‘മീഡിയവൺ’ കേസ് ഇന്ത്യൻ മാധ്യമ ലോകത്ത് നാഴികക്കല്ലായി മാറുന്നതെങ്ങനെ? -യാസീൻ അശ്റഫ് എഴുതുന്നു
ഇന്ത്യൻ മാധ്യമ ലോകത്ത് ‘മീഡിയവൺ’ കേസ് നാഴികക്കല്ലായി മാറുന്നതെങ്ങനെയാണ്? കേസിൽ സുപ്രീംകോടതിയുടെ ഇടപെടലും വിധിന്യായവും എങ്ങനെയാണ്? ‘മീഡിയവൺ’ മാനേജിങ് ഡയറക്ടർ കൂടിയായ ലേഖകൻ എഴുതുന്നു.2021 വർഷാവസാനം മീഡിയവൺ ചാനലിന് ഒരു SWOT അനാലിസിസിന്റെ എല്ലാ കള്ളികളും വിസ്തരിച്ച് പൂരിപ്പിക്കാവുന്ന സന്ദർഭമായിരുന്നു. പത്താം വർഷത്തിലേക്ക് കടക്കാനിരിക്കെ മലയാളം ചാനലുകൾക്കിടയിൽ വിശ്വാസ്യത സ്ഥാപിച്ചുകഴിഞ്ഞതും ലാഭമില്ലെങ്കിലും നഷ്ടമില്ലാത്ത അവസ്ഥയിൽ...
Your Subscription Supports Independent Journalism
View Plansഇന്ത്യൻ മാധ്യമ ലോകത്ത് ‘മീഡിയവൺ’ കേസ് നാഴികക്കല്ലായി മാറുന്നതെങ്ങനെയാണ്? കേസിൽ സുപ്രീംകോടതിയുടെ ഇടപെടലും വിധിന്യായവും എങ്ങനെയാണ്? ‘മീഡിയവൺ’ മാനേജിങ് ഡയറക്ടർ കൂടിയായ ലേഖകൻ എഴുതുന്നു.
2021 വർഷാവസാനം മീഡിയവൺ ചാനലിന് ഒരു SWOT അനാലിസിസിന്റെ എല്ലാ കള്ളികളും വിസ്തരിച്ച് പൂരിപ്പിക്കാവുന്ന സന്ദർഭമായിരുന്നു. പത്താം വർഷത്തിലേക്ക് കടക്കാനിരിക്കെ മലയാളം ചാനലുകൾക്കിടയിൽ വിശ്വാസ്യത സ്ഥാപിച്ചുകഴിഞ്ഞതും ലാഭമില്ലെങ്കിലും നഷ്ടമില്ലാത്ത അവസ്ഥയിൽ സാമ്പത്തിക ശേഷി മുന്നേറിക്കൊണ്ടിരുന്നതും മാധ്യമ മേഖലയിലെ ദ്രുതമാറ്റങ്ങൾ കൊണ്ടുവരുന്ന സാധ്യതകളുമെല്ലാം ഒരുവശത്ത്. മാധ്യമ നിയന്ത്രണ നീക്കങ്ങളുടെ ഉന്നങ്ങളിലൊന്നായി യൂനിയൻ സർക്കാർ മീഡിയവണിനെ അടയാളപ്പെടുത്തി വെച്ചതിന്റെ ലക്ഷണങ്ങൾ മറുവശത്ത്. അതിനു മുമ്പത്തെ വർഷം, 2020 മാർച്ച് 6ന്, ഏഷ്യാനെറ്റ് ന്യൂസിനൊപ്പം മീഡിയവണിനും 48 മണിക്കൂർ മിന്നൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സമയപരിധിക്ക് മുമ്പേ ആദ്യം ഏഷ്യാനെറ്റിനും കുറെക്കഴിഞ്ഞ് മീഡിയവണിനും സംപ്രേഷണാനുമതി തിരിച്ചുകിട്ടിയെങ്കിലും അതൊരു സൂചനയായി. ആ വിലക്കിന് കാരണമായി പറഞ്ഞത് കേബിൾ ടെലിവിഷൻ ചട്ടം ലംഘിച്ചു എന്നതായിരുന്നു. ആ ‘ലംഘനം’ എന്തായിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു: ഡൽഹിയിലെ വർഗീയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതും ആർ.എസ്.എസിനെ വിമർശിച്ചതുമായിരുന്നു അത്!
ഏതാണ്ട് ഈ സമയത്തുതന്നെയാവാം, ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ മീഡിയവണിനെ കുറിച്ചുള്ള ഫയലുകളിൽ ചില ‘പുതിയ’ വിവരങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നുണ്ടായിരുന്നെന്ന് കരുതേണ്ടിവരുന്നു. കാരണം, പത്തുവർഷം കഴിയുന്നമുറക്ക് ചാനൽ സംപ്രേഷണാനുമതി (ടെലികാസ്റ്റ് ലൈസൻസ്) പുതുക്കേണ്ടതുള്ളതിനാൽ ആവശ്യമായ രേഖകളും ഫീസുമായി അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ, 2021 ഒടുവിൽ, വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് വന്നത് ഒരു ‘ഷോകോസ്’ നോട്ടീസാണ്. ‘നിങ്ങളുടെ കമ്പനിയായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസില്ലാത്തതിനാൽ നിങ്ങളുടെ ടെലികാസ്റ്റ് ലൈസൻസ് പിൻവലിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം’ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.
ആഭ്യന്തര മന്ത്രാലയം കമ്പനിക്കെതിരെ കണ്ടെത്തിയ കുറ്റമെന്തെന്ന് പറഞ്ഞിട്ട് വിശദീകരണം ചോദിക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഇവിടെ, ആരോപണമെന്തെന്ന് പറയാതെയാണ് കാരണം ബോധിപ്പിക്കാനാവശ്യപ്പെടുന്നത്. നിങ്ങൾ വിശദീകരിക്കണം - പക്ഷേ, എന്താണ് വിശദീകരിക്കേണ്ടതെന്ന് നിങ്ങളോട് പറയില്ല.
‘ഉമ്മാക്കി’യെന്ന് സുപ്രീംകോടതിയടക്കം പിന്നീട് വിശേഷിപ്പിച്ച ദേശസുരക്ഷ എന്ന ഒറ്റമൂലിയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. (‘കഥ’ക്കൊടുവിൽ, ചാനലിന് അനുമതി നൽകാൻ കൽപിച്ചുകൊണ്ട് സുപ്രീംകോടതി നൽകിയ വിധിയിൽ ഈ ഉമ്മാക്കിയുടെ സാക്ഷാൽ രൂപത്തെ ‘മുദ്രവെച്ച കവറി’ൽനിന്ന് പുറത്തിറക്കുകയുണ്ടായി. പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങളാണോ ദേശസുരക്ഷയും മുദ്രവെച്ച കവറും കാട്ടി മഹാകാര്യമെന്ന മട്ടിൽ കൊണ്ടുനടക്കുന്നത് എന്ന് കോടതി അത്ഭുതപ്പെടുന്നത് അങ്ങനെയാണ്.)
കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി ചാനൽ എഴുതി: ആരോപണങ്ങളെന്തെന്ന് അറിയാതെ പ്രതികരിക്കാനാകില്ലല്ലോ. ആ വിവരങ്ങൾ ദയവായി അറിയിക്കണം.
അധികാരികൾ ആ വിവരം അറിയിച്ചില്ല. പകരം, സംപ്രേഷണാനുമതി പുതുക്കാതെ ചാനലിന്റെ പ്രവർത്തനത്തിന് 2022 ജനുവരി 31ന് വിലങ്ങ് വീണു. ചാനൽ സ്ക്രീൻ മാഞ്ഞു. ‘സിഗ്നൽ ലഭ്യമല്ല’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടു.
വിലക്കിനെതിരെ സ്റ്റേ തേടി കേരള ഹൈകോടതിയെ സമീപിച്ചു മീഡിയവൺ. ജസ്റ്റിസ് നഗരേഷിന്റെ സിംഗ്ൾ ബെഞ്ച് താൽക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും വിചാരണക്കു ശേഷം വിലക്ക് ശരിവെക്കുകയാണ് ചെയ്തത്.
ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ രണ്ടുദിവസം നിരോധനം സ്റ്റേ ചെയ്യണമെന്ന് മീഡിയവൺ ആവശ്യപ്പെട്ടപ്പോൾ ജ. നഗരേഷ് പ്രതികരിച്ചത്, രണ്ടു ദിവസം പോയിട്ട് ഒരു മണിക്കൂർപോലും നിരോധനം നിർത്തിവെക്കാനാകില്ല എന്നായിരുന്നു. ചാനലിനെതിരായ രഹസ്യവിവരം അത്ര ഗുരുതരമാണെന്ന് ധ്വനി.
തെളിവ്? ശിക്ഷയർഹിക്കുന്ന എന്തെങ്കിലും കുറ്റത്തെപ്പറ്റി സൂചനയെങ്കിലും? ഒന്നുമില്ല. സർക്കാർ എന്തൊക്കെയോ മുദ്രവെച്ച കവറിലിട്ട് ജഡ്ജിക്ക് കൊടുക്കുന്നു; ജഡ്ജി അത് നോക്കി തീർപ്പ് പറയുന്നു. ‘കുറ്റാരോപിതരാ’യ പരാതിക്കാർക്ക് വിശദീകരിക്കാൻ അവസരമില്ലെന്ന് മാത്രമല്ല, തങ്ങളുടെ തെറ്റ് എന്താണെന്ന് അവരോട് പറയുന്നുപോലുമില്ല. തല്ലിക്കൊലക്കിരയാകുന്നവരുണ്ട്. ആൾക്കൂട്ടം വന്ന് അവരെ കെട്ടിയിടുന്നു, കൊല്ലുന്നു. എന്തോ കുറ്റം അവർ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. പക്ഷേ, കാര്യമറിയാനോ വിശദീകരണം നൽകാനോ അവസരമില്ല ഇരകൾക്ക്. ഇത്തരമൊരു ജുഡീഷ്യൽ ലിഞ്ചിങ്ങിനെപ്പറ്റി ആലോചിച്ചുനോക്കുക. നിരോധനത്തിനാധാരമായ പ്രശ്നം വിശദീകരിക്കാൻ പോയിട്ട് അറിയാൻപോലും അവകാശമില്ലാത്ത അവസ്ഥ എത്ര ഭയാനകം!
സിംഗ്ൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച്
‘മുദ്രിത രേഖകൾ’ നോക്കി, ചാനൽ വിലക്കിന് മതിയായ കാരണമുണ്ടെന്ന് വിധിച്ച സിംഗ്ൾ ബെഞ്ച് ഫലത്തിൽ അർഥമാക്കിയതെന്താണ്? തെളിവ് സർക്കാറിന് ബോധ്യപ്പെട്ടതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു എന്ന്. രഹസ്യാന്വേഷണ ഏജൻസികൾ എന്തുപറഞ്ഞാലും വിശ്വസിച്ചേ പറ്റൂ എന്ന മട്ട്. സർക്കാറിന്റെ വാദങ്ങൾ പരിശോധിക്കുകയെന്ന പ്രാഥമിക കർത്തവ്യം കോടതി കൈയൊഴിഞ്ഞുകളഞ്ഞു. ഭരണകൂടത്തോടുള്ള അനാരോഗ്യകരമായ അത്യാദരവിന്റെ മറ്റൊരു അടയാളമായിരുന്നു, നിരോധനം ശരിവെച്ചതിന് ന്യായമായി സിംഗ്ൾ ബെഞ്ച് ‘അത്രിസംഹിത’ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്. കോടതിയുടെ തീർപ്പിന് ആധാരമായി ഭരണഘടനയെയല്ല, ഋഗ്വേദകാലത്തെ ഈ പഴയകാല നിയമമാണ് ബെഞ്ച് ഉദ്ധരിച്ചത്. ദേശസുരക്ഷയുടെ വിഷയത്തിൽ ലെജിസ്ലേച്ചറോ (പാർലമെന്റ്) ജുഡീഷ്യറിയോ അല്ല, എക്സിക്യൂട്ടിവ് (സർക്കാർ) ആണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ കോടതി, സർക്കാർ പറയുന്നതിനപ്പുറം ജുഡീഷ്യറിക്കൊന്നും ചെയ്യാനില്ലെന്നും സൂചിപ്പിച്ചു. സ്വന്തം പ്രസക്തി റദ്ദ് ചെയ്യാൻ തക്ക ഭരണകൂട ഭക്തി ഏതായാലും ഭരണഘടനയിൽ നിന്നല്ല ജുഡീഷ്യറിക്ക് ലഭിച്ചത്.
ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ആഭ്യന്തര വകുപ്പിലെ ‘കമ്മിറ്റി ഓഫ് ഓഫിസേഴ്സ്’, മീഡിയവണിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന ശിപാർശ ആഭ്യന്തര മന്ത്രാലയത്തിന് നൽകുകയും മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തത് കോടതി ചൂണ്ടിക്കാട്ടി. ഈ തീരുമാനം നീതീകരിക്കാവുന്നതാണെന്ന് കോടതിയും കണ്ടുവത്രെ.
സിംഗ്ൾ ബെഞ്ചിന്റെ വിധി വന്നത് 2022 ഫെബ്രുവരി 8ന്. അതിനെതിരെ മീഡിയവൺ ഡിവിഷൻ ബെഞ്ചിൽ മാർച്ച് 2ന് അപ്പീൽ സമർപ്പിച്ചു. ജസ്റ്റിസുമാരായ എസ്. മണികുമാറും ഷാജി പി. ചാലിയും അന്നുതന്നെ നൽകിയ വിധി, സർക്കാർ നടപടിയിൽ ഇടപെടേണ്ടതില്ലെന്ന സിംഗ്ൾ ബെഞ്ച് തീർപ്പ് ശരിവെക്കുന്നതായിരുന്നു. ഇവിടെയും സർക്കാറിന്റെ ‘രഹസ്യ രേഖകളാ’ണ് നിരോധനത്തിന് ന്യായമായി പറഞ്ഞത്. ഇവിടെയും പരാതിക്കാർക്ക് അതിനെപ്പറ്റി വിവരം നൽകുകയോ മറുപടിക്ക് അവസരം നൽകുകയോ ഉണ്ടായില്ല. സർക്കാറിന്റെ രഹസ്യരേഖകളിൽ ഗൗരവമേറിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ ചാനലിനെതിരെ ഉണ്ട് എന്നും കമ്പനിക്കും മാനേജിങ് ഡയറക്ടർക്കുമെതിരെ ഗുരുതര റിപ്പോർട്ടുകൾ ഉണ്ട് എന്നും കോടതി നിരീക്ഷിച്ചു. ‘വിഷയത്തിന്റെ സ്വഭാവം, പ്രത്യാഘാതം, ഗൗരവം, ആഴം എന്നിവയൊന്നും ഈ ഫയലുകളിൽ കാണാനില്ലെന്നത് ശരിയാണെങ്കിലും പൊതു ക്രമസമാധാനത്തെയും ദേശസുരക്ഷയെയും ബാധിക്കാവുന്നതായി വ്യക്തവും ശക്തവുമായ സൂചനകൾ (Clear and significant indications) ഉണ്ടെ’ന്ന് കോടതി പറഞ്ഞു. പ്രശ്നം വ്യക്തമല്ല, പക്ഷേ സൂചനകൾ വ്യക്തമാണ് എന്ന്! പൗരാവകാശത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമെന്ന് നാം പ്രതീക്ഷിക്കുന്ന കോടതി എത്ര ലാഘവത്തോടെയാണ് ഇത്ര വലിയ വിഷയത്തെ കാണുന്നത്!
നിയമദൃഷ്ട്യാ നിലനിൽക്കാത്തതെന്ന് പിന്നീട് സുപ്രീംകോടതി കണ്ടെത്തിയ വാദങ്ങൾ കൊണ്ടാണ് സർക്കാർ മാത്രമല്ല, ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും മീഡിയവൺ ചാനലിനെ 35 ദിവസം നിശ്ശബ്ദമാക്കിക്കളഞ്ഞത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് ആ കാലയളവിൽ ചാനൽ പ്രവർത്തിച്ചത്. മാർച്ച് 15ന് മീഡിയവണിന്റെ അപ്പീൽ സുപ്രീംകോടതി പരിഗണിച്ചു.
വിലക്ക് നീക്കണമെന്നും അതുവരെ താൽക്കാലിക സ്റ്റേ അനുവദിക്കണമെന്നുമാണ് മീഡിയവൺ ആവശ്യപ്പെട്ടത്. സ്റ്റേ അനുവദിക്കണോ എന്ന് തീരുമാനിക്കുന്നതിനുമുമ്പ് സർക്കാർ സമർപ്പിച്ച രഹസ്യവിവരങ്ങൾ പരിശോധിക്കാൻ കോടതി തയാറായി. ‘സീൽഡ് കവർ’ സമ്പ്രദായത്തോട് പലകുറി വിമുഖത പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മീഡിയവൺ അഭിഭാഷകനോട്, വിസമ്മതമില്ലല്ലോ എന്നന്വേഷിച്ച ശേഷമാണ് അത് തുറന്നത്. അതിലെ രേഖകളെല്ലാം പരിശോധിച്ച ശേഷം കോടതി മീഡിയവണിന് സ്റ്റേ അനുവദിച്ചു -2022 മാർച്ച് 15ന്.
സുപ്രീംകോടതി വിധി
അന്തിമവിധിക്ക് പിന്നെ ഒരു വർഷത്തോളമെടുത്തു. 2023 ഏപ്രിൽ 5ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും വിധി പറഞ്ഞു. മീഡിയവണിന്റെ വിലക്ക് എടുത്തുകളഞ്ഞും നാലാഴ്ചകൊണ്ട് സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാൻ സർക്കാറിനോട് നിർദേശിച്ചുമുള്ളതാണ് തീർപ്പ്.
എന്നാൽ, വെറുമൊരു കേസിന്റെ തീർപ്പ് എന്നതിനപ്പുറം മാനങ്ങൾ അതിനുണ്ട്. മാധ്യമ സ്വാതന്ത്ര്യം, മുദ്രവെച്ച കവർ, ദേശസുരക്ഷാവാദം തുടങ്ങിയ മൗലിക വിഷയങ്ങളിൽ, കാതലിലും നടപടിക്രമങ്ങളിലുമെല്ലാം വ്യക്തത വരുത്തുന്ന ഈ വിധി ചരിത്രപ്രധാനമാണ്.
ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഉദ്ധരിക്കപ്പെടാനും ഇന്ത്യയിൽ നീതിന്യായ രംഗത്ത് മാർഗദർശകമാകാനും പോന്ന അനേകം നിരീക്ഷണങ്ങൾ സുപ്രീംകോടതിയുടെ വിധിപ്രസ്താവത്തിലുണ്ട്. മാധ്യമ സ്വാതന്ത്ര്യമാണ് ഒന്ന്. സർക്കാറിനെ വിമർശിക്കുന്നത് തെറ്റല്ല; ജനാധിപത്യത്തിൽ അത് ആവശ്യമാണ്. ഭിന്നസ്വരങ്ങളും വിയോജിപ്പുകളുമാണ് ജനാധിപത്യത്തെ ആരോഗ്യത്തോടെ മുന്നോട്ടുനയിക്കുക -കോടതി പറഞ്ഞു. പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധവും അഭിപ്രായങ്ങളും ജനങ്ങളെ അറിയിക്കുക വഴി സമൂഹത്തിൽ വൈരം പടർത്താൻ മീഡിയവൺ ശ്രമിച്ചു എന്ന വാദം കോടതി തള്ളി. സൈന്യത്തെയും ജുഡീഷ്യറിയെത്തന്നെയും വിമർശിക്കുന്നത് കുറ്റമല്ല എന്നും ചൂണ്ടിക്കാട്ടി.
ദേശസുരക്ഷ എന്ന വാക്കുപയോഗിച്ച് ഏത് വിയോജിപ്പുകളെയും നിശ്ശബ്ദമാക്കുന്ന രീതിയോട് സുപ്രീംകോടതി മുമ്പേ എതിർപ്പ് പ്രകടിപ്പിച്ചതാണ്. മീഡിയവൺ കേസിലും ‘നാഷനൽ സെക്യൂരിറ്റി’ വാദം ദുരുപയോഗം ചെയ്യപ്പെട്ടതായി കോടതി സൂചിപ്പിച്ചു.
ഒരുപക്ഷേ, നിയമ-നീതിന്യായ വൃത്തങ്ങളിൽ ഈ കേസിന്റെ വിധി ഏറ്റവുമധികം പരാമർശിക്കപ്പെടാൻ പോകുന്നത് ‘സീൽഡ് കവർ’ സമ്പ്രദായത്തെപ്പറ്റിയുള്ള തീർപ്പുകളും മാർഗനിർദേശങ്ങളും കാരണമായിരിക്കും. എന്തുകൊണ്ട് വിലക്ക് എന്ന പ്രാഥമിക വിവരംപോലും നൽകാതെയാണ് സർക്കാർ മീഡിയവണിനെ വിലക്കിയത്. പെഗസസ് കേസിൽ മുമ്പ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞുവെച്ചിരുന്നു, മുദ്രിതരേഖകൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ധാരാളമുണ്ടെന്ന്. ആ നിലപാടിന്റെ തുടർച്ചയായും സീൽഡ് കവർ വിഷയത്തിൽ നിർണിത മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ചുമാണ് മീഡിയവൺ വിധി ഇപ്പോൾ വരുന്നത്. സ്വന്തം ഭാഗം പറയാനുള്ള അവകാശമാണ് സീൽഡ് കവറിലൂടെ മീഡിയവണിന് നിഷേധിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങളിൽ അനുവർത്തിക്കാവുന്ന പൊതുരീതികൾ ആവിഷ്കരിച്ചുകൊണ്ട് കോടതി സീൽഡ് കവർ വിഷയത്തെ താത്ത്വികമായും പ്രായോഗികമായും അഭിസംബോധന ചെയ്തിരിക്കുന്നു. ‘പബ്ലിക് ഇന്ററസ്റ്റ് ഇമ്യൂണിറ്റി’ (പി.ഐ.ഐ), അമിക്കസ് ക്യൂറിയെ നിയോഗിക്കൽ, നടപടിക്രമം തുടങ്ങി പല രീതികളും സംവിധാനങ്ങളും ഇക്കാര്യത്തിൽ കോടതി നിർദേശിച്ചിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന ‘സീൽഡ് കവർ രാജി’ന് കോടതി മുന്നോട്ടുവെച്ച ജനപക്ഷ പരിഹാരമായിട്ടാവും മീഡിയവൺ വിധി ഗണിക്കപ്പെടുക
വിധിയെ സ്വാഗതം ചെയ്യുമ്പോഴും ജനാധിപത്യ വിശ്വാസികളിൽ ആശങ്കയുണർത്തേണ്ട വശങ്ങൾ മീഡിയവൺ കേസിലുണ്ട്. ഒന്ന്, ഒരു സർക്കാറിന് വെറും തോന്നലിന്റെ അടിസ്ഥാനത്തിൽ ഒരു മാധ്യമ സ്ഥാപനത്തെ മാസങ്ങളോളം അനിശ്ചിതത്വത്തിലാക്കാൻ കഴിയും എന്നതാണത്. സ്വന്തം ഭാഗം കേൾക്കപ്പെടാതെ സർക്കാറിലും ഹൈകോടതി സിംഗ്ൾബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും കടുത്ത അനീതിക്ക് ഇരയാകേണ്ടിവന്നു മീഡിയവൺ. ‘സീൽഡ് കവറി’ലെ ഉള്ളടക്കം ചാനലിന് ലഭ്യമാക്കിയില്ല എന്ന് മാത്രമല്ല, ആ ഉള്ളടക്കം പരിഹാസ്യമാംവിധം നിർദോഷമാണെന്ന് നാടറിയുന്നത് പരമോന്നത കോടതി അത് വെളിപ്പെടുത്തുമ്പോഴാണ്. യു.എ.പി.എ, അഫ്സ്പ തുടങ്ങിയ അമിതാധികാര നിയമങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നു, ജുഡീഷ്യറിയെയും സേനാ വിഭാഗങ്ങളെയും വിമർശിക്കുന്നു, ന്യൂനപക്ഷ പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നു, ബാബരി മസ്ജിദ് തകർത്തവരോട് സർക്കാർ മൃദു സമീപനം കൈക്കൊള്ളുന്നതായി കുറ്റപ്പെടുത്തുന്നു തുടങ്ങിയവയത്രെ മുദ്രവെച്ച കവറിലെ ഭീകര കുറ്റങ്ങൾ. ഇതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നുപറഞ്ഞ കോടതി മറ്റൊന്നുകൂടി ചൂണ്ടിക്കാട്ടി: ഇപ്പറഞ്ഞതൊക്കെ ഭദ്രമായി പൂട്ടിവെച്ച് ജഡ്ജിമാർക്ക് സ്വകാര്യമായി കാണിച്ചുകൊടുക്കേണ്ട രഹസ്യങ്ങൾ പോലുമല്ല. എല്ലാം പൊതുമണ്ഡലത്തിൽ ലഭ്യമായ കാര്യങ്ങൾ.
തീർത്തും ബാലിശമായ കാര്യം പറഞ്ഞ്, ബാലിശമായ രീതിയിൽ വിലക്കേർപ്പെടുത്താൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് കഴിയുന്നു എന്നതിനപ്പുറം കൂടുതൽ ഗൗരവപ്പെട്ട ആശങ്ക വേറെയുമുണ്ട്. ജുഡീഷ്യറിയിൽപോലും പലപ്പോഴും ഇത്തരം അന്യായങ്ങൾ തിരുത്തപ്പെടുന്നില്ല എന്നതാണത്. മീഡിയവൺ കേസിലെ ‘മുദ്രവെച്ച കവർ’ ചാനലിനെതിരായി ഒരുപാട് അഭ്യൂഹങ്ങൾ പരത്തി. അതിന്റെ ഉള്ളടക്കം എന്താണെന്ന് സുപ്രീംകോടതി വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ അവ എക്കാലവും കളങ്കമായി നിലനിന്നേനെ. മീഡിയവൺ കമ്പനിയായ എം.ബി.എലിനെതിരെ ഒരു കുറ്റവുമില്ലെന്ന് സി.ബി.ഐ റിപ്പോർട്ട് ചെയ്തെങ്കിലും ഐ.ബി അതിന് പിന്നിലെ സംഘടനാ ബന്ധവും മാധ്യമം പത്രത്തിന്റെ മോശം സ്വരവും ചാനലിന്റെ ‘എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധത’യുമൊക്കെ കുറ്റമായി എടുത്തു കാട്ടുക മാത്രമല്ല, അതെല്ലാം സീൽ ചെയ്ത കവറിലിടുക മാത്രമല്ല, ചാനലുമായി പങ്കുവെക്കരുതെന്ന അപേക്ഷയോടെ കോടതിക്ക് അത് നൽകിക്കൊണ്ട് അന്യായം കാട്ടുകയും ചെയ്തു. ഇത് ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അംഗീകരിക്കുകയും സർക്കാർ ഭാഷ്യം വിധിയുടെ ഭാഗമാക്കുകയും ചെയ്തു എന്നത് നീതിബോധമുള്ളവരെ അലോസരപ്പെടുത്തണം.
ഇന്ത്യൻ മാധ്യമ ലോകത്ത് മീഡിയവൺ കേസ് പലനിലക്കും നാഴികക്കല്ലാണ്. അതിൽ സുപ്രീംകോടതി നൽകിയ അന്തിമവിധി മികച്ച വഴിയടയാളവുമാണ്.