ഇന്ത്യൻ നിർമാണ രീതികൾ ആരുടെ സൃഷ്ടി? - ഇന്ത്യൻ ‘വാസ്തുവിദ്യാ’ മഹത്ത്വത്തിന് ചില തിരുത്തലുകൾ
ഇന്ത്യയിലെ വാസ്തുവിദ്യാ (നിർമാണ) പാരമ്പര്യത്തിന് അതിദീർഘമായ ഒരു ചരിത്ര പാരമ്പര്യമുണ്ട്. പുരാതനങ്ങളായ ക്ഷേത്രസമുച്ചയങ്ങളും കൊട്ടാരക്കെട്ടുകളും താജ്മഹൽ ഉൾപ്പെടെയുള്ള ലോകാത്ഭുതങ്ങളും രാജ്യത്തെ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ ഒളിമങ്ങാത്ത നിർമാണ വൈദഗ്ധ്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. നിരവധി സംസ്കാരങ്ങളുടെ ആദാനപ്രദാനങ്ങൾക്ക് വേദിയായിത്തീർന്ന ഇന്ത്യയുടെ സാംസ്കാരിക ഭൂമിക വാസ്തുവിദ്യയിലും സംസ്കാരങ്ങളുടെ സംഗമഭൂമിയായി വർത്തിച്ചു....
Your Subscription Supports Independent Journalism
View Plansഇന്ത്യയിലെ വാസ്തുവിദ്യാ (നിർമാണ) പാരമ്പര്യത്തിന് അതിദീർഘമായ ഒരു ചരിത്ര പാരമ്പര്യമുണ്ട്. പുരാതനങ്ങളായ ക്ഷേത്രസമുച്ചയങ്ങളും കൊട്ടാരക്കെട്ടുകളും താജ്മഹൽ ഉൾപ്പെടെയുള്ള ലോകാത്ഭുതങ്ങളും രാജ്യത്തെ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ ഒളിമങ്ങാത്ത നിർമാണ വൈദഗ്ധ്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. നിരവധി സംസ്കാരങ്ങളുടെ ആദാനപ്രദാനങ്ങൾക്ക് വേദിയായിത്തീർന്ന ഇന്ത്യയുടെ സാംസ്കാരിക ഭൂമിക വാസ്തുവിദ്യയിലും സംസ്കാരങ്ങളുടെ സംഗമഭൂമിയായി വർത്തിച്ചു. ഈ സാംസ്കാരികവൈവിധ്യം വാസ്തുനിർമാണ പ്രക്രിയയിലും പ്രതിഫലിച്ചു. വ്യത്യസ്തങ്ങളായ ശൈലികളും രീതികളും നിർമാണപ്രക്രിയകളും ഇന്ത്യൻ വാസ്തുപാരമ്പര്യത്തെ സമൃദ്ധമാക്കിത്തീർത്തു. ആയിരക്കണക്കിന് ശിൽപവിദഗ്ധരും നിർമാണവിദഗ്ധരും കൈകോർത്ത് അധ്വാനിച്ചു നിർമിച്ചെടുത്തതാണ് ഇന്ന് അത്ഭുതാദരങ്ങളോടെ മിഴികളെ ധന്യമാക്കുന്ന വലിയ വാസ്തുനിർമിതികൾ. എന്നാൽ, ചരിത്രത്തിൽ ഈ അധ്വാനവർഗം തമസ്കരിക്കപ്പെടുകയും ഇത്തരം നിർമിതികൾക്കു പിന്നിലുള്ള ബുദ്ധിജീവിതങ്ങളായി ബ്രാഹ്മണാചാര്യന്മാരെ പ്രതിഷ്ഠിക്കുന്നതിനിടയാക്കുകയും ചെയ്തു. വാസ്തുവിദ്യ സംബന്ധിയായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും സംസ്കൃതത്തിൽ രചിക്കപ്പെട്ടതിനാലും അതിന്റെ രചയിതാക്കൾ ബ്രാഹ്മണരായിരുന്നു എന്നതിനാലും വാസ്തുവിദ്യയുടെ വൈജ്ഞാനിക കുത്തക ഒരു പ്രത്യേക വർഗത്തിന്റെ സാംസ്കാരിക മൂലധനമായി പരിവർത്തിക്കപ്പെടുകയും ചെയ്തു.
സംസ്കൃതത്തിൽ രചിക്കപ്പെട്ട വാസ്തുവിദ്യാഗ്രന്ഥങ്ങൾ ഈ നിർമാണശാസ്ത്രത്തെ എഴുത്തുരൂപത്തിൽ ശേഖരിച്ചു സമ്പാദിച്ചതിനാൽ അവ ഈടുറ്റ സംഭാവനകളായി ചരിത്രത്തിൽ അവശേഷിക്കുന്നു എന്നത് യാഥാർഥ്യമാണ്. അതിരിക്കെതന്നെ വാസ്തുവിദ്യാ വിജ്ഞാനം സംസ്കൃതത്തിലേക്ക് ചേക്കേറിയപ്പോൾ ആ വിജ്ഞാനത്തിന്റെ ‘യഥാർഥ അധികാരികളി’ൽനിന്നും ആ വിജ്ഞാനത്തിന്റെ അധികാരം എടുത്തുമാറ്റപ്പെടുകയും ചെയ്തു. ഇത് ചരിത്രത്തെ സംബന്ധിച്ച വായനയിലെ ഒരു സങ്കീർണതയാണ്. കേരള ചരിത്രവായനകളിലും ഇത്തരം നിരവധി ചരിത്രസ്ഥലികൾ കുടികൊള്ളുന്നുണ്ട്. കൃഷിയും തദനുബന്ധമായ അധ്വാന പ്രക്രിയകളിലും ആഴത്തിലിടപെട്ട് പ്രവർത്തിച്ചുകൊണ്ടിരുന്നത് കേരളത്തിലെ കീഴാളസമൂഹങ്ങളിലുൾപ്പെട്ടവരാണ്. എന്നാൽ, കൃഷിയെ കുറിച്ച് അടിസ്ഥാനജ്ഞാനം കൈവരിച്ച ഈ അടിസ്ഥാനജനതക്കു പകരം കേരളത്തിൽ കൃഷിയെ ഉന്മിഷത്താക്കിയത് കേരളത്തിലേക്ക് കുടിയേറിയ ബ്രാഹ്മണരാണ് എന്ന ആഖ്യാനം ചരിത്രകാരന്മാർതന്നെ പ്രചരിപ്പിക്കുന്നുണ്ട്. പാടത്തും പറമ്പിലും ഇറങ്ങി അധ്വാനപ്രക്രിയയുടെ ഭാഗമാകാത്ത ബ്രാഹ്മണർ കൃഷിയെ നവീകരിച്ചു എന്ന ചരിത്രപിൻബലമില്ലാത്ത വാദഗതികളെ ചരിത്രമായി അവതരിപ്പിച്ചതിലൂടെ കേരളത്തിലെ കൃഷിയുടെ വൈജ്ഞാനിക ഉടമസ്ഥരായി ബ്രാഹ്മണരെ സ്ഥാപിക്കാനായിരുന്നു ശ്രമം. ഇതിലൂടെ കൃഷിപ്പണികളുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്ന അടിസ്ഥാന ജനസമൂഹങ്ങളെ കേവലം പണിയാളുകളായി മാറ്റിത്തീർക്കുകയും, ഭൂമിയുടെ ഉടമസ്ഥരായി കൃഷിയുടെ ആദായം കൈവശമാക്കിയ ഒരു വർഗത്തെ കൃഷിയുടെ വൈജ്ഞാനിക കുത്തകയായി അവതരിപ്പിക്കുകയുംചെയ്തു. വാസ്തുവിദ്യാ വിജ്ഞാനം സംസ്കൃതത്തിൽ സമ്പാദനം ചെയ്യപ്പെട്ടപ്പോൾ സംഭവിച്ചതും മേൽ സൂചിപ്പിച്ച പ്രക്രിയയാണ്. വാസ്തുവിദ്യയുടെ നിർമാണപ്രക്രിയകളിൽ ഉടൽ സമർപ്പിച്ച അടിസ്ഥാന ജനതതികളുടെ വിജ്ഞാനം ബ്രാഹ്മണർ കൈയേൽക്കുകയും അവരതിന്റെ കുത്തകാധികാരികളായി മാറിത്തീരുകയും നിർമാണപ്രക്രിയകളിൽ ഭാഗമായ വാസ്തുവിദ്യാ വിജ്ഞാനത്തിന്റെ നേരവകാശികൾ കേവലം പണിയാളുകളായി ചരിത്രത്തിൽ തമസ്കരിക്കപ്പെടുകയുംചെയ്തു. കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ചാതുർവർണ്യ ജാതിവ്യവസ്ഥയാണ് ഈ സാമൂഹിക പ്രക്രിയയുടെ ഗതി നിർണയിച്ചത്.
വാസ്തുവിദ്യയുടെ വിജ്ഞാനചരിത്രം
സ്ഥാപത്യവേദം, സ്ഥാപത്യ ശാസ്ത്രം, വാസ്തുവിദ്യ എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന വാസ്തുവിദ്യയുടെ വൈജ്ഞാനിക പാരമ്പര്യത്തിന് അതിദീർഘമായ ചരിത്രവേരുകളാണുള്ളത്. പാലിജാതകത്തിൽ കാണുന്ന വാസ്തുവിദ്യാചാര്യനെ സംബന്ധിച്ചുള്ള പരാമർശം ഇതിനുത്തമ ദൃഷ്ടാന്തമാണ്.1 വാസ്തുവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾ ഗൃഹ്യസൂത്രങ്ങളിലും പുരാണങ്ങളിലും ഉള്ളടങ്ങിയിട്ടുണ്ട്. വാസ്തുപുരുഷ പ്രീതിക്കായി (വാസ്തു നരൻ) നടത്തുന്ന വാസ്തുയാഗത്തെ സംബന്ധിച്ച പരാമർശങ്ങളും ഇത്തരം ഗ്രന്ഥപാഠങ്ങളിൽ കാണാം. നിർമാണപ്രക്രിയക്കായി തിരഞ്ഞെടുത്ത ഭൂമിയെ ശുദ്ധീകരിക്കുന്ന പ്രക്രിയകൾ അശ്വലായന ഗൃഹ്യസൂത്രം, ഖാദിരഗൃഹ്യസൂത്രം, ഗോദിയ ഗൃഹ്യസൂത്രം, ആപസ്തംഭ ഗൃഹ്യസൂത്രം എന്നിവകളിൽ വിവരിക്കുന്നുണ്ട്.2 വാസ്തുവിദ്യാ സംബന്ധിയായ വിജ്ഞാനരൂപത്തിന്റെ ആദിമചരിത്രം പാലിജാതകങ്ങളിൽനിന്നും വൈദിക സാഹിത്യങ്ങളിൽനിന്നും കണ്ടെടുക്കാൻ കഴിയും. കുശപ്പുല്ലുകൊണ്ട് വീടിന് മേൽക്കൂര നിർമിക്കുന്നതിനെ പറ്റി ശതപഥബ്രാഹ്മണത്തിൽ പരാമർശമുണ്ട്. ഇപ്രകാരം തടികൊണ്ടുള്ള കെട്ടിടനിർമാണത്തെ പറ്റി ഇതിഹാസപാഠങ്ങളിലും പരാമർശങ്ങൾ കാണാം.3 വാസ്തുവിദ്യയുടെ വിജ്ഞാനചരിത്രത്തെ കോറിയിടാനുള്ള ആദ്യകാല ശ്രമങ്ങളുടെ ഭാഗമായി ഇതെല്ലാം പരിഗണിക്കാവുന്നതാണ്. വാസ്തുവിദ്യാ വിജ്ഞാനത്തെ ശേഖരിച്ചുവെച്ചിട്ടുള്ള നിരവധിയായ പുരാണങ്ങൾ സൂചിപ്പിക്കുന്നത് ഈ വിജ്ഞാന പാരമ്പര്യത്തിന് കൈവന്ന പ്രാധാന്യത്തെയാണ്. വാസ്തുവിദ്യാ വിജ്ഞാനം പ്രതിപാദിക്കുന്നവയാണ് ‘മത്സ്യപുരാണം’, ‘സ്കന്ദപുരാണം’, ‘അഗ്നിപുരാണം’, ‘ഗരുഡപുരാണം’, ‘നാരദപുരാണം’, ‘ലിംഗപുരാണം’, ‘വായുപുരാണം’, ‘ബ്രഹ്മാണ്ഡപുരാണം’, ‘ഭവിഷ്യപുരാണം’ തുടങ്ങിയവ.
‘ഋഗ്വേദം’ മുതലായ വൈദികസാഹിത്യ കൃതികളിലും ഇതിഹാസപുരാണ പാഠങ്ങളിലും ‘അർഥശാസ്ത്ര’ത്തിലും ഭരതന്റെ ‘നാട്യശാസ്ത്ര’ത്തിലും വിസ്തൃതമായ വാസ്തുവിദ്യയുടെ വിജ്ഞാനപാരമ്പര്യം പിൽക്കാലത്ത് കൃത്യമായ ഗ്രന്ഥരൂപം കൈവരിക്കുകയുണ്ടായി. പുരാണങ്ങളിൽ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പമാണ് വാസ്തുവിദ്യയും ഉൾപ്പെടുത്തപ്പെട്ടത്. വരാഹമിഹിരന്റെ ‘ബൃഹത് സംഹിത’യിലുൾപ്പെടെ കാണപ്പെടുന്ന വാസ്തുവിദ്യാ വിജ്ഞാനം ഈ വൈജ്ഞാനിക ശാഖക്ക് കൈവന്ന പ്രാധാന്യമാണ് അടയാളപ്പെടുത്തുന്നത്.
ഇതിഹാസ പുരാണപാഠങ്ങളിൽനിന്നും വ്യതിരിക്തമായി വാസ്തുവിദ്യാ വിജ്ഞാനത്തെ സംബന്ധിച്ച ചർച്ചകളെ കേന്ദ്രമാക്കിക്കൊണ്ട് പിൽക്കാലത്ത് നിരവധിയായ വാസ്തുവിദ്യാ ഗ്രന്ഥങ്ങൾ രചിക്കപ്പെടുകയുണ്ടായി. ‘മയമതം’, ‘മാനസാരം’, ‘വിശ്വകർമ പ്രകാശിക’, ‘സമരാങ്കണ സൂത്രധാര’, ‘ശിൽപരത്നം’, ‘വാസ്തു രത്നാവലി’, ‘മാനസോല്ലാസം‘, ‘രാജവല്ലഭം’, ‘ബ്രഹ്മശിൽപ’, ‘ശിൽപസംഗ്രഹം’, ‘വിശ്വകർമ ശിൽപം’, ‘വാസ്തുമാണിക്യ രത്നാകരം’, ‘വാസ്തുവിദ്യ’, ‘വാസ്തുലക്ഷണം’, ‘മംഗലപാഠം’ തുടങ്ങിയവ വാസ്തുവിദ്യ പ്രതിപാദകങ്ങളായ ഗ്രന്ഥങ്ങളാണ്. അപ്രകാശിതങ്ങളായ നിരവധി വാസ്തുഗ്രന്ഥങ്ങളും ഇതിൽ ഉൾപ്പെടും.4 ഇങ്ങനെ നോക്കിയാൽ വേദങ്ങളിലും ഇതിഹാസപുരാണ പാഠങ്ങളിലും പടർന്നു പന്തലിച്ചുനിൽക്കുന്ന വാസ്തുവിദ്യക്ക് വിപുലമായ ഒരു വിജ്ഞാനചരിത്രം അവകാശപ്പെടാനുണ്ടെന്ന് ബോധ്യമാകും.
വാസ്തുവിദ്യാ പ്രതിപാദിതമായ എട്ട് അധ്യായങ്ങളിലായി ‘അർഥശാസ്ത്രം’ നഗരസംവിധാനം (Town Planning), കോട്ടകളുടെ നിർമാണം, ദുർഗങ്ങളുടെ നിർമാണം, ബംഗ്ലാവുകൾ, വീടുകൾ എന്നിവയുടെ നിർമാണപ്രക്രിയകളെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്. ‘നാട്യശാസ്ത്ര’ത്തിലെ രംഗശാലയുടെ നിർമാണ സംവിധാനങ്ങളുടെ വിവരണവും വാസ്തുവിദ്യാവിജ്ഞാനത്തെ പ്രദർശിപ്പിക്കുന്നവയാണ്. വാസ്തുവിദ്യാ ഗ്രന്ഥമായ ‘സമരാങ്കണ സൂത്രധാര’യിൽ (CE 11) നഗരസംവിധാനം (Town Planning), വീടുകളുടെ നിർമാണം (Residential Architecture), ക്ഷേത്രനിർമാണം (Temple Architecture), ശിൽപവിദ്യ (Sculpture), ചിത്രവിദ്യ (Painting) എന്നിവ വിവരിക്കുന്നു.
പ്രസിദ്ധ വാസ്തുവിദ്യാ ഗ്രന്ഥമായ ‘മയമത’ത്തിലും നഗരക്രമീകരണങ്ങൾ, ഭവന നിർമാണം, ബഹുനില കെട്ടിടങ്ങളുടെ നിർമാണം, പ്രതിമാ നിർമാണം തുടങ്ങിയ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ‘ദീപ്താഗമം’, ‘അജിതാഗമം’, ‘രൗരവാഗമം’, ‘രൗരവോത്തരാഗമം’, ‘സൂക്ഷ്മാഗമം’, ‘പ്രതിഷ്ഠാ ലക്ഷണ സാരസമുച്ചയം’ മുതലായ ആഗമതന്ത്ര ഗ്രന്ഥങ്ങൾ ക്ഷേത്ര വാസ്തുവിദ്യാ സംബന്ധിയായ വിവരണങ്ങളാണ് ഉൾക്കൊള്ളുന്നത്. മനുഷ്യാലയ ചന്ദ്രികയും തന്ത്രസമുച്ചയവും ഉൾപ്പെടെയുള്ള നിരവധി ഗ്രന്ഥപാഠങ്ങളുടെ വിളനിലമായ കേരളത്തിലെ വാസ്തുവിദ്യാ വിജ്ഞാനത്തെ സംബന്ധിച്ച പഠനവും സവിശേഷ പരാമർശം അർഹിക്കുന്നുണ്ട്. ഇങ്ങനെ വൈദികസാഹിത്യത്തിലും പാലിജാതകത്തിലും പടർന്നു പന്തലിച്ചു നിൽക്കുന്നതും ഈടുറ്റ നിരവധി ഗ്രന്ഥപാഠങ്ങളുടെ പാരമ്പര്യം സംവഹിക്കുന്നതുമായ ഒന്നാണ് ഇന്ത്യൻ വാസ്തുവിദ്യയുടെ എഴുതപ്പെട്ട വിജ്ഞാന ചരിത്രം.
വാസ്തു: സങ്കൽപം,ഐതിഹ്യം
ഋഗ്വേദ ഭാഷ്യകാരനായ സായണൻ ‘വാസ്തു’ എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് ‘ഗൃഹ’ത്തെയാണ്. ഗൃഹത്തെ (അഥവാ വാസ്തു) രക്ഷിക്കുന്ന ദേവതയെ വാസ്തോഷ്പതി എന്നും വിളിക്കുന്നു (‘‘വാസ്തോ ഗൃഹക്ഷേത്രസ്യപതി രക്ഷിദാത’’, ‘‘വാസ്തോഷ്പതേ ഗൃഹസ്യപാലയിത്രിദേവ’’, ഋഗ്വേദം, 7.54.1) ‘വാസ്തു’ വിന്റെ സംസ്കൃത മൂലധാതുവായ ‘വസ്’ എന്നത് താമസിക്കുക എന്ന അർഥമാണ് ഉൾക്കൊള്ളുന്നത്. വസ്തുവിൽനിന്നുണ്ടായത് എന്ന അർഥത്തിലും ‘വാസ്തു’ എന്ന് പ്രയോഗിക്കുന്നുണ്ട്. ‘‘ഏതൊരു സ്ഥലത്ത് എല്ലാ ജീവജാലങ്ങളും പരസ്പരവും പ്രകൃതിയുമായി സൗഹാർദപരമായി ജീവിക്കുന്നുവോ ആ സ്ഥലമാണ് വാസ്തു’’ (വസന്തി പ്രാണിനഃ യത്ര) എന്നും വിശദീകരണങ്ങളുണ്ട്.
‘മയമത’ത്തിൽ ‘വാസ്തു’ എന്ന സങ്കൽപത്തെ കൃത്യമായി നിർവചിക്കുന്നുണ്ട്:
‘‘അമർത്യാശ്ചൈവ മർത്യാശ്ച യത്ര യത്ര വസന്തി ഹി
തദ് വസ്ത്വിതി മതം തജ്ഞൈഃ തദ് ഭേദം ച വദാമ്യഹം’’
(മയമതം, 2.1)
അമർത്യരും (മരണമില്ലാത്തവർ), മർത്ത്യരും (മനുഷ്യരും) വസിക്കുന്നിടമാണ് വാസ്തു എന്ന് മയമതം പ്രസ്താവിക്കുന്നു.
വാസ്തുവിനെ ‘മയമതം’ നാലായി തരംതിരിക്കുകയും ചെയ്യുന്നു:
‘‘ഭൂമി പ്രാസാദ യാനാനി ശയനം ച ചതുർവിധം
ഭുരേവ മുഖ്യ വസ്തുസ്യാത് തത്ര ജാതാനി യാനി ഹി’’
(മയമതം, 2.2)
ഭൂമി, പ്രാസാദം, യാത്രോപാധികൾ, ശയനീയം എന്നിങ്ങനെ നാലു പ്രകാരത്തിൽ വാസ്തുക്കളുണ്ട്, ഭൂമി തന്നെയാണിതിൽ മുഖ്യവാസ്തു. എന്തുകൊണ്ടെന്നാൽ ചരാചര വസ്തുക്കളുടെയെല്ലാം ആധാരം ഭൂമിയാണല്ലോ.
വാസ്തുപുരുഷൻ എന്ന സങ്കൽപവും ഇവിടെ പ്രാധാന്യമർഹിക്കുന്നുണ്ട്. ശരീരംകൊണ്ടു ഭൂമിയും ആകാശവും മുഴുവൻ വ്യാപിക്കുന്നതിനായി ഒരു മഹത്തായ ഭൂതം പൂർവകാലത്തുണ്ടായിരുന്നു എന്നും ഈ അസുരൻ ദേവന്മാരോട് യുദ്ധം ചെയ്തിട്ട് ഭൂമിയിൽ പതിച്ചു എന്നും ‘ബൃഹത് സംഹിത’യിൽ വിവരിക്കുന്നു. ഭൂമിയിൽ പതിച്ചശേഷം ഓരോ ദേവന്മാരും വാസ്തുപുരുഷന്റെ ഓരോ അംഗങ്ങളിലും അധിവസിച്ച് അതിന്റെ അധിപന്മാരായിത്തീർന്നുവെന്നും ബ്രഹ്മാവ് ദേവമയ ശരീരത്തോടു കൂടിയ ഈ അസുരനെ വാസ്തുപുരുഷനായി (വാസ്തു നരൻ) കൽപിക്കുകയും ചെയ്തു എന്നും ‘ബൃഹത് സംഹിത’ പ്രസ്താവിക്കുന്നു.5 ബൃഹത് സംഹിതയിൽ വിവരിച്ച വാസ്തു പുരുഷോൽപത്തി ‘മനുഷ്യാലയ ചന്ദ്രിക’യിലും വിവരിക്കുന്നുണ്ട്. 6 ചെറുതും വലുതുമായ ഘടങ്ങളുടെ (കുടം) ഉള്ളിൽ ആകാശം വ്യാപിക്കുന്നതുപോലെ വാസ്തുപുരുഷൻ എല്ലാ ദിക്കിലും ഒരുപോലെ വ്യാപിച്ചു എന്നും; വിശേഷിച്ച് നഗരം, പുരം, ക്ഷേത്രഖണ്ഡം, അങ്കണം മുതലായ എല്ലായിടത്തും വാസ്തുപുരുഷൻ വ്യാപിച്ചു എന്നും ‘മനുഷ്യാലയ ചന്ദ്രിക’ വർണിക്കുന്നു.7 ‘ഋഗ്വേദ’ത്തിൽ ബീജമിടുന്ന വാസ്തോഷ്പതിയുടെ വിപുലീകൃത രൂപമായി വാസ്തു പുരുഷസങ്കൽപത്തെ പരിഗണിക്കാവുന്നതാണ്. നിർമിതികൾക്ക് പിന്നിൽ വിളങ്ങുന്ന ജീവശക്തിയായി പ്രാചീനർ വാസ്തോഷ്പതിയെയും വാസ്തു പുരുഷനെയും കണ്ടിരിക്കാം, എന്നാൽ വാസ്തു നിർമിതിയെ ഗുണദോഷഫലങ്ങളുടെ അടിസ്ഥാനത്തിൽ നിരൂപണം ചെയ്യുന്ന ഫലപ്രവചന സ്വഭാവത്തിലുള്ള കഥനങ്ങൾ വാസ്തുവിന്റെ ഗണിതക്രിയകളെയും നിർമാണ വൈദഗ്ധ്യത്തെയും മറികടന്നുകൊണ്ട് ജ്യോതിഷ ഫലപ്രവചന സമാനമായ ഒന്നായി മാറിത്തീർന്നു. പുരാതനകാലത്ത് ഗൃഹനിർമാണത്തിനുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ കുറവായിരുന്നതിനാൽ ദേവന്മാരുടെ സ്ഥാനമനുസരിച്ചായിരുന്നു കെട്ടിടങ്ങൾക്ക് സ്ഥാനം കണ്ടെത്തിയിരുന്നതെന്ന് ഡോ. ആശാലതാ തമ്പുരാനെ പോലുള്ള വാസ്തു പഠിതാക്കൾ നിരീക്ഷിച്ചിട്ടുണ്ട്. വാസ്തു മണ്ഡലത്തിൽ ദേവന്മാരുടെ സ്ഥാനം വാസ്തുപുരുഷന്റെ അവയവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ആ മണ്ഡലത്തിൽ ദേവന്മാരുടെ സ്ഥാനം ലളിതമായി കണ്ടുപിടിക്കാൻ സഹായിക്കുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.8 വാസ്തുപുരുഷ സങ്കൽപത്തിനു പിന്നിൽ ഇത്തരമൊരു പശ്ചാത്തലം ഉണ്ടെന്നുവരികിലും ഈ സങ്കൽപം ഗണിതക്രിയകൾക്കും നിർമാണ വൈദഗ്ധ്യങ്ങൾക്കുമുപരിയായി പൗരോഹിത്യത്തിന് ചൂഷണോപാധിയായി വർത്തിക്കുകയാണുണ്ടായത്. കേവലം വിശ്വാസരൂപമാർജിച്ച വാസ്തു പുരുഷ സങ്കൽപം യാഥാർഥ്യമാണെന്ന് ധരിച്ചവശരായ വിശ്വാസാന്ധ്യം ബാധിച്ച ജനതതി പൗരോഹിത്യ ചൂഷണങ്ങൾക്കടിമയാവുകയും ചെയ്യുന്നു.
വാസ്തുവിദ്യയും സമൂഹവും
വാസ്തുവിദ്യ, ശിൽപവിദ്യയും നിർമാണ വിഷയങ്ങളും കൈകാര്യം ചെയ്തിരുന്ന അടിസ്ഥാന ജനസമുദായങ്ങളിൽനിന്നുമാണ് ഉണ്ടായിവന്നത്. ഈ വിജ്ഞാനം സംസ്കൃതത്തിൽ രചിക്കപ്പെട്ടതോടെ ഇതിന്റെ ആധികാരിക ശബ്ദമായി ബ്രാഹ്മണാചാര്യന്മാർ കാലക്രമേണ മാറിത്തീരുകയാണുണ്ടായത്. യഥാർഥ ജ്ഞാനത്തിന്റെ സ്രഷ്ടാക്കൾ ഇങ്ങനെ ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടു. വാസ്തുവിദ്യാ ഗ്രന്ഥങ്ങളിലെ ശിൽപികളെ സംബന്ധിച്ച ചർച്ചയിലൂടെ ഇതു വ്യക്തമാക്കാൻ കഴിയും. ‘മയമത’ത്തിൽ നാലുതരം ശിൽപികളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർധകി എന്നിവരാണ് നാലുതരം ശിൽപികൾ. ഇതിൽ സ്ഥപതി പ്രസിദ്ധദേശജാതനും സങ്കര സമുദായ ജാതനുമാകണം എന്ന് പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്.9 കൂടാതെ സ്ഥപതിക്ക് ഗണിത ശാസ്ത്രജ്ഞാനവും പുരാണ ജ്ഞാനവും അനിവാര്യമായിരിക്കണം എന്നും ‘മയമതം’ കൂട്ടിച്ചേർക്കുന്നു. ചിത്രരചനാ വൈഭവവും സർവദേശങ്ങളെ കുറിച്ചുള്ള വിജ്ഞാനവും കൈവന്ന ജ്ഞാനിയായ ഒരു വ്യക്തിയെയാണ് ‘മയമതം’ സ്ഥപതി എന്നു വിളിക്കുന്നത്.10 സ്ഥപതിയുടെ ശിഷ്യനോ മകനോ ആയിരിക്കണം സൂത്രഗ്രാഹി എന്ന് ‘മയമതം’ നിഷ്കർഷിക്കുന്നു. ചരടിന്റെയും ദണ്ഡിന്റെയും പ്രവൃത്തിയിൽ പരിചയമുള്ളവനും അളവും ലംബമാനവും നിശ്ചയിക്കുന്നതിൽ പ്രഗല്ഭനുമായിരിക്കണം സൂത്രഗ്രാഹി.
ശില, തടി, ഇഷ്ടിക തുടങ്ങിയവ ഉപയോഗിച്ചുള്ള നിർമാണവിദ്യയിൽ സൂത്രഗ്രാഹി നിപുണനാക്കിയിരിക്കണം. സ്ഥൂലവും സൂക്ഷ്മവുമായ വസ്തുക്കളെ ചെത്തിമിനുക്കി ക്രമീകരിക്കുന്ന ശിൽപിയാണ് തക്ഷകൻ. കൂടാതെ മൃണ്മയ വിഷയത്തിലും (Mud-Technology) ഗണിതശാസ്ത്രത്തിലും അറിവുള്ള ശക്തനായിരിക്കണം തക്ഷകൻ. കല്ലും മണ്ണും ഉപയോഗിച്ച് മുകളിലേക്ക് കെട്ടിപ്പൊക്കാൻ തക്ഷകൻ പ്രാപ്തനായിരിക്കണം. വർധകി വർധിപ്പിക്കുന്നവനാകുന്നു. സൂത്രഗ്രാഹിയുടെ നിർദേശാനുസരണം കല്ല്, മണ്ണ്, തടി മുതലായവകൊണ്ട് നിർമാണപ്രവൃത്തികൾ ചെയ്യുകയാണ് വർധകിയുടെ ജോലി.11 ഇങ്ങനെ സ്ഥപതി മുതലായ ശിൽപിവൃന്ദങ്ങൾക്ക് ആദരവർഹിക്കുന്ന ഒരു സ്ഥാനമാണ് ‘മയമതം’ നൽകിയിട്ടുള്ളത്. എന്നാൽ, ‘മനുഷ്യാലയ ചന്ദ്രിക’യിലേക്കെത്തുമ്പോൾ ഇത്തരം സങ്കൽപങ്ങൾക്ക് വലിയ രീതിയിലുള്ള മാറ്റം ദർശിക്കാൻ കഴിയും.
‘മയമതം’ സ്ഥപതിക്ക് ഉന്നതസ്ഥാനം നൽകുമ്പോൾ സ്ഥപതി മുതലായ ശിൽപികൾക്കും മുകളിൽ ഒരു ബ്രാഹ്മണന് സവിശേഷ പദവി നൽകുകയാണ് ‘മനുഷ്യാലയ ചന്ദ്രിക’. വീടുണ്ടാക്കാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണാദി വിഭാഗങ്ങളിൽ ആരായാലും അവർ ആദ്യമേ തന്നെ ആ ദേശത്തെ ആചാരക്രമങ്ങളറിയുന്നവനും സകല ഗുണങ്ങളും തികഞ്ഞവനുമായ ഒരു ബ്രാഹ്മണനെ ആചാര്യനായി വരിക്കണം എന്ന് ‘മനുഷ്യാലയ ചന്ദ്രിക’ നിർദേശിക്കുന്നു. ബ്രാഹ്മണനായ ഈ ആചാര്യനായിരിക്കണം ഭവനകർത്താവിന് യോജിച്ച വർണത്തിലുള്ള ഭൂമി കണ്ടെത്തി അവിടെ ശിൽപികളെക്കൊണ്ട് ഗൃഹനിർമാണം ചെയ്യിക്കേണ്ടതെന്നും ‘മനുഷ്യാലയ ചന്ദ്രിക’ നിർദേശിക്കുന്നു.12 വേദം, ആഗമം, പുരാണം മുതലായവയിൽ പറയുന്ന ശാസ്ത്രതത്ത്വങ്ങളെയും ധർമകാര്യങ്ങളെയും വേണ്ടതുപോലെ മനസ്സിലാക്കിയ ബ്രാഹ്മണരാണ് സകല ദേവാലയങ്ങളും മനുഷ്യാലയങ്ങളും ഏതു വിധത്തിലാണ് പണി ചെയ്യേണ്ടതെന്നു വിധിക്കേണ്ടതെന്നും ‘മനുഷ്യാലയ ചന്ദ്രിക’ നിർദേശം നൽകുന്നു.13 ബ്രാഹ്മണരുടെ നിർദേശമനുസരിച്ച് പണി ചെയ്യേണ്ട ഒരുകൂട്ടർ മാത്രമായി ഇവിടെ ശിൽപികൾ മാറിത്തീരുന്നു. സ്ഥപതിക്കും മുകളിൽ ബ്രാഹ്മണനായ ഒരാചാര്യനെ സ്ഥാപിച്ചതിലൂടെ കഠിനാധ്വാനത്തിലൂടെ നിർമാണ പ്രക്രിയകൾ നിർവഹിക്കുന്ന ശിൽപികൾക്കും മുകളിലായി ബ്രാഹ്മണ്യത്തെ സ്ഥാപനവത്കരിക്കുകയാണ് ‘മനുഷ്യാലയ ചന്ദ്രികാ’കാരൻ.
വാസ്തുവിദ്യാ വിജ്ഞാനം സംസ്കൃതവത്കരണത്തിന് വിധേയമായതോടെ ചാതുർവർണ്യ ജാതിവ്യവസ്ഥയും അതിന്റെ ഉച്ചനീചത്വ ക്രമങ്ങളും മേൽക്കീഴ് വ്യവസ്ഥയും വാസ്തു വിജ്ഞാനത്തെയും സ്വാധീനിക്കാൻ ആരംഭിച്ചു. സംസ്കൃത ഭാഷയിൽ എഴുതപ്പെട്ട വാസ്തുവിദ്യാ ഗ്രന്ഥങ്ങളിൽനിന്നും നിരവധി ഉദാഹരണങ്ങൾ ഇതിനുപോദ്ബലകമായി അവതരിപ്പിക്കാൻ കഴിയും. ചാതുർവർണ്യവ്യവസ്ഥക്ക് യോജിച്ച രീതിയിലാണ് ഭൂമിയുടെ തിരഞ്ഞെടുപ്പുപോലും നടത്തുന്നത്.14 ചാതുർവർണ്യക്രമമനുസരിച്ച് ബ്രാഹ്മണാദി ജാതികൾക്ക് സവിശേഷ ലക്ഷണമുള്ള ഭൂമിയാണ് ഗൃഹനിർമാണത്തിനായി ‘മയമതം’ നിർദേശിക്കുന്നത്.15 ചണ്ഡാലന്മാരുടെ ആവാസ സ്ഥാനങ്ങളുടെ ഛായ പതിയുന്നതും തോൽകൊണ്ട് ഉപജീവനം കഴിക്കുന്നവരുടെ കിടപ്പാടങ്ങൾക്കടുത്തുള്ളതുമായ ഭൂമി വർജിക്കണമെന്ന് പറയുന്നതിലൂടെ ചണ്ഡാലാദികളെ നികൃഷ്ടരായി കാണുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയാണ് തെളിയുന്നത്.16 ഈ സാമൂഹിക വ്യവസ്ഥിതിക്ക് യോജിച്ചവണ്ണമുള്ള ഗൃഹനിർമാണ പദ്ധതികളാണ് ‘മയമതം’ വിധിക്കുന്നതും. പ്രഭാതത്തിൽതന്നെ ഗ്രാമത്തിൽ പ്രവേശിച്ച് ഗ്രാമം ശുചിയാക്കേണ്ട ജോലി ചണ്ഡാലന്മാർക്കാണെന്ന് ‘മയമതം’ പ്രസ്താവിക്കുന്നു.17 ചണ്ഡാലാധിവാസമുള്ളിടത്തെ വൃക്ഷത്തെ പോലും ത്യാജ്യമായ വർജ്യ വൃക്ഷമായി മയമതം എണ്ണുന്നു.18
ശിലകൊണ്ട് ദേവാലയങ്ങളും ബ്രാഹ്മണ ക്ഷത്രിയാലയങ്ങളും നിർമിക്കാം എന്നാൽ വൈശ്യനും ശൂദ്രനും ഇപ്രകാരം ചെയ്താൽ അർഥ കാമങ്ങളുടെ വിനാശമാണ് ഫലമെന്ന് ‘മയമതം’ വിധിക്കുന്നു:
‘‘ശിലാ ദേവാലയേ ഗ്രാഹ്യാ ദ്വിജാവനിപയോർ മതാഃ
പാഷണ്ഡിനാം ച കർത്തവ്യാ ന കുര്യാദ് വൈശ്യ ശൂദ്രയോഃ’’19
നിർമാണപ്രക്രിയകൾക്കാവശ്യമായ തടി മുറിച്ചുകൊണ്ടു പോകുന്നതിൽപോലും പുലർത്തേണ്ട ജാത്യാചാര ക്രമങ്ങളെ കുറിച്ചും ‘മയമതം’ സൂക്ഷ്മത പുലർത്തുന്നുണ്ട്. ദേവതകൾക്കും ക്ഷത്രിയർക്കും വൈശ്യർക്കും ഉള്ള വൃക്ഷത്തടി മനുഷ്യർ തോളിൽ ചുമന്നാണ് കൊണ്ടുപോകേണ്ടതെന്ന് ‘മയമതം’ നിഷ്കർഷിക്കുന്നു. 20 വീടിന് നിർമിക്കുന്ന വാതിലുകളിൽനിന്നുപോലും ജാതി വായിച്ചെടുക്കാൻ കഴിയണമെന്ന നിർബന്ധബുദ്ധി ‘മയമതം’ വെച്ചുപുലർത്തിയിരുന്നു. ദേവന്മാർ, ബ്രാഹ്മണർ, ക്ഷത്രിയർ എന്നിവരുടെ വാസഗൃഹങ്ങളുടെ വാതിലുകൾ മധ്യത്തിലും മറ്റു വിഭാഗത്തിൽപെട്ടവരുടെ വാതിലുകൾ ഗൃഹത്തിന്റെ പാർശ്വഭാഗങ്ങളിലുമായിരിക്കണം എന്നും ‘മയമതം’ വിധിക്കുന്നു. 21 ‘മയമത’ത്തിലെ പോലെ തന്നെ ‘മനുഷ്യാലയ ചന്ദ്രിക’യിലും ബ്രാഹ്മണാദി ഭൂലക്ഷണവും, ഭൂമിയുടെ ചാതുർവർണ്യ സവിശേഷതകളും രേഖപ്പെടുത്തുന്നുണ്ട്. വർണം തിരിച്ചറിയാൻ കഴിയാത്ത ഭൂമി അഖിലവർണർക്കും വർജ്യമാണെന്നും ‘മനുഷ്യാലയ ചന്ദ്രിക’ വിധിക്കുന്നു.22 ‘മനുഷ്യാലയ ചന്ദ്രിക’യും ‘മയമത’വും ഉൾപ്പെടെയുള്ള വാസ്തുവിദ്യാ ഗ്രന്ഥങ്ങൾ ചാതുർവർണ്യവ്യവസ്ഥിതിക്ക് യോജിച്ച രീതിയിലാണ് വാസ്തുനിർമാണ പ്രക്രിയകൾ വിവരിക്കുന്നതെന്ന് ഇതിൽനിന്നെല്ലാം സ്പഷ്ടമാണ്. വാസ്തുവിദ്യ വിവരിക്കുന്ന ബൃഹത് സംഹിതയും ഇതിനപവാദമല്ല.
ബ്രാഹ്മണാദികളായ എല്ലാ വർണങ്ങളിൽപെട്ടവരുടെ ഗൃഹങ്ങളും ഉത്തമാധമ ഭേദേന ബൃഹത് സംഹിത തരംതിരിക്കുന്നു.23 ചാതുർവർണ്യത്തിന്റെ ഏറ്റിറക്ക ക്രമമനുസരിച്ച് വേണം ബ്രാഹ്മണാദികൾ താമസിക്കാനെന്നും ബൃഹത് സംഹിത വ്യക്തമാക്കുന്നു:
‘‘ഗൃഹനഗര ഗ്രാമേഷു ച സർവത്രൈവം പ്രതിഷ്ഠിതാ ദേവാഃ
തേഷു ച യഥാനുരൂപം വർണാ വിപ്രാദയോ വാസ്യാഃ’’24
ഇന്ത്യയുടെ സാമൂഹികജീവിതത്തെ ആഴത്തിൽ പിടിമുറുക്കിയിരുന്ന ചാതുർവർണ്യ ജാതിവ്യവസ്ഥ വാസ്തുവിദ്യാ വിജ്ഞാനത്തിന്റെ ഗതിയെയും നിർണയിച്ചിരുന്നു എന്ന് ഇതിൽനിന്നെല്ലാം വ്യക്തമാണ്.
വാസ്തുയാഗവും വെജിറ്റേറിയനിസവും
വാസ്തുവിശ്വാസങ്ങൾക്ക് വർധിച്ചു വന്ന ജനപ്രിയത അതിനുണ്ടായിരുന്ന ബ്രാഹ്മണേതരമായ സ്വഭാവസവിശേഷതകളെ ക്രമേണ മറയ്ക്കുന്നതിനിടയാക്കി. അത്തരത്തിലൊന്നാണ് മദ്യവും മാംസവും ഉപയോഗിച്ച് നടന്നിരുന്ന വാസ്തുബലി ക്രമേണ ‘ശുദ്ധഹവിസ്സ്’ മാത്രമുപയോഗിച്ചുള്ള ഒന്നായി മാറിത്തീർന്നത്. ‘മയമത’ത്തിൽ വിവരിക്കുന്ന വാസ്തുബലിയിൽ മദ്യവും മാംസവും യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. വാസ്തുബലിക്കായുള്ള രാക്ഷസപദത്തിൽ ലഹരിദായകമായ പഴച്ചാറും, ഭൃംഗരാജപദത്തിൽ സമുദ്രത്തിലെ മീനും, മൃഗപദത്തിൽ മത്സ്യവും ചോറും, രോഗപദത്തിൽ ഉണക്കമത്സ്യവും, രുദ്രജയന്റെ പദത്തിൽ പാകം ചെയ്ത മാംസവും, വാസ്തുപദത്തിലെ ചരകി എന്ന ദേവതക്ക് മദ്യവും നെയ്യും ബലിയായി സമർപ്പിക്കണമെന്ന് ‘മയമത’ത്തിലെ ബലികർമ വിധാനത്തിൽ വിസ്തരിക്കുന്നു.25 ‘മയമത’ത്തിലെ മാംസബലിയെ സാധൂകരിക്കുന്ന ചില ഭാഗങ്ങൾ ‘വാല്മീകി രാമായണ’ത്തിൽ തെളിഞ്ഞു കാണാം. വനത്തിൽ താമസിക്കാനായി പർണശാല നിർമിക്കുമ്പോൾ ആ ശാലയിൽ രാമലഷ്മണന്മാർ മാനിന്റെ മാംസം ഉപയോഗിച്ച് വാസ്തു ശാന്തിക്രിയ നിർവഹിക്കുന്നതായി ‘വാല്മീകി രാമായണം’ വിവരിക്കുന്നു:
“ഐണേയം മാംസമാഹൃത്യ ശാലാം യക്ഷ്യാമഹേ വയം
കർതവ്യം വാസ്തുശമനം സൗമിത്രേ ചിരജീവിഭീഃ ’’
(അയോധ്യ കാണ്ഡം, 56.25)
ഹോമിച്ച കൃഷ്ണമൃഗത്തിന്റെ മാംസം അഗ്നിയിൽ നന്നായി വെന്തുകഴിഞ്ഞപ്പോൾ ആ മാംസം ഉപയോഗിച്ച് ഗൃഹദേവതകൾക്കായി യജ്ഞമനുഷ്ഠിക്കാൻ ലക്ഷ്മണനോട് ആഹ്വാനംചെയ്യുന്ന രാമന്റെ ചിത്രവും വാല്മീകി വരച്ചിടുന്നുണ്ട് (അയോധ്യ കാണ്ഡം, 56. 26-31). മാംസം ഉപയോഗിച്ചുള്ള വാസ്തുബലി നിലനിന്നിരുന്നു എന്നാണ് ‘വാല്മീകി രാമായണ’ത്തിലെ തെളിവുരൂപങ്ങൾ സമർഥിക്കുന്നത്. പ്രസിദ്ധ കേരളീയ തന്ത്രഗ്രന്ഥമായ ‘പ്രയോഗമഞ്ജരി’യിലും വാസ്തുഹോമത്തിന് മാംസം നിഷ്കർഷിക്കുന്നുണ്ട്:
‘‘മാംസാനി പക്വാനി തഥാമകാനി
ദദ്യാത് ബലിം രുദ്രജയായ പശ്ചാത്”
(പ്രയോഗമഞ്ജരി, 3.32)
പിൽക്കാലത്ത് പ്രചരിച്ചതുപോലെ ശുദ്ധഹവിസ്സായിരുന്നില്ല വാസ്തുബലിയിൽ ഉപയോഗിച്ചിരുന്നത്. മദ്യവും മാംസവും വാസ്തുബലിയുടെ അനിഷേധ്യ ഭാഗമായിരുന്നു. ബലികർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും യോഗ്യർ കന്യകമാരും വേശ്യകളുമാണെന്ന ‘മയമത’ത്തിലെ പരാമർശവും ശ്രദ്ധിക്കേണ്ടതാണ്. 26 കാലക്രമത്തിൽ വാസ്തുബലിയിൽ മദ്യത്തിന്റെയും മാംസത്തിന്റെയും സ്ഥാനത്ത് ഹവിസ്സ് വന്നുചേർന്നതിന്റെ സാംസ്കാരിക രാഷ്ട്രീയം പഠനീയമാണ്. ബ്രാഹ്മണേതരമായ അടിത്തറയുണ്ടായിരുന്ന വാസ്തുവിദ്യ വിജ്ഞാനത്തെ ബ്രാഹ്മണ്യം ഉൾച്ചേർത്തതിന്റെ അനന്തരഫലമായാണ് വാസ്തുബലിയിലും ഇത്തരമൊരു മാറ്റം സംഭവിച്ചത്.
ക്ഷേത്രവാസ്തു
വൈദികങ്ങളായ യാഗയജ്ഞാദി കർമാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകി ജീവിച്ചുപോന്ന ബ്രാഹ്മണ പൗരോഹിത്യം ക്ഷേത്രപ്രതിഷ്ഠകളിലേക്കും ക്ഷേത്രാരാധനകളിലേക്കും എത്തിേച്ചർന്നതും അത്തരമൊരു ക്ഷേത്രസംസ്കാരം ബ്രാഹ്മണ പൗരോഹിത്യവുമായി ബലപ്പെട്ടതും പൊതുവർഷം ആദ്യ നൂറ്റാണ്ടുകളിലാണ്. വൈദികയജ്ഞാദികൾക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന ലുപ്തപ്രചാരവും തദ്ദേശീയമായ താന്ത്രിക-ബൗദ്ധ-ജൈനാരാധനകളുടെ ജനപ്രിയതയും ബ്രാഹ്മണരെ ക്രമേണ ഇത്തരമൊരു സംസ്കാരത്തെ സ്വാംശീകരിക്കാൻ പ്രേരിപ്പിച്ചു. ബ്രാഹ്മണ പൗരോഹിത്യം ക്ഷേത്രാരാധന സംസ്കാരത്തിലേക്ക് കടന്നു ചെന്ന പൊതുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ക്ഷേത്രപ്രതിഷ്ഠകളുമായി ബന്ധപ്പെട്ട താന്ത്രിക ഗ്രന്ഥങ്ങൾ രചിക്കാൻ ഇത് പ്രേരണയായി എന്ന് ചരിത്രപരമായി കരുതാവുന്നതാണ്. പൊതുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ബ്രാഹ്മണർ രചിച്ച തന്ത്രഗ്രന്ഥങ്ങളിൽ ക്ഷേത്രവാസ്തു സംബന്ധിയായ പരാമർശങ്ങൾ വിരളമാണ്. ഉത്തരേന്ത്യൻ ബ്രഹ്മയാമളം (CE 7), നിശ്വാസ തത്ത്വസംഹിത (CE 5-6) തുടങ്ങിയ ഏറ്റവും പ്രാചീനമായ തന്ത്ര ഗ്രന്ഥങ്ങളിൽ ക്ഷേത്രാരാധന ക്രമങ്ങൾ വികസിച്ചു വരുന്നതിന്റെ സൂചനകൾ ലഭ്യമല്ല. കൂടാതെ, തമിഴ്നാട്ടിൽനിന്നും ലഭ്യമായ പ്രാചീന ശൈവാഗമങ്ങളിൽ സന്യാസ മഠങ്ങളിൽ പ്രതിഷ്ഠിച്ചാരാധിക്കുന്ന വിഗ്രഹാരാധനയുടെ സാംസ്കാരിക ചരിത്രമാണ് കണ്ടെടുക്കാൻ കഴിയുന്നത്. പൊതുവർഷം (CE) പത്താം നൂറ്റാണ്ടോട് കൂടിയാണ് ക്ഷേത്രാരാധന അധികരിച്ചുള്ള തന്ത്രഗ്രന്ഥങ്ങളുടെ വ്യാപകമായ പ്രചാരണം ഉണ്ടായിവരുന്നതായി കാണാൻ കഴിയുന്നത്. കേരളത്തിൽനിന്നും ലഭ്യമായ ഏറ്റവും പഴക്കംചെന്ന തന്ത്രഗ്രന്ഥമായ ‘പ്രയോഗമഞ്ജരി’യുടെ രചനാകാലം CE 10-11 നൂറ്റാണ്ടാെണന്ന വസ്തുതയുംകൂടി പരിഗണിച്ചാൽ ബ്രാഹ്മണർ കാലക്രമത്തിലാണ് ക്ഷേത്രാരാധനാ ക്രമങ്ങളിലേക്ക് എത്തിച്ചേർന്നതെന്ന് കാണാൻ കഴിയും. പ്രതിമാപൂജ ചെയ്യുന്ന ബ്രാഹ്മണരെ ‘മനുസ്മൃതി’ നീചപ്രവൃത്തി ചെയ്യുന്നവരായാണ് പരിഗണിച്ചിരുന്നതെന്ന യാഥാർഥ്യം കൂടി കണക്കിലെടുത്താൽ ആദ്യകാല ബ്രാഹ്മണ്യം പ്രതിഷ്ഠാദി പൂജകളെ ഉത്തമമായി ഗണിച്ചിരുന്നില്ലെന്ന് തെളിയും. കേരളത്തിൽ ഭദ്രകാളി പൂജ ചെയ്തിരുന്ന അടിമകൾ മുതലായ പൗരോഹിത്യ വിഭാഗത്തെ അധമരായാണ് ബ്രാഹ്മണ്യം പരിഗണിച്ചിരുന്നത്. ശാക്തേയ പൂജാക്രമങ്ങളെ ‘ശാങ്കരസ്മൃതി’ നീചമായി കണക്കാക്കിയിരുന്നതും അതിന്റെ അധമത്വത്തെ നിദാനമാക്കിയായിരുന്നു. കൂടാതെ ‘പാരശവർ’ എന്ന സങ്കരജാതി വിഭാഗങ്ങളാണ് ഭദ്രകാളീ പൂജ നിർവഹിച്ചിരുന്നതെന്ന് ‘വൈഖാനസ ധർമസൂത്രം’ മുതലായ ധർമശാസ്ത്രഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഇതെല്ലാം തെളിയിക്കുന്നത് ബ്രാഹ്മണ പൗരോഹിത്യം വ്യാപകമായ രീതിയിൽ ക്ഷേത്രാരാധനാ ക്രമങ്ങളുടെ ഭാഗമായി മാറിയത് ചരിത്രത്തിന്റെ ഒരു സവിശേഷഘട്ടത്തിലാണെന്നാണ്. അതിനുമുമ്പ് ക്ഷേത്രാരാധന വിശ്വാസക്രമങ്ങൾക്ക് തദ്ദേശീയവും ബൗദ്ധവും ജൈനവുമായ വേരുകളാണുണ്ടായിരുന്നത് എന്നുതന്നെയാണ് സ്പഷ്ടമാകുന്നത്.
കേരളത്തിന്റെ വാസ്തുവിദ്യയുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിക്കുമ്പോൾ ശ്രേണീകൃത അസമത്വ വ്യവസ്ഥയായ ജാതിജീവിതത്തിന്റെ മേൽക്കീഴ് വർണബോധം വാസ്തുവിദ്യയുടെ സാംസ്കാരിക ചരിത്രസ്ഥലികളെ ആഴത്തിൽ നിർണയിച്ചിരുന്നു എന്ന് ബോധ്യപ്പെടും. കേരളത്തിലെ ക്ഷേത്രങ്ങളും കോട്ടകൊത്തളങ്ങളും മറ്റും നിർമിച്ചിരുന്ന ആശാരി മുതലായ ജാതി വിഭാഗങ്ങളെ ബ്രാഹ്മണ്യവ്യവസ്ഥ ഹീനരായാണ് പരിഗണിച്ചിരുന്നത്. ആശാരി തൊട്ട് അശുദ്ധമാക്കിയതിന് പരിഹാരമായി പ്രായശ്ചിത്തം ചെയ്തത് സംബന്ധിച്ച് മതിലകം ഗ്രന്ഥവരികളിൽ (ശ്രീപത്മനാഭ സ്വാമി ക്ഷേത്രം) വ്യക്തമായ തെളിരൂപങ്ങൾ ദർശിക്കാം. വാസ്തുവിദ്യയെ സമ്പന്നമാക്കിയ വിഭാഗങ്ങളെ ഹീനരാക്കി മുദ്രകുത്തി അത്തരം അധ്വാനപ്രക്രിയകളിൽ ഏർപ്പെടുന്നവരെ അധമവത്കരിക്കുകയും ആ വിഭാഗത്തിന്റെ വിജ്ഞാനത്തെ സൃഷ്ടിച്ചത് തങ്ങളാണ് എന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന ചരിത്രവിരുദ്ധമായ സാംസ്കാരിക പ്രക്രിയ ബ്രാഹ്മണ്യത്തിൽ അന്തർലീനമായിരുന്നു. തദ്ദേശീയവും കീഴാളവുമായ അറിവു രൂപങ്ങളെ ബ്രാഹ്മണ്യം അതിന്റെ വ്യവസ്ഥാക്രമത്തിലേക്ക് ഉൾച്ചേർത്ത് ബ്രാഹ്മണ്യ വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റിയ ചരിത്രപ്രക്രിയയെ ചരിത്രപണ്ഡിതനായ വിജയ് നാഥ് (Vijay Nath) ബ്രാഹ്മണിക്കൽ അക്കൾച്ചറേഷൻ (Brahmanical Acculturation) എന്നാണ് വിളിച്ചത്. ഈ പ്രക്രിയ സമകാലിക ഇന്ത്യൻ സാഹചര്യത്തിലും തുടർന്നുകൊണ്ടിരിക്കുന്നു.
ചാതുർവർണ്യ സിദ്ധാന്തമനുസരിച്ചാണ് കേരളത്തിലെ തന്ത്രഗ്രന്ഥങ്ങൾ ക്ഷേത്രനിർമാണത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചത്. ചാതുർവർണ്യ ജാതി ക്രമമനുസരിച്ച് ഭൂമിയുടെ ലക്ഷണം നിരൂപിക്കുന്ന തന്ത്രസമുച്ചയം ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ബ്രാഹ്മണാദി നാലു വർണങ്ങൾക്കും വേണ്ടുന്ന ഭൂമികളിൽ, ബ്രാഹ്മണന് കുശപ്പുല്ലുള്ളതും ക്ഷത്രിയന് അമ വളരുന്നതും നൽകണം. ക്ഷത്രിയന് ദൈർഘ്യം എട്ടിലൊന്ന് അധികമായും ശൂദ്രന് ദൈർഘ്യം നാലിലൊന്ന് അധികമായും നൽകണം. ബ്രാഹ്മണാദി ക്രമത്തിൽ ബ്രാഹ്മണന് വെളുത്ത നിറമുള്ളതും ക്ഷത്രിയന് ചുവന്ന നിറമുള്ളതും വൈശ്യന് മഞ്ഞനിറമുള്ളതും ശൂദ്രന് കറുപ്പുനിറമുള്ളതുമായ ഭൂമി നൽകണം. വർണക്രമത്തിൽ ബ്രാഹ്മണന് നെയ്യിന്റെ സൗരഭ്യവും ക്ഷത്രിയന് ചോരയുടെ ഗന്ധവും വൈശ്യന് ചോറിന്റെ വാസനയും ശൂദ്രന് മദ്യത്തിന്റെ ഗന്ധമുള്ളതുമായ ഭൂമി തിരഞ്ഞെടുക്കാനാണ് തന്ത്രസമുച്ചയം എന്ന കേരളീയ തന്ത്രഗ്രന്ഥം നിർദേശിക്കുന്നത്. 27
‘മനുസ്മൃതി’, ‘ശാങ്കരസ്മൃതി’ മുതലായ സ്മൃതിഗ്രന്ഥങ്ങളും ധർമസൂത്രങ്ങളും ഗീത ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളും പേർത്തും ആകുലപ്പെടുന്ന വർണസങ്കരം എന്ന ആശയം ഭൂമിയുടെ വിഷയത്തിൽ ‘തന്ത്രസമുച്ചയ’കാരനും പങ്കുവെക്കുന്നുണ്ട്. വർണസങ്കരമുള്ള ഭൂമി വർജ്യമാണെന്നാണ് ‘തന്ത്രസമുച്ചയം’ പ്രസ്താവിക്കുന്നത്. ഗീതയിൽ യുദ്ധംചെയ്യാൻ വിമുഖനായി തേർത്തട്ടിൽ തളർന്നുകിടന്ന അർജുനന്റെ ആകുലതയും വർണസങ്കരം നിമിത്തം കുലസ്ത്രീകൾ ദുഷിക്കുമെന്നായിരുന്നു. ‘മനുസ്മൃതി’യിലും വർണസങ്കരം എന്ന ആശയം വ്യക്തമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ‘‘ബ്രാഹ്മണാദി വർണങ്ങളിൽപെട്ടവർ അന്യോന്യം വ്യഭിചരിക്കുന്നതുകൊണ്ടും ഏകഗോത്രവിവാഹംകൊണ്ടും സ്വകർമങ്ങളുടെ ത്യാഗംകൊണ്ടും വർണസങ്കരം ഉണ്ടാകുന്നു’’ എന്ന് ‘മനുസ്മൃതി’ വിധിക്കുന്നു. 28 മനുഷ്യർ തമ്മിൽ ജാതിഭേദങ്ങൾ മറന്ന് കലർന്ന് ജീവിക്കുന്നതിനെ മനുവും ഗീതാകാരനും എപ്രകാരമാണോ വെറുപ്പോടെ വീക്ഷിച്ചത് അതേ കാഴ്ചക്കോണുകളാണ് തന്ത്രസമുച്ചയകാരനെയും ആവേശിച്ചിരുന്നതെന്ന് ഭൂമിയുടെ വർണസങ്കരത്തെ പറ്റി വിവരിക്കുന്ന ഭാഗത്തു നിന്നും സ്പഷ്ടമാകും. ഭൂമിയുടെ രൂപം സങ്കീർണമാണെങ്കിൽ ഭൂമി ഒരു ജാതിക്കു വേണ്ട നിറവും മറ്റൊരു ജാതിക്കു ചേർന്ന സൗരഭ്യവും വേറൊരു ജാതിക്കുതകുന്ന രസവുമായ മിശ്രഗുണവുമായി കണ്ടാൽ എല്ലാ വർണത്തിൽപെട്ടവർക്കും ആ ഭൂമി വർജ്യമാണെന്ന് തന്ത്രസമുച്ചയം വിധിക്കുന്നു. ജാതിലക്ഷണം വേണ്ടത്ര വ്യക്തമാകാതിരിക്കുമ്പോൾ രാത്രിയിൽ ഭൂമിയെ യഥാവിധി നിമിത്തങ്ങളെക്കൊണ്ട് പരീക്ഷിച്ചറിയണമെന്നും തന്ത്രസമുച്ചയം ആജ്ഞാപിക്കുന്നു.29 മനുഷ്യർക്കിടയിൽ കഠിനമായ ജാതിവേർതിരിവുകൾ സൃഷ്ടിച്ച ബ്രാഹ്മണ്യവ്യവസ്ഥ ഭൂമിയിൽപോലും ജാതിവേർതിരിവുകൾ ആരോപിക്കുന്ന കാഴ്ചയാണ് തന്ത്രസമുച്ചയത്തിലെ ശിൽപഭാഗത്ത് തെളിയുന്നത്. ‘‘ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ’’ എന്ന നാരായണഗുരുവിന്റെ വാക്കുകൾ തന്ത്രസമുച്ചയാദികൾ സൃഷ്ടിച്ച വാസ്തുവിന്റെ ജാതിഭേദങ്ങൾക്കെതിരായി കൂടിയാണ് ചരിത്രത്തിൽ മാറ്റൊലിക്കൊണ്ടതെന്ന് പറയേണ്ടിവരും.
‘ഗ്രാമം’ എന്ന പദത്തെ ലക്ഷണം പറഞ്ഞു വിശദീകരിക്കുമ്പോൾ ബ്രാഹ്മണരുടെ സാമൂഹിക ആവാസക്രമം (‘‘ഗ്രാമേ വിപ്രസമൂഹസ്യാവാസേ’’) എന്നാണ് ‘തന്ത്രസമുച്ചയ’ത്തിന്റെ സംസ്കൃതവ്യാഖ്യാനമായ ‘വിമർശിനി’യിൽ വിശദീകരിക്കുന്നത്. ചണ്ഡാലരെ ഗ്രാമത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ‘മനുസ്മൃതി’യും ‘അർഥശാസ്ത്ര’വും ‘മയമത’വും ശാസിക്കുമ്പോൾ ഗ്രാമത്തെ ബ്രാഹ്മണരുടെ മാത്രം ആവാസകേന്ദ്രമായി ‘വിമർശിനീ’കാരൻ ദർശിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല. ഗ്രാമത്തെ രാജ്യത്തിന്റെ അടിസ്ഥാന ഏകകമായി കണക്കാക്കണമെന്ന് ഗാന്ധി വാദിച്ച അവസരത്തിൽ ഗ്രാമങ്ങളല്ല വ്യക്തികളായിരിക്കണം അടിസ്ഥാനം എന്ന് ഡോ. ബി.ആർ. അംബേദ്കർ വാദിച്ചതിനു പിന്നിൽ ഗ്രാമസങ്കൽപത്തെ നിയന്ത്രിച്ചിരുന്ന ശ്രേണീകൃത ജാതി അസമത്വ വ്യവസ്ഥ കാരണമാണ്. ബ്രാഹ്മണർ എഴുതിക്കൂട്ടിയ വാസ്തുവിദ്യാ ഗ്രന്ഥങ്ങളെല്ലാംതന്നെ ഇത്തരത്തിൽ ജാതിയുടെ അസമത്വ വ്യവസ്ഥയാൽ പൂരിതമായിരുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. സംസ്കൃതത്തിൽ മതനിരപേക്ഷമായി വന്നു തെളിഞ്ഞ വാസ്തുവിദ്യ, ജ്യോതിശാസ്ത്രം തുടങ്ങിയ വിജ്ഞാനപദ്ധതികളുടെ ഉറവിടം യഥാർഥത്തിൽ ബ്രാഹ്മണേതരമായ വിജ്ഞാന കേന്ദ്രമായിരുന്നു. ബ്രാഹ്മണേതരമായ ഇത്തരം വിജ്ഞാന പദ്ധതികളെ ബ്രാഹ്മണ്യവ്യവസ്ഥ സ്വാംശീകരിച്ച് എഴുത്തുരൂപമാക്കുന്നതോടുകൂടി അതും ജാതിഭേദങ്ങളുടെ നിലീന പാരമ്പര്യത്തിൽ ഉൾച്ചേർന്നു.
ക്ഷേത്രവാസ്തുവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ശക്തി പ്രാപിച്ചു വരുന്ന ഒന്നാണ് കാവുകളും മറ്റും ബ്രാഹ്മണികമായി താന്ത്രികവിധി പ്രകാരമുള്ള വാസ്തുസങ്കൽപങ്ങൾക്കനുസരണമായി ക്ഷേത്രമായി രൂപാന്തരം കൈവരിക്കുന്നത്. വിജയ് നാഥ് വിശദീകരിച്ച ബ്രാഹ്മണ്യ സ്വാംശീകരണ പ്രക്രിയയാണ് ഇവിടെ രൂപപ്പെട്ടു വരുന്നത്. പെരുമ്പാവൂരിലെ കല്ലിൽ ഗുഹാക്ഷേത്രം ബ്രാഹ്മണ ക്ഷേത്ര-വാസ്തുവിനനുസരിച്ച് പുനഃസംഘടിപ്പിക്കാനുള്ള ശ്രമം ക്ഷേത്രവത്കരണത്തെയാണ് എടുത്തുകാണിക്കുന്നത്. കല്ലിൽ ഗുഹാക്ഷേത്രത്തിന്റെ പത്തു ദിക്കിലായി സ്ഥാപിച്ചിട്ടുള്ള ദിക്പാലക സങ്കൽപത്തിലുള്ള ശിലാപീഠങ്ങൾ ജൈനസങ്കേതമായിരുന്ന കല്ലിൽ ഗുഹാസങ്കേതത്തെ ബ്രാഹ്മണാരാധന വിധിപ്രകാരമുള്ള ക്ഷേത്രമായി മാറ്റുന്നതിന്റെ ഭാഗമാണ്. ഇത്തരമൊരു പ്രക്രിയ കേരളത്തിലുടനീളം നടന്നുവരുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ ജനപ്രിയ പാരമ്പര്യത്തിൽ ആഴത്തിൽ വേരുകളുണ്ടായിരുന്ന കാവു പാരമ്പര്യത്തെയും വകഞ്ഞുമാറ്റി അതിനു മുകളിൽ ബ്രാഹ്മണ ക്ഷേത്രാരാധനാ പാരമ്പര്യത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ വാസ്തുവിന്റെ രൂപമാറ്റത്തിലൂടെയാണ് അരങ്ങേറുന്നത്. കാവുകളും കൊട്ടങ്ങളും മറ്റും തന്ത്രാഗമങ്ങൾ വിവരിക്കുന്ന വിധത്തിലുള്ള വാസ്തുക്രമത്തിലല്ല ചരിത്രത്തിൽ നിലനിന്നിരുന്നത്. ഇത് പലപ്പോഴും ബ്രാഹ്മണ്യത്തിന്റെ വിധിക്രമങ്ങളെ പുറത്തുനിർത്തുകയും ചെയ്തിരുന്നു. ഇത്തരമൊരു വിധ്വംസകമായ ബ്രാഹ്മണേതര പാരമ്പര്യത്തെയാണ് ക്ഷേത്രവത്കരണത്തിലൂടെ രൂപമാറ്റത്തിന് വിധേയമാക്കുന്നത്. നാരായണഗുരു ബ്രാഹ്മണ്യക്ഷേത്ര വാസ്തുക്രമത്തിൽനിന്നും ദൈവസങ്കൽപത്തെ തന്നെ മുക്തമാക്കി. താന്ത്രിക വിധാനങ്ങൾക്കനുസരിച്ചായിരുന്നില്ല ഗുരുവിന്റെ കണ്ണാടിപ്രതിഷ്ഠയും ദീപപ്രതിഷ്ഠയും മറ്റും. കാവുകളിൽ തന്ത്രാഗമാദികൾ വിവരിക്കുന്ന വിധത്തിലുള്ള വാസ്തുവിധാനങ്ങൾ പാലിച്ചിരുന്നില്ല. ബ്രാഹ്മണ്യ പൗരോഹിത്യം വിധിച്ചുറപ്പിച്ച ക്ഷേത്രനിർമാണക്രമങ്ങളും തദനുബന്ധമായ അനുഷ്ഠാനങ്ങളും സമ്പൂർണമായി ശുദ്ധാശുദ്ധി ബന്ധങ്ങൾക്കകത്താണ് നിലനിന്നത്. ബ്രാഹ്മണ്യവ്യവസ്ഥയുടെ ക്ഷേത്രവാസ്തു സിദ്ധാന്തങ്ങളുടെ ഹിംസാത്മകതയും അപരവത്കരണവുമാണ് ഇതിലെല്ലാം സ്ഫുടമായിരിക്കുന്നത്. ക്ഷേത്രങ്ങൾ എല്ലാവർക്കും പ്രവേശനമുള്ള ഇടമായി (Space) പരിവർത്തിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണെന്നതും ബ്രാഹ്മണ്യം സൃഷ്ടിച്ച വാസ്തുവിധി ക്രമങ്ങൾ പുലർത്തിയിരുന്നത് അയിത്ത വ്യവസ്ഥയായിരുന്നു എന്നുള്ള ചരിത്രസാക്ഷ്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരേസമയം ബ്രാഹ്മണേതരരായ ജാതിവിഭാഗങ്ങളുടെ ശിൽപനിർമാണ വൈദഗ്ധ്യത്തെയും വാസ്തുവിജ്ഞാനത്തെയും സ്വാംശീകരിച്ചുകൊണ്ട് അത്തരം അറിവുരൂപങ്ങളുടെ ഉറവിടമായ ബ്രാഹ്മണേതര ജാതിശരീരങ്ങളെ ഹിംസാത്മകമായി പുറന്തള്ളുകയും ചെയ്ത വ്യവസ്ഥാക്രമത്തെയാണ് ബ്രാഹ്മണ്യം പിൻപറ്റിയത്. ഇത് വിപുലമായ ഒരു ചരിത്രപ്രക്രിയയായിരുന്നു. വാസ്തുവിദ്യയെ അതിന്റെ നിർമാണ വൈദ ഗ്ധ്യത്തിനുമുപരിയായി വിശ്വാസചൂഷണമാക്കി മാറ്റിത്തീർത്തതിൽ ബ്രാഹ്മണ്യ പൗരോഹിത്യ വ്യവസ്ഥക്ക് സവിശേഷമായ പങ്കുണ്ട്. ഇതിന്റെ അനന്തരഫലമാകട്ടെ വാസ്തുവിജ്ഞാനത്തിൽ പ്രധാനമായിരുന്ന സാങ്കേതിക വിജ്ഞാനവും ശിൽപവിദ്യയും ചിത്രകല വൈദഗ്ധ്യവും മറ്റും അപ്രധാനമായി ഭവിക്കുകയും അതിന്റെ വിശ്വാസ പ്രവചന രൂപങ്ങൾക്ക് പ്രാധാന്യം കൈവരുകയും ചെയ്തു. ‘‘പുരാണ മിത്യേവ ന സാധു സർവം’’ എന്ന കാളിദാസ വചനമനുസരിച്ച് നോക്കിയാൽ വാസ്തുവിദ്യാഗ്രന്ഥങ്ങളിൽ പടർന്നുകിടക്കുന്ന ശാസ്ത്രീയാടിത്തറയില്ലാത്ത കേവല വിശ്വാസങ്ങളിൽനിന്നും ‘യഥാർഥ വിജ്ഞാന’ത്തെ കടഞ്ഞെടുത്ത് പഠിക്കേണ്ട തീക്ഷ്ണയത്നങ്ങൾ ആവശ്യമാണെന്ന് മനസ്സിലാവും. വാസ്തുവിദ്യയെന്നാൽ സമ്പൂർണ അന്ധവിശ്വാസമാണെന്നും, വാസ്തുവിദ്യയെന്നാൽ പരിപൂർണ സത്യമാണെന്നുമുള്ള രണ്ടുതരം അതിവാദങ്ങളും സത്യസന്ധമായി വാസ്തുവിദ്യയുടെ ചരിത്രത്തെ സമീപിക്കുന്നവർക്ക് ഉപേക്ഷിക്കേണ്ടിവരും. സങ്കീർണമായ മനുഷ്യജീവിത പ്രക്രിയയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ഒന്നായതിനാൽ തന്നെ വാസ്തുവിദ്യയുടെ സാംസ്കാരിക ചരിത്രവും അത്രമേൽ സങ്കീർണവും വൈജാത്യങ്ങൾ നിറഞ്ഞതുമാണ്. വാസ്തുവിദ്യയുടെ ഗ്രന്ഥപാഠങ്ങളിലേക്കും അതിനെ ചരിത്രപരമായി അനുധാവനം ചെയ്യാനുള്ള സൂക്ഷ്മദൃക്കും ഉപാധിയാക്കിയുള്ള ഗഹനമായ ഗവേഷണങ്ങളിലൂടെ മാത്രമേ വാസ്തുവിദ്യയുടെ ചരിത്രവും സംസ്കാരവും അഴിച്ചെടുത്ത് മിഴിവുറ്റതാക്കാൻ കഴിയൂ. ശിൽപികളുടെ കരവിരുതു കാണുന്നതിനും (ശിൽപിനാം കൗശലപ്രേക്ഷാ), നല്ലത് തിരഞ്ഞെടുക്കാനും നല്ലതല്ലാത്തത് ഉപേക്ഷിക്കാനുള്ള തന്റേടമുണ്ടായിരിക്കുക, ചെയ്ത കാര്യത്തെ കുറിച്ച് വീണ്ടും സൂക്ഷ്മപരിശോധന ചെയ്യുക (ആധാനോദ്ധരണ പ്രജ്ഞാ കൃതസംശോധനം മുഹുഃ) തുടങ്ങിയ ‘കവികണ്ഠാഭരണ’ത്തിലെ വാക്കുകൾ വാസ്തുവിദ്യ ഗവേഷണത്തെ സംബന്ധിച്ച വിഷയത്തിൽ തെളിമയാർന്ന ചൂണ്ടുപലകയാണ്.
വാസ്തുശാസ്ത്രം എന്ന കപടശാസ്ത്രം
വാസ്തുവിദ്യ എന്നത് നിർമാണപ്രക്രിയയുമായി ബന്ധപ്പെട്ട വൈദഗ്ധ്യവുമായി ഇഴചേർന്നതാണെങ്കിൽ ‘വാസ്തുശാസ്ത്രം’ നിർമാണ പ്രക്രിയയുടെ വൈദഗ്ധ്യത്തെ മാറ്റിനിർത്തി, ഇത്തരം നിർമാണ പ്രക്രിയകളെ മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന ‘ശുഭാശുഭ’ങ്ങളുമായി ബന്ധപ്പെടുത്തി പൗരോഹിത്യ ബ്രാഹ്മണ്യം സൃഷ്ടിച്ച കപടശാസ്ത്രമാണ്. ശാസ്ത്ര അടിത്തറയോ കാര്യകാരണ യുക്തിവിചാരമോ വാസ്തുവിശ്വാസ യുക്തികളിൽ ഉള്ളടങ്ങിയിട്ടേയില്ല. ഇന്ത്യയിൽ നിലനിന്ന ഫലഭാഗ ജ്യോതിഷത്തിനു സമാനമാണ് വാസ്തുശാസ്ത്രം. നിർമാണപ്രക്രിയകൾ മനുഷ്യജീവിതത്തിൽ ശുഭാശുഭ ഫലങ്ങൾ സൃഷ്ടിക്കുമെന്ന വാസ്തുവിചാരങ്ങൾ വാസ്തുവിദ്യയിൽനിന്നും സമ്പൂർണമായി അകലം പാലിക്കുന്നു. നിർമാണ വൈദഗ്ധ്യത്തിന്റെ തദ്ദേശീയ- കീഴാള അറിവു രൂപങ്ങൾ സംസ്കൃതവത്കരിച്ച ബ്രാഹ്മണ പൗരോഹിത്യമാണ് വാസ്തുവിദ്യാ ഗ്രന്ഥങ്ങളിൽ ഇത്തരം വിശ്വാസാനുഷ്ഠാനങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചത്. ഇത്തരം അനുഷ്ഠാനങ്ങൾ നടപ്പിൽ വരുത്തിയതോടെ തദ്ദേശീയ അറിവുരൂപങ്ങൾക്കു മേൽ അധീശത്വം കൈവരിക്കാൻ ബ്രാഹ്മണ്യത്തിന് കഴിഞ്ഞു.
കന്നിമൂലയിലെ ശൗചാലയത്തെ സംബന്ധിച്ചും ഓരോ ഗൃഹങ്ങളിലും നിർമിക്കേണ്ട പൂജാമുറികളെ സംബന്ധിച്ചും പ്രാചീന വാസ്തുഗ്രന്ഥങ്ങൾ ഒരു പരാമർശവും നടത്തുന്നില്ല. ആധുനികമായ ജീവിതസാഹചര്യങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളർച്ചയും ജനാധിപത്യ രാഷ്ട്രീയക്രമങ്ങളുമാണ് ജാതിമത ഭേദമന്യേ മനുഷ്യവാസയോഗ്യമായ ഗൃഹങ്ങൾ നിർമിക്കാൻ ഇടയാക്കിയത്. അതിനുമുമ്പ് ചെറ്റകളിലും ചാളകളിലും കുടിലുകളിലും കഴിഞ്ഞുകൂടാൻ നിർബന്ധിതരാക്കപ്പെട്ട മനുഷ്യർക്ക് വാസ്തുശാസ്ത്രത്തിന്റെ ഫലഭാഗ നിയമങ്ങൾ അനുസരിച്ച് വീടുവെക്കാൻ പോയിട്ട്, വീട് എന്ന സങ്കൽപംപോലും ഉണ്ടായിരുന്നില്ല. ഏറെ ശ്രദ്ധേയമായ വസ്തുത നാല് വർണങ്ങളിൽപെട്ടവരുടെ ഗൃഹനിർമാണത്തെ സംബന്ധിച്ച് മാത്രമാണ് വാസ്തുശാസ്ത്ര ഗ്രന്ഥങ്ങൾ വിവരിക്കുന്നത് എന്നതാണ്. വർണബാഹ്യരായ മനുഷ്യരുടെ വാസസ്ഥാനത്തെ സംബന്ധിച്ച ആലോചനകളൊന്നും തന്നെ വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നില്ല. കൂടാതെ, വർണഭേദമനുസരിച്ച് അതിന്റെ മേൽക്കീഴ് വ്യവസ്ഥക്ക് വിധേയമായി മാത്രമേ വർണവ്യവസ്ഥയിലുൾപ്പെട്ടവർക്കുപോലും ഗൃഹനിർമാണം സാധ്യമായിരുന്നുള്ളൂ. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും സമമായി ഗൃഹം നിർമിക്കാൻ ശൂദ്രന് പോലും അധികാരം ഉണ്ടായിരുന്നില്ല. വർണബാഹ്യരുടെ കാര്യം പറയാനുമില്ല. ആയിരക്കണക്കിനാളുകൾ കോളനികളിലും ചേരികളിലും കഴിഞ്ഞുകൂടുന്ന ഒരു മഹാരാജ്യത്തിൽ വാസ്തുശാസ്ത്രം എന്ന കപടവിദ്യ എത്രമേൽ പരിഹാസ്യമാണെന്ന് പറയേണ്ടതില്ല. ശവസംസ്കാരം നടത്താൻ അടുക്കള പൊളിക്കേണ്ടിവരുന്ന ദരിദ്ര ജനകോടികളുടെ രാഷ്ട്രത്തിൽ വാസ്തുശാസ്ത്രം എങ്ങനെ പ്രവർത്തിക്കും. ഏക്കറ് കണക്കിന് ഭൂമിയുള്ള ബ്രാഹ്മണന്റെയും നാടുവാഴി പ്രഭുക്കളുടെ ഭൂവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സങ്കൽപിക്കപ്പെട്ടതാണ് വാസ്തു പദവിന്യാസവും വാസ്തുപുരുഷ സങ്കൽപവും മറ്റും. ഇതാകട്ടെ ബ്രാഹ്മണികമായ ഫ്യൂഡൽ വാഴ്ചാ ക്രമത്തിന്റെ ഫലവുമാണ്.
വാസ്തുദോഷങ്ങൾക്ക് വാസ്തു ‘ശാസ്ത്രജ്ഞന്മാർ’ കൽപിക്കുന്ന പരിഹാര കർമങ്ങളുമായി ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും ധനം വ്യയം ചെയ്യുന്നവർ ഇത്തരം പരിഹാരങ്ങൾ വാസ്തുവിദ്യാ ഗ്രന്ഥങ്ങളിൽ വിധിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചിട്ടേയില്ല. അങ്ങനെ വാസ്തുദോഷങ്ങൾക്ക് ഇന്ന് പ്രചാരത്തിലുള്ള ഒരു പരിഹാര വിധിയും വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇല്ല എന്നതാണ് യാഥാർഥ്യം. ബ്രാഹ്മണ്യ പൗരോഹിത്യത്തിന്റെ സംഭാവനയായ വാസ്തുഫല വിചാരങ്ങളിൽപെട്ടുഴലുന്ന സാമാന്യജനങ്ങൾ സമ്പൂർണമായി വഞ്ചിക്കപ്പെടുകയാണ്.
നിർമാണ പ്രക്രിയകളെ മനുഷ്യജീവിതത്തെ നിർണയിക്കുന്ന ശുഭാശുഭ ഫലദായികളായി സങ്കൽപിച്ചെടുത്ത ബ്രാഹ്മണ്യ പൗരോഹിത്യം ഇതിനെ ഒരു ചൂഷണാത്മക വിശ്വാസ വ്യവസ്ഥയായി മാറ്റിത്തീർത്തു. നിർമാണപ്രക്രിയകളുടെ വൈദഗ്ധ്യത്തിനുമേൽ പൗരോഹിത്യം പിടിമുറുക്കിയതോടെയാണ് ഇത് വിജയിച്ചത്. ഇന്നും അത് അനുസ്യൂതം തുടരുന്നു. ജ്യോതിഷ വിശ്വാസങ്ങളും ഇതിനകമ്പടി സേവിക്കുന്നു. വാസ്തുസംബന്ധിയായ വിഷയങ്ങളിൽ ജ്യോതിഷ ഫലഭാഗ വിചാരങ്ങളെ വാസ്തുവിദ്യ ആശ്രയിക്കാത്ത ഇടത്തുനിന്നും അതിനെ വാസ്തു - ജ്യോതിഷ ചൂഷണവ്യവസ്ഥയായി ക്രമേണ വികസിപ്പിച്ചു.
വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിക്കുന്ന നിർമാണപ്രക്രിയകൾപോലും ഇന്ത്യയിലെ അതിസാധാരാണക്കാരായ ജനങ്ങളുടെ വാസസ്ഥാനത്തെ സംബന്ധിച്ച് എന്തെങ്കിലും തുച്ഛമായ വിവരങ്ങൾപോലും പങ്കുവെക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ധാരാളം പണവും ഭൂമിയും കൈവശമുള്ള ഉന്നത വർണ ജാതി മനുഷ്യരെ മുൻനിർത്തി മാത്രം രചിക്കപ്പെട്ടതാണ്. പൂമുഖം സവർണ ജാതി പുരുഷന്മാരുടെ വെടിവട്ട ഇടങ്ങളായും അടുക്കളകൾ പെണ്ണുങ്ങൾ എരിഞ്ഞുതീരേണ്ട ഇടങ്ങളായി സ്ഥാനപ്പെടുത്തിയതിലും വാസ്തുവിശ്വാസങ്ങൾക്കും വലിയ പങ്കുണ്ട്. അന്തർജനങ്ങളെ സമ്പൂർണമായി അകത്തമ്മമാരായി മാറ്റിത്തീർത്ത വാസ്തുനിർമിതികളുടെ സ്രഷ്ടാക്കൾ ബ്രാഹ്മണ്യമെന്ന വ്യവസ്ഥയല്ലാതെ മറ്റൊന്നല്ല. ഓരോരുത്തരും എവിടെ, എങ്ങനെ നിൽക്കണമെന്നും പെരുമാറണമെന്നും ശ്രേണീകരിക്കുന്ന നിർമിതികളാണ് ബ്രാഹ്മണ്യം ഭാവനചെയ്തത്. ചാതുർവർണ്യത്തിന്റെ വിഭജനയുക്തികൾക്കുള്ളിലാണ് പഞ്ച പ്രാകാരങ്ങളും നാലമ്പലങ്ങളും മറ്റും നിർമിക്കപ്പെട്ടത്. ഓരോ ജാതിക്കാരും പ്രവേശിക്കേണ്ടതും നിയതരൂപത്തിൽ അയിത്തം പാലിക്കേണ്ടതുമായ വ്യവസ്ഥാ ക്രമത്തിനനുസരിച്ചാണ് മഹാക്ഷേത്രങ്ങളുടെയുൾപ്പെടെ നിർമിതി. ആധുനികതയും ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയും കൊണ്ടുവന്ന സ്വാതന്ത്ര്യമാണ് ഇന്ന് ക്ഷേത്രങ്ങളെ ‘എല്ലാവരുടേതുമാക്കി’ മാറ്റിയത് എന്ന് പലപ്പോഴും മറന്നുപോവാറുണ്ട്.
വാസ്തു വിശ്വാസങ്ങളിലൂടെ ചാതുർവർണ്യ ബ്രാഹ്മണ്യ പൗരോഹിത്യത്തിന്റെ വിഭജനയുക്തികൾ ഇന്ന് ഓരോ വീട്ടകങ്ങളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കപടവിശ്വാസങ്ങളിലൂടെയാണ് ഹിന്ദുത്വം ഓരോ മനസ്സുകളിലും ചേക്കേറിക്കൊണ്ടിരിക്കുന്നത്. പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളർച്ച പുതിയ നിർമാണക്രമങ്ങളും നൂതനമായ കാഴ്ചപ്പാടുകളും നൽകുമെന്നിരിക്കെ പുരാതന ലോകക്രമത്തിന്റെ ഭാവനകളെ മനുഷ്യർ ഇന്നും തുടരണമെന്ന വാശി ആത്യന്തികമായി ശാസ്ത്രവിരുദ്ധതയിൽനിന്നും പ്രതിലോമ ആധുനിക വിചാരങ്ങളിൽനിന്നും ഉടലെടുക്കുന്നതാണ്. വാസ്തുവിദ്യാ ഗ്രന്ഥങ്ങളെ പ്രാചീന കാലത്തെ ചരിത്രവും സംസ്കാരവും പഠിക്കാനുള്ള മഹത്തായ ഉപാധിയായി വിലയിരുത്തുന്നതിന് പകരം അത് ആധുനിക യുഗത്തിലും തുടരണമെന്ന് വാശിപിടിക്കുന്നത് പേനയും പേപ്പറും ഉണ്ടെന്നുവരികിലും നാരായംകൊണ്ട് ഓലയിലേ എഴുതൂ എന്ന പിടിവാശിക്ക് സമമായേ വിലയിരുത്താൻ കഴിയൂ. ആധുനികമായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഗുണഫലം അനുഭവിക്കുന്നവർ തന്നെയാണ് വാസ്തുവിശ്വാസങ്ങൾക്കായി ജീവാർപ്പണം ചെയ്ത് പുരാതന ലോകമനസ്സോടെ പുതിയ കാലത്ത് ജീവിക്കുന്നത്. വൈദ്യുതി കണ്ടുപിടിക്കാത്ത കാലത്ത് വിളക്ക് എവിടെ പ്രതിഷ്ഠിക്കണം എന്ന ആലോചന അക്കാലത്ത് പ്രസക്തമായിരിക്കാമെങ്കിലും ഇന്നത് തീർത്തും അപ്രസക്തമാണ്. തടികൾകൊണ്ടുള്ള ഗൃഹനിർമിതികളുടെ സ്ഥാനം മറ്റു പലതും ഏറ്റെടുത്ത കാലത്തിരുന്നുകൊണ്ട് കഴുക്കോലിന്റെ കണക്കെടുക്കുന്നവരെ എന്തു പറയേണ്ടൂ. ഇന്ത്യയിലെ മനുഷ്യർ നേരിടുന്ന സാമൂഹിക സാമ്പത്തിക വിവേചനവും ശ്രേണീകരണവും വലിയ രീതിയിലുള്ള അസമത്വമെന്ന സാമൂഹിക വിടവും കുത്തക മുതലാളിത്തവും ചേർന്നാണ് മനുഷ്യരെ ദുരിതങ്ങളിൽ അകപ്പെടുത്തുന്നതെന്ന സാമൂഹിക പാഠത്തിന് പകരം ഇതെല്ലാം വാസ്തുപുരുഷന്റെ കോപമാണെന്ന ലളിതവിശ്വാസ യുക്തി പ്രചരിപ്പിക്കപ്പെടുന്നതിൽ തെല്ലും ആശ്ചര്യപ്പെടേണ്ടതില്ല. ബഹിരാകാശ പേടകം അയക്കുന്നവർ ഗണപതിഹോമം ചെയ്യുമ്പോൾ സാമാന്യജനങ്ങൾ അത് ആവർത്തിക്കുന്നതിൽ എന്താശ്ചര്യം. വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിൽ ബഹിരാകാശ പേടകങ്ങൾ നിർമിക്കുന്നതിനെ കുറിച്ച് പരാമർശമുണ്ടായിരുന്നു എന്ന് ഭാവിയിൽ വാദിക്കപ്പെട്ടേക്കാം. ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറിയുടെ ദൃഷ്ടാന്തമായി വിവരിക്കുന്നവർ ഇതിനും തുനിഞ്ഞേക്കാം. ചുരുക്കത്തിൽ വാസ്തുവിദ്യ എന്ന നിർമാണവിദ്യ പ്രാചീനമായ അറിവുരൂപമാണെങ്കിൽ വാസ്തുശാസ്ത്രം സമ്പൂർണമായ കപടമായ വിശ്വാസചൂഷണ വ്യവസ്ഥയാണ്. ഇതിലൂടെ ഹിന്ദുത്വം വീട്ടകങ്ങളിൽ പ്രവേശിച്ച് അതിന്റെ സമഗ്രാധിപത്യം നിശ്ചയിച്ചുറപ്പിച്ച് വ്യാപിപ്പിക്കുന്നു. ഹിന്ദുത്വം പ്രവേശിക്കുന്ന പല മാർഗങ്ങളിലൊന്നായി വാസ്തുശാസ്ത്ര കപട യുക്തികളും പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
1. ‘‘ദേവ, അയം പുരിസോ പിതു മഹാരാജസ്സ കാലേ വത്തുവിജ്ഞാചരിയ പഗുണവിജ്ജോ അന്തോ ഭൂമിയം’’
(Dr. Felix Otterടെ Vasthuvidya between Text and Practice എന്ന പഠനം കാണുക)
2. ആശ്വലായന ഗൃഹ്യസൂത്രം, III. 3.7; ഖാദിര ഗൃഹ്യസൂത്രം, IV. 2.6.13; ഗോഭില ഗൃഹ്യസൂത്രം, IV. 7; ആപസ്തംബ ഗൃഹ്യസൂത്രം, VII. 17, ഹിരണ്യകേശി ഗൃഹ്യസൂത്രം, 1.8.27-29
3. Bhattacharya, T.P. ‘The Canons of Indian Art’ P.6
4. വാസ്തുവിദ്യ, ശിൽപവിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപ്രകാശിത താളിയോല ഗ്രന്ഥങ്ങളുടെ വിപുലമായ പട്ടിക കാണുവാനായി Science Texts in Sanskrit എന്ന ഗ്രന്ഥം നോക്കുക (പുറം. 207-215)
(Science texts in Sanskrit in the Manuscripts Repositories of Kerala and Tamilnadu, Rashtriya Sanskrit Sansthan Deemed University, New Delhi, 2002)
5. ‘‘കിമപി കില ഭൂതമഭവദ്രുന്ധാനം രോദസീ ശരീരേണ
തദമരഗണേന സഹസാ വിനിഗൃഹ്യാധോമുഖം ന്യസ്തം
യത്ര ച യേന ഗൃഹീതം വിബുധേനാധിഷ്ഠിതസ്സ തത്രൈവ
തദമരമയം വിധാതാ വാസ്തുനരം കല്പയാമാസ’’
(ബൃഹത് സംഹിത, 53.2-3)
6. ആസിദ്ദൈത്യഃ പ്രദൃപ്തോ നിജഭുജബലവീ-
ര്യാദിനാ ക്രാന്തകാഷ്ഠാ
നിഷ്ഠോ ദ്വേഷ്ടാ സുരാണാം സഃ തു യുധി പതിതോ
വിദ്ധഗാത്രോ ധരിത്ര്യാം
വ്യാപ്തഃ സർവത്ര പശ്ചാദ് ബഹുതര പരിവൃ-
ത്യൈവ പൃഥ്വിം വിമഥ്നൻ
മർത്യാ ദുസ്ഥാ മുനീന്ദ്രാസ്ത്വപി ച മഖഭുജ-
സ്താവദേവം ബഭൂവുഃ
(മനുഷ്യാലയ ചന്ദ്രിക, 2.28)
7. സർവവ്യാപ്തേ ത്വമുഷ്മിന്ന തനു തനു ഘടാ-
ഭ്യന്തരവ്യോമ യദ്വ-
ത്തദ്വന്നിത്യം വി ശേഷാന്നഗര പുരമഹീ-
ക്ഷേത്ര ഖണ്ഡാങ്കണാദൗ
ഉത്താനേ നൈരൃതാശാവിനിഹിതചരണേ
യാവദീശാന്ത ശീർഷേ
ജാതേ താവന്നിഷേദുഃ സ്ഥിരമിഹ വിബുധാ-
സ്തസ്യ ദേഹേ ക്ഷണേന
(മനുഷ്യാലയ ചന്ദ്രിക, 2.29)
8. ആശാലതാ തമ്പുരാൻ, ജയശങ്കർ, കൃഷ്ണൻ നമ്പൂതിരി വി, വാസ്തുവിദ്യാ വിജ്ഞാനകോശം, ഓഥന്റിക് ബുക്സ്, തിരുവനന്തപുരം, 2009, പുറം. 40
9. സ്ഥപതിഃ സൂത്രഗ്രാഹീ ച വർധകിസ്തക്ഷകസ്തഥാ
പ്രസിദ്ധദേശ സങ്കീർണ ജാതിജോ/ഭീഷ്ടലക്ഷണഃ
(മയമതം, 5.14)
10, സ്ഥപതിഃ സ്ഥാപനാർഹഃ സ്യാത് സർവശാസ്ത്ര വിശാരദഃ
ന ഹീനാങ്ഗോ/തിരിക്താങ്ഗോ ധാർമികസ്തു ദയാപരഃ
അമാത്സര്യോ/ നസൂയശ്ച തന്ത്രിതസ്ത്വഭിജാതവാൻ
ഗണിതജ്ഞഃ പുരാണജ്ഞഃ സത്യവാദീ ജിതേന്ദ്രീയഃ
ചിത്രജ്ഞഃ സർവദേശജ്ഞശ്ചാന്നദാശ്ചാപുലുബ്ധകഃ
അരോഗീ ചാപ്രമാദീ ച സപ്തവ്യസനർജിതഃ
(മയമതം, 5.15 - 5.18)
11. മയമതം, 5.19-22
12. മർത്ത്യോ വിപ്രാദിവർണേഷ്വിഹ ഭവനവിധാ-
നോത്സുകോ യഃ , സ പൂർവം
വിപ്രം തദ്ദേശ സംബന്ധിനമഖില ഗുണൈ-
രന്വിതം സംവൃണീത
സോ/യം തദ്വർണയോഗ്യാം ക്ഷിതി മഥ പരികൽ-
പ്യാത്ര പൂജാദി കൃത്വാ
വാസ്തോ ശാസ്ത്രോക്തരീത്യാ ഗൃഹമതിനിപുണൈഃ
കാരുഭീഃ കാരയേത
(മനുഷ്യാലയ ചന്ദ്രിക, 1.9)
13. വേദാഗമാദി വിഹിതാന്യവധാര്യ വിപ്രൈഃ
കാര്യോ വിധിഃ സകലദേവനരാലയാണാം
തദ് വാക്യതഃ സകലധാമസു മൃച്ഛിലാദേ-
രനോന്യമേളനമുശന്തി ഹി കാരുകൃത്യം
(മനുഷ്യാലയ ചന്ദ്രിക, 1.10)
14. ചതുർണാമധികാരാണാം ഭൂരേവാദൗ പ്രവക്ഷ്യതേ
മയമതം, 2.9
15. മയമതം, 2.10-15
16. ചണ്ഡാലാവാസഗച്ഛായാ ചർമകാരാലയാശ്രിതാ
എകദ്വിത്രി ചതുർമാർഗാ തരിതാവ്യക്ത മാർഗകാ
മയമതം, 3.13
17. പൂർവാഹ്നേ മലമോക്ഷക്രിയോചിതാ ഗ്രാമമാവേശ്യ
പ്രാഗുത്തരദിശി ദണ്ഡൈഃ പഞ്ചശതൈഃ സ്യാത്-
ശവാവാസം,
(മയമതം, ഗ്രാമവിന്യാസം)
18. മയമതം, പാദപ്രമാണ ദ്രവ്യ പരിഗ്രഹവിധാനം:
‘‘ന ദേവതാലയാന്തസ്ഥാഃ...സർവവിപത്കരം’’
19. മയമതം, പാദപ്രമാണ ദ്രവ്യ പരിഗ്രഹവിധാനം
20. ദേവദ്വിജമഹീപാനം വിശാം വൈശകടേന തു
ശൂദ്രസ്യ പുരുഷസ്കന്ധേനാനീയാത്തു വിചക്ഷണഃ
(മയമതം)
21. മധ്യേ ദ്വാരമനിന്ദിതം സുരമഹീദേവക്ഷിതിശാലയേ
ശേഷാണാമുപമധ്യമേവ വിഹിതം തത് സമ്പദാമാസ്പദം
(മയമതം, പ്രസ്തരകരണം)
22. മനുഷ്യാലയ ചന്ദ്രിക, 1.30, 1.31, 1.32
23. ബൃഹത് സംഹിത, 53.4, 53.15
24. ബൃഹത് സംഹിത, 53.69
25. ‘‘ഭൃംഗരാജേ/ബ്ധി മത്സ്യഃ സ്യാൽ മൃഷേ മത്സൗദം വിദുഃ”
“സതിലം തണ്ഡുലം ശോഷേ രോഗേ സ്യാത് ശുഷ്ക മത്സ്യകം”
“സ്വിന്നം ഹാരിദ്രകം വായൗ നാഗേ മദ്യം ച ലാജകം”
“ശുഷ്ക മാംസേ മൃഗേ ദദ്യാത് ദേവമാതരി മോദകം”
“രുദ്രേ രുദ്രജയേ മാംസം സ്വിന്ന മാപാപവത്സയോഃ
കുമുദം മത്സ്യ മാംസം ച ശംഖകച്ഛപ മാംസകം”
“മദ്യമാജ്യം ചരക്യാസ്തു വിദാര്യാ ലവണോ ബലി”
(മയമതം, ബലികർമവിധാനം)
26. “കന്യകാ വാ/ഥ വേശ്യാ വാ ബലിധാരണ യോഗ്യകാ”
(മയമതം, ബലികർമവിധാനം)
27. വിപ്രാദിക്രമതഃ കുശേഷുവനദൂർവാകാശ യുക്ത ഭുവ-
സ്തുല്യാതാന വിതാന സിന്ധുര രസാബ്ധ്യംശാധി ദീർഘം അപി,
ശ്വേതാ പാടല പീത മേചക രുചഞ്ചാദ്യാ സൃഗന്നാസവ-
മോദഃ സ്വാദുകഷായ തിക്ത കടുകാസ്വാദാന്വിതാശ്ച സ്മൃതാ
(തന്ത്രസമുച്ചയം, 1.22)
28. വ്യഭിചാരേണ വർണാനാമ വേദ്യാവേദനേന ച
സ്വകർമണാം ച ത്യാഗേന ജായന്തേ വർണസങ്കരഃ
മനുസ്മൃതി, 10.24
അധർമാഭിഭവത് കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രീയഃ
സ്ത്രീഷു ദുഷ്ടാസു വാർഷ്ണേയ ജായതേ വർണസങ്കരഃ
ഗീത, 1.40
29. സങ്കീർണരൂപാ വസുധാത്ര വർണെർ
ഗന്ധൈരസൈർ വാ/ഖില വർജനീയാ
എനാമനാലക്ഷിത വർണചിഹ്നാം
നക്തം പരിക്ഷേത നിമിത്തതശ്ച
തന്ത്രസമുച്ചയം, 1.23
ഭൂമിയുടെ വർണം കണ്ടുപിടിക്കാനുള്ള ക്രിയയും തന്ത്രസമുച്ചയത്തിൽ വിവരിക്കുന്നുണ്ട്
(തന്ത്രസമുച്ചയം, 1.24-27)
ഗ്രന്ഥസൂചിക
ആശാലത തമ്പുരാൻ, ജയശങ്കർ, കൃഷ്ണൻ നമ്പൂതിരി, വാസ്തുവിദ്യാ വിജ്ഞാനകോശം, ഓഥന്റിക് ബുക്സ്, തിരുവനന്തപുരം, 2009
ഔസേഫ്, പി.വി, വാസ്തുശാസ്ത്രം ഒരു സമഗ്രപഠനം, സാധന An Imprint of DC Books, 2014
ഔസേഫ്, പി.വി, ഭാരതീയ പാരമ്പര്യ നിർമാണ ശാസ്ത്ര ദർശനം, H&C Publications
ഗോപാലകൃഷ്ണൻ, പി.കെ, വാസ്തു ഒരു കപടശാസ്ത്രം, മൈത്രി ബുക്സ്, തിരുവനന്തപുരം, 2009
ഗൃഹനിർമാണ പദ്ധതി, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം, 1178
തന്ത്രസമുച്ചയം, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം, 1178
പത്മനാഭാചാര്യ, ടി.കെ, വാസ്തുശാസ്ത്രരത്നം, പ്രശാന്തി പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2008 വാസു ആചാരി, വി.കെ ഗൃഹചിത്രാവലി, വിദ്യാരംഭം പബ്ലിഷേഴ്സ്, മുല്ലക്കൻ, 2003
ബൃഹത് സംഹിത, ദേവി ബുക്സ്റ്റാൾ, കൊടുങ്ങല്ലൂർ, 2006
മനുഷ്യാലയ ചന്ദ്രിക, ഡി.സി ബുക്സ്, കോട്ടയം, 2011
മയമതം, ഡി.സി ബുക്സ്, കോട്ടയം, 2012
ഭാഷാശിൽപരത്നം, ദേവി ബുക്സ്റ്റാൾ, കൊടുങ്ങല്ലൂർ, 2015
മോഹനാക്ഷൻ നായർ എ, വാസ്തുവിദ്യ ചരിത്രവും ദർശനവും, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം, 2015
മനോജ് എസ്. നായർ, വാസ്തുവിദ്യ ക്ഷേത്രവിധാനം, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം, 2008
മുരളീധരൻ നായർ കെ, വെള്ളയമ്പലം, വാസ്തുശാസ്ത്രം അന്നും ഇന്നും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014
രവിചന്ദ്രൻ സി, വാസ്തുലഹരി ചൂഷണത്തിന്റെ കന്നിമൂലകൾ, ഡി.സി ബുക്സ്, കോട്ടയം, 2015
വാസ്തുബലിയും പഞ്ചശിരസ്ഥാനവും, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം, 1181
ശേഷസമുച്ചയം, ശ്രീകൃപ പബ്ലിക്കേഷൻസ്, കണ്ണൂർ, 2015
ശ്യാംകുമാർ ടി.എസ്, എസ്.എ.എസ് ശർമ, കേരളീയ തന്ത്ര പാരമ്പര്യം, ഇൻഡോളജിക്കൽ ട്രസ്റ്റ്, കോഴിക്കോട്
Bose, Phanindra Nath, Principles of Indian Silpasasthra, with the Test of Mayasastra, The Punjab Sanskrit Book Depot, Lahore, 1926
Bhattacharya, T.P, A Study on Vastuvidya or canons of Indian Architecture, The United Press Ltd, Patna, 1948
Chandra, Pramod, Studies in Indian Temple Architecture, American Institute of Indian Studies, 1975
Dagens, Burno, Maymata, New Age books, New Delhi, 2017
Hardy, Adam, Dravida Temple in Samarangana Sutradhara, PDF
Iyengar, R.N Cet. al, Narada Silpasastra, Jain University Press, 2018
Iyer, Venkitasubramaniya, S, Technical Literature in Sanskrit, Dept. of Publications, University of Kerala, Trivandrum, 2001
Nardi, Isabella, The Theory of Indian Painting: the Citrasutra, Their Uses and interpretations, Doctoral Thesis, School of Oriental and African Studies, University of London, 2003
Otter, Felix, Residential Architecture in Bhojas Samarangana sutradhara, Motilal Banarsidas Publishers, Delhi, 2010
Otter, Felix, Vastuvidya between text and Practice PDF
Prasanna Kumar Acharya, Architecture of Manasara, Oxford University press, London, ND
Salvini, Mattia, The Samarangana sutradhara, Mahidol University
Sastri, Sambasiva, K, Silparatna of Srikumara, Trivandrum Sanskrit Series, 1929
Syamkumar T.S. Expiatory Rites in Keralite Tantra: A Critical Analysis, Doctoral Thesis, Dept. of Sahitya, Sree Sankaracharya University of Sanskrit, Kalady, 2017
Unithiri, N.V.P., Indian Scientific Traditions, Publication Division, University of Calicut, 2006