ഖത്തർ എന്ന വേൾഡ് ബ്രാൻഡ്
ഖത്തർ 12 വർഷംമുമ്പ് ലോകകപ്പ് ഫുട്ബാളിന് വേദിയാകുമെന്ന പ്രഖ്യാപനംതന്നെ 'മാറ്റം' എന്ന ഫിഫയുടെ മുദ്രാവാക്യത്തിന് അടിക്കുറിപ്പായിരുന്നു. പിന്നെ എങ്ങനെയൊക്കെയാണ് ഖത്തർ ലോകകപ്പിന് തയാറെടുത്തത്? മണലാരണ്യത്തിലെ ഫുട്ബാൾ മത്സരം എന്ത് കാഴ്ചവിരുന്നാവും സമ്മാനിക്കുക? മാധ്യമം ലേഖകൻ എഴുതുന്നു.
2010 ഡിസംബർ ഒന്ന്. ലോകഫുട്ബാളിന്റെ ആസ്ഥാനമായ സൂറിച്ചിലെ ഫിഫ ഹെഡ്ക്വാർട്ടേഴ്സ് പുതിയ ലോകകപ്പ് വേദികൾ തിരഞ്ഞെടുക്കാനായി എക്സിക്യൂട്ടിവ് ചേരുകയാണ്. 2018, 2022 ലോകകപ്പുകളുടെ വേദി നിർണയമാണ് പ്രധാന അജണ്ടകൾ. വോട്ടെടുപ്പിന് തലേദിനം ബിഡ് രാജ്യങ്ങൾക്ക് തങ്ങളുടെ ആവശ്യം ഭരണസമിതി അംഗങ്ങൾക്കും മറ്റു രാജ്യങ്ങൾക്കും മുമ്പാകെ അവസാനമായി സമർപ്പിക്കാനുള്ള വേദിയിൽ ഖത്തറിന്റെ ദേശീയപതാകയുടെ നിറമായ മറൂണിലെ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ പ്രഥമവനിത ശൈഖ മൗസ ബിൻത് നാസർ പറഞ്ഞുതുടങ്ങി:
''ബഹുമാനപ്പെട്ട അംഗങ്ങൾ മുമ്പാകെ ഞാൻ ഒരു ചോദ്യം ഉന്നയിക്കുകയാണ്. മധ്യപൗരസ്ത്യ ദേശത്തേക്ക് ഫുട്ബാള് ലോകകപ്പ് എന്നാണ് വിരുന്നുവരുക? ഞങ്ങളുടെ നാടിനും ഞങ്ങളുടെ സംസ്കാരത്തിനും ഈ ലോകമാമാങ്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ലോകത്തിന് എന്നാണ് ബോധ്യപ്പെടുക? ഇത്തരം ചോദ്യങ്ങൾക്ക് മുമ്പും ഫിഫ ഉത്തരം നൽകിയിട്ടുണ്ട്. 1930ൽ ലാറ്റിനമേരിക്കയെയും 1994ൽ വടക്കേ അമേരിക്കയെയും 2002ൽ ഏഷ്യയെയും 2010ൽ ആഫ്രിക്കയെയും ഫിഫ ആദരിച്ചു. ഫുട്ബാളിനെ അളവറ്റ് സ്നേഹിക്കുന്ന മധ്യപൗരസ്ത്യ മേഖലയെ ആദരിക്കാൻ ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു...'' -അറബ് മേഖലയിലെ കൗമാരക്കാരുടെയും മുതിർന്നവരുടെയും സ്ത്രീകളുടെയുമെല്ലാം രക്തത്തിൽ അലിഞ്ഞുചേർന്ന ഫുട്ബാൾ ആവേശം ചിത്രങ്ങളിലൂടെ വിശദീകരിച്ചുകൊണ്ട് ശൈഖ മൗസ നടത്തിയ കൊച്ചുപ്രസംഗത്തെ നിറഞ്ഞ കൈയടിയോടെയായിരുന്നു ആ സദസ്സ് വരവേറ്റത്.
അടുത്ത ദിവസം നടന്ന വോട്ടെടുപ്പിനൊടുവിൽ വേദി പ്രഖ്യാപിച്ചപ്പോൾ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ രാജ്യങ്ങളെ പിന്തള്ളി 22ാമത് ലോകകപ്പ് വേദി ഖത്തറിന് സമ്മാനിച്ചുകൊണ്ട് 'മാറ്റം' എന്ന മുദ്രാവാക്യത്തിന് ഫിഫ ഒരിക്കൽകൂടി അടിവരയിട്ടു.
യൂറോപ്പിലും തെക്കൻ അമേരിക്കയിലുമായി ഷട്ട്ൽ കളിച്ചു തുടർന്ന ലോകകപ്പ് വേദിയെ 2002ലായിരുന്നു ആദ്യമായി ഏഷ്യയിലേക്ക് പറിച്ചുനട്ടത്. ജപ്പാനും ദക്ഷിണ കൊറിയയും സംയുക്ത ആതിഥേയരായ ചാമ്പ്യൻഷിപ്പിനെതിരെയും പടിഞ്ഞാറൻ നെറ്റികൾ ചുളിഞ്ഞു. പിന്നീട് 2010ൽ ദക്ഷിണാഫ്രിക്കയിലൂടെ ആഫ്രിക്കൻ വൻകരയിൽ ആദ്യമായി ലോകകപ്പ് എത്തിയപ്പോൾ കടുത്ത വംശീയത നിറഞ്ഞ ആരോപണങ്ങളായിരുന്നു ടൂർണമെന്റിന്റെ കിക്കോഫ് വിസിൽ മുഴങ്ങുന്നതുവരെ ഉയർന്നുകേട്ടത്. ഊതിപ്പെരുപ്പിച്ച അക്രമസംഭവങ്ങൾ മുതൽ ആഫ്രിക്കൻ കൗമാരക്കാർ ആഘോഷവേളകളിൽ ഊതിയ വുവുസേലയെന്ന വാദ്യോപകരണം വരെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ പ്രതിപ്പട്ടികയിലായി. ആ അലയൊലികൾ അവസാനിക്കും മുമ്പായിരുന്നു അതേവർഷം ഡിസംബറിൽ 2018 ലോകകപ്പ് കിഴക്കൻ യൂറോപ്യൻ രാജ്യമായ റഷ്യയിലും 2022 ലോകകപ്പ് മധ്യപൗരസ്ത്യ രാജ്യമായ ഖത്തറിലുമെത്തുന്നത്. പുതിയ ദേശങ്ങൾ തേടി ഫുട്ബാൾ ലോകത്തിന്റെ എല്ലാ ദിക്കിലേക്കും കയറിയെത്തുകയാണ്, ഈ മാറ്റങ്ങൾ ഫുട്ബാളിന്റെ നന്മക്കായി തുടരുന്നതിൽ സന്തോഷം അറിയിച്ചുകൊണ്ടായിരുന്നു അന്ന് വേദികൾ പ്രഖ്യാപിച്ചുകൊണ്ട് മൈക്കിന് മുന്നിൽനിന്നു ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ നന്ദിപറഞ്ഞ് ഇറങ്ങിയത്.
അറേബ്യൻ പെനിൻസുലയിലെ കൊച്ചുരാജ്യം ലോകഭൂപടത്തിൽ ശക്തമായൊരു സാന്നിധ്യമായി അടയാളപ്പെടുത്തുന്നതിലേക്കുള്ള ചരിത്രയാത്രയുടെ കിക്കോഫായിരുന്നു സൂറിച്ചിൽ കുറിച്ചത്. ആ ദിവസം കടന്നിട്ട് ഇപ്പോൾ ഒരു വ്യാഴവട്ടക്കാലമാവുന്നു. പതിവുപോലെ തീരാകോലാഹലങ്ങളും വിവാദങ്ങളും ചുറ്റിലും പടരുമ്പോഴും, ചരിത്രത്തിൽ ഏറെ സവിശേഷതകളുള്ള മനോഹരമായൊരു ലോകകപ്പിന് പന്തുതട്ടാൻ ഒരുങ്ങുകയാണ് ഖത്തർ. 90ലേറെ വർഷത്തെ ചരിത്രമുള്ള ഫിഫ ലോകകപ്പ് ഫുട്ബാൾ മൂന്നും നാലും തലമുറകൾ പിന്നിട്ടശേഷമാണ് കാൽപന്തിന് ഏറെ വേരോട്ടമുള്ള മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആദ്യമായെത്തുന്നത്. റിയോ ഡി ജനീറോയിലെ ഫവേലകളുടെ തെരുവുകളിലും ബ്വേനസ് എയ്റിസിലെ മലമ്പാതകളിലും പന്തുതട്ടി കളിച്ച കൗമാരങ്ങളെപ്പോലെ അറേബ്യൻ മരുഭൂമിയിലെ പൊടിമണലിലും തുകൽപന്തിനെ പ്രണയിച്ച ഒരുപാട് ജന്മങ്ങൾ കടന്നുപോയിരുന്നു. എന്നിട്ടും, ലോകഫുട്ബാളിന്റെ ഗാലറികൾക്കും പുറത്തായിരുന്നു അവരുടെ സ്ഥാനം. ഇന്നിപ്പോൾ, പുതിയ മാറ്റത്തിനാണ് ഈ മണ്ണിൽനിന്നും കിക്കോഫ് കുറിക്കുന്നത്.
ഖത്തർ എന്ന വേൾഡ് ബ്രാൻഡ്
''ഒരു പത്തുവർഷം മുമ്പ് ഖത്തറിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി ഇപ്പോൾ ദോഹയിൽ തിരിച്ചെത്തിയാൽ ഇവിടെ ഒരു സ്ഥലവും അയാൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. തലസ്ഥാനത്തുനിന്നും 20 കി.മീ. അകലെയുള്ള ഇൻഡസ്ട്രിയൽ ഏരിയയിലെത്താൻ നേരത്തേ റൗണ്ട് എബൗട്ടുകളിലെ മണിക്കൂറുകൾ നീളുന്ന ട്രാഫിക് േബ്ലാക്ക് കടന്നുവേണമായിരുന്നു പോകാൻ. ഇന്ന്, വാഹനങ്ങൾ ഏറെ പെരുകിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ ദോഹയിൽനിന്നും ലക്ഷ്യസ്ഥാനത്തെത്താം. റോഡുകളെല്ലാം അതിവേഗത്തിലാണ് വികസിച്ചത്. ഏറ്റവും അത്യാധുനിക ട്രാഫിക് സംവിധാനമായി. പൊതുഗതാഗതം ശക്തമാക്കുന്നതിനായി നഗരത്തിന്റെ വിവിധ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് 76 കി.മീ. ദൂരത്തിൽ ദോഹ മെട്രോ സജീവമായി ഓടുന്നു. ബസുകളും മറ്റും സജീവവുമാണ്. പത്തുവർഷം മുമ്പുകണ്ട ദോഹയൊന്നുമല്ല ഇത്'' -ഖത്തറിൽ 20 വർഷത്തിലേറെയായി ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് അഷ്റഫിന്റേതാണ് ഈ വാക്കുകൾ.
എണ്ണയും പ്രകൃതിവാതക സമ്പത്തും നൽകുന്ന ശതകോടി സമ്പാദ്യമുള്ള കൊച്ചുരാജ്യം ലോകകപ്പ് ഫുട്ബാൾ എന്ന ആഗോളമേളയെ മുന്നിൽ നിർത്തി എങ്ങനെ ലോകോത്തരമായി മാറിയെന്നതിന്റെ ഉദാഹരണമാണ് ഖത്തർ. പത്തുപതിനഞ്ച് വർഷം മുമ്പ് സങ്കൽപിക്കാൻപോലും കഴിയാത്തത്ര ഉയരത്തിലേക്കാണ് അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതിക സംവിധാനങ്ങളുടെ മികവിലും ഭരണപരിഷ്കാരങ്ങളിലുമെല്ലാമായി ഖത്തർ എന്ന രാജ്യത്തെ ലോകകപ്പ് മാറ്റിമറിച്ചത്. ലോകകപ്പിനായൊരുക്കിയ എട്ട് വമ്പൻ സ്റ്റേഡിയങ്ങളേക്കാളുപരി ഇനിയുള്ള കാലം ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന മെട്രോ നഗരമായി മാറാൻ ഖത്തറിനു കഴിഞ്ഞുവെന്നാവും ഈ ലോകകപ്പ് ഫുട്ബാൾ അടയാളപ്പെടുത്താൻ പോവുന്നത്. ദോഹ കോർണിഷ് എന്ന കടൽത്തീരത്തെ കാറ്റിലും കാഴ്ചകളിലും മാത്രമായൊതുങ്ങിയ വിനോദം, സഞ്ചാരികളെ ഏറെ ആകർഷിക്കാനുള്ള വിനോദകേന്ദ്രമായി ഇവിടം മാറി. 'ഖത്തർ ടൂറിസം' എന്ന അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ബ്രാൻഡിനു കീഴിൽ, രാജ്യത്തിന്റെ രണ്ടു ഡസനോളം കടൽത്തീരങ്ങളും പരമ്പരാഗത കോട്ടകളും അന്താരാഷ്ട്ര നിലവാരത്തിലെ തീം പാർക്കുകളും ഒട്ടനവധി ഗ്രീൻ പാർക്കുകളുമെല്ലാമായി വിനോദസഞ്ചാരവും കരുത്താർജിച്ചു. ഖത്തർ എയർവേസ് എന്ന ഭരണകൂട ഉടമസ്ഥതയിലെ വിമാനകമ്പനിയുടെ പ്രശംസാർഹമായ സേവനത്തിലൂടെ ദോഹ വിമാനത്താവളം അന്താരാഷ്ട്ര യാത്രികരുടെ ട്രാൻസിറ്റ് ഹബായി മാറി... അങ്ങനെ ലോകകപ്പിനെ മുന്നിൽ നിർത്തി ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തിനു മുന്നിൽ ശക്തമായൊരു ബ്രാൻഡായി ഉദിക്കുകയായിരുന്നു.
വെല്ലുവിളികൾ ചവിട്ടുപടികളായി
''ചരിത്രത്തിൽ ഒരു ആതിഥേയ രാജ്യവും നേരിടാത്തവിധം സമാനതകളില്ലാത്ത വിമർശനങ്ങളാണ് ഖത്തറിനെതിരെ ഉയർന്നത്. ആതിഥേയത്വം ലഭിച്ച് ആദ്യ ദിനങ്ങൾ മുതൽ വിമർശനങ്ങൾ ആരംഭിച്ചിരുന്നു. എങ്കിലും, അവയെ സഹിഷ്ണുതയോടെ ഉൾക്കൊണ്ട ഞങ്ങൾ പല വിമർശനങ്ങളെയും മാറ്റങ്ങൾക്കുള്ള വഴിയാക്കി മാറ്റി. പക്ഷേ, വിമർശനങ്ങളും ആരോപണങ്ങളും പൂർവാധികം ശക്തമായി തുടരുകയാണ്. നിഗൂഢ ലക്ഷ്യങ്ങളും താൽപര്യങ്ങളുമാണ് ഈ അന്ധമായ വിമർശനങ്ങൾക്കു പിന്നിൽ'' -ലോകകപ്പിന് പന്തുരുളുന്നതിന് ഏതാനും ആഴ്ചകൾ മുമ്പായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഈ വാക്കുകൾ.
ആതിഥേയപദവി ലഭിച്ച നാൾ മുതൽ പടിഞ്ഞാറൻ മാധ്യമങ്ങളും ഭരണകൂടങ്ങളും ആരംഭിച്ച കൂട്ടായ ആക്രമണം, 12ാം വർഷവും പൂർവാധികം ശക്തിയോടെ തുടരുമ്പോഴായിരുന്നു രാഷ്ട്രനേതാവ് തുറന്നടിച്ചത്.
ഖത്തർ മാത്രമല്ല, യൂറോപ്പും അമേരിക്കയും അല്ലാത്ത എല്ലാ വൻകരകളിലേക്കും ലോകകപ്പ് വേദി എത്തിയപ്പോഴും ഉയർന്നിരുന്നു പടിഞ്ഞാറൻ മാധ്യമങ്ങളുടെ ഈ അസഹിഷ്ണുതകൾ. 2010ൽ ദക്ഷിണാഫ്രിക്കയിൽ പന്തുരുണ്ടപ്പോൾ വുവുസേലയെന്ന പീപ്പിയെയും ആഫ്രിക്കയുടെ ദാരിദ്ര്യത്തെയും മേഖലയിലെ കുറ്റകൃത്യങ്ങളെയുമെല്ലാം പെരുപ്പിച്ചുകാട്ടിയവർ 2002ൽ ആദ്യമായി ഏഷ്യയിലെത്തിയ ലോകകപ്പിനെയും വെറുതെവിട്ടിരുന്നില്ല. ആതിഥേയരായ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും ഫുട്ബാൾ പാരമ്പര്യവും ദ്വീപുരാജ്യമായ ജപ്പാനിലേക്കുള്ള യാത്രയും യൂറോപ്യൻ രാജ്യങ്ങളുമായുള്ള സമയ വ്യത്യാസവും സ്റ്റേഡിയത്തിൽ കാണികൾ എത്തില്ലെന്ന പരിഹാസവുമെല്ലാമായിരുന്നു അന്ന് ഏഷ്യൻ ഭൂഖണ്ഡത്തിലെ ആദ്യ ലോകകപ്പിനെതിരെ ഉയർന്നത്. എന്നാൽ, ഏറ്റവും മനോഹരമായ ലോകകപ്പുകൾക്ക് വേദിയൊരുക്കിയാണ് ദക്ഷിണ കൊറിയ-ജപ്പാനും ദക്ഷിണാഫ്രിക്കയുമെല്ലാം ലോകത്തെ യാത്രയാക്കിയത്.
പന്ത് ഖത്തറിലേക്ക് തിരിഞ്ഞപ്പോഴും തുടങ്ങി ഈ അസഹിഷ്ണുതകൾ. അറബ് മേഖലയും മുസ്ലിം രാജ്യവുമെന്നതായതോടെ വിമർശനങ്ങൾക്ക് അൽപംകൂടി മൂർച്ച കൂടിയെന്നു മാത്രം. ഖത്തർ ആതിഥേയരായി പ്രഖ്യാപിക്കപ്പെട്ട അതേ വേദിയിൽതന്നെ തുടങ്ങിയിരുന്നു നെറ്റിചുളിക്കലുകൾ. സാധാരണ ബിഡിൽനിന്നും പിന്തള്ളപ്പെട്ട രാജ്യങ്ങൾ സ്പോർട്സ്മാൻഷിപ്പോടെ വിജയികളെ അഭിനന്ദിക്കുകയും അവർക്കൊപ്പം നിൽക്കുകയുമാണ് രീതിയെങ്കിൽ ഇവിടെ, പ്രഖ്യാപനം ഉയർന്ന ഉടൻ സഹ മത്സരാർഥികളായ അമേരിക്കയടക്കം പടിഞ്ഞാറൻ ശക്തികൾ ഒന്നടങ്കം ഖത്തറിന് എതിരെ അണിനിരക്കുകയായിരുന്നു. തീരുമാനം നടപ്പാക്കാതിരിക്കാനും വേദി മാറ്റിയെടുക്കാനുമായി സകല മര്യാദകളും കാറ്റിൽ പറത്തി അവർ കളത്തിലിറങ്ങിയത് 2010-11 വേളയിൽ ലോകം കണ്ട കാഴ്ചയാണ്. മനുഷ്യാവകാശ ലംഘന ആരോപണം മുതൽ കൊടുംചൂടിൽ പാശ്ചാത്യർ എങ്ങനെ പന്തുതട്ടും, കുറഞ്ഞ വിസ്തൃതിയുള്ള രാജ്യം എങ്ങനെ ഇത്രയധികം പേരെ ഉൾക്കൊള്ളും, ഗതാഗത സൗകര്യങ്ങളോ സ്റ്റേഡിയങ്ങളോ ഇല്ല, മതാധിഷ്ഠിത രാജ്യം ലോകകപ്പിലെ ബഹുമുഖ സംസ്കാരം എങ്ങനെ സഹിക്കും തുടങ്ങി ആരോപണങ്ങളും അന്താരാഷ്ട്രതലത്തിലെ പ്രചാരണവും കെട്ടഴിച്ചുവിട്ടു. അഴിമതിയാരോപിച്ച്, അമേരിക്കൻ അന്വേഷണ ഏജൻസി കേസുകളും നടപടികളുമായി മുന്നോട്ടുപോയി. ജർമൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റും പ്രമുഖ നിയമജ്ഞനുമായ തിയോ സ്വാൻസിഗർ കോടതിയെ സമീപിച്ചു. മത്സര അവകാശം റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ഫിഫയിൽ ഉന്നതസ്ഥാനത്തുണ്ടായിരുന്ന അമേരിക്കൻ പ്രതിനിധി ജർമൻകാരനെ സഹായിക്കാൻ തെളിവുകളുമായി രംഗത്തുവന്നു. പക്ഷേ, അവരുടെ ശ്രമങ്ങൾ തുടക്കത്തിൽതന്നെ പരാജയപ്പെട്ടു.
വിമർശനങ്ങൾ തഴക്കുമ്പോഴും കായികാവേശം രക്തത്തിൽ അലിഞ്ഞുചേർന്ന കൊച്ചുരാജ്യം മുന്നോട്ടായിരുന്നു. എതിരാളികളുടെ ആദ്യ ആരോപണമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തീർക്കാൻ രാജ്യം മുഴുവൻ നിർമാണ ഭൂമിയാക്കി മാറ്റി. അപ്പോഴാണ് അമേരിക്കക്കാർക്കൊപ്പം ചേർന്ന് ആംനസ്റ്റി ഇന്റർനാഷനലും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നത്. നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും നൽകുന്നില്ല, ആയിരക്കണക്കിനു തൊഴിലാളികൾ മരിച്ചുവീഴുന്നു എന്നൊക്കെയായി പുതിയ ആരോപണങ്ങൾ. അതിലൊന്നും വാസ്തവമില്ലെന്നും പെരുപ്പിച്ചുകാട്ടിയ കണക്കുകളാണെന്നും രേഖകൾ നിരത്തി ഖത്തർ മറുപടി നൽകി മുന്നോട്ടുപോയി. നിർഭാഗ്യകരമെന്നു പറയട്ടെ, ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ ബാക്കിനിൽക്കുമ്പോഴും രാജ്യാന്തര വാർത്ത ഏജൻസികളും പടിഞ്ഞാറൻ മാധ്യമങ്ങളും നേപ്പാളിലും ബംഗ്ലാദേശിലും സഞ്ചരിച്ച് ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ടെത്തി ആരോപണങ്ങൾ തുടരുകയാണ്.
സംഘാടനം, സ്റ്റേഡിയ നിർമാണം
പതിവായി ലോകകപ്പ് നടക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ 50 ഡിഗ്രിയോളം വരുന്ന ഗൾഫ് നാടുകളിലെ കാലാവസ്ഥയിൽ എങ്ങനെയൊരു ലോകകപ്പ് ഫുട്ബാൾ നടക്കും. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ കളിക്കാരും കാണികളും എങ്ങനെ പന്തുതട്ടും..? വലിയ സ്റ്റേഡിയങ്ങളില്ലാത്ത, തലസ്ഥാനമായ ഒരു നഗരത്തെ മാത്രം കേന്ദ്രീകരിക്കുന്ന രാജ്യം ഒന്നര ദശലക്ഷത്തോളം കാണികളെത്തുന്ന ലോകകപ്പ് ഫുട്ബാളിനെ എങ്ങനെ ഉൾകൊള്ളും... അറബ് മണ്ണിലേക്ക് ആദ്യമായൊരു ലോകകപ്പ് ഫുട്ബാൾ എത്തിയപ്പോൾ പലകോണുകളിൽനിന്നായി ഉയർന്ന ചോദ്യങ്ങൾ ഏറെയായിരുന്നു. ആശങ്കകളൊന്നും അസ്ഥാനത്തുമായിരുന്നില്ല. എന്നാൽ, 12 വർഷത്തിനു ശേഷം, എല്ലാ ചോദ്യങ്ങൾക്കും പ്രായോഗികമായ ഉത്തരം നൽകി തലയെടുപ്പോടെ ഖത്തർ ലോകകപ്പിനെയും ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെയും സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്.
നെരിപ്പോടിനരികിലെന്നപോലെ വേവുന്ന ജൂണിലെ ചൂടിൽനിന്ന് ലോകകപ്പ് ഫുട്ബാൾ സീസണിനെ നവംബർ-ഡിസംബറിന്റെ കുളിരുള്ള നാളിലേക്ക് പറിച്ചുനട്ടിരിക്കുന്നു. യൂറോപ്യൻ ക്ലബ് സീസൺ കലണ്ടറുകൾക്കിടയിൽ അസാധ്യമെന്ന് വിമർശനമുയർന്നെങ്കിലും ആർക്കും പരിക്കില്ലാതെയാണ് കളിയുത്സവം വർഷാവസാനത്തിലേക്ക് നിശ്ചയിച്ചത്.
നവംബർ 20ന് പന്തുരുളാനിരിക്കെ, ലോകോത്തര നിലവാരത്തിൽ എട്ടു സ്റ്റേഡിയങ്ങളും ഒരുങ്ങി. മുൻകാലങ്ങളിൽ പല നഗരങ്ങളായിരുന്നു വേദിയെങ്കിൽ തലസ്ഥാനമായ ദോഹയെ കാർണിവൽ സിറ്റിയാക്കിയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്. രാജ്യത്തിന്റെ പ്രധാന കവാടമായ ഹമദ് വിമാനത്താവളത്തിൽനിന്നും 46 കി.മീ. വടക്കുഭാഗത്തേക്ക് സഞ്ചരിച്ചാൽ ഉദ്ഘാടനവേദിയായ അൽ ബെയ്ത് സ്റ്റേഡിയം. 23 കി.മീ. തെക്കോട്ട് സഞ്ചരിച്ചാൽ അൽ വക്റയിൽ തീരത്തോട് ചേർന്ന് നങ്കൂരമിട്ട പായക്കപ്പലിനെ അനുസ്മരിപ്പിച്ചുകൊണ്ട് അൽ ജനൂബ് സ്റ്റേഡിയവും. ഇവ രണ്ടിനുമിടയിൽ 75 കിലോമീറ്റർ ദൂരപരിധിയിലാണ് ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളും സംഘാടകർ സജ്ജീകരിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ആശങ്കപ്പെട്ടവർക്ക് മുന്നിലേക്ക്, അറബ് പാരമ്പര്യവും വാസ്തു ചാതുര്യവും പ്രതിഫലിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങൾ തയാറാക്കിയാണ് ഖത്തർ ലോകത്തെ ആദ്യം അമ്പരപ്പിച്ചത്. പരമ്പരാഗത അറബ് തമ്പുകളായ ബൈതുൽ ഷറാർ മാതൃകയിലുള്ള അൽ ബെയ്ത് സ്റ്റേഡിയവും, അറബ് കൗമാരക്കാരുടെ തൊപ്പിയായ ഗഫിയ മാതൃകയാക്കിയ അൽ തുമാമ സ്റ്റേഡിയവും ഫനാർ വിളക്കിനെ അതേപടി പകർത്തി സ്വർണക്കൂടുപോലെ ഉയർന്നുനിൽക്കുന്ന ലുസൈൽ സ്റ്റേഡിയവും മരുഭൂമിയിലെ വജ്രമെന്ന വിളിപ്പേരോടെ തിളങ്ങുന്ന എജുക്കേഷൻ സിറ്റി സ്റ്റേഡിയവുമെല്ലാമായി ഖത്തർ അതിശയച്ചെപ്പുകളാണ് ലോകകപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. തുറമുഖത്ത് അടുക്കിവെച്ച കണ്ടെയ്നറുകളെ അനുസ്മരിപ്പിക്കും വിധം ഉയർന്നു നിൽക്കുന്ന സ്റ്റേഡിയം 974 നിർമാണ മികവിലെ മറ്റൊരു അത്ഭുതമായിരുന്നു.
മുൻകാല ലോകകപ്പുകളിൽ ഒരു വേദിയിൽനിന്ന് മറ്റൊരു വേദിയിലേക്ക് 500 മുതൽ 1000 കിലോമീറ്ററുകൾ വരെയാണ് ടീമുകൾ സഞ്ചരിച്ചതെങ്കിൽ ദോഹയുടെ 'ഠ' വട്ടത്തിൽ താമസവും പരിശീലനവുമെല്ലാം ഒരുക്കിയാണ് ഖത്തർ അതിഥികളെ വരവേൽക്കുന്നത്. ലോകകപ്പിനെത്തുന്ന ടീമുകളുടെ പരിശീലനവും താമസവുമെല്ലാം സ്റ്റേഡിയം പരിസരങ്ങളിലാണ് സജ്ജമാക്കിയത്. ദോഹയുടെ 10 കിലോമീറ്റർ പരിധിക്കുള്ളിൽ 24 ടീമുകളുടെ താമസവും പരിശീലനവും. താമസസ്ഥലത്തുനിന്നു നടന്നെത്താവുന്ന ദൂരെ പരിശീലനമൈതാനങ്ങൾ. മിനിറ്റുകൾകൊണ്ട് എത്താവുന്ന അകലത്തിൽ മത്സരവേദികൾ. ലോകകപ്പിന് ദോഹയിൽ വന്നിറങ്ങിയാൽ പിന്നെ, വിമാനം കയറുന്നത് നാട്ടിലേക്കുള്ള മടക്കയാത്രക്കുവേണ്ടി മാത്രം.
അടുത്തടുത്ത വേദികളിൽ കളി നടക്കുമ്പോൾ കാണികൾക്കൊരുങ്ങുന്നത് മറ്റൊരു ഉത്സവകാലമാണ്. ഒരേ ദിവസം, ഒന്നിലേറെ മത്സരങ്ങൾ കാണാനുള്ള അവസരം ലോകകപ്പ് ചരിത്രത്തിൽതന്നെ ആദ്യം. ഖലീഫ സ്റ്റേഡിയം, സ്റ്റേഡിയം 974, എജുക്കേഷൻ സിറ്റി, അൽ ജനൂബ് എന്നീ നാലു സ്റ്റേഡിയങ്ങളടങ്ങിയ ക്ലസ്റ്ററിൽ ഒരേദിനം ഗ്രൂപ്പ് റൗണ്ടിൽ മത്സരങ്ങൾ നടക്കുമ്പോൾ കാണികൾക്ക് രണ്ടു മത്സരമെങ്കിലും കാണാനാവും അവസരമൊരുങ്ങുന്നത്. സ്റ്റേഡിയങ്ങൾക്കിടയിൽ അധികം ദൂരമില്ല. അതേസമയം, ജനത്തിരക്കേറുന്നുവെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂർകൊണ്ടെങ്കിലും ഒരു വേദിയിൽനിന്നും മറ്റൊന്നിലുമെത്താനാവും.
2018 റഷ്യയിലും 2014 ബ്രസീലിലും സ്റ്റേഡിയങ്ങൾക്കിടയിൽ കാണികളും താരങ്ങളും ഓടിയെത്താൻ ആയിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച കഥയറിയുമ്പോഴേ 'മോസ്റ്റ് കോംപാക്ട്' ലോകകപ്പ് കാണികൾക്കും ടീമുകൾക്കും ഒരുക്കുന്ന സൗകര്യത്തിന്റെ വിലയറിയൂ.
2018 ലോകകപ്പിൽ ആതിഥേയരായ റഷ്യൻ ടീം ഗ്രൂപ് റൗണ്ടിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കുന്നതിനായി സഞ്ചരിച്ചത് 2124 കിലോമീറ്റർ ദൂരം. മോസ്കോയിൽനിന്നും സെന്റ് പീറ്റേഴ്സ് ബർഗിലേക്കും, തുടർന്ന് സമറയിലേക്കും പറന്ന് ഒമ്പതുദിവസം കൊണ്ടായിരുന്നു റഷ്യ ഗ്രൂപ് മാച്ചുകൾ പൂർത്തിയാക്കിയത്.
അതേസമയം, ഖത്തറിൽ മത്സരവേദിക്കും ബേസ് ക്യാമ്പിനുമിടയിൽ ഏറ്റവും അകലം പാലിക്കുന്ന ജർമനിക്ക് ഒരു മത്സരത്തിനായി സഞ്ചരിക്കേണ്ട കൂടിയദൂരം അൽറുവൈസിൽനിന്നും അൽതുമാമയിലേക്കുള്ള 116 കിലോമീറ്ററാണ്. സൗദി, മെക്സികോ എന്നിവരെ കൂടി മാറ്റിനിർത്തിയാൽ ഖത്തറിൽ പന്തുതട്ടുന്ന ശേഷിച്ച ടീമുകൾ ഏറെയും ദോഹയുടെ ചുറ്റുവട്ടത്തുതന്നെയാണ് താമസം.
ഒരു അറബിക്കഥപോലെ...
കടലാഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മുത്തും ചിപ്പിയും കണ്ടെത്തി, അവ ഉപജീവനമാക്കിയവരുടെ പിന്മുറക്കാരുടെ മണ്ണിലേക്കാണ് ലോകകപ്പ് ഫുട്ബാൾ എത്തുന്നത്. പെട്രോളും പ്രകൃതിവാതകവും കുഴിച്ചെടുത്ത് സമ്പന്നതയുടെ കൊടുമുടിയേറിയ മണ്ണ് ലോകകപ്പ് ഫുട്ബാളിനെ വിരുന്നു വിളിക്കുമ്പോൾ കാത്തുവെച്ചിരിക്കുന്നതും ഒരു അറബിക്കഥപോലെ പറഞ്ഞുതീരാത്ത കഥകളാണ്. സ്റ്റേഡിയ നിർമാണങ്ങളിൽ തുടങ്ങി താമസവും വിനോദങ്ങളും ഉൾപ്പെടെ നിരവധി വിശേഷങ്ങൾ.
അതിവേഗത്തിൽ ലോകകപ്പിന് പന്തുരുളുന്നതിനും ഒരു വർഷം മുമ്പേ നിർമാണം പൂർത്തിയാക്കിയ സ്റ്റേഡിയങ്ങളാണ് അതിൽ പ്രധാനം. ഓരോ ലോകകപ്പ് ഫുട്ബാളും ഒളിമ്പിക്സും അരങ്ങൊരുങ്ങുമ്പോൾ അന്താരാഷ്ട്ര സംഘടനകളായ ഫിഫക്കും ഒളിമ്പിക് കമ്മിറ്റികൾക്കുമുള്ള തലവേദന ആതിഥേയ നഗരങ്ങളുടെ ഒരുക്കങ്ങളിലെ മെെല്ലപ്പോക്കായിരുന്നെങ്കിൽ ഖത്തറിൽ ആ ടെൻഷൻ ഇല്ലായിരുന്നു. സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തിയാക്കാതെ വന്നപ്പോൾ ലോകകപ്പുകൾ മാറ്റിവെച്ച ചരിത്രവും ഫിഫക്കുണ്ട്. സമീപകാലങ്ങളിൽതന്നെ ബ്രസീലിലെ ലോകകപ്പ് ഫുട്ബാളും റിയോ ഒളിമ്പിക്സുമെല്ലാം ആഗോള ബോഡികളെ ഇത്തരത്തിൽ സമ്മർദത്തിലാക്കിയാണ് കളമുണർന്നത്. എന്നാൽ, ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞതുപ്രകാരം, ലോകകപ്പ് ഫുട്ബാൾ സംഘാടനത്തിന്റെ ചരിത്രത്തിലെ അത്ഭുതമായിരുന്നു ഖത്തറിന്റെ തയാറെടുപ്പ്. ലോകകപ്പിന് നിശ്ചയിച്ച സ്റ്റേഡിയങ്ങളെല്ലാം ഒരുവർഷം മുമ്പേ പൂർണ സജ്ജമാക്കി, മത്സരങ്ങൾക്ക് വേദിയൊരുക്കിയാണ് ഖത്തർ ലോകത്തെ ഞെട്ടിച്ചത്. എട്ടിൽ ഏഴ് വേദികളും ഒരുവർഷ കൗണ്ട് ഡൗണിനു മുമ്പുതന്നെ സുപ്രധാന മത്സരങ്ങൾക്കു വേദിയായത് വിമർശകരെപ്പോലും അമ്പരപ്പിച്ച നീക്കമായി.
2021 നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന ഫിഫ അറബ് കപ്പിനെ നിറഗാലറിയോടെ ലോകകപ്പിന്റെ ട്രയൽ റൺ ആക്കിമാറ്റി. പുതുതായി നിർമിച്ച ആറ് സ്റ്റേഡിയങ്ങൾ അറബ് കപ്പിന്റെ വേദിയുമായിരുന്നു. ലോകകപ്പിന്റെ ഫൈനൽവേദിയായ ലുസൈൽ സ്റ്റേഡിയം സെപ്റ്റംബറിൽ സൂപ്പർ കപ്പ് മത്സരത്തിനു വേദിയായി പന്തുരുണ്ട് തുടങ്ങിയതോടെ കളിമുറ്റങ്ങളെല്ലാം നേരത്തേ സജ്ജമായി. പിന്നാലെ, റോഡ് നിർമാണങ്ങളിലും നഗര സൗന്ദര്യവത്കരണത്തിലുമായി ലോകകപ്പിലേക്ക് അടുക്കുകയായിരുന്നു ഖത്തർ.
മരുഭൂമിയെ തണുപ്പിക്കുന്ന കളിമുറ്റങ്ങൾ
പതിവുപോലെ ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു ഇത്തവണയും ഫിഫ വേൾഡ് കപ്പെങ്കിൽ നെരിപ്പോടിനുള്ളിൽ എന്ന പോലെയാകുമായിരുന്നു ഖത്തറിലെ കളി. ജൂൺ തുടങ്ങുമ്പോഴേക്കും 30 മുതൽ 48 ഡിഗ്രിവരെയാണ് ലോകകപ്പ് വേദിയിലെ അന്തരീക്ഷ താപനില. ജൂലൈയിലെത്തുമ്പോഴേക്കും പകൽസമയങ്ങളിൽ 50 കടക്കും. എങ്കിലും ഈ ജൂണിലെ എരിപൊരികൊള്ളുന്ന ചൂടിനിടയിലും ഏഷ്യൻ യോഗ്യതാ റൗണ്ട്, ഇന്റർകോണ്ടിനെന്റൽ േപ്ല ഓഫ് മത്സരങ്ങൾക്ക് വേദിയൊരുക്കിയ ഖത്തർ കായികലോകത്തിന് സമ്മാനിച്ചത് മറ്റൊരു അതിശയമാണ്.
ഏത് ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും പന്തുകളിക്ക് വേദിയൊരുക്കാനുള്ള സാങ്കേതിക സംവിധാനം വികസിപ്പിച്ചാണ് ഖത്തർ കായികലോകത്തെ വിസ്മയിപ്പിച്ചത്. പുറത്തെ ചൂടും ഈർപ്പവുമൊന്നും ഏശാതെ 23 ഡിഗ്രിയിലും താഴെ ഇളംതണുപ്പിലിരുന്ന് കളിയാസ്വദിക്കാനുള്ള സൗകര്യം. ജൂണിൽ േപ്ലഓഫ് മത്സരങ്ങൾ ഖത്തർസമയം രാത്രി ഒമ്പത് മണിക്കായിരുന്നു കിക്കോഫ്. അപ്പോൾ, പുറത്തെ താപനില 36-38 ഡിഗ്രി വരെ. എങ്കിലും 20,000ത്തോളം പേർ തിങ്ങിനിറഞ്ഞ അഹ്മദ് ബിൻ അലി സ്റ്റേഡിയം സമ്മാനിച്ചത് ഡിസംബറിലെ കുളിരുകാലത്തെന്നപോലെ ഒരു ഫുട്ബാൾ മത്സരത്തിന്റെ ആസ്വാദനമായിരുന്നു.
ലോകകപ്പിന് പന്തുരുളുന്ന നവംബർ-ഡിസംബറിൽ പകലും രാത്രിയും നല്ല തണുപ്പുള്ള കാലാവസ്ഥയാണ് ഖത്തറിൽ. അതുകൊണ്ടു തന്നെ ചൂടൊരു വെല്ലുവിളിയുമല്ല. എങ്കിലും ലോകകപ്പിന് വേദിയനുവദിച്ചപ്പോൾ, പടിഞ്ഞാറൻ രാജ്യങ്ങൾ ഉയർത്തിയ ചൂട് എന്ന ആശങ്കയെ തങ്ങളുടെ സ്വന്തം ശാസ്ത്രസംഘം വികസിപ്പിച്ചെടുത്ത പുതിയ കണ്ടെത്തലിലൂടെ പരിഹരിച്ചാണ് ഖത്തർ മറികടന്നത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ യൂനിവേഴ്സിറ്റിയും കൈകോർത്തു നടത്തിയ ഗവേഷണത്തിനൊടുവിൽ രൂപകൽപന ചെയ്യപ്പെട്ട സ്റ്റേഡിയങ്ങളിലെ ശീതീകരണ സംവിധാനങ്ങൾ. മെക്കാനിക്കൽ എൻജിനീയറായ ഡോ. സൗദ അബ്ദുൽ അസീസ് അബ്ദുൽ ഗാനിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ കൃത്രിമ ശീതീകരണ സംവിധാനങ്ങൾ ലോകകപ്പിന്റെ എട്ടു വേദികളിലും തയാറാണ്.
മൈതാനങ്ങളിലേക്ക് തണുത്ത കാറ്റ് പകരുന്ന പ്രത്യേക എയർഹോളുകൾ. ഇതിനൊപ്പം 40,000 മുതൽ 80,000 വരെ കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള ഗാലറിയിൽ ഇരിപ്പിടങ്ങൾക്കടിയിൽ ചെറു എയർഹോളുകൾ വഴിയും തണുത്ത കാറ്റ് ഇരച്ചെത്തുന്നു.
ലെഗസിയാണ് മുഖമുദ്ര
ശതകോടികൾ മുടക്കി ഒരു നഗരത്തിന്റെ ചുറ്റുവട്ടങ്ങളിൽ ഒരുക്കിയ ലോകകപ്പിന്റെ വേദികൾ കളിക്കുശേഷം എന്തു ചെയ്യും എന്നതിന് കൃത്യമായൊരു പദ്ധതിയും തയാറാക്കിയാണ് ഖത്തർ വിശ്വമേളയിലേക്ക് നടന്നടുക്കുന്നത്. എട്ടിൽ ഒരു വേദിയായ സ്റ്റേഡിയം 974 പൂർണമായും പൊളിച്ചുമാറ്റി, അവിടമൊരു പാർക്കാക്കും. മറ്റ് ഏഴ് സ്റ്റേഡിയങ്ങളും പകുതിയോളം ഇരിപ്പിടങ്ങൾ ഒഴിവാക്കി, ശേഷി കുറച്ച് മുഖംമാറിയാവും ലോകകപ്പിനുശേഷം നവീകരിക്കപ്പെടുക. ഇവയിൽ അഴിച്ചുമാറ്റപ്പെടുന്ന ഇരിപ്പിടങ്ങളും മറ്റു സംവിധാനങ്ങളും ആഫ്രിക്കയിലും ഏഷ്യയിലും വിവിധ രാജ്യങ്ങളിൽ സ്റ്റേഡിയങ്ങളും ആതുരാലയങ്ങളുമായി മാറും. നവീകരിക്കുന്ന സ്റ്റേഡിയങ്ങളുടെ മുകൾനിലകളാവട്ടെ ആശുപത്രികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, സ്പോർട്സ് സെന്ററുകൾ, കമ്യൂണിറ്റി ഹബുകൾ തുടങ്ങി വിവിധോദ്ദേശ്യ കേന്ദ്രങ്ങളായി മാറും.
താമസത്തിന്റെ പുതിയ മാതൃക
ഏതൊരു മഹാനഗരത്തിനും പ്രതിസന്ധി തീർക്കുന്നതാണ് ലോകകപ്പിനെത്തുന്ന കാണികളുടെ താമസ സംവിധാനങ്ങൾ. ഹോട്ടലും അപ്പാർട്മെന്റും മുതൽ തദ്ദേശീയരുടെ വീടുകൾ വരെ അതിഥികൾക്ക് തലചായ്ക്കാനുള്ള ഇടമാക്കിയാണ് പലപ്പോഴും വിശ്വമേളകൾ അരങ്ങേറുന്നത്. ഇത്തവണ ഖത്തറിൽ പതിവ് സംവിധാനങ്ങൾക്കു പുറമെ, പുതുമയേറിയ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12 ലക്ഷം കാണികൾക്കായി ഒന്നേകാൽ ലക്ഷത്തോളം താമസസംവിധാനങ്ങൾ സജ്ജം. ഹോട്ടലുകൾക്കും അപ്പാർട്മെന്റിനും പുറമെ, ദോഹ തീരത്ത് നങ്കൂരമിട്ട മൂന്ന് ക്രൂസ് കപ്പലുകൾ, മരുഭൂമിയിലെ ബിദൂയിൻ തമ്പുകളുടെ മാതൃകയിൽ തീർത്ത ടെന്റുകൾ, ഫാൻ വില്ലേജുകൾ, വില്ലേജ് കാരവനുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന താമസസംവിധാനങ്ങൾ സജ്ജമായിക്കഴിഞ്ഞു.
മലയാളം മുഴങ്ങുന്ന ലോകകപ്പ്
ഇന്ത്യയിൽ ഒരു ലോകകപ്പ് ഫുട്ബാൾ എത്തിയാൽ എത്ര മലയാളികൾ സംഘാടനം മുതൽ ഗാലറിവരെ പങ്കാളികളായുണ്ടാവും. കൊച്ചിക്കൊരു വേദി കിട്ടിയാൽ നേരിയൊരു പങ്കാളിത്തം പ്രതീക്ഷിക്കാം. എന്നാൽ, ആ സ്വപ്നങ്ങൾക്കും പതിന്മടങ്ങ് മുകളിലാണ് അറബ് മണ്ണ് വേദിയാവുന്ന ലോകകപ്പ് ഫുട്ബാളിലെ മലയാളി സാന്നിധ്യം. പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ നിർണായക സ്ഥാനങ്ങൾ മുതൽ സ്റ്റേഡിയം നിർമാണങ്ങളുടെ എൻജിനീയറിങ്ങിലും കോൺട്രാക്ടുകളിലും തൊഴിലാളികളിലും തുടങ്ങി തൊട്ടതിലെല്ലാമുണ്ട് മലയാളി സാന്നിധ്യം. ലോകകപ്പ് വളന്റിയർമാർ, ആരോഗ്യ-ഗതാഗത മേഖലകളിലെ സജീവ സാന്നിധ്യം മുതൽ ഗാലറി നിറക്കുന്ന ആവേശത്തിനു വരെ ഇത്തവണ മലയാളമായിരിക്കും.
ദോഹ കോർണിഷിലും ഹമദ് വിമാനത്താവളത്തിലും ലുസൈലിലും മറ്റുമായി എല്ലായിടത്തും ഇംഗ്ലീഷിനും അറബിക്കുമൊപ്പം ഏറ്റവും ഏറെ മുഴങ്ങിക്കേൾക്കുന്ന ഭാഷ മലയാളമായിരിക്കുമെന്നുറപ്പ്. 28 ലക്ഷം ജനസംഖ്യയുള്ള ഖത്തറിൽ ഏഴു ലക്ഷം പേരാണ് ഇന്ത്യക്കാർ. അവരിൽ നാലു ലക്ഷവും മലയാളികളായതിനാൽ ഈ ലോകകപ്പിന് മലയാളത്തനിമയേറെയാണ്. 20,000ത്തോളം വളന്റിയർമാരിൽ രണ്ടായിരത്തിനടുത്ത് വരെയെങ്കിലും മലയാളികളുണ്ടാവും. മാച്ച് ടിക്കറ്റ് വാങ്ങിക്കൂട്ടിയ ആരാധകരിലുമേറെയുണ്ട് നമ്മുടെ നാട്ടുകാർ. ഖത്തറിലെ പ്രവാസികൾ മാത്രമല്ല, ഇന്ത്യയിൽനിന്നും വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുമെല്ലാമായി ഫുട്ബാളിനെ സ്നേഹിക്കുന്ന മലയാളികൾ ദോഹയിലേക്ക് പറക്കുന്നുണ്ട്.