ലീഗിന്റെ ഇടതു ചരിത്രം
1966ലാണ്. ആഗസ്റ്റ് മാസത്തിൽ. ഒരു രാത്രിയിലാണ്. കോഴിക്കോട് നഗരത്തിലെ കോർട്ട് റോഡിൽ. ‘ദേശാഭിമാനി’ പ്രസിന് എതിർവശത്തുള്ള കരിയാടൻ വില്ലയിൽ. ഒമ്പതുമണി കഴിഞ്ഞപ്പോൾ ബിരിയാണിയുടെ മണം പരന്നു. ആ ബംഗ്ലാവിൽ അത് പതിവാണ്. വീട്ടുകാരൻ ആതിഥേയ മര്യാദക്ക് പേരുകേട്ടയാളാണ്. അന്നാണെങ്കിൽ സാധാരണ വരാത്ത ചില അതിഥികളുണ്ട്. നിത്യേനയെന്നോണം വരുന്നവരുമുണ്ട്. രണ്ടുകൂട്ടരും അകത്തെ മുറിയിലിരുന്ന് ഗൗരവമുള്ളൊരു കാര്യം സംസാരിക്കുകയാണ്. അപ്പോഴാണ് തീൻമുറിയിലെ...
Your Subscription Supports Independent Journalism
View Plans1966ലാണ്. ആഗസ്റ്റ് മാസത്തിൽ. ഒരു രാത്രിയിലാണ്. കോഴിക്കോട് നഗരത്തിലെ കോർട്ട് റോഡിൽ. ‘ദേശാഭിമാനി’ പ്രസിന് എതിർവശത്തുള്ള കരിയാടൻ വില്ലയിൽ. ഒമ്പതുമണി കഴിഞ്ഞപ്പോൾ ബിരിയാണിയുടെ മണം പരന്നു. ആ ബംഗ്ലാവിൽ അത് പതിവാണ്. വീട്ടുകാരൻ ആതിഥേയ മര്യാദക്ക് പേരുകേട്ടയാളാണ്. അന്നാണെങ്കിൽ സാധാരണ വരാത്ത ചില അതിഥികളുണ്ട്. നിത്യേനയെന്നോണം വരുന്നവരുമുണ്ട്. രണ്ടുകൂട്ടരും അകത്തെ മുറിയിലിരുന്ന് ഗൗരവമുള്ളൊരു കാര്യം സംസാരിക്കുകയാണ്. അപ്പോഴാണ് തീൻമുറിയിലെ മേശയിൽ ആവിപറക്കുന്ന മീൻ ബിരിയാണി നിരന്നത്. അതിന്റെ ഗന്ധമാണ് ചർച്ചാമേശയിലേക്ക് പടർന്നത്.
ചർച്ച മുറിഞ്ഞു. ഒരാൾ ശബ്ദമുയർത്തി. ‘‘നിൽക്കട്ടെ, ഇനി നമുക്ക് ഇതങ്ങ് കഴിക്കാം, എന്നിട്ടാകാം ചർച്ച.’’ പറഞ്ഞയാൾ ആദ്യമെഴുന്നേറ്റു. അതോടെ, പൊട്ടിച്ചിരിയായി. കാരണം, അത് ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു.
അസാധാരണ അതിഥികൾ ഇ.എം.എസും സഖാക്കളുമായിരുന്നു. സി.പി.എം നേതാക്കൾ. നിത്യേന വരുന്നവർ മുസ്ലിം ലീഗ് നേതാക്കളാണ്. ബാഫഖി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയുമെല്ലാം. കരിയാടൻ വില്ല ബി.വി. അബ്ദുല്ല കോയയുടെ വീടാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. സഖ്യമുണ്ടാക്കാനുള്ള ചർച്ചയാണ്. ‘‘ബിരിയാണിയുടെ സ്വാധീനംകൊണ്ടാണെന്ന് പറയരുത്. പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെട്ടു. മന്ത്രിസഭയിൽ മുസ്ലിം ലീഗിന് മാന്യമായ പ്രാതിനിധ്യമുണ്ടാകും. പി.എസ്.സിയിൽ ഒരു മുസ്ലിം മെംബറെ നിയമിക്കും. ഹൈകോടതിയിൽ ഒരു മുസ്ലിം ജഡ്ജിയെ നിയമിക്കാൻ നടപടി സ്വീകരിക്കും. സപ്തകക്ഷി മുന്നണിയിലേക്ക് മുസ്ലിം ലീഗിന് പ്രവേശം അതോടെ സുഗമമായി’’ എന്നാണ് മുസ്ലിം ലീഗിന്റെ ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വാധീനം ചെലുത്തിയാലും ഇല്ലെങ്കിലും ബിരിയാണി ആ മുന്നണിയിൽ ഒരു ചേരുവയായിരുന്നു. മറ്റൊരിക്കൽ നട്ടപ്പാതിരക്ക് കരിയാടൻ വില്ലയിൽ ചർച്ചക്കാർ കയറിച്ചെന്നു. കുറേ കഴിഞ്ഞപ്പോഴാണ് വീട്ടുകാരന് മനസ്സിലായത്, വന്നവർ ഭക്ഷണം കഴിച്ചിട്ടില്ലെന്ന്. അദ്ദേഹം ഭക്ഷണമൊരുക്കാൻ തുനിഞ്ഞു. സി.എച്ച് ‘‘എനിക്ക് കഞ്ഞി മതി’’എന്നു പറഞ്ഞു. അപ്പോൾ ഇ.എം.എസ് വീറ്റോ ചെയ്തു എന്നാണ് ചരിത്രം. ‘‘എനിക്ക് മീൻബിരിയാണി മതി.’’ രാഷ്ട്രീയസഖ്യംപോലെ പെട്ടെന്ന് ഉണ്ടാക്കാനാവുന്നതല്ല മീൻ ബിരിയാണി എന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ.
ആ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടക്കാണ് ഇ.എം.എസിനോട് സി.എച്ച് പറഞ്ഞത് ‘‘ഞങ്ങളോടൊപ്പം നടക്കണമെങ്കിൽ നല്ല സഹനശക്തിയും നല്ല ദഹനശക്തിയും വേണം’’ എന്ന്. കാരണം, സ്വീകരണസ്ഥലത്തെല്ലാം വിഭവസമൃദ്ധമായ ഭക്ഷണം ഉറപ്പാണ്. അത് അങ്ങനെയൊരു കാലം. സപ്തകക്ഷി മുന്നണിയുടെ കാലം. 1967-’69 കാലം.
സ്വാതന്ത്ര്യത്തിനുശേഷം മുസ്ലിം ലീഗിന് മന്ത്രിസ്ഥാനം കിട്ടുന്നത് കമ്യൂണിസ്റ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കിയപ്പോഴാണ്. രാജ്യം വിഭജിക്കപ്പെടുമ്പോൾ സർവേന്ത്യാ മുസ്ലിം ലീഗിന് ഭരണത്തിൽ പങ്കാളിത്തമുണ്ട്. ഇടക്കാല ഗവൺമെന്റിൽ കോൺഗ്രസിന്റെ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയാണ്. മുസ്ലിം ലീഗിന്റെ ലിയാഖത്ത് അലിഖാൻ ധനമന്ത്രിയും. അക്കാലത്ത് ഏഴ് സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗിന് ഭരണ പങ്കാളിത്തമുണ്ടായിരുന്നു. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. 1947 ആഗസ്റ്റ് 15ന് ശേഷം പുതിയൊരു രാഷ്ട്രീയയുഗമാണ്. ഇപ്പോൾ സർവേന്ത്യാ മുസ്ലിം ലീഗില്ല. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗാണ്. അതിന്റെ രാഷ്ട്രീയ വഴികളിലെ പങ്കാളി കോൺഗ്രസ് മാത്രമല്ല. സോഷ്യലിസ്റ്റ് പാർട്ടികളും കമ്യൂണിസ്റ്റ് പാർട്ടികളുമുണ്ട്. മുസ്ലിം ലീഗിന് ഒരു ഇടതുപക്ഷ ചരിത്രമുണ്ട്. അത് മറച്ചുവെച്ചാൽ മാഞ്ഞുപോകുന്നതല്ല.
മദിരാശിയിലും മലബാറിലും
സർവേന്ത്യാ മുസ്ലിം ലീഗിന്റെ പ്രവർത്തനം 1947 ജൂൺ രണ്ടാം വാരത്തിൽ നിർത്തിവെച്ചതാണ്. പിന്നീട് ആ വർഷം നവംബർ 10ന് ബംഗാളിലെ പ്രമുഖ നേതാവായ ഹുസൈൻ ശഹീദ് സുഹ്റവർദി മുൻകൈയെടുത്ത് ഒരു കൺവെൻഷൻ വിളിച്ചുകൂട്ടി. കൽക്കത്തയിൽ. പ്രവർത്തനരഹിതമായ സാഹചര്യത്തിൽ മുസ്ലിം ലീഗ് പിരിച്ചുവിടുക എന്നതായിരുന്നു സംഘാടകരുടെ ലക്ഷ്യം. എന്നാൽ, മദിരാശി സംസ്ഥാനത്തുനിന്നെത്തിയ രണ്ടു പ്രതിനിധികൾ എതിർത്തു. മുഹമ്മദ് ഇസ്മാഈൽ സാഹിബും കെ.എം. സീതി സാഹിബുമായിരുന്നു അത്. മരവിപ്പിച്ച ജനറൽ കൗൺസിൽ വിളിച്ചുകൂട്ടണമെന്ന് ലീഗ് പ്രസിഡന്റിനോട് അഭ്യർഥിക്കുന്ന പ്രമേയമാണ് അന്നവിടെ പാസായത്. അതിന്റെ അടിസ്ഥാനത്തിലാണ് 1947 ഡിസംബർ 15ന് കറാച്ചിയിൽ ജനറൽ കൗൺസിൽ ചേർന്നത്. ആ യോഗത്തിൽ വെച്ച് പാർട്ടിയെ പാകിസ്താൻ മുസ്ലിം ലീഗ് എന്നും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്നും രണ്ടായി വിഭജിച്ചു. പാകിസ്താൻ മുസ്ലിം ലീഗിന്റെ കൺവീനറായി ലിയാഖത്ത് അലിഖാനെ നിശ്ചയിച്ചു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ കൺവീനറായി മുഹമ്മദ് ഇസ്മാഈൽ സാഹിബിനെയും. അദ്ദേഹവും സീതി സാഹിബും കറാച്ചി കൗൺസിൽ യോഗത്തിലും പങ്കെടുത്തിരുന്നു. അതിന്റെയൊക്കെ തുടർച്ചയായാണ് 1948 മാർച്ച് 10ന് മദിരാശിയിൽ യോഗം ചേരുന്നത്. അങ്ങനെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ പ്രവർത്തനം ആരംഭിച്ചു.
വിഭജനക്കരാറിൽ ഒന്നാം കക്ഷിയായി ഒപ്പുവെച്ചത് കോൺഗ്രസാണ്. അതിന്റെ നേതാക്കളാണ്. പിന്നാലെയാണ് ലീഗ് നേതാക്കൾ ഒപ്പുവെക്കുന്നത്. പക്ഷേ, വിഭജനത്തിന്റെ കുറ്റഭാരം എപ്പോഴും ഇറക്കിവെക്കുന്നത് ലീഗിന്റെ ചുമലിലാണ്. സർവേന്ത്യാ മുസ്ലിം ലീഗിനെ ചരിത്രത്തിലേക്ക് തള്ളി സ്വതന്ത്ര ഇന്ത്യയിൽ പുതിയ പാർട്ടിയുണ്ടാക്കിയിട്ടും ഇത് തുടർന്നു. 1948 മാർച്ചിൽ ആദ്യത്തെ യോഗം ചേരാൻ മദിരാശിയിൽ ഒരു ഹാൾ കിട്ടാൻതന്നെ ഏറെ കഷ്ടപ്പെട്ടു. ഇപ്പോഴത്തെ രാജാജി ഹാളിന്റെ അന്നത്തെ പേര് ബാങ്ക്വിറ്റ് ഹാൾ എന്നാണ്. മദിരാശി സർക്കാറിന്റെ അധീനതയിലാണ്. മദിരാശി നിയമസഭയിലെ മുസ്ലിം ലീഗ് അംഗങ്ങൾ കൂട്ടമായി അപേക്ഷ സമർപ്പിച്ചപ്പോഴാണ് ആഭ്യന്തരമന്ത്രി സുബ്ബയ്യൻ ഹാൾ അനുവദിച്ചത്. അതുതന്നെ ഒരു ഉപാധിയോടെയാണ്. മുസ്ലിം ലീഗ് പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കണമെന്ന ഉപാധിയോടെ. അതേതായാലും പാസായില്ല. പ്രവർത്തനം ഊർജിതമാക്കാൻ കമ്മിറ്റി രൂപവത്കരിക്കുകയാണ് ചെയ്തത്.
പക്ഷേ, പ്രവർത്തിക്കാൻ എളുപ്പമായിരുന്നില്ല. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് രൂപവത്കരിച്ച് ഏറെ കഴിയുംമുമ്പ് ഹൈദരാബാദ് നടപടി ആരംഭിച്ചു. ഇന്ത്യയിൽ ലയിക്കാനില്ലെന്ന് പറഞ്ഞ ഹൈദരാബാദിനെ ലയിപ്പിക്കാനുള്ള സായുധ നടപടി. നടപടി മൂന്നുദിവസംകൊണ്ട് അവസാനിച്ചു. ഹൈദരാബാദ് ഇന്ത്യയിൽ ലയിച്ചു. നടപടിയെ ലീഗ് സ്വാഗതം ചെയ്തു. ‘‘ബോംബെയും മദിരാശിയും ഏതുപോലെ ഇന്ത്യയുടെ ഭാഗമാണോ അതുപോലെ ഹൈദരാബാദും ഇന്ത്യയുടെ ഭാഗമാണ്’’ എന്ന് ലീഗ് പ്രസിഡന്റ് ഇസ്മാഈൽ സാഹിബ് പ്രസ്താവനയിറക്കി. എന്നിട്ടൊന്നും കോൺഗ്രസ് മന്ത്രിമാരുടെ ഈറ അടങ്ങിയില്ല. മുസ്ലിം ലീഗ് നേതാക്കളെ പിടികൂടി കരുതൽതടങ്കലിൽ വെച്ചു. അതു പേടിച്ച് ആളുകൾ കൂട്ടംകൂട്ടമായി ലീഗ് വിട്ടു. ലീഗല്ലാത്തവർ ലീഗല്ലാ എന്ന് പരസ്യം കൊടുക്കാൻ പത്രമാപ്പീസുകളിലേക്ക് പാഞ്ഞു. മദിരാശിയിലും ആന്ധ്രയിലും മാത്രമൊന്നുമല്ല. മലബാറിലും മഞ്ചേരിയിലുമൊക്കെ. അതങ്ങനെയൊരു കാലം. ഹൈദരാബാദ് ആക്ഷന്റെ കാലം.
ആ ഗ്രഹണം പക്ഷേ, അധികം നീണ്ടുനിന്നില്ല. 1952ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പു വന്നല്ലോ. മദിരാശി നിയമസഭയിൽ കോൺഗ്രസിന് കഷ്ടി ഭൂരിപക്ഷം കിട്ടിയിരുന്നു. ആരെങ്കിലുമൊന്ന് താങ്ങിയാൽ ഇരിക്കാൻ മാത്രമുള്ള ഭൂരിപക്ഷം. രാജാജിയെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത്. ഗവർണർ ജനറലും ഗവർണറുമൊക്കെയായി തിരിച്ചെത്തിയ മഹാനേതാവിനെ. പക്ഷേ, ഭൂരിപക്ഷം പോരാ. മുസ്ലിം ലീഗിന് അഞ്ച് എം.എൽ.എമാരുണ്ട്. മലബാറിൽ കോൺഗ്രസിനോട് സകലവിധേനയും മത്സരിച്ച് നിയമസഭയിൽ എത്തിയവരാണ്. അവരുടെ പിന്തുണ രാജാജി ചോദിച്ചു. തിരൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ. ഉപ്പി സാഹിബാണ് ലീഗിന്റെ നിയമസഭാകക്ഷി നേതാവ്. ലീഗ് കോൺഗ്രസ് മുഖ്യമന്ത്രി രാജാജിക്ക് പിന്തുണ കൊടുത്തു. പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പു വന്നു. ലീഗിന് അഞ്ച് എം.എൽ.എമാരേ ഉള്ളൂവെങ്കിലും മറ്റു ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ പ്രസിഡന്റ് ഇസ്മാഈൽ സാഹിബിനെ പാർലമെന്റിൽ എത്തിക്കാൻ കഴിഞ്ഞു. താമസിയാതെ കർണാടക, ബംഗാൾ, ബോംബെ തുടങ്ങി പല സംസ്ഥാനങ്ങളിലും ജനപ്രതിനിധികളുണ്ടായി. ലീഗ് സ്വതന്ത്ര ഇന്ത്യയിൽ സാന്നിധ്യം പ്രകടമാക്കി.
മലബാറിൽ ലീഗ് അതിവേഗം വേരാഴ്ത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരിഗണിക്കപ്പെടുന്ന ശക്തിയായി മാറി. 1949ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പിൽ ലീഗിന് ഏഴ് സീറ്റ് ലഭിച്ചു. കോൺഗ്രസിനാണ് ഭൂരിപക്ഷം. ഒരംഗത്തിന്റെകൂടി പിന്തുണ കിട്ടിയാൽ ലീഗിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടും. സോഷ്യലിസ്റ്റ് പാർട്ടിക്ക് ഒരംഗമാണുള്ളത്. അത് പാർട്ടിയുടെ പ്രമുഖ നേതാവാണ്. കൂത്തുപറമ്പിൽനിന്ന് ജയിച്ച കെ.ഒ. നമ്പ്യാർ. ‘‘പിന്തുണക്ക് ലീഗ് സോഷ്യലിസ്റ്റ് പാർട്ടിയെ സമീപിച്ചു. പാർട്ടി അനുവദിക്കുകയും മുസ്ലിം ലീഗിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുകയും ചെയ്തു. ഇതോടെ സോഷ്യലിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗുമായി ഒരു രാഷ്ട്രീയസഖ്യം ഉരുത്തിരിഞ്ഞു വന്നു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി മുസ്ലിം ലീഗുമായി സഖ്യം ഉണ്ടാക്കുന്ന ദേശീയ രാഷ്ട്രീയകക്ഷി സോഷ്യലിസ്റ്റ് പാർട്ടിയാണ്’’ എന്ന് ‘സോഷ്യലിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സഖ്യത്തെ സോഷ്യലിസ്റ്റ് നേതാക്കൾ ശക്തിയുക്തം ന്യായീകരിക്കുകയും ചെയ്തു. ‘‘മുസ്ലിംകൾ ഒരു ജാതിയല്ല, അവർ ഇവിടത്തെ താണ വർഗമാണ്’’ എന്നായിരുന്നു ഡോ. കെ.ബി. മേനോൻ വിശദീകരിച്ചത്.
ആ തെരഞ്ഞെടുപ്പിന് പിന്നാലെയാണല്ലോ മദിരാശി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു വന്നത്. 1952ൽ. ലീഗിന് അഞ്ച് എം.എൽ.എമാർ. അവർ രാജാജിക്ക് പിന്തുണ കൊടുത്തതും ലീഗ് പ്രസിഡന്റ് രാജ്യസഭയിലെത്തിയതും പറഞ്ഞു. അതിനും പിന്നാലെ 1954ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് പിന്നെയും തെരഞ്ഞെടുപ്പ്, ആന്ധ്രയിലും തിരുകൊച്ചിയിലും നിയമസഭ തെരഞ്ഞെടുപ്പുമുണ്ട്. അതേകാലത്താണ് മലബാറിൽ ഡിസ്ട്രിക്ട് തെരഞ്ഞെടുപ്പ്.
ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി അടിത്തറ ഉറപ്പിച്ചു. 48 അംഗങ്ങളാണ് ബോർഡിൽ. കമ്യൂണിസ്റ്റ് പാർട്ടിക്ക് 18 സീറ്റു കിട്ടി. കോൺഗ്രസിന് 15. സോഷ്യലിസ്റ്റ് പാർട്ടിക്ക് ഒരംഗമേ ഉള്ളൂ. മുസ്ലിം ലീഗിന് എട്ടു പേരുണ്ട്. പിന്നെ കുറേ സ്വതന്ത്രരാണ്. പി.ടി. ഭാസ്കര പണിക്കരെ അധ്യക്ഷനാക്കി കമ്യൂണിസ്റ്റ് പാർട്ടി മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരിച്ചു. കാലാവധി തികയുവോളവും. കോൺഗ്രസുകാരല്ലാതെ ആരും അലോസരമുണ്ടാക്കിയില്ല. ‘‘തിരുകൊച്ചിയിലെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളോട് മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പ് ഫലങ്ങൾ കൂട്ടിവായിച്ചാൽ ദൃഷ്ടിപഥത്തിൽ എത്തിനിൽക്കുന്ന കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ ബലാബലങ്ങളുടെ നഖചിത്രം തെളിഞ്ഞുകാണാമായിരുന്നു’’ എന്നാണ് ലീഗിന്റെ ചരിത്രകാരനായ എം.സി. വടകര രേഖപ്പെടുത്തിയിട്ടുള്ളത്. വെറും വിശകലനമല്ലത്. മുന്നോട്ട് ചൂണ്ടുന്ന വിരലാണ്.
ഡിസ്ട്രിക്ട് ബോർഡിന് അകത്തെ ചിത്രമാണ് പ്രധാനം. ‘‘ലീഗ് പാർട്ടി ലീഡറായി മൊയ്തീൻകുട്ടി എന്ന ബാവഹാജി തെരഞ്ഞെടുക്കപ്പെട്ടു. മലബാറിലുടനീളം കാണുന്ന ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ബാവഹാജിയുടെ പ്രഗല്ഭമായ നേതൃത്വത്തിലായിരുന്നു. പ്രതിപക്ഷത്തായിട്ടും അദ്ദേഹം പതിപ്പിച്ച വികസനമുദ്രകൾ എക്കാലത്തും മലബാറിന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. പ്രശാന്തചിത്തനും സൗമ്യശീലനുമായ പി.ടി. ഭാസ്കരപ്പണിക്കർ ബാവഹാജിയുടെ പ്രവർത്തനങ്ങൾക്ക് പിന്നണിയായി നിന്നു’’ എന്നാണ് ലീഗ് ഭാഷ്യം. മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയിൽ എന്ന പുസ്തകത്തിലാണ് ഈ വിലയിരുത്തലുള്ളത്.
അതെങ്ങനെ സാധിച്ചൂ, എന്നല്ലേ? പ്രതിപക്ഷത്തിരിക്കുന്ന ലീഗിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കമ്യൂണിസ്റ്റുകാരനായ ബോർഡ് പ്രസിഡന്റിന്റെ പിന്തുണ! അതിന്റെ രഹസ്യം ഇ.എം.എസ് വെളിപ്പെടുത്തിയിട്ടുണ്ട് ‘കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ’ എന്ന പുസ്തകത്തിൽ. ‘‘മുസ്ലിം ലീഗുകാർ ഈ ബോർഡിൽ അംഗീകരിച്ച സമീപനം ഭാവി കേരളരാഷ്ട്രീയത്തിലേക്ക് വെളിച്ചംവീശുന്ന ഒരു സംഭവമാണ്. യാഥാസ്ഥിതിക മുസ്ലിം പ്രമാണിമാരുടെ പ്രാതിനിധ്യം വഹിക്കുന്ന ലീഗ് നേതാക്കൾക്ക് കമ്യൂണിസ്റ്റുകാരോട് യാതൊരു അനുഭാവവും ഇല്ലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും ബോർഡിനകത്തെ പ്രവർത്തനത്തിൽ കമ്യൂണിസ്റ്റുകാരുമായി തികച്ചും സഹകരിച്ചുകൊണ്ടുള്ള സമീപനമാണ് അവർ അംഗീകരിച്ചത്. യാഥാർഥ്യം പറയുകയാണെങ്കിൽ, ലീഗ്-കമ്യൂണിസ്റ്റ് ബന്ധം സഹകരണാത്മകമായിത്തീർന്ന ആദ്യത്തെ ഉദാഹരണമായിരുന്നു അത്.’’
ലീഗ്-കമ്യൂണിസ്റ്റ് സഹകരണത്തിന്റെ ആദ്യ ഉദാഹരണം 1954ലാണ് കാണുന്നത്. 1957നും ഐക്യ കേരളത്തിനും മുമ്പേ അതുണ്ട് എന്നർഥം. അവിടെ തുടങ്ങുന്നതാണ് ലീഗിന്റെ ഇടതു ചരിത്രം.
ഐക്യ കേരളവും ഐക്യ മുന്നണികളും
അങ്ങനെയങ്ങനെ ഐക്യ കേരളത്തിൽ എത്തിയല്ലോ. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മലബാർ മദിരാശി സംസ്ഥാനത്താണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപംകൊള്ളും വരെയും അങ്ങനെ തുടർന്നു. നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും 1949ൽ ലയിച്ച് തിരു- കൊച്ചിയായിട്ടുണ്ട്. മദിരാശിയിൽനിന്ന് വേർപെടുത്തിയെടുത്ത മലബാറിനെ തിരു- കൊച്ചിയുമായി ചേർത്താണ് ഐക്യ കേരളമുണ്ടാക്കിയത്. 1956 നവംബർ ഒന്നിന്.
ആന്ധ്രയിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബി. രാമകൃഷ്ണറാവു ഗവർണറായി വന്നു. താമസിയാതെ തെരഞ്ഞെടുപ്പും വന്നു. 1957 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഘട്ടംഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ തെരഞ്ഞെടുപ്പിൽതന്നെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മുന്നണികൾ രൂപവത്കരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ ഒരു ഭാഗത്ത് ചർച്ച തുടങ്ങി. കോൺഗ്രസും ലീഗും തമ്മിൽ മറ്റൊരു ഭാഗത്ത്. എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷകനായി എത്തിയ എസ്.കെ. പാട്ടീലും പനമ്പിള്ളി ഗോവിന്ദമേനോനുമാണ് ലീഗ് നേതാക്കളുമായി ചർച്ചക്ക് തുടക്കം കുറിച്ചത്. 1956 ഡിസംബർ 20ന് എറണാകുളത്ത് കെ.എം. സീതിസാഹിബിന്റെ വീട്ടിൽവെച്ചായിരുന്നു ആദ്യവട്ടം. ചർച്ചയുടെ വിവരങ്ങളൊക്കെ പത്രങ്ങളിലും വരുന്നുണ്ട്. പിന്നീട് പനമ്പിള്ളിയും കെ.എ. ദാമോദര മേനോനുമൊക്കെ ചർച്ച മുന്നോട്ടു കൊണ്ടുപോയി. ലീഗ് നേതാക്കൾ അവരുടെ വ്യവസ്ഥകൾ എഴുതിക്കൊടുത്തു. കോൺഗ്രസ് നേതാക്കൾ വാങ്ങിക്കൊണ്ടുപോയി. ഇന്ദോറിൽ എ.ഐ.സി.സി സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ലീഗ് വ്യവസ്ഥകൾ അവിടെ അവതരിപ്പിച്ച് സമ്മതം വാങ്ങും എന്നൊക്കെയായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. പക്ഷേ, എ.ഐ.സി.സി പച്ചക്കൊടി കാട്ടിയില്ല. തിരിച്ചുവന്ന കോൺഗ്രസ് നേതാക്കൾ അങ്ങനെയൊരു ചർച്ച ഉണ്ടായിട്ടേയില്ല എന്ന് പ്രസ്താവനയിറക്കി. ‘‘കോൺഗ്രസും ലീഗും ഒരു തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള നിർദേശമോ ചർച്ചകളോ ഇവിടെവെച്ചോ, ഇന്ദോറിൽവെച്ചോ ഉണ്ടായിട്ടില്ല’’ എന്നായിരുന്നു പനമ്പിള്ളിയുടെ പ്രസ്താവന. അതും പത്രങ്ങളിൽ വന്നു!
പി.എസ്.പിയും (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ഒടുവിൽ ലീഗും പി.എസ്.പിയും തമ്മിലാണ് സഖ്യമുണ്ടായത്. പി.എസ്.പിയുടെ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി ഡോക്ടർ കെ.ബി. മേനോനും കെ.എം. സീതി സാഹിബും 1957 ജനുവരി 15ന് കരാർ ഒപ്പിട്ടു. അവർ ഒരുമിച്ചു മത്സരിച്ചു. ‘‘മലബാർ പ്രദേശത്തെ മുസ്ലിം ലീഗ് കേരളസംസ്ഥാനത്താകെ വ്യാപിക്കുന്നതിനുവേണ്ടി ഒരു സ്വതന്ത്ര പാർട്ടിയെന്ന നിലക്ക് സ്വന്തം സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ചു. അതിന് പി.എസ്.പിയുടെ പിന്തുണയുണ്ടായിരുന്നു. മലബാർ പ്രദേശത്ത് കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ സഹായിച്ച ഒരു സംഭവവികാസമാണിത്’’ എന്നാണ് ഇ.എം.എസ് പിന്നീട് ഇതിനെ വിലയിരുത്തിയിട്ടുള്ളത്.
അതേസമയം തന്നെ, സ്വന്തം ശക്തി വർധിപ്പിക്കാൻ ഒരടവുനയം കമ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ടു. മുസ്ലിം ലീഗിന് ശക്തിയുള്ള മണ്ഡലങ്ങളിലെല്ലാം ലീഗിന് സ്വീകാര്യരായ സ്വതന്ത്രസ്ഥാനാർഥികളെയാണ് കമ്യൂണിസ്റ്റ് പാർട്ടി മത്സരിപ്പിച്ചത്. 127 അംഗസഭയിൽ 60 സീറ്റ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടി. അഞ്ച് സ്വതന്ത്രരും ജയിച്ചു. ‘‘ഈ അഞ്ച് സ്വതന്ത്രന്മാരിൽ വി.ആർ. കൃഷ്ണയ്യർ (തലശ്ശേരി) ഡോക്ടർ എ.ആർ. മേനോൻ (പാലക്കാട്) എന്നിവർക്ക് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടായിരുന്നു’’ എന്നാണ് ലീഗ് ചരിത്രരേഖകൾതന്നെ പറയുന്നത്. അതായത് ഐക്യകേരളം കണ്ട ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ മുസ്ലിം ലീഗ് സഹായിച്ചതും മുസ്ലിം ലീഗിനെ സഹായിച്ചതും ഇടതുപക്ഷ പാർട്ടികളാണെന്ന് വ്യക്തം. അന്ന് കോൺഗ്രസ് പ്രകടമായി ശത്രുപക്ഷത്താണ്.
1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ അധികാരത്തിൽ വന്നു. അഞ്ചു സ്വതന്ത്രരിൽ മൂന്നു പേർ മന്ത്രിമാരാണ്. കണക്കുപറഞ്ഞാൽ, അതിൽ രണ്ടു പേർ ലീഗ് പിന്തുണയോടെ ജയിച്ചവരാണ്. വി.ആർ. കൃഷ്ണയ്യരും ഡോ. എ. ആർ. മേനോനും. പക്ഷേ, തുടക്കം മുതൽ ലീഗിന് പ്രതിപക്ഷസ്വരമായിരുന്നു. സി.എച്ചിന്റെ നിയമസഭാ പ്രസംഗത്തെപ്പറ്റി ‘മാതൃഭൂമി’ പത്രം എഴുതി: ‘‘ മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസംഗങ്ങൾ അസംബ്ലി അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാറുണ്ട്. മദിരാശി അസംബ്ലിയിൽ സീതി സാഹിബ് ചെയ്യാറുണ്ടായിരുന്ന മനോഹര പ്രസംഗങ്ങളെ കോയയുടെ പ്രസംഗങ്ങൾ അനുസ്മരിപ്പിക്കാറുണ്ട്. കമ്യൂണിസ്റ്റ് വിരോധ പ്രകടനമാണ് അതിന്റെ സ്വഭാവമെങ്കിലും ശീല് രസമുള്ളതാണ്.’’ ഏപ്രിലിൽ സർക്കാർ വന്നിട്ടേയുള്ളൂ. ജൂണിലാണ് മാതൃഭൂമിയിൽ ഈ വിലയിരുത്തൽ.
പോകപ്പോകെ സഭക്ക് അകത്തും പുറത്തും കമ്യൂണിസ്റ്റ് വിരോധ പ്രകടനം കൂടിയല്ലോ. സർക്കാറിന്റെ ഭൂ നയവും വിദ്യാഭ്യാസ നയവും വലിയ എതിർപ്പ് വിളിച്ചുവരുത്തി. ക്രിസ്ത്യൻസഭാ അധ്യക്ഷന്മാരും എൻ.എസ്.എസ് നേതൃത്വവുമെല്ലാം സമരത്തിനിറങ്ങി. വിമോചന സമരം ആരംഭിച്ചു. പിന്നാലെ ലീഗും അതിൽ ചേർന്നു.
സമുദായ സംഘടനകളുടെ താൽപര്യം കണക്കിലെടുത്താണല്ലോ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികളെ നിർത്തിയത്. അഞ്ച് സ്വതന്ത്രരിൽ ലീഗിന്റെ മാത്രമല്ല, എൻ.എസ്.എസിന്റെ ഇഷ്ടക്കാരനും ഉണ്ടായിരുന്നു. ചങ്ങനാശ്ശേരിയിൽ മത്സരിച്ച കല്യാണകൃഷ്ണൻ നായർ. എന്നിട്ടും സമുദായ സംഘടനകൾ പോരിനുചെന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് സഹിച്ചില്ല. അവർ സമുദായങ്ങളിലേക്ക് ഇറങ്ങിക്കളിക്കാൻ തീരുമാനിച്ചു!
കമ്യൂണിസ്റ്റുകാരുടെ പ്രോഗ്രസിവ് ലീഗ്
മുസ്ലിം ലീഗ് കമ്യൂണിസ്റ്റ് വിരുദ്ധപാതയിലാണെന്ന് കണ്ടപ്പോൾ മുസ്ലിം സമുദായത്തിന് അകത്തേക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം വഴിവെട്ടി നോക്കി. സ്വന്തമായി ഒരു മുസ്ലിംലീഗുണ്ടാക്കി. അതാണ് പ്രോഗ്രസിവ് മുസ്ലിം ലീഗ്.
വാഗ്മിയെന്ന് പേരെടുത്ത എടശ്ശേരി മൗലവിയായിരുന്നു പ്രോഗ്രസിവ് മുസ്ലിം ലീഗിന്റെ പ്രസിഡന്റ്. ഖുർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഖ്യാതിയുമുണ്ട് മൗലവിക്ക്. കൊല്ലത്തെ അഭിഭാഷകനായ പ്രാക്കുളം മുഹമ്മദ്കുഞ്ഞി സെക്രട്ടറിയായി. മുൻ ലീഗുകാരനായ മുഹമ്മദ്കുഞ്ഞി മഞ്ചേരിയിലേക്ക് താമസം മാറി. മുസ്ലിം ലീഗിൽനിന്ന് പിണങ്ങിനിൽക്കുകയായിരുന്ന പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. തങ്ങൾ പാലക്കാട് ജില്ലയിലെ പ്രോഗ്രസിവ് പ്രസിഡന്റായി. ‘ദേശാഭിമാനി’ അസിസ്റ്റന്റ് എഡിറ്ററായ കെ.പി. മുഹമ്മദ് കോയ, കേയി കുടുംബാംഗമായ താനൂരിലെ അഡ്വ. സി.പി. മുഹമ്മദ്, പിരിച്ചുവിട്ട തിരു-കൊച്ചി മുസ്ലിംലീഗിന്റെ സെക്രട്ടറിയായിരുന്ന തിരുവനന്തപുരത്തെ അഡ്വ. കെ.പി. ആലിക്കുഞ്ഞ് തുടങ്ങിയവരൊക്കെ സംസ്ഥാന സമിതിയിലുണ്ടായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങളായ മുസ്ലിം കേഡർമാരെ പ്രോഗ്രസിവ് മുസ്ലിം ലീഗിലേക്ക് െഡപ്യൂട്ടേഷനിൽ അയച്ചു. അധ്യാപക സംഘടനാരംഗത്ത് പ്രവർത്തിച്ചിരുന്ന തന്നോട് പ്രോഗ്രസിവ് ലീഗിലേക്ക് മാറാൻ പാർട്ടി ജില്ലാ സെക്രട്ടറി ഇ.കെ. ഇമ്പിച്ചിബാവയും താലൂക്ക് സെക്രട്ടറി ഇ.പി. ഗോപാലനുമാണ് ആവശ്യപ്പെട്ടതെന്ന് പുത്തൂർ മുഹമ്മദ് ആത്മകഥയിൽ പറയുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ പ്രസിദ്ധീകരിച്ച ‘വിദ്യാലോകം’ മാസികയിൽ പണിയാരംഭിച്ച പുത്തൂർ മുഹമ്മദ് ഒടുവിൽ പത്രപ്രവർത്തന രംഗത്ത് കാലുറപ്പിക്കുകയാണുണ്ടായത്.
പ്രോഗ്രസിവ് മുസ്ലിം ലീഗിന്റെ നയപ്രഖ്യാപന രേഖ തയാറാക്കിയത് പുത്തൂർ മുഹമ്മദിന്റെ നേതൃത്വത്തിലാണ്. ‘എന്താണ് വർഗീയത’ എന്ന തലക്കെട്ടിൽ നാലു പേജുള്ള ലഘുലേഖയായിരുന്നു നയപ്രഖ്യാപന രേഖ. സമുദായത്തിൽ ബഹുഭൂരിപക്ഷമുള്ള കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങളല്ല മുസ്ലിം ലീഗ് സംരക്ഷിക്കുന്നതെന്ന് ആ രേഖ കുറ്റപ്പെടുത്തി. ലഘുലേഖയുടെ ആയിരക്കണക്കിന് കോപ്പികൾ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരാണ് വിതരണം ചെയ്തത്.
വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടല്ലോ. പിന്നാലെവന്ന തെരഞ്ഞെടുപ്പിൽ പ്രോഗ്രസിവ് ലീഗ് നേതാക്കളിൽ ചിലർ കമ്യൂണിസ്റ്റ് സ്വതന്ത്രരായി മത്സരിച്ചു. കെ.പി തങ്ങൾ അങ്ങനെ മങ്കടയിലാണ് മത്സരിച്ചത്. തങ്ങൾ പരാജയപ്പെട്ടെങ്കിലും വോട്ട് കൂടിയിരുന്നു. 1957ൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി രാഘവപിഷാരടിക്ക് 6800 വോട്ടാണ് കിട്ടിയത്. 1960ൽ തങ്ങളെ സ്വതന്ത്രനാക്കി നിർത്തിയപ്പോൾ 20,000 വോട്ടുകിട്ടി.
ആ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്ക് പ്രോഗ്രസിവ് ലീഗ് ആടിയുലഞ്ഞു. സംഘടനക്ക് കമ്യൂണിസ്റ്റ് പാർട്ടി ധാരാളം ഫണ്ടു കൊടുെത്തന്ന് പ്രചാരണമുണ്ടായിരുന്നു. സെക്രട്ടറി പ്രാക്കുളം മുഹമ്മദ് കുഞ്ഞി കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പണം വാങ്ങിയത് പ്രസിഡന്റിനെ അറിയിച്ചില്ല എന്നൊക്കെ വിവാദമുണ്ടായി. രണ്ടു പേരും പിണങ്ങിപ്പിരിഞ്ഞു. മങ്കടയിൽ തോറ്റതോടെ കെ.പി. തങ്ങൾക്കും താൽപര്യം കുറഞ്ഞു. പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പെരിന്തൽമണ്ണയിൽ ഓഫിസുണ്ടായിരുന്നു. അന്ന് മലപ്പുറം ജില്ലയില്ലല്ലോ. ഓഫിസിന്റെ വാടക കൊടുത്തിരുന്നത് തങ്ങളാണ്. അദ്ദേഹം വാടകകൊടുക്കൽ നിർത്തിയതോടെ ഓഫിസ് പൂട്ടി. മറ്റെവിടെയും ആ ലീഗിന് ഓഫിസുണ്ടായിരുന്നില്ല!
സി.എച്ചിന്റെ തൊപ്പി കോൺഗ്രസ് ഊരി
കോൺഗ്രസ് സ്വന്തം നിലക്കാണ് വിമോചന സമരത്തെ പിന്തുണച്ചിരുന്നത്. പി.എസ്.പി-ലീഗ് സഖ്യം അവരുടെ വഴിക്കും. വിമോചന സമരം വിജയംകണ്ടതോടെ മുക്കൂട്ട് മുന്നണിക്ക് വഴിയൊരുങ്ങി. പി.എസ്.പി-ലീഗ് സഖ്യത്തിലേക്ക് കോൺഗ്രസ് ചേരണമെന്ന് പി.എസ്.പി നേതാവ് പട്ടംതാണുപിള്ള ആഹ്വാനം ചെയ്തു. 1959 നവംബർ 11ന്. കെ.പി.സി.സി പ്രസിഡന്റ് ആർ. ശങ്കർ അത് ഗൗരവത്തിലെടുത്തു. സഖ്യത്തിനുവേണ്ടി ശങ്കർ കോൺഗ്രസ് പാർലമെന്ററി ബോർഡിനു മുന്നിൽ വാദിച്ചു. സഖ്യമുണ്ടാക്കാൻ അനുമതി കിട്ടി.
1959 ജൂൈല 31നാണ് ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടത്. 1960 ഫെബ്രുവരിയിൽ അടുത്ത തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ്-പി.എസ്.പി-ലീഗ് സഖ്യം മുക്കൂട്ട് മുന്നണി എന്നാണ് അറിയപ്പെട്ടത്. 12 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. കോൺഗ്രസ് 81ൽ. പി.എസ്.പി 33 സീറ്റിൽ മത്സരിച്ചു. ലീഗിന് 11 സീറ്റിൽ ജയിക്കാനായി. കോൺഗ്രസിന് 63 എം.എൽ.എമാർ. പി.എസ്.പിക്ക് ഇരുപതും.
കോൺഗ്രസാണ് വലിയ പാർട്ടി. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനം പി.എസ്.പിക്ക് കൊടുക്കാൻ അവർ മടിച്ചില്ല. കാരണം പട്ടം താണുപിള്ളയാണ് പി.എസ്.പിയുടെ നേതാവ്. അദ്ദേഹത്തിന്റെ തലയെടുപ്പ് അംഗീകരിച്ചു കൊടുത്തു. പക്ഷേ, മന്ത്രിസഭാ രൂപവത്കരണം എളുപ്പമായിരുന്നില്ല. മുസ്ലിം ലീഗിനെ മന്ത്രിസഭയിൽ എടുക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് സമ്മതമല്ല. സംസ്ഥാന നേതാക്കളും പി.എസ്.പിയുടെ അഖിലേന്ത്യാ നേതൃത്വവുമെല്ലാം വാദിച്ചു തോറ്റു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പത്രങ്ങൾ കോൺഗ്രസിനെ ഉപദേശിച്ചു. ‘മുസ്ലിം ലീഗിനെ തഴഞ്ഞുകൊണ്ട് കുഴപ്പം അനിവാര്യമാക്കരുത്’ എന്ന് ‘കേരള കൗമുദി’ താക്കീത് ചെയ്തു. തിരുവനന്തപുരത്തും ഡൽഹിയിലുമായി നിരന്തര ചർച്ചകൾ. ഫെബ്രുവരി രണ്ടിന് ഫലം പ്രഖ്യാപിച്ചിട്ട് 22നാണ് മന്ത്രിസഭ ചുമതലയേറ്റത്. മന്ത്രിസ്ഥാനത്തിന് പകരം സ്പീക്കർസ്ഥാനം ഏറ്റെടുക്കാൻ ലീഗ് സമ്മതിച്ചപ്പോൾ.
കെ.എം. സീതി സാഹിബിനെ സ്പീക്കറാക്കാൻ ലീഗ് തീരുമാനിച്ചു. പ്രതിപക്ഷം അദ്ദേഹത്തിന് എതിരെ സ്ഥാനാർഥിയെ നിർത്തിയില്ല. ഐകകണ്ഠ്യേന സീതി സാഹിബ് സ്പീക്കറായി. 1960 മാർച്ച് ആറിനാണ് സ്ഥാനമേറ്റത്. പ്രഗല്ഭനായ സ്പീക്കറെന്ന് പത്രങ്ങളെല്ലാം വാഴ്ത്തി. പക്ഷേ, ഏറെക്കാലം അത് നീണ്ടുനിന്നില്ല. 1961 ഏപ്രിൽ 17ന് സീതി സാഹിബ് അന്തരിച്ചു. പകരം സ്പീക്കർസ്ഥാനത്തേക്ക് സി.എച്ച്. മുഹമ്മദ് കോയയെയാണ് ലീഗ് നിർദേശിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ മന്ത്രിസ്ഥാനം ചോദിച്ചതിനെക്കാൾ കുഴപ്പമായി ഇപ്പോൾ. സ്പീക്കർ സ്ഥാനത്തേക്ക് ഒരു മുസ്ലിം ലീഗുകാരന് വോട്ടുചെയ്യാൻ വിഷമമാണ് എന്നായി കോൺഗ്രസ് നേതാക്കൾ. ദുർഗാപുർ എ.ഐ.സി.സിയിൽ പാസാക്കിയ പ്രമേയമാണ് അവർ ആയുധമാക്കിയത്. വർഗീയ സംഘടനകളുമായി കോൺഗ്രസിന് ഒരു ബന്ധവും പാടില്ലെന്നായിരുന്നു ആ പ്രമേയം. ലീഗ് വർഗീയ സംഘടനയല്ലെന്ന് ആരൊക്കെ വാദിച്ചിട്ടും കോൺഗ്രസ് നിയമസഭാ കക്ഷി സമ്മതിച്ചില്ല. സി.എച്ച് സ്പീക്കർ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുകയാണെങ്കിൽ അൽപം മുമ്പ് ലീഗ് അംഗത്വം രാജിവെക്കണമെന്ന് കോൺഗ്രസ് ശഠിച്ചു. അത് സമ്മതിച്ച് ലീഗ് അംഗത്വം രാജിവെച്ചിട്ടാണ് 1961 ജൂൺ 9ന് സി.എച്ച് സ്പീക്കർ സ്ഥാനം ഏറ്റെടുത്തത്. വെളുത്ത തൊപ്പി ധരിച്ച് അല്ലാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത് എന്നതൊക്കെ ശരി. കോൺഗ്രസ് സി.എച്ചിന്റെ തൊപ്പിയൂരിച്ചു എന്ന പ്രയോഗം അതോടെ നിലവിൽവന്നു.
സീതി സാഹിബിന്റെ മണ്ഡലമായ കുറ്റിപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ പിന്നെയും കുഴപ്പം. കോ ൺഗ്രസുകാരൻ റെബലായി ലീഗ് സ്ഥാനാർഥിക്ക് എതിരെ നിന്നു. എന്നാലും ഒരുവിധം ലീഗ് ജയിച്ചുകയറി. പിന്നാലെ 1962ൽ ലോക്സഭ തെരഞ്ഞെടുപ്പ് വന്നു. കോൺഗ്രസിന് ദുർഗാപുർ പ്രമേയമുണ്ടല്ലോ. ലീഗുമായി സഹകരിക്കാനാവില്ല. പി.എസ്.പിയെ കോൺഗ്രസ് വശത്താക്കി. 18 സീറ്റും കോൺഗ്രസും പി.എസ്.പിയും പങ്കിട്ടെടുത്തു. ലീഗ് മുന്നണി വിട്ടു. നിയമസഭയിൽ ലീഗ് പ്രതിപക്ഷത്തേക്ക് മാറിയിരുന്നു.
ആ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗും കമ്യൂണിസ്റ്റ് പാർട്ടിയും സംയുക്തമായി പിന്തുണച്ച രണ്ട് സ്ഥാനാർഥികൾ രംഗത്തുവന്നു. തലശ്ശേരിയിൽ എസ്.കെ. പൊെറ്റക്കാട്ടും വടകരയിൽ എ.വി. രാഘവനും. ‘‘ലീഗിന്റെ പിന്തുണയോടെയാണെങ്കിലുംകമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് അനുഭാവികൾ പാർലമെന്റിൽ എത്തിയെന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ആവേശകരമായ അനുഭവമായിരുന്നു. പോരെങ്കിൽ, മറ്റു പല മണ്ഡലങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥികൾ വിജയിക്കാൻ ഇത് സഹായിച്ചു’’ എന്നാണ് ഇ.എം.എസ് രേഖപ്പെടുത്തിയിട്ടുള്ളത്. മുക്കൂട്ട് മുന്നണിയിൽനിന്ന് ലീഗ് ഒഴിഞ്ഞശേഷം ശേഷിച്ച രണ്ടു കക്ഷികൾ തമ്മിലടിച്ചു. ആ അടിയിൽ കോൺഗ്രസ് ജയിച്ചു. അവർ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ ഗവർണറാക്കി നാടുകടത്തി. പഞ്ചാബിലേക്ക്. അതോടെ, പി.എസ്.പി എന്ന പാർട്ടി നൂലുപൊട്ടിയ പട്ടംപോലെ എങ്ങോ പോയിമറഞ്ഞു.
ത്രികക്ഷി മുന്നണി ഏകകക്ഷിഭരണത്തിലെത്തി. 1962 സെപ്റ്റംബർ ആറിന് ആർ. ശങ്കർ മുഖ്യമന്ത്രിയായി. കോൺഗ്രസ് ആദ്യമായി ഒറ്റക്ക് ഭരിക്കുകയാണ്; അവസാനമായും. മറ്റാരോടും തല്ലുകൂടാനില്ലെന്നായപ്പോൾ കോൺഗ്രസുകാർ തമ്മിൽ തല്ലി. പി.ടി. ചാക്കോയുടെ രാജി, പിന്നെ മരണം തുടങ്ങിയ സംഭവവികാസങ്ങൾക്കുശേഷം പി.ടി. ചാക്കോയുടെ പേരിൽ കെ.എം. ജോർജിന്റെ നേതൃത്വത്തിലുണ്ടായ ഗ്രൂപ്പാണ് ഒരു ഭാഗത്ത്. മുഖ്യമന്ത്രി ശങ്കർ മറുഭാഗത്ത്. ആ തല്ലിൽ ശങ്കർ മന്ത്രിസഭ വീണു. 1964 സെപ്റ്റംബർ 10ന്. പിന്നെയും രാഷ്ട്രപതി ഭരണം.
(തുടരും)