മുസ്ലിം ലീഗിന് മുന്നിലെ വഴികൾ
മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന മുസ്ലിം ലീഗിന് മുന്നിലെ വഴികൾ എന്താണ്? എന്താണ് വെല്ലുവിളികൾ? ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന് എന്താണ് ഇനി ചെയ്യാനുള്ളത്? കേരളത്തിൽ സംഘടനാപരമായ പ്രശ്നങ്ങൾ ഏതു വിധമാണ്? - ‘മാധ്യമം’ ലേഖകൻ എഴുതുന്ന വിശകലനം.മുസ്ലിം ലീഗിന്റെ 75 വർഷം അടയാളപ്പെടുത്തുന്ന പ്ലാറ്റിനം ജൂബിലി വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചെന്നൈയിൽ നടന്ന സമ്മേളനത്തിന് പുതിയ ദേശീയ...
Your Subscription Supports Independent Journalism
View Plansമുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന മുസ്ലിം ലീഗിന് മുന്നിലെ വഴികൾ എന്താണ്? എന്താണ് വെല്ലുവിളികൾ? ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന് എന്താണ് ഇനി ചെയ്യാനുള്ളത്? കേരളത്തിൽ സംഘടനാപരമായ പ്രശ്നങ്ങൾ ഏതു വിധമാണ്? - ‘മാധ്യമം’ ലേഖകൻ എഴുതുന്ന വിശകലനം.
മുസ്ലിം ലീഗിന്റെ 75 വർഷം അടയാളപ്പെടുത്തുന്ന പ്ലാറ്റിനം ജൂബിലി വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചെന്നൈയിൽ നടന്ന സമ്മേളനത്തിന് പുതിയ ദേശീയ സാഹചര്യത്തിൽ സവിശേഷ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് അടിത്തറയിട്ട രാജാജി ഹാളിൽ 75 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്ന് നേതാക്കളും പ്രവർത്തകരും എടുത്ത പുനരർപ്പണ പ്രതിജ്ഞ ലീഗിന്റെ ഭാവി രാഷ്ട്രീയത്തിന് എവ്വിധം ദിശ കാണിക്കുമെന്നതാണ് ചോദ്യം. അവിഭക്ത ഇന്ത്യയിൽ മുസ്ലിം ലീഗിന് പ്രസക്തിയില്ലെന്ന ദേശീയ വിലയിരുത്തലുകൾക്കിടയിലായിരുന്നു രാജാജി ഹാളിൽ മുഹമ്മദ് ഇസ്മാഈൽ നിർണായക യോഗം വിളിച്ചത്. മുഹമ്മദലി ജിന്നയും കൂട്ടരും പാകിസ്താനും വാങ്ങി സ്ഥലം വിട്ടപ്പോൾ, കോൺഗ്രസും മുസ്ലിം ലീഗിനെ മൊഴിചൊല്ലിയ സാഹചര്യം. ഇന്ത്യയിൽ ഇനി മുസ്ലിം ലീഗിന് പ്രസക്തിയില്ലെന്ന് സർവരും വിധിയെഴുതിയ സമയത്ത് ചേർന്ന യോഗത്തിൽ ഇന്ത്യൻ മുസ്ലിംകളുടെ ഭാവി രാഷ്ട്രീയമാണ് ചർച്ചയായത്. പാർട്ടി പിരിച്ചുവിടാൻ ചേർന്നതാണെന്ന് കരുതിയ യോഗം പുതിയ സാമുദായിക രാഷ്ട്രീയ പാർട്ടിയുടെ റോളിൽ രംഗപ്രവേശം ചെയ്യുന്നതാണ് കണ്ടത്. രാജ്യത്ത് ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സുരക്ഷക്കും മുസ്ലിം ലീഗ് നിലനിൽക്കൽ അനിവാര്യമാണെന്ന മുഹമ്മദ് ഇസ്മാഈലിന്റെ വിലയിരുത്തൽ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ന്യൂനപക്ഷ ശബ്ദമായി മുസ്ലിം ലീഗിന്റെ സാന്നിധ്യം സമുദായത്തിന് വലിയ ആശ്വാസമായി. പാർലമെന്റിൽ ഇബ്രാഹിം സുലൈമാൻ സേട്ടും ജി.എം. ബനാത്ത് വാലയും രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന പിന്നാക്ക വിഭാഗങ്ങളുടെ ഗർജനമായി. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ലീഗിന് പാർലമെന്റ് അംഗങ്ങളുണ്ടായി.
രണ്ട് യു.പി.എ സർക്കാർ മന്ത്രിസഭകളിൽ മുസ്ലിം ലീഗിന്റെ പ്രതിനിധിയായി ഇ. അഹമ്മദ് സമുദായ രാഷ്ട്രീയത്തിന് അഭിമാനമായി മാറി. ഇങ്ങനെയൊക്കെ നേട്ടങ്ങൾ നിരത്താമെങ്കിലും കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ സ്വാധീനം എത്രത്തോളമാണെന്ന ചർച്ച പ്രസക്തമാണ്.
ദേശീയ കേരള പാർട്ടിയെന്ന ആക്ഷേപം
കേരളത്തിലും വിശിഷ്യാ, മലബാറിലും വേരൂന്നിയ രാഷ്ട്രീയ പാർട്ടിയെന്ന ആക്ഷേപം ശരിവെക്കുന്ന രീതിയിലാണ് അടുത്തകാലത്ത് പാർട്ടിയുടെ പ്രകടനമെന്ന കാര്യത്തിൽ ലീഗുകാർക്കും ഭിന്നാഭിപ്രായമുണ്ടാകില്ല. കേരളതലത്തിൽനിന്ന് പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് സംഘടനതലത്തിൽ കാര്യമായ നീക്കങ്ങളൊന്നും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല. ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ തമിഴ്നാട്ടുകാരനാണെന്നതൊഴിച്ചാൽ ദേശീയ ജനറൽ സെക്രട്ടറിയും ഓർഗനൈസിങ് സെക്രട്ടറിയും സീനിയർ വൈസ് പ്രസിഡന്റും ട്രഷററും കേരളത്തിൽനിന്നുള്ളവർ. പാർട്ടിയുടെ ദേശീയ മുഖമായി ഉയർത്തിക്കാണിക്കാൻ ഒരു നേതാവില്ലാത്തതിന്റെ പരിമിതി തന്നെയാണ് മുസ്ലിം ലീഗ് നേരിടുന്ന വെല്ലുവിളി. സംഘാടകൻ എന്ന നിലയിൽ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ വെല്ലാൻ ലീഗിൽ ഇന്ന് മറ്റാരുമില്ല. കേരളത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സംഘടനാ പാടവം പാർട്ടിക്ക് എന്നും മുതൽക്കൂട്ടാണെന്ന കാര്യത്തിലും സംശയമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവർത്തനം ഡൽഹിയിലേക്ക് പറിച്ചുനട്ട കുഞ്ഞാലിക്കുട്ടിക്ക് പക്ഷേ, അവിടെ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമുണ്ടെങ്കിലും പാർലമെന്റിനകത്തും പുറത്തും ചില ഇടപെടലുകൾ നടത്താൻ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന് കഴിഞ്ഞെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിയെ വ്യാപിപ്പിക്കുന്നതിൽ അദ്ദേഹത്തിനും കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ചില ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘ്പരിവാറിന്റെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഇരകൾക്ക് ആശ്വാസമെത്തിക്കലുമൊക്കെ നടത്തുന്നുണ്ടെങ്കിലും സംഘടനയെ ചലിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും ദേശീയ നേതൃത്വം പരാജയമാണെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽതന്നെയുള്ള വികാരം.
സംഘടന രൂപവത്കരണ പശ്ചാത്തലത്തെക്കാൾ രാജ്യത്ത് പാർട്ടിയുടെ പ്രസക്തി വർധിച്ച കാലത്ത് ദേശീയ നേതൃത്വത്തിന്റെ ഉദാസീനത വിമർശനവിധേയമാകുന്ന സാഹചര്യത്തിലാണ് പ്ലാറ്റിനം ജൂബിലി അത്തരമൊരു ദിശയിലേക്ക് വിരൽചൂണ്ടിയത് എന്നത് പ്രസക്തമാണ്.
കൈവിട്ടു പോകുമോ എന്ന ഭയം
കേരളത്തിലിരുന്ന് ദേശീയ പാർട്ടിയെ നിയന്ത്രിക്കുന്ന ഏക പാർട്ടി മുസ്ലിം ലീഗായിരിക്കും. മറ്റു ദേശീയ പാർട്ടികളെല്ലാം ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുമ്പോൾ മുസ്ലിം ലീഗ് മലപ്പുറത്തുനിന്ന് നിയന്ത്രിക്കുന്നത് തന്നെയാണ് ആ പാർട്ടിയുടെ പരിമിതി. പാർട്ടിയുടെ ദേശീയ നേതൃസ്ഥാനത്തേക്ക് ഉത്തരേന്ത്യയിൽനിന്നുള്ളവരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. ദേശീയ നേതൃത്വം കൈയാളിയിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നയനിലപാടുകളോട് കേരള നേതൃത്വത്തിന് ഏറ്റുമുട്ടേണ്ടിവന്ന സാഹചര്യം തന്നെയാണ് അത്തരം ശ്രമങ്ങളിൽനിന്ന് പാർട്ടിയെ പിന്തിരിപ്പിക്കുന്നതെന്നുവേണം കരുതാൻ. കേരളത്തിൽനിന്നുള്ള ദേശീയ നേതൃത്വം കേരള പരിപ്രേക്ഷ്യത്തിൽനിന്നാണ് രാജ്യത്ത് പാർട്ടിയെ മുന്നോട്ടു നയിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗിന് പ്രതിസന്ധി സൃഷ്ടിക്കുന്ന നയനിലപാടുകൾ ദേശീയ നേതൃത്വത്തിൽനിന്നുണ്ടാകരുതെന്ന നിർബന്ധബുദ്ധിയും ഇതിന് പിന്നിലുണ്ട്. ഉത്തരേന്ത്യൻ നേതാക്കളുടെ നയ, നിലപാടുകൾ ദേശീയ സാഹചര്യം പരിഗണിച്ചാകുമെന്നതിനാൽ മുന്നണി രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള കേരള ഘടകത്തിന് അത് തലവേദന സൃഷ്ടിക്കുമെന്ന് നേതൃത്വം ആശങ്കിക്കുന്നു. ഈ ആശങ്കയും ഭയവും തന്നെയാണ് ലീഗിനെ ഇപ്പോഴും കേരളത്തിൽ ചുരുട്ടിക്കെട്ടുന്നത്. ഇത് മറികടക്കാൻ സാധിക്കാത്തിടത്തോളം കാലം ദേശീയതലത്തിൽ പാർട്ടിയുടെ വ്യാപനം സാധ്യമാകില്ലെന്ന് വിലയിരുത്തപ്പെടുന്നു.
പുതിയ നീക്കങ്ങൾ പച്ചപിടിക്കുമോ?
75ാം വർഷത്തിലും പാർട്ടിയിലെ ചർച്ച ദേശീയതലത്തിൽ എങ്ങനെ വേരുപിടിപ്പിക്കാമെന്നുള്ളതാണ്. ചെന്നൈയിൽ ചേർന്ന പ്ലാറ്റിനം ജൂബിലി സമ്മേളനവും അത് അംഗീകരിച്ച പ്രമേയങ്ങളും ആ ദിശയിലേക്ക് വിരൽചൂണ്ടുന്നു. എന്നാൽ, പ്രഫ. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷനും പി.കെ. കുഞ്ഞാലിക്കുട്ടി ജന. സെക്രട്ടറിയുമായ ദേശീയ നേതൃത്വത്തിന് മുന്നിൽ ഇതിന്റെ പ്രായോഗിക നടപടികളും കർമപദ്ധതികളും മുന്നോട്ടു വെക്കാനായിട്ടില്ല. പ്ലാറ്റിനം ജൂബിലി സമ്മേളനം പാർട്ടിക്ക് പുതിയ ഉണർവുണ്ടാക്കുന്നതിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പങ്ക് തന്നെയാണ് പ്രധാനം. ചെന്നൈ സമ്മേളനത്തിന്റെ ആസൂത്രണവും നിർവഹണവുമെല്ലാം അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ റോൾ നിർവഹിച്ചുകൊണ്ടുതന്നെ ദേശീയതലത്തിൽ പാർട്ടിക്ക് പുതിയ മേൽവിലാസമുണ്ടാക്കാനാണ് പ്ലാറ്റിനം ജൂബിലി വർഷത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി. അതിനുവേണ്ടിയാണ് സംസ്ഥാന നേതൃസ്ഥാനത്തുനിന്ന് അദ്ദേഹം മാറിനിന്നതും. ദേശീയതലത്തിൽ യുവാക്കളെ കർമരംഗത്തിറക്കി മറ്റു സംസ്ഥാനങ്ങളിലും പാർട്ടിയെ സജീവമാക്കാനാണ് ആലോചന. ഡൽഹിയിൽ ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനും ശ്രമങ്ങളുണ്ട്.
ഇടതിലേക്ക് ചരിഞ്ഞും ഐക്യമുന്നണിയിലുറച്ചും
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടു സംബന്ധിച്ച് ഇടക്കാലത്ത് ഏറെ മാധ്യമ ചർച്ചകളുണ്ടായി. ലീഗ് മുന്നണി വിടുന്നു എന്ന വലിയ പ്രോപഗണ്ട തന്നെ സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ലീഗിന്റെ ബോഡിയിലൊന്നും ചർച്ചയാകാത്ത മുന്നണി മാറ്റം പുറത്ത് വലിയ ചർച്ചയാകുന്നതിന്റെ പിന്നിലെ അജണ്ട പരിശോധിക്കുമ്പോഴാണ് പാർട്ടിക്കകത്തെ രണ്ട് ചേരികൾ തമ്മിലെ ഭിന്നത മറനീക്കുക. ഡോ. എം.കെ. മുനീർ, കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഒരുവിഭാഗം ശക്തമായ ഇടത് വിമർശനവുമായി മുന്നോട്ടുപോകുമ്പോൾ മറുഭാഗത്ത് പി.കെ. കുഞ്ഞാലിക്കുട്ടി വിഭാഗം ഇക്കാര്യത്തിൽ പിറകോട്ടടിക്കുന്നു എന്നതാണ് ആക്ഷേപം. ഓരോ വിഷയവുമെടുത്ത് പരിശോധിക്കുമ്പോൾ ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കാനാകുമെങ്കിലും ഇതിനെ മുന്നണി മാറ്റത്തിലേക്കുള്ള ചുവടുവെപ്പായി ചിത്രീകരിക്കുന്നത് ശരിയായ വിലയിരുത്തലാകില്ല. ചില വിഷയങ്ങളിലൊക്കെ അനുരഞ്ജന രാഷ്ട്രീയമുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ കെ.ടി. ജലീലിന്റെ ‘സഹകരണ ബോംബ്’ പൊട്ടാതെ പോയതിനു പിന്നിൽ ഇത്തരം ചില നീക്കുപോക്കുകളുണ്ട്. കോടിയേരിയുടെ മക്കൾക്കെതിരെയും പിണറായി വിജയന്റെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങളുണ്ടായപ്പോൾ തിരിച്ചും ഈ നീക്കുപോക്കുകളുണ്ടായിട്ടുണ്ട്. ഇതിലപ്പുറം മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ചചെയ്യാനുള്ള സാഹചര്യത്തിലല്ല മുസ്ലിം ലീഗും കേരള രാഷ്ട്രീയവുമുള്ളത് എന്നതുകൊണ്ടുതന്നെ അത്തരം ഉൾപാർട്ടി ആക്ഷേപങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താനേ സഹായിക്കൂ എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ് പ്രധാനം.
സമസ്തയും ലീഗും
മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായ ശേഷം സമസ്ത കേരള ജംഇയ്യതുൽ ഉലമയിലുണ്ടായ മാറ്റംപോലെതന്നെയാണ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായപ്പോൾ ലീഗിലുണ്ടായ മാറ്റവും. അതുതന്നെയാണ് പല വിഷയങ്ങളിലും സമസ്തയും മുസ്ലിം ലീഗും ചേരുംപടി ചേരാതിരിക്കാനുള്ള കാരണവും. ജിഫ്രി തങ്ങളുടെ ഇടംവലം ചേർന്നുനിൽക്കുന്ന ചിലരുടെ വ്യക്തിതാൽപര്യങ്ങൾ സമസ്തയും ലീഗും തമ്മിലെ ബന്ധത്തിൽ വിള്ളൽവീഴ്ത്തിയിട്ടുണ്ട്. ഹൈദരലി തങ്ങളുടെ കാലത്ത് ഇല്ലാത്ത ചില പ്രശ്നങ്ങൾ ഇക്കാലത്ത് തലപൊക്കിയതും അത് ഇപ്പോഴും പരിഹാരമാകാതെ കിടക്കുന്നതും നിക്ഷിപ്ത താൽപര്യക്കാരെ ഹരംപിടിപ്പിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഇരു സംഘടനകൾക്കും നഷ്ടക്കച്ചവടമാണ്. വഖഫ് പ്രക്ഷോഭകാലത്ത് മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത നിലപാടാണ് സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ലീഗിന്റെ നേതൃത്വത്തിൽ പാണക്കാട് സാദിഖലി തങ്ങൾ വിളിച്ച മുസ്ലിം സംഘടനകളുടെ ഏകോപനത്തിൽ ഐകകണ്ഠ്യേന എടുത്ത തീരുമാനംപോലും അട്ടിമറിക്കപ്പെട്ടു. ഇതിന്റെ ക്ഷീണം മറികടക്കാനും ലീഗിന്റെ ശക്തി പ്രകടിപ്പിക്കാനും കോഴിക്കോട് കടപ്പുറത്ത് ചേർന്ന വഖഫ് സമ്മേളനം സമസ്തക്കുള്ള താക്കീത് കൂടിയായിരുന്നു. ലീഗിന്റെ ശത്രുപാളയത്തിലുള്ളവരുടെ സ്വാധീനത്തിൽ സമസ്ത നേതൃത്വം അകപ്പെട്ടതിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ടെങ്കിലും പരസ്യ ഏറ്റുമുട്ടൽ പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന ആശങ്കയുള്ളതിനാൽ നയപരമായാണ് ലീഗ് നേതൃത്വം പ്രശ്നം കൈകാര്യം ചെയ്തത്.
ഇതിന്റെ അലയൊലി ഏകദേശം അടങ്ങിയപ്പോഴാണ് സമസ്ത-സി.ഐ.സി പ്രശ്നം പൊങ്ങിയത്. സി.ഐ.സി ജന. സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെയാണ് സമസ്തയുടെ നീക്കമുണ്ടായതെങ്കിലും പ്രതിസന്ധിയിലായത് സാദിഖലി തങ്ങളാണ്. സി.ഐ.സി പ്രസിഡന്റ് എന്ന നിലയിൽ സാദിഖലി തങ്ങളുടെ നിസ്സഹായാവസ്ഥ അറിഞ്ഞുകൊണ്ടുതന്നെയാണ് സമസ്തയിലെ ചിലർ കരുനീക്കങ്ങൾ നടത്തിയത്. എല്ലാ കാര്യങ്ങളിലും ഹൈദരലി തങ്ങളുടെ കാലത്തെ പിന്തുണ സാദിഖലി തങ്ങളുടെ നേതൃത്വത്തിൻ കീഴിൽ സമസ്തക്ക് ലഭിക്കില്ലെന്ന ആശങ്ക സമസ്തയിലെ ചില നേതാക്കൾക്കുണ്ട്. സമസ്തയുടെ പരമ്പരാഗത വിശ്വാസ പ്രമാണങ്ങളുമായി രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ലീഗിന് യോജിച്ചുപോകാൻ കഴിയാത്ത നിരവധി മേഖലകളുണ്ട്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നത് ഉൾപ്പെടെ സമസ്തയുടെ പല യാഥാസ്ഥിതിക ചിന്തകളോടും സമരസപ്പെടാൻ ലീഗിന് കഴിയില്ല. അതുകൊണ്ടുതന്നെ സമസ്തക്ക് ലീഗ് അധീനപ്പെടണമെന്ന ചിലരുടെ താൽപര്യം വകവെച്ചുകൊടുക്കാൻ സാദിഖലി തങ്ങൾക്കാവില്ല. അതേസമയം, പരമ്പരാഗതമായി പിന്തുണക്കുന്ന സമസ്തയെ പിണക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്യും. അപ്പോൾ എല്ലാ വിഷയങ്ങളും പരിഗണിച്ചുകൊണ്ട് നയപരവും തന്ത്രപരവുമായ നിലപാട് സ്വീകരിക്കുകയാണ് ലീഗിന് ഭൂഷണം. ലീഗ് വിരോധികളായ ചിലർ സമസ്ത അധ്യക്ഷനിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ ഇലക്കും മുള്ളിനും കേടില്ലാത്തവിധം മുന്നോട്ടു പോകാൻ ലീഗ് നേതൃത്വത്തിന് സാഹസപ്പെടേണ്ടിവരും.
കേരളത്തിൽ പുതിയ നേതൃത്വം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഒരു വർഷം പൂർത്തിയാക്കുമ്പോഴാണ് പാർട്ടിയിൽ അംഗത്വ കാമ്പയിൻ വിജയകരമായി പൂർത്തിയാക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഭവബഹുലമായ ഒരു വർഷമാണ് ലീഗിനെ സംബന്ധിച്ചിടത്തോളവും സാദിഖലി തങ്ങളെ സംബന്ധിച്ചും കഴിഞ്ഞുപോയത്. മുൻ നേതാക്കളുടെ പാത പിന്തുടർന്ന് മുന്നോട്ടുപോകുമെന്ന് പറഞ്ഞാണ് തങ്ങൾ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെങ്കിലും തികച്ചും വ്യത്യസ്തമായ സമീപനമാണ് തങ്ങളുടെ ഒരു വർഷം. വിഷയങ്ങളിൽ തന്റേതായ അഭിപ്രായവും പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റേതായ ഫോർമുലയും രൂപപ്പെടുത്തിയായിരുന്നു സാദിഖലി തങ്ങളുടെ പ്രവർത്തനങ്ങൾ. മുമ്പത്തെപ്പോലെ വ്യക്തികളുടെ ഇംഗിതത്തിനനുസരിച്ച് നിലപാട് സ്വീകരിക്കാത്തതിനാൽ ചിലർക്കെല്ലാം അത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും സംഘടനയുടെ താൽപര്യത്തിന് അത് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.
ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ രൂക്ഷമായ ഭിന്നതയും ഗ്രൂപ്പിസവും അരങ്ങേറിയെങ്കിലും പാർട്ടി അധ്യക്ഷന്റെ പ്രത്യേക ഇടപെടലും അധികാരപ്രയോഗവും വലിയ പൊട്ടിത്തെറികളില്ലാതെ ശുഭകരമായി പര്യവസാനിച്ചതിൽ നേതൃത്വത്തിന് ആശ്വസിക്കാം. പാണക്കാട്ടെ പാർട്ടി അധ്യക്ഷന്മാരോട് നേരത്തേ പല നേതാക്കൾക്കുമുണ്ടായിരുന്ന അമിത സ്വാധീനവും ബന്ധവും കമ്മിറ്റി രൂപവത്കരണങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ, മറ്റു നേതാക്കളുടെ താൽപര്യം എന്നതിലപ്പുറം സാദിഖലി തങ്ങളുടെയും സന്തതസഹചാരിയായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും താൽപര്യവും പ്രകടമാകുന്നതായിരുന്നു മണ്ഡലതലം മുതലുള്ള കമ്മിറ്റി രൂപവത്കരണങ്ങൾ. ഒടുവിൽ സംസ്ഥാന കമ്മിറ്റിയിലും ഈ താൽപര്യങ്ങൾതന്നെയാണ് മുഴച്ചുനിന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അവിചാരിതമായി ജന. സെക്രട്ടറിയുടെ ചുമതലയേൽപിക്കപ്പെട്ട അഡ്വ. പി.എം.എ. സലാം തന്റെ കർത്തവ്യം യഥാവിധി നിർവഹിച്ചതിനാൽ ജന. സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കേണ്ട സാഹചര്യം തങ്ങൾക്കുണ്ടായിരുന്നില്ല. പക്ഷേ, താരതമ്യേന ജൂനിയറായ സലാമിനെ ജന. സെക്രട്ടറി സ്ഥാനം ഏൽപിക്കുന്നതിൽ മുതിർന്ന നേതാക്കൾക്കിടയിലുണ്ടായ കടുത്ത അതൃപ്തി എം.കെ. മുനീറിനെ മുൻനിർത്തി അവർ പ്രകടിപ്പിച്ചെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താൽപര്യവും തന്റെ താൽപര്യവും ഒന്നാകയാൽ ഇവ്വിഷയത്തിൽ ഒരു പുനർവിചിന്തനത്തിന് തങ്ങൾ തയാറായില്ല. അധ്യക്ഷനെന്ന നിലയിൽ തന്റെ താൽപര്യം മുറുകെപ്പിടിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കാനുതകുന്ന ജന. സെക്രട്ടറി എന്നതുതന്നെയാണ് തങ്ങളെ സംബന്ധിച്ചിടത്തോളമുണ്ടായിരുന്ന മുൻഗണന. ഈ കമ്മിറ്റിയുടെ കീഴിലാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ലീഗിന് നേരിടാനുള്ളത്. രണ്ടുതവണ അധികാരത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ട ലീഗ് ലക്ഷ്യമിടുന്നത് നിയമസഭ തെരഞ്ഞെടുപ്പാണ്. പാർട്ടിയെ അതിന് സജ്ജമാക്കുന്നതിനൊപ്പം മുന്നണിയെയും സജ്ജമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ലീഗ് നേതൃത്വത്തിനുള്ളത്. ദേശീയ ജന. സെക്രട്ടറിയാണെങ്കിലും ഇക്കാര്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ റോൾ നിർണായകമാണ്. ഇതെല്ലാം മുൻനിർത്തിയുള്ള തീരുമാനമാണുണ്ടായത് എന്നതിനാൽ വിമതശബ്ദങ്ങളോട് ദാക്ഷിണ്യം വേണ്ടതില്ലെന്ന നിലപാടിലാണ് സാദിഖലി തങ്ങൾ. മുൻ സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഹംസയെ പുറത്താക്കിയത് ചൂണ്ടിക്കാട്ടി വിമത പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന കൗൺസിൽ യോഗത്തിലെ കുഞ്ഞാലിക്കുട്ടിയുടെ താക്കീതും ഇതിനോട് ചേർത്തുവായിക്കണം.
‘വലതുപക്ഷ ശക്തികളെ അധികാരക്കസേരയില്‍നിന്ന് പുറത്താക്കാൻ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും മറ്റ് ജനാധിപത്യ ശക്തികളോടും മുസ്ലിം ലീഗ് ആഹ്വാനം ചെയ്യുന്നു’’ -മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയമായ പ്രമേയങ്ങൾ പരിശോധിക്കുന്നു.
ഒരൊറ്റ അജണ്ടയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും െഎക്യപ്പെടണം
രാജ്യത്തിന്റെ പൊതുസാഹചര്യം വിലയിരുത്തിയുള്ള പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ പ്രമേയങ്ങൾ ശ്രദ്ധേയമായിരുന്നു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ മതേതര സഖ്യമുണ്ടാകണമെന്നും അതിന് ലീഗ് മുൻകൈയെടുക്കുമെന്നുള്ള പ്രഖ്യാപനമായിരുന്നു സമ്മേളനത്തിന്റെ ഹൈലൈറ്റ്. സംഘ്പരിവാർ ഭീഷണിയിൽ രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന തീക്ഷ്ണമായ വെല്ലുവിളികളും പരിഹാര നിർദേശങ്ങളും ഉൾക്കൊള്ളിച്ചായിരുന്നു പ്രമേയങ്ങൾ ചിട്ടപ്പെടുത്തിയത്. അവതരിപ്പിക്കപ്പെട്ട പ്രധാന വിഷയങ്ങളുടെ സംഗ്രഹം ചുവടെ:
1. ബി.ജെ.പി സര്‍ക്കാറിന്റെ എട്ടു വര്‍ഷത്തെ ഭരണം രാജ്യത്തെയാകെ മുച്ചൂടും നശിപ്പിച്ചു. എല്ലാ അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം, ജി.ഡി.പി വളര്‍ച്ചയിലെ കുറവ്, തൊഴിലില്ലായ്മയുടെ വർധന, പല സാമൂഹിക ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ വന്‍തോതിലുള്ള കുറവ് എന്നിവയെല്ലാം പിന്നോട്ടുള്ള നടത്തമാണ്.
2. മോദിസര്‍ക്കാര്‍ ഫെഡറലിസത്തിന്റെ ആത്മാവിനെ തടയുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളും സ്വേച്ഛാധിപത്യ കേന്ദ്രസര്‍ക്കാറും തമ്മില്‍ നിരന്തരമായ അധികാര പോരാട്ടം നടക്കുന്നു. ഇത് സംസ്ഥാനങ്ങളിലെ പൊതുവികസനത്തെ ദോഷകരമായി ബാധിക്കുന്നു.
3. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുകയും നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് വേട്ടയാടുകയുമാണ്. ആയിരക്കണക്കിന് യുവാക്കളെയും സാമൂഹികപ്രവര്‍ത്തകരെയും മാധ്യമപ്രവര്ത്തകരെയുംപോലും നിസ്സാര കാരണങ്ങളാല്‍ ജയിലില്‍ അടക്കുന്നു. പല കേസുകളിലും വര്‍ഷങ്ങളായി കുറ്റപത്രംപോലും സമര്‍പ്പിക്കാറില്ല. സാധാരണ കേസുകളില്‍ ജാമ്യം നേടുക എന്നത് ക്ലേശകരമായി മാറുകയും ഒരു ജില്ല മജിസ്ട്രേറ്റിന് എളുപ്പത്തില്‍ അനുവദിക്കാവുന്ന ജാമ്യത്തിനായി പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിക്കേണ്ട അവസ്ഥയാണ്.
4. ഇന്ത്യ അതിന്റെ പരമ്പരാഗതമായ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കുന്ന മഹത്തായ രാഷ്ട്രമാണ്. എന്നാല്‍, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലവിലെ ഭരണത്തില്‍ ബഹുജനങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളിലും പിന്നാക്ക, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലും വർധിച്ചുവരുന്ന അവിശ്വാസത്തിന് രാജ്യം സാക്ഷ്യംവഹിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളും സാംസ്കാരിക, മത, ഭാഷ, വംശീയ സ്വത്വങ്ങളും വലതുപക്ഷ തീവ്രവാദികളുടെ കൈകളില്‍ അപകടത്തിലാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു മതം എന്ന ഭരണഘടനാ വിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. വിവേചനം കൂടാതെ നിയമത്തിന്റെ തുല്യാവകാശ സംരക്ഷണത്തെ തുരങ്കംവെക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കടന്നുകയറി ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു. ന്യൂനപക്ഷങ്ങളെയും ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മതാന്ധതക്ക് രാഷ്ട്രീയ സംരക്ഷണവും മറയും നല്കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
5. വലതുപക്ഷ ശക്തികളെ അധികാരക്കസേരയില്‍നിന്ന് പുറത്താക്കി മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ഒരൊറ്റ അജണ്ടയില്‍ ഐക്യപ്പെടാന്‍ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും മറ്റ് ജനാധിപത്യ ശക്തികളോടും മുസ്ലിം ലീഗ് ആഹ്വാനംചെയ്യുന്നു. നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ സാംസ്കാരിക, മത, ഭാഷാ വൈജാത്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാനാവണം. മതഭ്രാന്ത്, തീവ്രവാദം എന്നിവയുടെ പിടിയില്‍നിന്ന് രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ നാനാത്വത്തിലും സാമുദായിക സൗഹാര്‍ദത്തിലും മതേതര പാരമ്പര്യങ്ങളിലും ജനാധിപത്യ തത്ത്വങ്ങളിലും വിശ്വാസം ജനിപ്പിച്ച് നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാ പൗരന്മാരാക്കണം.
സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്
1. മതത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താന്‍ നിക്ഷിപ്ത താൽപര്യമുള്ള ആളുകള്‍ ദുരുപയോഗംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നിർദേശകതത്ത്വങ്ങളുടെ ഭാഗം മാത്രമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കണം. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ഇത് അനിവാര്യമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഐക്യത്തിനും എതിരായ ഏക സിവില്‍ കോഡിന്റെ അടിസ്ഥാനമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കുന്നതിലൂടെ മാത്രമേ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഭരണഘടനയുടെ 25ാം അനുച്ഛേദം അനുശാസിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കേണ്ടത് അടിയന്തര ആവശ്യമാണ്.
2. ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ക്ഷേത്രങ്ങള്‍, പള്ളികള്‍, മസ്ജിദുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളും പതിവ് പ്രാർഥനകള്‍ക്കായി തുറക്കുന്നതിന് അനുയോജ്യമായ ഒരു നിയമം കൊണ്ടുവരണം.
3. സംസ്ഥാന അസംബ്ലികളിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള നിയമനിർമാണം കൊണ്ടുവരണം.
4. എല്ലാ തെരഞ്ഞെടുപ്പുകളിലും യോഗ്യരായ വോട്ടര്‍മാരാകാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്.ഐ) സൗകര്യമൊരുക്കണം. വിലയേറിയ വിദേശനാണ്യം അയച്ചുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്യുന്ന എൻ.ആര്.ഐകളുടെ ന്യായമായ ആവശ്യമാണിത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഈ വിഷയത്തില്‍ പലതവണ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
5. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷ കമീഷനുകളും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനുകളും സ്ഥാപിക്കുന്നത് ഉറപ്പാക്കണം.
6. ഗ്രൂപ്പ് ‘സി’യിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കമ്മിറ്റികളില്‍/ ബോര്‍ഡുകളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പെട്ട ഒരു അംഗവും ന്യൂനപക്ഷ മുസ്ലിം സമുദായത്തില്‍പെട്ട ഒരു അംഗവും നിര്‍ബന്ധമാക്കണമെന്ന ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രമുഖ പൊതുമേഖല ബാങ്കുകള്‍, പൊലീസ്, ജുഡീഷ്യറി എന്നിവയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണം.
7. മതേതര രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായതും മതപരമായ വിവേചനത്തിലേക്ക് നയിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിന്റെയും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍.ആര്.സി) ഭരണഘടനാ വിരുദ്ധ നിയമനിർമാണം ഉടനടി പിന്‍വലിക്കണം.
8. ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും മറ്റു വിദ്യാഭ്യാസ പദ്ധതികളും ഉടനടി പുനരുജ്ജീവിപ്പിക്കണം. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിച്ച് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വിവേചനം ഇല്ലെന്ന് ഉറപ്പാക്കണം.
9. തെറ്റായ വിവരണങ്ങള്‍ നല്കി പാഠപുസ്തകങ്ങളിലും മറ്റും ചരിത്രം വളച്ചൊടിക്കുന്നത് ഒഴിവാക്കണം. ചരിത്രപരമായി അറിയപ്പെടുന്ന പഴയ നഗരങ്ങളുടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളുടെയും പേരു മാറ്റുന്നത് അവസാനിപ്പിക്കണം.
10. സംസ്ഥാന ഗവര്‍ണര്‍മാരുടെ ഓഫിസുകള്‍ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം.
11. 1991ലെ ആരാധനാലയങ്ങളുടെ നിയമത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം. നിയമം അതിന്റെ അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുന്നത് ഉറപ്പാക്കി അനാവശ്യ ആരാധനാ തര്‍ക്കങ്ങള്‍ ഇല്ലാതാക്കണം.
12. രാജ്യത്തുടനീളം ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണം. ഇത് എല്ലാവെരയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാന്‍ അനിവാര്യമാണ്.