ലീഗ് ചുവന്നുതുടുത്ത കാലം
മുസ്ലിം ലീഗിന്റെ ഇടതുപക്ഷ ബന്ധത്തെക്കുറിച്ചും ഭിന്നതകളെക്കുറിച്ചും കഴിഞ്ഞ ലക്കത്തിൽ എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം. ലീഗ് ചുവന്ന ഒരു കാലത്തെക്കുറിച്ചാണ് ഈ ലക്കം.അറുപതുകളുടെ ആദ്യപകുതി സംഭവബഹുലമാണ്. കോൺഗ്രസ് പിളർന്നു. ശങ്കറിനെ വീഴ്ത്തിയ ജോർജും സംഘവും പുറത്തുപോയി. കേരള കോൺഗ്രസുണ്ടാക്കി. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഇറങ്ങിപ്പോന്നവർ സി.പി.എം ഉണ്ടാക്കി. അവർ മാർക്സിസ്റ്റ് പാർട്ടി...
Your Subscription Supports Independent Journalism
View Plansമുസ്ലിം ലീഗിന്റെ ഇടതുപക്ഷ ബന്ധത്തെക്കുറിച്ചും ഭിന്നതകളെക്കുറിച്ചും കഴിഞ്ഞ ലക്കത്തിൽ എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം. ലീഗ് ചുവന്ന ഒരു കാലത്തെക്കുറിച്ചാണ് ഈ ലക്കം.
അറുപതുകളുടെ ആദ്യപകുതി സംഭവബഹുലമാണ്. കോൺഗ്രസ് പിളർന്നു. ശങ്കറിനെ വീഴ്ത്തിയ ജോർജും സംഘവും പുറത്തുപോയി. കേരള കോൺഗ്രസുണ്ടാക്കി. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഇറങ്ങിപ്പോന്നവർ സി.പി.എം ഉണ്ടാക്കി. അവർ മാർക്സിസ്റ്റ് പാർട്ടി എന്നറിയപ്പെട്ടു. പിളർന്നുമാറിയവരെല്ലാം പരസ്പരം ശപിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഒരു ലയനവുമുണ്ടായി. പട്ടം നഷ്ടപ്പെട്ട പി.എസ്.പിയും ഡോ. ലോഹ്യയുടെ സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയായി–എസ്.എസ്.പി. പുതിയ പാർട്ടികൾക്കും പഴയ തറവാട്ടുകാർക്കും വാശിയാണ്. ശക്തിതെളിയിക്കണം. അങ്ങനെയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് വന്നത്. 1965 മാർച്ച് മൂന്ന്, നാല് തീയതികളിൽ.
കോൺഗ്രസ് തനിച്ച് മത്സരിക്കാനുറച്ചു. കമ്യൂണിസ്റ്റ് പാർട്ടി അഥവാ സി.പി.ഐ ഒരു സഖ്യകക്ഷിയെ കണ്ടെത്തി. ആർ.എസ്.പിയെ. മുസ്ലിം ലീഗും കേരള കോൺഗ്രസും സഖ്യമായി. ഒന്നിന്റെ ശക്തി മധ്യതിരുവിതാംകൂറിലാണ്. മറ്റൊന്നിന് മലബാറിലും. എങ്കിലും സഖ്യമായി. എസ്.എസ്.പിയും പുതുതായി വന്ന മാർക്സിസ്റ്റ് പാർട്ടിയും കൂട്ടുകെട്ടുണ്ടാക്കി.
ഫലമില്ലാത്ത തെരഞ്ഞെടുപ്പായിപ്പോയി അത്. ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. കോൺഗ്രസിന് 35 സീറ്റ് മാത്രം. കോൺഗ്രസിതര കക്ഷികൾക്കെല്ലാം കൂടി 97 സീറ്റുണ്ട്. അതിൽ മാർക്സിസ്റ്റ് പാർട്ടിക്കാരായ 44 പേർ ജയിച്ചിട്ടുണ്ട്. അതിൽ 29 പേർ ജയിലിലാണ്. അതൊക്കെ ഗവർണർ കാരണമാക്കിയെടുത്തു. ആർക്കും ഭൂരിപക്ഷമില്ലെന്ന് വിധിച്ചു. പാർട്ടികളാണെങ്കിൽ ആരുമാരും അടുക്കുന്നുമില്ല. ഓരോരുത്തർക്കും ഓരോതരം അയിത്തമുണ്ട്. നിയമസഭ ചേർന്നതേയില്ല. മാർച്ച് 24ന് സഭ പിരിച്ചിട്ടു. പിന്നെ രാഷ്ട്രപതി ഭരണമാണ്. ആറു മാസത്തെ നാല് ഊഴം. 1967ലാണ് പിന്നെ തെരഞ്ഞെടുപ്പുവന്നത്.
’65ലെ ഫലമില്ലാ തെരഞ്ഞെടുപ്പിൽ ഒരു കൂട്ടുകെട്ടിന്റെ രാസപരിശോധന നടന്നുകഴിഞ്ഞിരുന്നു. മുസ്ലിം ലീഗും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ ചില കൊടുക്കൽ വാങ്ങലൊക്കെ ഉണ്ടായി. നേരിട്ടല്ല എന്നാണ് മാർക്സിസ്റ്റ് നേതാക്കൾ പറഞ്ഞത്. ഇടയിൽ എസ്.എസ്.പിയുണ്ടായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയും എസ്.എസ്.പിയും സഖ്യമാണല്ലോ. ലീഗും എസ്.എസ്.പിയും തമ്മിൽ ധാരണയുണ്ട്. ആ സൗകര്യം ഉപയോഗിച്ച് ചില മണ്ഡലങ്ങളിൽ മാർക്സിസ്റ്റ് പാർട്ടി മുസ്ലിം ലീഗിന്റെ സഹായം സ്വീകരിച്ചു. ചിലയിടത്ത് തിരിച്ചും സഹായിച്ചു. എന്നാൽ അങ്ങനെയൊരു നീക്കുപോക്ക് ഉെണ്ടന്ന് പറഞ്ഞില്ല.
‘‘എസ്.എസ്.പി മാർക്സിസ്റ്റ് മുന്നണിയിലെ ഘടകകക്ഷി ആയിരുന്നതിനാൽ ചില സ്ഥാനാർഥികൾക്കെങ്കിലും മാർക്സിസ്റ്റുകാരും മുസ്ലിം ലീഗുകാരും സംയുക്തമായി വോട്ടുചെയ്യുക എന്ന നിലവന്നു. കേരള രാഷ്ട്രീയത്തിലെ ഒരു പുതിയ വഴിത്തിരിവിന്റെ പ്രാരംഭലക്ഷണമായിരുന്നു അത്’’ എന്നാണ് ലീഗിന്റെ ചരിത്രരേഖകളിൽ പറയുന്നത്.
‘കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ’ എന്ന ഗ്രന്ഥത്തിൽ ഇ.എം.എസ് ഇക്കാര്യം മറ്റൊരു തരത്തിൽ വിശദീകരിക്കുന്നുണ്ട്: ‘‘ചുരുക്കം ചില സീറ്റുകളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലീഗുമായി ധാരണയുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് പാർട്ടി അഭിപ്രായപ്പെട്ടു.’’ അതനുസരിച്ചാണ് മാർക്സിസ്റ്റ് പാർട്ടി എസ്.എസ്.പി വഴി ലീഗിന്റെ തോളിൽ കൈയിട്ടത്.
എന്നാൽ, ഇതൊരു വലിയ പ്രശ്നമായിട്ടാണ് സി.പി.ഐ പ്രചരിപ്പിച്ചത്. വർഗീയാടിസ്ഥാനത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിനെ പരാജയപ്പെടുത്തുന്നതിന് മുൻതൂക്കം കൊടുക്കണം എന്നായിരുന്നു സി.പി.ഐക്കാരുടെ വാദം. അവർക്ക് ആ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലത്തിലേ ജയിക്കാനായുള്ളൂ എന്നത് വേറൊരു സത്യം.
സിദ്ധാന്തം എന്തായാലും പ്രയോഗത്തിൽ മാർക്സിസ്റ്റ്-മുസ്ലിം ലീഗ് നീക്കുപോക്കുണ്ടായിരുന്നു. അതുകൊണ്ട് ഗുണവുമുണ്ടായി. ആ നീക്കുപോക്ക് മുന്നണിയായി വികസിച്ചതാണ് 1967ൽ കേരളം ഭരിച്ച സപ്തകക്ഷി മുന്നണി. അതിനുള്ള ചർച്ചക്കായി മാർക്സിസ്റ്റ് നേതാക്കൾ മുസ്ലിം ലീഗ് നേതാക്കളെ സന്ധിച്ച കഥയാണ് തുടക്കത്തിൽ പറഞ്ഞത്. ആ സന്ധികൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടായത് മുസ്ലിം ലീഗിനാണ്. അതിന്റെ ജാതകം മാറുകയാണ്.
മന്ത്രിസ്ഥാനവും മലപ്പുറം ജില്ലയും
മാർക്സിസ്റ്റ് പാർട്ടിയും മറ്റ് ആറ് പാർട്ടികളും ചേർന്നതാണ് സപ്തകക്ഷി മുന്നണി. സി.പി.ഐയുമുണ്ട്. മുസ്ലിം ലീഗുണ്ട്. എസ്.എസ്.പി, ആർ.എസ്.പി, കെ.എസ്.പി തുടങ്ങി കാൽ ഡസൻ സോഷ്യലിസ്റ്റ് പാർട്ടികളുണ്ട്. കർഷക തൊഴിലാളി പാർട്ടി എന്ന കെ.ടി.പിയുണ്ട്. മുന്നണിയുടെ നാല് സ്വതന്ത്രന്മാരും ജയിച്ചിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്ക് 52 എം.എൽ.എമാരുണ്ട്. സി.പി.ഐക്ക് 19. എസ്.എസ്.പിക്കും 19. ലീഗിന് 14. ആർ.എസ്.പിക്ക് ആറ്. പിന്നെയൊക്കെ ഒറ്റയാൾ, ഇരട്ടയാൾ പട്ടാളങ്ങളാണ്. ആ തെരഞ്ഞെടുപ്പിൽ ഏറ്റവും നഷ്ടം കോൺഗ്രസിനാണ്. ഒമ്പത് എം.എൽ.എമാർമാത്രം.
ഏറ്റവും നേട്ടം മുസ്ലിം ലീഗിനും. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അധികാരത്തിലെത്തുകയാണ്. സപ്തകക്ഷി മുന്നണി രണ്ട് മന്ത്രിസ്ഥാനം ലീഗിന് കൊടുത്തു. ‘‘നിവേദനം കൊടുത്തുമാത്രം ശീലിച്ചവർ നിവേദനം വാങ്ങാൻ തുടങ്ങി’’ എന്നാണ് സി.എച്ച്. മുഹമ്മദ്കോയ പറഞ്ഞത്.
മങ്കടയിൽനിന്ന് ജയിച്ച സി.എച്ചും മലപ്പുറം മെംബർ അഹമ്മദ് കുരിക്കളുമായിരുന്നു ലീഗിന്റെ മന്ത്രിമാർ. ഫിഷറീസ് -പഞ്ചായത്ത് വകുപ്പുകൾ കുരിക്കൾക്ക്. വിദ്യാഭ്യാസ വകുപ്പാണ് സി.എച്ചിന് കൊടുത്തത്. 10 വർഷം മുമ്പ് ഇ.എം.എസ് ആദ്യ മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ വിദ്യാഭ്യാസ വിചക്ഷണനായ ജോസഫ് മുണ്ടശ്ശേരി കൈകാര്യം ചെയ്ത വകുപ്പാണത്. 67ൽ ഇ.എം.എസ് രണ്ടാം മന്ത്രിസഭ ഉണ്ടാക്കുമ്പോഴും മുണ്ടശ്ശേരി മാഷ് എം.എൽ.എയാണ്. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് ലീഗിന് കൊടുക്കാൻ ധാരണയായതാണ്.
’67ലെ കണക്ക് നോക്കിയാൽ ലീഗിന് നേട്ടങ്ങളുടെ വലിയൊരു പട്ടികയുണ്ട്. മന്ത്രിസ്ഥാനം മാത്രമല്ല. മലപ്പുറം ജില്ല രൂപവത്കരിച്ചു, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്ഥാപിച്ചു, കേരള ഹൈകോടതിയിൽ ഒരു മുസ്ലിം ജഡ്ജിയെ നിയമിച്ചതും ഇക്കാലത്താണ്. ആദ്യ മന്ത്രിസഭയുടെ കാലം മുതൽ മുസ്ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യമാണത്. ‘‘അഭിമാനബോധത്തോടെ ശിരസ്സ് ഉയർത്തിയാണ് 1968 ഫെബ്രുവരിയിൽ ലീഗിന്റെ മഹാസമ്മേളനം കോഴിക്കോട് നടന്നത്’’ എന്ന് ലീഗ്ചരിത്രം.
1967 മാർച്ച് ആറിനാണ് സപ്തകക്ഷിമുന്നണി മന്ത്രിസഭ അധികാരത്തിലേറിയത്. ഇ.എം.എസിന്റെ ദൗർഭാഗ്യമോ എന്തോ ആ മന്ത്രിസഭയും രണ്ടു വർഷമേ നിന്നുള്ളൂ. 1969 ഒക്ടോബർ 24ന് അവിശ്വാസപ്രമേയം പാസായി. അന്നുതന്നെ ഇ.എം.എസ് രാജിവെച്ചു. പിന്നെയും മാർക്സിസ്റ്റ് പാർട്ടി മന്ത്രിസഭക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. പക്ഷേ, ഇ.എം.എസിനെ കണ്ടിട്ടില്ല.
പക്ഷേ, മാർക്സിസ്റ്റ് പാർട്ടിയും ഇ.എം.എസും ’67ൽ നൽകിയ പരിഗണന മുസ്ലിം ലീഗിന്റെ രാശി തെളിയിച്ചു. സപ്തകക്ഷി ഭരണത്തിന്റെ തകർച്ച ’69ൽ പുതിയൊരു മുന്നണിക്കാണ് വഴിവെച്ചത്. സി.പി.ഐയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക്. മുസ്ലിം ലീഗ്, ഐ.എസ്.പി, കേരള കോൺഗ്രസ്, ആർ.എസ്.പി എന്നീ പാർട്ടികളാണ് ഘടകകക്ഷികൾ. കോൺഗ്രസ് ഒരു അടവുനയം സ്വീകരിച്ചു. മന്ത്രിസഭയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല എന്ന്.
1969 നവംബർ ഒന്നിന് ആ മുന്നണിയുടെ മന്ത്രിസഭ അധികാരമേറ്റു. രാജ്യസഭ അംഗവും സി.പി.ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ സി. അച്യുതമേനോനാണ് മുഖ്യമന്ത്രി. പിളർപ്പിനു മുമ്പേ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായ എം.എൻ. ഗോവിന്ദൻ നായരാണ് ചുക്കാൻപിടിക്കുന്നത്. കേരള കിസിഞ്ജർ എന്നാണ് എം.എൻ അറിയപ്പെടുന്നത്. മാർക്സിസ്റ്റ് പാർട്ടിയും ഇ.എം.എസും കൊടുത്തതിനേക്കാൾ വലിയ പരിഗണനയാണ് സി.പി.ഐ മുസ്ലിംലീഗിന് കൊടുത്തത്. സി.എച്ച്. മുഹമ്മദ് കോയയെ ആഭ്യന്തര വകുപ്പ് ഏൽപിച്ചു. ഐക്യമുന്നണി എന്നാണ് ആ മുന്നണി അറിയപ്പെട്ടത്.
1970 ആഗസ്റ്റ് ഒന്നിന് അച്യുതമേനോൻ രാജിവെച്ചു. തെരഞ്ഞെടുപ്പിന് വഴിയൊരുക്കാനാണത്. 1970 സെപ്റ്റംബർ 17നാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിനു മുന്നോടിയായി കോൺഗ്രസ് ഐക്യ മുന്നണിയുമായി സഖ്യമുണ്ടാക്കി. അതോടെ, ഐക്യമുന്നണിയുടെ രാഷ്ട്രീയസ്വഭാവം മാറിത്തുടങ്ങി എന്നു പറയാം. തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ കോൺഗ്രസ്-ഐക്യമുന്നണി കൂട്ടുകെട്ടിന് 69 സീറ്റുണ്ട്. കോൺഗ്രസിന് 32. സി.പി.ഐക്ക് 16, മുസ്ലിം ലീഗിന് 12. ബാക്കിയൊക്കെ ഒറ്റയക്കപ്പാർട്ടികളാണ്.
1970 ഒക്ടോബർ ഒന്നിന് അച്യുതമേനോന്റെ രണ്ടാം മന്ത്രിസഭ അധികാരമേറ്റു. ഇത്തവണയും കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നില്ല. ആഭ്യന്തരത്തിനൊപ്പം വിദ്യാഭ്യാസ വകുപ്പും സി.എച്ച്. മുഹമ്മദ് കോയയെ ഏൽപിച്ചു.
1971 മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പുവന്നു. തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി വൻ ഭൂരിപക്ഷം നേടി. അതുകൊണ്ടാകണം, ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻ കോൺഗ്രസുകാർ അച്യുതമേനോൻ മന്ത്രിസഭയിൽ ചേർന്നു. ആഭ്യന്തര വകുപ്പ് കെ. കരുണാകരന് നൽകി. സി.എച്ച് വിദ്യാഭ്യാസ വകുപ്പിലൊതുങ്ങി. പിന്നീട് 1975 ജൂൺ 25ന് അടിയന്തരാവസ്ഥ വന്നതോടെ മുഖ്യമന്ത്രിതന്നെ ഒതുങ്ങിപ്പോയി എന്നാണല്ലോ ചരിത്രം. കരുണാകരൻ പറക്കുന്ന കാലമാണ് പിന്നെ. മുസ്ലിം ലീഗിന്റെ മാത്രമല്ല, സി.പി.ഐയുടെപോലും ചുവപ്പു മങ്ങിയ കാലം. അതിനിടയിലും ലീഗിനൊരു ചുവന്ന ചീന്തുണ്ടായി.
ഇടക്കാലത്തൊരു ഇടതുപക്ഷ ലീഗ്
അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പേ ലീഗിലൊരു കലാപമുണ്ടായി. ഒന്നു രണ്ടു വർഷമായി ഉരുണ്ടുകൂടിയ കാരണങ്ങളെല്ലാം ചേർന്ന് അപ്പോൾ പൊട്ടിത്തെറിച്ചതാണ്. ലീഗ് രണ്ടായി. പുറത്തുപോയവർ 1974 ഏപ്രിൽ ആറിന് തലശ്ശേരിയിൽ വെച്ച് പുതിയ ലീഗിന്റെ കമ്മിറ്റി പ്രഖ്യാപിച്ചു. എം.കെ. ഹാജിയാണ് പ്രസിഡന്റ്, ഹമീദലി ഷംനാട് സെക്രട്ടറി.
എന്തിനേറെപ്പറയുന്നു, തെറിച്ചുപോയവരിൽ ആറ് എം.എൽ.എമാരുണ്ട്. ഉമർ ബാഫഖി തങ്ങൾ, കെ. മൊയ്തീൻകുട്ടി എന്ന ബാവഹാജി, എ.വി. അബ്ദുൽ റഹ്മാൻ ഹാജി, പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങൾ, ബി.എം. അബ്ദുറഹ്മാൻ, കെ.പി. രാമൻ എന്നിവരായിരുന്നു ആ പക്ഷത്തെ എം.എൽ.എമാർ. പിളർന്നവർ പാർട്ടിക്ക് അഖിലേന്ത്യാ മുസ്ലിം ലീഗ് എന്ന് പേരിട്ടു. വിഭജനത്തിനു മുമ്പുള്ള പാർട്ടി ഓൾ ഇന്ത്യ മുസ്ലിം ലീഗ് ആയിരുന്നല്ലോ. ആ ഓർമക്കാണ്. പക്ഷേ, ഔദ്യോഗികപക്ഷം വിമതരെ മാർക്സിസ്റ്റ് ലീഗ് എന്ന് വിളിച്ചു. മുദ്രാവാക്യങ്ങളിൽ വത്തക്കലീഗ് എന്നും.
മുസ്ലിം ലീഗിന് നേതൃദാരിദ്ര്യം വന്ന കാലമാണത്. ഇസ്മാഈൽ സാഹിബും ബാഫഖി തങ്ങളും മരിച്ചു. സി.എച്ച് പാർലമെന്റംഗമായി ഡൽഹിയിലാണ്. ബാഫഖി തങ്ങൾ മരിക്കുംമുമ്പേ തീരുമാനിച്ചതാണ്, സി.എച്ചിനെ എം.പിയാക്കാൻ. എം.പിയായാൽ കേരള രാഷ്ട്രീയം വിടണമല്ലോ. അതിലേക്ക് എത്തിക്കാൻ ആരോ ചരടുവലിച്ചു എന്നൊക്കെ പറഞ്ഞാണ് പിളർപ്പുണ്ടായത്. അപ്പോൾ ഔദ്യോഗിക പക്ഷത്തെ നയിക്കാൻ സി.എച്ച് എത്തി. വിമതപക്ഷത്തെ പ്രധാന നേതാവ് ഉമർ ബാഫഖി തങ്ങളായിരുന്നു.
പിളർന്നിറങ്ങിയവരെ സ്വാഭാവികമായും പ്രതിപക്ഷം സ്വീകരിച്ചു. അടിയന്തരാവസ്ഥ വന്ന് പ്രതിപക്ഷ നേതാക്കളൊക്കെ ജയിലിലായപ്പോൾ അഖിലേന്ത്യാ ലീഗ് നേതാക്കളും ജയിലിലായി. പുറത്തുവന്നപ്പോൾ അവർ പ്രതിപക്ഷത്തെ വലിയ നേതാക്കളായി. അടിയന്തരാവസ്ഥക്കുശേഷം തെരഞ്ഞെടുപ്പുവന്നു. സി.പി.എമ്മിനും ജനതാ പാർട്ടിക്കുമൊപ്പം അഖിലേന്ത്യാ മുസ്ലിംലീഗും പ്രതിപക്ഷ ഏകോപന സമിതിയിൽ അണിചേർന്നു. ആ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് മുന്നണി തൂത്തുവാരി. പക്ഷേ, രാജൻ കേസ് കാരണം കരുണാകരന് പെട്ടെന്ന് രാജിവെക്കേണ്ടിവന്നു. പിന്നെ ആന്റണി മുഖ്യമന്ത്രി. കോൺഗ്രസ് പിളർന്നതും മറ്റും കാരണമാക്കി ആന്റണിയും പെെട്ടന്നൊഴിഞ്ഞു. പിന്നീട് 1978 ഒക്ടോബർ 29ന് മുഖ്യമന്ത്രിസ്ഥാനം സി.പി.ഐയുടെ ൈകയിൽ തിരിച്ചെത്തി. പി.കെ. വാസുദേവൻ നായർ സ്ഥാനമേറ്റു. ഒരു കൊല്ലം കഴിഞ്ഞപ്പോൾ പി.കെ.വി രാജിവെച്ചു. അടിയന്തരാവസ്ഥയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ഇതിനിടെ സി.പി.ഐ സ്വയം വിമർശനം നടത്തിയിരുന്നു. മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്ന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താൻ രാജിവെക്കുന്നു എന്നാണ് സി.പി.ഐ പറഞ്ഞത്. ആ ഒഴിവിൽ സി.എച്ച്. മുഹമ്മദ് കോയക്കാണ് അവസരം കിട്ടിയത്. 50 ദിവസം മുഖ്യമന്ത്രിസ്ഥാനത്ത് മുസ്ലിം ലീഗ് നേതാവ് ഇരുന്നു. ഇ.എം.എസും അച്യുതമേനോനും നൽകിയ അവസരങ്ങൾ ആ കസേരയിലിരിക്കാൻ സി.എച്ചിനെ പ്രാപ്തനാക്കിയിരുന്നുവെന്നും കാണാം. സി.എച്ചിന്റെ രാജിക്ക് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പാണ്. 1980 ജനുവരി 21ന്. സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അഖിലേന്ത്യാ ലീഗുണ്ട്. മുന്നണിക്ക് 93 സീറ്റ് കിട്ടി. അഖിലേന്ത്യാ ലീഗിന് അഞ്ച്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. അഖിലേന്ത്യാ ലീഗിൽനിന്ന് പി.എം. അബൂബക്കർ പൊതുമരാമത്ത് മന്ത്രിയും.
1985-86 കാലത്തെ ശരീഅത്ത് വിവാദംവരെ അഖിലേന്ത്യാ ലീഗ് എൽ.ഡി.എഫിൽ തുടർന്നു. പ്രതിപക്ഷത്തും ഭരണപക്ഷത്തും. ജയിലിലും മന്ത്രിസഭയിലും. ശരീഅത്ത് നിയമത്തിനെതിരെ ഇ.എം.എസ് പടവെട്ടാൻ ഇറങ്ങിയപ്പോൾ അഖിലേന്ത്യാ ലീഗ് കുടുങ്ങി. 1984 സിസംബറിൽ കോഴിക്കോട് മുന്നണിയുടെ പൊതുയോഗത്തിൽ ഇ.എം.എസ് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ‘‘ലീഗുമായി സഖ്യമുണ്ടാക്കിയപ്പോഴൊന്നും ശരീഅത്തിനെ പിന്താങ്ങാമെന്ന് സി.പി.എം പറഞ്ഞിട്ടില്ല. അത്തരം വർഗീയത വമിക്കുന്ന പ്രശ്നങ്ങളുമായി വന്നാൽ അഖിലേന്ത്യാ ലീഗിനെ മുന്നണിയിൽ വെച്ചുപൊറുപ്പിക്കില്ല.’’ ആ ലീഗിന്റെ നേതാക്കളുണ്ടായിരുന്നു വേദിയിൽ. പോവാൻ പറയുകയാണ് എന്ന് അവർക്ക് തോന്നി. അവർ അതിനൊരുങ്ങി. 1985 ആഗസ്റ്റ് മൂന്നിന് രണ്ടു ലീഗുകളും പരസ്പരം ലയിച്ചു. അഖിലേന്ത്യാ ലീഗ് ഐക്യജനാധിപത്യ മുന്നണിയിലെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൽ അലിഞ്ഞുചേർന്നു.
1994 ഫെബ്രുവരി ആറിന് ഡൽഹിയിൽ വെച്ച് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പിന്നെയുമൊന്ന് പിളർന്നു. അന്ന് രൂപംകൊണ്ട ഐ.എൻ.എല്ലിന്റെ ഒരു ശകലം ഇപ്പോൾ എൽ.ഡി.എഫിലുണ്ടല്ലോ. അതിന്റെ കഥയല്ല ലീഗിന്റെ ഇടതുചരിത്രം. അതൊരു തമാശമാത്രം!
(അവസാനിച്ചു)