28ന് ഹരിയാനയിലെ നുഹിനടുത്തുള്ള ടൗരുവിൽ മൂന്ന് മുസ്ലിം യുവാക്കളെ ബജ്റംഗ് ദൾ അംഗങ്ങൾ മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാറിന്റെ പിൻസീറ്റിൽ വാരിസും സുഹൃത്തുക്കളായ ഷൗക്കീനും നഫീസുമായിരുന്നു. എവിടെനിന്നാണ് വരുന്നതെന്നും മറ്റും ചോദ്യംചെയ്യുന്നത് വിഡിയോയിൽ കാണാം. വാഹനത്തിൽ കയറ്റി മൂന്നുപേരെയും ചോദ്യംചെയ്യുകയായിരുന്നു.
ഈ വിഡിയോ പുറത്തുവന്നതിനു ശേഷമാണ് കാർ ഇടപാടുകാരനും മെക്കാനിക്കുമായ വാരിസ് മരിച്ചത്. വിഡിയോ തെളിവായി കാണിച്ച് ബന്ധുവായ ഷാഹിദ് ഹുസൈൻ പറഞ്ഞു:
“അവർ അവനെ കൊന്നു. മരിക്കുന്നതിനുമുമ്പ് മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തു.’’ മൂന്നുമാസം പ്രായമുള്ള പെൺകുട്ടിയുണ്ട് വാരിസിന്. വാഹനാപകടത്തിലാണ് വാരിസ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മേവാത്ത് മേഖലയിൽ കുറച്ച് വർഷങ്ങളായി നിരവധി ആൾക്കൂട്ട ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്. പശുക്കടത്തിന്റെ പേരിലാണ് ഭൂരിഭാഗവും മുസ്ലിംകൾ താമസിക്കുന്ന ഈ പ്രദേശത്ത് കൊലപാതക പരമ്പരകളുണ്ടാകുന്നത്.