ഇസം

ഇസങ്ങളെ പഴിക്കവയ്യ, അവ പോറ്റുന്ന വ്യവസ്ഥിതികളിലെ പരിണിതഫലങ്ങൾക്ക്. സോവിയറ്റ് ഗുലാഗുകൾക്ക് ഉത്തരവാദി മാർക്സല്ല. നേരാണ്, ബുദ്ധന്റെ മാതിരിയുള്ള മാനവികതയല്ല മാർക്സിന്, ഹിംസാരുചി ഇല്ലാതെയുമില്ല. എന്നുകരുതി പോയിപ്പോയി മാർക്സിസം ഗുലാഗിലെത്തണോ? ബർലിൻ മതിൽ വീണുകൊണ്ടിരിക്കെ റഷ്യ-ടി.വി ഒരു മനശ്ശാസ്ത്ര പരമ്പര അവതരിപ്പിച്ചു. വിഷയവിരുതർ പണി ഭംഗിയാക്കിക്കൊണ്ടിരുന്നു, ഏതാണ്ടിങ്ങനെ: ‘‘നടുവേദനയുണ്ടെങ്കിൽ ഒരു പാത്രം പച്ചവെള്ളമെടുത്ത്...
Your Subscription Supports Independent Journalism
View Plansഇസങ്ങളെ പഴിക്കവയ്യ, അവ പോറ്റുന്ന വ്യവസ്ഥിതികളിലെ പരിണിതഫലങ്ങൾക്ക്. സോവിയറ്റ് ഗുലാഗുകൾക്ക് ഉത്തരവാദി മാർക്സല്ല. നേരാണ്, ബുദ്ധന്റെ മാതിരിയുള്ള മാനവികതയല്ല മാർക്സിന്, ഹിംസാരുചി ഇല്ലാതെയുമില്ല. എന്നുകരുതി പോയിപ്പോയി മാർക്സിസം ഗുലാഗിലെത്തണോ?
ബർലിൻ മതിൽ വീണുകൊണ്ടിരിക്കെ റഷ്യ-ടി.വി ഒരു മനശ്ശാസ്ത്ര പരമ്പര അവതരിപ്പിച്ചു. വിഷയവിരുതർ പണി ഭംഗിയാക്കിക്കൊണ്ടിരുന്നു, ഏതാണ്ടിങ്ങനെ: ‘‘നടുവേദനയുണ്ടെങ്കിൽ ഒരു പാത്രം പച്ചവെള്ളമെടുത്ത് ഇടതുകാതോടു ചേർത്തുപിടിക്കുക. എന്നിട്ട് തല മെല്ലെ ചുറ്റിലും തിരിക്കുക.’’
ഈ പരിപാടിയെ മൊത്തം സോവിയറ്റ് രാഷ്ട്രീയ പരീക്ഷണത്തിന്റെയും പ്രതീകമായി വായിച്ചെടുക്കാനാവും –മാസ് ഹിപ്നോസിസ്. പകൽക്കിനാവിനാൽ ജനതക്കൊരു കൺകെട്ട്. ബർലിൻ മതിലിന്റെ പതനം പക്ഷേ ആ കിനാവുറ കീറിമുറിക്കും, മനുഷ്യരിതാ മോഹനിദ്ര വിട്ടുണരുകയായി –അങ്ങനെയായിരുന്നു പൊതുവിചാരം. പതിറ്റാണ്ട് മൂന്നര കഴിഞ്ഞു. സ്വപ്നലോകത്തുനിന്ന് വാസ്തവത്തിൽ ഉണർന്നെണീറ്റോ ബാലഭാസ്കരന്മാർ?
സംഭവിച്ചത്, ഏറക്കുറെ ലൂയി ബുന്വേൽ പടം പോലൊന്ന്. ഉന്മീലനം കൂടുതൽ ഉന്മത്തമായൊരു കിനാവിലേക്ക്. ഇതാണ് വ്യാജ ഉണർവ്. ഇനിയിപ്പോൾ മുൻകിനാവിലേക്കില്ല, പ്രവേശനവാടം –സോഷ്യലിസത്തിലേക്ക്. യാഥാർഥ്യത്തിലേക്കുമില്ല വാതിൽ. തറഞ്ഞുപോയ വ്യാജ ഉണർവ് ഊട്ടിയുറപ്പിക്കയാണ് ഡിജിറ്റൽ കമ്പളം– നവലിബറലിസത്തിന്റെ മായാലോകം, അതിന്റെ പിൻബലത്തിലെ ഫാഷിസപ്പടർപ്പുകൾ. ആൽബർട്ടോ ടോസ്കാനോ പറഞ്ഞ ആ ‘ലേറ്റ് ഫാഷിസ’മല്ലേ എമ്പാടുമിപ്പോൾ –അധികാരത്തോടുള്ള ഭക്തിയും സർക്കാറിനോടുള്ള വെറുപ്പും കൂട്ടിത്തുന്നിയ മനോനില?
പറഞ്ഞു തുടങ്ങിയപ്പഴേ അതിപ്രസരമായി, ‘ഇസ’ത്തിന്റെ. പ്രത്യയശാസ്ത്രങ്ങളുടെ കുരുക്കുപടർപ്പിന് അങ്ങനെയുണ്ട്, ഒരെടങ്ങേറ്. അതിലേക്കിറങ്ങിയാൽ സാങ്കേതിക പദാവലി കയറി പാ വിരിച്ചുകളയും. അവിടെ തല ചായ്ക്കാതിരുന്നാൽ സംഗതി സരളം: മനുഷ്യചരിത്രം രൂപപ്പെടുത്തിയത് ആശയങ്ങളാണ്. അവ സംഹിതകളാവുമ്പോൾ പ്രസ്ഥാനങ്ങൾ ഉടലെടുക്കാം. പ്രസ്ഥാനങ്ങൾ വ്യവസ്ഥിതികളുണ്ടാക്കാൻ ഒരുമ്പെടും. ചോരയും കണ്ണീരും തൊട്ട് ഉന്മാദവും ഉന്മൂലനവും വരെ നടമാടിയെന്നുവരും. സ്വാതന്ത്ര്യം വാഗ്ദത്തം ചെയ്തെത്തുന്ന പ്രത്യയശാസ്ത്രങ്ങളുടെ രാവണൻകോട്ടയിൽ ആത്യന്തികനഷ്ടം ഒന്നു മാത്രം –സ്വാതന്ത്ര്യം.
ഒരാശയത്തിന്റെ ഉദയത്തെ ഏതെങ്കിലും ചരിത്രയുക്തി ഭരിക്കുന്നില്ല –മറിച്ചാണ് പറച്ചിലെങ്കിലും. അപ്രവചനീയമായി സംഭവിക്കുകയാണ് മൗലിക പ്രതിഭകൾ. ആ സിരകളിലാണ് ആശയപ്പിറവി. ഇസങ്ങൾ പടുക്കുന്ന അവർ പലരും വ്യവസ്ഥിതിശിൽപികളാണ്. ഒന്നുകിൽ ശരിക്കും, അല്ലെങ്കിൽ ശ്രമിച്ചുതോറ്റ്, കുറഞ്ഞപക്ഷം ഏട്ടിലെങ്കിലും പയറ്റിക്കൊണ്ട്. ഇന്നുമുണ്ട് ധിഷണാശാലികൾ. എന്നിട്ടുമുണ്ടാവുന്നില്ല, ഒരു കാൾ മാർക്സോ ആദം സ്മിത്തോ. ഇക്കാല ധിഷണകൾ മികച്ച വ്യാഖ്യാതാക്കളും വിശാരദരും. പക്ഷേ, വ്യവസ്ഥിതിശിൽപ്പികൾ ഹാജരില്ലെന്നു തന്നെയല്ല, കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ഭൂജാതരുമല്ല.
19ാം നൂറ്റാണ്ടിലെ സിദ്ധാന്തങ്ങളും പ്രതിവാദങ്ങളുംകൊണ്ടുള്ള ധൈഷണിക ലീലയിലാണ് നാമിന്നും. ഉദാഹരണത്തിന്, ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടു പ്രമുഖ പ്രതിഭാസങ്ങൾ –ശാസ്ത്ര പുരോഗതിയും റഷ്യൻ വിപ്ലവവും. യഥാർഥത്തിൽ, രണ്ടും 19ാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്ര ഉൽപന്നങ്ങൾ. ഒന്ന്, പുരോഗമിക്കാനുള്ളവനാണ് മനുഷ്യൻ, ആ പുരോഗതി താനേ സംഭവിക്കില്ല തരപ്പെടുത്തേണ്ടതാണ് എന്ന ആശയം. രണ്ടാമത്തേത്, ഭാവിസൗഖ്യം ഉറപ്പാക്കാൻ നടപ്പുതലമുറ പലതും ബലി കൊടുക്കേണ്ടിവരുമെന്ന ആശയം. ശരിയാണ്, മുട്ട പൊട്ടിക്കാതെ ഉണ്ടാക്കാനാവില്ല ഓംലെറ്റ്. ഇന്നോളം പൊട്ടിച്ച മുട്ടക്കില്ല, കണക്ക്. ഇന്നും യാഥാർഥ്യമാവുന്നില്ല, ഓംലെറ്റ്.
പ്രത്യയശാസ്ത്രങ്ങൾ എല്ലായിടവുമങ്ങ് പിറക്കില്ല. ചില കാലങ്ങളിൽ ചില ഭൂമികയിലാണവ സ്വരുക്കൂടുക. ഉദാഹരണത്തിന്, ഇടതു പ്രത്യയശാസ്ത്രത്തിന്റെ വർണരാജി ഒരു കാലയളവിൽ വിരിഞ്ഞുനിന്നത് പാരിസിൽ. അവിടന്നു പകർത്തുകയായിരുന്നു മറ്റു ദേശങ്ങൾ. 1970കളോടെ പാരിസിലെ ചോപ്പു മാഞ്ഞു. വിയനയായിരുന്നു നീണ്ടകാലം പ്രസ്ഥാനശിൽപികളുടെ ഈറ്റില്ലം: ഫ്രോയ്ഡ്, വിറ്റ്ഗെൻസ്റ്റൈൻ, വോൺ മൈസെസ്, ഷൂ ബേർട്, ഹായേക്, പോപ്പർ... ഇത്തരക്കാർക്കൊരു സ്വഭാവമുണ്ട് –തങ്ങൾ ഇച്ഛിക്കുന്ന ‘നേർവഴി’യേ പൊയ്ക്കൊള്ളണം, ലോകം. മറ്റെല്ലാ വഴികളോടും വിപ്രതിപത്തി. എന്തുചെയ്യാം, കാന്റ് പറഞ്ഞമാതിരി, ‘‘മനുഷ്യരാശി ഒരു വക്രതരു, വളവും തിരിവുമില്ലാണ്ട് അതിൽനിന്ന് ഉരുപ്പടി കൊത്തിയെടുക്ക അസാധ്യം.’’
ഇസങ്ങളെ പഴിക്കവയ്യ, അവ പോറ്റുന്ന വ്യവസ്ഥിതികളിലെ പരിണിതഫലങ്ങൾക്ക്. സോവിയറ്റ് ഗുലാഗുകൾക്ക് ഉത്തരവാദി മാർക്സല്ല. നേരാണ്, ബുദ്ധന്റെ മാതിരിയുള്ള മാനവികതയല്ല മാർക്സിന്, ഹിംസാരുചി ഇല്ലാതെയുമില്ല. എന്നുകരുതി പോയിപ്പോയി മാർക്സിസം ഗുലാഗിലെത്തണോ? ലെനിനിസവും മാവോയിസവും അതിന്റെ വ്യുൽപന്നങ്ങളിൽ രണ്ടു മാത്രം. സ്റ്റാലിനും കാസ്ട്രോയും തൊട്ട് ചെഷസ്ക്യൂ വരെ ഉപോൽപന്നങ്ങൾതന്നെ. എങ്കിലും ഒരാളും അനിവാര്യമല്ല, ഒരിക്കലും. സോക്രട്ടീസും ബുദ്ധനും യേശുവുമില്ലെങ്കിലും മുന്നോട്ടുപോവുമായിരുന്നു മനുഷ്യരാശി. മൊസാർട്ടും ദീക്ഷിതരും ഡാഗർമാരുമില്ലെങ്കിൽ ഹംസഗാനം പാടുമായിരുന്നോ സംഗീതം? ഐൻസ്റ്റൈൻ ഭൂജതാനല്ലെങ്കിലും പിറന്നേനേ ആപേക്ഷികതാ ശാസ്ത്രം.
ചരിത്രപരമായ അനിവാര്യതകളല്ല പ്രത്യയശാസ്ത്രങ്ങളും. മിക്കപ്പോഴും അവ വ്യക്തിഗതമായ പല ഉദ്വേഗങ്ങളുടെയും ആവിഷ്കാരങ്ങളാണുതാനും. മാർക്സ് ജന്മംകൊണ്ട് യഹൂദൻ, പക്ഷേ, മതത്തെ നിരാകരിച്ചു. യഹൂദരെ തിരസ്കരിച്ച അക്കാല പൊതുസമൂഹത്തിലേക്ക് ഇഴുകിച്ചേരാൻ കൊതിച്ചു. അതിനായി മുഖ്യധാരയിൽനിന്നുള്ള ഒരു പോറ്റുകുടുംബത്തെ സ്വയം വരിച്ചു -തൊഴിലാളിവർഗം. അതിന്റെ വഴികാട്ടിയുടെ ദൗത്യം സ്വമേധയാ വരിച്ചു. ഡിസ്രേലി സമാന ജനിവഴിയിൽനിന്ന് പ്രഭുജനത്തെ പോറ്റുകുടുംബമായി കണ്ടു. പ്രഭുജനവാഴ്ചയുെട വഴികാട്ടിയായി സ്വയമിറങ്ങി. മനുഷ്യരാശിയുടെ ഭാഗധേയം ഈ മനോകുടുംബങ്ങളിൽ കണ്ടു, രണ്ടാളും. അങ്ങനെയാണ് മാർക്സിസ്റ്റ് കമ്യൂണിസവും രാഷ്ട്രീയ സാമ്രാജ്യത്വവും ഭൂമിക്ക് പുതിയ പാരമ്പര്യങ്ങളാകുന്നത്.
അങ്കുരിക്കുന്നത് വൈയക്തികതയുെട പരിമിതവൃത്തത്തിലാണെന്നുവച്ച് ഇസങ്ങൾക്ക് സാർവദേശീയ ജീവനമില്ലെന്ന് വരുന്നില്ല. ആത്മനിഷ്ഠത്വരയും സാമൂഹികതൽപരതയും തമ്മിലെ മുഖാമുഖത്തിലാണ് ചരിത്രം നിർമിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആശയങ്ങളെ ചരിത്രസന്ദർഭത്തിൽ മാത്രമായി തളക്കാനുള്ള ചരിത്രകാരയത്നം അർഥശുഷ്കം. ആശയങ്ങൾക്കുമുണ്ട് സ്വന്തം ജീവിതം –അങ്കുരിച്ച വ്യക്തിയിൽനിന്നും അല വിടർത്തിയ പരിസരത്തുനിന്നും സ്വതന്ത്രമായി.
ഒരു പ്രത്യയശാസ്ത്രത്തിന്റെ സാഫല്യം അതിന്റെ സത്യാത്മകതയിലാണ്. അത് അപായപ്പെടുമ്പോൾ ഇസത്തിന്റെ അപര്യാപ്തതകൾ വെളിവാകുന്നു –എത്രക്ക് വിശാലവും യുക്തിഭദ്രവുമാണ് ആശയാടിത്തറയെങ്കിലും. പ്രകൃത്യാലുള്ള പരിമിതിയാണിത്. ഏതിസത്തിനും. മുമ്പേ ഗമിച്ചവയുടെ അപര്യാപ്തതകളോടു പോരടിച്ചാണ് ഓരോ ഇസവും മുന്നോട്ടുവരിക. സ്വന്തം അപര്യാപ്തതകൾ മുന്നിട്ടുവരുവോളം മാത്രം നിന്നു പെഴയ്ക്കും.
മാർക്സിസംതന്നെ നോക്കൂ. അവകാശപ്പെടുമ്പോലെ, ചരിത്രത്തെ മനസ്സിലാക്കുന്നതിൽ അത്ര ഭദ്രകോശമൊന്നുമല്ലത്. ഉദാഹരണത്തിന്, ഇസങ്ങൾക്കെല്ലാം മുമ്പ് മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന ‘പ്രാകൃത കമ്യൂണിസ’ക്കാലം ഉണ്ടായിരുന്നെന്ന് മാർക്സ്. നരവംശ ശാസ്ത്രവും പുരാവസ്തു ശാസ്ത്രവും വികസിച്ചവാറേ ബോധ്യമായി, അങ്ങനൊരു മാവേലിക്കാലമേ ഉണ്ടായിട്ടില്ലെന്ന്. മനുഷ്യൻ നടുനിവർത്തി, കൈകളാൽ അധ്വാനിക്കാൻ തുടങ്ങിയപ്പോഴാണ് മസ്തിഷ്കം വികസിക്കാൻ തുടങ്ങിയതെന്ന് മാർക്സ്.
ന്യൂറോ സയൻസ് വളർന്നതോടെ അതും മുതൽക്കൂട്ടായി, ചവറ്റുകൊട്ടയ്ക്ക്. മാർക്സിന്റെ കാലത്ത് ഇപ്പറഞ്ഞ ശാസ്ത്രങ്ങൾ വികസിച്ചിരുന്നില്ല, അതുെകാണ്ട് ഈ മൗഢ്യങ്ങൾ കണ്ണടച്ചുവിടാമെന്നു തോന്നും. പ്രശ്നം, മാർക്സിനെപ്പോലൊരു മൗലികധിഷണ ഇരപിടിക്കാൻ ഇല്ലാപ്പൂച്ചയെ ഇറക്കിയതിലാണ്. ആഗ്രഹചിന്തയെ ശാസ്ത്രീയ യുക്തിയായി അവതരിപ്പിക്കുന്നതിലില്ലേ ഒരു വക്രബുദ്ധി? വലിയ മനുഷ്യർ നുണ പറയില്ലെന്ന് ജനം കരുതും; ആ വിശ്വാസത്തിലാണ് ഇസങ്ങൾക്ക് സത്യഛായ കൈവരിക.
മുതലാളിത്തത്തിന്റെ എക്കാലത്തേയും മികച്ച ശാസ്ത്രീയ വിമർശം നിർവഹിച്ചു എന്നല്ലാതെ മനുഷ്യരാശിയുടെ സമ്പദ്വികാസത്തിൽ മാർക്സിസത്തിന് കാര്യമായ പങ്കില്ല. ശീതയുദ്ധകാലത്ത് ശാസ്ത്ര-സാങ്കേതിക കുതിപ്പുണ്ടായതിനെ ഇസത്തിന്റെ തൊഴുത്തിൽ കെട്ടാനുമാവില്ല. നേരാണ്, കടുത്ത പ്രത്യയശാസ്ത്രമത്സരം ബഹിരാകാശ ശാസ്ത്രത്തിനും ആയുധവിദ്യയ്ക്കുമൊക്കെ ആവേഗം പകർന്നു. മനുഷ്യരുടെ പട്ടിണി തീർക്കുന്നതിലോ? മുഴച്ചുനിൽപത്, ഒരു സസ്യശാസ്ത്രജ്ഞന്റെ നട്ടപ്പിരാന്തിന് ഒരു ജനതയെ കുരുതി കൊടുത്ത ദുരന്തകഥ. ‘വിളസസ്യങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ചെടുക്കാ’മെന്ന ലൈസെങ്കോയുടെ ഭോഷ്കിന് കമ്യൂണിസ്റ്റ് ഭരണകൂടം കുടപിടിച്ച വകയിൽ പട്ടിണിമരണം ജനലക്ഷങ്ങൾക്ക്.
ഏറിയും കുറഞ്ഞും സമാന മൗഢ്യങ്ങളും ശീനങ്ങളും അരങ്ങേറ്റിയിരുന്നു, കമ്യൂണിസവിരുദ്ധ ഇസങ്ങളും. ലിബറലിസത്തിന്റെ ‘പരിഷ്കൃത’ പാതകങ്ങൾക്ക് ഇരയായത് ജനലക്ഷങ്ങളല്ല, പല രാഷ്ട്രങ്ങൾ തന്നെയാണ്. കോർപറേറ്റ് കാപിറ്റലിസം വർഷിച്ച കാളകൂടത്തിന്റെ ചോരശാപം തലമുറകളിലൂടെ ഇന്നും തുടരുന്നു ആഫ്രിക്കയിൽ, ലാറ്റിനമേരിക്കയിൽ, ഏഷ്യയിൽ... അതിനൊന്നും പക്ഷേ ഗുലാഗിന്റെ ചാപ്പ കിട്ടില്ല. കാരണം ജയിച്ച ഘാതകനാണ് എന്നും ചരിത്രമെഴുതാറ്. തോറ്റ ഘാതകന് സംവരണം ചെയ്തിട്ടുള്ളത് പാപക്കറ. അതുകൊണ്ട് ഹിറ്റ്ലറും സദ്ദാം ഹുസൈനുമൊക്കെ വില്ലൻമാർ. അതേ പണിയെടുത്ത െഎസൻ ഹോവറും ജോർജ് ബുഷുമൊക്കെ ഹീറോകൾ.
ഇസങ്ങളുടെ തോൽവി പക്ഷേ, ഇതുമാതിരിയല്ല. മനുഷ്യൻ സമം മനുഷ്യൻ എന്ന മൂലമന്ത്രം ദീനരായ മനുഷ്യരെ വശീകരിക്കും. മുക്കാൽ നൂറ്റാണ്ട് അവരുടെ ദൈന്യത്തിന് ‘പരിഹാരം’ ചെയ്ത വകയിൽ സോവിയറ്റ് മാതൃക നിലംപൊത്തി. ‘ജനാധിപത്യത്തിനുള്ളിലെ സന്ധിയടവ്’ പയറ്റിയ ഇന്ത്യൻ കമ്യൂണിസം മൂന്നര പതിറ്റാണ്ടിൽ അതേ വിധി വരിച്ചു, ബംഗാളിൽ. ഇതൊന്നും പ്രതിയോഗികളുടെ വെട്ടരശ് കൊണ്ടല്ല. എതിർവാദഗതികളാൽ നശിപ്പിക്കപ്പെടുന്നില്ല, ഒരിസവും സ്വയംകൃതാനർഥമെന്ന് വേണമെങ്കിൽ ചുളുവിൽ പറയാം. ശരിയായ പ്രതി പേക്ഷ, ഇസങ്ങളുടെ ആന്തരികരന്ധ്രങ്ങളാണ്.

കാൾ മാർക്സ്
സോഷ്യലിസത്തെ വീഴ്ത്തുന്നത് ലിബറലിസമല്ല. മറിച്ചും. ഏതിസവും ഒരു തടവറ. ബന്ധുര കാഞ്ചനമെങ്കിലും കൂട്, കൂടു തന്നെ. അന്തേവാസിക്കത് അന്ധത പകരുന്നു. ഫാഷിസക്കൂട്ടിൽ ആന്ധ്യത്തിന് തിൺമ കൂടും. ലിബറലിസക്കാരുടെ മനോരാജ്യം തങ്ങൾക്കിതു ബാധകമല്ലെന്നാണ് –വ്യത്യസ്ത കാഴ്ചപ്പാടുകൾ സ്വീകരിക്കാൻ മനസ്സുള്ളതിനാൽ. ഒരു നിമിഷം... പ്രതിയോഗിയുടെ കാഴ്ച ശരി എന്ന് സമ്മതിക്കുന്ന എത്ര ലിബറലുണ്ട്? പ്രതിയോഗിയും ശരിയായിരിക്കാൻ സാധ്യതയുണ്ടെന്ന നിരപേക്ഷ നേരിനോട് അന്ധരാണവരും. അപ്പോൾ, ഇസം ആവശ്യമില്ലേ?
കാഴ്ചപ്പാടുകളുടെയും അനുഭവങ്ങളുടെയും ശകലങ്ങളാണ് ഓരോ മനുഷ്യനുമുള്ളത്. അവയിൽനിന്ന് സമഗ്രചിത്രമുണ്ടാക്കേണ്ടതുണ്ട്. പ്രകൃതിയുടെ, സമൂഹത്തിന്റെ, ജീവിതത്തിന്റെ ഉള്ളടക്കങ്ങൾ തിരിച്ചറിഞ്ഞ് വകതിരിവുണ്ടാക്കാൻ. അതിനുവേണം ഉപാധികൾ, ഉപകരണങ്ങൾ. ആ അർഥത്തിൽ, പ്രത്യയശാസ്ത്രങ്ങൾ ആവശ്യമുണ്ട്, മനുഷ്യന്. മാർക്സിസം ഇല്ലായിരുന്നേൽ കാപിറ്റലിസത്തിന്റെ പ്രകൃതവും ദുഷ്കൃതവും തിരിച്ചറിയാൻ കഴിയുമായിരുന്നോ?
എന്നുകരുതി, അനുപേക്ഷണീയമല്ല ഒരുപാധിയും, കാരണം, ഇസങ്ങൾ ഒന്നിന്റെയും വ്യവസ്ഥിതി മനുഷ്യന് ആത്യന്തികമായി യാഥാർഥ്യ ചിത്രം തരുന്നതല്ല, സ്വാതന്ത്ര്യവും. പരിമിതമാണ് ഓരോന്നിന്റെയും വാവട്ടം. അതുകൊണ്ടുതന്നെ, ഇസങ്ങൾ ആവശ്യമാണ്, വഴിയമ്പലങ്ങളായി, ആന്തര പോരായ്മകൾ വെളിവാക്കുന്ന മുറക്ക് അവ ഉപേക്ഷിക്കപ്പെടും. പിശകു തിരുത്തി അതേ വ്യവസ്ഥിതിയിൽ മുന്നോട്ടുപോകാമെന്നത് യുക്തിപരമായിത്തന്നെ അസംബന്ധം. കാരണം, ആ പിശകുകൾ അടിസ്ഥാനപരം. ആരൂഢമേ മാറ്റി മറ്റൊന്നു തിരുകുമ്പോൾ വ്യവസ്ഥിതിതന്നെ മറ്റൊന്നായി കഴിഞ്ഞില്ലേ? പിശകുകളാൽ കാലഹരണപ്പെടുമ്പോഴും വിലങ്ങടിച്ചു നിൽക്കുക പ്രത്യയശാസ്ത്രമുഷ്ക് അല്ലെങ്കിൽ ഇച്ഛാഭംഗത്താലുള്ള ഭവിഷ്യത്ഭയം. അത് നമ്മെ മറ്റൊരു ചോദ്യത്തിലേക്ക് നയിക്കും; എങ്ങനെയാണ് ഇസബാധ ഒഴിവാക്കുക, ഇസപ്പേടി?
എളുപ്പമുള്ള ഒരുത്തരമിങ്ങനെ: മറ്റൊന്നു വന്ന് പഴയതിന്റെ ഇടം കവരുവോളം കാക്കുക. പക്ഷേ കാത്തിരിപ്പ് ഏറെ ദീർഘിച്ചെന്നു വരാം. കാരണം, ആശയചിന്തകർ ചരിത്രപരമായ അനിവാര്യതയല്ല. ‘സംഭവാമി യുഗേ യുഗേ’യുമല്ല. അത്തരം സിരകൾ ആകസ്മികങ്ങളാണ്. അപ്പോൾ? വഴി, ശാശ്വതമായ ആ മനുഷ്യമൂല്യം കൈമോശപ്പെടാതെ കാക്കലാണ് –സംശയം. അതിന്റെ ഒരു നുള്ളിടാതെ ഒരിസവും വിഴുങ്ങാതിരിക്കൽ– സംഗതി എത്ര സമ്മോഹനവും അടിയന്തരവുമായാലും. കാരണം, പാവഞ്ചിയാണ് ജീവിതം. തുറകൾ വരും, പോകും. ഇടത്താവളങ്ങൾ മാത്രമാണവ. തുഴവ് തുടർന്നേ തീരൂ, മുങ്ങിത്താഴാതിരിക്കാൻ. അത് പ്രകൃതിയുടെ പ്രത്യയശാസ്ത്രം.